Tuesday, March 11, 2008

വില്‍ക്കാനുണ്ട്‌ ഒരു ജില്ല

രാഷ്ട്രീയ കൊലപാതകങ്ങളുടെ അസംബന്ധത്തിലേക്ക്‌ ഈ വര്‍ഷവും മുറതെറ്റാതെ കണ്ണൂര്‍ തിരിച്ചെത്തിയിരിക്കുന്നു. പതിവുപോലെ, സി.പി.ഐ.(എം)-ആര്‍.എസ്സ്‌.എസ്സ്‌ പ്രവര്‍ത്തകരാണ്‌ പ്രധാന നടന്മാര്‍. സഹതാപത്തിന്റെ ഈത്തയൊലിപ്പിച്ച്‌ എന്നത്തെയുംപോലെ കോണ്‍ഗ്രസ്സ്‌ എന്ന നപുംസകവും, ഇക്കുറിയും രംഗത്തുണ്ട്‌. കൊലപാതകങ്ങളെ അപലപിച്ചും, രാഷ്ട്രീയവൈരം തെരുവിലേക്ക്‌ വലിച്ചിഴക്കരുതെന്നുമുള്ള മുറവിളികള്‍ മുഴക്കിയും എല്ലാ ജനാധിപത്യ വിശ്വാസികളും അരങ്ങിന്റെ ഓരോരൊ ഭാഗങ്ങളില്‍ കൈയ്യടക്കുകയും ചെയ്തിരിക്കുന്നു.

കൊല്ലപ്പെടുന്നത്‌ നിരപരാധികളാണെന്നും, ഓരോ മരണവും എത്രയോ അധികം നിര്‍ധന കുടുംബങ്ങളെയാണ്‌ അനാഥമാക്കുന്നതെന്നുമുള്ള തിരിച്ചറിവിന്റെ സദ്ബുദ്ധിയും ജാഗ്രതയോടെ അരങ്ങത്തുണ്ട്‌. ഒരു നിശ്ശബ്ദ ദൃക്‌സാക്ഷിയായി അതെന്നുമുണ്ടായിരുന്നുതാനും. നിയമസഭാ ബഹിഷ്ക്കരണം, ആക്രമങ്ങള്‍ക്കെതിരെയുള്ള ചിത്രപ്രദര്‍ശനം, ഒറ്റക്കും തെറ്റക്കുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ എല്ലാം മുറക്ക്‌ നടക്കുന്നുണ്ട്‌.

യഥാര്‍ത്ഥപ്രതികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പി.ഡി.എഫ്‌ ഫയലുകളും ഇ-മെയിലുകള്‍വഴി എത്തിക്കഴിഞ്ഞു.

ജനജീവിതം സാധാരണമായിരിക്കുന്നുവെന്നും, 'പറയത്തക്ക' അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും മാധ്യമങ്ങള്‍ നെടുവീര്‍പ്പിടാനും തുടങ്ങിയിരിക്കുന്നു.

എല്ലാം നന്ന്. ഈ വര്‍ഷത്തെ മാമാങ്കം അവസാനിച്ചുവെന്നു കരുതാം. വര്‍ഷങ്ങള്‍ ഇനിയും വരാനുണ്ട്‌. ബാക്കിവന്ന കണക്കുകളും പെട്ടിയിലുണ്ട്‌. കൊന്നവരും അവരുടെ ആളുകളുമായി ഇനിയും കുറേപ്പേര്‍ ചാവാതെ കഴിയുന്നുണ്ട്‌. അടുത്ത കൊല്ലമാകട്ടെ. ബാക്കിയുള്ളത്‌ അന്ന് തീര്‍ക്കാമല്ലോ.

ഈ ജില്ലയും അതിന്റെ രാഷ്ട്രീയവും ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യ സമരമാര്‍ഗ്ഗങ്ങളെ അധിക്ഷേപിക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. കേരളത്തിലെ ജനകീയ-കമ്മ്യൂണിസ്റ്റ്‌ സമരപാരമ്പര്യങ്ങളുടെ തിലകക്കുറിയാണ്‌ കണ്ണൂര്‍ നമുക്ക്‌. വയലാറും ആലപ്പുഴയുംപോലെ. സംശയമില്ല. ആ ജില്ലയില്ലായിരുന്നുവെങ്കില്‍, കേരളത്തിന്റെ കമ്മ്യൂണിസ്റ്റു പാരമ്പര്യം ഏറെ ശുഷ്ക്കവുമായിപ്പോയേനെ. പക്ഷേ ഇന്ന് അവിടെ നടക്കുന്നത്‌ വ്യക്തിപരമായ പകപോക്കലുകളാണ്‌. സി.പി.എമ്മിനും അതില്‍ ഒരു പ്രധാന പങ്കുണ്ട്‌. ഏരിയാതലം മുതല്‍ സംസ്ഥാന നേതാക്കള്‍വരെയുള്ളവരുടെ പ്രത്യക്ഷമായ പിന്തുണയോടെയാണ്‌ സാധാരണക്കാരായ അണികള്‍ ചാവേറാവുന്നത്‌. കുടില്‍വ്യവസായം പോലെ, ആയുധങ്ങള്‍ വീടുകളുടെയും പാര്‍ട്ടികേന്ദ്രങ്ങളുടെയും നിലവറകളിലും പിന്നാമ്പുറങ്ങളിലും കുമിഞ്ഞുകൂടുന്നത്‌, രാത്രിയെന്നും പട്ടാപ്പകലെന്നുമുള്ള ഭേദചിന്തയില്ലാതെ ഇരകളെ തേടിയിറങ്ങുന്നത്‌.

ആര്‍.എസ്സ്‌.എസ്സ്‌ എന്ന സംഘടനക്ക്‌ വിശേഷിച്ചൊരു നിര്‍വ്വചനമൊന്നും ആവശ്യമില്ല. മത-സാമുദായിക സ്പര്‍ദ്ധയുടെ വിനാശകരമായ അസ്ത്രം മാത്രമേ അവരുടെ ആവനാഴിയിലുള്ളു. ഹിന്ദുരാഷ്ട്രം എന്ന വലിയ ഫാസിസ്റ്റു ലക്ഷ്യത്തിലേക്കുള്ള ചെറുതും, പ്രാദേശികവുമായ യുദ്ധമുറകളിലൂടെയാണ്‌ അത്‌ അതിന്റെ ഉപജീവനം സാദ്ധ്യമാക്കുന്നത്‌. എല്ലാ അപരങ്ങളെയും ഇല്ലാതാക്കാനുള്ള ഒരു യുദ്ധതന്ത്രം. എല്ലാ (സവര്‍ണ്ണ)ഹൈന്ദവേതര സമൂഹങ്ങളോടുമുള്ള വിദ്വേഷത്തെ ബൈഠക്കുകളിലൂടെ ഇളംപ്രായത്തില്‍തന്നെ അത്‌ പരിശീലിപ്പിക്കുന്നു. സമൂഹത്തിന്റെ ജനാധിപത്യ-മതേതര ബോധത്തെ, എങ്ങിനെ സായുധമായി, യുക്തിബോധത്തിന്റെ അകമ്പടിയില്ലാതെ, നേരിടാമെന്നതാണ്‌ ദൈനംദിന സായാഹ്നങ്ങളിലെ അവരുടെ പ്രധാന അജണ്ട. ഗുജറാത്തില്‍ പ്രാവര്‍ത്തികമാക്കിയ വംശഹത്യ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണവര്‍. വിവേകത്തിന്റെയും ജനാധിപത്യബോധത്തിന്റെയും തരിമ്പും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അരുത്‌.

കണ്ണൂരിലെ ജനങ്ങളും വലിയൊരു പരിധിവരെ ഇതിനുത്തരവാദികളാണ്‌. ചോരക്കു ചോര എന്നൊരു പൊതുനിലപാടാണ്‌ പല കുടുംബങ്ങളിലുമുള്ളത്‌. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെയും ആര്‍.എസ്സ്‌.എസ്സ്‌ പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ പഴയ ചേകവന്മാരുടെ അതേ ആവേശത്തോടെയാണ്‌ കണക്കുകള്‍ തീര്‍ക്കാന്‍ കാത്തിരിക്കുന്നത്‌. തങ്ങളിലൊരുത്തനെ കൊന്നവനെ കൊല്ലാതെ വിടുക എന്നത്‌ അഭിമാനക്ഷയമായി കണക്കാക്കുന്നവരാണ്‌ പലരും. ഇത്‌ കേവലം ഒരു അഭ്യൂഹമൊന്നുമല്ല. ആ ഭാഗത്തുനിന്നുള്ളവര്‍ പലപ്പോഴും സ്വകാര്യസംഭാഷണങ്ങളില്‍ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ്‌. തദ്ദേശ്ശീയരായ ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ ഒരിക്കലും ഒരു അക്രമ രാഷ്ട്രീയത്തിനും എവിടെയും അധികനാള്‍ വേരുറപ്പിക്കാന്‍ സാധിക്കില്ല. ചുരുങ്ങിയത്‌ കേരളത്തിലെങ്കിലും. ഇരുഭാഗങ്ങളിലെയും കൂറുമാറിയവരെയും തരംപോലെ ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ആയുധങ്ങളുടെ പ്രയാണം. പൊലിഞ്ഞുപോകുന്നതാകട്ടെ, ഭൂരിഭാഗവും, താഴേത്തട്ടിലുള്ളവരും.

കഥയറിയാതെ ആട്ടം കണ്ടാസ്വദിക്കുന്ന ഗാന്ധിത്തൊപ്പികളുമുണ്ട്‌ ചുറ്റും. അധികാരരാഷ്ട്രീയം തിരിച്ചുപിടിക്കാന്‍ എങ്ങിനെ ഓരോ കൊലയെയും ഉപയുക്തമാക്കാമെന്നുള്ള ഗാഢചിന്തയിലാണവര്‍. ആര്‍.എസ്സ്‌.എസ്സുകാരെപ്പോലെതന്നെ, പ്രത്യയശാസ്ത്രത്തിന്റെയും, തത്ത്വദീക്ഷയുടെയും, രാഷ്ട്രീയനൈതികതയുടെയും ഭാരമെന്തെന്നറിയാത്ത വിദൂഷകവര്‍ഗ്ഗം.

അരികത്തും, ദൂരെയും, ഒളിവിലും, തെളിവിലുമായി ഇനിയുമുണ്ട്‌ കളിക്കമ്പക്കാരായ സഹനടന്മാര്‍ വേറെയും. ചാകുവോളം ആവോളം വ്യഭിചരിച്ചും, ഇടക്കിടക്ക്‌ പടക്കളത്തിലേക്ക്‌ തങ്ങളുടെ ചെറുവാല്യക്കാരെ ഉന്തിത്തള്ളിയും അങ്കത്തിനു ബാല്യം തേടുന്ന ചില നികൃഷ്ട കുഞ്ഞാലിജന്മങ്ങള്‍. മാണി, വെള്ളാപ്പള്ളി,കുമ്മനം,ആദിയായ അസന്മാര്‍ഗ്ഗി ചട്ടമ്പികള്‍.

എ.കെ.ജി ഭവനു നേരെയുള്ള ആര്‍.എസ്സ്‌.എസ്സിന്റെ ഇക്കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ ഇപ്പോള്‍ തിരക്കഥയില്‍ അല്‍പ്പം മാറ്റം വന്നിരിക്കുന്നതായി തോന്നുന്നു. പക്ഷേ അരങ്ങ്‌ ദില്ലിയിലാകേണ്ടിയിരുന്നില്ല എന്നുമാത്രം. സംസ്ഥാനത്തുതന്നെ ആകാമായിരുന്നു. ഇനി യുദ്ധം, കേരളത്തിനകത്തെ, ഇരുവിഭാഗങ്ങളിലുമുള്ള നാടുവാഴികള്‍ തമ്മില്‍ നേരിട്ടാകട്ടെ. അവരും വല്ലപ്പോഴും അറിയണ്ടെ, കൊല്ലുന്നതിന്റെയും ചാവുന്നതിന്റെയും, നിരന്തരം വേട്ടയാടപ്പെട്ട്‌ ജീവിക്കുന്നതിന്റെയും ആ ഒരു, ഒരു, സുഖം.

കേരളത്തിന്‌ ഒരു ലയബിലിറ്റിയാവുകയാണ്‌ ഈ ജില്ല. ഈ നിലക്കു പോയാല്‍, അധികം വെച്ചുകൊണ്ടിരിക്കാതെ, വിറ്റുകളയുന്നതാകും ഭേദം, ബുദ്ധി.

8 comments:

Rajeeve Chelanat said...

വില്‍ക്കാനുണ്ട് ഒരു ജില്ല

അങ്കിള്‍ said...

എവിടെയല്ലാം വെട്ടു നടന്നു, എവിടെയെല്ലാം കൊല നടന്നു, എവിടെയെല്ലാം കല്ലേറു നടന്നു. നമ്മുടെ ബഹുമാന്യരായ നേതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ ഈ പ്രവൃത്തികള്‍ക്കൊന്നും പോവുകയോ, അതിനിരയാവുകയോ ചെയ്തില്ലല്ലോ, രാജീവേ. അണികള്‍ അവരെ കണ്ട്‌ പഠിക്കേണ്ടതല്ലേ.

ഭൂമിപുത്രി said...

RSSല്‍നിന്ന് വര്‍ഷാവര്‍ഷം 5000 ശാഖകള്‍ കൊഴിഞ്ഞുപോകുന്നതിന്റെ കേട്തീര്‍ക്കാന്‍,
അവരിപ്പോള്‍ ഐടി മേഖലയില്‍
ശ്രദ്ധപതിപ്പിച്ചിരിയ്ക്കുന്നുവെന്ന 'The Week' റിപ്പോര്‍ട്ട് ഒരു പുതിയ അറിവായിരുന്നു.
അടുത്തിയീടെ, ഐടിവിദഗ്ദ്ധര്‍
ഇസ്ലാമിക്ക് തീവ്രവാദികളെ തുണയ്ക്കാനിറങ്ങിയിരിയ്ക്കുന്നു എന്നും കേട്ടല്ലൊ.
ആകപ്പാടെ നോക്കുമ്പോള്‍ ‘നാം മുന്നോട്ട്’തന്നെ.
O.T.ആയിപ്പോയി, sorry!ഇതുവായിച്ചപ്പോള്‍
പെട്ടന്നു മനസ്സില്‍ വന്നതാണ്‍

Anonymous said...

പൂറിമോനെ, നിന്റെ കമ്മ്യൂണിസ്റ്റ് സ്വരം പിന്നിനല്‍ നിന്ന് കേള്ക്കുന്നു. മാര്ക്സിസ്റ്റ്കാര്. എന്തു തെറ്റ് അരോട്ചെയ്താലും കണ്ടില്ലെന്ന് നടിക്കണമെന്നാവും കോണ്ഗ്രസിനെ നപുംസകംന്ന് പറഞ്ഞത് അല്ലെ.. ഇങ്ങനത്തെ തട്ടിപ്പ് കാണീച്ചല്ലെ മൈരെ നിന്റെയൊക്കെ നേതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നത്. നിന്നെപ്പോലത്തെ പല പന്നിക്ക് പിറന്നവരുടെയും കൂടെ പണ്ട് സി പി എമ്മിലായിരുന്നപ്പൊ വര്ക്ക് ചെയ്തിട്ടുണ്ട് മനസ്സക്ഷിയുള്ളവന്‍ പറ്റിയ പാര്ട്ടിയല്ല സി പി എമ്മെന്നതിനാല്, മുങ്ങി ഇപ്പൊഴും അവരൂടെ കൂടെ എന്ന പോലെ അഭിനയിക്കുന്നു ഇല്ലെങ്കില്‍ നിന്നെപ്പോലുള്ള പൊലയാടി മക്കള്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയാമെടാ നപുംസകമെ..

Rajeeve Chelanat said...

അങ്കിള്‍, ഭൂമിപുത്രി,

വായനക്കു നന്ദി.

Anonymous said...

പ്രിയ സുഹൃത്തെ
ഇതു കമന്റല്ല.ഒരു ലേഖനമാണ്.പി രാജീവ് ദേശാഭിമാനിയില്‍ എഴുതിയത്.ക്ഷമിക്കുമല്ലോ?

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ടിയുടെ കേന്ദ്ര ആസ്ഥാനം ആക്രമിക്കപ്പെടുന്നത്. സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കല്‍ക്കൂടി തുറന്നു കാട്ടപ്പെട്ട സന്ദര്‍ഭമാണ് അത്. യഥാര്‍ഥത്തില്‍ അവര്‍ ഒരു കാരണം കാത്തിരിക്കുകയായിരുന്നു. കേരളത്തിലെ സംഭവങ്ങള്‍ തെറ്റായി പ്രചരിപ്പിച്ച് കാരണത്തെ നിര്‍മിച്ചെടുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ ബിജെപി ഏറ്റവുമധികം വെറുക്കുന്ന രാഷ്ട്രീയപാര്‍ടി സിപിഐ എമ്മാണ്. അവരുടെ അധികാരമോഹങ്ങളെ അംഗബലംകൊണ്ട് വെല്ലുവിളിക്കാനുള്ള ദേശീയ കരുത്ത് സിപിഐ എമ്മിന് ഉള്ളതുകൊണ്ടല്ല, ഈ പാര്‍ടി സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുകള്‍ മൂലമാണ്.

ഏറ്റവുമൊടുവില്‍ ഒറീസയാണ് അതിനു സാക്ഷ്യംവഹിച്ചത്. അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ക്രൈസ്തവ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആര്‍എസ്എസ് ആക്രമിച്ച സന്ദര്‍ഭത്തില്‍ അതിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് സിപിഐ എമ്മാണ്. ആ സംസ്ഥാനത്ത് ചെറിയ പാര്‍ടിയായ സിപിഐ എം, മറ്റു പാര്‍ടികളെപ്പോലെ ആ സംഭവത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളെക്കൂടി പ്രതിഷേധത്തില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതമാക്കിയത് സിപിഐ എം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗമാണ്. ഒറീസയില്‍ ഭീതി സൃഷ്ടിക്കാനും അതുവഴി ആദിവാസിമേഖലയില്‍ വനവാസി കല്യാണ്‍ പരിഷത്തെന്ന സംഘപരിവാര്‍ സംഘടനയ്ക്ക് കടന്നുകയറാനും തടസ്സം സൃഷ്ടിച്ചത് ഈ ഇടപെടലാണ്. ദേശീയ ശ്രദ്ധപിടിച്ചുപറ്റുംവിധം ഈ വിഷയം അവതരിപ്പിക്കാന്‍ സിപിഐ എം അഖിലേന്ത്യാ നേതൃത്വം ഇടപെടുകയും ചെയ്തു.

ബാബറി പള്ളി തകര്‍ത്തപ്പോഴും ഗുജറാത്തില്‍ വംശഹത്യ നടത്തിയപ്പോഴും രാജ്യത്തെമ്പാടുമുള്ള മതനിരപേക്ഷശക്തികളെ അണിനിരത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചതും സിപിഐ എമ്മാണ്. ദേശീയതലത്തില്‍ പാര്‍ടിക്കുള്ള വിശ്വാസ്യതയും പാര്‍ടിനേതാക്കള്‍ക്കുള്ള അംഗീകാരവും ഉപയോഗിച്ച് മതനിരപേക്ഷ പാര്‍ടികളെ അണിനിരത്തുന്നതില്‍ മുന്നില്‍നിന്നതും സിപിഐ എമ്മാണ്. പാര്‍ടി തുടര്‍ച്ചയായി നടത്തിയ മതനിരപേക്ഷ പ്രചാരവേല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ജനവികാരം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കോണ്‍ഗ്രസ് അത്തരം പ്രചാരവേല നടത്താന്‍ മടിച്ചുനിന്ന സാഹചര്യം കൂടിയായിരുന്നു അത്. ഗുജറാത്തില്‍ വംശഹത്യ നടത്തിയ സംഘപരിവാര്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ മുന്‍ എംപി ജെഫ്രിയെ ചുട്ടുകൊന്ന സന്ദര്‍ഭത്തില്‍പ്പോലും ദേശവ്യാപകമായ പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ അവര്‍ പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനംമൂലം തയ്യാറായില്ല. മതനിരപേക്ഷതയ്ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും അതിനനുസൃതമായ വിധിയെഴുത്ത് സൃഷ്ടിക്കുന്നതിലും സിപിഐ എം സ്വീകരിച്ച നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ശക്തമായ സിപിഐ എമ്മാണ് ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയെന്ന് പ്രകാശ് കാരാട്ട് കോട്ടയത്തു പറഞ്ഞതും സംഘപരിവാര്‍ ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ടാകും!

തെരഞ്ഞെടുപ്പിനു ശേഷവും ബിജെപിക്ക് എന്തെങ്കിലും പ്രതീക്ഷകള്‍ അവശേഷിച്ചെങ്കില്‍ അതില്ലാതാക്കിയതും സിപിഐ എം നിലപാടാണ്. നയപരമായ പ്രശ്നങ്ങളില്‍ കടുത്ത വിയോജിപ്പുണ്ടായിട്ടും കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെ സിപിഐ എം പിന്തുണയ്ക്കാന്‍ തയ്യാറായി. അതാണ് വലവീശലിനും കുതിരക്കച്ചവടത്തിനുമുള്ള സാധ്യതകളെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞത്. മതനിരപേക്ഷതയോടുള്ള വെള്ളംചേര്‍ക്കാത്ത പ്രതിബദ്ധതയാണ് ആ സമീപനം സ്വീകരിക്കുന്നതിനു കാരണമായത്. ഇന്ത്യപോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്ന യാഥാര്‍ഥ്യബോധം നിറഞ്ഞ നിലപാടാണ് ആ സമീപനത്തിലേക്ക് എത്തിച്ചത്. യുപിഎ അധികാരത്തില്‍വന്നശേഷവും പല സന്ദര്‍ഭങ്ങളും ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പ്രശ്നങ്ങളെ സമഗ്രതയില്‍ കണ്ട് സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിച്ച പക്വമായ നിലപാടാണ് ബിജെപിക്ക് ഇടയ്ക്കിടെയുണ്ടായ പ്രതീക്ഷകളെയും ഇല്ലാതാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ സിപിഐ എം സ്വീകരിക്കുന്ന സമീപനവും അടവുസംബന്ധിച്ച ചര്‍ച്ചകളുടെ സൂചനകളും ബിജെപിയുടെ ഉറക്കംകെടുത്തുന്നതാണ്. ബിജെപിക്ക് പിന്തുണ നല്‍കിയിരുന്ന തെലുങ്കുദേശം ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കു പിന്നിലും സിപിഐ എമ്മിന്റെ ഇടപെടലുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അതിന്റെ ടെസ്റ്റ് ഡോസായിരുന്നു. അബ്ദുള്‍ കലാമിനു രണ്ടാമതൊരു ഊഴമെന്ന വാഗ്ദാനംവഴി ഒരുമുഴം മുമ്പെറിഞ്ഞ് ബിജെപി നടത്തിയ ചാണക്യനീക്കത്തെ തകര്‍ത്ത് മതനിരപേക്ഷതയെ സംരക്ഷിച്ചത് സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തിയ നീക്കങ്ങളായിരുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ടികള്‍ ആണവകരാര്‍ ഉള്‍പ്പെടെയുള്ള പല പ്രശ്നത്തിലും ഇടതുപക്ഷവുമായി ചേര്‍ന്ന് നിലപാട് സ്വീകരിക്കുന്നത് ബിജെപിക്ക് ഒട്ടും സഹിക്കുന്ന കാര്യമല്ല.

ഇതെല്ലാം തിരിച്ചറിയുന്നതുകൊണ്ടാണ് ബിജെപി പ്രധാന ശത്രുവായി സിപിഐ എമ്മിനെ കാണുന്നത്. ബിജെപിയുടെ ദേശീയ നേതൃയോഗത്തില്‍ വിശാല കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ സംബന്ധിച്ച പ്രഖ്യാപനം അദ്വാനി നടത്തിയത് ഇതിന്റെ ഉദാഹരണമാണ്. കോണ്‍ഗ്രസായാലും ബിജെപിയായാലും തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുമെന്നും ഇപ്പോള്‍ അതിനുള്ള തടസ്സം സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്ന നിലപാടാണെന്ന് മനസ്സിലാക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോളമൂലധനവും ഈ നീക്കത്തെ പിന്തുണയ്ക്കുന്നവരാണ്. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആദ്യദിവസം ആര്‍എസ്എസ് ആക്രമണശ്രമം ഉണ്ടായിട്ടും പിറ്റേദിവസം ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാത്ത സമീപനം ദുരൂഹമാണ്. ഡല്‍ഹിയില്‍ സുരക്ഷിത വലയത്തിലുള്ള പ്രദേശത്തിന്റെ ഭാഗത്തായിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നതിനു പിറകില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമംകൂടി കണ്ടാലും കുറ്റപ്പെടുത്തേണ്ടതില്ല.

ഇന്ന് സിപിഐ എം രാജ്യത്തെ മതനിരപേക്ഷതയുടെ പ്രതീകമാണ്. പാര്‍ടിയുടെ ആസ്ഥാനം ആക്രമിക്കുന്നതുവഴി മതനിരപേക്ഷതയെയാണ് ആക്രമിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധപോരാട്ട പ്രതീകത്തെയാണ് ആക്രമിക്കുന്നത്. മതനിരപേക്ഷതയ്ക്കൊപ്പം അടിയുറച്ചുനില്‍ക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാനും മടിക്കില്ലെന്നതിന്റെ പ്രഖ്യാപനംകൂടിയാണ് അത്. ഇതുതന്നെയാണ് കേരളത്തിലെ ആര്‍എസ്എസ് ആക്രമണത്തിനു പിന്നിലുള്ളതും. സമാധാനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമത്തെയും മനുഷ്യരെ സ്നേഹിക്കുന്നവര്‍ പിന്തുണയ്ക്കേണ്ടതുണ്ട്. എന്നാല്‍, ചരിത്രം ഇന്നലെ മുതല്‍ മാത്രമാണ് ആരംഭിച്ചതെന്ന രീതിയിലുള്ള പ്രചാരവേല ഇരയെയും വേട്ടക്കാരനെയും ഒരുപോലെ അവതരിപ്പിക്കലാണ്. സ്കൂള്‍ കുട്ടികളുടെ മുന്നില്‍വച്ച് സിപിഐ എം പ്രവര്‍ത്തകന്‍ വെട്ടിനുറക്കപ്പെട്ടപ്പോഴും അതിനുശേഷവും ചോരക്കൊതി തീരാത്ത കഴുകന്മാര്‍ നരനായാട്ടു നടത്തിയപ്പോഴും നിശ്ശബ്ദത പാലിച്ചവര്‍ ഇപ്പോള്‍ സമവാക്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വേട്ടക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. കൊലയ്ക്കു കൊലകൊണ്ടും ജീവനു ജീവന്‍കൊണ്ടും പകരം വയ്ക്കാനാകില്ല. അതുകൊണ്ടുതന്നെ സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, സംഘപരിവാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തിരിയുന്നത് അവര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മൂലമാണെന്നത് മനസ്സിലാക്കാതെയുള്ള പൊതുവല്‍ക്കരണം ഫാസിസത്തിനു വിരുന്നൂട്ടുക മാത്രമായിരിക്കും ചെയ്യുന്നത്.

ബാബറി പള്ളി തകര്‍ത്തതുവഴി ഗോര്‍വാള്‍ക്കര്‍ വിചാരധാരയില്‍ പ്രഖ്യാപിച്ച ഒരു ശത്രുവിനെതിരായുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ് സംഘപരിവാര്‍ നടത്തിയത്. ഒപ്പം മതനിരപേക്ഷതയ്ക്കു നേരെയുള്ള വെല്ലുവിളിയും. അതേ ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ മറ്റൊരു ശത്രുവായി പ്രഖ്യാപിച്ച കമ്യൂണിസ്റ്റുകാര്‍ക്കു നേരെയുള്ള യുദ്ധത്തിന്റെ പരസ്യപ്രഖ്യാപനമാണ് എ കെ ജി ഭവനുനേരെയുള്ള ആക്രമണം. പള്ളിയും പാര്‍ടി ഓഫീസും ഒന്നുപോലെയാണോ എന്ന വ്യാഖ്യാനത്തിനു തുനിയരുത്. പ്രതീകങ്ങള്‍ ആക്രമിക്കപ്പെടുന്നതിനു പിറകിലുള്ള അജന്‍ഡ തിരിച്ചറിയാന്‍ ജനാധിപത്യവാദികള്‍ക്കു കഴിയേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണോ എന്ന ഊഹം ശക്തിപ്പെടുന്ന സന്ദര്‍ഭത്തില്‍ നടന്ന ഈ ആക്രമണത്തിനു വല്ലാത്ത മാനങ്ങളുണ്ട്. ജനാധിപത്യവും മതനിരപേക്ഷതയും രാജ്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ മറ്റെല്ലാ അഭിപ്രായവ്യത്യാസവും മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രതിരോധനിര കെട്ടിപ്പടുക്കേണ്ട സവിശേഷ സന്ദര്‍ഭമാണ് അത്. ബാബറി പള്ളി തകര്‍ത്തപ്പോഴും ഗുജറാത്ത് കത്തിയെരിഞ്ഞപ്പോഴും കുറ്റകരമായ നിശ്ശബ്ദത പാലിച്ച കോണ്‍ഗ്രസ് ഇന്നത്തെ സവിശേഷസന്ദര്‍ഭം തിരിച്ചറിയുമോ എന്ന ചോദ്യവും പ്രസക്തം

പാമരന്‍ said...

വരാന്‍ വൈകിപ്പോയി. കണ്ണൂരിലെ കുടുംബങ്ങളില്‍ തന്നെയുള്ള 'ചേകവ' മനോഭാവത്തിനെപ്പറ്റി പറഞ്ഞത്‌ നൂറു ശതമാനം സത്യം.

സത്യവും നീതിയും ഒരുതട്ടില്‍ വച്ചു തൂക്കിനോക്കിയാലും കണ്ണൂരില്‍ ഒഴുകിയ കണ്ണീരിന്‍റെ തട്ടുതന്നെ ആയിരിക്കും താണിരിക്കുന്നത്.

മാരീചന്‍റെ ഈ വാക്കുകളോടു യോജിച്ചു പോകുന്നു.. കുറഞ്ഞ പക്ഷം കൊലകള്‍ 'വാളെടുത്തവരി'ലേക്കെങ്കിലും ചുരുക്കാം..

Rajeeve Chelanat said...

പി.രാജീവിന്റെ ലേഖനം അയച്ചുതന്ന അനോണീ,

ലേഖനം ഒരു പരിധിവരെ മാത്രം ശരിവെക്കാനേ എനിക്ക് കഴിയുന്നുള്ളു.

ജില്ലയെ വില്‍ക്കുകയാണ് വേണ്ടത് എന്നൊക്കെയുള്ള എന്റെ ‘പറച്ചിലുകളെ’ വാച്യാര്‍ത്ഥത്തില്‍ എടുക്കരുത്. മറ്റു ജില്ലകളെപ്പോലെതന്നെ, ചിലപ്പോള്‍ (രാഷ്ട്രീയമായി)അതിനേക്കാളേറെയും പ്രിയപ്പെട്ടതുതന്നെയാണ് നമുക്ക് കണൂര്‍. അത് ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

മതനിരപേക്ഷത, ആണവകരാര്‍, ഒറീസ്സ പ്രശ്നം, അങ്ങിനെ പലതിലും സി.പി.എം. മറ്റു പല രാഷ്ട്രീയ പാര്‍ട്ടികളേക്കാളും ശരിയായ നിലപാടുകള്‍ എടുത്തിട്ടുമുണ്ട്. തര്‍ക്കമില്ല. ബി.ജെ.പി.യെ അകറ്റിനിര്‍ത്താന്‍ യു.പി.എ.യുമായി കൂട്ടുകൂടിയതിലും പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് പറയാം. എങ്കിലും, പൊതുവായി വിലയിരുത്തുമ്പോള്‍ സി.പി.എം. അതിന്റെ സോഷ്യലിസ്റ്റ് സ്വഭാവത്തില്‍നിന്നും ബഹുദൂരം അകന്നുപോവുക തന്നെയാണ് ചെയ്തിട്ടുള്ളത്. എന്നു മാത്രമല്ല, സോഷ്യലിസ്റ്റ് വിരുദ്ധ സ്വഭാവം അതിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷമായിതന്നെ കാണുകയും ചെയ്യുന്നുണ്ട്. അതെല്ലാം. മറ്റൊരു വശം.

ഇവിട്, കണ്ണൂരില്‍ നടക്കുന്നത്, തികച്ചും,മത്സരിച്ചുള്ള എണ്ണം തികക്കലാണ്. പ്രൊഫഷണല്‍ കൊലയാളികളെ രംഗത്തിറക്കുകയാണ്. പലപ്പോഴും ഒരേ സംഘങ്ങളാണ് ഇരു ഭാഗത്തുമുളള്ളത്. ഇരു പാര്‍ട്ടികളില്‍നിന്നും നല്ലൊരു ശതമാനം കൊഴിഞ്ഞുപോക്കുകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്. കൊലപാതകങ്ങള്‍ക്ക് ഇതുമൊരു കാരണമാകുന്നുവ്ന്ന് അവിടെനിന്നുള്ള വാര്‍ത്തകള്‍ കാണിക്കുന്നു. ജയിലില്‍‌വെച്ചുപോലും കണക്കുകള്‍ തീര്‍ക്കാന്‍ ഇരു പാര്‍ട്ടികളും തങ്ങളുടെ കൊലയാളി സംഘങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.ഇതൊന്നും കേവലം അഭ്യൂഹങ്ങളോ, കെട്ടുകേള്‍വികളോ അല്ല.കണ്ണൂരിലെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം. അവിടെയുള്ള ആളുകളോട് സംസാരിച്ചുനോക്കുക, അപ്പോള്‍ മനസ്സിലാകും.

സി.പി.എമ്മിന്റെ ദല്‍ഹി ഓഫീസിനുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള എന്റെ പരാമര്‍ശങ്ങളും literal sense-ല്‍ എടുക്കണ്ട. പക്ഷേ അപ്പോഴും ഒരു കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കും. ഈ അക്രമണങ്ങളില്‍നിന്ന് സാധാരണ ജനങ്ങള്‍ വിട്ടുനില്‍ക്കണം. കണ്ണൂരിലെ ജനങ്ങള്‍ ഇതിനെതിരെ ഒന്നിച്ച് അണിനിരക്കണം. ഇത്തരം കൊലയാളിസംഘങ്ങളെയും, അവര്‍ക്ക് വളം വെച്ചുകൊടുക്കുന്ന ഇരുഭാഗത്തുമുള്ള നേതൃത്വത്തെയും ഉന്മൂലനം ചെയ്യാന്‍ കണ്ണൂരിലെ ജനങ്ങള്‍ ഇനിയും താമസിക്കരുത്. രാഷ്ട്രീയ മാടമ്പികളെ ഇല്ലാതാക്കിയതില്‍, ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും അവര്‍ക്ക് ആശ്വസിക്കാന്‍ സാധിക്കും. ഇനി വരുന്ന നേതൃത്വത്തിനും കുറെക്കൂടി സമചിത്തതയോടെയും, മനുഷ്യത്വത്തോടെയും രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടിവരുകയും ചെയ്യും. എല്ലാവര്‍ക്കും തങ്ങള്‍ക്ക് തോന്നിയപോലെ എടുത്ത് പന്താടാനും, തെരുവില്‍ കൊല്ലാനും, എണ്ണം തികക്കാനുമുള്ളവരല്ല കണ്ണൂരിലെയും മറ്റിടങ്ങളിലെയും ആളുകള്‍ എന്ന് ഒരിക്കലെങ്കിലും അവര്‍ക്ക് ബോദ്ധ്യം വരുകയും ചെയ്യും.

പാമരന്‍, മാരീചന്റെ ലിങ്ക് വായിക്കാന്‍ കഴിയുന്നില്ല. ശ്രമിച്ചുനോക്കാം.