Monday, June 30, 2008

ലിംഗസമത്വവും റോമന്‍ കാത്തോലിക്ക പള്ളികളും

ഒരു സ്ത്രീയെന്ന നിലക്ക്‌, ഞാന്‍ ജനിക്കാന്‍ ഇടവന്ന പള്ളി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്‌ ഇന്ന്.

കാത്തോലിക്കാ പള്ളിയുടെ അന്തരീക്ഷത്തിലാണ്‌ ഞാന്‍ വളര്‍ന്നുവലുതായത്. പ്രായപൂര്‍ത്തിയായതിനുശേഷം വര്‍ഷങ്ങളോളം, എല്ലാ ദിവസവും പ്രാര്‍ത്ഥനക്കു പോവുകയും പതിവായിരുന്നു. കരിസ്മാറ്റിക്‌ സംഘടനയിലും ഞാന്‍ അംഗമായിരുന്നു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലിംഗപരവും ലൈംഗികസംബന്ധവുമായ വിഷയങ്ങളില്‍ പള്ളിയെടുക്കുന്ന നിലപാടുകളുടെ പൊള്ളത്തരം കാണാനിടവന്നപ്പോള്‍ ആ പതിവൊക്കെ ഞാന്‍ ഉപേക്ഷിച്ചു.

രാജ്യത്താകമാനം കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ മൂടിവെക്കാന്‍ അമേരിക്കന്‍ പള്ളികള്‍ ഉത്സാഹിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് പള്ളിയുമായി വഴിപിരിയേണ്ടിവന്നത്. കന്യാമറിയത്തെ മാതൃകയായി കണ്ടുകൊണ്ടാണ് ഇത്രനാളും ഇവിടെ ഞങ്ങള്‍ സ്ത്രീകള്‍ ജീവിച്ചത്. പക്ഷേ ഇന്ന് പള്ളി പറയുന്നത് വിവാഹസമയത്ത്, കന്യകാത്വമൊഴിച്ച് മറ്റെന്തുവേണമെങ്കില്‍ ആയിക്കൊള്ളാനാണ്.


MWC (Media with Conscience)-ല്‍ റാച്ചേല്‍ ബ്ലിസ്സ്‌ എഴുതിയ ലേഖനം.

Sunday, June 22, 2008

പരസ്യവിചാരണ

‍അംബരചുംബികളായ മണിമാളികകളുടെയും ഉപ്പുകര്‍പ്പൂരാദികളുടെയും പ്രലോഭിപ്പിക്കുന്ന വര്‍ണ്ണശബളമായ പരസ്യനാളുകള്‍ കഴിഞ്ഞുവെന്ന് ഗള്‍ഫ്‌ ന്യൂസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മേഘപാളികള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന ഒരു ഗഗനപേടകത്തിന്റെ ചിത്രം. MESA എന്ന വിവിധോദ്ദേശ്യ റഡാറിന്റെ പരസ്യം. കൃത്യതയും വേഗതയുമുള്ള അറിവുകളാണ് യുദ്ധമുഖത്ത് നിര്‍ണ്ണായകമാവുക എന്ന വിജ്ഞാനവും അടിക്കുറിപ്പിലുണ്ട്. തെറ്റിദ്ധരിക്കരുത്. സമൂ‍ഹത്തിന്റെ പരിവര്‍ത്തനത്തിനോ, കൂടുതല്‍ നല്ല ഒരു സമൂഹത്തിന്റെ അതിജീവനത്തിനോ ആവശ്യമായ അറിവല്ല നോര്‍ത്ത്‌റോപ്പ് ഉദ്ദേശിക്കുന്നത്.


ഭാവിയെ വ്യക്തമായി നിര്‍വ്വചിക്കുകയാണത്രെ നോര്‍ത്ത്‌റോപ്പ്‌ ഗ്രുമ്മാന്‍ (Northrop Grumman) എന്ന പ്രതിരോധഭീമന്‍. Defining the Future എന്നാണ് അവരുടെ ആപ്തവാ‍ക്യം. സംശയാസ്പദമായ നിരവധി പ്രതിരോധ ഇടപാടുകളിലെ വില്ലനാണ്‌ ഈ ആയുധവ്യാപാരി. ലോക്‌‍ഹീഡ്‌ മാര്‍ട്ടിനെയും, ബി.എ.ഇ.യെയും പോലെ ഉന്മൂലനത്തില്‍ ഡോക്ടറേറ്റെടുത്തവന്‍. ഒരു സാമ്പിള്‍ വെടിക്കെട്ട് കാണുക.





രാജ്യത്തെ ഏതു സെഗ്‌മെന്റിനുവേണ്ടിയാണ്‌ ഈ മരണവ്യാപാരിയുടെ ഈ പരസ്യം ഗള്‍ഫ്‌ ന്യൂസ്‌ കൊടുത്തിരിക്കുന്നത്‌? എന്താണതിന്റെ സാംഗത്യം? യുദ്ധം ആസന്നമായിയെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണോ അത്‌? ഈ പരസ്യം അനുവദിച്ചതിലൂടെ ഐക്യ അറബി നാടിന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ എന്താണ്? വല്ല്യേട്ടന്മാരുടെ കൂടെ കൂടി സ്വന്തം മസിലുകള്‍ ഇളക്കി ഉമ്മാക്കി കാട്ടിയതുകൊണ്ട്‌ കേമനാണെന്ന മുദ്ര പതിയുമെന്നോ? കുട്ടിക്കളികള്‍ മതിയാക്കി, എടുത്താല്‍ പൊന്താത്ത ഒരു ആഗോള കളിയില്‍ ഒരു കൈ നോക്കാമെന്നോ?


ബര്‍ണാഡ്‌ ഷായുടെ മേജര്‍ ബാര്‍ബറ എന്ന നാടകത്തിലെ മൂന്നാമങ്കത്തിലെ ഒരു സംഭാഷണം റോബര്‍ട്ട്‌ ഫിസ്ക്‌ The Great War for Civilization; The Conquest of Middle East എന്ന തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്‌.


ലേഡി ബ്രിറ്റോമാര്‍ട്ട്‌ - ഇതില്‍ ധാര്‍മ്മികമായ പ്രശ്നങ്ങളൊന്നുമില്ല അഡോള്‍ഫസ്‌. നീതിക്കും ശരിക്കും വേണ്ടി പോരാടുന്നവര്‍ക്കൊക്കെ നീ പീരങ്കികളും ആയുധങ്ങളും കൊടുക്കണം. വിദേശികള്‍ക്കും കുറ്റവാളികള്‍ക്കും കൊടുക്കുകയുമരുത്‌.


അണ്ടര്‍ഷാഫ്റ്റ്‌ (ദൃഢനിശ്ചയത്തോടെ) - ഹേയ്‌, അതൊന്നും ശരിയല്ല. ഒരു നല്ല ആയുധകച്ചവടക്കാരന്റെ സ്പിരിറ്റാണ്‌ വേണ്ടത്‌. ന്യായമായ വില തരുന്ന ആര്‍ക്കും നമ്മള്‍ ആയുധം കൊടുക്കണം. വ്യക്തികളെയും അവരുടെ തത്ത്വശാസ്ത്രത്തെയും ഒന്നും നോക്കരുത്‌. പ്രഭുവിനും റിപ്പബ്ലിക്കനും, ശൂന്യതാവാദിക്കും സാര്‍ ചക്രവര്‍ത്തിക്കും, മുതലാളിക്കും സോഷ്യലിസ്റ്റിനും, പ്രൊട്ടസ്റ്റന്റിനും കാത്തോലിക്കനും, കള്ളനും പോലീസിനും, കറുത്തവര്‍ഗ്ഗക്കാരനും, വെള്ളക്കാരനും, മഞ്ഞനിറക്കാരനും, എല്ലാവര്‍ക്കും. ഏതു ദേശക്കാരനായാലും, ഏതു തരം വിശ്വാസിയായാലും, എത്ര വിഢിയായാലും, എന്തു കാരണത്തിനായാലും, എന്തു കുറ്റകൃത്യത്തിനായാലും..."


അതെ, അതുതന്നെയാണ്‌ ഗള്‍ഫ്‌ ന്യൂസ്‌ ഈ പരസ്യത്തിലൂടെ ചെയ്യുന്നത്‌. മരണവ്യാപാരത്തിന്റെ ഏജന്‍സിപ്പണി. ഇതേ ആയുധങ്ങള്‍-ഒരുപക്ഷേ ഇതിനേക്കാള്‍ ലക്ഷ്യവേധിയും, മാരകവുമായവ- ഇവര്‍ മറുപക്ഷത്തിനും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതിനുമുന്‍പും കൊടുത്തിട്ടുണ്ടെന്നും, ഇനിയും കൊടുക്കുമെന്നും, ഇതേ സൂക്ഷ്മായുധങ്ങള്‍ തങ്ങളെത്തേടിയും എന്നെങ്കിലുമൊരിക്കല്‍ വന്നേക്കാമെന്നും എന്നാണ്‌ ഈ വിവേകചൂഡാമണികള്‍ തിരിച്ചറിയുക?

വൈകിയെത്തുന്ന ബുദ്ധി ചിലപ്പോള്‍ നല്ലതാണെന്നും വരാം. പക്ഷേ അത് തിരിച്ചറിയാന്‍, ജീവനോടെ ഉണ്ടായിരിക്കുക എന്നൊരു മിനിമം ഉപാധിയെങ്കിലും അവശ്യമല്ലേ?

Thursday, June 19, 2008

ഇത് അനാശാസ്യമല്ല

പൂര്‍ണ്ണസമ്മതത്തോടെ ഒരു സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനാശാസ്യമാകുന്നതെങ്ങിനെയാണ്?

വ്യക്തികളുടെ സമ്മതമില്ലാതെ അവരെ സഭയിലേക്കും അമ്പലത്തിലേക്കും നടതള്ളുന്നതാണ് അനാശാസ്യം. പ്രായപൂര്‍ത്തിയാകാത്ത അവരുടെ സ്വത്തുക്കള്‍ സഭയിലേക്കും വള്ളിക്കാവുകളിലേക്കും പുട്ടപ്പര്‍ത്തിയിലേക്കും പള്ളിയുടെ ഖജനാവിലേക്കും തട്ടിയീടുക്കുന്നതാണ് അനാശാസ്യം.

പൂര്‍ണ്ണസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈല്‍ ക്യാമറയിലാക്കിയ ആ വഷളനാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയത്. ആ പാവപ്പെട്ട കന്യാസ്ത്രീയല്ല. ജൈവപരമാ‍യ ഒരു നിവൃത്തിയാണ് അവര്‍ തന്റേടത്തോടെ ചെയ്തത്. തുറന്നു സമ്മതിച്ചതും. എത്ര ധര്‍മ്മിഷ്ഠന്മാരാണ് നമ്മള്‍. എനിക്കു കേള്‍ക്കണ്ട.

വാര്‍ത്തയുടെ കൂടെ ചിത്രം കൊടുക്കാനും കേരളകൌമുദി മറന്നില്ല. അത് ഏതായാലും ആശാസ്യമായി. നദിയിലെ മണ്ണുവാരലിനെതിരെ സ്വതന്ത്രാഭിപ്രായം പറയുന്ന നാട്ടുകാരന്റെയും, വിവിധ ആരോപണങ്ങളും, പീഡനകഥകളുമായി വാര്‍ത്താചാനലില്‍ വരുന്നവരുടെയും മുഖം മറച്ച് അവരുടെ സ്വകാര്യതയെയും ഭാവിജീവിതത്തെയും രക്ഷിക്കാന്‍ കോപ്പുകൂട്ടുന്ന അതേ പത്രധര്‍മ്മമാണ് , ഈ സ്ത്രീയുടെ സ്വകാര്യനിമിഷങ്ങള്‍ ഒപ്പിയെടുത്ത മൊബൈല്‍ ക്യാമറ ദൃശ്യങ്ങള്‍ പത്രത്തില്‍ നിരത്തിവെച്ച് രതിസുഖം അനുഭവിക്കുന്നതും, വേണമെങ്കില്‍ പുരുഷകേസരികള്‍ക്ക് ഒരു ഹസ്തമൈഥുനത്തിനുള്ള സുവര്‍ണ്ണാവസരം നല്‍കുന്നതും. (ഓണ്‍‌ലൈന്‍ എഡീഷനില്‍ ചിത്രമില്ലായിരുന്നുവെങ്കിലും, പ്രധാനവാര്‍ത്തകള്‍ അയച്ചുകിട്ടുന്ന ലിങ്കില്‍ അതുണ്ടായിരുന്നു)

കന്യാസ്ത്രീകളാകാനുള്ള പ്രായം, അവരുടെ സമ്മതത്തിന്റെ പ്രശ്നം, അവരുടെ സ്വത്തില്‍ അവര്‍ക്കുള്ള അധികാരം എന്നിവയെക്കുറിച്ച് വനിതാ കമ്മീഷന്‍ നടത്തിയ ധീരമായ ഇടപെടലുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. സഭാമേലദ്ധ്യക്ഷന്മാരുടെ എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചതുതന്നെയായിരുന്നുവെങ്കിലും നമ്മെ ലജ്ജിപ്പിക്കേണ്ടത്, പിണറായി അടക്കമുള്ളവര്‍ ആ വിഷയത്തില്‍ കൈക്കൊണ്ട ഉളുപ്പില്ലായ്മതന്നെയാണ്. പിണറായിയില്‍നിന്ന് പ്രതേകിച്ചെന്തെങ്കിലും പ്രതീക്ഷിച്ചതുകൊണ്ടായിരുന്നില്ല അത്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്നൊ മറ്റോ പറയുമെന്നെങ്കിലും വെറുതെ മോഹിച്ചു.

ആ സ്ത്രീയോട് ഒരു വാക്ക്. സഭക്കും കര്‍ത്താവിനുമെതിരായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതുകൊണ്ട് സന്ന്യാസവൃത്തി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയെന്നു കേട്ടു. നല്ലത്. പഠിപ്പിലോ തൊഴിലിലോ ഏര്‍പ്പെട്ട്, വിവാഹവും കഴിച്ച്, സുഖമായി ജീവിക്കുക. അത്ര നല്ല നാളുകളാവില്ല തൊട്ടു മുന്‍പിലുണ്ടാവുക എന്നറിയാം. അതു കാര്യമാക്കാനില്ല. ഇതിന്റെ അലയൊലികളൊക്കെ കെട്ടുപോകും. ഇതിലും എത്ര വലിയ കോലാഹലങ്ങള്‍ കണ്ടവരാണ് നമ്മള്‍, അല്ലേ? ഈ ഒരു സംഭവം കൊണ്ടെങ്കിലും, മറ്റൊരു വലിയ ദുരന്തത്തില്‍നിന്ന് രക്ഷകിട്ടിയല്ലോ എന്ന് ആശ്വസിക്കുക. കര്‍ത്താവിന്റെ മണവാട്ടിയായിരിക്കുന്നതിനേക്കാള്‍ നല്ലത് ചങ്കൂറ്റമുള്ള ഒരു പുരുഷന്റെ ജീവിതപങ്കാളിയായിരിക്കുക എന്നതുതന്നെയാണ്.

ഇനി, അനാശാസ്യമെന്ന് ഇവര്‍ ലേബലൊട്ടിച്ച ഈ പ്രവൃത്തി, കര്‍ത്താവിനെതിരാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? കര്‍ത്താവ് എന്നൊരാളുണ്ടായിരുന്നെങ്കില്‍, സാധാരണ മനുഷ്യന്റെ ഇത്തരം ചോദനകളെയൊക്കെ അദ്ദേഹത്തിനു നല്ലവണ്ണം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. തീര്‍ച്ച. നല്ല മനുഷ്യനാണ് ഏറ്റവും നല്ല സന്ന്യാസിയെന്നും, ഏറ്റവും ശ്രേഷ്ഠനായ സന്ന്യാസി ഒരു ശരാശരി മനുഷ്യന്‍ പോലുമാകില്ലെന്നും മനസ്സിലാക്കാനുള്ള വിവേകമൊക്കെ അദ്ദേഹത്തിനുണ്ടാകും. സംശയിക്കേണ്ട.

Monday, June 16, 2008

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

പറവൂര്‍ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള രണ്ടേക്കറിലെ മണ്ണ്‌ ഒന്നരയടി ആഴത്തില്‍ നീക്കം ചെയ്ത്, സമീപത്തുള്ള പെരിയാറിലെ വെള്ളത്തില്‍ കഴുകി, അരിച്ചെടുത്ത്, ശുദ്ധിവരുത്തി അഞ്ചു ലക്ഷത്തിലേറെ രൂപ ഒഴുക്കിക്കളയാന്‍ തീരുമാനമായി.

വാസ്തുശാസ്ത്രപണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്ന വിദ്വാന്റെ സവിശേഷബുദ്ധിയില്‍ ഉദിച്ച കാര്യമാണ് ഇത്. ഭൂപ്രകൃതിയിലും നീരൊഴുക്കിലുമുണ്ടായ മാറ്റം കൊണ്ട് അമ്പലത്തിന്റെ പത്മപാദുകവും അരഞ്ഞാണവും മണ്ണിനടിയിലായതും, മണ്ണിന്റെ ‘കണ്ണും കാതും’ അടഞ്ഞതും, വാസ്തുപുരുഷന്റെ കുടികിടപ്പുകാരണം ദിശമാറി വെള്ളമൊഴുകുന്നത് അപകടകരമാകുന്നതുകൊണ്ടുമാണത്രെ ഈ അറ്റകൈപ്രയോഗത്തിന് ഒരുമ്പെട്ടിരിക്കുന്നത്. അതേതായാലും നന്നായി.

പക്ഷേ, ഇതുകൊണ്ടൊന്നും ‘ഐശ്വര്യത്തിന്റെ ദോഷം‘ പൂര്‍ണ്ണമായും ഇല്ലാ‍താകില്ലെന്ന് അമ്പലം ഭരണാധികാരികള്‍ മനസ്സിലാക്കണം. അടിയന്തിരമായി ചെയ്യേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അരിച്ചെടുത്ത് ശുദ്ധീകരിച്ച മണ്ണില്‍ സുഗന്ധതൈലങ്ങള്‍ പൂശണം. കഴിയുമെങ്കില്‍, ചിലവ് അല്‍പ്പം കൂടിയാലും തരക്കേടില്ല, സ്വര്‍ണ്ണം പൂശുന്നതും നന്നായിരിക്കും.

ഇനി, ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഏതെങ്കിലും താഴ്ന്ന ജാതിക്കാരോ, അന്യമതസ്ഥരോ താമസിക്കുന്നുണ്ടെങ്കില്‍, അവരെയും കഴിയുന്നതും വേഗം അവിടെനിന്ന് ഇറക്കിവിടണം. അന്യമതസ്ഥരും അഹിന്ദുക്കളും അമ്പലത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും, അമ്പലത്തിനുചുറ്റുമുള്ള വഴികളിലൂടെ നടക്കരുതെന്നും ഒരു ബോര്‍ഡ്‌‌കൂടി വെച്ചാല്‍ ഏറെ നന്ന്. ഏതൊക്കെ വിധത്തിലാണ് അശുദ്ധികള്‍ ഉണ്ടാവുകയെന്ന് ആര്‍ക്കും ഇന്നത്തെകാലത്ത് ഉറപ്പിച്ച് പറയാന്‍ വയ്യല്ലോ. ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം.

വാര്‍ത്ത ഇവിടെ

Thursday, June 12, 2008

അടിമയുടെ സ്വപ്നം; പത്രങ്ങളും ഓവുചാലുകളും - രണ്ടു ലേഖനങ്ങള്‍

"വീട്ടുജോലിക്കാരെ മനുഷ്യരായി എന്നു മുതല്‍ നമ്മള്‍ പരിഗണിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ അവരെക്കൊണ്ട്‌ വലിയ പ്രയോജനമില്ലാതെ വരുന്നു'വെന്ന് നമ്മെ പരിഹസിച്ചത്‌ ബര്‍ണാഡ്‌ ഷാ ആയിരുന്നു.

ആ സത്യം മനസ്സിലാകാതെപോയതുകൊണ്ടായിരിക്കണം, ഇന്ത്യക്കാര്‍ തങ്ങളുടെ വീട്ടുജോലിക്കാരോട്‌ ഇത്ര മോശമായി പെരുമാറുന്നത്‌.ഈയടുത്തദിവസം ദില്ലിയില്‍ ഒരു വിദ്യാര്‍ത്ഥിനിയെ അവളുടെ വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍കണ്ടെത്തി. ആദ്യം സംശയിച്ചത്‌ അവരുടെ വേലക്കാരനെയായിരുന്നു. ഒളിച്ചോടിപ്പോയ വേലക്കാരന്റെ കഥയും നൊട്ടിനുണഞ്ഞ്, മാധ്യമപ്പട, ഒട്ടും സമയം നഷ്ടപ്പെടുത്താതെ, പട്ടണത്തിലേക്ക്‌ പാഞ്ഞു . പക്ഷേ. തൊട്ടടുത്ത ദിവസം, പെണ്‍കുട്ടിയുടെ വീടിന്റെ മുകളിലുള്ള മുറിയില്‍നിന്ന്, ജോലിക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇപ്പോള്‍ പറയുന്നത്‌ അയാളായിരിക്കണം ആദ്യം കൊല്ലപ്പെട്ടത്‌ എന്നാണ്‌.

ഞാന്‍ ആലോചിക്കുന്നത്‌ ആ വീട്ടുജോലിക്കാരനെക്കുറിച്ചാണ്‌. എത്ര എളുപ്പത്തിലാണ്‌ നമ്മളയാളില്‍ കുറ്റം ചുമത്തിയത്‌?

ഇത്‌ പ്രതീക്ഷിക്കാവുന്നതുതന്നെയാണ്‌. എന്റെ അയല്‍പക്കത്തുള്ള നിസാമുദ്ദീന്‍ എന്ന സമ്പന്നപ്രദേശത്ത്‌ കഴിഞ്ഞ ഒരു മാസമായി നിരന്തരം പോലീസ്‌ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌. താമസക്കാര്‍ എത്തിച്ചുകൊടുക്കുന്ന കസേരയില്‍, ഏതെങ്കിലും മരച്ചുവട്ടിലിരുന്ന്, തടിച്ച രജിസ്റ്റര്‍ ബുക്കും തുറന്നുവെച്ച്‌, പ്രദേശത്തെ വീട്ടുവേലക്കാരുടെയും, ഡ്രൈവര്‍മാരുടെയും, തോട്ടിപ്പണിക്കാരുടെയും പൂര്‍വ്വകാലചരിത്രം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ അവര്‍. മറ്റു പ്രദേശങ്ങളിലും ഏറെക്കുറെ ഇതുതന്നെയാണ്‌ നടക്കുന്നത്‌. ഇതൊക്കെയാണെങ്കിലും, യജമാനന്മാരെ ചോദ്യം ചെയ്യണമെന്നൊന്നും ആര്‍ക്കും തോന്നുന്നുമില്ല. (അവരുടെയും വിരലടയാളങ്ങള്‍ എടുക്കുന്നുണ്ട്‌, പക്ഷേ അത്‌ അവര്‍ക്ക്‌ അമേരിക്കയിലേക്കും മറ്റും പോകാനുള്ള വിസയുടെ ആവശ്യത്തിനുവേണ്ടിയാണെന്നുള്ള കാര്യം വേലക്കാരില്‍നിന്നും രഹസ്യമായിവെച്ചിരിക്കുകയാണ്‌).


നമ്മെ സഹായിക്കാന്‍ വേണ്ടി നമ്മള്‍തന്നെ വാടകക്കെടുക്കുന്ന ഈ മനുഷ്യരെതന്നെ ആദ്യം നമ്മള്‍ സംശയിക്കാന്‍ ഇടവരുന്നതും, അവരോട്‌ മോശമായി പെരുമാറുന്നതും എന്തുകൊണ്ടാണ്‌?

ജൂണ്‍ 5-ലെ ഡോണ്‍ പത്രത്തില്‍ ജാവേദ് നഖ്‌‌വി എഴുതിയ ലേഖനത്തില്‍നിന്ന്.

ഇന്ത്യ 2020-ലേക്കും ദളിതന്‍ ഓവുചാലിലേക്കും

പ്രസക്തമായ മറ്റൊരു നിരീക്ഷണം കൂടി ജാവേദ് നഖ്‌വി പുതിയ ലേഖനത്തില്‍ അവതരിപ്പിക്കുന്നു.

Monday, June 9, 2008

യു.എ.ഇ.യുടെ സ്വത്വാന്വേഷണപരീക്ഷകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐക്യ അറബി നാടിന്റെ സ്വത്വന്വേഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌ മാധ്യമങ്ങളിലും വിവിധ ഫോറങ്ങളിലും. ഒട്ടകത്തില്‍നിന്ന് കാഡില്ലാക്കുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍വെച്ച്‌ തങ്ങള്‍ക്കു നഷ്ടമായി എന്ന് അവര്‍ വിശ്വസിക്കുന്ന മൂല്യങ്ങളെയും ദേശീയബോധത്തെയും തിരിച്ചുപിടിക്കാനുള്ള ഒരു സ്വത്വാന്വേഷണം എന്ന നിലക്ക്‌ അതിന്‌ യു.എ.ഇ.യിലും മറ്റ്‌ ഗള്‍ഫ്‌ നാടുകളിലും പ്രസക്തിയുമുണ്ട്‌.

'വരത്തന്‍'മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലും മറ്റിടങ്ങളിലും നടക്കുന്ന ആക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ആ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.ഇതിനെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും, മനശ്ശാസ്ത്രപരമായും സാമൂഹ്യപരവുമായ പരിമിതകള്‍ ഏറെയുണ്ടാകാം. പ്രത്യേകിച്ചും, ഒരു ജനാധിപത്യ-റിപ്പബ്ലിക്കിനുള്ളില്‍ നിന്നുകൊണ്ടല്ല സംസാരിക്കുന്നത്‌ എന്നുവരുമ്പോള്‍.

ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തദ്ദേശീയരുടെ എണ്ണം 20-25 ശതമാനം മാത്രമാണെന്നു തിരിച്ചറിയുന്നത്‌ അത്ര സുഖകരമായ ഒരു കാര്യമല്ല. എങ്കിലും യു.എ.ഇ.യിലെ യാഥാര്‍ത്ഥ്യം അതാണുതാനും. അസംഖ്യം, ദേശ-വംശ-വര്‍ഗ്ഗ-ഭാഷാ വൈപുല്യങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിത്വം-സ്വത്വം, പരിരക്ഷിക്കുക എന്നത്‌ കഠിനമായ ചില തിരിച്ചറിവുകളെയും, നയരൂപീകരണങ്ങളെയും, പ്രവൃത്തിമാര്‍ഗ്ഗങ്ങളെയും ക്ഷണിക്കുന്നുണ്ട്‌. അതിവൈകാരികവും ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ പ്രശ്നപരിഹാരത്തിന്‌ തീരെ സഹായകമാവുകയില്ലെന്നു മാത്രമല്ല, അവയെ രൂക്ഷമാക്കാനും ഇടയുണ്ട്‌.

പെട്രോളിന്റെ കണ്ടെത്തലോടെ, തീരെ പ്രതീക്ഷിക്കാത്ത ഒരു ചരിത്രപരിസരത്തിലേക്ക്‌ ഗള്‍ഫ്‌ നാടുകള്‍ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. വളര്‍ച്ചയുടെ ഓട്ടപ്പന്തയത്തിനിടയില്‍, പൊട്ടഭാഗ്യം കൊണ്ട്‌ ഫിനിഷിംഗ്‌ പോയിന്റിലെത്തിയ ഒരാളുടെ അന്ധാളിപ്പ്‌, ഗള്‍ഫ്‌ നാടുകളില്‍ ഇന്നും കാണാം. തീരെ പ്രതീക്ഷിച്ചിരിക്കാതെ, അവിശ്വസനീയമായ അളവിലുള്ള പണം കയ്യിലെത്തിച്ചേര്‍ന്ന ഒരാളുടെ സ്ഥിതി. സ്വന്തം ഭൂമിക്കടിയിലെ ആ പൊന്ന് കൈക്കലാക്കാന്‍ അന്യന്റെ സഹായം വേണ്ടിവരുക എന്നതൊരു ദുരന്തമാണെങ്കില്‍ അതും ഇക്കൂട്ടര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നു.

ഇതൊക്കെയാണെങ്കിലും ഒരു പുതിയ രാഷ്ട്രരൂപീകരണത്തിന്റെ പാതയിലേക്ക്‌ ഇവര്‍ മെല്ലെമെല്ലെ നീങ്ങുന്നതാണ്‌ പിന്നെ നാം കാണുന്നത്‌. ഭൂമിശാസ്ത്രപരമായും പരമ്പരാഗതപൈതൃകങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളെ, അവ വിരലിലെണ്ണാവുന്നവയാണെങ്കില്‍തന്നെയും, ഒരു പൊതു ധാരണയുടെ കീഴില്‍ അണിനിരത്താനും ദേശരാഷ്ട്രമായി സംഘടിപ്പിക്കാനും വളരെ എളുപ്പത്തില്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ആയുധബലവും, ബാഹ്യമായ ഇടപെടലുകളുമൊന്നുമില്ലാതെതന്നെ.

എണ്ണപര്യവേക്ഷണത്തിനും അതിനോടനുബന്ധിച്ചുള്ള അടിസ്ഥാനസൗകര്യനിര്‍മ്മാണത്തിനുമായി മറ്റ്‌ ജനവിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതുമുതലാണ്‌ ഈ അന്യവത്‌ക്കരണത്തിന്റെ ആരംഭം. ആ പ്രാരംഭഘട്ടത്തിനെ സമയബന്ധിതമായി നിര്‍വ്വചിക്കാനോ നിയന്ത്രിക്കാനോ യു.എ.ഇ.ക്ക്‌(മറ്റ്‌ ഗള്‍ഫ്‌ നാടുകള്‍ക്കും) സാധിച്ചില്ല. ദേശനിര്‍മ്മാണം ആവശ്യപ്പെടുന്ന കനത്ത ബാദ്ധ്യതകള്‍ അവര്‍ ഏറ്റെടുത്തില്ല. മുപ്പത്തഞ്ചു കൊല്ലം എന്നത്‌ ഒരു പക്ഷേ അത്തരമൊരു ഏറ്റെടുക്കലിന്‌ മതിയായ കാലയളവല്ലെന്ന ന്യായം ഉയര്‍ന്നുവന്നേക്കാം. അത്‌ ശരിയുമാണ്‌. എങ്കിലും, തങ്ങളുടെ ആശ്രിതാവസ്ഥയെ ഇല്ലാതാക്കുന്നതിനുപകരം, അതിനെ കൂടുതല്‍ക്കൂടുതല്‍ വിപുലമാക്കുകയാണ്‌ ഇന്ന് യു.എ.ഇ. ചെയ്യുന്നത്‌.

പ്രാരംഭഘട്ടത്തിലെ തൊഴിലാളികുടിയേറ്റത്തിന്‌ അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥ യു.എ.ഇ. വളര്‍ത്തിയെടുത്തു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു പശ്ചാത്തലവികസനം. അടിസ്ഥാനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപഭോഗം, വിദ്യാഭ്യാസ-ആരോഗ്യ രംഗം, എന്നിങ്ങനെ, തൊഴില്‍ കുടിയേറ്റക്കാരുടെ സൗകര്യങ്ങള്‍ക്കാണ്‌ പ്രാഥമിക പരിഗണന ലഭിച്ചത്‌. അവയുടെ അളവ്‌ ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. ഈ കുടിയേറ്റക്കാരുടെ ജീവിതത്തിലും, അവരുടെ ജന്മനാടിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയിലും ഇത്‌ വളരെ വലിയ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. നല്ലതിനായാലും അല്ലെങ്കിലും. അത്‌ മറ്റൊരു വിഷയം.

കമ്പോളത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഇത്‌ നിയന്ത്രിച്ചു. കമ്പോളത്തിന്‌, ലാഭമെന്ന ലക്ഷ്യമൊഴിച്ച്‌, സ്ഥായിയായ മറ്റൊരു സ്വത്വബോധവും ബാധകമല്ലാത്തതുകൊണ്ട്‌ അത്‌ വീണ്ടുംവീണ്ടും കുടിയേറ്റത്തെയും, അതിനോടനുബന്ധിച്ചുള്ള ഭീമമായി വളരുന്ന ആഗോളമാതൃകയിലുള്ള സമ്പദ്‌വ്യവസ്ഥയെയും നിര്‍മ്മിച്ചു.അപ്പോഴൊക്കെ, 60-ല്‍ നിന്ന് 30-ലേക്കും, 25-ലേക്കും ജനസംഖ്യയിലും രാജ്യത്തിന്റെ നിര്‍ണ്ണായകഘടകമെന്ന നിലയിലും തദ്ദേശീയര്‍ താഴുകയാണുണ്ടായത്‌.

ഈ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല എന്നുകൂടി വായിക്കുമ്പോഴാണ്‌ ഈ ദേശസ്വത്വത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഉപരിപ്ലവത്വം നമുക്ക് ബോദ്ധ്യമാവുക.

പുതിയ കണക്കനുസരിച്ച്‌, 2011- ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിതമാവുന്ന താമസകേന്ദ്രങ്ങളില്‍ 84 ശതമാനവും വിദേശീയരുടെ കയ്യിലായിരിക്കുമെന്ന് പുളകം കൊള്ളുന്നതിനോടൊപ്പമാണ്‌, നഷ്ടമാകുന്ന ദേശീയസ്വത്വത്തെക്കുറിച്ചുള്ള ഈ വിലാപങ്ങളും ഉയര്‍ന്നുവരുന്നത്‌. 42000 ദിര്‍ഹം മുന്‍കൂറായി കൊടുത്ത്‌ ‘ദുബായില്‍ ഒരു സാന്‍ഫ്രാന്‍സിസ്കോ സ്വന്തമാക്കൂ’ എന്നാണ്‌ ഒരു പരസ്യ ഏജന്‍സി, ഒരു ഉളിപ്പുമില്ലാതെ, ഈ മണ്ണില്‍നിന്നുകൊണ്ടുതന്നെ, ഈ സ്വത്വാന്വേഷികളെ ഉദ്‌ബോധിപ്പിക്കുന്നതും, ആ ഉദ്‌ബോധനത്തെ ബഹുവര്‍ണ്ണ പരസ്യ കവറില്‍ പൊതിഞ്ഞ്, ഇവിടുത്തെത്തന്നെ ഒരു പ്രമുഖ പത്രം വീട്ടുവരാന്തകളില്‍ നിക്ഷേപിക്കുന്നതും. ‍ഏഴു എമിറേറ്റുകളും ഇതില്‍ ഒന്നിനൊന്നു മെച്ചമായി മത്സരിക്കുകയും ചെയ്യുന്നു. അതിസമ്പന്നരെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള, അവര്‍ക്ക്‌ മാത്രം അതിജീവിക്കാനും പെറ്റുപെരുകാനുമുള്ള, ആഡംബര്‍പൂര്‍ണ്ണവും, കുമിളസദൃശവുമായ ഒരു സാമ്പത്തിക മേഖലയെയാണ്‌ ഈ രാജ്യം ഇന്ന് ലക്ഷ്യമാക്കുന്നത്‌. അതില്‍ തദ്ദേശീയരായ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിനുപോലും സ്ഥനമില്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം മണ്ണും സാംസ്കാരികപരിസരവും വിദേശകമ്പോള ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്‌ യു.എ.ഇ.യും (ഗള്‍ഫ്‌ നാടുകള്‍ പൊതുവെയും) ചെയ്യുന്നത്‌. ഉപഭോഗത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും, ആ സമൂഹത്തിനാവശ്യമായ വര്‍ദ്ധമാനമായ ഉപഭോഗ കമ്പോളം വീണ്ടും വീണ്ടും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദൂഷിതവലയത്തിനകത്താണ്‌ ഇന്ന് യു.എ.ഇ.

തങ്ങളുടെ ഭാഷയും സംസ്കാരവും പങ്കുവെക്കുന്ന മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയായിരിക്കണം കൂടുതലായും കൊണ്ടുവരേണ്ടതെന്ന് പറയുന്ന ഡോക്‍ടര്‍ ജമാല്‍ അല്‍ സുവൈദിയെപ്പോലുള്ളവര്‍പോലും വെറും ബാലിശമായ വാദഗതികളാണ്‌ ഉയര്‍ത്തുന്നത്‌. എമിറേറ്റ്‌സ്‌ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലാണദ്ദേഹം. അറബ്‌ ലോകം ഒരു ഏകശിലാരൂപമല്ലെന്ന സാമാന്യബോധമെങ്കിലും അദ്ദേഹത്തില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അറബ് രാജ്യങ്ങള്‍ എന്നതുകൊണ്ട് ജി.സി.സി.യിലെ ആറു രാജ്യങ്ങളെയാണോ അല്‍ സുവൈദി ഉദ്ദേശിച്ചതെന്ന് വ്യക്തമാല്ല. അങ്ങിനെയാണെങ്കില്‍പ്പോലും മതവിശ്വാസത്തിലും വേഷധാരണത്തിലും, അതുപോലുള്ള ബാഹ്യമായ രീതികളിലും മാത്രമേ ഒരു പൊതു പാരമ്പര്യം ഈ ഗള്‍ഫ് നാടുകള്‍ പങ്കുവെക്കുന്നുള്ളു. (അറബികളെന്ന സംജ്ഞ ഈ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല) അതില്‍പ്പോലും വ്യത്യാസങ്ങളും വൈജാത്യങ്ങളും ആവശ്യത്തിനുണ്ടുതാനും. എമിറേറ്റിലെ പുരുഷന്മാര്‍ വിദേശവനിതകളെ വിവാഹം ചെയ്യുന്ന പ്രവണതയെ വിലയിരുത്തുന്ന നജ്‌ല അവാധിയുടെ വീക്ഷണവും സസൂക്ഷ്മം പഠന-വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്‌. യു.എ.ഇ.യിലെയും (പൊതുവെ ഗള്‍ഫിലെയും) സ്ത്രീ-പുരുഷബന്ധങ്ങളുടെ സാമൂഹ്യതലത്തെ നജ്‌ല സ്പര്‍ശിക്കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

അന്യസമൂഹങ്ങളോടുള്ള സഹിഷ്ണുതയുടെ കാര്യത്തില്‍, യു.എ.ഇ.യിലെ തദ്ദേശീയസമൂഹം മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പിലാണ്‌. വളരെ വിശാലവും ബഹുസ്വരതയുമുള്ള ഒരു ലോകവുമായുള്ള അവരുടെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ മുഖമുഖം അവരെ സാമൂഹ്യപരമായി ഏറെ പുരോഗമനോന്മുഖമാക്കിയിട്ടുണ്ട്‌. എങ്കിലും, തങ്ങളുടേതായ പാരമ്പര്യത്തില്‍നിന്ന് അവര്‍ ബഹുദൂരം അകന്നുപോയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറബ്‌ ഭാഷയുടെ വ്യാപനത്തിലും വളര്‍ച്ചയിലും പ്രകടമാകുന്ന ഉദാസീനത ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. സ്കൂള്‍ കരിക്കുലത്തിനകത്തും പുറത്തും ഇത്‌ ദൃശ്യവുമാണ്‌. അറബ്‌ ഭാഷ പഠനത്തെ നിര്‍ബന്ധമാക്കാനോ, അതിനുതകുന്ന പാഠ്യപദ്ധതിയോ അദ്ധ്യാപകരേയോ വാര്‍ത്തെടുക്കാനും കഴിയാതെപോകുന്നു.

കമ്പോളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞ സ്വകാര്യ മേഖലയിലുള്ള തദ്ദേശീയരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനോ, അവരെ അതിനു സന്നദ്ധമാക്കാനോ പരിശീലിപ്പിക്കാനോ ഉള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നില്ലെന്നുവേണം പറയാന്‍. നാമമാത്രമായ പ്രവര്‍ത്തനങ്ങളാണ്‌ അധികവും കാണുന്നത്‌. തദ്ദേശവത്‌ക്കരണം അധികവും ഒതുങ്ങുന്നത്‌ സര്‍ക്കാര്‍ മേഖലയിലാണ്‌. ആ സര്‍ക്കാര്‍ മേഖലതന്നെ, ഭീമന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ അനുബന്ധമായി തരംതാഴുകയും ചെയ്തിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വ്യക്തിത്വം അഥവാ, സ്വത്വബോധമെന്നത്‌, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, സാംസ്കാരികവുമായ പരമാധികാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍, യു.എ.ഇ. അത്‌ ഓരോന്നോരോന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരുന്നു.

യു.എ.ഇ.യിലെ പുതിയ തലമുറയുടെ വളര്‍ച്ചയില്‍, രാജ്യത്തിലെ അന്യനാട്ടുകാരായ വീട്ടുജോലിക്കാരുടെ സ്വാധീനം,അറബിഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷിനോട്‌ പുതിയ തലമുറക്കുള്ള അഭിനിവേശം, ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി പുതിയ തലമുറ പാരമ്പര്യങ്ങളെ കയ്യൊഴിയുന്നത്‌, അങ്ങിനെയങ്ങിനെ വിവിധ കാരണങ്ങളിലേക്കാണ്‌ സ്വത്വബോധത്തിന്റെ അന്വേഷണം നീളുന്നത്‌. എങ്കിലും ഇതൊക്കെ രോഗത്തിന്റെ കാരണങ്ങളല്ലെന്നും രോഗലക്ഷണങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ്‌ നഷ്ടമാകുന്നുമുണ്ട്‌ ഇത്തരം അന്വേഷണങ്ങളില്‍.

ഇന്നത്തെ രീതിയിലുള്ള വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് യു.എ.ഇ. വിടുതല്‍ നേടേണ്ടതുണ്ട്‌. ഉത്‌പാദനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ്‌ ഏതൊരു രാജ്യത്തിന്റെയും പിന്‍ബലമാകേണ്ടത്‌. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത, പ്രതികൂലമായ കാലാവസ്ഥ, മറ്റു സാഹചര്യങ്ങള്‍ എന്നിവ മൂലം ചില രാജ്യങ്ങളില്‍ അതിനുള്ള സാദ്ധ്യതകള്‍ കണ്ടില്ലെന്നും വരാം. എങ്കിലും മിനിമം സാമൂഹ്യപ്രതിബദ്ധതയെങ്കിലുമുള്ള ഒരു വാണിജ്യരംഗത്തിന്റെ പ്രയോഗവും അവക്ക് സാ‍മ്പത്തികരംഗത്തുള്ള അധീശത്വവും കൊണ്ട്‌ അത്തരം പരിമിതികളെ അതിവര്‍ത്തിക്കാനും നല്ലൊരു പരിധിവരെ സാധിക്കും. ഇവിടെ നമ്മള്‍ കാണുന്നത്‌ അത്തരമൊരു വീണ്ടുവിചാരമല്ലതന്നെ. തികച്ചും ഊഹാപോഹത്തില്‍ അധിഷ്ഠിതമായ കമ്പോളവ്യവസ്ഥയും, അതിന്റെ ഉള്ളുറപ്പില്ലാത്ത തറക്കല്ലിന്മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ്‌-വിനോദവ്യവസായങ്ങളുടെ അംബരചുംബികളുമാണ്‌ ഐക്യ അറബി നാടിന്റെ സ്വത്വബോധ അന്വേഷണങ്ങളുടെ ആകാശങ്ങളിലേക്ക്‌ ഇന്ന് ഭീഷണമായ വിരല്‍ചൂണ്ടുന്നത്‌.


* തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.

Wednesday, June 4, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട് - അവസാന ഭാഗം

ബിര്‍ളയുടെ ക്ഷേത്രങ്ങള്‍ മലയാളികളുടെ ക്ഷേത്രസങ്കല്‍പ്പത്തില്‍നിന്ന് എങ്ങിനെ വ്യത്യസ്തമായിരിക്കുന്നുവോ, അതുപോലെയായിരുന്നു രാഘവാനന്ദമഠം എന്ന ആശ്രമവും. പ്രശാന്തമായ പരിസരവും, തളിര്‍ത്തുലയുന്ന വൃക്ഷലതാദികളും തികഞ്ഞ പാരസ്പര്യത്തില്‍ കഴിയുന്ന ആശ്രമമൃഗങ്ങളും ഒന്നുമുണ്ടായിരുന്നില്ല അവിടെ. കല്‍ബാദേവി ക്ഷേത്രത്തിനടുത്തുള്ള, ഗുലാല്‍വാഡിയിലെ കിക്കാ സ്ട്രീറ്റില്‍ അത്‌ തിങ്ങി ഞെരുങ്ങിനിന്നു. ശ്വാസം വിടാന്‍പോലും പഴുതില്ലാത്തവിധം. ഗ്രാന്റ് റോഡിലെ ചുവന്ന തെരുവില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍.

താഴെ നിലയില്‍ ഒരു വലിയ ഹാള്‍. അതിന്റെ മദ്ധ്യത്തില്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ആലിംഗനബദ്ധരായ ശിവപാര്‍വ്വതിമാര്‍. മുകളില്‍ രണ്ടു വലിയ ഹാളുകള്‍. നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ന്യാസിമാര്‍ അതില്‍ വിരുന്നു പാര്‍ത്തു വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ കാലം ഒരു സന്ന്യാസിയും വിരുന്നുപാര്‍ക്കാന്‍ പാടില്ലെന്നുള്ളായിരുന്നു ആശ്രമത്തിലെ അലിഖിത നിയമം. രണ്ടു വലിയ ഹാളുകള്‍ കൂടാതെ, രണ്ടു ചെറിയ മുറികളുണ്ടായിരുന്നത്‌, തലമൂത്ത സന്ന്യാസിമാര്‍ക്കായി മാറ്റിവെച്ചിരുന്നു. ദ്വാരകയിലെ ഇളംകൂറും ഞാനും അവിടെക്കൂടി. രണ്ടുദിവസത്തിനുശേഷം അമ്മാവന്‍ ദ്വാരകയിലേക്ക്‌ മടങ്ങിയപ്പോള്‍ ഞാന്‍ എന്റെ താമസം ഹാളിലേക്ക്‌ മാറ്റി.

പ്രേമാനന്ദന്‍ ഒരു അപൂര്‍വ്വ ജന്മമായിരുന്നു. കോട്ടയം സ്വദേശി. പണ്ടത്തെ നിലക്കല്‍ സമരത്തിലൊക്കെ പങ്കെടുത്തിരുന്ന ദേഹം. ശാക്തേയനാണ്‌. വി.കെ.എന്‍ പറഞ്ഞതുപോലെ, "ഇന്നതേ ആകാവൂന്ന്‌‌ല്ല്യാ”ത്ത കൂട്ടര്‍. വൈഷ്ണവരാകട്ടെ പരമഭക്തരും സാത്വികാംശം കൂടുതലുള്ളവരും. ദ്വാരകയില്‍ നമ്മളത്‌ കണ്ടതാണല്ലോ.

അവിടെ കൂടി. രണ്ടു മാസത്തോളം. പ്രേമാനന്ദന്റെ ദിവസം തുടങ്ങുന്നത്‌ അതിരാവിലെ എട്ടൊന്‍പത്‌ മണിയോടെയാണ്‌. പാചകക്കാരന്‍ ഒരാളുണ്ട്‌. ലംബു എന്നായിരുന്നു വിളിച്ചിരുന്നത്‌. ഒരു ദീര്‍ഘാപാംഗന്‍. സാധു. പത്തുമണിയാകുമ്പോഴേക്കും കുളിയും തേവാരവുമൊക്കെ കഴിഞ്ഞ്‌, പ്രേമാനന്ദന്‍ മൂന്നാം നിലയിലെ സ്വീകരണമുറിയിലെത്തുമ്പോഴേക്കും ലംബു രണ്ടു മൂന്നു കിലോ ശിവമൂലിയുമായി വന്നിട്ടുണ്ടാകും. കല്‍ബാദേവി ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പീടികയില്‍നിന്നാണ്‌ ജടയന്റെ വരവ്‌. അവിടെ എപ്പോഴും അത്‌ സുലഭം. താഴത്തെ ഹാളില്‍നിന്ന് 'ഭേദപ്പെട്ട വീടുക'ളിലെ സാധുക്കളൊക്കെ അപ്പോഴേക്കും സ്വീകരണമുറിയിലെത്തിയിട്ടുണ്ടാകും.

ഭാര്‍തിയെക്കുറിച്ച്‌ നമ്മളൊന്നും പറഞ്ഞില്ലല്ലോ. തെലുങ്കത്തിയാണ്‌. ചെറുപ്പം. നല്ല തന്റേടം. ഹിന്ദിയും, മറാത്തിയും, തെലുങ്കും, മലയാളവും, തമിഴും, തുളുവും, എല്ലാം ഭംഗിയായി വീശും. കാവിമുണ്ട്‌. നല്ല ഇറുക്കമുള്ള ഫുള്‍സ്ലീവ്‌സ്‌ കാവിജുബ്ബ. നെറ്റിയില്‍ നീളത്തില്‍ കളഭവര. അതില്‍ കറുത്ത വലിയ പൊട്ട്‌. കാണാന്‍ നന്ന്.തീരെ പ്രവചിക്കാനാവാത്ത സ്വഭാവം. ഇടക്കിടക്ക്‌ പൊട്ടിത്തെറിക്കും. മുറിയില്‍ചെന്നിരുന്ന് ഉച്ചത്തില്‍ കരയുന്നത്‌ കേള്‍ക്കാം മറ്റുചിലപ്പോള്‍. പ്രേമാനന്ദനോടും ഇടക്ക്‌ വല്ലാതെ കയര്‍ക്കും. മൂപ്പരാകട്ടെ, അത്‌ നല്ലവണ്ണമാസ്വദിച്ച്‌, പിന്നെയും പിന്നെയും ഭാര്‍തിയെ ചൂടുപിടിപ്പിക്കുകയും ചെയ്യും. അത്യപൂര്‍വ്വമായി അടുക്കളയില്‍ ലംബുവിനെ സഹായിക്കാനും നില്‍ക്കും ഭാര്‍തി.

സ്വീകരണമുറിയില്‍ പ്രേമാനന്ദന്റെ തൊട്ടടുത്ത്‌ അവരും ഇരുന്നമരും. മുറിയില്‍ നിറയുന്ന സന്ന്യാസിവര്യന്മാര്‍ പ്രേമാനന്ദനും ഭാര്‍തിയുമായി അല്‍പം ചില ആചാര-ഭംഗിവാക്കുകള്‍ പങ്കിടും. ശിവമൂലി കുത്തിനിറച്ച ഹുക്കയും സാമ്പ്രാണിതാലത്തിലെ കനലുകളുമായി ലംബു എത്തും. പ്രേമാനന്ദന്റെ മുന്‍പിലുള്ള പാത്രത്തില്‍ നിര്‍വ്വാണവും പ്രതീക്ഷിച്ച്‌ ധ്യാനനിമഗ്നമായി, അക്ഷമയോടെ ഹുക്ക കാത്തിരിക്കുന്നുണ്ടാകും. ഏറ്റവും പ്രായം ചെന്ന ഏതെങ്കിലുമൊരു കാഷായധാരി സാമ്പ്രാണിതാലത്തില്‍നിന്ന് ഒരു കനലെടുത്ത്‌ ഹുക്കയില്‍ വെക്കും. അതോടെ ശിവസ്തുതികള്‍ ഉയരുകയായി. ഹുങ്കാരശബ്ദത്തോടെ. ആദ്യത്തെ പുക പ്രേമാനന്ദന്‌. അടുത്തത്‌ ഭാര്‍തി. ഹുക്കയുടെ പ്രയാണം തുടങ്ങുകയായി. ഒരു ഹുക്ക തീരുമ്പോഴേക്കും ലംബു അടുത്തത്‌ നിറച്ചിട്ടുണ്ടാകും. ഈ പൂജ സമാപിക്കുക പന്ത്രണ്ടുമണിയോടെയാണ്‌. ചത്ത കണ്ണുകളും കഫം നിറഞ്ഞ ചുമയുമായി സന്ന്യാസിമാര്‍ പിരിഞ്ഞുപോകും താഴത്തെ നിലയിലേക്ക്‌.

ഇനിയാണ്‌ പ്രേമാനന്ദന്റെ കര്‍മ്മം ആരംഭിക്കുക. സുദര്‍ശനചക്രവും വിവിധ ചക്രങ്ങളും ഇരുന്ന് വരക്കും. ഒരു കലാകാരന്റെ അനുഷ്ഠാനധ്യാനത്തോടെ. അരികില്‍ പാര്‍വ്വതിയെപ്പോലെ, നല്ല മൊഴികളുമായി ഭാര്‍തി. ഇരുന്ന് കുറേ മുഷിയുമ്പോള്‍ താഴത്തെ നിലയിലെ ഹാളിലും, പ്രാര്‍ത്ഥനാമന്ദിരത്തിലുമൊക്കെ ചുറ്റി നടക്കും ഭാര്‍തി. താഴെയുള്ള പ്രാര്‍ത്ഥനാമന്ദിരത്തില്‍ ഘനനിതംബികളും അതിസുന്ദരികളുമായ ഗുജറാത്തി-മാര്‍വാഡി സ്ത്രീകള്‍ പൂജയും ആരതിയും ഉഴിയുന്നുണ്ടാകും.

ചക്രവ്യൂഹങ്ങള്‍ ചമച്ചതിനുശേഷം പ്രേമാനന്ദനും ഭാര്‍തിയുമിരുന്ന് കുറച്ചുനേരം ഹിന്ദി സിനിമകള്‍ കാണും. അമിതാഭും വിനോദ്ഖന്നയുമൊക്കെ ഉണ്ടാകും അക്കൂട്ടത്തില്‍. രണ്ടു രണ്ടരയാടെ വിശേഷാല്‍ പ്രതികളുമായി വിസ്തരിച്ചൊരൂണ്‌. പിന്നെ പള്ളിയറയിലേക്കു പോവുകയായി മാതാജിയും സ്വാമിജിയും. വൈകുന്നേരം അല്‍പ്പം ചെസ്സും, കാരംസുകളിയുമൊക്കെ കളിച്ച്‌, വീണ്ടും പ്രേമാനന്ദന്‍ ചക്രങ്ങളുമായി സഹവസിക്കും. സന്ധ്യക്ക്‌ താഴെ വിശാലമായ പൂജ. അപ്പോഴേക്കും വീണ്ടും സ്വീകരണമുറി തയ്യാറായിട്ടുണ്ടാകും. ഹുക്കയും സാമ്പ്രാണിതൈലവും വരും. പെരുമ്പറകൊട്ടുന്ന ശബ്ദത്തില്‍ വീണ്ടും സംഘം ചേര്‍ന്ന് ശിവസ്തുതി. ഹുക്കയുടെ ആത്മാഹുതി. അന്തരീക്ഷത്തില്‍ നീലനിറത്തിലുള്ള മാസ്മരികവലയങ്ങള്‍ തീര്‍ത്ത്‌ ശിവമൂലി കത്തിക്കയറി എരിഞ്ഞുതീരും. വീണ്ടും എന്തെങ്കിലും മൂന്നാംകിട സിനിമകള്‍. ഇടക്ക്‌ പ്രേമാനന്ദന്‍ താഴത്തെ ഹാളിലെ സന്ന്യാസികളുടെയിടയില്‍ ക്ഷേമാന്വേഷണവുമായി വരും. ആശ്രമത്തിനു വെളിയിലിറങ്ങി നാട്ടുകാരോടുള്ള കുശലപ്രശ്നങ്ങളും പ്രേമാനന്ദന്റെ രാത്രിയിലെ ദിനചര്യകളുടെ ഭാഗമാണ്‌.

ഇതൊക്കെയായിരുന്നു അവിടുത്തെ ദിനചര്യകള്‍. രാവിലത്തെ സംഘം ചേര്‍ന്നുള്ള ഗഞ്ചന്‍ പ്രയോഗത്തിനുശേഷം, ചക്രങ്ങളുമായി മല്ലിടുമ്പോഴാണ്‌ പ്രേമാനന്ദനെ കാണാന്‍ ആളുകള്‍ വരുക. പ്രേമാനന്ദന്‍ വെറും സ്വാമിജി മാത്രമല്ല. സ്ഥലത്തെ ഓണററി മജിസ്റ്റ്രേറ്റുകൂടിയായിരുന്നു മൂപ്പര്‍. ബോംബെ കോര്‍പ്പറേഷന്റെ ഒരു ചെറിയ കര്‍ത്തരി കര്‍മ്മണി പ്രയോഗം. നഗരസഭയുടെയും പോലീസിന്റെയും ജോലിഭാരം കുറക്കാനും, അവര്‍ക്ക്‌ ചെന്നെത്താന്‍ സാധിക്കാത്തതും അവര്‍ ചെയ്യാന്‍ ഭയപ്പെടുന്നതും മടിക്കുന്നതുമായ കാര്യങ്ങളില്‍ ഇടപെടാനും, വേണ്ടിവന്നാല്‍ പറഞ്ഞൊതുക്കാനും ഇനിയും വേണ്ടിവന്നാല്‍ കൈകാര്യം ചെയ്യാനുമാണ്‌ ഇത്തരം ഓണററി മജിസ്ത്രേറ്റുമാരെ വെച്ചിരിക്കുന്നത്‌. സ്ഥലത്തെ ഒരുമാതിരി അടിപിടികളും ലഹളകളുമൊക്കെ അവര്‍ നോക്കിക്കൊള്ളും. അധികാരവികേന്ദ്രീകരണസങ്കല്‍പ്പം കേരളത്തിലെത്തുന്നതിനും‌‌മുന്‍പാണ് ഇത്.

ബോളിവുഡില്‍ നിന്ന് ഇറങ്ങിവരുന്നവരെപ്പോലെ തോന്നിച്ചിരുന്നു സ്വാമിജിയുടെ ആ പകല്‍ സന്ദര്‍ശകര്‍. ചിലപ്പോള്‍ രാത്രിയിലും അവര്‍ വരുക പതിവായിരുന്നു. സന്ദര്‍ശനമുറിയുടെ വാതില്‍ അടച്ചിട്ടുണ്ടാകും അപ്പോള്‍. അതിനുള്ളില്‍നിന്ന് അടക്കിപ്പിടിച്ച സംസാരവും അട്ടഹാസച്ചിരികളും ഉയരും.താഴെയുള്ള ഹാളിലെ ജീവിതം മറ്റൊന്നായിരുന്നു. പകല്‍ മുഴുവന്‍ ആ ഹാളുകളില്‍ നിശ്ശബ്ദത തളം കെട്ടിക്കിടക്കും. ചിലര്‍ മുകളില്‍ പ്രേമാനന്ദന്റെ കൂടെ. ചിലര്‍ നഗരസഞ്ചാര യത്നങ്ങളില്‍. ചിലര്‍ ഉറക്കം. ചിലര്‍ അദൃശ്യരൂപങ്ങളുമായി നീണ്ട സംഭാഷണങ്ങളിലായിരിക്കും. ചിരിയും കരച്ചിലുമായി. രാത്രികളില്‍ ആ രണ്ടു വലിയ ഹാളുകളും സജീവമാകും. പല ഭാഗത്തുനിന്നുമെത്തിയവര്‍. ചെറുപ്പക്കാര്‍, പ്രായം ചെന്നവര്‍. ശാന്തശീലര്‍, അസ്വസ്ഥരായവര്‍, സദാ പ്രസന്നമായ മുഖത്തോടുകൂടിയവര്‍, വെറുപ്പും, ദേഷ്യവും മായാത്ത മുഖങ്ങള്‍, ഒച്ചവെക്കുന്നവര്‍, കൂനിപ്പിടിച്ച്‌ സംശയദൃഷ്ടികളോടെ ചുറ്റും നോക്കി മൗനികളായിരിക്കുന്നവര്‍. ചീട്ടുകളിയുടെ ഉസ്താദുകള്‍. വെടിപറച്ചിലുകാര്‍. നിഗൂഢത ഒളിപ്പിച്ചുവെച്ച പെരുമാറ്റങ്ങളോടെ, കാണുന്നവരില്‍ ഭയബഹുമാനങ്ങള്‍ ഉണര്‍ത്തുന്നവര്‍. വി.കെ.എന്നും, എം.ടിയും, ബഷീറും, തകഴിയും, ഒ.വി.വിജയനും, പത്മനാഭനും, അക്കിത്തവും, ആനന്ദും, ജോണ്‍ എബ്രഹാമും, കെ.പി.നാരായണപ്പിഷാരടിയും എല്ലാം ഒരുമിച്ചൊരു മുറിയിലെത്തിയതുപോലെ ഒരു വിചിത്രലോകം. പാട്ടും നൃത്തവും തെറിയും ഭജനയും, പഴങ്കഥകളും, ചര്‍ച്ചകളുമെല്ലാമായി മദോന്മത്തമാകുന്ന രാത്രികാലങ്ങള്‍.

നാടോടികളും അഗതികളും, അനാഥരും, അശാന്തപ്രകൃതികളും, ക്ഷിപ്രകോപ-പ്രസാദികളുമായ ആ സന്ന്യാസിമാരുടെ കൂടെ ആ വലിയ ഹാളില്‍, ഒരു കിടക്കവിരിയും വിരിച്ച്‌, രണ്ടുമാസം കഴിച്ചുകൂട്ടി. ഇടക്കൊക്കെ രാത്രിയില്‍ ഉച്ചത്തിലുള്ള ബഹളവും പോര്‍വിളികളും കേട്ട്‌ ഞെട്ടിയുണരും. എന്തെങ്കിലും ചെറിയ കാര്യങ്ങളെച്ചൊല്ലിയുള്ള വന്‍ബഹളങ്ങള്‍. മുകളിലെ നിലയില്‍നിന്ന് പ്രേമാനന്ദനും ഭാര്‍തിയും ഉറക്കച്ചടവോടെയെത്തും. ഒതുക്കിത്തീര്‍ക്കും. എന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ നാസിക്കില്‍ നിന്നുള്ള ഒരാളായിരുന്നു. പന്ത്രണ്ടു വര്‍ഷമായി ഒരിക്കലും ഇരിക്കാത്ത ഒരാളാണെന്ന് പറഞ്ഞുകേട്ടു. രണ്ടു കാലുകളും നീരുവന്നു വീര്‍ത്തിരുന്നു. ഹാളിന്റെ ഉത്തരത്തില്‍ ഒരു കയര്‍കെട്ടി, അതില്‍ കാലുകള്‍ കയറ്റിവെച്ച്‌, ചുമരില്‍ ചാരിനിന്നായിരുന്നു രാത്രിയില്‍ അയാള്‍ ഉറങ്ങാറുണ്ടായിരുന്നത്‌.

രണ്ടുമൂന്നുതവണ പ്രേമാനന്ദന്‍ എന്നെയും ക്ഷണിച്ചു രാവിലത്തെ സംഘം ചേരലില്‍. മുന്‍പരിചയമില്ലാത്ത വസ്തുവൊന്നുമായിരുന്നില്ല എനിക്കും ശിവമൂലി. പോരാത്തതിന്‌ പ്രേമാനന്ദനെന്ന ഗൃഹനാഥന്റെ സ്നേഹസാന്ദ്രമായ ക്ഷണവും, വിചാരിച്ചപോലെ കാര്യങ്ങളൊന്നും നീങ്ങാത്തതിന്റെ ഇരിപ്പുറക്കായ്കയും. ഹുക്കയെ ഭക്ത്യാദരങ്ങളോടെ ഞാന്‍ ആവാഹിക്കുന്നത്‌ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും.

പ്രേമാനന്ദനാകുന്നതിനുമുന്‍പ്‌ പ്രേമാനന്ദന്‍ (മൂപ്പരുടെ പേരു വെളിപ്പെടുത്തുന്നത്‌ ശരിയാവില്ലെന്നതുകൊണ്ട്‌ അതൊഴിവാക്കുന്നു) ബോംബയിലെ സാമാന്യം തരക്കേടില്ലാത്ത ഒരു ചട്ടമ്പിയായിരുന്നുവത്രെ. കുത്തഴിഞ്ഞ ആ ജീവിതത്തിനിടയിലാണ്‌ മരണാസന്നനായി കിടക്കുന്ന ഒരാളെ കാണാനും പരിചയപ്പെടാനും, മരണം വരെ അയാളെ ശുശ്രൂഷിക്കാനും പ്രേമാനന്ദന്‌ ഇടവരുന്നത്‌. തന്നെ പരിചരിച്ച ദയാലുവായ ചട്ടമ്പിക്ക്‌ ആ വൃദ്ധന്‍ ദാനമായി നല്‍കിയതായിരുന്നു ആ കെട്ടിടം. അതിന്റെ ചുമതലക്കായി ഒരു ട്രസ്റ്റ്‌ രൂപീകരിക്കുകയും അതിന്റെ ചുമതലക്കാരനായി പ്രേമാനന്ദനെ അവരോധിക്കുകയും ചെയ്തിട്ടാണ്‌ രാഘവാനന്ദന്‍ സമാധിയാകുന്നത്‌.

അന്ന് അവിടെ ഒരു നിത്യമുക്താനന്ദനുമുണ്ടായിരുന്നു. തീരെ ചെറുപ്പം. സാക്ഷാല്‍ പറക്കും സ്വാമിയുടെ ശിഷ്യന്‍. യോഗയിലാണ്‌ സാമര്‍ത്ഥ്യം. രണ്ട്‌ മദാമ്മമാരുടെ ക്ഷണം കിട്ടിയതനുസരിച്ച്‌ ആസ്ത്രേലിയയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പുമായി വന്നതായിരുന്നു നിത്യമുക്തന്‍. പരമസാത്വികന്‍. എന്നെപ്പോലെ, യാത്ര നീണ്ടു നീണ്ട്‌ അവിടെ അടിഞ്ഞതായിരുന്നു അയാളും. ഇടക്കിടക്ക്‌ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ചര്‍ച്ചയില്‍ ഏര്‍പ്പെടും. ദൈവവും ഭക്തിയും വിശ്വാസവും ഒക്കെയാണ്‌ വിഷയങ്ങള്‍. രാഷ്ട്രീയവും ഇടക്ക്‌ കയറിവരും. എടോ നിത്യമുക്താ എന്നും, വേണമെങ്കില്‍ മറ്റുള്ളവര്‍ കേള്‍ക്കാതെ, അല്‍പ്പം കടന്നുള്ള വിശേഷണങ്ങളിലൂടെയും അഭിസംബോധന ചെയ്യാം. മുഷിയില്ല. അത്രക്ക്‌ അടുപ്പം. ഭവാസനത്തിലൂടെ ലെവിറ്റേഷന്‍ (വായുവില്‍ പൊങ്ങിനില്‍ക്കുക) സാദ്ധ്യമാകുമെന്ന് ഒരിക്കല്‍ വാദിച്ചു മൂപ്പര്‍. എങ്കില്‍ അതൊന്നു കാണണമെന്നായി. ഇരുന്ന ഇരുപ്പില്‍ ഉയര്‍ന്നു കാണിച്ചാല്‍ ഭക്തിമാര്‍ഗ്ഗം കൂടാമെന്ന് വെച്ചുകാച്ചുകയും ചെയ്തു. എന്നെപ്പോലുള്ള അവിശ്വാസികളുടെ മുന്നില്‍ വെച്ച്‌ കാണിച്ചാല്‍ സ്വായത്തമാക്കിയ വിദ്യക്ക്‌ ഗുണമല്ലെന്നുപറഞ്ഞ്‌ തടിയൂരി നിത്യമുക്തന്‍. പിന്നെ, അതും പറഞ്ഞ്‌ രാത്രി ഞങ്ങള്‍ ഏറെനേരം ചിരിച്ചു. എവിടെയാണാവോ ഇന്നയാള്‍.

ആശ്രമത്തിലെ പൂജയിലും മറ്റും പങ്കെടുക്കാതെ ഞാന്‍ ഒന്നൊന്നരമാസം രക്ഷപ്പെട്ടുനടന്നു. പിന്നെപ്പിന്നെ വൈകുന്നേരത്തെ പൂജയില്‍ പങ്കെടുക്കാന്‍ പ്രേമാനന്ദന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഞാന്‍ മറ്റൊരു താമസസ്ഥലം കണ്ടെത്തി പ്രേമാനന്ദനെ നയത്തില്‍ വിവരമറിയിച്ചു. ബോംബയിലെ ഏജന്റിനു മുഴുവന്‍ പൈസയും കൊടുത്തുകഴിഞ്ഞിരുന്നു. യാത്ര അടുത്തൊന്നും ശരിയാവുന്ന ലക്ഷണവുമില്ല. രാത്രി പ്രേമാനന്ദന്‍ മുറിയിലേക്ക്‌ വിളിപ്പിച്ചു."രാജുഭായ്‌, നിനക്കു താത്‌പര്യമില്ലെങ്കില്‍ പൂജയിലൊന്നും നീ പങ്കെടുക്കണമെന്ന് ഞാന്‍ നിര്‍ബന്ധിക്കില്ല. ആ ഒരു കാരണം കൊണ്ട്‌ നീ ഇവിടെനിന്ന് മാറുകയും വേണ്ട. പക്ഷേ നിന്റെ പൈസ ഏജന്റിന്റെ കയ്യിലാണ്‌. അതോര്‍മ്മവേണം. ഏതെങ്കിലുംവശാല്‍ നിന്റെ യാത്ര ശരിയായില്ലെങ്കില്‍, നീ ഏജന്റിനു കൊടുത്ത പൈസ ഞാന്‍ മേടിച്ചുതരും. പക്ഷേ നീ ഇവിടെനിന്ന് മാറിയാല്‍ പിന്നെ നീ എന്നെ പ്രതീക്ഷിക്കണ്ട. എന്റെ ഉത്തരവാദിത്ത്വം അതോടെ കഴിയും. ഇനിയൊക്കെ നിന്റെ ഇഷ്ടം".

ഉള്ളില്‍ പ്രേമാനന്ദനെ നമിച്ചു. തീരുമാനം മാറ്റി. പിന്നെയും ചില ദിവസങ്ങള്‍. സൗദിയിലേക്കുള്ള യാത്ര ശരിയായി. യാത്ര പുറപ്പെടുന്നതിനുമുന്‍പ്‌ പ്രേമാനന്ദനെ ചെന്നു കണ്ടു. കുംഭമേളക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു പ്രേമാനന്ദനും ഭാര്‍തിയും ലംബുവുമൊക്കെ. അവിടെ ചെന്നാല്‍ നീ ഞങ്ങള്‍ക്ക്‌ കത്തയക്കുമോടാ? നാട്ടില്‍ വരുമ്പോള്‍ ഇടക്ക്‌ വരണം.

പ്രേമാനന്ദന്റെയും പരിവാരത്തിന്റെയും കൂടെ ആ രാത്രി ആശ്രമത്തില്‍നിന്ന് ഇറങ്ങി. ഏജന്റിന്റെ ഓഫീസിലേക്കു പോകാതെ കുംഭമേളക്കു പോയാലോ എന്ന് ഒരുനിമിഷം ആലോചിച്ചു. അച്ഛനെയും അമ്മയെയും ഓര്‍മ്മവന്നു. അഭിനയിച്ചേടത്തോളമുള്ള ക്രമരഹിതമായ അവധൂതവേഷമൊക്കെത്തന്നെയും ആവശ്യത്തിലും ഏറെയും കസറിയിട്ടുണ്ടല്ലോ എന്ന് ഉള്ളില്‍തോന്നുകയും ചെയ്തു.

(അവസാനിച്ചു)

അനുബന്ധം

രണ്ട്‌ ഓര്‍മ്മകള്‍ കൂടി ബാക്കി.

ഒന്ന് ചിന്മയാനന്ദനുമായുള്ളത്. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത്‌ സ്ഥിരമായി വര്‍ഷത്തിലൊരിക്കല്‍ ചിന്മയാനന്ദന്റെ ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ എറണാകുളത്തുള്ള ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പോകുമായിരുന്നു. ഏഴു ദിവസവും മുടങ്ങാതെ പോകും. ഒന്നും വിടാതെ കേള്‍ക്കും. കഴിയാവുന്നത്ര കുറിച്ചെടുക്കും. കുറേക്കാലത്തിനുശേഷം, കല്‍ക്കത്തയിലെ ജീവിതത്തിനിടക്കും ഒരിക്കല്‍ അവസരം കിട്ടി. അന്ന് മൂപ്പര്‍ ഒരു സിംഘാനിയയുടെ വീട്ടിലായിരുന്നു താമസം. അക്കാലമാകുമ്പോഴേക്കും ഉള്ളില്‍നിന്ന് ദൈവവും വിശ്വാസവുമൊക്കെ, മുഴുവനായല്ലെങ്കില്‍തന്നെ, ഏതാണ്ട്‌, പുറത്തു കടന്നിരുന്നു. പരിചയക്കാരെ മാത്രമേ സിംഘാനിയയുടെ വീട്ടുകാവല്‍ക്കാരന്‍ ഉള്ളില്‍ കയറ്റിവിടുന്നുണ്ടായിരുന്നുള്ളു. എങ്ങിനെയോ കണ്ണുവെട്ടിച്ച്‌, ചന്ദ്രനും ഞാനും ഉള്ളില്‍ കടന്നു. അന്നവിടെ കണ്ടതുപോലുള്ള ഒരു ആഭാസരംഗം അതിനുമുന്‍പോ പിന്‍പോ കാണാനിടവന്നിട്ടില്ല. അകത്ത്‌, ഒരു സിംഹാസനത്തില്‍ സ്വാമിജി വാണരുളുന്നു. രണ്ടു ശിഷ്യന്മാര്‍ വെഞ്ചാമരം വീശുന്നു. അതിശയോക്തിയല്ല, ഒരു ശിഷ്യ നിലത്തിരുന്ന് സ്വാമിജിയുടെ പാദാരവിന്ദങ്ങള്‍ ഒരു താലത്തിലെടുത്ത്‌ കഴുകിക്കൊണ്ടിരിക്കുന്നു. മാര്‍വാഡികളും, തമിഴന്മാരുമടക്കമുള്ളവര്‍ വലിയ നോട്ടുകെട്ടുകള്‍ ചിന്മയാനന്ധന്റെ കയ്യിലും കാല്‍ക്കലും വെച്ച്‌ തൊഴുത്‌, അനുഗ്രഹം വാങ്ങി, കുശലാന്വേഷണങ്ങള്‍ നടത്തി, നിര്‍വ്വാണസുഖത്തോടെ ദര്‍ശിച്ച് മടങ്ങുന്നു. ചിന്മയചിത്തനായി അന്ന് അവിടെനിന്നിറങ്ങിയതില്‍പിന്നെയാണ്‌ ആനന്ദമെന്നത്‌ ശരിക്കുമറിയുന്നത്‌. സംശയം തോന്നിത്തുടങ്ങിയിരുന്ന വിഗ്രഹങ്ങള്‍ പൂര്‍ണ്ണമായും തച്ചുടയുന്നതിന്റെ പരമാനന്ദം. എല്ലാ ഹിന്ദുക്കളും അവരവുടെ വീടുകള്‍ക്കുമുകളില്‍ കാവിക്കൊടി കെട്ടണമെന്നൊക്കെയുള്ള ഒരു തിരഞ്ഞെടുപ്പുകാലത്തെ, മൂപ്പരുടെ പുലമ്പലുകള്‍ 'വെളിക്കിറ'ങ്ങുന്നത്‌ അതിനുംശേഷമായിരുന്നു.

രണ്ടാമത്തേത്‌ 96-ലാണ്‌. ഗള്‍ഫ്‌ ജീവിതത്തിനിടക്ക്‌ രണ്ടുവര്‍ഷം തൊഴിലില്ലാതെ നാട്ടില്‍ കഴിയുമ്പോള്‍ നിത്യചൈതന്യയതിയുടെ ബൃഹദാരണ്യകാപനിഷത്തിന്റെ ഒരു ഭാഗം കോഴിക്കോടുവെച്ച്‌ വായിക്കാനിടയായി. മറ്റൊരാളുടെ പുസ്തകം. മുഴുവനും വായിക്കണമെന്നു തോന്നി. തൃശ്ശൂരും പാലക്കാട്ടും അന്വേഷിച്ചു. അവിടെയൊന്നും കിട്ടാനുണ്ടായിരുന്നില്ല. യതിക്ക്‌ എഴുതി. വിലയെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. കൃത്യം ഒരാഴ്ചക്കുള്ളില്‍ പ്രീ-പെയ്‌ഡ്‌ തപാലില്‍ മൂന്നു ഭാഗങ്ങളും എത്തി. യതിയുടെ കുറിപ്പില്‍ പുസ്തകവില 850 ആണെന്നും എഴുതിയിരുന്നു. പുസ്തകം കിട്ടിയ വിവരവും പൈസയെത്തിക്കാന്‍ അല്‍പ്പം സാവകാശം വേണമെന്നും കാണിച്ച്‌ മറുപടിയെഴുതി. അതാ വരുന്നു അടുത്ത മറുപടി. പൈസയുടെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളു, സൗകര്യം പോലെ അയച്ചാല്‍ മതി, ഇനി അഥവാ സാധിച്ചില്ലെങ്കിലും കാര്യമാക്കേണ്ടതില്ല. പുസ്തകം വായിക്കുന്നതില്‍ പക്ഷേ അമാന്തം കാണിക്കരുതെന്നും അതില്‍ എഴുതിയിരുന്നു. ആദ്യത്തെ കത്തില്‍ എന്റെ കാഴ്ചപ്പാടുകളെക്കുറിച്ച്‌ ഞാന്‍ കുത്തിക്കുറിച്ച വിവരദോഷങ്ങള്‍ക്കും അജ്ഞതക്കും, സാമാന്യം ദീര്‍ഘമായി തന്നെ അദ്ദേഹം മൂന്നു പേജുവരുന്ന മറുപടിയും എഴുതിയിരുന്നു. തൊട്ടടുത്ത ആഴ്ചകളില്‍ "റൂമി പറഞ്ഞ കഥ'യും, 'യാത്ര'യും, 'ഭാരതീയ മനശ്ശാസ്ത്രത്തിനൊരാമുഖ'വും തപാലില്‍ പ്രീപെയ്‌ഡായിതന്നെ ഒന്നിനുപിറകെ ഒന്നായി ഫേണ്‍ഹില്ലില്‍നിന്നും വരുകയുമുണ്ടായി. അഞ്ചാറുമാസങ്ങള്‍ക്കുശേഷമാണ്‌ ആ കടം വീട്ടാന്‍ എനിക്ക്‌ കഴിഞ്ഞത്‌.

ഗുരുക്കന്മാരെയും ആനന്ദന്‍മാരെയുംകുറിച്ചൊക്കെ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ഇത്തരം ഗുരുലഘുത്വങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുകയും ചെയ്യാറുണ്ട്‌. നിത്യവും.

ഐക്യദാര്‍ഢ്യം, സ്മരണാഞ്ജലി

യെമനിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അബ്ദുള്‍ കരിം അല്‍ ഖൈവാനിയെ നിരവധി കുറ്റങ്ങള്‍ ചുമത്തി തടവിലാക്കിയിരിക്കുന്നു. യമധര്‍മ്മത്തെ സാധൂകരിക്കുന്ന വിധത്തില്‍, വധശിക്ഷതന്നെ ലഭിക്കാവുന്ന രീതിയിലാണ് യമനിലെ ഭരണകൂ‍ടം ഈ പത്രപ്രവര്‍ത്തകനെതിരെ നിയമം പ്രയോഗിക്കുന്നത്. അതിനെതിരെ പ്രതികരിക്കുക.

സൌദി അറേബ്യയിലെ പ്രമുഖ വനിതാ ബ്ലോഗ്ഗറായ ഹദീല്‍ അല്‍ ഹൊദെയ്‌‌ഫ് ഇക്കഴിഞ്ഞ മെയ് 16-ന്‍ അന്തരിച്ചു. ഈയിടെ അറസ്റ്റിലായ മറ്റൊരു സൌദി ബ്ലോഗ്ഗറായ ഫൌദ് അല്‍ ഫര്‍ഹാന്റേതുള്‍പ്പെടെ, സൌദിയിലെ മനുഷ്യാവകാശപ്രശ്നങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഹദീല്‍. Heaven's Steps എന്ന തന്റെ ബ്ലോഗ്ഗിലൂടെ സൌദി ഭരണകൂടത്തിനെതിരെ നിരന്തരം രൂക്ഷമായി പ്രതികരിച്ചിരുന്നു അവര്‍. അവരെയും ഇവിടെ ഓര്‍മ്മിക്കട്ടെ.

അധികവായനക്ക് ഇവിടെ

Tuesday, June 3, 2008

ഒരു സന്തോഷവര്‍ത്തമാനം

വൈറ്റ് ഹൌസിലും കോണ്‍ഗ്രസ്സിലുമിരിക്കുന്ന നപുംസകങ്ങളുടെ വാക്ക് വിശ്വസിച്ച്, അഫ്ഘാനിസ്ഥാനിലും ഇറാഖിലും ജനാധിപത്യവും സമാധാനവും ഇറക്കുമതിചെയ്യാന്‍ പോയവരാണവര്‍. അമേരിക്കന്‍ പട്ടാളക്കാര്‍. സ്വന്തം വീടിന്റെ തണലും തുണയും കൈവിട്ട്, വേണ്ടപ്പെട്ടവരെ വേര്‍പിരിഞ്ഞ്, അന്യനാട്ടില്‍ പോയി കൊല്ലും കൊലയും നടത്തിയവര്‍. കുട്ടികളെയും സ്ത്രീകളെയും നിരാലംബരായ ഗ്രാമീണരെയും ഒരു കാരണവുമില്ലാതെ കൊല്ലാക്കൊല ചെയ്തവര്‍. മാസാമാസ ശമ്പളത്തിനുവേണ്ടി. വെറ്ററന്‍സ് എന്നു വിളിക്കുന്നവര്‍. യുദ്ധനിപുണന്മാര്‍. ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും കുട്ടികളുടെ കൂടെ തെരുവില്‍ പന്തു തട്ടിക്കളിക്കുകയും, അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുകയും, തൊട്ടടുത്ത നിമിഷം അവര്‍ക്കുമീതെ ക്ലസ്റ്റര്‍ മഴ പെയ്യിച്ച് അവരെ കൂട്ടത്തോടെ ഇല്ലാതാക്കുകയും ചെയ്ത്, ആനന്ദനൃത്തം ചവുട്ടുന്ന വെറ്ററന്‍സ്.

അവധിയില്‍ നാട്ടില്‍ വരുമ്പോള്‍ അവര്‍ അറിയുന്നു. തങ്ങള്‍ നിരാലംബരാണെന്ന്. കയറിക്കിടക്കാന്‍ ഒരു കൂരപോലും തങ്ങള്‍ക്കില്ലെന്ന്. കുടുംബം ച്ഛിന്നഭിന്നമായിപ്പോയിരിക്കുന്നുവെന്ന്. കടം കയറി മുടിഞ്ഞിരിക്കുന്നുവെന്ന്. പറയുന്നത് മിഡില്‍ ഈസ്റ്റ് ഓണ്‍ലൈന്‍

പട്ടാളക്കാരേ, ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു സഹതാപവും തോന്നുന്നില്ല. ഇത് നിങ്ങള്‍ അനുഭവിക്കുകതന്നെ വേണം. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട്. സംഘടിക്കുക, ഇന്നത്തെ ഈ അമേരിക്കയെ അട്ടിമറിക്കുക. . പുതിയ ഒരു അമേരിക്കയെ സൃഷ്ടിക്കുക. ജനാധിപത്യ മൂല്യങ്ങള്‍ക്കും, ലോകസമാധാനത്തിനും ആഗോളപാരസ്പര്യത്തിനും വിലകല്‍പ്പിക്കുന്ന ഒരു അമേരിക്കയെ.

ലോകത്തോട് മുഴുവന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന, ഒളിവിലും തെളിവിലുമുള്ള അട്ടിമറികളെയും അക്രമപരമ്പരകളെയും ദേശീയ അജണ്ടയായി പാസ്സാക്കി കൊണ്ടുനടക്കുന്ന ബുഷ്-ചെനി-റൈസ്-കോണ്‍ഗ്രസ്സ് പ്രഭൃതികളെ അധികാരത്തില്‍നിന്ന് ആട്ടിയോടിക്കുക. തെരുവിലിറക്കി വിചാരണചെയ്യുക.

ബ്രീട്ടീഷ് സൈനികര്‍ക്കും ഇത് ഒരു പാ‍ഠമായിരിക്കണം. ഇറാഖിലും ലോകത്തിന്റെ മറ്റിടങ്ങളിലും അമേരിക്ക നടത്തുന്ന നഗ്നമായ നരനായാട്ടില്‍ പങ്കെടുത്തതിന് നാളെ നിങ്ങളും സമാധാനം പറയേണ്ടിവരും. അവിടെ പൊലിഞ്ഞുപോയ ഓരോ ജീവിതവും നാളെ നിങ്ങളെ തിരിച്ചു വേട്ടയാടുന്ന ഒരു കാലം വരുകതന്നെ ചെയ്യും. സംശയം വേണ്ട. ബുഷിന്റെ പഴയ ആ വെപ്പാട്ടി, നിങ്ങളുടെ ആ ടോണി ബ്ലെയര്‍, അയാളെയും കാലം ചോദ്യം ചെയ്യും.