Sunday, October 28, 2007

വ്യഭിചാരത്തിന്റെ വഴിയില്‍ ഇറാഖി അഭയാര്‍ത്ഥികള്‍

ഒമര്‍ സിനാന്‍
അസ്സോസ്സിയേറ്റഡ് പ്രസ്സ്


മുഖത്ത്‌ കടുത്ത ചായം തേച്ച്‌, നീളമുള്ള കറുത്ത തലമുടി ചുഴറ്റി,ഇറാഖി പെണ്‍കിടാങ്ങള്‍ അല്‍ റവാബി നിശാക്ലബ്ബിലെ സ്റ്റേജിലേക്ക്‌ ചാടിക്കയറി. പ്രഭ ചൊരിയുന്ന വിളക്കുകള്‍ക്കു കീഴെ അവര്‍ ആടുകയും കുഴയുകയും ചെയ്തു. ഇറാഖി പോപ്പ്‌ സംഗീതം പശ്ചാത്തലത്തില്‍ ഉയര്‍ന്നൊഴുകി.

അല്‍പ്പം മാറി, അതൂത എന്ന വിളിപ്പേരുള്ള ഒരുവള്‍ തന്റെ പങ്കാളികളുടെ അടുത്തേക്ക്‌ മെല്ലെ നടന്നുചെന്നു. ഒരു രാത്രിയിലെ വിഭവ സമൃദ്ധമായ ആനന്ദത്തിനു പകരമായി അവര്‍ അവള്‍ക്ക്‌ 90 ഡോളര്‍ നല്‍കി.

വടക്കു പടിഞ്ഞാറന്‍ ഡമാസ്കസ്സിലെ ഈ ക്ലബ്ബ്‌ ഇറാഖി അഭയാര്‍ത്ഥി പ്രശ്നത്തിന്റെ ഒരു രൂക്ഷമുഖമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഇതുപോലുള്ള സ്ഥലങ്ങളിലാണ്‌ ഇറാഖി പെണ്‍കുട്ടികളും സ്ത്രീകളും ജീവിക്കാനായി ഈ കാണുന്ന വേഷമൊക്കെ കെട്ടിയാടുന്നത്‌. അവരെ പ്രവേശിപ്പിക്കാന്‍ മഹാമനസ്കത കാട്ടിയ രാജ്യങ്ങളൊന്നും, അവര്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റൊരു തൊഴിലിനും അവസരം കൊടുക്കുന്നുമില്ല.

വേശ്യാവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ഇറാഖി സ്ത്രീകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പക്ഷേ, ഡമാസ്കസ്സിലെയും, അമ്മാനിലെയും തെരുവുകളിലും, നിശാക്ലബ്ബുകളിലും കഴിഞ്ഞ കുറേ മാസങ്ങളായി വര്‍ദ്ധമാനമായ രീതിയില്‍ കണ്ടുവരുന്ന ഈ ഇറാഖി സ്ത്രീകളുടെ എണ്ണം സൂചിപ്പിക്കുന്നത്‌, പ്രശ്നം കൂടുതല്‍ വഷളാവുന്നു എന്നു തന്നെയാണ്‌.

അല്‍ റവാബി ക്ലബ്ബിലെ ഇറാഖി പെണ്‍കുട്ടികളിലധികവും കൗമാരപ്രായക്കാരാണ്‌. പ്രായപൂര്‍ത്തിയെത്തിയ സ്ത്രീകളുമുണ്ട്‌ കൂട്ടത്തില്‍. ചിലര്‍ സ്റ്റേജില്‍ കയറി നൃത്തം വെക്കുന്നു. മറ്റുചിലര്‍ കൊഞ്ചിക്കുഴഞ്ഞും, രാത്രിയിലേക്കു ക്ഷണിക്കപ്പെടാനും കാത്ത്‌, ആളുകളുടെയിടയിലൂടെ മെല്ലെ നടന്നുനീങ്ങുന്നുണ്ടായിരുന്നു.

അയ്മന്‍ അല്‍ ഹലാഖി എന്ന ക്ലബ്ബ്‌ മനേജര്‍ പറയുന്നത്‌, സിറിയന്‍ പെണ്‍കുട്ടികളേക്കാളും കുറഞ്ഞ വിലക്ക്‌ ഈ ഇറാഖി പെണ്‍കുട്ടികളെ വാടകക്കെടുക്കാമെന്നാണ്‌. അവരുടെ സ്വന്തം രാജ്യത്ത്‌, ഇങ്ങനെ നൃത്തം ചെയ്യുന്നതും മറ്റും തീര്‍ത്തും ലജ്ജാകരമായ ഒരു ഏര്‍പ്പാടായി കണക്കാക്കപ്പെട്ടിരുന്നു. ഇവിടെ അതൊന്നും നോക്കേണ്ടതില്ല. അല്‍പ്പം കൂടി സഹിക്കാന്‍ തയ്യാറാവുന്നവര്‍ക്കാണെങ്കില്‍, വീട്ടുജോലിക്കാരിയാവുന്നതിനേക്കാള്‍ പത്തിരട്ടി പൈസ അധികം സമ്പാദിക്കാനുമായേക്കും. അതും വളരെക്കുറച്ചു സമയത്തിനുള്ളില്‍തന്നെ. ഉദാരമതിയായ ഏതെങ്കിലുമൊരു നല്ല ആളെക്കിട്ടിയാല്‍ മാത്രം മതിയാകും.

അല്‍ റവാബി ക്ലബ്ബിലെ പതിവു വിരുന്നുകാര്‍ ഇറാഖി, സിറിയന്‍ പുരുഷന്‍മാരായിരുന്നു. വേനല്‍ക്കാല്‍മായാല്‍, പക്ഷേ, സൗദി അറേബ്യയില്‍നിന്നും, മറ്റു പേര്‍ഷ്യന്‍ നഗരങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകരെത്തിത്തുടങ്ങും.

ഡമാസ്കസ്സില്‍ തരക്കേടില്ലാത്ത ഒരു ബിസിനസ്സ്‌ നടത്തുന്ന 27 വയസ്സുള്ള ബസ്സാം അബ്ദുള്‍ വാഹിദ്‌, തന്റെ മൂന്നു സുഹൃത്തുക്കളുമായി ക്ലബ്ബില്‍ ഒരു സായാഹ്നം പങ്കിടുകയായിരുന്നു. മൂന്നു വിരലുകളില്‍ സ്വര്‍ണ്ണമോതിരവും, തിളങ്ങുന്ന കൈച്ചങ്ങലയുമണിഞ്ഞ അയാള്‍ വീണ്ടും മദ്യം കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു നിര്‍ദ്ദേശം നല്‍കി. ഇറുകിയ ജീന്‍സണിഞ്ഞ രണ്ടു മെലിഞ്ഞ ഇറാഖി ചെറുപ്പക്കാരികള്‍ വന്ന്, അവരുടെയിടയിലുള്ള കസേരകളില്‍ ഇരിപ്പുറപ്പിച്ചു. കളിയും ചിരിയും തുടങ്ങി.

തന്റെ മേശ 'ഇറാഖി മഹാമനസ്കതയുടെ' തെളിവാണെന്ന പുളിച്ച ഫലിതവും പറഞ്ഞ്‌, അബ്ദുള്‍ വാഹിദും സംഘവും, മദ്യത്തില്‍ മുങ്ങിപ്പൊങ്ങി. സ്ത്രീകള്‍ ഫലിതമാസ്വദിച്ച്‌ പൊട്ടിച്ചിരിക്കുകയും, ചെറുപ്പക്കാരുമായി 'സ്വകാര്യ നിമിഷങ്ങള്‍' പങ്കുവെക്കുകയും ചെയ്തു. റിപ്പോര്‍ട്ടറോട്‌ സംസാരിക്കാന്‍ പക്ഷേ ആ ഇറാഖി പെണ്‍കുട്ടികള്‍ കൂട്ടാക്കിയില്ല.

മുപ്പത്‌ വയസ്സു പിന്നിട്ട സ്ത്രീയായിരുന്നു അതൂത (അതൂത എന്നാല്‍, അറബിയില്‍, കോഴിക്കുഞ്ഞ്‌ എന്നാണര്‍ത്ഥം). തന്റെ കഥ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായി. പക്ഷേ, കുട്ടികളോ, അവരുടെ സുഹൃത്തുക്കളോ അറിഞ്ഞാലോ എന്നു ഭയന്ന്, അവര്‍ അവരുടെ ശരിക്കുള്ള പേര്‍ പറയാന്‍ വിസമ്മതിച്ചു.

കൗമാരപ്രായക്കാരായ, മകന്റെയും, രണ്ടു പെണ്‍മക്കളുടെയുമൊപ്പം, കഴിഞ്ഞ വര്‍ഷമാണ്‌ അവര്‍ ഇറാഖില്‍നിന്ന് പലായനം ചെയ്ത്‌ ഇവിടെയെത്തിയത്‌. ബാഗ്ദാദിലെ പ്രശ്നബാധിത പ്രദേശമായ ഗസാലിയയില്‍വെച്ച്‌ അവരുടെ ഭര്‍ത്താവ്‌ മിലിഷ്യകളുടെ തോക്കിനിരയാവുകയായിരുന്നു.

സിറിയയില്‍ വന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും, ഭര്‍ത്താവുണ്ടാക്കിയ സമ്പാദ്യമൊക്കെ തീര്‍ന്നുതുടങ്ങി. തുന്നല്‍പ്പണിയും, വീട്ടുജോലികളുമൊക്കെ ചെയ്തിട്ടും, രണ്ടറ്റമെത്തിക്കാന്‍ അവര്‍ നന്നെ ബുദ്ധിമുട്ടി. 250 ഡോളര്‍ കടബാധ്യതയിലും ചെന്നുപെട്ടു. അപ്പോഴാണ്‌ ഒരാള്‍ ഈ ബുദ്ധിയുപദേശിച്ചത്‌. പിന്നെ അതൊരു സ്ഥിരം തൊഴിലായി മാറി. ഇന്ന്, ഈ തൊഴിലാണ്‌ അവരുടെ ഏക ഉപജീവന മാര്‍ഗ്ഗം.

2003-നു ശേഷം, 2 ദശലക്ഷം ഇറാഖികള്‍ അഭയാര്‍ത്ഥികളായി അയല്‍രാജ്യങ്ങളിലേക്ക്‌ പലായനം ചെയ്തിരിക്കുന്നുവെന്ന്, അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യ രാഷ്ട്രസഭയുടെ ഹൈക്കമ്മീഷണര്‍ കണക്കാക്കിയിട്ടുണ്ട്‌.

ജീവിക്കാനായി നരകിക്കുകയാണ്‌, ജോര്‍ദ്ദാനിലും, സിറിയയിലും ഇക്കൂട്ടര്‍.

"ആണ്‍കുട്ടികളെയും പുരുഷന്മാരേയും രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഇടയുള്ളതിനാല്‍, സ്ത്രീകള്‍ക്ക്‌ പലപ്പോഴും നിയമവിരുദ്ധമായ തൊഴിലുകളിലേര്‍പ്പെടേണ്ടിവരുന്നു. പക്ഷേ തൊഴിലുടമകളില്‍നിന്നും പലേ വിധത്തിലുള്ള ഉപദ്രവങ്ങളും അവര്‍ക്ക്‌ സഹിക്കേണ്ടിവരാറുണ്ട്‌. അവര്‍ക്കാവശ്യമായ സംരക്ഷണം കൊടുക്കാനും അധികമൊന്നും ആകാറില്ല", അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ന്യൂയോര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ഒരു കമ്മീഷണ്‍ അടുത്ത കാലത്ത്‌ പ്രസിദ്ധീകരിച്ച അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെളിവെടുപ്പിനുവേണ്ടി ജോര്‍ദ്ദാനിലേക്ക്‌ പോയ അവരുടെ ഒരു സംഘം വ്യഭിചാരത്തിലേക്കു നിര്‍ബന്ധിതമായി വലിച്ചിഴക്കെപ്പെട്ട ഇത്തരത്ത്തിലുള്ള നിരവധി സ്ത്രീകളില്‍നിന്നും, പെണ്‍കുട്ടികളില്‍നിന്നും മൊഴിയെടുത്തു. പക്ഷേ റിപ്പോര്‍ട്ടില്‍, അധികം വിശദാംശങ്ങളൊന്നും പുറത്തുവന്നതുമില്ല.

പല ഇറാഖി പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങള്‍തന്നെ, ഈ പ്രവൃത്തിയിലേക്ക്‌ തള്ളിവിടുന്നുവെന്ന്, സിറിയയില്‍ തങ്ങളുടെ പ്രതിനിധികള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായി, ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിക്കുന്നു. കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്ന വ്യാപാരം ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ അവര്‍ നല്‍കുന്ന സൂചന.

സിറിയന്‍ അധികാരികള്‍ ഇതേക്കുറിച്ച്‌ നിശ്ശബ്ദത പാലിച്ചുവെങ്കിലും സ്വകാര്യ സംഭാഷണങ്ങളില്‍ അവര്‍ ഈ ആശങ്ക പങ്കുവെച്ചതായി ആംനസ്റ്റി പറഞ്ഞു.

കുറച്ചുമാസങ്ങള്‍ക്കുമുന്‍പ്‌, ഡമാസ്കസ്സിലെ പ്രൊഫഷണല്‍ കലാകാരന്‍മാരുടെ ഒരു സംഘടന, ഇത്തരത്തിലുള്ള മുപ്പതോളം നിശാക്ലബ്ബുകള്‍ പൂട്ടിക്കുകയുണ്ടായി. അതിലെ ഗായകരും,നര്‍ത്തകികളും ലൈസന്‍സില്ലാത്തവരാണെന്ന പേരില്‍. ആ നിശാക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുകളില്‍ ഭൂരിഭാഗവും ഇറാഖി സ്ത്രീകളായിരുന്നു.

ജറമാന, സിത്‌ സെയ്നാബ്‌ തുടങ്ങിയ സിറിയന്‍ പ്രദേശങ്ങളില്‍ ധാരാളം ഇറാഖി സ്ത്രീകളെ കാണാന്‍ കഴിയും. പുരുഷന്‍മാരോട്‌ 'സ്വകാര്യ ഇടങ്ങള്‍' അന്വേഷിച്ചും, അവരെ 'നേരമ്പോക്കിനു' ക്ഷണിച്ചും അവര്‍ തെരുവുകളില്‍ ചുറ്റിനടക്കുന്നു. ജോര്‍ദ്ദാനിലെ അമ്മാനിലുള്ള ഷെമിസാനി, റബായ്‌ ഭാഗങ്ങളിലേക്ക്‌ ധാരാളം ഇറാഖി അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നുണ്ട്‌. അവരിലെ സ്ത്രീകള്‍, അവിടെയുള്ള നിശാക്ലബ്ബുകളിലും മറ്റും നര്‍ത്തകികളായും, ആതിഥേയരുമായി ജോലി ചെയ്യുന്നു. ക്ലബ്ബിലെ പുരുഷ സന്ദര്‍ശകര്‍ക്കുള്ള വിനോദോപാധികളാണ്‌ ഇവരില്‍ ഏറെപ്പേരും.

വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍, ചില ഇറാഖി സ്ത്രീകളെ സിറിയയില്‍ നിന്നു നാടു കടത്തിയെന്ന്, സിറിയന്‍ വനിതാ നിരീക്ഷക സംഘടനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭര്‍ത്താവും, അച്ഛനും കൊല്ലപ്പെടുകയോ, മുറിവേറ്റുകഴിയുകയോ ചെയ്യുന്ന വീടുകളിലെ സ്ത്രീകളാണ്‌ ദുരിതമനുഭവിക്കുന്നവരില്‍ ഏറെയും.

"സഹായത്തിന്‌ ആരുമില്ലാതെ, നിരാലംബരായ ഈ സ്ത്രീകള്‍, സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെട്ട്‌, ദുരിതമയമായ അവസ്ഥകളില്‍, കുടുംബത്തെ പോറ്റാന്‍ ഇത്തരം ചുറ്റുപാടുകളില്‍ ചെന്നുപെടുന്നു".

ഇതല്ലെങ്കില്‍ അവര്‍ക്ക്‌ അശ്രയിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍, വരുമാനം തീരെ കുറഞ്ഞ വീട്ടുപണിയോ, അല്ലറ ചില്ലറ സാധനങ്ങള്‍ കച്ചവടം ചെയ്യലോ ഒക്കെയാണ്‌.

വിദേശത്തുള്ള ഒരു ബന്ധുവിന്റെ സഹായത്തോടെയാണ്‌ 250 ഡോളര്‍ വീട്ടുവാടകയും കൊടുത്ത്‌ താന്‍ ഇവിടെ കഴിഞ്ഞുകൂടുന്നതെന്നാണ്‌ അതൂത മറ്റുള്ളവരെ ധരിപ്പിച്ചിരിക്കുന്നത്‌. രണ്ടു പെണ്മക്കളും അവരും ഒരു മുറിയിലും, ഒരു മകന്‍ ഉമ്മറത്ത്‌ സോഫയിലുമായി കഴിഞ്ഞുകൂടുന്നു.

ഇറാഖിലേക്ക്‌ തനിക്കൊരിക്കലും തിരിച്ചുപോകാനാവില്ലെന്നും, പടിഞ്ഞാറുള്ള ഏതെങ്കിലുമൊരു രാജ്യത്ത്‌ ചെന്നെത്തിപ്പെടണമെന്നുമാണ്‌ ആഗ്രഹമെന്ന് അതൂത പറഞ്ഞു. അത്‌ പറയുമ്പോള്‍ അവര്‍ കരയുന്നുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ലത്രെ.

ഈ വര്‍ഷാവസാനത്തോടെ, ഏറ്റവും ദുരിതമനുഭവിക്കുന്ന 20,000 അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണമെന്നാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്, ഡമാസ്കസ്സിലെ, അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യ രാഷ്ട്രസഭാ കേന്ദ്രത്തിലെ ലാറന്‍സ്‌ ജോള്‍സ്‌ പറഞ്ഞു. 7,000 ഇറാഖികള്‍ക്ക്‌ തങ്ങള്‍ പ്രവേശനാനുമതി കൊടുക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. 20006 നു ശേഷം ഇതുവരെയായി 18,000 ഇറാഖികള്‍ക്ക്‌ അഭയം നല്‍കിയ സ്വീഡനാണ്‌ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്‌. പക്ഷേ ഈയിടെയായി, അവരും നിയമത്തില്‍ അല്‍പ്പം നിയന്ത്രണം വരുത്തിയിട്ടുണ്ട്‌.

സിറിയയിലുള്ള ഒന്നര ദശലക്ഷം ഇറാഖി അഭയാര്‍ത്ഥികളില്‍ കേവലം ഒരുവള്‍ മാത്രമാണ്‌ അതൂത.

"ഈ ജിവിതത്തില്‍ നിന്ന് എന്താണ്‌ എനിക്കു കിട്ടുന്നതെന്നു ദിവസവും ഞാന്‍ എന്നോടുതന്നെ ചോദിക്കും. വീടും, കുടുംബവും, അഭിമാനവും ഒന്നും ഇല്ല. കുറ്റബോധമാണെങ്കില്‍ എന്റെ ശരീരത്തെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു".കടപ്പാട് - countercurrents.org.
തര്‍ജ്ജമ - രാജീവ് ചേലനാട്ട്

Saturday, October 27, 2007

അദ്ധ്യായം-10- ശപിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ ഛായാചിത്രം

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

നീമ, ഗൊഢ (ബീഹാര്‍) - പൊടി കൊണ്ട്‌ വലഞ്ഞിരിക്കുകയാണ്‌ നീമ എന്ന ഗ്രാമം. എല്ലാവരുടെയും കണ്ണിലും മൂക്കിലുമൊക്കെ പൊടി കുമിഞ്ഞുകൂടുകയാണ്‌. വെള്ളത്തിലും, പാകം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലും, ഉണക്കാനിടുന്ന വസ്ത്രങ്ങളുടെ അകത്തും പുറത്തും ഒക്കെ. സാന്താള്‍ ഗോത്രക്കാരുടെ പൊതുവെ വൃത്തിയുള്ള വീടുകള്‍ക്കുമുകളില്‍ അവ കനത്ത അടരുകളായി കുമിഞ്ഞുകൂടുന്നു.

നീമയുടെ നാലു ഭാഗത്തുമായി പടര്‍ന്നുകിടക്കുകയാണ്‌, ഏഷ്യയിലെതന്നെ ഏറ്റവും വലിയ തുറസ്സായ ഏകമുഖ ഖനി സംരംഭം.ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന്റെ (Eastern Coal Fields Limited-ECL)ലാല്‍മട്ടിയയിലെ രാജ്‌മഹള്‍ കല്‍ക്കരി ഖനന പദ്ധതി(Rajmahal Coal Mining Project)യാണിത്‌. ദിവസത്തില്‍ 11,000 ടണ്‍ കല്‍ക്കരി പുറന്തള്ളിക്കൊണ്ട്‌, ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത്‌ ഖനി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്‌ ഫാക്ടറി. പദ്ധതിയുടെ പ്രധാന പണിശാലയും കലവറയുമാണ്‌ തെക്കേഭാഗത്ത്‌. വടക്ക്‌, അക്ഷരാര്‍ത്ഥത്തിലൊരു കൃത്രിമ മലനിരയും. 120 ടണ്ണും, 170 ടണ്ണും ഭാരം ചുമക്കുന്ന യന്ത്രങ്ങള്‍ ഭൂമിയുടെ 'അധികഭാരം' കൊണ്ടുവന്നു തള്ളുന്നത്‌ ഇവിടെയാണ്‌. അടിയിലുള്ള കല്‍ക്കരി നിക്ഷേപത്തിലേക്കെത്താന്‍ വേണ്ടി ഭൂമിയുടെ മുകള്‍വശം തുരക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന മണ്ണിനെയാണ്‌ ഈ 'അധികഭാരം' എന്നു വിളിക്കുന്നത്‌.

രാജ്‌മഹള്‍ കുന്നുകളിലേക്ക്‌ നീളുന്ന ഈ ഭീമാകാരമായ കൂനകള്‍, ഗ്രാമത്തിന്‌ ഒരു പ്രത്യേക പശ്ചാത്തലമൊരുക്കുന്നുണ്ട്‌. ചെളി നിറഞ്ഞ വഴിയോരങ്ങളില്‍ മനോഹരമായ വീടുകള്‍ കാണാം. ഇവ, സന്താള്‍ വാസ്തുനിര്‍മ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്‌. പരമ്പരാഗത വസ്തുക്കളും ചെളിയുംകൊണ്ട്‌ നിര്‍മ്മിച്ച വീടുകളാണ്‌ സന്താള്‍ ഗോത്രക്കാരുടേത്‌. നീമയില്‍ മാത്രം 4000-ലധികം ആളുകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മൂന്നിലൊന്ന് സന്താളുകളാണ്‌. ബാക്കി മുസ്ലീമുകളും.

പൊടിയില്‍ മുങ്ങിക്കുളിച്ചവയാണെങ്കിലും ചില വീടുകള്‍ കാണാന്‍ വളരെ ഭംഗിയുള്ളവയാണ്‌. ചൂടിനെ പ്രതിരോധിക്കാന്‍ പറ്റിയ വീടുകള്‍ നിര്‍മ്മിക്കാന്‍ സന്താളുകള്‍ക്കറിയാം. വീടിനു പുറത്തെ കാലാവസ്ഥ അസഹനീയമാകുമ്പോഴും,മുപ്പതിഞ്ചു ഘനത്തില്‍ നിര്‍മ്മിച്ച ചുമരുകള്‍ വീടിന്റെ ഉള്‍ഭാഗത്തെ സമര്‍ത്ഥമായി ശീതീകരിക്കുന്നു. നമ്മുടെ നാഗരിക വാസ്തുവിദ്യക്കാര്‍ക്ക്‌ അവരില്‍ നിന്ന് പലതും പഠിക്കാനുണ്ട്‌. എന്റെ താത്‌പ്പര്യത്തെ കൗതകത്തോടെയാണ്‌ ബാംബിഹരി എന്ന ഗോത്രക്കാരന്‍ വീക്ഷിച്ചത്‌. "ചിത്രങ്ങള്‍ എടുത്തോളൂ. ഞങ്ങള്‍ക്കും വേണ്ടിവരും ഈ ചിത്രങ്ങള്‍. ഈ വീടുകളൊക്കെ അടുത്തുതന്നെ പോകാനുള്ളവയാണ്‌". അയാള്‍ പറഞ്ഞു.

ശപിക്കപ്പെട്ട ഗ്രാമമാണെന്ന് ബോദ്ധ്യമുണ്ടായിരുന്നു നീമക്ക്‌.

ഈ കല്‍ക്കരി പദ്ധതി 18 ഗ്രാമങ്ങളെയാണ്‌ ബാധിച്ചിരിക്കുന്നത്‌. പന്ത്രണ്ടെണ്ണം ഖനിയുടെ അതിര്‍ത്തിയില്‍ തന്നെയാണ്‌. നീമ, ഹിജുകിത, ഘടി സിമ്ര എന്നീ ഗ്രാമങ്ങള്‍ക്കാണ്‌ ഏറെയും ദുരിതമനുഭവിക്കേണ്ടിവരിക. ഇവയില്‍ ഏറ്റവും വലുതാണ്‌ നീമ. മഴക്കാലത്ത്‌ ഈ ഗ്രാമങ്ങളിലേക്കെത്തിപ്പെടുകയെന്നത്‌, ഏറെ ദുര്‍ഘടം പിടിച്ച പണിയാണ്‌. കല്‍ക്കരിപ്പൊടിയും, മാലിന്യങ്ങളും, ചെളിയും, വിസര്‍ജ്ജ്യവസ്തുക്കളുമൊക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു വലിയ പ്രദേശം. ഗോഢയിലെ ഖനനങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങളാണ്‌ പലയിടത്തും കുന്നുകൂടി കിടക്കുന്നത്‌.

പക്ഷേ, കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെ അവസാന നിമിഷംവരെ ചെറുത്തുനില്‍ക്കുന്നവരുടെ കഥയൊന്നുമല്ല നീമയുടേത്‌. പദ്ധതിക്കുവേണ്ടി സ്ഥലമൊഴിഞ്ഞതിനു പകരമായി ലഭിച്ച തൊഴിലവസരവും വാങ്ങി കഴിയുന്നവരാണ്‌ ഭൂരിഭാഗവും. പലരും സ്ഥലമൊഴിഞ്ഞുപോവാന്‍ തയാറായിക്കഴിഞ്ഞു. "ജീവിതകാലം മുഴുവനും ഇതും ശ്വസിച്ച്‌ കഴിയാനാകുമെന്ന് വിചാരിക്കുന്നുണ്ടോ നിങ്ങള്‍?", ഗ്രാമത്തിലെ താമസക്കാരനും, ഖനി തൊഴിലാളിയുമായ ജയ്‌നാരായണ്‍ സിംഗ്‌ ചോദിക്കുന്നു.

തങ്ങള്‍ക്കും മറ്റു പ്രദേശവാസികള്‍ക്കും ഗുണകരമാകേണ്ടിയിരുന്ന ഒരു പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്നാണ്‌ ഗ്രാമവസികള്‍ വിശ്വസിക്കുന്നത്‌. തൊഴിലിനു പകരമായി അവര്‍ നൂറ്‌ ഏക്കര്‍ ഭൂമി സര്‍ക്കാരിനു നല്‍കി. പക്ഷേ പിന്നീട്‌ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മാറ്റി. ആദ്യം പറഞ്ഞത്‌, ഒരു ഏക്കര്‍ ഭൂമി കൊടുക്കുന്ന കുടുംബത്തിലെ എല്ലാവര്‍ക്കും ജോലി കൊടുക്കുമെന്നായിരുന്നു. പിന്നീടത്‌, കുടുംബത്തിലെ ഏതെങ്കിലും ഒരാള്‍ക്ക്‌ ജോലി എന്നാക്കി മാറ്റി. പിന്നീട്‌ അതും ഗവണ്മെണ്ട്‌ തിരുത്തി. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്‌, രണ്ട്‌ ഏക്കര്‍ ഭൂമി കൊടുക്കുന്ന ആളുകള്‍ക്ക്‌ തൊഴില്‍ കൊടുക്കാമെന്നാണ്‌.

നീമയിലെ പല താമസക്കാരും ഇതിനുമുന്‍പ്‌ ലാല്‍മട്ടിയയിലെ ഭൂഗര്‍ഭ ഖനികളില്‍(Underground-incline) ജോലി ചെയ്തിരുന്നവരായിരുന്നു. 1980-കളിലാണ്‌ തുറന്ന ഖനികളുടെ രീതി (Opencast)ആരംഭിച്ചത്‌. അതുകൊണ്ട്‌, ഈ തൊഴിലാളികളെ യാതൊരു ഉപാധികളുമില്ലാതെ സ്വാഭാവികമായിതന്നെ പുതിയ ഖനികളിലേക്ക്‌ ജോലിക്കെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഭൂമിക്കു പകരം തൊഴില്‍ എന്ന ഈ ഏര്‍പ്പാട്‌ അതുകൊണ്ടുതന്നെ, ഇവരെ സംബന്ധിച്ചിടത്തോളം, ഉള്ള ഭൂമികൂടി നഷ്ടപ്പെടുത്തുക എന്ന അവസ്ഥയായിരുന്നു. ഗ്രാമത്തിലെ മൊഹാലികള്‍ക്ക്‌ (പട്ടിക ജാതിക്കാരിലെ ഏറ്റവും താഴ്‌ന്ന വിഭാഗക്കാര്‍)ഇത്‌ കനത്ത നാശമാണ്‌ വരുത്തുക. ഇക്കൂട്ടരില്‍ അധികവും ഭൂമിയില്ലാത്തവരും, ബാക്കിയുള്ളവര്‍, രണ്ടേക്കറിലും താഴെ മാത്രം ഭൂമിയുള്ളവരുമായിരുന്നു.

അവരില്‍ ചിലരുടെ വീടിനു കിട്ടാനിടയുള്ള നഷ്ടപരിഹാരം പരമാവധി 1500 രൂപയോ 2000-മോ മാത്രമാണ്‌. അതിന്റെ മൂന്നിരട്ടി വിലക്കുപോലും അവര്‍ക്ക്‌ പുതിയ വീട്‌ ആ പ്രദേശത്തെവിടെയും നിര്‍മ്മിക്കാനാവുകയുമില്ല. വിചിത്രമെന്നു പറയട്ടെ,ഇതൊക്കെ നടക്കുന്നതോ, സന്താള്‍ പര്‍ഗാന ഡിവിഷന്റെ കീഴില്‍ വരുന്ന സ്ഥലത്തും. സ്ഥലം കൈമാറാനോ ദാനം ചെയ്യാനോ നിയമപ്രകാരം അനുവാദമില്ലാത്ത പ്രദേശമാണിത്‌. പക്ഷേ, ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക അറിയിപ്പോടെ, കേന്ദ്ര ഗവണ്മെണ്ട്‌ 1980-കളില്‍ കല്‍ക്കരി ഏറ്റെടുക്കല്‍ നിയമം (Coal Bearing Act) വഴി ഈ സ്ഥലം ഏറ്റെടുത്തപ്പോള്‍ ഭൂമിയുടെ കൈവശാവകാശം മാറിമറിഞ്ഞു. പദ്ധതി തുടങ്ങിയപ്പോള്‍, നീമയിലെ ആളുകള്‍ക്ക്‌ അതിന്റെ വ്യാപ്തിയെക്കുറിച്ചോ, അനന്തരഫലത്തെക്കുറിച്ചോ ഒന്നും അറിവുണ്ടായിരുന്നില്ല. അറിഞ്ഞുതുടങ്ങിയത്‌, സ്ഥലം നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ മാത്രമായിരുന്നു. വളരെ വേഗതയിലും, ഇടവേളയില്ലാതെയുമായിരുന്നു ഭൂമിയേറ്റെടുക്കല്‍ നടപടികള്‍.

"അതിനു നല്ല മിടുക്കുണ്ടായിരുന്നു അവര്‍ക്ക്", ബാബാജി എന്ന ക്ഷുഭിതനായ ഒരു സന്താള്‍ യുവാവ്‌ പറഞ്ഞു. "ഞങ്ങള്‍ക്കാകട്ടെ വെള്ളവും വെളിച്ചവുമൊന്നുമില്ല, ഈ പൊടിയാണെങ്കില്‍, ഞങ്ങളുടെ ജീവിതം തന്നെ നാശമാക്കുകയും ചെയ്തു. അവര്‍ക്ക്‌ ഞങ്ങളെ ഇവിടെനിന്ന് ഓടിക്കണം. എവിടേക്കാണ്‌ ഞങ്ങള്‍ പോകേണ്ടതെന്ന് അവര്‍ക്കുപോലും പറയാനാകുന്നില്ല." ടോര്‍ച്ചും മെഴുകുതിരിയുമായി മണിക്കൂറുകള്‍ ചിലവഴിച്ച്‌ രണ്ടു രാത്രികളിലായിട്ടാണ്‌ ഞങ്ങള്‍ ഗ്രാമവാസികളുമായുള്ള അഭിമുഖങ്ങള്‍ നടത്തിയത്‌. ഗ്രാമത്തില്‍ വൈദ്യുതിബന്ധം ഉണ്ടായിരുന്നുവെങ്കിലും, പ്രതിദിനം ലഭിക്കാറുണ്ടായിരുന്ന നാലു മണിക്കൂര്‍ വൈദ്യുതിപോലും ഗ്രാമത്തില്‍ അപ്പോള്‍ കിട്ടുന്നുണ്ടായിരുന്നില്ല. ഇ.സി.എല്‍ മാനേജ്‌മന്റ്‌ അത്‌ വിച്ഛേദിച്ചിരുന്നു. പദ്ധതിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌,"ഞങ്ങളുടെ വൈദ്യുതി മോഷ്ടിച്ചതിനുള്ള ശിക്ഷയാണ്‌" അതെന്നായിരുന്നു.

നീമ ഗ്രാമത്തെ ഒഴിപ്പിച്ച്‌, ബാറ സിമ്രപോലെത്തന്നെ അതിനെ വേണ്ടുംവണ്ണം പുനരധിവസിപ്പിക്കുമെന്ന് രാജ്‌മഹല്‍ ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌ ലിമിറ്റഡിന്റെ (ഇ.സി.എല്‍) ചീഫ്‌ ജനറല്‍ മാനേജര്‍ അര്‍.സി.ശര്‍മ്മ പറഞ്ഞു. പുനരധിവാസ ശ്രമങ്ങള്‍ ഗൗരവമായി നടക്കുന്ന ഒരു ഗ്രാമമാണ്‌ ബാറ സിമ്ര. പക്ഷേ എന്തുകൊണ്ടാണ്‌ ബാറ സിമ്രക്ക്‌ ഈ ഭാഗ്യം കൈവന്നതെന്നതിനെക്കുറിച്ചും ഗ്രാമവാസികള്‍ക്ക്‌ വ്യക്തമായ ധാരണയുണ്ട്‌. ഖനിയുടെ വികസന പദ്ധതികള്‍ക്ക്‌ വിഘാതമാകുന്ന തരത്തിലായിരുന്നു ആ ഗ്രാമത്തിന്റെ കിടപ്പ്‌. അതുകൊണ്ടായിരുന്നു ബാറ സിമ്രക്ക്‌ പ്രത്യേക പരിഗണന കിട്ടിയത്‌. മാനേജ്‌മെന്റിലെ ചിലര്‍ ഈ വസ്തുത ശരിവെക്കുകയും ചെയ്തു.

ബാറ സിമ്രയില്‍ തങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ 'ഉയര്‍ത്തിക്കാട്ടുകയായിരുന്നു' ഇ.സി.എല്‍ മാനേജ്‌മെന്റിന്റെ ലക്ഷ്യം. അതിനെ പ്രകീര്‍ത്തിക്കുന്ന ഒരു വീഡിയോ കാസറ്റ്‌ പുറത്തിറക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ടായിരുന്നു. പക്ഷെ ഇതുകൊണ്ടൊന്നും മറ്റുള്ള ഗ്രാമങ്ങളിലെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ മാനേജ്‌മെന്റിന്‌ കഴിഞ്ഞില്ല. ബാറ സിമ്രക്ക്‌ ലഭിച്ച പ്രത്യേക പരിഗണന, രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രാമവാസികള്‍ക്കറിയാം. ആ ഗ്രാമത്തിലായിരുന്നു ഝാര്‍ഖണ്ടിലെ (ജെ.എം.എം) ഒരു വിഭാഗത്തിന്റെ പ്രാദേശിക നേതാവിന്റെ വീട്‌.

നേതാവും, അയാളുടെ സഹോദരനും വീടുകള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു ബാറ സിമ്രയില്‍. അതില്‍ സഹായിക്കാനായി, ചില എഞ്ചിനീയര്‍മാരേയും, ആര്‍ക്കിട്ടെക്ടുകളെയും ഇ.സി.എല്‍ മാനേജ്‌മന്റ്‌ സന്തോഷപൂര്‍വ്വം വിട്ടുകൊടുക്കുകയും ചെയ്തു. നേതാവിനെ കാണാന്‍ കഴിഞ്ഞില്ല. ഒരു 'ഝാര്‍ഖണ്ട്‌ ബന്ദ്‌' നടത്തിയതിനെത്തുടര്‍ന്ന്, സര്‍ക്കാര്‍തല അന്വേഷണം വന്ന സമയമായതുകൊണ്ട്‌ അയാള്‍ ഒളിവില്‍ പോയിരുന്നു. വീടുനിര്‍മ്മാണം പക്ഷെ, ഒരു തടസ്സവുമില്ലാതെ നടന്നിരുന്നു. ചില യൂണിയന്‍ നേതാക്കളും, ഇ.സി.എല്‍. മാനേജമെന്റും തമ്മിലുള്ള അവിഹിത ബന്ധം ഈ ഗ്രാമത്തില്‍ പ്രത്യക്ഷമായിതന്നെ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു.

"ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന ഒരു ഉദ്ദേശ്യവും അവരുടെ ഭാഗത്തുനിന്നില്ല." മറ്റൊരു ഖനി തൊഴിലാളി പറഞ്ഞു. "ബാറ സിമ്രയെ മാറ്റിപ്പര്‍പ്പിച്ചതില്‍, പദ്ധതിയുടെ പരിഗണനകളാണ്‌ പ്രതിഫലിക്കുന്നത്‌. ഞങ്ങളോടുള്ള പരിഗണനയല്ല".

ആയിരക്കണക്കിനാളുകളുടെ ജീവിതത്തെയാണ്‌ എക്കാലത്തേക്കുമായി ഇവര്‍ മാറ്റിമറിക്കുന്നത്‌. ഇത്രയൊക്കെയായിട്ടും പുനരധിവാസത്തിനായുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റെങ്കിലും സൃഷ്ടിക്കാന്‍ ഇ.സി.എല്ലിനു ഇതുവരെ കഴിഞ്ഞിട്ടില്ല്ല. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ ആവശ്യത്തിലധികം ചുമതലകള്‍ വഹിക്കുന്ന ആളുകളെത്തന്നെയാണ്‌, പുനരധിവാസത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ കമ്പനി ഏര്‍പ്പാടുചെയ്തിട്ടുള്ളത്‌. പാര്‍ട്ട്‌-ടൈം വ്യവസ്ഥയില്‍. "ഇ.സി.എല്ലിന്റെ പ്രാഥമിക പരിഗണനയെയാണ്‌ ഇത്‌ കാണിക്കുന്നത്‌" ഒരു പ്രാദേശിക തൊഴിലാളി നേതാവ്‌ പറഞ്ഞു.

നഷ്ടപരിഹാര തുക 1980-കളുടെ ആദ്യം കണക്കാക്കിയ അതേ അടിസ്ഥാനത്തിലാണ്‌. ഏക്കറിന്‌ 3000 രൂപ മുതല്‍, ഏറിയാല്‍ 17,500 വരെ മാത്രം. ഒട്ടുമിക്ക ഭൂമിയെയും താഴ്‌ന്ന ഗണത്തിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്ലോട്ടുകളുടെ പണ്ടത്തെ വിലയുടെ അടിസ്ഥാനത്തില്‍. "ഞങ്ങള്‍ വിയര്‍പ്പൊഴുക്കി ഫലഭൂയിഷ്ഠമാക്കിയ ഭൂമിയാണിത്‌. അവര്‍ തരുന്ന വിലകൊണ്ട്‌, ഇപ്പോഴുള്ള ഭൂമിയുടെ പത്ത്‌ ശതമാനം സ്ഥലം പോലും എവിടെയും വാങ്ങാന്‍ കഴിയില്ല", മിസ്ത്രി മരന്ദായി പറഞ്ഞു. ഇപ്പോള്‍ ഇവിടെ ഏക്കറിന്‌ 52,000 രൂപയുണ്ട്‌.

ഈ ചെറിയ നഷ്ടപരിഹാരം പോലും എല്ലാവരിലേക്കും എത്തിയില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. ഹിജുകിതയില്‍, ചിലര്‍ക്ക്‌, നഷ്ടപരിഹാരത്തുകയുടെ മൂന്നിലൊരു ഭാഗം മാത്രമേ ഇതുവരെയായി കിട്ടിയിട്ടുള്ളു.

സ്ഥലം ഏറ്റെടുത്തിട്ട്‌ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞതുകൊണ്ട്‌,ബാക്കി തുക പലിശസഹിതം വേണമെന്നാണ്‌ ഗ്രാമീണര്‍ ആവശ്യപ്പെടുന്നത്‌. ചില ഗ്രാമവാസികള്‍ ഇതുവരെയായിട്ടും ചെക്കുകള്‍ മേടിക്കാത്തതുകൊണ്ട്‌ അവയുടെ കാലാവധിയും കഴിഞ്ഞിരിക്കുന്നു.

സംഭവബഹുലമായിരുന്നു ഹിജുകിതയിലേക്കുള്ള എന്റെ സന്ദര്‍ശനം. ഖനിയില്‍ നടക്കുന്ന സ്ഫോടനങ്ങളുടെ ആഘാതംകൊണ്ട്‌ ഒരു മതിലും, രണ്ടു വാതിലുകളും തകര്‍ന്നു വീണിരുന്നു അന്നേ ദിവസം.

നീമയിലെ ആളുകള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ ശര്‍മ്മ നിഷേധിക്കുന്നില്ല. അവരുടെ അവസ്ഥ "കഷ്ടതകള്‍ നിറഞ്ഞതും, ഹൃദയഭേദകവുമാണെന്ന്" അയാള്‍ സമ്മതിക്കുന്നുമുണ്ട്‌. എന്നിട്ടും, ഇതുവരെയായിട്ടും അവര്‍ക്ക്‌ സ്ഥലമൊഴിഞ്ഞുപോവാനുള്ള കടലാസ്സുകളൊന്നും കിട്ടിയിട്ടുമില്ല. "അവര്‍ ഞങ്ങളെയിട്ടു കളിപ്പിക്കുകയാണ്‌. ഇവിടെ താമസിക്കുന്നത്‌ അസാദ്ധ്യമാണെന്നുകണ്ട്‌ ഞങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകുമെന്നാണ്‌ അവര്‍ കരുതുന്നത്‌" ഒരു ഗ്രാമവാസി പറഞ്ഞു.

അതു പക്ഷേ, അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകളെ ഒഴിപ്പിച്ചെടുക്കുന്ന മറ്റു പദ്ധതികളില്‍നിന്നു വ്യത്യസ്തമായി, ഇവിടെ, ആളുകള്‍ അപ്രത്യക്ഷരാവുന്നില്ല. അവര്‍ അടുത്ത ദിവസം തന്നെ ജോലിക്ക്‌ ഹാജരാവുന്ന അപൂര്‍വ്വ സ്ഥിതിവിശേഷമാണ്‌ ഇവിടെയുള്ളത്‌.

ഖനിതൊഴിലാളികളുടെയിടയിലെ ഒരു പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാവായ രാം സ്വരൂപ്‌ പറഞ്ഞപോലെ, "എല്ലാവര്‍ക്കും ഒഴിഞ്ഞുപോകേണ്ടിവരുന്നു. ജോലി കിട്ടുന്നതാകട്ടെ ചിലര്‍ക്കു മാത്രവും. വീടുകളില്‍നിന്നു മാത്രമല്ല ഒഴിഞ്ഞുപോകേണ്ടിവരുന്നത്‌. അവരുടെ സംസ്ക്കാരത്തില്‍നിന്നും, ചരിത്രത്തില്‍നിന്നുകൂടിയാണ്‌". സന്താളുകളുടെ ജെഹെര്‍തന്‍ എന്ന പവിത്രവൃക്ഷവും, അവരുടെ ശ്മശാനവും മാലിന്യക്കൂമ്പാരങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായപ്പോള്‍, രാം സ്വരൂപ്‌ പറഞ്ഞത്‌ സത്യമാണെന്നു തെളിഞ്ഞു. "പക്ഷേ, ഈ ഗ്രാമവാസികള്‍ക്കാര്‍ക്കും, ഇതുവരെ ഒരു ഔദ്യോഗികമായ അറിയിപ്പും കിട്ടിയിട്ടില്ല" രാം സ്വരൂപ്‌ പറഞ്ഞു. അയാളുടെ സംഘടന (United Coal Workers Union-AITUC യുടെ ഒരു സഹോദരസംഘടന) അതിന്റെ അംഗങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നല്ല. ദുരിതമനുഭവിക്കുന്ന, കുടിയൊഴിഞ്ഞുപോകുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്‌ അവര്‍ പൊരുതുന്നത്‌. "പാവങ്ങളെ എന്തിനു പങ്കിട്ടെടുക്കണം?", അയാള്‍ ചോദിക്കുന്നു.

നീമ നേരിടുന്ന മറ്റു ചില പ്രശ്നങ്ങളുമുണ്ട്‌. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും, പത്തു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആശുപത്രിയിലേക്കുള്ള പോക്കുവരവ്‌ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുന്നു. ആ പ്രദേശത്ത്‌ സ്ഥാപിച്ചിരിക്കുന്ന കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ (Central Industrial Security Force-CISF) പോസ്റ്റിലെ സൈനികരുടെ നിലപാട്‌ അവര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുകളാണ്‌ സൃഷ്ടിക്കുന്നത്‌. കുറച്ചുമുന്‍പ്‌, വെള്ളം കൊണ്ടുവരാന്‍ പോയ സ്ത്രീകളെ അവര്‍ ഭയപ്പെടുത്തിയിരുന്നു. ഞാന്‍ ആ സ്ത്രീകളോട് സംസാരിച്ചു. ഗ്രാമാതിര്‍ത്തിയില്‍ പ്രാഥമികകൃത്യം നിര്‍വ്വഹിക്കാന്‍ പോയ അബു താലിഫ് എന്നൊരാളെ സി.ഐ.എസ്‌.എഫ്‌.കാര്‍ മര്‍ദ്ദിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നു. അബുവിനെയും ഞാന്‍ കണ്ടു. തന്റെ അനുഭവങ്ങള്‍ വിവരുക്കുമ്പോഴും അബു താലിഫ്‌ ഭയന്നു വിറക്കുന്നുണ്ടായിരുന്നു.

പുനരധിവാസമെന്ന പ്രക്രിയക്ക്‌ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്ന്, പ്രൊജക്റ്റ്‌സ്‌ ആന്‍ഡ്‌ പ്ലാനിംഗ്‌ വിഭാഗത്തിന്റെ മേധാവി എസ്‌.ഉപാദ്ധ്യായ സമ്മതിച്ചു. "സാമൂഹ്യമായ ഘടകം കണക്കാക്കപ്പെടെണ്ടതുണ്ട്‌. ഞങ്ങള്‍ ഇവര്‍ക്ക്‌ കൂടുതല്‍ നല്ല സൗകര്യങ്ങളും പ്രദേശങ്ങളുമൊക്കെ വാഗ്ദാനം ചെയ്തുവെങ്കിലും, ഒഴിഞ്ഞുപോകാന്‍ ഇവര്‍ മാനസികമായി തയ്യാറായിട്ടില്ല". എങ്ങിനെ തയ്യാറാകും? പദ്ധതി ഇവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ കഴിഞ്ഞകാല ചരിത്രം അത്രയൊന്നും ആശാവഹമായിരുന്നില്ല.

“ഈ പദ്ധതികൊണ്ട്‌ വരാന്‍ പോകുന്ന വലിയ നേട്ടങ്ങളെക്കുറിച്ച്‌ ഇവര്‍ കുറച്ചുകാലം മുന്‍പ്‌ ഞങ്ങളോട്‌ പറയുകയുണ്ടായി. ഇത്‌ ഞങ്ങള്‍ക്കുവേണ്ടിയാണെന്നും, ഞങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റും. ഇന്ന്, പലര്‍ക്കും തൊഴിലില്ല. എല്ലാവര്‍ക്കും അവരുടെ ഭൂമി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഞങ്ങള്‍ക്കാകെയുള്ളത്‌, ഈ പൊടി മാത്രമാണ്‌. ഞങ്ങളുടെ വീടുകള്‍ നോക്കൂ. നീമയെ തരിപ്പണമാക്കിക്കഴിഞ്ഞാല്‍, ഇതുപോലെയുള്ള വീടുകള്‍ ഇവര്‍ ഞങ്ങള്‍ക്കുണ്ടാക്കി തരുമോ?" ബാംബിഹരി മുര്‍മു ചോദിക്കുന്നു.

മണ്ണില്‍ നിന്നു മണ്ണിലേക്ക്‌ എന്നത്‌, നീമയെ സംബന്ധിച്ചിടത്തോളം, പ്രവചനസ്വഭാവമുള്ള, ഭീഷണമായ ഒരു ക്ലീഷേയായിരിക്കുന്നു ഇന്ന്.

പിന്‍കുറിപ്പ്‌

നീമയിലെ ഗ്രാമവാസികള്‍ അവരുടെ യുദ്ധത്തില്‍ ഭാഗികമായി വിജയിച്ചിരിക്കുന്നുവെന്നാണ്‌ ഏറ്റവും അവസാനമായി അറിയാന്‍ കഴിഞ്ഞത്‌. അര്‍ഹമായ നഷ്ടപരിഹാരത്തോടെ, മാന്യമായി പുനരധിവസിപ്പിക്കപ്പെടുമെന്ന ഉറപ്പ്‌ അവര്‍ക്ക്‌ കിട്ടിയതായി അറിഞ്ഞു. ജീവിതം മെല്ലെ മെല്ലെ ദുഷ്ക്കരമാക്കി അവരെ പുകച്ചു പുറത്തു ചാടിക്കുക, അങ്ങിനെ, നഷ്ടപരിഹാര ബാദ്ധ്യതയില്‍ നിന്നു സമര്‍ത്ഥമായി തലയൂരുക എന്ന, ഇ.സി.എല്ലിന്റെ ഗൂഢോദ്ദേശ്യം പരാജയപ്പെട്ടു.
* ഖനികള്‍ രണ്ടു തരത്തിലുള്ളവയാണ്. ഒന്ന്, ഭൂമിയില്‍ നിന്നു താഴേക്കു ചെരിച്ചെടുക്കുന്ന (Underground-incline)ഖനികള്‍ . കുത്തനെയുള്ള ഭൂപ്രദേശങ്ങളില്‍ ഈ രീതിയാണ് അവലംബിക്കാറ്. മറ്റൊന്ന്, ക്വാറിയിലെപ്പോലെ വലിയ കുഴികളെടുത്തുകൊണ്ടുള്ള, തുറസ്സായ (Open-cast)ഖനികളും.

അതിരുകളില്ലാത്ത ബ്ലോഗ്ഗര്‍മാര്‍

സിറിയ ഭംഗിയുള്ള ഒരു രാജ്യമാണ്‌. ചുരുങ്ങിയ പക്ഷം ഞാന്‍ അങ്ങിനെയാണ്‌ വിചാരിക്കുന്നത്‌."ഞാന്‍ വിചാരിക്കുന്നത്‌' എന്ന് എടുത്തെഴുതിയത്‌, ഒരു പക്ഷേ, സാധാരണവും സുരക്ഷിതവുമായ ജീവിതാവസ്ഥയെ ഞാന്‍ 'ഭംഗി'യുമായി കൂട്ടിക്കുഴക്കുന്നതുകൊണ്ടായിരിക്കുമെന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിനു മുന്‍പുള്ള ബാഗ്ദാദുപോലെത്തന്നെയാണ്‌ പല നിലക്കും ഡമാസ്കസ്സും. തിരക്കുള്ള തെരുവുകള്‍, ഗതാഗതക്കുരുക്കുകള്‍, ആളുകള്‍ തിങ്ങിനിറഞ്ഞ അങ്ങാടികള്‍. അതേസമയം, പല നിലയ്ക്കും അത്‌ ബാഗ്ദാദില്‍നിന്നു ഏറെ വിഭിന്നവുമാണ്‌. ഇവിടെ കെട്ടിടങ്ങള്‍ കൂടുതല്‍ പൊക്കമുള്ളവയാണ്‌, തെരുവുകള്‍ കൂടുതല്‍ ഇടുങ്ങിയതും. പിന്നെ, ഉന്നതശീര്‍ഷനായി, വിദൂരതയില്‍ ഈ ക്വാസിയോണ്‍ പര്‍വ്വതവും.

ബാഗ്ദാദില്‍നിന്നുള്ള മറ്റു പലരെയും പോലെ, മലകള്‍ എന്നെയും അത്ഭുതപ്പെടുത്താറുണ്ട്‌. വടക്കന്‍ ഇറാഖില്‍ പര്‍വ്വതങ്ങളുണ്ട്‌. പക്ഷേ ഇറാഖിന്റെ ബാക്കി ഭാഗങ്ങള്‍ വെറും സമതലങ്ങളാണ്‌. രാത്രികളില്‍ ക്വാസിയോണ്‍ മല ഇരുട്ടില്‍ വിലയം പ്രാപിക്കും. ഇടക്കിടക്ക്‌ മലമുകളിലെ ലൈറ്റ്‌ഹൗസുകളില്‍ നിന്നും ഭക്ഷണശാലകളില്‍നിന്നും വരുന്ന പ്രകാശരേണുക്കള്‍ മാത്രമാണ്‌ ക്വാസിയോണിനെ അപ്പോള്‍ ദൃശ്യമാക്കുക. ഞാന്‍ ഓരോ ചിത്രമെടുക്കുമ്പോഴും, അതില്‍ ക്വാസിയോണിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്റെ ക്യാമറക്കു മുന്‍പില്‍ വരുന്ന ഓരോ ആളുകളെയും അതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

ഇവിടെ ചിലവഴിച്ച ആദ്യത്തെ ചില ആഴ്ചകള്‍ എനിക്കു സമ്മാനിച്ചത്‌ വല്ലത്തൊരു അനുഭവമാണ്‌. ഇറാഖിലെ യുദ്ധകാലാനുഭവങ്ങള്‍ എനിക്കു നല്‍കിയ ചില ശീലങ്ങളില്‍നിന്ന് സ്വയം മുക്തമാവാന്‍ എനിക്ക്‌ മൂന്ന് മാസം വേണ്ടിവന്നു. നമ്മള്‍ സ്വയം വളര്‍ത്തിയെടുക്കുന്നചില ശീലങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ നല്ല തമാശ തോന്നും. ആ ശീലങ്ങളുടെ വിചിത്ര സ്വഭാവത്തെക്കുറിച്ച്‌ നമ്മള്‍ ബോധവാന്മാരാകുന്നേയില്ല. ഉദാഹരണത്തിന്‌, മറ്റുള്ളവരുടെ നോട്ടത്തെ അവഗണിച്ച്‌, കണ്ണുകള്‍ താഴെ നട്ട്‌ നടക്കുന്നതും, ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ വണ്ടിയില്‍ ഇരിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതും ഒക്കെ. തലയുയര്‍ത്തി നടക്കാനും, ഇടക്കിടക്ക്‌ പിന്‍തിരിഞ്ഞു നോക്കാതിരിക്കാനുമൊക്കെ ഞാന്‍ പഠിച്ചത്‌ ആഴ്ച്ചകളെടുത്തിട്ടാണ്‌.

സിറിയയില്‍ ഇന്ന് 1.5 മില്ല്യണ്‍ ഇറാഖികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഞാനത്‌ വിശ്വസിക്കുകയും ചെയ്യുന്നു. ഡമാസ്കസ്സിന്റെ വഴികളില്‍ക്കൂടി യാത്ര ചെയ്യുമ്പോള്‍, എല്ലായിടത്തും നിങ്ങള്‍ക്ക്‌ ആ ഇറാഖി ശൈലി കേള്‍ക്കാനാകും. ജെറമാന, കുദ്‌സിയ പോലുള്ള ചില സ്ഥലങ്ങളില്‍ ഇറാഖി അഭ്യാര്‍ത്ഥികള്‍ തിങ്ങിഞ്ഞെരുങ്ങി കഴിയുന്നു. ഈ പ്രദേശങ്ങളില്‍, സിറിയക്കാര്‍ തീരെ കുറവാണ്‌. പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ മുഴുവന്‍ ഇറാഖി കുട്ടികളാണുള്ളത്‌. എന്റെയൊരു കസിന്‍ കുദ്‌സിയയിലെ ഒരു സ്കൂളിലാണ്‌. അവന്റെ ക്ലാസ്സില്‍ മാത്രം 26 ഇറാഖി കുട്ടികളാണുള്ളത്‌. സിറിയന്‍ കുട്ടികള്‍ വെറും അഞ്ചുപേരും. ചിലപ്പോള്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നും. ജീവിത ചിലവും, വീട്ടുവാടകയും കഴിച്ചാല്‍, പിന്നെ, നീക്കിയിരുപ്പെന്നു പറയാന്‍ ഒട്ടുമിക്ക ഇറാഖി കുടുംബങ്ങള്‍ക്കും അധികമൊന്നും അവശേഷിപ്പില്ല.

ഇവിടെ വന്ന്, ഒരു മാസം കഴിഞ്ഞപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങി, മറ്റു പല രാജ്യങ്ങളെപ്പോലെ സിറിയയും ഇറാഖികള്‍ക്ക്‌ വിസ നിര്‍ബന്ധമാക്കാന്‍ പോകുന്നുവെന്ന്. അങ്ങിനെ, ഒടുവില്‍, ഞങ്ങള്‍ ഇറാഖികളുടെ അവശേഷിച്ച രണ്ടു അഭയകേന്ദ്രങ്ങളെയും (ഡമാസ്കസ്‌, അമ്മാന്‍) ഞങ്ങളില്‍ നിന്ന് തട്ടിപ്പറിച്ചേ അടങ്ങൂവെന്ന് ഞങ്ങളുടെ പരിശുദ്ധ പാവ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ഏറെക്കുറെ ഉറപ്പായി. സിറിയന്‍-ജോര്‍ദ്ദാന്‍ അധികാരികളുമായി അവര്‍ നടത്തിയ ചര്‍ച്ചക്ക്‌ അങ്ങിനെയൊരു ഗുണമുണ്ടായി എന്നു കരുതേണ്ടിയിരിക്കുന്നു. ആഗസ്റ്റ്‌ അവസാനത്തില്‍ ആരംഭിച്ച സംഭാഷണം, ഈയടുത്ത സമയം വരെ-ഒക്ടോബര്‍ ആദ്യവാരംവരെ-സംഭാഷണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇനിമുതല്‍, സിറിയയില്‍ പ്രവേശിക്കുന്ന ഇറാഖികള്‍ സിറിയന്‍ കോണ്‍സുലേറ്റില്‍നിന്നോ, അവര്‍ എവിടെയാണോ ഇപ്പോഴുള്ളത്‌ ആ രാജ്യത്തിന്റെ എംബസ്സിയില്‍ നിന്നോ വിസ മേടിക്കണമെന്ന് തീരുമാനമായി. ഇറാഖില്‍ ഇപ്പോഴുമുള്ളവരുടെ കാര്യത്തിലാണെങ്കില്‍, അവര്‍ ഇതിനുള്ള അനുവാദം മേടിക്കേണ്ടത്‌, ആഭ്യന്തര മന്ത്രാലയത്തില്‍നിന്നാണ്‌ (ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വന്തം ചുമതലയിലുള്ള ആയുധധാരികളായ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി ഇറാഖികള്‍ക്ക്‌ ആവില്ലെന്നു ചുരുക്കം). അതിര്‍ത്തിയില്‍ വിസക്ക്‌ അന്‍പത്‌ ഡോളര്‍ മേടിച്ചുതുടങ്ങിയെന്നു ഇന്ന് (23.10.2007) കേട്ടു.

വിസ കൊടുത്തുതുടങ്ങുന്നതിനുമുമ്പ്‌ സിറിയയില്‍ എത്തിയവര്‍ക്കു വേണ്ടി, അതിര്‍ത്തിയില്‍, ഒരു മാസ കാലാവധിയുള്ള സന്ദര്‍ശക വിസ കിട്ടുന്നുണ്ടായിരുന്നു. ആ ഒരു മാസം കഴിഞ്ഞാല്‍ നിങ്ങള്‍ പാസ്പോര്‍ട്ടുമായി അടുത്തുള്ള ഇമ്മിഗ്രേഷന്‍ ബ്യൂറോയില്‍ പോവണം. നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍, ഒരു രണ്ടു മാസം അധിക സമയം കൂടി അവര്‍ അനുവദിക്കും. അതായിരുന്നു പതിവ്‌. പക്ഷേ സിറിയന്‍ എംബസ്സിയില്‍ നിന്ന് വിസ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യത്തെ സന്ദര്‍ശകവിസ പുതുക്കുന്ന പരിപാടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഞങ്ങള്‍ക്ക്‌ ഒരു ബുദ്ധി തോന്നി. വിസക്കും അത്‌ പുതുക്കുന്നതിനുമുള്ള തിരക്കു തുടങ്ങുന്നതിനുമുന്‍പുതന്നെ അതിര്‍ത്തിയില്‍ പോയി, ഇറാഖിലേക്കു കടന്ന്, സിറിയയിലേക്ക്‌ മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാവരും അതായിരുന്നു ചെയ്തുകൊണ്ടിരുന്നത്‌. ഒരു രണ്ടു മാസത്തെ സാവകാശം അധികം കിട്ടുകയും ചെയ്യും.

സെപ്തെംബര്‍ ആദ്യവാരത്തിലെ നല്ല ചൂടുള്ള ഒരു ദിവസം ഞങ്ങള്‍ ആറു മണിക്കൂര്‍ യാത്ര ചെയ്ത്‌, വടക്കന്‍ സിറിയയിലുള്ള കാമേഷ്ലി എന്ന അതിര്‍ത്തി പട്ടണത്തിലെത്തി. അമ്മായിയും മകനും കൂടെ വന്നിരുന്നു. അവരുടെ വിസയും പുതുക്കേണ്ടതുണ്ടായിരുന്നു. കാമേഷ്ലിയിലാണ്‌ യാറൂബിയ എന്ന അതിര്‍ത്തി പോസ്റ്റ്‌. അവിടെ ഇറാഖ്‌, സിറിയന്‍ അതിര്‍ത്തികള്‍ക്കിടയിലെ ദൂരം ഏതാനും അടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളുപ്പമുള്ള ഒരു പരിപാടി. സിറിയന്‍ പ്രദേശത്തുനിന്ന് ഇറാഖിന്റെ പ്രദേശത്തെക്കു കടക്കുക. എളുപ്പം. സുരക്ഷിതം.

യാറൂബിയ അതിര്‍ത്തിയിലെത്തിയപ്പോഴാണ്‌, ഞങ്ങളെപ്പോലെ മറ്റുള്ള നിരവധി ആളുകള്‍ക്കും ഇതേ ബുദ്ധി ഉണ്ടായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്‌. അതിര്‍ത്തി പരിശോധന കേന്ദ്രത്തിലേക്കെത്താനുള്ള ആളുകളുടെ നിര കണ്ണെത്താദൂരം നീണ്ടുകിടക്കുകയാണ്‌. പാസ്പോര്‍ട്ടില്‍ എക്സിറ്റ്‌ വിസ അടിക്കാന്‍ നൂറുകണക്കിന്‌ ഇറാഖികളാണ്‌ അവിടെ തമ്പടിച്ചിരുന്നത്‌. ഞങ്ങളും കൂട്ടത്തില്‍ കൂടി. ആ നീണ്ട കാത്തിരുപ്പ്‌ തുടങ്ങി..

സിറിയന്‍ അതിര്‍ത്തി കടക്കാന്‍ നാലു മണിക്കൂറെടുത്തു. ഇനി വരുന്നത്‌ ഇറാഖി അതിര്‍ത്തി കേന്ദ്രമാണ്‌. അവിടെ ക്യൂവിന്റെ സ്ഥിതി പഴയതിലും ഭയങ്കരമായിരുന്നു. അക്ഷമരും, തളര്‍ന്നവശരുമായ ആ ഇറാഖികളുടെ കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നു. "പെട്രോളിനുള്ള ക്യൂ പോലെയുണ്ട്‌", കസിന്റെ വക ഒരു നസ്യം. അടുത്ത മൂന്നു മണിക്കൂര്‍ കാത്തിരുപ്പിന്റെ ആരംഭമായിരുന്നു അത്‌. സൂര്യന്‍ ഒരു ദയയുമില്ലാതെ ജ്വലിക്കുന്നുണ്ടായിരുന്നു. നീണ്ട ആ നിര അടിവെച്ചടിവെച്ച്‌ ഇറാഖ്‌ അതിര്‍ത്തിപോസ്റ്റിലേക്കു നീങ്ങി.. ക്യൂവിന്റെ നീളവും ക്രമേണ നീളുന്നുണ്ടായിരുന്നു. ഒരിക്കല്‍ നോക്കിയപ്പോള്‍ അതിന്റെ രണ്ടറ്റവും കാണാന്‍ കഴിയാത്ത സ്ഥിതിവിശേഷംപോലുമുണ്ടായി. വെള്ളവും, ച്യൂയിംഗവും, സിഗരറ്റും വില്‍ക്കുന്ന കുട്ടികള്‍ ഓടിനടക്കുന്നുണ്ടായിരുന്നു. അതിലൊരുത്തനെ അമ്മായി വിളിച്ചു ചോദിച്ചു. "ഞങ്ങളുടെ മുന്‍പില്‍ ഏകദേശം എത്രപേരുണ്ടാകും?". അവനൊന്ന് ചൂളമടിച്ച്‌, അല്‍പ്പം പിന്നിലേക്കുമാറി രണ്ടറ്റത്തേക്കും വിഹഗവീക്ഷണം നടത്തി ഗൗരവത്തില്‍ പ്രഖ്യാപിച്ചു. "ഒരു നൂറോ ആയിരമോ". ചിരിച്ചുകൊണ്ട്‌ അവന്‍ അവന്റെ പണിയിലേക്കു മടങ്ങി.

ആ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ചില പ്രത്യേക നിമിഷങ്ങളില്‍ എന്നെ ബാധിക്കാറുള്ള ഒരു തരം, ഗൃഹാതുരത്വവും, മുഷിപ്പും, ഭയവും ഒക്കെ എനിക്കു തോന്നാന്‍ തുടങ്ങി. ഞങ്ങളെ പുറത്തേക്കു വിട്ടില്ലെങ്കിലോ? അതിനു സാധ്യത തീരെ കുറവായിരുന്നു. പക്ഷേ, എന്തെങ്കിലും കാരണവശാല്‍ ഇനി അങ്ങിനെ സംഭവിച്ചാലോ? ഇത്‌ അവസാനത്തെ തവണയായിരിക്കുമോ ഞാന്‍ ഇറാഖി അതിര്‍ത്തി കാണുന്നത്‌? എന്തെങ്കിലും കാരണം പറഞ്ഞ്‌ അവര്‍ ഞങ്ങളെ ഇറാഖിലേക്ക്‌ കടത്താതിരിക്കുമോ? ഇവിടെ നിന്നു പോകാന്‍ അവര്‍ അനുവദിച്ചില്ലെങ്കില്‍ എന്തു ചെയ്യും?

നിന്നും, ഞരങ്ങിയും, ഇരുന്നും, ഞങ്ങള്‍ നാലു മണിക്കൂര്‍ ചിലവഴിച്ചു. സൂര്യന്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എല്ലാവരേയും ഒരുപോലെ തളര്‍ത്തി. സുന്നികളെയും, ഷിയകളെയും, കുര്‍ദ്ദുകളെയും എല്ലാവരെയും. അമ്മായിയോട്‌ ബോധക്ഷയം അഭിനയിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. എങ്കില്‍ അനുകമ്പ തോന്നി അവര്‍ എളുപ്പത്തില്‍ എന്തെങ്കിലും ചെയ്തുതന്നാലോ? അവര്‍ എന്നെ ഒരു നോട്ടം കൊണ്ട്‌ ദഹിപ്പിച്ചു. എന്നിട്ടു വീണ്ടും പതിവു ശൈലിയില്‍ നിവര്‍ന്നു നിന്നു. ആളുകള്‍ സംസാരിച്ചും, ശപിച്ചും, മൂകരായും നിന്നിരുന്നു. ഇറാഖികളുടെ മറ്റൊരു കൂടിച്ചേരലായിരുന്നു അത്‌. പരസ്പരം കഥകള്‍ കൈമാറാനും, ദൂരെയുള്ള ബന്ധുക്കളുടെ വിശേഷങ്ങള്‍ അന്വേഷിച്ചറിയാനുമൊക്കെ പറ്റിയ ഒരു വിശേഷാവസരം.

ഞങ്ങളുടെ ഊഴം കാത്തിരിക്കുമ്പോള്‍ പരിചയത്തിലുള്ള രണ്ടു കുടുംബങ്ങളെ കണ്ടുമുട്ടാന്‍ ഇടവന്നു. ഏറെ നാളായി പിരിഞ്ഞിരുന്ന സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയാലെന്നപോലെ ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു. മേല്‍വിലാസവും ഫോണ്‍ നമ്പറുകളും കൈമാറി. ഡമാസ്കസില്‍ തിരിച്ചെത്തിയ ഉടനെ വീണ്ടും കാണാമെന്നും വാക്കു കൊടുത്തു. അതിലൊരു കുടുംബത്തിലെ 23 വയസ്സുള്ള ഒരാണ്‍കുട്ടിയെ ആ കൂട്ടത്തില്‍ കണുന്നില്ലല്ലോ എന്ന് പെട്ടെന്നാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. അവന്‍ എവിടെയാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്‌. പക്ഷേ മടി തോന്നി. ആകാംക്ഷ ഉള്ളിലൊതുക്കി ഞാന്‍. അവന്റെ അമ്മക്ക്‌ വളരെ പ്രായം ബാധിച്ച പോലെ തോന്നി. അവന്റെ അച്ഛനാകട്ടെ, എന്തോ കാര്യമായ ആലോചനയില്‍ മുഴുകിയിരുന്നു. ആലോചനയാണോ, അതോ സങ്കടമോ? തീര്‍ച്ച പറയാന്‍ എനിക്കാവില്ല. അവന്‍ ജീവിച്ചിരിക്കുന്നുണ്ടോ, മരിച്ചുവോ എന്നൊന്നും എനിക്ക്‌ അറിയണമെന്നുണ്ടായിരുന്നില്ല. അതിര്‍ത്തികളും വിസയുമൊന്നും അലട്ടാതെ അവന്‍ എവിടെയോ സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.ഞാനൊന്നും ചോദിച്ചില്ല. അജ്ഞത ചിലപ്പോള്‍ അനുഗ്രഹമാണെന്നല്ലേ നമ്മള്‍ പറയാറ്‌?

തിരിച്ച്‌, സിറിയന്‍ അതിര്‍ത്തിയില്‍ ഞങ്ങള്‍ വീണ്ടും കാത്തു നിന്നു. വിശന്നും, തളര്‍ന്നും, വലിയൊരു ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ്‌. പാസ്പോര്‍ട്ടുകളില്‍ സീല്‍ പതിക്കുന്നതും കാത്തുകാത്ത്‌. ഇമ്മിഗ്രേഷനിലെ സിറിയന്‍ ഓഫീസര്‍ ഓരൊരുത്തരെയായി പേരുകള്‍ വിളിച്ച്‌, മുഖത്തേക്കു സൂക്ഷിച്ചുനോക്കി, ക്ഷമയോടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചേല്‍പ്പിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ നിന്നിരുന്ന ഹാളിന്റെ പിന്നില്‍ ഒരു ബഹളം കേട്ടു. "ദയവുചെയ്ത്‌ മാറിനില്‍ക്കൂ..വഴി തരൂ.." ആരൊക്കെയോ വിളിച്ചു പറയുന്നു. തിരിഞ്ഞുനോക്കി. ഒരാള്‍ കുഴഞ്ഞുവീണിരിക്കുന്നു. അയാളെ ഞാന്‍ തിരിച്ചറിഞ്ഞു.മക്കളുടെ സഹായത്തോടെ വടി കുത്തി അവിടെയൊക്കെ നടന്നിരുന്ന ഒരു വൃദ്ധനായിരുന്നു അത്‌.

സിറിയന്‍ അതിര്‍ത്തിയിലേക്ക്‌ തിരിച്ചുവന്ന്, കാമേഷ്ലിയിലേക്ക്‌ ഞങ്ങളെ തിരികെ കൊണ്ടുപോകാനുള്ള വണ്ടിയിലേക്ക്‌ നീങ്ങുമ്പോള്‍,ഇനി മുതല്‍ അഭയാര്‍ത്ഥികളാണ്‌ ഞങ്ങള്‍ എന്ന വാസ്തവവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ പഠിച്ചിരുന്നു. ദിവസവും ഇന്റര്‍നെറ്റില്‍ ഞാന്‍ അഭയാര്‍ത്ഥികളെക്കുറിച്ച്‌ വായിക്കാറുണ്ടായിരുന്നു. ദിനപ്പത്രങ്ങളിലും. ടി.വി.യില്‍ അവരെക്കുറിച്ച്‌ നിത്യവും കേള്‍ക്കാറുമുണ്ട്‌. സിറിയയിലുള്ള ഒന്നര മില്ല്യണിലധികം വരുന്ന ഇറാഖി അഭയാര്‍ത്ഥികളെക്കുറിച്ച്‌ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്‌, ഞാനും എന്റെ കുടുംബവും ആ കൂട്ടത്തില്‍ പെടുന്നവരല്ലെന്നായിരുന്നു. അഭയാര്‍ത്ഥികളെന്നു പറഞ്ഞാല്‍, ടെന്റുകളില്‍ താമസിക്കുന്നവരല്ലേ? വെള്ളവും, കക്കൂസുമൊന്നുമില്ലാത്തവര്‍? അവര്‍ സ്യൂട്ട്‌കേസുകളിലൊന്നുമലല്ലല്ലോ സാധനങ്ങള്‍ കൊണ്ടുപോവുക? ചുമലില്‍ തൂക്കിയ ഭാണ്ഡക്കെട്ടുകളിലല്ലേ? ഇന്റര്‍നെറ്റു നോക്കുകയും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പതിവുണ്ടോ അവര്‍? പക്ഷേ, ഇപ്പോളിതാ, എന്റെ ജീവിതം തന്നെ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന മട്ടില്‍ പാസ്പോര്‍ട്ടും മുറുക്കിപ്പിടിച്ച്‌, സിറിയന്‍ അധികാരികള്‍ അതില്‍ ദയാപൂര്‍വ്വം പതിപ്പിച്ചുതന്ന രണ്ടുമാസത്തെ കാലാവധിയുമായി തിരിച്ചുപോരുമ്പോള്‍, അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ആ മിഥ്യാധാരണകളൊക്കെ എന്നെ കൈവിട്ടിരുന്നു. ഞങ്ങളെല്ലാം ഇനി അഭയാര്‍ത്ഥികള്‍ മാത്രമാണ്‌. എത്ര സമ്പത്തും, വിദ്യാഭ്യാസവും, സുഖസൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും, അഭയാര്‍ത്ഥി എത്രയായാലും അഭയാര്‍ത്ഥി തന്നെയാണ്‌. ചതുര്‍ത്ഥികളാണവര്‍. ഏതുനാട്ടിലും. സ്വന്തം നാട്ടിലായാല്‍ വിശേഷിച്ചും...

ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഞങ്ങളെക്കൂടാതെ മറ്റു രണ്ടു ഇറാഖി കുടുംബങ്ങളുമുണ്ടായിരുന്നു. മുകളിലെ നിലയിലുള്ള ക്രിസ്ത്യന്‍ കുടുംബം, വടക്കന്‍ ഇറാഖില്‍നിന്നും, പെഷ്മെര്‍ഗകളെ* പേടിച്ച്‌ ഓടിപ്പോന്നവരാണ്‌. താഴേ നിലയിലുള്ള മറ്റേ കൂട്ടര്‍ ബാഗ്ദാദില്‍ നിന്നു വന്ന കുര്‍ദ്ദുകളും. സ്വകാര്യ സേനകള്‍ അവരുടെ ബാഗ്ദാദിലെ വീട്‌ കൈവശപ്പെടുത്തിയിരുന്നു. സ്വീഡനോ സ്വിറ്റ്‌സര്‍ലാന്റോ പോലെയുള്ള ഏതെങ്കിലും യൂറൂപ്പ്യന്‍ അഭയകേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു അവര്‍.

സ്യൂട്ട്‌കേസുകള്‍ തൂക്കി, ക്ഷീണിച്ച്‌, ആത്മാഭിമാനത്തിനു മുറിവേറ്റ്‌ ഞങ്ങള്‍ അവിടെ എത്തിയ ആദ്യത്തെ സായഹ്നത്തില്‍ത്തന്നെ, അടുത്തുള്ള കുര്‍ദ്ദ്‌ കുടുംബത്തില്‍ നിന്ന് അവര്‍ ഒരു പ്രതിനിധിയെ അയച്ചു. ഒന്‍പതു വയസ്സുള്ള, മുന്വ്‌അശത്ത്‌ രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ട ഒരു ബാലന്‍. അവന്റെ കയ്യില്‍ ഒരു ചെറിയ കഷണം കേക്കും ഉണ്ടായിരുന്നു. " ദാ..തൊട്ടടുത്തുള്ള അബു മൊഹമ്മദിന്റെ വീട്ടില്‍ നിന്നാണ്‌. അമ്മ പറഞ്ഞു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്ന്. ഇതാണ്‌ ഞങ്ങളുടെ ഫോണ്‍ നമ്പര്‍. അബു ദാലിയയുടെ കുടുംബക്കാര്‍ മുകളിലെ നിലയിലുണ്ട്‌. അവരുടെ നമ്പറും തന്നയച്ചിട്ടുണ്ട്‌. ഞങ്ങളൊക്കെ ഇറാഖികളാണ്‌. പുതിയ കെട്ടിടത്തിലേക്ക്‌ സ്വാഗതം".

2003-ല്‍, ഞങ്ങളില്‍നിന്ന് അപഹരിക്കപ്പെട്ട ഐക്യം ഏറെക്കാലത്തിനുശേഷം, അതും വീട്ടില്‍ നിന്നും ഏറെ അകലെ ഇവിടെവെച്ച്‌, തിരിച്ചുകിട്ടിയപോലെയൊരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞ്‌, ആ രാത്രി ഞാന്‍ കരഞ്ഞു.
* പെഷ്മെര്‍ഗ - കുര്‍ദ്ദിസ്ഥാനുവേണ്ടി പൊരുതുന്നവര്‍. ധാരാളം സ്ത്രീകളും ഈ സേനയിലുണ്ട്‌.

Wednesday, October 24, 2007

സഹയാത്രിക എഴുതുന്നു.

ബൂലോഗത്തിലെ നമ്മുടെ സഹയാത്രിക സുരക്ഷിതയായിരിക്കുന്നു. അവരുടെ സിറിയന്‍ അനുഭവങ്ങള്‍ പുതിയ ലക്കത്തില്‍ വന്നിട്ടുണ്ട്‌. പലായനത്തിന്റെയും, അഭയാര്‍ത്ഥിത്ത്വത്തിന്റെയുമിടയില്‍പ്പോലും സമചിത്തത അവളെ കൈവിടുന്നില്ല. നോക്കൂ അവള്‍ എഴുതിയിരിക്കുന്നത്‌:

സിറിയ ഭംഗിയുള്ള ഒരു രാജ്യമാണ്‌. ചുരുങ്ങിയ പക്ഷം ഞാന്‍ അങ്ങിനെ വിചാരിക്കുകയെങ്കിലും ചെയ്യുന്നു. "ഞാന്‍ വിചാരിക്കുന്നു' എന്ന് പ്രത്യേകം എടുത്തെഴുതിയത്‌, സുരക്ഷിതത്ത്വത്തെയും, സാധാരണ ജീവിതാവസ്ഥയേയും ഞാന്‍ 'ഭംഗി'യുമായി കൂട്ടിക്കുഴക്കുന്നതുകൊണ്ടാവണം എന്നു ഞാന്‍ കരുതുന്നു.

ലേഖനത്തിന്റെ അവസാനഭാഗത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നു.

"സ്യൂട്ട്‌കേസുകള്‍ തൂക്കി, ക്ഷീണിച്ച്‌, അല്‍പ്പം അഭിമാന ക്ഷയത്തോടെ ഞങ്ങള്‍ അവിടെ എത്തിയ ആദ്യത്തെ സായഹ്നത്തില്‍ത്തന്നെ, അടുത്തുള്ള കുര്‍ദ്ദ്‌ കുടുംബത്തില്‍ നിന്ന് അവര്‍ ഒരു പ്രതിനിധിയെ അയച്ചു. ഒന്‍പതു വയസ്സുള്ള, മുന്‍‌വശത്ത് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ട ഒരു ബാലന്‍. അവന്റെ കയ്യില്‍ ഒരു ചെറിയ കഷണം കേക്കും ഉണ്ടായിരുന്നു. " ദാ..തൊട്ടടുത്തുള്ള അബു മൊഹമ്മദിന്റെ വീട്ടില്‍ നിന്നാണ്‌. അമ്മ പറഞ്ഞു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്ന്. ഇതാണ്‌ ഞങ്ങളുടെ ഫോണ്‍ നമ്പര്‍. അബു ദാലിയയുടെ കുടുംബക്കാര്‍ മുകളിലെ നിലയിലുണ്ട്‌. അവരുടെ നമ്പറും തന്നയച്ചിട്ടുണ്ട്‌. ഞങ്ങളൊക്കെ ഇറാഖികളാണ്‌. പുതിയ കെട്ടിടത്തിലേക്ക്‌ സ്വാഗതം".

2003-ല്‍, ഞങ്ങളില്‍നിന്ന് അപഹരിക്കപ്പെട്ട ഐക്യം ഏറെക്കാലത്തിനുശേഷം, അതും വീട്ടില്‍ നിന്നും ഏറെ അകലെ ഇവിടെവെച്ച്‌, തിരിച്ചുകിട്ടിയപോലെയൊരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞ്‌, ആ രാത്രി ഞാന്‍ കുറേ കരഞ്ഞു.


ഒ.എന്‍.വി. വരികള്‍ തന്നെയാണ് എനിക്കും ഉള്ളില്‍ തോന്നുന്നത്."പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു“.

നഷ്ടപ്പെട്ട ഇറാഖ്‌ നിങ്ങള്‍ക്ക്‌ തിരിച്ചുകിട്ടട്ടെ. എല്ലാ രാജ്യത്തെയും എല്ലാ അഭയാര്‍ത്ഥികള്‍ക്കും അവരുടെ വീടും നാടും തിരിച്ചുകിട്ടട്ടെ. ഞങ്ങള്‍ ഒപ്പമുണ്ട്‌.

ലേഖനത്തിന്റെ ലിങ്ക്.


http://www.countercurrents.org/burning231007.htm

Monday, October 22, 2007

അദ്ധ്യായം-9- വലിയ അണക്കെട്ട്‌, അല്‍പ്പം ജലം

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

കുട്‌കു, പലാമോ (ബീഹാര്‍), ഇരുപതു വര്‍ഷത്തിനുശേഷം ഇപ്പോഴും "നിര്‍മ്മാണത്തിലിരിക്കുന്ന' അണക്കെട്ടാണത്‌. 1972-ല്‍ 58 കോടി രൂപ ചിലവു കണക്കാക്കപ്പെട്ടിരുന്ന വടക്കന്‍ കോയില്‍ പദ്ധതിയുടെ ഇന്നത്തെ വില 425 കോടിയാണ്‌. ഈ വര്‍ഷത്തെ (1995) ബീഹാറിന്റെ മൊത്തം ജലസേചന ബഡ്‌ജറ്റിന്റെ മൂന്നിരട്ടി വരും ഈ സംഖ്യ.

പൂര്‍ത്തീകരിക്കപ്പെട്ടാല്‍, മൂന്ന് ദശാബ്ദങ്ങളായി വരള്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പലാമോ ജില്ലക്ക്‌ ഈ കുട്‌കു അണക്കെട്ടില്‍നിന്ന് വളരെക്കുറച്ച്‌ ജലം മാത്രമേ ലഭിക്കൂ. 6,800 ഹെക്ടറില്‍ താഴെ ഭൂമി മാത്രമേ ജലസേചനം ചെയ്യാനാകൂ. ഇതില്‍ നിന്ന് ഉത്‌പ്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതി, കൂടിപ്പോയാല്‍ 20 മെഗാവാട്ടിലും അല്‍പ്പം കൂടുതല്‍ മാത്രവും.

അണക്കെട്ടു വന്നാല്‍ ഭൂമി നഷ്ടപ്പെടുന്നത്‌ അധികവും ഹരിജനങ്ങള്‍ക്കും, ഗോത്രവര്‍ഗ്ഗക്കാര്‍ക്കുമായിരിക്കും. ചിലര്‍ക്ക്‌ അവരുടെ ഭൂമി ഇതിനകംതന്നെ നഷ്ടമായിക്കഴിഞ്ഞു. പതിന്നാലു ഗ്രാമങ്ങള്‍ പൂര്‍ണ്ണമായി നശിക്കുമെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നുണ്ട്‌. സര്‍ക്കാരേതര സംഘടനയായ ച്ഛോട്ടനാഗ്‌പൂര്‍ സമാജ് വികാസ് സന്‍സ്ഥാന്‍(Chottanagpur Samaj Vikas Sansthaan-CSVS) വിശ്വസിക്കുന്നത്‌, മുപ്പത്‌ ഗ്രാമങ്ങളെ ഇത്‌ ബാധിക്കുമെന്നാണ്‌.

"പദ്ധതിയുടെ ഔദ്യോഗിക ഭൂപടം തന്നെ ഇത്‌ വെളിവാക്കുന്നുണ്ട്‌", പലാമോയിലെ ശത്രുഘന്‍ കുമാര്‍ പറഞ്ഞു. മൊത്തം 14,000 ആളുകള്‍ക്കാണ്‌ തങ്ങളുടെ വീട്‌ നഷ്ടമാവുക. ഇതില്‍ കിസ്സാന്‍, ഖര്‍വാര്‍, ഒറാവോണ്‍, പര്‍ഹായ, ബിര്‍ജിയ, ചേരു ഗോത്രങ്ങള്‍ ഉള്‍പ്പെടുന്നു. ദുഷാദ്‌, ഭയ്യ ഹരിജനങ്ങളെയും ഈ അണക്കെട്ട്‌ ദോഷകരമായി ബാധിക്കും.

225 അടി ഉയരമുള്ള ഈ അണക്കെട്ടിന്റെ നിര്‍മ്മാണത്തെ ഗ്രസിച്ചിരിക്കുന്ന കാലതാമസം, ഭാവിയില്‍ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ആളുകളെപ്പോലും അന്ധാളിപ്പിക്കാന്‍ കഴിവുള്ള ഒന്നാണ്‌. അതിനെക്കുറിച്ച്‌ എന്നോട്‌ പറയുമ്പോള്‍, അവരുടെ നേതാവ്‌ വൈദ്യനാഥ്‌ സിംഗിന്‌ ചിരിയടക്കാന്‍ ആവുന്നില്ല. "ഇവിടെ ഞങ്ങള്‍ ആളുകളെ എത്രയും വേഗം സംഘടിപ്പിക്കുന്ന തിരക്കിലാണ്‌. പക്ഷേ, ഞങ്ങള്‍ ഭയപ്പെടുന്ന, അഥവാ, ഇന്നല്ലെങ്കില്‍ നാളെ നടക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുള്ള ഈ നിര്‍മ്മാണമാകട്ടെ നടക്കുന്നുമില്ല. ഒരു പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞാവും അത്‌ പൂര്‍ത്തിയാവുക". കുടിയൊഴിക്കലിനെതിരെ പോരാടുന്ന മസ്ദൂര്‍ കിസ്സാന്‍ മുക്തി മോര്‍ച്ച എന്ന സംഘടനയുടെ നേതാവാണ്‌ വൈദ്യനാഥ്‌. ദിവസേനയെന്നോണം നടക്കുന്ന കാര്യങ്ങള്‍ അയാളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരിക്കാം; എങ്കിലും, എന്തുകൊണ്ടാണ്‌ പദ്ധതി മുന്നോട്ട്‌ പോവാത്തതെന്ന് അയാള്‍ക്ക്‌ നല്ലവണ്ണം അറിയാം." ഈ അണക്കെട്ടിന്റെ നിര്‍മ്മാണം, കരാറുകാര്‍ക്കുവേണ്ടി മാത്രമാണ്‌. മറ്റാര്‍ക്കും ഇതുകൊണ്ട്‌ യാതൊരു ഗുണവുമില്ല".

പദ്ധതി ബാധിക്കുന്ന പ്രദേശത്തെ ഒരു ഗ്രാമീണന്‍ പറഞ്ഞു. "ചിലപ്പോള്‍ മാസങ്ങളോളം പണി നിര്‍ത്തി വെക്കും. പിന്നെ കരാറുകാരന്‍ പാറ്റ്‌നയിലേക്ക്‌ പോകും. കൂടുതല്‍ പൈസ അനുവദിച്ചുകിട്ടും. പണി വീണ്ടും തുടങ്ങും. കോടിക്കണക്കിനു പൊതുമുതലാണ്‌ ഇവിടെ ഈ തരത്തില്‍ ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുന്നത്‌".

അണക്കെട്ടിന്റെ താഴ്‌ന്ന ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന, സ്ല്യൂസുകളുടെ (ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം) മുകളിലേക്ക്‌ കയറാന്‍ ഗ്രാമവാസികള്‍ എന്നെ സഹായിച്ചു. ചിലതിന്റെ മേല്‍ത്തട്ടില്‍ നിന്ന് കോണ്‍ക്രീറ്റ്‌ മുഴുവന്‍ അടര്‍ന്നുപോയിരുന്നു. ഒരൊറ്റ വര്‍ഷകാലത്തിനിടക്ക്‌ സംഭവിച്ചതാണ്‌ അതെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. കാര്യമായ തകരാര്‍ കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് മറ്റൊരു സ്ല്യൂസ്‌ അടച്ചുപൂട്ടിയിരുന്നു. നിര്‍മ്മാണത്തിലോ സുരക്ഷാ സംവിധാനത്തിലോ ഒരു തരത്തിലുമുള്ള പരിശോധനകളും നടന്നിട്ടിലെന്ന് വ്യക്തമായി. അതിന്‌ തക്കതായ കാരണങ്ങളും കണ്ടേക്കാം. എന്റെ സ്വന്തം അന്വേഷണം അവസാനിച്ചത്‌, ഒരു നല്ല വീഴ്ച്ചയിലായിരുന്നു. ഒരിടത്ത്‌ കൂട്ടിയിട്ടിരുന്ന നിര്‍മ്മാണാവശിഷ്ടങ്ങളില്‍ വഴുക്കി ഇരുപത്താറടി താഴ്ച്ചയിലേക്ക്‌ ഞാന്‍ വീണു.

ശരീരത്തിനല്ല എന്റെ ആത്മാഭിമാനത്തിനാണ്‌ ക്ഷതമേറ്റതെന്ന് മനസ്സിലായപ്പോഴാണ്‌ ഗ്രാമവാസികളുടെ ഉത്‌ക്കണ്ഠ അല്‍പ്പമെങ്കിലും ശമിച്ചത്‌. "മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു അനുഭവമാണ്‌ നിങ്ങള്‍ക്കു ലഭിച്ചത്‌", വൈദ്യനാഥ്‌ ചിരിച്ചു. " ഒരു തുള്ളി വെള്ളം പോലുമില്ലാത്ത അണക്കെട്ടില്‍ വീഴാന്‍ എത്രപേര്‍ക്ക്‌ അവസരം കിട്ടിയിട്ടുണ്ട്‌?" അണക്കെട്ടിന്റെ പിന്‍ഭാഗത്തുള്ള ഒരു ചെറിയ അരുവിയിലാണ്‌ അല്‍പ്പമെങ്കിലും വെള്ളമുണ്ടായിരുന്നത്‌. അവിടെ ആളുകള്‍ മീന്‍ പിടിക്കാന്‍ വലകള്‍ താഴ്ത്തിവെച്ചിരുന്നു. " അത്രയധികം മീനൊന്നും കിട്ടില്ല. ഈ മീനുകളൊക്കെ ടൂറിസ്റ്റുകളാണ്‌". വൈദ്യനാഥന്‍ വീണ്ടും ചിരിക്കുന്നു.

ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍പോലും ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല. ഇനി എന്നെങ്കിലും പണി പൂര്‍ത്തിയായാല്‍ത്തന്നെ പലാമോക്ക്‌ പുറത്തുള്ള 56,000 ഹെക്‍ടര്‍ സ്ഥലത്താണ്‌ ഈ അണക്കെട്ടുകൊണ്ട്‌ ജലസേചനം ചെയ്യാനാവുക. ഔറംഗബാദിനും, ഗയക്കും ഈ അണക്കെട്ടുകൊണ്ട്‌ ഗുണമുണ്ടായേക്കും. അവിടുത്തെ സ്ഥിതി, പക്ഷേ പലാമോവിന്റേതുപോലെ രൂക്ഷമല്ല." ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നെ ആരാണ്‌ അണക്കെട്ടിനുവേണ്ടി ഇത്രയും സമ്മര്‍ദ്ദം ചെലുത്തുന്നത്‌?

"ഈ ഡാം വന്നാല്‍ തന്നെ, അതിലെ ജലം കൊണ്ട്‌ ഉപയോഗമുണ്ടാവുക, ജലസേചന മന്ത്രി ജഗദാനന്ദിന്റെ നിയോജകമണ്ഡലത്തിനു മാത്രമാണ്‌. ഗര്‍വ്വ ജില്ലയിലേക്കുള്ള പദ്ധതിവിഹിതം വിട്ടുകൊടുത്തിട്ടില്ല. കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്‌ സോണ്‍ ചിറയുടെ സമീപപ്രദേശങ്ങളിലാണ്‌. അവിടെയാണ്‌ ജഗദാനന്ദിന്റെ മണ്ഡലം", ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അങ്ങിനെ, പൈസയുടെ ലഭ്യതക്കനുസരിച്ച്‌, മന്ത്രിയുടെ നിയോജകമണ്ഡലത്തിന്റെ പ്രദേശത്ത്‌ ജലസേചനസൗകര്യം എത്തിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു. പദ്ധതി-ബാധിത പ്രദേശത്തെ ആളുകള്‍ക്കാവട്ടെ ദുരിതങ്ങള്‍ ഏറുകയുമാണ്‌. ചെറുത്തുനില്‍പ്പില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, മണ്ഡല്‍ ഗ്രാമത്തിലെ സംഗീത സിംഗ്‌ പറഞ്ഞു. 'ഈ പണി നിങ്ങള്‍ നിര്‍ത്തിവെപ്പിക്കുന്നത്‌ എനിക്കൊന്നു കാണണം എന്നു പറഞ്ഞ്‌ കരാറുകാര്‍ ഞങ്ങളെ ഒരിക്കല്‍ ഭീഷണിപ്പെടുത്തി".

പദ്ധതിയുടെ രൂപരേഖയില്‍ വന്ന മാറ്റവും കാലതാമസവും കൂടാതെ മറ്റു ചില തമാശകള്‍ കൂടി ഇവിടെ അരങ്ങേറുന്നുണ്ട്‌. പല ഗ്രാമവാസികള്‍ക്കും 'നഷ്ടപരിഹാരം' ലഭിച്ചിരിക്കുന്നു. നഷ്ടപ്പെടാന്‍ പോകുന്ന സ്ഥലത്തെ ഓരോ വൃക്ഷത്തിനും ഒരു രൂപ, അഥവാ രണ്ടു രൂപ നിരക്കില്‍. ഇത്‌ തെളിയിക്കാന്‍ അവരുടെ കയ്യില്‍ ചെക്കുകളും ഉണ്ടായിരുന്നു.

"ഒന്നാലോചിച്ചുനോക്കൂ! ശത്രുഘന്‍ കുമാര്‍ വാചാലനായി. "സ്ഥലം ഏറ്റെടുത്ത്‌ ചെക്കുകള്‍ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥന്‌ നന്നായി അറിയാം, സാല വൃക്ഷങ്ങള്‍ക്ക്‌, ചതുരശ്ര അടിക്ക്‌ 700 രൂപ വിലയുണ്ടെന്ന്. ഏക്കറിന്‌ 30,000 രൂപ വിലയുണ്ടായിരുന്ന 1984 കാലത്താണ്‌, വെറും 6000 രൂപ കൊടുത്ത്‌, സ്ഥലം ഒഴിപ്പിച്ചെടുത്തത്‌" ശത്രുഘന്‍ വെളിപ്പെടുത്തി.

നിലവിലുള്ള ജില്ലാ ഭരണകൂടം തങ്ങള്‍ക്കെതിരാണെന്ന് ഗ്രാമവാസികള്‍ കരുതുന്നില്ല. എന്നു മാത്രമല്ല, ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ്‌ മാത്യുവിനെ തങ്ങളോട്‌ അനുഭാവമുള്ള ഒരു ഉദ്യോഗസ്ഥനായിട്ടാണ്‌ അവര്‍ കാണുന്നതും. തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ഒരിക്കല്‍ ആ ഉദ്യോഗസ്ഥന്‍ മന്ത്രിയെ വിളിച്ചുകൊണ്ടുവരുകപോലും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. "പക്ഷേ ഇവിടെ, കരാറുകാരനാണ്‌ ഭരണത്തെ നിയന്ത്രിക്കുന്നത്‌. അയാള്‍ പാറ്റ്‌നയില്‍ പോയി ചരടുകള്‍ വലിക്കുന്നു, തിരിച്ചു വന്ന് വീണ്ടും പൂര്‍വ്വാധികം ഭംഗിയായി കാര്യങ്ങള്‍ നടത്തുന്നു".

അണക്കെട്ടിന്റെ ഗുണഫലങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെ ഡാല്‍ട്ടന്‍ഗഞ്ചിലെ വസിഷ്ഠ നാരായണ്‍ സിംഗ്‌ ചിരിച്ചുതള്ളി. ബീഹാര്‍ സംസ്ഥാന നിര്‍മ്മാണ കോര്‍പ്പറേഷനിലെ മുന്‍ വര്‍ക്സ്‌ മാനേജറാണ്‌ സിംഗ്‌. പലാമോയിലെ ജലസേചനത്തെക്കുറിച്ചു ആധികാരികമായി പറയാന്‍ കഴിവുള്ള ഒരു വിദഗ്‌ധനുംകൂടിയായിരുന്നു അദ്ദേഹം. ചെറിയ അണക്കെട്ടുകളാണ്‌ ആവശ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. "ഇവയെ, ജലസ്രോതസ്സുകളുമായി, ഒന്നോ രണ്ടോ വലിയ പദ്ധതികള്‍ വഴി കൂട്ടിയോജിപ്പിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ വേണ്ടത്‌, ഔറംഗയിലും, കന്‍ഹാറിലുമുള്ളതുപോലെ", അദ്ദേഹത്തിന്റെ വാദം ശരിയായിരിക്കാം. എങ്കിലും, ഇന്നത്തെ പരിതസ്ഥിതിയില്‍, ഇത്തരം ഒന്നോ രണ്ടോ അണക്കെട്ടുകള്‍ കൂടി വന്നാല്‍, അതിനുവേണ്ടികൂടി ഭൂമി ഒഴിഞ്ഞുപോകേണ്ടിവരുന്നവര്‍ക്ക്‌ എന്ത്‌ ഉറപ്പാണ്‌ നല്‍കാന്‍ കഴിയുക?

വാഗ്ദാനലംഘനത്തെക്കുറിച്ചുള്ള നിരവധി കഥകള്‍ പ്രദേശത്തുകാര്‍ എന്നോട്‌ പറഞ്ഞു. തൊഴിലും സ്കൂളുകളും, നഷ്ടപരിഹാരവും ഒക്കെ അതില്‍ പെട്ടിരുന്നു. ഒന്നും കിട്ടിയില്ല. " ഇവിടെയുള്ള മുപ്പതോളം ഗ്രാമങ്ങള്‍ക്കായി, നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളോ, ഒരു അംഗനവാടിയോ ഇല്ല. തരക്കേടില്ലാത്ത ഒരു ആശുപത്രി എന്നു പറയാനും ഒന്നുപോലും ഇല്ല", ചെറുത്തുനില്‍പ്പു സംഘടനയിലെ ഒരു വനിതാവിമോചന പ്രവര്‍ത്തകയായ മൂര്‍ത്തി പറഞ്ഞു.

ഈ ജില്ലയില്‍ നടപ്പാക്കാന്‍ പോകുന്ന മറ്റു പദ്ധതികളുടെ ഗുണഭോക്താക്കളെ കാത്തിരിക്കുന്ന വിധിയും മറ്റൊന്നല്ല. അത്തരത്തിലുള്ള നിരവധിയെണ്ണം ഉണ്ടുതാനും. കധാവന്‍ പദ്ധതി നാല്‍പ്പതോളം ഗ്രാമങ്ങളെയാന്‌ ബാധിക്കുക. കന്‍ഹര്‍ പദ്ധതിയും അത്രതന്നെ ഗ്രാമങ്ങളെ തകര്‍ക്കും. ഔറംഗ പ്പദ്ധതി ഏതായാലും, പലാമോയിലേക്ക്‌ ജലമെത്തിക്കും. ഏറ്റവും ചുരുങ്ങിയത്‌, പതിനഞ്ചു ഗ്രാമങ്ങളുടെ ചിലവിലാകുമെന്നു മാത്രം. ആരെയും കുടിയിറക്കാത്ത ഒരേയൊരു പദ്ധതി താല്‍ഹെ നദിയിലെ പദ്ധതിയാണ്‌. ഇരുപത്‌ കോടി രൂപകൊണ്ട്‌ 8,000 ഹെക്ടര്‍ സ്ഥലത്ത്‌ ജലസേചനം നടത്താനാകും. കുട്‌കു അണക്കെട്ടിനേക്കാളും എന്തുകൊണ്ടും മെച്ചമുള്ളതാണ്‌ അത്‌.

"എന്നിട്ടും, താല്‍ഹെ നദീ പദ്ധതിയിന്‍മേല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. ഒരു പൈസ പോലും അതിനു കിട്ടിയിട്ടുമില്ല' വസിഷ്ഠ നാരായണ്‍ പറഞ്ഞു. മൊത്തം ജലസേചനത്തിന്റെ കാര്യത്തില്‍, സംസ്ഥാനം ഇതുവരെ കാര്യമായ ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "എന്തിനാണ്‌ പുതിയ പദ്ധതികള്‍? ഇപ്പോഴുള്ളവ തന്നെ അപകടകരമായ സ്ഥിതിയിലാണ്‌. വര്‍ഷാവര്‍ഷം, 350-400 കോടി രൂപ ജലസേചനാവശ്യങ്ങള്‍ക്കായി കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത്‌, ഇപ്പോള്‍ സംസ്ഥാനത്തിനു കിട്ടുന്നത്‌ 120 കോടി രൂപയാണ്‌. അതില്‍ 80 കോടി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പോകും. ശിഷ്ടം, 40 കോടിയാണ്‌ പദ്ധതിക്കു കിട്ടുക. അറ്റകുറ്റപ്പണികളൊക്കെ നിന്നിട്ട്‌ കാലമേറെയായി. ഉദ്യോഗസ്ഥര്‍ക്ക്‌ മൂന്നു വര്‍ഷമായി യാത്രാപ്പടിപോലും കിട്ടുന്നില്ല. വാഹനങ്ങളാണെങ്കില്‍ തുരുമ്പെടുത്തുകിടക്കുന്നു. പ്രധാനപ്പെട്ട പല റിപ്പയര്‍ പണികളും ബാക്കി കിടക്കുകയാണ്‌".

കുട്‌കു അണക്കെട്ടിന്റെ പണി പെട്ടെന്നൊന്നും നിര്‍ത്തിവെക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കരാറുകാരനും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്‌. "നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന' ആ വലിയ വെള്ളാനയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ മൂര്‍ത്തി പറഞ്ഞപോലെ, "ഡാമിന്റെ പണി നിന്നുവെന്നു വരാം, പക്ഷേ, കരാറുകാരുടെ പണി ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല".

പിന്‍കുറിപ്പ്‌

അണക്കെട്ടും,പദ്ധതി-ബാധിത പ്രദേശങ്ങളും എന്നെ കൊണ്ടുനടന്നു കാണിച്ച കവിയും, ഗായകനും, നേതാവുമായിരുന്ന വൈദ്യനാഥ സിംഗ്‌, ഞാന്‍ അവിടെനിന്നു പോന്ന് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍, കൊല്ലപ്പെട്ടു. മാവോയിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ സെന്റര്‍(MCC) പ്രവര്‍ത്തകരുടെ യൂണിഫോം ധരിച്ച ചില ആളുകളായിരുന്നു ആ കൊലപാതകത്തിനു പിന്നില്‍. ഒരു തീവ്ര-ഇടതുപക്ഷ സംഘടനയായിരുന്ന MCC ആ പ്രദേശത്ത്‌ സജീവമായിരുന്നു, ചില അക്രമ സംഭവങ്ങളിലും അവര്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷേ വൈദ്യനാഥിന്റെ സുഹൃത്തുക്കള്‍ വിശ്വസിക്കുന്നത്‌, ആ കൊലപാതകത്തില്‍ MCC ക്ക്‌ യാതൊരു പങ്കുമില്ലെന്നാണ്‌. ജലസേചനവകുപ്പിലെ ചില ആളുകളുടെ ഒത്താശയോടെ, കരാറുകാര്‍ നടത്തിയ ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നു അതെന്നാണ്‌ അവര്‍ കരുതുന്നത്‌. യൂണിഫോം ഒരു മറ മാത്രമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. താന്‍ നേതൃത്വം കൊടുത്ത ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്കിടയില്‍ വൈദ്യനാഥിന്റെ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ട്‌. ഒരു പലാമോ രാത്രിയില്‍ അദ്ദേഹം പാടി, തൊണ്ണൂറു മിനുട്ട്‌ വീതം ദൈര്‍ഘ്യമുള്ള രണ്ടു കാസറ്റുകളിലായി ഞാന്‍ പകര്‍ത്തിയ, ആ മനോഹരമായ ഗാനങ്ങളിലും ആ ശബ്ദം മുഴങ്ങുന്നുണ്ട്‌.

Sunday, October 21, 2007

ജൂതന്‍മാരില്ലാത്ത അമേരിക്ക - ഒരു ആന്‍ കൗള്‍ടര്‍ സ്വപ്നം

ബ്രാഡ്‌ലി ബേസ്റ്റണ്‍

ചില സമയങ്ങളില്‍ - പ്രത്യേകിച്ചും, സ്കൂള്‍വളപ്പിലെ വെടിവെയ്പ്പുകള്‍ക്കും, തകരുന്ന കമ്പോളങ്ങള്‍ക്കും, പരാജയപ്പെടുന്ന യുദ്ധങ്ങള്‍ക്കും ഭരണത്തിനും, അതുപോലെയുള്ള പലതിനുമിടക്ക്‌ - അമേരിക്കക്കാര്‍, ഇടക്കിടക്ക്‌ ഒന്ന് സ്വയം വിലയിരുത്തിനോക്കാന്‍ മിനക്കെടാറുണ്ട്‌. തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിനെ ഗ്രസിച്ചിരിക്കുന്ന കലശലായ രോഗമെന്താണെന്നറിയാന്‍.

എന്താണ്‌, അമേരിക്കക്ക്‌ പറ്റിയത്‌?

എന്നോട്‌ ഈ ചോദ്യം ചോദിച്ചാല്‍, ആന്‍ കൗള്‍ട്ടറില്‍ നിന്നാവും ഞാന്‍ ആരംഭിക്കുക. മൂര്‍ച്ചയേറിയ നാവുകൊണ്ട്‌ അവിഹിത താത്‌പ്പര്യങ്ങളുടെ യാഥാസ്ഥിതിക വിവരദോഷങ്ങള്‍ വിളമ്പി, ലോകമൊട്ടുക്കുള്ള വാര്‍ത്തശൃംഖലകളില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ച്‌, ശ്രോതാക്കളെ പൊട്ടിത്തരിപ്പിക്കുന്ന, ആന്‍ കൗള്‍ട്ടര്‍ എന്ന വിശ്രുത കോളമിസ്റ്റില്‍നിന്ന്.

അമേരിക്ക എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ശില ക്രിസ്തുമതത്തിന്റേതാണെന്നും, വൈറ്റ്‌ഹൗസില്‍ ഒരു ക്രിസ്ത്യന്‍ സഹപ്രവര്‍ത്തകനെയാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ്‌ ആവശ്യത്തിലേറെ കോലാഹലമുണ്ടാക്കിയ വൈറ്റ്‌ഹൗസിന്റെ ഭൈമീകാമുകന്‍, റിപ്പബ്ലിക്കന്‍ അംഗം ജോണ്‍ മാക്‍കൈന്‍ ചവുട്ടിക്കുഴച്ച ചെളിക്കുണ്ടിലേക്കാണ്‌ ഇത്തവണ കൗള്‍ട്ടറും ഓടിക്കിതച്ചെത്തിയത്‌.

മാക്‍കെയിന്റെ അഭിപ്രായപ്രകടനം കഴിഞ്ഞ്‌ ഒരു മാസം തികയുന്നതിനുമുന്‍പേ, രോഷാകുലനായ ഒരു ജൂത ടാക്‌-ഷോ അവതാരകനോട്‌ കൗള്‍ട്ടര്‍ പറഞ്ഞത്‌, തന്റെ സ്വപ്നത്തിലെ സ്വര്‍ഗ്ഗം- അമേരിക്ക എന്നു വിവക്ഷ-എല്ലാവരും ക്രിസ്ത്യാനികളായിരിക്കുന്ന ഒരു സ്ഥലമാണെന്നാണ്‌.

ജൂതന്മാര്‍ എവിടെപ്പോവും? കൗള്‍ട്ടര്‍ നല്‍കിയ മറുപടി, ജൂതന്മാര്‍ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപ്പെടണം എന്നായിരുന്നു. എങ്കിലേ അവര്‍ 'പരിപൂര്‍ണ്ണ'രാകൂവെന്നും, ക്രിസ്ത്യാനികള്‍ക്ക്‌ ദൈവവുമായി ഒരു 'എളുപ്പമാര്‍ഗ്ഗ'മുണ്ടെന്നുംകൂടി കൗള്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.

CNBC യുടെ The Big Idea എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ്‌ കൗള്‍ട്ടറിനോട്‌, ഡോണി ഡച്ച്‌ എന്ന അവതാരകന്‍ ചോദിച്ചത്‌, ഏതു തരത്തിലുള്ള ഒരു അമേരിക്കയെയാണ്‌ വേണ്ടിവന്നാല്‍ അവര്‍ സ്വപ്നം കാണുകയെന്ന്.

2004-ലെ റിപ്പബ്ലിക്കന്‍ സമ്മേളനത്തിന്‌ സാക്ഷ്യം വഹിച്ച ന്യൂയോര്‍ക്ക്‌ നഗരംപോലെ ഒരു സ്ഥലമായിരിക്കുമതെന്ന് കൗള്‍ട്ടര്‍ മറുപടിയും പറഞ്ഞു.

അതൊന്ന് വിശദീകരിക്കണമെന്നായി ഡച്ച്‌. '(ന്യൂയോര്‍ക്കില്‍)എല്ലാവരും സന്തോഷവാന്‍മാരായിരുന്നു. എല്ലാവരും ക്രിസ്ത്യാനികള്‍.സഹിഷ്ണുതയുള്ളവര്‍. അമേരിക്കക്കുവേണ്ടി പോരാടാന്‍ തയ്യാറായവര്‍".

ഡച്ചിനു പെട്ടെന്ന് ദേഷ്യം വന്നു. അയാളുടെ അഭിമാനത്തിന്‌ കോട്ടം തട്ടി. എടുത്തടിച്ചപോലെ യാള്‍ ചോദിച്ചു. "എന്നു വെച്ചാല്‍, ഞങ്ങളൊക്കെ ക്രിസ്ത്യാനികളാകണമെന്നോ? ക്രിസ്ത്യാനികളായാല്‍ എല്ലാം ഭംഗിയാവുമെന്നോ?". അതെ എന്നായിരുന്നു കൗള്‍ട്ടറുടെ മറുപടി. മാത്രമല്ല, തന്റെ കൂടെ പള്ളിയില്‍ പ്രാര്‍ത്ഥനക്കു വരാന്‍ ഡച്ചിനെ ക്ഷണിക്കുകകൂടി ചെയ്തു അവര്‍.

ഡച്ച്‌: അപ്പോള്‍, ഞങ്ങളൊക്കെ ജൂതമതം വിട്ട്‌, ക്രിസ്ത്യാനികളാകണം, അല്ലേ".

കൗള്‍ട്ടര്‍ : അതെ.

ഡച്ച്‌: ശരിക്കും?

കൗള്‍ട്ടര്‍: അതെ. അത്‌ വളരെ എളുപ്പമുള്ള ഒരു കാര്യമാണ്‌. ഒരു എളുപ്പവഴി.

കൗള്‍ട്ടറുടെ നിലപാടുകളും, ഇറാനിയന്‍ പ്രസിഡണ്ട്‌ മഹമൂദ്‌ അഹ്മ്മദി നിജാദിന്റെ നിലപാടുകളും തമ്മിലുള്ള സാമ്യത ഡച്ച്‌ ചൂണ്ടിക്കാണിച്ചു.

ഡച്ച്‌: അതിനര്‍ത്ഥം, "ഭൂമിയില്‍ നിന്ന് ജൂതരെ ഉന്മൂലനം ചെയ്യുക", എന്നതുതന്നെയല്ലേ? ഒരു ജൂതനും വേണ്ട എന്ന്?

കൗള്‍ട്ടര്‍: അല്ല, ഞങ്ങള്‍ വിചാരിക്കുന്നത്‌.... ഞങ്ങള്‍ക്കു വേണ്ടത്‌, ജൂതന്മാരെ കൂടുതല്‍ സമ്പൂര്‍ണ്ണരാക്കുക എന്നതാണ്‌. ആ അര്‍ത്ഥത്തിലാണ്.

ഡച്ച്‌: ഹോ, പക്ഷേ അത്‌ നിങ്ങള്‍ പറഞ്ഞില്ലല്ലോ, ഉവ്വോ?

കൗള്‍ട്ടര്‍: ഉവ്വ്‌.ക്രിസ്ത്യന്‍ മതമെന്നാല്‍ അതാണ്‌. പഴയ നിയമത്തിലൊക്കെ ഞങ്ങള്‍ക്കും വിശ്വാസമുണ്ട്‌. പക്ഷേ ഞങ്ങളുടേത്‌ കുറച്ചുകൂടി വേഗതയുള്ളതാണ്‌. ഫെഡറല്‍ എക്സ്പ്രസ്സു പോലെ. നിയമം അനുസരിക്കേണ്ടവരാണ്‌ നമ്മള്‍.

പിന്നെ ഒരു ചെറിയ കമ്മേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത്‌ കൗള്‍ട്ടര്‍ ഡച്ചിനോട്‌ താന്‍ നടത്തിയ ആ "സമ്പൂര്‍ണ്ണ മനുഷ്യരാക്കുന്ന 'പരാമര്‍ശത്തെപ്പറ്റി അല്‍പം കൂടി വിശദീകരിക്കാന്‍ ഒരു അവസരം ചോദിച്ചു. ഈ പരാമര്‍ശം ജൂതന്‍മാരെ മുറിവേല്‍പ്പിക്കാനും, സെമിറ്റിക്‌ വിരുദ്ധ വികാരം ഉളവാക്കാനും മാത്രമേ ഉപകരിക്കൂ എന്നൊന്നുമുള്ള വാദങ്ങള്‍ സമ്മതിച്ചുതരാന്‍ അവര്‍ തീരെ സന്നദ്ധയായില്ല.

അവരെ ഗൗരവമായി കാണുന്നതില്‍, ഈയടുത്തകാലം വരെ ഞാന്‍ ദയനീയമായി പരാജയപ്പെട്ടു എന്ന് എനിക്ക്‌ ബോദ്ധ്യമായി. എനിക്ക്‌ തെറ്റു പറ്റി.

"ആഭ്യന്തര വിമാന യാത്രകളില്‍ പാസ്സ്‌പോര്‍ട്ട്‌ കര്‍ശനമാക്കണം. പാസ്സ്‌പോര്‍ട്ടുകള്‍ വ്യജമായി നിര്‍മ്മിക്കാന്‍ പറ്റുമായിരിക്കും. എങ്കിലും അതിന്റെ അടിസ്ഥാനത്തില്‍, സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന ഏതൊരു ഇരുണ്ടനിറമുള്ള പുരുഷനെപ്പറ്റിയും നമുക്ക്‌ അന്വേഷിക്കാന്‍ സാധിക്കുന്നതാണ്‌" എന്ന്, സെപ്തംബര്‍ 11 നു ശേഷം ഒരിക്കല്‍ ഇവര്‍ നടത്തിയ പരാമര്‍ശത്തെ, ഒരു വെറും വര്‍ണ്ണവെറിയായി ഞാന്‍ എഴുതിതള്ളിയത്‌ തെറ്റായിപ്പോയെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സ്ത്രീകളുടെ വോട്ടവകാശത്തെ അവര്‍ എതിര്‍ത്തതിനെയും, ജോണ്‍ എഡ്വേര്‍ഡിനെ, "തീവ്രവാദികളാല്‍ കൊല്ലപ്പെടേണ്ട സ്വവര്‍ഗ്ഗസംഭോഗി' എന്ന് വിളിച്ചതിനെയും, "നാറാത്തവരേയും, മുഹമ്മദ്‌ എന്നു വിളിച്ചാല്‍ വിളി കേള്‍ക്കാത്തവരേയും കൊല്ലണമെന്ന് അകമഴിഞ്ഞ്‌ വിശ്വസിക്കുന്നവരുടെ മതമാണ്‌ ഇസ്ലാം' എന്ന അവരുടെ വ്യഖ്യാനത്തെയും, വെറും ജല്‍പനങ്ങളായി ഞാന്‍ എഴുതിതള്ളിയതും തെറ്റായിപ്പോയി.

കൂര്‍മ്മബുദ്ധിയും, ഉയര്‍ന്ന വിദ്യാഭ്യാസവും, മനോവൈകൃതത്താല്‍ അനുഗ്രഹീതയുമായ ഒരുവളായിട്ടായിരിക്കും ഒരു സാധാരണക്കാരന്‍ അവരെ വിലയിരുത്തുക എന്ന എന്റെ നിരീക്ഷണവും തീര്‍ത്തും തെറ്റായിരുന്നു.

അമിതയോഗ്യതകളുള്ള ഒരു വിദൂഷക മാത്രമാണവരെന്ന എന്റെ കണക്കുകൂട്ടലുകളും പിഴച്ചുപോയി. ഞാന്‍ അവരെ ഗൗരവമായി എടുക്കേണ്ടതായിരുന്നു.

ഈ കരുതിയതൊന്നുമല്ല ആന്‍ കൗള്‍ട്ടര്‍. അവര്‍ എന്റെ ശത്രുവാണ്‌. ആന്‍ കൗള്‍ട്ടറിന്റേതുപോലുള്ള ദേശാഭിമാനവും, രാഷ്ട്രീയ സ്വാധീനവുമുള്ള വിദ്വേഷവാഹകരാണ്‌ അമേരിക്കയുടെ ഒരേയൊരു ശാപം.

ഇനിയൊരിക്കലും ഞാന്‍ അവരെ മനസ്സിലാകുന്നതില്‍ പരാജയപ്പെടില്ല. ആന്‍ കൗള്‍ട്ടറിന്റെ പക്കല്‍ ജൂതരെ ലക്ഷ്യമാക്കിയുള്ള ഒരു പദ്ധതിയുണ്ട്‌. മുസ്ലിമുകള്‍ക്കുള്ള മറ്റൊരു പദ്ധതിയും അവരുടെ കയ്യിലുണ്ട്‌. ആ പദ്ധതികളൊക്കെ എങ്ങിനെ പ്രാവര്‍ത്തികമാക്കണമെന്ന നല്ല നിശ്ചയവുമുള്ളവരാണ്‌ ആന്‍ കൗള്‍ട്ടറിനെപ്പോലുള്ള അമേരിക്കക്കാര്‍.

പരിഭാഷകക്കുറിപ്പ്‌

ഹാരെട്സ്‌ (Haaretz)എന്ന ഇസ്രായേലി ദിനപ്പത്രത്തിലെ "നരകത്തില്‍ ഒരു പ്രത്യേക ഇരിപ്പിടം' എന്ന ബ്ലോഗ്‌ പംക്തിയില്‍ നിന്ന് പരിഭാഷപ്പെടുത്തിയത്‌. ഇംഗ്ലീഷില്‍ എഴുതുന്ന, പ്രസിദ്ധനായ ഒരു ബ്ലൊഗ്ഗ് ആക്റ്റിവിസ്റ്റാണ് ബ്രാഡ്‌ലി ബേസ്റ്റണ്‍.

വര്‍ത്തമാനകാല അമേരിക്കന്‍-ഇസ്രായേലി ബന്ധങ്ങളുടെ ഉള്‍ച്ചുഴികള്‍ വ്യക്തമാക്കിത്തരുന്ന ഒരു കുറിപ്പാണിത്.പിടിച്ചതിനേക്കാള്‍ വലിയതാണ്‌ മാളത്തിലുള്ളതെന്ന് ഒടുവില്‍ തിരിച്ചറിയേണ്ടിവരുന്ന ഈ ജൂതാനുഭവത്തെ ബ്രാഡ്‌ലിയും, ഡച്ചും എങ്ങിനെയാണ്‌ നേരിട്ടിട്ടുണ്ടാവുക?

എന്തായാലും, ഒരേ സമയം ഇരയും വേട്ടക്കാരനുമായി അഭിനയിക്കേണ്ടിവരുക എന്നത്‌ നര്‍മ്മരഹിതമായ ഒരു ചരിത്ര നാടക മുഹൂര്‍ത്തമാണെന്ന് പറയാതെ വയ്യ.

Tuesday, October 16, 2007

ആങ്ങ്‌ സാന്‍ സ്യൂചിയുമായി ഞാന്‍ ഒടുവില്‍ നടത്തിയ സംഭാഷണം.

ജോണ്‍ പില്‍ഗര്‍

ബര്‍മ്മയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ആങ്ങ്‌ സാന്‍ സ്യൂചിയെ ഒരിക്കല്‍ കണ്ട ഓര്‍മ്മ കണ്‍മുന്നില്‍ തെളിയുന്നു. റങ്കൂണിലെ തടാകക്കരയിലുള്ള തന്റെ വീടിന്റെ പിന്‍ഭാഗത്തെ ഗേറ്റില്‍ നില്‍ക്കുകയായിരുന്നു അവര്‍. അന്നും വീട്ടുതടങ്കലിലായിരുന്നു സ്യൂചി. അവര്‍ വല്ലാതെ മെലിഞ്ഞപോലെ തോന്നി എനിക്ക്.അവര്‍ തടങ്കലില്‍ കിടക്കുന്ന ആ വീടിന്റെ പരിസരത്ത്‌ വെറുതെയൊന്ന് വന്നുനില്‍ക്കാനും, അവര്‍ വായിക്കുന്ന പിയാനോ സംഗീതം കേട്ട്‌ സമാശ്വസിക്കാനുമായി, നിരവധി ആളുകള്‍ എല്ലാ മാര്‍ഗ്ഗ തടസ്സങ്ങളെയും ധീരമായി മറികടന്ന്, വര്‍ഷങ്ങളായി അവിടെ വരാറുണ്ടായിരുന്നു. സ്വന്തം നെഞ്ചിടിപ്പിനും, പുറം ലോകത്തെ ശബ്ദങ്ങള്‍ക്കും ചെവിയോര്‍ത്ത്‌ താന്‍ ഉണര്‍ന്നു കിടക്കാറുണ്ടായിരുന്നുവെന്ന് സ്യൂചി എന്നോട്‌ പറഞ്ഞു. "അസുഖമായതിനുശേഷം, മലര്‍ന്നു കിടക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്‌". അവര്‍ പറഞ്ഞു.

ഇത് നടന്നത് ഒരു പതിറ്റാണ്ടുമുന്‍പായിരുന്നു. അവരുടെ വീട്ടില്‍ ഒളിച്ചു കടക്കാന്‍ ബര്‍മ്മീസ്‌ അധോലോകത്തിന്റെ മുഴുവന്‍ കൗശലവും എനിക്കന്ന് ഉപയോഗിക്കേണ്ടിവന്നു. സ്യൂചിയുടെ സഹായി വിന്‍ ഹ്യെന്‍, എന്നെയും, സിനിമാ നിര്‍മ്മാണത്തിലെ എന്റെ പങ്കാളിയായ ഡേവിഡ്‌ മണ്‍റൊനെയും ഉള്ളിലേക്ക്‌ ക്ഷണിച്ചു. ആറുവര്‍ഷത്തെ ജയില്‍വാസത്തിനിടക്ക്‌ അഞ്ചു വര്‍ഷവും ഏകാന്ത തടവിലായിരുന്നു വിന്‍ ഹ്യെന്‍. എങ്കിലും അയാളുടെ മുഖത്ത്‌ തെളിച്ചവും, ഹസ്തദാനത്തില്‍ ഊഷ്മളതയും ഉണ്ടായിരുന്നു. ദുരിത കാലം ക്ഷയിപ്പിച്ചതെങ്കിലും രാജകീയമായ ആ വീടിനുള്ളിലേക്ക്‌ അയാള്‍ ഞങ്ങളെ നയിച്ചു. മോടിയില്‍ വസ്ത്രധാരണം ചെയ്ത ബര്‍മ്മീസ് പട്ടാള മേധാവികള്‍ ക്രൂരമായി അടിച്ചമര്‍ത്തിയ 1990-ലെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു വനിതയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വീടാണിതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌, ഉദ്യാനത്തിലെ ഉണങ്ങിയ മരങ്ങള്‍ ഇന്യ തടാകത്തിലേക്കും, വളച്ചുകെട്ടിയ കമ്പിവേലിയിലേക്കും വീണുകിടന്നിരുന്നു.

സ്യൂചി സില്‍ക്ക്‌ വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. മുടിയില്‍ ഓര്‍ക്കിഡ്‌ പുഷ്പങ്ങളും. തേജസ്സുറ്റ ആ മുഖം, ഉറങ്ങുമ്പോള്‍പ്പോലും, അവര്‍ നടത്തുന്ന ധീരമായ യാത്രയുടെ ഉള്‍ബലം വെളിവാക്കിയിരുന്നു.

താന്‍ ഒരിക്കലും നേരിട്ടറിഞ്ഞിട്ടില്ലാത്ത ആ അച്ഛന്റെ -സ്വതന്ത്ര ബര്‍മ്മയുടെ ആ പ്രമുഖനായ വിമോചനപ്പോരാളി, വധിക്കപ്പെട്ട ആങ്ങ്‌ സാനിന്റെ- ചുമര്‍ നിറയും വിധത്തിലുള്ള വലിയ ചിത്രം പതിച്ച ഒരു മുറിയില്‍, സ്യൂചി, ഞങ്ങളോടൊപ്പമിരുന്നു.

"ഞാന്‍ എന്താണ്‌ നിങ്ങളെ വിളിക്കേണ്ടത്‌?", ഞാന്‍ ചോദിച്ചു. "മുഴുവന്‍ പേരും വിളിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നത്‌ സൂ എന്നാണ്‌", അവര്‍ മറുപടി തന്നു.

"ഭരണകൂടം പറയുന്നത്‌ നിങ്ങളുടെ കഥ കഴിഞ്ഞു എന്നാണ്‌. എന്നിട്ടും ഒന്നും സംഭവിക്കാതെ നിങ്ങളിവിടെയുണ്ട്‌. അതെങ്ങിനെയാണ്‌?".

"ബര്‍മ്മയില്‍ ജനാധിപത്യം അവസാനിച്ചിട്ടില്ലാത്തതുകൊണ്ടാണത്‌. തടവറകളില്‍ കഴിയുകയും, ഇപ്പോള്‍ തെരുവില്‍ ജനാധിപത്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഈ ആളുകളെ നോക്കൂ. ഏതുനിമിഷവും വീണ്ടും ജയിലില്‍ പോകേണ്ടിവരുമെന്നറിയാമായിരുന്നിട്ടും, അവര്‍ പിന്‍മാറാന്‍ ഒരുക്കമല്ല".

"പക്ഷേ, ഒരിക്കല്‍ ബാലറ്റിലൂടെ നിങ്ങള്‍ നേടിയെടുത്ത അധികാരത്തെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ തിരിച്ചുപിടിക്കാനാവുക? അതും ഈ ഉരുക്കു മുഷ്ടിയെ നേരിട്ടുകൊണ്ട്‌?"

"വിജയത്തിനു നാലു ചേരുവകളുണ്ടെന്നാണ്‌ ബുദ്ധ മതം ഞങ്ങളെ പഠിപ്പിക്കുന്നത്‌. എന്തെങ്കിലും നേടണമെന്ന ഇച്ഛാശക്തിയാണ്‌ ആദ്യം വേണ്ടത്‌. പിന്നെ അതിനാവശ്യമായ ശരിയായ മനോനില, പിന്നെ വേണ്ടത്‌ നിശ്ചയദാര്‍ഢ്യം, ഒടുവില്‍ അറിവും.."

"മറുവശത്തുള്ളത്‌ തോക്കുകളല്ലേ?"

"അതെ. പക്ഷേ പ്രശ്നങ്ങളെ സൈനികമായി നേരിടുക പ്രയാസമാണ്‌. അത്‌ സ്വീകാര്യമല്ല".

ബര്‍മ്മയിലേക്ക്‌ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ച വിദേശ സ്ഥാപനങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിച്ചു. പ്രത്യേകിച്ചും ടൂര്‍ കമ്പനികളെക്കുറിച്ചും, പടിഞ്ഞാറുള്ള 'ചങ്ങാതിമാരുടെ' കപടനാട്യത്തെക്കുറിച്ചുമൊക്കെ. ബ്രിട്ടീഷ്‌ വിദേശ കാര്യാലയത്തിന്റെ പത്രക്കുറിപ്പില്‍ എഴുതിയിരുന്നത് ഞാന്‍ സ്യൂചിയെ വായിച്ചുകേള്‍പ്പിച്ചു." ബ്രിട്ടന്‍ പോലുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളിലൂടെ ജനാധിപത്യ തത്ത്വങ്ങളുമായി കൂടുതല്‍ ഇടപെഴകാന്‍ ബര്‍മ്മീസ്‌ ജനതക്കു സാധിക്കും".

"ഒരിക്കലുമില്ല", അവര്‍ തിരിച്ചടിച്ചു. "കാരണം, ഒരു ചെറിയ ധനികവര്‍ഗ്ഗത്തിനെ കൂടുതല്‍ സമ്പന്നമാക്കാന്‍ മാത്രമേ പുതിയ നിക്ഷേപങ്ങള്‍ ഉപകരിക്കൂ. രാജ്യത്ത്‌ മുഴുവന്‍ നിര്‍ബന്ധിത വേലയാണ്‌ നടക്കുന്നത്‌. വിനോദസഞ്ചാര മേഖലയെ ലക്ഷ്യം വെച്ചുള്ളതാണ്‌ മിക്ക പദ്ധതികളും. അതില്‍ ജോലിചെയ്യുന്നതാവട്ടെ, കൂടുതലും കുട്ടികളാണ്‌".

"ഞാന്‍ സംസാരിച്ച മിക്ക ആളുകളും നിങ്ങളെ ഒരു വിശുദ്ധയായോ, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആളായോ ഒക്കെയാണ്‌ കാണുന്നത്‌".

"ഞാന്‍ വിശുദ്ധയൊന്നുമല്ല. നിങ്ങളത്‌ ലോകത്തെ അറിയിക്കുന്നത്‌ നന്നായിരിക്കും".

"എന്താണ്‌ പിന്നെ നിങ്ങളുടെ ദോഷവശങ്ങള്‍?"

"അത്‌...മുന്‍ശുണ്ഠി എന്റെ കൂടപ്പിറപ്പാണ്‌".

"പിയാനോക്ക്‌ എന്തു സംഭവിച്ചു?"

"ആ പൊട്ടിയ കമ്പിയോ? ഇവിടുത്തെ കാലാവസ്ഥയില്‍ പിയാനോ പെട്ടെന്ന് കേടുവരും. ചില കട്ടകള്‍ അമരുന്നില്ല. കുറച്ച്‌ അധികം ബലം ഞാന്‍ പ്രയോഗിച്ചപ്പോള്‍ അതിന്റെ തന്ത്രി പൊട്ടിയതാണ്‌".

"നിങ്ങളത്‌ കേടുവരുത്തി. പൊട്ടിച്ചതാണല്ലേ?"

"അതെ"

"വല്ലാത്ത ഒരു രംഗമാണത്. ഇവിടെ നിങ്ങള്‍ ഒറ്റക്ക്‌ കഴിയുന്നു. പെട്ടെന്നൊരിക്കല്‍ ദേഷ്യം വന്ന്, പിയാനോ കേടുവരുത്തുന്നു".

"ഞാന്‍ പറഞ്ഞില്ലേ, എനിക്ക്‌ മുന്‍ശുണ്ഠി കൂടുതലാണ്‌".

"ചുറ്റും ശത്രുക്കളാല്‍ വളയപ്പെട്ട്‌, കുടുംബത്തില്‍നിന്നും, സുഹൃത്തുക്കളില്‍നിന്നുമൊക്കെ അകന്ന് കഴിയുമ്പോള്‍, പേടിതോന്നുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറില്ലേ?".

"ഇല്ല, കാരണം, എന്നെ പൊതിഞ്ഞു നില്‍ക്കുന്ന ഈ കാവല്‍ക്കാരോട്‌ എനിക്ക്‌ വിദ്വേഷമില്ല. ഭയം ഉണ്ടാവുന്നത്‌, വിദ്വേഷത്തില്‍നിന്നാണ്‌. ഇവരോട്‌ എനിക്ക്‌ ദേഷ്യമൊന്നുമില്ല".

"പക്ഷേ ഒരു വല്ലാത്ത ഏകാന്തത ഉണ്ടാക്കുന്നില്ലേ അത്‌?"

"ഹൊ..എനിക്ക്‌ എന്റെ ധ്യാനവും, പിന്നെ റേഡിയോയും ഒക്കെയുണ്ട്‌..പിന്നെ, ഈ ഏകാന്തത എന്നത്‌, ഉള്ളില്‍നിന്നു വരുന്ന ഒന്നാണ്‌. സ്വതന്ത്രരായി വലിയ വലിയ പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ്‌ ഈ ഏകാന്തതയൊക്കെ അധികവും ഉണ്ടാവുക".

"നിങ്ങള്‍ ഉറ്റുനോക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍ എന്തൊക്കെയാണ്‌?"

"ബി.ബി.സി യിലെ "ഓഫ്‌ ഷെല്‍ഫ്‌" എന്ന പംക്തിയില്‍ പരാമര്‍ശിക്കപ്പെടുന്ന പുസ്തകങ്ങളും, പിന്നെ എന്റെ ധ്യാനവും. വ്യായാമത്തിലൊന്നും എനിക്കധികം താത്‌പ്പര്യമില്ല. ഞാന്‍ ആ പ്രകൃതക്കാരിയല്ല".

"എന്നെങ്കിലും ഒരിക്കല്‍ ഭയത്തെ കീഴ്‌പ്പ്പ്പെടുത്തേണ്ടതായിവന്നിട്ടുണ്ടോ?"

"ഉണ്ട്‌. ഈ വീട്ടില്‍ ചെറിയ കുട്ടിയായി കഴിഞ്ഞ നാളുകളില്‍. ഇരുട്ടത്ത്‌ ഞാന്‍ ഇവിടെയൊക്കെ അലഞ്ഞുനടക്കാറുണ്ടായിരുന്നു. പിശാചുക്കള്‍ എവിടെയാണെന്ന് മനസ്സിലാകുംവരെ...ഏതായാലും ഇവിടെ അവര്‍ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല".

സ്യൂചിയുമായുള്ള ആ കൂടിക്കാഴ്ച്ചക്കുശേഷം പിന്നീട്‌ നിരവധി തവണ ഞാന്‍ അവര്‍ തന്ന ടെലിഫോണ്‍ നമ്പറില്‍ അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ അടിക്കും. പിന്നെ നിശ്ചലമാകും. അങ്ങിനെയിരിക്കെ പിന്നീടൊരിക്കല്‍ അവരെ ഫോണില്‍ കിട്ടി.

"ആ പുസ്തകങ്ങള്‍ അയച്ചതിനു നന്ദി" അവര്‍ പറഞ്ഞു. "വീണ്ടും ധാരാളം വായിക്കാന്‍ കഴിഞ്ഞപ്പോള്‍ നല്ല സന്തോഷം തോന്നി" (ഞാന്‍ അവര്‍ക്ക്‌ ടി.എസ്‌.എലിയട്ടിന്റെ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഒരു സമാഹാരവും, ജോനാഥന്‍ ക്യൂവിന്റെ* What a Carve Up!എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലും കൊടുത്തയച്ചിരുന്നു). പുറത്ത്‌ എന്തൊക്കെയാണ്‌ നടക്കുന്നതെന്ന് ഞാന്‍ അവരോട്‌ ചോദിച്ചു. "ഓ..റോഡ്‌ മുഴുവന്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. തെരുവില്‍ മുഴുവന്‍ പട്ടാളക്കാരാണ്‌".

"ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു എന്ന പേടിയുണ്ടോ?"

"ആ പ്രയോഗം എനിക്ക്‌ അത്ര ഇഷ്ടമല്ല" അല്‍പ്പം തറപ്പിച്ച്‌ അവര്‍ പറഞ്ഞു."ആളുകള്‍ തെരുവിലാണ്‌. അതൊരു പ്രതിസന്ധിയല്ല. കാരണ്‍** പോലെയുള്ള ഗോത്രവര്‍ഗ്ഗക്കാരും തെരുവിലാണ്‌. അതും ഒരു പ്രതിസന്ധിയല്ല. ആളുകളുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഷേധം പ്രകടമാണ്‌. നിങ്ങള്‍ക്കറിയാമോ, പുറത്ത്‌ എല്ലാം ശാന്തമാണെന്നു തോന്നുമ്പോഴും അടിയില്‍ എപ്പോഴും ഒഴുക്കുണ്ട്‌. മഞ്ഞുറഞ്ഞ തടാകം പോലെയാണത്‌. ഞങ്ങളുടെ ഈ തടാകത്തിന്റെ അടിയില്‍, ഞങ്ങള്‍ പുരോഗമിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. അല്‍പ്പാല്‍പ്പമായിട്ടാണെങ്കില്‍ത്തന്നെയും".

"എന്താണ്‌ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്‌?"

"ഞാന്‍ ഉദ്ദേശിച്ചത്‌, ഭരണകൂടം എത്ര ബലം പ്രയോഗിച്ചാലും, അവര്‍ക്ക്‌ ആളുകളെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല, സ്വാതന്ത്ര്യത്തിനെ തടയാനും അവര്‍ക്കാവില്ല. ഞങ്ങളുടെ സമയം വരുക തന്നെ ചെയ്യും".
*ജോനാഥന്‍ ക്യൂ - ബ്രിട്ടീഷ്‌ നോവലിസ്റ്റ്‌. രാഷ്ട്രീയ ആക്ഷേപഹാസ്യ കൃതികള്‍കൊണ്ട്‌ ശ്രദ്ധേയനാണ്‌.

**കാരണ്‍ - മ്യാന്‍മറിലെ കിഴക്കന്‍ മലനിരകളിലും, തായ്‌ലാന്‍ഡിലും കാണപ്പെടുന്ന ഒരു ഗോത്രവര്‍ഗ്ഗം. ബര്‍മ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു കൂട്ടര്‍.

Monday, October 15, 2007

അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ *

ബീഹാറിലെ വൈശാലിയില്‍ കഴിഞ്ഞ മാസം പത്ത്‌ മനുഷ്യജീവികളെ ഒരു ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചത്തവര്‍ 'നാട്ട്‌' സമുദായക്കാരായിരുന്നു. സര്‍ക്കാരിന്റെ ഒരു രേഖയിലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ (Denotified). ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സമുദായങ്ങളെക്കുറിച്ച്‌ ഇത്‌ വായിക്കുന്ന എത്രപേര്‍ക്ക്‌ അറിയാം? 1970-കളില്‍തന്നെ ഈ ആളുകളിലേക്ക്‌ എന്നെ ആകര്‍ഷിച്ച സംഭവത്തെക്കുറിച്ച്‌ ഇവിടെ ഹ്രസ്വമായി വിവരിക്കാം. ആ കാലഘട്ടത്തില്‍ ഞാന്‍ ഗോത്രങ്ങളെക്കുറിച്ച്‌ ധാരാളം അറിയാന്‍ ശ്രമിച്ചിരുന്നു. മേദിനിപൂരിലെ ലോധ വര്‍ഗ്ഗക്കാര്‍, ഉള്‍നാടുകളിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട്‌, മോഷണവും, പിടിച്ചുപറിയും നടത്തിയിരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. ലോധകള്‍ (ലുഭ്‌ധാക്‌ എന്നും ഇവരെ വിളിച്ചിരുന്നു. നായാട്ടുകാരായിരുന്നു ഇവര്‍)ഗോത്രവര്‍ഗ്ഗക്കാരായിരുന്നു. മര്‍ദ്ദനത്തിനും, കശാപ്പിനും, കുടിയൊഴിക്കലിനും ഇരകളായിരുന്നു അവര്‍. 1871-ല്‍ ബ്രിട്ടീഷുകാര്‍ പാസ്സാക്കിയ അന്യായമായ ക്രിമിനല്‍ ഗോത്ര നിയമത്തെതുടര്‍ന്ന് (Criminal Tribes Act of 1871) ഇവരെ 'ജന്മനാ കുറ്റവാളികളായവര്‍' എന്ന് സമൂഹം മുദ്രകുത്തിയിരുന്നു. ആ നിയമത്തിന്റെ മറപിടിച്ച്‌ ധാരാളം നാടോടി സമൂഹങ്ങളെ കുറ്റവാളികളായി കണക്കാക്കുവാന്‍ തുടങ്ങി. പശ്ചിമബംഗാളില്‍ ഇത്തരത്തിലുള്ള മൂന്നു ഗോത്രക്കാരുണ്ടായിരുന്നു. മേദിനീപൂരിലെ ലോധകള്‍, പുരുളിയയിലെ ഖേരിയ-സബാര്‍കള്‍, ബീര്‍ഭം പ്രദേശത്തുള്ള ധെകാരോകള്‍. ഈ വര്‍ഗ്ഗങ്ങള്‍ക്ക്‌ നേരിടേണ്ടിവന്ന സാമൂഹ്യ-ഭ്രഷ്ടിനെതിരായി കുറെക്കാലമായി ഞാന്‍ പൊരുതുവാന്‍ തുടങ്ങിയിട്ട്‌. ഒരു ഫലവും കാണുന്നില്ലെന്നു മാത്രം. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 30 കൊല്ലക്കാലമായി മാര്‍ക്സിസ്റ്റു പാര്‍ട്ടി ഭരിക്കുന്നു. കുറ്റവാളി സമൂഹമെന്ന പേരില്‍ ഇവര്‍ ഇപ്പോള്‍ അറിയപ്പെടുന്നില്ല എന്നതുകൊണ്ട്‌ ഇവരെ രേഖകളില്‍നിന്നു വിടുതല്‍ ചെയ്തിരിക്കുന്നു എന്ന് 1952-ല്‍ പ്രഖ്യാപിച്ചതൊഴിച്ചാല്‍, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ ഇവരുടെ കാര്യത്തില്‍ കാര്യമായൊന്നും ഇതുവരെ ചെയ്തിട്ടുമില്ല.

1998-ല്‍ പുരുളിയയിലെ ബുധന്‍ സബാറിനെ പോലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തി. മുന്‍-കുറ്റവാളി ഗോത്രസമൂഹത്തിന്റെ ഇന്ത്യയിലെ പൊതുവായ അവസ്ഥയെപറ്റി എനിക്കും അതുവരെ വ്യക്തിപരമായി അറിവുണ്ടായിരുന്നില്ല. ഗുജറാത്തിലെ ഗോത്രവര്‍ഗ്ഗങ്ങളുടെയിടയില്‍ ജീവിച്ചുപഠിച്ച ഡോ.ജി.എന്‍.ഡെവി അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളോടൊപ്പം മേദിനീപൂര്‍ വിദ്യാസാഗര്‍ സര്‍വ്വകലാശാലയില്‍ ഒരിക്കല്‍ വരുകയുണ്ടായി. അന്ന് അവരെ മനസ്സിലാക്കുവാനോ, ഇത്തരം അന്യായങ്ങളെക്കുറിച്ച്‌ പഠിക്കാനോ എനിക്ക്‌ സാധിച്ചില്ല. പിന്നീട്‌, ഡെവിയുടെ താത്‌പര്യപ്രകാരം, ഗോത്രസമൂഹത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനു ഞാന്‍ ബറോഡയില്‍ പോയി. ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷ, സംസ്കാരം, സാഹിത്യം എന്നിവയെ പരിപോഷിപ്പിക്കുന്ന 'ഭാഷ' എന്ന സംഘടന വര്‍ഷാവര്‍ഷം ഒരുക്കുന്ന വെറിയര്‍ എല്‍വിന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ഞാന്‍ സംസാരിക്കുകയും ചെയ്തു.

ബുധന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1998-ല്‍ ഞാനും പങ്കെടുത്തു. കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ പശ്ചിമ ബംഗ ഖേരിയ സബാര്‍ കാലിയന്‍ സമിതിയുടെ പേരില്‍ ഞങ്ങള്‍ കേസ്സ്‌ ഫയല്‍ ചെയ്തിരുന്നു. ബറോഡയിലെ എന്റെ പ്രസംഗം രേഖയില്‍ ഉള്‍പ്പെടാത്ത ഗോത്രങ്ങളെക്കുറിച്ചുള്ളതായിരുന്നു. സദസ്സിനോട്‌ ഞാന്‍ ചോദിച്ചു." സാധാരണ ഗോത്രങ്ങള്‍ക്കുവേണ്ടി മാത്രമല്ലാതെ, രേഖയില്‍ ഉള്‍പ്പെടുത്താത്ത ഗോത്ര സമൂഹത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ എത്ര പേരുണ്ട്‌?" ആ രാത്രി, ഡെവിയും, ലക്ഷ്മണ്‍ ഗയിക്‍വാഡും (സാഹിത്യ അക്കാഡമി ജേതാവ്‌), പ്രമുഖ ഗാന്ധി വിജ്ഞാനീയനായ ത്രിദീപ്‌ സുഹൃദും,, ഗ്രാമ വികസനത്തെക്കുറിച്ച്‌ ഗവേഷണം ചെയ്യുന്ന അജോയ്‌ ദണ്ഡേകറും ഞാനും ഒരുമിച്ചിരുന്ന് ധാരാളം സംസാരിച്ചു. ആ സംഭാഷണത്തില്‍ നിന്നാണ്‌ 'ബുധന്‍' എന്ന ന്യൂസ്‌ലെറ്ററിന്റെ ഉത്ഭവം. രേഖയില്‍ പെടാത്തവരും നാടോടികളുമായ ഗോത്രങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു കൂട്ടായ്മയായിരുന്നു അത്‌.

ആ ന്യൂസ്‌ലെറ്ററിന്റെ ആദ്യപ്രതി ഇപ്പോള്‍ എന്റെ കൈവശമില്ല. പക്ഷെ അതില്‍, ഗോത്രങ്ങളുടെ ഒരു വിശദമായ പട്ടിക കൊടുത്തിരുന്നു. അക്കൂട്ടത്തില്‍ 'നാട്ട്‌'കളും ഉണ്ടായിരുന്നു.

ഞങ്ങള്‍ പിന്നീട്‌ നടത്തിയ ഏതെങ്കിലും കണ്‍വെന്‍ഷനുകളില്‍ ബീഹാര്‍ പങ്കെടുത്തിരുന്നുവൊ? എനിക്ക്‌ ഓര്‍മ്മയില്ല. പക്ഷേ, എന്റെ കഴിഞ്ഞ കാലത്തെ അനുഭവങ്ങളില്‍ നിന്ന് എനിക്കറിയാം, എങ്ങിനെയാണ്‌ ഒരു ആള്‍ക്കൂട്ടം കശാപ്പില്‍ ഏര്‍പ്പെടുന്നതെന്ന്.

കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പുരുളിയയിലെ ലോധകളെയും, ഖേരിയകളെയും, നിര്‍ബന്ധമായി പ്രേരിപ്പിച്ച ചില സന്ദര്‍ഭങ്ങളെക്കുറിച്ചും എനിക്കറിയാം. 'ബുധന്‍' എന്ന മാസികയില്‍ ഇതിനെക്കുറിച്ച്‌ ഒരു ലേഖനം വന്നിരുന്നു. അതില്‍ സൂചിപ്പിച്ചിരുന്നതുപോലെ, "ഈ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇവരെ പ്രേരിപ്പിച്ചിരുന്നത്‌, പോലീസും, തൊണ്ടിമുതലുകള്‍ കൈവശപ്പെടുത്തുന്നവരും" ആയിരുന്നു. പാര്‍ത്ഥി ഗോത്രക്കാരനായ ലക്ഷ്മണ്‍ ഗയിക്‌ക്‍വാഡിന്റെ പക്കല്‍ ഇതിനുപോല്‍ബലകമായ തെളിവുകളുണ്ട്‌. എനിക്കിത്‌ അറിയാവുന്നത്‌, കഴിഞ്ഞ 20 വര്‍ഷമായി ഈ(രേഖകളില്‍ പെടാത്ത) ഗോത്രങ്ങളുമായിട്ടുള്ള എന്റെ സമ്പര്‍ക്കത്തില്‍നിന്നാണ്‌. 'ബുധന്‍' തുടങ്ങിയത്‌ 1998-ല്‍ മാത്രമാണ്‌. ഇത്‌ 2007 ഒക്ടോബര്‍ ആണ്‌.

സെപ്തെംബറിലെ കശാപ്പിനുശേഷം വൈശാലിയില്‍നിന്ന് പുറത്തുവന്ന പത്രവാര്‍ത്തകള്‍ പറഞ്ഞത്‌, ആള്‍ക്കൂട്ടം തല്ലിക്കൊന്ന പത്ത്‌ 'നാട്ട്‌'കള്‍ മോഷ്ടാക്കളാണെന്നായിരുന്നു. ഈ പത്തു പേരെ കൊന്നതിനെക്കുറിച്ച്‌ എന്തുകൊണ്ടാണ്‌ ഒരു വിധത്തിലുമുള്ള അന്വേഷണങ്ങള്‍ നടക്കാതെപോയത്‌? ഈ നാട്ടുകള്‍ എവിടെയാണ്‌ ജീവിച്ചിരുന്നത്‌? എന്തായിരുന്നു അവരുടെ തൊഴില്‍? വൈശാലിയിലെ പോലീസിന്‌ എന്തു വിശദീകരണമാണ്‌ ഇതിനെക്കുറിച്ച്‌ നല്‍കാനുള്ളത്‌? ബീഹാര്‍ മുഖ്യമന്ത്രിക്ക്‌ ഇതിനെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌? എന്തുകൊണ്ടാണ്‌ ബീഹാര്‍ പോലീസ്‌ ഒരു നടപടിയും എടുക്കാത്തത്‌? നാട്ടുകള്‍ ജന്മനാ കുറ്റവാളികളാണോ? ഈ ഗോത്രങ്ങളെ കുറ്റവാളികളെന്നു മുദ്രകുത്തുന്നതിനെതിരായി വര്‍ഷങ്ങളായി ഞങ്ങള്‍ പൊരുതുകയാണെന്നും, ഇവര്‍ക്കെതിരെ നടക്കുന്ന വന്യമായ അതിക്രമങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പലതവണ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്നും ബീഹാര്‍ സര്‍ക്കാര്‍ അറിയുന്നുണ്ടോ? ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്‌, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC)അന്നത്തെ ചെയര്‍മാന്‍, ശ്രീ.ജെ.എസ്‌.വര്‍മ്മ, ഇത്തരത്തില്‍ രേഖയില്‍ ഇടം കാണാത്ത ഗോത്രങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ്‌ സെക്രട്ടറിമാരെ വിളിച്ചുകൂട്ടുകയുണ്ടായി. അതിനെക്കുറിച്ചൊന്നും ഇനി ഇവിടെ പറഞ്ഞിട്ട്‌ കാര്യവുമില്ല. ഒടുവില്‍ 2006 ജനുവരി 14-ന്‌, ജി.എന്‍.ഡെവിയും, മൈസൂറില്‍നിന്നുള്ള ഉദയനാരായണ്‍ സിംഗും, ഞാനും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹിനെ സന്ദര്‍ശിച്ച്‌, ഈ ഗോത്രങ്ങളുടെ കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ഉടനടി ചെയ്യണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിച്ചു. ആ 'എന്തെങ്കിലും' നടന്നു. മഹാരാഷ്ട്രയിലെ ബാലകൃഷ്ണ റെങ്കെയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക കമ്മീഷനെ നിയമിച്ചു. രേഖയില്‍ ഉള്‍പ്പെടാത്ത ഈ ഗോത്രങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്‌ എന്തെല്ലാം പരിഹാരക്രിയകളാണ്‌ വേണ്ടതെന്ന് തീരുമാനിക്കാനായിരുന്നു ബാലകൃഷ്ണയെ നിയമിച്ചത്‌.

ബാലകൃഷ്ണ ഇപ്പോഴും തന്റെ റിപ്പോര്‍ട്ട്‌ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്‌ എനിക്ക്‌ അറിയാന്‍ കഴിഞ്ഞത്‌!!

ബീഹാറില്‍ 10 നാട്ടുകളെ കൊലപ്പെടുത്തിയത്‌, എന്നെ സംബന്ധിച്ചിടത്തോളം, പശ്ചിമ ബംഗാളില്‍ ലോധകളെയും സബാര്‍കളെയും കശാപ്പു ചെയ്തതിനു സമാനമായ ഒരു കൃത്യം തന്നെയായിരുന്നു. 1977-നും 1979-നുമിടക്ക്‌, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കീഴിലുള്ള ഇടതുപക്ഷ ഭരണത്തിന്റെ ആദ്യനാളുകളില്‍, മേദിനീപൂരില്‍ 37 ലോധകളെയാണ്‌ ഇതേരീതിയില്‍ വകവരുത്തിയത്‌. 1998-ല്‍ ബുധന്‍ സബാറിന്റെ കൊലപാതകംവരെയുള്ള കാലത്തിനിടക്ക്‌, നിരവധി ഖേരി-സബാര്‍ ഗോത്രക്കാരെയാണ്‌ 'കുറ്റവാളി ഗോത്ര'മെന്ന പേരുപറഞ്ഞ്‌ കശാപ്പു ചെയ്തത്‌.

ഇവയെക്കുറിച്ചുള്ള എല്ലാ അന്വേഷണവും അവസാനിക്കുന്നത്‌, "പോലീസിന്റെ അനാസ്ഥ മൂലം...." എന്ന പതിവു നിഗമനത്തിലാണ്‌.

അതോടെ എല്ലാ അന്വേഷണവും അവസാനിക്കുന്നു. ലോധകളെയും, ഖേരിയ-സബാര്‍ ഗോത്രക്കാരേയും കശാപ്പു ചെയ്യുന്നത്‌ ഇനി ഒരുപക്ഷേ പശ്ചിമ ബംഗാളില്‍ അവസാനിച്ചേക്കാം. എങ്കിലും, ഈ ഗോത്രക്കാരായി ജനിച്ചുപോയതിന്റെ പേരില്‍മാത്രം ഇനിയും ഏറെക്കാലം ലോധകളും, ഖേരിയ-സബാറുകളും നിന്ദിക്കപ്പെടും, വെറുക്കപ്പെടും. ഞാന്‍ വളരെ അടുത്തറിയുന്ന ഒരു ലോധ ചെറുപ്പക്കാരന്‌ ഗ്രാമത്തിലെ സ്കൂളില്‍ അദ്ധ്യാപകനായി ജോലികിട്ടി. അവന്‍ ബിരുധധാരിയാണ്‌. സ്കൂള്‍ അധികൃതര്‍ ജോലി നല്‍കിയതിനുള്ള കൈക്കൂലിയായി 1,70,000 രൂപ ചോദിച്ചു. കൊടുക്കാന്‍ അവന്റെ കയ്യില്‍ എവിടെയാണ്‌ പണം? അവന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ്സില്‍ കയറി വന്ന്, സ്കൂള്‍ അധികൃതര്‍ അവനെ 'ജന്മനാ കുറ്റവാളി'യെന്ന് വിളിച്ച്‌ ആക്ഷേപിച്ചു. നല്ല നിയമങ്ങള്‍ക്കൊന്നും ഒരു ക്ഷാമവുമില്ല. വളരെ അപൂര്‍വ്വമായി മാത്രമേ അവ നടപ്പാക്കപ്പെടുന്നുള്ളു എന്നു മാത്രം.

ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ എന്നെങ്കിലും ഇതിനെക്കുറിച്ചൊക്കെയൊന്ന് അന്വേഷിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക്‌ കാണാന്‍ കഴിയും, ദാരിദ്ര്യ രേഖക്കും വളരെ താഴെ കിടക്കുന്ന, പട്ടിണിയെന്നത്‌ ജീവിതത്തിന്റെ മുഖമുദ്രയായി മാറിയ, സ്വാര്‍ത്ഥലാഭക്കാര്‍ക്ക്‌ എപ്പോഴും അനായാസം തങ്ങളുടെ കാര്യസാധ്യത്തിന്‌ ഉപയോഗിക്കാനാവുന്ന വര്‍ഗ്ഗമാണ്‌ സര്‍ക്കാര്‍ രേഖകളില്‍ അടയാളപ്പെടുത്താത്ത ഈ ഗോത്രജീവിതങ്ങളെന്ന്. ഇന്ത്യയിലെ ഭൂരിപക്ഷത്തിനെപ്പോലെ, ദാരിദ്ര്യം, വിശപ്പ്‌, ഭൂമിയുടെയും, വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും ഇല്ലായ്മ, ഇവയൊക്കെ, നാട്ടുകളെ സംബന്ധിച്ചും ദൈനംദിന യാഥാര്‍ത്ഥ്യം മാത്രമാണ്‌.

രേഖയില്‍ ഇല്ലാത്തവര്‍ എന്ന ലേബല്‍ ഉള്ളതുകൊണ്ട്‌ ഇവരെ ഇരകളാക്കുക വളരെ എളുപ്പമുള്ള സംഗതിയാണ്‌. ദളിതുകള്‍ക്കും, താഴ്‌ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ക്കും, മുസ്ലിമുകള്‍ക്കും ഇവരെ സൗകര്യംപോലെ കൊല്ലാന്‍ കഴിയുന്നു. കശാപ്പു ചെയ്യപ്പെടുമെന്ന ഭീതിയില്ലാതെ ജീവിക്കാന്‍ എന്നാണ്‌ നാട്ടുകള്‍ക്കാവുക? എന്നാണ്‌ സര്‍ക്കാര്‍ എന്തെങ്കിലും ഇക്കൂട്ടര്‍ക്കു വേണ്ടി ചെയ്യുക?


*Tehelka.com-നു വേണ്ടി മഹാശ്വേത ദേവി എഴുതിയ ലേഖനം. Countercurrents-ല്‍ നിന്ന്.
പരിഭാഷ - രാജീവ് ചേലനാട്ട്

Thursday, October 11, 2007

അദ്ധ്യായം-8 ലാറിയ പണിത വീട്‌- 2

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ജലസിന്ധി, ഝബുവ (മദ്ധ്യപ്രദേശ്‌) - ജല്‍സിന്ധിയിലെ ഈ ഊരിലെ എല്ലാവരും ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്‌ ലാറിയയെ സഹായിക്കാനാണ്‌. തന്റെ വീടിനോട്‌ ചേര്‍ന്നുതന്നെ മറ്റൊരു വീടും നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു അയാളും ബന്ധുക്കളും. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കുവേണ്ടി സ്ഥലം ഒഴിയാന്‍ അധികാരികള്‍ നല്‍കിയ കല്‍പ്പനയോടുള്ള പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു ആ നിര്‍മ്മിതി. നര്‍മ്മദയിലെ ഉയരുന്ന ജലനിരപ്പ്‌ ഏതുനിമിഷവും അയാളുടെ വീടിനെയും വയലിനെയും കീഴ്‌പ്പെടുത്താം. പക്ഷേ, ഭിലാല ഗോത്രക്കാരും, അയാളുടെ കുടുംബവും ബന്ധുക്കളും തങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അതുകൊണ്ടൊന്നും തയാറായിരുന്നില്ല.

നദിയോരത്തുള്ള ഇവരുടെ ഈ സമൂഹം ഏകദേശം സ്വയം പര്യാപ്തമായ ഒന്നായിരുന്നു. പ്രദേശത്തെ അങ്ങാടിയുമായി അവര്‍ക്ക്‌ നാമമാത്രമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ ഗുജറാത്തില്‍ അവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ട 'പുനരധിവാസ'ത്തിന്റെ പ്രലോഭനങ്ങളെ തള്ളിക്കളയുമ്പോഴും അവര്‍ക്ക്‌ അവരുടെ പ്രവൃത്തിയെക്കുറിച്ച്‌ നല്ല ധാരണയുണ്ടായിരുന്നു. തങ്ങളുടെ ഭൂമിയുമായുള്ള വൈകാരികബന്ധം മാത്രമായിരുന്നില്ല അതിനവരെ പ്രേരിപ്പിച്ചിരുന്നത്‌. വ്യക്തമായ സാമ്പത്തിക കാരണങ്ങളുമുണ്ടായിരുന്നു. അവിടുത്തെ പ്രകൃതിദത്തമായ ചുറ്റുപാടുകളില്‍നിന്നാണ്‌ അവര്‍ക്കാവശ്യമായ സാധനങ്ങളെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഗുജറാത്തിലാകട്ടെ, ഇതൊന്നും ലഭ്യമായിരുന്നില്ല. മാത്രമല്ല ചിലവും കൂടുതലാണ്‌. പുനരധിവാസവും, നഷ്ടപരിഹാരവും കണക്കാക്കുമ്പോള്‍, ആദിവാസിസമൂഹത്തിന്റെ ഈ വക പ്രശ്നങ്ങളെയൊക്കെ എല്ലാവരും അവഗണിക്കുകയും ചെയ്തു.

ആദിവാസി സമൂഹങ്ങളില്‍ സാമൂഹികാദ്ധ്വാനത്തിന്‌ വലിയൊരു പങ്കുണ്ട്‌. നഷ്ടപരിഹാരം നിശ്ചയിച്ചപ്പോള്‍ ഈയൊരു ഘടകത്തെ ശ്രദ്ധിച്ചില്ല. "ഞങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ വീടു നോക്കൂ. ഊരിലെ എല്ലാവരും ഇതില്‍ പങ്കെടുക്കുന്നുണ്ട്‌. അവരവര്‍ക്കുള്ള ഭക്ഷണം പോലും അവരവര്‍ കൊണ്ടുവരുന്നു. ഭവയുടെ വീടും ഇങ്ങനെ നിര്‍മ്മിച്ചതായിരുന്നു. ഇതൊന്നും വിലകൊടുത്ത്‌ വാങ്ങുന്ന അദ്ധ്വാനമല്ല".

"പറിച്ചുമാറ്റപ്പെടുമ്പോള്‍ ഇതൊക്കെ ഇവര്‍ക്ക്‌ നഷ്ടമാവുന്നു", ഖേദുട് മസ്‌ദൂര്‍ സംഘടനയിലെ (Khedut Mazdoor Chetna Sangath-KMCS)ഡോ.അമിത ബാവിസ്കര്‍ പറഞ്ഞു. "ഇവിടെനിന്ന് ഒഴിപ്പിച്ച്‌ ഗുജറാത്തില്‍ കുടിയിരുത്തുമ്പോള്‍, ഇതൊക്കെ ഇവര്‍ക്ക് നഷ്ടമാവുന്നു. കാരണം, ഇവരെ ഒരു സ്ഥലത്ത്‌ ഒരുമിച്ച് കുടിയിരുത്തുകയല്ല, മറിച്ച്‌ ഒരു പ്രദേശത്താകെ പരക്കെ വിന്യസിക്കുകയാണ്‌ ചെയ്യുന്നത്" ഡോ.ബാവിസ്കര്‍ പറയുന്നു. "ഒന്നാമതായി, സാമൂഹികാദ്ധ്വാനം ലഭ്യമാകാതെ വരുന്ന സ്ഥിതിവിശേഷം അവരെ സാമ്പത്തികമായി തകര്‍ക്കും. രണ്ടാമത്‌ സാംസ്കാരികമായ തകര്‍ച്ചയാണ്‌. കാരണം, ഈ സമൂഹത്തിന്റെ പ്രധാന സവിശേഷത, അവരുടെ ഒത്തൊരുമയും ബന്ധുത്വവുമാണ്‌. മൂന്ന്, വ്യക്തികളായോ, ചെറിയ ഗ്രൂപ്പുകളായോ ചിന്നിച്ചിതറുമ്പോള്‍ പുതിയ ചുറ്റുപാടില്‍ അവര്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. ഇനി ഇവരെ പുനരധിവസിപ്പിച്ചേ അടങ്ങൂ എന്നാണെങ്കില്‍, അവരെ എല്ലാവരേയും ഒരിടത്തുതന്നെ മാറ്റിപ്പാര്‍പ്പിക്കുകയാണ്‌ ഉത്തമം. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ആദിവാസികളെ സംഘടിപ്പിക്കാനും, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ അവരെ ബോധവാന്മാരാക്കാനും പരിശ്രമിക്കുന്ന സംഘടനയാണ് KMCS. തൊണ്ണൂറ്റഞ്ചോളം ഗ്രാമങ്ങളില്‍ അവര്‍ ആ ദൗത്യം ഏറ്റെടുത്ത്‌ നടത്തുന്നു.

"ഞങ്ങളുടെ സമൂഹത്തിലെ കല്ല്യാണങ്ങളിലും, മരണാനന്തര ചടങ്ങുകളിലുമൊക്കെ എല്ലാവരും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. തര്‍ക്കങ്ങളും മറ്റും ഞങ്ങളുടെയിടയിലെ പ്രായമായവര്‍ തന്നെ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുകയും ചെയ്യുന്നു. ഇനി മറ്റൊരു സ്ഥലത്തു ചെന്നു പെട്ടാല്‍, എങ്ങിനെയാണ്‌ ഇതിനൊക്കെ കഴിയുക? ഇവിടെനിന്ന് ഒഴിഞ്ഞ്‌ മറ്റെവിടെയെങ്കിലും പോകേണ്ടിവന്നാല്‍, എങ്ങിനെയാണ്‌ കല്ല്യാണങ്ങളും, മരണാനന്തരചടങ്ങുകളും ഞങ്ങള്‍ നടത്തുക. തര്‍ക്കങ്ങളും മറ്റും പരിഹരിക്കാന്‍ ആരുണ്ടാവും ഞങ്ങള്‍ക്കു്? മറ്റേതെങ്കിലും സ്ഥലത്തു പോയാല്‍, ഭൂമിയിന്മേലുള്ള അവകാശം ഞങ്ങള്‍ക്ക്‌ കിട്ടുമോ?", ഭവ ചോദിക്കുന്നു. ഊരിലെ ഏറ്റവും പ്രായം ചെന്നആളായിരുന്നു ഭവ.

അധികാരികളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച്‌ ഭൂമിയൊഴിഞ്ഞവരും ഉണ്ടായിരുന്നു. ചിലാക്‌‌ദ ഗ്രാമത്തിലെപ്പോലെ. ഇരുപത്തേഴു വീട്ടുകാരാണ്‌ അവിടെ ഗ്രാമം വിട്ട്‌, ഗുജറാത്തിലെ കവേറ്റയിലേക്ക്‌ കുടിയേറിയത്‌. പക്ഷേ ഇന്ന് അവരില്‍ ഭൂരിഭാഗവും ചിലാക്‌‌ദയിലേക്ക്‌ തിരിച്ചുവന്നിരിക്കുന്നു. ഫലഭൂയിഷ്ഠത തീരെയില്ലാത്ത ഭൂമി നല്‍കിയതിലും, ഉദ്യോഗസ്ഥര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും അവര്‍ രോഷാകുലരായിരുന്നു. "ആറു കുടുംബങ്ങള്‍ മാത്രമാണ്‌ അവിടെ പാര്‍പ്പുറപ്പിച്ചത്‌", ഗുജറാത്തില്‍നിന്നു തിരിച്ചുവന്ന രഞ്ച എന്ന ആദിവാസി പറഞ്ഞു. "ബാക്കി ഇരുപത്തൊന്നു കുടുംബങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഏഴു സഹോദരന്മാരുണ്ട്‌. എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ്‌ പോയത്‌. പിന്നെപ്പിന്നെ, കാര്യങ്ങളൊക്കെ തകരാറിലാവാന്‍ തുടങ്ങി. തീരെ വിളവില്ലാത്ത ഭൂമിയാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ തന്നത്‌." പുനരധിവാസ സ്ഥലത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു.

ഇനി കേവ്‌ സിംഗിനെപ്പോലുള്ള ആളുകളുണ്ട്‌. മാറണമെന്ന് ആഗ്രഹിക്കുന്നവര്‍. പക്ഷേ അവരെ ഉദ്യോഗസ്ഥര്‍, പദ്ധതി മൂലം ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍ (Project-affected Person - PAP) എന്ന ഔദ്യോഗിക ഗണത്തില്‍ പെടുത്തിയിട്ടില്ല. അയളുടെ ഭൂമി സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥരും, അല്ലെന്ന് അയാളും വാദിക്കുന്നു. "എന്റെ സ്ഥലം വെള്ളത്തിനടിയിലാവില്ലെന്ന് ഇവര്‍ പറയുന്നു. അത്‌ പച്ചക്കള്ളമാണ്‌. ഈ സ്ഥലം നോക്കൂ. ഈ ഗ്രാമം മുഴുവന്‍ വെള്ളത്തിലാവുമ്പോള്‍, എങ്ങിനെയാണ്‌ എന്റെ വീടു മാത്രം അതില്‍നിന്ന് ഒഴിവാവുക?". അയാള്‍ ചോദിച്ചു. ഇനി മറ്റൊരു കൂട്ടരുണ്ട്‌. ഭവ സൂചിപ്പിച്ചു. 'നഷ്ടപരിഹാരവും ഗുജറാത്തില്‍ പകരം സ്ഥലവും കിട്ടുന്നതിനുവേണ്ടി' പുറത്തുള്ള തന്റെ ബന്ധുക്കളെ ഇവിടെ കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്ന പട്ടേലിനെപ്പോലുള്ളവര്‍.

മറ്റൊരു പ്രധാനപ്പെട്ട ചോദ്യം, ഗുജറാത്തില്‍ ആവശ്യത്തിനു സ്ഥലമുണ്ടോ എന്നതാണ്‌. ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍നിന്ന് മദ്ധ്യപ്രദേശ്‌-ഗുജറാത്ത്‌ സര്‍ക്കാരുകള്‍ തെന്നിമാറാന്‍ തുടങ്ങിയിട്ട്‌ കുറെ വര്‍ഷങ്ങളായി. 1992-93-ല്‍ മദ്ധ്യപ്രദേശില്‍നിന്ന് ഗുജറാത്തിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്‌ 3,100 കുടുംബങ്ങളെയായിരുന്നുവെങ്കിലും, 1,190 കുടുംബങ്ങള്‍ക്കുള്ള സ്ഥലം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളു. 1993-94 കാലത്ത്‌, പദ്ധതി മൂലം ദുരിതമനുഭവിക്കേണ്ടിവരുന്ന (PAP) 5,000 കുടുംബങ്ങളെ കണ്ടെത്തിയിരുന്നുവെങ്കിലും, 986 കുടുംബങ്ങളെയാണ്‌ ഗുജറാത്തിലേക്ക്‌ മാറ്റിയത്‌.

ഏതായാലും, അണക്കെട്ടിനെതിരായി ഗുജറാത്തിലും മഹാരാഷ്ട്രയിലും നടക്കുന്ന ജനകീയ പ്രതിരോധംകൊണ്ട്‌ ചില നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ. അതിലൊന്ന്, മുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ഈ ഗ്രാമങ്ങളെക്കുറിച്ച്‌ ആളുകള്‍ അറിയാന്‍ തുടങ്ങി എന്നതാണ്‌. ഗുജറാത്തില്‍ 19-ഉം, മഹാരാഷ്ട്രയില്‍ 33 ഗ്രാമങ്ങളുമാണ്‌ ജലത്തിനടിയിലാവുക. മദ്ധ്യപ്രദേശിലാകട്ടെ, 193 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. പക്ഷേ ഇതിനെക്കുറിച്ചൊന്നും രാജ്യത്ത്‌ പലര്‍ക്കും അറിവുണ്ടായിരുന്നില്ല. പല ഗ്രാമങ്ങളെയും ഔദ്യോഗികമായി അറിയിച്ചിട്ടുപോലുമില്ലായിരുന്നു. റിസര്‍വോയറിന്റെ അളവ്‌ രേഖപ്പെടുത്താന്‍ കേന്ദ്ര ജല-കമ്മീഷനില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് ശിലകള്‍ നാട്ടിയപ്പോള്‍ മാത്രമാണ്‌ അവരതിനെക്കുറിച്ച്‌ അറിഞ്ഞത്‌.

അണക്കെട്ടിന്റെ നിര്‍ദ്ദിഷ്ട ഉയരം 455 അടിയില്‍നിന്ന് 436 അടിയാക്കാന്‍ മദ്ധ്യപ്രദേശ്‌ ആഗ്രഹിക്കുന്നു. ഇതൊരു നല്ല കാര്യമാണ്‌. 25,000 കുടുംബങ്ങളുടെ വീടുകളും, വയലുകളും രക്ഷപ്പെടും. പക്ഷേ അപ്പോഴും ഭാഗ്യം പിന്തുണക്കുന്നത്‌, ഉയരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന മേല്‍ജാതിക്കാര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളെയായിരിക്കുമെന്നു മാത്രം. "താഴ്‌ന്ന പ്രദേശങ്ങളിലെ, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഗ്രാമങ്ങള്‍ എന്തായാലും വെള്ളത്തിനടിയിലാകും" കെ.എം.സി.എസ്സിലെ(KMCS) സന്നദ്ധ പ്രവര്‍ത്തക ജയശ്രീ ചൂണ്ടിക്കാട്ടുന്നു.

ഝബുവയിലെ എത്ര ഗ്രാമങ്ങളാണ്‌ വെള്ളത്തിനടിയിലാവുക എന്നതിനെക്കുറിച്ച്‌ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്‌. ഒരു ഗ്രാമത്തെയും ഇത്‌ ബാധിക്കില്ലെന്നാണ്‌ നര്‍മ്മദ തീര വികസന അതോറിറ്റിയുടെ അവകാശവാദം. പക്ഷേ, 9 ഗ്രാമങ്ങള്‍ 'താത്ക്കാലിക"മായും, രണ്ടെണ്ണം (സകാര്‍ജയും കാകര്‍സിലയും) എന്നന്നേക്കുമായും മുങ്ങിപ്പോവുമെന്ന് ജില്ലാ കളക്ടര്‍ ശ്രീ.ധര്‍മ്മാധികാരി പറഞ്ഞു.

ജലനിരപ്പുയര്‍ത്തുന്നത്‌ എങ്ങിനെ, ഏതൊക്കെ ഘട്ടങ്ങളായിട്ടാണ്‌ എന്നതിനെക്കുറിച്ചൊന്നും ഗ്രാമീണരെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, എങ്ങിനെയാണ്‌ ഇത്‌ തങ്ങളെ ബാധിക്കുക എന്നതിനെക്കുറിച്ചും അവര്‍ അജ്ഞരാണ്‌. ഉദാഹരണത്തിന്‌, ലാറിയക്ക്‌, ഒരുപക്ഷേ പരമാവധി ഒരു വര്‍ഷം വരെ സമയം കിട്ടിയേക്കാം. ഈ വര്‍ഷം അയാളുടെ വയലും, അടുത്ത വര്‍ഷം അയാളുടെ വീടും ജലത്തിനടിയിലാകും. ലാറിയയും കൂട്ടരും, മദ്ധ്യപ്രദേശിലെ ഫലഭൂയിഷ്ഠത കുറഞ്ഞ മറ്റേതെങ്കിലും വനഭൂമിയിലേക്ക്‌ ഒഴിഞ്ഞുപോവാന്‍ ഒടുവില്‍ സമ്മതിച്ചേക്കുമെന്നുതന്നെയാണ്‌ പലരും വിശ്വസിക്കുന്നത്‌. അങ്ങിനെ വരുമ്പോള്‍, പ്രകൃതിവിഭവങ്ങളുടെ ലഭ്യത അയാള്‍ക്ക്‌ ഉറപ്പുവരുത്താം. അതിനര്‍ത്ഥം, ഇപ്പോള്‍ അയാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ്‌, താരതമ്യേന മെച്ചപ്പെട്ട ഒരു അവസ്ഥക്കുവേണ്ടിയുള്ള അവസാനപോരാട്ടമാണെന്നുതന്നെയാണ്‌.

ലാറിയയെയും കൂട്ടരേയും സംബന്ധിച്ചിടത്തോളം, ഉയരുന്ന ജലനിരപ്പിനോടൊപ്പംതന്നെ കൂടിക്കൊണ്ടിരിക്കുകയാണ്‌ നിര്‍ബന്ധമായി ഒഴിഞ്ഞുപോകേണ്ടി വരുന്ന അവസ്ഥയും.എല്ലാം വിട്ടെറിഞ്ഞ്‌ ഗുജറാത്തിലേക്ക്‌ പോകാന്‍ സമ്മതിച്ച മറ്റ്‌ ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ചെറുത്തുനിന്നിട്ടും, ഒടുവില്‍ ഒന്നും കിട്ടാതെ അപമാനത്തോടെ ഇറങ്ങിപ്പോവേണ്ടിവരുന്ന അപമാനകരമായ സ്ഥിതിവിശേഷത്തിന്റെ സാധ്യതകളും, ജലനിരപ്പിനോടൊപ്പം ഉയരുകതന്നെയാണ്‌. ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ :"ഒഴിഞ്ഞുപോകേണ്ടിവരുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച്‌ നിങ്ങള്‍ക്കൊരു ഏകദേശധാരണ കിട്ടണമെങ്കില്‍, ലാറിയയുടെ പ്രശ്നത്തെ പതിനായിരവുമായി ഗുണിച്ചാല്‍ മതിയാകും. വീടൊഴിഞ്ഞുപോവാനും, എല്ലാം ആദ്യം മുതല്‍ തുടങ്ങാനും മാനസികമായി തയ്യാറെടുത്ത നിരവധിയായ മറ്റാളുകളുടെ കാര്യത്തിലും ഇത്‌ ശരിയാണ്‌".

എന്തുകൊണ്ടാണ്‌ ഞാന്‍ അവരുടെ വീടിന്റെ ധാരാളം ചിത്രങ്ങളെടുക്കുന്നതെന്ന്, ലാറിയയയുടെ നാത്തൂന്‍ ജാനകിക്ക്‌ ഊഹിക്കാന്‍ കഴിഞ്ഞു. "മഴക്കാലത്തിനു ശേഷം തിരിച്ചു വരൂ, അപ്പോള്‍ ഞങ്ങള്‍ വീടിന്റെ മുകളില്‍ ഇരിക്കുന്നത്‌ കാണാം", അവര്‍ നെടുവീര്‍പ്പിട്ടു.

തിരിച്ചു വരുമ്പോള്‍, ലാറിയയുടെ വീടെന്നു പറയാന്‍ അതു മാത്രമേ ഒരു പക്ഷേ ബാക്കിയുണ്ടാകൂ.

Sunday, October 7, 2007

ശ്രീമാന്‍ പിണറായി അറിയുന്നതിന്‌ എഴുതുന്നത് എന്തെന്നാല്‍..

വിജയന്‍ മാഷിന്റെ മരണത്തിലൂടെ ഒരു നല്ല കലാലയ അദ്ധ്യാപകനെയാണ്‌ നഷ്ടപ്പെട്ടതെന്ന താങ്ങളുടെ വിലാപം അത്രകണ്ട്‌ ശരിയാണെന്ന് തോന്നുന്നില്ല. താങ്കളെപ്പോലുള്ള ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനെപ്പോലും ശരിയായ ദിശയിലേക്ക്‌ നയിക്കാന്‍ സാധിക്കാതെപോയ ആ വ്യക്തിയെ ഏതര്‍ത്ഥത്തിലാണ്‌ ഒരു നല്ല അദ്ധ്യാപകനെന്നു താങ്കള്‍ക്ക്‌ വിളിക്കാനാവുക? അദ്ദേഹത്തില്‍നിന്ന് ഏത്‌ രാഷ്ട്രീയ സദാചാരമാണ്‌ താങ്കള്‍ പഠിച്ചത്‌? ഉള്‍ക്കൊണ്ടത്‌?

വിജയന്‍ മാഷിനെ ഞങ്ങള്‍ പലരും കാണുന്നത്‌, ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ തന്നോടും, ചുറ്റുമുള്ളവരോടും നിരന്തരം ചോദിക്കുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്ത ഒരാള്‍ എന്ന നിലക്കാണ്‌. അതും. വീണ്ടുമൊരു അങ്കത്തിനു തക്കവണ്ണം ബാല്യമോ, കിട്ടാന്‍ പുതിയൊരു ലോകമോ കയ്യിലില്ലെന്ന് അറിഞ്ഞിട്ടും. തന്റെ നിലപാടുകളെ സാധൂകരിക്കാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ തെളിവുകളധികമൊന്നും കണ്ടിരുന്നില്ല എന്നും വരാം. തെളിവുകള്‍ എന്നത്‌ കോടതി എന്ന സ്ഥാപനത്തിന്റെ നിരവധി സാങ്കേതിക ശാഠ്യങ്ങളില്‍ കേവലം ഒന്നു മാത്രമാണ്‌. ഇതൊക്കെ മനസ്സിലാക്കാനുള്ള കാര്യബോധം താങ്കള്‍ക്കില്ലെന്നറിയാം. എങ്കിലും പറയുന്നു എന്ന് മാത്രം.

പിണറായി എന്ന താങ്കളെക്കുറിച്ചും, പ്രൊഫസ്സര്‍ എം.എന്‍.വിജയന്‍ എന്ന വ്യക്തിയെക്കുറിച്ചും, കേരളത്തീലെ സമൂഹത്തിന്‌ കാലാകാലങ്ങളായി അറിയാം. അതുകൊണ്ടുതന്നെയാണ്‌, കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ആ അദ്ധ്യാപകന്‌ സാധിച്ചിട്ടില്ലെങ്കില്‍ക്കൂടി അദ്ദേഹത്തെ വിശ്വസിക്കാന്‍, ഒരുപക്ഷേ, ഞങ്ങള്‍ക്ക്‌ കഴിയുന്നത്‌. ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബോധവും താങ്കള്‍ക്കില്ലെന്ന് നന്നായി ബോദ്ധ്യമുണ്ട്‌. എങ്കിലും ചിലത്‌ പറയാതെ പറ്റില്ലല്ലോ. അതുകൊണ്ട്‌ മാത്രം പറയുന്നതാണ്‌ ഇതൊക്കെ.

താന്‍ ഇത്രയും കാലം എഴുതുകയും, പ്രസംഗിക്കുകയും, എതിരഭിപ്രായങ്ങളില്‍പ്പോലും സൗമ്യമായി മാത്രം കൃത്യതയോടെ ഉപയോഗിക്കുകയും ചെയ്ത തന്റെ പ്രിയപ്പെട്ട വാക്കുകള്‍ക്കുള്ളില്‍വെച്ചെവിടെയോ പ്രാണന്‍ മുറിഞ്ഞ വിജയന്‍ മാഷിന്റെ പേര്‍ ഞങ്ങളില്‍ ഉളവാക്കുന്നത്‌, സര്‍വ്വഭയങ്ങളെയും തരണം ചെയ്യാന്‍ കുട്ടികള്‍ ജപിക്കുന്ന ആ വിജയാക്ഷരം തന്നെയാണ്‌. മറിച്ച്‌,താങ്കളുടെ പേരോ, പണത്തിന്റെയും പിണത്തിന്റേയും സൗന്ദര്യരഹിതമായ, ധാര്‍ഷ്ട്യവും, ചരിത്രശൂന്യതയും മാത്രം.

ചരിത്രത്തിന്റെ വിദൂരസ്ഥമായ ചവറ്റുകൊട്ടകളില്‍പ്പോലും ഭാവിയില്‍ താങ്കളുടെ പേര്‍ കാണില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്‌. ചരിത്രം അത്രയെങ്കിലും നീതിബോധം ചിലപ്പോഴെങ്കിലും കാണിക്കാറുമുണ്ട്‌.അതു തന്നെയാണ്‌ ഞങ്ങള്‍ക്കുള്ള ഏക ആശ്വാസവും. ലാല്‍സലാം.

Wednesday, October 3, 2007

അദ്ധ്യായം-7 ലാറിയ പണിത വീട്‌

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

ജലസിന്ധി, ഝബുവ (മദ്ധ്യപ്രദേശ്‌) - ലാറിയയും അയാളുടെ സഹ ഗോത്ര വര്‍ഗ്ഗക്കാരായ ഭിലാലകളും ഈ പ്രദേശത്താണ്‌ താമസിക്കുന്നത്‌. ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ മദ്ധ്യപ്രദേശിന്റെ ഏറ്റവും താഴ്‌ന്ന ഭാഗത്തെ ഒരു സ്ഥലം. ആ ചെരുവില്‍ത്തന്നെ, ഏറ്റവും താഴത്ത്‌ ഒരു വീടും വയലുമുണ്ട്‌. നര്‍മ്മദയിലെ ജലം വൃഷ്ടിപ്രദേശത്ത്‌ ഉയരുമ്പോള്‍, ആദ്യം ജലസമാധിയടയുക ഈ വീടും വയലുമായിരിക്കും. ജലനിരപ്പ്‌ ഇപ്പോള്‍തന്നെ 83 മീറ്റര്‍ കടന്നിരിക്കുന്നു. ഇതാണ്‌ ലാറിയ നിര്‍മ്മിച്ച വീട്‌. ഈ വയല്‍ അയാളുടേതാണ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ ഒന്നായ ഝബുവയിലെ മറ്റേതൊരു വീടുംപോലെ ലാറിയയുടെ വീടും വളരെ വിശാലമായ ഒന്നാണ്‌. മൂന്നു നിലകളില്‍, തേക്കും, മുളയും കൊണ്ട്‌ നിര്‍മ്മിച്ച ഒന്നായിരുന്നു അത്‌. മദ്ധ്യപ്രദേശിനെയും മഹാരാഷ്ട്രയെയും വേര്‍തിരിക്കുന്ന നര്‍മ്മദയുടെ തീരത്തുള്ള ജല്‍സിന്ധി എന്ന ഗ്രാമത്തിലാണ്‌ അയാളുടെ ഊര്‌. ഊരിലെ താമസക്കാരായ അയാളും, മറ്റ്‌ എട്ടു കുടുംബങ്ങളും തങ്ങളുടെ വീട്‌ വിട്ടുപോവാന്‍ തയ്യാറല്ല. മാത്രമല്ല, തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അവരൊരുമിച്ച്‌ അദ്ധ്വാനിച്ച്‌ മറ്റൊരു വീടും ഇതിനകം നിര്‍മ്മിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കായി ഒരു താവളം. സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ നിര്‍മ്മാണം മൂലം വീടുകള്‍ നഷ്ടപ്പെടാന്‍ പോവുന്ന വെറെ ചിലരും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലുണ്ടായിരുന്നു. അവരും പിടിച്ചുനില്‍ക്കുകയാണ്‌. ആദിവാസികളും, ദരിദ്രരും, നിരക്ഷരരുമായിരുന്നു ഇവരില്‍ ഭൂരിഭാഗവും.

ചെരുവിന്റെ താഴത്ത്‌, ലാറിയയുടെ ഭാര്യ, ബോഘി മഴയെ വരവേല്‍ക്കാന്‍ തന്റെ വയലിനെ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. താപനില 45 ഡിഗ്രി സെല്‍ഷ്യസിനോടടുപ്പിച്ചും. പാരവശ്യത്തോടെ ബോഘ ഇടക്കിടക്ക്‌ ആകാശത്തേക്ക്‌ കണ്ണോടിച്ചു. പാറകള്‍ നിറഞ്ഞ ചെരുവിനെ കൃഷിയോഗ്യമാക്കുക അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. പക്ഷേ, ബോഘിയും, അവരുടെ ബന്ധു രേവകിയും പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഗോത്രത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഭാവയുടെ നേതൃത്വത്തില്‍ ആണുങ്ങള്‍ മറ്റൊരു വീട്‌ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു. എന്തും സഹിക്കാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യം വളരെ പ്രകടമായി കണ്ടു.

ഈ ഗ്രാമത്തിലെ ആളുകളുടെ മനോഭാവം വൈകാരികമായി മാത്രം രൂപപ്പെട്ട ഒന്നായിരുന്നില്ല. ഇനി അങ്ങിനെ ആണെങ്കില്‍തന്നെ അതിനവരെ കുറ്റം പറയാനും ആവുമായിരുന്നില്ല. 1951-ന്‌ ശേഷം ഇന്ത്യയില്‍ മൊത്തം കുടിയിറക്കപ്പെട്ട 26 ദശലക്ഷം ആളുകളില്‍, 40 ശതമാനത്തിലധികവും ആദിവാസികളാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഒറീസ്സയിലും മദ്ധ്യപ്രദേശിലും ഈ അനുപാതം ഇനിയും കൂടുതലാണ്‌. ഈ വസ്തുതയും, തങ്ങളുടെ വീടുകളില്‍നിന്ന് എന്നന്നേക്കുമായി പിഴുതുമാറ്റപ്പെടുന്ന അവസ്ഥയും പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. പക്ഷേ, ഇതു മാത്രമല്ല, ഒഴിഞ്ഞുപോവാനുള്ള അവരുടെ വിസമ്മതത്തിനു പിന്നില്‍. സാമ്പത്തികമായ കാരണങ്ങളുമുണ്ടായിരുന്നു.

"ഇവിടെയുള്ള കാടുകളില്‍നിന്ന് ഞങ്ങള്‍ക്കാവശ്യമായ നിരവധി നിത്യോപയോഗ സാധനങ്ങളാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഗുജറാത്തിലേക്ക്‌ പോകേണ്ടിവന്നാല്‍ ഇതൊക്കെ ഞങ്ങള്‍ പൈസ കൊടുത്ത്‌ വാങ്ങേണ്ടിവരും", ലാറിയ പറഞ്ഞു. "അതിനാരു നഷ്ടപരിഹാരം തരും?" ഇതൊരു വാസ്തവമാണ്‌. ഭില്‍, ഭിലാല ഗോത്രങ്ങള്‍ക്ക്‌ തങ്ങളുടെ ഈ കാടുകളില്‍നിന്നു കിട്ടുന്ന നിരവധിയായ വനവിഭവങ്ങളെ പൈസയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുക എന്നത്‌ തീരെ എളുപ്പമുള്ള ഒന്നല്ല. "വിറക്‌ ഞങ്ങള്‍ ശേഖരിക്കുന്നത്‌ ഈ കാട്ടില്‍നിന്നാണ്‌. കന്നുകാലികള്‍ക്കുള്ള തീറ്റയും ഇതില്‍ നിന്നാണ്‌ കിട്ടുന്നത്‌. അതുപോലെ, സസ്യങ്ങളും, മരുന്നും. മഹുവ പൂക്കളും (മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം പൂവ്‌)ഇവിടെയാണുള്ളത്‌. ഇവിടെ അടുത്തുള്ള പുഴയില്‍നിന്നാണ്‌ ഞങ്ങള്‍ മീന്‍ പിടിക്കുന്നത്‌. ഏതു പുനരധിവാസ പദ്ധതിയാണ്‌ ഇതിനെയൊക്കെ ഞങ്ങളുടെ സമ്പാദ്യങ്ങളായി കണക്കാക്കി അതിനുതക്കവണ്ണം നഷ്ടപരിഹാരം തരുക?"

അപ്പോള്‍, എന്താണ്‌ ലാറിയയും കൂട്ടരും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്‌? "ഒന്നും വേണ്ട. ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടുക. ഇവിടെ ജീവിക്കുന്നപോലെ മറ്റെവിടെയും ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അത്‌ നിങ്ങള്‍ക്ക്‌ നിഷേധിക്കാനാവുമോ?" എനിക്ക്‌ സാധിക്കില്ല. മൂന്നു ദിവസം അയാളുടെ വീട്ടിലും, അതുപോലെ ആ പ്രദേശത്തുള്ള മറ്റു ഗ്രാമങ്ങളിലും കഴിഞ്ഞതിനുശേഷം എനിക്കതു നന്നായി ബോധ്യപ്പെട്ടിരുന്നു. ഒരേയൊരു മരത്തില്‍നിന്നു മാത്രം നിത്യോപയോഗത്തിനുള്ള പന്ത്രണ്ടോളം വസ്തുക്കള്‍ ഒരു കുടുംബം ഉപയോഗിക്കുന്നതിന്‌ ഞാന്‍ സാക്ഷിയായിരുന്നു.

വാക്നറിലെ മറ്റൊരു ഗ്രാമത്തില്‍വെച്ച്‌ (ഇത്‌ വൃഷ്ടിപ്രദേശത്ത്‌ ഉള്‍പ്പെട്ടിരുന്നില്ല) ഒരു കുടുംബം, കാട്ടില്‍ നിന്ന് തങ്ങള്‍ ശേഖരിച്ച മുപ്പതോളം സാധനങ്ങള്‍ കാണിച്ചു തന്നു. മാഹുവ, പുളി, നെല്ലിക്ക, സീതപ്പഴം തുടങ്ങി വിവിധ വനവിഭവങ്ങള്‍.

നദിയോരത്തെ ഈ ജനങ്ങള്‍ക്ക്‌ സ്വയംസമ്പൂര്‍ണ്ണമായ ഒരു സാമ്പത്തിക ചുറ്റുപാടാണുള്ളത്‌. ചന്തകളിലേക്ക്‌ അവര്‍ പോകുന്നത്‌, ഉപ്പും, അതുപോലുള്ള സാധനങ്ങളും വാങ്ങാന്‍ മാത്രമായിരുന്നു. "ഞങ്ങള്‍, പുഴയോരത്തുള്ളവര്‍ക്ക്‌ ഒരിക്കലും ദിവസക്കൂലിക്കു പോകേണ്ടിവരാറില്ല." ഭാവ പറഞ്ഞു. "ഈ കാടുതന്നെയാണ്‌ ഞങ്ങളുടെ ബാങ്കും, മുതലാളിയും എല്ലാം. ഇതിലെ തേക്കും മുളയുംകൊണ്ട്‌ ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ ഉണ്ടാക്കുന്നു. കൊട്ടകളും, മെത്തയും, കലപ്പയും ഒക്കെ ഞങ്ങള്‍ ഉണ്ടാക്കുന്നത്‌ ഈ കാടുകളെ ആശ്രയിച്ചാണ്‌. ഈ കാട്ടിലെ മരങ്ങളും, ഇലകളും, ചെടികളും, വേരുകളും ഉപയോഗിച്ചാണ്‌ ഞങ്ങള്‍ മരുന്നുകള്‍ ഉണ്ടാക്കുന്നത്‌. ഞങ്ങളുടെ സമ്പാദ്യമെന്നു പറയാവുന്ന ഈ കന്നുകാലികള്‍ക്ക്‌ തീറ്റ കൊടുക്കുന്നതും ഈ കാടുതന്നെയാണ്‌. അവയ്ക്ക്‌ അവിടെ ഇഷ്ടം പോലെ മേയാന്‍ സ്ഥലമുണ്ട്‌. ഗുജറാത്തിലേക്ക്‌ പോകേണ്ടിവന്നാല്‍, ഇവക്കൊക്കെ ഞങ്ങള്‍ പൈസ കൊടുക്കേണ്ടിവരും. ഇവിടെ ഒരു എട്ടുപത്ത്‌ ദിവസം താമസിച്ച്‌, ദിവസത്തില്‍ എത്ര പൈസ നിങ്ങള്‍ക്ക്‌ ലാഭിക്കാന്‍ കഴിയുമെന്ന് നോക്കുക. അതിനുശേഷം കാവന്തിലോ, ഗുജറാത്തിലെ ഏതെങ്കിലുമൊരു പട്ടണത്തിലോ പോയി കുറച്ചു ദിവസം താമസിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും ആ വ്യത്യാസം".

ഒരു ഏകദേശ കണക്കെടുപ്പുപോലും അസാദ്ധ്യമായിരുന്നു. ഇവിടെ ലഭ്യമായ ചില സാധനങ്ങള്‍ പ്രദേശത്തെ ചന്തയില്‍ വില്‍പ്പനക്കു വെച്ചിരുന്നു. ഞങ്ങള്‍ ആ വില താരതമ്യം ചെയ്തു. മറ്റു ചില അന്വേഷണങ്ങളും കൂട്ടത്തില്‍ നടത്തി. അതില്‍നിന്നൊക്കെ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞ വസ്തുത, ഗുജറാത്തിലും മറ്റും പോയി താമസിച്ചാല്‍, ഇന്നത്തെ ഇവരുടെ ജീവിത നിലവാരം നിലനിര്‍ത്താന്‍ ഇവര്‍ക്ക്‌ മാസത്തില്‍ ചുരുങ്ങിയത്‌ 800 രൂപയെങ്കിലും ചിലവിടേണ്ടിവരുമെന്നായിരുന്നു. ഇതിന്റെ കൂടെ കന്നുകാലിത്തീറ്റയും മറ്റും കണക്കാക്കിയാല്‍, ചിലവിടേണ്ടിവരുന്ന സംഖ്യ ഇനിയും വളരെ കൂടും. ഈ ആളുകളുടെ വാര്‍ഷിക വരുമാനം, മൂവ്വായിരമോ പലപ്പോഴും അതിലും കുറവോ ആണെന്ന വസ്തുതയും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌.

കന്നുകാലിത്തീറ്റയുടെ കാര്യം പ്രധാനപ്പെട്ട ഒന്നാണ്‌. കാരണം, അവരുടെ മുഖ്യമായ ജീവനോപാധിയാണ്‌ ഈ കന്നുകാലികള്‍. "വിറകു ശേഖരിക്കാനും, കന്നുകാലികളെ മേയ്ക്കാനും ഗുജറാത്തില്‍നിന്ന് ആളുകള്‍ ഇവിടേക്കാണ്‌ വരുന്നത്‌", ജാനകി പറഞ്ഞു. ലാറിയയുടെ നാത്തൂനാണ്‌ അവര്‍. "അപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട്‌ പോയാല്‍ എന്താവും സ്ഥിതി?". "ഭാവക്ക്‌ എഴുപതോളം ആടുകളും, 14 പശുക്കളും, 10 എരുമകളുമുണ്ട്‌. ആടു വളര്‍ത്തലാണ്‌ മിക്ക ആളുകളുടെയും പ്രധാന വരുമാനം. അവയാണ്‌ ഞങ്ങളുടെ രക്ഷ. ഞങ്ങളുടെയിടയില്‍ പൈസയുടെ ഇടപാടൊന്നും അധികം കണ്ടു എന്നു വരില്ല. പക്ഷേ, എന്തെങ്കിലുമൊരു അത്യാവശ്യം വന്നാല്‍, ഒരു ആടിനെ വിറ്റാല്‍ മതി. അഞ്ഞൂറോ അറുന്നൂറോ രൂപ കിട്ടും. അങ്ങിനെയാണ്‌ ഞങ്ങളിവിടെ കഴിഞ്ഞുകൂടുന്നത്‌. ഗുജറാത്തിലേക്കു പോയാല്‍, ബനിയക്കാരും, പട്ടീദറുമാരും ചേര്‍ന്ന് ഞങ്ങളെ ഞെരിക്കും".

"ഏറ്റവും പ്രധാനമായത്‌, സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഇക്കാലംവരെ, ഈ ഗ്രാമങ്ങളില്‍ ഒരു തരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ല എന്നതാന്‌", ഡല്‍ഹി സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സിലെ ഡോ.അമിത ബാവിസ്കര്‍ പറയുന്നു. "അതിനുപുറമെയാണ്‌, വര്‍ഷങ്ങളായുള്ള അടിച്ചമര്‍ത്തലിനുശേഷമുള്ള ഈ കുടിയൊഴിപ്പിക്കല്‍. ഇതിലുള്‍പ്പെട്ടിട്ടുള്ള അന്യായം ഭയങ്കരമാണ്‌. ആരും ഇവരോട്‌ ഒന്നും സംസാരിച്ചിട്ടില്ല. അറിയിച്ചിട്ടുമില്ല. അവര്‍ക്ക്‌ ഗുജറാത്തിലേക്ക്‌ പോകാന്‍ ഇഷ്ടമല്ല".

ഈ പ്രദേശത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനത്തിനു പി.എച്ച്‌.ഡി ലഭിച്ച ഡോ.ബാവിസ്കര്‍, ഖേദൂട്‌ മസ്ദൂര്‍ ചേതന സംഘട്‌ (KMCS)എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇവിടെയുള്ള 95 ഗ്രാമങ്ങളിലെ ആദിവാസികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിലും KMCS 1982 മുതല്‍ ഏര്‍പ്പെട്ടിരിക്കുന്നു. നര്‍മ്മദ ബചാവോ ആന്ദോളനവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍തന്നെ, അണക്കെട്ടിനെതിരായ സമരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല ഇവരുടെ പ്രവര്‍ത്തനമണ്ഡലം. ഭൂമിയുടെയും, വനവിഭവങ്ങളുടെയുംമേലുള്ള ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാഷ്ട്രീയമായി അവരെ സംഘടിപ്പിക്കുന്നതിലും അവര്‍ ഏറെക്കാലമായി സജീവമായി രംഗത്തുണ്ട്‌.

"കുടിയൊഴിക്കലിനെ പ്രതിരോധിക്കാനായി വേണ്ടിവന്നാല്‍ ജലസമാധിക്കുപോലും തയ്യാറാണെന്ന ജലസിന്ധി ഗ്രാമത്തിന്റെ പ്രഖ്യാപനം ഒരുപക്ഷേ ബാലിശമായി തോന്നിയേക്കാം. കൂടുതല്‍ നേട്ടങ്ങള്‍ കൈവശപ്പെടുത്താനുള്ള തന്ത്രമായും ഇതിനെ വ്യാഖാനിക്കുന്നവരുണ്ടാകും. പക്ഷേ, ഇതൊരു ധീരമായ ചെറുത്തുനില്‍പ്പാണ്‌. തങ്ങളോട്‌ ചെയ്യുന്ന അനീതിക്കെതിരായി ഗ്രാമീണര്‍ നടത്തുന്ന ശക്തമായ പ്രതിരോധത്തിന്റെ പ്രതീകമാണ്‌ ഈ സമരം. തങ്ങള്‍ക്ക്‌ എല്ലാം നഷ്ടപ്പെടുമെന്ന്‌ അവര്‍ക്കറിയാം. പക്ഷേ അവര്‍ ചെറുത്തുനില്‍ക്കുകയാണ്‌", ഡോ. ബാവിസ്കര്‍ പറയുന്നു.

"ഇതെന്റെ വീടാണ്‌. എനിക്ക്‌ മറ്റൊരു വീട്‌ വേണ്ട. ഞങ്ങള്‍ ഇവിടെതന്നെ കഴിയും" ലാറിയ തറപ്പിച്ചു പറയുന്നു. താന്‍ അപ്പോള്‍ പണികഴിപ്പിച്ച ചുമരില്‍ ചാരി നില്‍ക്കുമ്പോള്‍, ലാറിയക്ക്‌ നിശ്ചയമുണ്ടായിരുന്നു, നീങ്ങാന്‍ അല്‍പ്പം പോലും പഴുതില്ലാത്ത ഒരിടത്തുനിന്നാണ്‌ താന്‍ യുദ്ധം ചെയ്യുന്നതെന്ന്. അയാളുടെ നോട്ടം, സാവധാനം ഉയരുന്ന പുഴയിലുമായിരുന്നിരിക്കണം.

എങ്കിലും അയാളുടെ ഹൃദയത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നത്‌, ചെറുത്തുനില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു.
ലാറിയ നിര്‍മ്മിച്ച വീടായിരുന്നു അത്‌.

Monday, October 1, 2007

അദ്ധ്യായം-6 തേന്‍ നിഷേധിക്കപ്പെട്ട തേനീച്ചകള്‍

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

മല്‍കാങ്കിരി (ഒറീസ്സ) - ആദ്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുക, പൂര്‍ണ്ണമായും മുളകൊണ്ടുണ്ടാക്കിയ ആ വീടുകളാണ്‌. അവയുടെ മേല്‍ഭാഗം മാത്രമേ ഓലകൊണ്ട്‌ മേഞ്ഞിരുന്നുള്ളു. മേല്‍ക്കൂരകള്‍ കൂട്ടിയോജിപ്പിച്ചിരുന്നതുപോലും മുളകള്‍ ഉപയോഗിച്ചാണ്‌. ഇത്തരത്തിലുള്ള 150-ഓളം വീടുകളുണ്ട്‌. മാത്രമോ, വീടുകള്‍ക്കു ചുറ്റുമുള്ള വേലികളും മുള കൊണ്ടാണ്‌ തീര്‍ത്തിരിക്കുന്നത്‌. ഈ ഗ്രാമത്തിന്റെ പേരാണ്‌ കബൂത്തര്‍ ഖാന.

ശുണ്ഠിപിടിച്ച്‌ നടക്കുന്ന ഒരു പന്നി മുന്നറിയിപ്പു നല്‍കിയപ്പോള്‍ ഞങ്ങളവളെ നോക്കി. അവളുടെ രണ്ടു ചെറിയ കുട്ടികളെ മുളങ്കൊട്ട കൊണ്ട്‌ പൊതിഞ്ഞിരുന്നു. സംഗലിലെ ഗ്രാമമുഖ്യന്‍ മ്‌ഹാദി ഭീമന്റെ വീട്ടിനകത്തും പുറത്തുമായി അന്‍പത്തഞ്ചോളം വിവിധ വസ്തുക്കള്‍ മുളകൊണ്ടുണ്ടാക്കിയവയായിരുന്നു.

മ്‌ഹാദി വീട്ടിലേക്കു എന്നും തിരികെ കൊണ്ടുവരുന്ന മത്സ്യ'വല' മുതല്‍, കുട്ടികളുടെ തൊട്ടിലും, കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൊട്ടകളും, പ്രായമുള്ള സ്ത്രീകള്‍ ഉപയോഗിക്കുന്ന കുടയും, അങ്ങിനെയങ്ങിനെ, ഗ്രാമത്തിലെ മിക്കവാറും എല്ലാ വസ്തുക്കളും മുളകൊണ്ട്‌ നിര്‍മ്മിച്ചവയായിരുന്നു. ഇവിടെ ആളുകള്‍ തീ കത്തിക്കുന്നതുപോലും മൂര്‍ച്ചയുള്ള രണ്ടു മുളകള്‍ തമ്മില്‍ ഉരസിയിട്ടായിരുന്നു.

ഇത്‌ കേവലം ഒരു ഗ്രാമത്തിലെ വിചിത്രമായ കാഴ്ച്ചയൊന്നുമല്ല. സുപ്ലുര്‍, കംഭേദ, പീതാഘട്ട്‌ എന്നീ ഗ്രാമങ്ങളൊക്കെത്തന്നെ, സംഗലിന്റെ പകര്‍പ്പുകളാണ്‌. അവക്കു ചുറ്റും കിടക്കുന്ന മറ്റനേകം ഗ്രാമങ്ങളും.

കോയകളുടെ ലോകത്തിലേക്ക്‌ സ്വാഗതം.

അതിശയകരമായ വിധത്തില്‍ മുളയെ ഉപയോഗിക്കുക വഴി, കോയ വര്‍ഗ്ഗക്കാര്‍ പോഡിയ ബ്ലോക്കിനെ കാഴ്ച്ചയില്‍ മനോഹരമാക്കിയിരിക്കുന്നു. (പോഡിയ എന്നാല്‍, പാഴ്‌നിലം എന്നാണ്‌). മല്‍കാങ്കിനി-കോറാപുട്ട്‌ പ്രദേശത്ത്‌ 87,000-ഓളം കോയ വര്‍ഗ്ഗക്കാര്‍ താമസിക്കുന്നുണ്ട്‌. ഇവരുടെ എല്ലാ ഗ്രാമങ്ങളിലും ഈ സവിശേഷത കാണാം. ഒറ്റയോ ഒന്നിലധികമോ കൃഷികള്‍ ചെയ്യുന്നവരാണിവര്‍. അടുത്ത കാലത്തായി ഏറെയും ഒറ്റക്കൃഷിയും. അതായത്‌, ഭൂമിയെന്നു പറയാനായി കയ്യില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍. പക്ഷേ, അവരുടെ ഭാവന ഏറ്റവും അധികം പ്രകടമാവുന്നത്‌ മുളകൊണ്ട്‌ അവര്‍ നിര്‍മ്മിക്കുന്ന വസ്തുക്കളിലാണ്‌.

കോയവര്‍ഗ്ഗക്കാര്‍ മുളയെ ഉപയോഗിക്കുന്ന മാതിരി, ഇത്രയും ഭാവനയോടെയും, തീവ്രതയോടെയും, എന്നാല്‍ അളവറ്റ കാരുണ്യത്തോടെയും മറ്റേതെങ്കിലും ആളുകള്‍ പ്രകൃതിയുടെ ഏതെങ്കിലുമൊരു ഉത്‌പന്നത്തെ ഉപയോഗിക്കുന്നുണ്ടാവില്ല. ഒറീസ്സയിലെ കോയക്കാര്‍ കൂടുതലും മല്‍കാങ്കിരിയിലാണുള്ളത്‌. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നായ മല്‍കാങ്കിരി. സമീപത്ത്‌, ആന്ധ്ര പ്രദേശിലും ഇക്കൂട്ടരെ കാണാം. ഈ സവിശേഷ വര്‍ഗ്ഗക്കാര്‍ "കുട്ടിക്കാലം തൊട്ടേ, കോയക്കാരുടെ ധര്‍മ്മം അനുഷ്ഠിക്കാന്‍ ശീലിക്കുന്നു. എങ്ങിനെയാണ്‌ മുളകളെ, വീണ്ടും വളരാന്‍ പാകത്തില്‍ വെട്ടേണ്ടതെന്ന് ഞങ്ങളവരെ പഠിപ്പിക്കുന്നു", പീതാഘട്ടിലെ സര്‍പാഞ്ച്‌ ഇര്‍മ കവാസി പറയുന്നു. "കാടിനെ ആശ്രയിച്ചാണ്‌ ഞങ്ങള്‍ കഴിയുന്നത്‌. അതുകൊണ്ട്‌ അവയെ നശിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല".

മുളകളുടെ പുനരുജ്ജീവനം മുതല്‍, അവയെ എങ്ങിനെ കരുതലോടെ, ഘട്ടംഘട്ടമായി മുറിച്ചുമാറ്റാം എന്നിവയൊക്കെ, കോയകളുടെ 'ധര്‍മ്മത്തില്‍' പെടുന്നു. മുളകളുമായിട്ടുള്ള അവരുടെ ബന്ധം പ്രകൃതിയെ കീഴ്‌പ്പെടുത്തലിന്റേതല്ല, മറിച്ച്‌, പ്രകൃതിയുമായിട്ടുള്ള ഒരു പ്രണയത്തിന്റേതാണ്‌.

കോയ വര്‍ഗ്ഗത്തിന്റെ സാമൂഹ്യവും, സമ്പത്തികവുമായ ജീവവായുവാണ്‌ മുള. ഈയടുത്ത കാലത്ത്‌ നിലവില്‍ വന്ന വന നിയമങ്ങള്‍, പക്ഷേ, അവര്‍ക്ക്‌ ഈ ജീവവായു നിഷേധിക്കുന്ന തരത്തിലുള്ളതായിരുന്നു. അതേസമയം, വമ്പന്‍ കുത്തക മുതലാളിമാര്‍ക്ക്‌, ഒറീസ്സ വന-വികസന കോര്‍പ്പറേഷന്‍ (OFDC) വഴി, കാടുകളില്‍ അനിയന്ത്രിതമായ പ്രവേശനവും ലഭിച്ചിരിക്കുന്നു. പേപ്പര്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക്‌ വളരെയധികം മുള ആവശ്യമാണ്‌. തരിശായിക്കിടക്കുന്ന വലിയ ഭൂപ്രദേശങ്ങള്‍ അവരുടെ കയ്യൊപ്പുകളാണ്‌. ഒരുകാലത്ത്‌ നിബിഡവനങ്ങളായിരുന്നു അവയൊക്കെ. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം, ഈ വനങ്ങള്‍ വെളുപ്പിക്കാന്‍, കമ്പനികളും അവരുടെ ഇടനിലക്കാരും ആശ്രയിക്കുന്നതും, ഈ കോയ വര്‍ഗ്ഗക്കാരെത്തന്നെയാണ്‌ എന്നതത്രെ. തങ്ങളുടെ പ്രിയപ്പെട്ട കാടുകളെ വെട്ടിമാറ്റാന്‍ വിധിക്കപ്പെട്ടവര്‍.

ഒറീസ്സയിലെ വനവത്ക്കരണവുമായി ഏറെ ബന്ധമുള്ള ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ ഈ വിരോധാഭാസത്തെ വിലയിരുത്തിയത്‌ ഇപ്രകാരമാണ്‌."ഒരു ഭാഗത്ത്‌ കോയവര്‍ഗ്ഗക്കാരാണുള്ളത്‌. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം, അരിവാളുകൊണ്ട്‌ ശ്രദ്ധയോടെ മുള മുറിക്കുന്നവര്‍. അവര്‍ പ്രധാനമായി മുറിക്കുന്നത്‌, ഇളം മുളകളാണ്‌. മറുവശത്തുള്ളത്‌, ബുള്‍ഡോസര്‍കൊണ്ട്‌, എല്ലാതരം മുളകളേയും, വെട്ടിനിരത്തുന്ന വന്‍കമ്പനികളും. മുളകളുടെ പ്രായം, ഇനം, വലുപ്പം, ഇതൊന്നും ഈ രണ്ടാമതു പറഞ്ഞ കൂട്ടര്‍ക്ക്‌ പ്രശ്നമാവുന്നില്ല. അല്‍പമെങ്കിലും മുളങ്കാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഈ കോയ വര്‍ഗ്ഗക്കാരുടെ ശ്രദ്ധ മാത്രമാണ്‌. പക്ഷേ ഇവരുടെ ഈ പരമ്പരാഗതവും, നിയന്ത്രിതവുമായ തൊഴിലിനെയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്‌.

പക്ഷേ, എന്തുകൊണ്ടാണ്‌ സ്വകാര്യ സ്ഥാപനങ്ങളെ മുള വെട്ടാന്‍ അനുവദിക്കുമ്പോള്‍, കോയ വര്‍ഗ്ഗത്തെ അതിനനുവദിക്കാതിരിക്കുന്നത്‌? പീതഘട്ടിലെ കോയക്കാരുടെ ഗ്രാമത്തില്‍ താമസിക്കുന്ന സദാശിവ ഹന്താല്‍ എന്ന ഹരിജന്‍ ഇതിനുള്ള മറുപടി പറയുന്നു. "കമ്പനികളില്‍ നിന്ന് സര്‍ക്കാരിന്‌ നികുതി കിട്ടും. കോയകളില്‍ നിന്ന് എന്തു കിട്ടാനാണ്‌?"

ഇതാദ്യമായിട്ടല്ല കോയകള്‍ക്ക്‌ വീട്‌ നഷ്ടപ്പെടുന്നത്‌. 200 കൊല്ലങ്ങള്‍ക്കുമുമ്പ്‌ ബസ്താറില്‍* നിന്നും അവര്‍ക്ക്‌ ഒഴിഞ്ഞുപോവേണ്ടിവന്നിട്ടുണ്ടെന്ന് ജില്ല ഗസറ്റിയര്‍ രേഖപ്പെടുത്തുന്നു. ക്ഷാമവും തര്‍ക്കങ്ങളും കാരണമായിരുന്നു അത്‌. ഇപ്പോള്‍ ഒരു പുതിയ തരം കുടിയൊഴിക്കലിനാണ്‌ അവര്‍ വിധേയരായിരിക്കുന്നത്‌. സുപ്ലുര്‍ ഗ്രാമത്തിലെ കവാസി ഭീമന്‍ പറഞ്ഞപോലെ "ഞങ്ങള്‍ക്കിപ്പോള്‍ ഗൃഹമുണ്ട്‌. പക്ഷേ വീടില്ല, ആ സ്ഥിതിയാണ്‌. മുളകളില്ലെങ്കില്‍ പിന്നെ ഞങ്ങളില്ല".

കംഭേദ ഗ്രാമത്തിലെ ഇറ പദിയാമി മുളയില്‍ നിന്ന് അയാളുണ്ടാക്കിയ സാധനങ്ങള്‍ അഭിമാനത്തോടെ കാണിച്ചുതന്നു. വില്‍ക്കാനുള്ളതായിരുന്നില്ല അവയൊന്നും. സ്വന്തം ആവശ്യത്തിനുവേണ്ടിയായിരുന്നു. കുട, പച്ചക്കറികള്‍ സൂക്ഷിക്കാനുള്ള കൂട, ധാന്യം അളക്കാനുള്ള ഉപകരണം, ഓടക്കുഴല്‍, അങ്ങിനെ നിരവധി സാധനങ്ങള്‍. പതിനെട്ടു വിവിധ തരത്തിലും, വലുപ്പത്തിലുമുള്ള കൊട്ടകള്‍ ഉണ്ടാക്കിയിരുന്നു അയാള്‍. ഇതു കൂടാതെ, മരുന്നിന്റെ കൂട്ടുകളിലും, ഭക്ഷണത്തിലുമൊക്കെ ഇവര്‍ മുള ഉപയോഗിച്ചിരുന്നു.

"കൈമാറ്റത്തിന്‌ ഞങ്ങള്‍ മുളകൊണ്ടുള്ള സാധനങ്ങള്‍ പണ്ട്‌ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മറ്റു സാധനങ്ങളും ഞങ്ങള്‍ക്ക്‌ മേടിക്കേണ്ടിവരുന്നുണ്ട്‌. വേണ്ടിവന്നാല്‍ ഞങ്ങള്‍ക്ക്‌ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന സാധനങ്ങളാണ്‌ അവയൊക്കെ". സ്വതേ ദരിദ്രരായ കോയകളെ ഇത്‌ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. "ഈ നിയമം മൂലം, വനപാലകര്‍ക്ക്‌ ഞങ്ങളെ ഉപദ്രവിക്കാനും സാധിക്കുന്നു. നിയമം അനുവദിച്ചിട്ടുകൂടി, ഞങ്ങളുടെ സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ള, അത്യാവശ്യ വനവിഭവങ്ങള്‍ സംഭരിക്കാന്‍പോലും അവര്‍ ഞങ്ങളെ അനുവദിക്കുന്നില്ല", മറ്റൊരാള്‍ സൂചിപ്പിച്ചു.

നിയമപ്രകാരം ഈ കാടുകളിലെ മുളകളുടെ സമ്പൂര്‍ണ്ണാധികാരം ഒറീസ്സ വന വികസന കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാണ്‌(Orissa Forest Development Corporation-OFDC) എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌ മറ്റൊന്നാണെന്ന്, പ്രമുഖനായ ഒരു കോയ നേതാവ്‌ പറഞ്ഞു. "വിളവെടുക്കേണ്ട സ്ഥലത്തെക്കുറിച്ച്‌, കോര്‍പ്പറേഷനും സ്വകാര്യ വ്യക്തികളും ഒരു തീരുമാനത്തിലെത്തുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍, കമ്പനികള്‍ ദിവസകൂലിക്കാരെ ഏര്‍പ്പാടാക്കുകയും ചെയ്യുന്നു".

"ഇവിടെയാണ്‌ ഇടനിലക്കാരന്‍ വരുന്നത്‌. അയാള്‍ ആന്ധ്രയില്‍നിന്നും ജോലിക്കാരെ കൊണ്ടുവരുന്നു. ഇനി ഏതെങ്കിലും കോയകള്‍ക്ക്‌ ജോലി കിട്ടിയെന്നുതന്നെയിരിക്കട്ടെ-മുതലാളി ആരുതന്നെയായിരുന്നാലും-സര്‍ക്കാര്‍ നിശ്ചയിച്ച, പ്രതിദിനം 25 രൂപ എന്ന നിരക്കിലുള്ള കൂലി അവര്‍ക്ക്‌ കിട്ടുകയില്ല. കുറേയധികം മുളകള്‍ മുറിച്ചാല്‍പ്പോലും പലപ്പോഴും അവര്‍ക്ക്‌ കിട്ടുന്നത്‌, ഒരു രൂപ മാത്രമാണ്‌. ഇതിനായുള്ള അദ്ധ്വാനമോ? മൂന്നും നാലും കിലോമീറ്റര്‍ വനത്തിനകത്തേക്കുപോയി, തലച്ചുമടായി മുളകള്‍ ഗ്രാമത്തിലെത്തിക്കണം. പിന്നെ അത്ര തന്നെ ദൂരം യാത്ര ചെയ്ത്‌ ഡിപ്പോയിലേക്കും".

വന വികസന കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ കവാസിയുടെ ഈ ആരോപണത്തെ നിഷേധിക്കുന്നു. പക്ഷേ, ഈ പ്രക്രിയ പരസ്യമായി നടക്കുന്ന ഒന്നായതുകൊണ്ട്‌, നിഷേധത്തിനൊന്നും വലിയ അര്‍ത്ഥമില്ല. ചുരുക്കത്തില്‍, കോര്‍പ്പറേഷന്‍ ചെയ്യുന്നത്‌, വനം സ്വകാര്യ വ്യക്തികള്‍ക്ക്‌ പാട്ടത്തിനു കൊടുക്കുകയാണ്‌. ഇതാകട്ടെ, ഇന്ത്യന്‍ ഗവണ്മെണ്ടിന്റെ നയങ്ങള്‍ക്കു വിരുദ്ധവുമാണ്‌.

"നിര്‍മ്മാണ സാമഗ്രികളിലും ഞങ്ങള്‍ മുളകള്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ പായ പോലും", സുപ്ലൂരിലെ സുഖ്ദേവ്‌ കവാസി പറഞ്ഞു. ഉണക്കിയ പാവയ്ക്കകൊണ്ടുണ്ടാക്കിയ, മുളകൊണ്ടു പൊതിഞ്ഞ ഒരു പാത്രം അയാള്‍ കാണിച്ചുതന്നു. "ഈ പാത്രം കണ്ടോ? വെള്ളം തണുപ്പിച്ചുവെക്കാന്‍ ഈ പാത്രം ഉപയോഗിക്കാം. കോയകള്‍ക്ക്‌, ഒരിക്കലും മുളയെ ഉപദ്രവിക്കാന്‍ ആവില്ല. അത്‌ ഞങ്ങളുടെ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്‌. അത്‌ നിഷേധിക്കുകവഴി, സര്‍ക്കാര്‍ ഞങ്ങളോട്‌ ചെയ്യുന്നത്‌ ഒരു വലിയ നീതികേടാണ്‌. തേനീച്ചകളെ നിങ്ങള്‍ക്ക്‌ എങ്ങിനെയാണ്‌ തേനില്‍നിന്ന് അകറ്റാന്‍ കഴിയുക?" അയാള്‍ ചോദിച്ചു.

പക്ഷേ സര്‍ക്കാരിന്‌ സാധിക്കും. അവര്‍ ഇതിനകംതന്നെ അത്‌ ചെയ്തിരിക്കുന്നു. ഇത്‌ മറ്റു ചില ഭവിഷ്യത്തുകളും ഉളവാക്കിയിട്ടുണ്ട്‌. മുളകളല്ല, ഋണബാദ്ധ്യതയാണ്‌ കോയകളുടെയിടയില്‍ വര്‍ദ്ധിക്കുന്നത്‌.

തങ്ങളുടെ ജീവനോപാധിയിന്മേലുള്ള വിലക്കുകള്‍ കോയകളെ സാരമായി ബാധിച്ചിരിക്കുന്നു. ഭൗതികമായി കുടിയിറക്കാതെതന്നെ, ഒരു ജനതയുടെ ഉപജീവനമാര്‍ഗ്ഗത്തെയും, സംസ്‌ക്കാരത്തെയും തകര്‍ക്കാന്‍ കഴിയുമെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. തങ്ങള്‍ക്ക്‌ ഏറ്റവും ആവശ്യമുള്ള വിഭവങ്ങളുടെമേല്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയാല്‍ ഈ കൃത്യം നിര്‍വ്വഹിക്കാനാകും.

കോയകളുടെ ഈ ഗ്രാമത്തെ സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ കുടിയൊഴിപ്പിച്ചിട്ടില്ല. അവരുടെ പ്രധാന ജീവനോപധിയില്‍നിന്ന് അവരെ വിലക്കുക മാത്രമേ ചെയ്തിട്ടുള്ളു. പക്ഷേ, ഈ പ്രഹരം, ഇവര്‍ക്ക്‌ താങ്ങാവുന്നതിലുമപ്പുറമാണ്‌. തേന്‍ നിഷേധിക്കപ്പെട്ട തേനീച്ചകളാണ്‌ ഇവരിന്ന്.

ഒരു വ്യത്യാസമേയുള്ളു. ഈ തേനീച്ചകള്‍ക്ക്‌ ആരെയും കുത്തിനോവിക്കാന്‍ അറിയില്ല.

പിന്‍കുറിപ്പ്‌

OFDC-യുടെ ഈ ഇടപാടിനെ പലരും അമര്‍ഷത്തോടെയാണ് വീക്ഷിക്കുന്നത്. ഇത്തരം കച്ചവടത്തിനു കൂട്ടു നില്‍ക്കുന്നതിലൂടെ OFDC-യുടെ ഉദ്യോഗസ്ഥര്‍ 'ഗുരുതരമായ കൃത്യവിലോപത്തിനു' മറുപടി പറയേണ്ടിവരുമെന്ന്, രാജ്യത്തിലെ ഏറ്റവും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുകയുണ്ടായി. ഈ മുളങ്കാടുകള്‍ വ്യവസായങ്ങള്‍ക്ക്‌ പാട്ടത്തിന്‌ കൊടുക്കുന്നതിന്‌ സര്‍ക്കാരിന്റെ നിയമം അനുവാദിക്കുന്നില്ല എന്ന്, 1995-ല്‍ തന്നെ, വേയ്സ്റ്റ്‌ ലാന്റ്‌ ന്യൂസ്‌ എന്ന ബുള്ളറ്റിനിലൂടെ അദ്ദേഹം മുന്നറിയിപ്പു നല്‍കുകയുണ്ടായി.

'ഇത്‌ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്‌", മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ അക്കാദമിയിലെ ഡയറക്ടര്‍ എന്‍.സി.സക്സേന തുറന്നെഴുതി. OFDC ദരിദ്രരോട്‌ വ്യക്തമായ വിവേചനം കാട്ടുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ഒരു ഡിപ്പോയിലെ കണക്കുപ്രകാരം, പ്രാദേശിക കര്‍ഷകര്‍ക്ക്‌ മുള വിറ്റിരുന്നത്‌, ഒരു കഷണത്തിന്‌ 4.30 രൂപ എന്ന നിരക്കിലായിരുന്നു. കമ്പനികള്‍ക്ക്‌ കൊടുത്തിരുന്നതോ, വെറും 15 പൈസക്കും. 350 മുളയാണ്‌ പ്രദേശത്തെ കര്‍ഷകര്‍ക്ക്‌ ആകെ കൊടുത്തിരുന്നത്‌. കമ്പനികള്‍ക്ക്‌ ലഭിച്ചത്‌, 3 ദശലക്ഷം മുളയും. ഓരോന്നിനും 15 പൈസ നിരക്കില്‍. ഈ മുളകള്‍ക്ക്‌ തുറന്ന വിപണിയില്‍തന്നെ, ഓരോന്നിനും 10 മുതല്‍ 13 രൂപ വരെ വില കണക്കാക്കപ്പെട്ടിരുന്നു. പക്ഷേ ആ നിരക്കില്‍ വിറ്റിരുന്നത്‌ കേവലം 27,000 എണ്ണം മാത്രമായിരുന്നു. പ്രദേശത്തെ കരകൗശല വിദഗ്ദ്ധര്‍ക്ക്‌ ഒരു കഷണം മുള പോലും, ഡിപ്പോയില്‍നിന്ന് കിട്ടിയതുമില്ല.

സക്സേനയുടെ മുന്നറിയിപ്പ്‌ പ്രവചനസ്വഭാവമുള്ളതായിരുന്നു. ഈ കച്ചവടങ്ങള്‍ അരങ്ങേറുമ്പോള്‍ ഭരണത്തിലുണ്ടായിരുന്ന ബിജു പട്‌നായ്ക്കിന്റെ സര്‍ക്കാരിനെതിരെ 1996-ലെ പുതിയ സര്‍ക്കാര്‍** രണ്ട്‌ ചാര്‍ജ്ജ്ഷീറ്റുകളാണ്‌ ഫയല്‍ ചെയ്തിരിക്കുന്നത്‌. അതില്‍ ഒന്ന്, ബിജു പട്‌നായ്ക്കിന്റെ കാലത്ത്‌ ഒരു സ്വകാര്യ സ്ഥാപനത്തിന്‌ നല്‍കിയ പ്രത്യേക ഇളവുകള്‍ സംബന്ധിച്ചുള്ളതായിരുന്നു. ഈ ഇടപാടുമൂലം, സംസ്ഥാനത്തിന്‌, പ്രത്യക്ഷമായിത്തന്നെ കനത്ത നഷ്ടം സംഭവിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്‌.

ഇതൊക്കെ കോയകളുടെ സ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ? എനിക്കറിയില്ല. അങ്ങിനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കാന്‍ മാത്രമേ നമുക്കാവൂ.* ബസ്താര്‍ - (ഛത്തീസ്ഘട്ട്‌)പതിനഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഒരു നാട്ടു രാജ്യം. പിന്നീട്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നു.

**ജെ.ബി.പട്‌നായ്ക്കിന്റെ മന്ത്രിസഭ