Sunday, April 27, 2008

കേശവന്റെ വിലാപങ്ങള്‍

‍ആര്‍ത്തവത്തെ ഗര്‍ഭപാത്രത്തിന്റെ തേങ്ങലായി കണ്ട എഴുത്തുകാരുണ്ടായിരുന്നു ഇവിടെ.

ജലം വീഞ്ഞാകുന്നത്‌, പ്രപഞ്ചനാഥന്റെ സാമീപ്യത്താലുള്ള ലജ്ജാവിവശതകൊണ്ടാണെന്ന് സങ്കല്‍പ്പിച്ച ഭാവനാശാലികളുമുണ്ടായിരുന്നു ഇവിടെ. പക്ഷേ ആര്‍ത്തവത്തെ തക്കാളി സോസായി കാണണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു എം. മുകുന്ദനായേ പറ്റൂ.

സര്‍ഗ്ഗാത്മകതയുടെ അഭാവം പ്രകടമായിരുന്നിട്ടുകൂടി, ഭാഗ്യംകൊണ്ടുമാത്രം എഴുപതുകളിലെ ആധുനിക സാഹിത്യത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ ഇടം കണ്ട ആളായിരുന്നു മുകുന്ദന്‍. സ്വന്തം പുഴയോരത്തുനിന്ന് തലയില്‍ ആവേശിച്ച ഒരു പഴയ കൊളോണിയല്‍ ഉറക്കച്ചടവിന്റെ സംവേദനക്ഷമമല്ലാത്ത ഭാഷമാത്രമായിരുന്നു ആകെയുള്ള കൈമുതല്‍. അതും, എംബസ്സി ഉദ്യോഗവും കൂടി സമാസമം കൂട്ടിക്കുഴച്ചപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി. അത്രമാത്രം. ഉറക്കച്ചടവിന്റെ ആ ഭാഷയുടെ ദുര്‍ബ്ബലമായ ഉറവയുള്ളതുപോലും വറ്റിയിട്ടും കാലം ഏറെയായി. ഇനിയുള്ള കാലം ഇത്തരം അക്കാദമികളുടെ വിജനമായ തീരങ്ങള്‍ മാത്രമാണ്‌ തന്നെ കാത്തിരിക്കുന്നതെന്നും മുകുന്ദനറിയാം.

ബോധോദയങ്ങള്‍ എപ്പോഴൊക്കെയാണ്‌ ഉണ്ടാകുന്നതെന്നൊന്നും 'അതിങ്കലെങ്ങാണ്ടൊരിടത്തിരിക്കുന്ന" മനുഷ്യനു പറയാനും ആവില്ല. സാംസ്കാരിക സെഷനുകള്‍ ഉദ്‌ഘാടനം ചെയ്യുമ്പോഴാവാം അത്‌ സംഭവിക്കുന്നത്‌. പത്രസമ്മേളനങ്ങളില്‍വെച്ചാവാം. പ്രതീക്ഷിച്ച പുരസ്ക്കാരങ്ങള്‍ തന്നെത്തേടിവരാതിരിക്കുമ്പോഴാകാം. വെറുതെ വീട്ടില്‍ ഉണ്ടിരിക്കുമ്പോള്‍പ്പോലുമാകാം ബോധചന്ദ്രികയുടെ ആ നറുനിലാവ്‌ തെളിയുക. അപ്പോഴാണ്, പിന്‍കാലുകള്‍ മടക്കി, മുന്‍കാലുകള്‍ ബലമായി നിവര്‍ത്തിപ്പിടിച്ചുനിന്ന്, കഴുത്ത്‌ ആകാശത്തേക്കു നീട്ടി ഉച്ചത്തില്‍ ഓരിയിടാന്‍ തോന്നുക. ശബ്ദമല്ലേ? എവിടെയെങ്കിലും തട്ടി പ്രതിദ്ധ്വനിക്കാതെവരില്ല. സ്വന്തം ബോധമണ്ഡലങ്ങളിലെങ്കിലും. എന്നെങ്കിലും.

കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഇ.എം.എസ്‌.സെമിനാറില്‍ 'സാംസ്കാരിക കേരളം, ഇന്നലെ, ഇന്ന്' എന്ന സെഷന്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ഇതുപോലുള്ള ഒരു അനുഭവം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നിരിക്കണം.

വാര്‍ത്ത ഇവിടെ.

നോക്കുകൂലി പോലുള്ള സമ്പ്രദായങ്ങള്‍ നിലവിലുള്ള നാട്ടില്‍ തൊഴിലാളിവര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്‌ പ്രസക്തിയില്ലെന്നും, സോഷ്യലിസത്തെ തമസ്കരിച്ചതുപോലെ തൊഴിലാളിവര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തെയും ഉപേക്ഷിക്കണമെന്ന്.

നോക്കുകൂലിയെ ഇന്നലെമുതല്‍ ഇടതുപക്ഷനേതൃത്വം എഴുതിത്തള്ളിയിരിക്കുന്നു കേശവാ. അങ്ങിനെയെങ്കില്‍, തൊഴിലാളിവര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്‌ ഇനിയും പ്രസക്തിയുണ്ടെന്നു വരില്ലേ?

ആധുനികത നല്‍കിയ സ്വാതന്ത്ര്യബോധത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ആധുനിക എഴുത്തുകാരിലുള്ളതുകൊണ്ടാണ്‌, ഇടതുപക്ഷവുമായി ചേര്‍ന്നുനടക്കുമ്പോഴും യാഥാസ്ഥിതിക ഇടതുപക്ഷവുമായി തന്നെപ്പോലുള്ളവര്‍ക്ക്‌ കലഹിക്കേണ്ടിവരുന്നതെന്ന്.

എപ്പോഴൊക്കെയാണ്‌ കേശവന്‍ കലഹിച്ചിട്ടുള്ളത്‌? അറിയാന്‍ താത്‌പര്യമുണ്ട്‌. ഏത്‌ ആധുനികന്റെ ചേരിയാണ്‌ ഇപ്പോഴുള്ളതെന്നും അറിഞ്ഞാല്‍ കൊള്ളാം. ഉത്തരാധുനികതയുടെ കാര്യമാണോ ഉദ്ദേശിച്ചത്‌? അപ്പന്‍സാറും, ശ്രീജനുമൊക്കെ പറയുന്ന ആ സാധനം?

എങ്കിലും ആ പ്രയോഗങ്ങളുണ്ടല്ലോ..."ഇടതുപക്ഷവുമായി ചേര്‍ന്നുനടക്കുമ്പോഴും", "ഇടതുപക്ഷത്തിന്‌ യൗവ്വനം നല്‍കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നവനേതൃത്വം".. എന്നൊക്കെയുള്ള ആ പ്രയോഗങ്ങള്‍. അതു കസറി കേശവാ. ഉദ്ദിഷ്ടകാര്യത്തിന്‌ ഇരിക്കട്ടെ ഒരു ഉപകാരസ്മരണ എന്ന്, അല്ലേ?


ആട്ടെ, ഏതു ഇടതുപക്ഷത്തിന്റെ കാര്യമാണ്‌ മഹാശയാ താങ്കള്‍ പറയുന്നത്‌? ഏത്‌ ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്നു താങ്കള്‍ എന്നാണ്‌ പറഞ്ഞുവരുന്നത്‌? ബോധചന്ദ്രനെ നോക്കി അങ്ങ്‌ പുറപ്പെടുവിക്കുന്ന ആ നീണ്ട വിലാപങ്ങള്‍ കേട്ട്‌ ഞങ്ങള്‍ക്ക്‌ മേലാകെ പൊട്ടിത്തരിക്കുന്നു കേശവാ.

18 comments:

Rajeeve Chelanat said...

കേശവന്റെ വിലാപങ്ങള്‍

വെള്ളെഴുത്ത് said...

വിമര്‍ശനാത്മകമല്ലാതെയും അബോധപൂര്‍വവും വ്യക്തി ലോകത്തെ ഗ്രഹിക്കുന്ന രീതിയെയാണ് ഗ്രാംഷി സാമാന്യബോധം എന്നു വിശേഷിപ്പിച്ചത്. മലയാളി മദ്ധ്യവര്‍ഗം തനിക്കുള്ള സാമാന്യബോധത്തെയാണ് വിശേഷജ്ഞാനമായി കണക്കിലെടുക്കുന്നത്. അവിടെയാണ് തകരാറും. മുകുന്ദന്‍ മുന്‍പേ പറന്ന പക്ഷിയാണ്. ആധുനികത പിന്നാലെ വന്നതാണ്. അപ്പോള്‍ അഭിപ്രായങ്ങള്‍ക്കു വിലയുണ്ട്. അദ്ദേഹം ഉദ്ദേശിച്ച തൊഴിലാളി വര്‍ഗ സൌന്ദര്യശാസ്ത്രം അദ്ദേഹം തന്നെ പറഞ്ഞു തരുമെന്നു വിശ്വസിക്കാം. ആധുനികതയ്ക്ക് ഭാഷ്യം എഴുതിയതു പോലെ. ചിന്ത രവിയേക്കാള്‍ അക്കാദമിയ്ക്കു യോഗ്യന്‍ മുകുന്ദനാണെന്നു കണ്ടെത്തിയത് നമ്മുടെ മുഖ്യധാരാമാര്‍ക്സിസമാണല്ലോ, അപ്പോള്‍ തൊഴിലാളിവര്‍ഗ സൌന്ദര്യശാസ്ത്രമെന്തെന്നത് അവര്‍ക്കറിയാതെയാവില്ല, അതു മുകുന്ദനുമറിയാതെയാവില്ല അഭിപ്രായപ്രകടനം.
-അദ്ദേഹത്തിന്റെ നോവലുകളെക്കുറിച്ചു പറഞ്ഞതിനോട് പക്ഷേ ഒരു വിയോജനം.അവ വായിച്ചു വളര്‍ന്നാണ് പിന്നെ പുതിയ മരങ്ങള്‍ തേടി ഒരു സമൂഹം പടര്‍ന്നത് (വളര്‍ന്നെങ്കില്‍, പടര്‍ന്നെങ്കില്‍ !) ഞാന്‍ ആ ആസന്നഭൂതത്തെ പുറംകാലാല്‍ തൊഴിക്കുന്നില്ല !

എതിരന്‍ കതിരവന്‍ said...

മുകുന്ദന്‍ മുന്‍പേ പറന്നതു പണ്ട്. “പുലയപ്പാട്ട്” എഴുതുന്നതിനു മുന്‍പു തന്നെ പറക്കല്‍ നിര്‍ത്തി ഏതോ കൊമ്പില്‍ ചേക്കേറിയിരുന്നു.എന്നാലും “രാധ രാധ മാത്രം വും “അഞ്ചര വയസ്സുള്ള കുട്ടി”യും മറക്കാവതല്ല.

കലപ്പകവൃക്ഷത്തിന്റെ വേരു കാണിച്ചുതരുന്നത് തേടിപ്പോയ ഞങ്ങല്‍ നക്ഷത്രക്കുട്ടന്മാരെ അച്യുതാനന്ദനേയും ജെ.സി.ബിയെയും കൂട്ടിക്കെട്ടി ഡൈന‍സോര്‍ കഥകള്‍ എഴുതി‍ അന്ധാളിപ്പിച്ചതിന് എത്ര വിലാപങ്ങള്‍ മതിയാകും കേശവാ?

ഭൂമിപുത്രി said...

അങ്ങിനെ എഴൂതിത്തള്ളാന്‍ പറ്റുമോ മുകുന്ദനെ?
മുകുന്ദന്‍ ബാധിച്ച ഒരു തലമുറയുണ്ടായിരുന്നു ഇവിടെ.അദ്ദ്യേഹം ജനിപ്പിച്ച‘കുട്ടംതെറ്റി മേയുന്നവറ്’പറയൂന്നതും
ചെയ്യുന്നതുമൊക്കെ അതേപോലെ അനുകരിയ്ക്കാന്‍ ആഗ്രഹിച്ച കുറേപേരുടെ
ജീവിതം അധോഗതിയായി എന്നും കേട്ടിട്ടുണ്ട്.

അയല്‍ക്കാരന്‍ said...

മുകുന്ദന് സര്‍ഗ്ഗാത്മകത ഇല്ലായിരുന്നെന്നും ഭാഗ്യത്തിന്റെ ബലത്തില്‍ പ്രശസ്തി നേടി എന്നുമൊക്കെ പറയുന്നതിനോട് യോജിക്കാനാവുന്നില്ല. 'ആദിത്യനും രാധയും', ഡെല്‍ഹി തുടങ്ങിയവയൊക്കെ മറക്കാനാവുമോ?

പ്രായമായിക്കഴിഞ്ഞപ്പോള്‍ എനിക്കൊരാശ്രയം വേണം എന്നദ്ദേഹത്തിന് തോന്നി. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റ്വും കരുത്തനായ ആളുടെ കരവലയത്തിലൊതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ വായനക്കാര് കെറുവിച്ചാലെന്ത്? മയ്യഴിപ്പുഴ വറ്റിയാലെന്ത്?

പിന്നെ രാധ രാധ മാത്രം മലയാളത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണെന്ന് കരുതുന്നു. (disclaimer: മലയാളം മാത്രമെ വായിക്കാറുള്ളൂ. കുസെന്‍ബെര്‍ഗ് എന്നൊക്കെ കേട്ടിട്ടു മാത്രമേ ഉള്ളൂ)

കെ said...

ആര്‍ത്തവത്തെ ഗര്‍ഭപാത്രത്തിന്റെ തേങ്ങലായി കണ്ട എഴുത്തുകാരുണ്ടായിരുന്നു ഇവിടെ.

ജലം വീഞ്ഞാകുന്നത്‌, പ്രപഞ്ചനാഥന്റെ സാമീപ്യത്താലുള്ള ലജ്ജാവിവശതകൊണ്ടാണെന്ന് സങ്കല്‍പ്പിച്ച ഭാവനാശാലികളുമുണ്ടായിരുന്നു ഇവിടെ. പക്ഷേ ആര്‍ത്തവത്തെ തക്കാളി സോസായി കാണണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു എം. മുകുന്ദനായേ പറ്റൂ.

സര്‍ഗ്ഗാത്മകതയുടെ അഭാവം പ്രകടമായിരുന്നിട്ടുകൂടി, ഭാഗ്യംകൊണ്ടുമാത്രം എഴുപതുകളിലെ ആധുനിക സാഹിത്യത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ ഇടം കണ്ട ആളായിരുന്നു മുകുന്ദന്‍. സ്വന്തം പുഴയോരത്തുനിന്ന് തലയില്‍ ആവേശിച്ച ഒരു പഴയ കൊളോണിയല്‍ ഉറക്കച്ചടവിന്റെ സംവേദനക്ഷമമല്ലാത്ത ഭാഷമാത്രമായിരുന്നു ആകെയുള്ള കൈമുതല്‍. അതും, എംബസ്സി ഉദ്യോഗവും കൂടി സമാസമം കൂട്ടിക്കുഴച്ചപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി. അത്രമാത്രം. ഉറക്കച്ചടവിന്റെ ആ ഭാഷയുടെ ദുര്‍ബ്ബലമായ ഉറവയുള്ളതുപോലും വറ്റിയിട്ടും കാലം ഏറെയായി. ഇനിയുള്ള കാലം ഇത്തരം അക്കാദമികളുടെ വിജനമായ തീരങ്ങള്‍ മാത്രമാണ്‌ തന്നെ കാത്തിരിക്കുന്നതെന്നും മുകുന്ദനറിയാം.


വയ്യ രാജീവേ, ഇനി വായിക്കാന്‍........ ബാറ്റണ്‍ബോസ്, മാത്യുമറ്റം, ജോസി വാഗമറ്റം, സി വി നിര്‍മല, സുധാകര്‍ മംഗളോദയം ഇവരൊക്കെയാണ് ഈയുളളവന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. അതുകൊണ്ട് തന്നെ കൊളോണിയല്‍ ഉറക്കച്ചടവിന്റെ സംവേദനക്ഷമമല്ലാത്ത ഭാഷയെന്നൊക്കെ എഴുതിയാല്‍ നമ്മള്‍ കുഴഞ്ഞു പോവുകയേ ഉളളൂ.

ഇത്രയും എഴുതിയതു തന്നെ ഇവിടെയൊന്നു വന്നുപോയി എന്നറിയിക്കാനാണ്. എന്നാല്‍ പോട്ടേ....

ചിതല്‍ said...

സാറാജോസഫിനെയും വിജയന്മാഷേയും സുരേന്ദ്രനെയും ഒക്കെ ചിലര്‍ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അത് പോലെയുള്ള ഒരു പറച്ചിലാ‍യോ എന്ന് സംശയം. കാരണം ഭാഗ്യം കൊണ്ട് രക്ഷപെട്ട ആള്‍ എന്നൊക്കെ പറയുന്നത് കൊണ്ട് തോന്നിയതാണ്. ഭൂമിപുത്രി പറഞ്ഞത് പോലെ അങ്ങനെ എഴുതിതള്ളാന്‍ പറ്റുന്ന ഒരു “ഭാഗ്യ”മാണോ അത്....

പിന്നെ സിവിക്ക് ചന്ദ്രന്‍ പറഞ്ഞത് പോലെ ഇനി ഇങ്ക്വിലാബ് അവര്‍ വിളിക്കരുത് എന്ന് പറയുമ്പോള്‍ തിരിച്ചൂം ഒരാളിരിക്കട്ടെ.. പക്ഷേ സിവിക്കിന്ന് അത് പറയാന്‍ അര്‍ഹതയുണ്ട്, മുകുന്ദന്ന് അത് ഉണ്ടോ എന്ന് സത്യമായിട്ടും എനിക്കറിയില്ല...അതാണ് രാജിവ് പറഞ്ഞെതെന്നും തോന്നുന്നു..

Rajeeve Chelanat said...

അതെ വെള്ളെഴുത്തേ, മുകുന്ദന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ സൌന്ദര്യശാസ്ത്രം എന്താണെന്ന് മുഖ്യധാരാമാര്‍ക്സിസത്തിന് നന്നായറിയാം. അതവര്‍ക്കു ബോധിക്കുകയും ചെയ്യും. അത് മുകുന്ദനും അറിയാം. ഇവരിരുവരുടെയും ആ ബോധത്തിനെക്കുറിച്ച് ഏകദേശമൊരു ധാരണയുള്ളതുകൊണ്ടാണ് അതിനെ ഞാന്‍ എതിര്‍ക്കുന്നതും.

എതിരന്‍, ഭൂമിപുത്രീ,

മുകുന്ദന്റെ ഭാഷയും, അതിലെ കഥാപാത്രങ്ങളുടെ അസ്തിത്വ വൈകല്യങ്ങളും അനുകരിച്ചും ആവേശിച്ചും ഒരു മിമിക്രി തലമുറ കടന്നുപോയിട്ടുമുണ്ട്. നിഷേധിക്കുന്നില്ല. എന്നാല്‍ അതൊന്നും എന്റെ സങ്കല്‍പ്പത്തിലുള്ള, എഴുത്ത്-വായനാസംസ്കാരവുമായി യോജിക്കുന്നുമില്ല. എന്റെതന്നെ പരിമിതകളാകാം അതിനുകാരണം. വായനകള്‍ വൈയക്തികങ്ങളുമാണല്ല്ലോ. പ്രിയ.എ.എസ്സിന്റെ കഥയിലെ ഒരു ഹോംനേഴ്സ് പറയുന്നപോലെ (ഓര്‍മ്മയില്‍നിന്ന് എടുത്തെഴുതുന്നതാണ്) “‘ഓരോന്നും വെവ്വേറെയെടുക്കുമ്പോ ചെറിയ കാര്യങ്ങളാ, സൂസിക്കുഞ്ഞേ, പക്ഷേങ്കില്, ഒന്നായെടുക്കുമ്പോ വലിയ വെഷമാ”..മുകുന്ദന്റെ കഥകള്‍ ഓരോന്നായെടുക്കുമ്പോള്‍ അപൂര്‍വ്വം ചിലതൊക്കെ എന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഒന്നായെടുക്കുമ്പോള്‍ അധികം അവകാശപ്പെടാനൊന്നുമില്ലാത്ത ഒരെഴുത്തുകാരനെന്ന തോന്നലും ശക്തം.

ഏതായാലും, മുകുന്ദന്‍ ഇവിടെ സൂചിപ്പിച്ച അഭിപ്രായങ്ങള്‍,വയറ്റുപ്പിഴപ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അസ്തിത്വ-ഭയാശങ്കകളുടെ നിദര്‍ശനം തന്നെയാണെന്ന് തോന്നുന്നു. അതല്ലെങ്കില്‍ ഒരു ടിപ്പിക്കല്‍ രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ വിവരദോഷം. എന്തായാലും ഒരു എഴുത്തുകാരന്റേതല്ല.

മാരീചാ, ജോയ്‌‌സിയെ വിട്ടുകളഞ്ഞതെന്തേ? എന്തായാലും അങ്ങയെപ്പോലുള്ള സുകൃതികള്‍ ഇതുവഴിവന്നുപോകുന്നുവെന്ന അറിവ് എനിക്കു തരുന്ന ആ ഒരു സുഖം...പറയാവതല്ല ബത.. സഖേ...

ചിതല്‍,

ശരിയാണ്. അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും

അഭിവാദ്യങ്ങളോടെ

ഹരിത് said...

“സര്‍ഗ്ഗാത്മകതയുടെ അഭാവം പ്രകടമായിരുന്നിട്ടുകൂടി, ഭാഗ്യംകൊണ്ടുമാത്രം എഴുപതുകളിലെ ആധുനിക സാഹിത്യത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ ഇടം കണ്ട ആളായിരുന്നു മുകുന്ദന്‍“

കഥകളുടെ കാര്യത്തിലെങ്കിലും രജീവിന്‍റെ മേല്‍പ്പറഞ്ഞ അഭിപ്രായത്തോടു യോജിക്കാനാണു ഇപ്പോള്‍ എനിക്കു തോന്നുന്നതു. ഈ അടുത്തകാലത്തു അദ്ദേഹത്തിന്‍റെ തെരഞ്ഞെടുത്ത കഥകള്‍ വീണ്ടും വായിച്ചു. കമന്റ്റുകളില്‍ വീണ്ടും വീണ്ടും പറയപ്പെട്ടുന്ന അഞ്ചാറു കഥകളേ നല്ലകഥകളുടെ ശ്രേണിയില്‍ നമുക്കിന്നു കൂട്ടാന്‍ കഴിയൂ.(മുകുന്ദന്‍ ബാധിച്ചു നടന്ന കാലത്തിനു നേരേ വിപരീതം.)

നോവലുകളെ വിലയിരുത്തിമ്പോള്‍ ഒരു പക്ഷേ വേറേ ഒരു കാഴ്ച്ചപ്പാടിന്‍റെ ആവശ്യമൌണ്ടായീക്കും എന്ന്നു എനിക്കു തോന്നുന്നു.

Radheyan said...

പാര്‍ത്ഥനെ മുകുന്ദന്‍ നയിച്ച കാലം ദ്വാപരയുഗത്തില്‍ പോയി മറഞ്ഞു.

ഇന്ന് വിജയന്‍ മുകുന്ദനെ നയിക്കുന്ന കാലം.

ചട്ടി വാഴ ചുവട്ടില്‍ പോകാതെ നോക്കണമല്ലോ.പുതിയ കാലത്തെ നേതാവിന് പഴയകാലത്തെ നേതാവിനെ പോലെ ക്ലിഷ്ടമായ പ്രത്യയശാസ്ത്രമറ തീര്‍ത്ത് ജനത്തെ മസ്മെറൈസ് ചെയ്യാന്‍ അറിയില്ല.അപ്പോള്‍ ഇത്തരം പരിവര്‍ത്തിത ഇടതു ബുജികളുടെ സേവനം അത്യന്തം പ്രയോജനകരം.കള്ളന്‍ എന്നു കൂവി അമ്പലപ്പറമ്പിലൂടെ ഓടിയാല്‍ കപ്പലണ്ടി തട്ടില്‍ നിന്നും വാരുന്ന ഒരു പിടിയെങ്കില്‍ അത്,ഉദരനിമിത്തം ബഹുകൃത വേഷം.

സത്യസന്ധമായ നിരീക്ഷണം രാജീവ്.

സജീവ് കടവനാട് said...

തൊഴിലാളിവര്‍ഗ്ഗ സൌന്ദര്യശാസ്ത്രത്തെ ഉപേക്ഷിച്ചുകൊണ്ടുള്ള ഇടതുപക്ഷസഹയാത്രകൊണ്ട് മുകുന്ദന്‍ സാര്‍ എന്താണാവോ ഉദ്ദേശിച്ചത്. മുകുന്ദന്‍ സാര്‍ ഉദ്ദേശിച്ചതെന്തായാലും സ്വന്തം പുത്രനെ ‘തന്തക്കുപിറക്കാത്തവനേ’ എന്ന് മുഖത്തുനോക്കി വിളിച്ചപോലെ തോന്നി വിജയന്‍ സാറിന്റെ ചാരിത്ര്യം തെളിയിക്കല്‍ പ്രസംഗം. ലാഭനഷ്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളായി അധ:പതിച്ച പുത്തന്‍ നേതാക്കള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെന്ന ആ ലേബലുകൂടിയങ്ങ് അഴിച്ചുവെച്ച് വല്ല ക്യാപിറ്റലിസ്റ്റ് ഓര്‍ഗനിസേഷന്റേയും പേരുവെച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കിലെന്ന് ചിന്തിച്ചുപോകുന്നു. യന്ത്രങ്ങളൂപയോഗിക്കുന്നതിന്റേയോ മറ്റോ ഫലമായി തൊഴിലാളികള്‍ക്ക് അവര്‍ അതുവരെ ചെയ്തിരുന്ന തൊഴില്‍ നഷ്ടപ്പെടുന്നതിന് ബദലായി യന്ത്രവത്കരണത്തിന്റെ ഫലമായുണ്ടാകുന്ന ലാഭത്തില്‍നിന്നൊരു വിഹിതം ലെവിയായി പിരിച്ച് നല്‍കുകയും തൊഴിലാളിനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ചെയ്യേണ്ട, ഭരണകൂടത്തെ പിന്‍സീറ്റിലിരുന്ന് നിയന്ത്രിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതാവ് ശരിക്കുമൊന്ന് തൊഴില്‍ ശാലകളിലേക്കിറങ്ങി വന്ന് പരിശോധിക്കേണ്ടതു തന്നെയാണ് ‘മുതലാളി’മാരെ ചൂഷണം ചെയ്യുന്ന ‘തൊഴിലാളികളു’ടെ ദൈന്യത മനസിലാക്കണമെങ്കില്‍.

NITHYAN said...

രാജീവാ ഒന്നുകൂടി. ദ്രൗപദിയുടെ ആര്‍ത്തവരക്തത്തെ രണ്ടാമൂഴത്തില്‍ എം.ടി ഉപമിച്ചത്‌ വെള്ളക്കല്‍ത്തറയില്‍ ചിതറിയ പുഷ്യരാഗക്കല്ലുകളോടാണെന്നാണോര്‍മ്മ. എന്താണുചെയ്യ്‌ക? കറവവറ്റിയ മാടിനെ അറവുശാലയിലേക്കാണെടുക്കുക. ഉറവവറ്റിയ സാഹിത്യകാരനെ അവാര്‍ഡ്‌ശാലയിലേക്കും. അതാണ്‌ സമൂഹം.

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

എളേതിന് ഇയരം കുറഞ്ഞതും, എഴുത്തമ്മയ്ക്ക് ഉയരം കൂടിയതും “മാറ്റങ്ങളായി” വന്നതും വേലിത്തലയ്ക്കലക്കിലെ പച്ചപ്പിനപ്പുറത്ത് എഴുത്തമ്മയുടെ തല ഉയര്‍ന്നപ്പോളാകണം വിലപിച്ചുകൊണ്ട് കേശവം വേലിപ്പഴുതിലൂടെ എളേതിന്റെ തലനോക്കി “ഇപ്പോഴും ഇത് തന്നെയാണ് ഉയരം” എന്ന് പറഞ്ഞത്.

സര്‍ഗ്ഗാത്മകതയുടെ അഭാവം പ്രകടമായിരുന്നിട്ടുകൂടി, ഭാഗ്യംകൊണ്ടുമാത്രം എഴുപതുകളിലെ ആധുനിക സാഹിത്യത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ ഇടം കണ്ട ആളായിരുന്നു മുകുന്ദന്‍. സ്വന്തം പുഴയോരത്തുനിന്ന് തലയില്‍ ആവേശിച്ച ഒരു പഴയ കൊളോണിയല്‍ ഉറക്കച്ചടവിന്റെ സംവേദനക്ഷമമല്ലാത്ത ഭാഷമാത്രമായിരുന്നു ആകെയുള്ള കൈമുതല്‍

ഒപ്പം “ഡെല്‍ഹി ഇന്റലിജയന്റ്സ് കോക്കസിന്റെ അളവറ്റ സൌഹൃദപ്രോത്സാഹനവും” എന്നൂടെ കൂട്ടിച്ചേര്‍ക്കലുണ്ടോ എന്ന് സംശയം.

രാഷ്ട്രീയ നിലപാടുകളില്‍ “നിഷ്പക്ഷത”യുടെ മണലില്‍ തല്പൂഴ്ത്തുന്ന ഒട്ടകപ്പക്ഷികളായി മറ്റുള്ളവര്‍ മാറുമ്പോള്‍ ഒരു മാധവനും, മുകുന്ദനും മാത്രമേ അതിനെക്കുറിച്ച് എന്തെങ്കിലും ഒക്കെ എഴുത്തില്‍ കൊണ്ട് വരുന്നുള്ളൂ എന്നത് വാസ്ഥവമല്ലേ?‍

Unknown said...

മുകുന്ദനെ എഴുതി തള്ളാന്‍ വരട്ടെ മയ്യഴി പുഴയുടെ തീരങ്ങള്‍ എന്നൊരു ഒറ്റ നോവല്‍ മതി മലയാള സാഹിത്യത്തില്‍ മുകുന്ദന്‍ എന്തായിരുന്നു എ ന്നു മനസിലാക്കാന്‍
പ്കഷെ ഇപ്പോ അദേഹത്തിന്റ്റ്റെ എഴുത്തിനു ജരാനരകള്‍ ബാധിച്ചുവോ എന്നു സംശയിക്കാന്‍ വക നല്‍കുന്നു കേശവ്ന്റെ വിലാപങ്ങള്‍ പോലുള്ള
രചനകള്‍

jijijk said...

പലപ്പോഴും തോന്നുന്ന ഒരു കാര്യം ഉണ്ടു: പരാജയപ്പെടുവാന്‍ പാടില്ലാത്ത ഒരു മുകുന്ദന്‍ ഉണ്ടായിരുന്നു മലയാളത്തില്‍ -- കാക്കനാടന്‍. ഭാഷയും ആധുനികതയും പ്രതിഭയും -- പിന്നെ ഏറ്റവും കൂടുതലായി -- സത്യസന്ധതയും അദ്ദേഹത്തിനു ഉണ്ടായിരുന്നു. പക്ഷേ ട്രെന്റ് പിടിക്കാന്‍ പറ്റിയില്ല.
മുകുന്ദനെ കുറിച്ചു അവസാന‌വാചകം പറഞ്ഞിട്ടുള്ളതു ടി ആര്‍ ആണു: “എം മുകുന്ദനെയും പ്രേം നസീറിനെയും പറ്റി എന്തു പറയാന്‍.“
നന്ദി, ചിന്തയെ ജ്വലിപ്പിക്കുന്ന പൊസ്റ്റുകള്‍ക്ക്

jijijk said...

പി എസ്:കഴിഞ്ഞ പോസ്റ്റില്‍ ചെറിയ അവ്യക്തത ഉണ്ടു.
പറയാന്‍ ഉദ്ദേശിച്ചതു മുകുന്ദന്‍ പ്രതീതിയാണെങ്കില്‍ കാക്കനാടന്‍ സത്യമാണു

riyaz ahamed said...

ഈ സെമിനാറുകളും പഴയ കേരള പഠന കോണ്ഗ്രസ്സും മുന്നോട്ടു വെച്ചത് നവ ലിബറല്‍ മൂല്യങ്ങളോട് സമരസപ്പെടുന്ന സാംസ്കാരിക- സാമ്പത്തിക കാഴ്ച്ചപ്പാടുകളാകയാലും മുകുന്ദനു കൌണ്ടര്‍ സ്റ്റേറ്റ്മെന്റ് ആരും നല്‍കാത്തതിനാലും ഇതില്‍ അസ്വാഭാവികമായ ഒന്നും ഇല്ല എന്നാണു ഔദ്യോഗിക നിലപാടു എന്നു കരുതുന്നു.

ഇടതു പക്ഷത്തെ ഹൈജാക്ക് ചെയ്യുകയാണിവര്‍ ചെയ്യുന്നത്.