Tuesday, May 27, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട്

കേരളത്തിൽനിന്നുള്ള ഈ പത്രവാർത്തകളൊക്കെ പ്രേമാനന്ദനും പ്രേമാനന്ദന്റെ "ഭാർതി'യും വായിക്കുന്നുണ്ടാവുമോ എന്തോ.

അമൃതചൈതന്യമാരുടെയും വിഷ്ണുമായമാരുടെയും ലോകം. പൂർവ്വാശ്രമധർമ്മങ്ങളുടെയും പേരുകളുടെയും ബന്ധങ്ങളുടെയും പിരിയൻഗോവണികളിൽനിന്ന് കൗശലപൂർവ്വം ഇറങ്ങിപ്പോന്നവർ. ഇറക്കിവിടപ്പെട്ടവർ. മനോവിഭ്രമത്തിനെയും ഭക്തിയെയും പരസ്പരം തെറ്റിദ്ധരിച്ച്‌ ഉന്മാദികളായ സാധുക്കൾ. പ്രച്ഛന്നവേഷത്തിലും, പക്ഷേ, അവരെ പുതിയ ധർമ്മങ്ങളും പേരുകളും ബന്ധങ്ങളും നിരന്തരം വേട്ടയാടിക്കൊണ്ടേയിരുന്നു.

ഇടക്കൊക്കെ അവർ പഴയ കാലങ്ങൾ ഓർക്കുന്നുണ്ടാവണം. വിട്ടുപോന്ന അമ്മയെയും അച്ഛനെയും കൂടപ്പിറപ്പുകളെയും, സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കാത്ത പിറന്ന നാടിനെയും, പാതിവഴിയിൽ കയ്യൊഴിയേണ്ടിവന്ന സ്നേഹിച്ച പെണ്ണിനെയും, കളഞ്ഞുകുളിച്ചതും കിട്ടാതെപോയതുമായ അവസരങ്ങളെയുമൊക്കെ അവർ ഇടക്കിടക്ക്‌ ഓർക്കുന്നുണ്ടാവണം. അതുകൊണ്ടായിരിക്കണം അവരിൽ പലരും ഉന്മാദികളാകുന്നത്‌. അവരുടെ ചിരിയിലും കരച്ചിലിലും വിദ്വേഷത്തിലും ഹിസ്റ്റീരിയ നിറയുന്നത്‌. നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആഭിചാരങ്ങളാണ്‌ ആ പ്രച്ഛന്നവേഷധാരികൾ ചെയ്യുന്നത്‌.

വണ്ടി ഈറോഡ്‌ വിട്ടാൽ, പിന്നെ അവരുടെ നാടായി. ടി.ടി.ആറിനെയും പോലീസുകാരനെയും ജടകാട്ടി ഭസ്മമെറിഞ്ഞ്‌ വിരൽചൂണ്ടി വിറപ്പിക്കും അവർ. ഗംഗയുടെയും കാവേരിയുടെയും നർമ്മദയുടെയും തീരങ്ങളിലെ വൈരാഗികളായ അനാഥജന്മങ്ങൾ. ചെറിയ മുഷ്ടിയുദ്ധത്തിനെപ്പോലും വലിയ ലഹളകളാക്കാൻ കരുത്തുള്ളവർ. അരാജകത്വത്തിന്റെയും അശാന്തിയുടെയും വെളിച്ചപ്പാടുകൾ.

മണ്ണിലും പെണ്ണിലും മനസ്സിലുമൊക്കെ ഈ അരാജകത്വവും അശാന്തിയുമാണ്‌ അവർ വിതക്കുന്നത്‌. ആശ്രമങ്ങളും അരമനകളും അവയുടെ വിളനിലമാണ്‌. പാഠശാലകളും. അവരുടെ മുന്നില്‍ നമ്മുടെ ആള്‍ദൈവങ്ങള്‍ ഒന്നുമല്ല. നീലച്ചിത്രം പിടിക്കുകയും കണ്‍കെട്ടു നടത്തുകയും ചെയ്യുന്ന അശ്ലീല ജോക്കറുകള്‍.

കാലം തൊണ്ണൂറ്റൊന്നിന്റെ നടുഭാഗം. സൗദിയിലേക്കുള്ള യാത്രക്കു തയ്യാറായി ബോംബയിലെത്തിയ സമയം. പ്രതീക്ഷിച്ചത്ര എളുപ്പത്തിൽ സൗദിയിലേക്കുള്ള യാത്ര തരമാകില്ല എന്നു കണ്ടപ്പോൾ, ചുരുങ്ങിയ വാടകക്ക്‌, കഴിയുമെങ്കിൽ സൗജന്യമായിത്തന്നെ ഒരു താമസസൗകര്യം തരപ്പെടുത്തണമെന്നു തോന്നി. അങ്ങിനെയാണ്‌ ബോംബയിലെ ഗുലാൽവാഡി ഭാഗത്തുള്ള രാഘവാനന്ദമഠത്തിലെത്തുന്നത്‌. പ്രേമാനന്ദനെ അന്വേഷിച്ച്‌. പക്ഷേ പ്രേമാനന്ദനും ഭാർതിയും അന്ന് ഒരു യാത്രയിലായിരുന്നു. അതുകൊണ്ട്‌ കാണാൻ കഴിഞ്ഞില്ല. അവരുമായി പരിചയമാകുന്നതിനുമുൻപ്‌ അവിടെ തങ്ങാൻ മനസ്സനുവദിച്ചതുമില്ല.

അവരെ ചെന്നുകാണാൻ ആവശ്യപ്പെട്ട്‌ കത്തെഴുതിയത്‌ അമ്മാവനായിരുന്നു. അമ്മയുടെ ഏറ്റവും ചെറിയ അനിയൻ. എന്നേക്കാൾ നാലുവയസ്സു മാത്രം മീതെ. പത്താം ക്ലാസ്സ്‌ എന്ന ഉപരിവിദ്യാഭ്യാസത്തിന്റെ കടമ്പയോട്‌ മല്ലിട്ട്‌ തോറ്റ്‌ തൊപ്പിയിട്ട്‌ ഗുജറാത്തിലേക്ക്‌ കടന്നതിൽപ്പിന്നെ നാലോ അഞ്ചോ വർഷങ്ങൾ അമ്മാവനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു.

ഇളയ മകന്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാതെ അമ്മമ്മയും മുത്തച്ഛനും വല്ലാതെ മനസ്സുനൊന്തിരിക്കുമ്പോഴാണ്‌ ഭിക്ഷ മേടിക്കാൻ വരുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള അമ്മാവന്റെ കത്ത്‌, ഒരു നാടോടിയെപ്പോലെ, മേൽവിലാസം എഴുതാതെ, ഗുജറാത്തിൽനിന്നും വരുന്നത്‌. സന്ന്യാസജീവിതം ആരംഭിക്കുന്നതിന്റെ പ്രാരംഭമായിരുന്നു ആ ഭിക്ഷമേടിക്കൽ ചടങ്ങ്‌.

താടിയും മുടിയും നീട്ടിവളർത്തിയ, കൃശഗാത്രനായ ഒരു സന്ന്യാസിയെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളെയൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച്‌, അച്യുതാനന്ദനായി ജ്ഞാനസ്നാനം ചെയ്ത വെള്ളിനേഴിയിലെ പഴയ ഗോപൻ, വിലകൂടിയ സിൽക്കിന്റെ കാവിമുണ്ടും കാവിജുബ്ബയുമിട്ട്‌, കയ്യിൽ വിലകൂടിയ വാച്ചും, ഭംഗിയുള്ളൊരു തോൾസഞ്ചി ചുമലിലും തൂക്കി, മെതിയടികളിൽ പദമളന്ന്, പ്രത്യക്ഷനായി. നീണ്ടുവളർന്ന മിനുസമുള്ള തലമുടി ഭംഗിയായി കെട്ടിവെച്ചിരുന്നു. കഴുത്തിൽ രുദ്രാക്ഷമാലകളുടെ ഒരു മഹാസമ്മേളനം. മനുഷ്യന്റെ നശ്വരതയെയും വേഷപ്പകർച്ചകളെയും നോക്കി കളിയാക്കിച്ചിരിച്ച്‌ നെറ്റിയിലും കയ്യിലും നിറയെ ഭസ്മം.

മകനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലാതെ, നാട്ടിൽ മുത്തച്ചനും അമ്മമ്മയും തീ തിന്നുകഴിയുമ്പോൾ അമ്മാവൻ പുഴുവിൽനിന്ന് ഷഡ്പദത്തിലേക്കുള്ള തപസ്സിലായിരുന്നുവത്രെ. ഗുജറാത്തിന്റെ പശ്ചിമതീരത്തിലുള്ള ദ്വാരകയിലെ സനാതൻ സേവാമണ്ഡലിൽ.

അവിടുത്തെ പ്രധാന സ്വാമിജിയുടെ ആദ്യശിഷ്യനായി ദീക്ഷ സ്വീകരിച്ചതിനുശേഷമായിരുന്നു ഭിക്ഷ മേടിക്കാനുള്ള അമ്മാവന്റെ ആ വരവ്‌. ജീവദാതാക്കളുടെ കയ്യിൽനിന്ന് ഒരുരുള. ഒരു കുടന്ന വെള്ളം. ഭിക്ഷ കിട്ടിയ ജന്മമാണെന്നുള്ള ക്രൂരമായ ഒരു ഓർമ്മപ്പെടുത്തൽ.

ഒന്നുരണ്ടാഴ്ചകൾ ചില ഹോട്ടൽമുറികളിലായി കഴിച്ചുകൂട്ടി. പകലൊക്കെ എവിടെയെങ്കിലും ചുറ്റിക്കറങ്ങും. ചൗപ്പാത്തിയിലും, ഗ്രാന്റ്‌ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിർഭാഗ്യജാതകങ്ങളുടെ സർറിയലിസ്റ്റ്‌ പരിസരങ്ങളിലും, നരിമാൻ പോയന്റിലും, ഫ്ലോറ ഫൗണ്ടനിലും, ധാരാവിയിലുമൊക്കെ. പേടിപ്പെടുത്തുന്ന കാമാഠിപുരയും ചെന്നുകണ്ടു. പിന്നെ, ഒരു ദിവസം, വല്ലാത്ത മടുപ്പ്‌ തോന്നിയപ്പോൾ ദ്വാരകയിലേക്ക്‌ രാത്രിവണ്ടി കയറി. പിറ്റേന്ന് പുലർച്ചക്ക്‌ അവിടെയെത്തി.

സ്കൂളും അനാഥാലയങ്ങളും, വൃദ്ധസദനങ്ങളുമൊക്കെയായി ആശ്രമത്തിന്‌ ധാരാളം സ്വത്തുവകകൾ ഉണ്ടായിരുന്നു. അതിന്റെയൊക്കെ മേൽനോട്ടം അമ്മാവനായിരുന്നു. ഇരുന്നൂറിലധികം കുട്ടികളും, അൻപതിലേറെ അദ്ധ്യാപകരുമുള്ള സ്കൂൾ. ദിവസത്തിൽ മൂന്നുനേരവും അവർക്കും, അഗതികളായെത്തുന്ന നൂറുകണക്കിനാളുകൾക്കും സുഭിക്ഷമായ ശാപ്പാട്‌. കൃഷിയിടങ്ങൾ, തൊഴിൽപരിശീലനകേന്ദ്രങ്ങൾ, അടുത്തും അകലെയുമുള്ള ഗ്രാമങ്ങളിലെ സൗജന്യ നേത്രപരിശോധനാകേന്ദ്രങ്ങൾ, ഗോശാലകൾ, അങ്ങിനെയങ്ങിനെ ആശ്രമം വലിയൊരു സാമ്രാജ്യമായിരുന്നു.

പ്രധാന സ്വാമിജി രണ്ടുമാസമായി വിദേശപര്യടനത്തിലായിരുന്നു. സാധുക്കൾക്കുള്ള വസ്ത്രങ്ങൾ സംഘടിപ്പിക്കാനായി വർഷാവർഷം നടത്താറുള്ള യാത്ര. ഒരു മാസം കഴിഞ്ഞാണ്‌ സ്വാമിജിയെത്തിയത്‌. രണ്ടു കണ്ടൈനർ സാധനങ്ങൾ സ്വാമിയുടെകൂടെ ബോംബെ തുറമുഖത്തെത്തി. അതിൽ വസ്ത്രങ്ങൾക്കുപുറമെ, ടാറ്റായുടെ ഒരു ആംബുലൻസും നിരവധി ഫാക്സ്‌ മെഷീനുകളും, കമ്പ്യൂട്ടറുകളും, ഫോട്ടൊകോപ്പിയറുകളും, ഫോണുകളും എല്ലാമുണ്ടായിരുന്നു. ജാംനഗറിലെ എ.സി.സി കമ്പനിക്കുവേണ്ടി സ്വാമിജി കഷ്ടപ്പെട്ടു സംഘടിപ്പിച്ച സനാതനധർമ്മത്തിന്റെ ഭൗതികസാമഗ്രികൾ. വെറും രണ്ടായിരം രൂപ അടച്ച്‌, തുറമുഖപരിശോധനകളെ സമർത്ഥമായി വെട്ടിച്ച്‌, അവയൊക്കെ സ്വാമിജിയുടെകൂടെ ദ്വാരകയിലെത്തി.

ഉത്തർപ്രദേശുകാരനായിരുന്നു സ്വാമിജി. ആജാനബാഹു. പഴയ ബാസ്ക്കറ്റ്ബാൾ കളിക്കാരൻ. നല്ല ചുറുചുറുക്ക്‌. അതിസുന്ദരികളായ രണ്ട്‌ ഊന്നുവടികൾ സദാസമയവും നിഴൽപോലെ കൂടെ. ആകെയൊരു പന്തിയില്ലായ്മ. തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്തതിന്റെ സ്വാതന്ത്ര്യമുള്ളതുകൊണ്ട്‌ അമ്മാവനോട്‌ എന്തും ചോദിക്കാം. പറയാം. സൂചിപ്പിക്കുകയും ചെയ്തു.

"നമ്മൾ കാണുന്നതുപോലെയല്ല വലിയ സ്വാമിജി സ്ത്രീകളെ കാണുന്നത്‌. ആദ്യം നിന്റെ ഉള്ള്‌ വൃത്തിയാക്ക്‌", അച്ച്യുതാനന്ദനെന്ന പഴയ ഗോപകുമാരന്റെ ഗീതോപദേശം അതിൽ ഒതുങ്ങി. മറുപടിയൊന്നും പറയാൻ പോയില്ല.

മൂപ്പർ പറഞ്ഞത്‌ ശരിയാണെന്ന് ബോദ്ധ്യപ്പെടാൻ ദ്വാരകയിലെ ഒന്നരമാസത്തെയും, ബോംബയിലെ രണ്ടു മാസത്തെയും താമസം കഴിഞ്ഞ്‌, സൗദിയിലെത്തി, പിന്നെയും രണ്ടു മാസം കഴിയേണ്ടിവന്നു. ദ്വാരക മഠാധിപനെ അഴിക്കകത്താക്കിയ വാർത്ത റിയാദ്‌ ടൈംസിൽ മുൻപേജിൽതന്നെ കൊടുത്തിരുന്നു. സ്ത്രീകളെ മാത്രമല്ല, കൗമാരം വിടാത്ത കൊച്ചുപെൺകുട്ടികളെപോലും സ്വാമിജി കണ്ടിരുന്നത്‌, ഞാനും നിങ്ങളുമൊന്നും കാണുന്ന രീതിയിലല്ലായിരുന്നുവെന്ന് മനസ്സിലായി. ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഒന്നിനുപിന്നാലെ ഒന്നായി രണ്ടുപെൺകുട്ടികൾ മരിച്ചപ്പോഴാണ്‌ പുറംലോകം സനാതനസേവയുടെ കാര്യങ്ങൾ അറിഞ്ഞതത്രെ. ആശ്രമത്തിലെ നിരവധി ചെറിയ പേൺകുട്ടികൾക്കും ഏറെക്കുറെ സമാനമായ കഥകൾ സാക്ഷ്യപ്പെടുത്താനുണ്ടായിരുന്നുവെന്നും പിന്നീട്‌ അറിഞ്ഞു.

ആശ്രമത്തിലെ ഒരു രാത്രി ഓർമ്മയിൽ വന്നു.

ആരോ വിങ്ങിവിങ്ങിക്കരയുന്ന ശബ്ദം കേട്ട്‌ ഉറക്കം മുറിഞ്ഞ ഒരു രാത്രി. ഉണർന്നുനോക്കുമ്പോൾ തൊട്ടടുത്ത കിടക്കയിൽ അമ്മാവനില്ല. ജനലിനു തൊട്ടപ്പുറത്ത്‌ സ്കൂളിന്റെ വരാന്തയിൽ കുറച്ചുപേർ കൂടിനിൽക്കുന്നു. അടക്കിപ്പിടിച്ച വർത്തമാനം. ഒരു സ്ത്രീ സങ്കടത്തിന്റെ കെട്ടുകൾ പൊട്ടിക്കുന്നു. ആശ്രമത്തിന്റെ സ്കൂളിലെ അദ്ധ്യാപികയായിരുന്നു അവർ. ചുറ്റുമുള്ളവർ എന്തൊക്കെയോ പറഞ്ഞ്‌ അവരെ ആശ്വസിപ്പിക്കുന്നുണ്ട്‌. മുഖം കനപ്പിച്ച്‌, ഒരു ന്യായാധിപന്റെ മുഖഭാവത്തോടെ അമ്മാവൻ എല്ലാം കേട്ടിരിക്കുന്നു.

മുറിയിൽതന്നെയിരുന്നു. അപരിചിതമായ വായ്‌മൊഴിയുടെ മതിലുകളിലെ വിള്ളലുകളിലൂടെ കാര്യങ്ങൾ ഏതാണ്ടൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു. മുഖ്യസ്വാമിജിയാണ്‌ കഥാപാത്രം.

ഗസ്റ്റ്‌ ഹസിന്റെ പിന്നാമ്പുറത്തേക്കിറങ്ങി ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. അൽപം ദൂരെ മാറി ദ്വാരകാക്ഷേത്രത്തിന്റെ ഇളംചാരനിറമുള്ള വലിയ താഴികക്കുടങ്ങൾ തിളങ്ങിനിന്നിരുന്നു.

സിമന്റുകമ്പനികളുടെയും, സ്വയം തിരഞ്ഞെടുത്ത ബ്രഹ്‌മചര്യത്തിന്റെ വേലിപൊളിച്ചെത്തുന്ന നിഗൂഢമായ തൃഷ്ണകളുടെയും ദാഹശമനത്തിനുവേണ്ടി അവതാരങ്ങളെടുക്കുന്നവരുടെ മുന്നിൽ, ധിക്കാരിയും വിഷയലമ്പടനും, അതിസാമർത്ഥ്യശാലിയും മഹായുദ്ധത്തിന്റെ സൂത്രധാരനുമായ പഴയ ആ യാദവ അവതാരം എത്രയോ നിസ്സാരനും നിർദ്ദോഷിയുമായി തോന്നി.

ഏറെ സമയത്തിനുശേഷമാണ്‌ അമ്മാവൻ വന്നത്‌. മൂപ്പർ ഒന്നും പറഞ്ഞില്ല. ഞാനൊന്നും ചോദിച്ചതുമില്ല.

പ്രേമാനന്ദനും ഭാർതിയും തിരിച്ചുവന്നുവെന്ന് കമ്പി കിട്ടി. തൊട്ടടുത്തൊരു ദിവസം അച്യുതാനന്ദൻ മരുമകനെയും കൂട്ടി ഗുലാൽവാഡിയിലെത്തി.

പ്രേമാനന്ദന്റെയും പ്രേമാനന്ദന്റെ ഭാർതിയുടെയും ആസ്ഥാനം.

തിരക്കുകൊണ്ട്‌ വിങ്ങിപ്പൊട്ടുന്ന ഗുലാൽവാഡിയിലെ കിക്കാ തെരുവിലെ മൂന്നുനിലയുള്ള ആശ്രമത്തിന്റെ വാതിലിൽ ഉഗ്രലഹള. സൗന്ദര്യത്തേക്കാളേറെ മാദകത്വമുള്ള ഒരു ചെറുപ്പക്കാരി ഒരുത്തന്റെ കഴുത്തിനു കുത്തിപ്പിടിച്ച്‌ ഇടക്കിടക്ക്‌ അയാളുടെ കരണത്ത്‌ ഓരോന്ന് പൊട്ടിക്കുകയും മറാത്തിയിലും ഹിന്ദിയിലും ശുദ്ധമായ തെറിയഭിഷേകം നടത്തുന്നുമുണ്ടായിരുന്നു. ആളുകൾ തടിച്ചുകൂടിയിരുന്നു. അതെല്ലാം കണ്ടാസ്വദിച്ച്‌, കാവിമുണ്ടുമാത്രം ധരിച്ച്‌, വിയർത്തൊലിച്ച ഒരു ചെറുപ്പക്കാരൻ സ്വാമിജി, തന്റെ അലസമായ നീണ്ട താടിരോമങ്ങളി‌ല്‍ വിരലിട്ട് പിരിച്ച്, കക്ഷമുഴിഞ്ഞ്, വാതിലിൽ ചാരിനിന്ന് "മാരോ ഭാർതി, മാരോ"എന്ന് ഇടക്കിടക്ക്‌ ആക്രോശിച്ചുകൊണ്ടിരുന്നു.

അമ്മാവനും ഞാനും അകത്തേക്കുകയറി. വാതിൽക്കൽ നിൽക്കുന്ന സ്വാമിജിയുടെ മുഖം പ്രസന്നമായി. അമ്മാവനെ കെട്ടിപ്പിടിച്ചു അയാൾ. പുറത്തെ ലഹള ഒതുങ്ങിയിരുന്നു. ആളുകൾ പിരിഞ്ഞുതുടങ്ങി. മറ്റയാളെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബോംബയിൽ അങ്ങിനെയാണ്‌. നമ്മൾ തുടങ്ങിവെക്കുക മാത്രം ചെയ്താൽ മതി. ആളുകൾ ഏറ്റെടുത്തുകൊള്ളും. ലഹളകൾ പൊതുസ്വത്താണ്‌. ചെറുപ്പക്കാരിയും അകത്തേക്കുവന്നു. പരസ്പരമുള്ള പ്രണാമത്തിന്റെ ഉപചാരങ്ങൾക്കുശേഷം അമ്മാവൻ അവരെ എനിക്ക്‌ പരിചയപ്പെടുത്തി.

"ഇത്‌ പ്രേമാനന്ദൻ"

"ഇത്‌ മാതാജി"

"ഇതെന്റെ മരുമകൻ"

"നമസ്കരിക്കെടാ" എന്ന് അമ്മാവൻ കണ്ണുകള്‍കൊണ്ട് രഹസ്യമായി പറഞ്ഞത്‌ ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു.

ദ്വാരകയിൽവെച്ച്‌ പ്രധാന സ്വാമിജിയെ ആദ്യമായി പരിചയപ്പെടുത്തിയപ്പോഴും അമ്മാവൻ ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. മലയാളത്തില്‍. അന്നും ഞാനത്‌ കേൾക്കാത്ത മട്ടിൽ അഭിനയിച്ച്, സമര്‍ത്ഥമായി രക്ഷപ്പെടുകയാണുണ്ടായത്.


(തുടരും)

14 comments:

Rajeeve Chelanat said...

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട്

കണ്ണൂസ്‌ said...

ചുരുക്കത്തില്‍ ഒരു സ്വാമി രാജീവാനന്ദനെയാണ്‌ ഞങ്ങള്‍ക്ക് ഒരു പൊടിക്ക് നഷ്ടപ്പെട്ടതല്ലേ? :)

(രാജീവിന്റെ ബ്ലോഗില്‍ തമാശ പറയണമെന്ന് ആഗ്രഹം സാധിച്ചു)

Rasheed Chalil said...

:)

ഭൂമിപുത്രി said...

ഇങ്ങിനത്തെ ഫസ്റ്റ് പേസണ്‍ വിവരണങ്ങള്‍ കിട്ടുന്നതു തന്നെ വല്ല്യകാര്യം.
ദൈവനാമത്തില്‍ പിന്നെ എന്തൊക്കെയുണ്ടായി?
കാത്തിരിയ്ക്കുന്നു..

Radheyan said...

ബാക്കി കൂടി കേള്‍ക്കട്ടെ.രസമുണ്ട് സംഭവങ്ങള്‍.പുതുമയും

Pramod.KM said...

തുടരൂ:)

ശ്രീവല്ലഭന്‍. said...

മുഴുവന്‍ പോരട്ടെ :-)

ഗുരുജി said...

തിരിച്ചു കമന്റാനുള്ള ശേമുഷി കുറവായതിനാല്‍ പല പോസ്റ്റുകള്‍ക്കും കമന്റുകള്‍ അയക്കാറില്ല. എന്നാലും ഞാന്‍ ഈ ഒരാളിന്റെ സ്ഥിരം റീഡര്‍ ആണ്‌ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു....സ്വാനുഭവങ്ങള്‍ കേട്ടറിവുകളേക്കാള്‍ സത്യമായിരിക്കുമെന്നതുകൊണ്ടു തന്നെ...

Unknown said...

ജീവിതത്തില്‍ കുറെ വര്‍ഷങ്ങള്‍ അവധൂതനായി അലഞ്ഞുനടന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു എനിക്ക് . മനുഷ്യരുടെ ദു:ഖങ്ങളും ദുരിതങ്ങളും ആയിരുന്നു, എന്റെ വിശപ്പ് മാറ്റാന്‍ അടുത്ത നേരത്തെ ആഹാരം എവിടെ നിന്ന് കിട്ടും എന്നതിനെക്കാളുമുപരി എന്നെ അലട്ടിയിരുന്നത് .

ഒരു “സുകുമാരാനന്ദ”യായി പുനര്‍ജ്ജനിക്കാനും സകലമാന മനുഷ്യരുടെയും ദു:ഖങ്ങള്‍ എന്നിലേക്ക് ആവാഹിക്കാനും തീക്ഷ്ണമായി കൊതിച്ച് ക്ഷേത്രങ്ങള്‍ തോറും അലഞ്ഞു തിരിഞ്ഞ കാലം .

എന്ത് കൊണ്ട് മനുഷ്യര്‍ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും എത്തി ഇങ്ങനെ പ്രാര്‍ത്ഥനാനിരതരായും തൊഴുതും പിറുപിറുത്തും പ്രദക്ഷിണം ചെയ്തും ഉരുണ്ടും ഒക്കെ വഴിപാട് നടത്തുന്നു എന്ന ചിന്ത എന്റെ മന്‍സ്സില്‍ ഉദിച്ചത് ഏതോ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു . അപ്പോള്‍ ഒന്ന് മനസ്സിലായി സ്വന്തം പ്രശ്നങ്ങളാണ് ഓരോരുത്തരെയും അവിടങ്ങളില്‍ എത്തിക്കുന്നത് . വീണ്ടും വീണ്ടും ആലോചിച്ചപ്പോള്‍ മനസ്സിലായി ആര്‍ക്കും പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല . ഒരു പ്രശ്നം തീരുമ്പോള്‍ മനസ്സ് മറ്റൊരു പ്രശ്നം പൊക്കിക്കൊണ്ട് വരുന്നു . അങ്ങനെ ശാന്തി തേടിയുള്ള യാത്ര ജീവതാവസാനം വരെ തുടരുന്നു . ഇങ്ങനെ ഓരോരുത്തരുടെയും മനസ്സ് ആവശ്യത്തിനും അനാവശ്യത്തിനും അവിരാമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കാന്‍ കഴിയുന്ന ഒരു ശക്തിയുണ്ടോ ? അവനവന് പരിഹരിക്കാന്‍ കഴിയുന്നതിനപ്പുറം ആവശ്യങ്ങളില്ലെങ്കില്‍ പ്രശ്നങ്ങളില്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെ ഒരു ശക്തിയെത്തേടി അമ്പലങ്ങളിലും മറ്റും അലയുമോ ? എന്റെ പരിമിതമായ യുക്തിയില്‍ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു . അങ്ങനെ ഒരു ശക്തി ഉണ്ടാവാന്‍ വഴിയില്ല . മാത്രമല്ല മനുഷ്യന്റെ ആവശ്യങ്ങള്‍ ,പ്രശ്നങ്ങള്‍ മ രണം വരെ തീരുകയുമില്ല . അത് മാത്രമല്ല അവനവന്റെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് മാത്രമേ ഓരോരുത്തരും ചിന്തിക്കുന്നുള്ളൂ . അത് പരിഹരിച്ച് കിട്ടാനാണ് ദൈവങ്ങളെ സമീപിക്കുന്നതും. മറ്റുളവരുടെ പ്രശ്നങ്ങള്‍ ആര്‍ക്കും ഒരു പ്രശ്നവുമല്ല . എനിക്കാണെങ്കില്‍ എന്റേതായി ഒരു പ്രശ്നവും അന്നെനിക്കുണ്ടായിരുന്നുമില്ല . (ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ)അപ്പോള്‍ എനിക്കൊരു ദൈവത്തിന്റെ ആവശ്യവും ഇല്ല എന്നെനിക്ക് ബോധ്യമായി . പ്രശ്നങ്ങള്‍ ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണെന്ന് വളരെ പെട്ടെന്ന് മനസ്സിലായതിനാല്‍ ഞാ‍ന്‍ മാന്ത്രികവടി എന്ന മോഹവും സന്ന്യാസിയാകണമെന്ന ചിന്തയും ഉപേക്ഷിച്ച് , ജീവിതത്തിന് എന്തെങ്കിലും അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ കഴിയുമോ എന്ന അന്വേഷണത്തിലായി .

സോറി രാജീവ് , ഒരു കമന്റ് എഴുതുക എന്നേ ഉദ്ധേശിച്ചിരുന്നുള്ളൂ . ആദ്യത്തെ വരി ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തെഴുതണം എന്നൊരു ധാരണയുമില്ലായിരുന്നു . എഴുതി വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയി . ഇത്രയും എഴുതിയ നിലക്ക് ഇത് ഡിലീറ്റ് ചെയ്യാനും തോന്നുന്നില്ല . ആത്മകഥാകഥനപരമായത് കൊണ്ട് തുടരാനും കഴിയുന്നില്ല . ഇത് ഇവിടെ കിടക്കട്ടെ . രാജീവിന്റെ അടുത്ത അദ്ധ്യായത്തിന് വേണ്ടി കാത്തിരിക്കുന്നു .

ഊഷ്മളമായ സ്നേഹാശംസകളോടെ ,

Joker said...

രാജീവ്ജി

ക്ഷേമം നേരുന്നു

സ്വാമികളുടെയും മറ്റു ആള്‍ദൈവങ്ങളുടെയുമെല്ലാം പറ്റിപ്പ് സ്ത്രീപീഠന കഥകള്‍ക്കപ്പുറം കുറേയേറെ സാമൂഹ്യമായ പ്രശ്നങ്ങളും ഇവര്‍ ഉണ്ടാക്കുന്നുണ്ട്.പ്രതിസന്ധികളില്‍ പേടുന്ന മുറക്ക് തന്നെ ദൈവങ്ങളുടെ അടുത്ത് പോയി ബസ്മവും ഏലസ്സും മോതിരവും വാങ്ങിക്കെട്ടി സംത്യപ്തിയടണ്‍ഗുന്ന സമൂഹം.അടിസ്ഥാനപരമായി ക്രിയാത്മകമല്ലാത്ത ഒരു സമൂഹമായി മാറുകയാണ്.പ്രതിസന്ധികളെ നേരിടാന്‍ കെല്പില്ലാത്ത സമൂഹത്തിന് എങ്ങനെയാണ് നിലനില്‍ക്കാനാവുക.

രാജീവ്ജിയുടെ അനുഭകഥകള്‍നന്നായിരിക്കുന്നു തുടരട്ടേ.

പ്രായം ചെല്ലുന്തോറും യുക്തിസഹമായ നമ്മുടേ ചിലതീര്‍പ്പുകള്‍ക്ക് അയവുകള്‍ സംഭവിക്കുന്നുവെന്നും നമ്മള്‍ പോലും അറിയാതെ ചില വിശ്വാസങ്ങളിലേക്ക് വഴുതി വീഴുമെന്നും കേട്ടിട്ടുണ്ട്.മേല്പറഞ്ഞ കംന്റുകളില്‍ ഒന്ന് വായിച്ചപ്പോല്‍ കമന്റിന്റെ ഈ ഭാഗം കണ്ട് അങ്ങനെ തോന്നിപ്പോയി.

(ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ) ഈ വരികള്‍ അതാണോ സൂചിപ്പിക്കുന്നത്.ഏതായാലും ഈ കമന്റില്‍ ആര്‍ഷ്ഭാരത ഹൈന്ദവ സംസ്കാരത്തിന്റെ സ്വാന്തന്ത്യവും മറ്റും പരാമശിക്കാഞത് കഷ്ടമായി.

Rajeeve Chelanat said...

വായനകള്‍ക്ക് നന്ദി. തലനാരിഴക്കാണ് ഭക്തിപ്രസ്ഥാനത്തില്‍നിന്നും രക്ഷപ്പെട്ടത്, 25 കൊല്ലങ്ങള്‍ക്കുമുന്‍പ്.
അഭിവാദ്യങ്ങളോടെ

Unknown said...

എന്റെ കമന്റിലെ (ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ) എന്ന ഭാഗം ജോക്കര്‍ ക്വോട്ട് ചെയ്തത് കൊണ്ട് ഒരു വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു . തര്‍ക്കത്തിനോ വാദപ്രതിവാദത്തിനോ അല്ല .

എന്റെ ജീവിതത്തിന്റെ വിധികര്‍ത്താവ് ഞാന്‍ തന്നെയാണ് . അതായത് എന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഞാന്‍ തന്നെയാണെന്നര്‍ത്ഥം . അങ്ങനെ ഞാന്‍ ജീവിയ്ക്കുമ്പോള്‍ ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ എനിക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും . ആ പ്രശ്നങ്ങളെ മൊത്തത്തില്‍ രണ്ട് തരമായി തിരിക്കാം . ഒന്നാമത്തെത് എനിക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ , രണ്ടാമത്തേത് എനിക്ക് പരിഹരിക്കാന്‍ കഴിയാത്തവ . ഇതില്‍ ഒന്നാമത്തെ ഗണത്തില്‍ പെടുന്നവ ഞാന്‍ പരിഹരിക്കുമല്ലോ . രണ്ടാമത്തെ ഗണത്തില്‍ പെടുന്നത് എനിക്ക് പരിഹരിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത അത്തരം പ്രശ്നങ്ങളെ , പ്രശ്നങ്ങളായി ഞാന്‍ ചുമക്കാറില്ല എന്ന് മാത്രമല്ല അതൊക്കെ പരിഹരിച്ച് കിട്ടാനായി ദൈവങ്ങളെയോ മറ്റ് സിദ്ധ-ദിവ്യാദി ആള്‍ അവതാരങ്ങളെയോ സമീപിക്കാറുമില്ല . ആ അര്‍ത്ഥത്തിലാണ് “ഇന്നും എനിക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും എനിക്കില്ല്ല. അല്ല, ഇനിയങ്ങനെ ഉണ്ടായിട്ടും കാര്യമില്ല്ലല്ലോ” എന്നെഴുതിയത് .

Joker said...

ശ്രീ.സുകുമാരന്‍

താങ്കളുടെ ആത്മവിശ്വാസത്തിന് മുന്നില്‍ ഞാന്‍ നമിക്കുന്നു.മനുഷ്യന്റെ ജീവിതത്തില്‍ ജനനം മുതല്‍ മരണം വരെ പരിഹാരങ്ങള്‍ മാത്രമേ ഉള്ളൂ.വിശപ്പടക്കലും, വസ്ത്രം ധരിക്കലും,ചുമരുകള്‍ക്കകത്ത് കിടന്നുറങ്ങളും ,വിവാഹവും എല്ലാം അന്‍ഗ്ഗനെ അന്‍ഗ്ഗാനെ എല്ലാം പരിഹാരക്രിയകള്‍ ആണ്.മരണം പോലും പ്രക്യതിയുടെ സന്തുലനത്തിന് വേണ്ടിയുള്ള പരിഹാര ക്രിയയാണ്.മനുഷ്യന്റെ ജനനം തന്നെ ഒരു പ്രശ്നം തുടങ്ങുന്നു എന്നു പറയാം.

ഇതില്‍ നമ്മള്‍ എന്ത് ചെയ്തോ എന്ത് ചെയ്തില്ല എന്നതൊന്നും പ്രസക്തമല്ല.കാര്യങ്ങള്‍ അതിന്റെ മുറക്ക് നടക്കും.അതാണ് പ്രക്യതിയുടെ ഒരു സമ്പ്രദായം എന്നാണ് എന്റെ വിശ്വാസം.

Unknown said...

രാജീവേട്ടാ.....,
തുടരുക