Thursday, November 27, 2008

വീട്ടിലെ പ്രവാസികള്‍

(തെഹല്‍ക്കയില്‍, വിജയ്‌ സിംഹ എഴുതിയ In Exile, at Home എന്ന ലേഖനത്തിന്റെ പരിഭാഷ)

വെടിയുണ്ടകള്‍ക്ക്‌ മാംസത്തെ തുളക്കാനേ കഴിയൂ. പക്ഷേ ചിന്തകള്‍ക്ക്‌, ചിലപ്പോള്‍, ഒരു വംശത്തെ ഒന്നടങ്കം മായ്‌ച്ചുകളയാനാകും.

വിഘടനവാദം കാശ്മീരില്‍ 1990-കളില്‍ ശക്തിപ്രാപിക്കുമ്പോള്‍തന്നെ വെടിയുണ്ടകള്‍ ആവശ്യത്തിലേറെ രംഗത്തുണ്ടായിരുന്നു. എങ്കിലും അവയേക്കാളേറെയായി ഉണ്ടായിരുന്നത്‌, മറ്റു ചിലതാണ്‌. വെടിയുണ്ടകളുമായി അത്രയൊന്നും ബന്ധമില്ലെന്ന് തോന്നിയേക്കാവുന്ന മറ്റു ചിലത്‌. മുറുമുറുക്കലുകള്‍, പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍, ഉച്ചഭാഷിണികള്‍, തുടങ്ങിയവ. "എന്താണ്‌ നമുക്ക്‌ വേണ്ടത്‌? സ്വാതന്ത്ര്യം", "അതിര്‍ത്തികള്‍ കടന്ന് നമ്മള്‍ കലാഷ്‌നിക്കോവുകള്‍ വാങ്ങും", "പണ്ഡിറ്റിനെ വേണ്ട, ഭാര്യയെ മതി, ഞങ്ങള്‍ പാക്കിസ്ഥാന്‍ ഉണ്ടാക്കും". ഇതൊക്കെയായിരുന്നു അവയില്‍ ചില മുദ്രാവാക്യങ്ങള്‍.

ചില സമയങ്ങളില്‍ ഒന്നും പരസ്യമായി ചെയ്യേണ്ടതില്ലായിരുന്നു. ഒരു നോട്ടം, മാറിയ മുഖഭാവം. ഒരു സമൂഹത്തിന്റെ വിധിയുടെ നാഴികമണി ചലിക്കാന്‍ അത്‌ ധാരാളമായിരുന്നു. 62 വയസ്സുള്ള ടിക്ക ലാല്‍ ടാപ്ലൂ എന്ന അഭിഭാഷകനായിരുന്നു ആദ്യത്തെ ഇര. ജമ്മു-കാശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റായിരുന്നു ടിക്ക ലാല്‍. 1989 സെപ്തംബര്‍ 14-നാണ്‌ ശ്രീനഗറിനടുത്തുള്ള ഹബ്ബ കദല്‍ എന്ന സ്ഥലത്തുവെച്ച്‌ അദ്ദേഹം തോക്കിനിരയായത്‌. കാശ്മീര്‍ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ പ്രമുഖ വാസകേന്ദ്രമായിരുന്നു ആ സ്ഥലം. ടാപ്ലുവിന്റെ മൃതദേഹത്തെ അനുഗമിച്ച്‌ എല്‍.കെ.അദ്വാനി നടത്തിയ യാത്രക്കുനേരെ മുഖംമൂടിയണിഞ്ഞ വിഘടനവാദികള്‍ കല്ലേറ്‌ നടത്തുകയും കടകമ്പോളങ്ങള്‍ ബലം പ്രയോഗിച്ച്‌ അടപ്പിക്കുകയും ചെയ്തു.

അതിനുശേഷം ഏകദേശം നാലു ലക്ഷം കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീരില്‍നിന്ന് അപ്രത്യക്ഷരായി. അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്നു. അപ്പോഴും അതിനുശേഷവും അദ്ദേഹത്തിനും ഒന്നും ചെയ്യാനായില്ല. മസിലുകളേക്കാള്‍ ശക്തി തലച്ചോറിനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അഭിമാനികളായ ഒരു സമൂഹത്തിന്‌, നിവൃത്തിയില്ലാതെ പലായനം ചെയ്യേണ്ടിയും വന്നു. ജമ്മുവിന്റെ സുരക്ഷയിലേക്ക്‌ അഭിമാനം നഷ്ടപ്പെടുത്തി ഒരു പലായനം.

പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ബി.ജെ.പി. ഇപ്പോഴും പണ്ഡിറ്റുകളോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവര്‍ക്കുതന്നെ അതില്‍ അത്രകണ്ട്‌ വിശ്വാസം പോരാ. വിഭജനാനന്തരമുള്ള ഇന്ത്യന്‍ പാഠങ്ങളുടെ വില മനസ്സിലാക്കിയ കോണ്‍ഗ്രസ്സും കപടനാട്യങ്ങളില്‍ കഴിയുകയാണ്‌. കാശ്മീരുമായി ബന്ധപ്പെട്ട ഏതിനെയും കുറിച്ച്‌ വാചാലരാവുന്ന നഷണല്‍ കോണ്‍ഫറന്‍സിനും ഈ വിഷയം തൊടാന്‍ ധൈര്യമില്ല. ചെയ്യുന്ന പ്രവൃത്തികളെയൊക്കെ ഏതുവിധേനയും ന്യായീകരിക്കേണ്ട ഗതികേടിലായിരിക്കുന്ന പി.ഡി.പി.യാകട്ടെ, ഇപ്പോഴും വെറുപ്പ്‌ മാത്രം സമ്പാദിച്ചുകഴിഞ്ഞുപോരുന്നു. ഇപ്പോള്‍ നടക്കുന്ന ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പണ്ഡിറ്റുകളുടെ വോട്ട്‌ ലക്ഷ്യമാക്കി, ഇവിടെ സന്ദര്‍ശിക്കാന്‍ ധൈര്യം കാട്ടുന്ന പാര്‍ട്ടികളും, മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായെങ്കിലും ഒരു രാത്രി ഈ അഭയാര്‍ത്ഥിക്യാമ്പില്‍ ചിലവഴിക്കാന്‍ മിനക്കെടുന്നവരും കണ്ടേക്കാം.

എങ്കില്‍ അവര്‍ക്ക്‌ മിക്കവാറും കാണാന്‍ കഴിയുന്നത്‌ ഇതാ ഇതൊക്കെയായിരിക്കും:

പ്രവാസികളെന്ന് എല്ലാവരാലും വിളിക്കപ്പെടുന്ന ഈ പണ്ഡിറ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍, ജീവിതം എന്നത്‌, മിക്കവാറും രണ്ടടിയില്‍ ഒതുങ്ങുന്ന ഒന്നാണ്‌. അസ്‌ബസ്റ്റോസിന്റെ മേല്‍ക്കൂരയും നാലു ചുമരുകളുമുള്ള ഈ കുടുസ്സു ലോകത്ത്‌, പാത്രം കഴുകാന്‍ രണ്ടടി വെച്ചാല്‍ മതി, രണ്ടടി വെച്ചാല്‍ ഭക്ഷണം കഴിക്കാനുള്ള സ്ഥലം, രണ്ടടി വെച്ചാല്‍ ശീവോതിക്കൂട്‌, രണ്ട്‌ ചുവട്‌ അകലെ ടെലിവിഷന്‍, ഭാര്യയുടെ അടുത്തേക്ക്‌ രണ്ട്‌ ചുവടുകള്‍. സെക്സ്‌, ഇവിടെ, അപാരമായ ഒരു കണ്‍കെട്ടു വിദ്യയാണ്‌ ആവശ്യമില്ലെങ്കിലും അമ്മമ്മാര്‍ അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കെന്ന് പറഞ്ഞ്‌ തഞ്ചത്തില്‍ ഒഴിഞ്ഞുനില്‍ക്കും. ചെറിയ കുട്ടികളാണെങ്കില്‍, വീട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും ആരും കാര്യമാക്കാറില്ല.

പുറത്തേക്കിറങ്ങിയാല്‍, ഒരുസമയത്ത്‌ ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന ഗല്ലികള്‍. രണ്ടുപേര്‍ ഒരേസമയം വന്നാല്‍, അല്‍പ്പം തിങ്ങി ഞെരുങ്ങിവേണം കടക്കാന്‍. രണ്ടിലധികം പേര്‍ വന്നാല്‍ ഗതാഗത തടസ്സമായി. രാവിലെയായാല്‍ വയസ്സായ പുരുഷന്മാരും സ്ത്രീകളും, കയ്യില്‍ ഒരു വിശറിയുമായി വഴിവക്കില്‍ വന്നിരുന്ന്, ആളുകളെയും കടന്നുപോകുന്ന വാഹനങ്ങളെയും നോക്കി സമയം പോക്കും. മരിക്കാന്‍ പോകുന്നവരുടെ നിസ്സംഗഭാവത്തോടെ, ഉച്ചക്ക്‌ ഊണ്‌ കാലമാവുന്നതുവരെ അവര്‍ ആ വഴിവക്കില്‍ കഴിയും. ഇരുട്ടാവുമ്പോള്‍ വീടിന്റെ ഉള്ളിലേക്ക്‌ പിന്‍വലിയും.

ബബിത റൈനക്ക്‌ 24 വയസ്സ്‌. സുന്ദരിയാണ്‌. ചെറുപ്പം. ആറുവയസ്സുള്ളപ്പോള്‍ വന്നതാണ്‌ ഇവിടെ. സമയം അതിക്രമിക്കുന്നു എന്ന് അവള്‍ക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. "എന്റെ ജീവിതത്തെക്കുറിച്ചാണെങ്കില്‍ ഒന്നും സുഖമുള്ളതല്ല. നിങ്ങളൊന്ന് ചുറ്റും നോക്കൂ. എനിക്കെന്തു ചെയ്യാന്‍ കഴിയും ഈയൊരു മുറിയിലിരുന്ന്. ചിന്തിക്കാനോ, ദേഷ്യം പിടിക്കാനോ പോലും ആവുന്നില്ല. ക്യാമ്പില്‍ താമസിക്കുന്നതുകൊണ്ട്‌ നല്ല ആലോചനകളും വരുന്നില്ല. കഴിഞ്ഞയാഴ്ച ഒരു ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതേയുള്ളു. അപ്പോഴേക്കും ഞാന്‍ അവനുമായി പ്രണയത്തിലാണെന്ന് ഇവിടെ പാട്ടായി" ബബിത പറയുന്നു. കുറച്ചുനേരം അവള്‍ ചുമരിലേക്ക്‌ നോക്കിയിരുന്നു. എന്നിട്ട്‌ കരയാന്‍ തുടങ്ങി. പ്രലോഭനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ വഴങ്ങുന്ന പ്രകൃതമായി കഴിഞ്ഞിരിക്കുന്നു അവളുടേത്‌. ക്യാമ്പില്‍ നിന്ന് രക്ഷിക്കാം എന്ന വാഗ്ദാനവുമായി അരെങ്കിലും ഒരുത്തന്‍ വന്നാല്‍ അവള്‍ ഓടിപ്പോകും.

അമ്പിളിമാമനെ വേണമെന്ന അത്യാഗ്രഹമൊന്നും അവള്‍ക്കില്ല. കമ്പ്യൂട്ടറില്‍ ഒരു ഉന്നതബിരുദം എങ്ങിനെയെങ്കിലും തരമാക്കി ഒരു ജോലി സമ്പാദിച്ച്‌ സ്ഥലം വിടണം എന്ന ഏറ്റവും പരിമിതമായ ആഗ്രഹം മാത്രം ഉള്ളിലൊതുക്കുന്നവള്‍. "ഡോക്ടര്‍ എന്ന വാക്ക്‌ കേള്‍ക്കാന്‍ എന്തൊരു സുഖമാണ്‌. ഒരു ഡോക്ടറാവണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, പരമാവധി കിട്ടാന്‍ ഇടയുള്ളത്‌, ദില്ലിയില്‍ എന്തെങ്കിലും കമ്പ്യൂട്ടര്‍ ജോലി മാത്രമായിരിക്കും".

ഞായറാഴ്ചകളാണ്‌ ദുസ്സഹം. എല്ലാവരും വീട്ടിലുണ്ടാകും. മുറിയില്‍ മൂടിക്കെട്ടി ഇരിക്കും അവള്‍. കത്തിന്റെ മേല്‍വിലാസത്തില്‍, 'ഒറ്റമുറി നമ്പര്‍ 117, മുത്തി ക്യാമ്പ്‌' എന്ന് എഴുതേണ്ടിവരാത്ത ഒരു നാള്‍ മാത്രമേ താന്‍ പുനര്‍ജ്ജനിക്കൂ എന്ന് അവള്‍ വിശ്വസിക്കുന്നു.

പതിനെട്ടു വര്‍ഷം എന്നത്‌ ദീര്‍ഘമായ ഒരു കാലയളവാണ്‌. അത്രനാള്‍ വീടു വിട്ടുനില്‍ക്കേണ്ടിവരുന്ന ഒരാള്‍, കാലക്രമത്തില്‍ മറ്റുള്ളവര്‍ക്ക്‌ അനഭിമതനും അപരിചിതനുമായി മാറുന്നു. കാശ്മീരാകട്ടെ, കത്തിക്കൊണ്ടിരിക്കുകയാണ്‌. പുരോഗമനകാരികളായ മുസ്ലിമുകള്‍ക്കും പണ്ഡിറ്റുകളെ തിരികെ വിളിക്കാന്‍ ധൈര്യമില്ല. കയ്യും കാലും നഷ്ടപ്പെടേണ്ടിവരുന്നത്‌ അവര്‍ക്ക്‌ ആലോചിക്കാനാവുന്നില്ല. ജമ്മുവിലെ ഹിന്ദുക്കളും അവരെ പരമാവധി ഉപദ്രവിക്കുന്നു.

രാജ്‌നാഥ്‌ ധറിന്‌ 44 വയസ്സായി. ആറുവര്‍ഷങ്ങള്‍ക്കുമുന്‍പു മാത്രമാണ്‌ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ അയാള്‍ക്കൊരു ജോലി തരപ്പെട്ടത്‌. മാസം 6000 രൂപ കിട്ടും. അമ്പത്‌ വയസ്സാകുമ്പോഴേക്കും എണ്ണായിരം രൂപ കിട്ടിയാല്‍ ഭാഗ്യം. ആശങ്കപ്പെടാന്‍ ഒരു മകളുമുണ്ട്‌. അല്‍പ്പം പണം അവളുടെ പേരില്‍ ഇടാന്‍ കഴിഞ്ഞാല്‍ അവളുടെ കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നു.

"ഇപ്പോള്‍ പേരിനെങ്കിലും ഒരു ജോലിയുണ്ട്‌. രാവിലെ ബസ്സില്‍ കയറാം. 12 വര്‍ഷമായി എന്നും രാവിലെ ഞാന്‍ ആറുമണിക്ക്‌ എഴുന്നേല്‍ക്കും. തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരനെ ഉണര്‍ത്തി, ഉച്ച വരെ പരദൂഷണം പറഞ്ഞും, പത്രം വായിച്ചും, കാരംസും വോളിബോളും ക്രിക്കറ്റ്‌ കളിച്ചും സമയം കളയും. ഉച്ചക്കുശേഷം ടി.വിയിലെ ന്യൂസും കേട്ട്‌ ഇരുട്ടുന്നതുവരെ ഇരിക്കും. വര്‍ഷങ്ങളോളം ഇതുപോലെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ എന്താകും മനുഷ്യന്റെ സ്ഥിതി?

ഇടക്കെപ്പോഴെങ്കിലും സംസ്ഥാനം ഒന്ന് സടകുടഞ്ഞ്‌ ഉണരും. മാസങ്ങള്‍ക്കുമുന്‍പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഈ പ്രവാസികളെ സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം അദ്ദേഹവും കണ്ടു. താമസിക്കാന്‍ ഒരു ചെറിയ കൂരയുള്ളതുകൊണ്ട്‌ മഴയും വെയിലും കൊള്ളാതെ കഴിയാം. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം നിങ്ങള്‍ക്ക്‌ നഷ്ടമാകും. പ്രധാനമന്ത്രിയേക്കാള്‍ ഏതാനും വയസ്സിനുമാത്രം മൂത്ത ഒരു വൃദ്ധന്‍ തന്റെ വീടിന്റെ ചെറിയ വാതില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ "ഞാന്‍ മരിച്ചാല്‍, എങ്ങിനെയാണ്‌ എന്റെ ദേഹം അവര്‍ പുറത്തേക്കെടുക്കുക?" എന്ന് ചോദിച്ചപ്പോള്‍ സിംഗ്‌ കരഞ്ഞുവത്രെ.

അതിന്റെ തുടര്‍ ‍നടപടിയെന്നോണം, പണ്ഡിറ്റുകള്‍ക്കുവേണ്ടി ഏതാനും കോടികളുടെ ഒരു പദ്ധതി മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചു. ജമ്മുവില്‍നിന്ന് അല്‍പ്പമകലെ ഒരു പുതിയ ടൗണ്‍ഷിപ്പില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് സിംഗ്‌ വെളിപ്പെടുത്തി. അത്രയേ പ്രധാനമന്ത്രിക്ക്‌ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പണ്ഡിറ്റുകളുടെ മനസ്സിലെ ഭയാശങ്കകള്‍ അകറ്റാന്‍ അദ്ദേഹത്തിനെക്കൊണ്ടാവില്ല. മുസ്ലിമുകളുടെ മനസ്സിലെ വിദ്വേഷം മായ്ക്കുക എന്നതും അദ്ദേഹത്തിന്‌ അസാധ്യമായ കാര്യമാണ്‌.

മുറിവുകള്‍ ഉണങ്ങാതെ കിടക്കും. പ്രത്യേകിച്ചും, പലായനം ചെയ്യുന്ന പണ്ഡിറ്റുകള്‍ സഹായത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നത്‌, നിങ്ങളെപ്പോലെ മറ്റൊരു കാശ്മീരി പണ്ഡിറ്റിനോടാണെന്നുവരുമ്പോള്‍. 1989-ല്‍, കാശ്മീരില്‍നിന്ന് പണ്ഡിറ്റുകള്‍ ജമ്മുവിലേക്ക്‌ ധാരാളമായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍, ജില്ലാ കളക്ടറായിരുന്നത്‌ വിജയ്‌ ബകായ എന്ന കാശ്മീരി പണ്ഡിറ്റായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും പോംവഴികളോ, പണമോ, ഈ ആളുകളെ താമസിപ്പിക്കാന്‍ ആവശ്യമായ സ്ഥലമോ ഒന്നും ഉണ്ടായിരുന്നില്ല. " എന്റെ വീടിന്റെ തൊട്ടുമുന്‍പിലാണ്‌ അവരെ കൊണ്ടുവന്ന ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നത്‌. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവര്‍. ജീവിതത്തില്‍ ആദ്യമായി സ്വന്തം ഗ്രാമത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ പ്രായമായ സ്ത്രീകളും, കോളേജില്‍ പഠിക്കുന്ന ചെറുപ്പക്കാരും എല്ലാമുണ്ടായിരുന്നു ആ കൂട്ടത്തില്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട്‌ അവരുമായി അടുപ്പംവെക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുകൊണ്ട്‌ ഒന്നും ചെയ്യുന്നില്ല എന്ന് ചോദിച്ച്‌ എന്റെ ഭാര്യയും അമ്മയും ദിവസവും എന്നോട്‌ കലഹിക്കാറുണ്ടായിരുന്നു" ബകായ ഓര്‍മ്മിക്കുന്നു.

നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നതുവരെ, ശ്രീനഗര്‍ എന്ന ശൈത്യനഗരത്തിനെ മാത്രം കണ്ട്‌ പരിചയിച്ചവരായിരുന്നു കാശ്മീരിലെ പണ്ഡിറ്റുകള്‍. തീര്‍ത്തും അപരിചിതമായ ലോകമായിരുന്നു അവര്‍ക്ക്‌ ജമ്മു. ചൂടും പൊടിയും നിറഞ്ഞ പേടിപ്പിക്കുന്ന ഒരു നഗരം. ജമ്മുവില്‍ അവര്‍ കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെ പാമ്പുകളും അസ്വസ്ഥരായി. പല പണ്ഡിറ്റുകളും സര്‍പ്പദംശനമേറ്റു മരിച്ചു. വേറെ ചിലര്‍ സൂര്യാഘാതമേറ്റും. "ജമ്മുവില്‍ സര്‍പ്പവിഷത്തിനുള്ള മരുന്ന് ലഭ്യമായിരുന്നില്ല. ദില്ലിയില്‍നിന്ന് വേണമായിരുന്നു അത്‌ വരാന്‍. മറ്റൊന്ന് ഐസിന്റെ പാളികളുടെ ആവശ്യമായിരുന്നു. അഭയാര്‍ത്ഥികേന്ദ്രങ്ങളിലെ ഉഷ്ണം ലഘൂകരിക്കാന്‍, അധികാരികള്‍ക്ക്‌ ധാരാളമായി ഐസ്‌പാളികള്‍ കൊണ്ടുവരേണ്ടിവന്നു".

"ഭരണകൂടം ആകെ അങ്കലാപ്പിലായി. അവര്‍ പോംവഴികള്‍ ആലോചിച്ചു തുടങ്ങി. ഒടുവില്‍, ഈ അഭയാര്‍ത്ഥിപ്രശ്നം പരിഹരിക്കാന്‍ ഒരേയൊരു വഴിയേയുള്ളു എന്ന് അവര്‍ക്ക്‌ മനസ്സിലായി. തിരിച്ചുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്ന വിധത്തില്‍, അവരുടെ ജീവിതം ദുസ്സഹമാക്കുക എന്ന മാര്‍ഗ്ഗം. അങ്ങിനെയാണ്‌ ഈ ഒറ്റമുറി താവളങ്ങള്‍ നിലവില്‍വന്നത്‌. വെറും ചേരി. ചൂടില്‍നിന്നും മഴയില്‍നിന്നും രക്ഷപ്പെടാം എന്നതൊഴിച്ച്‌ മറ്റൊരു ഗുണവുമില്ലാത്ത, തീര്‍ത്തും ശോചനീയമായ ക്യാമ്പുകള്‍. പണ്ഡിറ്റുകളുടെ ജീവിതം അസഹനീയമാക്കുക. എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുപോകേണ്ടിവരും എന്ന് അവരെക്കൊണ്ട്‌ സ്വയം തോന്നിപ്പിക്കുക. അതായിരുന്നു ലക്ഷ്യം. "ചില മുറികളില്‍ പത്തുപേര്‍ വരെ താമസിച്ചിരുന്നു. ദയനീയമായിരുന്നു" ബകായ പറഞ്ഞു.

ഉദ്യോഗസ്ഥന്മാരുടെ ഇത്തരം നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇത്‌ ഉദ്യോഗസ്ഥന്മാരെ കൂടുതല്‍ കുഴക്കി. ഭയപ്പെടേണ്ട പ്രത്യേക സ്ഥിതിവിശേഷങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കാശ്മീരില്‍നിന്ന് പലായനം ചെയ്ത ഭീരുക്കളാണ്‌ പണ്ഡിറ്റുകളെന്നും, ജമ്മുവിലും അവര്‍ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമുള്ള രീതിയില്‍ ഉദ്യോഗസ്ഥന്മാര്‍ പ്രചരണം നടത്താന്‍ ആരംഭിച്ചു. "എന്തിനാണവര്‍ പലായനം ചെയ്തത്‌ എന്ന വലിയൊരു ചോദ്യം എന്റെ മനസ്സിലും അന്ന് ബാക്കിനിന്നിരുന്നു" ബകായ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ശ്രനഗറില്‍വെച്ചാണ്‌, തന്റെ ചോദ്യത്തിനുള്ള ഉത്തരം ബകായക്ക്‌ കിട്ടിയത്‌.

"1990-കള്‍. അന്ന് ഞാന്‍ ശ്രീനഗറിലായിരുന്നു. ഷാര്‍ ഇ-ഷെറീഫ്‌ (മുസ്ലിമുകളുടെ പുണ്യദേവാലയം) അഗ്നിക്കിരയായി. ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 12 മണിയായിട്ടുണ്ടാകും. അടുത്തുള്ള ഒരു പള്ളിയില്‍നിന്ന് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. ഞാന്‍ ബാല്‍ക്കണിയില്‍ ചെന്നു നിന്നു നോക്കി. പള്ളിക്കു പുറത്ത്‌ ആളുകള്‍ ജാഥയായി പോകുന്നു. പള്ളിയില്‍നിന്ന് ടേപ്പിലൂടെ ഉച്ചത്തില്‍ ദുഷിച്ച മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. "നിങ്ങള്‍ക്ക്‌ കാശ്മീരില്‍ കഴിയണമെങ്കില്‍, അള്ളാഹു അക്‍ബര്‍ മുഴക്കിയേ തീരൂ", "ഏതു നിയമമാണ്‌ നമുക്കിവിടെ വേണ്ടത്‌? ശരിയത്തിന്റെ നിയമം".

"എന്റെ ഹൃദയം ശക്തിയായി മിടിച്ചു. ആ ടേപ്പുകള്‍ കേട്ട്‌ എന്റെ ഹൃദയം ഇത്രയധികം മിടിക്കണമെങ്കില്‍, ആ പണ്ഡിറ്റുകള്‍ക്ക്‌ അത്‌ എത്ര ഭയാനകമായി അനുഭവപ്പെട്ടിരിക്കണം? പണ്ഡിറ്റുകളുടെ ഭാഗത്ത്‌ ന്യായമുണ്ട്‌. സമീപത്ത്‌ അയല്‍ക്കാരാരുമില്ല. പോലീസിന്റെ റോന്തുചുറ്റലോ, സുരക്ഷയോ ഒന്നുമില്ല. എന്റെ മനസ്സിലെ ചോദ്യത്തിന്‌ അപ്പോഴാണ്‌ തൃപ്തികരമായ ഉത്തരം കിട്ടിയത്‌" ബകായ നെടുവീര്‍പ്പിട്ടു.

എന്തായാലും, ക്യാമ്പിലെ ചോദ്യങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നില്ല. ഓരോ കുടുംബത്തിനും പ്രതിമാസം 4000 രൂപയും, ഒമ്പത്‌ കിലോ അരിയും രണ്ട്‌ കിലോ ഗൊതമ്പുപൊടിയും ഒരു കിലോ പഞ്ചസാരയും കിട്ടും. പ്രാണന്‍ കിടക്കാന്‍ മാത്രമുള്ള ഒരു മിനിമം ഏര്‍പ്പാട്‌.

മുത്തി ക്യാമ്പിലാണ്‌ 39 വയസ്സുള്ള സഞ്ജയ്‌ റാസ്ദാനും അമ്മയും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്‌. 33 വയസ്സില്‍ വിവാഹിതനായ അയാള്‍ക്ക്‌ ഒരു ജോലി തരപ്പെട്ടത്‌ മുപ്പത്തഞ്ചാം വയസ്സിലായിരുന്നു. ശ്രീനഗറിലുള്ള തന്റെ കുടുംബ വീട്‌ മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു മുസ്ലിമിന്‌ അയാള്‍ അഞ്ചു ലക്ഷത്തിനു വിറ്റു. ക്യാമ്പില്‍നിന്ന് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നില്ല. "കാലം കുറച്ചായി. ജമ്മുതാഴ്‌വരയിലെ പണ്ഡിറ്റുകള്‍പോലും ഞങ്ങളുമായി ഇടപഴകുന്നില്ല. ഒരു അഭയാര്‍ത്ഥിയായിത്തന്നെ എന്റെ ജീവിതം ഒടുങ്ങുകയേയുള്ളു".

ഇക്കൂട്ടത്തില്‍ താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിക്കുന്നയാളാണ്‌, ദില്ലിയില്‍, അല്‍ക്കാട്ടല്‍ കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായി ജോലിനോക്കുന്ന 28-കാരനായ അശോക്‌ പണ്ഡിത്‌. ദില്ലി മെട്രോയില്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌ ജോലി ചെയ്യുന്നു അശോക്‌. ആ നിലയിലെത്താന്‍ വളരെയധികം ക്ലേശിക്കേണ്ടിവന്നു അശോകിന്‌. "കുപ്‌വാരയിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹിന്ദു കുടുംബമായിരുന്നു ഞങ്ങളുടേത്‌. വീട്ടില്‍ വാള്‍നട്ട്‌ കൃഷിയും ചിനാര്‍ മരങ്ങളും ഉണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ചിലയാളുകള്‍ അപ്രത്യക്ഷരാവുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചുവരുകയും ചെയ്യും. എവിടേക്കാണവര്‍ അപ്രത്യക്ഷമാകുന്നത്‌ എന്ന ചോദ്യം എന്നെ കുട്ടിക്കാലത്ത്‌ വല്ലാതെ അലട്ടിയിട്ടുണ്ട്‌“”.

“എന്റെ ഒരു അദ്ധ്യാപകന്‍ ഒരിക്കല്‍ എന്നോടും എന്റെ മുസ്ലിം സുഹൃത്തിനോടും ഞങ്ങളുടെ രാജ്യത്തിന്റെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഹിന്ദുസ്ഥാന്‍ എന്നും അവന്‍ പാക്കിസ്ഥാന്‍ എന്നുമാണ്‌ മറുപടി പറഞ്ഞത്‌. അന്ന് എനിക്കതിന്റെ വ്യത്യാസം മനസ്സിലായിരുന്നില്ല. പിന്നെ ഒരു ദിവസം സിയാ-ഉള്‍ ഹക്ക്‌ കൊല്ലപ്പെട്ടു. ഞാന്‍ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. പക്ഷേ, സിയ മരിച്ചപ്പോള്‍, അവര്‍ സ്കൂളിന്‌ രണ്ടുദിവസത്തെ അവധി കൊടുത്തു. ഇന്ദിരാഗാന്ധി മരിച്ച ദിവസവും എന്റെ ഓര്‍മ്മയിലുണ്ട്‌. അന്ന് ഞങ്ങളുടെ സ്കൂളില്‍ ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. ഒരു മാസത്തെ അവധിയാണ്‌ അന്ന് പ്രഖ്യപിച്ചത്‌". പണ്ഡിത്‌ പറഞ്ഞു.

"ഒരു ദിവസം കുപ്‌വാരയില്‍ മുസ്ലിം നേതൃത്വത്തില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനം കഴിഞ്ഞ്‌ പിരിഞ്ഞുപോന്നവര്‍ പോലീസിനും സൈന്യത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടു. അവര്‍ ഒരു സൈനികനെയും കൊന്നു. സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പില്‍, നിരവധി മുസ്ലിമുകള്‍ കൊല്ലപ്പെടാന്‍ ഇടയായി. ഞങ്ങളുടെ ഗ്രാമത്തിലെ സംഭവങ്ങളുടെ തുടക്കം അതില്‍നിന്നാണ്‌.

കുട്ടികളോട്‌ കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞുകൊടുക്കാന്‍, പണ്ഡിതയുടെ അച്ഛന്‌ മനസ്സുവന്നില്ല. അതുകൊണ്ട്‌, ഒരു വിനോദയാത്രക്കു പോകുന്നുവെന്നു പറഞ്ഞ്‌, അദ്ദേഹം കുടുംബത്തെയും കൂട്ടി ജമ്മുവിലേക്ക്‌ പുറപ്പെട്ടു.

"ഞാന്‍ ആഹ്ലാദിച്ചു. കാരണം, അതുവരെയും, ജമ്മു ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ക്രിക്കറ്റ്‌ ബാറ്റും പന്തുമൊക്കെ വീട്ടില്‍ ഉപേക്ഷിച്ചു ഞങ്ങള്‍ പോയി. പശുവിനെയും കൂടെ കൊണ്ടുപോയില്ല. കുറച്ചുകൂടി പ്രായമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ വീടുപേക്ഷിക്കാന്‍ തയ്യാറാവുകയില്ലായിരുന്നു".

"ജമ്മുവില്‍ ഞങ്ങള്‍ക്ക്‌ പലതും അനുഭവിക്കേണ്ടിവന്നു. സ്കൂളുകളില്‍ പ്രവേശനം കിട്ടി. പരീക്ഷകളില്‍ നല്ല മാര്‍ക്കോടെ പാസ്സാവാനും സാധിച്ചു. പക്ഷേ, ഇത്‌, നാട്ടുകാരില്‍ ചിലര്‍ക്ക്‌ അത്ര രുചിച്ചില്ല. ദിവസവും ഹിന്ദുക്കളുമായി ഏറ്റുമുട്ടേണ്ട സ്ഥിതിയായി. ആദ്യമൊക്കെ ഞങ്ങള്‍ക്ക്‌ അരക്ഷിതബോധം തോന്നിയിരുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു. പക്ഷേ, കാശ്മീരിലെ തീവ്രവാദികളേക്കാള്‍ ഞങ്ങള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ വെറുക്കുന്നത്‌ ജമ്മുവിലെ ഹിന്ദുക്കളെയാണ്‌. ഞങ്ങള്‍ക്കൊരു കഷ്ടകാലം വന്നപ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്‌ ചെയ്തത്‌. എനിക്ക്‌ ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഏതുവിധേനയും പഠിച്ച്‌ ഇവിടെനിന്ന് രക്ഷപ്പെടുക".

“ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കാറ്റിലും കോളിലും ടെന്റുകള്‍ പറന്നുപോകാതിരിക്കാന്‍, നിരവധി രാത്രികളില്‍ ഞങ്ങള്‍ക്ക്‌ ഉറക്കമിളക്കേണ്ടിവന്നിട്ടുണ്ട്‌. നാട്ടുകാരായ ഹിന്ദുക്കള്‍ ഞങ്ങളെ ഭീരുക്കളെന്ന് കളിയാക്കി. ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ പണ്ഡിറ്റുകളുടെ നിസ്സംഗത്വം എന്നെ അരിശം കൊള്ളിച്ചു. ആയിടയ്ക്കാണ്‌ കാശ്മീരി പണ്ഡിറ്റുകള്‍ക്ക്‌ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസത്തിനുള്ള ഒരു പദ്ധതി ബാല്‍താക്കറെ കൊണ്ടുവന്നത്‌. ആ ക്വാട്ടയില്‍ എനിക്ക്‌ പ്രവേശനം കിട്ടി. അങ്ങിനെയാണ്‌ ജല്‍ഗാവോണില്‍നിന്ന് ഞാന്‍ എഞ്ചിനീയറിംഗ്‌ പാസ്സായത്‌. ബാല്‍താക്കറെയോട്‌ കടപ്പെട്ടിരിക്കുന്നു ഞാന്‍." പണ്ഡിത പറഞ്ഞു.

ജമ്മുവിലെ പണ്ഡിറ്റുകള്‍ എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ ഇപ്പോഴും പണ്ഡിതിന്റെ ഞെട്ടല്‍ മാറുന്നില്ല. തങ്ങള്‍ക്ക്‌ അനുവദിച്ച ഫ്ലാറ്റുകള്‍ കിട്ടാന്‍ അവര്‍ക്കിടയില്‍ മത്സരമാണ്‌. നല്ല വീട്‌ കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുക്കുവാന്‍ പോലും അവര്‍ക്ക്‌ മടിയില്ല. സ്വന്തം ആളുകളെത്തന്നെ ദ്രോഹിക്കാനും അവര്‍ക്ക്‌ ഒരു മനസ്സാക്ഷിക്കുത്തുമില്ല. "ഇത്രയൊക്കെ അനുഭവിക്കേണ്ടിവന്നിട്ടും, ഈ നിലയിലേക്ക്‌ ഞങ്ങള്‍ അധപ്പതിച്ചുവല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു" പണ്ഡിത്‌ പറയുന്നു.

പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്‌ ചിലര്‍. അതിനായി, പുതിയൊരു സംഘടനയും അവര്‍ രൂപീകരിച്ചിരിക്കുന്നു. ജമ്മു-കാശ്മീര്‍ ദേശീയ ഐക്യമുന്നണി (Jammu and Kashmir National United Front-JKNUF) എന്നാണ്‌ സംഘടനയുടെ പേര്‍. 2008, ആഗസ്റ്റ്‌ 4-ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ JKNUF-നെ ഒരു രാഷ്ട്രീയസംഘടനയായി അംഗീകരിച്ചു. 10,000 അംഗങ്ങളുള്ളതില്‍ ആറായിരവും നാല്‍പ്പതുവയസ്സിനു താഴെയുള്ളവരാണെന്ന് ഇതിന്റെ നേതാക്കള്‍ പറയുന്നു. പതിനഞ്ചോളം സീറ്റുകളില്‍ JKNUF-ന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്‌. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവസിപ്പിക്കുക, ചെറുപ്പക്കാരായ പണ്ഡിറ്റുകളെ സൃഷ്ട്യുന്മഖമാക്കുക, കാശ്മീരി ഹിന്ദുക്കള്‍ക്ക്‌ സീറ്റുകള്‍ സംവരണം ചെയ്യുക, ഇതൊക്കെയാണ്‌ പാര്‍ട്ടിയുടെ അജണ്ടകള്‍.

ജമ്മുവിലേക്ക്‌ പലായനം ചെയ്ത വിജയ് ചികാന്‍ എന്ന പണ്ഡിറ്റിന്റെ കഥ കേള്‍ക്കാം. കാശ്മീരില്‍ സ്വന്തമായി ഒരു ഫാക്ടറി നടത്തുകയായിരുന്ന അയാള്‍, എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. തന്റെ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയും താനുമായി വളരെ നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന ഒരു മുസ്ലിം യുവാവ്‌ ഒരിക്കല്‍ സംശയാസ്പദമായി പിന്തുടരുന്നത്‌ കണ്ട്‌, അയാള്‍ ഒരു ഇറച്ചിക്കടയിലേക്ക്‌ കയറി തത്‌ക്കാലം ഒഴിഞ്ഞു മാറി. പിറ്റേന്ന് ആ മുസ്ലിം യുവാവിനോട്‌ കാരണം അന്വേഷിച്ചപ്പോള്‍, സ്വകാര്യമായി ചിലത് സംസാരിക്ക്കാനുണ്ടെന്ന് അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് രാത്രി വിജയ് ചികാന്‍ ജമ്മുവിലേക്ക്‌ നാടുവിട്ടു. തന്നെ കൊല്ലാന്‍ ആരോ ചിലര്‍ ആ യുവാവിനെ ശട്ടം കെട്ടിയിരുന്നുവെന്നും അയാള്‍ പിന്നീട്‌ അറിഞ്ഞുവത്രെ.

പ്രവാസജീവിതം അയാളുടെ കാഴ്ചപ്പാടുകളെ കഠിനമാക്കിയിരിക്കുന്നു. പണ്ഡിറ്റുകളുടെ കാര്യം മാത്രമേ ഇന്ന് അയാളുടെ മനസ്സിലുള്ളു. "ജമ്മുവില്‍നിന്ന് പണ്ഡിറ്റുകള്‍ ധാരാളമായി ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ എന്നെ ആശങ്കപ്പെടുത്തുന്നു. മിശ്രവിവാഹങ്ങളും ഇനി വര്‍ദ്ധിക്കാന്‍ ഇടയുണ്ട്‌. അത്‌ ഞങ്ങളുടെ സ്വത്വം നഷ്ടപ്പെടാന്‍ ഇടയാക്കും. 5000 വര്‍ഷം പഴക്കമുള്ള ജീനുകളാണ്‌ ഞങ്ങള്‍ പണ്ഡിറ്റുകളുടേത്‌. അതിനെ ശുദ്ധവും സുരക്ഷിതവുമാക്കി നിര്‍ത്തിയാലേ ഞങ്ങളുടെ സംസ്കാരത്തെ നിലനിര്‍ത്താന്‍ സാധിക്കൂ. മുതിര്‍ന്ന പണ്ഡിറ്റുകളുമായി ചര്‍ച്ച ചെയ്യാനോ ഒന്നും പുതിയ തലമുറക്ക്‌ താത്‌പര്യമില്ല. കമ്പ്യൂട്ടര്‍ ജാതകപ്പൊരുത്തവുമൊക്കെ നോക്കി അവര്‍ ഈ വംശം നശിപ്പിക്കും".

പണ്ഡിറ്റുകളുടെയിടയില്‍ പരസ്പരവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രാജ്യം എന്തുകൊണ്ട്‌ തങ്ങളുടെ രക്ഷക്കു വന്നില്ലെന്ന് അത്ഭുതപ്പെട്ടിരുന്നു അവര്‍ ഒരുകാലത്ത്‌. എങ്കിലും ഇന്ന്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പഞ്ചാരവാക്കുകളും വാഗ്ദാനങ്ങളുമായി വരുമെന്ന് അവര്‍ക്കറിയാം. എങ്കിലും ദുരിതങ്ങള്‍ ഒരിക്കലും തീരാന്‍ പോകുന്നില്ല. തങ്ങളുടെ വോട്ടിന്‌ വിലയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗം, എല്ലാവരും ഒരു സ്ഥലത്തുതന്നെ കേന്ദ്രീകരിക്കുക എന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ ടൗണ്‍ഷിപ്പുകള്‍ക്കുവേണ്ടി അവര്‍ ആവശ്യം ഉന്നയിക്കുന്നത്‌.

"ഓരണ്ട്‌ രണ്ട്‌, ഈരണ്ട്‌ നാല്‌"...സഞ്ജയ്‌ റസ്ദാന്റെ കുടിലില്‍ അയാളുടെ മകന്‍ കാര്‍ത്തിക്‌ ഗുണനപ്പട്ടിക പഠിക്കുന്ന ശബ്ദം കേട്ടു. ഒരു നാള്‍ ശരിക്കുള്ള കണക്ക്‌ അവന്‍ മനസ്സിലാക്കും. കണക്കുകള്‍ ചോദിക്കുകയും ചെയ്തേക്കും. ശരിക്കുള്ള ഉത്തരം ആരുടെയെങ്കിലും കയ്യില്‍ ഉണ്ടാകാതെ വരില്ല.പരിഭാഷകക്കുറിപ്പ്‌:

ഒരു ലേഖനം എഴുതുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യുമ്പോള്‍, എന്തിനത്‌ ചെയ്തു എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്ത്വമൊന്നും അതെഴുതുന്നയാളില്‍നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും, ആ എഴുത്ത്‌, അയാളുടെ ചില നിലപടുകളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനം തന്നെയായിരിക്കും എന്നും തീര്‍ച്ചയാണ്‌.

ചില സമയങ്ങളില്‍, ലേഖനങ്ങളിലെ ചില ഭാഗങ്ങളോടെങ്കിലും, ആശയപരമായ വിയോജിപ്പുകള്‍ ഉണ്ടായെന്നും വന്നേക്കാം. ഈയൊരു ലേഖനത്തിലും അതുണ്ട്‌ എന്ന് അറിയിക്കട്ടെ.

പൊതുവായ ദുരന്തങ്ങള്‍ നേരിടുമ്പോഴും 'അയ്യായിരം വര്‍ഷത്തെ ജീനുകളുടെ മാഹാത്മ്യവും, വംശശുദ്ധിയും' ഉള്ളില്‍ കൊണ്ടുനടക്കുകയും, സമൂഹത്തിന്റെ ഭാഗധേയത്തിനും, സ്വന്തം വിധിക്കും ഒരുപോലെ പുറംതിരിഞ്ഞിരുന്ന് വെയില്‍ കായുകയും ചെയ്യുന്ന 'പണ്ഡിറ്റു'കളോട്‌ ഈയൊരു വിയോജിപ്പാണ്‌ ഇതെഴുതുന്നയാള്‍ക്കുള്ളത്‌. ബീഹാറിലെ ഹിന്ദുവിനെ തെരുവിലിട്ട്‌ കൊന്ന് കൊലവിളിക്കുകയും കാശ്മീരിലെ ഹിന്ദുവിന്‌ പഠിക്കാനുള്ള സ്കോളര്‍ഷിപ്പ്‌ കൊടുക്കുകയും ചെയ്യുന്ന പ്രാദേശിക/മത വാദത്തിന്റെ കപടവേഷങ്ങളെയും അവരുടെ ഉന്മാദത്തെയും അയാള്‍ തിരിച്ചറിയേണ്ടതും പ്രധാനം തന്നെയാണ്‌. സെക്യുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തികചേരിക്കു മാത്രമേ മനുഷ്യസമുദായത്തെ നിലനിര്‍ത്താനും സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കാനും കഴിയൂ എന്ന്, എത്രവട്ടം അലറിപ്പറഞ്ഞാലാണ്‌ മനസ്സിലാവുക?

കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ, ഫലസ്തീന്‍ പ്രശ്നംപോലെ ഏറെക്കുറെ സങ്കീര്‍ണ്ണമാണ്‌. ഒരുമിച്ച്‌ ജീവിച്ചിരുന്ന രണ്ട്‌ സമുദായങ്ങളില്‍ ഒരു (ഉപ)വിഭാഗത്തിന്‌ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവരിക എന്ന ദുരന്തമാണ്‌ ഈ ഇരുചരിത്രപരിസരങ്ങളിലും ഉണ്ടായിട്ടുള്ളത്‌. കുര്‍ദുകളും, അര്‍മീനിയക്കാരും, ബംഗാളികളും, ബര്‍മ്മയിലെ റൊഹിയങ്കകളും, തിബത്തന്‍ ബുദ്ധഭിക്ഷുക്കളും എല്ലാം അനുഭവിക്കുകയും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രദുരന്തങ്ങളുടെ തുടര്‍ച്ചതന്നെയാണ്‌ കാശ്മീരിലെ പണ്ഡിറ്റുകളുടേതും. കഥയും ചരിത്രവും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കാം. എങ്കിലും അവരെയെല്ലാം ഒരുപോലെ കൂട്ടിയിണക്കുന്ന ഒരേയൊരു കണ്ണി, ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അവരുടെ ദുരന്തവിധിതന്നെയാണ്‌.

എന്നാല്‍, സാമ്രാജ്യത്വവും മതാധിഷ്ഠിത ദേശീയതകളും ഒരുമിച്ചും വെവ്വേറെയും നടത്തുന്ന (ഇപ്പോഴും നടത്തിവരുന്ന) അപകടകരമായ കളികളുടെ ഇരകളാണ്‌ ഇവരെല്ലാം, എന്നുകൂടി ഇവിടെ നമ്മള്‍ കാണാതെപോകരുത്‌.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച്‌ എഡ്വേഡ്‌ സയ്‌ദ്‌ പ്രകടിപ്പിച്ച അസാമാന്യമായ ഉള്‍ക്കാഴ്ചയുടെ കാതല്‍ വ്യക്തമാക്കുന്ന ചില വരികള്‍ കൂടി ഇവിടെ ഉദ്ധരിക്കുന്നത്‌ അസ്ഥാനത്താകില്ലെന്ന് കരുതുന്നു.

"...പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്‌, എല്ലാ പൗരന്മാരും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല....ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌..... വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല".

അതാത്‌ സമൂഹങ്ങളുടെ ഭാഗധേയങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആത്യന്തികമായി ആ സമൂഹങ്ങളില്‍തന്നെയാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌ എന്ന വിവേകം, ദേശീയതകള്‍ക്കും, അവയുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്കും ഉണ്ടാകേണ്ടതും ആവശ്യമാണ്‌.

Monday, November 24, 2008

പോപ്പ് തിരുമേനി അറിയാന്‍

വത്തിക്കാനില്‍ വാണരുളുന്ന ഞങ്ങളുടെ അഭിവന്ദ്യപിതാവേ,

നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ.

നമ്മുടെ തന്നെ ഒരു സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ സംഭവം ഉണ്ടായിരിക്കുന്നത്‌. ആ മരണം ഒരു കൊലപാതകമൊന്നുമല്ലെന്നും, ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ആ സഹോദരി അറിയാതെ ചെയ്ത ഒരു കടുംകൈ ആണെന്നും എല്ലാവര്‍ക്കും അറിവുള്ളതുമാണ്‌. ഇവിടുത്തെ ഈ കമ്മ്യൂണിസ്റ്റ് ചെകുത്താന്‍മാര്‍ക്കും ഇത്‌ അറിയാം. എങ്കിലും, നമ്മുടെ സഭയെ മനപ്പൂര്‍വ്വം അവഹേളിക്കാനും കരിവാരിത്തേക്കാനുമായിട്ടാണ്‌ ഈയൊരു പുതിയ ആരോപണവുമായി വന്നിരിക്കുന്നത്‌.

കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ പ്രമുഖനായ തോമസ്‌ കോട്ടൂര്‍ എന്ന മുതിര്‍ന്ന സഹോദരന്‍ പണ്ടുമുതലേ സാത്വികനും, ബി.എം.സി.യില്‍ വാദ്ധ്യാരു പണി ചെയ്യുന്ന അന്നുതൊട്ടേ, കുട്ടികള്‍ക്കിടയില്‍ (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കിടയില്‍) നല്ല പേരുള്ള മാന്യദേഹവുമായിരുന്നു. അദ്ദേഹത്തിന്റെ കണ്മുന്നില്‍ കഴിവതും പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ മനസ്സു വെക്കാറുണ്ടായിരുന്നു എന്ന്‌ നേരിട്ട്‌ ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ളതുമാണ്‌. അറിയാതെയെങ്കിലും ഒരു പുരോഹിതന്റെ മനശ്ശാസ്ത്രം തങ്ങളായിട്ട്‌ തെറ്റിപ്പോവരുതല്ലോ എന്നു കരുതിയിട്ടായിരുന്നു ആ പെണ്‍കുട്ടികള്‍ ആ വിധത്തില്‍ ഒഴിഞ്ഞുനടന്നിരുന്നത്.

മറ്റു രണ്ടു പ്രതികള്‍ക്കും ആ കോളേജുമായി ബന്ധമുണ്ടായിരുന്നുവെന്നും, സെഫി എന്ന സഹോദരി തോമസ്‌ കോട്ടൂരിന്റെ ശിഷ്യയായിരുന്നു എന്നും അങ്ങയ്ക്ക്‌ അറിയാമായിരിക്കുമല്ലോ. ഈ മൂന്നു ഇടയരെ രക്ഷിക്കാന്‍ ഞങ്ങള്‍ ഇടയലേഖനം ഇറക്കുന്നുണ്ട്‌. ഇവരുടെ കഴിയുംവേഗമുള്ള മോചനത്തിലേക്ക്‌ പ്രാര്‍ത്ഥനകളും ഞങ്ങള്‍ നടത്താന്‍ പോകുന്നു. ഇതുകൊണ്ടെല്ലാം വല്ല ഗുണമുണ്ടാകുമോ എന്നൊന്നും അറിയില്ല പിതാവേ.

അടുത്തിടക്ക്‌ ഞങ്ങള്‍ ഒന്നിനുപിന്നാലെയൊന്നായി ഇറക്കിയ ഇടയലേഖനങ്ങളൊന്നും ഫലിക്കാതെ വന്നതില്‍ കുണ്‌ഠിതപെട്ട്‌ കഴിയുമ്പോഴാണ്‌ കര്‍ത്താവിന്റെ കൃപയാല്‍, ഞങ്ങളുടെ എളിയ ബുദ്ധിയില്‍ ഈ ഒരു വഴി തെളിഞ്ഞത്‌.

ഇവരെ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി ഉടന്‍ പ്രഖ്യാപിക്കുക. അവര്‍ നിരപരാധികളാണെന്നും, ഇനി, അഥവാ, അവര്‍ക്ക്‌ അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍തന്നെ, അത്‌ ദൈവനിയോഗമായിരുന്നുവെന്നു കരുതി വിട്ടേക്കാനും ആവശ്യപ്പെടുക. ഇനി, അത്‌ ദൈവനിയോഗമായിരുന്നില്ലെന്നുതന്നെ വെക്കുക. എന്നാലെന്താണ്‌? നമ്മുടെ ചില കുഞ്ഞാടുകള്‍ നമ്മുടെതന്നെ മറ്റൊരു കുഞ്ഞാടിനെ എന്തെങ്കിലും ചെയ്താല്‍ ഇവറ്റകള്‍ക്കെന്തു കാര്യം, വന്ദ്യപിതാവേ? ഇത്ര വലിയ കോലാഹലമൊക്കെ എന്തിനാണ്? ശയനസുഖം തേടിനടക്കുന്ന ശബരിമല തന്ത്രിയും ശങ്കരാചാര്യരും, നാലല്ല വേണ്ടിവന്നാല്‍ നാല്‍പ്പതും കെട്ടാം എന്ന് ഈത്തയൊലിപ്പിച്ച നടക്കുന്ന ആ മുതുക്കന്‍ മുസല്യാരുമാരുമൊക്കെ മദം പൊട്ടി നടക്കുന്നില്ലേ? അവരുടെ കഥകളൊക്കെ തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ നമ്മുടെ ഇടയന്മാരെ മാത്രം എന്തിനാണിങ്ങനെ ഈ ചെകുത്താന്മാര്‍ വേട്ടയാടുന്നത്‌?

അതുകൊണ്ടാണ്‌ പറഞ്ഞത്‌, നമുക്കിവരെ മൂന്നുപേരെയും ഉടനടി വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി പ്രഖ്യാപിക്കാം എന്ന്‌. എങ്കില്‍ പിന്നെ ഒരു പട്ടിയും ഒന്നും ചോദിക്കില്ല.

ഇനി, അതുകൊണ്ടൊന്നും ഇവര്‍ പഠിക്കുന്നില്ലെങ്കില്‍ പിന്നെ, പിതാവ് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതന്നാല്‍ മതി. എന്തു ചെയ്യണമെന്ന്‌ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഗുണ്ടായിസമെങ്കില്‍ ഗുണ്ടായിസം. നമ്മള്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ല. ദോഷം പറയരുതല്ലോ, ഈ സന്ന്യാസിമാരും മൊല്ലാക്കമാരും ആരും ആ ഒരു കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. ഈ വര്‍ഗ്ഗങ്ങളൊക്കെ ആ കമ്മ്യൂണിസ്റ്റ് ചെകുത്താന്റെ ശത്രുക്കളാണ് . അവരുടെയൊക്കെ പിന്തുണ നമുക്കുണ്ടാകും പിതാവേ. ശങ്കിക്കേണ്ട.

ആയതിനാല്‍, കഴിയുന്നതും വേഗം അതിനുള്ള നടപടിക്രമങ്ങളൊക്കെ ചെയ്യാന്‍ അപേക്ഷ. ദിവ്യാത്ഭുതങ്ങള്‍ക്ക്‌ തെളിവുവേണം, ദൃക്‌സാക്ഷികള്‍ വേണം, സമയം വേണം, എന്നൊന്നും വാശിപിടിച്ചേക്കരുത്‌ പിതാവേ. കോണ്‍വന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത്‌ ദിവ്യാത്ഭുതമാണ്‌ ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക?

തിരുവസ്ത്രമണിഞ്ഞ നമ്മുടെ പല ഇടയന്മാരെയും സഹോദരിമാരെയും കുറിച്ചൊക്കെ ഇടക്കിടക്ക് ഈ വിധത്തില്‍ അപവാദങ്ങള്‍ പുറത്തുവരുന്നുണ്ട് പിതാവേ. ഈയടുത്താണ്‌ നമ്മുടെ ഒരു കുഞ്ഞാട്‌ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. അതിനും ആളുകള്‍ നമ്മെ കുറ്റം പറയാന്‍ തുടങ്ങിയതാണ്‌. കര്‍ത്താവിന്റെ കൃപയാല്‍, അത്‌ തേഞ്ഞുമാഞ്ഞുപോയിയെന്ന്‌ തോന്നുന്നു. ആ സഹോദരി കുഞ്ഞാടിന്റെ ആത്മാവിന്‌ നമുക്ക്‌ നിത്യശാന്തി നേരാം. എങ്കിലും നമ്മുടെ മറ്റൊരു മുതിര്‍ന്ന ഇടയസഹോദരിയുടെ നേരെ ആക്ഷേപത്തിന്റെ ഒരു വിരലുയര്‍ത്തിയാണ്‌ ആ കഞ്ഞാട് ജീവിതം അവസാനിപ്പിച്ചതെന്ന്‌ ആലോചിച്ചിട്ട്‌ സങ്കടവും വരുന്നു പിതാവേ. സഹനത്തിന്റെ പാത പിന്തുടരണമെന്നല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നും പഠിച്ചിട്ടുള്ളത്‌. എന്നിട്ട്‌ ആ കുഞ്ഞാട് ചെയ്തതോ? ലൈംഗികപീഡനം പോലുള്ള ചെറിയ സഹനങ്ങള്‍ പോലും സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ്‌ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. ബുദ്ധിമോശം, അല്ലാതെന്തു പറയാന്‍.

എന്തുചെയ്യാം. ആരെയും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ, ലൈംഗികത എങ്ങിനെയാണ്‌ പീഡനമാവുക പിതാവേ? ഒരു സുഖമല്ലേ അത്‌? അതും ഒളിഞ്ഞും മറഞ്ഞും ചെയ്യുന്നതിന്റെ ഒരു സുഖം. അയ്യോ ക്ഷമിക്കണേ. സങ്കടം മൂത്തപ്പോള്‍ ആര്‍ക്കാണ്‌ കത്തെഴുതുന്നത്‌ എന്നൊക്കെ ഒരുവേള മറന്നുപോയി. പിതാവ്‌ മാപ്പാക്കണം. അല്ല, ഇതൊന്നും കേട്ടാല്‍ ഇളകുന്ന ആളല്ല പിതാവ്‌ എന്നും അറിയാം.

പറഞ്ഞുവന്നത്‌, ഈ അഭയകുഞ്ഞാടിന്റെ പേരും പറഞ്ഞ്‌ നമ്മളെ ഒതുക്കാമെന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെകില്‍ ആ കളി തീക്കളിയാകുമെന്നാണ്‌. വേണ്ടിവന്നാല്‍, നൂറ്‌ അഭയമാരെത്തന്നെ നമ്മള്‍ കിണറ്റിലിട്ട്‌ കര്‍ത്താവിന്റെ അടുക്കലേക്ക്‌ പാര്‍സലായി അയക്കും. എത്രയായാലും അവര്‍ ഇന്നല്ലെങ്കില്‍ നാളെ കര്‍ത്താവിന്റെ മണവാട്ടിമാരാകേണ്ടവരല്ലേ പിതാവേ? അത്‌ അല്‍പ്പം നേരത്തെയാക്കുന്നതില്‍ എന്താണൊരു തെറ്റ്‌?

അതുകൊണ്ട്‌, കഴിയുന്നതും വേഗം നമ്മുടെ കോട്ടൂരച്ചനെയും പുതൃക്ക അച്ചനെയും, സെഫി സിസ്റ്ററെയും അങ്ങ്‌ വിശുദ്ധരായി പ്രഖ്യാപിക്കണം. ഒട്ടും താമസിക്കരുത്‌. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ദൈവശുശ്രൂഷകളും നടത്താന്‍ അങ്ങ് കരുണകാണിക്കുകയും വേണം. ഇനി, കഴിയുമെങ്കില്‍, ആ അഭയക്കൊച്ചിന്റെ ശവം മാന്തിയെടുത്ത്‌ തെമ്മാടിക്കുഴിയില്‍ ഇടാന്‍ സാധിച്ചാല്‍, അത്‌ ഏറെ ഉത്തമമാകും പിതാവേ. നമ്മുടെ സഭക്ക്‌ കളങ്കം വരുത്തിവെക്കാന്‍ നിമിത്തമായ ആ കുഞ്ഞാടിനെ നരകത്തിലേക്കയക്കാന്‍ കര്‍ത്താവിനോട്‌ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണം.


എന്ന്
വന്ദ്യപിതാവിന്റെ സ്വന്തം
കേരള ഇടയ സംഘം


PS: നമ്മുടെ സമുദായത്തിലെ മക്കള്‍ സ്കൂളിലും പുറത്തും, മറ്റുള്ള കുട്ടികളുമായി ഇടപഴകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും, ഓരോ സമുദായംഗവും ഒഴിവുവേളകള്‍ സന്താനോത്‌പാദനപരമായി ഉപയോഗിച്ച്‌ നമ്മുടെ ജനസംഖ്യ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിക്കാന്‍‌കൂടി ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ.

കര്‍ത്താവിന്റെയും അഭിവന്ദ്യപിതാവിന്റെയും കൃപാകടാക്ഷങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്

Sunday, November 9, 2008

ഒബാമ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

കടപ്പാട്‌: (The Independent-ല്‍ റോബര്‍ട്ട്‌ ഫിസ്ക്‌ എഴുതിയ Obama has to pay for eight years of Bush's delusions എന്ന ലേഖനത്തിന്റെ പരിഭാഷ)


വാഷിംഗ്‌ടണില്‍ നടക്കുന്ന ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ ആറു അള്‍ജീരിയക്കാര്‍ക്കുവേണ്ടി ഹാജരായ അമേരിക്കന്‍ അഭിഭാഷകര്‍ക്ക്‌ 9/11-നു ശേഷമുള്ള അമേരിക്കന്‍ ഇന്റലിജന്‍സിനെക്കുറിച്ച്‌ വിചിത്രമായ ചില സംഗതികള്‍ അറിയാന്‍ ഇടവന്നു. അമേരിക്കന്‍ ചാരന്‍മാരും ലോകമൊട്ടുക്കുള്ള അവരുടെ നിരവധി 'സ്രോതസ്സുക'ളും നല്‍കിയ ദശലക്ഷം വരുന്ന 'അസംസ്കൃത' വിവരങ്ങളുടെ കൂട്ടത്തില്‍, മദ്ധ്യ-പൂര്‍വ്വദേശത്തെക്കുറിച്ചുള്ള സി.ഐ.എ.യുടെ ഒരു പ്രത്യേക മുന്നറിയിപ്പായിരുന്നു അവയിലൊന്ന്‌. ദക്ഷിണ പസഫിക്കിലെ ഒരു പ്രത്യേക ദ്വീപില്‍ അമേരിക്കന്‍ നാവിക ആസ്ഥാനത്തിനെതിരെ വ്യോമാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആ റിപ്പോര്‍ട്ടില്‍ ഒരേയൊരു കുഴപ്പം മാത്രമേയുള്ളു. പ്രസ്തുത ദ്വീപില്‍ അമേരിക്കയുടെ ഏതെങ്കിലും നാവിക ആസ്ഥാനമോ, ഏഴാം പടക്കപ്പല്‍ വ്യൂഹമോ (Seventh Fleet) ഒന്നും നിലവിലുണ്ടായിരുന്നില്ല എന്നു മാത്രം. കിഴക്കന്‍ ഏഷ്യയിലെ ഒരു അമേരിക്കന്‍ സൈനിക താവളത്തിന്റെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ്‌ മാളില്‍, ഒസാമ ബിന്‍ ലാദന്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ കണ്ടു എന്നും ഇതിനുമുന്‍പൊരിക്കല്‍ അമേരിക്കന്‍ സൈനികാന്വേഷണ വിഭാഗം 'കണ്ടെത്തി'യിരുന്നു.

'തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ട'ത്തില്‍ അമേരിക്കയെ സഹായിക്കാന്‍ നിയുക്തരായ അതേ ആളുകളാണ്‌ ഇത്തരം അസംബന്ധങ്ങള്‍ ലോകമാസകലം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ അതിശയകരമായി തോന്നിയേക്കാം. എങ്കിലും, ഇക്കഴിഞ്ഞ എട്ടു വര്‍ഷക്കാലം ബുഷ്‌ ഭരണകൂടം കഴിഞ്ഞിരുന്നത്‌ ഇത്തരത്തിലൊരു ഭ്രമാത്മകലോകത്തായിരുന്നു. ഷോപ്പിംഗ്‌ നടത്താന്‍ ഒസാമ ബിന്‍ ലാദന്‍ ഒരു അമേരിക്കന്‍ സൈനികതാവളത്തില്‍ വന്നുവെന്ന്‌ വിശ്വസിക്കാനാകുമെങ്കില്‍ പിന്നെയെന്താണ്‌ നിങ്ങള്‍ക്ക്‌ വിശ്വസിച്ചുകൂടാത്തത്‌? നിങ്ങള്‍ തടവിലാക്കുന്ന എല്ലാവരും തീവ്രവാദികളാണെന്നും, അറബികളെല്ലാവരും തീവ്രവാദികളാണെന്നും, അവരെയൊക്കെ ഉന്‍മൂലനം ചെയ്യുന്നത്‌ തെറ്റല്ലെന്നും, ജീവിച്ചിരിക്കുന്ന തീവ്രവാദികളെ പീഡിപ്പിക്കാമെന്നും, പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്ന മൊഴിയൊക്കെ മുഖവിലക്കെടുക്കാമെന്നും, പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്‌ സാധൂകരിക്കാമെന്നും, എല്ലാവരുടെയും ഫോണ്‍വിളികള്‍ രഹസ്യമായി ചോര്‍ത്തേണ്ടത്‌ ആവശ്യമാണെന്നുമൊക്കെ പിന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഒരു തടസ്സവുമില്ല. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ബോബ്‌ ഹെര്‍ബര്‍ട്ട്‌ രണ്ടുകൊല്ലം മുന്‍പ്‌ എഴുതിയതുപോലെ, "അലബാമയിലെ ഒരു മുത്തശ്ശിക്ക്‌ അയച്ച പിറന്നാളാശംസയിലും ഇന്ത്യാനയിലെ ചൈനീസ്‌ ഭക്ഷണശാലയിലേക്ക്‌ വന്ന ഫോണ്‍കാളിലും, ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായകമായ നിര്‍ണ്ണായകമായ വിവരങ്ങള്‍' ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണത്രെ ബുഷ്‌ ഭരണകൂടം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്‌. അമേരിക്കന്‍ ഭരണഘടനയെ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ ബുഷിനെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്നത്‌ എല്ലാവര്‍ക്കും ബോദ്ധ്യമായ കാര്യമാണ്‌. പക്ഷേ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനോടുപോലും അയാള്‍ അനാദരവു കാണിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നത്‌ പുതിയൊരു അറിവാണ്‌.

നുണയനും ദുര്‍വൃത്തനുമായ ബുഷ്‌ എന്ന തന്റെ പൂര്‍വ്വസൂരി, സ്വന്തം നാട്ടിലും പുറത്തും വരുത്തിത്തീര്‍ത്ത കളങ്കത്തെ എങ്ങിനെയാണ്‌ ഒബാമ ഇല്ലാതാക്കാന്‍ പോകുന്നത്‌? "അമേരിക്ക ഒരിക്കലും ഒരു യുദ്ധം തുടങ്ങില്ല' എന്ന്‌ ജോണ്‍ എഫ്‌ കെന്നഡി ഒരിക്കല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ബുഷിന്റെ യുദ്ധവെറിയും റംസ്‌ഫീല്‍ഡിന്റെ ഭീകരതയും, അബു ഗ്രയിബും ബാഗ്രാമും ഗ്വാണ്ടനാമോയും, രഹസ്യമായ തട്ടിക്കൊണ്ടുപോകലുമൊക്കെ കഴിഞ്ഞ്‌, ഇനി എങ്ങിനെയാണ്‌ ഒബാമ തണ്റ്റെ രാജ്യത്തെ പഴയ ആ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുക? ബ്രിട്ടീഷ്‌ ജനതയുടെ ഇ-മെയിലുകള്‍ ചോര്‍ത്താനും പരിശോധിക്കാനുമുള്ള നമ്മുടെ സ്വന്തം ഗോര്‍ഡന്‍ ബ്രൌണിന്റെ നയങ്ങളും, ആ പഴയ, ബ്ളെയര്‍-ബുഷ്‌ അവിഹിതവേഴ്ചയുടെ അനുബന്ധം തന്നെയാണ്‌. അമേരിക്കയുടെ എക്കാലത്തെയും നശിച്ച ഈ പ്രസിഡണ്റ്റ്‌ സ്ഥനമൊഴിയുന്നതിനുമുന്‍പുതന്നെ ഒരു പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുകയും ചെയ്യും. പ്രത്യേക സുരക്ഷാപരിശോധനകളില്ലാതെ ഒരു ബ്രിട്ടീഷ്‌ പൌരനും അമേരിക്കയില്‍ കാലു കുത്താന്‍ സാധിക്കില്ല എന്ന്‌ ഉറപ്പാക്കുന്ന ഒരു നിയമനിര്‍മ്മാണം. ഇത്രനാളും അമേരിക്കയുടെ കങ്കാണിപ്പണി നടത്തിയതിന്‌ ബ്രിട്ടനു ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇതാണ്‌. ജനുവരി 20-നു മുന്‍പ്‌ മറ്റെന്തെങ്കിലും അത്ഭുതം ബുഷ്‌ നമുക്കായി കരുതിവെച്ചിട്ടുണ്ടോ? ആര്‍ക്കറിയാം. ഇതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ മറ്റെന്താണ്‌ ഇനി വരാനുള്ളത്‌?

ഗ്വാണ്ടനാമോ അടച്ചുപൂട്ടുക. തന്റെ മുന്‍ഗാമി ചെയ്ത പ്രവൃത്തികള്‍ക്ക്‌ ലോകസമക്ഷം മാപ്പു പറയുക. തന്റെ രാജ്യത്തിനെക്കുറിച്ച്‌ അഭിമാനം പ്രദര്‍ശിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ക്ക്‌ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ അറിയാം. എങ്കിലും രാജ്യത്തിനകത്ത്‌ താന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന ആശയത്തിന്‌ അമേരിക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍, 'മാപ്പ്‌' എന്ന വാക്ക്‌, അന്താരാഷ്ട്രതലത്തില്‍തന്നെ, ഒബാമ ഉച്ചരിച്ചേ മതിയാകൂ. "തീവ്രവാദത്തിനെതിരായ യുദ്ധം' എന്ന സങ്കല്‍പ്പത്തിനെ പുനരാലോചനക്ക്‌ വിധേയമാക്കുകയും അതിനെ അപനിര്‍മ്മിക്കുകയും വേണ്ടിവന്നേക്കും. ഇറാഖില്‍നിന്ന്‌ ഇറങ്ങിപ്പോരുകതന്നെ വേണം. അവിടെയുള്ള വിസ്‌തൃതമായ സൈനികതാവളങ്ങളും, 600 ദശലക്ഷം ഡോളര്‍ ചിലവു വരുന്ന നയതന്ത്രകാര്യാലയവും അടച്ചുപൂട്ടണം. ദക്ഷിണ അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ നടത്തുന്ന നരമേധങ്ങള്‍ അവസാനിപ്പിക്കണം. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ നിരന്തരം കശാപ്പുചെയ്യുന്ന പണി എന്നാണ്‌ നമ്മള്‍ നിര്‍ത്തുക? ഇസ്രായേലിനോട്‌ ചില സത്യങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഒബാമ കാണിക്കേണ്ടതുണ്ട്‌. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതയെയും, ജൂതന്‍മര്‍ക്കുവേണ്ടി -ജൂതന്‍മാര്‍ക്കു മാത്രം വേണ്ടി - അറബി മണ്ണില്‍ നടത്തുന്ന കോളണിവത്ക്കരണത്തെയും ഇനിയും നിഷ്പക്ഷമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്ന്‌ അസന്ദിഗ്ദ്ധമായി വ്യക്തമാക്കണം. ഇസ്രായേലി ലോബിയുടെ (അത്‌ യഥാര്‍ത്ഥത്തില്‍ ലികുഡ്‌ പാര്‍ട്ടിയുടെ ലോബി മാത്രമാണ്‌) മുന്നില്‍ നിവര്‍ന്നുനിന്ന്‌, വെസ്റ്റ്‌ ബാങ്കിന്റെ മേലുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച ബുഷിന്റെ 2004 ലെ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണം. ഇറാന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥന്മാരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. പാക്കിസ്ഥാനിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം.

അമേരിക്കന്‍ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ജനറല്‍ ഡേവിഡ്‌ പെട്രോസിനെ ഇറാഖിലേക്ക്‌ അയച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ആ മേഖലയിലെ 'സൈനിക മുന്നേറ്റ'മൊന്നുമായിരുന്നില്ല. മറിച്ച്‌, ബുഷിന്റെ നയങ്ങളുടെ ഫലമായി, തെമ്മാടിക്കൂട്ടമായി മാറാന്‍ തുടങ്ങിയിരുന്ന 150,000-ത്തോളം വരുന്ന സൈനികരെയും മറൈനുകളെയും അച്ചടക്കത്തിലേക്ക്‌ കൊണ്ടുവരിക എന്നതായിരുന്നു പെട്രോസിന്റെ ദൌത്യം. കഴിഞ്ഞ മാസം, സിറിയയില്‍, എട്ടുപേരുടെ മരണത്തില്‍ കലാശിച്ച അമേരിക്കന്‍ വ്യോമാക്രമണം വാഷിംഗ്‌ടണിന്റെയോ, ബാഗ്ദാദിലെ അമേരിക്കന്‍ സൈനികമേധാവികളുടെയോ അറിവോടെയായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ചില രേഖകളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌.

എന്തായാലും ഒബാമക്ക്‌ ഇതിനെയൊന്നും ഭേദിക്കാനാവില്ല. ഇറാഖില്‍ പത്തിമടക്കി എന്ന് തോന്നിപ്പിക്കുന്നത്, അഫ്ഘാനിസ്ഥാനില്‍ കൂടുതല്‍ കായികബലം കേന്ദ്രീകരിക്കുന്നതിനുവേണ്ടിമാത്രമാണ്‌. വാഷിംഗ്‌ടണിലെ ഇസ്രായേല്‍ ലോബിയെ നിലക്കു നിര്‍ത്താനോ, ഫലസ്തീന്‍ അധിനിവേശപ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങള്‍ നിര്‍ത്താനോ, ഇസ്രായേലിന്റെ ശത്രുക്കളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറാകില്ല. 'വൈറ്റ്‌ ഹൌസിലെ നമ്മുടെ സ്വന്തം ആള്‍' എന്ന്‌ ഇസ്രായേലി പത്രം മാരിവ്‌ അരുമയോടെ വിശേഷിപ്പിച്ച രഹം ഇമ്മാനുവലിനെ തന്റെ പുതിയ ചീഫ്‌ ഓഫ്‌ സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, ഒബാമയും പഴയ പാത തന്നെ പിന്തുടരുമെന്ന്‌ ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. മാത്രമല്ല, തന്റെ പതിവു ഷോപ്പിംഗിനിടയില്‍ അല്‍പ്പം ഇടവേള കിട്ടുകയാണെങ്കില്‍‍, ഒബാമയെ സ്വീകരിക്കുന്നതിനുവേണ്ടി ഒസാമ ബിന്‍ ലാദന്‍ വീണ്ടും എന്തെങ്കിലും വിക്രസ്സ്‌ ഒപ്പിക്കുമെന്ന ആശങ്കയും ഈയിടെയായി ശക്തി പ്രാപിച്ചിരിക്കുനു.

മറ്റൊരു ചെറിയ പ്രശ്നം കൂടി ബാക്കിനില്‍ക്കുന്നുണ്ട്‌. 'അപ്രത്യക്ഷരായ' തടവുകാരുടെ കാര്യമാണത്‌. ഗ്വാണ്ടനാമോയില്‍ പീഡിപ്പിക്കപ്പെട്ട (ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന) ഇരകളുടെ കാര്യമല്ല സൂചിപ്പിക്കുന്നത്‌. പുറംനാടുകളിലെ അമേരിക്കന്‍ തടവറകളില്‍നിന്നും - അമേരിക്കയുടെ സഹായത്തോടെ - അവരുടെ സില്‍ബന്തിരാജ്യങ്ങളിലെ ജയിലറകളില്‍നിന്നും അപ്രത്യക്ഷരായ ആയിരങ്ങള്‍. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌, ഇവരുടെ എണ്ണം 20,000 വരുമെന്നാണ്‌. ഭൂരിപക്ഷവും അറബികളാണ്‌. പക്ഷേ, എല്ലാവരും മുസ്ളിമുകളും. എവിടെയാണ്‌ ആ ആളുകള്‍? അവരെ ഇനി വിട്ടയക്കുമോ? അതോ, അവര്‍ ഇതിനകം തന്നെ കഥാവശേഷരായിപ്പോയോ?

മനുഷ്യരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുരുതിനിലങ്ങളാണ്‌ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ തനിക്ക്‌ പതിച്ചുകിട്ടിയതെന്ന്‌ എന്നെങ്കിലും മനസ്സിലാക്കാന്‍ ഇടവന്നാല്‍, ഒബാമക്ക്‌ ഇനിയും അസംഖ്യം ക്ഷമാപണങ്ങള്‍ നടത്തേണ്ടിവരികയും ചെയ്യും.