Tuesday, July 1, 2008

അഷീഷ്‌ നന്ദിയെ വെറുക്കാന്‍ നരേന്ദ്ര മോഡി ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലെ ബുദ്ധിജീവികളില്‍ പ്രമുഖനാണ്‌ പ്രൊഫസ്സര്‍ അഷീഷ്‌ നന്ദി. കോളണിയനന്തര കാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഉപജ്ഞാതാവെന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്‌ പുതിയൊരു ലേബല്‍ കിട്ടിയിട്ടുണ്ട്‌. ഗുജറാത്ത്‌ പോലീസിന്റെ ഭാഷ്യമനുസരിച്ച്‌, 'വിവിധ ജാതി-മത-ഭാഷാ-ദേശക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു' എന്ന ക്രിമിനല്‍ കുറ്റമാണ്‌ അദ്ദേഹത്തിന്റെമേല്‍ അവര്‍ ചുമത്തിയിരിക്കുന്നത്‌. തന്റെ എഴുത്തിന്‌ ഇത്ര വലിയ ഒരു വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹമോ, അദ്ദേഹത്തിന്റെ നിരവധിയായ ആരാധകരോ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടുണ്ടാകില്ല. പക്ഷേ, ഗുജറാത്തില്‍ എപ്പോഴും കാര്യങ്ങള്‍ അല്‍പ്പം വ്യത്യാസപ്പെട്ടാണല്ലോ സംഭവിക്കാറുള്ളത്‌.

ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍, ജനുവരി 8-ന്‌, പ്രൊഫസ്സര്‍ നന്ദി എഴുതിയ (Blame the Middle Class) എന്ന ലേഖനത്തിനെതിരെ പരാതി കൊടുത്തിരിക്കുന്നത്‌, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ സിവില്‍ ലിബര്‍ട്ടീസിലെ ഒരു അഭിഭാഷകനാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ഈ കൗണ്‍സില്‍ തന്നെയാണ്‌ ഏതോ കള്ളക്കേസില്‍ മേധാ പട്‌ക്കര്‍ക്കെതിരെ ഇതിനുമുന്‍പ്‌ കേസു കൊടുത്തത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടതിനാല്‍, കോടതി അന്നത് തള്ളിക്കളഞ്ഞിരുന്നുവെന്നുകൂടി ഓര്‍ക്കണം.

നരേന്ദ്രമോഡിയെ അധികാരത്തിലേക്ക്‌ വീണ്ടും കൊണ്ടുവന്ന 2007 ഡിംസംബറിലെ ഗുജറാത്ത്‌ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതായിരുന്നു നന്ദിയുടെ പ്രസ്തുത ലേഖനം. മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളിലേക്കാണ്‌ പ്രൊഫസ്സര്‍ അഷീഷ്‌ നന്ദി ആ ലേഖനത്തില്‍ വിരല്‍ചൂണ്ടിയിരുന്നത്‌. ഒന്ന്, 2002-നുശേഷം രണ്ടാംകിട പൗരന്മാരായി കഴിയേണ്ടിവന്ന മുസ്ലിമുകളുടെ അവസ്ഥ. "ഗുജറാത്തിലെ മുസ്ലിമുകള്‍ തങ്ങളുടെ പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്നു. സര്‍ക്കാരില്‍നിന്നും ന്യായമായി കിട്ടേണ്ട നീതിയും നഷ്ടപരിഹാരവും ലഭിക്കാതെ, സ്വന്തം നാട്ടില്‍ രണ്ടാംതരം പൗരന്മാരായി കഴിയേണ്ടിവരുന്ന ഇവര്‍ക്ക്‌ ജാതിസംഘടനകളുടെ ഔദാര്യവും സഹായവുമാണ്‌ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്‌. ഈ സംഘടനകളുടെ സഹായമാകട്ടെ, ചില മുന്നുപാധികളോടെയാണുതാനും. മുസ്ലിമുകള്‍ ഗുജറാത്തി ഭാഷ ഉപേക്ഷിച്ച്‌ ഉറുദു സ്വീകരിക്കുക, പര്‍ദ്ദ ധരിക്കുക, കുട്ടികളെ മദ്രസ്സകളിലേക്ക്‌ അയക്കുക എന്നിവയാണ്‌ അത്‌".

മതനിരപേക്ഷതയെ പിന്തുണക്കുന്ന (ഗുജറാത്തിലെ) രാഷ്ട്രീയസഖ്യങ്ങള്‍ ഇന്ന് ചെന്നെത്തിയിരിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചാണ്‌ ലേഖനം രണ്ടാമത്‌ ചര്‍ച്ച ചെയ്യുന്നത്‌. തന്റെ വിമര്‍ശനത്തില്‍, പ്രൊഫസ്സര്‍ നന്ദി, വ്യക്തികളോടോ, സംഘടനകളോടോ ഒരു ദയാദാക്ഷിണ്യവും കാണിക്കുന്നുമില്ല. അദ്ദേഹം പറയുന്നു:

"സംഘപരിവാറിനെ എതിര്‍ക്കുന്നവരുടെ മതനിരപേക്ഷത, പ്രശ്നപരിഹാരത്തിന്‌ ഒട്ടും അനുയോജ്യമല്ല. മതനിരപേക്ഷരായ അഭിഭാഷകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായം സ്വീകരിക്കുന്നവര്‍പോലും, മതനിരപേക്ഷത എന്ന ആശയത്തെ കേവലം ഒരു ഉപകരണമായി മാത്രം കാണുന്നു. ഇരകള്‍ ഇപ്പോഴും ആശ്വാസം തേടുന്നത്‌ അവരുടെ മതത്തില്‍തന്നെയാണ്‌, ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ വിശ്വാസങ്ങളെ കൂടുതല്‍ മുറുകെപ്പിടിക്കുകയാണ്‌ ചെയ്യുന്നത്‌. മതേതരത്തെസംബന്ധിച്ച വ്യാജസ്ഥലികള്‍, ഒരേസമയം, ഗാന്ധിസത്തിന്റെ നട്ടെല്ല് തകര്‍ക്കുകയും, അധികാരം കയ്യിലില്ലാത്തവരും അശരണരുമായ പാവങ്ങളുടെ ശബ്ദം പുറംലോകത്തിനു കേള്‍പ്പിക്കാനും സൃഷ്ട്യുന്മഖമായ ഇടപെടലിലൂടെ അവരെ ഒരുമിപ്പിക്കാന്‍ തക്കവണ്ണം, അലി ശരിയത്തി*യെയും ഡെസ്‌മണ്ട്‌ ടുട്ടുവിനെയും ദലൈലാമയെപ്പോലെയുമുള്ളവര്‍ രംഗപ്രവേശം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുകയും ചെയ്തു“.

പ്രാദേശികവാദത്തിലും വര്‍ഗ്ഗീയതയിലും കഴുത്തറ്റം ആഴ്‌ന്നുകിടക്കുന്ന സംസ്ഥാനത്തെ നാഗരിക മധ്യവര്‍ഗ്ഗത്തിനെതിരെയുള്ളതായിരുന്നു പ്രൊഫസ്സര്‍ അഷീഷ്‌ നന്ദിയുടെ പ്രധാനവിമര്‍ശനം. ലേഖനം അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌:

"നാഗരിക മധ്യവര്‍ഗ്ഗത്തില്‍നിന്ന് ഗുജറാത്തിനെ മോചിപ്പിക്കുക എന്നത്‌ ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല. വിവിധ കാലങ്ങളില്‍, അക്രമത്തില്‍ സായൂജ്യം കണ്ടിരുന്ന, ബംഗാളി ബാബുമാരെയും മറാത്ത ബ്രാഹ്മണന്മാരെയും കാശ്മീരി മുസ്ലിമുകളെയുംപോലെ, ഗുജറാത്തിലെ നാഗരിക മധ്യവര്‍ഗ്ഗവും, സായുധവും വര്‍ഗ്ഗീയവുമായ ദേശീയതയില്‍, തങ്ങളുടെ പുതിയ സ്വത്വവും ആത്മാഭിമാനവും കണ്ടെത്തിയിരിക്കുന്നു. ഗുജറാത്തില്‍ ഈ വര്‍ഗ്ഗത്തിനെ ചോര മണക്കുന്നുണ്ട്‌. അവര്‍ക്ക്‌ നേരിട്ട്‌ ആരെയും കൊല്ലേണ്ടിവരുന്നില്ല. ആസൂത്രണം ചെയ്യലും ധനസഹായം നല്‍കലും, ഏകോപിപ്പിക്കലും മാത്രമാണ്‌ അവരുടെ പണി. കൊല്ലലൊക്കെ, ഏറ്റവും താഴെയുള്ള, ഗോത്രവര്‍ഗ്ഗക്കാരും ദളിതുകളും ചെയ്തുകൊള്ളും. വെറുപ്പിന്റെ നിര്‍മ്മാണശാലകളായ വിദ്യാഭ്യാസത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്‌ ഈ മധ്യവര്‍ഗ്ഗമാണ്‌. അവര്‍ക്ക്‌ അതിനുള്ള സഹായം കിട്ടുന്നതാകട്ടെ, ദേശീയതയും രക്തദാഹവും നിരുത്തരവാദിത്ത്വവുമൊക്കെ സൗകര്യം പോലെ ഉപയോഗിക്കാന്‍വിധത്തില്‍ ഇന്ത്യയില്‍നിന്നും ബഹുദൂരം അകലെയിരിക്കുന്ന വിദേശ ഇന്ത്യക്കാരില്‍നിന്നും".

പ്രൊഫസ്സര്‍ നന്ദിയുടെ നിരീക്ഷണങ്ങളുമായി യോജിക്കുകയോ വിയോജിക്കുകയോ ആകാം. പക്ഷേ ആ നിരീക്ഷണങ്ങളിലെവിടെയും വാചാടോപമൊന്നുമില്ലെന്നും മുന്‍പിലുള്ള വെല്ലുവിളികളെ വേര്‍തിരിച്ചറിയാനുള്ള ശ്രമമായിരുന്നു അതെന്നും ഏതൊരു വിവേകിയായ വായനക്കാരനും മനസ്സിലാകാവുന്നതേയുള്ളു. എന്തുകൊണ്ടാണ്‌ ഈയൊരു ലേഖനത്തോട്‌ സംസ്ഥാനസര്‍ക്കാര്‍ ഇത്ര അസഹിഷ്ണുത കാണിച്ചതെന്നും, കൗണ്‍സിലിന്റെ പെറ്റീഷന്‍ കിട്ടിയ ഉടന്‍ ക്രിമിനല്‍ കേസു ചുമത്താന്‍ സര്‍ക്കാര്‍ പോലീസിന്‌ പച്ചക്കൊടി നല്‍കിയതെന്നുമുള്ള ചോദ്യം സ്വാഭാവികമായി ഉയരുന്നു.

പൊതുവായി പറഞ്ഞാല്‍, തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെ എല്ലാവിധത്തിലും തേജോവധം ചെയ്യുക എന്നത്‌, ഹിന്ദു ബ്രിഗേഡുകള്‍ എല്ലാക്കാലവും തുടര്‍ന്നുവരുന്ന ഒരു രീതിയാണ്‌. ഈ സംഭവവും അതിനുള്ള ദൃഷ്ടാന്തമാണ്‌. വിമര്‍ശകരെ നിശ്ശബ്ദരാക്കിക്കൊണ്ട്‌, പൂര്‍ണ്ണമായും ഹൈന്ദവമായ പഴയകാലം എന്ന സങ്കല്‍പ്പത്തിനുവേണ്ടി പൊരുതുക എന്ന രാഷ്ട്രീയമാണ്‌ യഥാര്‍ത്ഥത്തില്‍ ഇവിടെ അരങ്ങേറുന്നത്‌.

തങ്ങള്‍ നടപ്പാക്കുന്ന വെറുപ്പിന്റെയും പുറംതള്ളലിന്റെയും അജണ്ടകള്‍ അനുസരിക്കാത്തവരെ ഇത്തരത്തില്‍ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ഗുജറാത്തിന്റെ കഴിഞ്ഞ ആറുവര്‍ഷത്തെ ചരിത്രമെടുത്തുനോക്കിയാല്‍ നമുക്ക്‌ കാണാന്‍ കഴിയും. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും, സാമൂഹ്യപ്രവര്‍ത്തകയായ നഫീസാ അലിയും, ജി.എന്‍.ഡെവിയുമൊക്കെ ഇത്തരത്തില്‍, പല കാലങ്ങളിലായി വേട്ടയാടപ്പെട്ടവരാണ്‌.

പ്രൊഫസ്സര്‍ നന്ദിയുടെ കാര്യത്തിലാണെങ്കില്‍, ആര്‍.എസ്സ്‌.എസ്സ്‌ എന്ന സംഘടനയുടെ ഭാവിയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പ്രവചനങ്ങളുടെ രീതി അവര്‍ക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

"വാലി ഗുജറാത്തിയുടെ കബറിടം നശിപ്പിച്ച സംഭവം, ഇന്ത്യയുടെ ഏറ്റവും സാംസ്കാരികസമ്പന്നവും, വൈവിദ്ധ്യവും, ഗ്രാമ്യവുമായ ഇസ്ലാമിക പാരമ്പര്യത്തെയാണ്‌ ഭീഷണിപ്പെടുത്തിയത്‌. സിക്ക്‌ ഭീകരതക്ക്‌ മനോഹരമായി വളം വെച്ചുകൊടുത്ത രാജീവ്‌ ഗാന്ധിയുടെയും കൂട്ടാളികളുടെയും ചെയ്തികളെ എപ്രകാരമാണോ നമ്മുടെ തലമുറ ഓര്‍ക്കുന്നത്‌, അതേ കൃതജ്ഞതയോടെയാകും, തീവ്ര ഇസ്ലാമിന്റെ വളര്‍ച്ചക്ക്‌ കാരണമായ സംഘപരിവാറിനെയും ഭാവിതലമുറ ചരിത്രത്തില്‍ ഓര്‍മ്മിക്കുക.

പ്രൊഫസ്സര്‍ അഷീഷ്‌ നന്ദിക്കെതിരെ കൊണ്ടുവന്നിരിക്കുന്ന ക്രിമിനല്‍ കേസ്‌, 1998-ല്‍ കേന്ദ്രഭരണകാലത്ത് ബി.ജെ.പി നടത്തിയ സമാനമായ മറ്റു ചില വേട്ടയാടലുകളെയാണ്‌ ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്‌. കേന്ദ്രത്തില്‍ അധികാരത്തിലേറുകയും പാഠ്യപദ്ധതിയില്‍ തങ്ങള്‍ക്കനുകൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ അവര്‍ അമിതാവേശം കാണിക്കുകയും ചെയ്ത അവസരത്തില്‍, ആര്‍.എസ്സ്‌.എസ്സിന്റെ ചരിത്രവീക്ഷണവുമായി വിയോജിപ്പ്‌ രേഖപ്പെടുത്തിയ അക്കാഡമിക-ബുദ്ധിജീവികളെ വിവിധ കാരണങ്ങള്‍ നിരത്തി അവര്‍ പരക്കെ ആക്രമിക്കുകയുണ്ടായി. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച്‌ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങളുമായി ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ച പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും ആസൂത്രിതമായിട്ടാണ്‌ ബി.ജെ.പി. നേരിട്ടത്‌. ദില്ലി സര്‍വ്വകലാശാലയിലെ സുമിത്‌ സര്‍ക്കാരിന്റെയും ജെ.എന്‍.യു.വിലെ കെ.എന്‍.പണിക്കരുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്ര-ഗവേഷണ കൗണ്‍സില്‍ നടത്തിയിരുന്ന "സ്വാതന്ത്ര്യത്തിലേക്ക് " (Towards Freedom) പഠനപദ്ധതി NCERT നിര്‍ത്തിവെപ്പിച്ചു. പാഠ്യപദ്ധതിയില്‍, 'ഹിന്ദു-വിരുദ്ധ യൂറോപ്പ്യന്‍ ഇന്ത്യക്കാരുടെ' സ്വാധീനം (ആര്‍.എസ്സ്‌.എസ്സ്‌ പ്രമുഖന്‍ കെ.എസ്‌.സുദര്‍ശന്റെ പ്രയോഗമായിരുന്നു അത്‌) നുള്ളിക്കളയുക എന്നതായിരുന്നു, ഇതിനുശേഷം എന്‍.സി.ഇ.ആര്‍.ടി ഏറ്റെടുത്ത അടുത്ത ദൗത്യം. ഏതെങ്കിലുമൊക്കെ സാമുദായികവിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുമെന്ന കാരണങ്ങള്‍ പറഞ്ഞ്‌, സ്കൂള്‍ പാഠ്യപദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ NCERT 2001-ല്‍ ശ്രമമാരംഭിച്ച സമയത്തായിരുന്നു, ലോകപ്രശസ്ത ചരിത്രകാരി റൊമീളാ ഥാപ്പറിനെയും, ദില്ലി സര്‍വ്വകലാശാലയിലെ ആര്‍.എസ്‌.ശര്‍മ്മയെയും, NCERT-യിലെത്തന്നെ അര്‍ജ്ജുന്‍ ദേവിനെയും ഉടനടി അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌, അന്നത്തെ മനുഷ്യവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷിയെ ആര്യ സമാജത്തിന്റെ ഒരു പ്രതിനിധിസംഘം സന്ദര്‍ശിച്ചത്‌. ജോഷിയാകട്ടെ, ഒരുപടികൂടി കടന്ന്, ആയുധധാരികളായ തീവ്രവാദികളേക്കാള്‍ അപകടകാരികളാണ്‌ ‘അക്കാഡമിക്‌ തീവ്രവാദികളെ‘ന്ന തന്റെ പ്രിയപ്പെട്ട ആശയം പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കാറുമുണ്ടായിരുന്നു.


കൌണ്ടര്‍കറന്റ്സില്‍ Subhash Gatade എഴുതിയ ലേഖനത്തിന്റെ പരിഭാഷ

* ഡോ. അലി ശരിയത്തി - 1977 ജൂണില്‍ കൊല്ലപ്പെട്ട പ്രമുഖ ഇറാനിയന്‍ പണ്ഡിതനും സോഷ്യോ-ആക്റ്റിവിസ്റ്റും.

9 comments:

Rajeeve Chelanat said...

അഷീഷ് നന്ദിയെ വെറുക്കാന്‍ നരേന്ദ്രമോഡി ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്?

Anonymous said...

ഏക്കേജീ പണ്ട് ഗുജറാത്തില്‍ ഒരു വലിയ സമരത്തില്‍ ഇടപ്പെട്ടിരുന്നോ? അന്ന് ചെറുപ്പാക്കാര്‍ മുഴുവന്‍ മുന്‍ നിരയില്‍ വന്നിരുന്നോ? ആ ചെറുപ്പക്കാര്‍ ആണോ ഇന്നത്തെ ഗുജറാ‍ത്ത് പൌരന്മാര്‍? ഇടത് ബംഗാള്‍-കേരളം-ത്രിപുരയില്‍ ചുരുങ്ങിയോ? ഇന്ന് കടന്നു ചെല്ലാന്‍ ഇടതു നേതാക്കള്‍ക്ക് പേടിയാണോ? അറ്റ്ലീസ്റ്റ് ഇരകളുടെ ഇടയിലേക്കെങ്കിലും?
(അനോണി ഓപ്ക്ഷനു നന്ദി.)

മൂര്‍ത്തി said...

തുടരുക...

പാമരന്‍ said...

"ഇരകള്‍ ഇപ്പോഴും ആശ്വാസം തേടുന്നത്‌ അവരുടെ മതത്തില്‍തന്നെയാണ്‌, ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ വിശ്വാസങ്ങളെ കൂടുതല്‍ മുറുകെപ്പിടിക്കുകയാണ്‌ ചെയ്യുന്നത്‌." തിരിച്ചറിയപ്പെടേണ്ട യാഥാര്‍ത്ഥ്യം.

സുജനിക said...

എല്ലാരും മതം ആശ്വാസവും രക്ഷയും ആയി കാണുന്നു.രാഷ്ട്രീയം മ്ലേഛവും.ഇതു മതവാദികള്‍ക്കു കരുത്തു തന്നെ.

Anivar said...

'വിവിധ ജാതി-മത-ഭാഷാ-ദേശക്കാര്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു' എന്ന ആശിഷ് നന്ദിയുടെ പേരിലുള്ള ക്രിമിനല്‍ കുറ്റത്തോട് ചേര്‍ത്തുവെക്കാവുന്ന ചിലതുകൂടി

1. കഴിഞ്ഞ ദിവസം ഹസന്‍ മന്‍സൂര്‍ എന്ന ബാംഗ്ലൂരിലെ പിയുസിഎല്‍ പ്രവര്‍ത്തകന്‍ ഇത്തരത്തില്‍ തന്നെ അദ്ദേഹത്തിനെതിരെയുള്ള ഒരു കേസിനെപ്പറ്റി പറയുകയുണ്ടായി. ഗോള്‍വാര്‍ക്കറിന്റെ ശതാബ്ദിയോ മറ്റോ ആഘോഷിക്കുന്നതിനിടെ ബിജെപ്പിക്കാരുടെ പോസ്റ്ററുകളിലെല്ലാം അംബേദ്കറുടെയും ഭഗത്‌സിംഗിന്റെയുമൊക്കെ ഫോട്ടോ വച്ചതിനെതിരെ ഒരു ദളിത് സംഘടനയുടെ പ്രതിഷേധയോഗത്തിലെ പ്രസംഗത്തിനു ബാക്കിയായി വന്നത് ഇത്തരമൊരു കേസ്. നിരവധി ബ്രാന്‍ഡിങ്ങ് ശ്രമങ്ങളാണ് ഹസന്‍ മന്‍സൂറിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

2. ഇത്ത്രത്തില്‍ മറ്റൊരു തമാശ കേട്ടത് ബംഗാളില്‍ നിന്നും . ടോര്‍ച്ചറിനെക്കുറിച്ചുള്ള പീപ്പിള്‍സ് ട്രിബ്യൂണല്‍ കീര്‍ത്തി റോയിയും മറ്റും ചേര്‍ന്ന് സംഘടിപ്പിക്കുകയാണ്. നീതിന്യായ വ്യവസ്ഥയെ അനുകരിക്കുന്നുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഇതിനെ തടസ്സപ്പെടുത്തുന്നു. സിംഗൂരും നന്ദിഗ്രാമും അക്രമങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കാനായി..

Anonymous said...

Please visit http://gujaratriots.com/ to know the truth about Gujarat riots. there is always a reason for an action. why no body worried about the hindus killed in Gujrat?. i never see a article by any Ashish about the Hindus in kashmir, i never seen any communists worried about the hindus killed in Marad.The only mistake Modi done is that he didnt follow the minority appeasement policies of the Secular parties.

ramachandran said...

"സ്വന്തം നാട്ടില്‍ രണ്ടാംതരം പൗരന്മാരായി കഴിയേണ്ടിവരുന്ന ഇവര്‍ക്ക്‌ ജാതിസംഘടനകളുടെ ഔദാര്യവും സഹായവുമാണ്‌ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്‌. ഈ സംഘടനകളുടെ സഹായമാകട്ടെ, ചില മുന്നുപാധികളോടെയാണുതാനും. മുസ്ലിമുകള്‍ ഗുജറാത്തി ഭാഷ ഉപേക്ഷിച്ച്‌ ഉറുദു സ്വീകരിക്കുക, പര്‍ദ്ദ ധരിക്കുക, കുട്ടികളെ മദ്രസ്സകളിലേക്ക്‌ അയക്കുക എന്നിവയാണ്‌ അത്‌".

നാം എങ്ങോട്ട്?

Anonymous said...
This comment has been removed by a blog administrator.