Thursday, May 26, 2011

സഹായത്തിന്റെ നീരാളിക്കൈയ്യുകൾ
നിങ്ങൾ ഒരു ഹിന്ദുവാണോ?

ഷോപ്പിംഗിനോ തീർത്ഥാടനത്തിനോ പോകുമ്പോൾ, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, പ്രകൃതിദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ, സന്തുബന്ധുക്കളായ നിങ്ങളുടെ സ്വന്തം പെൺ‌കുട്ടികൾ ലവ്‌ ജിഹാദുകളിൽ പെട്ട് വഞ്ചിക്കപ്പെടുമ്പോൾ, നിങ്ങൾക്ക് സഹായം ആവശ്യമാണോ?

എങ്കിൽ ഉടനടി താഴെക്കാണുന്ന ഈ നമ്പറുകളിൽ ഏതെങ്കിലുമൊന്നിൽ വിളിക്കുക

02066803300 അഥവാ 07588682181.

യാത്രാവശ്യങ്ങൾക്ക് വാഹനം വേണ്ടി വരുമ്പോഴും, വാഹനത്തിന്റെ തകരാറുകൾ കൊണ്ട് വഴിയിൽ കുടുങ്ങുമ്പോഴും, നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും കിട്ടാതെ നിങ്ങൾ വലയുമ്പോഴും ജ്യോതിഷ-നിയമ-ആരോഗ്യ പ്രശ്നങ്ങളിൽ പെട്ട് ഉഴലുമ്പോഴും, എന്തിനും എപ്പോഴും, മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു ഹിന്ദു വോളന്റിയർ ഉടനടി നിങ്ങളുടെ സഹായത്തിനെത്തുന്നതായിരിക്കും. ഇനി, നിങ്ങൾക്കും ഒരു വോളന്റിയറായി ഇതിൽ സേവനം അനുഷ്ഠിക്കണമെന്നുണ്ടോ, എങ്കിൽ മടിച്ചുനിൽക്കാതെ വരൂ, പങ്കാളികളാകൂ..

ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ.

ഇത്, ആഗോള ഹിന്ദുക്കൾക്കുവേണ്ടി, ആഗോള ഹിന്ദുക്കളാൽ നടത്തുന്ന, ആഗോള ഹിന്ദുക്കളുടെ ഒരു സഹായഹസ്തം. ഹിന്ദു ഹെൽ‌പ്പ്‌ലൈൻ (HHL).

എന്ന്, നിങ്ങളുടെ സ്വന്തം

തൊഗാഡിയ

Monday, May 23, 2011

വിശുദ്ധരോമം


ആർക്കെങ്കിലും വേണോ ഒരു പിടി തിരുകേശം? എങ്കിലിതാ എടുത്തുകൊള്ളുക.

എന്റെ താടിയിൽനിന്ന് ഒരു തിരുകേശം. സൌജന്യമായിട്ട് തരുന്നതാണിത്..വേണമെങ്കിൽ മതി.

1979 മുതൽ താലോലിച്ചുവളർത്തി തുടങ്ങിയതാണിവയെ. അന്നത്തെ ഒരു കോളേജുകുമാരന്റെ മുഖപത്മത്തെ അലങ്കരിച്ച്, അവന്റെ ഹൃദയത്തുടിപ്പുകളെയും വ്യഥകളെയും കനവുകളെയും താടിയിലേറ്റി, അമ്പതിന്റെ നിറവിലേക്ക് ഇനി രണ്ടുവർഷം ദൂരം മാത്രമുള്ള പഴയൊരു വിശുദ്ധരോമരാജിയുടെ ഏറ്റവും പുതിയ തലമുറയിലെ ഒരു വിശുദ്ധരോമം.

ചെവി ചേർത്തുപിടിക്കൂ..സൂക്ഷിച്ചുനോക്കൂ..കാണാനും കേൾക്കാനും കഴിയുന്നില്ലേ പോയ്‌പ്പോയ ഒരു കാലഘട്ടത്തിന്റെ ശബ്ദം, മൌനം...പരുപരുപ്പ്, മിനുസം...ജട, നര...ഗന്ധം?

തൃക്കാക്കരെ എൻ.ജി.ഒ.ക്വാർട്ടേഴ്സിലിറങ്ങി ഭാരതമാതയുടെ മുന്നിലേക്ക് നീങ്ങുന്ന താഴ്വരയിലെ നടത്തങ്ങളിലെ പൊടിപുരണ്ടതാണവ..എൻ.ജി.ഒ. എന്നത് അത്ര കറപുരണ്ട വാക്കായിരുന്നില്ല അന്ന്. ഭാരതമാതാവ് ഇന്നത്തെപ്പോലെ അഴിഞ്ഞാടാനും തുടങ്ങിയിരുന്നില്ല.

70-കളുടെ അവസാനത്തിന്റെയും 80-കളുടെ ആരംഭത്തിന്റെയും കേരളത്തിലെ കലാലയങ്ങളുടെ സ്വർഗ്ഗീയ സുഗന്ധം ഇപ്പോഴുമുണ്ട് ഈ താടിരോമങ്ങളിൽ. ആ വളമാണ് ഈ തിരുരോമത്തിന്റെ ബലം.  ‘ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര‘യോടെ ചുള്ളിക്കാടിന്റെയും അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകൾ തൊണ്ടപൊട്ടുമാറുറക്കെ ചൊല്ലി വോക്കൽ കോർഡുകൾ തകർന്ന ഒരു കദനകഥ ഇപ്പോഴും ഈ തിരുരോമത്തിന്റെ ഉള്ളുകളിൽ ചെവിയോർത്താൽ നിങ്ങൾക്ക് കേൾക്കാനാകും.

പഴയൊരു ഇംഗ്ലീഷ് ബീയേ ലിറ്ററേച്ചർ ക്ലാസ്സിന്റെ മുറിയിൽ തുടങ്ങി അവിടെത്തന്നെ ഒടുങ്ങിയിട്ടും ഇന്നും ജരാനരകൾ ബാധിക്കാതെ തുടരുന്ന ഒരു പഴയ പ്രണയസുഗന്ധത്തിന്റെ ചൂടുണ്ട് മുപ്പത്തൊന്നു കൊല്ലം പഴക്കമുള്ള ഈ തിരുകേശത്തിന്..സംശയമുണ്ടെങ്കിൽ, ഇതാ, ഒന്നു തൊട്ടുനോക്കൂ..

ജീവിതവൃത്തി തിരഞ്ഞ് കൽക്കത്തയിൽ, ദില്ലിയിൽ, മീററ്റിൽ, സഹറാൻപൂരിൽ, ആഗ്രയിൽ, ലൿനോവിൽ, അലഹബാദിൽ, ഹരിയാനയിൽ, കട്ടക്കിൽ, ഹുബ്ലിയിൽ, ദാവൻ‌ഗരെയിൽ, ചിൿമഗളൂരിൽ, ബാംഗ്ലൂരിൽ മൈസൂരിൽ, ഹസ്സനിൽ, വാറങ്കലിൽ, ഹൈദരാബാദിൽ, മദിരാശിയിൽ, മധുരയിൽ, ബോംബയിൽ, നാഗപൂരിൽ, ഗുജറാത്തിൽ, ജാം‌നഗറിൽ..പിന്നെ, സൌദിയിൽ, അബുദാബിയിൽ, ഫ്യുജറയിൽ..എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ കേശമാണിത്..

ഉറക്കമൊഴിഞ്ഞിരുന്ന് രാത്രികളെ പകലാക്കിയ എന്റെ വായനാദിനങ്ങളുടെ മൂന്നു പതിറ്റാണ്ടുകൾക്ക് നിത്യസാക്ഷിയായിരുന്നതാണ് ഈ തിരുരോമം. ഓരോ നെടുവീർപ്പുകളുടെയും കൂടെ എത്രയോ തവണ ഉഴിയപ്പെട്ട് മിനുസം വന്ന ഒരു ചരിത്രമുണ്ട് അതിന്.

അതിനെയാണ് ഞാൻ നിങ്ങൾക്ക് തരുന്നത്. അതിനെ വേണ്ടെന്നു വെക്കാം നിങ്ങൾക്ക്. പക്ഷേ, അത് വ്യാജമാണെന്നോ, അതിന്റെ ഉറവിടം സംശയാസ്പദമാണെന്നോ പറയാനാണ് ഭാവമെങ്കിൽ, നിങ്ങൾ എന്റെ ശത്രുവാണെന്ന് പറയേണ്ടിവരും എനിക്ക്. എന്റെ പ്രണയമതത്തിന്റെ, എന്റെ രാഷ്ട്രീയവിശ്വാസങ്ങളുടെ, എന്റെ യാത്രകളുടെ, എന്റെ അന്വേഷണങ്ങളുടെ, എന്റെ കാലഘട്ടത്തിന്റെ, ആ കാലഘട്ടത്തിലൂടെ നടന്നുപോയ എന്റെ നാടിന്റെ സത്യത്തെയാണ് നിങ്ങൾ സംശയിക്കുന്നത് എന്ന് ഞാൻ പറയും.

നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട. ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിലെ ജിജ്ഞാസുക്കളായ കുട്ടികളുടെ മുന്നിൽ എന്റെ ഈ ശരീരവും ഈ തിരുകേശവും എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരും.

അതിനുമുൻപ്, ഒരു തിരുകേശം ഞാൻ മുറിച്ച് മാറ്റിവെക്കും.

പാമുക്കിന്റെ ‘നിഷ്ക്കളങ്കതയുടെ കാഴ്ചബംഗ്ലാ‘വിനെക്കുറിച്ച് കേട്ടിട്ടില്ലേ..അതുപോലൊന്നിൽ ഞാനീ തിരുരോമം കാഴ്ചക്കുവെക്കും. ഒരു കണ്ണാടിക്കൂട്ടിൽ. ‘ഒരു തിരുമേനിയിലെ വിശുദ്ധരോമം‘ എന്ന് അതിനുതാഴെ വടിവൊത്ത അക്ഷരത്തിൽ എഴുതിവെക്കുകയും ചെയ്യും.

Sunday, May 15, 2011

3 ഇഡിയറ്റ്സ്

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു.

പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, കേരളത്തിന്റെ അടുത്ത അഞ്ചുകൊല്ലത്തെ ഭാവി ഈ മൂന്നു ഇഡിയറ്റുകൾക്ക് നമ്മൾ കാഴ്ചവെച്ചിരിക്കുന്നു.


ഏണിയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന ഏത് നികൃഷ്ടജീവിയെയും മൃഗീയഭൂരിപക്ഷം കൊടുത്ത് വിജയിപ്പിക്കുമെന്ന് നിശ്ചയിച്ചുറച്ച മുസ്ലിം ലീഗിലെ മാപ്പിളകൾ.


പള്ളിക്കും പട്ടക്കാരനും വേണ്ടി ഏതു വലിയ കള്ളനെയും എത്രനാൾ വേണമെങ്കിലും ചുമക്കുമെന്ന് ആജീവനാന്തം ശപഥം ചെയ്ത കേരള കോൺഗ്രസ്സിലെ നസ്രാണികൾ.

നാലണക്കുവേണ്ടി ആർക്കും എന്തു വിടുവേലയും എപ്പോൾ വേണമെങ്കിലും ചെയ്തുകൊടുക്കുമെന്ന് തെളിയിച്ച പെരുന്നയിലെ നായന്മാർ.

അണിയറയിൽ ഗംഭീരന്മാർ വേറെയുമുണ്ട്..വെള്ളാപ്പള്ളികൾ കാന്തപുരങ്ങൾ, കുമ്മനങ്ങൾ, വീരവയനാടൻ തമ്പാന്മാർ..അങ്ങിനെയങ്ങിനെ നിരവധി പേർ..

കട്ടും, മുടിച്ചും, കൈ വെട്ടിയും, മുക്കിക്കൊന്നും, അമ്മപെങ്ങന്മാരുടെ മടിക്കുത്തഴിച്ചും ആഘോഷിക്കാൻ.. ആർമ്മാദിക്കാൻ..

ഒരു അഞ്ചുവർഷം നമുക്കിനി വീണ്ടും സ്വന്തം.

Wednesday, May 11, 2011

ഇടതിന്റെ ഇടങ്ങള്‍എൽ.ഡി.എഫിന്റെ ഔപചാരികമായ വിജയാഘോഷത്തിന് ഇനി കേവലം ഒരു ദിവസം കൂടി കാത്തിരിക്കുക.

ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷിമുക്കി മലയാളികൾ ഏപ്രിൽ 13-ന് വിധിനിർണ്ണയിച്ചതിനും ഏറെ മുൻപുതന്നെ എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമായിരുന്നു.

നായന്മാരും ധർമ്മപരിപാലനക്കാരും സനാതനക്കാരും സഭയും, തങ്ങളുപ്പാപ്പമാരും, സ്വാശ്രയക്കാരും, പൊതുഭൂമി കയ്യേറി കൈവശം വെച്ച് നുണഞ്ഞിരിക്കുന്ന ഭൂമാഫിയകളും, സർക്കാരാപ്പീസുകളിൽ സമയബന്ധിതമായി പണിയെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥവൃന്ദങ്ങളും, ഭാഷാസാഹിത്യങ്ങളിൽ മാത്രം ഇത്രനാളും രമിച്ചിരുന്ന്, ഒരു സുപ്രഭാതത്തിൽ തൊട്ടടുത്ത അങ്ങാടിയിൽനിന്ന് രാഷ്ട്രീയകാൽ‌പ്പനികബോധം വിലക്കുവാങ്ങിക്കുന്ന സാംസ്ക്കാരിക കൊമ്പനാനകളും, താത്ക്കാലികമായ വെടിനിർത്തലിൽ ഒപ്പുവെച്ച് ഇടതിനെതിരെ ഒരുമിച്ച് പടക്കിറങ്ങിയ മാധ്യമ-ചാനലുകളും എല്ലാം ഒരേ അക്ഷൌഹിണിയുടെ വിവിധമുഖങ്ങളിൽ സർവ്വായുധങ്ങളുമായി സജ്ജരായി നിൽക്കുമ്പോൾ, അവർക്കെതിരെ
ഒറ്റക്കു നിന്ന് പൊരുതാനിറങ്ങുന്നവനെ തോൽ‌പ്പിക്കാൻ ഒരു തിരഞ്ഞെടുപ്പുവിധിക്കും കഴിയില്ല.

വിദ്യാഭ്യാസ-ആരോഗ്യ-ധനവിനിയോഗ രംഗങ്ങളിൽ, ഇക്കഴിഞ്ഞ അഞ്ചുകൊല്ലക്കാലയളവിൽ, കേരളത്തിലെ ഇടതുപക്ഷത്തിന് ചെറുതല്ലാത്ത കാൽ‌വെപ്പുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യങ്ങളെല്ലാം സഫലമായി എന്നല്ല പറഞ്ഞുവരുന്നത്. വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുമുണ്ട്. എങ്കിലും ലക്ഷ്യങ്ങൾ സഫലമാവുകയോ അല്ലാതാവുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്ത്വം പൂർണ്ണമായി പാ‍ർട്ടികളിൽ കെട്ടിവെക്കുന്ന ഒരു സമൂഹത്തിന് ഒരു മാപ്പുസാക്ഷിയുടെ അതേ സ്വഭാവമാണ്. തെറ്റുകള്‍ക്ക് കൂട്ടുനിന്ന് ഒടുവിൽ കൂടെ നിന്നവനെ ബലികൊടുത്ത് സ്വന്തം തടി രക്ഷിക്കുന്ന മാപ്പുസാക്ഷിയുടെ സ്വഭാവം. 59 മുതൽ ഇന്നുവരെ, ഇടതുപക്ഷം ഭരണത്തിലിരുന്നപ്പോഴെല്ലാം മലയാളി സമൂഹം പുലർത്തിയിരുന്ന മനോഭാവവും അത്തരത്തിലുള്ള ഒന്നായിരുന്നു. വിമോചനസമരം മുതലിങ്ങോട്ട് മലയാളിയുടെ ‘രാഷ്ട്രീയപ്രബുദ്ധത‘യുടെ ആ കൊടിയടയാളങ്ങൾ ഒന്നൊന്നായി കാണാൻ കഴിയും. അടിയന്തിരാവസ്ഥക്കുശേഷം 77-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലായിരുന്നു അതിന്റെ കലാശക്കൊട്ട്.

പത്തുകൊല്ലത്തിലൊരിക്കല്‍ മാത്രം തങ്ങളെ ഭരിക്കാന്‍ ഇടതിനു ജനസമ്മതി ദാനം ചെയ്ത് പ്രബുദ്ധനാകുന്ന മലയാളിക്ക് തൊലിപ്പുറമേയുള്ള പരിഷ്ക്കാരങ്ങളെ മാത്രമേ വേണ്ടൂ. എസ്റ്റാബ്ലിഷ്മെന്റിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന, അതിന്റെ അധികാരസമവാക്യങ്ങളെ മാറ്റാന്‍ മുതിരുന്ന ശ്രമങ്ങളെ അവനു പേടിയാണ്. ഇടതിന്റെ ഓരോ അഞ്ചുകൊല്ലത്തെയും വലതിന്റെ അടുത്ത അഞ്ചുകൊല്ലം കൊണ്ട്  മായ്ക്കാന്‍ അവന്‍ ജാഗരൂകനാണ്. മറ്റെന്തില്‍ ഉപേക്ഷ കാണിച്ചാലും ഇക്കാര്യത്തിലവന്‍ അലംഭാവം കാണിക്കില്ല.

മലയാളിയുടെ ഈ മനശ്ശാസ്ത്രം മനസ്സിലാക്കി, അതിനൊത്ത് ചിലപ്പോഴെങ്കിലും താളം തുള്ളിയെന്ന, പൊറുക്കാനാകാത്ത, ചെറുതല്ലാത്ത പാകപ്പിഴ ഇടതുപക്ഷത്തിനും സംഭവിച്ചു. പ്രത്യേകിച്ചും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വ്യവസായ തൊഴില്‍  രംഗങ്ങളിലും, മുന്നണിയില്‍ തങ്ങളുടെ രാഷ്ട്രീയ ബാന്ധവങ്ങള്‍ നിര്‍വ്വചിക്കുന്നതിലും. സോവിയറ്റ് റഷ്യയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും തകര്‍ച്ചയോടെ വന്ന ആഗോളസാഹചര്യങ്ങളോടൊപ്പം, ഇടതുപക്ഷത്തിന്റെ ഈ പാകപ്പിഴകളും, മലയാളി സമൂഹത്തിലെ പുതിയ തലമുറയുടെ അരാഷ്ട്രീയവത്ക്കരണത്തിനു കാരണമായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ശക്തമായ, പ്രായോഗികമായ ഇടതുനിലപാടുകളിലേക്ക് കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷം നീങ്ങിയത്  ഈയടുത്തകാലത്താണ്. ആ നിലപാടുകള്‍ക്കാകട്ടെ, ഏറെക്കുറെ സുസ്ഥിരമായ ഒരു സ്വഭാവവും കാണാനാകുന്നുണ്ട്. ഒരു കലങ്ങിത്തെളിയല്‍. ഇതുവരെയില്ലാത്ത ഒരു തെളിമ, വ്യക്തത.

അടുത്ത അഞ്ചുകൊല്ലം അതിനെ ഇല്ലാതാക്കാനാണ് ആഗോള-പ്രാദേശിക മലയാളികള്‍ കഴിഞ്ഞ മാസം വിരലില്‍ മഷി ചാര്‍ത്തിയത്. അവരെഴുതിയ വിധി എന്തെന്നറിയാന്‍ ഇനിയും ഒരു ദിവസം കൂടി കാത്തിരിക്കുക.

വിജയവും പരാജയവുമെല്ലാം, തിരഞ്ഞെടുപ്പ് സീസണില്‍ മാത്രം വിളയുന്ന വലതുപക്ഷ തകരകള്‍ക്കുള്ളത്.

ഇടതുപക്ഷത്തിനാകട്ടെ, ആ വിധി എന്തുതന്നെയായാലും  അതൊരു വിജയം തന്നെയായിരിക്കും. തീര്‍ച്ച. കാരണം, മേല്‍പ്പറഞ്ഞ ഒരു സമൂഹത്തിലെ ഒറ്റതിരിഞ്ഞ നിലനില്‍പ്പുതന്നെ ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ സൂചനയാണ്. എതിര്‍പക്ഷത്തിന്റെ ആള്‍ബലം തന്നെ, ഇടതിന്റെ അജയ്യമായ ശക്തിയുടെ തെളിവാണ്. ഇടതിനെ സംബന്ധിച്ചിടത്തോളം ഓരോ തിരഞ്ഞെടുപ്പിലെ വിജയവും വെല്ലുവിളികളാണ്; പരാജയങ്ങള്‍ വിജയങ്ങളും. 

Wednesday, May 4, 2011

മഹാരഥന്മാരുടെ മാനവികസന്ദേശം

ജോൺസന്റെ ഭാര്യ ഷാജിയും, ജോമിയുടെ അമ്മ ഓമനയുമൊന്നും മഹാരഥന്മാരല്ല. ലോകത്തിനു നൽകാൻ അവരുടെ കയ്യിൽ റെഡിമെയ്ഡ് മാനവികസന്ദേശവുമില്ല

ജോൺസണും ജോമിയുമൊക്കെ കേവലം സാധാരണക്കാരായ വൃക്കരോഗികൾ. അനേകരിൽ ചിലർ മാത്രം. ഓമനയും ഷാജിയുമാകട്ടെ സാദാ വൃക്കദാതാക്കളും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, തന്റെ കെട്ടിയോൻ ജോൺസണ് വൃക്ക കൊടുത്ത സ്ത്രീയുടെ മകന് ഷാജി തന്റെ വൃക്ക കൊടുത്തു. തന്റെ മകൻ ജോമിക്ക് വൃക്ക കൊടുത്ത സ്ത്രീയുടെ കെട്ടിയോന് ഓമന തന്റെ വൃക്കയും കൊടുത്തു. സിമ്പിൾ.

തന്റെ മകന്റെയും തന്റെ കെട്ടിയോന്റെയും ശരീരത്തിനുള്ളിൽ കത്തോലിക്കാ കിഡ്‌നിയാണോ, ഹിന്ദു കിഡ്‌നിയാണോ എന്നൊന്നും ഓമനയുടെയും ഷാജിയുടെയും ചിലവിൽ ഒരു മായാകൃഷ്ണനും വ്യാകുലപ്പെട്ടതുമില്ല.

വലിയ ലോകത്തിലെ ഈ ചെറിയ മനുഷ്യർക്കിനി മഹാരഥങ്ങളാകണമെങ്കിലോ, അവരുടെ അതിസാധാരണമായ അതിജീവനകലകൾ മാനവികസന്ദേശങ്ങളാകണമെങ്കിലോ, അവർക്ക് അവരുടെ സ്വന്തം വ്യവസായശൃംഖലയും അവർ സ്ഥാപകമേലാളന്മാരായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും വേണ്ടിവരും.

അന്ന്, ആ സുദിനത്തിൽ, ഷാജിയും ഓമനയുമൊക്കെ മഹാരഥന്മാരായി തൃശൂർ റൌണ്ടിൽ വിലസും. അന്ന് അവർക്ക് പൌരസ്വീകരണം നൽകാനും പൊന്നാടയണിയിക്കാനും ലയണുകളും, റൊട്ടേറിയനുകളും, മർച്ചന്റ്സ് ഓഫ് വെനീസുകളും, ഐയെമ്മേ മാടമ്പികളും മുന്നോട്ട് വരും. “അസാമാന്യമായ ധീരതയുടെയും ഉത്‌ക്കൃഷ്ടമായ മാനവിക അവബോധത്തിന്റെയും യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത വ്യക്തിത്വങ്ങളായി“ അവരെ പാടിപ്പുകഴ്ത്താൻ മനോരമയുടെയും മാതൃഭൂമിയുടെയും വൻ‌കിട ആനയമ്പാരികൾ തേക്കിൻ‌കാട്ടിൽ അണിനിരക്കും.

അതുവരെ, അവർ വൃക്കരോഗികളും വൃക്കദാതാക്കളുമായി, ആരോരുമറിയാതെ ആശുപത്രികളിലും വീടുകളിലും കഴിയും. ചിലർ ഒരു നിവൃത്തിയുമില്ലാതെ വന്നാൽ വൃക്ക വിൽക്കും, ചിലർ പൊന്നും വില കൊടുത്ത് അത് മേടിക്കും, ചിലരുടെ വൃക്കയും അവയവങ്ങളും അവരവർ പോലുമറിയാതെ മറ്റേതെങ്കിലും ശരീരത്തിലേക്ക് കൂടുമാറിയിട്ടുണ്ടാകും. ചിലർ ചത്തുപോയെന്നുമിരിക്കും. അവരുടെ ജീവിതവും അവർ നൽകിയ മാനവികസന്ദേശങ്ങളും അനാഥപ്രേതങ്ങളായി ഇവിടെയൊക്കെ ചുറ്റിത്തിരിയും.

Tuesday, May 3, 2011

ഗൃഹാതുരംഎന്റെയും എന്റെ ചുറ്റുമുള്ളവരുടെയും ഉൾത്തുടിപ്പുകളിൽ നിന്ന് കടമെടുത്ത് പ്രവാസത്തെക്കുറിച്ച് ഞാൻ കുറേയേറെ എഴുതിയിട്ടുണ്ട്. കൈകാര്യം ചെയ്യാനും, നേരിടാനും, ചിന്തിക്കാനും, നോക്കിക്കാണാനും ബുദ്ധിമുട്ടുള്ള ഒരു വിഷയമായിരുന്നു അത്.

ദിവസവും ജീവിച്ചുതീർക്കുന്ന, പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നിട്ടും ആ ചിന്തകളെ എങ്ങിനെയൊക്കെയോ ഞാൻ എന്റെ മനസ്സിന്റെ പിന്നമ്പുറത്തേക്ക് തള്ളിനീക്കാറുണ്ടായിരുന്നു. ഏതെങ്കിലുമൊരു കോണിലേക്ക് മാറ്റിവെച്ച്, അത് സ്വയമേവ അപ്രത്യക്ഷമായിത്തീരുമെന്ന് ഞാൻ ആശിച്ചു. അതുണ്ടായില്ല. അങ്ങിനെയങ്ങു പോകാൻ അത് തയ്യാറില്ലായിരുന്നു.

ഈയടുത്ത കാലത്തായി ആ പ്രവാസാനുഭവം എന്നെ വല്ലാതെ അലട്ടുണ്ടായിരുന്നു. പ്രവാസാനുഭവം എന്ന് അതിനെ വിളിക്കുന്നത് അത്രകണ്ട് ശരിയല്ല എന്നു തോന്നുന്നു. ശരിയായ വാക്ക് ഗൃഹാതുരം എന്നാണ്. അതെ, ഗൃഹാതുരം വീടിനുവേണ്ടിയുള്ള ദാഹം.

അതെന്നെ അലട്ടാൻ തുടങ്ങുമ്പോൾത്തന്നെ, ഞാനതിനെ നേരിടാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. അതുമായി ഒളിച്ചുകളിക്കുക, തീവ്രത കുറയ്ക്കാൻ നോക്കുക, മറക്കാൻ ശ്രമിക്കുക, അങ്ങിനെയൊന്ന് അവിടെയില്ലെന്ന് വെറുതെ ഭാവിക്കുക...പക്ഷേ, എന്തുതന്നെ ചെയ്താലും കൂടുതൽ ശക്തിയോടെ അതെന്റെ വാതിലിൽ വന്നുമുട്ടി വിളിക്കും. വീണ്ടും ഞാൻ അടവുമാറ്റിയെന്നിരിക്കട്ടെ, അപ്പോൾ പൂർവ്വാധികം ബലത്തോടെ അതെന്റെ വീടിനകത്തേക്ക് അണപൊട്ടിയൊഴുകിയ ജലം പോലെ വന്നു നിറയും. വികാരങ്ങളുടെ ഒരു പെരുമഴ. ഒരു ശക്തിക്കും തടയാനോ, നിയന്ത്രിക്കാനോ കഴിയാത്ത വികാരവിക്ഷോഭത്തിന്റെ ഒരു പ്രവാഹം.

ഇനിയും എനിക്ക് ഒളിച്ചുകളിക്കാനാവില്ലെന്ന് അപ്പോൾ ഞാൻ തിരിച്ചറിയും. തിരിച്ചറിയുകയും, അംഗീകരിക്കുകയും, സാധൂകരിക്കുകയും ചെയ്യേണ്ടുന്ന ഒരു ബിന്ദുവിലേക്ക് ആ പ്രവാഹം എത്തിച്ചേർന്നിരിക്കുന്നു എന്ന്‌ അപ്പോൾ എനിക്ക് ബോദ്ധ്യപ്പെടും. അതിന് ഒരു പേര് ആവശ്യമാണ്. അതിന് ഒരു വ്യക്തിത്വം ആവശ്യമാണ്. അതിന്റേതായ ഒരു സ്ഥലവും. എന്തിന്റെയെങ്കിലും-ഒരുപക്ഷേ ഒരു സ്ഥലത്തിന്റെയെങ്കിലും- സ്വന്തമായിരിക്കാൻ ആ ഗൃഹാതുരത എന്നോട് ആവശ്യപ്പെടുന്നതുപോലെ. ആത്മബന്ധം എന്ന് നിങ്ങൾ വിളിക്കുന്നത് ഇതിനെയൊക്കെയായിരിക്കും, അല്ലേ?

അങ്ങിനെ ആ പ്രവാഹത്തെ നേരിടേണ്ടിവരുമ്പോൾ, സുരക്ഷിതത്വത്തിന്റെ വിഭ്രമതീരങ്ങളിൽ ആ തിരകൾ ഉയരുന്നത് കണ്ടിരിക്കുന്നതിനുപകരം, ആ ജലത്തിൽ നീന്താൻ ഞാൻ ഒടുവിൽ തീരുമാനിക്കുന്നു. അങ്ങിനെ തീരുമാനിക്കുന്നതിന് ഒരു കാരണമുണ്ട്.  കണ്ടില്ലെന്നു നടിക്കുന്ന സാഗരഗർജ്ജനം എന്നെങ്കിലുമൊരിക്കൽ സുനാമിയായി വളരുമെന്ന് അനുഭവത്തിൽനിന്ന് എനിക്കറിയാം എന്നതുതന്നെ. വികാരങ്ങൾക്കും സംവേദനങ്ങൾക്കും ആ ഒരു സ്വഭാവമുണ്ട്. ദ്രവത്വം.

അതിനെ-ഗൃഹാതുരതയെ-അകറ്റിനിർത്താൻ വേണ്ടി ഞാൻ കാണിച്ച ചെറിയ ചെറിയ സൂത്രങ്ങൾ, ചെയ്യാതെ ഒഴിവാക്കിയതും, കൃത്യമായ ദൂരത്തിൽ നിർത്തിയതുമായ കാര്യങ്ങൾ, അതൊക്കെ ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ഉദാഹരണത്തിന്, ബാഗ്ദാദിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും കഴിവതും കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പാചകം വളരെയധികം ഇഷ്ടമായിരുന്നിട്ടും, ഇറാഖിന്റെ സ്വന്തം വിഭവങ്ങൾ, നിവൃത്തിയുള്ളിടത്തോളം ഞാൻ ഒഴിവാക്കി. പകരം, എന്റെ ഗൃഹാതുരതയിൽനിന്ന്, ഏറെ ദൂരമകലെ മറ്റേതോ സ്ഥലത്തേക്ക് എന്നെ വിമോചിപ്പിക്കുന്ന രുചിശീലങ്ങളിലേക്ക് ഞാൻ കൂടുമാറി. ഇറാഖി സംഗീതം കേൾക്കുന്നതും, എന്നെക്കൊണ്ടാവുന്നതുപോലെ, ഞാൻ ഒഴിവാക്കി. സുഹൃത്തുക്കളോടും, വീട്ടുകാരോടും, അപരിചിതരോടും സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ‘അത്’ കടന്നുവരാതിരിക്കാൻ ഞാൻ സൂക്ഷിച്ചു. എങ്ങിനെയെങ്കിലും ‘അത്’ വന്നാലാകട്ടെ, ഞാനതിനെ വഴിതിരിച്ചുവിടും. അല്ലെങ്കിൽ കേട്ടില്ലെന്നു നടിക്കും. മറ്റു ഇറാഖികളെ കണ്ടുമുട്ടാനുള്ള അവസരങ്ങളും ഞാൻ പരമാവധി കുറച്ചു. ഇറാഖികളുടെ കടകൾ, ഭക്ഷണശാലകൾ, അങ്ങിനെ എല്ലാം, എല്ലാം..പക്ഷേ, ചിത്രങ്ങളും, ഓർമ്മകളും, വാക്യങ്ങളും, സ്ഥലങ്ങളും മനസ്സിൽനിന്ന് മായ്ക്കാനായിരുന്നു ഏറെ ക്ലേശം.

എന്റെ ആ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. അതുകൊണ്ടാണ് ഇന്ന് ഇവിടെ ‘അതി’നെക്കുറിച്ച് എനിക്ക് എഴുതേണ്ടിവരുന്നത്.

എനിക്കിനിയെന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിയില്ല എന്ന സത്യത്തിനുനേരെയാണ് ഞാൻ ഇത്രനാളും മുഖം തിരിച്ചിരുന്നത്. 2003 മുതൽ ശബ്ദിക്കാതെ കഴിഞ്ഞിരുന്നെങ്കിൽ എനിക്കൊരുപക്ഷേ അതിനു കഴിയുമായിരുന്നു. എന്നാൽ, ഇനി ഒരിക്കലും അതിനു പറ്റില്ല. ബാഗ്ദാദിൽ കാലുകുത്തുന്ന മാത്രയിൽ, മറ്റുപലരെയും പോലെ, ഞാനും ഏതെങ്കിലുമൊരു ജനാധിപത്യകൽത്തുറുങ്കിനകത്ത് പെട്ടുപോകും. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെ ജീവനും ഞാൻ അപകടത്തിലാക്കും. അതൊരു വലിയ ഉത്തരവാദിത്ത്വമാണ്. ആളുകൾക്ക് അതൊന്നും മനസ്സിലാവില്ല. മൂഢന്മാർ. മൂഢതക്കും അപ്പുറമാണവർ. വെറുതെ ഇരുന്ന് എന്റെ ബ്ലോഗ്ഗുകൾ വായിച്ച് ഗീർവ്വാണം നടത്തുന്നവർ. അവർക്ക് യാതൊന്നും മനസ്സിലാവില്ല. കാരണം, അധിനിവേശത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് അവർക്ക് ഒരാഗ്രഹവുമില്ല. അവർ കാണാൻ മടിക്കുന്നു. സ്വന്തം ജീവൻ കൊണ്ട് ഞാനും മറ്റു ചിലരും കളിക്കുന്നത് എങ്ങിനെയാണെന്ന സത്യം കാണാൻ അവർ മടിക്കുന്നു. അവിശ്വാസം, ധാർഷ്ട്യം, അചഞ്ചലത്വം, തിമിരം..വെറുതെയിരുന്ന്, എഴുതിയതെല്ലാം വായിച്ച് ഇക്കിളിയാകുന്നു അവർക്ക്..ഒന്നുകിൽ ആ എഴുതിയതിനെയൊക്കെ അവർ സ്നേഹിക്കുന്നു..അല്ലെങ്കിൽ വെറുക്കുന്നു.. കഴിഞ്ഞു...രണ്ടാമതൊരാലോചനയോ, യുക്തിപരമായി ചിന്തിക്കലോ, ഒന്നുമില്ല. ഭാവനയും യാഥാർത്ഥ്യവുമില്ല..മനുഷ്യന്മാർ മൂഢന്മാരാണ്..

ഈയൊരു കാരണംകൊണ്ടായിരിക്കണം, ഇറാഖിനെക്കുറിച്ച് ഞാൻ അധികമൊന്നും എഴുതാതിരുന്നത്..കാരണം, ഒരുപക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിലെവിടെയോ നഷ്ടപ്പെട്ട ലക്ഷ്യമായിത്തീർന്നിട്ടുണ്ടായിരിക്കാം അത്. എല്ലാവരും ഉറങ്ങുമ്പോൾ, എന്നെ കാർന്നുതിന്നുന്ന, അസ്ഥികളും, ഓർമ്മകളും മാത്രം ബാക്കിയായ ഒരു ഗൃഹാതുരത.

ഇതാണ് സംഗതി, ഇതാണ് വസ്തുത എന്നു കാണുമ്പോഴാണ്, ഞാനതിനെ അടച്ചുവെക്കുന്നത്, മാറ്റിനിർത്തുന്നത്, മൂടിവെക്കുന്നത്. എങ്ങിനെ അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകും, ഒരിക്കലും തിരിച്ചുപോകാനാവില്ല എന്ന സാധ്യതയെ എങ്ങിനെ എനിക്ക് സഹിക്കാനാകും..ആ വിചാരം തന്നെ എന്നെ കൊല്ലുന്നു.

അതിനെ നേരിടാമെന്നു വെക്കുക. എനിക്കിന്ന് പതിനാറോ, പതിനെട്ടോ, ഇരുപത്തിനാലോ, മുപ്പതു പോലുമോ അല്ല..‘ജീവിതത്തിന്റെ മദ്ധ്യ‘ത്തിലാണ് ഞാനിന്ന്..ആ വാക്കിന്റെ അർത്ഥം എന്തുതന്നെയായിക്കൊള്ളട്ടെ..അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്, അങ്ങിനെയെങ്കിൽ എന്ന് എനിക്കതിനു കഴിയും? എന്നേക്കാൾ പ്രായമായവർക്ക് ഈ ചോദ്യം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കാരണം, അവർക്കറിയാം, സമയം അതിവേഗം കഴിയുകയാണെന്ന്. അതുകൊണ്ട്, നിശ്ശബ്ദതയുടെ മതിൽക്കെട്ടിനകത്ത്, അവർ ആ ചിന്തയെ നിരോധിക്കുന്നു..എനിക്കത് മനസ്സിലാക്കാൻ കഴിയും..തീർച്ചയായും കഴിയും..ആ വേദന സഹിക്കാവുന്നതിനും അപ്പുറമാണ്. ചില സമയങ്ങളിൽ ചിന്തയെ നിരോധിക്കുന്നത് നല്ലതാണെന്നും വരാം.

അപ്പോൾ, നമ്മുടെ മോഹങ്ങളെയും പ്രതീക്ഷകളെയും കൊണ്ട് നമ്മളെന്തു ചെയ്യും? ഒരിക്കലും തിരിച്ചുപോകാനാവില്ലെന്ന ചിന്തയെ നമ്മളെന്തു ചെയ്യും? എവിടെയാണതിനെ ഒളിപ്പിക്കുക..എങ്ങിനെ..എത്ര നാൾ?

ബാഗ്ദാദിലേക്ക് പോകുന്നു എന്ന് ഏതെങ്കിലുമൊരു വിദേശി പറയുമ്പോൾ എന്നിൽ അസൂയയുടെയും രോഷത്തിന്റെയും വികാരങ്ങൾ നിറയുന്നു. ഞാൻ എന്നോടുതന്നെ പറയും..ആ വൃത്തികെട്ടവൻ എവിടേക്കുവേണമെങ്കിലും പൊയ്ക്കൊള്ളട്ടെ. ഇതാ, ഞാൻ ഇവിടെ, എന്റെ സ്വന്തം നാട്ടിൽ കാലുകുത്താൻ പോലുമാകാതെ..ഓരോ തവണയും, ഉള്ളിൽ അൽ‌പ്പാൽ‌പ്പമായി മരിച്ചുകൊണ്ട്..

കഴിഞ്ഞ പ്രാവശ്യം ഒരു പരിചയക്കാരൻ ബാഗ്ദാദിൽ പോകുന്നതിനുമുൻപ് എന്നോട് ചോദിച്ചു, എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ എന്ന്..ഞാൻ പറഞ്ഞു, എനിക്ക് വേണം..അൽ‌പ്പം മണ്ണ്, പുഴക്കടവിൽനിന്ന് അൽ‌പ്പം ചെളി, ഒരു പ്ലാസ്റ്റിക്ക് ബാഗിൽ..എനിക്കത് വാസനിക്കണം..ആ ഒരു കൈപ്പിടി മണ്ണ് എനിക്കൊരിക്കലും കാണാൻ കഴിഞ്ഞില്ല..വാസനിക്കാനായില്ല.അത് എവിടെയോ നഷ്ടമായി, മറ്റു പലതിന്റെയും കൂടെ..

അതിന്റെ കൂടെ, എന്റെ വീടും, എന്റെ ഗൃഹാതുരതയും....


(ലൈലാ അൻ‌വറിന്റെ Homesick എന്ന ലേഖനത്തിന്റെ പരിഭാഷ)


പിൻ‌കുറിപ്പ്: മനുഷ്യന്മാരോടുള്ള ലൈല അൻ‌വറിന്റെ ദേഷ്യവും പരിഹാസവും, അവരുടെ നിർദ്ദയമായ ഭാഷയുമൊക്കെ മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ നമുക്ക് കഴിഞ്ഞില്ലെന്നു വരാം. പുറം ലോകത്തിലെ മനുഷ്യരുടെ പൊള്ളവർത്തമാനങ്ങളും അവരുടെ ‘സുജന‘മര്യാദയുമൊന്നും, അധിനിവേശത്തിന്റെ ഇരകളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുകയേ അരുത്. ലോകത്തെയും തങ്ങളെത്തന്നെയും രോഷത്തോടെയും, സംശയത്തോടെയും ദ്വേഷത്തോടെയും വെറുപ്പോടെയും മാത്രമേ അവർക്ക് കാണാനാകൂ.. വാക്കും, വ്യാകരണവും, പ്രവൃത്തിയുംകൊണ്ട് തങ്ങളെയും മറ്റുള്ളവരെയും അവർ പീഡിപ്പിക്കുകയും മുറിവേൽ‌പ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന് നമ്മൾ സ്വയം പഴിക്കുക.

തൊട്ടുമുൻപിൽ, ലക്ഷക്കണക്കിനു കുട്ടികൾ ഉപരോധങ്ങളിലും സ്ഫോടനങ്ങളിലും പെട്ട് നിത്യേനയെന്നവണ്ണം മരിക്കുകയും, കൂട്ട പലായനത്തിലൂടെ അഭയാർത്ഥികളായി കഴിയാൻ ഒരു ജനത ഒന്നാകെ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ, ആയുധവും പണവും ജനാധിപത്യവും കയറ്റുമതിചെയ്ത്, വിരലിലെണ്ണാവുന്ന തെമ്മാടികൾ ലോകത്തെയൊന്നാകെ തങ്ങളുടെ യുദ്ധവിനോദത്തിനുള്ള ഭൂമിയായി മാറ്റുകയും ചെയ്യുമ്പോൾ, ജനാധിപത്യ-പൌരാവകാശത്തിന്റെ ശബ്ദങ്ങൾ കൽത്തുറുങ്കുകളിൽ ആർത്തലച്ചുതീരുമ്പോൾ, രാജകുമാരീകുമാരന്മാരുടെ വിവാഹാഘോഷങ്ങളും നിലക്കാത്ത എറുപന്തുകളികളും ഫോർമുല കാറുകളുടെ പരക്കം പാച്ചിലും, ടെറിഫോക്സ് കൂട്ടയോട്ടങ്ങളും ലൈവ് കണ്ട്, അന്താരാഷ്ട്രദിനാചരണങ്ങൾ അനുഷ്ഠാനപൂർവ്വം ആചരിച്ച് നിർവ്വാണമടയുന്ന നമ്മളോട് അവർക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാനാവൂ..

അവരുടെ ഭാഷ എന്തുമായിക്കൊള്ളട്ടെ, ഒന്നുമില്ലെങ്കിലും അവർ ലോകത്തോട് ഇപ്പോഴും നിരന്തരം സംസാരിക്കുകയും, ബഹളം വെക്കുകയും കലഹിക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ.

പക്ഷേ, ബ്രദേഴ്സ് ആന്റ് സിസ്റ്റേഴ്സ്, നമ്മളോ?