Thursday, October 27, 2011

ഗുജറാത്തികളുടെ എറണാകുളം

ടി.വി.യിലെ ദീപാവലി സ്പെഷ്യൻ വാർത്തകളിൽ, എറണാകുളത്തെ ഗുജറാത്തികളെ കാണിച്ചപ്പോൾ തോന്നിയ അടക്കാൻ വയ്യാത്ത സന്തോഷം. ദീപാവലിയെക്കുറിച്ചോ, ഗുജറാത്തികളെക്കുറിച്ചോ ആലോചിച്ചിട്ടായിരുന്നില്ല അത്. എറണാകുളത്തുനിന്ന് വാർത്തകളൊന്നുമില്ലല്ലോ എന്ന് വേവലാതിപ്പെട്ടിരുന്നത്  പണ്ടുപണ്ടെന്നോ ആയിരുന്നതുകൊണ്ട്, സന്തോഷത്തിന്റെ കാരണം മറ്റൊന്നായിരുന്നു. 

ദൂരെ, മറ്റൊരു നാട്ടിൽ നിന്ന് ഇങ്ങ് കേരളത്തിൽ വന്ന്, തൊഴിലെടുത്ത്, തലമുറകളായി കഴിയുന്ന ആളുകൾ. ഇവിടുത്തെ വേനലും, മഴയും, മഞ്ഞും കൊണ്ട്, ഇവിടെ കഴിയുന്നവർ.  നമ്മളെന്നും അവരെന്നും ഭേദമില്ലാതെ നമുക്കിടയിൽ നമ്മെപ്പോലെ അവർ. ടിവിയിൽ കണ്ടത് അവരെയായിരുന്നു. ഗുജറാത്തികളെയായിരുന്നില്ല. നമ്മളെത്തന്നെയായിരുന്നു. സന്തോഷം അതുകൊണ്ടായിരുന്നു.

മുംബൈയിലും മദ്രാസിലും, ബാംഗ്ലൂരും ദില്ലിയിലും കൽക്കത്തയിലും പിന്നെ, എണ്ണമറ്റ ചെറുനഗരങ്ങളിലും പട്ടണങ്ങളിലും ഇങ്ങനെ എത്രയെത്ര ആളുകളുണ്ടാവും. സ്വന്തം നാടും വീടും വിട്ട്, മറ്റൊരിടത്തേക്ക് കയറിക്കൂടി, അവിടെത്തന്നെ ജീവിച്ചു മരിച്ചവർ. ഏതു നാടും വീടും സ്വന്തം നാടും വീടുമാക്കി മാറ്റിയവർ. ചെന്നെത്തിയ നാടിന്റെ വേനലും മഴയും മഞ്ഞും, സുഖവും ദു:ഖവും, ഭാഷയും രുചികളും ഏറ്റുവാങ്ങി അതിനെ സ്വന്തമാക്കിയ ആളുകൾ. മലയാളിയും തമിഴനും ബംഗാളിയും മറാത്തിയും രാജസ്ഥാനിയും, മണിപ്പൂരിയും, നാഗനും, ഗുജറാത്തിയും, ബീഹാറിയും ഉത്തരദേശക്കാരനും അടുത്തടുത്ത വീടുകളിൽ അയൽ‌വക്കങ്ങളായി, ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന നാടുകൾ, നാളുകൾ. സന്തോഷങ്ങൾ.

ചിതറിത്തെറിച്ച്, പിന്നെയും മറ്റു മഹാനഗങ്ങളിലേക്കോ ചെറുപട്ടണങ്ങളിലേക്കോ ജീവനാർത്ഥം പോയപ്പോഴും, പഴയ അയൽക്കാരെയും, സ്വന്തം മക്കളോടൊപ്പം കളിച്ചു വളർന്ന അവരുടെ മക്കളെയും, അവരോടൊത്ത് കഴിഞ്ഞ മറുനാടൻ ജീവിതത്തെയും ഇടയ്ക്കും ഇടവിട്ടും ഓർക്കുകയും സ്നേഹിക്കുകയും  ഇപ്പോഴും അതിന്റെ മധുരം നുണയുകയും, അതോർത്ത് നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യർ. ഏതായിരുന്നു നമ്മുടെ ആ ലോകം?

അന്നും പക്ഷേ മദ്ധ്യവർഗ്ഗത്തിന്റെ മാത്രമായിരുന്നു ആ ലോകം. ഇടപാടുകളും സ്നേഹബന്ധങ്ങളും സംവാദങ്ങളും വരവുപോക്കുകളും ഉല്ലാസയാത്രകളും ആഘോഷങ്ങളും അവർക്കിടയിൽ മാത്രമായിരുന്നു. എങ്കിലും, അതെങ്കിലും, അത്രയെങ്കിലും ഉണ്ടായിരുന്നു നമുക്കിടയിൽ.

ആർക്കും എവിടെയും വരാനും പോകാനും, ആത്മാഭിമാനം പണയപ്പെടുത്താതെ, ജീവിക്കാനും തൊഴിലെടുക്കാനും കഴിഞ്ഞിരുന്ന ആ കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. . ‘അയലത്തെ അങ്ങേരും ആയമ്മയും മക്കളും” ആട്ടിയോടിക്കപ്പെടേണ്ടവരായി മാറിയിരിക്കുന്നു ഇന്ന്. അവരുടെ ആഘോഷങ്ങൾ എന്റെ ആഘോഷങ്ങളല്ല. അവന്റെ രുചിയും, ശീലങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് എന്റെ രുചിയെയും ശീലങ്ങളെയുമാണ്. എനിക്കും എന്റെ മക്കൾക്കും അവകാശപ്പെട്ട തൊഴിൽ തട്ടിയെടുത്താണ്, എനിക്കു കിട്ടേണ്ട റേഷനരി തിന്നാണ് അവൻ ‘പന്നികളെപ്പോലെ പെറ്റുപെരുകുന്നത്‘.

അവൻ മുസൽ‌മാനാണ്. അവൻ ക്രിസ്ത്യാനിയാണ്, അവൻ ഹിന്ദുവാണ്. തലവരി എണ്ണമെടുക്കുമ്പോൾ തൊട്ടുകൂട്ടരുതാത്തവനാണ്. എന്റെ നഗരത്തിന്റെ, എന്റെ നാടിന്റെ മജ്ജയിലും മാംസത്തിലും  അവന്റെ ചോരയും , നീരും വിയർപ്പിന്റെ ഉപ്പുമുണ്ടെന്നത് നിങ്ങൾ പടച്ച നുണയാണ്. അവൻ കുളിക്കാത്ത തമിഴൻ മാത്രമാണ്, അവൻ റിക്ഷവലിച്ച് ക്ഷയം പിടിച്ച ബീഹാറി മാത്രം, അവൻ വറുതിയുടെ ബംഗാളിൽനിന്നു വരുന്ന പ്രകൃതിവിരുദ്ധനും സാമൂഹ്യവിരുദ്ധനുമാണ്. അവൻ ആസ്സാമിയാണ്. എന്റെ നിന്റെയും നല്ല നാടിനെ ആക്രമിച്ചു കീഴടക്കുന്ന കൊതുകുകളാണവർ.

മക്കളെ ആട്ടിയോടിച്ച് മണ്ണിന്റെ മക്കൾക്കു മാത്രം അവകാശങ്ങൾ  തീറെഴുതിക്കൊടുത്ത പുതിയ നാടും നഗരവുമാവുകയാണ് ഇന്ത്യ.
ഏതു മണ്ണിന്റെ മക്കളെയാണ് അടുത്ത നിമിഷത്തിൽ ഈ തെരുവിൽ ഉദ്ധവന്മാരുടെ വാളുകൾ അരിഞ്ഞുവീഴ്ത്തുകയെന്ന് എനിക്കോ നിനക്കോ അറിയില്ല. നമ്മുടെ വീടുകൾ എപ്പോഴാണ് ഏതു ശൈവകോപത്താലും രാമബാണത്താലുമാണ് കത്തിച്ചാമ്പലാവുക എന്ന് എനിക്കോ നിനക്കോ അറിയില്ല.

വരുന്നവനും, പോയവനും, പുറപ്പെട്ടു പോയി തിരിച്ചെത്തുന്നവനും, എല്ലാവരും ഒരുപോലെ വരത്തനും  നാടോടിയും ബംഗാളിയുമായിക്കൊണ്ടിരിക്കുന്ന, ഇന്ത്യയിലിരുന്നാണ് ഇന്ന് ഞാൻ എറണാകുളത്തെ ഈ ഗുജറാത്തികളെ കാണുന്നത്.  ഗുജറാത്തികളുടെ എറണാകുളത്തെയും കോഴിക്കോടിനെയും കാണുന്നത്.

സന്തോഷം തോന്നുന്നത് ഇതുകൊണ്ടൊക്കെയാണ്.

Wednesday, October 19, 2011

ഗുരുക്കല്ലുകളും ശിഷ്യക്കല്ലുകളുംഒരു നാൾ രാഷ്ട്രീയം മരിച്ചുപോയാൽ, നാം, കല്ലുകൾ എന്തുചെയ്യും എന്ന് ചോദിക്കുന്ന ശിഷ്യക്കല്ലിനോട് ഗുരുക്കല്ല് പറയുന്ന ഉത്തരമുണ്ട്, കെ.ജി.എസ്സിന്റെ ‘ഹമുക്ക്’ എന്ന കവിതയിൽ. അത് ഇങ്ങനെയാണ്:

ഡാ
ഡ ഡ ഡാ
ശിഷ്യക്കല്ലേ
അപ്പഴല്ലേ സടകുട-
ഞ്ഞുണരുന്നത് നുമ്മടെ
അതിജീവന രതി.
മടങ്ങും നാം
ദുഖത്തിലും തോൽ‌വിയിലും
ദൈവത്തിലേക്ക്.
സ്വത്വാതുരരായി
ഇനി നീയേ രാഷ്ട്രീയം
നീയേ ശരണം;
ആഗോള പരാശക്തി
സർവ്വനാശക മഹാമാരി
എന്ന് കേണലറി
ജാതിമതാചാര-
സ്വദേശച്ചെരിവിലെ
പച്ചപ്പുൽമേട്ടിലേ-
ക്കൊരുരുളലങ്ങോ-
ട്ടുരുളും ശിഷ്യാ,
ഉരുളൻ കല്ലുകളല്ലേ നാം?

(ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ, ഡി.സി.പ്രസിദ്ധപ്പെടുത്തിയത്).

വെറുതെ സങ്കൽ‌പ്പിച്ചുനോക്കുകയാണ്.  ഒരു രസത്തിന്.

ഇക്കഴിഞ്ഞ വിദ്യാരംഭത്തിന്റെയന്ന്, കെ.ജി.എസ്സിന്റെ മടിയിലിരുന്ന് അക്ഷരാഗ്നി പകർന്നുകിട്ടിയ ഏതെങ്കിലുമൊരു ശിഷ്യക്കല്ലിന്, എന്നെങ്കിലുമൊരിക്കൽ കവിതയുടെ രാഷ്ട്രീയം ചികയേണ്ടിവന്നാൽ, ഇതേ മറുപടിയായിരിക്കില്ലേ കവിതയുടെ ഗുരുക്കല്ലിൽനിന്ന് അവന്റെ നാവിൽ പുളിച്ചു തികട്ടുക? കെ.ജി.എസ്സിന് അപ്പോൾ എന്തു സമാധാനം പറയാനുണ്ടാകും? അതോ, അപ്പോഴേക്കും, ജാതിമതാചാരസ്വദേശിച്ചെരുവിലേക്ക്, ഇങ്ങിനി തിരിച്ചുകയറാനാവാത്തവിധം വീണുപോയിട്ടുണ്ടാകുമോ നമ്മുടെ പ്രിയപ്പെട്ട കവി?
 
ഭസ്മക്കുറിയും കസവുമുണ്ടുമണിഞ്ഞ്, സ്വർണ്ണമോതിരം കൊണ്ട്, അക്ഷരമെന്ന അഗ്നി ഇളം കുരുന്നുകളുടെ നാവിൽ കോറിയിടുന്നത് എങ്ങിനെയാണ് ജീർണ്ണതയുടെ അടയാളമാവുന്നത് എന്നല്ലേ ചിലർക്ക് സംശയം.

നശ്വരതയുടെ പ്രതീകം മാത്രമല്ല ഭസ്മം. അത് ഒരു മതത്തിന്റെ ചിഹ്നവും കൂടിയാണ്. അക്ഷരത്തിന് മതത്തിന്റെ പരിവേഷം നൽകുന്നത് ആരുടെ താത്പര്യത്തിനെ സംരക്ഷിക്കാനാണ്? അക്ഷരത്തിന്റെയോ, മതത്തിന്റെയോ, അക്ഷരാർത്ഥിയുടെയോ, ഗുരുക്കല്ലുകളുടെയോ?

കസവുമുണ്ടിന്റെ കസവിഴകളിലുമുണ്ട് അതിന്റെ മതവും രാഷ്ട്രീയവും. ആഢ്യതയുടേയും, അതിൽ അഹങ്കരിക്കുന്നവന്റെ അന്തസ്സിന്റെയും പ്രതീകമാണ് നിർദ്ദോഷമെന്നു തോന്നിക്കുന്ന ആ മുണ്ട്. പണിയെടുക്കുന്നവന്റെ വേഷമല്ല അത്. പണിയെടുക്കുന്നവന്റെ അദ്ധ്വാനത്തെ പൂമുഖത്തിരുന്ന് നിയന്ത്രിക്കുകയും പണമാക്കി സ്വന്തം പത്തായങ്ങളും നിലവറകളും നിറക്കുന്നവന്റെയും വേഷമാണത്.

അക്ഷരത്തിന് ആഢ്യനും ആര്യനുമില്ല. ഉടമസ്ഥനും അടിയാളനുമില്ല. ദു:ഖത്തിലും തോൽ‌വിയിലും അത് മടങ്ങുന്നത് ദൈവങ്ങളിലേക്കും മതത്തിലേക്കുമല്ല. മനുഷ്യനിലേക്കാണ്. അവന്റെ നാവിലേക്കും, ശബ്ദത്തിലേക്കുമാണ്. അവന്റെ പ്രതിരോധത്തിലേക്ക്.

ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞുകളഞ്ഞ് വരുന്ന ഉണ്ണികളെ ഇപ്പോഴും പാറക്കെട്ടുകൾക്കകത്ത് തപസ്സിരുന്ന് പൂതങ്ങൾ കിനാക്കാണുന്നുണ്ട്.

സംഘടിത മതങ്ങളുടെ സാമൂഹ്യ പരിസരങ്ങളെ തിരിച്ചുപിടിക്കണമെന്ന് ചില കവികൾ ആഗ്രഹിക്കുന്നത് ഇതിനൊക്കെയാണെന്നുവരുമോ? അഥവാ, ആ പരിസരങ്ങളെ ഇവ്വിധമാണോ തിരിച്ചുപിടിക്കേണ്ടത്? ആർ ആരെയാണ് ഒടുവിൽ തിരിച്ചുപിടിക്കുക?

മതങ്ങളുടെയും ദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അതിജീവന രതിയെ പിന്നിലുപേക്ഷിച്ച്, പുതിയ വിദ്യാരംഭം കുറിക്കുന്ന ശിഷ്യക്കല്ലുകൾക്കായ് നമുക്ക് കാത്തിരിക്കാം. അവർ വരുകതന്നെ ചെയ്യും. ജാതിമതാചാരസ്വദേശച്ചെരുവുകളിൽ അവരെ തളച്ചിടാൻ ഒരു ഗുരുക്കല്ലുകൾക്കും ആവില്ല.

Monday, October 10, 2011

നഗരവളർച്ചയുടെ ദശാബ്ദസഞ്ചാരങ്ങൾ
ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പുനർനിർണ്ണയവും, അത് രാജ്യത്തിന്റെ ഗ്രാമ-നഗര ഭൂപടത്തിൽ വരുത്തുന്ന മാറ്റങ്ങളും എല്ലാ ദശകങ്ങളിലും സംഭവിക്കാറുണ്ട്. എങ്കിലും, ഇത്രയധികം കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നത്, തൊണ്ണൂറു വർഷങ്ങൾക്കുള്ളിൽ, ഈ കഴിഞ്ഞ ദശാബ്ദക്കാലത്തുമാത്രമാണ്‌. 90.6 ദശലക്ഷം അധികം ആളുകൾ ഗ്രാമങ്ങളിൽ വർദ്ധിച്ചപ്പോൾ, നഗരങ്ങളിൽ 91 ദശലക്ഷം ആളുകളാണ്‌ വർദ്ധിച്ചത് ഈ കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ. കഴിഞ്ഞ 10 കൊല്ലത്തിനിടയ്ക്ക്, ഇത്രയധികം ആളുകളെ ഇവിടേക്കെത്തിക്കാൻ പാകത്തിൽ തീർച്ചയായും എന്തോ സംഭവിച്ചിരിക്കുന്നു. കൃഷിയുടെ തകർച്ചയോടെ സംഭവിച്ച, ഭീകരവും രേഖപ്പെടുത്താത്തതുമായ പലായനമാണ്‌ അത്. നാട്ടിൻപുറങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ നാടകത്തിലേക്കാണ്‌ നമ്മൾ കണ്ണയക്കുന്നത്. ഇല്ലാത്ത തൊഴിലുകളന്വേഷിച്ച്, ദശലക്ഷക്കണക്കിനാളുകൾ വീടുകൾ വിട്ടുപോകുന്ന കാഴ്ച. വൃദ്ധരും വിശന്നുവലയുന്നവരും, രോഗികളുമായവരെ പിന്നിൽ കൈയ്യൊഴിഞ്ഞ് ചെറുപ്പക്കാർ ഉപേക്ഷിച്ചുപോകുന്ന ഗ്രാമങ്ങൾ. ഓരോ അംഗങ്ങളും ഓരോയിടത്തേക്ക് പലായനം ചെയ്ത് ചിതറിപ്പോകുന്ന കുടുംബങ്ങൾ.

ജനസംഖ്യാകണക്കെടുപ്പോ, ദേശീയ സാമ്പിൾ സർവ്വേയോ ഈ വലിയ ‘അലക്ഷ്യ പലായന’ത്തെ കാണുന്നില്ല (തൊഴിലിനുവേണ്ടിയുള്ള ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലിനെ വിശേഷിപ്പിക്കാൻ ഫൂട്ട്ലൂസ് മൈഗ്രേഷൻ-അലക്ഷ്യ പലായനം - എന്ന പുതിയൊരു വാക്കുതന്നെയുണ്ട്). ഹ്രസ്വനാളുകൾ നീണ്ടുനിൽക്കുന്നതും, ഘട്ടം ഘട്ടവുമായ ഈ പലായനങ്ങളെ രേഖപ്പെടുത്താൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്‌, എപ്പോഴും, തങ്ങളുടെ സംസ്ഥാനത്തിനു പുറത്ത് സ്ഥിതിചെയ്യുന്ന രണ്ട് ദശലക്ഷം ഒറിയക്കാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്‌. നുവാപാദ, അഥവാ, ബൊലാംഗീർ ജില്ലകൾ എടുക്കുക. സാധാരണനിലക്ക്, ഒന്നോ രണ്ടോ മാസം അവർ റായ്പൂരിൽ റിക്ഷാവലിക്കാരായി ചിലവഴിക്കും. അതുകഴിഞ്ഞ് രണ്ടോ മൂന്നോ മാസം, ആന്ധ്രയിലെ ഇഷ്ടികപ്പാടത്ത്. പിന്നെ, മുംബയുടെയോ താനെയുടെയോ ചുറ്റുവട്ടത്തിൽ നിർമ്മാണ തൊഴിലാളികളായി ഏതാനും ആഴ്ചകൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കും. (ഉയരത്തിൽ കെട്ടിയുയർത്തിയ തട്ടുകളിൽ നിന്നുകൊണ്ടുള്ള അപകടകരമായ ജോലികളിലായിരിക്കും അധികസമയവും അവർ).

കുടിയിറക്കപ്പെട്ട കർഷകരും തൊഴിലാളികളുമാകട്ടെ, മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കാണുന്നതുപോലെ മിക്കപ്പോഴും ഒരേ സംസ്ഥാനത്തിനകത്തെ പട്ടണങ്ങളിൽ തന്നെ അലക്ഷ്യമായി കറങ്ങിക്കൊണ്ടിരിക്കുന്നവരായിരിക്കും.

ശരിയാണ്‌. സെൻസസിന്‌ തൊഴിലിലെ ഇത്തരം ചലനങ്ങളെ രേഖപ്പെടുത്താനാവില്ല. എന്നിട്ടും ഇപ്പോൾ നമ്മൾ കണ്ടതുപോലുള്ള നഗര-ഗ്രാമ കണക്കുകളാണ്‌ അവ കാണിച്ചുതരുന്നതെങ്കിൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു വലിയ നാടകത്തെയാണ്‌ അത് തീർച്ചയായും സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ ജനസംഖ്യയും ചെറുകിട പട്ടണങ്ങളും പെരുകുകയാണ്‌. നഗര-ഗ്രാമങ്ങളിലെ ജനസംഖ്യാ നിരക്ക് കുറയുമ്പോഴും കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലെ ഏറ്റവും വലിയ നഗര-ഗ്രാമ വളർച്ചാ വ്യത്യാസമാണ്‌ (Urban-Rural Growth Differential) അവിടെ നിലനില്ക്കുന്നത്. ആഴമേറുന്ന ഒരു കാർഷികപ്രതിസന്ധിയുമായി കൈകോർത്ത് നടക്കുന്ന ഭീമമായ ഒരു കുടിയേറ്റമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1995-നും 2009-നും ഇടയ്ക്ക് നടന്ന 240,000 കർഷക ആത്മഹത്യകളെ ഇതോടൊപ്പം ചേർത്ത് വേണം  വായിക്കാൻ. ഭൂരിഭാഗവും കടത്തിൽ മുങ്ങി ജീവിതം അവസാനിപ്പിച്ചവരാണവർ. കഴിഞ്ഞ കുറേ കാലങ്ങളായി, ഇതിന്റെയൊക്കെ ചെറിയ ചെറിയ സൂചനകൾ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. കഥകൾ എന്നു പറഞ്ഞ് എഴുതി തള്ളാൻ എളുപ്പമാണെങ്കിലും, വേണമെന്നുണ്ടെങ്കിൽ കാണാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നു ആ സൂചനകൾ.

1990-കളുടെ ആദ്യപകുതിയിൽ ഒറീസ്സയിലെ നുവാവാദ ജില്ലയിലെ ഖരിയാറിൽനിന്ന് ചത്തീസ്ഗഢിലെ റായ്പൂരിലേക്ക് ദിവസത്തിൽ മൂന്നോ നാലോ ബസ്സുകളേ ഉണ്ടായിരുന്നുള്ളു. ആദ്യമൊക്കെ, ഭവാനിപ്പട്ടണത്തിൽ നിന്നായിരുന്നു (കാലഹന്ദി ജില്ലയുടെ തലസ്ഥാനം) ബസ്സുകൾ പുറപ്പെട്ടിരുന്നത്, ഖരിയാർ വഴി, റായ്പൂരിലേക്ക്. ഇന്ന്, ഒട്ടുമിക്ക പട്ടണങ്ങളിൽനിന്നും, ചെറിയ പ്രദേശങ്ങളിൽനിന്നുമൊക്കെ ബസ്സുകൾ, തൊഴിലാളികളെ കൊണ്ടുപോകുന്നു. ഇവിടെനിന്ന് റായ്പൂരിലേക്ക് തീവണ്ടികളും ധാരാളമായി പോകുന്നുണ്ട്. അതിർത്തികടക്കാൻ ഇതിനുപുറമെ, നിയമവിരുദ്ധമായി വാനുകളും ജീപ്പുകളും സുലഭമാണ്‌. “ഇവിടെ ഇനി എന്തുണ്ട് ബാക്കി?” ബിഷ്ണു ബോധ് എന്ന ഒരു അഭയാർത്ഥി എന്നോട് ചോദിച്ചു. “അതിർത്തിക്കപ്പുറത്ത് ധാരാളം ജോലി സാധ്യതയുണ്ട്”, അയാൾ പറഞ്ഞു. റായ്പൂർ തലസ്ഥാനമായി മാറിയതോടെ മനുഷ്യരുടെ കുത്തൊഴുക്കും തുടങ്ങി.

1994-ൽ കേരളത്തിലെ (വയനാട്ടിലെ) മാനന്തവാടിക്കും കർണ്ണാടകയിലെ കുട്ട പട്ടണത്തിനും ഇടയിൽ ചുരുക്കം ചില സർക്കാർ ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തിയിരുന്നുള്ളു. കാർഷിക പ്രതിസന്ധി വരുന്നതുവരെ, വയനാടെന്ന നാണ്യവിളകളുടെ നാട്ടിലേക്ക് തൊഴിലാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഒഴുകുകയായിരുന്നു. കേരളത്തിന്റെ ഗൾഫ് എന്നുപോലും വയനാട്ടിനെ വിശേഷിപ്പിച്ചിരുന്നു.  2004-ഓടെ, രണ്ടു പട്ടണത്തിനുമിടയ്ക്ക് 24 ബസ്സുകൾ സർവ്വീസ് ആരംഭിച്ചു. “വയനാട് ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു‘ എന്നാണ്‌ ഷിനോജ് തോമസ് എന്ന ചെറുപ്പക്കാരൻ പറഞ്ഞത്. ”പണി പകുതിക്കുവെച്ച് നിന്ന ആ വീടുകൾ നോക്കൂ. കൃഷി തരക്കേടില്ലാതെ നടന്നിരുന്ന കാലത്ത് തുടങ്ങിയതാണ്‌ അവയൊക്കെ. കൃഷി നശിച്ചപ്പോൾ നിർമ്മാണ ജോലിയൊക്കെ നിന്നു. വീണ്ടും തുടങ്ങാൻ ആരുടെ കയ്യിലും പൈസയുണ്ടായിരുന്നില്ല“.

തെലുങ്കാനയിലെ മഹബൂബ്നഗറിൽ നിന്ന് മുംബൈയിലേക്ക് ഒരു ബസ്സ് സർവ്വീസ് പോലും തികച്ചുണ്ടായിരുന്നില്ല 1993-ൽ. പത്തുവർഷങ്ങൾക്കുശേഷം അത് 40 ആയി വർദ്ധിച്ചു (രാത്രി മാത്രം പോകുന്ന, സ്വകാര്യ വാഹനങ്ങളെ കണക്കിലെടുത്തിട്ടില്ല). ”മുംബൈയും പൂനയുമില്ലെങ്കിൽ ഞങ്ങൾക്ക് നിലനിൽക്കാൻ പറ്റില്ല“. പാണ്ഡു നായ്ക്ക് എന്ന ആദിവാസി പറഞ്ഞു ഒരിക്കൽ. ”ഞങ്ങളുടെ കുടുംബം കടത്തിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. കുട്ടികൾ പട്ടിണിയിലും“. 2003-ഓടെ യാത്രക്കാരും മാറിയിരിക്കുന്നു. മുൻപ്, അധികവും കർഷകതൊഴിലാളി വർഗ്ഗക്കാരായ ദളിതുകളും ലംബാദ ആദിവാസികളുമായിരുന്നു യാത്രക്കാർ. ഇന്നാകട്ടെ,, മരപ്പണിക്കാരും, മൺപാത്രനിർമ്മാണ തൊഴിലാളികളും, ചെറുകിട-ഇടത്തരം കർഷകർ പോലും ആ കൂട്ടത്തിലുണ്ട്. എടുത്തുപറയാവുന്ന ഒരു സന്ദർഭമുണ്ടായത് 2003-ലെ ഒരു ബസ്സ് യാത്രയിലാണ്. അന്ന് അതിൽ, ഒരു കർഷകനും, ആ കർഷകന്റെ കീഴിൽ കാലാകാലങ്ങളായി തൊഴിലെടുത്തിരുന്ന ഒരു അടിമപണിക്കാരനുമുണ്ടായിരുന്നു.  തൊഴിലന്വേഷണവുമായി മുംബൈയിലേക്ക് പോവുകയായിരുന്നു ഇരുവരും. അതേസമയം, ഓരോ വർഷവും, പ്രത്യേക സാമ്പത്തിക മേഖലക്കും മറ്റു പദ്ധതികൾക്കും വേണ്ടി കുടിയിറക്കപ്പെട്ട, പൊലേപ്പള്ളി മുതൽ പോളാവരം വരെയുള്ള പതിനായിരക്കണക്കിന്‌ ആളുകൾ, ഹൈദരബാദിലും അതിന്റെ ചുറ്റുവട്ടത്തുള്ള നഗരപ്രദേശങ്ങളിലും എത്തിപ്പെടുകയും ചെയ്യുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യക്കാലത്ത്, ഗുജറാത്തിൽ നിരവധി നെയ്ത്തുശാലകൾ അടച്ചുപൂട്ടി. എന്നിട്ടും 2009-ൽ, ഒറീസ്സയിലെ ഗഞ്ചാമിൽനിന്ന്, ദിവസേനയെന്നോണം അയ്യായിരത്തോളം തൊഴിലാളികൾ ബിർഹാംപൂർ റെയിൽവേസ്റ്റേഷനിൽനിന്ന് ഗുജറാത്തിലേക്ക് വണ്ടികയറിയിരുന്നു. സൂറത്തിലേക്കും മുംബൈയിലേക്കും പോകുന്ന തൊഴിലാളികളായിരുന്നു അതിലധികവും. ”ഞങ്ങൾക്ക് മറ്റൊരു മാർഗ്ഗവുമില്ലെന്ന് സൂറത്തിലെ മുതലാളിമാർക്ക് അറിയാമായിരുന്നു“വെന്നാണ്‌ ഗഞ്ചാമിലെ ഗണേഷ് പ്രധാൻ പറഞ്ഞത്. ”അവധി ദിവസങ്ങളോ, വിശ്രമമോ ഒന്നുമില്ല. 12 മണിക്കൂർ ഷിഫ്റ്റിലാണ്‌ ജോലി. ഉച്ചവിശ്രമവും ഇല്ല. പൈസയും ആരോഗ്യവും നഷ്ടപ്പെടുകയാണ്‌..പക്ഷേ എല്ലായിടത്തും ഇതൊക്കെത്തന്നെയാണ്‌ സ്ഥിതി എന്ന് അറിയാഞ്ഞിട്ടല്ല“, ഗണേഷ് തുടർന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ഉദാഹരണങ്ങളും ഇതിൽനിന്ന് വ്യത്യസ്തമല്ല.

ആരാണീ പലായനം ചെയ്യുന്നവർ? കാർഷിക പ്രതിസന്ധി അനുഭവപ്പെടാൻ തുടങ്ങിയ 1990-കൾ മുതൽ, അതുവരെ നാടുവിട്ടുപോവുക ശീലമാക്കാതിരുന്ന സമുദായങ്ങൾ പോലും അത് ചെയ്തു തുടങ്ങി. ഒറീസ്സയിലെ കാളഹന്ദിയിലെ ദളിതർ കുറേ മുൻപു മുതൽക്കേ പലായനം ചെയ്തിരുന്നു. 90-കൾ മുതൽക്ക്, ആദിവാസികളും ക്ഷീരോത്പാദകരായ മറ്റുപിന്നോക്ക ജാതികളും മറ്റുള്ളവരും അവരുടെകൂടെ ചേർന്നു. ”കഴിഞ്ഞ 15-20 കൊല്ലക്കാലത്തെ പലായനങ്ങൾ അധികവും നിവൃത്തികേടുകൊണ്ടുണ്ടായതും, ലക്ഷ്യമില്ലാത്തതും, പലായനം ചെയ്യുന്നവരുടെ ജീവിതരീതിയും വേരുകളും കുടുംബബന്ധങ്ങളും തകർക്കുന്നവയുമായിരുന്നു“ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണ്ണലിസത്തിലെ പ്രൊഫസ്സർ ഡോ.കെ.നാഗരാജൻ അഭിപ്രായപ്പെടുന്നു. ”മദ്ധ്യ-ഉപരിവർഗ്ഗക്കാരിൽനിന്ന് വിഭിന്നമായി, ഇവർ എന്തെങ്കിലും പുതിയ തൊഴിലോ മൂലധനമോ ഒന്നും നേടുന്നില്ല. മദ്ധ്യ-ഉപരിവർഗ്ഗമാകട്ടെ, പലായനം ചെയ്യുമ്പോൾ തൊഴിൽ വൈദഗ്ദ്ധ്യവും മൂലധനവും, അവസരങ്ങളും നേടുകയാണ്‌ ചെയ്യുന്നത്“. ഈ പലായനം, നാട്ടിൻപുറങ്ങളിലെ ചെറുകിട ഉത്പാദനത്തിന്റെ തകർച്ചയെയാണ്‌ സൂചിപ്പിക്കുന്നത്.

ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിൽനിന്നുള്ള മനുഷ്യന്മാരുടെ ഈ വലിയ ഒഴുക്ക് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഇടനിലക്കാരുടെയും തൊഴിൽ കരാറുകാരുടെയും ശക്തമായ ഒരു നീണ്ട നിരതന്നെ ഈ നാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഈ പലായനത്തെ അവർ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുകയുമാണ്‌. പട്ടണത്തിലെയും നഗരത്തിലെയും കരാറുകാർ മുതൽ, കെട്ടിടനിർമ്മാതാക്കളും, കുത്തക കോർപ്പറേഷനുകളും, മൾട്ടിനാഷണൽ കമ്പനികൾ വരെ നീളുന്ന വിവിധ വിഭാഗങ്ങൾക്കുവേണ്ടി കുറഞ്ഞ വിലയ്ക്ക് തൊഴിൽ ലഭ്യമാക്കുന്ന ഇടനിലക്കാരാണവർ. ഇത്, പ്രാദേശിക കൂലി-വേതന നിലവാരത്തെ നിലംപരിശാക്കാൻ മാത്രമല്ല, അസംഘടിതരും, പ്രതീക്ഷയറ്റവരും, തന്മൂലം, എളുപ്പത്തിൽ കീഴ്പ്പെടുന്നവരുമായ ഒരു തൊഴിലാളിവർഗ്ഗത്തിനെ സൃഷ്ടിക്കാനുമാണ്‌ സഹായിക്കുക. ഈ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചോ, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചോ, അവർക്കു നൽകേണ്ടതോ, അവർക്ക് ബോധ്യമുണ്ടായിരിക്കേണ്ടതോ ആയ ആനുകൂല്യങ്ങളെക്കുറിച്ചോ തൊഴിലുടമകൾക്ക് ഒരിക്കലും ആശങ്കപ്പെടേണ്ടതുമില്ല. തൊഴിലാളികൾക്കാകട്ടെ, ഈ സംവിധാനം, തുച്ഛമെങ്കിലും പെട്ടുന്നുള്ള പണവും, തകർക്കുന്ന ഋണബാധ്യതയും, അനന്തമായ നിരാശയും മാത്രമാണ്‌ നൽകുന്നത്.സെപ്തംബർ 26-ലെ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച പി.സായ്നാഥിന്റെ ലേഖനത്തിന്റെ തർജ്ജമ