Sunday, October 27, 2013

അതിജീവനത്തിന്റെ റുമൈല

ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കിടന്നു തണുപ്പുകാലത്തെ റുമൈല. ബസ്രയുടെ പടിഞ്ഞാറന്‍ നഗരം.

സമയം രാവിലെ എട്ടുമണിയാവുന്നതേയുള്ളു. ജീവിതം പതിവ് ആവര്‍ത്തനങ്ങളുമായി തുടങ്ങിക്കഴിഞ്ഞു. ആളുകള്‍ അന്നത്തെ ജീവിതനിവൃത്തിക്ക് പുറത്തേക്കിറങ്ങുന്നു. വഴിക്കവലകളില്‍, ഉന്തുവണ്ടിയിലും പിക്കപ്പിലും പഴങ്ങളും പച്ചക്കറികളും നിരന്നുകഴിഞ്ഞിരുന്നു. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളും പ്രായമായവരും. ചെമ്മരിയാടുകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്, കുത്തിയിരിക്കുന്ന മനുഷ്യര്‍.  ഇറച്ചിക്കടകളുടെ മുന്നില്‍ ഈച്ചകളും മനുഷ്യരും തിരക്കുകൂട്ടുന്നു.

സ്കൂളിലേക്ക് ഒറ്റക്കും കൂട്ടമായും പോകുന്ന കുട്ടികള്‍. എവിടെയാണാ സ്കൂള്‍? അടുത്തൊന്നും അതിന്റെ ഒരു ലക്ഷണവുമില്ല. കളിച്ചും ചിരിച്ചും മടിച്ചും, ഉത്സാഹത്തിമര്‍പ്പോടെയും അവര്‍ പോകുന്നു. ചിലര്‍ക്ക് കൂട്ടിന്‌ അമ്മയുണ്ട്. ചിലര്‍ ഒറ്റയ്ക്ക്. വഴിയിലൂടെ പോകുന്ന വാഹനങ്ങള്‍ക്കുനേരെ കൈവീശി ചിരിച്ച് ചിലര്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്നു.

കുവൈത്തിന്റെയും ഇറാഖിന്റെയും ഇടയില്‍ പരന്നുകിടക്കുന്ന ഒരു പ്രദേശമായിരുന്നു റുമൈല. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണപ്പാടം, റുമൈല തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കുവൈത്തും ഇറാഖും ഒരുപോലെ വിശ്വസിച്ചു. ഇറാഖിലെ ഏറ്റവും എണ്ണസമ്പത്തുള്ള സ്ഥലങ്ങളില്‍ ഒന്നാണ്‌ റുമൈല. ആയിരത്തിലധികം എണ്ണക്കിണറുകളുണ്ട് അവിടെ.  ഇരുകൂട്ടരും അതിന്റെ എണ്ണസമ്പത്തിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. റുമൈല പഴയ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും, ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ തങ്ങളാണെന്നും, ബ്രിട്ടീഷുകാരുടെ തെറ്റായ അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ ഭാഗമായിട്ടാണ്‌ റുമൈലക്കു മേല്‍ കുവൈറ്റ് അധികാരം പ്രഖ്യാപിക്കുന്നതെന്നും സദ്ദാം ഹുസ്സൈന്‍ ഉറച്ചു വിശ്വസിച്ചു. കാലാകാലങ്ങളായി ആ മണ്ണിന്റെ പേരില്‍ ഇരുകൂട്ടരും പൊരുതുകയും ചാവുകയും പിന്മാറുകയും വിജയിക്കുകയും ചെയ്തു.

റുമൈലിയിലെ എണ്ണസമ്പത്തിന്റെ പേരിലായിരുന്നു കുവൈത്തിലേക്ക് ഇറാഖി പട്ടാളം കയറിച്ചെന്നതും, റുമൈലയിലെ എണ്ണപ്പാടങ്ങളില്‍ അവകാശവാദം ഉന്നയിച്ചിരുന്ന കുവൈത്തിനുവേണ്ടി, അതില്‍നിന്നു കിട്ടുന്ന എണ്ണവരുമാനത്തിനുവേണ്ടി, ജനാധിപത്യത്തിന്റെയും കൂട്ടനശീകരണായുധമെന്ന കല്ലുവെച്ച നുണയുടെയും പേരില്‍ അമേരിക്ക ഇറാഖില്‍ കൂട്ടക്കുരുതി അഴിച്ചുവിട്ടതും. അമേരിക്കയുടെ ഇറാഖി അധിനിവേശത്തിന്റെയും അതിനെതിരെയുള്ള ഇറാഖികളുടെ പോരാട്ടത്തിന്റെയും വലിയൊരു വേദിയായി മാറി അങ്ങിനെ റുമൈല. കുവൈറ്റും അമേരിക്കയും റുമൈലയിലെ തങ്ങളുടെ എണ്ണപ്പാടത്തെ പിടിച്ചെടുക്കുമെന്നായപ്പോള്‍ അമേരിക്കന്‍ വിരുദ്ധ പോരാളികള്‍ റുമൈലയിലെ നിരവധി എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ടു. സദ്ദാമാകട്ടെ, റുമൈലയിലെ തരിശായിക്കിടക്കുന്ന പ്രദേശങ്ങളില്‍ മുഴുവന്‍ കുഴിബോംബുകള്‍ അടക്കം ചെയ്തു.
കനത്ത പോരാട്ടമായിരുന്നു റുമൈലയില്‍ നടന്നത്. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെയും അതിനുപകരമായി ഇറാഖി സൈന്യത്തിന്റെയും ബോംബിങ്ങില്‍ റുമൈല പനിച്ചുവിറച്ചു. ഇറാഖിലെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളുടെ കൂട്ടത്തില്‍ ബസ്രയിലും റുമൈലയിലും അമേരിക്ക വികിരണ യൂറേനിയം ഘടിപ്പിച്ച മിസ്സൈലുകള്‍ വര്‍ഷിച്ചു.

അകലെയുള്ള മറ്റൊരു നാട്ടിലെ, മറ്റൊരു യുദ്ധത്തിന്റെ ചരിത്രത്തിലും റുമൈലയും റുമൈല ഭാഗമായ ബസ്രയും ഇടം പിടിക്കുകയുണ്ടായി. അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കാന്‍ ഇറാഖ് സൈന്യം ഉപയോഗിച്ചിരുന്നത് റഷ്യന്‍ പടക്കോപ്പുകളായിരുന്നു. പിന്തിരിഞ്ഞോടിയ അവര്‍ ആ ആയുധങ്ങളെല്ലാം വഴിവക്കില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അഫ്ഘാനിസ്ഥാനിലെ റഷ്യന്‍ പിന്മാറ്റത്തിനുശേഷവും, നജീബുള്ളയ്ക്കും കമ്മ്യൂണിസ്റ്റ് അനുകൂല സര്‍ക്കാരിനുമെതിരെ മുജാഹിദുകളെ സഹായിക്കാന്‍ സി.ഐ.എ നടത്തിയ ഒളിയുദ്ധത്തില്‍ ഈ പടക്കോപ്പുകളായിരുന്നു ഉപയോഗിച്ചത്. എങ്ങിനെയെന്നല്ലേ? ഉപേക്ഷിച്ചുപോയ ഈ പടക്കോപ്പുകളെ ബസ്ര തുറമുഖത്തുനിന്ന് കുവൈത്തിലേക്കും അവിടെനിന്ന് കറാച്ചിയിലേക്കും അമേരിക്കയും സി.ഐ.എയും കടത്തി. കറാച്ചിയില്‍ വെച്ച് ആ ആയുധങ്ങളെ തുടച്ചുമിനുക്കി, അല്പ്പസ്വല്പ്പം നവീകരിച്ച്, അഫ്ഘാനിസ്ഥാനിലേക്കയച്ചു. വൃത്തികെട്ട ഒരു ഒളിയുദ്ധത്തിലെ ചിലവുചുരുക്കല്‍ അടവു മാത്രമായിരുന്നില്ല അത്. പിടിച്ചെടുക്കപ്പെട്ടാല്‍ റഷ്യയുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ കഴിയുമെന്ന അതിബുദ്ധിയും അതിന്റെ പിന്നിലുണ്ടായിരുന്നു. കൊന്നും കയ്യേറിയും പിടിച്ചെടുത്ത ആയുധങ്ങളെ കടല്‍ കടത്തി മറ്റൊരിടത്തുകൊണ്ടുപോയി പിന്നെയും പിന്നെയും കൊല്ലുക.

എന്നിട്ടും, ഇന്ന് കാണുമ്പോള്‍,  ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കിടക്കുന്നു ശിശിരകാലത്തെ റുമൈല. കൃഷിയിടങ്ങളിലെ മനുഷ്യര്‍ . ഇറച്ചിക്കടകളുടെയും പച്ചക്കറികളുടെയും മുന്നിലെ തിരക്ക്. തുറക്കുന്ന കടകമ്പോളങ്ങള്‍ . സ്കൂളിലേക്ക് പോകുന്ന കൊച്ചുകുട്ടികള്‍ . തണുപ്പു വീണ തരിശുനിലങ്ങളുടെ മൗനശയനം. പറയത്തക്ക ഒന്നുമുണ്ടായിട്ടില്ല ഇവിടെ. നിങ്ങളെന്തോ ദു:സ്സ്വപ്നം കണ്ടതാണെന്ന്, ഞങ്ങളിതാ ജീവിച്ചിരിക്കുന്നു എന്ന്, റുമൈല.

അതിജീവനമേ, നിന്നെ ഞാന്‍ നമസ്ക്കരിക്കട്ടെ.