Monday, December 22, 2008

ഭീകരതയുടെ നാളുകള്‍ക്കിപ്പുറം

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച, ആ‍നന്ദ് പട്‌വര്‍ദ്ധന്റെ ലേഖനത്തിന്റെ പരിഭാഷ.


മുംബൈയിലെ ആക്രമണങ്ങള്‍ അവസാനിച്ചു. മരവിപ്പിക്കുന്ന ദു:ഖത്തിനുശേഷം ഇനി കുറ്റപ്പെടുത്തലിണ്റ്റെ കളികളും പരിഹാരങ്ങളും തുടങ്ങുകയായി. ടി.വി.യുടെ പെരുപ്പിച്ചു പുറത്തുവിടുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ എന്തുകൊണ്ട്‌ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൂടാ? എന്തുകൊണ്ട്‌ നമ്മുടെ പോലീസിനെ എ.കെ.47-കള്‍കൊണ്ട്‌ ആയുധമണിയിച്ചുകൂടാ? മ്യൂണിച്ചിനുശേഷം ഇസ്രായേലും, 9/11-നു ശേഷം അമേരിക്കയും ചെയ്തതുപോലെ, എന്തുകൊണ്ട്‌ നമുക്കും ശത്രുക്കളെ പിന്തുടര്‍ന്നുകൂടാ? കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കാരണം, ഭീകരത എന്നത്‌, സ്വയം സഫലീകരിക്കുന്ന ഒരു പ്രവചനമാണ്‌. പ്രതികരണത്തിലും, ധ്രുവീകരണത്തിലും, സൈനികവത്ക്കരണത്തിലും, പ്രതികാരദാഹത്തിലുമാണ്‌ അത്‌ പുലരുന്നത്‌.

ബാഹ്യമായ ഭീകരത

അമേരിക്കയെ പിന്തുടരണമെന്ന്‌ വാദിക്കുന്നവര്‍, 9/11-നു ശേഷം അവരുടെ നടപടികള്‍ ആഗോള ഭീകരതയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ഉണ്ടായത്‌ എന്ന്‌ മാത്രം വിശകലനം ചെയ്തുനോക്കിയാല്‍ മതിയാകും. ആ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്ന്‌ അറിയാമായിരുന്നിട്ടുകൂടി ഇന്ധന-സമ്പന്നമായ ഇറാഖിനെ ആക്രമിക്കുകയും, രണ്ട്‌ ലക്ഷത്തിലധികം ഇറാഖി പൌരന്‍മാരെ കൊല്ലുകയും, എന്നാല്‍ ബിന്‍ ലാദനു അഫ്ഘാനിസ്ഥാനിലേക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു അമേരിക്ക ചെയ്തത്‌. അമേരിക്കയുടെ കൂട്ടക്കൊലപതകത്തിനെതിരെയുള്ള ന്യായമായ ചെറുത്തുനില്‍പ്പെന്ന നിലക്ക്‌ പരിഗണിക്കപ്പെടാന്‍ തുടങ്ങിയ സൈനിക ഇസ്ളാമിസത്തിന്‌ ആഗോളപിന്തുണ നേടിക്കൊടുക്കുന്നതിനാണ്‌ ആ നയങ്ങള്‍ സഹായിച്ചത്‌. ആരാണ്‌ ബിന്‍ ലാദന്‍ സൃഷ്ടിച്ചതും, പാക്കിസ്ഥാനിലെ മദ്രസ്സകളെ ആയുധമണിയിച്ചതെന്നും, ഇസ്ളാമിക ജിഹാദിനെ പുനരുജ്ജീവിപിച്ചതെന്നുമുള്ള ചോദ്യങ്ങളാണ്‌ അത്‌ ഉയര്‍ത്തുനത്‌. ജിഹാദിണ്റ്റെ തീപ്പൊരി വളരുന്നതില്‍ ഇസ്രായേലും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. 1948-ല്‍ ഇസ്രായേല്‍ രാജ്യത്തിന്റെ സ്ഥാപനം ഫലസ്തീനികളില്‍നിന്ന്‌ അവരുടെ നാടിനെ അപഹരിച്ചു. തങ്ങളോട്‌ ചെയ്ത വംശഹത്യ എന്ന ആ വലിയ തെറ്റിനെ തിരുത്താന്‍ ജൂത ജനത തിരഞ്ഞെടുത്ത ഈ മാര്‍ഗ്ഗത്തെ മഹാത്മാഗാന്ധിക്കുപോലും അപലപിക്കേണ്ടിവന്നു. ഫലസ്തീനെതിരായ നിരന്തരവും സാവധാനത്തിലുള്ളതുമായ ആക്രമണങ്ങളാണ്‌ പിന്നീട്‌ നടന്നത്‌. ആദ്യമാദ്യം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സഹയിച്ചിരുന്നത്‌, യാസ്സര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതരശക്തികളായിരുന്നു. അവയെ വിജയകരമായി ഇല്ലാതാക്കാന്‍ കഴിഞ്ഞതുകൊണ്ട്, ചെറുത്തുനില്‍പ്പിന്റെ കടിഞ്ഞാണ്‍ ഇസ്ളാമിക ശക്തികളുടെ കയ്യിലെത്തി. ഏറെക്കുറെ അക്രമരഹിതമായ ആദ്യത്തെ ഇന്റിഫിഡയെ അടിച്ചമര്‍ത്തി. പകരം വന്നത്‌ കുറച്ചുകൂടി അക്രമാസക്തമായ രണ്ടാമത്തെ ഇന്റിഫിഡയായിരുന്നു. അതും പരാജയപ്പെട്ടപ്പോഴാണ്‌ മനുഷ്യബോംബുകള്‍ പ്രത്യക്ഷപ്പെട്ടത്‌.

മുപ്പതുവര്‍ഷം മുന്‍പ്‌, ജീവിതത്തില്‍ ആദ്യമായി വിദേശത്തുപോകുന്ന സമായത്ത്‌, രണ്ട്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നു മാത്രമായിരുനു എന്റെ പാസ്സ്‌പോര്‍ട്ട്‌ എന്നെ വിലക്കിയിരുന്നത്‌. അതില്‍ ഒന്ന്‌, വംശീയത വെറിയുടെ ദക്ഷിണാഫ്രിക്കയായിരുന്നുവെങ്കില്‍ മറ്റേത്‌, ഇസ്രായേലും. ചേരിചേരാ ചേരിയിലായിരുനു അന്നു നമ്മുടെ നില്‍പ്പ്‌. നിരായുധീകരണത്തിനും ലോകസമാധാനത്തിനും നിന്നിരുന്നവര്‍. ഇസ്രായേലും അമേരിക്കയുമാണ്‌ എന്നാല്‍ ഇന്ന് നമ്മുടെ ഏറ്റവും വലിയ സൈനികസഖ്യങ്ങള്‍. ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറിയതില്‍ അത്ഭുതപ്പെടുന്നുണ്ടോ? ഇസ്രായേലിനെയും അമേരിക്കയെയും പോലുള്ള വികസിത രാജ്യങ്ങള്‍ക്ക്‌, നിശ്ചയദാര്‍ഢ്യമുള്ള ഒരു ജിഹാദിയില്‍നിന്ന്‌, ഒരു പരിധിവരെ സ്വയം രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരാം. ഇന്ത്യക്ക്‌ പക്ഷേ അത്‌ സാധ്യമാണോ? ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന്‌ ഓര്‍ത്താല്‍ നല്ലത്‌. ന്യൂയോര്‍ക്കിനെ മുള്‍മുനയില്‍ നിര്‍ത്തിയത്‌ ആണവായുധങ്ങളൊന്നുമായിരുന്നില്ല. ബോംബിന്റെ പിന്‍ വലിച്ചൂരാന്‍ മാത്രം അറിയാവുന്നവരായിരുന്നു. ഇന്ത്യയെ ആക്രമിക്കുക എന്നത്‌ താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്‌. കോടിക്കണക്കുനു വരുന്ന ജനങ്ങളെയും, വിശാലമായ ഭൂപ്രദേശങ്ങളെയും, ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശങ്ങളെയും പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത്‌ അസാധ്യമാണ്‌. പണക്കാര്‍ക്ക്‌ കോട്ടമതിലുകള്‍ പണിയാന്‍ കഴിഞ്ഞേക്കും. താജിനെയും ഒബ്‌റോയിയെയും സുരക്ഷിതമാക്കാന്‍ നമുക്ക്‌ കഴിയും. വിമാനത്താവളങ്ങളും ആകാശയാനങ്ങളും സുരക്ഷിതമാക്കുക ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍, നമ്മുടെ റയില്‍വേസ്റ്റേഷനുകളും ബസ്സ്സ്റ്റോപ്പുകളും, അങ്ങാടികളും ആ വിധത്തില്‍ സംരക്ഷിക്കാന്‍ നമുക്ക് എത്രത്തോളം സാധിക്കും?

ഉള്ളിലുള്ള ഭീകരത

പൂര്‍ണ്ണമായും പുറത്തുനിന്നു വരുന്ന ഒന്നല്ല, ഇന്ത്യ ഇന്ന്‌ നേരിടുന്ന ഭീകരതയുടെ ഭീഷണി. ദരിദ്രരായ ഒരു വലിയ ജനവിഭാഗം താമസിക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യ. അത്‌ ഒരു വിഭജിതരാഷ്ടം കൂടിയാണ്. ദരിദ്രരും സമ്പന്നരുമെന്ന കേവലമായ വിഭജനമല്ല അത്‌. ജാതീയമായും ഭാഷാപരമായും വിഘടിച്ച ഒരു രാജ്യം. വെളിയിലുള്ള ജിഹാദി ക്യാമ്പുകളെപ്പോലെത്തനെ, ഭീകരവാദത്തിന്‌ സുഗമമായി വളരാന്‍ പറ്റിയ ഒന്നാണ്‌ ഈ ആഭ്യന്തരമായ വിഭജനവും. ജിഹാദ്‌ എന്നത്‌ ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല. അന്താരാഷ്ട്ര കാരണങ്ങളുടെ പിന്‍ബലമില്ലാതെ, ഇന്ത്യയുടെ സ്വന്തം മണ്ണില്‍ വളര്‍ന്നുവലുതായ ജിഹാദികളുമുണ്ടെന്ന്‌ ആര്‍ക്കും കാണാനാവും. ഗാന്ധി വധത്തിലേക്കു നയിച്ച ഗൂഢാലോചനയിലെ തന്റെ പങ്ക്‌ തുറന്നു സമ്മതിക്കാനുള്ള വീരത്വമൊന്നും ഇല്ലാതിരുന്ന "വീര്‍" വിനായക്‌ സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു. 1992 ഡിസംബര്‍ 6-ലേക്ക്‌ വരാം. അന്നാണ്‌ ചില ഹിന്ദുമത ഭ്രാന്തര്‍ ബാബറി പള്ളി തകര്‍ത്ത്‌, ഇപ്പോഴും കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. 1992-ലെ ബോംബെ കലാപം മുതല്‍ക്ക്‌ ഇങ്ങോട്ട്‌, 193-ലെ ബോംബ്‌ സ്ഫോടനങ്ങളും, 2002-ലെ ഗുജറാത്ത്‌ വംശഹത്യയും, ചെറുതെങ്കിലും മാരകമായ നൂറുകണക്കിന്‌ മറ്റു ലഹളകളും, അങ്ങിനെ, വിഭജനാനന്തരമുള്ള രക്തരൂഷിതമായ 16 വര്‍ഷങ്ങളാണ്‌ കടന്നുപോയത്‌. പകരത്തിന്‌ പകരം ചോദിച്ചുകൊണ്ട്‌ നിലക്കാത്ത ചക്രം പോലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നു. ഹിറ്റ്‌ലറുടെ നിലപാടുകളോട്‌ ആരാധന പുലര്‍ത്തുന്ന ചില സംഘടനകളാണ്‌ ഹൈന്ദവമതഭീകരവാദത്തിന്റെ കേന്ദ്രബിന്ദു. ഈ ഹിറ്റ്‌ലര്‍ സ്നേഹികള്‍ ഇസ്രയേലിന്റെ ആരാധകരും സുഹൃത്തുക്കളുമാണെന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ്‌ മുസ്ളിം മതഭീകരതയുടെ ഭാഗത്ത്‌ അധികവുമുള്ളത്‌. ക്രൈസ്തവര്‍ക്കും ഹൈന്ദവഭീകരവാദത്തിണ്റ്റെ രുചിയറിയേണ്ടിവന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ, പ്രതികാരം നടപ്പിലാക്കാനുള്ള സംവിധാനങ്ങളൊന്നും അവര്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. നൂറ്റാണ്ടുകളോളം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടിവന്നിട്ടും, അക്രമത്തിലൂടെ തിരിച്ചടിക്കാന്‍ ദളിതുകളും ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല. അവരിലെ ചെറിയൊരു വിഭാഗം നക്സലൈറ്റുകളുടെ സായുധസമരത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞിട്ടുണ്ടെങ്കിലും.

പ്രതിരോധത്തിനുവേണ്ടി ഭീമമായ സംഖ്യ ചിലവഴിച്ചതുകൊണ്ടോ, സമുദ്രങ്ങളില്‍ കാവലേര്‍പ്പെടുത്തിയതുകൊണ്ടോ, സൈന്യത്തെയും പോലീസിനെയും അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണ്ടോ, അക്രമത്തിന്റെ അദ്ധ്യായം അവസാനിപ്പിക്കാനോ, ഇന്ത്യയെ സുരക്ഷിതത്വത്തിന്റെ കുമിളക്കകത്ത്‌ നിലനിര്‍ത്താനോ കഴിയില്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. ഇന്ത്യ എന്ന ആണവശക്തിയുടെ സൃഷ്ടി, കൂടുതല്‍ സുരക്ഷിതത്വത്തിലേക്കല്ല നമ്മെ നയിച്ചത്‌. പാക്കിസ്ഥാന്‍ എന്ന മറ്റൊരു ആണവശക്തിയുടെ സൃഷ്ടിയിലേക്കായിരുന്നു. അതുകൊണ്ട്‌, എത്ര വലിയ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവന്നാലും, അതിനൊന്നും നമ്മെ രക്ഷിക്കാനാവില്ല. ഇസ്രായേലിന്റെ മൊസ്സാദിനെയും അമേരിക്കയുടെ സി.ഐ.എ.യും എഫ്‌.ബി.ഐ.യെയും സുരക്ഷാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുന്നത്‌, രോഗാണു പകര്‍ത്തുന്നവര്‍ക്കുതന്നെ രോഗപ്രതിരോധകരാര്‍ നല്‍കുന്നതുപോലെ അസംബന്ധമാണ്‌. കൂടുതല്‍ വലിയ അടുത്ത ജിഹാദി ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുകയാണ്‌ നമ്മള്‍ നമ്മെത്തന്നെ.

ക്രമസമാധാനപാലനവും, നീതിന്യായവും മാധ്യമങ്ങളും

ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ഏതൊരു ഭീകര-വിരുദ്ധ നിയമവും കൂടുതല്‍ ഭീകരതയിലേക്കു മാത്രമേ നയിക്കുകയുള്ളു. അതുകൊണ്ടാണ്‌, 2002-ലെ മോഡിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതിന്‌ ആവശ്യത്തിലേറെ തെളിവുകള്‍ ഒളിക്യാമറകള്‍ നല്‍കിയിട്ടും, ഒരു ഹിന്ദുതീവ്രവാദിപോലും ശിക്ഷിക്കപ്പെടാതിരുന്നതും, എന്നാല്‍, ആയിരക്കണക്കിന്‌ മുസ്ളിം യുവാക്കള്‍ക്ക്‌ ജയിലുകളില്‍ കഴിയേണ്ടിവന്നതും. ബോംബെ ലഹളയില്‍ കുറ്റക്കാരെന്ന്‌ ജസ്റ്റീസ്‌ ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ശിവസേനയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. എല്ലാ പ്രതികളും രക്ഷപ്പെട്ടു. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലരെയൊക്കെ നിയമത്തിന്റെ കീഴില്‍ താത്ക്കാലികമായി കൊണ്ടുവന്നുവെങ്കിലും, ഒടുവില്‍ ഒരു പോറലുമേല്‍ക്കാതെ അവരെല്ലാവരും പുറത്തുവന്നു. എന്നാല്‍, 1993-ലെ ബോംബ്‌ സ്ഫോടനത്തില്‍ കുറ്റം ചുമത്തപ്പെട്ട പല മുസ്ളിമുകള്‍ക്കും കിട്ടിയത്‌ വധശിക്ഷയയിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മു

സ്ളിമുകള്‍ ജന്‍മനാ അക്രമികളാണെന്ന കെട്ടുകഥ സുഖമായി വിഴുങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങളും, നീതിന്യായസംവിധാനവും ക്രമസമാധാനസേനയും. ഭരണഘടന അനുവദിച്ച ജനാധിപത്യ പരിരക്ഷ ഇല്ലാതാക്കുനത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ. മതിയായ കാരണങ്ങളും തെളിവുകളുമില്ലാതെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ വ്യക്തികള്‍, നാളെ ഒരുപക്ഷേ തീവ്രവാദികളുടെ കയ്യിലെ ശക്തമായ ആയുധങ്ങളായി മാറാനുള്ള സാധ്യതകളും കാണാതിരുന്നുകൂടാ. ഇരട്ടത്താപ്പ്‌ ഇപ്പോഴേ ദൃശ്യമാണ്‌. സിമിയെ നിരോധിച്ചുവെങ്കിലും, ആര്‍.എസ്സ്‌.എസ്സും വി.എച്ച്‌.പി.യും, ബജ്‌റംഗദളും, ഇപ്പോഴും നിയമാനുസൃത സംഘടനകളായി വിലസുകയാണ്‌. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ സാമൂഹ്യവിദ്വേഷം പരത്തുന്ന ആഹ്വാനങ്ങള്‍ നിരവധി വടക്കേന്ത്യക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചത്‌ ഈയടുത്താണ്‌. അന്ന്‌ കൊല്ലപ്പെട്ടവരില്‍, കല്ല്യാണിലെ ദുബെ സഹോദരന്‍മാരുമുണ്ടായിരുന്നു. പത്തുരൂപ എന്ന നാമമാത്രമായ പ്രതിഫലത്തിന്‌ കാലങ്ങളായി രോഗികളെ ചികിത്സിച്ചുപോന്നിരുന്ന ഡോക്ടര്‍മാരായിരുന്നു ദുബെ സഹോദരന്‍മാര്‍. തന്നെ അറസ്റ്റു ചെയ്താല്‍ ബോംബെ ചുട്ടുചാമ്പലാകുമെന്ന്‌, തന്റെ അമ്മാവന്റെ പഴയ പ്രസംഗ ശൈലിയും ഭാഷയും കടമെടുത്ത്‌ പരസ്യമായി ഭീഷണി പുറപ്പെടുവിച്ച രാജ്‌ താക്കറെ ഇപ്പോഴും നിയമത്തിന്റെ വെളിയിലാണ്‌. ഗുജറാത്ത്‌ വംശഹത്യക്ക്‌ ചുക്കാന്‍ പിടിച്ച മോഡിയെ തൊടാനുള്ള ധൈര്യം പോലും നമ്മുടെ നീതിന്യായത്തിനുണ്ടായില്ല. 1984-ലെ സിഖ്‌ കലാപത്തിനു കാരണക്കാരായവരും സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നു. ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല. പോലീസിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്‌ പ്രശ്നം പരിഹരിക്കാന്‍ സഹായകമാവില്ല. നിയമങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും നടപ്പാക്കിയാല്‍ മാത്രമേ അതിനാകൂ.

ഹൈന്ദവഭീകരതയുടെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഭീകര-വിരുദ്ധ സംഘത്തലവന്‍ ഹേമന്ത്‌ കാര്‍ക്കറെ എന്ന സത്യസന്ധനായ പോലീസുദ്യോഗസ്ഥന്റെ മരണം വലിയൊരു ദുരന്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കേണല്‍ പുരോഹിതും കൂട്ടാളികളും ആ മരണം ആഘോഷിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌. നിരവധി മുസ്ളിമുകള്‍ കൊല്ലപ്പെട്ട മാലേഗാവ്‌ സ്ഫോടനത്തിലും, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പാക്കിസ്ഥാനി പൌരന്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഝോതാ എക്സ്പ്രസ്സ്‌ സ്ഫോടനത്തിലും മുസ്ളിമുകളെയായിരുന്നു, കര്‍ക്കറെ ചുമതലയേല്‍ക്കുന്നതുവരെ, പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയിരുന്നത്‌. രാജ്യത്തൊട്ടാകെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന, അതുവരെ ഏറെക്കുറെ അജ്ഞാതമായിരുന്ന ഒരു ഹൈന്ദവഭീകര സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുകൊണ്ടുവന്നത്‌ ഹേമന്ത്‌ കാര്‍ക്കറെയായിരുന്നു. ഹൈന്ദവ തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നു മാത്രമല്ല, ബി.ജെ.പി.യില്‍നിന്നുപോലും ഇതിന്‌ കാര്‍ക്കറെക്ക്‌ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ നിര്‍ബന്ധിതനാവുകപോലും ചെയ്തു അദ്ദേഹം. ഹെല്‍മെറ്റില്ലാതെ, പാകമാകാത്ത ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും ധരിച്ച്‌, വെറുമൊരു കൈത്തോക്കുമായി തീവ്രവാദികളെ നേരിടാന്‍ ഹേമന്ത്‌ കാര്‍ക്കറെയെ പ്രേരിപ്പിച്ചത്‌, അത്തരം സമ്മര്‍ദ്ദങ്ങളും വിമര്‍ശനങ്ങളുമായിരുന്നുവോ? അതോ, പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടും ഹൈന്ദവഭീകരതയെ തുറന്നുകാട്ടാന്‍ കാണിച്ച ജന്‍മസിദ്ധമായ ധൈര്യമായിരുന്നുവോ ആ എടുത്തുചാട്ടത്തിലേക്ക്‌ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്‌?

അതെന്തുതന്നെയായാലും, പല രൂപത്തിലുള്ള ജിഹാദികളും അന്തസ്സത്തയില്‍ ഒന്നുതന്നെയാണെന്ന വസ്തുതയിലേക്കാണ്‌ ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌. ബുഷിനെയും ബിന്‍ ലാദനെയും പോലെ. ആരൊക്കെ ചാവുന്നു എന്നതൊന്നും അവരിരുവര്‍ക്കും പ്രശ്നമേയല്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തീവ്രവാദി (ഇസ്ളാമിക?) ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇരുന്നൂറോളം പേരില്‍ ഭൂരിഭാഗവും മുസ്ളിമുകളായിരുന്നു. സ്വന്തം മതക്കാരുടെ വെടിയേറ്റ്‌ മരിച്ച അവരില്‍ പലരും, യു.പി.യിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക്‌ ഈദാഘോഷങ്ങള്‍ക്ക്‌ പുറപ്പെട്ടവരായിരുന്നു. വിചിത്രമെന്നു പറയട്ടെ, മാധ്യമങ്ങള്‍ ഈയൊരു കാര്യത്തിനെക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞതേയില്ല. വലിയയവരുടെ താജ്‌-ഒബ്‌റോയ്‌ ദുരന്തങ്ങളെക്കുറിച്ചായിരുന്നു അവര്‍ ആ ദിവസങ്ങളത്രയും വാചാലരായത്‌. യഥാര്‍ത്ഥ സുരക്ഷയും ആനന്ദവും വിദൂരസ്വപ്നമാവുകയും, മിഥ്യാസുരക്ഷിത ബോധത്തില്‍ നാളെ നാം ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്ന വിധം, യുദ്ധവെറിപിടിച്ച ഒരു പോലീസ്‌ രാഷ്ട്രം നിര്‍മ്മിക്കാന്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങിയിരിക്കുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്‌.

പൊതുസ്ഥലങ്ങളിലും നിര്‍ണ്ണായകമായ പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമില്ല എന്ന വാദമല്ല ഞാന്‍ മുന്നോട്ട്‌ വെക്കുന്നത്‌. യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യം പുനസ്ഥാപിക്കുകയും, ജനങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുകയും, ഇന്നത്തെ ആയുധപ്പന്തയത്തെ അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള മത്സരമായി മാറ്റുകയും, മതവിശ്വാസത്തെ യുക്തിചിന്തകൊണ്ട്‌ മാറ്റുരക്കുന്ന അന്തരീക്ഷത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ജീവിക്കാന്‍ കഴിയുകയും ചെയ്യേണ്ടതുണ്ട്‌. അതുവരെ, ഇത്തരം 'രാജ്യസ്നേഹി'കളുടെയും, മതഭ്രാന്തന്‍മാരുടെയും ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരും നമുക്ക്‌.

Monday, December 15, 2008

സലാം, മുംതാസിര്‍, സലാം

മും‌താസര്‍ അല്‍ സായ്‌ദി എന്ന റിപ്പോര്‍ട്ടര്‍ക്ക് ഈ ലേഖകന്റെ അഭിവാദ്യങ്ങള്‍.

ഔദ്യോഗിക ഭാഷ്യമനുസരിച്ചുതന്നെ, ഒന്നര ദശലക്ഷം ആളുകളെ വകവരുത്തുകയും ഏകദേശം അത്രതന്നെ ആളുകളെ അഭയാര്‍ത്ഥികളും, വിധവകളുമാക്കുകയും, ലക്ഷക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങളെ ഉപരോധം കൊണ്ട് കശാപ്പു ചെയ്യുകയും ചെയ്ത ബുഷ് എന്ന പട്ടിക്ക് മുംതാസര്‍ അല്‍ സായ്‌ദി നല്‍കിയ ഈ യാത്രയയപ്പ് ഉപഹാരം ഉചിതമായ ഒന്നായി.

വൈറ്റ് ഹൌസിന്റെ എക്കാലത്തെയും വലിയ ശാപമായ (പി.സായ്‌നാഥിന്റെ പ്രയോഗം) ജോര്‍ജ്ജ് ബുഷ് എന്ന പട്ടീ, നീയും, ബ്ലയറും, നിന്റെ ഷണ്ഡന്മാരായ ആ അന്താരാഷ്ട്ര കിങ്കരന്മാരും ഇത് അര്‍ഹിക്കുന്നുണ്ട്.

ഇത്ര ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഒരു യുദ്ധ-വിരുദ്ധ പ്രസ്ഥാനത്തിനും ആകില്ല. മും‌താസറിന്റെ പ്രവൃത്തിയെ അരാജകത്വമെന്നോ, ഭീകരവാദമെന്നോ, എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. എങ്കിലും, ആ അരാജകത്വവും ഭീകരവാദവുമാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ഇന്ന് അര്‍ഹിക്കുന്നത്. നിഷ്പഫലമായിപ്പോകുന്ന വലിയ വലിയ പ്രതിരോധങ്ങളേക്കാളൊക്കെ ശക്തിയുണ്ട് ഈയൊരു ചെരുപ്പേറിന്.

അവര്‍ അര്‍ഹിക്കുന്ന ഈ എളിയ സമ്മാനം ഉചിതമായ തരത്തിലും അവസരത്തിലും നല്‍കാന്‍ ധീരത കാണിച്ച മും‌താസറീനു ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

ഇറാഖിലെ ഇന്നത്തെയും നാളത്തെയും തലമുറ, ഇതിന് മുംതാസറിനോട് എന്നെന്നും നന്ദിയുള്ളവരുമായിരിക്കും.

Wednesday, December 10, 2008

കേരളത്തിന്റെ ചലച്ചിത്രോത്സവവും നഷ്ടനായികയും

(ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനം, അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ബ്ലോഗ്ഗിലേക്ക് സമര്‍പ്പിക്കുന്നു)

കേരളത്തിന്റെ ചലച്ചിത്രോല്‍സവവും നഷ്ടനായികയും

വിഗതകുമാരന്‍ എന്നാല്‍ നഷ്ടപ്പെട്ട ആണ്‍കുട്ടി എന്നാണര്‍ത്ഥം. മലയാളത്തിലെ ആദ്യ ചലച്ചിത്രത്തിന്റെ പേരാണത്‌. യഥാര്‍ത്ഥത്തില്‍ വിഗതകുമാരനിലെ നായികയായി വേഷമിട്ട പി.കെ റോസിയെ വിഗതകുമാരിയെന്നു വിശേഷിപ്പിക്കാവുന്നതാണ്. നഷ്ടപ്പെട്ട പെണ്‍കുട്ടി എന്നു നേരിട്ടു അര്‍ഥം പറയുന്നതിനേക്കാള്‍, ശ്രീപത്മനാഭസ്വാമി പള്ളികൊള്ളുന്ന തിരുവനന്തപുരിയിലെ മേലാളസാമൂഹ്യവിരുദ്ധന്മാരാല്‍ നഷ്ടപ്പെടുത്തപ്പെട്ട കീഴാളപ്പെണ്‍കുട്ടി എന്നു പറയുന്നതാണ് ശരി.

പ്രാരംഭകാലത്ത്‌ ഏതു പ്രദേശത്തുനിന്നു പുറത്ത്‌ വന്ന ചിത്രവും നിശ്ശബ്ദചിത്രമായിരുന്നു. എന്നാല്‍ വിഗതകുമാരന്‍ എന്ന നിശ്ശബ്ദ ചലച്ചിത്രം അതിലെ നായികയോടു കാട്ടിയ ക്രൂരതയാല്‍ ഒരു നാട്ടിന്റെ ചരിത്രത്തെക്കുറിച്ച് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദം, ജാതീയ വിഷം തീണ്ടിയ കേരളത്തില്‍ സമരത്തിന്റെ കൊമ്പുകള്‍ മുളച്ചുപൊന്തിയകാലമായിരുന്നു. നവീനകേരളത്തിനു വിത്തു വിതച്ച സംസ്കാരിക നവോത്ഥാനനായകന്മാര്‍ കേരളത്തില്‍ കലാപക്കൊടികളുയര്‍ത്തിയത്‌ ഇക്കാലത്തായിരുന്നു. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി വൈക്കത്തു സത്യാഗ്രഹം ആരംഭിച്ച അതേ വര്‍ഷം തന്നെയാണ്‌, ജെ.സി. ദാനിയല്‍, വിഗതകുമാരന്‍ എന്ന ചലച്ചിത്രം നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. നിര്‍മ്മാതാവും സംവിധായകനും നായകനടനും അദ്ദേഹം തന്നെ ആയിരുന്നു. വില്ലന്‍ കഥാപാത്രമായി ജോണ്‍സനെ നിശ്ചയിച്ചു. നായികനടിയെ കിട്ടാനായിരുന്നു ബുദ്ധിമുട്ട്‌. സിനിമയിലോ നാടകത്തിലോ സ്ത്രീകള്‍ അഭിനയിക്കുന്നത്‌ ഏറ്റവും വലിയ അപരാധമായി അന്നത്തെ കേരളീയ സമൂഹം കരുതിയിരുന്നു. അഖിലേന്ത്യാവ്യാപകമായി പത്രപ്പരസ്യം നല്‍കിയിട്ടും ജെ.സി. ദാനിയലിനു വിഗതകുമാരനിലെ നായികയായി നടിക്കുവാന്‍ ഒരു പെണ്‍തരിയെ കണ്ടെത്താനായില്ല. മുംബൈയില്‍ നിന്നെത്തിയ ലോന എന്ന നടിയെ പ്രതിഫലതര്‍ക്കത്തെ തുടര്‍ന്നു തിരിച്ചയക്കേണ്ടതായും വന്നു.ജോണ്‍സന്റെ ഉത്സാഹത്തിലാണു തൈക്കാട്ടു താമസിച്ചിരുന്ന റോസമ്മയെ ജെ.സി. ദാനിയലിന് കണ്ടെത്താന്‍ കഴിഞ്ഞത്‌.

പി.കെ.റോസി. അതായിരുന്നു അവരുടെ പേര്‍. തിരുവനന്തപുരത്തെ ഇന്നത്തെ കനകനഗര്‍ അന്നു ആമത്തറ ആയിരുന്നു.കോണ്‍ക്രീറ്റ് കാടിനു പകരം അവിടെ എള്ളും നെല്ലും മുതിരയും പയറും മാറി മാറി കൃഷി ചെയ്തിരുന്ന വിശാലമായ വയലുകളായിരുന്നു. ആ വയലോരത്തു പിറന്ന പെണ്‍കുട്ടിയാണു റോസമ്മ. കുട്ടിക്കാലത്തുതന്നെ വയലിറമ്പത്ത്‌ അരങ്ങേറിയ കക്കാരിശ്ശി നാടകത്തില്‍ കാല്‍ത്തളയിട്ട്‌ താളം തുള്ളിയ റോസമ്മ. കീഴാളരുടെ കലാരൂപങ്ങളിലഭിനയിക്കുവാന്‍ പുരുഷന്മാരോടൊപ്പം അവരുടെ സ്ത്രീകള്‍ക്കും അനുവാദം ലഭിച്ചിരുന്നു. മേലാളസമൂഹങ്ങളില്‍ ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നല്ലൊ. പട്ടത്ത്‌ ഇന്നത്തെ പബ്ബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടുത്താണ്‌ ജെ.സി. ദാനിയലിന്റെ ശാരദാവിലാസം സ്റ്റുഡിയോ സ്ഥിതിചെയ്തിരുന്നത്‌. ട്രാവന്‍ കൂര്‍ നാഷണല്‍ പിക്ചേര്‍സ്‌ എന്നായിരുന്നു ബാനര്‍.

എന്തായിരിക്കാം സിനിമപ്പുതുമഴ എന്നു കൗതുകപ്പെട്ട്‌ റോസി ക്യാമറയുടെ മുന്നില്‍ നിന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചു. കാക്കാരിശ്ശിനാടകം കളിച്ചപ്പോഴത്തെ കാണികളുടെ ആരവവും കയ്യടികളും അവളോര്‍ത്തിട്ടുണ്ടാകണം. ഇതു കാണികളാരുമില്ലാത്ത ഒരു നാടകമാണെന്നു കരുതിയിട്ടുണ്ടാകണം. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തുച്ഛമായ ഒരു തുകയും കോടി വസ്ത്രവും റോസമ്മക്കു ലഭിച്ചു.

സിനിമ റിലീസ്‌ ചെയ്തതു തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു സമീപമുള്ള ക്യാപ്പിറ്റോള്‍ തീയേറ്ററില്‍ ആയിരുന്നു. വലിച്ചു കെട്ടിയ വെള്ളസ്ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ഒരാള്‍ ഉച്ചത്തില്‍ കഥയും സംഭാഷണവുമൊക്കെ വിളിച്ചു പറയുകയും വേണം. അക്കാലത്തെ പ്രമുഖ അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപിള്ള ആയിരുന്നു മലയാളത്തിന്റെ ആദ്യ ചലച്ചിത്രത്തിന്റെ പ്രദര്‍ശനോല്‍ഘാടനം നിര്‍വഹിച്ചത്‌. വെള്ളിത്തിരയില്‍ റോസിയെ കണ്ടതോടുകൂടി സവര്‍ണ്ണമേധാവിത്തം കൊടികുത്തി വാണിരുന്ന തിരുവനന്തപുരത്തെ മേലാളപുരുഷന്മാര്‍ക്ക്‌ കലിയിളകി. “നിര്‍ത്തെടീ തേവടിശ്ശീ“ എന്നലറിക്കൊണ്ട്‌ തിരശ്ശീലക്കടുത്തേക്കു പാഞ്ഞു ചെന്നു. നിരപരാധികളായ കാണികള്‍ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ തീയേറ്റര്‍ നശിപ്പിച്ചു.

അത്രയും കൊണ്ട്‌ സവര്‍ണരോഷം അവസാനിച്ചില്ല. അവര്‍ ആയുധങ്ങളുമായി തൈക്കാട്ടേക്കു പാഞ്ഞു. കുപ്പമാടത്തില്‍ അവസാനിക്കേണ്ട ഒരു സാധു പുലയപ്പെണ്‍കുട്ടി മലയാള ചലചിത്രരംഗത്തേക്കു കടന്നുവരുന്നതു ചിന്തിക്കുവാന്‍ അന്നത്തെ വിഷം തീണ്ടിയ സവര്‍ണസമൂഹത്തിനു സാധിച്ചതേയില്ല. പി.കെ.റോസിയുടെ തൈക്കാട്ടെ ചെറ്റക്കുടില്‍ തീവൈക്കപ്പെട്ടു. മലയാളസിനിമയിലെ ആദ്യത്തെ നായികനടി പ്രാണന്‍ കയ്യിലെടുത്തോടി. കരമനയിലെത്തി. നഗര്‍കോവിലിലേക്കു പോവുകയായിരുന്ന പയ്‌നിയര്‍ട്രാവല്‍സ്‌ എന്ന ലോറിക്കുമുന്നില്‍ തൊഴുകൈകളോടെ നിന്നു. ഡ്രൈവറുടെ കാരുണ്യത്താല്‍ റോസിയുടെ ജീവന്‍ രക്ഷിക്കപ്പെട്ടു.

ഇത്രയൊക്കെയെ പി .കെ റോസിയെക്കുറിച്ചു കേരളീയര്‍ക്കു അറിയാന്‍ കഴിഞ്ഞിട്ടുള്ളു. മലയാളചലചിത്രരംഗം, അമ്മയെപ്പോലെ കണക്കാക്കേണ്ട പി കെ റോസിയെ അവഗണിക്കുകയായിരുന്നു. സവര്‍ണസമൂഹത്താല്‍ ആട്ടിയോടിക്കപ്പെട്ട മലയാളത്തിന്റെ പാവപ്പെട്ട ഈ താരത്തെപ്പൊലെതന്നെ ആട്ടിയോടിക്കപ്പെട്ടവളാണ്‌ കുറിയേടത്ത്‌ താത്രിക്കുട്ടിയും. പശ്ചാത്തലം രണ്ടാണെങ്കിലും ആട്ടിയോടിക്കപ്പെട്ട സ്ത്രീകള്‍ എന്ന നിലയിലവരുടെ കസേരകള്‍ ചേര്‍ത്തിടാവുന്നതാണ്‌. എന്നാല്‍ താത്രിക്കുട്ടി ഓടിപ്പോയ വഴിയെല്ലാം നമ്മള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അവരെ രക്ഷപ്പെടുത്തി ജീവിപ്പിച്ച തീവണ്ടി എഞ്ചിന്‍ ഡ്രൈറെക്കുറിച്ചും അനന്തര ജീവിതത്തെ ക്കുറിച്ചും നമ്മള്‍ ഗവേഷണം നടത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. സ്മാര്‍ത്തവിചാരത്തിന്റെ മിനിറ്റ്‌സ്‌ പോലും പ്രസിദ്ധീകരിക്കപ്പെട്ടു. കുറിയേടത്തു താത്രിക്കുട്ടിയെകുറിച്ചു ഒന്നാം നിരയിലെ എഴുത്തുകാര്‍ നോവലും കവിതയും എഴുതി. നാടകവും സിനിമയുമുണ്ടായി.

എന്നാല്‍ പി.കെ.റോസിയെകുറിച്ച്‌ അന്വേഷണത്തിന്റെ ചെറുകാറ്റുപോലും വീശിയില്ല. പി.കെ. റോസിയുടെ ജീവിതത്തെ കേന്ദ്രമാക്കി ഒരു ചെറു കവിത മാത്രമേ നമുക്കുള്ളു. ‘നടിയുടെ രാത്രി‘. എന്നാലിപ്പോള്‍ പി.കെ. റോസിയുടെ ജീവിതത്തെ സമഗ്രമായി അന്വേഷിച്ചു കൊണ്ട്‌ ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിരിക്കുന്നു. ‘നഷ്ടനായിക‘.

അവഗണനയുടെ തമോഗര്‍ത്തത്തിലേക്കു വലിച്ചെറിയപ്പെട്ട ഒരു പാവം അഭിനയക്കാരിയെ പൊതു മലയാളത്തിന്റെ മുഖപ്പിലേക്കു വിരല്‍ പിടിച്ചു കൊണ്ടുവന്നിട്ടുള്ളത്‌ വിനു എബ്രഹാം എന്ന യുവ നോവലിസ്റ്റാണ്‌. പതിനേഴ്‌ അദ്ധ്യായങ്ങളുള്ള ഈ നോവലില്‍ കണ്ണീരും ചോരയും പുരണ്ട വാക്കുളാല്‍ മലയാളത്തിലെ ആദ്യ ചലചിത്രത്തിന്റെ കഥ അനാവരണം ചെയ്തിരിക്കുന്നു.

ലോകത്ത് ഒരു ഭാഷയിലെയും ആദ്യ ചലചിത്ര താരത്തിനുണ്ടാകാത്ത അനുഭവമാണു നമ്മള്‍ മലയാളികള്‍ റോസിക്കു നല്‍കിയത്‌. ഇത്തരം ചരിത്രത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നതിനു പകരം അപമാനം കൊണ്ടു ശിരസ്സ്‌ കുനിക്കുകയാണ്‌ വേണ്ടത്‌.

ഓരോ ചലചിത്രോല്‍സവം വരുമ്പോഴും പി കെ റോസിയെ ഓര്‍മ്മിക്കണമെന്നു മനുഷ്യപക്ഷത്തു നില്‍ക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടാറുണ്ട്‌. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും അത്‌ ഉണ്ടായിട്ടില്ല. പതിമൂന്നാമത്‌ അന്താരാഷ്ട്ര ചലചിത്രോത്സവം തിരുവനന്തപുരത്ത്‌ ആരംഭിക്കുമ്പോള്‍ പി.കെ റോസി ഓര്‍മ്മിക്കപ്പെടും എന്നുള്ളതിന്‌ ഒരു ഉറപ്പുമില്ല.

Monday, December 1, 2008

മുംബൈ സംഭവവും മുസ്ലിമുകളും

ഹ്രസ്വമെങ്കിലും ശ്രദ്ധേയമായ ഒരു ലേഖനം. കൌണ്ടര്‍ പഞ്ചില്‍ താരിഖ് അലി എഴുതിയ The Assault on Mumbai, ഇതാ, ഇവിടെ.