Wednesday, May 28, 2008

എല്ലാം കാണുന്ന കണ്ണ്

മുപ്പതുവർഷം മുൻപ്‌ ഷെങ്ങ്‌സെൻ (Shenzhen) എന്ന പേരിലൊരു നഗരം നിലവിലുണ്ടായിരുന്നില്ല. നിരനിരയായികിടക്കുന്ന മുക്കുവഗ്രാമങ്ങളും, കൂട്ടുകൃഷി നടന്നിരുന്ന നെൽവയലുകളും ചെളിപുതഞ്ഞ റോഡുകളും, പരമ്പരാഗത ക്ഷേത്രങ്ങളും മാത്രമേ അന്ന് അവിടെയുണ്ടായിരുന്നുള്ളു. പരീക്ഷണാടിസ്ഥാനത്തിൽ മുതലാളിത്തം നടപ്പിലാക്കിനോക്കുന്നതിനുവേണ്ടി നാലു പ്രത്യേകസാമ്പത്തിക മേഖലകളെ ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാർട്ടി സൃഷ്ടിക്കുന്നതിനുംമുൻപായിരുന്നു അത്‌. തിരഞ്ഞെടുത്ത ആ നാലു സ്ഥലങ്ങളിലൊന്നായിരുന്നു ഷെങ്ങ്‌സെന്‍. ഹോംഗ്‌കോങ്ങ്‌ തുറമുഖത്തിനടുത്തായിരുന്നു ആ സ്ഥലമെന്നത്‌ കാര്യങ്ങൾ കൂടുതൽ ഭംഗിയാക്കി. ‘യഥാർത്ഥ‘ ചൈനയുടെ സോഷ്യലിസ്റ്റ്‌ ആത്മാവിനു കോട്ടമൊന്നും വരാതെ, സ്വകാര്യമേഖലയിലൂടെയും, വ്യവസായ വികസനത്തിലൂടെയും ലാഭം ഉറപ്പാക്കുക എന്നതായിരുന്നു ആ മുതലാളിത്ത പരീക്ഷണത്തിന്റെ പിന്നിലുള്ള സിദ്ധാന്തം. ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ യാതൊരു ഭാരവുമില്ലാത്ത ഒരു സമ്പൂർണ്ണവാണിജ്യനഗരമാണ് ആ പരീക്ഷണത്തിന്റെ ഫലമായി ഉയര്‍ന്നുവന്നത്. മുതലാളിത്തത്തിന്റെ കടഞ്ഞെടുത്ത സത്ത്. നിക്ഷേപകരെ അത്‌ വല്ലാതെയങ്ങ് വശീകരിച്ചുകളഞ്ഞു.

ഷെങ്ങ്‌സെൻ സ്ഥിതിചെയ്യുന്ന ചൈനയുടെ ദക്ഷിണഭാഗത്തുള്ള പേൾ നദീതടത്തിൽ (Pearl River Delta) മാത്രമല്ല, രാജ്യത്തൊട്ടാകെ ഈ പരീക്ഷണം വളരെവേഗത്തിൽ വ്യാപിച്ചു. ഷെങ്ങ്‌സെൻ നഗരത്തിൽ മാത്രം ഇന്ന്, ഒരു ലക്ഷത്തോളം ഫാക്റ്ററികളുണ്ട്‌. ജനസംഖ്യയാകട്ടെ 12.4 ദശലക്ഷവും. നിങ്ങളിന്നുപയോഗിക്കുന്ന സാധനങ്ങളിൽ ഭൂരിഭാഗവും വരുന്നത്‌ അവിടെനിന്നായിരിക്കും.നവോമി ക്ലേന്‍ (Naomi Klein) എഴുതിയ ലേഖനം. ഇവിടെ. ജോര്‍ജ്ജ് ഓര്‍വ്വലിയന്‍ പ്രവചനത്തിന്റെ ആസന്ന സാദ്ധ്യതകളും പ്രയോഗവും നമ്മെ ഭയപ്പെടുത്തുകതന്നെ ചെയ്യും. നിര്‍ബന്ധമാ‍യും വായിച്ചിരിക്കേണ്ട ലേഖനമാണിത്. പക്ഷേ, പരിഭാഷപ്പെടുത്തി ആഘോഷിക്കാനുള്ള സൌകര്യവും, സമയവും, സാവകാശവും തത്‌ക്കാലം കയ്യിലില്ല. ക്ഷമിക്കുക.


Tuesday, May 27, 2008

പൂര്‍വ്വാശ്രമത്തില്‍നിന്ന് ഒരേട്

കേരളത്തിൽനിന്നുള്ള ഈ പത്രവാർത്തകളൊക്കെ പ്രേമാനന്ദനും പ്രേമാനന്ദന്റെ "ഭാർതി'യും വായിക്കുന്നുണ്ടാവുമോ എന്തോ.

അമൃതചൈതന്യമാരുടെയും വിഷ്ണുമായമാരുടെയും ലോകം. പൂർവ്വാശ്രമധർമ്മങ്ങളുടെയും പേരുകളുടെയും ബന്ധങ്ങളുടെയും പിരിയൻഗോവണികളിൽനിന്ന് കൗശലപൂർവ്വം ഇറങ്ങിപ്പോന്നവർ. ഇറക്കിവിടപ്പെട്ടവർ. മനോവിഭ്രമത്തിനെയും ഭക്തിയെയും പരസ്പരം തെറ്റിദ്ധരിച്ച്‌ ഉന്മാദികളായ സാധുക്കൾ. പ്രച്ഛന്നവേഷത്തിലും, പക്ഷേ, അവരെ പുതിയ ധർമ്മങ്ങളും പേരുകളും ബന്ധങ്ങളും നിരന്തരം വേട്ടയാടിക്കൊണ്ടേയിരുന്നു.

ഇടക്കൊക്കെ അവർ പഴയ കാലങ്ങൾ ഓർക്കുന്നുണ്ടാവണം. വിട്ടുപോന്ന അമ്മയെയും അച്ഛനെയും കൂടപ്പിറപ്പുകളെയും, സ്വസ്ഥതയോടെ ജീവിക്കാൻ സമ്മതിക്കാത്ത പിറന്ന നാടിനെയും, പാതിവഴിയിൽ കയ്യൊഴിയേണ്ടിവന്ന സ്നേഹിച്ച പെണ്ണിനെയും, കളഞ്ഞുകുളിച്ചതും കിട്ടാതെപോയതുമായ അവസരങ്ങളെയുമൊക്കെ അവർ ഇടക്കിടക്ക്‌ ഓർക്കുന്നുണ്ടാവണം. അതുകൊണ്ടായിരിക്കണം അവരിൽ പലരും ഉന്മാദികളാകുന്നത്‌. അവരുടെ ചിരിയിലും കരച്ചിലിലും വിദ്വേഷത്തിലും ഹിസ്റ്റീരിയ നിറയുന്നത്‌. നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആഭിചാരങ്ങളാണ്‌ ആ പ്രച്ഛന്നവേഷധാരികൾ ചെയ്യുന്നത്‌.

വണ്ടി ഈറോഡ്‌ വിട്ടാൽ, പിന്നെ അവരുടെ നാടായി. ടി.ടി.ആറിനെയും പോലീസുകാരനെയും ജടകാട്ടി ഭസ്മമെറിഞ്ഞ്‌ വിരൽചൂണ്ടി വിറപ്പിക്കും അവർ. ഗംഗയുടെയും കാവേരിയുടെയും നർമ്മദയുടെയും തീരങ്ങളിലെ വൈരാഗികളായ അനാഥജന്മങ്ങൾ. ചെറിയ മുഷ്ടിയുദ്ധത്തിനെപ്പോലും വലിയ ലഹളകളാക്കാൻ കരുത്തുള്ളവർ. അരാജകത്വത്തിന്റെയും അശാന്തിയുടെയും വെളിച്ചപ്പാടുകൾ.

മണ്ണിലും പെണ്ണിലും മനസ്സിലുമൊക്കെ ഈ അരാജകത്വവും അശാന്തിയുമാണ്‌ അവർ വിതക്കുന്നത്‌. ആശ്രമങ്ങളും അരമനകളും അവയുടെ വിളനിലമാണ്‌. പാഠശാലകളും. അവരുടെ മുന്നില്‍ നമ്മുടെ ആള്‍ദൈവങ്ങള്‍ ഒന്നുമല്ല. നീലച്ചിത്രം പിടിക്കുകയും കണ്‍കെട്ടു നടത്തുകയും ചെയ്യുന്ന അശ്ലീല ജോക്കറുകള്‍.

കാലം തൊണ്ണൂറ്റൊന്നിന്റെ നടുഭാഗം. സൗദിയിലേക്കുള്ള യാത്രക്കു തയ്യാറായി ബോംബയിലെത്തിയ സമയം. പ്രതീക്ഷിച്ചത്ര എളുപ്പത്തിൽ സൗദിയിലേക്കുള്ള യാത്ര തരമാകില്ല എന്നു കണ്ടപ്പോൾ, ചുരുങ്ങിയ വാടകക്ക്‌, കഴിയുമെങ്കിൽ സൗജന്യമായിത്തന്നെ ഒരു താമസസൗകര്യം തരപ്പെടുത്തണമെന്നു തോന്നി. അങ്ങിനെയാണ്‌ ബോംബയിലെ ഗുലാൽവാഡി ഭാഗത്തുള്ള രാഘവാനന്ദമഠത്തിലെത്തുന്നത്‌. പ്രേമാനന്ദനെ അന്വേഷിച്ച്‌. പക്ഷേ പ്രേമാനന്ദനും ഭാർതിയും അന്ന് ഒരു യാത്രയിലായിരുന്നു. അതുകൊണ്ട്‌ കാണാൻ കഴിഞ്ഞില്ല. അവരുമായി പരിചയമാകുന്നതിനുമുൻപ്‌ അവിടെ തങ്ങാൻ മനസ്സനുവദിച്ചതുമില്ല.

അവരെ ചെന്നുകാണാൻ ആവശ്യപ്പെട്ട്‌ കത്തെഴുതിയത്‌ അമ്മാവനായിരുന്നു. അമ്മയുടെ ഏറ്റവും ചെറിയ അനിയൻ. എന്നേക്കാൾ നാലുവയസ്സു മാത്രം മീതെ. പത്താം ക്ലാസ്സ്‌ എന്ന ഉപരിവിദ്യാഭ്യാസത്തിന്റെ കടമ്പയോട്‌ മല്ലിട്ട്‌ തോറ്റ്‌ തൊപ്പിയിട്ട്‌ ഗുജറാത്തിലേക്ക്‌ കടന്നതിൽപ്പിന്നെ നാലോ അഞ്ചോ വർഷങ്ങൾ അമ്മാവനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു.

ഇളയ മകന്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാതെ അമ്മമ്മയും മുത്തച്ഛനും വല്ലാതെ മനസ്സുനൊന്തിരിക്കുമ്പോഴാണ്‌ ഭിക്ഷ മേടിക്കാൻ വരുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള അമ്മാവന്റെ കത്ത്‌, ഒരു നാടോടിയെപ്പോലെ, മേൽവിലാസം എഴുതാതെ, ഗുജറാത്തിൽനിന്നും വരുന്നത്‌. സന്ന്യാസജീവിതം ആരംഭിക്കുന്നതിന്റെ പ്രാരംഭമായിരുന്നു ആ ഭിക്ഷമേടിക്കൽ ചടങ്ങ്‌.

താടിയും മുടിയും നീട്ടിവളർത്തിയ, കൃശഗാത്രനായ ഒരു സന്ന്യാസിയെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളെയൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച്‌, അച്യുതാനന്ദനായി ജ്ഞാനസ്നാനം ചെയ്ത വെള്ളിനേഴിയിലെ പഴയ ഗോപൻ, വിലകൂടിയ സിൽക്കിന്റെ കാവിമുണ്ടും കാവിജുബ്ബയുമിട്ട്‌, കയ്യിൽ വിലകൂടിയ വാച്ചും, ഭംഗിയുള്ളൊരു തോൾസഞ്ചി ചുമലിലും തൂക്കി, മെതിയടികളിൽ പദമളന്ന്, പ്രത്യക്ഷനായി. നീണ്ടുവളർന്ന മിനുസമുള്ള തലമുടി ഭംഗിയായി കെട്ടിവെച്ചിരുന്നു. കഴുത്തിൽ രുദ്രാക്ഷമാലകളുടെ ഒരു മഹാസമ്മേളനം. മനുഷ്യന്റെ നശ്വരതയെയും വേഷപ്പകർച്ചകളെയും നോക്കി കളിയാക്കിച്ചിരിച്ച്‌ നെറ്റിയിലും കയ്യിലും നിറയെ ഭസ്മം.

മകനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലാതെ, നാട്ടിൽ മുത്തച്ചനും അമ്മമ്മയും തീ തിന്നുകഴിയുമ്പോൾ അമ്മാവൻ പുഴുവിൽനിന്ന് ഷഡ്പദത്തിലേക്കുള്ള തപസ്സിലായിരുന്നുവത്രെ. ഗുജറാത്തിന്റെ പശ്ചിമതീരത്തിലുള്ള ദ്വാരകയിലെ സനാതൻ സേവാമണ്ഡലിൽ.

അവിടുത്തെ പ്രധാന സ്വാമിജിയുടെ ആദ്യശിഷ്യനായി ദീക്ഷ സ്വീകരിച്ചതിനുശേഷമായിരുന്നു ഭിക്ഷ മേടിക്കാനുള്ള അമ്മാവന്റെ ആ വരവ്‌. ജീവദാതാക്കളുടെ കയ്യിൽനിന്ന് ഒരുരുള. ഒരു കുടന്ന വെള്ളം. ഭിക്ഷ കിട്ടിയ ജന്മമാണെന്നുള്ള ക്രൂരമായ ഒരു ഓർമ്മപ്പെടുത്തൽ.

ഒന്നുരണ്ടാഴ്ചകൾ ചില ഹോട്ടൽമുറികളിലായി കഴിച്ചുകൂട്ടി. പകലൊക്കെ എവിടെയെങ്കിലും ചുറ്റിക്കറങ്ങും. ചൗപ്പാത്തിയിലും, ഗ്രാന്റ്‌ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിർഭാഗ്യജാതകങ്ങളുടെ സർറിയലിസ്റ്റ്‌ പരിസരങ്ങളിലും, നരിമാൻ പോയന്റിലും, ഫ്ലോറ ഫൗണ്ടനിലും, ധാരാവിയിലുമൊക്കെ. പേടിപ്പെടുത്തുന്ന കാമാഠിപുരയും ചെന്നുകണ്ടു. പിന്നെ, ഒരു ദിവസം, വല്ലാത്ത മടുപ്പ്‌ തോന്നിയപ്പോൾ ദ്വാരകയിലേക്ക്‌ രാത്രിവണ്ടി കയറി. പിറ്റേന്ന് പുലർച്ചക്ക്‌ അവിടെയെത്തി.

സ്കൂളും അനാഥാലയങ്ങളും, വൃദ്ധസദനങ്ങളുമൊക്കെയായി ആശ്രമത്തിന്‌ ധാരാളം സ്വത്തുവകകൾ ഉണ്ടായിരുന്നു. അതിന്റെയൊക്കെ മേൽനോട്ടം അമ്മാവനായിരുന്നു. ഇരുന്നൂറിലധികം കുട്ടികളും, അൻപതിലേറെ അദ്ധ്യാപകരുമുള്ള സ്കൂൾ. ദിവസത്തിൽ മൂന്നുനേരവും അവർക്കും, അഗതികളായെത്തുന്ന നൂറുകണക്കിനാളുകൾക്കും സുഭിക്ഷമായ ശാപ്പാട്‌. കൃഷിയിടങ്ങൾ, തൊഴിൽപരിശീലനകേന്ദ്രങ്ങൾ, അടുത്തും അകലെയുമുള്ള ഗ്രാമങ്ങളിലെ സൗജന്യ നേത്രപരിശോധനാകേന്ദ്രങ്ങൾ, ഗോശാലകൾ, അങ്ങിനെയങ്ങിനെ ആശ്രമം വലിയൊരു സാമ്രാജ്യമായിരുന്നു.

പ്രധാന സ്വാമിജി രണ്ടുമാസമായി വിദേശപര്യടനത്തിലായിരുന്നു. സാധുക്കൾക്കുള്ള വസ്ത്രങ്ങൾ സംഘടിപ്പിക്കാനായി വർഷാവർഷം നടത്താറുള്ള യാത്ര. ഒരു മാസം കഴിഞ്ഞാണ്‌ സ്വാമിജിയെത്തിയത്‌. രണ്ടു കണ്ടൈനർ സാധനങ്ങൾ സ്വാമിയുടെകൂടെ ബോംബെ തുറമുഖത്തെത്തി. അതിൽ വസ്ത്രങ്ങൾക്കുപുറമെ, ടാറ്റായുടെ ഒരു ആംബുലൻസും നിരവധി ഫാക്സ്‌ മെഷീനുകളും, കമ്പ്യൂട്ടറുകളും, ഫോട്ടൊകോപ്പിയറുകളും, ഫോണുകളും എല്ലാമുണ്ടായിരുന്നു. ജാംനഗറിലെ എ.സി.സി കമ്പനിക്കുവേണ്ടി സ്വാമിജി കഷ്ടപ്പെട്ടു സംഘടിപ്പിച്ച സനാതനധർമ്മത്തിന്റെ ഭൗതികസാമഗ്രികൾ. വെറും രണ്ടായിരം രൂപ അടച്ച്‌, തുറമുഖപരിശോധനകളെ സമർത്ഥമായി വെട്ടിച്ച്‌, അവയൊക്കെ സ്വാമിജിയുടെകൂടെ ദ്വാരകയിലെത്തി.

ഉത്തർപ്രദേശുകാരനായിരുന്നു സ്വാമിജി. ആജാനബാഹു. പഴയ ബാസ്ക്കറ്റ്ബാൾ കളിക്കാരൻ. നല്ല ചുറുചുറുക്ക്‌. അതിസുന്ദരികളായ രണ്ട്‌ ഊന്നുവടികൾ സദാസമയവും നിഴൽപോലെ കൂടെ. ആകെയൊരു പന്തിയില്ലായ്മ. തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്തതിന്റെ സ്വാതന്ത്ര്യമുള്ളതുകൊണ്ട്‌ അമ്മാവനോട്‌ എന്തും ചോദിക്കാം. പറയാം. സൂചിപ്പിക്കുകയും ചെയ്തു.

"നമ്മൾ കാണുന്നതുപോലെയല്ല വലിയ സ്വാമിജി സ്ത്രീകളെ കാണുന്നത്‌. ആദ്യം നിന്റെ ഉള്ള്‌ വൃത്തിയാക്ക്‌", അച്ച്യുതാനന്ദനെന്ന പഴയ ഗോപകുമാരന്റെ ഗീതോപദേശം അതിൽ ഒതുങ്ങി. മറുപടിയൊന്നും പറയാൻ പോയില്ല.

മൂപ്പർ പറഞ്ഞത്‌ ശരിയാണെന്ന് ബോദ്ധ്യപ്പെടാൻ ദ്വാരകയിലെ ഒന്നരമാസത്തെയും, ബോംബയിലെ രണ്ടു മാസത്തെയും താമസം കഴിഞ്ഞ്‌, സൗദിയിലെത്തി, പിന്നെയും രണ്ടു മാസം കഴിയേണ്ടിവന്നു. ദ്വാരക മഠാധിപനെ അഴിക്കകത്താക്കിയ വാർത്ത റിയാദ്‌ ടൈംസിൽ മുൻപേജിൽതന്നെ കൊടുത്തിരുന്നു. സ്ത്രീകളെ മാത്രമല്ല, കൗമാരം വിടാത്ത കൊച്ചുപെൺകുട്ടികളെപോലും സ്വാമിജി കണ്ടിരുന്നത്‌, ഞാനും നിങ്ങളുമൊന്നും കാണുന്ന രീതിയിലല്ലായിരുന്നുവെന്ന് മനസ്സിലായി. ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഒന്നിനുപിന്നാലെ ഒന്നായി രണ്ടുപെൺകുട്ടികൾ മരിച്ചപ്പോഴാണ്‌ പുറംലോകം സനാതനസേവയുടെ കാര്യങ്ങൾ അറിഞ്ഞതത്രെ. ആശ്രമത്തിലെ നിരവധി ചെറിയ പേൺകുട്ടികൾക്കും ഏറെക്കുറെ സമാനമായ കഥകൾ സാക്ഷ്യപ്പെടുത്താനുണ്ടായിരുന്നുവെന്നും പിന്നീട്‌ അറിഞ്ഞു.

ആശ്രമത്തിലെ ഒരു രാത്രി ഓർമ്മയിൽ വന്നു.

ആരോ വിങ്ങിവിങ്ങിക്കരയുന്ന ശബ്ദം കേട്ട്‌ ഉറക്കം മുറിഞ്ഞ ഒരു രാത്രി. ഉണർന്നുനോക്കുമ്പോൾ തൊട്ടടുത്ത കിടക്കയിൽ അമ്മാവനില്ല. ജനലിനു തൊട്ടപ്പുറത്ത്‌ സ്കൂളിന്റെ വരാന്തയിൽ കുറച്ചുപേർ കൂടിനിൽക്കുന്നു. അടക്കിപ്പിടിച്ച വർത്തമാനം. ഒരു സ്ത്രീ സങ്കടത്തിന്റെ കെട്ടുകൾ പൊട്ടിക്കുന്നു. ആശ്രമത്തിന്റെ സ്കൂളിലെ അദ്ധ്യാപികയായിരുന്നു അവർ. ചുറ്റുമുള്ളവർ എന്തൊക്കെയോ പറഞ്ഞ്‌ അവരെ ആശ്വസിപ്പിക്കുന്നുണ്ട്‌. മുഖം കനപ്പിച്ച്‌, ഒരു ന്യായാധിപന്റെ മുഖഭാവത്തോടെ അമ്മാവൻ എല്ലാം കേട്ടിരിക്കുന്നു.

മുറിയിൽതന്നെയിരുന്നു. അപരിചിതമായ വായ്‌മൊഴിയുടെ മതിലുകളിലെ വിള്ളലുകളിലൂടെ കാര്യങ്ങൾ ഏതാണ്ടൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു. മുഖ്യസ്വാമിജിയാണ്‌ കഥാപാത്രം.

ഗസ്റ്റ്‌ ഹസിന്റെ പിന്നാമ്പുറത്തേക്കിറങ്ങി ഒരു സിഗരറ്റിനു തീപിടിപ്പിച്ചു. അൽപം ദൂരെ മാറി ദ്വാരകാക്ഷേത്രത്തിന്റെ ഇളംചാരനിറമുള്ള വലിയ താഴികക്കുടങ്ങൾ തിളങ്ങിനിന്നിരുന്നു.

സിമന്റുകമ്പനികളുടെയും, സ്വയം തിരഞ്ഞെടുത്ത ബ്രഹ്‌മചര്യത്തിന്റെ വേലിപൊളിച്ചെത്തുന്ന നിഗൂഢമായ തൃഷ്ണകളുടെയും ദാഹശമനത്തിനുവേണ്ടി അവതാരങ്ങളെടുക്കുന്നവരുടെ മുന്നിൽ, ധിക്കാരിയും വിഷയലമ്പടനും, അതിസാമർത്ഥ്യശാലിയും മഹായുദ്ധത്തിന്റെ സൂത്രധാരനുമായ പഴയ ആ യാദവ അവതാരം എത്രയോ നിസ്സാരനും നിർദ്ദോഷിയുമായി തോന്നി.

ഏറെ സമയത്തിനുശേഷമാണ്‌ അമ്മാവൻ വന്നത്‌. മൂപ്പർ ഒന്നും പറഞ്ഞില്ല. ഞാനൊന്നും ചോദിച്ചതുമില്ല.

പ്രേമാനന്ദനും ഭാർതിയും തിരിച്ചുവന്നുവെന്ന് കമ്പി കിട്ടി. തൊട്ടടുത്തൊരു ദിവസം അച്യുതാനന്ദൻ മരുമകനെയും കൂട്ടി ഗുലാൽവാഡിയിലെത്തി.

പ്രേമാനന്ദന്റെയും പ്രേമാനന്ദന്റെ ഭാർതിയുടെയും ആസ്ഥാനം.

തിരക്കുകൊണ്ട്‌ വിങ്ങിപ്പൊട്ടുന്ന ഗുലാൽവാഡിയിലെ കിക്കാ തെരുവിലെ മൂന്നുനിലയുള്ള ആശ്രമത്തിന്റെ വാതിലിൽ ഉഗ്രലഹള. സൗന്ദര്യത്തേക്കാളേറെ മാദകത്വമുള്ള ഒരു ചെറുപ്പക്കാരി ഒരുത്തന്റെ കഴുത്തിനു കുത്തിപ്പിടിച്ച്‌ ഇടക്കിടക്ക്‌ അയാളുടെ കരണത്ത്‌ ഓരോന്ന് പൊട്ടിക്കുകയും മറാത്തിയിലും ഹിന്ദിയിലും ശുദ്ധമായ തെറിയഭിഷേകം നടത്തുന്നുമുണ്ടായിരുന്നു. ആളുകൾ തടിച്ചുകൂടിയിരുന്നു. അതെല്ലാം കണ്ടാസ്വദിച്ച്‌, കാവിമുണ്ടുമാത്രം ധരിച്ച്‌, വിയർത്തൊലിച്ച ഒരു ചെറുപ്പക്കാരൻ സ്വാമിജി, തന്റെ അലസമായ നീണ്ട താടിരോമങ്ങളി‌ല്‍ വിരലിട്ട് പിരിച്ച്, കക്ഷമുഴിഞ്ഞ്, വാതിലിൽ ചാരിനിന്ന് "മാരോ ഭാർതി, മാരോ"എന്ന് ഇടക്കിടക്ക്‌ ആക്രോശിച്ചുകൊണ്ടിരുന്നു.

അമ്മാവനും ഞാനും അകത്തേക്കുകയറി. വാതിൽക്കൽ നിൽക്കുന്ന സ്വാമിജിയുടെ മുഖം പ്രസന്നമായി. അമ്മാവനെ കെട്ടിപ്പിടിച്ചു അയാൾ. പുറത്തെ ലഹള ഒതുങ്ങിയിരുന്നു. ആളുകൾ പിരിഞ്ഞുതുടങ്ങി. മറ്റയാളെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബോംബയിൽ അങ്ങിനെയാണ്‌. നമ്മൾ തുടങ്ങിവെക്കുക മാത്രം ചെയ്താൽ മതി. ആളുകൾ ഏറ്റെടുത്തുകൊള്ളും. ലഹളകൾ പൊതുസ്വത്താണ്‌. ചെറുപ്പക്കാരിയും അകത്തേക്കുവന്നു. പരസ്പരമുള്ള പ്രണാമത്തിന്റെ ഉപചാരങ്ങൾക്കുശേഷം അമ്മാവൻ അവരെ എനിക്ക്‌ പരിചയപ്പെടുത്തി.

"ഇത്‌ പ്രേമാനന്ദൻ"

"ഇത്‌ മാതാജി"

"ഇതെന്റെ മരുമകൻ"

"നമസ്കരിക്കെടാ" എന്ന് അമ്മാവൻ കണ്ണുകള്‍കൊണ്ട് രഹസ്യമായി പറഞ്ഞത്‌ ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു.

ദ്വാരകയിൽവെച്ച്‌ പ്രധാന സ്വാമിജിയെ ആദ്യമായി പരിചയപ്പെടുത്തിയപ്പോഴും അമ്മാവൻ ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. മലയാളത്തില്‍. അന്നും ഞാനത്‌ കേൾക്കാത്ത മട്ടിൽ അഭിനയിച്ച്, സമര്‍ത്ഥമായി രക്ഷപ്പെടുകയാണുണ്ടായത്.


(തുടരും)

Wednesday, May 21, 2008

ഇങ്ങിനെവേണം പഠിപ്പിക്കാന്‍

സെക്കൻഡറി, ഹയർ സെക്കൻഡറി, ജൂനിയർ കോളേജുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശരേഖ മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്‌. സംസ്ഥാനത്തിലെ കൂട്ടുകക്ഷി സർക്കാരിന്റെ ഒരു മഹാരാഷ്ട്ര നവനിർമ്മാണമെന്ന് അതിനെ വിളിച്ചാലും തരക്കേടില്ല.കുപ്രസിദ്ധനായ ബൽതാക്കറെയുടെ അത്രതന്നെ (കു)പ്രസിദ്ധിയായിട്ടില്ലാത്ത മരുമകൻ രാജ്‌ താക്കറെ ആ വാക്കുപയോഗിക്കുന്നതുകൊണ്ട്‌, മഹാരാഷ്ട്ര നിർമ്മാണമെന്ന് ആ രേഖയെ വിളിക്കുന്നില്ലെന്നു മാത്രമേയുള്ളു. എങ്കിലും, അതിൽ കുറഞ്ഞൊന്നുമല്ല ആ രേഖയും.

അധ്യാപകർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അക്കമിട്ടുനിരത്തുന്ന ആ രേഖയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്‌, പൂന സർവ്വകലാശാലയിലെ പരഞ്ച്‌പൈയാണ്‌. ലോകസത്ത എന്ന പത്രത്തിലൂടെ. ഈ പെരുമാറ്റച്ചട്ടങ്ങൾ അദ്ധ്യാപകർ പിന്തുടരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഇവ നിർബന്ധമാണോ അല്ലയോ എന്നത്‌ വ്യക്തമാക്കിയിട്ടില്ലതാനും.

പെരുമാറ്റച്ചട്ടങ്ങൾ

അദ്ധ്യാപകർ സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കരുത്‌. പകരം സഹകരണബാങ്കുകളിൽ നിക്ഷേപിക്കുക. ഓഹരികളിൽ കൈകടത്തുന്നത്‌ ചൂതാട്ടമാണെന്നതുകൊണ്ട്‌, അദ്ധ്യാപകരുടെ കുടുംബാംഗങ്ങളും അതിൽനിന്ന് അകന്നുനിൽക്കണം.ഇതിൽ വലിയ കുഴപ്പമൊന്നും ഒറ്റനോട്ടത്തിൽ കാണാൻ കഴിഞ്ഞുവെന്നു വരില്ല. എങ്കിലും, ഈ ചൂതാട്ടം (ഗാംബ്ലിംഗ്‌) എന്ന വാക്കിനെയാണ്‌ ഇവിടെ സർക്കാർ തങ്ങളുടെ സൗകര്യംപോലെ ഉപയോഗിക്കുന്നത്‌. മധ്യവർഗ്ഗ മറാത്തിക്ക്‌ ചൂതാട്ടമെന്നത്‌ അത്ര വലിയ തെറ്റുള്ള ഒരു കാര്യമല്ല. അത്‌ അവരെ ഞെട്ടിക്കുകയൊന്നുമില്ല. ജുഗാർ എന്ന വാക്കാകട്ടെ സദാചാരപരമായ അർത്ഥവിവക്ഷകളുള്ള വാക്കാണ്‌. അതുകൊണ്ടുതന്നെ, നഗരങ്ങളിലെ മറാത്തി വ്യവഹാര ഭാഷയിൽ ചൂതാട്ടമെന്നത്‌ സാധാരണമായ ഒരു വാക്കാണ്‌. എന്നാൽ ഗുജാർ എന്ന മറാത്തിപദത്തെ അങ്ങേയറ്റത്തെ അവജ്ഞയോടെയാണ്‌ അവർ കാണുന്നതും. വാക്കുകളുടെ സദാചാരപരമായ അംഗീകാരത്തിന്റെ കാര്യമാണത്‌. അതുകൊണ്ട്‌ ഈ മാർഗ്ഗനിർദ്ദേശത്തെ സദുദ്ദേശപരമായി ആളുകൾ തെറ്റിദ്ധരിക്കാനിടയുണ്ട്‌.

വിവാഹത്തിന്റെ കാര്യത്തിലുള്ള മാർഗ്ഗനിർദ്ദേശമാണ്‌ ഏറ്റവും രസകരമായത്‌. അതിനെ ‘ശാസന‘ എന്നു പേരിട്ടാലും കുഴപ്പമില്ല. അതിൽ പറയുന്നത്‌. വിവാഹമോചനം നേടിയ പുരുഷന്റെയോ സ്ത്രീയുടെയോ മുന്‍‌ജീവിതപങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ, അദ്ധ്യാപകർ അവരെ വിവാഹം കഴിക്കരുതെന്നാണ്‌ സർക്കാരിന്റെ നിര്‍ദ്ദേശത്തിലുള്ളത്. വിവാഹമോചിതരെ വിവാഹം കഴിക്കണമെങ്കിൽ, മുൻഭാര്യയോ, മുൻഭർത്താവോ ജീവിച്ചിരിക്കാൻ പാടില്ല എന്ന് ചുരുക്കം. വിവാഹിതരാകാൻ ആഗ്രഹിക്കുന്ന അദ്ധ്യാപകർ വിവാഹമോചിതരിൽനിന്ന് അകലം പാലിക്കണം എന്നാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിവാഹമോചനവും, വിവാഹമോചനം നേടിയവരെ പുനർവിവാഹം ചെയ്യലുമൊക്കെ അധാർമ്മികമായി കണക്കാക്കിയിരുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃതമായ സാമൂഹ്യധാരണകളുടെ പുനരവതാരമാണ്‌ ഇത്‌.

എഴുതരുത്‌, സംസാരിക്കരുത്‌

മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള നിർദ്ദേശമാണ്‌ ഇനി പറയാൻ പോകുന്നത്‌. അദ്ധ്യാപകർ കവിതയോ കഥയോ എഴുതാന്‍ പാടുള്ളതല്ല. ഇനി അഥവാ, എഴുതുകയാണെങ്കിൽതന്നെ, അത്‌ ഒരു കാരണവശാലും പ്രസിദ്ധീകരിക്കുകയുമരുത്‌. ഇതിൽ നാടകരചന ഉൾപ്പെടുമോ എന്നറിയില്ല. അദ്ധ്യാപകനായ ഒരു നാടകരചയിതാവിനോട്‌, അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരം ഈ ഫത്‌വയിൽ ഉൾപ്പെടുമോ എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നാണ്‌ പറഞ്ഞത്‌. ലോകസത്ത ഏതായാലും ഇതിനെക്കുറിച്ച്‌ അധികം പരാമർശിക്കുന്നുമില്ല.

ഇനി മറ്റൊന്ന്. അദ്ധ്യാപകർ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്നാണ്‌. സെക്കൻഡറി സ്കൂളുകളിലോ ജൂനിയർ കോളേജുകളിലോ പഠിപ്പിക്കുന്ന അദ്ധ്യാപകരാണ്‌ നിങ്ങളെങ്കിൽ, പൊതുസമ്മേളനങ്ങൾ നിങ്ങൾക്കുള്ളതല്ല. ഈ നിർദ്ദേശം രാജ്യത്തിന്റെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ്‌ പ്രക്രിയകൾക്ക്‌ തീർത്തും വിരുദ്ധമാണെന്നു കാണാൻ കഴിയും. അതിന്റെ ഭരണഘടനാസാധുതപോലും ചോദ്യം ചെയ്യപ്പെടാവുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്‌. അതുകൊണ്ടും തൃപ്തിവരാതെ, മറ്റൊരു പെരുമാറ്റച്ചട്ടംകൂടി ഈ മാർഗ്ഗനിർദ്ദേശരേഖ മുന്നിൽ വെക്കുന്നു. കൂടുതൽ വിചിത്രമായ മറ്റൊന്ന്. തന്റെ ഏതെങ്കിലും ബന്ധു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി അറിഞ്ഞാൽ അദ്ധ്യാപകർ അവരവരുടെ സ്കൂളുകളെയോ കോളേജുകളെയോ ആ വിവരം അറിയിക്കണമെന്നാണ്‌ അത് ആവശ്യപ്പെടുന്നത്‌.

ഇതൊക്കെ തമാശയായോ അസംബന്ധമായോ തള്ളിക്കളയാമായിരുന്നു. എങ്കിലും, ഇതൊന്നും നമ്മൾ വിചാരിക്കുമ്പോലെ, അത്രക്ക്‌ നിർദ്ദോഷമല്ലതന്നെ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഉത്തരവാദിത്ത്വമുള്ള സമ്പൂർണ്ണ പൗരന്മാരായി അദ്ധ്യാപകരെ കാണാൻ വിസമ്മതിക്കലാണിത്‌. അതിനേക്കാൾ ഗുരുതരമായ കാര്യം, ഇത്‌, അദ്ധ്യാപകരുടെ ക്രിയാത്മകമായ ഊർജ്ജത്തിനെതിരെയുള്ള ഒരു പ്രഹരമാണെന്നതാണ്‌. ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ അടിച്ചമർത്തുന്നത്‌ ഗൂഢാലോചനയുടെ മാർഗ്ഗമുപയോഗിച്ചാണെന്ന് പറഞ്ഞത്‌ 19-ം നൂറ്റാണ്ടിലെ യാഥാസ്ഥിതിക ചിന്തകനായ വിഷ്ണുശാസ്ത്രി ചിപ്‌ലുങ്കരായിരുന്നു. കാവ്യഖലി എന്നായിരുന്നു ബ്രിട്ടീഷുകാരുടെ ഗൂഢാലോചനയെ ദ്യോതിപ്പിക്കാൻ വിഷ്ണുശാസ്ത്രി ഉപയോഗിച്ച പദം. പേർഷ്യൻ-മറാത്തി ഭാഷയിലെ 'കവ'യിൽനിന്നാണ്‌ ആ കാവ്യഖലി എന്ന വാക്ക് വരുന്നത്‌. എന്നാൽ ഒരു ആധുനിക ഇന്ത്യൻ ചരിത്രപണ്ഡിതൻ അതിനെ (സംസ്‌കൃതത്തിലെ) കാവ്യമെന്ന് തെറ്റിദ്ധരിക്കുകയുമുണ്ടായിട്ടുണ്ട്‌. വിഷ്ണുശാസ്ത്രിയും കാവ്യത്തെയായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന്, ഈ മാർഗ്ഗനിർദ്ദേശരേഖയുടെ ഉപജ്ഞാതാക്കൾ കരുതിയിട്ടുണ്ടാകണം. അങ്ങിനെയായിരിക്കണം, കവിതയെയും കഥയെയുമൊക്കെ അവർ പടിയിറക്കാൻ തീരുമാനിച്ചത്‌. കാലഹരണപ്പെട്ട ആശയങ്ങളുടെ പിൻബലത്തിലാണ്‌ അവരത്‌ ചെയ്യുന്നത്‌. കുറച്ചുകാലം മുൻപ്‌ ബാറിൽ ജോലിചെയ്തിരുന്ന പെൺകുട്ടികളുടെ കാര്യത്തിൽ അവരത്‌ പ്രവർത്തികമാക്കിയത്‌ ഓർമ്മയില്ലേ? അന്ന്, അശ്ലീലതയുടെ പേരിലായിരുന്നുവെങ്കിൽ, ഇന്ന്, കവിതയുടെ പേരിലാണെന്നു മാത്രം. അതുകൊണ്ട്‌ ഒരുകാരണവശാലും കവിതയെഴുതരുതേ. നമ്മൾ അദ്ധ്യാപകരാണെന്ന് എപ്പോഴും ഓർമ്മവേണം.

തമാശയായി തോന്നുന്നുണ്ടാകാം. പക്ഷേ, ഇതൊക്കെ വരുന്നത്‌ ഒരു കൂടുതൽ വലിയ കര്‍മ്മപദ്ധതിയുടെ ഭാഗമെന്ന നിലക്കാണ്‌. അടിസ്ഥാനപരമായ ജനാധിപത്യസങ്കൽപ്പങ്ങളെയാണ്‌ അത്‌ ലക്ഷ്യവേധിയാക്കുന്നത്‌. അല്ലെങ്കിൽ പിന്നെയെങ്ങിനെയാണ്‌, അദ്ധ്യാപകർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്ന മട്ടിലുള്ള ഫത്‌വകളെ വിശദീകരിക്കാൻ കഴിയുക? അടിയന്തിരാവസ്ഥയുടെ ഭീകരനാളുകളിൽപ്പോലും അത്തരമൊരു നിയമം നിലവിലുണ്ടായിരുന്നില്ല. കോൺഗ്രസ്സിന്റെ എതിരാളികളായിരുന്നു അടിയന്തിരാവസ്ഥയുടെ ഇരകൾ. ആ പ്രക്രിയയാ‍കട്ടെ, അടിയന്തിരാവസ്ഥക്കുമുൻപ്‌ തുടങ്ങിവെച്ച ഒന്നായിരുന്നുതാനും. അടിയന്തിരാവസ്ഥയുടെ ഒരു മുന്നൊരുക്കമായിരുന്നു പശ്ചിമബംഗാളിലെ സിദ്ധാർത്ഥശങ്കർ റേയുടെ ഭരണനാളുകൾ. ഇത്തരം പെരുമാറ്റച്ചട്ടങ്ങളും ആ കറുത്ത നാളുകളുടെ മുന്നോടിയാണെന്നുവരുമോ?

ഇതൊക്കെ വേറും ശുപാർശകളാണെന്നും വരാം. പക്ഷേ അതൊട്ടും ആശ്വാസം തരുന്നില്ല. ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ധൈര്യപ്പെടുന്നവരുടെ ചിന്താഗതിയാണ്‌ നമ്മെ ശരിക്കും ഭയപ്പെടുത്തുന്നത്‌. ജനങ്ങളെ ഭയപ്പെടുകയും അവിശ്വസിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാണ്‌ ഈയടുത്തകാലത്തായി മഹാരാഷ്ട്രയിൽ പ്രാമുഖ്യം നേടുന്നത്‌. രാജ്‌താക്കറെയിലേക്കെത്തുമ്പോൾ അത്‌, വടക്കേ ഇന്ത്യക്കാരോടുള്ള അവിശ്വാസമായിമാറുന്നു. ഹിന്ദുക്കളുടെ ഹൃദയസ‌മ്രാട്ട് എന്നാണ്‌ അയാളുടെ അമ്മാവൻ സ്വയം വിശേഷിപ്പിച്ചിരുന്നതെങ്കിൽ, രാജ്‌താക്കറെ സ്വയം വിശേഷിപ്പിക്കുന്നത്‌, മറാത്തിഹൃദയങ്ങളുടെ സമ്രാട്ടെന്നാണ്‌. ഈ സർക്കാരാകട്ടെ, സന്മാർഗ്ഗികളുടെ ഹൃദയചക്രവർത്തിയായി അറിയപ്പെടാനായിരിക്കും ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്തായാലും, അർദ്ധ-ഫാസിസ്റ്റ്‌ പ്രവണതകളുടെ അടയാളങ്ങളാണ്‌ പശ്ചിമേന്ത്യയിൽ ഇന്ന് പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്‌.

ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും സംഘടനകളും ഈയൊരു പ്രവണതക്ക്‌ കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നത്‌ ആശ്ചര്യമുളവാക്കുന്ന കാര്യമാണ്‌. പാർട്ടികളും അവയുടെ ആശയസംഹിതകളും എന്നും സഹവർത്തിത്വത്തോടെ പോകാനിടയില്ലെന്ന് അത്‌ നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യണം. ഈ പ്രവണതകൾക്കൊക്കെ സംഘപരിവാറിനെ മാത്രം പഴിചാരുന്നത്‌ വിവേകമായിരിക്കില്ല. പരസ്പരം മത്സരിക്കുന്ന വിവിധ സംഘങ്ങളെയാണ്‌ ഇതിന്റെയൊക്കെ പിന്നിൽ കാണാൻ കഴിയുക. ഒരുകൂട്ടർക്കത്‌ സിഖ്‌-വിരുദ്ധലഹളകളാണെങ്കിൽ, മറ്റു ചിലർക്കത്‌ ഗുജറാത്താണ്‌. സെക്കൻഡറിതലങ്ങളിൽ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളെയാണ്‌ സംഘപരിവാർ ഭയപ്പെടുന്നതെങ്കിൽ, മഹാരാഷ്ട്ര സർക്കാർ ഭയപ്പെടുന്നത്‌, അദ്ധ്യാപകരുടെ രാഷ്ട്രീയവത്‌ക്കരണത്തെയാണ്‌. ഇനിയും മറ്റു ചിലരാകട്ടെ വിദ്യാർത്ഥികളുടെ രാഷ്ട്രീയവത്‌ക്കരണത്തെയാണ്‌ ഭയപ്പെടുന്നത്‌.

യു.പി.എ.യുടെ സദാചാരകാവൽഭടനായ അൻപുമണി രാംദാസ്‌ മറ്റൊരു വിചിത്രമായ മാർഗ്ഗനിർദ്ദേശവുമായി ചാടിപ്പുറപ്പെട്ടിട്ടുണ്ട്‌. സിനിമയിൽ പുകവലിക്കുന്ന രംഗങ്ങൾ പ്രദർശിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പഴയ ഒരു കൽപ്പന. ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്, സിനിമകളിൽ മദ്യപാനരംഗങ്ങൾ പാടില്ലെന്നതാണ്‌. എന്തിനാണ്‌ നമുക്കിത്തരം സദാചാര പോലീസുകൾ? മറ്റൊരു ദേവദാസിൽനിന്ന് നമ്മെ രക്ഷിക്കാനാണെങ്കിൽ, അൻപുമണിയുടെ ബുദ്ധിയെ നമുക്ക്‌ ന്യായീകരിക്കാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പെരുമാറ്റച്ചട്ടം ഇനിയൊരുപക്ഷേ നിയമമായി നിലവിൽ വന്നാൽപ്പോലും, ശരത്ചന്ദ്രയുടെ ആ കാലഹരണപ്പെട്ട ദർശ്ശനം, അത്രപെട്ടെന്നൊന്നും ഈ സമൂഹത്തിൽനിന്ന് ഈല്ലാത്താകാന്‍ പോകുന്നില്ല എന്ന് നമുക്കറിയാം.

അതേസമയം, 'സത്യസന്ധരും സന്മാർഗ്ഗികളുമായിരിക്കണ"മെന്ന് അദ്ധ്യാപകരെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു നമ്മൾ.
*2008 മെയ്‌ 10-ലെ Economic & Political Weekly-യില്‍, ജി.പി.ദേശ്‌ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

Saturday, May 17, 2008

കുടിയൊഴിക്കൽഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ എന്നും കാണാറുള്ള ഒരു സ്ഥലമാണ്‌ ഷാർക്കിയ. എങ്ങിനെയാണ്‌ ഇത്തരത്തിലൊരു സ്ഥലം ഷാർജയിലെ റിയൽ എസ്റ്റേറ്റ്‌ പ്രഭുക്കന്മാരുടെയും അവരുടെ സിൽബന്തികളായ മുനിസിപ്പാലിറ്റിയുടെയും കണ്ണിൽപ്പെടാതെ, ഇപ്പോഴും നിലനിൽക്കുന്നതെന്ന്, കാണുമ്പോഴൊക്കെ അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്‌. നമ്മുടെ ഇന്ത്യന്‍ ധാരാവിയുടെ ഒരു ചെറിയ പതിപ്പ്‌.

ഏതായാലും പ്രതീക്ഷ തെറ്റിയില്ല.

ഷർക്കിയ ഭാഗത്തുള്ള പത്ത്‌ കുടുംബങ്ങളെ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ ഒഴിപ്പിച്ചിരിക്കുന്നതായി ഇന്ന് വാർത്ത വന്നിരിക്കുന്നു.

തങ്ങളുടെ വീട്ടുസാമഗ്രികൾ എടുക്കാൻ പോലും അവരെ അനുവദിച്ചില്ലെന്നും വാർത്തയിലുണ്ട്‌. ഈ മഹാനഗരത്തിലെ മുനിസിപ്പൽ അധികൃതരുടെ വകതിരിവിനെക്കുറിച്ച്‌ ബോദ്ധ്യമുള്ളവർക്ക്‌ അത്‌ വിശ്വസിക്കാതിരിക്കാനാവില്ല. വർഷങ്ങളായി അവിടെ താമസിച്ചുവരുന്ന ഇരുന്നോറോളം കുടുംബങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്ഘാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്‌. ടാക്സിഡ്രൈവർമാരും, തുച്ഛവരുമാനക്കാരായ മറ്റു ജോലിക്കാരും അതിൽ പെടുന്നു. അവരെയൊക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ കുടിയിറക്കിവിട്ടിരിക്കുന്നത്‌.

ഷാർജയിലെ സ്വാതിതിരുനാൾ തിരുമനസ്സും, തിരുമനസ്സിന്റെ മുനിസിപ്പൽ പ്രഭൃതികളും ഈ തെറ്റ്‌ തിരുത്തണം. ഒന്നുകിൽ, ഈ സാധുക്കളെ അവരുടെ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിൽ ഏൽപ്പിക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ ജീവിക്കാൻ ആവശ്യമായ എന്തെങ്കിലുമൊരു സംവിധാനം ചെയ്തുകൊടുക്കകയോ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്‌. അതുണ്ടായില്ല. അതിനുപകരം, ഇന്ത്യൻ മഹാനഗരങ്ങളിലെ പകൽക്കൊള്ളക്കാരായ നഗരസഭാപ്രഭുക്കന്മാരുടെ അതേ പാത പിന്തുടരുകയാണ്‌ ഇവരും ചെയ്യുന്നതും ഇപ്പോള്‍ ചെയ്തിരിക്കുന്നതും.

വളരെ ഉയർന്ന വരുമാനക്കാരല്ലാത്തവരാരും ഇവിടെ ജീവിക്കരുതെന്നാണെങ്കിൽ, അത്‌ തുറന്നുപറഞ്ഞ്‌, അതിനുള്ള നടപടികളെടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നാട്ടുകാരുടെയും പ്രവാസികളുടെയും നിത്യജീവിതം ദുഷ്ക്കരമാക്കി, അവരെ പുകച്ചുപുറത്തുചാടിക്കുകയല്ല ശരിയായ മാർഗ്ഗമെന്ന് ഭരണാധികാരികൾ ഇനിയെങ്കിലും തിരിച്ചറിയണം.

റിയൽ എസ്റ്റേറ്റ്‌ ശക്തികളുടെ കമ്പോളമത്സരങ്ങൾക്ക്‌ അടിയറവുപറയുമ്പോൾ, ഭൂമിയെ പണയപ്പെടുത്തി ചൂതുകളിക്കുകയാണ്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. അതിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. ദുബായുടെ ചുവടുപിടിച്ച് ഷാര്‍ജയും, അജ്‌മാനും, ഫുജൈറയുമൊക്കെ ഈ നിരന്തരമായ ചൂതുകളിയിലൂടെ ഇന്നു ചെയ്യുന്നത്, തങ്ങളുടെ സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏതാനും സ്വാര്‍ത്ഥമോഹികളായ കച്ചവടക്കാര്‍ക്ക് വിറ്റുതുലക്കുകയാണ്.

ഒരു നല്ല ജീവിതം സ്വപ്നം കണ്ട് ഇത്രനാളും ഈ നല്ല നാട്ടില്‍ മല്ലിട്ടു ജീവിച്ച, തങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്കിടയിലും ഈ ഐക്യ അറബി നാടിനെ സ്നേഹിച്ചവരെയാണ് ഇന്ന്, ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ഈ റിയല്‍ എസ്റ്റേറ്റ് തകരകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കുടിയിറക്കുന്നത്. അനീതിയല്ലാ‍തെ മറ്റൊന്നുമല്ല ഇത്.

കുടിയിറക്കപ്പെടുന്നവന്റെ വേദന, അത്‌ പാലസ്തീനിലായാലും, മൂലമ്പള്ളിയിലായാലും, കൊച്ചമ്പാമ്പയിലായാലും, ഷാർക്കയിലായാലും ഒരുപോലെയാണെന്ന് തിരുമനസ്സുകൾ ഇനിയെങ്കിലും ഓർക്കണം. അതിനെ കണ്ടില്ലെന്നു നടിക്കരുത്‌.

Wednesday, May 14, 2008

1968
ഒരു വലിയ മുന്നേറ്റത്തിലെ ആവേശോജ്ജ്വലമായ അദ്ധ്യായമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ട്‌. ഒട്ടനവനധി മറ്റു മുന്നേറ്റങ്ങൾക്ക്‌ അത്‌ കാരണമാവുകയും ചെയ്തു. 1968-എന്നൊന്നില്ലായിരുന്നുവെങ്കിൽ, ഇന്നു കാണുന്നവിധത്തിലുള്ള ഒരു ആഗോള അന്‌താരാഷ്ട്ര സഖ്യംതന്നെ ഉണ്ടാവുമായിരുന്നോ എന്നും സംശയമാണ്‌. മനുഷ്യാവകാശത്തിന്റെ മാത്രമല്ല, വംശീയ, പാരിസ്ഥിതിക ഉത്‌കണ്ഠകളുടെയും ഒരു വലിയ തരംഗമായിരുന്നു അത്‌.


പെന്റഗൺ രേഖകൾ (വിയറ്റ്‌നാം യുദ്ധത്തിനെക്കുറിച്ചുള്ള 7000 പേജ്‌ വരുന്ന അതീവരഹസ്യ സർക്കാർ രേഖകൾ) ഇതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്‌. ടെറ്റ്‌ ഉപരോധത്തിനുശേഷം വ്യവസായ സമൂഹം ഒന്നടങ്കം യുദ്ധത്തിനെതിരായി തിരിഞ്ഞു. എങ്കിലും കൂടുതൽ സൈന്യത്തെ വിയറ്റ്‌നാമിലേക്കയക്കാൻ സർക്കാരിനകത്തുതന്നെ കടുത്ത സമ്മർദ്ദം അപ്പോഴും ഉണ്ടായിരുന്നു. എങ്കിലും ലിൻഡൺ ജോൺസണ്‌ അതിനുകൂട്ടാക്കിയില്ല.

രാജ്യത്തിനകത്ത്‌ വർദ്ധിച്ചുവരുന്ന പൊതുവായ അസ്വാസ്ഥ്യത്തെ കണക്കിലെടുത്ത്‌ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നുവെന്ന് പെന്റഗൺ രേഖകൾ വ്യക്തമാക്കുന്നു. ഒരേസമയം, രാജ്യത്തിനകത്തെ ബഹളങ്ങളെയും വിയറ്റ്‌നാം യുദ്ധമുഖത്തെ ആവശ്യങ്ങളെയും നേരിടാനുള്ള സേനാബലം തങ്ങൾക്കില്ലെന്ന് അമേരിക്ക തിരിച്ചറിയുകയായിരുന്നു.


1968-നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ ഒരു പ്രതികരണം പുറത്തുവന്നത്‌, ത്രികക്ഷി കമ്മീഷന്‍(Trilateral Commission)പുറത്തിറക്കിയ പ്രസിദ്ധീകരണത്തിലാണ്‌. പൊതുജനപങ്കാളിത്തത്തിന്റെ ആധിക്യം കൊണ്ട്‌ ഒരു 'ജനാധിപത്യപ്രതിസന്ധി' നിലവിലുണ്ടെന്നായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ വെളിപ്പെടുത്തൽ. പൊതുസമൂഹം എപ്പോഴും, നിഷ്ക്രിയവും, നിശ്ശബ്ദവുമായിരിക്കണമെന്നായിരുന്നു, 1960-വരെ നിലനിന്നുപോന്നിരുന്ന സങ്കൽപ്പം. ആ സങ്കൽപ്പത്തിനെ പൊതുസമൂഹം തകർത്തപ്പോഴാണ്‌ ഈ പറഞ്ഞ "ജനാധിപത്യത്തിന്റെ അമിതപ്രസരം' എന്ന വ്യാഖ്യാനം വന്നത്‌. അതാകട്ടെ, വ്യവസ്ഥിതിയിൽ വളരെ വലിയ സമ്മർദ്ദമാണ്‌ ഉളവാക്കിയത്‌. അതേസമയം, അമേരിക്കയിലെ കോർപ്പറേറ്റുകളാകട്ടെ, വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കിയതുമില്ല. കാരണം, രാഷ്ട്രീയത്തിലെ അവരുടെ ഇടപെടലിനെ സർക്കാർ പൊതുവെ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തുപോന്നിരുന്നു.

ജനാധിപത്യത്തിൽ കൂടുതൽ മിതത്വം സൂക്ഷിക്കാനും, അടങ്ങിയൊതുങ്ങിയിരിക്കാനും ആഹ്വാനം ചെയ്യാൻ ത്രികക്ഷി കമ്മീഷൻ മറന്നില്ല. മാത്രമല്ല, അരാഷ്ട്രീയവത്‌ക്കരണത്തിന്റെ മുഖ്യ ആയുധങ്ങളായ വിദ്യാലയങ്ങളും പള്ളികളും തങ്ങളുടെ കർത്തവ്യത്തിൽനിന്ന് വ്യതിചലിക്കുന്നുവെന്നും, കൂടുതൽ കർശനമായ അച്ചടക്കം അവർ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

1968-ലെ സംഭവങ്ങളോടുള്ള സർക്കാരിന്റെ പ്രതികരണം കൂടുതൽ പ്രതിലോമപരമായിരുന്നു. കാരണം, അത്‌ ജനാധിപത്യത്തിന്റെ അടിച്ചമർത്തലായിരുന്നു ലക്ഷ്യമാക്കിയിരുന്നത്‌. ജനാധിപത്യമാകട്ടെ, പൂർണ്ണമായും വിജയിച്ചിരുന്നില്ലെങ്കിലും, അതിലേക്കുള്ള പാതയിലായിരുന്നു. ഉദാഹരണത്തിന്‌ 1968-ൽ നമുക്ക്‌ സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല, അന്താരാഷ്ട്ര ഐക്യദാർഢ്യദിനം പോലെ ഒരു പ്രസ്ഥാനം 1980-കളോടെ ലോകത്ത്‌ നിലവിൽ വരുമെന്ന്.
പക്ഷേ, എല്ലാ വിലക്കുകളെയും ഭേദിച്ച്‌, ജനാധിപത്യം 1968-ലെ സ്ഥിതിയിൽനിന്നുപോലും ഇന്ന് വളരെ മുന്നോട്ട്‌ പോയിരിക്കുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ ആദ്യവർഷങ്ങളിൽപ്പോലും, അതിനെതിരെയുള്ള ഒരു മുന്നേറ്റവും നിലവിൽ വന്നിരുന്നില്ല. പിന്നെയും ആറു വർഷങ്ങൾ കഴിഞ്ഞ്‌, കെന്നഡി ദക്ഷിണ വിയറ്റ്‌നാമിനെ ആക്രമിക്കുകയും, കൂടുതൽ സേനാനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോഴാണ്‌ ആ യുദ്ധവിരുദ്ധ മുന്നേറ്റങ്ങൾ പതുക്കെ ഉയരാൻ തുടങ്ങിയത്‌.

ഇന്നാകട്ടെ, ഇറാഖ്‌ യുദ്ധം തുടങ്ങുന്നതിനുമുൻപുതന്നെ, അത്തരത്തിലുള്ള പ്രതിഷേധപ്രക്ഷോഭങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി നമുക്ക്‌ കാണാൻ കഴിഞ്ഞു. പടിഞ്ഞാറൻ ചരിത്രത്തിൽത്തന്നെ ആദ്യമായി, ഒരു സാമ്രാജ്യത്വയുദ്ധം ആരംഭിക്കുന്നതിനുംമുൻപുതന്നെ അതിനെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങൾ പുറത്തുവന്നത്‌, ഇറാഖ്‌ യുദ്ധത്തിൽ മാത്രമായിരുന്നുവെന്നതും നമ്മൾ കാണാതിരിക്കരുത്‌.

മറ്റൊന്നുള്ളത്‌, 1968-ൽ, വിയറ്റ്‌നാമിൽനിന്ന് പിന്മാറുന്ന കാര്യം സമൂഹത്തിന്റെ പൊതുധാരക്കു പുറത്തുള്ള ഒരു കാര്യം മാത്രമായിരുന്നുവെങ്കിൽ, ഇന്ന്, എല്ലാ പ്രസിഡന്റുസ്ഥാനാർത്ഥിക്കും, ഇറാഖിൽനിന്നുള്ള സേനാപിന്മാറ്റം ഒഴിച്ചുകൂടാനാവാത്ത ഒരു വിഷയമാണെന്നതാണ്‌.

അടിച്ചമർത്തിലുകൾക്കെതിരെ പണ്ടത്തേക്കാളേറെയായി പ്രതിഷേധങ്ങൾ രൂപപ്പെടുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഒരു കാലത്ത്‌, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിത്യേനയെന്നോണം അമേരിക്ക സൈനിക അട്ടിമറികൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ അടുത്തകാലത്തായി അമേരിക്ക ഇത്തരത്തിലുള്ള ഒരു നടപടിക്ക്‌ തുനിഞ്ഞത്‌, 2002-ൽ വെനീസ്വലക്കെതിരെമാത്രമായിരുന്നു. അതിനെതിരെ ഉയർന്നുവന്ന ജനരോഷം ഭയന്ന് ഉടനടി അവർക്ക്‌ അതിൽനിന്ന് പിന്മാറേണ്ടിയുംവന്നു.


പണ്ട്‌ ചെയ്തിരുന്ന പോലെ എളുപ്പത്തിലൊന്നും അവർക്ക്‌ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയാണിന്ന്.


മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട്‌, 1968-ന്റെ പ്രസക്തിയെന്നത്‌, ദീർഘകാലം നിലനിൽക്കുന്നതും, ആശാവഹവുമായ ഒന്നാണെന്ന് എനിക്ക്‌ തോന്നുന്നു.Sunday, May 11, 2008

അമ്മയെന്നാൽ.....

ഒരു അമ്മയായിരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ്‌ ഒരു ആഗോള സർവ്വെ ഫലം കണ്ടെത്തിയിരിക്കുന്നത്‌. വാർത്ത ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ. കണക്കുകൾ ഉദ്ധരിച്ചാണ്‌ ആ കണ്ടെത്തൽ. 77 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം, സ്വാസിലാന്റ്‌, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടേതിൽനിന്നും അൽപ്പം ഭേദപ്പെട്ട്‌ അറുപത്താറാം സ്ഥാനത്തുമാത്രമാണത്രെ.

ഈ പോസ്റ്റ് ആ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. ആ വാർത്തക്കു കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ ഉള്ളിൽതോന്നിയ ചില കാര്യങ്ങൾ മാത്രമാണിത്.

(കമന്റുകളിൽ) അമേരിക്കയിൽനിന്ന് ഒരു മാധവി എഴുതിയിരിക്കുന്നത്‌, ഇന്ത്യൻ അമ്മ (?)സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തിയാണെന്നാണ്‌. സ്വയം പട്ടിണികിടന്നിട്ടായാൽപ്പോലും തന്റെ മക്കളെ വയറുനിറച്ചൂട്ടുന്ന, സ്വയം അക്ഷരാഭ്യാസമില്ലെങ്കിലും മക്കൾക്ക്‌ വിദ്യ ലഭിക്കണമെന്ന നിർബന്ധബുദ്ധി കാണിക്കുന്ന അമ്മയെയാണ്‌ മാധവി കാണുന്നത്‌. ലോകത്തിലെ ഒരു അമ്മയുടെ സ്നേഹത്തിനും ഒരു ഇന്ത്യൻ അമ്മയുടെ സ്നേഹത്തെ വെല്ലാൻ കഴിയില്ലെന്ന് മാധവി ആണയിട്ടു പറയുന്നു.

മറ്റൊരാൾ പറയുന്നത്‌, ഏതാണ്ട് ഇതുതന്നെയാണ്. ഇന്ത്യൻ അമ്മയാണ്‌ (?) ലോകത്തിലേക്കുംവെച്ച്‌ ഏറ്റവും നല്ല അമ്മയെന്ന്. മെയ്‌ഡ്‌ ഇൻ ഇന്ത്യ?

അമ്മ എന്നത്‌ അത്ര വലിയ ഒരു വാക്കാണോ? ഈ പറയുന്ന ഗുണങ്ങളൊക്കെ അമ്മമാർക്കുള്ളതുതന്നെയാണോ? എല്ലാ മക്കളും അമ്മമാരെ ഇങ്ങനെതന്നെയാണോ കാണുന്നത്‌? അല്ലെങ്കിൽ, അമ്മമാരെ ഇങ്ങിനെയൊക്കെതന്നെയാണോ കാണേണ്ടത്‌?

കാമുകിയെ സ്വന്തമാക്കാനായി, അവളുടെ ആവശ്യപ്രകാരം സ്വന്തം അമ്മയുടെ തലയറുത്ത്‌ ഓടിവരുന്ന മകൻ വഴിയിൽ കാലിടറി വീണപ്പോൾ, 'മകനേ നിനക്കെന്തെങ്കിലും പറ്റിയോ?" എന്ന് വേവലാതിപ്പെട്ട അമ്മസ്നേഹത്തെക്കുറിച്ച്‌ ഒരു ഇ-മെയിൽ വായിച്ചത്‌ അൽപ്പനാളുകൾക്കുമുൻപാണ്‌.

ലോകത്തിലെ ഏറ്റവും മനോഹരമായ പദമാണ്‌ അമ്മ എന്നൊക്കെ നമ്മൾ എത്രയോ തവണ കേൾക്കുകയും വായിക്കുകയും സ്വയം ബോദ്ധ്യപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്‌. ആരെയും ബോദ്ധ്യപ്പെടുത്തേണ്ടതില്ലാത്ത ഒരു സാർവ്വലൗകിക സത്യമാണത്‌ എന്നും നമ്മൾ മക്കൾ ഉള്ളിൽ കരുതുന്നു. എങ്കിലും ഈ തരത്തിലുള്ള വാദങ്ങളിൽ ധാരാളം അതിശയോക്തികൾ കടന്നുകൂടിയിട്ടില്ലേ?

സർവ്വംസഹയും മക്കളുടെ ഏതു തെറ്റിനെയും കണ്ടില്ലെന്നു നടിക്കുകയും, സ്വയം സഹിച്ചും മക്കളുടെ ഉന്നതിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വിഗ്രഹമായി മാറ്റുമ്പോൾ, അമ്മയെന്ന ആ പാവം സ്ത്രീയെ നമ്മൾ മറ്റെന്തൊക്കെയോ ആക്കി മാറ്റുകയല്ലേ ശരിക്കും ചെയ്യുന്നത്‌? മജ്ജയും മാംസവും അവരിൽനിന്ന് നമ്മൾ ഊറ്റിയെടുക്കുന്നതായി തോന്നുന്നില്ലേ? അവരിൽനിന്ന് എന്താണ്‌ നമ്മൾ പ്രതീക്ഷിക്കുന്നത്‌?

ആത്മസുഖം മാത്രമാണ്‌ ഓരോ ജീവിയും ആഗ്രഹിക്കുന്നത്‌. ഞാൻ നിന്നെ സ്നേഹിക്കുന്നത്‌ എന്റെയും നീ എന്നെ സ്നേഹിക്കുന്നത്‌ നിന്റെയും സുഖത്തിനുവേണ്ടിതന്നെയാണ്‌. അതിനുവേണ്ടിയാണ്‌ ഓരോരുത്തരും ജീവിക്കുന്നത്‌. മരിക്കുന്നതുപോലും അതിനുവേണ്ടിയാണ്‌. ജീവിക്കാൻവേണ്ടി മരിക്കാനും തയ്യാറാണെന്നു പറയുന്നത്‌ ഒരു കേവലഫലിതമല്ല.

അമ്മയും, അതേ സുഖവും ആഗ്രഹങ്ങളുമുള്ള ഒരു വ്യക്തിമാത്രമാണ്‌. മാതൃത്വത്തിനെക്കുറിച്ചുള്ള നമ്മുടെ അതിഭാവുകത്വ സങ്കൽപ്പനത്തിനുള്ളിൽ നമ്മളവരെ തളച്ചിടാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. സ്വതന്ത്രമായ അസ്തിത്വമുള്ള വ്യക്തിയെന്ന നിലക്ക്‌ അവരെ കാണാൻ നമ്മൾ വിസമ്മതിച്ചതുമുതൽക്കായിരിക്കണം ഇത്തരം പരികൽപ്പനകൾ തുടങ്ങിയിട്ടുണ്ടാവുക. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു അവർക്ക്‌ നമ്മൾ വെച്ചുനീട്ടിയ ഈ മാതൃപദവി. അവരെ ഒതുക്കാനുള്ള ഒരു വഴി.

അച്ഛനമ്മമാരും മക്കളുമായിട്ടുള്ള സവിശേഷബന്ധവും ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അഴിച്ചുപണിയേണ്ടിവരും. തങ്ങൾക്കൊരിക്കലും സന്തോഷവും സമാധാനവും തരാത്ത, ഒരു ഗുണവുമില്ലാത്ത ഒരു മുതിർന്ന മകനെയോ മകളെയോ സ്നേഹിക്കാൻ ഏതെങ്കില്ലും അച്ഛനോ അമ്മക്കോ സാധിക്കുമൊ? സംശയമാണ്. കുട്ടികളാവുമ്പോൾ അവർ തരുന്ന സ്നേഹം പോലും, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കു നൽകുന്ന സ്നേഹവും പരിഗണനയും മാത്രമാണ്. നിർപാധികമായ സ്നേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നത്‌ ഒരുതരത്തിൽ പറഞ്ഞാൽ അവരെ തരംതാഴ്ത്തലുകൂടിയാണെന്നും വരും. വ്യക്തിയെന്ന നിലക്ക്‌ അവർക്ക്‌ അവകാശപ്പെട്ട അവകാശങ്ങളെ നിഷേധിക്കുകയാണ്‌ അതുവഴി നമ്മൾ ചെയ്യുന്നത്‌. മക്കളെന്ന നിലക്ക്‌, നമ്മൾ ചെയ്യുന്ന എല്ലാ തെറ്റും അച്ഛനമ്മമാർ സഹിക്കണമെന്നാണ്‌ നമ്മൾ മക്കൾ അവരിൽനിന്നും പ്രതീക്ഷിക്കുന്നത്‌.

തിരിച്ചും ഇതുതന്നെയാണ്‌ ശരി. സ്നേഹവും സമാധാനവും തരാത്ത അച്ഛനമ്മമാരെ, അവർ അച്ഛനമ്മമാരായതിന്റെ മാത്രം പേരിൽ എങ്ങിനെയാണ്‌ മക്കൾക്ക്‌ സ്നേഹിക്കാനാവുക? അത്രക്കുമാത്രം ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലെങ്കിൽ?

വ്യക്തികളെന്നനിലക്ക്‌ ഒരേസമയം പരസ്പരാശ്രിതിത്വവും സ്വാതന്ത്ര്യവുമുള്ള ഒരു ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഈ വിശുദ്ധ സങ്കൽപ്പങ്ങൾക്കും അതിന്റെ അർത്ഥതലങ്ങൾക്കും നിലനിൽപ്പുള്ളുവെന്ന് ചുരുക്കം. വിശിഷ്ടപദവികൾ കൊടുക്കുമ്പോൾ അതിനുപിന്നിലെ കുബുദ്ധിയെ തിരിച്ചറിയാൻ അച്ഛനമ്മമാരും മക്കളും സ്വയം പരിശീലിക്കേണ്ടിയിരിക്കുന്നു.

അമ്മമാർക്ക്‌ മക്കളും, മക്കൾക്ക്‌ അമ്മമാരും ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കുന്നത്‌ വസ്തുനിഷ്ഠമായ ഭൗതികകാരണങ്ങൾകൊണ്ടുതന്നെയാണ്‌. കവിത്വവും കുബുദ്ധിയുമുള്ളവർ അവരെ തരംപോലെ ഉപയോഗിക്കുന്നു. നമുക്കും (അവർക്കും) ലഭിച്ച സ്നേഹത്തിന്റെയും പരിചരണത്തിന്റെയും, സംരക്ഷണത്തിന്റെയും പേരിലാണ്‌ നിഷ്കാമമായ സ്നേഹമെന്നൊക്കെ പറയുന്ന സാധനം പിന്നീടെപ്പോഴോ ഉള്ളിൽ രൂഢമൂലമാകുന്നത്‌. അതില്ലാതെ വരുമ്പോഴാണ്‌ വൃദ്ധസദനങ്ങളും അമ്മത്തൊട്ടിലുമൊക്കെ നമ്മൾ നിർമ്മിക്കുന്നതും തിരഞ്ഞെടുക്കുന്നതും.

ഇവിടെ സൂചിപ്പിച്ച സർവ്വെഫലങ്ങളെക്കുറിച്ചുള്ള കമന്റുകളിൽ, ചിക്കാഗോയിൽനിന്നുള്ള തരുൺ ദത്താനിയും കാനഡയിൽനിന്നുള്ള നെൽസണും, അമ്മമാരുടെ പ്രശ്നങ്ങളെ സമീപിച്ചിരിക്കുന്നത്‌ സ്ത്രീ എന്ന കൂടുതൽ വലിയ പശ്ചാത്തലത്തിന്റെ, യാഥാർത്ഥ്യത്തിന്റെ ഭാഗമെന്ന നിലക്കാണ്‌.

അതുതന്നെയാണതിന്റെ ശരിയും.

Wednesday, May 7, 2008

സുവിശേഷ ഞരമ്പുരോഗം

ശശികലയെ മറന്നുകാണില്ലെന്നു കരുതുന്നു. ഇതാ ആ ഗണത്തില്‍പ്പെട്ട മറ്റൊരു സുവിശേഷപ്പെട്ട ഞരമ്പുരോഗി. ക്രിസ്തു എത്ര ഭാഗ്യവാന്‍. അസൂയ തോന്നുന്നു. ഇതൊന്നും കാണേണ്ടിവന്നില്ലല്ലോ. ഇല്ലെങ്കില്‍ ആ മനുഷ്യപുത്രന്‍ സ്വയം കുരിശിലേറുമായിരുന്നു. ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമില്ല്ലായിരുന്നു. എനിക്കുറപ്പുണ്ട്.

ഹല്ലേലൂയാ...ഗ്ലോറി ഗ്ലോറി...ജയ് ശ്രീറാം..അല്ലാഹു അക്‍ബര്‍.

Tuesday, May 6, 2008

നകുലന്റെ ആകുലതകള്‍

നകുലന്റെ പോസ്റ്റില്‍ ഇട്ട കമന്റ് വെളിച്ചം കാണുമോ എന്ന് അറിയാത്തതുകൊണ്ട് പൊതുജനസമക്ഷം ഇത് ഇവിടെ എടുത്തിടുന്നു.


പ്രിയപ്പെട്ട നകുലന്‍,

വലിയ എന്തോ ഒരു കണ്ടെത്തല്‍ എന്ന നിലക്ക് താങ്കള്‍ അവതരിപ്പിച്ച ഇതിലെ ഒട്ടുമിക്ക കാര്യങ്ങളും ശുദ്ധമായ അസംബന്ധമാണ്. പക്ഷേ അതൊന്നും ഈ കമന്റു കൊണ്ട് മാറ്റിമറിക്കാമെന്ന ധാരണയും ഇതെഴുതുന്നയാള്‍ക്കില്ല. കമന്റുകളും മറുകമന്റുകളുമായും, വിഷയത്തില്‍നിന്നുള്ള വ്യതിചലനമായും അതങ്ങിനെ നീണ്ടുപോവുകയും ചെയ്യും. അത്രമാത്രം. അതുകൊണ്ട് അതിനൊന്നും മുതിരുന്നില്ല. താങ്കളുടെ കണ്ടെത്തലുകളെ ഒന്ന് ക്രോഡീകരിച്ചുനോക്കുന്നു എന്നുമാത്രം.

താങ്കളുടെ വാദങ്ങളുടെ ചുരുക്കം ഇതാണ്.

1. പാര്‍ട്ടിയില്‍നിന്നും ധാരാളം കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമായാണ് കൂടുതലും അക്രമങ്ങളും പച്ചക്കു കൊല്ലലും, വെട്ടലും നടക്കുന്നത്.

2. അതൊക്കെ അവസാനിപ്പിക്കാനുള്ള ഒരു തന്ത്രമെന്ന നിലക്കാണ് സി.പി.എം.ഇത്തരം സൌഹൃദസദസ്സുകള്‍ സംഘടിപ്പിക്കുന്നത് (അതൊന്നും സഫലമാകാന്‍ പോകുന്നില്ല എന്ന ആശ്വാസവും താങ്കളില്‍ കാണുന്നുണ്ട്. സന്തോഷം).

3. അത്തരം സദസ്സുകളില്‍ നടക്കുന്നത് അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഷേധിക്കലാണ് (ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചുകൊച്ച് ജനസമൂഹങ്ങള്‍!!). സംഘപരിവാറില്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും എല്ലാ അഭിപ്രായങ്ങളും വെച്ചുപുലര്‍ത്താനും ശീലിക്കാനും, പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ബെസ്റ്റ് കണ്ണാ..

4. അത്തരം ജനസമൂഹങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമോ ചിന്താശക്തിയോ ഉണ്ടാകില്ല (ഈ 3, 4 വാദങ്ങളുടെ പരസ്പരാശ്ലേഷമോ വെച്ചുമാറലോ മാത്രം മതി താങ്കളുടെ യുക്തിരാഹിത്യത്തിന്റെ തെളിവായി കാണിക്കാന്‍. അതു പോട്ടെ). സംഘപരിവാരികള്‍ക്ക് യുക്തി പ്രതീക്ഷിച്ചുകൂടല്ലോ‍.

5. ഇനിയുള്ളത്, സംഘത്തിന്റെ അഖണ്ഡതയും, ദേശസങ്കല്‍പ്പവും, നമസ്തേ സദാ വത്സലയും, മീനാക്ഷീയുമൊക്കെയാണ് . പഴയ വാദമുഖങ്ങള്‍. നിങ്ങള്‍ക്കൊന്നും ദേശസ്നേഹം എന്തെന്ന് അറിയില്ല, ഞങ്ങളതില്‍ ഡോക്ടറേറ്റ് എടുത്തതാണ്, എന്നൊക്കെയുള്ള പതിവു സാധനങ്ങള്‍.

6. പിന്നെ, വര്‍ഗ്ഗീയതയും സവര്‍ണ്ണ പ്രത്യയശാസ്ത്രവുമൊക്കെ സംഘത്തെക്കുറിച്ചുള്ള വികട-കപട ധാരണകളാണ് എന്നത്.

അപ്പോള്‍ ഇതൊക്കെയാണ് കാണാപ്പുറങ്ങള്‍. നല്ലത്. ഇതുപോലെ എത്രയോ കാണാപ്പുറങ്ങള്‍ ഇനിയും കിടക്കുന്നു സംഘപരിവാറിന്റെ ദൃഷ്ടിയില്‍നിന്നും മറഞ്ഞ്. വക്രദൃഷ്ടി എന്ന ദോഷം മാത്രമല്ല അതിനുള്ളതെന്നും എനിക്കറിയാം. (ഈ ഖണ്ഡിക കമന്റില്‍ കാണില്ല. ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്).

പക്ഷേ ചിരി വന്നത് അപ്പോഴൊന്നുമല്ല. ഇതാ താങ്കളുടെ ചില വാക്യങ്ങള്‍, അതു വായിച്ചപ്പോഴാണ്.

“നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട്‌ എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്‌..” - എങ്ങിനെയെന്ന് ഒന്നു പറഞ്ഞുതരൂ സര്‍.

“ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്‌ സംഘമാണ്‌. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ“..ഇതിനെയാണ് വിനയം എന്നു പറയുന്നത്.

'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്‌. - അപ്പോല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ അക്കൌണ്ട് ഇപ്പോ തുറക്കുമെന്നൊക്കെ പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരുന്നുവല്ലേ പരം‌പൊരുളേ. കഷ്ടം. എന്നിട്ടാണ് ഈ നശിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഈ അക്കൌ‍ണ്ടിനെ ഇത്രയുംകാലം പേടിച്ചുനടന്നത്.


അപ്പോള്‍ ശരി. കാണാം.

അഭിവാദ്യങ്ങളോടെ

Monday, May 5, 2008

ഹിരോഷിമ - ചില പുതിയ ചിത്രങ്ങള്‍

ഹിരോഷിമയിലെ ദുരന്തത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ ഈയടുത്ത ദിവസം പുറത്തുവന്നിട്ടുണ്ട്.
1945-ല്‍ ഹിരോഷിമക്കുപുറത്തുള്ള ഒരു സ്ഥലത്തെ ഒരു ഗുഹയില്‍നിന്ന് അമേരിക്കന്‍ അധിനിവേശസേനയിലെതന്നെ റോബര്‍ട്ട് .എല്‍. കാപ്പ് എന്ന സൈനികന്‍ വീണ്ടെടുത്ത ഡെവലപ്പ് ചെയ്യാത്ത ചില ഫിലിം‌റോളുകളില്‍നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 998-ല്‍ റോബര്‍ട്ട് ഈ ചിത്രങ്ങള്‍ ഹൂവര്‍ ഇന്‍സ്റ്റിട്ട്യൂഷന്‍ ആര്‍ക്കൈവ്‌സിനു കൊടുത്തു. 2008-നു ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയില്‍. അതിനുള്ള കാരണം, ഏതായാലും വ്യക്തമല്ല. എന്നു മാത്രമല്ല, ഈ ചിത്രങ്ങള്‍ എടുത്തതാരാണെന്നതും അജ്ഞാതമാണ്. ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.


കടപ്പാട് - Huffington Post

Sunday, May 4, 2008

ഞങ്ങളുടെ ‘ഐക്കിയ’ ജീവിതങ്ങള്‍

എന്റെ കിടപ്പുമുറിയിലെ നിലത്ത്‌ കുന്തിച്ചിരുന്ന് അച്ഛന്‍ ശ്രദ്ധയോടെ ജോലി തുടര്‍ന്നു. ജീന്‍സും, നീളന്‍കൈയ്യുള്ള ഷര്‍ട്ടും ധരിച്ചിരുന്നു അദ്ദേഹം. വലത്തെ കയ്യില്‍ ഒരു ചുറ്റികയും. ഏകാഗ്രമായ മുഖഭാവത്തോടെ കണ്ണുകള്‍ താഴ്ത്തി അദ്ദേഹം തന്റെ സാധനസാമഗ്രികള്‍ നിറച്ച ചെറിയ സഞ്ചിയില്‍ തിരയുന്നുണ്ടായിരുന്നു. സഞ്ചിയിലുണ്ടായിരുന്ന സ്ക്രൂവും മറ്റു സാധനങ്ങളുമൊക്കെ നിത്യപരിചിതങ്ങളായ വസ്തുക്കളായിരുന്നു അച്ഛന്‌. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഉപയോഗിച്ചുപോന്നിരുന്നവ. ഒന്നുമില്ലായ്മയില്‍നിന്ന് ഒരിക്കല്‍ ഒരു കട്ടില്‍ നിര്‍മ്മിക്കുകപോലുമുണ്ടായിട്ടുണ്ട്‌ അദ്ദേഹം. ഓരോ ചെറിയ സാമഗ്രിപോലും എളുപ്പത്തില്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിനാവും. പക്ഷേ ഇന്നദ്ദേഹം ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആകെയൊരു പന്തിയില്ലായ്മപോലെ.

എന്റെ 'ഐക്കിയ' കിടക്ക കൂട്ടിയോജിപ്പിക്കുന്ന പണിയിലായിരുന്നു അദ്ദേഹം.

തന്റെ പ്ലാസ്റ്റിക്ക്‌ സഞ്ചി തുറന്ന് എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളും അദ്ദേഹം പുറത്തിട്ടു. ഞാനും എന്റെ സ്നേഹിതനും അദ്ദേഹത്തിന്റെ കൂടെചേര്‍ന്നു. കട്ടിലിന്റെ എല്ലാ ഭാഗങ്ങളും അച്ഛന്റെ ചുറ്റും നിരത്തിവെച്ചുകൊടുത്തു. ഇതേ മോഡലിലുള്ള മറ്റു ഐക്കിയ കിടക്കകള്‍ കണ്ടതുകൊണ്ട്‌ ഒരു ഏകദേശധാരണയൊക്കെ ഞങ്ങള്‍ക്കുണ്ടെന്ന് ഞാനും എന്റെ സ്നേഹിതനും അല്‍പ്പം അഹങ്കരിച്ചിരുന്നു. എങ്കിലും അത്ര ഉറപ്പുണ്ടായിരുന്നില്ലതാനും.

രണ്ടു ചെറിയ ചീളുകളെടുത്ത്‌ കട്ടിലിന്റെ അടിഭാഗത്ത്‌ അദ്ദേഹം ചേര്‍ത്തുവെക്കാന്‍ നോക്കി. ഐക്കിയയുടെ ഇന്‍സ്ട്രക്‍ഷന്‍ പുസ്തകമൊന്നും നോക്കാന്‍ ഞങ്ങള്‍ മിനക്കെട്ടില്ല. അതൊന്നും പക്ഷേ അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നില്ല. ആ ചെറിയ മരക്കഷണങ്ങള്‍ അദ്ദേഹം കട്ടില്‍ക്കാലുകളുടെ അടിഭാഗത്തുള്ള തുളകള്‍ക്കകത്തേക്ക്‌ കടത്തി, എന്നിട്ട്‌, കട്ടില്‍ക്കാലുകള്‍, സ്വന്തം കാലുകള്‍കൊണ്ട്‌ താങ്ങി ആ മരക്കഷണങ്ങള്‍ മെല്ലെ അമര്‍ത്തി. ഇതാ ഞാനുണ്ട്‌ സഹായിക്കാന്‍ എന്ന മട്ടില്‍ ഞാന്‍ ഓടിച്ചെന്നു. ഞാന്‍ ആ മരക്കഷണം ബലമായി പിടിച്ചുകൊടുത്തു.

എനിക്ക്‌ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു.

താഴെനിലയില്‍, ഒരു നല്ല ഷെല്‍ഫുണ്ടായിരുന്നു എനിക്ക്‌. കിടക്കതലക്കല്‍ വെക്കാവുന്ന തരത്തിലുള്ള ഒന്ന്. നല്ല മരത്തില്‍ തീര്‍ത്തത്‌. കുറേ ആളുകളുടെ ശ്രമഫലമായി തീര്‍ത്തിരിക്കാവുന്ന ഒരു ഷെല്‍ഫ്‌. രണ്ടാഴ്ചമുന്‍പാണ്‌ അച്ഛന്‍ എനിക്കത്‌ സമ്മാനിച്ചത്‌. ഞാന്‍ തന്നെ തിരഞ്ഞെടുത്ത ഭംഗിയുള്ള ഒരു ബെഡ്‌റൂം സെറ്റിലേക്ക്‌ അച്ഛന്‍ സംഭാവന ചെയ്തതായിരുന്നു അത്‌. എനിക്ക്‌ വളരെ ഇഷ്ടവുമായിരുന്നു ആ ചെറിയ ഷെല്‍ഫ്‌. എങ്കിലും അതിനെ ഒരു ഉപയോഗശൂന്യമായ വെറും മരക്കഷണമെന്നതിലപ്പുറമായി എനിക്കൊട്ടു കാണാന്‍ കഴിഞ്ഞതുമില്ല. മാത്രവുമല്ല, ഫര്‍ണിച്ചര്‍ വാങ്ങലൊക്കെ മുതിര്‍ന്നവര്‍ക്ക്‌ മാത്രം അവകാശപ്പെട്ട സാധനങ്ങളാണല്ലോ, നികുതി അടക്കലും മറ്റും പോലെ. ഈ ഷെല്‍ഫിനാണെങ്കില്‍ മറ്റു അലങ്കാരങ്ങളൊന്നുമുണ്ടായിരുന്നതുമില്ല. അതുകൊണ്ട്‌ ഞാനത്‌ നിരസിച്ചു.

ഇതിനേക്കാള്‍ നല്ലതും, കാണാന്‍ ഭംഗിയും, വിലകുറവും, ഐക്കിയയുടെ കട്ടിലായിരിക്കുമെന്ന് എനിക്ക്‌ തോന്നി. പരമ്പരാഗത കട്ടിലുകളൊന്നും ഐക്കിയ ഉണ്ടാക്കാറില്ല. അലങ്കാരങ്ങളും കുറവാണ്‌. കിടക്ക വിരിക്കാനുള്ള ഒരു പലകപ്പുറം. ലോഹത്തിന്റെ ഫ്രെയിമോ സ്പ്രിങ്ങുകളോ കള്ളികളുള്ള ഷെല്‍ഫുകളോ ഒന്നുമില്ലാത്ത വെറും കട്ടിലുകള്‍.അങ്ങിനെ ഞങ്ങള്‍ പണി തുടര്‍ന്നു.

എന്റെ സ്നേഹിതന്‍ കട്ടിലിന്റെ അരികുകളില്‍ സ്ക്രൂകള്‍ തിരുകിക്കയറ്റാന്‍ തുടങ്ങി. ഞാനും അച്ഛനും മറ്റു ഭാഗങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. എനിക്ക്‌ അല്‍പ്പം ആശങ്കയുണ്ടായിരുന്നു. കോളേജ്‌ വിട്ടതിനുശേഷം ഐക്കിയയുടെ വീട്ടുസാമഗ്രികള്‍ പലപ്പോഴായി ഞാന്‍ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഐക്കിയ മേശ, ഐക്കിയയുടെ പുസ്തക ഷെല്‍ഫ്‌, കസേര, അങ്ങിനെ ചിലത്‌. ഐക്കിയപോലുള്ള ആധുനിക സാമഗ്രികള്‍ കൈകാര്യം ചെയ്തു ശീലമുള്ള പുതിയ തലമുറക്കാരെപ്പോലെ, എനിക്കും അല്‍പ്പസ്വല്‍പ്പം ആത്മവിശ്വാസമൊക്കെയുണ്ടായിരുന്നു. ഏതു ഭാഗം എവിടെയാണ്‌, എങ്ങിനെയാണ്‌ പിടിപ്പിക്കേണ്ടതെന്നൊക്കെ ഞാന്‍ മനസ്സിലാക്കിവെച്ചിരുന്നു. അച്ഛനാകട്ടെ, ഇത്തരം സാധനങ്ങളൊന്നും അത്ര പരിചയമുണ്ടായിരുന്നില്ല. വളരെ സംശയിച്ച്‌ അദ്ദേഹം ഓരോ സ്ക്രൂവും കയറ്റുന്നത്‌ കണ്ടപ്പോള്‍ എനിക്ക്‌ വിഷമം തോന്നി.

മരം അച്ഛന്റെ രക്തവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്നതായിരുന്നു. 1958-ലാണ്‌ അദ്ദേഹത്തിന്റെ അച്ഛന്‍ -ഒരു ഫ്രഞ്ച്‌ കനേഡിയന്‍ കുടിയേറ്റക്കാരന്‍- സ്വന്തമായി ഒരു തടിമില്ല് സ്ഥാപിച്ചത്‌. പതിന്നാലു വയസ്സുള്ളപ്പോള്‍ ജോലിചെയ്യാന്‍ തുടങ്ങിയതാണ്‌ അച്ഛനവിടെ. പിന്നീട്‌ അദ്ദേഹം ജോലി നിര്‍ത്തി കോളേജില്‍ ചേര്‍ന്നു പഠിച്ചു. സിവില്‍ എഞ്ചിനീയറായി. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ജോലികളഞ്ഞ്‌, വീണ്ടും, തന്റെ അച്ഛന്റെ തടിമില്‍ ഏറ്റെടുത്തുനടത്തി. ചെറിയ കസേര മുതല്‍ വലിയ ഫര്‍ണിച്ചര്‍ വരെ, എന്തിന്‌, മരം വളക്കുന്ന ഒരു സങ്കീര്‍ണ്ണമായ യന്ത്രം വരെ, അദ്ദേഹം സ്വന്തമായി ഉണ്ടാക്കി. ആ ആളാണ്‌ ഇന്ന് ഒരു സ്ക്രൂ പോലും സംശയിച്ച്‌ സംശയിച്ച്‌ തിരുപ്പിടിപ്പിക്കുന്നത്‌.

ഒടുവില്‍ എങ്ങിനെയോ ആ കട്ടില്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തലഭാഗത്തുള്ള ചെറിയ ഷെല്‍ഫ്‌ അല്‍പ്പം മുന്നോട്ടാഞ്ഞു നിന്നിരുന്നു. കിടക്കുമ്പോള്‍ അതെന്റെ തലയില്‍ മുട്ടുന്ന വിധത്തില്‍.

'ഇതിങ്ങനെത്തന്നെയാണോ വേണ്ടത്‌?" എനിക്ക്‌ സംശയമായി.

അച്ഛന്‍ അതിലേക്ക്‌ കുറേ നേരം നോക്കിനിന്നു. എന്നിട്ടു പറഞ്ഞു. "എനിക്കറിയില്ല"

ഇന്‍സ്ട്രക്‍ഷന്‍ എഴുതിയ കൊച്ചുപുസ്തകം ഞാന്‍ മറിച്ചുനോക്കി. "ഇതിങ്ങനെയല്ല വേണ്ടത്‌. ശരിയായിട്ടില്ല".

ഞാന്‍ സ്ക്രൂകള്‍ അഴിച്ചുമാറ്റി. അച്ഛനും എന്റെകൂടെ ചേര്‍ന്നു. ഞാനും എന്റെ സ്നേഹിതനും മറ്റൊരു ലോഹത്തകിടുകൂടി കട്ടിലിന്റെ അരികുകളില്‍ പിടിപ്പിച്ചു. അച്ഛന്‍ സ്ക്രൂ കയറ്റി. കട്ടിലിനെ വേദനിപ്പിക്കാനെന്നപോലെ ശക്തിയായിട്ടാണ്‌ അദ്ദേഹം അത്‌ ചെയ്തത്‌.

അതെ, ഈ സാധനമാണ്‌ 2002-ല്‍ തന്റെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തുമാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. ഈ ഫര്‍ണിച്ചറാണ്‌ തടിമില്ലില്‍ ഇടക്കിടക്ക്‌ സ്തംഭനാവസ്ഥയുണ്ടാക്കിയതും, 2005-ല്‍ അതിന്റെ പൂട്ടിച്ചതും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇത്തരം ഐക്കിയ ഫര്‍ണിച്ചറുകള്‍ വാങ്ങിയ എന്നെപ്പോലുള്ളവരാണ്‌ അച്ഛനെയും നൂറുകണക്കിന്‌ സ്ത്രീ-പുരുഷ തൊഴിലാളികളെയും അവരുടെ ഈ തൊഴിലില്‍നിന്ന് ആട്ടിപ്പുറത്താക്കിയത്‌.

ഐക്കിയയുടെ പെട്ടിയില്‍ നിന്ന്, ഗുണനചിഹ്നത്തിന്റെ രൂപം നിര്‍മ്മിക്കുന്ന രണ്ടു ലോഹത്തകിടുകള്‍ അച്ഛനെടുത്ത്‌ കൂട്ടിയോജിപ്പിച്ചു. കട്ടിലിന്റെ നടുക്ക്‌, മെത്തയെ താങ്ങിനിര്‍ത്താനുള്ള രണ്ട്‌ ദുര്‍ബ്ബലമായ ലോഹക്കഷണങ്ങള്‍. പുറത്തെവിടെയെങ്കിലുംവെച്ചായിരുന്നു ഈ ലോഹക്കഷണങ്ങള്‍ ഞാന്‍ കണ്ടിരുന്നതെങ്കില്‍, അവ എന്നെ എത്രതന്നെ സ്നേഹത്തോടെ ക്ഷണിച്ചാല്‍പ്പോലും ഞാനവയെ ഉപയോഗിക്കുമായിരുന്നില്ല. വിശ്വസിക്കുമായിരുന്നില്ല. പക്ഷേ ഇന്ന് അവ ഐക്കിയയുടേതാണ്‌. അതുകൊണ്ട്‌ എനിക്ക്‌ വിശ്വസിക്കാതിരിക്കാനാവില്ല.

തീരെ വിശ്വാസം വരാത്ത മട്ടില്‍ അച്ഛന്‍ ആ രണ്ടു കഷണങ്ങളെ വീണ്ടും വീണ്ടും നോക്കിനിന്നു. "സാരമില്ല, ഒന്നും നോക്കണ്ട. ആ സ്ക്രൂ വെച്ച്‌ അതിനെ യോജിപ്പിച്ചാല്‍ മതി" എന്റെ സ്നേഹിതന്‍ പറഞ്ഞു.

അച്ഛന്‍ സ്ക്രൂ കയറ്റി. തീരെ തൃപ്തി വരാതെ അതഴിച്ച്‌ വീണ്ടും കയറ്റാന്‍ തുടങ്ങി. എന്റെ സ്നേഹിതന്‍ അച്ഛനെ സഹായിച്ചു. എനിക്ക്‌ സങ്കടം വരുന്നുണ്ടായിരുന്നു. ഒടുവില്‍ അവര്‍ അത്‌ ശരിയാക്കി. കട്ടിലിന്റെ ഒത്തനടുക്ക്‌ ആ വലിയ ഗുണനചിഹ്നം നെഞ്ചുവിരിച്ച്‌ കിടന്നു. അച്ഛനും എന്റെ സ്നേഹിതനും ഒരു ദീര്‍ഘനിശ്വാസം പൊഴിച്ചു.


തടിമില്ല് പൂട്ടാനുള്ള തീരുമാനമെടുത്തപ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഉള്ളില്‍നിന്നും ഇതുപോലെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നുവീണിട്ടുണ്ടാകണം. പല ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളില്‍നിന്നുമായി പിരിഞ്ഞു കിട്ടാനുള്ള പണത്തിനുവേണ്ടി അവര്‍ കുറേ അലയുകയും ചെയ്തു. പലരേയും സമീപിച്ചു. ഞങ്ങളില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങിയ സ്ഥാപനങ്ങളും വളരെ വലിയൊരു പ്രതിസന്ധിയിലായിരുന്നു. പലരുടെയും കയ്യില്‍ കാശുണ്ടായിരുന്നില്ല. ഫര്‍ണിച്ചറുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവരുടെ പക്കല്‍. ചിലരൊക്കെ പൈസ തന്നു. മറ്റുചിലര്‍ തന്നതുമില്ല. ഒരു കൂട്ടര്‍ക്ക്‌ അച്ഛന്‍ ഒരു ഇളവു ചെയ്തുകൊടുത്തു. തരാനുള്ള പൈസക്കുപകരം ഒരു ബെഡ്‌റൂം സെറ്റ്‌ മതിയെന്നു പറഞ്ഞു. അങ്ങിനെയാണ്‌ ആ ബെഡ്‌റൂം സെറ്റും, അതിന്റെ തലഭാഗത്ത്‌ വെച്ചുപിടിപ്പിക്കാവുന്ന, അച്ഛന്‍ സംഭാവന ചെയ്ത ഷെല്‍ഫും എനിക്ക്‌ കിട്ടിയത്‌.

ഞാന്‍ വാങ്ങാന്‍ വിസമ്മതിച്ച ഷെല്‍ഫ്‌. അന്നത്‌ വാങ്ങാതിരുന്നതില്‍ എനിക്ക്‌ മനസ്താപം തോന്നി.

പക്ഷേ എന്നെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാതലുള്ള മരത്തിന്റെ ലോകത്തല്ല ഞാനും എന്റെ തലമുറയും ജീവിക്കുന്നത്‌. വിദ്യാഭ്യാസത്തിന്‌ വായ്പ വാങ്ങേണ്ടിവരുകയും, എന്നെങ്കിലുമൊരിക്കല്‍ മറ്റിടങ്ങളിലേക്ക്‌ മാറിപ്പോകേണ്ടിവരുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല കാതലുള്ള, നല്ല മരം. വിലകുറഞ്ഞ ബീറും നുണഞ്ഞു നടക്കുന്ന സാധാരണക്കാര്‍ക്കുള്ളതല്ല അത്തരം മരങ്ങളൊന്നും. അവയെ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാം. പക്ഷേ സ്വപ്നം കാണുക, അതുമാത്രം വയ്യ. ഒറ്റത്തടിയിലുള്ള ജീവിതമല്ല എന്റെയും എന്റെ തലമുറയുടേതും. ഉറക്കുത്തിയ ചെറിയ ചെറിയ മരക്കഷണങ്ങള്‍ ചേര്‍ത്തുവെച്ച ജീവിതമാണ്‌ ഞങ്ങളുടേത്‌.

അച്ഛന്‌ അതറിയാമായിരുന്നുവെന്ന് എനിക്ക്‌ തോന്നി. കട്ടില്‍ ശരിയാക്കിക്കഴിഞ്ഞപ്പോള്‍, ഒന്നും മിണ്ടാതെ, അദ്ദേഹം താഴത്തേക്കു പോയി. ഞാന്‍ കിടക്ക നിവര്‍ത്തി. അതിന്മേല്‍ ഭംഗിയുള്ള വിരിപ്പ്‌ വിരിച്ചു. കമ്പിളി നിവര്‍ത്തി. ഞാന്‍ ഉണ്ടതും, ഉടുത്തതും, വളര്‍ന്നതും, ജീവന്‍ നിലനിര്‍ത്തിയതുമെല്ലാം പഴയ നല്ല മരങ്ങളുടെ ഉള്‍ബലത്തിലായിരുന്നു.

പക്ഷേ ഇന്ന്, ഈ രാത്രി ഞാന്‍ കിടക്കുമ്പോള്‍ എന്നെ താങ്ങുന്നത്‌ ഈ ദുര്‍ബ്ബലമായ ഐക്കിയയാണ്‌.
Alternet-ല്‍ Meg Fevreau എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ.

* ഐക്കിയ (IKEA)- സ്വീഡനിലെ പ്രശസ്തമായ ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ നിര്‍മ്മാണ-വില്‍പ്പന സ്ഥാപനം.

Saturday, May 3, 2008

അനുരാധ ഘാണ്ടി

വ്യവസ്ഥാപിതമായ രീതിയില്‍, ആര്‍ഭാടപൂര്‍വ്വം അനുഭവിച്ചുതീര്‍ക്കാവുന്ന ഒരു ജീവിതം മുന്നിലുണ്ടായിട്ടും, അതുപേക്ഷിച്ച്‌, മറ്റൊരു വഴി തിരഞ്ഞെടുക്കുന്നവരെക്കുറിച്ച്‌ നമ്മള്‍ പലപ്പോഴും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുണ്ട്.

മസ്തിഷ്ക മലമ്പനി പിടിപെട്ട്‌ ഏപ്രില്‍ 11-ന്‌ അന്തരിച്ച അനുരാധ ഘാണ്ടിയെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ ഒരു ഓര്‍മ്മക്കുറിപ്പ്‌ ഇതാ ഇവിടെ.

എല്ലാ നക്സലൈറ്റുകാരെയും/മാര്‍ക്സിസ്റ്റുകാരെയും/ കമ്മ്യൂണിസ്റ്റുകാരെയും "തീര്‍ത്തും വൃത്തികെട്ടവരായി'കാണുന്നവരും, ഏതൊരു മനുഷ്യജീവിയിലും നന്മയുടെ ഒരംശമെങ്കിലും കണ്ടേക്കാനിടയുണ്ടെന്ന സമാന്യയുക്തിയെപോലും നിഷേധിക്കുന്നവരും നമ്മുടെയിടയില്‍ ജീവിക്കുന്നു.

അത്ഭുതപ്പെടുകയോ വ്യസനിക്കുകയോ ചെയ്തിട്ട്‌ കാര്യമില്ല. അവരോട്‌ സഹതപിക്കുക. ബിനായക്‌ സെന്നുകള്‍ക്കും, ശങ്കര്‍ ഗുഹാ നിയോഗിമാര്‍ക്കും, അനുരാധാ ഘാണ്ടിക്കും മാത്രമുള്ളതല്ലല്ലോ ഈ ലോകം. ത്യാഗത്തിന്റെയും മനുഷ്യത്വത്തിന്റെയും, അര്‍ത്ഥവും വിലയുമറിയാത്ത ബുദ്ധിശൂന്യര്‍ക്കുംകൂടി അവകാശപ്പെട്ടതല്ലേ അത്‌?