Tuesday, March 23, 2010

പ്രദക്ഷിണംഇറാഖ് യുദ്ധം അവസാനിപ്പിക്കാനുള്ള കാമ്പയിന്റെ ഭാഗമായി നടത്തിയ ഡിസൈന്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ പോസ്റ്റര്‍ ന്യൂയോര്‍ക്കിലെ BIG ANT INTERNATIONAL-ന്റെ സൃഷ്ടിയാണ്. 

ചുറ്റും നടക്കുന്നത് ചുറ്റിവരുമെന്നൊക്കെ വേണമെങ്കില്‍  ഈ പോസ്റ്ററിന്റെ തലവാചകത്തെ നേര്‍‌മൊഴിമാറ്റം നടത്താമെങ്കിലും നിങ്ങള്‍ തുടങ്ങിവെച്ചത് നിങ്ങളെ തേടിയെത്തുമെന്ന വ്യക്തവും ഭീഷണവുമായ മുന്നറിയിപ്പാണ് ഈ പരസ്യം മറ്റുചിലര്‍ക്കു നല്‍കുന്നത്. അമേരിക്കയ്ക്കും അതിന്റെ സാമന്ത പാശ്ചാത്യശക്തികള്‍ക്കും. 

ഇറാഖിലും, അഫ്ഘാനിസ്ഥാനിലും, പാക്കിസ്ഥാനിലും അമേരിക്ക അതിന്റെ സ്വാദ് നല്ലവണ്ണം രുചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തൊട്ടാകെ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈനിക-സാമ്പത്തിക ധാര്‍ഷ്ട്യത്തിനും, അതിന്റെ താളത്തിനൊത്തു തുള്ളുന്ന ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള എല്ലാ വിനീതവിധേയഭൃത്യന്മാര്‍ക്കും ഈ പരസ്യം ഒരു മുന്നറിയിപ്പായിത്തീരണം.

ഇന്നുള്ള പ്രാദേശികവും, അസംഘടിതവും (ഒട്ടൊക്കെ) അരാഷ്ട്രീയവുമായ യുദ്ധവിരുദ്ധപ്രക്ഷോഭങ്ങളെയും പ്രസ്ഥാനങ്ങളെയും ആഗോളതലത്തിലുള്ള സംഘടിതമായ യുദ്ധവിരുദ്ധ രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കാന്‍ ഇനിയും വൈകിക്കൂടാ. ജനധിപത്യവത്‌ക്കരണത്തിലൂന്നിയ ഒരു പുതിയ ലോകക്രമത്തിന് അത്തരമൊരു യുദ്ധവിരുദ്ധരാഷ്ട്രീയം അത്യന്താപേക്ഷിതവുമാണ്.

അനുബന്ധം/കടപ്പാട് - Big Ant International-ന്റെ സമാനവിഷയത്തിലുള്ള മറ്റു ചില പോസ്റ്ററുകള്‍ ഇവിടെ

Tuesday, March 16, 2010

ജൊയ ക്ഷുഭിതയാണ്

കടപ്പാട്: ഹുമനൈറ്റ്‌ എന്ന ഫ്രഞ്ച്‌ മാസികയില്‍ മാര്‍ച്ച് 16-ന് പ്രസിദ്ധീകരിച്ച (ഡൊമിനിക് ബാരിയുടെ ഫ്രഞ്ച് ലേഖനത്തിന്റെ) ഇംഗ്ളീഷ്‌ പരിഭാഷയില്‍നിന്ന്‌.

മലാലായ്‌ ജൊയ ക്ഷുഭിതയാണ്‌. അന്താരാഷ്ട്രസേനകളുടെ നേതൃത്വത്തില്‍ തന്റെ രാജ്യത്ത്‌ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചും, ഗ്രാമീണരെ കൂട്ടത്തോടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ബോംബ്‌ വര്‍ഷത്തെക്കുറിച്ചും, താലിബാനോടും മറ്റു യുദ്ധപ്രഭുക്കളോടും സന്ധിചെയ്യാനുള്ള ആഹ്വാനത്തെക്കുറിച്ചുമൊക്കെ അവര്‍ ഇന്ന്‌ ഏറെ ക്ഷുഭിതയാണ്‌. "എന്റെ രാജ്യത്ത് നടക്കുന്ന കുരുതികള്‍ അവസാനിപ്പിക്കുക. ആദ്യം നിങ്ങള്‍ നിങ്ങളുടെ വിദേശസേനകളെ മടക്കിവിളിക്കുക. എങ്കില്‍ മാത്രമേ താലിബാന്‍വത്ക്കരണം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കാവൂ", പാശ്ചാത്യപൊതുജനാഭിപ്രായത്തോട്‌ ഈ അഫ്ഘാന്‍ സമാജികക്ക്‌ പറയാന്‍ ഇത്രമാത്രം. 

ഹുമ: ജനുവരി അവസാനം ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍, താലിബാനുമായുള്ള ചര്‍ച്ചകള്‍ ഔപചാരികമാക്കുകയുണ്ടായി. ഇനി എന്തു സംഭവിക്കും?

ജൊയ: പോരാളികളെക്കൊണ്ട്‌ ആയുധം താഴെ വെപ്പിക്കാന്‍ കര്‍സായിക്ക്‌ ദശലക്ഷക്കണക്കിനു ഡോളറാണ്‌ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അതേ സമയം, ദശലക്ഷക്കണക്കിന്‌ അഫ്ഘാനികള്‍ ദാരിദ്ര്യം കൊണ്ട്‌ ചത്തൊടുങ്ങുകയും ചെയ്യുന്നു. ഇത്‌ താലിബാനെ പുനരധിവസിപ്പിക്കുകതന്നെ ചെയ്യും. അടുത്തുതന്നെ നടക്കാന്‍ പോകുന്ന ഗോത്രത്തലവന്‍മാരുടെയും മുതിര്‍ന്നവരുടെയും പരമോന്നത കൌണ്‍സിലിനെ (Loya Jirga) പിടിച്ചെടുക്കാന്‍ താലിബാന്‌ സാധിക്കും. ഇത്തരം അവസരവാദികളെക്കൊണ്ട്‌ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ? താലിബാന്‍ മാത്രമല്ല മൌലികവാദികള്‍. മുല്ല ഒമറിന്റെ ഭരണത്തിനെ തൂത്തെറിഞ്ഞ്‌, അതിനുപകരം, മസൂദ്‌ നയിക്കുന്ന വടക്കന്‍ സഖ്യത്തെയും യുദ്ധപ്രഭുക്കളെയും അധികാരത്തില്‍ പ്രതിഷ്ഠിക്കുകയാണ്‌ അമേരിക്കയും സഖ്യകക്ഷികളും ചെയ്തത്‌. ഈ ഗ്രൂപ്പും താലിബാന്റെ അതേ ആശയങ്ങളെ പിന്തുടരുന്നവരാണ്‌. അപലപിക്കപ്പെടേണ്ട പല നിയമങ്ങളും കോടതി വിധികളും കഴിഞ്ഞ കുറച്ചുവര്‍ഷത്തിനകം ഉണ്ടായിട്ടുണ്ട്‌. ദേശീയമായ ഒത്തുതീര്‍പ്പുകളുടെ പേരും പറഞ്ഞ്‌, യുദ്ധപ്രഭുക്കള്‍ക്കും, അറിയപ്പെടുന്ന യുദ്ധകുറ്റവാളികള്‍ക്കും - അവരില്‍ പലരും ഇന്ന്‌ പാര്‍ലമെണ്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു- നിയമപരിരക്ഷ ഏര്‍പ്പെടുത്തുകയുണ്ടായി. ഈ യുദ്ധപ്രഭുക്കളൊക്കെ ഉന്നതനിലയിലുള്ളവരാണ്‌, പാര്‍ലമെണ്ടിലും, മന്ത്രാലയങ്ങളിലും, ജുഡീഷ്യറിയിലും ഒക്കെയുള്ളവരാണിവര്‍. ഇവരൊക്കെ അഴിമതിക്കാരാണ്‌. എന്നിട്ട്‌ ഇപ്പോള്‍, ഐക്യരാഷ്ട്രസഭ തന്നെ ഇവരില്‍ പലരുടെയും പേരുകള്‍ കരിമ്പട്ടികയില്‍നിന്ന്‌ വെട്ടിക്കളഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണോ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്‌? ശുദ്ധജലം പോലും ഒരമൂല്യ പ്രകൃതിവിഭവമായ രാജ്യത്തെ ജനങ്ങളോട്‌, കാബൂളില്‍ ഈയിടെ കര്‍സായ്‌ ഉദ്ഘാടനം ചെയ്ത കൊക്കൊക്കോള ഫാക്ടറിയെ പാശ്ചാത്യപുരോഗതിയുടെ അടയാളമായി കണക്കാക്കണമെന്ന്‌ പറയാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ ഈ വിധത്തില്‍ തന്നെയാണ്‌ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്‌.

ഹുമ: 2005-ല്‍ താങ്കള്‍ പാര്‍ലമെണ്ടിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടുമാസത്തിനുശേഷം സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുകയുമുണ്ടായി. എന്തുകൊണ്ടാണത്‌ സംഭവിച്ചത്‌?

ജൊയ: പാര്‍ലമെണ്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ 'അഫ്ഘാന്‍ ജനതയ്ക്ക്‌ അനുശോചനം' രേഖപ്പെടുത്തി. അത്‌ പല ഡെപ്യൂട്ടിമാര്‍ക്കും രസിച്ചില്ല. അവരെ അധിക്ഷേപിച്ചു എന്ന്‌ അവര്‍ പരാതിപ്പെട്ടു. എന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്‌ യുദ്ധപ്രഭുക്കളായിരുന്നു. 1992-96 കാലത്ത്‌ അവരാണ്‌ കാബൂളിനെ തകര്‍ത്തുകളഞ്ഞതെന്നും, പതിനായിരക്കണക്കിനാളുകളുടെ മരണത്തിന്‌ ഉത്തരവാദികള്‍ അവരാണെന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. അവരെ അന്തരാഷ്ട്രകോടതിക്കു മുന്‍പാകെ കൊണ്ടുവരണമെന്നും ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം നല്‍കിയ പണമുപയോഗിച്ച്‌ അവര്‍ നടത്തിയ അഴിമതിയെയും ഞാന്‍ അപലപിച്ചു. എനിക്ക്‌ അന്ന്‌ പ്രസംഗം തുടരാന്‍ കഴിഞ്ഞില്ല. ഞാന്‍ സഭാതളത്തിലെത്തിയപ്പോഴേക്കും അവര്‍ എന്റെ മൈക്കിന്റെ ബന്ധം വിച്ഛേദിച്ചു. ഭീഷണിയും തെറിവിളിയുമായിരുന്നു സഭയില്‍. എനിക്ക്‌ ഒച്ച ഉയര്‍ത്തി സംസാരിക്കേണ്ടിവന്നു. ചില പ്രതിനിധികള്‍, പുരുഷന്‍മാരും സ്ത്രീകളും എന്നെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നുവെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റ്‌ എന്നും അവിശ്വാസിയെന്നുമൊക്കെ മറുപക്ഷം എന്നെ മുദ്രകുത്തുന്നുണ്ടായിരുന്നു. അവരുടെ കണ്ണില്‍ അതൊക്കെയാണ്‌ ഏറ്റവും വലിയ നിന്ദാവചനങ്ങള്‍. ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിച്ചത്‌, പാര്‍ലമെണ്ടിനെ  മൃഗശാലയുമായി താരതമ്യം ചെയ്തുകൊണ്ടാണ്‌. മൃഗശാലയില്‍ ഒന്നുമില്ലെങ്കിലും മൃഗങ്ങള്‍ എന്തെങ്കിലുമൊരു ഉദ്ദേശ്യം നിര്‍വ്വഹിക്കുന്നുണ്ടല്ലോ.

ഹുമ: ഒബാമ പ്രഖ്യാപിച്ചിരിക്കുന്ന അധികസേനാവിന്യാസം എന്തു ഫലമാണ്‌ ഉണ്ടാക്കുക?

ജൊയ: ജനാധിപത്യവും നീതിയും സൃഷ്ടിക്കുകയോ, തീവ്രവാദിഗ്രൂപ്പുകളെ ഇല്ലാതാക്കുകയോ ഒന്നമല്ല ഈ യുദ്ധത്തിന്റെ ലക്ഷ്യം. അധിനിവേശം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക, സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ധാരാളം പ്രകൃതിവിഭവങ്ങളുള്ള ഒരു പ്രദേശത്തെ ഏറ്റെടുക്കുന്നതിന്‌ ഏതുവിധേനയും സംരക്ഷണം നല്‍കുക, ഇതൊക്കെയാണ്‌ ഈ യുദ്ധത്തിന്റെ ഉന്നം. ഒബാമ ബുഷിനെപ്പോലെയോ, ഒരുപക്ഷേ അതില്‍ക്കൂടുതലോ അപകടകാരിയാണ്‌. കാരണം അയാള്‍ യുദ്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും അത്‌ പാക്കിസ്ഥാനിലേക്കും വ്യാപിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. അയല്‍പ്രദേശങ്ങളായ ഇറാനെയും പാക്കിസ്ഥാനെയും റഷ്യയെയും, ഉസ്‌ബെക്കിസ്ഥാനെയും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്‌, കഴിയുന്നത്ര കാലം അഫ്ഘാനിസ്ഥാനില്‍ തങ്ങുക എന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നീക്കം അപകടകരമായ സ്ഥിതിവിശേഷമാണ്‌ ഉളവാക്കാന്‍ പോകുന്നത്‌. ഒബാമ അയാളുടെ സേനകളെ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും നാശവുമാണ്‌ ഉണ്ടാവുക. യു.എന്നിന്റെ ബോംബ്‌വര്‍ഷങ്ങള്‍ നോക്കുക. 2009 മെയ്‌ മാസത്തില്‍ 150 പൌരന്‍മാരാണ്‌ കൊല്ലപ്പെട്ടത്‌. എന്റെ നാട്ടിലെ ആളുകള്‍ അനുഭവിക്കുന്ന ദുരിതം കാണാന്‍ ലോകത്തിനെ സഹായിക്കുന്ന ഒരു കിളിവാതിലാണ്‌ ഇത്തരം കുരുതികള്‍. പക്ഷേ ലോകം ഇതുവല്ലതും കാണുന്നുണ്ടോ? ഞാന്‍ ഒരു പത്രസമ്മേളനം നടത്തി. തന്റെ കുടുംബത്തിലെ ഇരുപത്‌ ആളുകള്‍ കൊല്ലപ്പെട്ട കാര്യം പറയുമ്പോള്‍ ജിരാനിയില്‍നിന്നുള്ള ഒരു ഗ്രാമീണന്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. അയാളും അയാളെപ്പോലുള്ളവരും നാളെ ഒരുപക്ഷേ അഫ്ഘാനിസ്ഥാനിലെ പോരാളികളുടെ കൂട്ടത്തില്‍ ചേരാന്‍ ഇടയില്ലേ?

ഹുമ: താലിബാന്‍ ഭരണത്തിന്‍ കീഴിലെ സ്ത്രീകളുടെ അവസ്ഥ, ഒടുവില്‍ അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെപ്പോലും സ്പര്‍ശിച്ചു. ഇന്ന്‌ എന്താണ്‌ സ്ഥിതി?

ജൊയ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ അഫ്ഘാന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ട്‌. അത്‌ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി 2003-ല്‍ ചേര്‍ന്ന ഉന്നത കൌണ്‍സിലില്‍ ഞാനും ഒരു പ്രതിനിധിയായിരുന്നു. പക്ഷേ ആ സമ്മേളനത്തെ സ്വാധീനിച്ചിരുന്നത്‌, കര്‍സായിയും പാശ്ചാത്യശക്തികളുമായി കൊടുക്കല്‍-വാങ്ങലുകള്‍ നടത്തിയിരുന്ന മൌലികവാദികളായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനപ്രണാമങ്ങളൊക്കെ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്‌. പക്ഷേ രാജ്യത്തെ ഇപ്പോള്‍ ഭരിക്കുന്നത്‌ ശരീയത്ത്‌ നിയമങ്ങളാണ്‌. ഔദ്യോഗിക ഭരണഘടനയുടെ മുന്‍‌സൂചിപ്പിച്ച  ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌ ചെയ്യുന്നത്‌. അന്താരാഷ്ട്ര സഹായധനങ്ങള്‍ കൈപ്പറ്റാന്‍ വേണ്ടി പേരിന്‌ ഭരണഘടനയിലെ അവകാശങ്ങളും മറ്റും അവര്‍ ബാക്കിവെക്കുന്നു എന്നു മാത്രം. ഭര്‍ത്തൃഗൃഹത്തിലെ ക്രൂരതകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ-സ്ത്രീകളെന്നുപറഞ്ഞാല്‍, 14-ഉം 15-ഉം വയസ്സുമാത്രമുള്ള പെണ്‍കുട്ടികള്‍-ശിക്ഷിക്കുകയും തടവിലാക്കുകയും  ചെയ്യുന്ന രാജ്യമാണ്‌ ഇന്ന്‌ അഫ്ഘാനിസ്ഥാന്‍. സ്കൂളുകളിലേക്ക്‌ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാലും, ഭീഷണിക്കും വിവാഹത്തിനുള്ള കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനും വഴങ്ങി വീണ്ടും സ്കൂള്‍ ഉപേക്ഷിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ ഒരുവിധത്തിലുള്ള കണക്കും ലഭ്യവുമല്ല. നിരാശാഭരിതരായ യുവതികളുടെ അവസാന ആയുധമായി ആത്മഹത്യ മാറിക്കഴിഞ്ഞു. തങ്ങള്‍ക്ക്‌ മറ്റുവഴികളുണ്ടെന്നും എന്നാല്‍ അതൊരിക്കലും തങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോകുന്നില്ലെന്നും നന്നായറിയുന്നവരാണ്‌ ഈ സ്ത്രീകള്‍.

ഹുമ: എന്തൊക്കെയാണ്‌ ആ മറ്റുവഴികള്‍?

ജൊയ: അന്താരാഷ്ട്രസേന മുഴുവനും ഒഴിഞ്ഞുപോവുകയും, യുദ്ധപ്രഭുക്കന്‍മാരുടെ സ്വകാര്യസേനകളെ ഇല്ലാതാക്കുകയും വേണം. താലിബാന്‍വത്ക്കരണത്തെ വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു അധിനിവേശ സൈന്യത്തെക്കൊണ്ട്‌ ഒരിക്കലും ജനാധിപത്യം സ്ഥാപിക്കാനാവില്ല. എന്റെ ആളുകളാണ്‌ ദുരിതം മുഴുവന്‍ അനുഭവിക്കുന്നത്‌. കൃത്യമായ സമയപരിധി വെച്ച്‌ അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും സേനകള്‍ സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ അഫ്ഘാന്‍ ജനതയില്‍നിന്നും കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പുകളായിരിക്കും അവരെ തേടിയെത്തുക. പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങള്‍ക്ക്‌ കോട്ടം തട്ടാത്ത, സമാധാനവും സുരക്ഷിതത്ത്വവും പുലരുന്ന ഒരു രാഷ്ട്രം പുനര്‍നിര്‍മ്മിക്കാന്‍ അഫ്ഘാനിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങള്‍ പൊരുതുകയാണെന്ന സത്യം പാശ്ചാത്യസര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണ്‌. ജനാധിപത്യകക്ഷികളും കൂട്ടായ്മകളും പലയിടത്തും ഒളിവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഖുറാനെ പരാമര്‍ശിക്കാത്ത എല്ലാ മതേതര രാഷ്ട്രീയകക്ഷികളെയും നിരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ്‌ അഫ്ഘാനിസ്ഥാനിന്റേതെന്ന് ഓര്‍മ്മവെക്കുക. ബോംബുവര്‍ഷത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധവും, കഴിഞ്ഞ മാസം കാബൂളില്‍ നടന്ന, നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്ത ജാഥയുമൊക്കെ അഫ്ഘാനിസ്ഥാന്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പാതയിലാണെന്ന്‌ ലോകത്തെ തെളിയിച്ചുകൊടുത്തു. അദൃശ്യമായി പോരാടുന്ന നിരവധി ധീരന്‍മാരും വീരവനിതകളും അഫ്ഘാനിസ്ഥാനിലുണ്ട്‌. അവര്‍ അവരവരുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ്‌ യുദ്ധം ചെയ്യുന്നത്‌. ജനങ്ങള്‍ക്കിടയില്‍നിന്ന്‌ ഉയര്‍ന്നുവരികയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഇത്തരം പുരോഗമനപ്രസ്ഥാനങ്ങളെ എന്തുകൊണ്ടാണ്‌ ഒരു പാശ്ചാത്യനേതാക്കളും കാണാതെ പോകുന്നത്‌? ഞാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ക്ക്‌ പാശ്ചാത്യ പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലവും ആവശ്യമാണ്‌. അത്‌ ഉരുത്തിരിഞ്ഞുവരുന്നുണ്ടെന്ന്‌ എന്റെ യാത്രകളില്‍നിന്ന്‌ എനിക്ക്‌ ബോധ്യമാവുകയും ചെയ്യുന്നു. അധികസേനകളെ അയക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌. 'നീതിക്കുവേണ്ടിയുള്ള യുദ്ധം' എന്ന നുണയിലൊന്നും ആളുകള്‍ ഇപ്പോള്‍ വീഴുന്നില്ല. എങ്കിലും, യുദ്ധക്കൊതിയന്‍മാരായ സര്‍ക്കാരുകളെ നിലംപരിശാക്കാനുള്ള സമ്മര്‍ദ്ദം ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു.

Thursday, March 4, 2010

വീണ്ടുമൊരു കര്‍ഷകസൌഹൃദ ബഡ്‌ജറ്റ്

'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച പി. സായ്‌നാഥിന്റെ And Yet Another Pro-farmer Budget എന്ന  ലേഖനത്തിന്റെ തര്‍ജ്ജമ


കര്‍ഷകന്റെ ഭാഗത്തുനില്‍ക്കുന്ന മറ്റൊരു ബഡ്ജറ്റുകൂടി വന്നുകഴിഞ്ഞു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ദശകത്തില്‍ വന്ന എല്ലാ ബഡ്ജറ്റുകളും കര്‍ഷകനുവേണ്ടിയുള്ളതായിരുന്നു. കര്‍ഷകന്‌ ആശ്വാസം പകരുന്ന ഒരു പുത്തന്‍ മുന്നേറ്റത്തെ കാര്‍ഷികരംഗത്ത്‌ ദര്‍ശിക്കാന്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ മാധ്യമ മുഖപ്രസംഗങ്ങള്‍ക്കും ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്‌. കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ നല്‍കിയ ഭീമമായ സബ്‌സിഡിയെകുറിച്ച്‌ പക്ഷേ അപൂര്‍വ്വമായേ അവ സംസാരിക്കുന്നുള്ളു. ഈ വര്‍ഷം മാത്രം, 5 ലക്ഷം കോടിയാണ്‌ ബഡ്ജറ്റില്‍ ആ ഇനത്തില്‍ എഴുതിത്തള്ളിയിരിക്കുന്നത്‌. പ്രത്യക്ഷമായും പരോക്ഷമായും. അതായത്‌, മണിക്കൂറില്‍ 57  കോടി. ഒരു മിനുട്ടില്‍ ഒരു കോടി രൂപയോടടുത്ത്‌ എഴുതിത്തള്ളുന്നു. ഇത്‌, കഴിഞ്ഞ വര്‍ഷം മണിക്കൂറില്‍ 30 കോടിയായിരുന്നു എന്ന്‌ ഓര്‍ക്കുക. അതായത്‌, കഴിഞ്ഞ തവണത്തേക്കാള്‍ 70 ശതമാനം അധികം ഇത്തവണ എഴുതിത്തള്ളിയിരിക്കുന്നു. (ബഡ്‌ജറ്റിലെ

'കര്‍ഷകനുവേണ്ടിയുള്ള ബഡ്ജറ്റ്‌' എന്നത്‌ അച്ചടിപ്പിശകായിരിക്കാനും സാധ്യതയില്ലാതില്ല. കര്‍ഷകന്‍ എന്ന വാക്കിന്റെ മുന്‍പില്‍ ‘കോര്‍പ്പറേറ്റ്‌‘ എന്ന്‌ എഴുതാന്‍ വിട്ടുപോയതായിരിക്കാനേ വഴിയുള്ളു. എങ്കില്‍ ബഡ്ജറ്റില്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയായേക്കും. ഈ ബഡ്ജറ്റ്‌, കോര്‍പ്പറേറ്റ്‌ കര്‍ഷകനും അവരുടെ കര്‍ഷകവ്യാപാരികള്‍ക്കും വേണ്ടി, അവരാല്‍ രചിക്കപ്പെട്ട ഒന്നാണ്‌.

ബഡ്ജറ്റു വരുന്നതിനുമുന്‍പുതന്നെ ചില ടെലിവിഷന്‍ ചാനലുകള്‍ സംവാദത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തുകഴിഞ്ഞിരുന്നു. വമ്പന്‍ തലക്കെട്ടുകളാണ്‌ അതിനവര്‍ നല്‍കിയിരുന്നതും. " ഇന്ത്യാ സ്ഥാപനത്തിന്റെ(India Inc.) തലവന്‍ എന്ന നിലക്കായിരിക്കുമോ, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലക്കായിരിക്കുമോ പ്രണബ്‌ മുഖര്‍ജി പെരുമറുക" എന്നതായിരുന്നു ഒരു തലക്കെട്ട്‌. ജനങ്ങളെയല്ല, ഇന്ത്യ എന്ന സ്ഥാപനത്തെ സേവിക്കുകയാണ്‌ മന്ത്രിയുടെ ചുമതല എന്നുതന്നെയാണ്‌ ആ തലക്കെട്ടു നല്‍കുന്ന പ്രത്യക്ഷമായ സൂചന. മറ്റൊന്ന്‌ ഇങ്ങനെ: "കേന്ദ്രധനമന്ത്രിയുടെ പ്രസംഗം വിപണിയുടെ സമ്പത്തിനെ തകര്‍ക്കുമോ സൃഷിടിക്കുമോ?". അതെന്തായാലും അവരുടെയൊക്കെ ആഗ്രഹത്തിനൊത്ത്‌ ധനകാര്യമന്ത്രി പ്രവര്‍ത്തിച്ചുകാണിച്ചു. കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ക്ക്‌ പുതിയ പാരിതോഷികങ്ങള്‍ കിട്ടി. പൊതുമേഖലക്കുപകരം, സ്വകാര്യമേഖലയെ വികസനത്തിന്റെയും സമ്പദ്ഘടനയുടെയും മുഖ്യചാലകശക്തിയാക്കി മാറ്റാന്‍, പഴയകാല ബഡ്ജറ്റുകളേക്കാള്‍ പുതിയ ബഡ്ജറ്റ്‌ സഹായകരമായി.

കാര്‍ഷികമേഖലക്കുവേണ്ടിയുള്ള മുഖര്‍ജിയുടെ നാലിന തന്ത്രങ്ങള്‍ നോക്കുക. ആദ്യത്തെ ഇനമായ "കാര്‍ഷികോത്‌പാദനം" എന്നതുകൊണ്ട്‌ എന്തുവേണമെങ്കിലും അര്‍ത്ഥമാക്കാം. മറ്റു മൂന്നെണ്ണവും സ്വര്‍ണ്ണഖനികളാണ്‌. വന്‍കിട സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഖനികള്‍. ഇന്ത്യയ്ക്കു വേണ്ടി ഭക്ഷണം ഉത്‌പാദിപ്പിക്കുന്ന എണ്ണമറ്റ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കുവേണ്ടിയല്ല ആ തന്ത്രങ്ങള്‍. "ഉത്‌പന്നം ദുരുപയോഗം ചെയ്യുന്നത്‌ കുറയ്ക്കല്‍" എന്ന തന്ത്രം, വലിയ ധാന്യശേഖരണ സംവിധാനങ്ങള്‍ കൈവശമുള്ള കമ്പനികള്‍ക്കാണ്‌ സഹായകരമാവുക.  "കര്‍ഷകര്‍ക്കുള്ള കടസഹായം" എന്നതിനെയും അതിന്റെകൂടെ ചേര്‍ത്തു വായിക്കണം. വലിയ ധാന്യശേഖരണ സംവിധാനങ്ങള്‍  നിര്‍മ്മിക്കാന്‍ അംബാനിമാര്‍ക്കും ഗോദ്‌റേജിനും ഇപ്പോള്‍ത്തന്നെ സാമ്പത്തികസഹായം കിട്ടുന്നുണ്ട്‌. അത്‌ സാധ്യമാക്കിയതിന് 'കാര്‍ഷികകടം', 'മുന്‍ഗണനാ മേഖലക്കുള്ള ധനസഹായം' തുടങ്ങിയ വാക്കുകളോട്‌ നമ്മള്‍ നന്ദി പറയണം. ഈ ബഡ്ജറ്റ്‌ ആ പ്രക്രിയയെ കൂടുതല്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.

കൂടുതല്‍ക്കൂടുതല്‍ കാര്‍ഷിക കടം കിട്ടുന്നത്‌, സാധാരണക്കാരായ കര്‍ഷകര്‍ക്കല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ്‌. "ശീതീകരണശാലകള്‍ക്കും ശീതീകരണസംവിധാനങ്ങള്‍ക്കും ഇനിമുതല്‍ ബാഹ്യ കച്ചവട വായ്പകള്‍ (External Commercial Borrowings) ലഭ്യമായിരിക്കും". ഈ പ്രക്രിയയ്ക്ക്‌ ഗതിവേഗം നല്‍കാന്‍, "ബാഹ്യ കച്ചവട വായ്പാ" നയത്തിന്റെ കീഴില്‍ വരുന്ന അടിസ്ഥാനസൌകര്യങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മാറ്റിയെഴുതുമെന്നും' ബഡ്ജറ്റില്‍ പറയുന്നുണ്ട്‌. ചില മാറ്റങ്ങളൊക്കെ ഇതിനോടകം തന്നെ നടന്നുകഴിഞ്ഞിരിക്കുന്നു. 'കാര്‍ഷിക കടം' എന്ന പേരില്‍ വിതരണം ചെയ്യപ്പെട്ട വായ്പകളില്‍ പലതും 10 കോടി രൂപക്കും 25 കോടി രൂപക്കും മേലെയാണ്‌. ഈ ഭീമാകാരമായ വായ്പകളുടെ സംഖ്യ 2000-നും 2006-നും ഇടയ്ക്ക്‌ വര്‍ദ്ധിച്ചപ്പോള്‍, ഇതേ കാലയളവില്‍ വിതരണം ചെയ്യപ്പെട്ട 25,000 രൂപയില്‍ താഴെവരുന്ന കാര്‍ഷികകടങ്ങളുടെ എണ്ണം നേര്‍പകുതിയായി കുറയുകയാണ്‌ ചെയ്തത്‌ (ഇക്കോണമിക്ക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വ്യൂ, ഡിസംബര്‍ 2007ലെ ലേഖനം-Revival of Agricultural Credit in the 2000s-An  Explanation by R.Ramakumar & Pallavi Chavan) 25 കോടി രൂപ കാര്‍ഷിക കടം തരപ്പെടുത്തിയ ഏതെങ്കിലും സാധാരണക്കാരനെ ഈയടുത്തകാലത്തെങ്ങാനും നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഭക്ഷ്യധാന്യശേഖരണശാലകള്‍ക്ക് ആവശ്യമായ ശീതീകരണ യൂണിറ്റുകള്‍ക്കുള്ള കസ്റ്റംസ്‌ തീരുവയിളവും ചെറുകിട-ഇടത്തരം കര്‍ഷകരെ ഉദ്ദേശിച്ചിട്ടുള്ളതല്ല. പ്രഖ്യാപിക്കപ്പെട്ട 'സാങ്കേതികജ്ഞാനത്തിന്റെ പ്രയോഗവും' അവരെ സഹായിക്കാന്‍ പോകുന്നില്ല. 

രണ്ടായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും 'ആവശ്യമായ ബാങ്കിംഗ്‌ സൌകര്യങ്ങള്‍' സൃഷ്ടിക്കുമെന്ന്‌ ഈ ബഡ്ജറ്റ്‌ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും, 2001  മുതലിങ്ങോട്ട്‌, ഗ്രാമങ്ങളിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌, രാജ്യത്തിലെ ഷെഡ്യൂള്‍ഡ്‌ കമ്മേഴ്സ്യല്‍ ബാങ്കുകളുടെ ഗ്രാമീണ ശാഖകള്‍ നേര്‍പകുതിയായി കുറഞ്ഞുവരികതന്നെയാണ്‌. സ്വകാര്യ ബാങ്കിംഗ്‌ സേവകര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഈ വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ശാഖകളൊക്കെത്തന്നെയും സ്വകാര്യ ബാങ്കുകളുടേതായിരിക്കുമെന്ന്‌ കാണാന്‍ ബുദ്ധിമുട്ടില്ല. അവര്‍ക്കാകട്ടെ, ഈ ചെറുകിട-ഇടത്തരം കര്‍ഷകരുടെ കാര്യത്തില്‍ തരിമ്പുപോലും താത്‌പര്യവുമില്ല എന്നതും ശ്രദ്ധേയമാണ്‌. ഒരുകാലത്ത്‌, ദേശസാല്‍കൃത ബാങ്കുകളെ നയിച്ചിരുന്ന സാമൂഹ്യപരമായ ഉത്തരവാദിത്ത്വത്തില്‍നിന്ന്‌ തീര്‍ത്തും സ്വതന്ത്രരുമാണ്‌ ഈ പുത്തന്‍ തലമുറ ബാങ്കുകള്‍. 'ഭക്ഷ്യോത്‌പാദന മേഖലക്ക്‌ ഉത്തേജനം നല്‍കുക' എന്നതും തത്തുല്ല്യമാണ്‌. വമ്പന്‍മാര്‍ക്ക്‌ കൂടുതല്‍ പണം. ആര്‍ക്കുവേണ്ടിയാണ്‌ ജനങ്ങളുടെ പണം ഉപയോഗിച്ച്‌ 'അതിവിശിഷ്ട സൌകര്യങ്ങള്‍' ചെയ്തുകൊടുക്കുക എന്ന്‌ നമുക്ക്‌ നന്നായറിയാം.

എന്നാല്‍, ഭക്ഷ്യധാന്യങ്ങളുടെ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക്‌ സഹായകരമായിട്ടുണ്ട്‌ എന്ന മട്ടില്‍ മാധ്യമങ്ങള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ഉയര്‍ത്തിക്കൊണ്ടുവരുന്ന അവകാശവാദമാണ്‌ ഇതിലൊക്കെയും വെച്ച്‌ ഏറ്റവും വലിയ അസംബന്ധം.  ഈ വിലവര്‍ദ്ധനവഴി ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ ബാക്കിയുള്ളവരെ രക്ഷിക്കുന്നു എന്ന മഹത്തായ കണ്ടുപിടുത്തവും തുല്യ അസംബന്ധമാണ്‌. അതും, ഉയര്‍ത്തിക്കാട്ടപ്പെട്ട 0.2 ശതമാനം വളര്‍ച്ചാ നിരക്കിലൂടെ!!

മിനിമം താങ്ങുവില (MSP) തീര്‍ച്ചയായും സമ്മര്‍ദ്ദം അല്‍പ്പം കുറച്ചിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. ചില ഉത്‌പന്നങ്ങളുടെ ആഗോളതലത്തിലുള്ള ഉയര്‍ന്ന വിലയും അല്‍പം സഹായകരമായിട്ടുണ്ട്‌. പക്ഷേ, ഉയര്‍ന്ന ഭക്ഷ്യവിലയിലൂടെ, മൊത്തവില്‍പ്പന നിരക്കുകളെപ്പോലും മറികടക്കുന്ന ചില്ലറവില്‍പ്പന നിരക്കുകളിലൂടെ, എങ്ങിനെയാണ്‌ കര്‍ഷകര്‍ക്ക്‌ ഗുണമുണ്ടാകാന്‍ പോകുന്നത്‌? കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ക്കു ലഭിക്കുന്ന വില, മൊത്തവ്യാപാരത്തേക്കാള്‍ എത്രയോ താഴ്ന്നതാണ്‌. മാത്രവുമല്ല, 70 ശതമാനം ഇന്ത്യന്‍ കര്‍ഷകരും, ഭക്ഷ്യധാന്യങ്ങളുടെ ഉപഭോക്താക്കളുമാണ്‌ (ഒരു ശരാശരി ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ  മാസവരുമാനത്തില്‍ 55-60 ശതമാനവും ഭക്ഷണത്തിനുവേണ്ടി ചിലവഴിക്കപ്പെടുകയും ചെയ്യുന്നു എന്ന്‌ ഓര്‍ക്കുക). ഭക്ഷണസാധനങ്ങളുടെ വിലനിലവാരം അവരെ തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. കാര്‍ഷികോത്‌പന്ന വ്യാപാരത്തിന് വമ്പന്മാരായ റീട്ടേയില്‍ വ്യാപാരികള്‍ക്ക്‌ പ്രവേശനം കൊടുത്തപ്പോള്‍ അതിനു പറഞ്ഞിരുന്ന ന്യായം ഓര്‍മ്മയുണ്ടോ? ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം നല്‍കുമെന്നായിരുന്നു ആ ന്യായം. എന്നിട്ടും ഈ റീട്ടേയില്‍ സ്ഥാപനങ്ങളില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ അധികവിലയായിരുന്നു. തെരുവിലെ കച്ചവടക്കാരനില്‍നിന്ന്‌ അതിനേക്കാള്‍ ന്യായവിലയ്ക്ക്‌ നിങ്ങള്‍ക്ക്‌ സാധനങ്ങള്‍ ലഭിക്കും. തെരുവോരങ്ങളില്‍ കുറഞ്ഞ വിലയ്ക്ക്‌ സാധനങ്ങള്‍ വില്‍ക്കുന്ന പാവപ്പെട്ട സാധുക്കളെയാണ്‌ ഇടനിലക്കാരെന്ന മട്ടില്‍ അവര്‍ ഞെരിച്ചമര്‍ത്തിയത്‌. കര്‍ഷകന്റെയും  പൊതുജനത്തിന്റെയും ഇടയിലുള്ള അവസാനത്തേതും ദുര്‍ബ്ബലവുമായ ഒരു ഇടനിലവര്‍ഗ്ഗം. പുതിയ ഇടനിലക്കാരാകട്ടെ കോട്ടും സൂട്ടും ധരിച്ചാണ്‌ വരുന്നത്‌.

"ഉയര്‍ന്ന വിലകൊണ്ട്‌ രക്ഷപ്പെട്ട കര്‍ഷകരുടെ' കൂട്ടത്തിന്‌ ഈ കണക്കുകളൊന്നും മനസ്സിലാകുന്നേയില്ല. 1991-ല്‍ വിദര്‍ഭയില്‍ ഒരു ഏക്കര്‍ പരുത്തി കൃഷി ചെയ്യാന്‍ അവര്‍ക്ക്‌ ചിലവിടേണ്ടിവന്നിരുന്നത്‌ 2500 രൂപയായിരുന്നു. 2006-2007-ല്‍ അത്‌ 13,500 രൂപയായി. ഇന്ന്‌ അത്‌ 18,000-നും 20,000-നും ഇടയിലെത്തിനില്‍ക്കുന്നു (കുടുംബാംഗങ്ങളുടെ അദ്ധ്വാനമടക്കമുള്ള ചിലവു കണക്കാക്കിയാല്‍). ഇതില്‍നിന്നുള്ള ലാഭമൊക്കെ വിത്തിന്റെയും വളത്തിന്റെയും കീടനാശിനിയുടെയും മേഖലയിലുള്ള കോര്‍പ്പറേറ്റുകള്‍ക്കാണ്‌ പോകുന്നത്‌. വര്‍ദ്ധിച്ചുവരുന്ന ഇത്തരം ചിലവുകളാണ്‌ കര്‍ഷകരെ പാപ്പരത്വത്തിലേക്കും, കടത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്നത്‌. വളത്തിനു കൊടുക്കുന്ന സബ്‌സിഡികളെക്കുറിച്ചും കൊട്ടിഘോഷിക്കാനൊന്നുമില്ല.

വായ്പകള്‍ കൃത്യസമയത്ത്‌ തിരിച്ചടക്കുന്നതിനു വേണ്ടി (ലക്ഷക്കണക്കിനു കര്‍ഷകരെ സംബന്ധിച്ച് ഇത് തീര്‍ത്തും അസാധ്യം തന്നെയാണ്) കര്‍ഷകര്‍ക്കു പ്രഖ്യാപിച്ച സമ്മാനം അധിക സബ്‌സിഡിയായി ഇത്തവണത്തെ ബഡ്ജറ്റില്‍ വേഷം മാറിവന്നിരിക്കുന്നു. 70,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ 2008-ലെ ആ പഴയ നടപടിയെ വാനംമുട്ടെ പുകഴ്ത്തുന്ന ശബ്ദമാണ്‌ ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്‌. ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രം വന്ന ആ നടപടിയെ ഈ വിധത്തില്‍ പുകഴ്ത്തുമ്പോള്‍ മറ്റൊന്ന്‌ നമ്മള്‍ കാണാതെ പോകരുത്‌. ഈ ഒരു ബഡ്ജറ്റില്‍ മാത്രം, കോര്‍പ്പറേറ്റുകള്‍ക്ക്‌ പ്രത്യക്ഷനികുതിയിനത്തില്‍ നല്‍കിയ ഇളവ്‌ 80,000 കോടിയാണ്. കഴിഞ്ഞ കൊല്ലം അത്‌ 66,000 കോടിയായിരുന്നു. അതിനുമുന്‍പത്തെ വര്‍ഷം 62,000 കോടിയും. 36 മാസത്തിനുള്ളില്‍ 62,000 കോടിരൂപ എഴുതിത്തള്ളി. ഈ പിടിച്ചുപറി പരിപാടി കഴിഞ്ഞ രണ്ടു ദശകങ്ങളായി നടന്നുവരുന്ന ഒന്നാണ്‌. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, 1991-മുതല്‍ക്കിങ്ങോട്ട്‌, കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ പ്രത്യക്ഷനികുതിയിനത്തില്‍ മാത്രം കിട്ടിയ ഇളവ്‌, ഏകദേശം 15കാര്‍ഷിക വായ്പാ എഴുതിത്തള്ളലിനു തുല്യമായിരുന്നു. പിന്നെ വരുന്നത്‌, പരോക്ഷമായിട്ടുള്ളവയാണ്‌. ഈ വര്‍ഷത്തെ ബഡ്ജറ്റ്‌ എടുത്തുനോക്കാം. എക്സൈസ്‌ ഡ്യൂട്ടി ഇനത്തില്‍ നഷ്ടപ്പെടുത്തിയ വരുമാനം, 1,70,765 കോടി. കസ്റ്റംസ്‌ ഡ്യൂട്ട്‌ 2,49,021 കോടി. ഇതിനുപുറമെയാണ്‌ 80,000 കോടിയുടെ എഴുതിത്തള്ളല്‍. മൊത്തം നഷ്ടം, 500,000കോടി.

ബഡ്ജറ്റു വരുന്നതിനും ഏറെമുന്‍പുതന്നെ തുടങ്ങിയിരുന്നു, മാധ്യമങ്ങളുടെ ലജ്ജാശൂന്യമായ കോര്‍പ്പറേറ്റ്‌ വിധേയത്വം. എഴുത്തുകാരുടെയും, പാനലുകാരുടെയും, ചര്‍ച്ചക്കാരുടെയും, വിദഗ്ദ്ധരുടെയും (അവതാരകരുടെയും) വര്‍ഗ്ഗ-സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ വെളിവാക്കുന്ന വിശകലങ്ങള്‍ അസാമാന്യമായിരുന്നു. ബഡ്ജറ്റു സമയത്താണ്‌ മാധ്യമങ്ങള്‍ തങ്ങളുടെ ശരിയായ തൊഴിലുകളിലേര്‍പ്പെടുന്നത്‌. അധികാരികളുടെ ഗുമസ്തന്‍മാരാവുന്ന തൊഴില്‍.

തെരുവിലെ നിരക്ഷരരായ ആളുകളുടെ 'ജല്‍പന'ങ്ങളെ വിദഗ്ദ്ധരുടെ വിശകലങ്ങളെക്കൊണ്ട്‌ അവര്‍ ശരിയാക്കിയെടുക്കുന്നു. എന്നാല്‍, ഈ പാനലുകളില്‍, നിസ്സംശയമായും ചിലപ്പോള്‍ ചില വിമതന്‍മാര്‍ ഉണ്ടാവുകതന്നെ ചെയ്യും. ഈ വിമതന്‍മാരെ ഒരു പരിഹാസച്ചിരിയോടെയാണ്‌  അവതാരകര്‍ നേരിടുക. "ഇതാ, ഇവിടെ ഒരു വിഡ്ഢി തന്റെ ഇടതുപക്ഷ മതിഭ്രമവുമായി ഇരിക്കുന്നു. ഗൌരവമേറിയ ഇത്തരം ചര്‍ച്ചയില്‍ ഇടയ്ക്ക്‌ വല്ലപ്പോഴും ഇത്തരക്കാര്‍ നമുക്ക്‌ ഒരു ആശ്വാസമാണ്‌" എന്നാണ്‌ ആ ചിരിയുടെ അര്‍ത്ഥം.

സംശയിക്കേണ്ട, ലോകത്തെ പിടിച്ചുകുലുക്കിയ 2008-ലെ പ്രതിസന്ധിയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കിയത്‌ - ശരിയെന്നു പിന്നീട്‌ തെളിഞ്ഞ മുന്നറിയിപ്പ്‌- മതിഭ്രമം വന്ന ഈ വിമതന്മാര്‍ തന്നെയാണ്‌. ആ പ്രതിസന്ധിയെക്കുറിച്ച്‌ ഒരു ചെറിയ പ്രവചനം നടത്താന്‍ പോലും ഇന്നത്തെ വിദഗ്ദ്ധന്‍മാര്‍ക്ക്‌ കഴിഞ്ഞതുമില്ല. സുവര്‍ണ്ണയുഗം സമാഗതമായി എന്ന്‌ അവര്‍ പ്രഖ്യാപിച്ചപ്പോഴാണ്‌ അശനിപാതം പോലെ ആ പ്രതിസന്ധി വന്നത്‌. എന്നിട്ടും അവരുടെ യോഗ്യതയെക്കുറിച്ച്‌ ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല. വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരും അവരുടെ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായിരുന്നു ആ വിദഗ്ദ്ധരില്‍ പലരും. എന്നാലും, തൊണ്ട തൊടാതെ എന്തും വിഴുങ്ങുന്ന മാധ്യമപ്രവര്‍ത്തകരേക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ഈ വിദഗ്ദ്ധര്‍ എന്നു സമ്മതിക്കാതെ വയ്യ. ഒന്നുമില്ലെങ്കിലും അവര്‍ അവരെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്തു. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ധനികര്‍ക്കുവേണ്ടി, ആ ധനികവര്‍ഗ്ഗത്തിന്റെ എതിരാളികള്‍ക്കെതിരെ അവര്‍ ശക്തമായി പോരാടി എന്നുതന്നെ പറയാം.

"സര്‍ക്കാരേതര മേഖലയിലേയ്ക്ക്‌" ചുവടു മാറുന്ന "സാമ്പത്തിക പ്രവര്‍ത്തനത്തിന്‌ ഊന്നല്‍ നല്‍കുക" എന്ന ലോക ബാങ്കിന്റെ ആ കാലഹരണപ്പെട്ട പുലമ്പല്‍, മുഖര്‍ജിയുടെ ബഡ്ജറ്റ്‌ പ്രസംഗത്തില്‍ ഇടയ്ക്കിടയ്ക്ക്‌ തലപൊക്കുന്നുണ്ടായിരുന്നു. "കാര്യക്കാര്‍ എന്ന നിലയ്ക്കുള്ള സര്‍ക്കാരിന്റെ പങ്കും" പ്രസംഗത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. (സ്വകാര്യ കോര്‍പ്പറേഷനുകളും ഫുട്ബോള്‍ ക്ളബ്ബുകളുമൊക്കെ സര്‍ക്കാരേതര നടന്‍മാര്‍ തന്നെയാണെന്നത്‌ തത്ക്കാലം നമുക്ക്‌ മറക്കാം). കാര്യക്കാരനായ ഒരു സര്‍ക്കാര്‍ അതിന്റെ പ്രജകള്‍ക്ക്‌, അവര്‍ക്കാവശ്യമുള്ളതെല്ലാം ഒരിക്കലും നേരിട്ടു കൊടുക്കാന്‍ ശ്രമിക്കില്ല. അതിനുപകരം, അത്‌ ചെയ്യുന്നത്‌, കാര്യനിര്‍വ്വഹണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്‌. ശ്രീ മുഖര്‍ജിയുടെ പ്രസംഗവും അതുതന്നെയാണ്‌ ചെയ്യുന്നത്‌. ജനത്തിന്റെ സമ്പത്ത്‌ കയ്യടക്കി ലാഭം ഇരട്ടിപ്പിക്കാന്‍ അത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നു. ഈ ഭൂഗോളത്തിലെത്തന്നെ ഒരുപക്ഷേ ഏറ്റവും ദുഷിച്ച പരാന്നഭോജികളെയാണ്‌ ഈ ബഡ്‌ജറ്റ് ശാക്തീകരിക്കുന്നത്.
കുറിപ്പ്: ലേഖനത്തിന്റെ പരിഭാഷയില്‍ ചില്ലറ ചെറിയ സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ട്‌.