Saturday, November 17, 2007

*നന്ദിഗ്രാമിലെ ഭൂമിസമരം നല്‍കുന്ന പാഠം - 2

പക്ഷേ സംഭവത്തിന്‌ പ്രാധാന്യം കൈവന്നപ്പോള്‍ മറ്റു പത്രങ്ങള്‍ക്ക്‌ നന്ദിഗ്രാമിലെ പ്രശ്നത്തെ ശ്രദ്ധിക്കാതിരിക്കാനോ, സി.പി.എമ്മിനെ അനുകൂലിക്കാനോ സാധിക്കാതെ വന്നു. പാര്‍ട്ടിയുടെ അടുത്ത ബന്ധുക്കള്‍പോലും അവരെ കയ്യൊഴിഞ്ഞു. ഇത്‌ ചെന്നെത്തിയത്‌, മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലേക്കും, ആരോപണത്തെ വഴിമാറ്റുന്നതിലേക്കുമായിരുന്നു. മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും നന്ദിഗ്രാം സന്ദര്‍ശിക്കുന്നത്‌ പാര്‍ട്ടി വിലക്കി. കേന്ദ്ര റിസര്‍വ്വ്‌ പോലീസിന്റെ വരവിനുശേഷം ഏറ്റവും ആദ്യം നന്ദിഗ്രാം സന്ദര്‍ശിച്ചത്‌ ആരായിരുന്നുവെന്നാണ്‌ കരുതുന്നത്‌? ലാല്‍ കൃഷ്ണ അദ്വാനിയും അദ്ദേഹത്തിന്റെ ഹിന്ദുത്വവാദികളുമായിരുന്നു അത്‌.

ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയെ തീവ്രഹിന്ദുത്വ നിലപാടുകളുള്ള ഒരു നേതാവ്‌ പ്രശംസാവചനങ്ങള്‍കൊണ്ടു മൂടുക എന്നത്‌ വളരെ അപൂര്‍വ്വമാണ്‌. മദ്രസകള്‍ക്കെതിരെ ബുദ്ധദേവ്‌ നടത്തിയ പരാമര്‍ശത്തെയും, ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ബുദ്ധദേവ്‌ നടത്തിയ ശ്രമങ്ങളെയും, പണ്ട്‌, കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍, അദ്വാനി വാനോളം പുകഴ്ത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌, ബംഗാളിലെ പാര്‍ട്ടിയെ നയിക്കുന്നത്‌ ഭദ്രലോകരും അവരുടെ രാഷ്ട്രീയവീക്ഷണവുമാണ്‌. ബംഗാളിലെ മദ്ധ്യവര്‍ഗ്ഗം വര്‍ഗ്ഗീയവത്ക്കരിക്കപ്പെട്ടിട്ട്‌ വളരെ കാലങ്ങളായിരിക്കുന്നു. ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളില്‍വരെ ഇത്‌ പ്രകടവുമാണ്‌.

നന്ദിഗ്രാമിന്റെ പ്രശ്നം കുറെക്കൂടി വിപുലമായ ഒന്നാണ്‌. എന്തുകൊണ്ടാണ്‌ ആ സ്ഥലംതന്നെ തിരഞ്ഞെടുത്തത്‌? ദളിതുകളുടെയും മുസ്ലിമുകളുടെയും ഒരു വലിയ സാന്നിദ്ധ്യം അവിടെയുള്ളതുകൊണ്ടാണോ?, ബംഗാളില്‍ ഇതുവരെയും, ദളിതുകളുടെ പ്രശ്നങ്ങള്‍ക്ക്‌ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണ കിട്ടിയിട്ടില്ല. ഇനി മുസ്ലിമുകളുടെ കാര്യമെടുക്കുക. പശ്ചിമ ബംഗാള്‍ എന്ന ഒരേയൊരു സംസ്ഥാനത്തുമാത്രമാണ്‌, മിഡ്നാപൂരിലും ജലാംഗീറിലും ഉണ്ടായവിധത്തില്‍, മുസ്ലിം സമൂഹത്തില്‍ പട്ടിണിമരണങ്ങള്‍ സംഭവിച്ചിട്ടുള്ളത്‌. ഇത്‌ പ്രതിരോധിക്കപ്പെടാതെ പോകുമെന്ന്, സി.പി.എമ്മിലെ ഭൂരിപക്ഷം വരുന്ന ഭദ്രലോക വര്‍ഗ്ഗം വ്യാമോഹിച്ചു. പക്ഷേ, ആ ധാരണ അസ്ഥാനത്താണെന്ന് തെളിയിക്കുകയാണ്‌ നന്ദിഗ്രാം ചെയ്തത്‌. ഭൂമിക്കുവേണ്ടിയുള്ള അവകാശ സമരങ്ങള്‍ രാജ്യമൊട്ടാകെ ശക്തമാക്കുന്നതില്‍, നന്ദിഗ്രാമിലെയും, സിംഗൂരിലെയും ജനങ്ങള്‍ നിസ്തുലമായ പങ്കാണ്‌ വഹിച്ചത്‌. തുടക്കത്തില്‍ ചില പ്രക്ഷോഭങ്ങളൊക്കെ ഉണ്ടാക്കുമെങ്കിലും, ജനങ്ങള്‍ കാലക്രമത്തില്‍ എല്ലാം മറക്കുമെന്ന്, ജനങ്ങളുടെ രക്തമൂറ്റുന്ന സര്‍ക്കാരുകളും, സ്ഥാപനങ്ങളും കരുതുന്നുണ്ടെങ്കില്‍, ആ വിശ്വാസത്തെയും തകിടം മറിച്ചിരിക്കുകയാണ്‌ നന്ദിഗ്രാം. തങ്ങളുടെ ഭൂമിയും, അവകാശങ്ങളും സംരക്ഷിക്കാന്‍ അവര്‍ നടത്തുന്ന ഈ സമരം ചരിത്രത്തില്‍ എഴുതപ്പെടുകതന്നെ ചെയ്യും.

സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖല മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുമോ ഇല്ലേ എന്നതല്ല പ്രധാനപ്പെട്ട കാര്യം. എന്തുകൊണ്ടാണ്‌, സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു പ്രശ്നത്തില്‍, ഇടതുശക്തികള്‍ നിശ്ശബ്ദരായി ഇരിക്കുന്നത്‌ എന്നതാണ്‌. ഭൂമി തിരിച്ചുപിടിക്കാനും, എതിരാളികളെ വകവരുത്താനും എന്തുകൊണ്ട്‌ സര്‍ക്കാര്‍ തങ്ങളുടെ പാര്‍ട്ടിയെ അനുവദിക്കുന്നു? തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ പിടിച്ചെടുത്ത ഭൂമി മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ പറയുന്നത്‌. ഒരു പുനരാലോചന ഉദ്ദേശിച്ചല്ല ആ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്‌ എന്നതുകൊണ്ടുതന്നെ, ഈ രാഷ്ട്രീയ പ്രസ്താവനയില്‍ അത്ര വലിയ കാര്യമില്ലെന്നാണ്‌ തോന്നുന്നത്‌. പക്ഷേ, അദ്ദേഹം പറഞ്ഞ ഏറ്റവും വലിയ വിഡ്ഢിത്തം, മാവോയിസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌. സിംഗൂരിലും, നന്ദിഗ്രാമിലും ചില പുരോഗമന ശക്തികള്‍ പുന:സ്സംഘടിക്കുന്നുണ്ടെന്ന കാര്യം ഇത്രകാലവും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു. മമതയെയും കൂട്ടരെയുമല്ല, ഈ ശക്തികളെയാണ്‌ അദ്ദേഹം എതിര്‍ക്കുന്നതെന്നും തോന്നും, ആ പ്രസ്താവനകള്‍ കണ്ടാല്‍. സി.പി.എമ്മിനെപ്പോലെതന്നെ മദ്ധ്യവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്നതും, നിശ്ശബ്ദരുമായ, സംസ്ഥാനത്തെ പ്രതിപക്ഷത്തെ ഇത്രയുംകാലം സി.പി.എം ശ്രദ്ധിച്ചിട്ടില്ല. ഇടതുശക്തികളുടെ പുന;സ്സംഘടനയാണ്‌ അവരെ മുഖ്യമായും അലട്ടുന്ന കാര്യം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള നക്സലൈറ്റുകളാണ്‌ ഈ പ്രക്ഷോഭത്തിന്റെ പിന്നിലെന്ന്, ഡല്‍ഹിയിലിരുന്ന് അദ്ദേഹം നടത്തിയ പ്രസ്താവന അതുകൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ചുവപ്പന്‍ ഇടനാഴികള്‍ രാജ്യത്ത്‌ വര്‍ദ്ധിച്ചുവരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവുതന്നെ വെളിപ്പെടുത്തിയത്‌ കാരാട്ടിനു അറിവുണ്ടാകാതിരിക്കാന്‍ ഇടയില്ലല്ലോ.

വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കല്‍ ജനങ്ങളുടെ എതിര്‍പ്പ്‌ വിളിച്ചുവരുത്തും എന്നു തന്നെയാണ്‌ നന്ദിഗ്രാം പോലെയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്‌. ആന്ധ്രയിലെ ഖമ്മത്തായാലും, ഒറീസ്സയില്‍ കലിംഗനഗറിലായാലും, ഭൂമിക്കു വേണ്ടിയുള്ള ആളുകളുടെ അവകാശ സമരങ്ങളെ നക്സലൈറ്റ്‌ പ്രവര്‍ത്തനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി ചിത്രീകരിക്കുന്നത്‌ ശരിയായിരിക്കുകയില്ല. ഡാര്‍ജിലീംഗ്‌ മലനിരകളിലെ നക്സലൈറ്റ്‌ പ്രക്ഷോഭത്തെയും, പണ്ട്‌ പാര്‍ട്ടി, ഇന്ന് നന്ദിഗ്രാമില്‍ ചെയ്യുന്നതുപോലെ അടിച്ചമര്‍ത്തിയത്‌, യാദൃശ്ചികമൊന്നുമല്ല. ഇവ തമ്മിലുള്ള വ്യത്യാസം, അന്നത്തെ ആ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത്‌ പോലീസായിരുന്നുവെങ്കില്‍, ഇന്ന് ആ സ്ഥാനത്ത്‌ പോലീസ്‌ മൂകസാക്ഷികളായി മാറിനില്‍ക്കുന്നു എന്നതുമാത്രമാണ്‌. ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌ സി.പി.എമ്മിന്റെ പാര്‍ട്ടി അണികളാണ്‌. ഛട്ടീസ്ഘഡിലും, ഗുജറാത്തിലും, ദളിതുകളെയും, ഗോത്രവര്‍ഗ്ഗക്കാരേയും ഹിന്ദുത്വവാദികള്‍ അടിച്ചമര്‍ത്തിയതും ഏറെക്കുറെ ഇതേ മട്ടിലായിരുന്നു.

നന്ദിഗ്രാമിനെ ഗോധ്ര സംഭവുമായി താരതമ്യം ചെയ്യരുതെന്നും കാരാട്ട്‌ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നു(1) പക്ഷെ കൊല്ലുന്നവരും, കൊല്ലപ്പെടുന്നവരും ഒരേ വര്‍ഗ്ഗ സമൂഹങ്ങളായിരിക്കുന്നിടത്തോളം കാലം, ഈ രണ്ടു സംഭവങ്ങളെയും ജനങ്ങള്‍ക്ക്‌ താരതമ്യം ചെയ്യേണ്ടിവരും. ഗുജറാത്തില്‍, സമൂഹത്തിലെ മേലേക്കിടയിലുള്ള ഹിന്ദുക്കള്‍ മുസ്ലിമുകളെ കശാപ്പുചെയ്യുകയാണുണ്ടായത്‌. ഡെല്‍ഹിയില്‍ സിക്കുകളെ കൊന്നപ്പോഴും സംഭവിച്ചത്‌ ഇതുതന്നെയാണ്‌. നന്ദിഗ്രാമിലും, ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍, മുസ്ലീമുകളും, ദളിതരുമാണ്‌. ബുദ്ധദേവിനെ ഒരു പുതിയ ഹിന്ദു അവതാരമായി അവതരിപ്പിക്കാന്‍ വൈമുഖ്യമുള്ളവരാണ്‌, നന്ദിഗ്രാമില്‍ കൊല്ലപ്പെടുന്നവരൊക്കെ 'ദരിദ്രായ'വരാണെന്ന് എഴുതിപ്പിടിപ്പിക്കുന്നത്‌(2). എങ്കിലും, ഇന്ന് നമുക്ക്‌ ലഭ്യമായ എല്ലാ സൂചനകളും വിരല്‍ചൂണ്ടുന്നത്‌, ഭൂമി മാഫിയകള്‍ വഴി പാവങ്ങളെയും, മദ്രസ്സ-ബംഗ്ലാദേശ്‌ അഭയാര്‍ത്ഥി വിഷയങ്ങള്‍ വഴി മുസ്ലീമുകളെയും ഒരു പോലെ ലക്ഷ്യവേധിയാക്കുന്ന മൃദു-ഹിന്ദുത്വമാണ്‌ സി.പി.എമ്മിന്റെ പൊതുവായ അജണ്ട എന്നു തന്നെയാണ്‌.

നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ ശ്രമിച്ചാല്‍ വെടിയുണ്ടകളാവും ലഭിക്കുക എന്ന കര്‍ശനമായ താക്കീതുമായി രംഗത്തുവന്നിരിക്കുന്ന സാമ്രാജ്യത്വ ദല്ലാളുകളായ കോര്‍പ്പറേഷനുകള്‍ക്കും, അവരുടെ നവ-ഉദാരീകരണ, സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കുമെതിരെ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെ നയിക്കുക എന്ന ചരിത്രദൗത്യമാണ്‌ സി.പി.എം നന്ദിഗ്രാം സംഭവത്തിലൂടെ കളഞ്ഞുകുളിച്ചിരിക്കുന്നത്‌. മിശിഹകള്‍ക്കുവേണ്ടി തങ്ങള്‍ ഇനിയും കാത്തിരിക്കില്ലെന്നും, ചൂഷണത്തിനും, അടിച്ചമര്‍ത്തലിനുമെതിരെ തങ്ങള്‍ സംഘടിക്കുകയും, അവസാന ശ്വാസംവരെ പൊരുതുമെന്നുമുള്ള സന്ദേശമാണ്‌ നന്ദിഗ്രാം നമുക്ക്‌ നല്‍കുന്നത്‌. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള യുദ്ധമാണ്‌ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്‌.



*വിദ്യാഭൂഷണ്‍ റാവത്ത്‌ എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം.

(1) കാരാട്ടിന്റെ ആ വാദം ഒരു പരിധിവരെ ശരിയാണെന്ന് (പരിഭാഷകന്‍)കരുതുന്നു. രണ്ടിനെയും സമീകരിച്ചുകാണാനുള്ള പ്രവണത, പലപ്പോഴും, അപകടകരമായ നിഗമനങ്ങളിലേക്ക്‌ നയിക്കാന്‍ ഇടവരുത്തും. നന്ദിഗ്രാമിനേക്കാളും വലിയ, ഭീഷണമായ, മാനദണ്ഡങ്ങള്‍ ഉള്ള ഒന്നാണ്‌ ഗുജറാത്തിലേത്‌.

(2) ദരിദ്രര്‍ തന്നെയാണ്‌. പക്ഷേ, ദളിതരും, മുസ്ലീമുകളുമാണെന്നു മാത്രം (ലേഖകന്‍ അതായിരിക്കണം ആ ഭാഗത്ത്‌ ഉദ്ദേശിച്ചിട്ടുണ്ടാവുക).

5 comments:

Rajeeve Chelanat said...

നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ ശ്രമിച്ചാല്‍ വെടിയുണ്ടകളാവും ലഭിക്കുക എന്ന കര്‍ശനമായ താക്കീതുമായി രംഗത്തുവന്നിരിക്കുന്ന സാമ്രാജ്യത്വ ദല്ലാളുകളായ കോര്‍പ്പറേഷനുകള്‍ക്കും, അവരുടെ നവ-ഉദാരീകരണ, സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കുമെതിരെ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെ നയിക്കുക എന്ന ചരിത്രദൗത്യമാണ്‌ സി.പി.എം നന്ദിഗ്രാം സംഭവത്തിലൂടെ കളഞ്ഞുകുളിച്ചിരിക്കുന്നത്‌. മിശിഹകള്‍ക്കുവേണ്ടി തങ്ങള്‍ ഇനിയും കാത്തിരിക്കില്ലെന്നും, ചൂഷണത്തിനും, അടിച്ചമര്‍ത്തലിനുമെതിരെ തങ്ങള്‍ സംഘടിക്കുകയും, അവസാന ശ്വാസംവരെ പൊരുതുമെന്നുമുള്ള സന്ദേശമാണ്‌ നന്ദിഗ്രാം നമുക്ക്‌ നല്‍കുന്നത്‌. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള യുദ്ധമാണ്‌ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്‌.

ഭൂമിപുത്രി said...

ഗൌരവമുള്ള് ഈ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി രാജീവ്

Unknown said...

വായനക്കാര്‍ക്ക് നിഷ്പക്ഷവും വസ്തു നിഷ്ടവുമായ ഒരു ധാരണ ലഭിക്കാ‍ന്‍ ഈ ലേഖനം ഉപകരിക്കുന്നു . പ്രചണ്ഡമായ പ്രചരണകോലാഹങ്ങളുടെ ചാരം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് പരമാര്‍ത്ഥങ്ങളുടെ കനല്‍ എപ്പോഴും . യാഥാര്‍ത്ഥ്യം ചികഞ്ഞെടുക്കാന്‍ ഉപകരിക്കുമാറ് ഇങ്ങിനെയും ചിലര്‍ എഴുതുന്നു എന്നത് ആശ്വാസം തന്നെ ..

മൂര്‍ത്തി said...

പ്രിയ രാജീവ്,

നന്ദിഗ്രാമില്‍ നടന്ന പല കാര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാരിനു തെറ്റു പറ്റിയിട്ടുണ്ട് എന്നതിലും തര്‍ക്കമില്ല. പക്ഷെ പൊതുജനാഭിപ്രായവും മറ്റും കണക്കിലെടുത്ത് ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു പദ്ധതി അവിടെ കൊണ്ടുവരില്ല എന്നു ബുദ്ധദേവ് ആവര്‍ത്തിച്ചു പറഞ്ഞിട്ടും (ഫെബ്രുവരി മാസത്തില്‍ തന്നെ)പിന്നെ ഇത്രയും കാലം എന്തിനായിരുന്നു നന്ദിഗ്രാമത്തിലേക്കുള്ള ഉപരോധം? എന്തു കൊണ്ട് ഇത്രയേറെ കുടുംബങ്ങള്‍ 10 മാസത്തോളം ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു? മുപ്പതോളം സിപി‌എം പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടില്ലേ , പഞ്ചാത്ത് പ്രസിഡന്റ് ശങ്കര്‍ സാമന്ത് ഉള്‍പ്പെടെ. ലിങ്ക് നോക്കുക

എന്തേ ഒരു പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഇക്കാലയളവില്‍ (മാര്‍ച്-ഒക്ടോബര്‍) നന്ദിഗ്രാം സന്ദര്‍ശിക്കാത്തത്?( അവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത്?). കഴിഞ്ഞ പോസ്റ്റില കമന്റില്‍ പറഞ്ഞതുപോലെ ഈ ആറുമാസവും ശ്രീ റാവത്തുള്‍പ്പെടെയുള്ളവര്‍ ഒരു വരിയെഴുതിയിട്ടില്ല നന്ദിഗ്രാമിനെക്കുറിച്ച്. എന്താണതിന് കാരണം? ഈ ചോദ്യങ്ങള്‍ക്കുത്തരം താങ്കളുടെ പിന്‍‌‌കൂര്‍ ജാമ്യത്തില്‍ ( :) ) ഉണ്ടെന്നു തോന്നുന്നു. കേരളവും ബംഗാളും തമ്മിലുള്ള വ്യത്യാസം ന്യൂനപക്ഷങ്ങള്‍ ഇടതു പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സമ്പൂര്‍ണ പിന്തുണയാണ് (മാള്‍ഡയും ഒറ്റപ്പെട്ട ചില പോക്കറ്റുകളും ഇല്ലെന്നല്ല)..അതെ ഒരു മുസ്ലീം വിരുദ്ധ-ദളിത് വിരുദ്ധ ലേബല്‍ ആ നെറ്റിയില്‍ പതിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി..

സി.പി.എം എമ്മെല്ലേമാരും എം.പി.മാരും ഉള്‍പ്പെട്ട ഒരു ഡെലിഗേഷന്‍ നവംബര്‍ 9ന് ബംഗാള്‍ ഗവര്‍ണ്ണരെ കാണുകയും നന്ദിഗ്രാമില്‍ നടന്ന സംഭവങ്ങളുടെ ഒരു നാള്‍വഴി വിവരണം നല്‍കുകയും ചെയ്തു.

ആ മെമ്മൊറാ‍ണ്ടത്തിന്റെ മുഴുവന്‍ രൂപം ഇവിടെ

അത് മുഴുവന്‍ വിശ്വസിക്കണമെന്നൊന്നും പറയുന്നില്ല. പക്ഷെ, എല്ലാ മാധ്യമങ്ങളും സി.പി.എമ്മിനെതിരെ ഇറങ്ങിയിരിക്കെ, ഇങ്ങനെ ചിലതും നടക്കുന്നുണ്ട് എന്നും അതിലും സത്യമുണ്ട് എന്നത് കാണാതിരിക്കുന്നത് ശരിയല്ലല്ലോ. അതില്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുകളഞ്ഞുള്ള അനാലിസിസുകളാണ് പൊതുവെ മാധ്യമങ്ങളില്‍ നിറയുന്നത്. താങ്കളും ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു.

അദ്വാനി ബുദ്ധദേവിനെ പ്രശംസിക്കുന്നതൊക്കെ ഒരു തരം തന്ത്രമായേ തോന്നുന്നുള്ളൂ.. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി പ്രശംസിച്ച് ആളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ടല്ലോ.

“സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖല മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുമോ ഇല്ലേ എന്നതല്ല പ്രധാനപ്പെട്ട കാര്യം. എന്തുകൊണ്ടാണ്‌, സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു പ്രശ്നത്തില്‍, ഇടതുശക്തികള്‍ നിശ്ശബ്ദരായി ഇരിക്കുന്നത്‌ എന്നതാണ്‌“

സാമ്പത്തിക മേഖല കൊണ്ടുപോകുന്നതും മറ്റും പ്രശ്നമല്ലെങ്കില്‍ റാവത്തും സുഹൃത്തും എന്താണാവോ ഉദ്ദേശിച്ചത്? എനിക്ക് മനസ്സിലായില്ല എന്നു മാത്രം പറയട്ടെ

ഭൂമി തിരിച്ചുപിടിക്കാനും, എതിരാളികളെ വകവരുത്താനും എന്തുകൊണ്ട്‌ സര്‍ക്കാര്‍ തങ്ങളുടെ പാര്‍ട്ടിയെ അനുവദിക്കുന്നു?

ഇതില്‍ ഭൂമി തിരിച്ചുപിടിക്കലും വക വരുത്തലും ഒരുമിച്ച് ചേര്‍ക്കുന്നത് തന്നെ ഒരു തരം തന്ത്രമല്ലേ? സ്വന്തം ഭൂമിയില്‍ നിന്ന് ഓടിക്കപ്പെട്ടവന്‍ തിരിച്ചു വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരെ ന്യായീകരിക്കാന്‍ ആര്‍ക്കും ആവില്ല. അപ്പോള്‍ ചെയ്യാവുന്ന ഒരു തന്ത്രം കൊലപാതകം പോലെയുള്ള മറ്റു ചിലത് കൂട്ടിക്കെട്ടി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുകയും എന്നിട്ട് മൊത്തത്തില്‍ എതിര്‍ക്കുകയുമാണ്. തങ്ങളുടെ പൊള്ളത്തരം സമര്‍ത്ഥമായി മറച്ചുവെക്കാനുള്ള ഒരു ശ്രമം. അതിന്റെ ഉത്തമ ഉദാഹരണമാണിത്. അതുപോലെ ദുര്‍ഗാപൂജയുടെ വര്‍ഗീയവല്‍ക്കരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമ്മുടെ ഓണത്തിനും ചേരുമെന്നു തോന്നുന്നു.

ഇതുപോലെ പലതും കൂട്ടിക്കെട്ടി എഴുതുന്നത് നന്ദിഗ്രാമില്‍ നടന്ന ദുഃഖകരമായ സംഭവങ്ങളെ മറ്റു പല പഴികളും സി.പി.എമ്മിന്റെ മുകളിലിടാനുള്ള അവസരമായി പലരും ഉപയോഗിക്കുന്നു എന്ന രീതിയിലേ കാണേണ്ടതുള്ളൂ.

Rajeeve Chelanat said...

മൂര്‍ത്തീ,

1. കെമിക്കല്‍ ഹബ്ബ് കൊണ്ടുവരില്ലെന്ന് (നന്ദിഗ്രാമില്‍)സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഹാല്‍ഡിയ വികസന അതോറിറ്റി അതിനെക്കുറിച്ച് ഇതുവരെ ഒന്നും തീര്‍ച്ച പറഞ്ഞിട്ടില്ല. കിട്ടിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, എം.പിയുടെയും, പാര്‍ട്ടിയുടെയും ശ്രമം ഇക്കാര്യത്തില്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നുതന്നെയാണ്. കെമിക്കല്‍ ഹബ്ബു മാത്രമല്ല, പോര്‍ട്ടും, മറ്റു വ്യവസായങ്ങളും അവിടെ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നു.

2. കഴിഞ്ഞ ആറു മാസമായി ഇതിനെക്കുറിച്ചൊന്നും ആരും എഴുതിയിരുന്നില്ല എന്നത് ശരിയല്ല. ജൂണ്‍ മാസത്തില്‍ സത്യ സാഗര്‍ എഴുതിയതടക്കം പല ലേഖനങ്ങളും ഇതേക്കുറിച്ച് വന്നിട്ടുണ്ട്.

3. സി.പി.എമ്മുകാര്‍ക്ക് മാത്രമല്ല,മറുഭാഗത്തുള്ളവര്‍ക്കും ഭൂമി ഒഴിഞ്ഞുപോകേണ്ടിവന്നിട്ടുണ്ട്. കാണാതായവരും, ബലാത്സംഗം ചെയ്യപ്പെട്ടവരുമായി മറ്റൊരു കൂട്ടം ആളുകളും ഉണ്ട്. ഇതിനെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്നലെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ഇതിനു ബലമേകുന്നതാണ്. (ലിങ്കുകള്‍ കൊടുക്കുന്ന സൂത്രം അറിയില്ല. ക്ഷമിക്കുക).

4. നന്ദിഗ്രാമിലെ സംഭവങ്ങളുടെ നാള്‍വഴി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സത്യസാഗറിന്റെ മുന്‍‌പറഞ്ഞ ലേഖനത്തിലും അത്തരത്തിലൊരു നാള്‍വഴി രേഖപ്പെടഉത്തിയിട്ടുള്ളറത് ശ്രദ്ധിക്കുമല്ലൊ.

5. റാവത്തിന്റെ ലേഖനത്തിന്റെ ആ ഭാഗത്തില്‍ പറഞ്ഞിട്ടുള്ളത്, നന്ദിഗ്രാമിന്റെ പ്രശ്നത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നതിനെക്കുറിച്ചാണ്. സാമ്പത്തികമേഖലയെക്കുറിച്ചല്ല. (താങ്കള്‍ സൂചിപ്പിച്ചത് ശരിയാണ്. അല്‍പ്പം അവ്യക്തതയുണ്ട് അവിടെയവിടെയായി ആ ലേഖനത്തില്‍. ഒരു ഭാഗത്ത് ഞാനത് വിശദീകരിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. പിന്‍‌കൂര്‍ ജാമ്യമല്ല)

6. ഏറ്റവും പ്രധാനമായി ഞാന്‍ കണക്കാക്കുന്നത്, എനിക്കു ലഭിചിട്ടുള്ള വ്യക്തിപരമായ ചില വിവരങ്ങളാണ്. സി.പി.ഐ.എമ്മില്‍ (കല്‍ക്കത്തയില്‍)പ്രവര്‍ത്തിക്കുന്ന, വര്‍ഷങ്ങളായി എനിക്കു നേരിട്ടറിയാവുന്ന ചില സഖാക്കള്‍ നല്‍കിയ ചില കാര്യങ്ങള്‍. കാര്യങ്ങള്‍ അത്രക്കു സുഖകരമല്ല എന്ന സൂചനയാണ് അവ നല്‍കുന്നത്.

7. വ്യക്തിപരമായിതന്നെ വീണ്ടും പറയട്ടെ. സി.പി.എമ്മിനെ (ബുദ്ധദേവിനെയല്ല) വിശ്വസിക്കണമെന്നുണ്ട് എനിക്ക്. പക്ഷേ, സാധിക്കുന്നില്ല. ക്ഷമിക്കുക.