Sunday, March 30, 2008

ജബ്ബാറിന്റെ ബ്ല്ലോഗ്ഗ് എവിടെ?

ജബ്ബാറിന്റെ ഖുര്‍ ആന്‍ സംവാദം എന്ന ബ്ലോഗ്ഗ്‌ നാലഞ്ചു ദിവസം മുന്‍പും കണ്ടിരുന്നു. വായിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി അത്‌ ബ്ലോക്ക്‌ ചെയ്യപ്പെട്ടതായി കാണുന്നു. ഇത്‌ വെറുമൊരു സാങ്കേതിക തകരാറെന്ന മട്ടില്‍, ഇവിടെ, യു.എ.ഇ.യില്‍ മാത്രമായി സംഭവിച്ചതാണോ? അതോ, സ്ഥായിയായ ഒരു സെന്‍സറിംഗ്‌ ആണോ? ഇതിനെക്കുറിച്ച്‌ അറിയുന്നവര്‍ ദയവായി അറിയിക്കാന്‍ അപേക്ഷ.

രണ്ടാമത്തേതാണ്‌ യഥാര്‍ത്ഥ കാരണമെങ്കില്‍ (ആണെന്നുതന്നെയാണ്‌ ഇതെഴുതുന്നയാളുടെ നിഗമനം) ഇത്‌ എതിര്‍ക്കപ്പെടേണ്ടതാണ്‌. ജബ്ബാറിന്റെ സംവാദം തികച്ചും ധീരമായ ഒന്നാണ്‌. ഒരു യുക്തിവാദി എന്നതിനേക്കാളുപരി, മതപ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളെ/വായനകളെ ചെറുക്കുന്ന ഒരാള്‍ എന്ന നിലക്കായിരുന്നു ജബ്ബാര്‍ തന്റെ ബ്ലോഗ്ഗ്‌ ഉപയോഗിച്ചിരുന്നത്‌. വളരെയധികം പേരെ അത്‌ അസഹിഷ്ണുക്കളാക്കിയിട്ടുമുണ്ട്‌. ഭീഷണിയുടെയും വ്യക്തിനിന്ദയുടെയും, അധിക്ഷേപത്തിന്റെയും വക്താക്കളെ ബ്ലോഗ്ഗില്‍ അദ്ദേഹത്തിനു നേരിടേണ്ടതായും വന്നിട്ടുണ്ട്‌.അതുകൊണ്ടുതന്നെ, ഈ നിരോധനം വെറുമൊരു സാങ്കേതിക തകരാറിന്റെ ഫലമാണെന്നു വിശ്വസിക്കാനും ആവില്ല.

എഴുത്തിന്റെയും മാധ്യമങ്ങളുടെയുംമേലുള്ള ഏതുതരം ഹീനമായ അധിനിവേശ ബലതന്ത്രങ്ങളെയും ഒറ്റക്കെട്ടായി നമുക്ക്‌ നേരിടേണ്ടതുമുണ്ട്‌.

Wednesday, March 26, 2008

ഇത് കെ.ടി.യാണ്

ഫാക്ട്‌ ഉദ്യോഗമണ്ഡലിലെ ലളിതകലാകേന്ദ്രം നടത്തുന്ന പ്രതിമാസപരിപാടി. അന്നത്തെ നാടകത്തിന്റെ പേര്‌ 'സാക്ഷാത്ക്കാരം'. കോഴിക്കോട്ടുള്ള പ്രസിദ്ധനായ ഒരു നാടകക്കാരനാണ്‌ സംവിധായകന്‍, പ്രസിദ്ധനാണ്‌, വാ, കാണിച്ചുതരാം എന്നൊക്ക്‌ പറഞ്ഞ്‌, ഇടവേളയുടെ സമയത്ത്‌, അച്ഛന്‍ അരങ്ങിനുപിന്നിലേക്ക്‌ കൂട്ടികൊണ്ടുപോയി. തുടര്‍ച്ചയായി ബീഡിവലിച്ചുകൊണ്ട്‌ ഒരാള്‍ അക്ഷമനായി നടക്കുന്നു. അച്ഛന്‍ ചൂണ്ടിക്കാണിച്ചുതന്നു.'ഇത്‌ കെ.ടി.യാണ്‌".

മലയാളിയുടെ നാടകാനുഭവത്തിന്റെ വലിയൊരു സാക്ഷാത്‌ക്കാരത്തെയാണ്‌ ജീവനോടെ മുന്നില്‍ കാണുന്നതെന്ന്, അന്ന്, ആ ഇളംപ്രായത്തില്‍ മനസ്സിലായതേയില്ല.പലതും തിരിച്ചറിയാതെപോയ കൗമാരത്തിനോട്‌ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം തോന്നാറുണ്ട്‌. ശക്തമായ പക്ഷപാതങ്ങളില്‍പെട്ട്‌, ഈ മദ്ധ്യവയസ്സിലും പലതും തിരിച്ചറിയുന്നില്ലല്ലോ നീ എന്ന്, അപ്പോഴൊക്കെ സ്വയം ആശ്വസിപ്പിക്കുകയും, ശകാരിക്കുകയും, ചിലപ്പോഴൊക്കെ പശ്ചാത്തപിക്കുകയും ചെയ്യും.

മലയാളത്തിന്റെ, മലയാളനാടകത്തിന്റെ, മലയാളനാടകത്തെ സ്നേഹിക്കുകയും, നെഞ്ചേറ്റുകയും ചെയ്യുന്നവരുടെ ആ പ്രിയപ്പെട്ട കെ.ടി.ക്ക്‌ ആദരാഞ്ജലികള്‍.

Tuesday, March 25, 2008

ദുരന്തത്തിന്റെ മറ്റൊരു സര്‍വ്വേകല്ല് - അതിന് നിനക്കെന്ത്?

സുഹൃത്തുക്കളെ,

ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ഭടന്മാരുടെ എണ്ണം നാലായിരം തികഞ്ഞത്‌ ഈസ്റ്റര്‍ ഞായറാഴ്ചതന്നെയായത്‌ നന്നായി അല്ലേ? പരമജ്ഞാനിയായ ദൈവം ഈയിടെയായി അമേരിക്കയെ അനുഗ്രഹിക്കുകയൊന്നും ചെയ്യുന്നുണ്ടാവില്ലെന്ന സത്യം വിളിച്ചുപറയുന്ന ആ ഭ്രാന്തന്‍ ഉപദേശിയുടെ ഭാഗം ഒരിക്കല്‍ക്കൂടി അഭിനയിച്ചുകാണിക്കാമോ? ആര്‍ക്കെങ്കിലും അത്ഭുതം തോന്നുന്നുണ്ടോ?

നാലായിരം ചത്തു. പക്ഷേ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്‌, ഒരു ലക്ഷത്തിനുംമീതെ ആളുകള്‍ക്ക്‌ അപായമോ, മനോവിഭ്രാന്തിയോ ഒക്കെ സംഭവിച്ചിട്ടുണ്ടാകുമെന്നുതന്നെയാണ്‌. ദശലക്ഷക്കണക്കിന്‌ ഇറാഖികളും ഒടുങ്ങി. ഇതിന്റെയൊക്കെ ഫലം ഇനിയും എത്രയോ നാളുകള്‍ നമ്മള്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളു. ദൈവം അമേരിക്കയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.

ഇതിലെവിടെയാണ്‌ ഡാര്‍ത്ത്‌ വാഡര്‍? ഇറാഖ്‌ യുദ്ധത്തെക്കുറിച്ച്‌ പരാമര്‍ശിക്കവെ, എ.ബി.സി ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍ ഈ ആഴ്ച ഡിക്ക്ചെനിയോട്‌ ചോദിച്ചു, "അമേരിക്കയിലെ മൂന്നില്‍ രണ്ടുപേരും ഈ യുദ്ധം വേണ്ടിയിരുന്നില്ലെന്നാണല്ലോ പറയുന്നത്‌?". റിപ്പോര്‍ട്ടറെ മുഴുമിക്കാന്‍ സമ്മതിക്കാതെ ഡിക്ക്ചെനി തട്ടിക്കയറി, 'അതുകൊണ്ട്‌?"അതുകൊണ്ടെന്താ? പോയി ചാവ്‌..എന്ന മട്ടിലുള്ള ഒരു 'അതുകൊണ്ട്‌'.

നമ്മള്‍ അമേരിക്കക്കാരുടെ മുഖത്തേക്ക്‌ ഡിക്ക്ചെനി കാറിത്തുപ്പുന്നത്‌, ഓരോരുത്തരും കാണണം. ഇവിടെ വരൂ. ഇത്‌ കൈമാറൂ. എന്നിട്ട്‌ സ്വയം ചോദിക്കൂ, എന്തുകൊണ്ടാണ്‌ ഇവനെയും ഇവന്റെ കിങ്കരന്‍മാരെയും വൈറ്റ്‌ഹൗസില്‍ നിന്ന് നമ്മള്‍ ഇനിയും ചവുട്ടിപുറത്താക്കാത്തതെന്ന്.

വേണമെന്നുണ്ടായിരുന്നെങ്കില്‍ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള അധികാരമൊക്കെ ഡെമോക്രാറ്റുകള്‍ക്ക്‌ ഉണ്ടായിരുന്നു. പതിനഞ്ചു മാസമായി ആ അധികാരം അവരുടെ കൈവശമുണ്ട്‌. പക്ഷേ അവരത്‌ ചെയ്തില്ല. നമ്മള്‍ എന്താണ്‌ ചെയ്യേണ്ടത്‌? നിരാശയില്‍ മുങ്ങിത്താഴണോ? സക്രിയരായിത്തീരണോ? ഈ ലേഖനം വായിക്കുന്ന നിങ്ങളില്‍ പലരും നിങ്ങളുടെ പ്രാദേശിക ജനപ്രതിനിധിയെ പൊതുജനമദ്ധ്യത്തിലിട്ട്‌ തൊലിയുരിക്കാന്‍ കഴിവുള്ളവരാണെന്ന് എനിക്കറിയാം. ഒന്നു ചെയ്യാമോ? എനിക്കുവേണ്ടി?

ഇക്കഴിഞ്ഞ ബുധനാഴ്ച, യുദ്ധത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ അയാള്‍, താന്‍ കൊന്ന സൈനികര്‍ക്കുവേണ്ടി ദു:ഖമാചരിച്ചിരിക്കുകയൊന്നുമായിരുന്നില്ല. ഒമാനിലെ സുല്‍ത്താന്റെ വഞ്ചിയും തുഴഞ്ഞ്‌ കടലില്‍ മീന്‍പിടിക്കുകയായിരുന്നു. അതുകൊണ്ട്‌? നിങ്ങളുടെ പ്രിയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോട്‌ ചോദിക്കൂ, ഇതിനെക്കുറിച്ച്‌ അവരെന്തു വിചാരിക്കുന്നുവെന്ന്.

'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ' എന്നൊന്നും നമ്മുടെ രാഷ്ട്രശില്‍പ്പികള്‍ പുലമ്പുമായിരുന്നില്ല. അത്രക്കും മൂഢത്വമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അങ്ങിനെ പറയുന്നത്‌, ഒരു അഭ്യര്‍ത്ഥനയേക്കാളുപരി, ദൈവത്തോടുള്ള കല്‍പ്പനയായേ അവര്‍ കരുതുമായിരുന്നുള്ളു. ദൈവത്തോട്‌ ആവിധത്തില്‍ ആരും കല്‍പ്പിക്കുക പതിവില്ലല്ലോ, അതിനി അമേരിക്കയായാല്‍പ്പോലും. ദൈവം തങ്ങളെ ശിക്ഷിക്കുമോ എന്നുപോലും അവരില്‍ പലരും ഭയന്നിരുന്നു. തങ്ങളുടെ സൈന്യത്തിന്റെ ചെയ്തികള്‍ കണ്ട്‌ ദൈവം തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന് ജോര്‍ജ്ജ്‌ വാഷിംഗ്‌ടണ്‍ ഭയന്നിരുന്നു. ജോണ്‍ ആഡംസും ഭയപ്പെട്ടിരുന്നു, ദൈവം തങ്ങളുടെ സൈന്യത്തിനെതിരെ പ്രവര്‍ത്തിച്ച്‌, യുദ്ധത്തില്‍ തോല്‍ക്കാന്‍ ഇടവരുത്തുമോ എന്ന്. തങ്ങളെ മാത്രമായി പ്രത്യേകം തിരഞ്ഞെടുത്ത്‌ ദൈവം അനുഗ്രഹിക്കുമെന്നൊക്ക്‌ സങ്കല്‍പ്പിക്കുന്നത്‌ പരമ ധിക്കാരമായിരിക്കുമെന്ന്, അവരും, മറ്റു ധാരാളം പേരും കരുതിപ്പോന്നിരുന്നു. അതില്‍നിന്നെല്ലാം എത്ര ദൂരെമാറിയാണ്‌ നമ്മുടെ ഇന്നത്തെ യാത്ര!!

ഈയാഴ്ചത്തെ പി.ബി.എസ്സിന്റെ ഫ്രണ്ട്‌ലൈനില്‍ ഒരു ഡൊക്യുമെന്ററി ഞാന്‍ കണ്ടു. ബുഷിന്റെ യുദ്ധം എന്ന പേരില്‍. അതെ. കുറേക്കാലമായി ഞാന്‍ അതിനെ അങ്ങിനെതന്നെയാണ്‌ വിളിക്കുന്നത്‌. ഇത്‌ ഇറാഖ്‌ യുദ്ധമല്ല. ഇറാഖ്‌ ഒന്നും ചെയ്തിട്ടില്ല. 9/11 സംഭവിച്ചതില്‍ ഇറാഖിനു പങ്കില്ല. കൂട്ടനശീകരണ ആയുധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ക്കുണ്ടായിരുന്നത്‌ സിനിമാശാലകളും, മദ്യശാലകളും, സ്വന്തമിഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകളുമായിരുന്നു. നല്ലൊരു വിഭാഗം ക്രിസ്ത്യാനികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഒരു ജൂതപള്ളി നിലനില്‍ക്കുന്ന, ലോകത്തെ ഒരേയൊരു അറബ്‌ തലസ്ഥാനനഗരിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌.

അതൊക്കെ പോയിരിക്കുന്നു. ഒരു സിനിമ പ്രദര്‍ശിപ്പിക്കൂ. തലയില്‍ വെടിയുണ്ട തുളച്ചുകയറും. ശിരോവസ്ത്രം ധരിക്കാത്തതിന്‌ നൂറുകണക്കിന്‌ സ്ത്രീകള്‍ പകല്‍വെളിച്ചത്തില്‍ കൊല്ലപ്പെട്ടു. എനിക്ക്‌ ഇതിലൊക്കെ സന്തോഷമുണ്ട്‌. കാരണം എനിക്കും ഇതില്‍ പങ്കുണ്ട്‌. ഞാനും എന്റെ നികുതിയൊക്കെ കൃത്യമായി അടക്കുകയും, അങ്ങിനെ, ബാഗ്ദാദിലേക്ക്‌ സ്വാതന്ത്ര്യം കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്തു.

അതുകൊണ്ട്‌? ദൈവം എന്നെ അനുഗ്രഹിക്കുമോ?

ബുഷിന്റെ യുദ്ധം ആറാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഈ ഈസ്റ്ററിന്റെ പരിശുദ്ധ വാരം ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ.

ദൈവമേ, അമേരിക്കയെ രക്ഷിക്കൂ, ദയവുചെയ്ത്.
*ഡാര്‍ത്ത് വാഡര്‍- സ്റ്റാര്‍ വാര്‍സിലെ പ്രധാന വില്ലന്‍


Alternet-ല്‍ പ്രസിദ്ധീകരിച്ച, മൈക്കിള്‍ മൂറിന്റെ ലേഖനത്തിന്റെ പരിഭാ‍ഷ.

Saturday, March 22, 2008

സുന്ദരമായ കടാശ്വാസം!!വിദര്‍ഭയിലും അനന്തപുറിലും അതുപോലുള്ള മറ്റു പ്രദേശങ്ങളിലും നിലനില്‍ക്കുന്ന രൂക്ഷമായ സ്ഥിതിവിശേഷത്തിന്റെ ചുവടുപിടിച്ചാണ്‌, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഭാവന ചെയ്യപ്പെട്ടത്‌. ഗ്രാമീണമേഖലയിലെ കാര്‍ഷിക തകര്‍ച്ചയെ കണ്ട ഭാവം പോലും നടിക്കാത്ത മാധ്യമങ്ങളിലൂടെ വല്ലപ്പോഴുമൊരിക്കല്‍ ഊര്‍ന്നിറങ്ങുന്ന വാര്‍ത്തകളിലൂടെ ഈ ദുസ്ഥിതി സര്‍ക്കാര്‍ മനസ്സിലാക്കി എന്നത്‌, ആശ്വാസവും സന്തോഷവും നല്‍കുന്ന ഒരു കാര്യമാണ്‌. പക്ഷേ, ആ പദ്ധതിയുടെ ഇന്നത്തെ രൂപം, ആ പ്രദേശങ്ങളെയും അവരുടെ പ്രശ്നത്തെയും സ്പര്‍ശിക്കുന്നതേയില്ല എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം.

ദശലക്ഷക്കണക്കിനാളുകള്‍ക്ക്‌ ഈ പദ്ധതികൊണ്ട്‌ ഗുണം ലഭിക്കുമെന്നത്‌ ശരിതന്നെ. എങ്കിലും, ചിലര്‍ അവകാശപ്പെടുന്നതുപോലെ, മുന്‍കാല ഉദാഹരണങ്ങളില്ലാത്തതൊന്നുമല്ല ഇത്‌. കൊളോണിയല്‍ ഭരണകാലത്തുപോലും ഇത്തരം എഴുതിത്തള്ളല്‍ ഒന്നിലേറെ തവണ നടന്നിട്ടുമുണ്ട്‌. കര്‍സ മാഫി(ഋണബാധ്യതക്കു മാപ്പുകൊടുക്കുക) എന്നൊക്കെയായിരുന്നു അന്ന് അവയുടെ പേര്‌. ആ എഴുതിത്തള്ളല്‍ സ്വകാര്യ പണമിടപാടുകാരെ ഉദ്ദേശിച്ചായിരുന്നു. അന്ന് ദേശസാല്‍കൃതബാങ്കുകളൊന്നും ഉണ്ടായിരുന്നില്ലല്ലൊ. എന്നാല്‍ ഇപ്പോഴത്തെ ഈ ഋണബാദ്ധ്യത എഴുതിത്തള്ളല്‍ ഈയൊരു ഘടകത്തെ കണക്കിലെടുക്കുന്നതേയില്ല. കര്‍ഷകരുടെ വായ്പകളില്‍ ഭൂരിഭാഗവും ഇത്തരം സ്വകാര്യ പലിശക്കാരില്‍നിന്നും എടുത്തവയായിരുന്നു. വിദര്‍ഭയിലെ കര്‍ഷകരുടെ കടബാദ്ധ്യതകളില്‍ മൂന്നില്‍ രണ്ടോ, നാലില്‍ മൂന്നു ഭാഗമോ ഇത്തരം സ്വകാര്യ കൊള്ളപ്പലിശക്കാരില്‍നിന്നും എടുത്ത വായ്പകളാണ്‌. ഈ ഋണബാദ്ധ്യത പരിഹരിക്കാനുള്ള ഒരു ശ്രമവും ഇതുവരെ നമ്മള്‍ തുടങ്ങിയിട്ടുമില്ല.

സ്വകാര്യ പലിശക്കാരനെ സ്പര്‍ശിക്കാന്‍ പോലും സാധിക്കുന്നില്ല എന്നതാണ്‌ നമ്മുടെ ആദ്യത്തെ പരാജയം. വിദര്‍ഭയില്‍, കൃഷിക്കാരുടെ കൈവശമുള്ള ശരാശരി ഭൂപരിധി 7.5 ഏക്കര്‍, അഥവാ, 3.03 ഹെക്ടറാണ്‌. ബാങ്ക്‌ ലോണ്‍ എഴുതിത്തള്ളാനുള്ള കൈവശഭൂമിയുടെ പരിധി രണ്ട്‌ ഹെക്ടറും. അതിലും വളരെ കൂടുതലാണ്‌ ഭൂരിഭാഗം കൃഷിക്കാരുടെയും കയ്യിലുള്ളത്‌. വിദര്‍ഭയിലെ കര്‍ഷകരില്‍ 50 ശതമാനത്തിലധികംപേര്‍ക്ക്‌ രണ്ട്‌ ഹെക്ടറിലും കൂടുതല്‍ ഭൂമിയുണ്ട്‌.അവര്‍ വലിയ ജന്മികളായതുകൊണ്ടൊന്നുമല്ല അത്‌. പരന്നുകിടക്കുന്ന, ഫലഭൂയിഷ്ഠമല്ലാത്ത ഭൂമിയാണ്‌ മിക്കതും. യവത്‌മല്ലിലെ ദരിദ്രരായ ആദിവാസികള്‍ ചിലര്‍ക്ക്‌ പത്ത്‌ ഏക്കറിലും കൂടുതല്‍ നിലമുണ്ട്‌. പക്ഷേ അതില്‍ നിന്ന് കിട്ടുന്ന വിളവാകട്ടെ, തീരെ തുച്ഛവും. ആന്ധ്രപ്രദേശിലെ അനന്തപുറിലെ ധാരാളം കര്‍ഷകരും, കൈവശമുള്ള ഭൂപരിധിയുടെയും മറ്റു സാങ്കേതികത്വത്തിന്റെയും പേരില്‍ കടാശ്വാസത്തിന്‌ അര്‍ഹതയില്ലാത്തവരായി തീരും. പക്ഷേ, കേന്ദ്ര കൃഷികാര്യമന്ത്രിയുടെ പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കാകട്ടെ, ഇതുകൊണ്ട്‌ നേട്ടമുണ്ടാവുകയും ചെയ്യും. രണ്ട്‌ ഹെക്ടറില്‍ താഴെയാണെങ്കിലും, ജലസേചനം ചെയ്ത, ഫലഭൂയിഷ്ഠമായ ഭൂമിയാണ്‌ അവരുടെ പക്കലുള്ളത്‌.

രണ്ട്‌ ഹെക്ടറിലും മീതെ ഭൂമിയുള്ളവരുടെ ബാങ്ക്‌ ലോണുകള്‍ക്ക്‌ ഇപ്പോഴും ആ പഴയ സമ്പ്രദായത്തിലുള്ള 'ഒറ്റത്തവണ സഹായം' (One-time settlement) മാത്രമേ ലഭിക്കൂ. അതുപ്രകാരം, വായ്പയുടെ 75 ശതമാനം അവര്‍ അടച്ചുതീര്‍ത്താല്‍, ബാക്കി 25 ശതമാനം തുകയില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടും എന്നര്‍ത്ഥം. വലിയ കര്‍ഷകര്‍ക്കു മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. 75 ശതമാനം കൊടുക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യുകയില്ലായിരുന്നു. 75 അല്ല, മുഴുവനും അവര്‍ അടക്കുമായിരുന്നു.

ഇനി, ഈ രണ്ട്‌ ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരില്‍തന്നെ, വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമേ ബാങ്കിന്റെ സഹായവും മറ്റും കിട്ടുന്നുള്ളു. ദുരിത ബാധിത പ്രദേശങ്ങളിലെ ഗുണഭോക്താക്കളായ മൊത്തം കര്‍ഷകരില്‍ വളരെ ചെറിയ ശതമാനം ആളുകള്‍ക്കു മാത്രമാണ്‌ സഹായം കിട്ടുക. അതുകൊണ്ടും അവസാനിക്കുന്നില്ല. അര്‍ഹതപ്പെട്ടവരില്‍തന്നെ പലര്‍ക്കും, പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക്‌ കിട്ടുന്ന തോതിലുള്ള സഹായം കിട്ടുകയില്ല. ഉദാഹരണത്തിന്‌, അവിടുത്തെ കരിമ്പുകൃഷിക്ക്‌ കിട്ടുന്ന ശരാശരി വായ്പ, ഏക്കറിന്‌ 13,000 രൂപയാണ്‌. അതിനുപുറമെ, ജലസേചനത്തിന്‌ ഏക്കറൊന്നിന്‌ 18,000 രൂപയും അവര്‍ക്കു കിട്ടുന്നു. വിദര്‍ഭയിലെ പരുത്തിക്കൃഷിക്കാകട്ടെ, ഏക്കറിന്‌ കേവലം 4,000 രൂപയും. കടം എഴുതിത്തള്ളുന്ന പദ്ധതി ആത്യന്തികമായി സഹായിക്കുന്നത്‌, ധനികരായ കര്‍ഷകരെയാണെന്ന് ചുരുക്കം. രാഷ്ട്രീയമായി പറഞ്ഞാല്‍, കേന്ദ്രകൃഷിമന്ത്രി ശരത്‌പവാറിന്റെ മണ്ഡലങ്ങളെ. കോണ്‍ഗ്രസ്സിന്‌ വേരുകളുള്ള വിദര്‍ഭയില്‍ ഈ പദ്ധതികൊണ്ട്‌ യാതൊരു പ്രയോജനവും കിട്ടുന്നുമില്ല. വിദര്‍ഭക്കു പുറത്തുള്ള മുന്തിരി കൃഷിക്കാര്‍ക്ക്‌ കിട്ടുന്ന ശരാശരി വായ്പ, ഏക്കറിന്‌ 80,000 രൂപയാണ്‌.

പദ്ധതികൊണ്ട്‌ ഗുണം ലഭിക്കുന്ന വിദര്‍ഭയിലെ ന്യൂനപക്ഷത്തിനെ സാരമായി ബാധിക്കുന്ന മറ്റൊരു വ്യവസ്ഥയാണ്‌ 2007 മാര്‍ച്ച്‌ 31 എന്ന സമയപരിധി. പരുത്തി മേഖലയിലെ മിക്ക വായ്പകളും ഏപ്രിലിനും ജൂണിനും ഇടക്ക്‌ എടുത്തിട്ടുള്ളവയാണ്‌. കരിമ്പുകൃഷി മേഖലയിലാകട്ടെ, വായ്പകളെടുത്തിട്ടുള്ളത്‌, ജനുവരിക്കും മാര്‍ച്ചിനുമിടയിലും. വായ്പയെടുത്ത വര്‍ഷങ്ങള്‍ കണക്കാക്കുമ്പോള്‍, മറ്റുള്ളയിടങ്ങളിലെ കൃഷിക്കാരേക്കാളും ഒരു കൊല്ലം കുറവാണ്‌ തത്ത്വത്തില്‍ വിദര്‍ഭയിലെ കൃഷിക്കാര്‍ക്കു ലഭിക്കുന്നത്‌ എന്ന്‌ സാരം.

വരണ്ടപ്രദേശങ്ങളെയും അല്ലാത്തവയെയും വേര്‍തിരിക്കാതിരുന്നതും, വലിയ വിവേചനം സൃഷ്ടിക്കാന്‍ ഇടയാക്കും. പശ്ചിമബംഗാളിലും, ദുരിതാവസ്ഥ താരതമ്യേന കുറഞ്ഞ കേരളത്തിലുമുള്ള അസംഖ്യം കര്‍ഷകര്‍ രണ്ട്‌ ഹെക്ടറിനും താഴെ ഭൂമിയുള്ളവരാണ്‌. കൃഷി തകര്‍ന്നതുകാരണം, പ്രതീക്ഷിക്കാതെ കിട്ടിയ ഈ കടാശ്വാസം അവര്‍ക്ക്‌ വലിയ ആശ്വാസമൊന്നും നല്‍കുന്നുമില്ല. എന്നാല്‍, സഹായം യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടവരായ വരണ്ട പ്രദേശങ്ങളിലെ കൃഷിക്കാര്‍ക്ക്‌ ഈ സഹായമൊട്ട്‌ ലഭിച്ചതുമില്ല. മാത്രവുമല്ല, ബംഗാളിലെയും കേരളത്തിലെയും കര്‍ഷകര്‍ക്ക്‌ ബാങ്ക്‌ വായ്പകള്‍, വിദര്‍ഭയിലെ കര്‍ഷകരേക്കാള്‍ താരതമ്യേന ലഭ്യവുമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, കടാശ്വാസത്തിലെ 9,310 കോടി രൂപയും മഹാരാഷ്ട്രക്ക്‌ ലഭിച്ചുവെന്നാണ്‌. അതായത്‌, മൊത്തം സംഖയുടെ ആറില്‍ ഒരു ഭാഗം. അതിലെ ഒരു തീരെ ചെറിയ ശതമാനം മാത്രമാണ്‌ വിദര്‍ഭക്ക്‌ ലഭിച്ചത്‌. ബാക്കി മുഴുവനും കൈക്കലാക്കിയത്‌, മേലേത്തട്ടിലുള്ള കൃഷിക്കാരും. രാജ്യമൊട്ടുക്കുള്ള വരണ്ടകൃഷിയിടങ്ങളിലെ മറ്റു കൃഷിക്കാര്‍ക്ക്‌, ഉദാഹരണത്തിന്‌ റായലസീമയിലെയും, ബന്ദുല്‍ഘന്ദിലെയും കൃഷിക്കാര്‍ക്ക്‌-അവര്‍ക്ക്‌ എത്രയാണ്‌ കിട്ടിയത്‌?

ഇനി, ഈയൊരു കടം എഴുതിത്തള്ളല്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണോ? ഓരോ വര്‍ഷവും, ദേശസാല്‍കൃത ബാങ്കുകള്‍ ആയിരക്കണക്കിനു കോടി രൂപയാണ്‌ ഇത്തരത്തില്‍ കിട്ടാക്കടമായി എഴുതിത്തള്ളുന്നത്‌. ആരുടെ കടം? അതിസമ്പന്നരായ തീരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കടം. അതും ഒരിക്കല്‍ മാത്രമൊന്നുമല്ല. എല്ലാകൊല്ലവും നടക്കുന്ന ഒരു ഏര്‍പ്പാടാണത്‌.രണ്ടായിരത്തിനും രണ്ടായിരത്തി നാലിനുമിടക്ക്‌ ബാങ്കുകള്‍ ഇത്തരത്തില്‍ എഴുതിത്തള്ളിയത്‌, 44,000 കോടി രൂപയാണ്‌. സമ്പന്നരായ ഒരു ന്യൂനപക്ഷത്തെ സഹായിക്കാനാണ്‌ ഇത്‌ ചെയ്യുന്നതും. ഉദാഹരണത്തിന്‌, കേതന്‍ പരേഖ്‌ എന്ന ഒരു വ്യവസായ ഗ്രൂപ്പിന്‌ ഇത്തരത്തില്‍ ലഭിച്ചത്‌, 60 കോടിയുടെ ഇളവായിരുന്നു. പക്ഷേ, ഇതൊക്കെ പരമരഹസ്യമായിട്ടാണ്‌ എഴുതിത്തള്ളുന്നത്‌. എന്‍.ഡി.എ.യുടെ അവസാനവര്‍ഷമായ 2004-ല്‍ ഇത്തരം എഴുതിത്തള്ളലുകള്‍ 16 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി. അതിപ്പോഴും കുറഞ്ഞിട്ടുമില്ല.

അവിശ്വസനീയമായ സമ്മാനങ്ങള്‍

‍ഈ ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ, മറ്റൊന്നുകൂടി തത്സമയം നടക്കുന്നുണ്ട്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ നല്‍കുന്ന സമ്മാനങ്ങള്‍. വര്‍ഷാവര്‍ഷം 40,000 കോടി രൂപ വരുന്ന സമ്മാനങ്ങള്‍. കഴിഞ്ഞ ഒരു ദശകക്കാലമായി, വര്‍ഷംതോറും ബഡ്ജറ്റില്‍ നീക്കിവെക്കുന്ന ശരാശരി സംഖ്യയാണ്‌ ഈ പറഞ്ഞത്‌. അതുകൂടാതെ, നേരിട്ടു കൊടുക്കുന്ന സഹായങ്ങള്‍ വേറെയുമുണ്ട്‌. അതെത്രയാണെന്ന് ആര്‍ക്കുമറിയുകയുമില്ല. വലിയൊരു തുകയാണെന്നു മാത്രം എല്ലാവര്‍ക്കും അറിയാം. ഇനി, 'നികുതി അവധികള്‍' എന്നൊക്കെയുള്ള പേരുകളില്‍. ഇതെല്ലാംകൂടി ഒരുമിച്ചു കൂട്ടിയാല്‍ കിട്ടുന്ന തുക കണക്കാക്കുമ്പോള്‍, ഈ കൃഷിക്കാര്‍ക്ക്‌ നല്‍കിയ 'ഒറ്റത്തവണ' എഴുതിത്തള്ളലിനു ചിലവാക്കിയ തുക, വെറും നയാപൈസകണക്ക്‌ മാത്രമാണെന്ന് മനസ്സിലാകും.

പക്ഷേ ഇതുകൂടി ശ്രദ്ധിക്കുക. ഒരു ഹെക്ടറിലും താഴെ മാത്രം ഭൂമിയുള്ള എത്രയോ ദശലക്ഷം വരുന്ന, ഒരു വലിയ വിഭാഗം കൃഷിക്കാരുണ്ട്‌. അതില്‍, 7.2 ദശലക്ഷം കൃഷിക്കാര്‍ക്ക്‌ ഷെഡ്യൂള്‍ഡ്‌ വാണിജ്യ ബാങ്കുകളിലാണ്‌ അക്കൗണ്ടുള്ളത്‌. അവരില്‍നിന്ന് മൊത്തം പിരിച്ചുകിട്ടാനുള്ള തുക 20,449 കോടിരൂപയാണ്‌. (Reserve Bank of India: Handbook of Statistics on the Indian Economy 2006-2007 ). അഖിലേന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസ്സോസ്സിയേഷന്റെ ദേവിദാസ്‌ തുല്‍ജാപുര്‍കര്‍ പറയുന്നതുപ്രകാരം, ദേശസാല്‍കൃതബാങ്കുകള്‍ വര്‍ഷാവര്‍ഷം കിട്ടാക്കടമായി എഴുതിത്തള്ളുന്നത്‌, ഏറെക്കുറെ ഇതേ സംഖ്യയാണ്‌. പ്രധാനമായും വ്യവസായങ്ങള്‍ക്കുവേണ്ടി. ഒരു ഹെക്ടറിനും രണ്ട്‌ ഹെക്ടറിനും ഇടയില്‍ ഭൂമി കൈവശമുള്ള കൃഷിക്കാര്‍ (ബാങ്ക്‌ അക്കൗണ്ടുള്ളവര്‍) 5.9 ദശലക്ഷമാണ്‌. അവരില്‍നിന്ന് പിരിച്ചുകിട്ടാനുള്ള തുക 20,758 കോടിരൂപയും. അതായത്‌, ബാങ്ക്‌ അക്കൗണ്ടുള്ള ഈ മൊത്തം 13 ദശലക്ഷം കൃഷിക്കാര്‍ തിരിച്ചടക്കേണ്ട മൊത്തം തുക, ഒരു ചെറിയ സമ്പന്ന-ന്യൂനപക്ഷത്തിനുവേണ്ടി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത്‌, ബാങ്കുകള്‍ എഴുതിത്തള്ളിയ 44,000 കോടിക്കും താഴെമാത്രമേ വരുന്നുള്ളുവെന്ന്.

ഈ 'എഴുതിത്തള്ളല്‍' ഒരു വലിയ വിഭാഗത്തിന്‌ നല്ല ആശ്വാസം നല്‍കുന്നുവെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. പക്ഷേ, ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കെന്നല്ല, നിര്‍ണ്ണായകമായ അടിയന്തിരഘട്ടങ്ങള്‍ക്കുപോലും ഇതൊരു ശാശ്വത പരിഹാരമല്ല.

ഈ ബഡ്ജറ്റിലെ ഒരു വകുപ്പും കൃഷിയില്‍നിന്നുള്ള ആദായം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ല. എന്നുപറഞ്ഞാല്‍, അടുത്ത രണ്ടുവര്‍ഷത്തിനകം തന്നെ, കൃഷിക്കാര്‍ കടക്കെണിയില്‍ വീണ്ടും ചെന്നുവീഴുമെന്ന്. മറ്റു മേഖലയിലുള്ളവരേക്കാള്‍ താരതമ്യേന വരുമാനം കുറവാണ്‌ കൃഷിമേഖലയിലുള്ളവര്‍ക്ക്‌. ഓരോ വര്‍ഷം കഴിയുമ്പോഴും ആ വരുമാനം താഴുകയുമാണ്‌. ഭാവിയില്‍ കിട്ടാന്‍ പോകുന്ന സാമ്പത്തിക സഹായത്തിന്‌ അവര്‍ വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്യും. ചെറിയ പലിശനിരക്കുള്ളതോ, പലിശരഹിതമോ ആയ വായ്പകള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനകളൊക്കെ നിരസിക്കപ്പെട്ടിരിക്കുന്നു. കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ആഗോളവിലയില്‍നിന്നും കര്‍ഷകരെ രക്ഷിക്കാനുള്ള 'താങ്ങുവില'പോലുള്ള പദ്ധതികളും, അഞ്ചുവര്‍ഷം കൊണ്ട്‌ വായ്പ തിരിച്ചടക്കാന്‍ സഹായിക്കുന്ന നയങ്ങളുമൊന്നും പരിഗണിക്കുകപോലും ചെയ്തിട്ടില്ല. അനന്തപുറിലും മറ്റുപ്രദേശങ്ങളിലും നിലനില്‍ക്കുന്ന അന്യായമായ വിള ഇന്‍ഷുറന്‍സ്‌ നിയമങ്ങളും മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌.

ഏതായാലും ബഡ്ജറ്റ്‌ സെഷനിലേക്ക്‌ ഇനിയും സമയമുണ്ട്‌. സര്‍ക്കാരിന്‌ അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഇനിയുള്ള ചുരുങ്ങിയ സമയംകൊണ്ട്‌, ദുരിതബാധിതപ്രദേശങ്ങളിലെ കൃഷിക്കാരെ സഹായിക്കുവാന്‍ പര്യാപ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണമെങ്കില്‍ സാധിക്കും. ഇവിടെ സൂചിപ്പിച്ച കാര്യങ്ങളെല്ലാം കണക്കിലെടുത്ത്‌ ഒരു വിശദമായ മാര്‍ഗ്ഗരേഖയുണ്ടാക്കാനും, ഊഷരപ്രദേശങ്ങളെ വ്യക്തമായി നിര്‍വ്വചിക്കാനും സാധിക്കും.നമ്മുടെ മാധ്യമങ്ങള്‍ കൃഷിക്കാരെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌ ബഡ്ജറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും തമാശതോന്നുന്ന ഒരു കാര്യം. സമൂഹത്തിലെ മേലേക്കിടയിലുള്ളവരാണ്‌,'കര്‍ഷകന്‌ അനുഗുണ'മായ കാര്യങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്നത്‌. അതായത്‌, കമ്പനി മേധാവികള്‍, സ്റ്റോക്ക്ബ്രോക്കര്‍മാര്‍, ബിസിനസ്സ്‌ എഡിറ്റര്‍മാര്‍, സൂട്ടും കോട്ടുമിട്ട കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍, ആദിയായവര്‍. ബഡ്ജറ്റിന്റെ തലേദിവസം ഒരു ദൃശ്യമാധ്യമ അവതാരകന്‍ തന്റെ പാനലിനോടു ചോദിച്ച ചോദ്യം ഇതായിരുന്നു. "ഈ ബഡ്ജറ്റ്‌, സാധാരണക്കാരന്റെ ബഡ്ജറ്റായിരിക്കുമോ, അതോ, രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള എന്തെങ്കിലും പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്ന ഒന്നായിരിക്കുമോ" എന്ന്.

ബഡ്ജറ്റ്‌ പുറത്തുവന്നപ്പോള്‍ മറ്റൊരു അവതാരകന്‍ പറഞ്ഞത്‌, 'ബഡ്ജറ്റിനെക്കുറിച്ച്‌ പറയുകയാണെങ്കില്‍, നല്ല വാര്‍ത്തയല്ല. കോര്‍പ്പറേറ്റ്‌ നികുതികളുടെ നിലവാരം വെട്ടിക്കുറക്കാനുള്ള ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെട്ടില്ല' എന്നായിരുന്നു.

എങ്ങിനെയുണ്ട്‌? സാധാരണക്കാരന്റെ ബഡ്ജറ്റ്‌ എന്നുവെച്ചാല്‍, അത്‌ രാജ്യത്തിന്റെ നന്മക്ക്‌ ഉതകുന്നതല്ല എന്ന്. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്ക്‌ സൗജന്യങ്ങള്‍ ചെയ്യാത്ത ബഡ്ജറ്റ്‌ നല്ല വാര്‍ത്തയല്ലെന്ന്. കര്‍ഷകര്‍ക്ക്‌ പ്രഖ്യാപിച്ച ഈ വമ്പിച്ച കടാശ്വാസത്തെ അപലപിക്കാനും, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സമയം കണ്ടെത്തുകതന്നെ ചെയ്തു.ഈ എഴുതിത്തള്ളിയ സംഖ്യയുടെ വലുപ്പത്തെക്കുറിച്ച്‌ അതിശയപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്‌. എന്തുകൊണ്ടാണ് ഈ ‘എഴുതിത്തള്ളല്‍‘ ഇപ്പോള്‍ മാത്രം നിലവില്‍ വന്നത്? ഈ ആവശ്യം ഉയര്‍ന്ന 2005-ല്‍ എന്തുകൊണ്ട്‌ അത്‌ ചെയ്തില്ല? പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശിക്കുകയും, ദുരിതങ്ങള്‍ കണ്ട്‌ അദ്ദേഹത്തിന്‌ കരളലിയുകയും ചെയ്ത 2006-ലും എന്തുകൊണ്ട്‌ ഇത്തരമൊരു പ്രഖ്യാപനം വന്നില്ല? അവിടെയാണ്‌ പവാറിന്റെ മിടുക്ക്‌. അന്ന്, ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍, അതിന്റെ സല്‍പ്പേരു മുഴുവന്‍ കോണ്‍ഗ്രസ്സിനു കിട്ടുമായിരുന്നു. അന്ന് അതിനെ എതിര്‍ത്തവര്‍ ആരോക്കെയായിരുന്നുവെന്ന് നിങ്ങള്‍തന്നെ ഓര്‍ത്തെടുത്താല്‍ മതിയാകും. ഈ സഹായം അന്നേ കൊടുത്തിരുന്നുവെങ്കില്‍, ഇത്രയും ഭീമമായ തുകയും ചിലവാക്കേണ്ടിവരില്ലായിരുന്നു. മൂന്നുവര്‍ഷത്തോളം, വിദര്‍ഭയില്‍, ദുരിതവും, ആത്മഹത്യകളും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോഴും, ഇത്തരത്തിലുള്ള ഒരു സഹായം അസാദ്ധ്യമാണെന്നു സ്ഥാപിക്കാന്‍ സാമര്‍ത്ഥ്യം കാണിച്ചവര്‍ ധാരാളംപേരുണ്ടായിരുന്നു. ഇന്ന്, ഈ സഹായത്തിന്റെ പേരില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ പത്രങ്ങളില്‍ മുഴുനീളപേജ്‌ പരസ്യം കൊടുക്കുന്നവര്‍തന്നെയാണ്‌ അന്ന് ആ നിര്‍ദ്ദേശങ്ങളെ തള്ളിപ്പറഞ്ഞതും എന്നോര്‍ക്കുന്നത്‌ നന്നായിരിക്കും. വിദര്‍ഭയിലെ ആളുകള്‍ പറയുന്നതുപോലെ, ഇത്‌ ഋണബാദ്ധ്യതക്കുള്ള മാപ്പുനല്‍കലൊന്നുമല്ല. ഇലക്‍ഷന്‍ അടുക്കുമ്പോള്‍ വോട്ടര്‍മാരുടെ മാപ്പ്‌ അഭ്യര്‍ത്ഥിക്കാനുള്ള ഒരു തന്ത്രം മാത്രം.* മാര്‍ച്ച് 18-ന് ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ് എഴുതിയ ലേഖനത്തിന്റെ തര്‍ജ്ജമ.
കടപ്പാട്: ഹിന്ദു, കൌണ്ടര്‍കറന്റ്സ്

Wednesday, March 19, 2008

മകള്‍ക്ക്


പ്രിയപ്പെട്ട കലീല,

അഞ്ചുവര്‍ഷം മുന്‍പാണ്‌, അന്ന് പന്ത്രണ്ടു വയസ്സുണ്ടായിരുന്ന, ഏഴാം ക്ലാസ്സുകാരിയായ നീ, നിന്റെ സഹപാഠികളുടെ കൂടെ ഇറാഖ്‌ യുദ്ധത്തിനെതിരെയുള്ള പ്രകടനത്തില്‍ പങ്കെടുത്തത്‌.

ഇന്ന്, 17 വയസ്സുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌ നീ. ബിരുദധാരിയാകാന്‍ ഇനി മാസങ്ങള്‍ മാത്രം. കുറച്ചു മാസത്തേക്കു മാത്രമെന്നു പറഞ്ഞ്‌ നമ്മള്‍ തുടങ്ങിയ ആ യുദ്ധമാകട്ടെ, ഇനിയും അവസാനിച്ചിട്ടുമില്ല. ഈ ശരത്‌ക്കാലത്ത്‌ നീ കോളേജിലേക്ക്‌ പ്രവേശിക്കുമ്പോള്‍ നിന്റെ കൂടെയുണ്ടായിരുന്ന പഴയ പല ബാല്യകാലസുഹൃത്തുക്കളും ഇറാഖിലേക്ക്‌ പോയിട്ടുണ്ടാകും. ഒരിക്കലും തുടങ്ങരുതായിരുന്ന ആ നശിച്ച യുദ്ധത്തില്‍ പങ്കെടുക്കാന്‍.

ഈ അധിനിവേശ യുദ്ധത്തിന്റെ ഫലമായി, ലോകം മുഴുവന്‍ അമേരിക്കയെ വെറുക്കുകയും, പണ്ടത്തേക്കാളൊക്കെയധികം ഭീമമായ തീവ്രവാദത്തിന്റെ ഭീഷണി നമ്മെ തുറിച്ചുനോക്കുകയും ചെയ്യുന്ന ഈ വേളയിലാണ്‌ നീ യ്‌ഔവ്വനയുക്തയാകുന്നത്‌. അപ്പോഴേക്കും മൂന്നു ട്രില്ല്യണ്‍ ഡോളറുകളിലുമധികം നമ്മള്‍ ചിലവഴിച്ചിട്ടുണ്ടാകും ഈ യുദ്ധത്തില്‍. ഇനി വരുന്ന എത്രയോ ദശകങ്ങളില്‍, നമ്മള്‍ ആ തുകയും അതിന്റെ പലിശയും കൊടുത്തുകൊണ്ടേയിരിക്കുകയും വേണം. നിന്റെയും അതിനുശേഷം വരുന്ന എത്രയോ തലമുറയുടെയും ജീവിതത്തെ സുരക്ഷിതവും, ആരോഗ്യപ്രദവും, സന്തോഷപ്രദവുമായ ഒന്നാക്കാന്‍ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന പണമാണത്‌. ആരോഗ്യപരിപാലനത്തിനും, വിദ്യാഭ്യാസത്തിനും, പരിസ്ഥിതി നന്മക്കും, വീടുകള്‍ നിര്‍മ്മിക്കാനും, അങ്ങിനെ എത്രയോ ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാമായിരുന്ന പണം. ഈ യുദ്ധത്തിന്റെ സാമ്പത്തിക കെടുതികള്‍ ഇപ്പോള്‍ തന്നെ നിന്റെ ജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കും അല്ലേ? ബിരുദം നേടി കോളേജിലേക്കെത്തുമ്പോള്‍ ഒരു യൂറോപ്പ്യന്‍ പര്യടനം വാക്കു തന്നിരുന്നു ഞങ്ങള്‍. ഡോളറിന്റെ മൂല്യശോഷണംകൊണ്ട്‌ നിന്റെ അടുത്ത കൊല്ലത്തെ കോളേജ്‌ റ്റ്യൂഷന്‍ ഫീസ്‌ എങ്ങിനെ കൊടുത്തുതീര്‍ക്കുമെന്ന വേവലാതിയിലാണ്‌ പക്ഷേ ഇപ്പോള്‍ ഞാനും നിന്റെ അമ്മയും.

നിനക്ക്‌ ഓര്‍മ്മയുണ്ടല്ലോ, ഞാനും നിന്റെ അമ്മയുമൊക്കെ ആദ്യം മുതലേ ഈ യുദ്ധം തടയാന്‍ ആവുന്നത്ര ശ്രമിച്ചതാണ്‌. അന്യരാജ്യത്ത്‌ കടന്നു ചെന്ന് നമ്മുടെ രാജ്യം ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത്‌ കണ്ടുവളര്‍ന്ന തലമുറയായിരുന്നു ഞങ്ങളുടേത്‌. ഞങ്ങളുടെ ആ അനുഭവം നിനക്കെങ്കിലും ഉണ്ടാകരുതെന്നും ഞങ്ങള്‍ മോഹിച്ചിരുന്നു.

ഇറാഖ്‌ നമുക്കൊരിക്കലും ഒരു ആഭ്യന്തര ഭീഷണിയായിരുന്നില്ലെന്നും, ഇറാഖ്‌ അധിനിവേശം ഒരു വന്‍വിപത്തായിരിക്കുമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പ്രസംഗിക്കാനും ബോദ്ധ്യപ്പെടുത്താനുമായി നാടൊട്ടുക്ക്‌ സഞ്ചരിക്കുമ്പോള്‍ നിന്റെ അസാന്നിദ്ധ്യം ഞാന്‍ വല്ലാതെ അനുഭവിച്ചിരുന്നു. എന്നെ അധിക്ഷേപിച്ചും, ഞാന്‍ സദ്ദാമിന്റെ അനുയായിയാണെന്നും, എന്റെ ഗവേഷണങ്ങള്‍ക്ക്‌ ഭീകരവാദികളാണ്‌ പണം ചിലവഴിക്കുന്നതെന്നുമുള്ള ടെലിവിഷനിലെ പരാമര്‍ശങ്ങള്‍ കേട്ട്‌ നീ കരയാറുണ്ടായിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ആ അധിക്ഷേപങ്ങളും അവഹേളനങ്ങളും എന്റെ ആരോഗ്യത്തെയും, നീയും, നിന്റെ താഴെയുള്ളവരും, നിന്റെ അമ്മയുമായുമുള്ള എന്റെ ബന്ധത്തെപ്പോലും ബാധിച്ചതും നീയും ഓര്‍ക്കുന്നുണ്ടാകും.

പക്ഷേ അതേ സമയം, സാന്‍ഫ്രാസിസ്‌കോയിലെ ജനസാന്ദ്രമായ പൊതു സമ്മേളനങ്ങളില്‍ ഞാന്‍ പ്രസംഗിക്കുന്നത്‌ അഭിമാനത്തോടെ നീ കേട്ടിരിക്കുന്നതും, എനിക്കു കിട്ടിയ പാസ്സ്‌ ഉപയോഗിച്ച്‌, ബോണി റൈറ്റിനെ നീ പോയി സന്ദര്‍ശിച്ചതും, ആ പ്രസന്നമായ ഫെബ്രുവരി മദ്ധ്യാഹ്നത്തിന്റെ ചരിത്രഭാഗമാകാന്‍ കഴിഞ്ഞതില്‍ നിനക്കുണ്ടായ സന്തോഷവും എല്ലാം എനിക്ക്‌ നന്നായി ഓര്‍മ്മയുണ്ട്‌. യുദ്ധത്തെ തടയാന്‍ നിനക്കാവില്ലെങ്കിലും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഭാഗഭാക്കാവാന്‍ വേണ്ടി നീ പിന്നീട്‌ നിരവധി പ്രകടനങ്ങളില്‍ പങ്കെടുത്തതും ഞാന്‍ കണ്ടിട്ടുണ്ട്‌.

1990 ഒക്ടോബറിലാണ്‌ നീ ജനിച്ചത്‌. ആദ്യത്തെ ഇറാഖ്‌ യുദ്ധം തുടങ്ങുന്നതിന്റെ തലേന്ന്. 'പ്രിയപ്പെട്ടവള്‍' എന്ന് അര്‍ത്ഥം വരുന്ന ഒരു അറബി പേരാണ്‌ നിനക്ക് ഞങ്ങളിട്ടത്. പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാന്‍ വേണ്ടി ഏതു രാജ്യത്തെ ആളുകളെ കൊല്ലാന്‍ വേണ്ടിയാണോ നമ്മുടെ രാജ്യം തയ്യാറെടുക്കുന്നത്‌, ആ ആളുകളോടുള്ള ബഹുമാനസൂചകമായിട്ടാണ് ഞങ്ങള്‍ നിനക്ക്‌ ആ പേരു നല്‍കിയത്. നിന്റെ ഇത്രയും നാളത്തെ ജീവിതത്തിലുടനീളം അമേരിക്ക ഇറാഖികളെ കൊന്നൊടുക്കുകയായിരുന്നു. നിന്റെ അതേ പ്രായത്തിലുള്ള ഒരു തലമുറ മുഴുവനും, അവിടെ, ആ ഭാഗ്യം കെട്ട രാജ്യത്ത്‌, യുദ്ധവും, ഉപരോധങ്ങളും, ദുരിതങ്ങളുമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ജീവിച്ചുമരിക്കുകയാണ്‌.

നമ്മുടെ ഈ രാജ്യത്തെക്കുറിച്ചും, അതിന്റെ ഭരണാധികാരികളെക്കുറിച്ചുമുള്ള നിന്റെ കാഴ്ചപ്പാടുകളെ എങ്ങിനെയാകും ഈ അധിനിവേശം സ്വാധീനിച്ചിട്ടുണ്ടാവുക എന്നും ഞാന്‍ ആലോചിക്കുന്നു. കൂട്ട നശീകരണ ആയുധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരിക്കലും സദ്ദാമിന്‌ സാധ്യമല്ല എന്ന്, പമ്പരവിഢിയായ ഈ അച്ഛനുപോലും മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍, മറിച്ചുള്ളൊരു അവകാശവാദവുമായി വരുന്ന നമ്മുടെ പ്രസിഡന്റും, വൈസ്‌പ്രസിഡന്റും, മുതിര്‍ന്ന ക്യാബിനറ്റ്‌ ഉദ്യോഗസ്ഥന്മാരും, ജനപ്രതിനിധിസഭയിലെ ഇരു രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളും ആവര്‍ത്തിച്ചുവിളമ്പുന്ന നുണ നിനക്ക്‌ നല്ലവണ്ണം ഊഹിക്കാന്‍ കഴിയും. അതിന്റെ ഫലമായി എന്താണ്‌ ഒടുവില്‍ സംഭവിക്കുന്നത്‌? ക്രിയാത്മകമായ വിമര്‍ശനബുദ്ധിയോടെ സര്‍ക്കാരിനെയും രാജ്യത്തെയും നോക്കിക്കാണുന്ന തലമുറയാകാന്‍ നിങ്ങള്‍ക്ക്‌ കഴിയാതെ വരുകയും, സാമ്രാജ്യത്വ അധിനിവേശത്തെ പിന്തുണക്കാന്‍ എന്തു നുണയും പ്രചരിപ്പിക്കുന്നവരാണ്‌ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും എന്ന നിഗമനത്തിലേക്ക്‌ നീയും നിന്റെ തലമുറയും സ്വാഭാവികമായി എത്തിച്ചേരുകയും ചെയ്യുന്നു.

ഇതൊക്കെയായിട്ടും, നിന്നിലെ ആ യൗവ്വനതീക്ഷ്ണമായ ആദര്‍ശവാദം മുഴുവനായും നശിച്ചിട്ടില്ല. ഇറാഖ്‌ ഒരു ഭീഷണിയല്ലെന്നും, യുദ്ധം അനാവശ്യമാണെന്നും അഞ്ചുകൊല്ലം മുന്‍പു തന്നെ തിരിച്ചറിഞ്ഞ ബാരക്‌ ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വ പ്രചരണത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നിന്റെയും നിന്റെ തലമുറയുടെയും ആവേശം എനിക്ക്‌ കാണാന്‍ കഴിയുന്നുണ്ട്‌. 1972-ലെ ജോര്‍ജ്ജ്‌ മക്‍ഗവേണിന്റെ സ്ഥാനാര്‍ത്ഥിപ്രചരണപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക്‌ നിന്റെ പ്രായമായിരുന്നു. അന്ന് ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷയും എനിക്കിന്ന് ഓര്‍മ്മ വന്നുപോയി. ഒരു വ്യത്യാസമേയുള്ളു. നിന്റെ സ്ഥാനാര്‍ത്ഥിക്ക്‌ കൂടുതല്‍ വിജയസാദ്ധ്യതകള്‍ കാണാന്‍ കഴിയുന്നുണ്ട്‌. നിന്റെ ജീവിതത്തിലെ ആദ്യത്തെ വോട്ട്‌, നീ വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിക്കുതന്നെ ചെയ്യാന്‍ കഴിയുക എന്നത്‌ ഒരു നല്ല കാര്യമാണ്‌. സത്യം പറഞ്ഞാല്‍, ഒബാമയുടെ ഭരണം ഭാവിയില്‍ നിങ്ങളെ ഒരു പക്ഷേ ചില കാര്യങ്ങളിലെങ്കിലും നിരാശപ്പെടുത്തിയേക്കാനും വഴിയുണ്ട്‌. എങ്കിലും, ബുഷിന്റെ ഇറാഖ്‌ ആക്രമണത്തെ അഞ്ചുവര്‍ഷം മുന്‍പ്‌ പിന്തുണച്ച ആ ഹിലാരി ക്ലിന്റന്‍ ജയിക്കാന്‍ ഇടവന്നാല്‍, അത്‌ നിനക്കും നിന്നെപ്പോലുള്ള ഉത്‌പതിഷ്ണുക്കളായ തലമുറക്കും വല്ലാത്ത ആഘാതമായിരിക്കുമെന്നും എനിക്കറിയാം.

ആരുതന്നെ പ്രസിഡന്റായാലും ശരി, ഈ യുദ്ധം ഇനി വരുന്ന കുറേ നാളത്തേക്കെങ്കിലും നിന്റെ ജീവിതത്തെ സ്വാധീനിക്കുകതന്നെ ചെയ്യും. തീര്‍ച്ച. സൈനികവും, വിഘടിക്കപ്പെട്ടതും, സാമ്പത്തികമായി തകര്‍ന്നു തരിപ്പണവുമായ സമൂഹത്തില്‍, അനിശ്ചിതമായ ഭാവിയെ ഉറ്റുനോക്കേണ്ടിവരുന്ന, സുന്ദരിയും, ഉത്സാഹവതിയും, കഴിവുറ്റവളുമായ നിന്നെ കാണേണ്ടിവരുമ്പോള്‍, അച്ഛന്‍ മോഹിച്ചുപോവുകയാണ്‌, ഈ യുദ്ധത്തെ തടയാന്‍, മറ്റേതെങ്കിലും വിധത്തില്‍, കുറച്ചെന്തെങ്കിലുംകൂടി ചെയ്യാന്‍ അച്ഛന്‌ കഴിഞ്ഞിരുന്നെങ്കിലെന്ന്.*സാന്‍ഫ്രാസിസ്‌കോ സര്‍വ്വകലാശാലയിലെ പൊളിറ്റിക്സ്‌ വിഭഗം പ്രൊഫസ്സര്‍ സ്റ്റീഫന്‍ സൂന്‍സ്‌ -Stephen Zunes-എഴുതിയ ലേഖനത്തിന്റെ(commonsense.org-യില്‍ പ്രസിദ്ധീകരിച്ചത് )പരിഭാഷ. ഇവിടെ


ബോണി റൈറ്റ്- നിരവധി തവണ ഗ്രാമി പുരസ്കാരം നേടിയ കാലിഫോര്‍ണിയന്‍ സംഗീതജ്ഞ. പ്രമുഖയായ പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റുമാണ്‌ റൈറ്റ്

Tuesday, March 18, 2008

കൊല്ലുക..വിശ്രമിക്കുക...പിന്നെയും കൊല്ലുക..

തുര്‍ക്കികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യത്തിന്റെ കൂടെ പുറപ്പെടാന്‍ തയ്യാറായിനില്‍ക്കുന്ന ഒരു റഷ്യന്‍ ജൂത യുവാവിനോട്‌, യാത്രാവേളയില്‍, അയാളുടെ അമ്മ പറഞ്ഞത്‌ ഇതായിരുന്നു.

"മോനേ...നീ ശരീരം നല്ലോണം ശ്രദ്ധിക്കണേ..അധികം അദ്ധ്വാനിക്കുകയൊന്നും വേണ്ടാ.. ഒരു തുര്‍ക്കിയെ കൊന്നാല്‍ പിന്നെ കുറച്ച്‌ വിശ്രമിക്കണം..അതിനുശേഷം മതി അടുത്ത തുര്‍ക്കി..പിന്നെയും വിശ്രമം..”"

മകന്‍ ചോദിച്ചു. "പക്ഷേ അമ്മേ, ഇതിനിടക്ക്‌ തുര്‍ക്കികള്‍ എന്നെ കൊന്നാലോ?"

അമ്മക്ക്‌ ദു:ഖവും അത്ഭുതവും അടക്കാനായില്ല "അവര്‍ നിന്നെ കൊല്ലുകയോ? അതെന്തിന്‌? അതിനുമാത്രം എന്തു ദ്രോഹമാണ്‌ നീ അവരോട്‌ ചെയ്തിട്ടുള്ളത്‌?"

ഇതൊരു ഫലിതമല്ല. ഫലിതം പറയാനുള്ള ആഴ്ചയുമല്ല ഇത്. മനശ്ശാസ്ത്രത്തിലെ ഒരു വലിയ പാഠമാണിത്‌. ജറുസലേമില്‍ പലസ്തീനികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ഗാസക്കാരുടെ പ്രവൃത്തിയാണ്‌ തന്നെ രോഷാകുലനാക്കിയതെന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ്‌ ഓള്‍മര്‍ട്ട്‌ ഈയടുത്ത ദിവസം പ്രസ്താവിച്ചപ്പോള്‍ എനിക്ക്‌ ഈ കഥയാണ്‌ ഓര്‍മ്മ വന്നത്‌.

പരിഭാഷപ്പെടുത്താനുള്ള സമയക്കുറവു മൂലം യൂറി ആവ്‌നറി എഴുതിയ ഒരു ലേഖനം ഇവിടെ പോസ്റ്റു ചെയ്യുന്നു. ഔട്ട്‌‌ലുക്കില്‍ വന്ന ശ്രദ്ധേയമായ ഒരു ലേഖനം.

Sunday, March 16, 2008

വിശ്വാസത്തിന്റെ പരീക്ഷതങ്ങളെപ്പോലുള്ള നാലര ലക്ഷം കുട്ടികള്‍ എഴുതുന്ന ഒരു നിര്‍ണ്ണായക പരീക്ഷ, (മാതൃഭൂമി പത്രത്തിലെ വാര്‍ത്ത) പ്രാര്‍ത്ഥനാ സമയത്തിനുശേഷം മാത്രമേ എഴുതൂ എന്ന് വാശിപിടിച്ച ഈ കുട്ടികള്‍ക്കെന്താ കൊമ്പുണ്ടോ? അവരുടെ ഹരജി സദയം അനുവദിച്ച്‌, അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിയങ്ങുന്നുമാരെ തീവ്രമാനസികപരിചരണത്തിനു ചികിത്സിക്കുകയാണ്‌ വേണ്ടത്‌. കൂട്ടുനിന്ന സര്‍ക്കാരിനെ കൂടുതല്‍ കാര്യക്ഷമായ ഏതെങ്കിലും മറ്റൊരു കോടതി കയറ്റുകയും അടിയന്തിരമായി ചെയ്യണം.

പ്രാര്‍ത്ഥിക്കാനും വിശേഷദിവസങ്ങള്‍ ആചരിക്കാനുമൊക്കെയുള്ള വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളെയൊന്നും ആരും നിഷേധിക്കുന്നില്ല. അതൊക്കെ അവരുടെ ഇഷ്ടം. ഏതു അനാചാരവും, അന്ധവിശ്വാസവും പിന്തുടരാനുള്ള 'ജനാധിപത്യാവകാശങ്ങ'ളൊക്കെ നമ്മള്‍ അനുവദിച്ചിട്ടുമുണ്ടല്ലോ.

പക്ഷേ ഇവിടെ പ്രശ്നം, വിവിധ സമുദായങ്ങളില്‍പെട്ട നാലര ലക്ഷത്തോളം കുട്ടികള്‍, തങ്ങളുടെ വ്യക്തിപരമായ എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ച്‌, ഒരേ ദിവസം ഒരു പരീക്ഷക്കു തയ്യാറായി വരുമ്പോള്‍, അതില്‍നിന്ന്, കേവലം രണ്ടുപേരെ മാത്രം വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന വിവരദോഷത്തിന്റേതാണ്‌. ഈ രണ്ടു കുട്ടികളുടെ അതേ വിശ്വാസഗണത്തില്‍ പെടുന്ന മറ്റുചിലരാകട്ടെ, നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷ എഴുതുകയും ചെയ്തിരിക്കുന്നു. അവര്‍ക്കും വിശ്വാസമൊക്കെ ഉണ്ടായിരുന്നില്ലേ? എങ്കില്‍ ആ വിഭാഗത്തില്‍ പെടുന്ന എല്ലാവരെയും അതിനനുവദിക്കണമായിരുന്നില്ലേ? ഈ വിശേഷാല്‍പ്രതികളില്‍ ഒരാളുടെ രക്ഷകര്‍ത്താവ്‌ അതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്നുവെന്നും നമ്മള്‍ അറിയണം.

വിശേഷ ദിവസങ്ങളിലും, പ്രാര്‍ത്ഥനയുടെ അവസരങ്ങളിലുമൊന്നും പരീക്ഷ എഴുതില്ലെന്ന് ഇതുപോലെ ഓരോ വിഭാഗത്തിലെയും കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും നിര്‍ബന്ധം പിടിച്ചാല്‍ സര്‍ക്കാരും ഈ മന്ദബുദ്ധി കോടതികളും എന്തു ചെയ്യും? സമ്മതിച്ചുകൊടുക്കുമോ?സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ്‌ വിഭാഗത്തില്‍പെട്ട അതേ സ്കൂളിലെ മറ്റു കുട്ടികള്‍ പരീക്ഷ കൃത്യസമയത്തുതന്നെ എഴുതിയത്‌ ഒരുപക്ഷേ അവരുടെ രക്ഷകര്‍ത്താക്കളാരും അദ്ധ്യാപകരല്ലാതിരുന്നതുകൊണ്ടും, തന്മൂലമുള്ള വിവേചനബുദ്ധിനിലവാരം‌കൊണ്ടാണെന്നും വരുമോ?

പ്രത്യേകാവകാശങ്ങളായാല്‍പ്പോലും അത്‌ ചെയ്തുകൊടുക്കുന്നതിലും, നടപ്പില്‍ വരുത്തുന്നതിലും ഒരു ചെറിയ ശതമാനം യുക്തിയും, ഔചിത്യവും നമ്മള്‍ പ്രതീക്ഷിക്കും. തട്ടം ധരിച്ച്‌ വിദ്യാലയങ്ങളിലും കലാശാലകളിലും വരുന്നതിനെക്കുറിച്ചും, പരമ്പരാഗത വസ്ത്രങ്ങള്‍ പൊതു സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും, മതചിഹ്നങ്ങള്‍ ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ ലോകത്തിന്റെ പല ഭാഗത്തും പല ചര്‍ച്ചകളും നടന്നുവരുന്നുണ്ട്‌. വിദ്യാഭ്യാസപരിഷ്ക്കരണ നിയമങ്ങളില്‍ ഭേദഗതിവരുത്തുന്നതിനെക്കുറിച്ചുള്ള, നമ്മുടെതന്നെ നാട്ടിലെ ചര്‍ച്ചകളും ഒന്ന് അവസാനിച്ചതേയുള്ളു. അപ്പോഴാണ്‌ തീര്‍ത്തും, അര്‍ത്ഥശൂന്യവും, നിരുത്തരവാദപരവുമായ കീഴ്‌വഴക്കങ്ങളുമായി സര്‍ക്കാരും കോടതികളും, ബുദ്ധിശൂന്യരായ രക്ഷകര്‍ത്താക്കളും അവരുടെ അരുമകളായ അജവൃന്ദവും, അതിനെ പാടിപ്പുകഴ്ത്തി മാധ്യമഗര്‍ദ്ദഭങ്ങളും രംഗത്തുവരുന്നത്‌.

എന്നിട്ട്‌, അതിനുവേണ്ട എന്തൊക്കെ വന്‍ സന്നാഹങ്ങളാണ്‌ ഒരുക്കിവെച്ചത്‌!! ലൈന്‍ വലിച്ച്‌ താത്ക്കാലികവൈദ്യുതി വരുത്തി. പോരാത്തതിന്‌ ജനറേറ്ററും എമര്‍ജന്‍സി വിളക്കും തരപ്പെടുത്തി. പോലീസും, ഡി.ഇ.ഒ അടക്കമുള്ള വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും അറ്റന്‍ഷനായിനില്‍ക്കുന്നു. കുട്ടികളെ ഉച്ചമുതല്‍ പ്രത്യേകമുറിയിലിരുത്തി ജ്യൂസും പഴവും നല്‍കി പ്രാര്‍ത്ഥിപ്പിച്ചും, വിശ്രമിപ്പിച്ചും അണിയിച്ചൊരുക്കുന്നു. ചോദ്യപേപ്പര്‍ ചോരുന്നില്ലെന്ന് ഉറപ്പുവരുത്തി, മാധ്യമപ്പടകളെ ഒരുക്കിനിര്‍ത്തി, പരീക്ഷക്കുമുന്‍പ്‌ മനസ്സ്‌ ഏകാഗ്രമാക്കാന്‍ സമയവും കൊടുത്തു. എന്നിട്ട്‌ ഒടുവില്‍ എന്താക്കി? ചരിത്രത്തിന്റെ ഭാഗമാക്കിയത്രെ. അവര്‍ ചരിത്രത്തിന്റെ ഭാഗമായിയെന്ന്.

അതെ, അന്ധവിശ്വാസങ്ങളും താന്തോന്നിത്തരങ്ങളുമൊക്കെ ഓരോരോ ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. ചരിത്രത്തിന്റെ ഒരു ഗതികേട്. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു.

Saturday, March 15, 2008

ശശികലക്ക് അറിയില്ല


ഒരു സുഹൃത്തിന്റെ അനുജന്‍ അയച്ചുതന്ന ഒരു ലിങ്കില്‍നിന്ന്, നിങ്ങളുടെ പ്രസംഗം കേട്ടു.

Please listen to this speech and see the plight of majority ourpeople. We should have many teachers and scholarly people like this to awaken our masses and deliver such thought provoking speeches. Please do not miss to read this and do not forget to forward this to as many deserving people.


എന്നൊക്കെയാണ്‌ അവന്‍ എഴുതിവെച്ചിരിക്കുന്നത്‌. നിങ്ങളുടെ ജനുസ്സില്‍പെട്ട ചിലര്‍കൂടിയുണ്ടായിരുന്നെങ്കിലെന്നുകൂടി അവന്‍ പ്രത്യാശയും പ്രകടിപ്പിച്ചിരിക്കുന്നു.

എങ്കില്‍ എല്ലാം എത്ര എളുപ്പമായിരുന്നേനെയെന്ന്.

അതെ, ശരിയാണ്‌, എങ്കില്‍ എത്ര എളുപ്പമായിരുന്നു. ഈ നാടും, നമ്മുടെ ഈ കൊച്ചുഗോളവും ഇല്ലാതാക്കാന്‍. എത്ര എളുപ്പമായിരുന്നു പരസ്പരം അരിഞ്ഞുവീഴ്ത്തി എല്ലാം ഒന്ന് ശുദ്ധിയാക്കിയെടുക്കാന്‍. അയല്‍പക്കത്തെ, അന്യമതസ്ഥനെയും, അന്യജാതിക്കാരനെയും, അന്യനാട്ടുകാരനെയും പകല്‍വെളിച്കത്തില്‍ വെട്ടിവീഴ്ത്തി, നിങ്ങളുടെ ആ ആര്‍ഷഭാരതം, ആ സനാതന ഹിന്ദു രാഷ്ട്രം നിര്‍മ്മിച്ചെടുക്കാന്‍.

പക്ഷേ ശശികല, ഭാഗ്യവശാല്‍, ഇവിടെ നിങ്ങളുടെ ഇനത്തില്‍ പെടാത്ത ചിലരുണ്ട്‌. മനുഷ്യന്മാര്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചിലര്‍. മനുഷ്യന്മാരും മനുഷ്യത്തികളും എന്ന് ബഷീര്‍ വിളിച്ച ചില കൂട്ടര്‍. സദ്‌ബുദ്ധി ഇനിയും നഷ്ടമാകാത്ത ചിലര്‍.

നിങ്ങളുടെ പ്രസംഗം ഏകദേശം ഒരു പത്തുമിനുട്ട്‌ സഹിക്കാനുള്ള കരളുറപ്പേ എനിക്കുണ്ടായുള്ളു. ആ പത്തുനിമിഷം തന്നെ ധാരാളം മതി, നിങ്ങള്‍ ആ പ്രസംഗത്തില്‍ എന്തെല്ലാം പറഞ്ഞിരിക്കുമെന്ന് എനിക്ക്‌ ഊഹിക്കാന്‍. നിലനില്‍ക്കുന്ന നൂല്‍വണ്ണമുള്ള നീതി-നിയമവ്യവസ്ഥകളില്ലായിരുന്നുവെങ്കില്‍ നിങ്ങളെന്തൊക്കെ പുലമ്പുമായിരുന്നുവെന്നും, ആഹ്വാനം ചെയ്യുമായിരുന്നുവെന്നും എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. എന്നാലും, മദനിയും, തൊഗാഡിയയും, ഉമാഭാരതിമാരും, ഇവിടെയുള്ള മന്ദബുദ്ധികളായ ഗോപാലകൃഷ്ണന്മാരും, വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും പള്ളിയിലിരുന്ന് പുലഭ്യം പറയുന്ന മൌലവിമാരും, പാതിരിമാരും, പറയുന്നതൊക്കെ നിത്യവും കേട്ടിട്ടും, അന്യനെ സ്നേഹിക്കാനും സഹിക്കാനുമുള്ള പ്രബുദ്ധതയും സഹിഷ്ണുതയും കൈമോശം വരാതെ കഴിയുന്ന ലക്ഷക്കണക്കിനു മനുഷ്യന്മാരുടെയും മനുഷ്യത്തികളുടെയും നന്മയില്‍ ഇപ്പോഴും വിശ്വസിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. അവരൊന്നും ഹിന്ദുവും, ക്രിസ്ത്യാനിയും മുസല്‍മാനുമൊന്നുമല്ല. ആദ്യമായും, അവസാനമായും, അവര്‍ മനുഷ്യരാണ്. ജീവനുള്ള, ജീവന്റെ വിലയറിയുന്ന, മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്ന മനുഷ്യര്‍. നിങ്ങളെയും മുന്‍പ് സൂചിപ്പിച്ചവരെയും‌‌പോലുള്ള അസുരവിത്തുക്കളുണ്ടായിട്ടും, അല്‍പ്പം നന്മയെങ്കിലും ബാക്കിവന്ന ഹോമോ സാപ്പിയന്‍സ്.

ഒരുകൂട്ടം ആളുകള്‍ വീട്ടിലേക്ക്‌ ഇരച്ചുവന്ന് പുരുഷന്മാരെയും കുട്ടികളെയും മുഴുവനും കത്തിക്കിരയാക്കുകയും, സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നതൊക്കെ എന്നെങ്കിലും കാണേണ്ടിവന്നിട്ടുണ്ടോ നിങ്ങള്‍ക്ക്‌? കൂട്ടക്കശാപ്പില്‍നിന്ന് രക്ഷപ്പെട്ട്‌, നിറകണ്ണുകളൊടെ, കൈകൂപ്പി, സ്വന്തം ജീവനുവേണ്ടി കേണപേക്ഷിക്കേണ്ടിവരുന്ന ജന്മങ്ങളെയും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. നിറവയറിനുള്ളില്‍ പൂവിടുന്ന കുരുന്നുജീവനുനേരെ തുളച്ചുകയറുന്ന ത്രിശൂലങ്ങളെയും നിങ്ങള്‍ക്ക്‌ നേര്‍പരിചയമൊന്നുമുണ്ടാകില്ല. അതൊക്കെ, എവിടെയോ വായിച്ചറിഞ്ഞ ചില കഥകള്‍ മാത്രമായിരിക്കും നിങ്ങളെപ്പോലുള്ളവര്‍ക്ക്‌.

പക്ഷേ ഇതൊക്കെ ഉണ്ടാകുന്നത്‌, പലപ്പോഴും, നിങ്ങള്‍ നടത്തിയതുപോലുള്ള ഇത്തരം ആവേശോജ്ജ്വലമായ ജല്‍പ്പനങ്ങളില്‍നിന്നാണ്‌. നഷ്ടപ്പെട്ട വിവേചനബുദ്ധിയില്‍നിന്നാണ്‌.

നിങ്ങളുടെ ഓരോ വാദഗതിയെയും വേണമെങ്കില്‍ യുക്തിപൂര്‍വ്വം, സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി എതിര്‍ക്കാവുന്നതാണ്‌. പക്ഷേ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ എനിക്ക്‌ സംശയമുണ്ട്‌. കാരണം, ഉള്ളില്‍ ഇത്രയധികം വിഷം നിറഞ്ഞാല്‍ പിന്നെ, യുക്തിക്ക്‌ തീരെ സ്ഥാനമില്ല.

ഒന്നുമാത്രം മനസ്സിലാക്കുക. നിങ്ങളെപ്പോലുള്ള വിഷം വമിക്കുന്ന മനസ്സുകളെ നിരന്തരം തോല്‍പ്പിച്ചുകൊണ്ട്‌, മനുഷ്യനന്മയുടെ അമൃതകുംഭങ്ങളുമായി ഇനിയും ഇവിടെ ആളുകള്‍ വരും. സ്നേഹിക്കുകയും, സഹിക്കുകയും ജീവിതം പങ്കുവെക്കുകയും ചെയ്യുന്ന മനുഷ്യര്‍. മതത്തിന്റെയും ജാതിയുടെയും, സമുദായചിന്തയുടെയും വേലിക്കെട്ടുകളെയും, മതിലുകളെയും തകര്‍ത്തെറിഞ്ഞ്‌ അവര്‍ വരുകതന്നെ ചെയ്യും.

മനുഷ്യനായിത്തീര്‍ന്നതിന്‌ എന്തെങ്കിലുമൊരു ഉദ്ദേശ്യം ഉണ്ടാകാതെവരില്ലല്ലോ, അല്ലേ?

Wednesday, March 12, 2008

കല്‍ക്കത്ത - ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് നഗരം


നിത്യജീവിതത്തിന്റെ കോടാനുകോടി വൈരസ്യങ്ങള്‍ക്കും, യാന്ത്രികതക്കുമിടയിലും സഹൃദയത്വത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സ്ഥലരാശികളെ ഉള്ളില്‍ സൂക്ഷിക്കുന്ന, പ്രിയ സുഹൃത്ത് ഹരി അയച്ചുതന്ന ചില കല്‍ക്കത്ത ചിത്രങ്ങള്‍..

ദുബായിലെ Wade Adams-ലെ ഉദ്യോഗസ്ഥനായ ഹരിക്കും, ഈ ചിത്രങ്ങള്‍ പകര്‍ത്തിയ അജ്ഞാതരായവര്‍ക്കും കടപ്പാട്.സത്യജിത്ത് റേ
മദര്‍ തെരേസ

സര്‍വ്വമതകോലാഹലം

സ്വപ്നസന്നിഭം


നഗരം ഒരു പുസ്തകം

വായനയുടെ ഏകാന്തതീരം


കാലത്തിന്റെ വിക്റ്റോറിയന്‍ കസര്‍ത്ത്

കരയിപ്പിക്കുന്ന ചിരി

വാസ്തുഹാരകള്‍

രോഷത്തിന്റെ അവസാനം

റേ-രണ്ട്

വംഗ ദാഹം

ഇരുളും വഴിയും

നഗരദൃശ്യങ്ങള്‍

ഭദ്ര-വായന

അമി ഭാലോ ആച്ചേ*


മധുരം ഗായതി

യുദ്ധവിരുദ്ധം

നഗരചിത്രങ്ങള്‍

കല്‍ക്കത്തയുടെ കറുത്ത ചെട്ടിച്ചികള്‍


നിഴല്‍ക്കുത്ത്

പ്രക്ഷുബ്ധം

പഴയ ഗോവണികള്‍

കണ്ണുതുറക്കാത്ത ദൈവങ്ങളേ..

കൊളോണിയല്‍ തണലുകള്‍

ലാസ്യം..നടനം

നഗരചിത്രങ്ങള്‍

നന്ദന്‍

നഷ്ടപ്രതാപങ്ങള്‍

ഒരു സ്നാപ്പിലൊതുങ്ങാത്തത്

പണ്ടത്തെ പാട്ടുകള്‍

തെരുവിന്റെ മക്കള്‍

തെരുവിന്റെ മക്കള്‍-രണ്ട്

അനാഥബാല്യങ്ങള്‍

ഞങ്ങളുടെ ബാല്യം..

ദൈവത്തിന്റെ വില

ജലസമാധിക്കുമുന്‍പ്..


തെരുവുവിശേഷങ്ങള്‍

തെരുവോരം

മാറാവ്യാധികള്‍

തെരുവുഗായകന്‍

“ഇല്ല..സ്ഥലമില്ല..”

ഗുരുവും ശിഷ്യരും

നഗരകണ്‍ഫ്യൂഷ്യം

ജന്മതീരം..

ജലമേള

കല്‍ക്കത്തയിലെ മഴ

കളിക്കമ്പം

കാലത്തിന്റെ ചുമര്‍ച്ചിത്രങ്ങള്‍

കാലപ്രവാഹം

കാളിഘട്ടം

പ്രാര്‍ത്ഥനാഭരിതം..

ഒരു സിനിമാരംഗം

കുതൂഹലങ്ങള്‍

ഔട്ട് ഓഫ് ഫോക്കസ്സ്

കരിപുരണ്ട ജീവിതങ്ങള്‍

ഊഞ്ഞാല്‍തുമ്പികള്‍

ഏകാന്തം

ഏട്ടന്..

ഒരു കലാസന്ധ്യ

പ്രണയസ്മാരകങ്ങള്‍

കാലം മാറിയതറിയാതെ..


ആരോടും പരിഭവമില്ലാതെ

ആള്‍ക്കൂട്ടത്തില്‍നിന്നുമകലെ


അടുക്കളയിലെ അരങ്ങുകള്‍

അനിശ്ചിതം.

അപൂര്‍വ്വ സന്‍സാര്‍

അമ്മദൈവം

അവസ്ഥാന്തരം

ആത്മവിദ്യാലയം

സ്നാനഘട്ടം

“സിവിലിയന്‍ സപ്ലൈസ്“

ഉദരനിമിത്തം...

വണ്ടിക്കാളകള്‍

ദൃക്‌‌സാക്ഷി

ആകാശക്കാഴ്ച

പഴയ ചിത്രങ്ങള്‍-ഒന്ന്

പഴയ ചിത്രങ്ങള്‍-രണ്ട്


* അമി ഭാലോ ആച്ചേ - എനിക്കു സുഖമാണ്