Thursday, April 26, 2007

ചുവരെഴുത്തുകള്‍

ചുവരിന്റെ ആരും കാണാത്ത മൂലയില്‍
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.

ഉയിര്‍ കാത്ത്‌,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്‌
പോയവരെ കാത്ത്‌ കാത്ത്‌
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.

പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ്‌ തേച്ച്‌ എന്നെന്നേക്കുമായ്‌
അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.

നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്‌
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്‌
അങ്ങിനെയാണ്‌.

Tuesday, April 17, 2007

അദൃശം

കാത്തുകാത്തിരുന്നു മുഷിഞ്ഞു.

ആളുകള്‍ പലേ തിരക്കിലുംപെട്ട്‌ അലയുകയാണ്‌. എന്തോ നഷ്ടപ്പെട്ടത്‌ തിരയും പോലെ, കണ്ടു മറന്ന ഒരു അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ.

ശ്രീമതിയും മകനും സാധനങ്ങള്‍ വാങ്ങാന്‍ പോയിട്ടു മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌, വീണ്ടും ഒരു പുക കൂടി അകത്താക്കണോ, എന്ന് ആലോചിച്ചു തീരുമാനത്തിലെത്തും മുന്‍പാണ്‌ പുറത്ത്‌ ഒരാള്‍ മൃദുവായി തൊട്ടത്‌. അന്‍പതിനടുത്ത്‌ പ്രായമുള്ള ഒരാള്‍. പരിഭ്രമമുണ്ടായിരുന്നു അയാളുടെ മുഖത്ത്‌.

കുറേ നേരമായോ ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌? കുറച്ച്‌ പ്രായമായ ഒരാള്‍ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടുവോ?

ഇല്ല.

എവിടെപ്പോയി ആവോ?

നിങ്ങളുടെ ആരാണ്‌?

വേണ്ടപ്പെട്ട ഒരാളാണ്‌. കുടുംബത്തിലെ ഒരു അകന്ന..

ഇവിടെയെവിടെയെങ്കിലും ഉണ്ടാവും..വരും..

തോന്നുന്നില്ല..ശരി..ഒന്നു നോക്കി വരാം.

എത്ര പെട്ടെന്നാണ്‌ ആളുകളെ കാണാതാവുന്നത്‌? കണ്ടുകൊണ്ടിരിക്കുമ്പോള്‍..ഒരു സിഗരറ്റിനു തീ കൊടുത്തു. ശ്രീമതിയുടെ അവസാനിക്കാത്ത ഷോപ്പിങ്ങിനെ ശപിക്കാന്‍ തുടങ്ങുകയായിരുന്നു.

എന്നെ മനസ്സിലായോ?

ആദ്യമൊന്നു പകച്ചു. പണ്ടത്തെ പി.ജയലക്ഷ്മി ആകെ മാറിയിരുന്നു. പഴയ മെലിഞ്ഞ ശരീരം തടിച്ച്‌ ഉരുണ്ടിരിക്കുന്നു. അല്‍പ്പം ചെറുതായപോലെയും തോന്നി. ചുളിവുകള്‍ വീണ മുഖം.

"കണ്ടുമുട്ടലിനും വേര്‍പിരിയലിനും ഇടയ്ക്ക്‌ ഒരായിരം വസന്തങ്ങള്‍ കൊതിച്ച നമ്മളോ കുറ്റക്കാര്‍? വിധിയെ ഞാന്‍ വെറുതെയെങ്കിലും പഴിക്കട്ടെ". പച്ച മഷിയില്‍ കൊലുന്നനെയുള്ള കയ്യക്ഷരത്തില്‍ പി.ജയലക്ഷ്മി എഴുതിത്തന്ന യാത്രാമൊഴി ഓര്‍മ്മയില്‍ വന്നു. ചിരിച്ചു.

പരിചയം പുതുക്കാനുള്ള വാക്കുകള്‍ ആലോചിക്കുമ്പോഴേക്കും, അവള്‍ പറഞ്ഞു.

"ഇവിടെ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൂപ്പരെ അന്വേഷിച്ച്‌ ഏട്ടനും ഇങ്ങോട്ടു പോന്നു..രണ്ടുപേരേയും കാണാനില്ല"

അന്വേഷിച്ചുവന്നയാളെ ഞാന്‍ കണ്ടു. കുറച്ചുമുന്‍പ്‌.

അതേയോ? എന്നിട്ട്‌?

നോക്കിവരാമെന്നു പറഞ്ഞ്‌ പോയി.

അയാള്‍ കടയുടെ ഉള്ളിലേക്ക്‌ പോയി. ആളുകള്‍ നന്നേ കുറവ്‌. ഭാര്യയും മകനും അവിടെയെവിടെയും ഉണ്ടായിരുന്നില്ല. കുറെ അന്വേഷിച്ചു അയാള്‍.

"ഒരു സ്ത്രീയും കുട്ടിയും ഇങ്ങോട്ട്‌ വന്നിരുന്നു. കണ്ടുവോ", വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിയോട്‌ ചോദിച്ചു.

ഇല്ല. അങ്ങിനെയാരേയും ഇന്ന് കണ്ടിട്ടേയില്ല.

പുറത്തേക്കിറങ്ങി. അവിടേയും അവരെ കണ്ടില്ല. പുറത്തെ തിരക്കും ഒഴിഞ്ഞുതുടങ്ങിയിരുന്നു.

ഒരു സ്ത്രീയും കുട്ടിയും ആരെയോ അന്വേഷിച്ച്‌ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ ആരെങ്കിലുമാണോ?

മുന്‍പില്‍ വന്ന് ഒരാള്‍ ചോദിച്ചു.

അതെ, എന്നിട്ട്‌ അവരെവിടെ?

അറിയില്ല. ഇവിടെയെവിടെയെങ്കിലുമുണ്ടാവും. വരും..അല്ലാണ്ടെന്താ?

വരും..വരാതിരിക്കില്ല..പണ്ടെന്നോ വായിച്ച ഒരു കഥയിലെ വരി ഓര്‍മ്മ വന്നു.

തെരുവിലെ അസംബന്ധ നാടകം അപ്പോള്‍ തീരെ നിലച്ചിരുന്നു.

കാത്തുകാത്തിരുന്ന് പിന്നെയും അയാള്‍ക്ക്‌ മുഷിഞ്ഞു.

Saturday, April 14, 2007

വിഷു പറയുന്നത്‌...

വിഷുവാണ്‌,
മേടപ്പുലരിയാണ്‌,
കണി
കാണേണ്ട ദിവസപ്പിറവിയാണ്‌
പന്ത്രണ്ടു രാശികളിലിനിയാകെപ്പടരേണ്ട
വന്യമാം ജീവിതാഘോഷമാണ്‌

പൂത്തിരി, മത്താപ്പ്‌, ചക്രങ്ങളുന്മാദ
വേഗങ്ങള്‍ തീര്‍ത്തെന്റെ വിഷു തോരുന്നു.
എന്നും നിലയ്ക്കാ വിഷാണുവില്‍ തീരുന്നു
ബാബിലോണിന്റെ ആ നീലാകാശം
കത്തിയമരുന്ന പൂത്തിരികള്‍, പിന്നെ
ചിതറിത്തെറിച്ച ചെറു മത്താപ്പുകള്‍
തോരാത്തൊരഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്ന
മറ്റൊരു വിഷുവിന്റെ ഋതുഭേദങ്ങള്‍

അങ്ങോട്ടുമിങ്ങോട്ടുമെന്നിട്ടും നാം നേര്‍ന്നു,
നല്ല വിഷു, നല്‍ക്കണി
നല്ല ലോകം

ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍
വിഷുവിനോ
തീമഴ പെയ്യുമീ മേടത്തിനോ?

Monday, April 9, 2007

ബാലബുദ്ധന്‍

മലയാളപഠനത്തിനെക്കുറിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയതിനു. ഒരു കമന്റ്‌ എഴുതി, ഇന്നലെ. ഇതായിരുന്നു ആ കമന്റ്‌:

മലയാളത്തിനെ സ്നേഹിക്കുന്നവര്‍ ഉള്ള കാലത്തോളം മലയാളം നിലനില്‍ക്കുക തന്നെ ചെയ്യും. ഒരാളിലെങ്കില്‍ ഒരാളില്‍. അല്ലാതെ ഏഴാം തരം വരെ അല്ലെങ്കില്‍ പത്താം തരം വരെ മാതൃഭാഷാ പഠിക്കണം, "ഒരു പേപ്പെറെങ്കിലും.. മലയാളത്തില്‍ ആക്കണം" എന്നീ മട്ടിലുള്ള വിലാപകാവ്യങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. തമിഴന്റേതു പോലെ, അഥവാ, തെലുങ്കന്റെ പോലുള്ള അതിരുകവിഞ്ഞ ഭാഷാ ഭ്രാന്തൊന്നും, അടുത്തകാലത്തൊന്നും മലയാളിക്കുണ്ടാവും എന്നു വ്യാമോഹിക്കാനും വയ്യ.ആ കൂടിയ അളവിലുള്ള ഭ്രാന്തു കരണീയവുമല്ല.

പഠിക്കാവുന്ന ഭാഷയൊക്കെ ആളുകള്‍ പഠിക്കട്ടെ. മലയാളത്തെ സ്നേഹിക്കുന്ന ആളുകള്‍ മലയാളത്തെ സംരക്ഷിക്കാന്‍ എപ്പൊഴും ഉണ്ടാവും. അവര്‍, അവരുടെ മക്കളെ, മധുരം മലയാളം എന്ന് നിത്യവും ഓര്‍മിപ്പിക്കുകയും അനുശീലിപ്പിക്കുകയും ചെയ്യും.

വിപ്ലവവും, വീക്ഷണവും, വള്ളിക്കാവും, സീരിയലും, പരസ്യചിത്രങ്ങളും കടന്ന് ഭാഷാപ്രണയത്തിലെത്തിനില്‍ക്കുന്നു ഏതായാലും മലയാളത്തിന്റെ ബാലബുദ്ധന്‍.


കമെന്റിന്റെ സെറ്റിങ്ങ്‌സ്‌ ഏതായാലും ബാലചന്ദ്രനെപ്പോലെയല്ല. ഭവ്യതയോടെ അത്‌ മറുപടി തന്നു. "എന്റെ നിയന്താവിന്റെ അനുവാദമില്ലാതെ ഈ അഭിപ്രായം പ്രസിധീകരിക്കാന്‍ എനിക്കാവില്ല" എന്ന്. അതിനെ കുറ്റം പറയില്ല ഞാന്‍. ഉപരി"വിപ്ലവം"ഇല്ലാത്ത, അഭിനയമറിയാത്ത പാവം സോഫ്റ്റ്‌വേര്‍. ഏതായാലും, ഇത്‌ എന്റെ ബ്ലോഗില്‍ കിടക്കട്ടെ എന്ന് ഞാനും കരുതി.

പിന്നെ, അഭിപ്രായങ്ങളെ (കമന്റ്‌) സെന്‍സര്‍ ചെയ്യുന്നതൊക്കെ തേയ്മാനം വന്ന പഴയ ഫാസിസ്റ്റ്‌ രീതിയല്ലേ ബാലചന്ദ്രാ? അല്ല, പുതിയതൊന്നുമില്ലെന്നാണോ കയ്യില്‍?

പിന്നീട്‌, ബാലചന്ദ്രന്റെ അടുത്ത പോസ്റ്റ്‌ വായിച്ചു."അമേരിക്കയും ബുദ്ധിജീവികളും". അതും നന്നായിട്ടുണ്ട്‌ ബാലചന്ദ്രാ. തീരെ അത്ഭുതവും തോന്നിയില്ല. ആത്മനിന്ദ തോന്നുമ്പോള്‍ പാവം മനുഷ്യര്‍ ഇന്നതേ പറഞ്ഞുകൂടൂ എന്നൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. പക്ഷേ, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുകയാണ്‌, ആത്മനിന്ദ തോന്നാന്‍ തക്കവണ്ണമെങ്കിലും നേര്‍ബുദ്ധി താങ്കള്‍ക്കുണ്ടായിരുന്നുവെങ്കിലെന്ന്!!

മറുപടി പ്രതീക്ഷിക്കുന്നു. എന്റെ കമന്റ്‌ സെറ്റിംഗ്‌ അത്‌ സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്രയെങ്കിലും ജനാധിപത്യബോധം എന്റെ ബ്ലോഗിന്‌ നല്‍കിയിട്ടുമുണ്ട്‌ ഞാന്‍.

സ്നേഹപൂര്‍വ്വം

Saturday, April 7, 2007

അച്ഛന്‍

ഒരു മകന്‍ അച്ഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഓര്‍ക്കുന്നത്‌ നന്ന്. പക്ഷേ ആ ഓര്‍മ്മിക്കല്‍ പരസ്യമാക്കുന്നതില്‍ ഏതായാലും ഒരു സുഖമില്ലായ്മയുണ്ട്‌. പ്രത്യേകിച്ചും, അനന്തതയിലേക്കു, അതിന്റെ തിരുശേഷിപ്പിലേക്ക്‌ ആ ഓര്‍മ്മകളെ എഴുതി കുടിയിരുത്തുമ്പോള്‍.

ശേഷക്രിയകള്‍ കിട്ടാതെയാണ്‌ അച്ഛന്‍ ഭാരതപ്പുഴയിലൂടെ ഒഴുകിപ്പോയത്‌, ഒരു മണ്‍കുടത്തില്‍. അങ്ങിനെ എത്ര അച്ഛന്മാര്‍, അമ്മമാര്‍, മക്കള്‍, ഏതൊക്കെയോ പുഴകളുടെ നിറഞ്ഞ ഈറന്‍വഴികളിലൂടെ, തര്‍പ്പണം കിട്ടിയും, കിട്ടാതെയും, ഓര്‍മ്മകളിലും, മറവികളിലും, താഴ്‌ന്നും, പൊങ്ങിയും, കാലത്തിന്റെ കാണാത്തീരങ്ങളിലേക്ക്‌.!! നിശ്ചയമില്ല.

മനോഹരമായ മരണമായിരുന്നു അച്ഛന്റേത്‌. താന്‍പോലും അറിയാതെ മരിക്കുക. ചുറ്റുമുള്ളവരെ 'വെറുതെയൊന്നു പേടിപ്പിക്കാന്‍" ചെയ്ത പ്രായോഗിക ഫലിതം പോലെ. ധനുമാസത്തിലെ ഒരു പതിവു വ്യാഴം. പതിവുചിട്ടവട്ടങ്ങളുടെ ഒരു പകല്‍, ഉച്ച, വലിയ യാത്രക്കുമുന്‍പുള്ള ഒരു സായാഹ്ന നടത്തം, ഫോണിലൂടെ ഒരു ലഘു കുശലം പറച്ചില്‍. കസേരയില്‍ വന്നിരിക്കല്‍, കഴിയല്‍. എഴുപത്തിമൂന്നു കൊല്ലത്തെ ഇടപാടുകളൊക്കെ തീര്‍ത്തു, ഇനി അഥവാ, തീര്‍ക്കാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍, പിന്നീടാവാം എന്ന മട്ടില്‍ ചമഞ്ഞു കിടക്കല്‍. ഒരു മകനും മകളും കൂടി അച്ഛനില്ലാത്ത കുട്ടികളായി. ഒരു സ്ത്രീ കൂടി ഒറ്റയ്ക്കായി.

മറ്റ്‌ അച്ഛന്മാരും മക്കളും പരസ്പരം സ്നേഹിച്ചിരുന്നതിനേക്കാളും ഞങ്ങള്‍ സ്നേഹിച്ചിരുന്നു എന്നൊക്കെ പറയുന്നത്‌ ശുദ്ധ ഭോഷ്ക്‌. ഓരോരുത്തരും പരസ്പരം സ്നേഹിക്കുന്നതും, വെറുക്കുന്നതും, ഓര്‍മ്മിക്കുകയും, മറക്കുകയും ഒക്കെ ചെയ്യുന്നത്‌ അവരവരുടെ രീതികളിലും, സമാനതകളില്ലാതെയുമായിരിക്കണം. അശാന്തി നിറഞ്ഞ വീടുകള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ*, ഏറെക്കുറെ.

കുട്ടിക്കാലത്ത്‌ ഏറ്റവൂം ഭയവും, അകല്‍ച്ചയും തോന്നിച്ചിരുന്ന വ്യക്തി ആരെന്ന് ചോദിച്ചാല്‍, "അച്ഛന്‍" എന്ന് ഉത്തരം നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം എനിക്കില്ല. ശാസനകളുടേയും, ശിക്ഷകളുടെയും ദാതാവായിരുന്നു അച്ഛന്‍. ആവശ്യത്തിനും, അനാവശ്യത്തിനും. വ്യക്തിയെന്ന എന്റെ സ്വാതന്ത്ര്യത്തിനെ ഏറ്റവുമധികം നിയന്ത്രിക്കാന്‍ ശ്രമിച്ച സ്ഥാപനമായിരുന്നു അച്ഛന്‍ എന്ന ഭരണകൂടം. ഉണരുന്നത്‌ മുതല്‍ ഉറങ്ങുന്നതുവരെയുള്ള സകല പ്രവൃത്തികളിലും കര്‍ശനമായി ഇടപെട്ടുകൊണ്ടിരുന്ന നിര്‍ദ്ദയനായ ഭരണാധികാരി. ലോകത്തിന്റെ സ്വാഭാവികമായ ഗതിവിഗതികളിലൊന്നും ഒരു ഇളക്കവും ഒരിക്കലും ഉണ്ടാക്കാത്ത നിഷ്കളങ്കമായ ഒരു പല്ലുതേക്കലിലോ, കാലാട്ടലിലോ, കുപ്പായത്തില്‍ വരുത്തിയ ചെറിയ ചുളുവിലോ ഒക്കെ അശ്രദ്ധയും, ദുര്‍ന്നടപ്പും ദര്‍ശിച്ചു അച്ഛന്‍. ശാസന പതിവു അന്തരീക്ഷമായിരുന്നു വീടിന്റെ. ദണ്ഡനം, ആവശ്യപ്പെടാതെ തന്നെ എപ്പോഴും ധാരാളമായ്‌ കിട്ടുന്ന വരദാനവും.

കീഴാറ്റൂരിലെ വേനലവധികള്‍ മധുരതരമായി തോന്നിയത്‌, അച്ഛനന്ന് ജോലിസംബന്ധമായി എറണാകുളത്ത്‌ പെട്ടുപോയിരുന്നതുകൊണ്ടാവണം. തോന്നുമ്പോള്‍ ഉറക്കമുണരാം. പല്ലു തേക്കുകയോ, കുളിക്കുകയോ ഒന്നും ചെയ്തില്ലെങ്കിലും തരക്കേടില്ല. തറവാട്ടില്‍ നിന്ന് മായാവിയെപ്പോലെ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷനാവാം. ചളി നിറഞ്ഞ പാടവരമ്പിലൂടെ നടന്ന് ബന്ധുവീടുകളിലേക്കു പോവാം. തറവാടിന്റെ കാഴ്ചയില്‍ നിന്നല്‍പ്പം പടിഞ്ഞാറുമാറിയുള്ള പാറപ്പുറത്തുചെന്നിരുന്ന, ഇത്രനാളും താനുണ്ടായിരുന്ന വീട്ടിലേക്ക്‌ നോക്കിയിരിക്കുന്ന ആത്മാവിനെപ്പോലെ, വീടിനെയും, അവിടുത്തെ ആളുകളെയും, അവരുടെ കോലാഹലങ്ങളേയും നോക്കിയിരിക്കാം. മടുക്കുമ്പോള്‍ താലപ്പൊലിപ്പറമ്പിലെ വായനശാലയില്‍ ചെന്നിരിക്കാം. എവിടെയും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കീഴാറ്റൂര്‍, അത്തരം സമയങ്ങളില്‍ സ്വര്‍ഗ്ഗമായിരുന്നു. അച്ഛനില്ലാത്ത സ്വര്‍ഗ്ഗം.

വസ്ത്രധാരണം, നടപ്പ്‌, ഇരിപ്പ്‌, പഠനം, ഇവയിലൊക്കെ എന്നില്‍, അരാജകത്വം കണ്ടെത്തി അച്ഛന്‍. കീഴാറ്റൂരിന്റെ കുഗ്രാമതയില്‍ നിന്നും കൊച്ചിയുടെ പുറംമേനികളിലേക്കെത്തിയപ്പോള്‍ സ്വയം പാകപ്പെടുത്തിയെടുത്തതാണോ,, അതോ ക്രമരഹിതമായ ജീവിതത്തെ നേരിടാന്‍ പാകത്തില്‍ ഒരു പ്രതിരോധമായ്‌ കൂടെ കയ്യില്‍ കരുതിയതായിരുന്നുവോ ഈ ചിട്ടയും ക്രമവുമൊക്കെ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ കാണുന്നതുമുതല്‍ക്കുള്ള അച്ഛന്‍ ഇങ്ങനെയൊക്കെയായിരുന്നു എന്നു മാത്രമറിയാം.

ചുരുങ്ങിയ ശമ്പളം കൊണ്ട്‌ കുടുംബം നോക്കാന്‍ ബദ്ധപ്പെടുകയും, ശാസനകളിലൂടെയും ശിക്ഷകളിലൂടെയുമാണെങ്കില്‍പ്പോലും മക്കളുടെ ജീവിതത്തില്‍ ക്രമബദ്ധത വളര്‍ത്താന്‍ സദാ ജാഗരൂകനായിരിക്കുകയും ചെയ്ത "അച്ഛന്‍" എന്ന വ്യക്തിയെ ഞാനും കണ്ടിരുന്നില്ല. ശ്രദ്ധിച്ചുമില്ല. ഉയരംകൊണ്ടും, വയസ്സുകൊണ്ടും, പിന്നീട്‌ വലുതായപ്പോഴല്ലാതെ. അപ്പോഴേക്കും, പഴയ ശാസനാരൂപിയുടെ വേഷം പതുക്കെ പതുക്കെ അഴിച്ചുവെക്കാന്‍ ശ്രമിച്ചിരുന്നു, ശ്രദ്ധിച്ചിരുന്നു, അച്ഛന്‍. നിസ്സഹായതയായിരുന്നു, പകരം, കൂടുതലും ഉയര്‍ന്നുവന്നത്‌. ആവശ്യത്തിനും, അനാവശ്യത്തിനും താന്‍ നല്‍കിയ നിയന്ത്രണങ്ങള്‍ തീര്‍ത്ത ചക്രവ്യൂഹങ്ങള്‍ക്കകത്ത്‌ മകന്‍ സ്വയം നഷ്ടപ്പെട്ടുവോ എന്ന ആശങ്കയും, കുറ്റബോധവുമായിരുന്നുവോ ആ നിസ്സഹായതയുടെ പിന്നാമ്പുറത്ത്‌? മകനാവട്ടെ, അച്ഛനെ "ആദര്‍ശ"വല്‍ക്കരിക്കാനും തുടങ്ങിയിരുന്നു, പിന്നെപ്പിന്നെ, വിഫലമായിട്ടാണെങ്കില്‍തന്നെയും. സാത്വികനായ ആ ഉള്‍നാട്ടുകാരന്റെ ഗുണവും, മണവും മൂല്യബോധവുമൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെങ്കിലും, അച്ഛന്‍ ശ്രദ്ധിക്കാത്ത അവസരങ്ങളില്‍, അയാള്‍ അച്ഛനെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്തേ തനിക്കങ്ങിനെയാവാന്‍ സാധിക്കാത്തതെന്ന് അയാള്‍ സങ്കടപ്പെടുകയും, അത്ഭുതപ്പെടുകയും ചെയ്തുതുടങ്ങിയിരുന്നു. ആത്മനിന്ദയുടെ വക്കോളം എത്തും വിധം. നന്നായി നിന്നിരുന്നെങ്കില്‍, നാട്ടില്‍ നിന്നു പോവേണ്ടിവരില്ലായിരുന്നുവല്ലോ നിനക്കെന്ന്, അച്ഛനും, ജീവിതവും, ഇടക്കിടക്ക്‌, ഓളിയമ്പുകളെയ്യാന്‍ തുടങ്ങിയത്‌ പലായനത്തിന്റെ ബാക്കിപത്രങ്ങളിലെവിടെയോവെച്ചായിരുന്നു.

ഉയര്‍ന്ന പദവിയിലും, സാമ്പത്തികസ്ഥിതിയിലും ജീവിക്കുന്നവര്‍, നല്ലവണ്ണം ഇംഗ്ലീഷ്‌ സംസാരിക്കുന്നവര്‍, ഇത്തരക്കാരോടൊക്കെ അച്ഛനു ഒരു തരം ആരാധനയായിരുന്നു. തന്റെ ആദര്‍ശശാഠ്യങ്ങളുടെ ഉരകല്ലില്‍ അളന്നുനോക്കാറുണ്ടായിരുന്നു, പക്ഷേ, അച്ഛന്‍ അവരേയും. ശത്രുക്കളെ സമ്പാദിക്കുന്നതില്‍ തരക്കേടില്ലാത്ത വൈഭവം കാണിക്കുമ്പോഴും, അച്ഛന്‍ ആരേയും ഒരിക്കലും വെറുത്തിരുന്നില്ലെന്നതും തീരാത്ത അത്ഭുതമായിരുന്നു എനിക്ക്‌. കളിയാക്കിയോ, വക്രോക്തിയിലോ അവരെന്തെങ്കിലും പറഞ്ഞാലും അച്ഛനത്‌ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല, മിക്കപ്പോഴും. ശുദ്ധത, അത്രയും അനാവശ്യമായ അളവിലായിരുന്നു അച്ഛനില്‍ എന്നും.

ഒരു ജന്മം കൊണ്ട്‌, ഒരു മകനും, ഒരച്ഛനെയും അളക്കാന്‍ കഴിയില്ല. എത്രയെത്ര ചിത്രങ്ങളാണ്‌ തന്നിട്ടുപോയത്‌? എണ്ണ തേപ്പിച്ച്‌ പുഴയിലെ പാറപ്പുറത്തിരുത്തി,, പുഴയില്‍ കഴുത്തോളം മുങ്ങിനിന്ന്, മറ്റു ചെറുപ്പക്കാരുടെ ആരാധന നിറഞ്ഞ കണ്ണുകളാല്‍ പരിസേവിതനായി, "ഹൃദയസരസ്സിലെ പ്രണയപുഷ്പമേ" പാടുന്ന യുവഗായകനുണ്ട്‌ എന്റെ മനസ്സിലെ ചിത്രത്തില്‍; നല്ല ഭാഷയിലും സംഗീതത്തിലും കഥ പറഞ്ഞു ഫലിപ്പിക്കുന്ന കാഥികനുണ്ട്‌; മഴയില്‍ കുതിര്‍ന്ന് വരുന്ന ഞങ്ങളുടെ വികൃതിയെ ചീത്തപറഞ്ഞ്‌ തലതുവര്‍ത്തിതരുന്ന പരിഭ്രമക്കാരനുണ്ട്‌; മാസത്തിലൊരിക്കല്‍ പുറമേനിന്നുള്ള ആഘോഷമായുള്ള ഹോട്ടല്‍ ശാപ്പാടിനിടക്ക്‌, ആരുംകാണാതെ പേഴ്സിലെ പൈസയെണ്ണി ഉറപ്പുവരുത്തി സ്വസ്ഥനാകുന്ന സാധാരണക്കാരനുണ്ട്‌; കളിവിളക്കിന്റേയും, മേളത്തിന്റെയും, വേഷപ്പകര്‍ച്ചയുടെയും നിറവില്‍ ഉറക്കം തൂങ്ങുന്ന മക്കളെ നന്നായ്‌ നുള്ളി വേദനിപ്പിച്ചുണര്‍ത്തി കണ്ണുരുട്ടി കഥകളി കാണിച്ചു പേടിപ്പിക്കുന്ന വേഷക്കാരനുണ്ട്‌; ഏതാണ്ടെല്ലാ വിഷയങ്ങളിലും നന്നെ ബുദ്ധിമുട്ടി ഏറ്റവും കുറഞ്ഞ മാര്‍ക്കു വാങ്ങി വരുന്ന മകനെയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്ന പഴയ മാതൃകാദ്ധ്യാപകനുണ്ട്‌; ആദ്യമായി മകന്‍ നാടുവിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കരയാതിരിക്കാന്‍ ശ്രമിച്ചു വിഷമിച്ചു നില്‍ക്കുന്ന സാധുവുണ്ട്‌; ഓരോ കത്തിലൂടെയും മകനെ നേര്‍വഴിക്കാക്കാന്‍ വിഫലമായ്‌ ശ്രമിച്ച ഗുണകാംക്ഷിയുണ്ട്‌; നിറഞ്ഞ വിഭവങ്ങള്‍ക്കു മുന്‍പില്‍ സംപ്രീതനായിരിക്കുന്ന വള്ളുവനാട്ടുകാരന്‍ ഭക്ഷണപ്രിയനുണ്ട്‌; ചുവന്ന പപ്പടം കിട്ടാതെ, അമ്മയോടു വഴക്കടിച്ച്‌ മുഖം ചുവന്ന ശുണ്ഠിരാമനുണ്ട്‌; ഓര്‍മകള്‍ക്ക്‌ എത്രയെത്ര ശേഷതല്‍പ്പങ്ങളാണ്‌. ഓരോന്നിലും കിടക്കാം, ഒരു ആയുസ്സോളം.

കുട്ടിക്കാലത്തു നിന്ന് ബലമായി മുറിച്ചുമാറ്റപ്പെടുകയാണ്‌, ഓരോ അച്ഛനമ്മമാരുടേയും മരണത്തോടെ, ഓരോ മക്കളും. ഭാര്യയുടെയും, ഭര്‍ത്താവിന്റേയും മക്കളുടെയുമൊക്കെ പുതിയ സ്നേഹപരിസരങ്ങളുടെ ആഡംബരങ്ങള്‍ക്കുപോലും, അച്ഛനമ്മമാരുമൊത്ത്‌ കഴിഞ്ഞ ഒരു പഴയ വാടകവീട്ടിലെ ഇല്ലായ്മയോളം നിറവില്ല, ചെറുപ്പമില്ല, കളിചിരിയുടെ ചൂടും തണുപ്പുമില്ല, ബാല്യത്തിന്റെ ദിനരാത്രങ്ങളുടെ വെള്ളിവെളിച്ചവും, സ്നേഹനിലാവുമില്ല.

പുതിയ സ്നേഹപരിസരങ്ങളെല്ലാം തികച്ചും ഏകാന്തമാണ്‌. വിജനമാണ്‌. ശമ്പളക്കണക്കുകളുടേയും, ഒന്നിനും ഒന്നും തികയായ്മയുടെയും ചെറിയ അനിശ്ചിതത്വങ്ങളില്‍നിന്നും കൂടുതല്‍ വലിയ പുതിയ അനിശ്ചിതത്വങ്ങളിലേക്കുള്ള സമുദ്രപ്രയാണങ്ങളുടെ അറുമുഷിപ്പന്‍ ലോകമാണ്‌.

വിചിത്രമാണ്‌ അച്ഛനമ്മമാരുടേയും മക്കളുടെയുമൊക്കെ ഈ ലോകം. അനാഥത്വത്തിനെക്കുറിച്ചുള്ള പേടികൊണ്ടായിരിക്കണം, പറക്കമുറ്റുമ്പോള്‍, ആളുകള്‍ സ്വന്തം വീടിന്റെ സുഖോഷ്മളതയിലേക്ക്‌ പറന്നകലുന്നത്‌. പിന്നെ, അതായി ജീവിതം. പോരാ, ജീവിതം അതു മാത്രമായി. വിരുന്നുകാരെപ്പോലെ കൊല്ലത്തിലൊരിക്കലോ മറ്റോ വന്നെത്തുന്ന സനാഥരായ ഈ മാവേലിമക്കളെ കാത്തുകാത്തിരുന്നു, വൃദ്ധജന്മങ്ങള്‍ മെല്ലെ കെട്ടുപോവുകയും ചെയ്യുന്നു. മറ്റൊരിടത്ത്‌, മക്കളും അവരുടെ കുടുംബവും, പിന്നീട്‌ ഇതേമട്ടില്‍ ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ നിര്‍ദ്ദാക്ഷിണ്യത്തിലേക്ക്‌ മെല്ലെ മെല്ലെ നീങ്ങിയെത്തുകയും ചെയ്യുന്നു.

പ്രായശ്ചിത്തംപോലെ, അപ്പോഴൊക്കെയും ഒരു പിതൃസ്മരണയോ, മാതൃസ്മരണയോ, ഓര്‍മ്മപ്പുഴയിലൂടെ വാക്കിന്റെ കുടത്തില്‍ മെല്ലെമെല്ലെ നീങ്ങിയൊഴുകുന്നു. സനാഥത്വത്തിന്റെ മിഥ്യാനിറവിലും, ഉള്ളിന്റെയുള്ളില്‍ ഓരോ മക്കളും പിന്നെയും പിന്നെയും അനാഥരാകുന്നു.


* അന്നാകരിനീനയിലെ പ്രസിദ്ധമായ കഥാരംഭം.

Sunday, April 1, 2007

ത്രികാലം

ഇന്നലെ

കവിതയൊരു മഴയായ്‌
എന്നിലെത്തുന്നൂ, കര
കവിയുമൊരു പുഴയായ്‌
നിന്നിലുമെത്തുന്നു
കവിതയുടെ
കാറ്റിന്റെ
പുഴയുടെ
കരകളില്‍
നമ്മുടെ
കാലം
കനിവാര്‍ന്നു നില്‍ക്കുന്നു

ഇന്ന്

കവിതയുടെ കാലം
കഴിഞ്ഞുപോയ്‌,
പുഴയുടെ
തെളിനീരൊഴുക്കും
നിലച്ചുപോയ്‌,
കാറ്റിന്റെ
ചിറകിലിരുന്നാരോ പറയുന്നു
കാലം
നന്നല്ല
കാഴ്ച്ചകള്‍ അത്ര നല്ലതല്ല

നാളെ

ഒറ്റക്കൊരാള്‍ വന്നു
നിര്‍ദ്ദയം ഓര്‍മ്മിപ്പിക്കും
നിങ്ങളീ *തെരുവിലെ ചോര കണ്ടില്ല,
ജീവിത
കല്‍ക്കരിയാഴങ്ങള്‍ കണ്ടില്ല
തൃഷ്ണയുടെ
പാതാള വായകള്‍ കണ്ടില്ല
കണ്ടതോ
കവിതയുടെ,
കാറ്റിന്റെ,
പുഴയുടെ,
കേവല
നിശ്ചല-സുന്ദര
കാഴ്ച മാത്രം


* നെറൂദയുടെ പ്രസിദ്ധമായ വരികള്‍