Thursday, January 31, 2013

ഹ്യൂസ്‌കയില്‍, ആദരാഞ്ജലികളോടെ

































പോകാന്‍ ഉദ്ദേശിച്ച സ്ഥലത്തെക്കുറിച്ച് കൂട്ടുകാരോട് ഞാനും എന്റെ ആദ്യ ഭാര്യയും സൂചിപ്പിച്ചപ്പോള്‍ അവരാദ്യം ചോദിച്ചത്, “എന്തുകൊണ്ട് ഹ്യൂസ്‌ക” (Huesca) എന്നായിരുന്നു. 1980-ലാണത്. നാലു പതിറ്റാണ്ട് ദീര്‍ഘിച്ച ഫ്രാങ്കോയുടെ കിരാത ഭരണത്തിനുശേഷം ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ച സ്പെയിനിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു ഞങ്ങള്‍. പക്ഷേ ഹ്യൂസ്‌ക ഒരു വിനോദസഞ്ചാരകേന്ദ്രമല്ല. എവിടേക്കോ പോകുന്ന ഒരു വഴിയിലെ തീരെ അപ്രധാനമായ ഒരു ചെറുപട്ടണം മാത്രമായിരുന്നു അത്. അവിടേക്കെത്തിക്കിട്ടാന്‍, പ്രവചിക്കാനാവാത്തവിധം ദുര്‍ഘടമായ വഴികളിലൂടെ പോകേണ്ടിയിരുന്നു. തിരിച്ചുള്ള യാത്രയും സുഗമമല്ല.

“വിട്ടുകള”, കൂട്ടുകാര്‍ ഉപദേശിച്ചു.

ഞങ്ങള്‍ക്ക് പക്ഷേ അത് വിട്ടുകളയാന്‍ ആവുമായിരുന്നില്ല. ഹ്യൂസ്‌കയില്‍ എത്തിയിട്ട് ഞങ്ങള്‍ക്കൊരു കാര്യമുണ്ടായിരുന്നു.

അതുകൊണ്ട് സീറാ ദ് ലാ പിനയിലെ (Sierra de la Pena) ദുര്‍ഗ്ഗമമായ കുന്നുകളിലൂടെ യാത്രചെയ്ത്, കുറ്റിച്ചെടികളും ചെറിയ മരങ്ങളും നിറഞ്ഞ വിജനമായ സ്ഥലത്തേക്ക് റോഡ് ചെന്നെത്തിച്ചേരുന്ന സ്ഥലത്ത്, ‘ഹ്യൂസ്‌ക’ എന്നെഴുതിയ പഴക്കം ചെന്ന ഒരു സൈന്‍‌ബോര്‍ഫിനു മുന്നില്‍ ഒടുവില്‍ ഞങ്ങളെത്തി.

കൂട്ടുകാര്‍ സൂചിപ്പിച്ചപോലെത്തന്നെ ഒരു പ്രത്യേകതയുമില്ലാത്ത ഒരു നാടന്‍ പട്ടണം മാത്രമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. മിഷലിന്റെ ഗൈഡ്‌ബുക്കില്‍ ഒറ്റ നക്ഷത്രം കൊണ്ട് സൂചിപ്പിച്ച കത്തീഡ്രലോ, തന്റെ എഴുത്തില്‍ ഒന്നുരണ്ടിടങ്ങളില്‍ മാത്രം ഹെമിംഗ്‌വേ പരാമര്‍ശിച്ച്  അനശ്വരമാക്കിയ തിരക്കുള്ള പരമ്പരാഗതരീതിയിലുള്ള അങ്ങാടിയോ ആയിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ആണയിട്ട് പറഞ്ഞിട്ടും, ഞങ്ങളുടെ കൂട്ടുകാര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ആ ഒരു ചെറിയ കാര്യത്തിനായിരുന്നു ഞങ്ങള്‍ ഹ്യൂസ്‌കയിലേക്ക് പോയത്.

ഒരു കപ്പ് കാപ്പി കുടിക്കുക എന്ന ആ ഒരു തീരെ ചെറിയ കാര്യത്തിന്.

അപരിചിതമായ വഴികളിലൂടെ ഞാന്‍ വണ്ടിയോടിക്കുമ്പോള്‍ എന്റെ (ആദ്യ) ഭാര്യ, അരികത്തിരുന്ന്, കടകളിലേക്ക് കണ്ണയക്കുന്നുണ്ടായിരുന്നു. രണ്ടുതവണ ഞാന്‍ ഏതാണ്ട് കാര്‍ നിര്‍ത്തി എന്നുതന്നെ പറയാം. പക്ഷേ മീനുവിന് അവിടമൊന്നും തൃപ്തിയായില്ല. “ഇതല്ല”, “ഇവിടെ പറ്റില്ല” എന്നൊക്കെ അവള്‍ പറയുന്നുണ്ടായിരുന്നു.

ഒരു വസന്തകാലത്താണ് ഞങ്ങള്‍ ഹ്യൂസ്‌കയില്‍ എത്തിയത്.  പതിറ്റാണ്ടുകള്‍ക്കുമുന്‍പ്, 1937-ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ഫ്രാങ്കോയുടെ സൈന്യം ഹ്യൂസ്‌കയെ ഒരു സൈനിക കേന്ദ്രമാക്കിയതും മറ്റൊരു വസന്തകാലത്തായിരുന്നു. ഫ്രാങ്കോയെ ചെറുത്തുനിന്ന് അവശനിലയിലായ റിപ്പബ്ലിക്കന്‍ സൈന്യം 1937-ലാണ് ഹ്യൂസ്‌ക പട്ടണം വളഞ്ഞത്. വിവിധ രാജ്യങ്ങളില്‍നിന്ന് ഒറ്റക്കും കൂട്ടായും എത്തിയ പലതരക്കാരായ ആളുകള്‍ ഒത്തുചേര്‍ന്ന ഒരു  ചെറുത്തുനില്‍പ്പ് സംഘമായിരുന്നു അത്. ആദര്‍ശവാദികള്‍, അവസരവാദികള്‍, അരാജകവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, ആര്‍ജ്ജവമുള്ള ജനാധിപത്യവാദികള്‍, അങ്ങിനെയങ്ങിനെ പലരും. അവരില്‍ മെലിഞ്ഞ, രോഗിയായ ഒരു ഇംഗ്ലീഷ് സാഹിത്യകാരനുമുണ്ടായിരുന്നു. ജോര്‍ജ്ജ് ഓര്‍വല്‍ എന്നായിരുന്നു അയാളുടെ പേര്‍.

പറയത്തക്ക ആയുധങ്ങളില്ലാതെ, വേണ്ടവിധം നയിക്കപ്പെടുകയോ സംഘടിക്കപ്പെടുകയോ ചെയ്യാതെ, ഉള്ളില്‍നിന്ന് കാര്‍ന്നുതിന്നുന്ന ചതിയും അഭിപ്രായവ്യത്യാസങ്ങളാലും ഭിന്നിക്കപ്പെട്ട റിപ്പബ്ലിക്കന്‍ സേന മാസങ്ങളോളം ഹ്യൂ‌സ്‌കയെ വളഞ്ഞുവെച്ചു. ചോരയിലും ചെളിയിലും പുതഞ്ഞ യുദ്ധപ്രചരണത്തിനിടയില്ദും, ആവേശം കൊള്ളിക്കുന്ന ഒരു മുദ്രാവാക്യം മുന്നണിയില്‍ മെല്ലെമെല്ലെ പരക്കുന്നുണ്ടായിരുന്നു. 

“നാളെ നമ്മള്‍ ഹ്യൂസ്‌കയില്‍ കാപ്പി കുടിക്കും” എന്നായിരുന്നു ആ പ്രതീക്ഷാമന്ത്രം.

ആ മന്ത്രത്തില്‍നിന്ന് ഓര്‍വെല്‍ ജീവശ്വാസമെടുത്തു. എല്ലാ യുദ്ധങ്ങള്‍ക്കിടയിലും കേള്‍ക്കാന്‍ കഴിയുന്ന “ക്രിസ്തുമസ്സിനു നമ്മള്‍ വീട്ടിലെത്തും’ എന്നതുപോലെ പൊള്ളയായ മറ്റൊരു വാഗ്ദാനം മാത്രമായിരുന്നു “നാളെ നമ്മള്‍ ഹ്യൂസ്‌കയില്‍ കാപ്പി കുടിക്കും’ എന്ന ആ പ്രതീക്ഷയും. അവസാനിക്കാത്ത മട്ടില്‍  ചെറുത്തുനില്‍പ്പ് നീണ്ടുനീണ്ടു പോയി. ആ മന്ത്രത്തിന്റെ ശുഭപ്രതീക്ഷയും പൊള്ളയാണെന്ന് നാള്‍ക്കുനാള്‍ ബോദ്ധ്യപ്പെട്ടു. തുടരാക്രമണങ്ങളില്‍പ്പെട്ട്, പ്രതീക്ഷയും, തന്ത്രപ്രധാന ലക്ഷ്യങ്ങളും, ജീവിതങ്ങളും, പൊലിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന്റെ നിരര്‍ത്ഥകതയെ പ്രതിനിധാനം ചെയ്യുന്ന മട്ടില്‍ ഹ്യൂ‌സ്‌ക ഫാസിസ്റ്റുകളുടെ കയ്യില്‍ അവശേഷിച്ചു.           

സ്വാതന്ത്ര്യത്തിന്റെ വലിയൊരു ശബ്ദമാകേണ്ടിയിരുന്ന ജോര്‍ജ്ജ് ഓര്‍വലിന് ഹ്യൂ‌സ്‌കയ്ക്ക് കുറച്ചപ്പുറത്തുവെച്ച് പരുക്കേറ്റ്, സ്‌റ്റ്‌റെറ്റ്ച്ചറില്‍ കിടന്ന്, നിരാശാഭരിതനായി, നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു.   “എന്നെങ്കിലുമൊരിക്കല്‍ സ്പെയിനിലേക്ക് തിരിച്ചുപോകാനായാല്‍ ഹ്യൂസ്‌കയില്‍ പോയി ഒരു കപ്പ് കാപ്പി ഞാന്‍ കുടിക്കും” എന്ന് ‘ഹോമേജ് റ്റു കാറ്റലോണിയയില്‍‘ പിന്നീട് ഓര്‍വല്‍ എഴുതിവെച്ചു.

ഹ്യൂസ്‌ക വീണില്ല. ഫ്രങ്കോയും ഫാസിസവും സ്പെയിനില്‍ ജയിച്ചു. ഓര്‍വലിനു വീണ്ടും ഹ്യൂ‌സ്‌ക കാണാന്‍ ആയതുമില്ല.

ഒരു ചെറിയ കാപ്പിക്കടയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. മിനു ആദ്യം നിരസിച്ച കാപ്പിക്കടകളില്‍നിന്ന് കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത ഒന്ന്. റോഡിന്റെ മറുവശത്ത്, വെയിലില്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു, പേരെഴുതിയ ഒരു വലിയ കെട്ടിടം. നാല്‍പ്പത് വര്‍ഷങ്ങള്‍, ഫ്രാങ്കോയുടെ ഭരണത്തിന്‍ കീഴില്‍, നിയമത്തിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിപോലെ നിന്നിരുന്ന ഒരു കുപ്രസിദ്ധ സ്ഥാപനം. സിവില്‍ ഗാര്‍ഡിയയുടെ പ്രധാന കെട്ടിടം.

“എന്താണ് കഴിക്കുന്നത് സര്‍? ഭക്ഷണമോ, ഐസ്‌ക്രീമോ?” വെയ്‌റ്റര്‍ ചോദിച്ചു.

അയാളുടെ ചുമലുകള്‍ക്കപ്പുറത്ത്, റോഡില്‍, സിവില്‍ ഗാര്‍ഡിയയുടെ കെട്ടിടത്തിന്റെ വാതില്‍ക്കല്‍ യൂണിഫോമിട്ട്   പുതിയതായി കിട്ടിയ ജനാധിപത്യത്തിനു അറ്റന്‍‌ഷനായി കാവല്‍നില്‍ക്കുന്ന രണ്ട് ഗാര്‍ഡുമാരെ ഞാന്‍ നോക്കി.

“ഒന്നും വേണ്ട, നന്ദി. രണ്ട് കപ്പ് കാപ്പി മാത്രം”


(ശശി തരൂരിന്റെ Bookless in Baghdad എന്ന പുസ്തകത്തിലെ Homage in Huesca എന്ന ലേഖനത്തിന്റെ പരിഭാഷയാണിത്. ഒറ്റപ്പെട്ട ചില ലേഖനങ്ങളൊഴിച്ചാല്‍, ഇതുവരെ ശശി തരൂരിന്റെ ഒരു പുസ്തകവും -Great Indian Novel അടക്കം-വായിച്ചിട്ടില്ലായിരുന്നു. ശശി തരൂര്‍ എന്ന ഗാന്ധികുടുംബ സുഹൃത്തായ രാഷ്ട്രീയക്കാരനോടുള്ള വിപ്രതിപത്തിയായിരുന്നു അതിനുള്ള പ്രധാന കാരണം. പക്ഷേ യാദൃച്ഛികമായി വാങ്ങിക്കാന്‍ ഇടവന്ന ഈ പുസ്തകം, ശശി തരൂര്‍ എന്ന എഴുത്തുകാരനെക്കുറിച്ചുള്ള എന്റെ ചില മുന്‍‌വിധികള്‍ മാറ്റി എന്നുതന്നെ പറയാം. സുഖമുള്ള ഒരു വായനയ്ക്ക് ഈ പുസ്തകം പറ്റും. എഴുത്ത്, എഴുത്തുകാര്‍, പുസ്തകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചില ലേഖനങ്ങളുടെ സമാഹാരമാണിത്. രാഷ്ട്രീയമായി വിയോജിക്കേണ്ടിവരുന്ന ചില ഭാഗങ്ങള്‍ ഒന്നുരണ്ടു ലേഖനങ്ങളില്‍ കാണാമെന്നിരിക്കിലും - ഉദാഹരണത്തിന് നയ്‌പാളിനെക്കുറിച്ചുള്ളതും, സല്‍‌മാന്‍ റു‌ഷ്‌ദിയെക്കുറിച്ചുള്ള ലേഖനത്തിലെ ഹൈന്ദവതയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളിലും - ആകെമൊത്തം ടോട്ടല്‍ പുസ്തകം വലിയ കുഴപ്പമില്ല എന്ന് പറയാം)

Monday, January 21, 2013

പി.ജി - അധികം വായിക്കപ്പെടാത്ത ഒരു പുസ്തകം


കേരളത്തില്‍ ഏറ്റവുമധികം തെറ്റായി വായിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു പി.ജി. 

ആശയപരമായും താത്ത്വികമായും പാര്‍ട്ടിയോട് വിയോജിക്കേണ്ടിവന്നിട്ടും, അതിനു പാര്‍ട്ടിയുടെ ശാസന ഒന്നിലധികം തവണ ഏറ്റവാങ്ങേണ്ടിവന്നിട്ടും, ഒരു എക്സ്-കമ്മ്യൂണിസ്റ്റ് വരിപോലും കാണാത്ത നിരാശാജനകമായ ഒരു അത്ഭുതപുസ്തകമാണ് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും പി.ജി.

ചിലര്‍ക്കത് അടിയന്തിരാവസ്ഥാകാലത്തെ നാടോടിപ്പാട്ടു ഗവേഷണക്കാരന്റെ കഥയാണ്. നിരീശ്വരവാദിയും അടിയുറച്ച കമ്മ്യൂണിസ്റ്റുമായിരിക്കുമ്പോഴും പുട്ടപര്‍ത്തിയില്‍ പോയ അന്വേഷണകുതുകിയുടെ കഥയാണ് മറ്റു ചിലര്‍ക്ക് ആ പുസ്തകം. ഇനിയും മറ്റു ചിലര്‍ക്ക്, ചൈനീസ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയും, മന്നത്തെയും, ഈയെമ്മെസ്സിനെയും തന്റേതായ രീതിയില്‍ വായിക്കാന്‍ ശ്രമിച്ചതിനു നിരോധിക്കപ്പെട്ട ഒരു വായനാരീതിയും.

എന്നാല്‍ ഇതിനൊക്കെയുമപ്പുറം, പാര്‍ട്ടിയുടെ കര്‍ക്കശമായ അച്ചടക്കത്തിനുള്ളിലും വിയോജനസ്വരങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്നും, ആ വിയോജിപ്പുകളെയും അതിനു കിട്ടിയ ശാസനകളെയും കമ്മ്യൂണിസ്റ്റു വിരുദ്ധതയിലേക്ക് കൂട്ടിക്കെട്ടുകയല്ല, പകരം, അതിനെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരന്തരം ഉയര്‍ത്തുന്നതുവഴി (ഭൌതികവാദത്തെപ്പോലെ) ഭൌതികവാദത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വൈരുദ്ധ്യത്മകസ്വഭാവം കൈവരിക്കാനാകും എന്ന് തെളിയിക്കുകയായിരുന്നു പി.ജി. എന്ന പുസ്തകം.

റീഡിംഗ് ലെന്‍സുപയോഗിച്ച്, വാര്‍ദ്ധക്യത്തിന്റെ ക്ഷീണകാലത്തും പുസ്തകം വായിക്കുന്ന പി.ജിയുടെ ചിത്രം നല്‍കുന്ന അര്‍ത്ഥം അതാണ്.

എങ്കിലും, അസാധാരണനായ ഒരു പുസ്തകപ്രേമിയെ ആഘോഷിക്കുന്നതാണല്ലോ നമുക്ക് ഏറ്റവും സുഖപ്രദം.



23/11/2012

എന്റെ പേര്‍ സെക്കുലറന്‍

എന്റെ പേര്‍ സെക്കുലറന്‍. 

ഓണം, വിഷു, തിരുവാതിര, നവരാത്രി, ദീപാവലി, കര്‍ക്കിടകം, വൃശ്ചികം, ക്രിസ്തുമസ്സ്, ഈസ്റ്റര്‍, ബക്രീദ്, റമദാന്‍, ഇതൊക്കെ എനിക്ക് വിശേഷപ്പെട്ട ദിവസങ്ങളാണ്. എന്തുകൊണ്ടാണെന്നല്ലേ? അന്നാണ് എനിക്ക് സെക്കുലറിസം വരിക. ഞാന്‍ ശരിക്കുമൊരു സെക്കുലറനാവുക. പകലന്തിയോളം, തളര്‍ന്നുവീഴുംവരെ ഞാന്‍ ആശംസകളിറക്കും. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസല്‍‌മാന്റെയുമൊക്കെ മുന്നിലും, പിന്നിലും, കൂട്ടത്തിലും ഞാനും എന്റെ ആശംസകളുമുണ്ടാകും. വിശേഷദിവസങ്ങളൊന്നും ഞാന്‍ അവര്‍ക്കുമാത്രമായി വിട്ടുകൊടുക്കില്ല.

വിശേഷദിവസങ്ങള്‍ മാത്രമല്ല. വിശേഷാവസരങ്ങളിലും ഞാനുണ്ടാകും അവരുടെ കൂടെ. കല്ല്യാണം, ചോറൂണ്, അടിയന്തിരം, എഴുത്തിനിരുത്ത്, നോമ്പുമുറിക്കല്‍, ഓശാനപ്പെരുന്നാള്‍, എല്ലാം എന്റെ സെക്കുലറിസത്തിന്റെ ജന്മസാഫല്യദിവസങ്ങളാണ്.

എനിക്ക് മതമില്ല. ജാതിയില്ല. ദൈവങ്ങളില്ല. പക്ഷേ ഇതെല്ലാമുള്ളവരുടെ എല്ലാ ദിവസങ്ങളും എനിക്കും തുല്യനിലയില്‍ വിശേഷ ദിവസങ്ങളാണ്. എന്റെ ഇരിപ്പും, നില്‍പ്പും, കിടപ്പും എല്ലാം അവരോടൊത്താണ്. വന്നുവന്ന് ഈ വിശേഷദിവസങ്ങളൊക്കെ എന്റേതു തന്നെയല്ലേ എന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

എന്റെ ആശംസകളില്ലാതെ ഒരു ഓണപ്പൂപോലും വിടരുന്നില്ല. ഒരു വിഷുപ്പുലരിപോലും പിറക്കുന്നില്ല. ഒരു ക്രിസ്തുമസ്സ് നക്ഷത്രവും ഞാനറിയാതെ ഉദിക്കുന്നില്ല. ഞാന്‍ തന്നെയാകുന്നു ബലിപ്പെരുന്നാളും നോമ്പുതുറയും. എല്ലാ ആചാരാനുഷ്ഠാനങ്ങളും ജനിക്കുന്നതും വികസിക്കുന്നതും പൂത്തുലയുന്നതും എന്നിലാണ്.

ഇവിടെ നിലനില്‍ക്കാന്‍ എനിക്ക് നിങ്ങളുടെ എസ്.എം.എസ് കൂടിയേ തീരൂ. എനിക്ക് എസ്.എം.എസ്. അയയ്ക്കേണ്ട ഫോര്‍മാറ്റ്, secularism space religion.



13/11/2012

ഇന്ത്യ - ഗിരീഷ് കര്‍ണ്ണാടിന്റെയും നൈപ്പാളിന്റെയും


മുംബൈ ലിറ്റററി ഫെസ്റ്റിവലില്‍ തന്റെ നാടകപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്ന വേളയില്‍, സമഗ്രസംഭാവനയ്ക്കുള്ള മുംബൈ ലിറ്റററി ഫെസ്റ്റിവലിന്റെ പുരസ്കാ‍രം നേടിയ വി.എസ്.നൈപാളിനെ (അനവസരത്തിലാണെങ്കിലും) ഗിരീഷ് കര്‍ണാഡ് വിമര്‍ശിച്ചത് വിവാദമായിട്ടുണ്ട്. നൈപാളിന്റെ ഭാര്യ മുസ്ലിമാണെന്നും, തന്റെ രണ്ടു മക്കളെ നൈപാള്‍ മുസ്ലിമായിട്ടാണ് വളര്‍ത്തുന്നതെന്നും സംഘാടകര്‍ പറയുന്നു. ഇന്ത്യയെക്കുറിച്ചുള്ള തന്റെ മൂന്നു വലിയ പുസ്തകങ്ങളിലും ഇന്ത്യന്‍ സംഗീതത്തെക്കുറിച്ച് നൈപാള്‍ പരാമര്‍ശിക്കുന്നതേയില്ല എന്നതാണ് കര്‍ണാഡിന്റെ ഒരു വിമര്‍ശനം.

ഹൈന്ദവ ദേവാലയങ്ങള്‍ തകര്‍ത്ത മുസ്ലിം ഭരണാധികാരികളെക്കുറിച്ച്, നൂറ്റാണ്ടുകളായി ഇന്‍ഡോളജിസ്റ്റുകള്‍ പ്രചരിപിച്ചുകൊണ്ടിരുന്ന ആശയങ്ങള്‍ തന്നെയാണ് സ്വന്തമെന്ന നിലയ്ക്ക് നൈപാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കര്‍ണാഡിന്റെ മറ്റൊരു പ്രധാന വിമര്‍ശനം.

ഇത് ഇന്ന് സംഘികളുടെ കാര്‍മ്മികത്വത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. മുസ്ലിം ഭരണാധികാരികള്‍ പലരും ഹൈന്ദവ ദേവാലയങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നത് നേരാണ്. പക്ഷേ, പലപ്പോഴും ആ പ്രവൃത്തിക്കു പിന്നില്‍ മതപരമായ അസഹിഷ്ണുതയേക്കാള്‍, അവരുടെ രാഷ്ട്രീയമായിരുന്നു പ്രവൃത്തിച്ചിരുന്നത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാം. നശിപ്പിച്ചു എന്നു പറയുന്ന ഹൈന്ദവ ദേവാലയങ്ങളില്‍ പലതിലും അതാതിടങ്ങളിലെ രാജാക്കന്മാരുടെ വിഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജാവിന്റെ പ്രതിരൂപത്തിലുള്ള വിഗ്രഹങ്ങളായിരുന്നു എന്നര്‍ത്ഥം.

ഏ.ഡി.642 പല്ലവ രാജാവ് നരസിംഹവര്‍മ്മന്‍ ഗണപതിയുടെ വിഗ്രഹം ചാലൂക്യ തലസ്ഥാനമായ വാതാപിയില്‍നിന്ന് കവര്‍ച്ച ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ ബംഗാള്‍ സേന, ലളിതാദിത്യ രാജാവിന്റെ ക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കി. ഒമ്പതാം നൂറ്റാണ്ടിലാണ് പാണ്ഡ്യ രാജാവ് ശ്രീരാമ ശ്രീവല്ലഭന്‍ ശ്രീലങ്കയെ ആക്രമിച്ച് ബുദ്ധവിഗ്രഹം അടിച്ചുമാറ്റിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ ചോള രാജാവായിരുന്ന രാജേന്ദ്രന്‍ ഒന്നാമന്‍ ചാലൂക്യ, കലിംഗ, പാലി നാടുകളില്‍നിന്ന് വിഗ്രഹങ്ങള്‍ കൈക്കലാക്കി തന്റെ രാജധാനിയെ അലങ്കരിച്ചതും ചരിത്രതാളുകളിലുണ്ട്. മറ്റൊരു ചോള രാജാവായ രാജാധിരാജന്‍ ചാലൂക്യരെ തോല്‍പ്പിച്ച് കല്ല്യാണിയിലെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന ശിലകൊണ്ടുള്ള ദ്വാരപാലകന്മാരെ തഞ്ചാവൂരിലേക്ക് കൊണ്ടുവന്നു. രാഷ്ട്രകൂടന്മാരും ഒട്ടും മോശക്കാരായിരുന്നില്ല.

അതേ സമയം വിഗ്രഹഭഞ്ജകനെന്ന് പുകള്‍പെറ്റ ഔറംഗസീബ്, തന്റെ നാട്ടിലെ ചില ക്ഷേത്രങ്ങള്‍ സംരക്ഷിച്ചതിനെക്കുറിച്ചും, ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിനു മുതിരുന്നവര്‍ക്ക് കൊടിയ ശിക്ഷ കൊടുത്തതിനെക്കുറിച്ചും ഇനിയും ചില ചരിത്ര രേഖകളുണ്ട്. മറ്റു ചിലപ്പോള്‍ തങ്ങളുടെ പള്ളികള്‍ തകര്‍ത്തതിനുള്ള പകവീട്ടലായിട്ടും മുസ്ലിം ഭരണാധികാരികള്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തെ ഒറ്റനിറത്തിലുള്ള കണ്ണടകൊണ്ട് നോക്കിക്കാണരുതെന്നാണ് ഇതൊക്കെ നല്‍കുന്ന വലിയ പാഠം. ഗിരീഷ് കര്‍ണാഡ് പറയാന്‍ ഉദ്ദേശിച്ചതും ഇതൊക്കെത്തന്നെയായിരിക്കണം.

ഭാര്യയും (ഭര്‍ത്താവും) മക്കളും മറ്റു മതക്കാരായതുകൊണ്ടു മാത്രം ഒരാള്‍ സെക്കുലറാണെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നത് അത്ര ശരിയായിക്കൊള്ളണമെന്നില്ല. മതത്തെ ഉപയോഗിച്ച് മനുഷ്യനെ വിഭജിക്കുന്ന മനസ്ഥിതികളെ തിരിച്ചറിയുക, അവയ്ക്കെതിരെ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം.



04/11/2012

എന്റെ ബോഡീസുകാരീ..


‘മേലേ മാനത്തെ നീലിപ്പുലയിക്ക്’ എന്ന പാട്ടു കേട്ടപ്പോള്‍ അവരെ ഓര്‍മ്മവന്നു..എപ്പോഴും അവരെ മാത്രമേ ഓര്‍മ്മവരൂ, ആ പാട്ടു കേള്‍ക്കുമ്പോള്‍..വയലാറിനെയോ, ദേവരാജനെയോ, വസന്തയെയോ, കൂട്ടുകുടുംബത്തെയോ, തൊള്ളായിരത്തി എഴുപതുകളെയോ പോലും ഓര്‍മ്മ വരാറില്ല..ആ ബോഡീസുകാരിയെ മാത്രം..

ബോഡീസുകാരി..അന്നേ അവര്‍ക്ക് എഴുപതിനപ്പുറം മതിക്കും. ബോഡീസ് മാത്രം ധരിച്ച്, എല്ലാ വീടുകളിലും പോകും. ബോഡീസ് മാത്രം വില്‍ക്കും..ശരീരം കൊണ്ടുപോലും താന്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളോട് നീതി പുലര്‍ത്തിയ ഒരു പ്രായം ചെന്ന അമ്മൂമ്മ..

എറണാകുളത്തെ എസ്.ആര്‍.എം.റോഡിലുള്ള കൃഷ്ണാ ബില്‍ഡിംഗ്‌സിലെ ആറു വീടുകളുള്ള കോളണിയിലെ ആറേഴു കുട്ടികള്‍ക്കും, അവരുടെ അമ്മമാര്‍ക്കും വേണ്ടി മാസത്തില്‍ ഒരുതവണയോ മറ്റോ വന്ന്, ബോഡീസുകള്‍ കാണിച്ച്, അന്നേ നിലവിലുള്ള വിലപേശലില്‍ പെട്ട് നട്ടം തിരിഞ്ഞ് ഒടുവില്‍ വിറ്റ്, അതിനുമൊടുവില്‍ അവര്‍ ഈ പാ‍ട്ട് പാടും. ഒരു ഡിസ്‌കൌണ്ടുപോലും ചോദിക്കാതെ, പറയാതെ..

മഴ പെയ്താല്‍ ചോരുന്ന ഏതോ വീട്ടില്‍നിന്ന് കനകം മേഞ്ഞൊരു നാലുകെട്ടിലേക്കെത്താന്‍ മോഹിച്ച്, അതിനാകാതെ പോയ ഒരു സാധുസ്ത്രീയായിരുന്നുവോ ആ ബോഡീസുകാരി..ആര്‍ക്കറിയാം..ആ പാട്ടുപാടുമ്പോള്‍ അവര്‍ ഏതോ സ്വപ്നലോകത്തായിരുന്നു..ഏതോ താമരപൂണാരത്തിലായിരുന്നിരിക്കണം അവര്‍..സ്വന്തമാക്കാന്‍ കഴിയാതെ പോയ ഏതോ ചെക്കനെയും ആലോചിച്ചിരുന്നിരിക്കണം..അവരെ സ്വന്തമാക്കാന്‍ പറ്റാതെ പോയ ഏതോ ചെക്കനും എവിടെയോ ജീവിച്ചിരുന്നിരിക്കണം..കുട്ടികളായിരുന്ന ഞങ്ങള്‍ അതൊക്കെ എങ്ങിനെയറിയാന്‍. മഴ പെയ്താല്‍ ചോരുന്ന വീട് കത്തൃക്കടവിലായിരുന്നിരിക്കുമോ? കനകം മേഞ്ഞ ആ നാലുകെട്ട് ഇടപ്പള്ളിയിലോ?..ആര്‍ക്കറിയാം..ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, എറണാകുളത്തുപോലും, അന്നുമുണ്ടായിരുന്നു ഘെറ്റോകള്‍..

ആ ബോഡീസുകാരിയെ മാത്രം എനിക്കോര്‍മ്മയുണ്ട്. അവര്‍ പാടിയ പാട്ടും. അവര്‍ക്കുവേണ്ടി സൂക്ഷിച്ചുവെച്ചിട്ടുമുണ്ട് ആ പാട്ടും..



01/11/2012-ഫേസ്‌ബുക്കിലെ കുറിപ്പ്

വീട് എന്ന എപ്പിസോഡ്


അടുത്തയാഴ്ച എന്റെ വീടിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ചാനലുകാര്‍ വിളിച്ചിരുന്നു. അതിനുമുന്‍പ് കുറച്ച് വിവരങ്ങള്‍ കിട്ടിയാല്‍ തരക്കേടില്ലെന്ന് അവര്‍ പറഞ്ഞു.
അതിനെന്താ, ഞാന്‍ പറഞ്ഞു. സന്തോഷം. ചോദിക്കൂ..

എത്ര സ്ഥലത്താണ്‌വീട്?
എനിക്ക് നില്‍ക്കാവുന്ന അത്രയും സ്ഥലത്ത്.

എന്നാണ്‌ നിര്‍മ്മിച്ചത്?
ജനിച്ചപ്പോഴേ കിട്ടിയതാണ്‌.

സ്വന്തം ഡിസൈനാണോ അതോ ആര്‍ക്കിടെക്സിനെ ഏല്‍പ്പിച്ചോ?
ആര്‍ക്കിടെക്സുണ്ടായിരുന്നു. അവര്‍ ഡിസൈനൊന്നും ചെയ്തിരുന്നില്ല
ഉണ്ടാവുന്നതുപോലെ ഉണ്ടാവട്ടെ എന്നു വിചാരിച്ചിരുന്നിരിക്കണം.

എത്ര ഉയരമുണ്ട് സര്‍ വീടിന്‌?
സൗകര്യമായി പാര്‍ക്കാനുള്ള ഉയരമൊക്കെയുണ്ട്.

എത്ര മുറികളുണ്ട് സര്‍?
ആവശ്യത്തിനുള്ള മുറികള്‍. ഓരോന്നിനും പ്രത്യേകം പ്രത്യേകം.

ഇന്റീരിയേഴ്സൊക്കെ എങ്ങിനെ?
തുറന്നിട്ടാല്‍ നല്ല കാറ്റും വെളിച്ചവുമാണ്‌. അടച്ചാല്‍ ഈച്ച കടക്കില്ല.

സ്പേസ് കണ്‍സ്യൂമൊക്കെ എങ്ങിനെ?
എല്ലാ സ്പേസും നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരിഞ്ചുപോലും വേസ്റ്റാക്കിയിട്ടില്ല.

ഗ്രേറ്റ്. ലാന്‍ഡ്‌സ്കേപ്പിംഗിനു പരിഗണന കൊടുത്തിട്ടുണ്ടോ?
വേണമെന്നുവെച്ചാല്‍ ഏതു ലാന്‍ഡ്‌സ്ക്കേപിംഗിനും യോജിച്ചതാണ്‌.

ഏതൊക്കെ മെറ്റീരിയല്‍‌സാണ് പ്രധാനമായും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്?
മണ്ണു മാത്രം..

യൂ മീന്‍ നോ വുഡ്, കോണ്‍‌ക്രീറ്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൈല്‍‌സ്!! അണ്‍‌ബിലീവബള്‍ സര്‍..
ശരിയാണ്‌. എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല.

ഏകദേശം എത്ര കോസ്റ്റു വന്നു?
അതങ്ങിനെ കൃത്യമായി ഇപ്പോള്‍ പറയാന്‍ പറ്റില്ല. ജീവിച്ചിരിക്കുന്നിടത്തോളം കോസ്റ്റുണ്ടായിക്കൊണ്ടിരിക്കില്ലേ?

നല്ല റീസെ‌യ്‌ല്‍ വാല്യൂ ഉണ്ടായിരിക്കുമല്ലേ സര്‍?
എന്തു റീ‌സെയ്‌ല്‍ വാല്യു? വീടൊഴിഞ്ഞാല്‍ കഴിഞ്ഞു.

സര്‍, സാറിന്റെ വീടിനെക്കുറിച്ചാണ്‌ ഞാന്‍ ചോദിച്ചത്?
അതെ. ഞാന്‍ എന്നെക്കുറിച്ചുതന്നെയാണ്‌ സംസാരിക്കുന്നത്.

മറുവശത്ത് ഫോണ്‍ കട്ടായി.


20/10/2012-ലെ ഫേസ്‌ബുക്ക് കുറിപ്പ്

Thursday, January 17, 2013

ആനന്ദും ഫാസിസവും


ഇന്റര്‍നെറ്റ് കൂട്ടായ്മയായ മലയാളനാട് ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷനും ഇരിങ്ങാലക്കുടയിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്ന് 'ജനാധിപത്യത്തിന്റെ ഇന്ത്യന്‍ അനുഭവപാഠങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ വിഷയാവതരണം നടത്തിക്കൊണ്ട് ആനന്ദ് പറയുന്നു എല്ലാ പാര്‍ട്ടികളും വ്യക്തികളും ഇന്ന് ഫാസിസ്റ്റായിക്കൊണ്ടിരിക്കുന്നുവെന്ന്.

മലയാളനാട് ഫൌണ്ടേഷന്‍ പൊതുവായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ അവിയല്‍ സ്വഭാവം മാറ്റിവെയ്ക്കാം. പക്ഷേ, ആനന്ദിനെപ്പോലൊരാള്‍ ഒരു പക്കാ അരാഷ്ട്രീയക്കാരന്റെ ശൈലിയില്‍ സംസരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമാണ്, അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന്റേതു മാത്രമാണ്.

ഏതു രീതിയിലാണ് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഫാസിസ്റ്റ് സ്വഭാവമുള്ളവരാകുന്നത്? അങ്ങിനെ തീര്‍ച്ചപ്പെടുത്താന്‍ ആനന്ദ് കൈക്കൊണ്ട മാനദണ്ഡം എന്താണ്?

ഫാസിസ്റ്റ് സ്വഭാവമുള്ള പാര്‍ട്ടികളും വ്യക്തികളും അടിയന്തിരാവസ്ഥയ്ക്കു മുന്‍പും പിന്‍പും ഉണ്ടായിരുന്നുവെങ്കില്‍, അതിനെതിരെ നില്‍ക്കുന്ന പാര്‍ട്ടികളും വ്യക്തികളും അന്നും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

ഫാസിസത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. പണ്ട് അത് പ്രത്യക്ഷത്തിലായിരുന്നെങ്കില്‍, ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും അത് കടന്നുകയറിയിട്ടുണ്ട്. അപ്പോള്‍, അതിനെതിരെ നിലപാടെടുക്കേണ്ടിവരുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ രീതികളും മാറ്റേണ്ടിവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധികാരഘടനയും, അച്ചടക്കമുറകളും, കക്ഷി രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍ അവര്‍ അവലംബിക്കുന്ന ചില നിലപാടുകളുമായിരിക്കും ആനന്ദ് ഉദ്ദേശിച്ചിരിക്കുക. ആനന്ദിന്റെ അമ്പ് കമ്മ്യൂണിസ്റ്റുകളെ, അവരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുമാണ്. പക്ഷേ, അങ്ങിനെയൊരു സ്റ്റേറ്റുമെന്റ് കൊണ്ട് ആനന്ദ് ചെയ്യുന്നത്, യഥാര്‍ത്ഥ ഫാസിസ്റ്റുകളില്‍നിന്ന് ശ്രദ്ധ തിരിക്കുകയും, ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയുമാണ്.

ഒറ്റയ്ക്കൊറ്റയ്ക്ക്, അവിടെയുമിവിടെയും കാണുന്ന ചില ജനാധിപത്യവിരുദ്ധ പ്രവണതകളെ മുന്‍‌നിര്‍ത്തി കമ്മ്യൂണിസത്തെയടക്കം എല്ലാവരെയും ഫാസിസ്റ്റായി മുദ്രകുത്തുമ്പോള്‍, നാളെ നേര്‍ക്കുനേര്‍ വരാനിടയുള്ള ഭീഷണമായ ഒരു വ്യവസ്ഥിതിയെ സഹായിക്കുകയാണ് ആനന്ദ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

കര്‍ക്കശവും സന്ധിയില്ലാത്തതുമായ പാര്‍ട്ടി നിലപാടുകളെടുക്കേണ്ടിവരുന്നതിനെ ഫാസിസമായി മുദ്രകുത്തുന്നത് ബൌദ്ധികമായ ആത്മഹത്യയാണ് പ്രിയപ്പെട്ട ആനന്ദ്.





09/12/2012- ഫാസിസത്തെക്കുറിച്ച് ആനന്ദ് നടത്തിയ പ്രഭാഷണത്തിനുള്ള പ്രതികരണം

പുളിക്കാത്ത ഉപ്പ്


ഇനി ഒറ്റപ്പാലത്ത് പോവുമ്പോള്‍ കണിയാമ്പുറത്തൊന്ന് പോണം. അവിടെ പണ്ടത്തെ ആ അപ്പുണ്ണിമേനോന്റെ പലചരക്കുകട ഇപ്പോഴുമുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍, അപ്പുണ്ണിമേനോന്റെ പിന്മുറക്കാരനോട് ചെന്ന്, ‘ഉപ്പു തരിന്‍’ എന്ന് പറയണം. 


അപ്പോള്‍ അയാള്‍ ചോദിക്കുമായിരിക്കും. പാക്കറ്റാണോ, ലൂസാണോ എന്ന്. അയഡൈസ്‌ഡ് അല്ലേ എന്ന്..അപ്പോള്‍ ചോദിക്കണം, പണ്ട് ഒരു കരിമ്പനക്കല്‍ ശിവരാമന്‍ വന്ന് ഉപ്പു ചോദിച്ചപ്പോള്‍ എന്താണ് നിങ്ങളുടെ കാരണവന്‍ ആ അപ്പുണ്ണിമേനോന്‍ കൊടുത്തതെന്ന് ഓര്‍മ്മയുണ്ടോ എന്ന്.

ഇല്ല എന്നാണയാളുടെ മറുപടിയെങ്കില്‍ പറയണം. “ശിവരാമനു നിങ്ങള്‍ ഉപ്പു കൊടുത്തില്ല. ആ പതിനേഴുകാരനെ തല്ലിക്കൊല്ലുകയാണുണ്ടായത്.

“ഓ, കേട്ടിട്ടില്ലട്ട്വോ” എന്നോ “ഓ, അതൊക്കെ പണ്ടായിരുന്നില്ലേ, കാലം മാറീല്ല്യേ ” എന്നോ അയാള്‍ പറഞ്ഞാല്‍, ചിരിച്ച്, തിരിച്ചുപോണം.

പിന്നില്‍ നിന്ന്, ആ പതിനേഴുകാരന്‍ ശിവരാമന്‍ അപ്പോല്‍ തോളത്തു തട്ടി മെല്ലെ ചെവിയില്‍ പറയുമായിരിക്കും.

“ഇങ്ങനെ ഓര്‍മ്മകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ കണക്കു തീര്‍ക്കുക”

(“പുളിക്കുന്നത്” എന്നു പറയുന്നതിനു പകരം ‘ഉപ്പു തരിന്‍‘ എന്നു പറഞ്ഞതിന് കൊല്ലപ്പെട്ട ശിവരാമന്‍ എന്ന ചെറുപ്പക്കാരനെ കെ.ഇ.എന്‍ “ഇരകളുടെ മാനിഫെസ്റ്റോ’യില്‍ സൂചിപ്പിച്ചതിനോട് കടപ്പാട്)



13/12/2012-എഫ്.ബി.യിലെ കുറിപ്പ്

മോഡിയുടെ വിജയം എന്ത്, എന്തുകൊണ്ട്?



എന്റെ പ്രിയ സുഹൃത്ത് Stanly Johny-യുടെ നിരീക്ഷണങ്ങളോട് വലിയൊരു പരിധിവരെ വിയോജിക്കേണ്ടി വരും.

മോഡിയുടെയും ബിജെപിയുടെയും വിജയം ഏതാണ്ട് എല്ലാവരും പ്രവചിച്ചതുതന്നെയാണ്. 2002-ലെ ഗോധ്രാ കലാപത്തിനൊന്നും അവിടെ ഒരു ചെറിയ തിരയിളക്കം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം, ഹിന്ദുത്വം അവിടെ കൂടുതല്‍ പിടിമുറുക്കുകയുമാണ്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു പ്രതിഭാസമല്ല. ഇന്ത്യയില്‍ ഏറ്റവുമധികം സാമുദായികമായി ധ്രുവീകരിക്കപ്പെട്ട, സാമുദായികമായി മാത്രം ചിന്തിക്കുന്ന, സംസ്ഥാനവും ജനതയുമാണ് ഗുജറാത്തും ഗുജറാത്തിയും.

അവിടെ ഒരേയൊരു സാധനത്തിനുമാത്രമേ വേരോട്ടമുണ്ടായിരുന്നിട്ടുള്ളു. വ്യാപാര-വാണിജ്യ പ്രത്യയശാസ്ത്രത്തിന്. ഭൂമിശാസ്ത്രപരമായ ഒരു മേല്‍‌ക്കൈകൂടി ഉണ്ടായിരുന്നു ചരിത്രത്തില്‍ അതിന്. ആ പ്രത്യയശാസ്ത്രത്തിന്റെ ഉടമസ്ഥരും ഗുണഭോക്താക്കളും ഹിന്ദുക്കളുമായിരുന്നു. ഗുജറാത്തിന്റെയും ഗുജറാത്തിയുടെയും ഹിന്ദുത്വത്തിന്റെ വേര് അവിടെയാണ്.

അതിനെ കൂടുതല്‍ കോര്‍പ്പറേറ്റ്‌വത്ക്കരിച്ചു കോണ്‍ഗ്രസ്സും ബിജെപിയും. ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് എന്നത്, ബിജെപിയുടെ മറ്റൊരു പേരാണ്. മറിച്ചും. ഘടനയിലും സ്വഭാവത്തിലും ഇവ രണ്ടും രണ്ടല്ല ഒന്നുതന്നെയാണ്. ഒരേ സമുദായവും രാഷ്ട്രീയവും തന്നെയാണ് രണ്ടു വ്യത്യസ്ത പേരുകളില്‍ അവിടെ കളിക്കുന്നത്.

'സാബ്, മുസല്‍മാന്മാരും ഭയങ്കര പ്രശ്നക്കാരാണ്...ബാക്കിയൊക്കെ പ്രശ്നക്കാരാണ്. അതുകൊണ്ടാണ് 2002ല്‍ ഇവിടെ കലാപമുണ്ടായത്" എന്നും, “പത്തുവര്‍ഷത്തിനിടയില്‍ ഗുജറാത്തിന്റെ മുഖഛായ മാറി, അതിന്റെ ക്രെഡിറ്റ് മോഡിക്കാണ്“ എന്നും തട്ടിമൂളിക്കുന്നതൊക്കെ സ്റ്റാന്‍ലി കരുതുന്നതുപോലെ സാധാരണക്കാരല്ല. വ്യത്യസ്ത രാഷ്ട്രീയ പേരുകളില്‍ നിലനില്‍ക്കുമ്പോഴും ഹിന്ദുത്വത്തിന്റെ വ്യാപാര-വാണിജ്യ തത്ത്വശാസ്ത്രം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഗുജറാത്തി തന്നെയാണ്.

ഗുജറാത്തിനെ, ഗുജറാത്തിയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അറിയാം. ഹിന്ദുത്വവും കച്ചവടവുമാണ് അവന്റെ രാഷ്ട്രീയവും മതവുമെന്ന്. അതിനെ ഇല്ലാതാക്കാന്‍ അടുത്തൊന്നും ഇന്ത്യന്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന് കഴിയുകയുമില്ല. മോഡിയെയോ ബിജെപിയെയോ അധികാരഭ്രഷ്ടമാക്കാന്‍ സാധിച്ചേക്കും. പക്ഷേ ഗുജറാത്തിയുടെ കോര്‍പ്പറേറ്റഡ് മതരാഷ്ട്രീയത്തെ ഇല്ലാതാക്കുക ക്ഷിപ്രസാധ്യമല്ല.

കൂടുതല്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യമുണ്ട്. കേന്ദ്രത്തിലേക്ക് ഈ രാഷ്ട്രീയം വീണ്ടുമൊരിക്കല്‍ക്കൂടി എത്താതിരികാന്‍ ശ്രമിക്കുക, ശ്രദ്ധിക്കുക.
Stanly Johny
ഏതാണ്ട് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഗാന്ധിനഗര്‍ വരെ പോകേണ്ട ആവശ്യമുണ്ടായിരുന്നു. ദില്ലിയില്‍ നിന്നും രാവിലെ പിടിച്ച തീവണ്ടി അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് അഹമ്മദാബാദിലെത്തുന്നത്. അവിടെ നിന്നും ഗാന്ധിനഗറിലേക്ക് ഓട്ടോയിലാണെങ്കില്‍ ഏകദേശം ഒരു മണിക്കൂര്‍ യാത്രയുണ്ട്. തീവണ്ടിയാപ്പീസിന്റെ പുറത്തു നിന്നും ഓട്ടോ കിട്ടി. ആ രാത്രിയിലും, ഉറക്കച്ചടവിലും ഏറെ ഉല്ലാസവാനായിരുന്നു മധ്യവയസ്കനായഡ്രൈവന്‍. യാത്രാമധ്യേ സംസാരം നേരേ നരേന്ദ്ര മോഡിയിലേക്കെത്തി. നീണ്ടുനിവര്‍ന്നു കിടക്കുന്ന വിശാലമായ റോഡിലേക്കു കൈ നീട്ടി കാണിച്ചുകൊണ്ടാണ് 'നരേന്ദ്രഭായുടെ' വികസനത്തെ ഡ്രൈവന്‍ പുകഴ്ത്തി തുടങ്ങിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഗുജറാത്തിന്റെ മുഖഛായ മാറിയെന്നും അതിന്റെ ക്രെഡിറ്റ് മോഡിക്കാണെന്നും പറഞ്ഞു. ഇവിടെ ഹിന്ദു-മുസല്‍മാന്‍ പ്രശ്നം ഉണ്ടായിരുന്നില്ലെ എന്ന ചോദ്യത്തിന് 'തോഡാ സാ പ്രോബ്ലം ഥാ, ലേകിന്‍ വോ സബ് നരേന്ദ്രഭായ് നെ ഠീക് കര്‍ദിയ' എന്നായിരുന്നു മറുപടി. പിന്നെ അല്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം, 'മുസല്‍മാന്‍ലോഗ് ഭയങ്കര പ്രശ്നക്കാരാണ് സാബ്. അവരാണ് ഗുജറാത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. പക്ഷേ 2002നു ശേഷം അവരുടെ വലിയ ശല്യമുണ്ടായിട്ടില്ല,' എന്നു കൂടി ചേര്‍ത്തു. ഗാന്ധിനഗറിലെ ശാന്തികുഞ്ജ് സൊസൈറ്റിയിലെ എന്റെ മറാഠി സുഹൃത്ത് ശിവദത്ത വാള്‍ക്കര്‍ താമസിക്കുന്ന വീടിന്റെ മുന്നില്‍ ഇറക്കി മീറ്ററില്‍ പറഞ്ഞ കാശും വാങ്ങി, ഒരു സലാമും വച്ചിട്ടാണ് അയാള്‍ പോയത്. ആ ഭാഗത്ത് മുസ്ലിങ്ങള്‍ക്ക് വീടു വാടകയ്ക്കു കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, അവന്‍ താമസിക്കുന്ന വീട്ടില്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ പോലും പറ്റില്ലെന്നും അന്നു കിടക്കുന്നതിനു മുന്‍പ് ശിവനും പറഞ്ഞു. ഗാന്ധിനഗറില്‍ താമസിക്കുന്ന മറ്റൊരു മലയാളി സുഹൃത്തും--കിഷോര്‍ ജോസ്--രാവിലെ അതു തന്നെ പറയുകയുണ്ടായി. പിറ്റേന്ന് ഗാന്ധിനഗറില്‍ നിന്നും അഹമ്മദാബാദിലേക്ക് ശിവന്റെ ഒരു പരിചയക്കാരന്റെ ഓട്ടോയിലായിരുന്നു യാത്ര. ഒരു നട്ടു സിംഗ്. അത്യാവശ്യം മുറി ഇംഗ്ലിഷൊക്കെ പറയുന്ന ഡ്രൈവന്‍ തുടര്‍ച്ചയായി ബീഡി വലിച്ചുകൊണ്ട് സംസാരിച്ചു കൊണ്ടിരുന്നു. ഗുജറാത്ത് സര്‍ക്കാരിനെ പറ്റി ചോദിച്ചപ്പോ മോഡി തട്ടിപ്പാണെന്നായിരുന്നു നട്ടുസിംഗിന്റെ പെട്ടെന്നുള്ള മറുപടി. ഇവിടെ ധനികര്‍ക്കു മാത്രമേ മോഡി സര്‍ക്കാരിനെ കൊണ്ട് ഉപകാരമുള്ളു, പാവങ്ങളുടെ ജീവിതം അമ്പേ ദുരിതത്തിലാണ്, എല്ലാ സാധനങ്ങളുടേയും വില ഉയരുന്നു, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, പൊലീസാകട്ടെ പാവങ്ങളെ പീഡിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്... എന്നിങ്ങനെ പോയി വിമര്‍ശനം. 2002ലെ കലാപത്തേയും പറ്റി ചോദിച്ചു. 'സബ് ബാജ്പാ കാ കാം ഥാ' എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പറഞ്ഞു, 'സാബ്, മുസല്‍മാന്മാരും ഭയങ്കര പ്രശ്നക്കാരാണ്. സത്യത്തില്‍ ഇസ്ലാം വളരെ നല്ല മതമാണ്. പാവങ്ങളെ സഹായിക്കണം എന്നൊക്കെ പറയുന്ന മതം. എന്നാല്‍ അങ്ങിനെയുള്ള മുസ്ലിങ്ങള്‍ ഇന്നില്ല. നൂറു മുസ്ലിങ്ങളെ എടുത്താല്‍ അഞ്ചു പേരെ കാണാം നല്ലവരായിട്ട്. ബാക്കിയൊക്കെ പ്രശ്നക്കാരാണ്. അതുകൊണ്ടാണ് 2002ല്‍ ഇവിടെ കലാപമുണ്ടായത്.'

പറഞ്ഞു വന്നത്, ഗുജറാത്തില്‍ നരേന്ദ്ര മോഡിയെന്ന ഫാഷിസ്റ്റ് വീണ്ടും വീണ്ടും ജയിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.


20/12/2012- സ്റ്റാന്‍ലി ജോണിയുടെ എഫ്.ബി.കുറിപ്പിനുള്ള പ്രതികരണം

ലൈംഗികപീഡനത്തിന്റെ മന:ശ്ശാസ്ത്രം


എന്തുകൊണ്ടായിരിക്കണം കൊച്ചു പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇങ്ങനെ വര്‍ദ്ധിക്കുന്നത്? പ്രശ്നത്തെ ലളിതവത്ക്കരിച്ച്, പീഡിപ്പിക്കുന്നവന്റെ മനോവൈകൃതത്തിലേക്കു മാത്രംകൂട്ടിക്കെട്ടുന്നത് യുക്തിസഹമായിരിക്കില്ല. കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നവന്‍ മനോവൈകൃതത്തിന് അടിമയാണ് എന്നതില്‍ സംശയമില്ല. പക്ഷേ ഏതൊരു മനോവൈകൃതത്തിനും എന്തെങ്കിലുമൊരു കാരണമോ, കാരണങ്ങളോ ഉണ്ടാകാതെയും തരമില്ല


പല കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇതിന്റെപിന്നില്‍ എന്നു തോന്നുന്നു.

1) പെണ്‍‌കുട്ടി വളര്‍ന്നുവരുമ്പോള്‍, അവളെ സ്വന്തം മകളായോ, പേരക്കുട്ടിയായോ, അനന്തിരവളോ അല്ലാതെ, ഒരു സ്ത്രീയായി കണക്കാക്കാനും ആവിധത്തില്‍ പെരുമാറാനും (സ്വാഭാവികമായി) അകറ്റിനിര്‍ത്താനും ശ്രദ്ധിക്കുന്ന ആവശ്യത്തില്‍ കൂടുതല്‍ ഒബ്‌സസ്സീവ് ആയ ഒരു സദാചാരബോധം മലയാളി പുരുഷന്മരില്‍ (അച്ഛന്മാരിലായാലും, സഹോദരങ്ങളിലായാലും ഒക്കെ) സാധാരണമാണെന്നു തോന്നുന്നു. കുടുംബവും അത് പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം കുഞ്ഞ് എന്ന ഒരു തിരിച്ചറിവ് അവിടെ ശോഷിക്കുന്നുണ്ടായിരിക്കണം. ഒരു അന്യസ്ത്രീയോട് പെരുമാറുന്ന വിധത്തില്‍ത്തന്നെ സ്വന്തം മകളോടും പെരുമാറാന്‍ നിര്‍ബന്ധിതനാവുന്ന ഒരു അവസ്ഥ. ഉപരിവര്‍ഗ്ഗത്തില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലും മൂടിവെക്കപ്പെടുന്നുണ്ടായിരിക്കണം.

2) ഇടത്തരത്തിനും താഴ്ന്ന വരുമാനക്കാരുടെ ഇടയില്‍നിന്നാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യത്തെ പോയിന്റില്‍ സൂചിപ്പിച്ച, ആ അന്യവത്ക്കരണത്തെ നേരിടാന്‍ മധ്യവര്‍ഗ്ഗത്തിലെ പുരുഷന് അവന്റെ വിദ്യാഭ്യാസത്തിലൂടെയും മറ്റും സാധിക്കുമ്പോള്‍, സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരന് അതാവുന്നില്ല. ഉപരിവര്‍ഗ്ഗത്തിലെ കുടുംബങ്ങളിലുണ്ടാകുന്ന ബന്ധച്ഛിദ്രങ്ങള്‍ (അച്ഛനമ്മാര്‍ തമ്മിലുള്ളത്) കൂടുതലും മൂടിവെയ്ക്കപ്പെടുകയും പോളീഷ് ചെയ്യപ്പെട്ട് സമൂഹത്തില്‍ അവതരിക്കപ്പെടുമ്പോള്‍, ഇടത്തരക്കാരുടെയും അവരിലും താഴ്ന്നവരുമാനക്കാരുടെയുമിടയില്‍, ഇത്തരം ബന്ധച്ചിദ്രങ്ങള്‍ മറനീക്കിത്തന്നെ പുറത്തുവരുന്നുണ്ട് (രണ്ടാനച്ഛന്‍, രണ്ടാനമ്മ, വിവാഹപൂര്‍വ്വ-ബാഹ്യ സന്താനങ്ങള്‍). മക്കളോടുള്ള കാഴ്ചപ്പാടിലും ഇതിന്റെ പ്രതിഫലനമുണ്ടാകാതെ തരമില്ല.

3) ഉത്‌പ്പാദനക്ഷമത തീര്‍ത്തും നശിച്ച് ഉപഭോഗപരതയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതിന്റെ ഇച്ഛാഭംഗത്തില്‍ കഴിയുന്ന ഒരു സമൂഹത്തിന്റെ മാനസികതകര്‍ച്ചയുടെ പ്രതിഫലനവുമാകാം ഇത്തരം നിര്‍ഭാഗ്യകരമായ മനോവൈകൃതങ്ങള്‍.

ഇത്തരം മനോവൈകൃതങ്ങള്‍ എന്നും നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു., ഇന്ന്, മാധ്യമങ്ങളുടെയും മറ്റും വെളിപ്പെടുത്തലുകളുടെ ഫലമായി കൂടുതലായി പുറത്തുവരുന്നുവെന്നു മാത്രം. നമ്മുടെ രോഗാ‍തുരതയെ കൂടുതല്‍ വ്യക്തമായി മുഖാമുഖം ഇന്ന് നമ്മള്‍ കാണുന്നുവെന്ന് ചുരുക്കം.


23/12/2012- എഫ്.ബി.യിലെ കുറിപ്പ്

മതവിശ്വാസിയുടെയും മതേതരന്റെയും മിതത്വം

മതം കൊണ്ടു നടക്കുന്നവരുടെ കാര്യത്തില്‍ ആഗ്രഹിക്കുന്നതു പോലെ, മതേതരത്വം കൊണ്ടു നടക്കുന്നവരും അല്‍പം മിതവും മൃദുവും ആയിരുന്നെങ്കിലെന്ന് അപേക്ഷിക്കുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് പ്രാര്‍ത്ഥിക്കുകയാണ് (അമ്പാസ്സിഡര്‍ കാറില്‍ മൈക്ക് അനൌണ്‍സ്‌മെന്റ് നടത്തുന്നവരെപ്പോലെ, പ്രിയ സുഹൃത്ത് Rafeek Thiruvallur. ആ മൈക്ക് അനൌണ്‍സ്‌മെന്റുകാരുപോലും പ്രയോജനമുള്ള മറ്റു പണികളിലേക്ക് പോവുകയും ചെയ്തു.

പറഞ്ഞത് റഫീക്ക് ആയതുകൊണ്ടും, ആളൊരു സാത്വികനായതുകൊണ്ടും ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാന്‍ എനിക്ക് പറ്റില്ലെങ്കിലും, അദ്ദേഹത്തിന്റെ ആഗ്രഹത്തെ, പ്രാര്‍ത്ഥനയെ, അഭ്യര്‍ത്ഥനയെ ചോദ്യം ചെയ്യാതിരിക്കാനോ, കണ്ടില്ലെന്ന് നടിക്കാനോ, മറുപടി പറയാതിരിക്കാനോ എനിക്കാവുന്നില്ല. ചെറിയൊരു കമന്റ് രൂപത്തില്‍ മറുപടി, അവിടെ എഴുതിയെങ്കിലും, അല്പം കൂടി ആ നിലപാട് വിശദീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

പ്രധാനമായും, എഫ്.ബി.യിലെ സ്റ്റാറ്റസ്സുകളാണ് അദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നത്. എന്തൊക്കെയാണ് ആ സ്റ്റാറ്റസ്സുകളുടെ രീതികള്‍?

ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയിലും വ്യക്തിഗത വിശ്വാസമെന്ന നിലയിലുമല്ല സ്റ്റാറ്റസുകളില്‍ മതം പ്രത്യക്ഷമാകുന്നത്. സ്വന്തം മതത്തിന്റെ മേന്മകള്‍, ആധികാരികതകള്‍, വിശ്വാസയോഗ്യതകള്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് അതിനുള്ളത്. അതിനി, ദ്വാരകയിലെ കൃഷ്ണന്റെ കൊട്ടാരം കണ്ടുപിടിച്ച വാര്‍ത്തയായാലും, പൊസിറ്റീവ് എനര്‍ജിയെക്കുറിച്ചുള്ള ഗീര്‍വ്വാണമായാലും, ക‌അബയെ വലം‌വെച്ചാലുണ്ടാകുന്ന സാക്ഷാത്ക്കാരത്തെക്കുറിച്ചായാലും, പച്ചക്കറി മാഹാത്മ്യമായാലും, അതിനെയെല്ലാം, സ്വന്തം മതത്തിന്റെ അപ്രമാദിത്വത്തിലേക്ക്, മറ്റു മതങ്ങളുടെ മേലുള്ള അതിന്റെ മേല്‍‌ക്കൈയ്യിലേക്ക് നീട്ടിവലിച്ചുകെട്ടുന്ന സ്റ്റാറ്റസുകളാണ് മതത്തിന്റെ പേരില്‍ വരുന്നത്. സ്വന്തം വിശ്വാസത്തിന്റെ നിഷ്ക്ലളങ്കമായ പ്രഖ്യാപനങ്ങളല്ല അവയൊന്നും, അവയിലൊന്നും. അതിലൊന്നും മൃദുത്വത്തിന്റെയോ, മിതത്വത്തിന്റെയോ പട്ടുവിരികളുമില്ല. ശക്തമായ മതവിശ്വാസങ്ങള്‍തന്നെയാണ് അതിലുള്ളത്.

മതപരവും, ശക്തവുമായ അത്തരം അപ്രമാദിത്വ ചിന്തകളെ എതിര്‍ക്കുമ്പോള്‍, മതേതരത്വത്തിനും മൃദുവോ, മിതമോ ആവാന്‍ വയ്യ. ആയിക്കൂടാ. മാത്രമല്ല, പബ്ലിക്ക് സ്പേസില്‍ മതത്തെ വലിച്ചിഴച്ചു കൊണ്ടുവരുമ്പോള്‍, അതിന്റെ സ്ഥാനം വ്യക്തികളുടെ വിശ്വാസത്തിന്റെ സ്വകാര്യമുറികളിലാണെന്നും, പൊതുവിടത്തിലല്ല എന്നു പറയേണ്ടത് മതേതരക്കാരന്റെ കടമയാണ്.

മറ്റൊന്ന്, മതമെന്നത് എളുപ്പത്തില്‍ ഉള്ളില്‍ കയറിക്കൂടാന്‍ കഴിവുള്ള ഒന്നാണ്. ഏറ്റവും മൃദുവായി ഉപയോഗിച്ചാല്‍ പോലും അതിന് ശക്തമായി ഉള്ളില്‍ കയറാനും, പ്രവര്‍ത്തിക്കാനും, മനുഷ്യരെ കള്ളറകളിലാക്കാനും കഴിയും. മതേതരത്വത്തിനാകട്ടെ ആ ഒരു കഴിവില്ല എന്ന് സമ്മതിക്കേണ്ടിവരും. അത് ഒരു വലിയ പ്രക്രിയ തന്നെയാണ്. ചിലപ്പോള്‍, ജീവിതാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കേണ്ട ഒരു പ്രക്രിയ. എത്ര ശക്തമായ രീതിയില്‍ ഉപയോഗിച്ചാലും ഉള്ളില്‍ പോകാന്‍ അത്ര എളുപ്പമല്ല. പക്ഷേ ഒരിക്കല്‍ അതിനു കഴിഞ്ഞാല്‍, വ്യക്തിയിലും സമൂഹത്തിലും അതിന് ഉണ്ടാക്കാന്‍ കഴിയുന്ന ഗുണപരമായ മാറ്റങ്ങള്‍ വളരെ വലുതായിരിക്കും.

ലക്ഷ്യം അതാവുമ്പോള്‍, അതിന്റെ ഭാഷയും ഭാഷയുടെ പ്രയോഗരീതികളും ചിലപ്പോള്‍ മൃദുവോ മിതമോ ആയില്ലെന്നുവരും. രോഗം മാറണമെന്നുണ്ടെങ്കില്‍ മധുരമുള്ള മരുന്നുകള്‍ മാത്രമേ കുടിക്കൂ എന്ന് ശഠിക്കാനാവില്ലല്ലോ. കുത്തിവെയ്പ്പുകളോ, കീറിമുറിക്കലോ പോലും ചിലപ്പോള്‍ ആവശ്യമായി വന്നേക്കും..



26/12/2012-ലെ എഫ്.ബി.കുറിപ്പ്

ദ്വിഭാഷികള്‍



പരസ്പരം മനസ്സിലാകാത്ത ഭാഷയില്‍ 
സംസാരിക്കേണ്ടി വരുന്ന അപരിചിതരെപ്പോലെ
ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ 
നമുക്കിടയില്‍ ദ്വിഭാഷികളുണ്ടാവരുത്.

നമ്മള്‍ കരുതിയതാവില്ല 
അവരേറ്റു പറയുക

ബിനാക്കാ ഗീത് മാലയെക്കുറിച്ച് 
ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കുമ്പോഴോ, 
പണ്ടത്തെ ഒരു മഴവെയില്‍ ദിനത്തെക്കുറിച്ച് 
നീ എന്നെ ഓര്‍മ്മിപ്പിക്കുമ്പോഴോ, 
ടൂത്ത് പേസ്റ്റുകളെക്കുറിച്ചും 
ആഗോള താപനത്തെക്കുറിച്ചുമായിരിക്കും 
അവരൊരു പക്ഷേ സംസാരിക്കുക.

നമ്മുടെയിരുവരുടെയും ഭാഷകള്‍ 
നമ്മളേക്കാള്‍ നന്നായറിയുന്നവര്‍ 
നമുക്കിടയിലുണ്ടാകുന്നത് 
ഒന്നുമല്ലെങ്കില്‍ ചിലപ്പോള്‍
ഒരു സ്വൈര്യക്കേടെങ്കിലുമാവാനിടയുണ്ട്.

ബാബേലിന്റെ നിഴലിലിരുന്ന്
രണ്ടു വിദൂര ദേശങ്ങള്‍ തമ്മില്‍
സംസാരിക്കാന്‍ ശ്രമിക്കുന്നതുപോലുണ്ടാകും
അവരിലൂടെ നമ്മള്‍ സംസാരിക്കുമ്പോള്‍

അവര്‍ക്കിടയില്‍‌പ്പെട്ട്  ഒന്നും പറയാനാകാതെ 
പറയാന്‍ വന്നതുപോലും മറ്റൊന്നായ് കേള്‍ക്കപെട്ട് 
വീണ്ടുമൊരിക്കല്‍ക്കൂടി,  
പണ്ടുപണ്ട് നമുക്കിടയില്‍ ഒരിക്കല്‍ തോറ്റ 
നമ്മുടെ ഭാഷയെ നമ്മള്‍ സങ്കടപ്പെടുത്തരുത്

അതുകൊണ്ടാണ് എനിക്ക് തോന്നുന്നത്
പരസ്പരം മനസ്സിലാകാത്ത ഭാഷയില്‍ 
സംസാരിക്കേണ്ടി വരുന്ന അപരിചിതരെപ്പോലെ
ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ 
നമുക്കിടയില്‍ ദ്വിഭാഷികളുണ്ടാവരുത് എന്ന്.

_______-ലെ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച കവിത.

കറുത്ത ചര്‍മ്മവും വെളുത്ത മുഖം‌മൂടികളും



“ഞങ്ങള്‍ക്കൊരു സെനിഗാലീസ് ചരിത്രാദ്ധ്യാപികയുണ്ട്. പക്ഷേ അവര്‍ ബുദ്ധിമതിയാണ്”

“ഞങ്ങളുടെ ഡോക്ടര്‍ കറുത്തവര്‍ഗ്ഗക്കാരനാണ്. പക്ഷേ മാന്യന്‍”

ഫ്രാന്‍സ് ഫാനണിന്റെ (Frantz Fannon) Black Skin, White Masks എന്ന പുസ്തകത്തിലാണ് ഈ വരികളുള്ളത്. ഈ പുസ്തകം 1952-ല്‍ പുറത്തുവന്ന്, അറുപതു വര്‍ഷം കഴിയുമ്പോള്‍ ഇന്നും പൊതുസൈക്കിയുടെ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നറിയുമ്പോളുണ്ടാകുന്ന നിരാശയും രോഷവും കനത്തതാണ്. “അവന്‍ മുസ്ലിമാണെങ്കിലും നല്ലവനാണെ’ന്നും, “അവന്‍ ഷെഡ്യൂള്‍ഡാണെങ്കിലും വിവരമുള്ളവനാണെ’ന്നും സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന നമ്മുടെ വംശീയതയുടെ ‘ജനാധിപത്യ ഔദാര്യം‘ നമുക്ക് അപരിചിതമല്ലല്ലോ.

കറുത്തവനും അവന്റെ ഭാഷയുമാണ് ഫാനണിന്റെ പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം. ഒരു ഭാഷ സ്വായത്തമാക്കുമ്പോള്‍ ആ ഭാഷ കൊണ്ട് പ്രകാശിതമാകുന്ന ലോകത്തെയാണ് പരോക്ഷമായി ഒരുവന്‍ / ഒരുവള്‍ കൈവശപ്പെടുത്തുന്നത് എന്ന് ഫാനണ്‍ നിരീക്ഷിക്കുന്നു. കോളണികളിലെ ജനത ആദ്യം സ്വായത്തമാക്കാന്‍ നോക്കുന്നത് തങ്ങളുടെ കൊളോണിയല്‍ അധികാരികളുടെ ഭാഷയാണ്. അതുവഴി അവന്‍ അവന്റെ സ്വന്തം ജീവിത / ചരിത്ര പരിസരങ്ങളില്‍നിന്ന് മോചിതനാവുക കൂടി ചെയ്യുന്നു. ഫ്രാന്‍സിന്റെ കരീബിയന്‍ കോളണികളിലെ ജനങ്ങളുടെ ഭാഷാപരമായ അസ്തിത്വത്തെക്കുറിച്ചാണ് ആ അദ്ധ്യായം.

രണ്ടാമത്തെയും മൂന്നാമത്തെയും അദ്ധ്യായങ്ങളില്‍  കറുത്ത പെണ്ണും വെളുത്ത പുരുഷനും തമ്മിലും, വെളുത്ത പെണ്ണും കറുത്ത പുരുഷനും തമ്മിലുമുള്ള സാമൂഹ്യ ബന്ധങ്ങളുടെ (ലൈംഗികതയുടെയും) വിചിത്രമായ ഇടപാടുകളാണ് പുസ്തകം കൈകാര്യം ചെയ്യുന്നത്. കോളണികളുടെ പൊതുവായ ചരിത്ര പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തലുകളെങ്കിലും, ഇത്, ഫ്രാന്‍സിന്റെ കോളണികളില്‍ നിലനിന്നിരുന്ന സവിശേഷമായ പശ്ചാത്തലത്തിന്റെയും ആ കാലഘട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് വായിക്കപ്പെടേണ്ടത്. ഭാഷ പോലെ, വര്‍ണ്ണവും അതിന്റെ മേല്‍ക്കോയ്മ കോളണികളിലെങ്ങിനെ സ്ഥാപിച്ചെടുക്കുന്നു എന്ന്, അക്കാലത്തെ ചില പ്രധാനപ്പെട്ട കൃതികളുടെ ചുവടു പിടിച്ച് ഫാനണ്‍ വിവരിക്കുന്നു.

“കോളണിവത്ക്കരിക്കപ്പെട്ടവരുടെ ആശ്രിത മനോഭാവത്തെ”ക്കുറിച്ചും, “കറുത്തവന്‍ ജീവിച്ച അനുഭവ’ത്തെക്കുറിച്ചുമുള്ള നാലും അഞ്ചും അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിന്റെ കാതല്‍. അവിടെയാണ് കറുത്തവന്റെ അപകര്‍ഷതയെക്കുറിച്ച്, അന്ന് നിലനിന്നിരുന്ന കൊളോണിയല്‍ മിത്ഥ്യകളെ ഇഴകീറി പരിശോധിക്കുന്നത്. കോളണികളില്‍ അടിച്ചേല്‍പ്പിക്കുന്ന വംശീയത മറ്റു വംശീയതകളില്‍നിന്ന് വിഭിന്നമാണെന്ന മട്ടിലുള്ള ചില സിദ്ധാന്തങ്ങളെയും നിശിതമായി ഫാനണ്‍ ഈ ഭാഗത്ത് എതിരിടുന്നുണ്ട്.

കറുത്തവന്റെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള, ഹ്രസ്വവും എന്നാല്‍ സത്യസന്ധവുമായ ഒരു ചെറിയ പഠനമാണ് ആറാമത്തെ അദ്ധ്യായത്തിലുള്ളത്. വെളുത്തവനെ കാണുകയും ഇടപെഴകുകയും ചെയ്യുന്നതു മുതല്‍ക്ക് കറുത്തവരുടെ “കൂട്ടായ ബോധപ്രക്രിയ’ക്കുണ്ടാകുന്ന പരിണാമങ്ങളും, അതിനകത്തെ വൈയക്തികമായ ഉത്‌കണ്ഠകളും, സംഭ്രാന്തികളും ഫാനണ്‍ പരിശോധിക്കുന്നു.

കറുത്തവന്റെ സ്വയം തിരിച്ചറിയലിറിയലിനെ, ആല്‍‌ഫ്രഡ് ആഡ്‌ലര്‍, ഹെഗല്‍ എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുന്നതാണ് ആറാമത്തെ അദ്ധ്യായം. പുസ്തകം അവസാനിക്കുന്നത് കറുത്തവന്റെ ചരിത്രപരമായ ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചുള്ള ഏഴാമത്തെ അദ്ധ്യയത്തോടെയും.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വെച്ച് ഇന്നത്തെ കാലത്ത് വിലയിരുത്തുമ്പോഴും ഫാനണിന്റെ ഈ പുസ്തകം പ്രസക്തമാണെന്നു കാണാം. ദളിത് സ്വത്വരൂപീകരണവും ഇന്ത്യയിലെ മുഖ്യധാരാ ജാതി-സമുദായങ്ങള്‍ അവക്കെതിരെയെടുക്കുന്ന നിലപാടുകള്‍ വെച്ചും ഒരു പരിധിവരെ ഈ പുസ്തകം വായിക്കാവുന്നതാണ്.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെ ഫ്രാന്‍സിലെയും ആന്റിലിയയിലെയും കറുത്ത വര്‍ഗ്ഗക്കാരനും, ഇന്ത്യയിലെ ദളിതനും (വര്‍ണ്ണ-ജാതി വൈരുദ്ധ്യം മാറ്റിവെച്ചാല്‍), സമാനമായ ചില ചരിത്രാവസ്ഥകള്‍ പങ്കുവെക്കാനുണ്ട്. അവിടെ കോളണി ഭരണമാണ് കറുത്തവന്റെ സ്വത്വരൂപീകരണത്തെ സാരമായി സ്വാധീനിച്ചതെങ്കില്‍, ഇവിടെ ഇന്ത്യയില്‍, ജാതി വ്യവസ്ഥ എന്ന മറ്റൊരു കൊളോണിയലിസത്തിന്റെ ഇരകളാണ് ദളിതര്‍ എന്നും പറയാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശയോടെ അത് തുടരുകയും ചെയ്യുന്നു.

ഫ്രാന്‍സ് ഫാനണിന്റെ ഭാഷയും എടുത്തുപറയത്തക്ക ഒന്നാണ്. വെടിയുണ്ടപോലെ ചിലപ്പോള്‍ അത് നമുക്കരികിലൂടെ മൂളിപ്പായും. ചിലപ്പോള്‍ കാവ്യാത്മകവും ചിലപ്പോള്‍ രോഷാകുലവുമാകും. താന്‍ സ്വായത്തമാക്കിയ വൈദ്യശാസ്ത്രത്തിന്റെയും, മനശാസ്ത്രത്തിന്റെയും പാഠങ്ങള്‍ക്കപ്പുറം താന്‍ കാണുകയും, കേള്‍ക്കുകയും, അതിലേറെ, അനുഭവിക്കുകയും ചെയ്ത ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ് ഫാനണ്‍ തന്റെ ഈ ചെറിയതെങ്കിലും ഗംഭീരമായ പഠനം അവതരിപ്പിക്കുന്നത്. വൈകാരികത ഇതില്‍ ഇല്ലാതില്ല. അത് പക്ഷേ അനിവാര്യമാണ്. എന്നിട്ടുപോലും ഫാനണ്‍ എത്തുന്ന നിഗമനങ്ങള്‍ ഒട്ടും വൈകാരികമല്ല. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍,

"I, a man of colour, want but one thing.

May man never be instrumentalized. May the subjugation of man by man - that is to say, of me by another - cease. May I be allowed to discover and desire man wherever he may be.

The black man is not. No more than the white man.

Both have to move away from the inhuman voices of their respective ancestors so that a genuine communication can be born.

.....O my body, always make me a man who questions!!

എന്നു മാത്രമാണ്. കറുത്തവനും വെളുത്തവനുമില്ലാത്ത ഒരു ലോകത്തെപ്പറ്റിയുള്ള ആ സ്വപ്നം കാണലില്‍ പക്ഷേ, ചരിത്രത്തിന്റെ നിരാകരണമില്ല. തെറ്റുകളെ പ്രതിക്കൂട്ടിലാക്കാതിരിക്കലില്ല. സ്വത്വത്തിന്റെ അവകാശ-സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും ഇല്ലാതിരിക്കുന്നില്ല.


28/11/12-ലെ ഫേസ്‌ബുക്ക് പോസ്റ്റ്

തിമിരക്കാഴ്ചകള്‍



നോര്‍വീജിയന്‍ വിമാനം ഇന്ത്യക്കു മുകളിലൂടെ വട്ടം ചുറ്റിക്കൊണ്ടിരുന്നു. രണ്ടേ രണ്ടു പേരേ അതിലുണ്ടായിരുന്നുള്ളു. പൈലറ്റും ഒരു നിരീക്ഷകനും. ഹിമാലയത്തിനു മുകളിലൂടെ പറന്ന് അത് ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലെത്തി. പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, നെല്‍പ്പാടങ്ങള്‍, പുഴകള്‍, കാടുകള്‍, മലകള്‍, മരുഭൂമികള്‍, ചതുപ്പുകള്‍, തെരുവുകള്‍, അമ്പലങ്ങള്‍, പള്ളികള്‍, സ്കൂളുകള്‍, വീടുകള്‍, കടകമ്പോളങ്ങള്‍, ആളുകള്‍..

“ഒന്നു മെല്ലെ പോ. അല്‍പ്പം താഴേക്കു പോരട്ടെ” നിരീക്ഷകന്‍ പറഞ്ഞു. അയാള്‍ താഴെ കാണുന്ന കാഴ്ചകളിലേക്ക് ദൂരദര്‍ശിനിയിലൂടെ നോക്കുന്നുണ്ടായിരുന്നു.

ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി അയാള്‍ക്കു കാണാം. വീടുകള്‍ക്കകത്തുള്ള ആളുകളെപ്പോലും കാണാനാവുന്നുണ്ട്. അയാളുടെ മുഖം ചുവന്നു. കവിളുകള്‍ ചുവന്നുതുടിച്ചു. കണ്ണുകളില്‍ കലശലായ ദേഷ്യം നുരഞ്ഞു.

“എന്തൊരു അക്രമമാണിത്!! ഫാസിസ്റ്റുകള്‍”

കാര്യം മനസ്സിലാകാതെ മിഴിച്ചുനോക്കിയിരിക്കുന്ന പൈലറ്റിനു അയാള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു.

“നോക്ക്, കുട്ടികളെ ഉപദ്രവിക്കുന്ന ഈ ആളുകളെ. ഇങ്ങനെയാണോ കുട്ടികളെ വളര്‍ത്തുക? എന്തൊരു അനീതിയാണിത്. ഇതങ്ങിനെ വിട്ടുകൂടാ”.

പൈലറ്റ് നോക്കി. കുട്ടികളെ വലിച്ചിഴച്ചു സ്കൂളിലേക്ക് കൊണ്ടുപോകുന്ന അച്ഛനമ്മാരെ അയാള്‍ കണ്ടു. ഗൃഹപാഠം ചെയ്യാത്തതിനു കുട്ടികളെ ചീത്ത പറയുകയും നുള്ളുകയും തല്ലുകയും ചെയ്യുന്ന ആളുകള്‍. അയാള്‍ക്ക് വിശേഷിച്ചൊന്നും തോന്നിയില്ല. ഇതൊക്കെ പതിവു കാഴ്ചകളല്ലേ? എവിടെയാണ് ഇയാള്‍ പറഞ്ഞ ഫാസിസ്റ്റുകള്‍?

“ഓ, അതോ, അത് അവരുടെ അച്ഛനമ്മമാരല്ലേ?”

“എന്നുവെച്ച്? കുട്ടികളെ ഇങ്ങനെ ദ്രോഹിക്കാന്‍ പാടുണ്ടോ? ഇതൊരു ഫാസിസ്റ്റ് രാജ്യമാണ്. എല്ലാവരും ഫാസിസ്റ്റുകള്‍”.

“കുട്ടികളും അച്ഛനമ്മമാരും, അവരായി, അവരുടെ പാടായി. വിട്ടുകളയണം സര്‍”

നിരീക്ഷകനു ദേഷ്യം വന്നു. താഴെ കാണുന്ന ആ രാജ്യം ഒരു തികഞ്ഞ ഫാസിസ്റ്റ് രാജ്യമാണെന്ന് അയാള്‍ക്ക് കൂടുതല്‍ക്കൂടുതല്‍ ബോധ്യമായി. എന്തൊക്കെയാണ് കാണുന്നത്. മക്കളെ ചീത്ത പറയുകയും സ്കൂളിലേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുന്ന ക്രൂരന്മാരായ   മാതാപിതാക്കള്‍. പഠിക്കാത്തതിനും പുസ്തകം കൊണ്ടുവരാത്തതിനും, ക്ലാസ്സില്‍ ബഹളം വെച്ചതിനും കുട്ടികളെ ബെഞ്ചില്‍ കയറ്റി നിര്‍ത്തുകയും ചൂരല്‍ പ്രയോഗം നടത്തുകയും ചെയ്യുന്ന കാപാലികരായ അദ്ധ്യാപികാദ്ധ്യാപകര്‍.

“ഇത് ഫാസിസമാണ്. ഇതനുവദിച്ചുകൂടാ” നിരീക്ഷകന്‍ പിറുപിറുത്തു.

“ഇതൊക്കെ എല്ലാ നാട്ടിലും സാധാരണയല്ലേ സര്‍? ഈ ഫാസിസം എന്നു പറയുന്നത് ഇതല്ലല്ലോ?”

“പിന്നെയല്ലാതെ?”

“സാറിനറിയാമോ? കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുണ്ട് ഈ നാട്ടില്‍. പഴുപ്പിച്ച ചട്ടുകവും ഇസ്ത്രിപ്പെട്ടിയും വെച്ച് പൊള്ളിക്കുന്നവരുണ്ട്. മഹാവികൃതികളായ കുട്ടികളെ ചങ്ങലക്കിടുന്നവരും തല്ലിക്കൊല്ലുന്നവരുമുണ്ട്. പരീക്ഷയില്‍ തോറ്റതിന് വെള്ളവും ഭക്ഷണവും കൊടുക്കാതെ ഇരുട്ടുമുറിയില്‍ അടച്ചിടുന്നവരുണ്ട്”.

നിരീക്ഷകന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ താഴേക്ക് നോക്കിക്കൊണ്ടിരുന്നു.

“കുട്ടികളെക്കൊണ്ട് അപകടകരമായ തൊഴിലുകളും കൂലിവേലയും ചെയ്യിക്കുന്നവരുണ്ട്. കുട്ടികളെ വില്‍ക്കുന്നവരും കടത്തുന്നവരുമുണ്ട്.കുട്ടികള്‍ക്ക് താത്പര്യമില്ലാത്ത വിഷയങ്ങള്‍ അവരെ അടിച്ചേല്‍പ്പിക്കുന്നവരുണ്ട്”. 

പൈലറ്റ് വിമാനം കുറേക്കൂടി താഴേക്ക് കൊണ്ടുപോയപ്പോള്‍ നിരീക്ഷകന്‍ ചോദ്യഭാവത്തില്‍ നോക്കി.

“സര്‍, കുറച്ചുകൂടി താഴത്തേക്കു പോയാല്‍ വേറെയും ചില കാഴ്ചകളുണ്ട്. വലിയ കാഴ്ചകള്‍. വിചാരണ കൂടാതെ വര്‍ഷങ്ങളോളം ആളുകളെ തടവിലിടുന്ന കോടതികള്‍, ജയിലുകള്‍. സംശയം തോന്നിയവരെയൊക്കെ രായ്ക്കുരാമാനം വീടുകളില്‍നിന്നിറക്കി വെടിവെച്ചു കൊല്ലുന്നവര്‍. അമ്പലത്തിന്റെയും പള്ളിയുടെയും പേരില്‍ ആളുകളെ തമ്മില്‍ കൊല്ലിക്കുന്നവര്‍. പിഞ്ചുകുഞ്ഞുങ്ങളെ ശൂലങ്ങളില്‍ കോര്‍ക്കുന്നവര്‍. ഗര്‍ഭിണികളെ ചുടുന്നവര്‍. നാട്ടിലെ കിണറ്റില്‍നിന്ന് വെള്ളം കോരിയവനെ കൊന്നുകൊലവിളിക്കുന്നവര്‍. ഗ്രാമങ്ങളില്‍നിന്നും കാടുകളില്‍നിന്നും മലകളില്‍നിന്നും ആളുകളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ആ നാടുകളൊക്കെ കിട്ടിയ വിലയ്ക്ക് കണ്ടവന് വിറ്റുതുലക്കുന്നവര്‍. പുസ്തകമെഴുതിയതിനും, ചിത്രം വരച്ചതിനും സിനിമ പിടിച്ചതിനും, ഇഷ്ടപ്പെട്ടവരെ ജീവിതപങ്കാളിയാക്കിയതിനും കുരിശിലേറ്റപ്പെട്ടവര്‍. പൊന്നും പണവും കൊടുക്കാത്തതിന് പെണ്ണിനെ സ്റ്റൌ പൊട്ടിത്തെറിപ്പിച്ച് കൊല്ലുന്നവര്‍. ഇതൊന്നും കാണാത്തവരും, കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നവരും. അങ്ങിനെയും ചില കാഴ്ചകളുണ്ട് സാര്‍ താഴത്ത്. അവരല്ലേ കൂടുതല്‍ വലിയ ഫാസിസ്റ്റുകള്‍?”

നിരീക്ഷകന്റെ മുഖം ഗൌരവം പൂണ്ടു. അയാള്‍ തത്ത്വചിന്തയിലേക്ക് ആണ്ടിറങ്ങി.

“ചെറിയ ഫാസിസങ്ങളില്‍നിന്നാണ് നീ പറഞ്ഞ ആ വലിയ ഫാസിസങ്ങള്‍ തുടങ്ങുന്നത്. അതുകൊണ്ട് ഈ ചെറിയ ഫാസിസങ്ങളെയാണ് ആദ്യം നമ്മള്‍ അടിച്ചമര്‍ത്തേണ്ടത്”.

“അപ്പോള്‍ വലിയ ഫാസിസങ്ങള്‍ ബാക്കിയാവില്ലേ സര്‍”, പൈലറ്റും അല്‍പ്പം തത്ത്വചിന്ത വിളമ്പി നോക്കി.

“ആദ്യം ചെറിയ ഫാസിസങ്ങളെ നമുക്ക് ഉന്മൂലനം ചെയ്യണം. വലിയ ഫാസിസങ്ങളെ വിട്ടേക്കുക. അവ, മനുഷ്യരെപ്പോലെത്തന്നെ, ഒരു പ്രായം കഴിഞ്ഞാല്‍ ചത്തു മണ്ണടിയില്ലേ മണ്ടാ. അതോടെ എല്ലാ ഫാസിസത്തില്‍നിന്നും ഈ നാട് വിമുക്തമാവും”. വലിയൊരു ജ്ഞാനോദയമുണ്ടായതിന്റെ നിര്‍വൃതിയില്‍ നിരീക്ഷകന്‍ സീറ്റില്‍ ചാഞ്ഞിരുന്നു.

കുട്ടികളെ സ്നേഹത്തോടെ ശാസിക്കുകയും, അവര്‍ക്കുനേരെ കണ്ണുരുട്ടുകയും, ക്ഷമകെടുമ്പോള്‍ മാത്രം, ഇടയ്ക്ക് വല്ലപ്പോഴും കൈകള്‍ പരമാവധി തളര്‍ത്തി ഒന്നു ചെറുതായി പൊട്ടിക്കുകയും, പിന്നീട് അതിനെക്കുറിച്ചുപോലും പരിതപിക്കുകയും ചെയ്യുന്ന ചെറിയ ഫാസിസ്റ്റു മനുഷ്യര്‍ അപ്പോഴും താഴെ, വീടുകളിലും തെരുവുകളിലും, തങ്ങളെ കാത്തിരിക്കുന്ന ദുര്‍വ്വിധിയെക്കുറിച്ച് അജ്ഞരായി അവരുടെ നിത്യവൃത്തികളില്‍ കഴിഞ്ഞുപോന്നു. തടി കേടാകാതെ രക്ഷപ്പെട്ടുതിന്റെ സന്തോഷത്തില്‍ ആശ്വാസത്തോടെ, ആള്‍ക്കൂട്ടങ്ങളെയും അഭയാര്‍ത്ഥികളെയും ലക്ഷ്യമാക്കി, വലിയ ഫാസിസ്റ്റുകള്‍  അവരുടെ ആയുധപ്പുരകളിലേക്ക് നീങ്ങി.

തൊട്ടടുത്ത സീറ്റിലിരുക്കുന്ന ഫാസിസത്തെ ഏതു കൊക്കയിലാണ് നിക്ഷേപിക്കേണ്ടതെന്ന് കൂലങ്കുഷമായി ചിന്തിച്ച് പൈലറ്റ് വിമാനം പറപ്പിച്ചു.


11/12/2012-ലെ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

പ്രതിരോധത്തിന്റെ ചെറിയ കുത്തിവെയ്പ്പുകള്‍


അന്നും ഒരു ക്രിസ്തുമസ്സ് കാലമായിരുന്നു. 89-ലെ ഒരു ഡിസംബര്‍ മാസത്തിന്റെ നടുഭാഗം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് പഠനവും ബോധവത്ക്കരണവും നടത്താന്‍, ലോകാരോഗ്യസംഘടന ഇന്ത്യന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ബ്യൂറോവിനെ (IMRB) ഏല്‍പ്പിച്ച ഒരു സര്‍വ്വെയുടെ ഭാഗമായി ഇടുക്കി, മൂന്നാര്‍ ഭാഗത്തേക്ക് പോയതായിരുന്നു ഞങ്ങള്‍.

ഇടുക്കിയിലും മൂന്നാറിലും നല്ല മഴയായിരുന്നു ആ നാലഞ്ചു ദിവസം. അഞ്ചാറുപേരുണ്ടായിരുന്ന ഒരു ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. ഓരോ പ്രദേശത്തും പോയി, അവിടെയുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ പ്രവര്‍ത്തകരോടൊപ്പം, അതാതിടങ്ങളില്‍ത്തന്നെയുള്ള സ്ത്രീകളെയും കുട്ടികളെയും വിളിച്ചുകൂട്ടി അവരുടെ അനുഭവങ്ങള്‍ കേട്ടറിയുക. അമ്മക്കും കുഞ്ഞിനും നല്‍കേണ്ടുന്ന പ്രതിരോധ ചികിത്സകളെക്കുറിച്ച് അവര്‍ക്ക് പൊതുവായ ക്ലാസ്സെടുക്കുക. ഗ്രൂപ്പിലെ ഒരു വനിതാ അംഗത്തിന്റെ സഹായത്തോടെ സ്ത്രീകളെ പ്രത്യേകം വിളിച്ച് പ്രസവാനന്തര ശുശ്രൂഷകളെക്കുറിച്ചുള്ള ക്ലോസ്സ്‌ഡ് സെഷനുകള്‍. അങ്ങിനെ പല ദൌത്യങ്ങളായിരുന്നു ഞങ്ങളുടെ സര്‍വ്വെയില്‍. പൈനാവ്, നെടുങ്കണ്ടം, ദേവികുളം, ഉടുമ്പഞ്ചോല, മൂന്നാര്‍ തുടങ്ങി പലയിടങ്ങളിലും പോയി. തോട്ടം തൊഴിലാളികളായ സ്ത്രീകളായിരുന്നു ഞങ്ങളുടെ ഒരു പ്രധാന ടാര്‍ജറ്റ്. അവരില്‍ ഭൂരിഭാഗവും തമിഴരായിരുന്നു. പ്രത്യേകിച്ചും മൂന്നാര്‍ ഭാഗങ്ങളില്‍.

ആ തോട്ടം തൊഴിലാളി സ്ത്രീകള്‍ പറഞ്ഞ കഥകള്‍ ഇന്നും ഓര്‍മ്മയുണ്ട്. കുറഞ്ഞ വേതനത്തിന്, തകരഷെഡ്ഡിലെ ഒറ്റമുറികളില്‍ കഴിയുന്ന നാലഞ്ചുപേര്‍ വരുന്ന കുടുംബങ്ങള്‍. തോട്ടമുടമയുടെയും കങ്കാണിമാരുടെയും (അവരില്‍ മലയാളികളും തമിഴന്മാരുമുണ്ടായിരുന്നു) കീഴില്‍ അനുഭവിക്കേണ്ടിവരുന്ന അടിമജീവിതം. പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് കേട്ടിട്ടേയില്ലാത്തവരും കേട്ടുമാത്രം അറിഞ്ഞവരും. പ്രസവം കഴിഞ്ഞയുടനെ, കയ്യില്‍ കിട്ടിയ ബ്ലേഡോ കത്തിയോ ഉപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ച് മക്കളെ വിമോചിപ്പിച്ച്, അടുത്ത മണിക്കൂറില്‍ തൊഴിലിടത്തേക്ക് പോകുന്നവര്‍. നാട്ടുവൈദ്യത്തിന്റെയും മന്ത്രവാദത്തിന്റെയും വയറ്റാട്ടികളുടെയും ദയാവായ്പുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിര്‍ദ്ധനരും നിസ്സഹായരുമായ മനുഷ്യജീവികള്‍. ആവശ്യത്തിനു ജോലിക്കാരോ മരുന്നോ ഇല്ലാത്ത, പലപ്പോഴും അനാഥമായ നിലയിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍. കീറിപ്പഴകിയ ഉടുപ്പുകളും തണുപ്പിനോട് തോല്‍ക്കുന്ന കമ്പിളികളുമായി ഇടുക്കിയുടെയും മൂന്നാറിന്റെയും കല്ലേപ്പിളര്‍ക്കുന്ന തണുപ്പിനെ അതിജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.അവര്‍ക്കിടയില്‍ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ച് പ്രഭാഷണം നടത്തുന്നതുതന്നെ, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു വലിയ ഫലിതമോ പ്രഹസനമോ ആയിരുന്നു.

നെടുങ്കണ്ടത്ത് ഒരു ഉച്ചക്കാണ് എത്തിയത്. മഴക്കോള്‍ നിറഞ്ഞ് ഇരുണ്ട ഒരു ഉച്ചയ്ക്ക്. താമസിക്കാന്‍ കിട്ടിയ ചെറിയൊരു ഗസ്റ്റ് ഹൌസ് പൂട്ടിക്കിടന്നിരുന്നു. വാച്ച്‌മാന്‍ താമസിക്കുന്നത് ഒരു കുന്നിന്‍ ചെരുവിലാണ്. അയാളെ തേടി ഞങ്ങള്‍ അവിടേക്ക് ചെന്നു. തീരെ ചെറിയൊരു വീട്. സര്‍ക്കാര്‍ അയച്ച വല്ല്യേമാന്മാര്‍ എന്ന് ഞങ്ങളെ തെറ്റിദ്ധരിച്ച് പാവം, പരിഭ്രമിച്ച് താക്കോലെടുത്ത് നൂറായിരം ക്ഷമാപണത്തോടെ അയാള്‍ ഞങ്ങളെ ഗസ്റ്റ് ഹൌസിലേക്ക് വഴിതെളിച്ചു.

മഴക്കാര്‍ കൂടിക്കൂടിവന്നു. പുറത്തുവന്ന് നെടുങ്കണ്ടത്തിന്റെ മഴയെ വരവേല്‍ക്കാന്‍ ഒരു സിഗരറ്റിനു തീകൊടുത്ത് ഞാന്‍ നില്‍ക്കുമ്പോഴുണ്ട്, പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍‌കിടാവ് കുന്നിറങ്ങി ഓടിവരുന്നു. മഴയെത്തും മുന്‍പേ വീടെത്താനുള്ള ധൃതിപിടിച്ചു വരവില്‍, ഗസ്റ്റ് ഹൌസിനുമുന്നില്‍ അച്ഛനെയും അപരിചിതരെയും കണ്ട് അവള്‍ അല്‍പ്പം ശങ്കിച്ച് ഗസ്റ്റ് ഹൌസിലേക്ക് വന്നു. വാച്ച്‌മാന്‍ അവളുടെ കൂടെ ചായ ഉണ്ടാക്കാന്‍ ചായ്പ്പിലേക്ക് പോയി.

മഴ പെയ്യാന്‍ തുടങ്ങി. ചറുപിറുന്നനെ. ആ പെണ്‍‌കുട്ടി ഉമ്മറത്തിണ്ണയില്‍ വന്നിരുന്ന് കുറേ നേരം മഴ കണ്ടു. പിന്നെ, പെട്ടെന്നൊരു ഉള്‍വിളിയാലെന്നോണം അവള്‍ ഗസ്റ്റ് ഹൌസിന്റെ പിന്നാമ്പുറത്തേക്ക് പോയി.

മഴയോടൊപ്പം ഒരു ചെറിയ പാട്ടിന്റെ മൂളല്‍ ഉയര്‍ന്നുവന്നു. ഒതുങ്ങിയ ശബ്ദത്തില്‍. താത്പര്യം അടക്കാനാവാതെ ഞാന്‍ പിന്നാമ്പുറത്തേക്ക് പോയി. ചായ്പ്പിനോട് ചേര്‍ന്ന് തീരെ ഇടുങ്ങിയ ഒരു സ്റ്റോര്‍ മുറിയുണ്ടായിരുന്നു. അവിടെ ഒരു മൂലക്കല്‍, ചെറിയൊരു സ്റ്റൂളില്‍ മെഴുതിരിക്കൂടും, ചുവരില്‍ നിറം മങ്ങിയ ക്രിസ്തുവും, ക്രിസ്തുവിന്റെ മുന്‍പില്‍, മുട്ടുകുത്തിനിന്ന് അവളുമുണ്ടായിരുന്നു. അവള്‍ പാടുകയായിരുന്നു. സ്തോത്രങ്ങള്‍ക്കു പകരം സിനിമാപ്പാട്ടുകള്‍. “ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാ”വും, “ഈശോ മറിയം ഔസേപ്പു’മൊക്കെ. |

കണ്ണടച്ചായിരുന്നു അവള്‍ പാടിയിരുന്നതെങ്കിലും ഇടയ്ക്ക് വല്ലപ്പോഴും കണ്ണുതുറന്ന് അവള്‍ ക്രിസ്തുവിനെ കരുണാര്‍ദ്രമായി നോക്കുന്നുണ്ടായിരുന്നു. ക്രിസ്തു അവളെയും.

പ്രാരാബ്ധങ്ങളുടെയും രോഗങ്ങളുടെയും അടിമവേലയുടെയും ലോകത്ത് കഴിയുന്ന ഇടുക്കിയിലെയും മൂന്നാറിലെയും ആ തോട്ടം തൊഴിലാളി സ്ത്രീകള്‍ മുഴുവനും അന്ന് ആ ചെറിയ മുറിയില്‍ അദൃശ്യരായി അവളോടൊപ്പമുണ്ടായിരുന്നു. ആ നിര്‍ദ്ദയമായ, നീതിരഹിതമായ ലോകത്തിനെതിരെ, താന്‍ പോലുമറിയാതെ, ഒറ്റക്കു മുട്ടുകുത്തിനിന്ന് അവരോടൊപ്പം അണിചേര്‍ന്ന്, പാട്ടിന്റെയും വിശ്വാസത്തിന്റെയും ദുര്‍ബ്ബലമായ പ്രതിരോധം തീര്‍ക്കുന്ന ആ പെണ്‍‌കുട്ടിയെയും, അവളുടെ പാട്ടിനു ശ്രുതി ചേര്‍ത്ത നെടുങ്കണ്ടത്തെ ആ പഴയ മഴക്കരച്ചിലിനെയും ഇന്നും എല്ലാ ക്രിസ്തുമസ്സ് കാലത്തും എനിക്കോര്‍മ്മവരാറുണ്ട്.



24/12/2012 - ല്‍ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്