Wednesday, October 13, 2010

ചിലവാകാത്ത ചിലവുകള്‍

യു.എ.ഇ.യിലെ അന്യരാജ്യ തൊഴിലാളികൾക്കുവേണ്ടി സർക്കാർ വർഷത്തിൽ 50 ബില്ല്യൺ ദിർഹം ചിലവഴിക്കുന്നു എന്ന്‌ വാർത്ത. സായദ് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക്ക് റിസർച്ച് സ്ഥാപനത്തിന്റേതാണ്‌ വെളിപ്പെടുത്തൽ. കണക്കുകളും അവതരിപ്പിക്കുന്നുണ്ട് വാർത്തയിൽ. അടിസ്ഥാനസൌകര്യങ്ങൾക്കും, സാമൂഹ്യസുരക്ഷക്കും, വൈദ്യുതി ഇളവുകളും എല്ലാമടക്കം, ഒരു തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന14,066 ദിർഹത്തിൽനിന്ന്‌ ഫീസിനത്തിലും മറ്റും തൊഴിലാളികൾ സർക്കാരിലേക്ക് അടക്കുന്ന 2507 ദിർഹം തട്ടിക്കിഴിച്ചാൽ, ഒരു അന്യരാജ്യ തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന ശരാശരി പണം 11,559 ദിർഹം.

വിദഗ്ദ്ധ തൊഴിലാളികൾക്കും അവിദഗദ്ധ തൊഴിലാളികൾക്കും വേണ്ടി ചിലവഴിക്കുന്നതിന്റെ കണക്കുകളുമുണ്ട് വാർത്തയിൽ.

സർക്കാരും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പതിവായി നടത്തുന്ന പഠനങ്ങളുടെ ഭാഗമായി മാത്രം കണ്ടാൽ മതിയായിരുന്നു ഇത്തരം നിർദ്ദോഷമായ സ്റ്റാറ്റിസ്റ്റുകളെ. എങ്കിലും ഇത്തരം റിപ്പോർട്ടുകൾ ഒരു ഏകപക്ഷീയസ്വഭാവം കാണിക്കുന്നുണ്ട് എന്നുവേണം പറയാൻ. സത്യത്തിൽ നിന്ന് അകലെയുമാണ്‌ ഇത്തരം കണക്കുകൾ എന്ന്‌ സാമാന്യമായ അനുഭവം സാക്ഷ്യം നല്കുകയും ചെയ്യും.

സർക്കാരിൽനിന്ന് തൊഴിലാളികൾക്കു കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും സർക്കാരിനു തിരിച്ചു കിട്ടുന്നില്ലേ, ഇതേ തൊഴിലാളികളിൽനിന്ന്? അതിനെ ഏതു മാനദണ്ഡം അനുസരിച്ചായിരിക്കും വിലയിരുത്തുക? അല്ലെങ്കിൽ വിലയിരുത്തേണ്ടത്? 11,559 ദിർഹമിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ യു.എ.ഇ.യിലെ എത്ര ശതമാനം അന്യരാജ്യ തൊഴിലാളികൾക്കു സാധിക്കുന്നുണ്ട്.

ഇവിടെ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം അന്യരാജ്യ തൊഴിലാളികൾക്കു കിട്ടുന്ന ശമ്പളവും സൌകര്യങ്ങളും കണക്കാക്കുമ്പോൾ 11,559 ദിർഹത്തിന്റെ “സോഷ്യൽ കോസ്റ്റ്‘ എന്നത് അസാമാന്യ ഫലിതമാകാനാണ്‌ സാധ്യത. ഒരു ശരാശരി അവിദഗ്ദ്ധ തൊഴിലാളിയുടെ ഒരു കൊല്ലത്തെ മൊത്തം ശമ്പളത്തിനു തുല്ല്യമോ അതിനേക്കാളധികമോ ആയിരിക്കും ഈ തുക (സർക്കാരിന്റെ സാമൂഹ്യ ചിലവും പൗരന്റെ ശമ്പളവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് സ്ഥിതിവിവര ശാസ്ത്രജ്ഞരുടെ കണ്ണിൽ വിവരക്കേടായിരിക്കുമെങ്കിലും).

ഡാറ്റയിൽ സൂചിപ്പിച്ച എല്ലാ സൌകര്യങ്ങളും അന്യരാജ്യതൊഴിലാളികൾക്ക് സൌജന്യമായോ, ഇളവുവ്യവസ്ഥയിലോ കിട്ടുന്നു എന്ന തോന്നലാണ്‌ ഈ റിപ്പോർട്ട് ഉളവാക്കുക. എന്നാൽ വാസ്തവം അതാണോ?

ഇവിടെ ലഭിക്കുന്ന സൌകര്യങ്ങൾക്കൊക്കെ ആനുപാതികമായതോ, ചിലപ്പോഴൊക്കെ ഉയർന്നതോ ആയ വിലയും കൊടുക്കേണ്ടിവരുന്നുണ്ട് ഏതൊരു സാധാരണക്കാരനും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് വാർത്തയിൽ സൂചിപ്പിച്ച ആ 80 ശതമാനം തൊഴിലാളിവർഗ്ഗതിനു തന്നെയാണുതാനും. ഊർജ്ജരംഗത്ത് കിട്ടുന്നതായി സൂചിപ്പിച്ച സബ്സിഡികൾ സർക്കാർ കണക്കുകൂട്ടുന്നത് എങ്ങിനെയാണെന്നറിയില്ല. എങ്കിലും, അനുഭവത്തിൽ, കഴിഞ്ഞ ചില വർഷങ്ങളായി അത് ഉയരുകതന്നെയാണ്‌. ഷാർജയുടെ കാര്യമാകട്ടെ പറയാനുമില്ല. തുടർച്ചയായ പവർകട്ടുകളും, അന്യായമായ ഉപഭോഗനിരക്കുകളും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു. ദുബായിലെയും അബുദാബിയിലെയും സ്ഥിതിയും മറിച്ചല്ല. അടിസ്ഥാനസൌകര്യങ്ങൾ വികസിക്കുന്നുണ്ട് എന്നു സമ്മതിക്കുമ്പോൾ തന്നെ, അതിനെല്ലാം വിലയും കൊടുക്കേണ്ടിവരുന്നുണ്ട്, അന്യരാജ്യതൊഴിലാളികളടക്കമുള്ള പൊതുജനങ്ങൾക്ക്.

ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളുടെ കാര്യത്തിലും നില മെച്ചമല്ല. ആരോഗ്യ ഇൻഷുറൻസിന്റെ സൌജന്യം ലഭിക്കുന്നത് വളരെ കുറച്ചു ശതമാനത്തിനു മാത്രമാണ്‌. അബുദാബിയിലൊഴിച്ച്‌ മറ്റൊരു എമിറേറ്റ്സിലും തൊഴിലാളികൾക്കുവേണ്ടിയുള്ള ഇൻഷുറൻസ് പരിരക്ഷ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കിയിട്ടില്ല. വിദ്യാഭ്യാസമാകട്ടെ, ഏറ്റവുമധികം കച്ചവട സാധ്യതയുള്ള രംഗമായി മാറിയിരിക്കുന്നു. ആ മേഖലയിലെ ഏകാധിപതികളുടെ താത്പര്യത്തിനനുസരിച്ച് തുള്ളുകയാണ്‌ വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളുടെയും പാഠ്യരീതികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ വർഷാവർഷം വർദ്ധിച്ചുവരുന്ന സ്കൂൾ ഫീസുകളും, അദ്ധ്യാപികാദ്ധ്യാപകർക്കു ലഭിക്കുന്ന ഏറ്റവും ശോച്യമായ ശമ്പളനിരക്കുകളുമൊക്കെ ആ മേഖലയെ സാരമായി ബാധിക്കുന്നുമുണ്ട്.

സാമൂഹ്യ ചിലവുകൾ കണക്കാക്കുമ്പോൾ, അതിന്റെ ഗുണഭോക്താക്കൾ യഥാർത്ഥത്തിൽ ആരൊക്കെയാണെന്നും, ഗുണഫലങ്ങൾ എത്തേണ്ടിടത്ത് എത്തുന്നുണ്ടോയെന്നും, സാധാരണക്കാരായ പ്രവാസികളുടെ ചിലവിലാണോ ഈ ചിലവുകൾ നടപ്പാക്കുന്നതെന്നും കൂടി സർക്കാർ കണക്കെടുക്കേണ്ടതാണ്‌.

യു.എ.ഇ.യിലെ തദ്ദേശീയരുടെയും അന്യരാജ്യക്കാരുടെയ്ഉം തൊഴിൽ പ്രാതിനിധ്യത്തിന്റെ കണക്കുകളും വാർത്തയിലുണ്ട്. 31 ശതമാനം തദ്ദേശീയർ തൊഴിലില്ലാതവരാണെന്ന അസ്വാസ്ഥ്യമുണ്ടാക്കുന്ന കണ്ടെത്തലുകൾ സാമൂഹ്യ ചിലവുകളെക്കുറിച്ചുള്ള സർക്കാരിന്റെ അടിയന്തിരമായ പുനർവിചിന്തനം ആവശ്യപ്പെടുകയും ചെയ്യുന്നു.

Thursday, October 7, 2010

കൊമ്പുള്ള ജീവികൾ

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ മധുരച്ചൂരൽ എന്ന പംക്തിയിൽ ഡോ.എം.മുരളീധരൻ എഴുതിയ കുറിപ്പ്, കേരളത്തിലെ ചികിത്സാ രംഗത്തെക്കുറിച്ച് നിത്യവും വിചിത്രവും അവിശ്വസനീയവുമായ വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരിൽ പറയത്തക്ക ക്ഷോഭവും ഞെട്ടലുമൊന്നും ഉണ്ടാക്കാൻ ഇടയില്ല.ഡോ.രാംഗോപാൽ എന്നൊരു പുഴുക്കുത്തിനെ ഈ കുറിപ്പിൽ നമുക്ക് പരിചയപ്പെടാനാകും. ലേഖകൻ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജിലെ ട്യൂട്ടർ-MCH വിദ്യാർത്ഥിയായിരുന്നു രാംഗോപാൽ. എല്ലാ പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസ്സാകുന്ന ഒരു ജീവി.

തലയിൽ വളരുന്ന കൊമ്പുമായി ആശുപതിയിലെത്തിയ നിസ്സഹായനായ ഒരു മനുഷ്യനെ തന്റെ മൂന്നാംവർഷ വൈദ്യവിദ്യാർത്ഥികൾക്ക് സ്പെസിമനായി കൊണ്ടുനിർത്തി പരിശോധിപ്പിക്കുന്ന ഇയാൾ, എല്ലാ പരിശോധനകൾക്കും തൊട്ടുകൂട്ടലിനും നിന്നുകൊടുത്ത് ഒടുവിൽ ക്ഷമകെട്ട് തന്റെ രോഗവിവരം അന്വേഷിക്കുന്ന ആ പാവപ്പെട്ട രോഗിയോട്, ഇത് നിന്റെ തലവിധിയാണെന്നു കരുതിയാൽ മതി എന്ന് പരിഹസിച്ച് ചിരിക്കുന്നു. രോഗിയോടുള്ള രാംഗോപാലന്റെ മറുപടി അന്ന് ആസ്വാദ്യമായി തോന്നിയെങ്കിലും ഇന്ന്, വർഷങ്ങൾക്കുശേഷം അതിലെ ക്രൂരഫലിതം തന്റെ ഉള്ളുപൊള്ളിക്കുന്നതായി ഡോ.മുരളീധരൻ തിരിച്ചറിയുന്നു.

രാംഗോപാൽ എന്ന മനുഷ്യൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കാം. കേരളത്തിലോ, മറ്റേതെങ്കിലും സംസ്ഥാനത്തോ, ഇന്ത്യക്കുപുറത്തോ എവിടെയെങ്കിലും. ഇന്നും രോഗികളെ തന്റെ സ്പെസിമൻ മാത്രമായി കണ്ട്, പരിഹസിച്ച്, ചികിത്സിച്ച് കൊന്നും, കൊല്ലാതെ കൊന്നും, ആഡംബരപൂർണ്ണമായി ജീവിതം തള്ളിനീക്കി, റൊട്ടേറിയനോ, ലയണോ ആയി വിരാജിക്കുന്നുണ്ടായിരിക്കാം. ഒരു അദ്ധ്യാപകൻ എന്തായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി ഇന്ന് ഒരു പഴയ വിദ്യാർത്ഥി അയാളെ ഓർക്കുന്നുണ്ട് എന്നു മാത്രമേ നമുക്കറിയൂ.

രാംഗോപാലുമാരെപ്പോലുള്ള പുഴുക്കുത്തുകളെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്‌. മറ്റെന്തൊക്കെയോ ആകേണ്ടിയിരുന്നവരും, ആകാൻ മോഹിക്കുന്നവരുമായ കുട്ടികളെ, സ്വന്തം അഹന്തയുടെയും അന്തസ്സിന്റെയും പൂർത്തീകരണത്തിനായി നിർബന്ധപൂർവ്വം മറ്റു വഴികളിലേക്ക് ഉന്തിതള്ളിനീക്കുന്ന രക്ഷകർത്താക്കളും, അവരുടെ സ്വാർത്ഥതകൾക്ക് സീമാതീതമായ അവിശുദ്ധസാധ്യതകൾ ഒരുക്കൂട്ടിക്കൊടുക്കുന്ന സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും, ജനങ്ങളുടെ ആരോഗ്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്ത്വത്തെ ഏറ്റവും അപ്രധാനമായ പരിഗണനാവിഷയമാക്കി പിന്നാമ്പുറത്തേക്കു മാറ്റിവെക്കുന്ന സർക്കാരുകളും, ഇവക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം പോലും നഷ്ടപ്പെട്ട നമ്മളും എല്ലാം ഇതിൽ കൂട്ടുപ്രതികളാണ്‌. ഇത്തരം അവിശുദ്ധമുന്നണിയുടെ സൃഷ്ടികളാണ്‌ രാംഗോപാലിനെപ്പോലുള്ള അർബ്ബുദങ്ങൾ.