Saturday, November 2, 2013

വേട്ടയാടിയ സ്വപ്നങ്ങള്‍

കനത്ത സുരക്ഷാ സം‌വിധാനത്തിനകത്ത് താമസിക്കേണ്ടിവരുന്നതിന്റെയും ഓഫീസ് വളപ്പിനകത്തേക്കും പുറത്തേക്കും കടക്കുമ്പോഴുള്ള കര്‍ക്കശമായ പരിശോധനകളുടെയും എപ്പോള്‍ ചോദിച്ചാലും ഹാജരാക്കേണ്ടുന്ന തിരിച്ചറിയല്‍ രേഖകള്‍ മറക്കാതെ ഓരോതവണയും കൈവശം കൊണ്ടുനടക്കേണ്ടതിന്റെയും ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍.. ബസ്രയില്‍ വന്നതിനുശേഷം പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

പക്ഷേ ഇവിടെ വന്നതിനുശേഷം അനുഭവപ്പെടാന്‍ തുടങ്ങിയ മറ്റൊരു വലിയ ബുദ്ധിമുട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളാണത്. സ്വപ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്‌ ഓരോ രാത്രിയും. ദിവസവും നാലും അഞ്ചും സ്വപ്നങ്ങള്‍.. അധികവും മരിച്ചവരും രോഗബാധിതരുമായ ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചുള്ളവ. സീരിയലൈസ് ചെയ്തതുപോലെയുള്ള മറ്റു ചില സ്വപ്നങ്ങള്‍.... എവിടേക്കൊക്കെയോ പുറപ്പെട്ടുപോകുന്ന വേണ്ടപ്പെട്ടവര്‍., കാണാതായിപ്പോയവര്‍, അവരെ അന്വേഷിച്ചു നടക്കുന്നവര്‍. അങ്ങിനെയങ്ങിനെ വിചിത്രമായ സ്വപ്നപരമ്പരകള്‍.. ചിലതില്‍ അപരിചിതരായിരുന്നു കഥാപാത്രങ്ങള്‍. ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവര്‍.. ഉണര്‍ന്നുകഴിഞ്ഞാലും അതില്‍ പല മുഖങ്ങളും ഓര്‍മ്മയില്‍ സജീവമായി നില്‍ക്കാറുണ്ടായിരുന്നു. സ്വപ്നത്തിലെ സംഭവങ്ങളെയും ഉണര്‍‌വ്വില്‍ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ വിചിത്രമായി തോന്നിയെങ്കിലും പിന്നെപ്പിന്നെ രാത്രി ഉറങ്ങാന്‍ തന്നെ മടിയായി. പേടിയും.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അപരിചിതരുടെയും വേഷം ധരിച്ച്, സ്വപ്നത്തില്‍ വന്ന ആ ആളുകള്‍ ശരിക്കും ആരായിരുന്നിരിക്കണം?. ഈ ബസ്രയിലെ മണ്ണില്‍, ഞങ്ങളുടെ ക്യാമ്പ് ഇരിക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നിരിക്കണം ഒരുപക്ഷേ അവര്‍.. അങ്ങിനെ കരുതാനാണ്‌ എനിക്കിഷ്ടം. യുദ്ധത്തിലും ബോംബിങ്ങിലും കൊല്ലപ്പെട്ടവര്‍., കാണാതായവര്‍, പലായനം ചെയ്തവര്‍.., വേര്‍പിരിഞ്ഞവര്‍, മരുന്നും ആഹാരവുമില്ലാതെ മരിച്ചവര്‍., മരിക്കാതെ മരിച്ചവര്‍, അവരാണ്‌ രാത്രി എന്നെ തേടി വന്നിരുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ഒരുവനെ പേടിപ്പിക്കണ്ട എന്നു കരുതിയാവണം ചിലപ്പോള്‍ അവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ രൂപത്തില്‍ വേഷം മാറി വരുന്നത്.

അത്രയധികം കുരുതികള്‍ നടന്ന മണ്ണാണിത്. ഇന്നു നമ്മള്‍ കാണുന്ന മണ്ണായ മണ്ണിലൊക്കെ ഇതുപോലെ നിരവധി കുരുതികള്‍ നടന്നിട്ടുണ്ട്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വംശവെറിയുടെയും ഇരകളായി നിരപരാധികളായ ലക്ഷോപലക്ഷം മനുഷ്യാത്മാക്കള്‍ അവിടെയൊക്കെ അമര്‍ന്നുകിടക്കുന്നുമുണ്ടായിരിക്കാം. പക്ഷേ, കാരുണ്യം പോലെ സ്വന്തം കാല്‍ക്കീഴില്‍ ഉറഞ്ഞുകൂടിയ ഒരു ദ്രാവകത്തിനുവേണ്ടിയുള്ള വിലപേശലില്‍ പെട്ട്കൂട്ടക്കുരുതി അനുഭവിക്കേണ്ടിവന്ന ഒരു ജനത, ഇവിടെ മാത്രമേയുണ്ടാവുകയുള്ളു. ഈ മണ്ണില്‍....

ചോദിക്കാനും പറയാനും ആരുമില്ലാതെ, കൊല്ലപ്പെട്ടവരും അപ്രത്യക്ഷരായവരും, ചാവാതെ ചത്തു ജീവിച്ചവരുമായിരിക്കണം എന്റെ സ്വപ്നവേളകളില്‍ പ്രത്യക്ഷപ്പെടുന്നത്. താഴെ കൊടുത്ത ചിത്രത്തില്‍ കാണുന്നത് ബസ്രയിലെ ഏതോ ഒരു സ്ഥലമാണ്‌... കത്തിയമരുന്ന എണ്ണപ്പാടങ്ങളില്‍നിന്ന് പരക്കുന്ന പുകമണവും സഹിച്ച്, യുദ്ധനിലങ്ങളില്‍ എവിടെനിന്നോ ഒപ്പിച്ചുകൂട്ടിയ തീറ്റഭാണ്ഡവുമായി മക്കളുടെയടുത്തേക്ക് ഓടിത്തളര്‍ന്നെത്തുന്ന ഒരമ്മയും, അവരെ കാത്തിരിക്കുന്ന മകളും ആ പെണ്‍കുട്ടിയുടെ കൈയ്യിലെ പറക്കമുറ്റാത്ത കുഞ്ഞും ജീവിച്ചിരുന്നത്, ഇവിടെയായിരിക്കാം. ഞങ്ങളുടെ ഈ ക്യാമ്പ് ഇന്ന് നില്‍ക്കുന്ന ഈ മണ്ണില്‍... എവിടെയോ ആയിരിക്കണം ആ കുടുംബം സ്വസ്ഥമായി ഒരിക്കല്‍ ജീവിച്ചിരുന്നത്. ആ കുട്ടികള്‍ കളിച്ചുചിരിച്ച് കഴിഞ്ഞത്. ക്യാമ്പിനു ചുറ്റുമുള്ള കോട്ടമതിലിന്റെ ചുറ്റുവട്ടത്തുനിന്നു കിട്ടിയ മുത്തുമണികള്‍ ആ കുട്ടികളുടെ മാലകളിലെയായിരുന്നിരിക്കാം. അവര്‍ ജീവിച്ച പറമ്പുകളില്‍ നിന്നായിരിക്കാം ഇന്ന് ഞങ്ങള്‍ എണ്ണ കുഴിച്ചെടുക്കുന്നത്. അതു വിറ്റുകിട്ടുന്ന പണത്തിന്റെ പങ്ക് പറ്റിയാണ്‌ ഞാന്‍ ഇന്ന് അന്നം ഉണ്ണുന്നത്.

എങ്ങിനെ പിന്നെ എന്റെ സ്വപ്നത്തില്‍ അവര്‍ക്ക് എന്നെത്തേടി വരാതിരിക്കാനാകും? എന്നാല്‍ ഇന്ന് എനിക്ക് ഉറങ്ങാന്‍ പേടിയില്ല.
രാത്രി ഞാന്‍ ഉറങ്ങുന്നത് അവരെ കാണാനാണ്‌.

(ചിത്രത്തിന്‌ റോയ്റ്റേഴ്സിനോടും ഗൂഗിളിനോടും കടപ്പാട്)

ബ്ലഡി മെസ്സ്

കുറ്റം പറയരുത്. നല്ല രസമുണ്ടായിരുന്നു. രണ്ട് സായിപ്പന്മാര്‍ തോക്കും പിടിച്ച് മുന്‍പിലെ പൈലറ്റ്‌ വണ്ടിയിൽ. പിന്നിൽ എസ്കോർട്ട് വണ്ടിയിൽ മറ്റു രണ്ടു വെള്ളക്കാർ. നടുവിലെ വണ്ടിയിൽ ഈ മലയാളി. രണ്ട് സൈറ്റുകളിലേക്കുള്ള ഒരു ചെറിയ യാത്രയായിരുന്നു അത്. സാധനങ്ങൾ എടുത്ത് വണ്ടിയിൽ വെച്ചു തന്നു. കയറാനുള്ള വണ്ടിയുടെ വാതിൽ തുറന്നുതന്നു. ഇരിപ്പൊക്കെ സുഖമല്ലേ, ഭയമൊന്നും വേണ്ട എന്നൊക്കെ നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിച്ചു. ഓരോ സൈറ്റിലെത്തുമ്പൊഴും വാതിൽ തുറന്നുതരും. പുറത്തേക്കിറമ്പോഴേക്കും ചുറ്റും വന്നു നിന്ന്, ഓഫീസിന്റെ അകത്തുവരെ എത്തിച്ച് പുറത്തു കാത്തുനില്‍ക്കും. ഓഫീസില്‍നിന്ന് ഇറങ്ങുമ്പോഴേക്കും എവിടെനിന്നെങ്കിലും ഓടിയെത്തും. വീണ്ടും വാതില്‍ തുറന്നുതരുന്നു. സീറ്റ് ബെൽറ്റ് അണിയിപ്പിക്കുന്നു. അടുത്തത് ഏത് സൈറ്റിലേക്കാണെന്ന അന്വേഷണം. നമുക്ക് നമ്മോടുതന്നെ ഒരു ബഹുമാനമൊക്കെ തോന്നിപ്പിക്കുന്ന പരിപാടി.

അങ്ങിനെ വണ്ടിയിരിലിരിക്കുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ ചോദിക്കുന്നു. "പണ്ട് നിന്റെ മുതുമുത്തച്ഛന്മാർ ഇവര്‍ക്ക് എസ്കോര്‍ട്ടും പൈലറ്റും പോയിരുന്നത് ഓര്‍മ്മയില്ലേ? അവര്‍ക്കുവേണ്ടി ഭാരം ചുമന്നതും, വാതില്‍ തുറന്നുകൊടുത്തതും, പഞ്ചപുച്ഛമടക്കി പുറത്ത് കാവലു നിന്നതും മറന്നുപോയോ? ഇന്നു നീ അവന്റെ സ്ഥാനത്തും അവന്‍ നിന്റെ സ്ഥാനത്തും. ഒരു സുഖമൊക്കെ തോന്നുന്നില്ലേ?"

"ഇല്ലല്ലോ സാക്ഷീ, ഇന്ന് അവര്‍ ഇതൊക്കെ ചെയ്യുന്നത് അവരുടെ തൊഴിലിന്റെ ഭാഗമായിട്ടല്ലേ? എന്നാല്‍ അന്ന് നമ്മളോ? വിരുന്നുവന്നവനെയൊക്കെ വീട്ടുകാരാക്കി നമ്മള്‍ മാറിനിന്നു. അപൂര്‍‌വ്വം ചിലര്‍ അതിനെ ധിക്കരിക്കാന്‍ ധൈര്യം കാട്ടിയപ്പോള്‍ അവനെയും അവരെയുമൊക്കെ നമ്മള്‍ ഒറ്റി. അറിഞ്ഞുകൊണ്ട് അടിമകളാവുകയായിരുന്നില്ലേ അന്നു നമ്മൾ? "

"എന്നാലും.."

"ഒരു എന്നാലുമില്ല. നിന്റെ അസുഖം എന്താണെന്ന് എനിക്ക് നന്നായറിയാം. വംശീയത എന്ന് പറയും ഞങ്ങളുടെ ഭാഷയിൽ അതിനെ. അതുതന്നെ. അത് പല രൂപത്തിലും വരും. മനസ്സിൽ അപകര്‍ഷതാബോധമുള്ളവനാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത് അവന്റെ സ്വൈര്യം കെടുത്തും. അപ്പോഴാണ്‌ ഇമ്മാതിരി ചരിത്രങ്ങളൊക്കെ ഓര്‍മ്മവരിക".

ഉള്ളിലെ ആളുടെ ഒരു ശബ്ദവും പിന്നെ കേട്ടില്ല.

വഴിയില്‍ ഇരുവശത്തും ആളുകളുപേക്ഷിച്ചതും, പകുതിയും പൂര്‍ണ്ണമായും തകര്‍ന്ന വീടുകളും മണ്ണിൽ പകുതിമുക്കാലും പൂണ്ടുപോയ ദ്രവിച്ച വാഹനങ്ങളുടെ ശവപ്പറമ്പുകളും കടന്നുപോയി. ചില വീടുകളുടെ മുന്നില്‍ സ്ത്രീകളും പുരുഷന്മാരും പറമ്പില്‍ പണിയെടുക്കുന്നു. ചെമ്മരിയാടുകളെ ആട്ടിത്തെളിച്ചുകൊണ്ട് കുട്ടികളും പ്രായമായവരും നടന്നുപോകുന്നു. നട്ടുച്ച വെയിലത്ത്, കറുത്ത വസ്ത്രത്തില്‍ ആകെ മൂടി, വിജനമായ ഒരു വഴിയുടെ തുടക്കത്തില്‍ ഒരു സ്ത്രീരൂപം ഭിക്ഷ യാചിക്കുന്നു. ബാര്‍ളിയും ചോളവും കൃഷിചെയ്യുന്ന ചെറിയ പറമ്പുകൾ. വഴിനീളെ ഇരുവശവും കുന്നുകൂടി കിടക്കുന്ന പാഴ്വസ്തുക്കളിൽ നിന്ന് ഭാഗ്യം തിരയുന്നവർ. നാട്ടുവഴിക്കവലകളിൽ വലിയ ബാനറുകളിൽ ജിഹാദികളായ കുട്ടികളുടെയും ചെറുപ്പക്കാരുടെയും വർണ്ണചിത്രങ്ങൾ. ചില ബാനറുകളിൽനിന്ന് കൌശലക്കാരനായ മുക്താദാ സാദർ വെറുപ്പും ദേഷ്യവും കലർന്ന കണ്ണുകളോടെ തെരുവിലേക്ക് നോക്കിക്കൊണ്ടിരുന്നു.

വഴി പിന്നെപ്പിന്നെ മോശമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. റോഡിൽനിന്നിറക്കി, വശങ്ങളിലുള്ള മണൽത്തിട്ടയിലൂടെ വണ്ടിയെടുക്കുമ്പോൾ വെള്ളക്കാരൻ ഡ്രൈവർ കാസ്പർ പ്രാകി.“ബ്ലഡി മെസ്സ്”. ഇറാഖിനെ, അതിന്റെ സർക്കാരിനെ, പരസ്പരം കൊന്നൊടുക്കിത്തീരുന്ന ഷിയകളെ, സുന്നികളെ, ഭൂമിയിലെ ഏറ്റവും പൊരിഞ്ഞ ചൂടിൽ വെന്തുരുകുന്ന ബസ്രയെ എല്ലാറ്റിനെയും അവൻ പ്രാകിക്കൊണ്ടിരുന്നു. ഫക്കിംഗിന്റെയും ബുൾഷിറ്റിന്റെയും തോരാത്ത തെറികൾ. മുൻപിലിരിക്കുന്ന അവന്റെ കൂട്ടാളി ആൻഡി ഗൌരവഭാവത്തോടെ റോഡിലേക്കുതന്നെ സർവ്വകണ്ണുകളും നട്ട് പുഞ്ചിരിപൊഴിച്ചുകൊണ്ടിരുന്നു.

“ഈ രാജ്യത്തെ മെസ്സാക്കിയതിൽ നിന്റെ ബ്ലയറിനും ബുഷിനും ഒരുപോലെ പങ്കില്ലേ കാസ്‌പർ“ എന്ന് കഴിയാവുന്നത്ര സൌ‌മ്യതയോടെ ചോദിച്ചപ്പോൾ കാസ്പറും ആൻഡിയും മയത്തിൽ ചിരിച്ചു. നിന്റെ നാട്ടുകാരും നിന്റെ യാങ്കി യജമാനന്മാരും ചേർന്ന് തകര്‍ത്ത് തരിപ്പണമാക്കിയ വഴികളിലൂടെ നിനക്ക് കുലുങ്ങാതെ ഇളകിമറിയാതെ ഒഴുകിപ്പോകാനാകുമെന്നു കരുതിയോ കാസ്പർ എന്ന് മനസ്സിൽ ചോദിച്ചു. ഇനി ഇതാ മറ്റൊരു നാടിനെക്കൂടി തകര്‍ത്ത് നാമാവശേഷമാക്കാന്‍ നീയും നിന്റെ തെമ്മാടിക്കൂട്ടവും ഒരുങ്ങുന്നു. സിറിയയെ. നീയൊക്കെ ചേർന്ന് നാമാവശേഷമാക്കിയ ഈ നാടുകളിലെ കാശുകൊണ്ടുതന്നെയാണ് ഇന്ന് നീയും നിന്റെ കുടുംബവും പട്ടിണികിടന്ന് ചാവാതെ, നികുതിവെട്ടിച്ചും, തിന്നും കുടിച്ചും ജീവിക്കുന്നത് എന്നെങ്കിലും ഓർക്ക് എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.

ഒരിക്കൽ ഇതുപോലെ ഞങ്ങളെ ഭരിച്ച് മെസ്സാക്കിയ അതേ നിന്നെക്കൊണ്ട് ഇന്ന് എസ്കോർട്ടും പൈലറ്റും ഓടിപ്പിക്കുന്നതിൽ എനിക്ക് തരിമ്പും സന്തോഷവും “മധുരപ്രതികാര”വും ഒന്നും തോന്നുന്നില്ലെങ്കിലും, ഇവിടം മുഴുവൻ മെസ്സാക്കിയ നിന്റെ സംരക്ഷണയിൽ ഇതേ വഴിയിൽക്കൂടി ഈ അർദ്ധമൃതരായ മനുഷ്യരുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ എനിക്കുണ്ടാകുന്ന അപമാനബോധമുണ്ടല്ലോ, അതാണ് ശരിക്കും ബ്ലഡി മെസ്സ്.

തന്റെ യജമാനന്റെ അവസ്ഥ കണ്ടിട്ടായിരിക്കണം, ഉള്ളിൽ ഒരുത്തൻ അമർത്തി ചിരിക്കുന്നത് അപ്പോൾ എനിക്ക് വ്യക്തമായി കേൾക്കാനാകുന്നുണ്ടായിരുന്നു.

ഇറാഖിന്റെ മഴക്കാലങ്ങള്‍

പുതുതായി വരുന്ന ആളുകള്‍ക്ക് താമസത്തിനുള്ള ക്യാമ്പ് ഒരുക്കിക്കൊണ്ടിരിക്കുകയാണ്‌ സൈറ്റില്‍ . നാസ്സര്‍ എന്ന ഇറാഖിക്കാണ്‌ ചുമതല. പുതിയ ക്യാബിനുകളില്‍ സൗകര്യമൊക്കെയുണ്ടൊ എന്ന് ചോദിച്ചപ്പോള്‍, കുടുംബവുമായി വരുന്നവര്‍ക്കു വേണ്ടിയാണെന്ന് അയാള്‍ തമാശ പറഞ്ഞു. എങ്കില്‍ കുടുംബത്തെ കൊണ്ടുവരാമെന്നു ഞാനും കളിയായി പറഞ്ഞു. നാട്ടില്‍ നിന്നു കൊണ്ടുവരേണ്ട ആവശ്യമില്ല, കഴിയുമെങ്കില്‍ ഇറാഖില്‍നിന്ന് കെട്ടിക്കോളൂ, ഇവിടെ രണ്ട് ദശലക്ഷം വിധവകളുണ്ട് എന്ന് നാസ്സര്‍ ചിരിച്ചു. കേട്ടുനിന്നവരും തമാശയില്‍ പങ്കുകൊണ്ടു.

ഓഫീസില്‍ ഒരു ആവശ്യത്തിനു വന്ന ഹസ്സന്‍ എന്ന മറ്റൊരു ഇറാഖിയോട് കുശലത്തിനിടയില്‍ ഇറാഖില്‍ എവിടെയാണ്‌ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ഞാന്‍ ഇറാഖ് വിട്ടു, സ്വീഡനിലാണ്‌. ഇതൊരു നശിച്ച സ്ഥലമാണ്‌. സ്വീഡന്‍ അങ്ങിനെയല്ല. നല്ല ആളുകള്‍ . നല്ല ഭൂപ്രകൃതി. ഇവറ്റകളെപ്പോലെയല്ല. അവര്‍ കാണാനും നന്ന്. നല്ല വെളുത്ത നിറം. ഉള്ളിലും പുറത്തും നല്ല വെളുപ്പ്, ഹസ്സന്‍ മന്ദഹസിച്ചു.

സ്വന്തം രക്തത്തിന്റെ ക്രൂരഫലിതത്തിലും, അവഗണനയിലും തള്ളിപ്പറയലിലും മനം നൊന്ത ഒരു നാടിന്റെ കണ്ണീരായിരിക്കണം, ഇറാഖില്‍ ഇപ്പോള്‍ തോരാതെ നിന്നു പെയ്യുന്ന ഈ മഴ,  അല്ലെങ്കിലൊരുപക്ഷേ, അകാലത്തില്‍ ചരമമടഞ്ഞ ലക്ഷക്കണക്കിന്‌ ബാല്യ-കൗമാര-യൗവ്വനങ്ങള്‍ ഓരോ കൊല്ലവും, മുടങ്ങാതെ, വിട്ടുപോയ നാടും മണ്ണും കാണാന്‍ വീണ്ടും വീണ്ടും എത്തുകായിരിക്കാം ഈ മഴയിലൂടെ.

സ്വാസ്ഥ്യമുള്ള മനസ്സുകള്‍ക്കു മാത്രമാണ്‌ മഴ എന്നും ഒരു ആനന്ദോത്സവമാകുന്നത്. അസ്വസ്ഥമായ മനസ്സുകള്‍ക്കും, ദുരന്തങ്ങളനുഭവിക്കുന്ന മണ്ണിനും ജനതയ്ക്കും, മഴക്കാറുമൂടിയ ആകാശവും മഴയും മറ്റൊരു അവസ്ഥയാണ്‌.