Tuesday, January 27, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം

കുറിപ്പ്‌ - (സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ രചിച്ച The Clash of Civilization - എന്ന പുസ്തകത്തെയും അതിലെ അത്യന്തം പ്രതിലോമപരമായ ആശയലോകത്തെക്കുറിച്ചും എഡ്വേഡ്‌ സയ്‌ദ് നടത്തിയ നിര്‍ദ്ദയവും വിശകലനാത്മകവും സുദീര്‍ഘവുമായ ലേഖനത്തിന്റെ പരിഭാഷയാണ്‌ ഇത്‌. Clash of Definitions എന്ന പേരിലുള്ള ഈ ലേഖനം പൂര്‍ണ്ണമായും പരിഭാഷപ്പെടുത്താനുള്ള സമയവും സാവകാശവും കിട്ടുമോ എന്നറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു. സയ്‌ദിന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പത്ത്‌ കൊല്ലം കഴിഞ്ഞിട്ടും, ഹണ്ടിംഗ്‌ടണെപ്പോലുള്ളവര്‍ ഉയര്‍ത്തിയ നിരീക്ഷണങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ അപകടകരമായ സാന്നിധ്യം അറിയിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ, എഡ്വേഡ് സയ്‌ദിന്റെ ഈ നിരീക്ഷണങ്ങള്‍ക്ക്‌ ഇപ്പോഴും പ്രസക്തിയുമുണ്ട്‌. വായനയുടെ സൌകര്യത്തിനുവേണ്ടി നാലോ അഞ്ചോ ഭാഗങ്ങളായി ഈ ലേഖനം പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന്‌ കരുതുന്നു. 2001-ല്‍ പെന്‍‌ഗ്വിന്‍ പ്രസിദ്ധീകരിച്ച Reflections on Exile and other literary and cultural essays എന്ന പുസ്തകത്തില്‍നിന്നുള്ളതാണ്‌ ഈ ലേഖനം)


"ലോക രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു" എന്ന തലവാചകത്തോടെ സാമുവല്‍ ഹണ്ടിംഗ്‌ടണിണ്റ്റെ പ്രബന്ധം (സംസ്കാരങ്ങളുടെ സംഘട്ടനം) ആദ്യം പ്രത്യക്ഷപ്പെട്ടത്‌, 1993-ല്‍ Foreign Affairs-ലായിരുന്നു. സമീപകാലത്തെ ലോകസംഘട്ടനങ്ങളൊക്കെത്തന്നെയും വികസിത, വികസ്വര, അവികസിത രാജ്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ സംഘട്ടനങ്ങളായിരുന്നുവെങ്കില്‍, ഇനി വരാന്‍ പോകുന്ന പുതിയ രാഷ്ട്രീയം, വ്യത്യസ്തവും, പരസ്പര വിരോധികളുമായ സംസ്കാരങ്ങളുടെ സംഘട്ടനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും എന്നായിരുന്നു അദ്ദേഹം അര്‍ത്ഥമാക്കിയത്‌. "മനുഷ്യസമുദായത്തിലെ വലിയ വിഭജനങ്ങളും ആ സംഘട്ടനങ്ങളില്‍ മേല്‍ക്കൈയുള്ള മുഖ്യസ്രോതസ്സും സാംസ്കാരികപരമായിരിക്കും..സാംസ്ക്കാരിക സംഘട്ടനങ്ങള്‍ ലോക രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്തും". പ്രധാനമായും സംഘട്ടനം പാശ്ചാത്യ-പാശ്ചാത്യേതര സംസ്കാരങ്ങള്‍ തമ്മിലായിരിക്കുമെന്ന്‌ പിന്നീട്‌ അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്‌. ഒരു ഭാഗത്ത്‌ പാശ്ചാത്യമെന്ന്‌ അദ്ദേഹം വിവക്ഷിക്കുന്ന സംസ്കാരവും, മറുഭാഗത്ത്‌ ഇസ്ളാമിക-കണ്‍ഫ്യൂഷ്യന്‍ സംസ്കാരങ്ങളും തമ്മിലുള്ള, സാധ്യതയുള്ളതോ നിലനില്‍ക്കുന്നതോ ആയ പ്രധാന അഭിപ്രായ ഭിന്നതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ്‌ ഈ പ്രബന്ധത്തില്‍ അധികഭാഗവും അദ്ദേഹം ചിലവഴിച്ചിട്ടുള്ളതും. പാശ്ചാത്യമടക്കമുള്ള മറ്റു സംസ്കാരങ്ങളേക്കാള്‍ ശ്രദ്ധ ഇസ്ളാമിന്‌ നല്‍കിയിട്ടുമുണ്ട്‌ അദ്ദേഹം.

ഈ പ്രബന്ധത്തിണ്റ്റെയും 1995-ല്‍ ഇതിനെ കൂടുതല്‍ വിപുലീകരിച്ച്‌ അദ്ദേഹം എഴുതിയ (അതേ പേരിലുള്ള) കഴമ്പില്ലാത്ത ആ പുസ്തകത്തിന്റെയും ഉള്ളടക്കമല്ല മറിച്ച്‌, അത്‌ പുറത്തിറക്കാന്‍ തിരഞ്ഞെടുത്ത സമയമാണ്‌ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നത്‌.

ശീതയുദ്ധത്തിന്റെ കാലശേഷം പുതിയ ലോകപരിതസ്ഥിതി പഠിക്കാനുള്ള ബൌദ്ധികവും രാഷ്ട്രീയവുമായ നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ തന്നെ സമ്മതിക്കുന്നുമുണ്ട്‌. പ്രത്യേകിച്ചും, പുതിയ ലോകക്രമത്തെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ച ഫ്രാന്‍സിസ്‌ ഫുക്കുയാമയുടെ, ‘ചരിത്രാവസാന‘മെന്ന സങ്കല്‍പ്പവും മറ്റും. എറിക്‌ ഹോബ്‌സ്ബാമും പോള്‍ കെന്നഡിയും കോണര്‍ ക്രൂയിസ്‌ ഒബ്രയാനും എല്ലാം പുതിയ സഹസ്രാബ്ദത്തിലെ ഭാവി സംഘട്ടനങ്ങളെ വിശദമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതിനെക്കുറിച്ചുള്ള തങ്ങളുടെ ഗൌരവമുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്‌. വിട്ടുവീഴ്ചയില്ലാതെ, നിര്‍ദ്ദയമായി, ഇത്രനാളും വിരുദ്ധപക്ഷത്തു നിന്നിരുന്ന ശീതസമര മൂല്യങ്ങളും ആദര്‍ശങ്ങളും ഒഴിച്ചിട്ടുപോയ രാഷ്ട്രീയ ഇടത്തിലേക്ക്‌ അനായാസമായി ഊര്‍ന്നിറങ്ങുന്ന, ഒരിക്കലും അവസാനമില്ലാത്ത മറ്റൊരു സംഘട്ടനം എന്നതാണ്‌ ഹണ്‍ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്ന ദര്‍ശനത്തിന്റെസത്ത (ഈ ദര്‍ശനത്തിന്റെ ശരിക്കുള്ള പിതൃത്വവും അദ്ദേഹത്തിനവകാശപ്പെട്ടതല്ല). Foreign Affairs എന്ന മാസിക അമേരിക്കന്‍ വിദേശ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്‌. പ്രാഥമികമായും അത്‌ അഭിസംബോധന ചെയ്യുന്നത്‌, വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ചുള്ള നയജ്ഞന്‍മാരെയും പദ്ധതി നടത്തിപ്പുകാരെയുമാണ്‌. അതുകൊണ്ടുതന്നെ, ശീതസമര സിദ്ധാന്തത്തിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പ്‌ മാത്രമാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ പറഞ്ഞാല്‍ അത്‌ വാസ്തവവിരുദ്ധമാകാന്‍ ഇടയില്ല. ഇന്നത്തെയും നാളത്തെയും ലോകത്ത്‌ നടക്കാനിരിക്കുന്ന സംഘട്ടനങ്ങളൊന്നും സാമ്പത്തികമോ സാമൂഹ്യമോ ആയ സ്വഭാവമുള്ളതായിരിക്കില്ലെന്നും,അവ, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയാകുമെന്നതാണ്‌ ശീതസമര സിദ്ധാന്തത്തിന്റെ കാതല്‍. അങ്ങിനെയെങ്കില്‍ മറ്റെല്ലാ പ്രത്യയശാസ്ത്രവും വലംവെക്കുന്നത്‌ പാശ്ചാത്യ പ്രത്യയശാസ്ത്രത്തിനു ചുറ്റുമായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചുരുക്കത്തില്‍ ശീതയുദ്ധം തുടരുന്നു എന്നര്‍ത്ഥം. പക്ഷേ ഒരു വ്യത്യാസം മാത്രം.. പാശ്ചാത്യ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും മേല്‍ അധീശത്വത്തിനുവേണ്ടി നിരന്തരം പടപൊരുതുന്ന കൂടുതല്‍ ഗൌരവമുള്ളതും അടിസ്ഥാനപരവുമായ മറ്റു മൂല്യങ്ങളും ആദര്‍ശങ്ങളും (ഇസ്ളാമിക, കണ്‍ഫ്യൂഷ്യന്‍) എല്ലാമുള്ള ബഹുമുഖമായ ഒന്നായിരിക്കും ഈ പുതിയ ശീതയുദ്ധം. പാശ്ചാത്യ സംസ്കാരത്തിന്റെ എതിരാളികളെ ദുര്‍ബ്ബലരും വിഭജിതരുമാക്കി നിര്‍ത്തേണ്ടത്‌ എങ്ങിനെയെന്ന ചര്‍ച്ചയോടെ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ പ്രബന്ധം അവസാനിപ്പിക്കുമ്പോള്‍, അതുകൊണ്ടുതന്നെ നമുക്ക്‌ അത്ഭുതമൊന്നും തോന്നേണ്ടതില്ല. നോക്കൂ പേജ്‌ 49-ല്‍ പറയുന്നത്‌ :..കണ്‍ഫ്യൂഷ്യന്‍-ഇസ്ളാമിക രാജ്യങ്ങള്‍ക്കിടക്കുള്ള സംഘര്‍ഷങ്ങളും ഭിന്നതകളും നമ്മള്‍ ചൂഷണം ചെയ്യണം..പാശ്ചാത്യ മൂല്യങ്ങളോടും താത്‌പര്യങ്ങളോടും അനുഭാവമുള്ള ഇതര സാംസ്കാരിക വിഭാഗങ്ങളെ പിന്തുണക്കുകയും, പാശ്ചാത്യ മൂല്യങ്ങളെയും താത്‌പര്യങ്ങളെയും സാധൂകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും.....ഈ സ്ഥാപനങ്ങളിലുള്ള പാശ്ചാത്യേതര രാജ്യങ്ങളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌".

മറ്റു സംസ്കാരങ്ങള്‍ പാശ്ചാത്യവുമായി നിശ്ചയമായും സംഘട്ടനത്തില്‍ ഏര്‍പ്പെടുമെന്നുള്ള ഹണ്‍ടിംഗ്‌ടണിന്റെ ധാരണ ശക്തവും ദൃഢവുമാണ്‌. ഈ സംഘട്ടനത്തില്‍ ജയിക്കുന്നതിനുവേണ്ടി പാശ്ചത്യ (സംസ്കാരം) കൈക്കൊള്ളേണ്ട കാര്യപരിപാടികളെകുറിച്ച്‌ ആക്രമണ-മേധാവിത്ത്വത്തിന്റെ ഭാഷയിലാണ്‌ അദ്ദേഹം എഴുതുന്നത്‌ എന്നതുകൊണ്ട്‌, വര്‍ത്തമാന ലോകത്തെ മനസ്സിലാക്കാനും വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പകരം, ശീതയുദ്ധത്തിന്‌ അനുസ്യൂതി സൃഷ്ടിക്കാനും അതിനെ വികസിപ്പിക്കാനുമാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്ന്‌ കരുതാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു. തീരെ സംശയവും അവിശ്വാസവും നിഴലിക്കാത്ത വിധത്തിലാണ്‌ അദ്ദേഹം ഇതെല്ലാം പറയുന്നത്‌. സംഘട്ടനങ്ങള്‍ തുടരുമെന്നു മാത്രമല്ല "ആധുനിക ലോകത്തെ സംഘട്ടനങ്ങളുടെ പരിണാമത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്‌ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം' എന്നുകൂടി അദ്ദേഹം ആദ്യപേജില്‍ എഴുതിവെക്കുന്നുണ്ട്‌. അമേരിക്കക്കാരുടെയും മറ്റുള്ളവരുടെയും മനസ്സുകളില്‍ ഒരു യുദ്ധകാലാവസ്ഥ നിര്‍മ്മിക്കുന്നതിനുവേണ്ടി സമര്‍ത്ഥമായും ഹ്രസ്വമായും എഴുതിയ ഒരു മാന്വല്‍ എന്ന നിലയിലാണ്‌ ഈ പുസ്തകത്തിനെ മനസ്സിലാക്കേണ്ടത്‌. ശീതയുദ്ധത്തിന്റെ അവസാനത്തോടെ തൊഴില്‍ നഷ്ടപ്പെടുകയും ഇപ്പോള്‍ പുതിയ ഒരു അവസരം കണ്ടെത്തുകയും ചെയ്ത പെന്റഗണിലെ ആസൂത്രണവിദഗ്ദ്ധന്‍മാരുടെയും പ്രതിരോധ വ്യവസായ ഉദ്യോഗസ്ഥന്‍മാരുടെയും ഭാഗത്തു നിന്നുകൊണ്ടാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ വാദിക്കുന്നത്‌ എന്നുപോലും ഞാന്‍ പറയും. ഇതൊക്കെയാണെങ്കിലും, വിവിധ രാജ്യങ്ങളും പാരമ്പര്യങ്ങളും ജനങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ സംസ്കാരം എന്ന ഘടകത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടതിന് ഹണ്ടിംഗ്‌ടണിനോട്‌ നന്ദി പറയാം.

(തുടരും)

Thursday, January 22, 2009

മറവിയെക്കുറിച്ച് രണ്ട് കവിതകള്‍

ഒന്ന്

തൊടിയിലും വെളിമ്പ്രദേശങ്ങളിലും വളര്‍ന്നുകിടക്കുന്ന പുല്ലുകളെ പണ്ടൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വെറുതെ വളരുന്ന ഓരോ ജന്മങ്ങള്‍, മോഹപ്പച്ചപ്പുകള്‍, എന്നൊക്കെ ഉള്ളില്‍ ചിലപ്പോള്‍ തോന്നാറുണ്ട്‌ എന്നതൊഴിച്ചാല്‍, പ്രത്യേകിച്ചൊരു വികാരവും അവ ഉണ്ടാക്കിയിരുന്നില്ല.

അതിനിടയിലാണ്‌ ആകസ്മികമായി ഒരു കവിത വായിക്കാന്‍ ഇടവന്നത്‌. കാള്‍ സാന്‍ഡ്‌ബര്‍ഗ്‌ എന്ന അമേരിക്കന്‍ കവിയുടെ The Grass എന്ന കവിത. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള തന്റെ സുദീര്‍ഘമായ ലേഖനത്തിന്റെ തൊടുകുറിയായി റോബര്‍ട്ട്‌ ഫിസ്ക്‌ ഈ കവിത എടുത്തെഴുതിയിരുന്നു

പുല്ല്‌

ശവശരീരങ്ങള്‍ കുമിച്ചുകൂട്ടിയിട്ടോളൂ.
ആഷര്‍ലിറ്റ്‌സിലോ വാട്ടര്‍ലൂവിലോ
എവിടെവേണമെങ്കിലും.

ഞാന്‍ പുല്ലാണ്‌
എല്ലാം മറയ്ക്കുന്ന പുല്ല്‌

കുമിച്ചുകൂട്ടിയിട്ടോളൂ
ഗെട്ടിസ്ബര്‍ഗിലും
യെപ്‌റെസിലും,
വെര്‍ഡനിലും.
വേഗം കുഴിച്ചുമൂടൂ അവറ്റയെ
ഞാന്‍ എന്റെ ജോലി തുടങ്ങട്ടെ

രണ്ടു വര്‍ഷമോ, പത്തുവര്‍ഷമോ കഴിഞ്ഞ്
യാത്രക്കിടയിലെ ഇടവേളകളില്‍
ഇവിടെയിറങ്ങുന്ന വിനോദസഞ്ചാരികള്‍
ഒരുപക്ഷേ കണ്ടക്ടറോട്‌ ചോദിച്ചേക്കും
ഏതാണ്‌ ഈ സ്ഥലം?
നമ്മളിപ്പോള്‍ എവിടെയാണ്‌?

എന്നെ മനസ്സിലായില്ലേ?
ഞാന്‍ പുല്ലാണ്‌.
എനിക്ക് ധാരാളം ജോലിയുണ്ട്


ഈ കവിത വായിച്ചതില്‍പിന്നെ, വീണ്ടും ആ പഴയ പുല്‍മേടുകളുകളെക്കുറിച്ച് ആല്‍ചിക്കുമ്പോള്‍, ആ പഴയ അനുഭൂതികളൊന്നും മനസ്സില്‍ വരുന്നതേയില്ല. അവക്കടിയിലൊക്കെ നിറയെ ആളുകളാണ്‌. ചത്തവരും കൊല്ലപ്പെട്ടവരും, വിസ്മൃതിയിലാണ്ടവരും. പാഴായിപ്പോയ തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത്‌ അവര്‍ നെടുവീര്‍പ്പുകളിടുമ്പോഴാവണം ആ പുല്‍നാമ്പുകള്‍ പതുക്കെ ഇളകുന്നത്.

ചരിത്രത്തില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത ഏതാനും അല്‍പ്പബുദ്ധികളുടെ വാശിക്കും മത്സരത്തിനും വേണ്ടി, സ്വന്തം ജീവിതം കൊണ്ട്‌ വിലകൊടുക്കേണ്ടിവന്ന ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓര്‍മ്മകള്‍ക്കുമുകളില്‍ മറവിയുടെ പുല്‍മേടുകള്‍ പച്ചപിടിച്ചുകിടക്കുന്നു. അവക്കുമുകളിലാണ്‌ നമ്മുടെ കാല്‍പ്പനിക ഭാവനകള്‍ രമണനും ചന്ദ്രികയും തകര്‍ത്തഭിനയിക്കുന്നത്‌. നമ്മുടെ അലസഗമനത്തിന്റെ പൈക്കൂട്ടങ്ങള്‍ ഇളംവെയിലേറ്റ്‌ അയവിറക്കുന്നത്‌.

രണ്ട്

ഒറ്റപ്പെട്ടവന്റെ സമരമുഖങ്ങള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കവിതയും കാള്‍ സാന്‍ഡ്‌ബര്‍ഗിന്റേതായിട്ടുണ്ട്‌. The Graves. അരാജകത്വത്തിന്റെ കലാപമെന്നോ ബുദ്ധിശൂന്യതയെന്നോ എന്തുവേണമെങ്കിലും വിളിക്കാം അത്തരം പോരാട്ടങ്ങളെ. ഇന്നിന്റെ ലോകത്ത് അത്തരം കലാപങ്ങള്‍ക്കും ബുദ്ധിഹീനതക്കും വലിയ സ്ഥാനങ്ങളില്ലായിരിക്കാം. എങ്കിലും നാളെയൊരിക്കല്‍, പരിവര്‍ത്തനത്തിന്റെ പൂക്കളായി മാറും ആ സമരങ്ങള്‍. അവക്കു ജന്മം നല്‍കിയ കവികളുടെയും ഉന്മാദികളുടെയും കലാപകാരികളുടെയും കുഴിമാടങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ മറ്റേതെങ്കിലുമൊരു അപഥസഞ്ചാരിയെ ഭൂതാവിഷ്ടരാക്കുകതന്നെ ചെയ്യും.

കുഴിമാടങ്ങള്‍

ആയിരങ്ങള്‍ക്കെതിരെ ഒറ്റക്കു നില്‍ക്കുന്ന ഒരുവനെ
ഞാന്‍ സ്വപ്നം കണ്ടു

ആയിരം പരിഹാസശരങ്ങളും കൂക്കുവിളികളും നേരിട്ട്‌
വര്‍ഷങ്ങളോളം അവന്‍ തെരുവില്‍ അലഞ്ഞു നടന്നു
ഏകാകിയായി മരിച്ചു
അവന്റെ ശവമടക്കാന്‍ ഒരേയൊരാള്‍ മാത്രം വന്നു

അവന്റെ കുഴിമാടത്തിനുമുകളില്‍
പൂക്കള്‍ കാറ്റിലാടി
ആയിരങ്ങളുടെ കുഴിമാടങ്ങള്‍ക്കു മുകളിലും
ആ പൂക്കള്‍ കാറ്റിലാടി

പൂക്കളും കാറ്റും
മരിച്ചവരുടെ കുഴിമാടങ്ങള്‍ക്കുമുകളില്‍ പൂക്കള്‍
ചുവന്ന ഇതളുകള്‍,
മഞ്ഞ ഇലകള്‍,
വെളുപ്പിന്റെ വരകള്‍,
മായുന്ന ധൂമനിറം

ഹോ,
മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

Tuesday, January 13, 2009

ഗാസയില്‍ നിന്ന് ഒരു കത്ത്

(ഗസ്സന്‍ കാനഫാനിയുടെ, ആത്മകഥാംശമുള്ള ഒരു രചന. ഗാസയില്‍ സയണിസ്റ്റ്‌ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ ഇരയായ ആയിരങ്ങള്‍ക്കുവേണ്ടി ഈ പരിഭാഷ സമര്‍പ്പിക്കുന്നു. ആ കൂട്ടക്കുരുതിക്കുനേരെ നൃശംസനീയമായ ധൃതരാഷ്ട്രാന്ധത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെയും, 'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്ഥനാ പ്രകടനങ്ങളുടെ' ലക്ഷ്മണരേഖ മുറിച്ചുകടക്കാനോ, സ്വന്തം ശക്തി തിരിച്ചറിയാനോ കഴിയാതെ ഭീരുത്വം നുണഞ്ഞുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌-അറബ്‌ നാടുകളീലെ സുന്ദരവിഢികളുടെയും മുഖത്തിനുനേരെ ഈ കഥാപാദുകം ഞാന്‍ ഏറിയുന്നു)


പ്രിയപ്പെട്ട മുസ്തഫ,

സാക്രമെന്റോയില്‍ നിന്റെ കൂടെ വന്നു താമസിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ശരിയാക്കിയിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ടുള്ള നിന്റെ കത്ത്‌ കിട്ടി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ സിവില്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ ജോലി ശരിയായിട്ടുണ്ട്‌ എന്ന്‌ അറിയിച്ചുകൊണ്ടുള്ള അവരുടെ കത്തും വന്നിരിക്കുന്നു. എന്റെ ചങ്ങാതീ, എല്ലാത്തിനും ഞാന്‍ നിന്നോട്‌ നന്ദി പറയട്ടെ. എങ്കിലും ഞാന്‍ ഇപ്പോള്‍ നിന്നെ അറിയിക്കാന്‍ പോകുന്ന കാര്യം നിനക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. പക്ഷേ ഒന്നുറപ്പിച്ചോളൂ......ഇത്‌ പറയാന്‍ എനിക്ക്‌ ഒട്ടും ശങ്കിക്കേണ്ടിവരുന്നില്ല. ഇന്നു കാണുന്നതുപോലെ ഒരിക്കലും ഞാന്‍ കാര്യങ്ങള്‍ ഇത്ര തെളിമയോടെ ഇതിനുമുന്‍പ്‌ ഒരിക്കലും കണ്ടിട്ടില്ല. ഇല്ല സുഹൃത്തേ. ഞാന്‍ എന്റെ തീരുമാനം മാറ്റിക്കഴിഞ്ഞു. നീ എഴുതിയ പോലെ "പച്ചപ്പും ജലവും സുന്ദരമായ മുഖങ്ങളുമുള്ള' ആ നാട്ടിലേക്ക്‌ ഞാന്‍ വരുന്നില്ല. ഇല്ല. ഞാന്‍ ഇവിടെത്തന്നെ കഴിയും. ഇവിടം വിട്ട്‌ എവിടേക്കും ഇനി ഞാനില്ല.

മുസ്തഫ, നമ്മുടെ ജീവിതം ഒരേ ദിശയില്‍തന്നെ പോവുകയില്ലെന്നത്‌ എനിക്ക്‌ സങ്കടമുണ്ടാക്കുന്നുണ്ട്‌. എവിടെയായാലും ഒരുമിച്ച്‌ കഴിയുമെന്ന നമ്മുടെ ശപഥം നീ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും, 'നമ്മള്‍ പണക്കാരാകും' എന്ന്‌ നമ്മള്‍ പണ്ടൊരിക്കല്‍ ആര്‍ത്തുവിളിച്ചു നടന്നതും ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. എങ്കിലും, എന്റെ ചങ്ങാതീ, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിന്റെ കൈ പിടിച്ച്‌, കയ്‌റോ വിമാനത്താവളത്തിലെ ഹാളില്‍ ഞാന്‍ നിന്നത്‌ ഇപ്പോഴും എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. വിമാനത്തിന്റെചെവി തുളക്കുന്ന യന്ത്രശബ്ദത്തിനു ചുറ്റും എല്ലം കറങ്ങുകയായിരുന്നു. നീ മാത്രം നിശ്ശബ്ദനായി എന്റെ മുന്‍പില്‍ നിന്നു.

മുഖത്ത്‌ ചെറിയ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍, ഗാസയിലെ ഷാജിയ ഭാഗത്ത്‌ വളരുമ്പോഴുള്ളതില്‍നിന്ന്‌ നിന്റെ മുഖത്തിന്‌ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. പരസ്പരം നല്ലവണ്ണം മനസ്സിലാക്കിയവരായിരുന്നു നമ്മള്‍ ഇരുവരും. അവസാനം വരെ ഒരുമിച്ച്‌ കഴിയണമെന്നും ശപഥമെടുത്തിരുന്നു നമ്മള്‍. പക്ഷേ...

"വിമാനം പുറപ്പെടാന്‍ ഇനി കാല്‍ മണിക്കൂറേയുള്ളു. നീ ഇങ്ങനെ അന്തം വിട്ടിരിക്കണ്ട. നോക്ക്‌. നീ അടുത്ത വര്‍ഷം കുവൈറ്റിലേക്ക്‌ പോകുന്നു. ശമ്പളത്തില്‍നിന്ന്‌ മിച്ചം പിടിച്ച്‌ നീ ഗാസ വിട്ടുപോരും. കാലിഫോര്‍ണിയയിലേക്ക്‌. ഒരുമിച്ച്‌ പുറപ്പെട്ടവരാണ്‌ നമ്മള്‍. ഇനിയും അങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും"

ഞാന്‍ നിന്റെ ചുണ്ടുകള്‍ ശ്രദ്ധിക്കുകയായിരുന്നു. വേഗതയില്‍ ചലിക്കുന്ന ചുണ്ടുകള്‍. നിന്റെ വര്‍ത്തമാനത്തിന്റെ രീതി അതായിരുന്നു. കുത്തോ കോമയോ ഇല്ലാതെ ചടുപിടുന്നനെയുള്ള സംസാരം. പക്ഷേ, യാത്ര പോകുന്നതില്‍ നിനക്കത്ര സന്തോഷം പോരെന്ന്‌ എന്തുകൊണ്ടോ എനിക്കു തോന്നി. യാത്ര പോകുന്നതിനുള്ള ഒരു നല്ല കാരണം പോലും നിനക്ക്‌ പറയാനുണ്ടായിരുന്നില്ല. എനിക്കും ഉണ്ടായിരുന്നു അതേ ആശയക്കുഴപ്പം. എങ്കിലും ഞാന്‍ ആലോചിച്ചിരുന്നത്‌ ഇതായിരുന്നു. എന്തുകൊണ്ട്‌ നമുക്ക് ഗാസ വിട്ടു പോയിക്കൂടാ? നിന്റെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. കുവൈറ്റിലെ വിദ്യാഭ്യാസ വകുപ്പില്‍ നിനക്കൊരു ജോലി തരപ്പെട്ടിരുന്നു. എനിക്കാകട്ടെ അത് കിട്ടിയതുമില്ല. നീ എനിക്ക്‌ ചെറിയ ചെറിയ സംഖ്യകള്‍ അയച്ചുതന്നു. അപ്പോഴൊക്കെ, എനിക്കത്‌ അഭിമാനക്ഷയമായി തോന്നുമോ എന്നു കരുതി, ആ പണം കടമായി കരുതിയാല്‍ മതിയെന്നു പറഞ്ഞ്‌ നീ എന്നെ ആശ്വസിപ്പിക്കാറുമുണ്ടായിരുന്നു. UNRWA* സ്കൂളില്‍ നിന്ന്‌ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌, അമ്മയെയും, വിധവയായ ഏട്ടത്തിയമ്മയെയും അവരുടെ നാലു കുട്ടികളെയും പോറ്റേണ്ടിവരുന്നതിന്റെ ദുരിതാവസ്ഥകളെക്കുറിച്ചൊക്കെ നിനക്ക്‌ നല്ലവണ്ണം അറിയാമായിരുന്നുവല്ലോ.

"നോക്ക്‌, ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌. എല്ലാ ദിവസവും നീ എനിക്ക്‌ എഴുതണം..എല്ലാ മണിക്കൂറിലും..വിമാനം പോകാന്‍ സമയമായി. വീണ്ടും കണ്ടുമുട്ടുന്നതുവരെ..ബൈ.. " നിന്റെ ചുണ്ടുകള്‍ എന്റെ കവിളുകളില്‍ ഉരസി, നീ തല തിരിച്ചു. വീണ്ടും എന്റെ നേരെ നോക്കിയപ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു.

കുറച്ചുകാലം കഴിഞ്ഞ്‌, എനിക്കും കുവൈത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലികിട്ടി. അതൊന്നും ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ. എല്ലാം നിനക്കറിയുന്നതല്ലേ. എല്ലാറ്റിനെയും കുറിച്ച്‌ ഞാന്‍ നിനക്കെഴുതിയിട്ടുണ്ട്‌. പൊള്ളയായ ഒരു ചിപ്പി പോലെയായിരുന്നു അവിടുത്തെ എന്റെ ജീവിതം. കടുത്ത ഏകാന്തതയില്‍, രാത്രിയുടെ ആരംഭം പോലെ തോന്നിക്കുന്ന ഇരുണ്ട ഒരു ഭാവിയെ ഉറ്റുനോക്കിക്കൊണ്ട്‌ അവിടെ ഞാന്‍ കഴിഞ്ഞ നാളുകള്‍. ദ്രവിച്ച യാന്ത്രികതയുടെ ഉള്ളില്‍പ്പെട്ട്‌, സമയവുമായി മല്ലയുദ്ധം ചെയ്ത്‌......എല്ലാം ചുട്ടുപൊള്ളുകയും ഒട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. മാസാവസാനം ആകാനുള്ള ഒരു നീണ്ട കാത്തിരിപ്പായിരുന്നു ഓരോ ദിവസവും.

ആ വര്‍ഷം മദ്ധ്യത്തോടെയാണ്‌ ജൂതന്‍മാര്‍ സബ ജില്ലയില്‍ ബോംബിട്ടതും ഗാസയെ ആക്രമിച്ചതും. ബോംബുകളും മിസ്സൈലുകളും കൊണ്ട്‌ ഞങ്ങളുടെ ഗാസയെ അവര്‍ പൊതിഞ്ഞു. ആ സംഭവം എന്റെ ജീവിതഗതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ എനിക്കു ശ്രദ്ധിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല ഗാസയില്‍. എന്തായാലും ഞാന്‍ ആ നാടു വിട്ട്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകും. അവിടെയായിരിക്കും ശേഷകാലം ഞാന്‍ ജീവിക്കുക. ഇത്രനാളും അനുഭവിച്ച നരകത്തില്‍ നിന്ന്‌ ഒരു മോചനം. ഗാസയെയും അതിലെ ആളുകളെയും ഞാന്‍ വെറുത്തിരുന്നു. ഒരു രോഗി ചാരനിറത്തില്‍ വരച്ച മോശം ചിത്രത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ആ വ്രണിത നഗരത്തിലെ ഞാന്‍ കണ്ട എല്ലാ കാഴ്ചകളും. അതെ. എന്റെ അമ്മക്കും സഹോദരന്റെ വിധവക്കും അവരുടെ മക്കള്‍ക്കും എല്ലാ മാസവും ഒരു തുക അയച്ചുകൊടുക്കും ഞാന്‍. എന്തായാലും ഈ നഗരവുമായുള്ള അവസാനത്തെ ബന്ധവും അവസാനിപ്പിച്ച്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകണം. പച്ച പിടിച്ച കാലിഫോര്‍ണിയ. കഴിഞ്ഞ ഏഴു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരാജയത്തിന്റെ ഗന്ധത്തില്‍നിന്ന്‌ ഇനിയെങ്കിലും മോചനം നേടണം. അമ്മയോടും സഹോദരന്റെ വിധവയായ ഭാര്യയോടും അവരുടെ മക്കളോടുമുള്ള എന്റെ അനുതാപത്തിനൊന്നും പക്ഷേ എന്നെ തടഞ്ഞുനിര്‍ത്താനാവില്ല. അവര്‍ക്കുവേണ്ടി പോലും ഈ ദുരന്തം എനിക്ക്‌ ഇനിയും സഹിക്കാനാവില്ല. ഇവിടെനിന്ന്‌ രക്ഷപ്പെടണം.

മുസ്തഫ, ഈ വികാരങ്ങള്‍ നിനക്കും പരിചയമുണ്ടാകുമല്ലോ അല്ലേ നീയും അനുഭവിച്ചതാണ്‌ ഇതൊക്കെ. ഇവിടെനിന്ന്‌ രക്ഷപ്പെടുന്നതില്‍നിന്ന്‌ നമ്മെ വിലക്കാന്‍ തക്കവണ്ണം എന്തു ബന്ധമാണ്‌ ഗാസയുമായി നമുക്കുണ്ടായിരുന്നത്‌? എന്തുകൊണ്ടാണ്‌ കാര്യങ്ങളെ തെളിമയോടെ കാണാന്‍ നമുക്ക്‌ കഴിയാതിരുന്നത്‌? എന്തുകൊണ്ടാണ്‌ ഈ പരാജയത്തിനെയും അതിന്റെ മുറിപ്പാടുകളെയും പിന്നിലുപേക്ഷിച്ച്‌, നമ്മെ സമാശ്വസിപ്പിക്കാന്‍ കഴിവുള്ള ഒരു ശോഭനമായ ഭാവിയിലേക്ക്‌ നമ്മള്‍ ഇത്രനാളും രക്ഷപെടാതിരുന്നത്‌? എന്തുകൊണ്ടാണ്‌? നമുക്കറിയില്ല.

ജൂണില്‍ അവധിക്കു വന്നു. സാധനങ്ങളെല്ലാം ഒരുക്കിവെച്ചു. ജീവിതത്തെ സാര്‍ത്ഥകവും ഉത്സാഹഭരിതവുമാക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങളിലേക്ക്‌ എന്നെ കൊണ്ടുപോകാന്‍ വരുന്ന, ഇത്രനാളും കാത്തിരുന്ന ആ യാത്രക്കുവേണ്ടി ഞാന്‍ തയ്യാറെടുത്തു. ചിരപരിചിതമായ ഗാസയെ ഞാന്‍ വീണ്ടും കണ്ടു. അറവുശാലയില്‍നിന്ന്‌ തീരത്തണഞ്ഞ ഒച്ചിന്റെ തൊണ്ടുപോലെ, ഉള്ളിലേക്കുള്ളിലേക്ക്‌ ചുരുണ്ടുകൂടിയ അടഞ്ഞ ഗാസ. ദു:സ്സ്വപ്നഭീതിയാല്‍ വിവശമായവന്റെ മനസ്സിനേക്കാളും വികലമായിത്തീര്‍ന്നിരുന്നു ഇടുങ്ങിയ തെരുവുകളും മുഴച്ചുനില്‍ക്കുന്ന ബാല്‍ക്കണികളുമുള്ള ഗാസ അപ്പോഴേയ്ക്കും. കുന്നുകളില്‍ മേയുന്ന ആടുകളെ പ്രലോഭിപ്പിക്കുന്ന തെളിഞ്ഞൊഴുകുന്ന കാട്ടരുവിയെപ്പോലെ, ഏതൊക്കെ ശ്ളഥമായ കാരണങ്ങളാണ്‌ ഒരാളെ അവനവന്റെ വീട്ടിലേക്കും, കുടുംബത്തിലേക്കും, ഓര്‍മ്മകളിലേക്കും വലിച്ചടുപ്പിക്കുന്നത്‌? എനിക്കറിയില്ല.

അമ്മയുടെ അടുത്തേക്ക്‌ രാവിലെ പോയതു മാത്രം ഓര്‍മ്മയുണ്ട്‌. ഏട്ടന്റെ ഭാര്യയും വന്നു. എന്നെക്കാണാന്‍. പോകുന്നതിനുമുന്‍പ്‌ നാദിയയെ കാണണമെന്ന്‌ അവര്‍ ഓര്‍മ്മിപ്പിച്ചു. നാദിയ. എന്റെ ഏട്ടന്റെ പതിമ്മൂന്നു വയസ്സായ മകള്‍ നാദിയ. ആശുപത്രിയിലായിരുന്നു അവള്‍.

വൈകുന്നേരം ഒരു കിലോ ആപ്പിളും വാങ്ങി ഞാന്‍ ആശുപത്രിയില്‍ ചെന്നു. അമ്മയും ഏട്ടത്തിയമ്മയും എന്നില്‍ നിന്ന്‌ എന്തോ മറക്കുന്നുണ്ടെന്ന്‌ എനിക്ക്‌ രാവിലെത്തന്നെ തോന്നിയിരുന്നു. എന്നോട്‌ പറയാന്‍ മടിക്കുന്ന എന്തോ. ഒരു ശീലം കൊണ്ടെന്നവണ്ണം ഞാന്‍ നാദിയയെ സ്നേഹിച്ചിരുന്നു. അവളെ മാത്രമല്ല, അവളുടെ തലമുറയിലെ എല്ല കുട്ടികളെയും. കുടിയൊഴിക്കലും പരാജയവും ആവോളം അനുഭവിച്ചവരായിരുന്നു അവളുടെ തലമുറയിലെ കുട്ടികള്‍. സന്തോഷപ്രദമായ ജീവിതം എന്നത്‌ ഒരു സാമൂഹ്യ വൈകല്യമാണെന്നു കരുതിയവരായിരുന്നു അവര്‍.

എന്താണ്‌ ആ നിമിഷത്തില്‍ സംഭവിച്ചത്‌? എനിക്കറിയില്ല. വളരെ ശാന്തനായാണ്‌ ഞാന്‍ മുറിയിലേക്ക്‌ കയറിച്ചെന്നത്‌. അസുഖം ബാധിച്ച കുട്ടികളുടെ മുഖത്ത്‌ ഒരു ദിവ്യത്വമുണ്ട്‌. പ്രത്യേകിച്ചും, വേദനയും മുറിവുകളും അനുഭവിക്കുന്ന കുട്ടികളുടെ മുഖത്ത്‌. തലയിണയില്‍ ചാരി കട്ടിലില്‍ ഇരിക്കുകയായിരുന്നു നാദിയ. അവളുടെ തലമുടി തലയിണയില്‍ പരന്നു കിടന്നിരുന്നു. സാന്ദ്രമായ ഒരു മൌനം അവളുടെ കണ്ണുകളില്‍ കണ്ടു. കൃഷ്ണമണിയുടെ ഉള്ളിലെവിടെയോ ഉറവയെടുക്കാന്‍ നില്‍ക്കുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയും. മുഖം ശാന്തമായിരുന്നുവെങ്കിലും പീഡിതനായ ഒരു പ്രവാചകന്റെ വാചാലതയുണ്ടായിരുന്നു അതിന്‌. വെറും ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കിലും ധാരാളം പ്രായമായപോലെ. കുട്ടികളേക്കാളും എത്രയോ അധികം പ്രായം.

"നാദിയ"

ഞാനാണോ, എന്റെ പിന്നിലുള്ള മറ്റാരെങ്കിലുമാണോ അവളെ അങ്ങിനെ വിളിച്ചതെന്ന്‌ എനിക്ക്‌ നല്ല നിശ്ചയമില്ല. എങ്കിലും അവള്‍ എന്റെ നേരെ കണ്ണുകളുയര്‍ത്തി. വല്ലാതെ അലിഞ്ഞുപോയി ഞാന്‍.

"അമ്മാമ കുവൈത്തില്‍നിന്ന്‌ ഇപ്പോള്‍ വന്നതേയുള്ളോ?" ചെറുതായി ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു. അവളുടെ ശബ്ദം ഇടറിയിരുന്നു. കയ്യുകളൂന്നി നിവര്‍ന്നിരുന്ന്‌ അവള്‍ കഴുത്ത്‌ എന്നോടടുപ്പിച്ചു. അവളുടെ പുറം തടവി അരികത്തുതന്നെ ഞാനിരുന്നു.

"നദിയ, കുവൈത്തില്‍നിന്ന്‌ ഞാന്‍ നിനക്ക്‌ സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. അസുഖമൊക്കെ ഭേദമാകട്ടെ. എന്നിട്ട്‌ നീ വീട്ടിലേക്ക്‌ വരണം. അതൊക്കെ നിനക്കുള്ളതാണ്‌. ചുവന്ന ട്രൌസറുകള്‍ കിട്ടിയാല്‍ നന്നായിരുന്നു എന്നു നീ പറഞ്ഞിരുന്നില്ലേ? നോക്ക്‌, നിനക്കുവേണ്ടി ഞാന്‍ അത്‌ കൊണ്ടുവന്നിട്ടുണ്ട്‌".

ആ പറഞ്ഞതൊരു നുണയായിരുന്നു. അപ്പോഴത്തെ അവസ്ഥയില്‍നിന്ന്‌ രക്ഷപെടാന്‍ വേണ്ടി പറഞ്ഞ ഒരു ചെറിയ നുണ. ഷോക്കടിച്ചപോലെ അവളൊന്നു പിടഞ്ഞു. തല താഴ്ത്തി കുറച്ചുനേരം നിശ്ശബ്ദയായി ഇരുന്നു അവള്‍. എന്റെ കൈ അവളുടെ കണ്ണുനീരില്‍ നനയുന്നത്‌ അറിയുന്നുണ്ടായിരുന്നു ഞാന്‍.

"എന്തെങ്കിലും പറയൂ നദിയാ. നിനക്ക്‌ ആ ട്രൌസറുകള്‍ വേണ്ടേ?". അവള്‍ എന്റെ നേര്‍ക്ക്‌ കണ്ണുകളയച്ച്‌ എന്തോ പറയാന്‍ തുടങ്ങിയത്‌ പകുതിക്കുവെച്ച്‌ നിര്‍ത്തി. പിന്നെ, ദൂരെനിന്നെന്നവണ്ണം അവളുടെ ശബ്ദം ഞാന്‍ കേട്ടു.

"അമ്മാമേ"

പുതച്ചിരുന്ന പുതപ്പ്‌ മെല്ലെ മാറ്റി കാലിലേക്ക്‌ അവള്‍ വിരല്‍ ചൂണ്ടി. തുടയുടെ മുകള്‍ഭാഗത്തുവെച്ച്‌ ആ കാലുകള്‍ മുറിച്ചുനീക്കിയിരുന്നു.

എന്റെ മുസ്തഫാ, ആ കാഴ്ച എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല. തുടയുടെ മുകള്‍ഭാഗത്തുനിന്ന്‌ മുറിച്ചു മാറ്റിയ ആ കാലുകള്‍. അവളുടെ മുഖത്ത്‌ അലിഞ്ഞുചേര്‍ന്ന്‌ ഘനീഭവിച്ച ആ സങ്കടവും എനിക്ക്‌ മറക്കാന്‍ പറ്റില്ല ചങ്ങാതീ. അവള്‍ക്കുവേണ്ടി വാങ്ങിയ ആപ്പിള്‍ പൊതി മുറുകെപ്പിടിച്ചുകൊണ്ട്‌ ജ്വരബാധിതനായി, ആശുപത്രിയില്‍ നിന്ന്‌ ഞാന്‍ ഇറങ്ങിയോടി. ചോരയുടെ നിറം കൊണ്ട്‌ സൂര്യന്‍ ഗാസയുടെ തെരുവുകള്‍ നിറക്കുന്നുണ്ടായിരുന്നു. പുതിയ ഗാസയായിരുന്നു മുസ്തഫ അത്‌. നമ്മള്‍ ഒരിക്കലും അതുപോലുള്ള ഒരു കാഴ്ച കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ജീവിച്ചു വളര്‍ന്ന ഷാജിയ പ്രദേശം തുടങ്ങുന്ന ഭാഗത്ത്‌ കുറെ കല്ലുകള്‍ കുന്നുകൂട്ടി ഇട്ടിരുന്നു. അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ വേണ്ടിതന്നെയായിരുന്നു ആ കല്ലുകള്‍ അവിടെ ആ വിധത്തില്‍ കിടന്നിരുന്നത്‌. നമ്മള്‍ ജീവിച്ചുവളരുകയും, ഇവിടുത്തെ നല്ലവരായ ആളുകളുടെകൂടെ പരാജയത്തിന്റെ ഏഴു വര്‍ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്ത ഈ ഗാസ തികച്ചും പുതിയതു പോലെ തോന്നി. ഇതൊരു തുടക്കം മാത്രമാണെന്നും ഉള്ളില്‍ ഒരു തോന്നലുണ്ടായി. എന്തുകൊണ്ടാണ്‌ അങ്ങിനെ തോന്നിയതെന്നൊന്നും എനിക്കറിയില്ല. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ സഞ്ചരിച്ച പ്രധാന നിരത്ത്‌, സഫാദിലേക്കു നീളുന്ന ഒരു നീണ്ട പാതയുടെ ആരംഭം മാത്രമാണെന്ന ഒരു തോന്നല്‍. ഗാസയിലെ എല്ലാം ദു:ഖം കൊണ്ട്‌ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഒരു കരച്ചിലില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്‌ അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. അതിനേക്കാള്‍ കൂടുതലായി, മുറിച്ചു മാറ്റിയ ഒരു കാല്‍ തിരിച്ചു പിടിക്കുന്നതുപോലെയുണ്ടായിരുന്നു.

തീക്ഷ്ണമായ സൂര്യപ്രകാശം നിറഞ്ഞ തെരുവുകളില്‍ ഞാന്‍ അലഞ്ഞു നടന്നു. വീട്ടില്‍ വീണ ബോംബുകളില്‍നിന്ന്‌ തന്റെ താഴെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ നാദിയയുടെ കാല്‍ നഷ്ടപ്പെട്ടതെന്ന്‌ ഞാന്‍ അറിഞ്ഞു. അവള്‍ക്ക്‌ സ്വയം രക്ഷിക്കാമായിരുന്നില്ലേ? ഓടിപ്പോയിരുന്നെങ്കില്‍ അവള്‍ക്ക്‌ കാലുകള്‍ ഒരിക്കലും നഷ്ടപെടില്ലായിരുന്നു. പക്ഷേ അവള്‍ അത്‌ ചെയ്തില്ല.

എന്തുകൊണ്ട്‌?

ഇല്ല സുഹൃത്തേ, ഞാന്‍ ഇനി സാക്രമെന്റോയിലേക്കില്ല. അതില്‍ എനിക്ക്‌ അശേഷം ദു:ഖവുമില്ല. കുട്ടിക്കാലത്ത്‌ ഒരുമിച്ച്‌ നമ്മള്‍ തുടങ്ങിവെച്ച ജീവിതം ഞാന്‍ പൂര്‍ത്തിയാക്കുന്നില്ല. ഗാസയോട്‌ യാത്ര പറഞ്ഞപ്പോള്‍ നിന്റെ ഉള്ളിലുണ്ടായിരുന്ന ആ അവ്യക്തമായ വികാരം വലിയൊരു മുറിവായി നിന്റെയുള്ളില്‍ നീറണം. അത്‌ വളര്‍ന്നു വലുതാവുകയും വേണം. ഈ പരാജയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിനക്ക്‌ സ്വയം കണ്ടെത്താന്‍ കഴിയണമെങ്കില്‍ അതു കൂടിയേ കഴിയൂ..

ഞാന്‍ നിന്റെയടുത്തേക്കില്ല. പക്ഷേ നീ ഞങ്ങളുടെയടുത്തേക്ക്‌ തിരിച്ചു വരണം. തിരിച്ചുവരൂ...നാദിയയുടെ നഷ്ടപ്പെട്ട കാലുകളില്‍നിന്ന്‌, ജീവിതം എന്താണെന്നും, നിലനില്‍പ്പിന്റെ വിലയെന്താണെന്നും മനസ്സിലാക്കാന്‍ ശ്രമിക്കൂ. തിരിച്ചുവരൂ എന്റെ സുഹൃത്തേ..ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌.* UNRWA - United Nations Relief and Works Agency

Friday, January 2, 2009

ബോര്‍ഹസിന്‌ ഒരു കത്ത്‌

സൂസന്‍ സൊണ്‍ടാഗിന്റെ "Where the Stress Falls" എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പരിഭാഷ.

പ്രിയപ്പെട്ട ബോര്‍ഹസ്

അനശ്വരതയുടെ കയ്യൊപ്പിനു താഴെയാണ്‌ അങ്ങയുടെ സാഹിത്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍, അങ്ങയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത്‌ ഒട്ടും അസ്ഥാനത്താവില്ല എന്നു കരുതട്ടെ (ബോര്‍ഹസ്‌, പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു!) സാഹിത്യത്തില്‍ ഏതെങ്കിലുമൊരു എഴുത്തുകാരന്‍ അനശ്വരതക്ക്‌ അര്‍ഹനാണെങ്കില്‍, അത്‌ താങ്കള്‍ മാത്രമാണ്‌. സ്വന്തം കാലത്തിന്റെയും സംസ്കാരത്തിന്റെയും ഉത്‌പന്നമായിരുന്നു താങ്കളെങ്കിലും, ഒരു മന്ത്രസിദ്ധിയാലെന്നവണ്ണം, ആ കാലത്തെയും സംസ്കാരത്തെയും അതിജീവിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. ഉദാരവും മറകളുമില്ലാത്തതുമായ ഏകാഗ്രതയുടെ ഗുണം കൊണ്ടായിരിക്കണം അങ്ങയ്ക്ക്‌ അതിന്‌ കഴിഞ്ഞത്‌. ആത്മനിഷ്ഠത തീരെ പരിമിതമായ, ഏറ്റവും സമര്‍ത്ഥനും സുതാര്യനുമായ, എഴുത്തുകാരനായിരുന്നു ബോര്‍ഹസ്‌, താങ്കള്‍. ഉള്ളിലെ ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ പരിശുദ്ധിയും അതിന്‌ കാരണമായിട്ടുണ്ടാകണം. ഏറെ നാള്‍ ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുവെങ്കിലും, എല്ലാവരില്‍നിന്നും അകന്നുനില്‍ക്കാനും, സൂക്ഷ്മതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞതുകൊണ്ടാണ്‌ മറ്റു മേഖലകളിലേക്കും സമര്‍ത്ഥനായ ഒരു മാനസികസഞ്ചാരിയെപ്പോലെ കടന്നുചെല്ലാന്‍ താങ്കള്‍ക്കു കഴിഞ്ഞത്‌. കാലത്തെക്കുറിച്ച്‌, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു ബോധം അങ്ങയ്ക്കുണ്ടായിരുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം ആദിയായ സര്‍വ്വസാധാരണ സങ്കല്‍പ്പങ്ങളൊക്കെ അങ്ങയുടെ കണ്ണില്‍ വെറും ബാലിശമായിരുന്നു. കാലത്തിന്റെ ഓരോ നിമിഷവും, കഴിഞ്ഞതിനെയും വരാനിരിക്കുന്നതിനെയും ഉള്ളില്‍ ആവാഹിക്കുന്നു എന്ന്‌ കരുതാനായിരുന്നു അങ്ങയ്ക്കിഷ്ടം. "ഭാവി ഗതകാലത്തിലേക്ക്‌ തകര്‍ന്നടിയുന്ന സന്ദര്‍ഭമാണ്‌ വര്‍ത്തമാനകാലം' എന്ന മട്ടിലോ മറ്റോ എഴുതിയ (എന്റെ ഓര്‍മ്മയാണെങ്കില്‍) ബ്രൌണിംഗിനെ ഉദ്ധരിച്ചുകൊണ്ടാണ്‌ താങ്കള്‍ അത്‌ ഒരിക്കല്‍ സൂചിപ്പിച്ചത്‌. അങ്ങയുടെ വിനയത്തിന്റെഒരു കൌശലമായിരുന്നു അത്‌. മറ്റുള്ളവരുടെ ആശയങ്ങളില്‍ സ്വന്തം ആശയങ്ങള്‍ കണ്ടെത്തുന്ന ഒരു വിദ്യ.

സ്വന്തം സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഉത്തമബോധ്യമായിരുന്നു അങ്ങയുടെ എളിമ. പുതിയ ആനന്ദാനുഭൂതികള്‍ കണ്ടുപിടിക്കുന്നവനായിരുന്നു താങ്കള്‍. അങ്ങയുടേതുപോലുള്ള സാന്ദ്രവും നിര്‍മ്മലവുമായ അശുഭാപ്തിവിശ്വാസത്തിന്‌ ഒരിക്കലും പരുഷമാകേണ്ടതുണ്ടായിരുന്നില്ല. പകരം, കൂടുതല്‍ കണ്ടെത്തലുകള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അത്‌ അങ്ങയ്ക്ക്‌ ആവുകയും ചെയ്തു. എല്ലാം എത്ര ഭയാനകമാണെന്ന്‌ തെളിഞ്ഞ കണ്ണുകളോടെ കണ്ടിട്ടും, അതില്‍ ദു:ഖിക്കാനൊന്നുമില്ലെന്ന്‌ തിരിച്ചറിഞ്ഞു താങ്കള്‍. അവനവന്റെ അനുഭവങ്ങളെ സ്വന്തം വിഭവസ്രോതസ്സായി മാറ്റുകയാണ്‌, എഴുത്തുകാര്‍ മാത്രമല്ല, ഓരോരുത്തരും ചെയ്യേണ്ടത്‌ എന്ന്‌, എവിടെയോ താങ്കള്‍ എഴുതിയത്‌ ഞാന്‍ ഓര്‍ക്കുന്നു (അങ്ങയുടെ അന്ധതയെക്കുറിച്ച്‌ എഴുതിയ വേളയിലായിരുന്നു അത്‌).

മറ്റുള്ളവര്‍ക്ക്‌ ഒരു സ്രോതസ്സായി മാറുകയായിരുന്നു അങ്ങ്‌. 1982-ല്‍ - അതായത്‌, അങ്ങ്‌ മരിക്കുന്നതിനും നാലുവര്‍ഷം മുന്‍പ്‌ - ഒരു അഭിമുഖത്തില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി, "ഇന്ന്‌ ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍, ബോര്‍ഹസ്സിനെപ്പോലെ, മറ്റ്‌ എഴുത്തുകാര്‍ക്ക്‌ പ്രചോദനമായിത്തീര്‍ന്ന വേറൊരാളില്ല. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന്‌ ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചേക്കും. അദ്ദേഹത്തെ പഠിക്കാത്തവരോ അനുകരിക്കാത്തവരോ ആയ എഴുത്തുകാര്‍ അത്രയധികമില്ല" എന്ന്. ഇന്നും ആ പറഞ്ഞത്‌ സത്യമാണ്‌. ഇന്നും ഞങ്ങള്‍ അങ്ങയില്‍നിന്ന്‌ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നും ഞങ്ങള്‍ അങ്ങയെ അനുകരിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലത്തിനോട്‌, പ്രത്യേകിച്ചും സാഹിത്യത്തിനോട്‌ ഞങ്ങള്‍ക്കുള്ള കടപ്പാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌, ഭാവനയുടെ പുതിയ വഴിത്താരകള്‍ അങ്ങ്‌ മനുഷ്യര്‍ക്ക്‌ തുറന്നു കൊടുത്തു. നമ്മള്‍ എന്താണോ, നമ്മള്‍ എന്തായിരുന്നുവോ, അതിനൊക്കെ നമ്മള്‍ പൂര്‍ണ്ണമായും സാഹിത്യത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ നിരന്തരം ഓര്‍മ്മിപ്പിച്ചു അങ്ങ്‌. പുസ്തകങ്ങള്‍ അപ്രത്യക്ഷമായാല്‍ ചരിത്രം അപ്രത്യക്ഷമാകും. മനുഷ്യജീവികളും അപ്രത്യക്ഷമാകും. അങ്ങ്‌ പറഞ്ഞത്‌ ശരിയാണ്‌. നമ്മുടെ സ്വപ്നങ്ങളുടെയും സ്മൃതികളുടെയും ആകെത്തുക മാത്രമല്ല പുസ്തകങ്ങള്‍. സ്വയം അതിവര്‍ത്തിക്കാനുള്ള മാതൃകയാണ്‌ അത്‌ നമുക്ക്‌. വായന ചിലര്‍ക്ക്‌ വെറും ഒരു രക്ഷാമാര്‍ഗ്ഗം മാത്രമാണ്‌. ദൈനംദിന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഭാവനയുടെ ലോകത്തേക്കുള്ള ഒരു രക്ഷപ്പെടല്‍. പുസ്തകങ്ങളുടെ ലോകത്തേക്ക്‌. അതു മാത്രമല്ല പുസ്തകങ്ങള്‍. മുഴുവനായും മനുഷ്യനായിരിക്കാനുള്ള മാര്‍ഗ്ഗമാണത്‌.

ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ വംശനാശമടുത്തിരിക്കുന്ന വര്‍ഗ്ഗങ്ങളായി കരുതപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ നിന്നോട്‌ പറയേണ്ടിവരുന്നതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌ ബോര്‍ഹസ്‌. ഗ്രന്ഥങ്ങള്‍ എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, സാഹിത്യത്തെയും അതിന്റെ ആത്മാവിഷ്ക്കാരങ്ങളെ സാധ്യമാക്കുന്ന വായനാനുഭവത്തെയും കൂടിയാണ്‌. വിദൂരമല്ലാത്ത ഒരു കാലത്ത്‌, ആവശ്യമുള്ള ഏതൊരു 'പാഠ'ത്തെയും പുസ്തക തിരശ്ശീലയില്‍ കൊണ്ടുവരാനും, അതിന്റെ ദൃശ്യരൂപം മാറ്റാനും, അതുമായി സംവദിക്കാനും നമുക്ക്‌ സാധ്യമാകുമെന്ന്‌ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പ്രയോജനത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌, നമുക്ക്‌ 'സംവദി'ക്കാന്‍ സാധിക്കുന്ന 'പാഠ'ങ്ങളായി പുസ്തകങ്ങള്‍ മാറുമ്പോള്‍, പരസ്യങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ ടെലിവിഷന്‍ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു പ്രതിബിംബമായി, എഴുതപ്പെട്ട വാക്കുകള്‍ മാറുകയാവും ചെയ്യുക. കൂടുതല്‍ 'ജനാധിപത്യ'പരമെന്ന വാഗ്ദാനത്തിന്‍മേല്‍, ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'ശോഭനമായ ഭാവി' ഈ മട്ടിലുള്ള ഒന്നാണ്‌. ആന്തരികസത്തയുടെയും, പുസ്തകത്തിന്റെയും മരണത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. **

എങ്കിലും, ഇത്തവണ, വലിയൊരു അഗ്നിബാധയുടെ ആവശ്യമൊന്നും വന്നേക്കില്ല. കാട്ടാളന്‍മാര്‍ക്ക്‌ പുസ്തകങ്ങള്‍ ചുട്ടുചാമ്പലാക്കേണ്ടിയും വരില്ല. വായനശാലക്കകത്തുതന്നെയുണ്ട്‌ വ്യാഘ്രങ്ങള്‍. പ്രിയപ്പെട്ട ബോര്‍ഹസ്‌, പരാതി പറയുന്നതില്‍ ഒരു സുഖവും തോന്നുന്നില്ല എനിക്ക്‌. പക്ഷേ, പുസ്തകങ്ങളുടെയും വായനയുടെയും ഭാവിയെക്കുറിച്ച്‌, താങ്കളോടല്ലെങ്കില്‍ പിന്നെ മറ്റാരോടാണ്‌ ഞാന്‍ പരാതിക്കെട്ടുകള്‍ അഴിക്കേണ്ടത്‌? (പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു ബോര്‍ഹസ്‌, പത്തു വര്‍ഷം!!!) അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ എനിക്ക്‌. അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ ഞങ്ങള്‍ക്ക്‌. അത്‌ പറയാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. ഇപ്പോഴും വേറിട്ടുനില്‍ക്കുന്നു താങ്കള്‍.

ഞങ്ങള്‍ ഇന്ന്‌ പ്രവേശിക്കുന്ന കാലഘട്ടം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ട്‌, ആത്മാവിനെ പുതിയ രീതികളില്‍ പരീക്ഷിക്കുമായിരിക്കാം. പക്ഷേ, ഒന്നുറപ്പിച്ചോളൂ. ഞങ്ങളില്‍ ചിലരെങ്കിലും ആ മഹത്തായ വായനശാലയെ ഉപേക്ഷിക്കില്ല. ഞങ്ങളുടെ രക്ഷാധികാരിയും നായകനുമായി താങ്കള്‍ ഇനിയും തുടരുകയും ചെയ്യും.

എന്ന്
സൂസന്‍

പരിഭാഷകകുറിപ്പ്‌

അല്‍പ്പം തെറ്റിദ്ധാരണയുണ്ടാക്കാനിടയുള്ള ഒന്നാണ്‌ ലേഖനത്തിലെ ഈ ഭാഗം. ഹൈപ്പര്‍ ടെക്സ്റ്റുകളെക്കുറിച്ചും, അതിന്റെസംവാദന ശക്തിയെക്കുറിച്ചുമുള്ള സൂസന്‍ സൊണ്‍ടാഗിന്റെ ഭയപ്പാടുകളെ നിസ്സാരമായി തള്ളിക്കളായാനാവില്ല. ഹൈപ്പര്‍ ടെക്സ്റ്റുകള്‍ക്ക്‌, സാമൂഹ്യബോധത്തെ ജനാധിപത്യപരമായി വികസിപ്പിക്കാന്‍ കഴിയുമെങ്കിലും, സാമൂഹ്യബോധത്തെ വഴി തെറ്റിക്കാനുള്ള അവയുടെ കഴിവും ഇന്ന്‌ നമുക്ക്‌ കൂടുതല്‍ക്കൂടുതല്‍ ബോധ്യമാകുന്നുണ്ട്‌. സമ്മതരൂപീകരണത്തിന്റെ (Manufacturing Consent-) ഭാഗമായി 'പാഠ'ങ്ങള്‍ മാറുന്നതും സംവദിക്കുന്നതും തടയുക എന്നതാണ്‌ അടിയന്തിരമായ ആവശ്യം.