Tuesday, March 25, 2008

ദുരന്തത്തിന്റെ മറ്റൊരു സര്‍വ്വേകല്ല് - അതിന് നിനക്കെന്ത്?

സുഹൃത്തുക്കളെ,

ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ഭടന്മാരുടെ എണ്ണം നാലായിരം തികഞ്ഞത്‌ ഈസ്റ്റര്‍ ഞായറാഴ്ചതന്നെയായത്‌ നന്നായി അല്ലേ? പരമജ്ഞാനിയായ ദൈവം ഈയിടെയായി അമേരിക്കയെ അനുഗ്രഹിക്കുകയൊന്നും ചെയ്യുന്നുണ്ടാവില്ലെന്ന സത്യം വിളിച്ചുപറയുന്ന ആ ഭ്രാന്തന്‍ ഉപദേശിയുടെ ഭാഗം ഒരിക്കല്‍ക്കൂടി അഭിനയിച്ചുകാണിക്കാമോ? ആര്‍ക്കെങ്കിലും അത്ഭുതം തോന്നുന്നുണ്ടോ?

നാലായിരം ചത്തു. പക്ഷേ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്‌, ഒരു ലക്ഷത്തിനുംമീതെ ആളുകള്‍ക്ക്‌ അപായമോ, മനോവിഭ്രാന്തിയോ ഒക്കെ സംഭവിച്ചിട്ടുണ്ടാകുമെന്നുതന്നെയാണ്‌. ദശലക്ഷക്കണക്കിന്‌ ഇറാഖികളും ഒടുങ്ങി. ഇതിന്റെയൊക്കെ ഫലം ഇനിയും എത്രയോ നാളുകള്‍ നമ്മള്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളു. ദൈവം അമേരിക്കയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.

ഇതിലെവിടെയാണ്‌ ഡാര്‍ത്ത്‌ വാഡര്‍? ഇറാഖ്‌ യുദ്ധത്തെക്കുറിച്ച്‌ പരാമര്‍ശിക്കവെ, എ.ബി.സി ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍ ഈ ആഴ്ച ഡിക്ക്ചെനിയോട്‌ ചോദിച്ചു, "അമേരിക്കയിലെ മൂന്നില്‍ രണ്ടുപേരും ഈ യുദ്ധം വേണ്ടിയിരുന്നില്ലെന്നാണല്ലോ പറയുന്നത്‌?". റിപ്പോര്‍ട്ടറെ മുഴുമിക്കാന്‍ സമ്മതിക്കാതെ ഡിക്ക്ചെനി തട്ടിക്കയറി, 'അതുകൊണ്ട്‌?"അതുകൊണ്ടെന്താ? പോയി ചാവ്‌..എന്ന മട്ടിലുള്ള ഒരു 'അതുകൊണ്ട്‌'.

നമ്മള്‍ അമേരിക്കക്കാരുടെ മുഖത്തേക്ക്‌ ഡിക്ക്ചെനി കാറിത്തുപ്പുന്നത്‌, ഓരോരുത്തരും കാണണം. ഇവിടെ വരൂ. ഇത്‌ കൈമാറൂ. എന്നിട്ട്‌ സ്വയം ചോദിക്കൂ, എന്തുകൊണ്ടാണ്‌ ഇവനെയും ഇവന്റെ കിങ്കരന്‍മാരെയും വൈറ്റ്‌ഹൗസില്‍ നിന്ന് നമ്മള്‍ ഇനിയും ചവുട്ടിപുറത്താക്കാത്തതെന്ന്.

വേണമെന്നുണ്ടായിരുന്നെങ്കില്‍ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള അധികാരമൊക്കെ ഡെമോക്രാറ്റുകള്‍ക്ക്‌ ഉണ്ടായിരുന്നു. പതിനഞ്ചു മാസമായി ആ അധികാരം അവരുടെ കൈവശമുണ്ട്‌. പക്ഷേ അവരത്‌ ചെയ്തില്ല. നമ്മള്‍ എന്താണ്‌ ചെയ്യേണ്ടത്‌? നിരാശയില്‍ മുങ്ങിത്താഴണോ? സക്രിയരായിത്തീരണോ? ഈ ലേഖനം വായിക്കുന്ന നിങ്ങളില്‍ പലരും നിങ്ങളുടെ പ്രാദേശിക ജനപ്രതിനിധിയെ പൊതുജനമദ്ധ്യത്തിലിട്ട്‌ തൊലിയുരിക്കാന്‍ കഴിവുള്ളവരാണെന്ന് എനിക്കറിയാം. ഒന്നു ചെയ്യാമോ? എനിക്കുവേണ്ടി?

ഇക്കഴിഞ്ഞ ബുധനാഴ്ച, യുദ്ധത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ അയാള്‍, താന്‍ കൊന്ന സൈനികര്‍ക്കുവേണ്ടി ദു:ഖമാചരിച്ചിരിക്കുകയൊന്നുമായിരുന്നില്ല. ഒമാനിലെ സുല്‍ത്താന്റെ വഞ്ചിയും തുഴഞ്ഞ്‌ കടലില്‍ മീന്‍പിടിക്കുകയായിരുന്നു. അതുകൊണ്ട്‌? നിങ്ങളുടെ പ്രിയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോട്‌ ചോദിക്കൂ, ഇതിനെക്കുറിച്ച്‌ അവരെന്തു വിചാരിക്കുന്നുവെന്ന്.

'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ' എന്നൊന്നും നമ്മുടെ രാഷ്ട്രശില്‍പ്പികള്‍ പുലമ്പുമായിരുന്നില്ല. അത്രക്കും മൂഢത്വമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അങ്ങിനെ പറയുന്നത്‌, ഒരു അഭ്യര്‍ത്ഥനയേക്കാളുപരി, ദൈവത്തോടുള്ള കല്‍പ്പനയായേ അവര്‍ കരുതുമായിരുന്നുള്ളു. ദൈവത്തോട്‌ ആവിധത്തില്‍ ആരും കല്‍പ്പിക്കുക പതിവില്ലല്ലോ, അതിനി അമേരിക്കയായാല്‍പ്പോലും. ദൈവം തങ്ങളെ ശിക്ഷിക്കുമോ എന്നുപോലും അവരില്‍ പലരും ഭയന്നിരുന്നു. തങ്ങളുടെ സൈന്യത്തിന്റെ ചെയ്തികള്‍ കണ്ട്‌ ദൈവം തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന് ജോര്‍ജ്ജ്‌ വാഷിംഗ്‌ടണ്‍ ഭയന്നിരുന്നു. ജോണ്‍ ആഡംസും ഭയപ്പെട്ടിരുന്നു, ദൈവം തങ്ങളുടെ സൈന്യത്തിനെതിരെ പ്രവര്‍ത്തിച്ച്‌, യുദ്ധത്തില്‍ തോല്‍ക്കാന്‍ ഇടവരുത്തുമോ എന്ന്. തങ്ങളെ മാത്രമായി പ്രത്യേകം തിരഞ്ഞെടുത്ത്‌ ദൈവം അനുഗ്രഹിക്കുമെന്നൊക്ക്‌ സങ്കല്‍പ്പിക്കുന്നത്‌ പരമ ധിക്കാരമായിരിക്കുമെന്ന്, അവരും, മറ്റു ധാരാളം പേരും കരുതിപ്പോന്നിരുന്നു. അതില്‍നിന്നെല്ലാം എത്ര ദൂരെമാറിയാണ്‌ നമ്മുടെ ഇന്നത്തെ യാത്ര!!

ഈയാഴ്ചത്തെ പി.ബി.എസ്സിന്റെ ഫ്രണ്ട്‌ലൈനില്‍ ഒരു ഡൊക്യുമെന്ററി ഞാന്‍ കണ്ടു. ബുഷിന്റെ യുദ്ധം എന്ന പേരില്‍. അതെ. കുറേക്കാലമായി ഞാന്‍ അതിനെ അങ്ങിനെതന്നെയാണ്‌ വിളിക്കുന്നത്‌. ഇത്‌ ഇറാഖ്‌ യുദ്ധമല്ല. ഇറാഖ്‌ ഒന്നും ചെയ്തിട്ടില്ല. 9/11 സംഭവിച്ചതില്‍ ഇറാഖിനു പങ്കില്ല. കൂട്ടനശീകരണ ആയുധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ക്കുണ്ടായിരുന്നത്‌ സിനിമാശാലകളും, മദ്യശാലകളും, സ്വന്തമിഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകളുമായിരുന്നു. നല്ലൊരു വിഭാഗം ക്രിസ്ത്യാനികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഒരു ജൂതപള്ളി നിലനില്‍ക്കുന്ന, ലോകത്തെ ഒരേയൊരു അറബ്‌ തലസ്ഥാനനഗരിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌.

അതൊക്കെ പോയിരിക്കുന്നു. ഒരു സിനിമ പ്രദര്‍ശിപ്പിക്കൂ. തലയില്‍ വെടിയുണ്ട തുളച്ചുകയറും. ശിരോവസ്ത്രം ധരിക്കാത്തതിന്‌ നൂറുകണക്കിന്‌ സ്ത്രീകള്‍ പകല്‍വെളിച്ചത്തില്‍ കൊല്ലപ്പെട്ടു. എനിക്ക്‌ ഇതിലൊക്കെ സന്തോഷമുണ്ട്‌. കാരണം എനിക്കും ഇതില്‍ പങ്കുണ്ട്‌. ഞാനും എന്റെ നികുതിയൊക്കെ കൃത്യമായി അടക്കുകയും, അങ്ങിനെ, ബാഗ്ദാദിലേക്ക്‌ സ്വാതന്ത്ര്യം കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്തു.

അതുകൊണ്ട്‌? ദൈവം എന്നെ അനുഗ്രഹിക്കുമോ?

ബുഷിന്റെ യുദ്ധം ആറാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഈ ഈസ്റ്ററിന്റെ പരിശുദ്ധ വാരം ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ.

ദൈവമേ, അമേരിക്കയെ രക്ഷിക്കൂ, ദയവുചെയ്ത്.




*ഡാര്‍ത്ത് വാഡര്‍- സ്റ്റാര്‍ വാര്‍സിലെ പ്രധാന വില്ലന്‍


Alternet-ല്‍ പ്രസിദ്ധീകരിച്ച, മൈക്കിള്‍ മൂറിന്റെ ലേഖനത്തിന്റെ പരിഭാ‍ഷ.

11 comments:

Rajeeve Chelanat said...

ദൈവം ആരെ രക്ഷിക്കും?

യാരിദ്‌|~|Yarid said...

യാങ്കിക്കെന്തു ദൈവം. യാങ്കിപരിഷകളെ രക്ഷിക്കാന്‍ ചെകുത്താനു പോലും സാധിക്കുകയില്ല. അവരുടെ ചരിത്രവും അതാണല്ലൊ..:(

മൂര്‍ത്തി said...

ഞാന്‍ ഇതിന്റെ പി.ഡി.എഫ് ചില സുഹൃത്തുക്കള്‍ക്ക് അയച്ചു..
നന്ദി രാജീവ്..

Suraj said...

രാജീവ് ജീ, ആള്‍ട്ടര്‍ നെറ്റിലെ ലേഖനം വായിച്ചിരുന്നു. ഈ പരിഭാഷയ്ക്കു നന്ദി.

ഇറാ‍ഖ് അധിനിവേശത്തിനു ന്യായീകരണമൊന്നും ഉണ്ടെന്നു തോന്നുന്നില്ലെങ്കിലും ഈ വിഷയത്തിന്റ്റ്റെ 'അമേരിക്കന്‍ മലയാളി വ്യൂ' കൂടി ബൂലോകത്ത് ആരെങ്കിലുമൊക്കെ ഇവിടെ ചര്‍ച്ചചെയ്യും എന്നു കരുതുന്നു. ഇത് കമന്റ് ട്രാക്കിംഗിന്.

ഭൂമിപുത്രി said...

ഇതിനെ ശക്തമായെതിറ്ക്കുന്ന ചില അമേരിയ്ക്കന്‍
മലയാളികളെയെങ്കിലും എനീയ്ക്കറിയാം,
അവരൊന്നും ഇവിടെവന്നെഴുതാന്‍ സാദ്ധ്യതയില്ല.
പക്ഷെ ഈ ബൂലോകത്തുലുള്ള യു.എസ് മലയാളികളെങ്കിലും ഈ ചറ്ച്ചയില്‍ പങ്കെടുത്തിരുന്നെങ്കില്‍ നന്നായിരുന്നു

കാപ്പിലാന്‍ said...

അമേരിക്കയിലെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഈ യുദ്ധം കാരണം മാറികിട്ടി,ഞാന്‍ നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു.അമേരിക്കന്‍ സൈനീകരുടെ സമനില തെറ്റുന്നതായുള്ള വാര്‍ത്ത.ധാരാളം ജീവനുകള്‍ അവിടെ ഒടുങ്ങി .ഇതുകൊണ്ടൊക്കെ ആര്‍ക്കാണ്‌ പ്രയോജനം . ഇവിടെയുള്ളവര്‍ തന്നെ യുദ്ധത്തെ എതിര്‍ക്കുന്നു.പക്ഷേ അതൊന്നും വില പോകില്ല.എത്രയും എനിക്കറിയാം.എന്നെക്കാള്‍ നല്ലതായി ചിന്തിക്കുന്നവരും ,വാക്ക് സാമര്‍ത്ഥ്യം ഉള്ള അമേരിക്കന്‍ മലയാളികള്‍ ഇവിടെ വരും.അപ്പോള്‍ അവര്‍ പറയും ,കാര്യ കാരണങ്ങള്‍ സഹിതം .

പാമരന്‍ said...

അമേരിക്കന്‍ മലയാളികളെ പറഞ്ഞിട്ടു കാര്യമില്ല, സൂരജ്‌ജി.

അഞ്ചു കൊല്ലം അവിടെ ജീവിച്ചിട്ടുള്ള എനിക്കതു നന്നായറിയാം.. പേടിയുണ്ട്‌ എല്ലാര്‍ക്കും ഉള്ളില്‍.. അമേരിക്കയെ നാലു തെറി വിളിച്ചു കഴിഞ്ഞിട്ട്‌ നമ്മള്‌ കുരിശു വരക്കും.. കര്‍ത്താവേ എഫ്.ബീ.ഐ. കേക്കല്ലേന്ന്‌... (പിന്നെ ഗ്യാസിന്‍റെ വില കൂടുംബം ആരെ കൊന്നിട്ടായാലും എണ്ണ വില കുറച്ചാ മതിയാരുന്നൂന്ന്‌ നെടുവീര്‍പ്പിടും..)

സര്‍ക്കാരാപ്പീസില്‍ പോകുംബം, ഒരു എയര്‍പോര്‍ട്ടില്‌ ചെക്കിന്‍ ചെയ്യുംബം തൊലിയുടെ നിറം നോക്കി സ്വീകരണവും മാറുന്നത്‌ കാണാം.. (നല്ല കരിവീട്ടി മാര്‍ക്ക്‌ തൊലിയായതുകൊണ്ടാണോന്നറിയില്ല)

ഇതിലൊക്കെ വലിയ തമാശ എന്താണെന്നു വച്ചാല്‍ മിക്ക സായിപ്പന്‍മാര്‍ക്ക്‌ ഇറാഖും ഇന്ത്യയുമൊക്കെ ഏതാണ്ടൊരു പോലെയാണെന്നുള്ളതാണ്‌.. ഇന്ത്യയില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ 'അസലാമു അലൈക്കും' തന്നിട്ടുണ്ട്‌ പല സായിപ്പുമാരും :)

Rajeeve Chelanat said...

എല്ലാ വായനകള്‍ക്കും നന്ദി.

സൂരജ്,

‘ഇറാഖ് യുദ്ധത്തിന് ന്യായീകരണമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെങ്കിലും‘ എന്നോ?? ‘എണ്ണ’ എന്ന ഒരേയൊരു ന്യായീകരണമേ ഉണ്ടായിരുന്നുള്ളുവെന്ന് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിമിനലുകളിലൊരാളായ ആ ബുഷ് തന്നെ ഏറ്റുപറഞ്ഞിട്ടും ഇനിയും ഈ സന്ദേഹമോ?

Suraj said...

രാജീവ് ജീ,

ബുഷ് അണ്ണന്‍, ചെനി മാമന്‍, കോണ്ടലീസ ചേച്ചി, പഴയ ഓള്‍ബ്രൈറ്റ് അമ്മൂമ്മ തുടങ്ങിയ സകല യുദ്ധവെറിയര്‍ക്കും സ്വന്തമായി എണ്ണ/ആയുധം/കണ്‍സ്ട്രക്ഷന്‍-വര്‍ക്ക് താല്പര്യങ്ങള്‍ അഫ്ഘാനിലും ഇറാക്കിലും ഉണ്ടെന്നതു പകല്‍ പോലെ വ്യക്തമാണല്ലോ. എങ്കിലും ‘സംശയത്തിന്റെ ഒരു ആനുകൂല്യം’ ഇട്ടത് ബൂലോകത്തില്‍ എതിരഭിപ്രായം ഉള്ളവരുണ്ടെങ്കില്‍ ചര്‍ച്ചചെയ്യട്ടെ എന്നു കരുതിയാണ്. (അമ്മയെത്തല്ലിയാലും രണ്ട് പക്ഷമുള്ളവരില്‍ മലയാളികള്‍ മുന്‍പിലാണല്ലോ ;))

ശ്രീവല്ലഭന്‍. said...

പ്രിയ രാജീവ്,

ദൈവം ഇപ്പോള്‍ ഉടനെ ഉടനെ കൊടുക്കും എന്നാണ് കേട്ടിട്ടുള്ളത്‌ :-(

ലേഖനത്തിന്‍റെ പരിഭാഷയ്ക്ക് നന്ദി.

The Prophet Of Frivolity said...

ദൈവം ശരിക്കും ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ രാജീവ്? ബലവാന്റെ നീതി. അമേരിക്ക എന്ന രാജ്യം തന്നെ ചോരയിലല്ലെ കെട്ടിപ്പണിതിരിക്കുന്നത്? വാഗ്വാദത്തിന്നു വേണ്ടിയല്ല ഇതു പറയുന്നത്. അമേരിക്കക്കെതിരെ സംസാരിക്കുമ്പോള്‍ ഹാലിളകുന്ന അമേരിക്കന്‍ മലയാളികളെ എനിക്കു നേരിട്ടറിയാം. സമ്പന്നരുടെയും,സമ്പന്നതയുടെ പങ്കുപറ്റാന്‍ ഏതറ്റം വരെയും പോകാത്തവരുടെയും മാത്രമായ ലോകം(ഞാനടക്കം).ഇറാഖില്‍ യുദ്ധം വരുന്നതോര്‍ത്ത്, അവിടുത്തെ കുട്ടികളുടെ കണ്ണിലെ തിളക്കത്തെയോര്‍ത്ത് എന്റെ മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ അപരിചിതനായ ഒരാളെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.തലശ്ശേരിയിലെ തിളക്കം നഷ്ടപ്പെട്ട ഒരു ബൂക് ഷോപ്പില്‍ വച്ച്.ആധുനിക വാര്‍ത്താവിനിമയസാങ്കേതിക വിദ്യകള്‍ നമുക്ക് ഒരുപാട് ജാലകങള്‍ തുറന്നുതന്നപ്പോള്‍, നമ്മുടെ പിതാമഹന്‍മാര്‍ക്കില്ലാതിരുന്ന ദുഖത്തിന്റെ ഒരുപാട്(ഒരുപാടൊരുപാട്) തരിശുനിലങളും തന്നു.