Tuesday, April 29, 2008

ഹിരോഷിമയുടെ ഓര്‍മ്മപ്പെടുത്തലുകള്‍

നിശ്ചലം സമയം

എന്റെ പേര്‍ ഹിരോഷിമ

തീക്കണ്ണ്ഉരുകുന്ന മനുഷ്യര്‍
കറുത്ത നിഴലുകള്‍ മാത്രം അവശേഷിപ്പിച്ചുപോയ ഒരാ‍ള്‍

ഭൂമിക്കു പൊള്ളുന്നു


ജീവച്ഛവങ്ങള്‍

(1)

(2)(3)
ഒരിക്കല്‍ ഞങ്ങളും മനുഷ്യരായിരുന്നുഏതാണ് ഈ ഭൂമി? എവിടെയാണ് ഞാന്‍?


പ്രേതഭൂമി
Sunday, April 27, 2008

കേശവന്റെ വിലാപങ്ങള്‍

‍ആര്‍ത്തവത്തെ ഗര്‍ഭപാത്രത്തിന്റെ തേങ്ങലായി കണ്ട എഴുത്തുകാരുണ്ടായിരുന്നു ഇവിടെ.

ജലം വീഞ്ഞാകുന്നത്‌, പ്രപഞ്ചനാഥന്റെ സാമീപ്യത്താലുള്ള ലജ്ജാവിവശതകൊണ്ടാണെന്ന് സങ്കല്‍പ്പിച്ച ഭാവനാശാലികളുമുണ്ടായിരുന്നു ഇവിടെ. പക്ഷേ ആര്‍ത്തവത്തെ തക്കാളി സോസായി കാണണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു എം. മുകുന്ദനായേ പറ്റൂ.

സര്‍ഗ്ഗാത്മകതയുടെ അഭാവം പ്രകടമായിരുന്നിട്ടുകൂടി, ഭാഗ്യംകൊണ്ടുമാത്രം എഴുപതുകളിലെ ആധുനിക സാഹിത്യത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ ഇടം കണ്ട ആളായിരുന്നു മുകുന്ദന്‍. സ്വന്തം പുഴയോരത്തുനിന്ന് തലയില്‍ ആവേശിച്ച ഒരു പഴയ കൊളോണിയല്‍ ഉറക്കച്ചടവിന്റെ സംവേദനക്ഷമമല്ലാത്ത ഭാഷമാത്രമായിരുന്നു ആകെയുള്ള കൈമുതല്‍. അതും, എംബസ്സി ഉദ്യോഗവും കൂടി സമാസമം കൂട്ടിക്കുഴച്ചപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി. അത്രമാത്രം. ഉറക്കച്ചടവിന്റെ ആ ഭാഷയുടെ ദുര്‍ബ്ബലമായ ഉറവയുള്ളതുപോലും വറ്റിയിട്ടും കാലം ഏറെയായി. ഇനിയുള്ള കാലം ഇത്തരം അക്കാദമികളുടെ വിജനമായ തീരങ്ങള്‍ മാത്രമാണ്‌ തന്നെ കാത്തിരിക്കുന്നതെന്നും മുകുന്ദനറിയാം.

ബോധോദയങ്ങള്‍ എപ്പോഴൊക്കെയാണ്‌ ഉണ്ടാകുന്നതെന്നൊന്നും 'അതിങ്കലെങ്ങാണ്ടൊരിടത്തിരിക്കുന്ന" മനുഷ്യനു പറയാനും ആവില്ല. സാംസ്കാരിക സെഷനുകള്‍ ഉദ്‌ഘാടനം ചെയ്യുമ്പോഴാവാം അത്‌ സംഭവിക്കുന്നത്‌. പത്രസമ്മേളനങ്ങളില്‍വെച്ചാവാം. പ്രതീക്ഷിച്ച പുരസ്ക്കാരങ്ങള്‍ തന്നെത്തേടിവരാതിരിക്കുമ്പോഴാകാം. വെറുതെ വീട്ടില്‍ ഉണ്ടിരിക്കുമ്പോള്‍പ്പോലുമാകാം ബോധചന്ദ്രികയുടെ ആ നറുനിലാവ്‌ തെളിയുക. അപ്പോഴാണ്, പിന്‍കാലുകള്‍ മടക്കി, മുന്‍കാലുകള്‍ ബലമായി നിവര്‍ത്തിപ്പിടിച്ചുനിന്ന്, കഴുത്ത്‌ ആകാശത്തേക്കു നീട്ടി ഉച്ചത്തില്‍ ഓരിയിടാന്‍ തോന്നുക. ശബ്ദമല്ലേ? എവിടെയെങ്കിലും തട്ടി പ്രതിദ്ധ്വനിക്കാതെവരില്ല. സ്വന്തം ബോധമണ്ഡലങ്ങളിലെങ്കിലും. എന്നെങ്കിലും.

കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഇ.എം.എസ്‌.സെമിനാറില്‍ 'സാംസ്കാരിക കേരളം, ഇന്നലെ, ഇന്ന്' എന്ന സെഷന്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ഇതുപോലുള്ള ഒരു അനുഭവം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നിരിക്കണം.

വാര്‍ത്ത ഇവിടെ.

നോക്കുകൂലി പോലുള്ള സമ്പ്രദായങ്ങള്‍ നിലവിലുള്ള നാട്ടില്‍ തൊഴിലാളിവര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്‌ പ്രസക്തിയില്ലെന്നും, സോഷ്യലിസത്തെ തമസ്കരിച്ചതുപോലെ തൊഴിലാളിവര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തെയും ഉപേക്ഷിക്കണമെന്ന്.

നോക്കുകൂലിയെ ഇന്നലെമുതല്‍ ഇടതുപക്ഷനേതൃത്വം എഴുതിത്തള്ളിയിരിക്കുന്നു കേശവാ. അങ്ങിനെയെങ്കില്‍, തൊഴിലാളിവര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്‌ ഇനിയും പ്രസക്തിയുണ്ടെന്നു വരില്ലേ?

ആധുനികത നല്‍കിയ സ്വാതന്ത്ര്യബോധത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ആധുനിക എഴുത്തുകാരിലുള്ളതുകൊണ്ടാണ്‌, ഇടതുപക്ഷവുമായി ചേര്‍ന്നുനടക്കുമ്പോഴും യാഥാസ്ഥിതിക ഇടതുപക്ഷവുമായി തന്നെപ്പോലുള്ളവര്‍ക്ക്‌ കലഹിക്കേണ്ടിവരുന്നതെന്ന്.

എപ്പോഴൊക്കെയാണ്‌ കേശവന്‍ കലഹിച്ചിട്ടുള്ളത്‌? അറിയാന്‍ താത്‌പര്യമുണ്ട്‌. ഏത്‌ ആധുനികന്റെ ചേരിയാണ്‌ ഇപ്പോഴുള്ളതെന്നും അറിഞ്ഞാല്‍ കൊള്ളാം. ഉത്തരാധുനികതയുടെ കാര്യമാണോ ഉദ്ദേശിച്ചത്‌? അപ്പന്‍സാറും, ശ്രീജനുമൊക്കെ പറയുന്ന ആ സാധനം?

എങ്കിലും ആ പ്രയോഗങ്ങളുണ്ടല്ലോ..."ഇടതുപക്ഷവുമായി ചേര്‍ന്നുനടക്കുമ്പോഴും", "ഇടതുപക്ഷത്തിന്‌ യൗവ്വനം നല്‍കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നവനേതൃത്വം".. എന്നൊക്കെയുള്ള ആ പ്രയോഗങ്ങള്‍. അതു കസറി കേശവാ. ഉദ്ദിഷ്ടകാര്യത്തിന്‌ ഇരിക്കട്ടെ ഒരു ഉപകാരസ്മരണ എന്ന്, അല്ലേ?


ആട്ടെ, ഏതു ഇടതുപക്ഷത്തിന്റെ കാര്യമാണ്‌ മഹാശയാ താങ്കള്‍ പറയുന്നത്‌? ഏത്‌ ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്നു താങ്കള്‍ എന്നാണ്‌ പറഞ്ഞുവരുന്നത്‌? ബോധചന്ദ്രനെ നോക്കി അങ്ങ്‌ പുറപ്പെടുവിക്കുന്ന ആ നീണ്ട വിലാപങ്ങള്‍ കേട്ട്‌ ഞങ്ങള്‍ക്ക്‌ മേലാകെ പൊട്ടിത്തരിക്കുന്നു കേശവാ.

Thursday, April 24, 2008

ഇതാ ഒരു ഡോക്യുമെന്ററി

ഇതാ ഒരു ഡോക്യുമെന്ററി. വൈറ്റ്‌ഹൌസിലെയും, ഡൌണിങ്ങ് സ്ട്രീറ്റിലെയും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൌണ്‍സിലിലെയും എല്ലാ പുലയാടികള്‍ക്കും അവരുടെ ദല്ല്ലാളുമാര്‍ക്കും, ആവോളം കണ്ടു രസിക്കാന്‍.

പതിനെട്ടു കൊല്ലമായി ഈ രക്ഷകര്‍ നടത്തിവരുന്ന ലിബറേഷന്റെയും ജനാധിപത്യസംരക്ഷണത്തിന്റെയും ഉപഭോക്താക്കളെ കാണണ്ടേ? കൂട്ടനശീകരണായുധങ്ങളില്‍നിന്നും, സദ്ദാമില്‍നിന്നും വിമോചിക്കപ്പെട്ടതിന്റെ ‘സന്തോഷം‌‘കൊണ്ട്, ഇരിക്കാനും കിടക്കാനും ജീവിക്കാനും വയ്യാതായ ചിലരെ.

വീട്ടിലെ ശീതീകരിച്ച മുറിയില്‍, ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും ഇടയിലിരുന്ന് , കെന്റക്കിയും ബര്‍ഗറും ചവച്ചരച്ച്, ഇടക്കോരോ ശീതളപാനീയവും മോന്തി, ഇതു കാണുക. എന്തെങ്കിലും സുഖമില്ലായ്മ തോന്നുമ്പോള്‍, IPL-ന്റെയോ, ഏറ്റവും പുതിയ സ്റ്റോക്ക് മാര്‍ക്കറ്റ് നിലവാ‍രത്തിന്റെ താളുകളിലേക്കോ വാര്‍ത്താവലോകനത്തിലേക്കോ ശ്രദ്ധ തിരിക്കുക. അതല്ലെങ്കില്‍ ബുര്‍ജ് ദുബായുടെ വിശ്വസൌന്ദര്യം ഒപ്പിയെടുത്ത മെയിലുകളിലേക്കും മനസ്സു തിരിക്കാം.

മനസ്സിനൊരു പൊറുതിവേണ്ടേ?

Monday, April 21, 2008

വാരിക്കുഴികള്‍

ദേശാഭിമാനി പത്രത്തിന്റെ പ്രചരണതന്ത്രം ഗംഭീരമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ഇന്നാണ്‌ കണ്ടത്‌. ഒരു ഇ-മെയില്‍ വഴി വന്നിരിക്കുന്നു. ആരൊക്കെയാണ്‌ പത്രത്തിന്റെ പബ്ലിക്ക്‌ റിലേഷന്‍സിനുവേണ്ടി മുന്നോട്ടുവന്നിരിക്കുന്നത്‌? വന്ദ്യവയോധികരായ ആത്മീയ നേതാക്കള്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയും മാര്‍ത്തോമാ സഭയുടെ വലിയ മെത്രാപൊലീത്ത മാര്‍ ക്രിസോസ്റ്റവും.

ദേശാഭിമാനി വാങ്ങുന്നവരെയും അല്ലാത്തവരെയും രണ്ടായി തരം തിരിക്കുന്നുമുണ്ട്‌ പത്രത്തിന്റെ പരസ്യം.

ആരൊക്കെയാണ്‌ ദേശാഭിമാനി വായിക്കുന്നതും / വാങ്ങുന്നതും?

ഉത്തരം:

1. പത്രങ്ങളെ ഗൗരവമായി സമീപിക്കുന്നവര്‍.
2. ഇനി വരാന്‍ പോകുന്ന തങ്ങളുടെ തലമുറ വാര്‍ത്താവിശകലന ശേഷിയുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നവര്‍.

ആരൊക്കെയാണ് ദേശാഭിമാനിയെ കുറ്റം പറയുന്നവര്‍?

1. ഒരിക്കലെങ്കിലും ദേശാഭിമാനി തുറന്നുനോക്കുകയോ വായിക്കുകയോ ചെയ്യാത്തവര്‍.
2. പത്രങ്ങള്‍ വായിക്കുവാന്‍ യാതൊരു താത്‌പര്യവുമില്ലാത്തവര്‍.
3. മലയാളം അറിയാത്തവര്‍.

തീര്‍ന്നില്ല, ഒടുവില്‍ ഇതാ വരുന്നു അറ്റകൈ പ്രയോഗം. ദേശാഭിമാനി വരിക്കാരനാകൂ, ഒരു പരിപൂര്‍ണ്ണ മനുഷ്യനാകാന്‍ അവനവനെയും, സുഹൃത്തുക്കളെയും, കുടുംബത്തെയും സഹായിക്കൂ. അതായത്, ഒരു കം‌പ്ലീറ്റ് മാന്‍. പരിപൂര്‍ണ്ണതയെ ക്ഷിപ്രസാദ്ധ്യമാക്കിയ ഈ റെയ്‌മണ്ട് ബുദ്ധിവൈഭവത്തെ എത്ര പ്രശംസിച്ചാ‍ലാണ് മതിയാവുക?

ആധുനിക വിപണനതന്ത്രത്തിന്റെ പ്രധാന ഘടകമാണ്‌ പരസ്യം. സൂക്ഷ്മവും സ്ഥൂലവുമായ ധ്വനി-ബിംബങ്ങളിലൂടെ ഉത്‌പന്നത്തെയോ ഒരു ആശയത്തെത്തന്നെയോ ആളുകളിലേക്കെത്തിക്കുക എന്നത്‌ ഒരു ശ്രമകരമായ ജോലിയാണ്‌. അതിന്റെ ശ്ലീലാശ്ലീല വരമ്പുകളും വ്യക്തമായി പാലിക്കപ്പെടേണ്ടതുണ്ട്‌. സമൂഹത്തിലെ വിവിധ അധീശത്വ-വിവേചന സങ്കല്‍പ്പങ്ങളെ വരികളുടെയും വരകളുടെയും ഉള്ളിലൊളിപ്പിക്കുന്ന പരസ്യകലയുടെ സാദ്ധ്യതകളും അപാരമാണെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു.

ആധുനിക കമ്പോളത്തിലെ മറ്റേതൊരു ഉത്‌പന്നത്തെയുംപോലെ പത്രങ്ങള്‍ക്കും പരസ്യകലയെ ആശ്രയിക്കേണ്ടിവരും. അതിലൂടെ വരിക്കാരെ വര്‍ദ്ധിപ്പിക്കേണ്ടിവരും. അതിനുവേണ്ടി ശരിയും തെറ്റുമായ പല അവകാശവാദങ്ങളും ഉന്നയിക്കേണ്ടതായും വന്നേക്കാം. ജനകോടികളുടെ വിശ്വസ്തസ്ഥാപനമെന്നൊക്കെ പറയുമ്പോള്‍, കോടിക്കും വിശ്വസ്തതക്കുമൊന്നും ഒരു വിലയുമില്ലെന്നും സ്വര്‍ണ്ണത്തിനു മാത്രമേ അതുള്ളുവെന്നും നമുക്കറിയാം.

പക്ഷേ ഒരു പത്രം, മുകളില്‍പ്പറഞ്ഞ വിവരദോഷങ്ങള്‍ വിളമ്പുമ്പോള്‍ ചിലത്‌ ചോദിക്കാതെ വയ്യ.

മള്ളിയൂരിനെയും തിരുമേനിയെയും ഉള്‍പ്പെടുത്തിയ സ്ഥിതിക്ക്‌, മിനിമം ഒരു മൊല്ലാക്കയെയെങ്കിലും തിരുകിക്കയറ്റേണ്ടതായിരുന്നില്ലേ?

ദേശാഭിമാനി വായിക്കുന്നവര്‍ പത്രങ്ങളെ ഗൗരവമായി സമീപിക്കുന്നവരും, ഭാവിതലമുറക്ക്‌ വാര്‍ത്താവിശകലന ശേഷി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമാണെന്ന കണ്ടെത്തലില്‍ കുഴപ്പമൊന്നുമില്ല.പക്ഷേ, ആ പത്രത്തെ വിമര്‍ശിക്കുന്നവരൊക്കെ, ആ പത്രം വായിക്കാത്തവരും വാങ്ങാത്തവരുമാണെന്നും, അവര്‍ക്കൊന്നും മലയാളമറിയില്ലെന്നുമൊക്കെ എഴുന്നള്ളിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കാനാവില്ല സഖാവേ.

ഈ തരംതിരിവുകള്ള് ദേശാഭിമാനിയുടെ സ്വന്തം വാചകങ്ങളാണോ, അതോ, ആ മെയില്‍ പ്രചരിപ്പിച്ചവരുടെ സ്വന്തം കണ്ടെത്തലും കൂട്ടിച്ചേര്‍ക്കലുമാണോ എന്നറിയില്ല. രണ്ടായാലും തികഞ്ഞ അസംബന്ധമാണത്‌.

പത്രങ്ങളുടെയും അവയിലെ വാര്‍ത്തകളുടെയും സത്യസന്ധതയെക്കുറിച്ച്‌ ആര്‍ക്കും മുന്‍വിധികളില്ലാത്ത കാലത്തിലൂടെയാണ്‌ ഇന്ന് നമ്മള്‍ നീങ്ങുന്നത്‌. അവനവന്റെ മത-സാമുദായിക-രാഷ്ട്രീയ വിശ്വാസങ്ങളുടെ വാര്‍ത്താജിഹ്വകള്‍ വാങ്ങുന്നവരും, അതില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുന്നവരുമുണ്ടാകാം. എങ്കിലും, കാര്യങ്ങളുടെ നിജസ്ഥിതിയറിയാന്‍ കൂടുതല്‍ പേര്‍ സമാന്തര മാദ്ധ്യമങ്ങളെയും, ഒന്നില്‍ക്കൂടുതല്‍ പത്രങ്ങളെയും ആശ്രയിക്കുന്ന മാറിയ കാലഘട്ടമാണ്‌ നമ്മുടേത്‌. ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും സ്വന്തം പാര്‍ട്ടിയുടെ പത്രത്തിലെയോ, ചാനലിലെയോ വാര്‍ത്തയെ മാത്രം വിശ്വസിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യുന്നുണ്ടാവില്ല. ചെയ്യുകയുമരുത്‌, സ്വബോധമുണ്ടെങ്കില്‍. അതില്ലെങ്കില്‍ പിന്നെ, എന്തും ഏതും ആകാം.

ദേശാഭിമാനിപോലുള്ള ഒരു കമ്മ്യൂണിസ്റ്റു പത്രമെങ്കിലും ഇത്തരത്തിലുള്ള വിലകുറഞ്ഞ പരസ്യതന്ത്രങ്ങളെയും പരസ്യവാചകങ്ങളെയും ഒഴിവാക്കേണ്ടതുണ്ട്‌. സാധാരണക്കാരായ ആളുകള്‍ വായിക്കുന്ന പത്രം എന്ന രീതിയില്‍ ദേശാഭിമാനിയെ അവതരിപ്പിക്കുന്നതില്‍ എന്തായിരുന്നു കുഴപ്പം? അന്തസ്സു പോരാ എന്നു തോന്നിയോ? ആത്മീയ നേതാക്കള്‍ വായിക്കുന്ന പത്രമെന്നൊക്കെ കൊട്ടിഘോഷിച്ചാല്‍ വരിക്കാരുടെ എണ്ണം കൂടുമെന്ന് കരുതിയോ? ഈ പ്രബലന്മാരായ തിരുമേനിമാര്‍ ദേശാഭിമാനിയെയും, അതിന്റെ രാഷ്ടീയത്തെയും അനുകൂലിക്കുന്നു എന്ന ധാരണ, ഈയൊരു കസര്‍ത്തുകൊണ്ട്‌ സൃഷ്ടിക്കാന്‍ കഴിയുമെന്നാണോ? "മുതലാളിത്തത്തിന്‌ ഒരു സ്ഥാനം സമൂഹത്തില്‍ ഉണ്ടെന്ന് സമ്മതിക്കാമെങ്കിലും, തൊഴിലാളി താത്‌പര്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു വ്യവസ്ഥിതിയും ശരിയല്ല' എന്ന അഭിപ്രായത്തിലൂടെ മര്‍ ക്രിസോസ്റ്റം തന്റെയും സഭയുടെയും, വിശ്വാസികളുടെയും നിലപാടുകള്‍ ഭംഗിയായി വെളിവാക്കുകയും ചെയ്തിരിക്കുന്നു എന്നും കാണണം. മള്ളിയൂരും ഒരു രസികന്‍ ഭാഗവതസൂത്രം പ്രയോഗിച്ചിട്ടുണ്ട്. “മാധ്യമങ്ങള്‍ നിഷ്പക്ഷമായിരിക്കണം, എന്നാല്‍ സ്വന്തമായി അഭിപ്രായം ഉണ്ടെങ്കില്‍, അത് തുറന്നു പറയുകയും വേണം”" എന്ന്.

വരിക്കാരെ ആകര്‍ഷിക്കുന്നതും, എണ്ണം വര്‍ദ്ധിപ്പിക്കുന്നതുമൊക്കെ നല്ലതുതന്നെ. എങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകരുടെയും, അതിനെ സ്നേഹിക്കുന്നവരുടെയും, എല്ലാ പത്രങ്ങളെയും വിമര്‍ശനബുദ്ധിയോടെ വായിക്കുകയും, പുനര്‍വായിക്കുകയും ചെയ്യുന്നവരുടെയും വരിയുടച്ചുകൊണ്ടാവരുത്‌ അത് എന്നുമാത്രം.

Sunday, April 20, 2008

ചെറിയ ലോകവും വലിയ കുട്ടികളും

1- ഒരു സാങ്കല്‍പ്പിക രംഗം

വിശ്വസമാധാനത്തിന്റെ അമേരിക്കന്‍ വെള്ളരിപ്രാവ്‌ ജോര്‍ജ്ജ്‌ ബുഷിന്റെ ഒരു സ്കൂള്‍ സന്ദര്‍ശനവേള.

കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു.

ആദ്യത്തെ കുട്ടി കൈപൊക്കുന്നു.

ബുഷ്‌: എന്താണ്‌ നിന്റെ പേര്‌?

കുട്ടി: ജോണ്‍

ബുഷ്‌: ശരി ജോണ്‍. എന്തൊക്കെയാണ്‌ നിനക്ക്‌ ചോദിക്കേണ്ടത്‌?

ജോണ്‍: സര്‍, എനിക്ക്‌ മൂന്നു ചോദ്യങ്ങളുണ്ട്‌.

1. ഐക്യരാഷ്ട്രസഭയുടെ അനുവാദമില്ലാതെ എന്തുകൊണ്ട്‌ അമേരിക്ക ഇറാഖിനെ ആക്രമിച്ചു?
2. ഒസാമ ബിന്‍ ലാദന്‍ എവിടെയാണ്‌ ?
3. എന്തുകൊണ്ട്‌ അമേരിക്ക പാക്കിസ്ഥാനെ ഇത്രകണ്ട്‌ പിന്തുണക്കുന്നു?

ബുഷ്‌: ജോണ്‍, നീയൊരു സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്‌...(ഇടവേളക്കുള്ള മണി മുഴങ്ങുന്നു)..ഓ..ഇനി നമുക്ക്‌ ഇടവേളക്കുശേഷം ഈ സംവാദം തുടരാം.

ഇടവേളക്കുശേഷം വീണ്ടും ബുഷ്‌ കുട്ടികളെ നേരിടുന്നു.

ബുഷ്‌: അപ്പോള്‍ എവിടെയാണ്‌ നമ്മള്‍ നിര്‍ത്തിയത്‌? അതെ, നിങ്ങളുടെ ചോദ്യങ്ങള്‍..ചോദിച്ചോളൂ.

പീറ്റര്‍ എന്ന വിദ്യാര്‍ത്ഥി കൈപൊക്കുന്നു.

ബുഷ്‌: എന്താണ്‌ നിന്റെ പേര്‌?

കുട്ടി: പീറ്റര്‍.

‍ബുഷ്‌: ഒകെ, പീറ്റര്‍, എന്തൊക്കെയാണ്‌ നിന്റെ ചോദ്യങ്ങള്‍?

പീറ്റര്‍: സര്‍, എനിക്ക്‌ അഞ്ചു ചോദ്യങ്ങളുണ്ട്‌.

1. ഐക്യരാഷ്ട്രസഭയുടെ അനുവാദമില്ലാതെ എന്തുകൊണ്ട്‌ അമേരിക്ക ഇറാഖിനെ ആക്രമിച്ചു.
2. ഒസാമ ബിന്‍ ലാദന്‍ എവിടെയാണ്‌ ?
3. എന്തുകൊണ്ട്‌ അമേരിക്ക പാക്കിസ്ഥാനെ ഇത്രകണ്ട്‌ പിന്തുണക്കുന്നു?
4. പതിവിലും ഇരുപതുമിനുട്ടു മുന്‍പ്‌, ഇടവേളക്കുള്ള മണി മുഴങ്ങിയത്‌ എന്തുകൊണ്ട്‌ ?
5. ജോണ്‍ എവിടെ?

************

2- ഒരു യഥാര്‍ത്ഥ രംഗം.

സിയാറ്റിലിലെ കീ അരീന എന്ന സ്ഥലത്ത്‌ ഇക്കഴിഞ്ഞ ഏപ്രില്‍ 18-ന്‌ നടന്നത്‌. കഴിഞ്ഞയാഴ്ച, ദലൈലാമയുടെ അമേരിക്കന്‍ പര്യടനത്തിനിടയില്‍ അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ലഭിച്ച അവിടുത്തെ ചില വിദ്യാര്‍ത്ഥികളുമായി ആമി ഗുഡ്‌മാന്‍ എന്ന അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തക സംസാരിച്ചു. സിയാറ്റിലിലെ കീ അരീന എന്ന സ്ഥലത്ത്‌, പതിനയ്യായിരത്തിലധികം കുട്ടികളെയാണ്‌ ദലൈലാമ അഭിസംബോധന ചെയ്തത്‌.

ആമി : ഹലോ, എന്താണ്‌ മോന്റെ പേര്‌?

കുട്ടി: ഫില്

‍ആമി: ഫില്ലിനു എത്ര വയസ്സായി?

ഫില്‍: പന്ത്രണ്ട്‌.

ആമി: ഇപ്പോള്‍ ആരെയാണ്‌ കണ്ടത്‌ എന്നറിയാമോ?

ഫില്‍: അറിയാം. ദലൈലാമ

ആമി: നിങ്ങള്‍ക്ക്‌ അദ്ദേഹം ആരാണ്‌?

ഫില്‍: ഞങ്ങള്‍ക്ക്‌ അദ്ദേഹം ഭാവിയാണ്‌. കാരണം, അദ്ദേഹം ഭാവിയെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരു നല്ല മാതൃക കാണിക്കുന്നവരെ കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക്‌- ഞങ്ങളുടെ സ്കൂളിലെ പലര്‍ക്കും- സന്തോഷമുണ്ട്‌. തിബത്തിന്റെ നേതാവും പ്രവാസിയുമായിരുന്നിട്ടും, ലോകം മുഴുവനും അദ്ദേഹം ചെയ്യുന്ന നന്മകള്‍ ചെയ്യുന്നതുകൊണ്ട്‌. അത്‌ വലിയൊരു കാര്യമാണ്‌. പ്രതീക്ഷയും സഹാനുഭൂതിയും നമുക്കുണ്ടാകണമെന്നും, അദ്ദേഹം കാണുന്നപോലെ നമ്മളും കാര്യങ്ങള്‍ നോക്കിക്കാണുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

ആമി: ഏതു സ്കൂളിലാണ്‌ പഠിക്കുന്നത്‌?

ഫില്‍: സിയാറ്റില്‍ കണ്‍ട്രി ഡേ സ്കൂള്‍.

ആമി: നിങ്ങളുടെ പേരെന്താണ്‌?

കുട്ടി: എല്ലിയനോര്‍.

‍ആമി: എത്ര വയസ്സായി.

എല്ലിയനോര്‍: പതിനൊന്ന്.

ആമി: നിങ്ങള്‍ എന്തു കരുതുന്നു?

എല്ലിയനോര്‍: ഇത്ര അറിവും അനുഭവവുമുള്ള ഒരാള്‍ സംസാരിക്കുന്നത്‌ കേള്‍ക്കാന്‍ കഴിഞ്ഞത്‌, ഞങ്ങളെസംബന്ധിച്ച്‌ ഒരു വലിയ അവസരമായിരുന്നു. അദ്ദേഹത്തിന്റെ അക്തമായ വാക്കുകളില്‍നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞു.

ആമി: എന്താണ്‌ പഠിക്കാന്‍ കഴിഞ്ഞത്‌?

എല്ലിയനോര്‍: എല്ലാവര്‍ക്കും സന്തോഷത്തോടെ കഴിയാനും, പരസ്പരം സഹായിക്കാനും കഴിയുന്ന ഒരു സ്ഥലം ഉണ്ടെന്ന് എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ ഒരു ലോകം സൃഷ്ടിക്കാനുള്ള പ്രചോദനമാണ്‌ അദ്ദേഹം.

ആമി: ഏതാണ്‌ ആ ലോകം?

എല്ലിയനോര്‍: ഭാവിയില്‍ വരാന്‍ പോകുന്ന ഒന്നാണ്‌ ആ ലോകം.

ആമി: നിങ്ങളുടെ പേര്‌?

കുട്ടി: എന്റെ പേര്‌ ഷേ.

ആമി: എത്ര വയസ്സായി?

ഷേ: പതിനൊന്ന്.

ആമി: ഏതു സ്കളിലാണ്‌?

ഷേ: സിയാറ്റില്‍ കണ്‍ട്രി ഡേ സ്കൂള്‍.

‍ആമി: ദലൈലാമയെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു?

ഷേ: വലിയ അറിവുള്ള ആളാണ്‌ അദ്ദേഹം. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്‌ വലിയൊരു കാര്യമാണ്‌. ഏതു മതത്തില്‍പ്പെട്ടവരായാലും, ഇനിയതല്ല, യുക്തിവാദിയോ മറ്റെതുതന്നെയായാലും ശരി, എല്ലാവരും പരസ്പരം സ്നേഹിക്കണമെന്ന ഒരു സന്ദേശമാണ് അദ്ദേഹം നല്‍കിയത്‌.

ആമി: ഈയൊരു ദിവസം എന്നും ഓര്‍ക്കുമോ?

ഷേ: തീര്‍ച്ചയായും ഞാന്‍ ഓര്‍ക്കും.

**************

കൊച്ചുകുട്ടികളുമായിട്ടുള്ള സംവാദമായതുകൊണ്ട്, ഈ തിരക്കഥയുടെ രാഷ്ട്രീയത്തെ കണ്ടില്ലെന്നു നടിക്കാം. എന്നാല്‍, വാഷിംഗ്‌ടണ്‍ സര്‍വ്വകലാശാലയിലെ വിശിഷ്ട ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ദലൈലാമയുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇടപെഴകാനുള്ള ഒരവസരം ഈയിടെ സര്‍വ്വകലാശാലാ അധികൃതര്‍ ഒരുക്കിയിരുന്നു. സ്നേഹം, സമാധാനം, കുടുംബബന്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ മാത്രമേ ചോദ്യങ്ങളാകാവൂ എന്നും, ചൈനയെക്കുറിച്ചും, തിബത്തിനെക്കുറിച്ചുമുള്ള ചോദ്യങ്ങളരുതെന്നും ഒരു മാസം മുന്‍പുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ചോദിക്കാനുള്ള ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു. അറുപതോളം കുട്ടികള്‍ മാത്രമാണ്‌ പ്രതികരിച്ചത്‌. അതില്‍, ചൈനയെക്കുറിച്ചും, തിബത്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച എട്ടു വിദ്യാര്‍ത്ഥികളെ ഒഴിവാക്കി, കേവലം പതിന്നാലു പേരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തിരഞ്ഞെടുത്തു. ആ പതിന്നാലുപേരുടെ ചോദ്യങ്ങളില്‍നിന്ന് രാഷ്ട്രീയം ഒഴിവാക്കാനുള്ള ബുദ്ധിയും സര്‍വ്വകലാശാലക്കുണ്ടായി.

**********

ആനന്ദ്‌ പട്‌വര്‍ദ്ധന്റെ ‘വാര്‍ ആന്റ്‌ പീസ്‌ ‘ എന്ന ഡോക്യുമെന്ററിയിലെ ഒരു രംഗം. പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളുമായുള്ള ഒരു അനൌപചാരിക കൂടിക്കഴ്ച. രാജ്യത്തിന്റെ ആണവപരീക്ഷണങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ ആനന്ദ്‌ ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക്‌ ആണാവായുധങ്ങള്‍ ആവശ്യമാണെന്നും, ഇന്ത്യയുമായി ഒരു യുദ്ധമുണ്ടാകുന്നപക്ഷം, പാക്കിസ്ഥാന്‍ അതുപയോഗിക്കണമെന്നും, അതില്‍ തെറ്റില്ലെന്നും മറ്റും അവള്‍ ഒരു പ്രസംഗമത്സരാര്‍ത്ഥിയുടെ ആംഗ്യവിക്ഷേപത്തോടെ പറഞ്ഞുഫലിപ്പിക്കാന്‍ നോക്കുന്നു.

ആനന്ദ്: ആണവയുദ്ധമുണ്ടായാല്‍ ആര്‍ക്കായിരിക്കും ദോഷം? ഇന്ത്യക്കു മാത്രമായിരിക്കുമോ?

കുട്ടി: അല്ല. എല്ലാവര്‍ക്കും.

ആനന്ദ്‌: എന്താണ്‌ സംഭവിക്കുക?

കുട്ടി: ആളുകള്‍ മരിക്കും.

ആനന്ദ്‌: ഇന്ത്യക്കാര്‍ മാത്രമായിരിക്കുമോ മരിക്കുക?

കുട്ടി: അല്ല, എല്ലാവരും.

ആനന്ദ്‌: അപ്പോള്‍ ആണവായുധങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ? ഉപയോഗിക്കാന്‍ പാടുണ്ടോ?

കുട്ടി: ഇല്ല. ഉപയോഗിക്കാന്‍ പാടില്ല. തെറ്റാണ്‌.

ആനന്ദ്‌: പിന്നെ എന്തുകൊണ്ടാണ്‌ആദ്യം അങ്ങിനെ പറഞ്ഞത്‌?

കുട്ടി: എന്നോട്‌ ക്ഷമിക്കണം, തെറ്റുപറ്റിപ്പോയി. ഇനി അങ്ങിനെ പറയില്ല.

*********

വലിയവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും കയ്യൊഴിഞ്ഞ്‌, കുട്ടികള്‍ പുതിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. കഴമ്പുള്ള ചോദ്യങ്ങള്‍. അവക്കുള്ള ഉത്തരങ്ങളും സ്വയം കണ്ടെത്തുകയും, പഴയ ഉത്തരങ്ങളിലെ തെറ്റുകള്‍ തുറന്നുസമ്മതിക്കുകയും ചെയ്യും അവര്‍. നമ്മളോടായിരിക്കും അവരിനി ചോദ്യങ്ങള്‍ ചോദിക്കുക.

Wednesday, April 16, 2008

*ഭഗ്നഭവനം

ന്യൂയോര്‍ക്ക്‌ ടൈംസിന്റെ കഴിഞ്ഞ ഞായറാഴ്ചയിലെ Sunday Styles എന്ന പംക്തിയില്‍‍ ലെസ്ലി കോഫ്‌മാന്‍ "യുദ്ധത്തിനുശേഷം പ്രണയം യുദ്ധഭൂമിയാകുന്ന"തിനെക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു. ഇറാഖ്‌ അധിനിവേശവും കയ്യേറ്റവും, അമേരിക്കന്‍ സൈനികരുടെ കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന സംഘര്‍ഷവും ശൈഥില്യവുമായിരുന്നു ആ ലേഖനത്തില്‍.

"കുടുംബവുമായി ഇടപെഴകുന്നതില്‍ വല്ലാത്ത ബുദ്ധിമുട്ട്‌ തോന്നുന്നു. രണ്ടു ചെറിയ കുട്ടികളുടെ അച്ഛനാണെന്നതില്‍പ്പോലും ഒരു സന്തോഷവും തോന്നുന്നില്ല. നിസ്സാരകാര്യത്തിനുപോലും ദേഷ്യം വരുന്നു", ഇത്‌ പറയുന്നത്‌, മേജര്‍ ലെവി ഡണ്ടന്‍ എന്ന സൈനികോദ്യോഗസ്ഥനാണ്‌.

2003-നുശേഷം സൈനികരുടെയിടയിലുള്ള വിവാഹമോചനങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുകയാണെന്ന് ലേഖനം വെളിപ്പെടുത്തുന്നു. യുദ്ധത്തിന്റെ ആദ്യവര്‍ഷം 2.9 ശതമാനമായിരുന്നുവെങ്കില്‍, 2004-ല്‍ അത്‌ 3.9 ശതമാനമായി വളര്‍ന്നു. സൈന്യത്തിന്റെ കണക്കുകള്‍ പക്ഷേ സൂചിപ്പിക്കുന്നത്‌, വിവാഹമോചനങ്ങള്‍ കുറയുന്നുവെന്നാണ്‌. മൊത്തം 8700 വിവാഹബന്ധങ്ങള്‍ വേര്‍പെട്ടുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ കാര്യത്തില്‍ ശതമാനക്കണക്ക്‌ 9 ആണത്രെ.

അവധിക്കുവന്ന സൈനികര്‍ക്ക്‌ കുടുംബവുമായി കൂടുതല്‍ ആശയവിനിമയം ചെയ്യാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ്‌ പെന്റഗണ്‍.

യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും, അത്‌ വ്യക്തിയുടെ മനസ്സിലുണ്ടാക്കുന്ന തീരാമുറിവുകളെപ്പറ്റിയുമൊക്കെയാണ്‌ സൈന്യം പഠിക്കാന്‍ ശ്രമിക്കുന്നത്‌.അത്തരം തിരിച്ചറിയല്‍ ശ്രമങ്ങള്‍ ഭാഗികമായേ ശരിയാകുന്നുള്ളു,. സൈനികരുടെ മനസ്സംഘര്‍ഷങ്ങള്‍ക്കും അവരുടെ പെരുമാറ്റവൈചിത്ര്യങ്ങള്‍ക്കുമുള്ള പ്രധാനപ്പെട്ട കാരണത്തെ മുഖാമുഖം നേരിടുന്നതിന്‌ സൈനികരെ സജ്ജരാക്കാന്‍, പെന്റഗണ്‌ കഴിയില്ല. എന്താണ്‌ ആ പ്രധാനപ്പെട്ട കാരണം? മറ്റു മനുഷ്യരെ അകാരണമായി കൊല്ലേണ്ടിവരുന്നതിലുള്ള ആഴത്തിലുള്ള കുറ്റബോധമാണത്‌.

തങ്ങള്‍ക്കൊരിക്കലും കുറ്റവിചാരണ നേരിടേണ്ടിവരില്ലെന്ന് അമേരിക്കന്‍ സൈനികര്‍ക്ക്‌ നന്നായി അറിയാം. മേലുദ്യോഗസ്ഥനെ അനുസരിക്കുക വഴി സര്‍ക്കാരിനോട്‌ വിശ്വസ്തത പാലിക്കുക മാത്രമാണ്‌ തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. ബോധതലത്തില്‍, അവര്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്‌, തങ്ങള്‍ അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുകയാണെന്നാണ്‌. ഇറാഖി ജനതയെ സഹായിക്കുക എന്ന മഹത്തായ കൃത്യനിര്‍വ്വഹണത്തിനായി തങ്ങള്‍ ജീവന്‍ പണയം വെക്കുകയാണെന്നും അവര്‍ സ്വയം വിശ്വസിപ്പിക്കുന്നു.

ഒരുവന്റെ ബോധ-ഉപബോധമനസ്സുകളെ അത്ര എളുപ്പത്തിലൊന്നും വിഢിയാക്കാന്‍ പറ്റില്ലെന്ന് ഏതൊരു മനശ്ശസ്ത്രജ്ഞനും പുരോഹിതനും നിങ്ങള്‍ക്ക്‌ പറഞ്ഞുതരും. ഭീകരമായ ഒരു തെറ്റ്‌ ചെയ്യേണ്ടിവരുമ്പോള്‍, നിങ്ങളെ പതുക്കെപ്പതുക്കെ കാര്‍ന്നുതിന്നാന്‍ തുടങ്ങുന്ന നിങ്ങളുടെ മനസ്സാക്ഷിയില്‍നിന്ന് രക്ഷപ്പെടുക എന്നത്‌ തീര്‍ത്തും അസാദ്ധ്യമായ ഒന്നാണ്‌. അതേസമയം, ഉപബോധമനസ്സാകട്ടെ, നിങ്ങളെ നിരന്തരം പീഡിപ്പിക്കുകവഴി, പലവിധത്തിലുള്ള സ്വഭാവവൈചിത്ര്യങ്ങളെയും പുറത്തുകൊണ്ടുവരുകയും ചെയ്യും.

കൊലപാതകപരമ്പരകള്‍ നടത്തുന്ന ചില മനോരോഗികളില്‍ ഇത്തരം യാതൊരു മനസ്സാക്ഷിക്കുത്തും കാണാന്‍ കഴിയില്ലെന്നത്‌ ശരിതന്നെ. പക്ഷേ, ഇറാഖിലെ സൈനികരെ ആ ഗണത്തില്‍ പെടുത്താന്‍ പറ്റില്ല. ശരിതെറ്റുകള്‍ക്ക്‌ വലിയ വില കല്‍പ്പിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്‌ അവര്‍. മനോനിലതെറ്റിയ, ജന്മനാ കുറ്റവാളികളായ ആളുകളല്ല അവര്‍.

വിഷാദരോഗവും, മനശ്ചാഞ്ചല്യവും, തകര്‍ന്ന കുടുംബാന്തരീക്ഷവും നേരിടേണ്ടിവരുന്ന, ഇറാഖില്‍ സേവനം അനുഷ്ഠിക്കുന്ന അമേരിക്കന്‍ സൈനികര്‍, കേവലമായ യുദ്ധാനന്തര-മനസ്സംഘര്‍ഷങ്ങളുടെ ഇരകളല്ല എന്നാണ്‌ പറ‍ഞ്ഞുവരുന്നത്‌. അകാരണമായി മറ്റൊരു രാജ്യത്തെ ആക്രമിക്കുന്ന സൈന്യത്തിന്റെ ഭാഗമായിത്തീരേണ്ടിവന്നതിലുള്ള തീവ്രമായ കുറ്റബോധമായിരിക്കണം അവരെ നിരന്തരം പീഡിപ്പിക്കുന്നത്‌.

തങ്ങളുടെ മാതൃരാജ്യത്തിനെ ഒരിക്കലും ആക്രമച്ചിട്ടില്ലാത്ത ഒരു രാജ്യത്തെയും അതിലെ നിരപരാധികളായ ജനതയെയുമാണ്‌ തങ്ങള്‍ നിത്യേനയെന്നോണം കൊല്ലുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്നതെന്ന് ഓരോ അമേരിക്കന്‍ സൈനികനും വ്യക്തമയി അറിയാം. ആ ജനതയെ കൊല്ലാനുള്ള ധാര്‍മ്മികവും നിയമപരവുമായ ഒരവകാശവും തങ്ങള്‍ക്കില്ലെന്നും, ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ഉള്ളിന്റെ ഉള്ളില്‍ ബോദ്ധ്യവുമുണ്ട്‌.

ശിക്ഷിക്കപ്പെടില്ലെന്ന് എത്രതന്നെ ബോദ്ധ്യമുണ്ടായാലും ശരി, മറ്റൊരു മനുഷ്യജീവിയെ അകാരണമായി കൊല്ലേണ്ടിവരുമ്പോള്‍, എങ്ങിനെയാണ്‌ ഒരുവന്‌ വിഷാദവും, കുറ്റബോധവും, ആത്മനിന്ദയും തോന്നാതിരിക്കുക?
കടപ്പാട്‌: Media without Borders (MWC)-ല്‍ ജേക്കബ്‌ ഹോണ്‍ബര്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

**ഭഗ്നഭവനം - പ്രൊഫസ്സര്‍ എന്‍.കൃഷ്ണപിള്ളയുടെ പ്രശസ്തമായ നാടകം. ഇബ്സന്റെ A Doll's House എന്ന നാ‍ടകത്തിന്റെ പരിഭാഷ.

Tuesday, April 15, 2008

സ്വര്‍ഗ്ഗത്തില്‍ കാവല്‍പ്പുരകളൊന്നുമില്ല

പതിന്നാലു കൊല്ലം മുന്‍പ്‌ എന്നെ യാത്രയയക്കുമ്പോഴുള്ള അച്ഛന്റെ ആ മുഖം ഇപ്പോഴും എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. ചുളിവുകളും, ആശങ്കയും, വാത്സല്യവും നിറഞ്ഞ ആ മുഖം. പഴയൊരു ഉടുപ്പും, മഞ്ഞ പൈജാമയും ധരിച്ച്‌, ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഞങ്ങളുടെ വീടിന്റെ തുരുമ്പിച്ച ഉമ്മറവാതില്‍ക്കല്‍ അച്ഛന്‍ നിന്നു. ഒരു മണിക്കൂര്‍ യാത്രാദൂരമുള്ള ഇസ്രായേലി വിമാനത്താവളത്തിലേക്ക്‌ എന്നെ കൊണ്ടുപോകാന്‍ വന്ന ടാക്സിയിലേക്ക്‌ ഞാനെന്റെ ചെറിയ പെട്ടി കയറ്റുമ്പോഴും നിശ്ചലനായി നില്‍ക്കുകയായിരുന്നു അച്ഛന്‍. അദ്ദേഹം അകത്തേക്ക്‌ പോയാല്‍ നന്നായിരുന്നുവെന്ന് എനിക്ക്‌ തോന്നി. പുറത്ത്‌ നല്ല തണുപ്പുണ്ടായിരുന്നു. ഏതുസമയവും പട്ടാളക്കാര്‍ പ്രത്യക്ഷപ്പെടാനും ഇടയുണ്ടായിരുന്നു. കാര്‍ മെല്ലെ മുന്നോട്ടുനീങ്ങി. ശ്മശാനവും, ക്യാമ്പും, അച്ഛനും കണ്ണില്‍നിന്നും മറഞ്ഞു. ഇനിയൊരിക്കലും അച്ഛനെ കാണാന്‍ കഴിയില്ലെന്ന് എനിക്കപ്പോള്‍ അറിയില്ലായിരുന്നു.

എല്ലാം ഓര്‍മ്മയില്‍ വരുന്നു. അച്ഛന്റെ നിറഞ്ഞ കണ്ണുകളും ധൃതിയോടെ പറഞ്ഞ വാക്കുകളും. "പൈസയൊക്കെ എടുത്തിട്ടുണ്ടോ? പാസ്സ്‌പോര്‍ട്ടോ? കോട്ട്‌ എടുത്തുവോ? അവിടെ എത്തിയാലുടനെ വിളിക്കണം. പാസ്സ്‌പോര്‍ട്ട്‌ കയ്യിലുണ്ടെന്ന് ഉറപ്പാണോ? ഒന്നുകൂടി നോക്ക്‌".

ചുറ്റുപാടുകളുടെ സൃഷ്ടിയാണ്‌ നമ്മളോരോരുത്തരും എന്ന പൊതുധാരണയെ എന്നും എതിര്‍ത്തിരുന്ന ആളായിരുന്നു അച്ഛന്‍. പത്താമത്തെ വയസ്സില്‍ അച്ഛനമ്മമാരുടെകൂടെ പിറന്ന ഗ്രാമത്തില്‍നിന്ന് ബഹിഷ്ക്കൃതനായി, അവരുടെ പിന്നാലെ നഗ്നപാദനായി അലയേണ്ടിവന്ന അച്ഛന്‍ നിമിഷനേരംകൊണ്ടാണ്‌ ഒരു നിലമുടമയുടെ മകനില്‍നിന്ന് ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭ്യാര്‍ത്ഥിക്യാമ്പിലെ അന്തേവാസിയായി മാറിയത്‌. അവിടെനിന്ന് തുടങ്ങി, വിശപ്പിന്റെയും, വേദനയുടെയും, വീടില്ലാത്തതിന്റെയും, സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെയും, പ്രണയത്തിന്റെയും, വിവാഹത്തിന്റെയും, നഷ്ടങ്ങളുടേതുമായ ആ വലിയ ജീവിതം.

പഠിപ്പുപേക്ഷിച്ച്‌ കുടുംബം പോറ്റാന്‍ ഇറങ്ങിത്തിരിച്ച നാള്‍മുതല്‍, നിരന്തരം സംഘര്‍ഷഭരിതമായിരുന്നു അച്ഛന്റെ ജീവിതം. അപരിചിതമായ ആ അന്യനാട്ടില്‍ ജീവിച്ച്‌, അടുത്തും അകലെയുമുള്ള അയല്‍ഗ്രാമങ്ങളില്‍ പോയി പശയും ആസ്‌പിരിനും വിറ്റ്‌ അദ്ദേഹം കുടുംബം പോറ്റി. അത്തരം യാത്രകളില്‍ കിട്ടിയ നായ്ക്കളുടെ കടിയുടെ പാടുകള്‍ അച്ഛന്റെ കാലുകളില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ചു.പോരാട്ടങ്ങള്‍ക്കിടയില്‍ സമ്മാനമായി കിട്ടിയ ഒട്ടനവധി മുറിവുകളും പില്‍ക്കാലത്ത്‌ ശരീരത്തിലുണ്ടായിരുന്നു.

ഈജിപ്തിന്റെ സേനയുടെ കീഴിലുള്ള പാലസ്തീനിയന്‍ യൂണിറ്റിലെ പട്ടാളകാരനായി സിനായ്‌ മരുഭൂമിയിലൂടെ ഏറെ നാള്‍ അദ്ദേഹം സഞ്ചരിച്ചു. 1967-ലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലികള്‍ ഗാസ പിടിച്ചടക്കിയപ്പോള്‍ വേണമെങ്കില്‍ ഇസ്രായേലികളുടെ കീഴില്‍ സൈനികസേവനം തുടരാമായിരുന്നു അദ്ദേഹത്തിന്‌. അതിനുള്ള അവസരവും കിട്ടിയതാണ്‌. അധിനിവേശ സേനയുടെ കീഴില്‍ കഴിയുന്നതിനേക്കാള്‍ അഭികാമ്യം പട്ടിണിയാണെന്ന് അഭിമാനത്തോടെ തിരിച്ചറിഞ്ഞു അച്ഛന്‍. അതിന്‌ വലിയ വില കൊടുക്കേണ്ടതായും വന്നു അദ്ദേഹത്തിന്‌. രണ്ടു വയസ്സായ മകനെ എന്നന്നേക്കുമായി അദ്ദേഹത്തിനു നഷ്ടപ്പെട്ടു.

ക്യാമ്പിലെ ഞങ്ങളുടെ വീടിനോടു ചേര്‍ന്നുള്ള ശ്മശാനത്തിലായിരുന്നു എന്റെ സഹോദരനെ അടക്കം ചെയ്തിരുന്നത്‌. പല പ്രഭാതങ്ങളിലും ഞങ്ങളുണര്‍ന്നു നോക്കുമ്പോള്‍ അച്ഛനെ കാണില്ല. ഭക്ഷണവും മരുന്നും മേടിച്ചുകൊടുക്കാനാവാത്തതുകൊണ്ട്‌ മരിച്ചുപോയ തന്റെ മകന്റെ ആ കൊച്ചുകുഴിമാടത്തിനരികെ ഒന്നുകില്‍ അദ്ദേഹം കരഞ്ഞുറങ്ങിക്കിടക്കുന്നുണ്ടാകും. അതല്ലെങ്കില്‍, അതിനുചുറ്റും മെഴുകുതിരികളും മിഠായികളും നിരത്തിവെക്കുകയായിരിക്കും. തന്റെ ദാരിദ്ര്യമാണ്‌ മകന്റെ മരണത്തിനു കാരണമെന്ന ചിന്ത അച്ഛനെ എപ്പോഴും വേട്ടയാടിയിരുന്നു.

ബുദ്ധിജീവി എന്ന പദവിയും, റഷ്യന്‍ സാഹിത്യത്തിനോടുള്ള പ്രതിപത്തിയും, തന്റെ സഹ അഭയാര്‍ത്ഥികള്‍ക്ക്‌ എന്നും അച്ഛന്‍ നല്‍കിപ്പോന്ന പിന്തുണയും ഇസ്രായേലിലെ അധികാരികളില്‍നിന്ന് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ചു. ഗാസ വിട്ടുപോകാന്‍ അവര്‍ അദ്ദേഹത്തെ അനുവദിച്ചില്ല.

കൗമാരകാലം മുതല്‍ നിരന്തര അലട്ടിയിരുന്ന ആസ്ത്‌മ, അത്യാവശ്യത്തിനുള്ള മരുന്നുകളുടെ ദൗര്‍ല്ലഭ്യം മൂലം പിന്നെപ്പിന്നെ വഷളായി. നിരന്തരം ശല്യം ചെയ്തിരുന്ന ചുമയും ശ്വാസംമുട്ടലും അവഗണിച്ച്‌, എന്നിട്ടും, അച്ഛന്‍ കുടുംബം പോറ്റാന്‍ അദ്ധ്വാനിച്ചു. ഇസ്രായേലില്‍ കൂലിപ്പണിക്ക്‌ പോകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. 'അവനവന്റെ അഭിമാനത്തോളംപോലും വിലയില്ല ഒരാളുടെ ജീവിതത്തിന്‌' എന്ന് അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു. ഇസ്രായേലുമായുള്ളതൊഴിച്ച്‌ മറ്റെല്ലാ അതിര്‍ത്തികളും അടച്ചപ്പോഴും, പഴയ വസ്ത്രങ്ങളും ചെരുപ്പുകളും, ഉപയോഗിച്ചു പഴകിയ ടി.വി.കളും, മറ്റു ചില്ലറ സാധനങ്ങളും പലയിടങ്ങളില്‍നിന്ന് വാങ്ങി ക്യാമ്പുകളില്‍ വിറ്റിട്ടും മറ്റും എങ്ങിനെയൊക്കെയോ അദ്ദേഹം കുടുംബം പുലര്‍ത്തി.

ഗാസപോലുള്ള ഒരു സ്ഥലത്ത്‌ വിദ്യഭ്യാസം എന്നത്‌ ശ്രമകരമായ ദൗത്യമായിരുന്നുവെങ്കിലും, തന്റെ തുച്ഛമായ വരുമാനം മുഴുവന്‍ അദ്ദേഹം മക്കളുടെ പഠിപ്പിന്റെ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചു.പക്ഷേ 1987-ല്‍ പാലസ്തീനിയന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുയും, ഇസ്രായേല്‍ സേനയുടെയും അവര്‍ക്കുനേരെ കല്ലെറിയുന്നവരുടെയും യുദ്ധഭൂമിയായി ഞങ്ങളുടെ ക്യാമ്പ്‌ മാറുകയും ചെയ്തപ്പോള്‍ അച്ഛന്റെ ശ്രദ്ധ മുഴുവന്‍, ഏതുവിധേനയും ഞങ്ങളെ സംരക്ഷിക്കുക എന്നതു മാത്രമായിത്തീര്‍ന്നു. രക്തസാക്ഷികളുടെ ശ്മശാനത്തിന്റെയും, റെഡ്‌ സ്ക്വയറിന്റെയും അടുത്തായിരുന്നു ഞങ്ങളുടെ ക്യാമ്പ്‌. എങ്ങിനെയാണ്‌ അത്തരമൊരു ചുറ്റുപാടില്‍ ഒരാള്‍ക്ക്‌ സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാവുക? ഇസ്രായേലി പട്ടാളക്കാര്‍ നിത്യവും വീട്ടില്‍ കയറിയിറങ്ങും. അകത്തെ മുറിയിലെ ഇരുട്ടിലേക്ക്‌ ഞങ്ങളെ മാറ്റിനിര്‍ത്തി, അച്ഛന്‍ അവരോട്‌ ഞങ്ങളെ ഉപദ്രവിക്കരുതെന്ന് യാചിക്കും. ഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ അച്ഛന്റെ കരണത്തടിച്ചപ്പോള്‍ അച്ഛന്‍ ഒരക്ഷരം മറുത്തുപറയാതിരുന്നതിന്‌ എന്റെ ഒരു ജ്യേഷ്ഠന്‍ അച്ഛനോടു കയര്‍ത്തു. 'നിനക്ക്‌ കുട്ടികളുണ്ടാവുമ്പോള്‍ മാത്രമേ നിനക്കത്‌ മനസ്സിലാകൂ' എന്നു മാത്രമേ അച്ഛന്‍ മറുപടി പറഞ്ഞുള്ളു. സ്വന്തം അഭിമാനത്തേക്കാള്‍ വലുതാണ്‌ മക്കളുടെ സുരക്ഷ എന്ന് ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടിയതുപോലെ തോന്നി. ആ ദിവസം തൊട്ട്‌, അച്ഛന്‍ എന്റെ കണ്ണില്‍ കൂടുതല്‍ വലുതാവുകയായിരുന്നു.

അച്ഛനെ അവസാനമായി കണ്ടിട്ട്‌ പതിന്നാലു വര്‍ഷമായിരുന്നു. ഗാസയിലേക്ക്‌ പ്രവേശിക്കാന്‍ ഞങ്ങള്‍ മക്കള്‍ക്ക്‌ ഒരിക്കലും അനുവാദമില്ലാതിരുന്നതിനാല്‍, അദ്ദേഹം ഒറ്റപ്പെട്ടുപോയി. സഹായിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷേ മരുന്നുകള്‍ ലഭ്യമല്ലെങ്കില്‍ പണംകൊണ്ട്‌ എന്തു കാര്യം? എന്റെ കുട്ടികളെ കാണാന്‍ കഴിയുന്നതിനുമുന്‍പ്‌ താന്‍ മരിച്ചുപോകുമോ എന്ന ആശങ്ക, ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട്‌ പങ്കുവെച്ചു. എന്തെങ്കിലുമൊരു വഴി കാണാമെന്നു ഞാന്‍ വാക്കു കൊടുത്തു. എനിക്കതിനു കഴിഞ്ഞില്ല.

ഗാസയിന്മേലുള്ള ഉപരോധം ആരംഭിച്ചപ്പോള്‍ അച്ഛന്റെ ജീവിതം ദുസ്സഹമായി. അംഗഭംഗം വന്നവരെക്കൊണ്ട്‌ നിറഞ്ഞ ആശുപത്രികള്‍ക്ക്‌ അച്ഛന്റെ രോഗം അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. ഈയടുത്തകാലത്തെ ഇസ്രായേലി ആക്രമണത്തില്‍, മിക്കാവാറും എല്ലാ ആശുപത്രികളും ശസ്ത്രക്രിയാകേന്ദ്രങ്ങളായി മാറി. അവിടെ അച്ഛനെപ്പോലൊരാള്‍ക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല. കൂടുതല്‍ സൗകര്യങ്ങളുള്ള വെസ്റ്റ്‌ ബാങ്കിലെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക്‌ അദ്ദേഹത്തെ മാറ്റാന്‍ ഞങ്ങള്‍ ശ്രമം നടത്തിയെങ്കിലും, ഇസ്രായേലി അധികാരികള്‍ അപേക്ഷകള്‍ നിരന്തരം നിഷേധിച്ചു.

"മോനേ എനിക്ക്‌ തീരെ സുഖമില്ല, തീരെ വയ്യ", മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ്‌ ഫോണില്‍ അച്ഛന്‍ എന്നോട്‌ പറഞ്ഞു. വെസ്റ്റ്‌ ബാങ്കില്‍ താമസിക്കുന്ന എന്റെ സഹോദരന്മാരുമായി ഒരു പുന:സ്സമാഗമം സാദ്ധ്യമാകുന്നതിനുംമുന്‍പേ, സഹായത്തിനാരും അടുത്തില്ലാതെ, ഒറ്റക്ക്‌, മാര്‍ച്ച്‌ 18-ന്‌ അച്ഛന്‍ മരിച്ചു. അഭയാര്‍ത്ഥിയായിട്ടാണെങ്കിലും, അഭിമാനിയായിട്ടുതന്നെ.

അച്ഛന്റെ സമരം തുടങ്ങിയിട്ട്‌ 60 വര്‍ഷങ്ങളായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ്‌ അതവസാനിച്ചു. അദ്ദേഹത്തിന്റെ ദുരിതങ്ങളും, സംഘര്‍ഷങ്ങളും പ്രത്യാശകളും പങ്കുവെച്ച, അടിച്ചമര്‍ത്തപ്പെട്ട ആയിരക്കണക്കിനാളുകള്‍, ഗാസയുടെ നാനാഭാഗത്തുനിന്നുമായി ആ ശവസംസ്കാര ചടങ്ങില്‍ പങ്കുചേര്‍ന്ന്, അന്ത്യവിശ്രമസ്ഥലം വരെ അദ്ദേഹത്തെ അനുഗമിച്ചു. ഏതൊരു പ്രക്ഷോഭകാരിക്കും അല്‍പം വിശ്രമം ആവശ്യമാണല്ലോ.*കൌണ്ടര്‍ കറന്റ്സില്‍ ഏപ്രില്‍ 7-ന് പ്രസിദ്ധീകരിച്ച റാംസി ബാറൂദിന്റെ (Ramzy Baroud) ലേഖനത്തിന്റെ പരിഭാഷ. PalestineChronicle.com- ന്റെ എഡിറ്റര്‍-ഇന്‍-ചീഫായ റാംസി Curtin University of Technology-യില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍ അദ്ധ്യാപകനാണ്.

Saturday, April 12, 2008

അന്താരാഷ്ട്ര ഭിക്ഷാടനം

യു.എ.ഇ.യില്‍ ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. പീറ്റര്‍ ഫോര്‍ഡിനെപ്പോലുള്ള അന്താരാഷ്ട്ര ഭിക്ഷക്കാര്‍ക്ക്‌ അത്‌ ബാധകമല്ല എന്നാണോ?

പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന കമ്മീഷണറുടെ പ്രതിനിധിയായ ഫോര്‍ഡ്‌ ദുബായില്‍ എത്തിയിരിക്കുന്നത്‌ 700 മില്ല്യണ്‍ ദിര്‍ഹം ഭിക്ഷ ചോദിക്കാനായിട്ടാണ്‌.

സ്വന്തം നാടും വീടും വിട്ട്‌, മൂന്നു തലമുറകളായി അന്യനാടുകളിലെ ക്യാമ്പുകളില്‍ ദുരിതപര്‍വ്വത്തിന്റെ നാള്‍വഴികളെണ്ണി കഴിയുന്ന പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ സഹായം ചെയ്തുകൊടുക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷേ ഈ ഭിക്ഷക്കാരന്റെ ന്യായങ്ങള്‍ എന്തൊക്കെയാണ്‌?

സാധാരണ നിലക്ക്‌, ഇത്തരം സാമ്പത്തിക സഹായങ്ങള്‍ക്ക്‌ പാശ്ചാത്യരാജ്യങ്ങളെയാണ്‌ തങ്ങള്‍ ആശ്രയിക്കാറുള്ളതെങ്കിലും, ലബനോണിലെ നഹര്‍ അല്‍ ബറേദ്‌ പാലസ്തീനി അഭയാര്‍ത്ഥി ക്യാമ്പ്‌ അറബികള്‍ക്കിടയിലെ പ്രശ്നമായതുകൊണ്ട്‌ സഹായിക്കണമെന്ന്. സാങ്കേതികമായി ശരിയായിരിക്കാം.

എന്നാലും എങ്ങിനെയാണ്‌ ഈ പറയുന്ന അഭയാര്‍ത്ഥികള്‍ ഉണ്ടായത്‌? ആ പ്രശ്നം പരിഹരിക്കാന്‍ ഈ ഐക്യരാഷ്ട്ര നിര്‍ഗ്ഗുണപരബ്രഹ്മങ്ങള്‍ എന്തൊക്കെ ചെയ്തു ഇതുവരെ? എത്ര പണം വെള്ളത്തിലൊഴുക്കി? ഈ പറയുന്ന 'വെസ്റ്റേണ്‍ ഡോണേഴ്സ്‌' ഈ പാലസ്തീനികള്‍ക്കുവേണ്ടി എന്തൊക്കെയാണ്‌ ചെയ്തത്‌? അവര്‍ എത്ര കുടിശ്ശിക വരുത്തിത്തീര്‍ത്തു. വല്ല നിശ്ചയവുമുണ്ടോ? അത്‌ തിരിച്ചുപിടിക്കാനുള്ള എന്തു നടപടിയെടുത്തു ഐക്യരാഷ്ട്രസഭയെന്ന ഈ നെറികെട്ട നാട്ടുകൂട്ടം? ഓരോ ദേശഗ്രൂപ്പുകളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതാതു രാജ്യങ്ങള്‍തന്നെ മുന്നോട്ടുവരണമെങ്കില്‍ പിന്നെ എന്തിനാണു ഹേ ഇങ്ങനെയൊരു സംഘടന? അഞ്ചു സ്ഥിരാംഗങ്ങളുടെ മുഷ്ക്കുകള്‍ക്കും തെമ്മാടിത്തരത്തിനും, അവരുടെ പിമ്പുകള്‍ക്കും വീതിച്ചെടുക്കാനുള്ളതോ ഈ ലോകം? ഈ അഭയാര്‍ത്ഥികള്‍? ഈ പാലസ്തീന്‍? ഈ ഇറാഖ്‌? ഈ അഫ്ഘാനിസ്ഥാന്‍?

ഗാസയാണത്രെ രണ്ടാമത്തെ പ്രധാന പരിഗണന. ആദ്യ പരിഗണന അപ്പോള്‍ ആര്‍ക്കാണ്‌ സായിപ്പേ? ഇസ്രായേലിനോ? അതോ അമേരിക്കക്കോ?

ഒരു പൂവുചോദിച്ചാല്‍ പൂങ്കാവനം തന്നെ ദാനംചെയ്യാന്‍ മടിക്കാത്ത, കണ്ടാലും കൊണ്ടാലുമറിയാത്തവര്‍ ഭരണത്തിലിരിക്കുമ്പോള്‍, ഇത്തരം ഭിക്ഷക്കാര്‍ വരാതിരുന്നാലല്ലേ നമ്മള്‍ അത്ഭുതപ്പെടേണ്ടതുള്ളു?

Thursday, April 10, 2008

“തിബത്തില്‍നിന്ന് കയ്യെടുക്കൂ”

'തിബത്തില്‍ നിന്ന് കയ്യെടുക്കൂ' എന്ന് ചൈനയോട്‌ അന്താരാഷ്ട്രസമൂഹം ഏകകണ്ഠമായി ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ചെച്‌നിയയില്‍നിന്നോ, ബാസ്ക്‌ പ്രവിശ്യയില്‍നിന്നോ കയ്യെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. പാലസ്തീനില്‍നിന്ന് കയ്യെടുക്കേണ്ട ആവശ്യമേയില്ലല്ലോ.

തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും, ചുരുങ്ങിയത്‌, സ്വയം ഭരണാവകാശത്തിനുംവേണ്ടി മറ്റുള്ളവരെപ്പോലെ ഞാനും ശബ്ദമുയര്‍ത്തും. ചൈനീസ്‌ സര്‍ക്കാരിന്റെ നടപടികളെ ഞാനും അപലപിക്കും. പക്ഷേ, അതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എനിക്ക്‌ മനസ്സില്ല.എന്തുകൊണ്ടാണെന്നോ? ആരൊക്കെയോ ചേര്‍ന്ന്, എന്റെ മസ്തിഷ്ക്കത്തെ കഴുകാന്‍ ശ്രമിക്കുന്നപോലെ ഒരു തോന്നല്‍. ഈ നടക്കുന്നത്‌ ഒരു പ്രഹസനമാണെന്ന സുഖകരമല്ലാത്ത ചിന്ത എനിക്കുണ്ടാവുന്നു.

അല്‍പം കണക്കുകൂട്ടലുകളൊക്കെ ക്ഷമിക്കാവുന്നതേയുള്ളു. ബീജിംഗ്‌ ഒളിമ്പിക്സിനു തൊട്ടുമുന്‍പുതന്നെ ഈ ലഹള ആരംഭിച്ചു എന്നത്‌ യാദൃശ്ചികമല്ല. അങ്ങിനെയൊക്കെ സംഭവിക്കും. തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ഒരു ജനത കയ്യില്‍കിട്ടുന്ന ഏതു അവസരവും, ആ ഒരു ലക്ഷ്യത്തിന്റെ സാക്ഷാത്ക്കരത്തിനായി ഉപയോഗിക്കുകയും ചെയ്യും.

അമേരിക്ക സ്വാര്‍ത്ഥലാഭത്തിനുവേണ്ടി തിബത്തുകാരെ ഉപയോഗിക്കുകയാണെന്ന് അറിയാമെങ്കിലും, ഞാന്‍ തിബത്തു ജനതയെ പിന്തുണക്കുന്നു. ലഹളകള്‍ക്കുപിന്നില്‍ സി.ഐ.എ.യുടെ കരങ്ങളാണെന്നും, ആഗോള പ്രചരണങ്ങള്‍ അമേരിക്കന്‍ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും എനിക്കറിയാം. നിലവിലെ ലോകശക്തിയായ അമേരിക്കയും, വളര്‍ന്നുവരുന്ന സാമ്പത്തികഭീമനായ ചൈനയും തമ്മിലുള്ള ഒരു ഒളിയുദ്ധമാണ്‌ അവിടെ നടക്കുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യവും റഷ്യയും കളിച്ച കളിയുടെ മറ്റൊരു പതിപ്പ്‌. തിബത്ത്‌ ഒരു ഉപകരണം മാത്രമാണ്‌.

പുരുഷന്മാരും കുട്ടികളുമടക്കം, നിരപരാധികളായ അസംഖ്യം ചൈനീസ്‌ പൗരന്മാരെ സംഘടിതമായി കൊന്നൊടുക്കുകയും, അവരുടെ വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്യുന്ന ഒരു അജണ്ടയിലേര്‍പ്പെട്ടിരിക്കുകയാണ്‌ തിബത്തുകള്‍ എന്നുള്ള പരമാര്‍ത്ഥവും ഞാന്‍ മറക്കാന്‍ തയ്യാറാണ്‌. ഒരു വിമോചനപ്പോരാട്ടത്തിനിടയില്‍ അത്തരം അതിക്രമങ്ങളൊക്കെ സംഭവിക്കുകതന്നെ ചെയ്യും.

അല്ല, എന്നെ അലോരസപ്പെടുത്തുന്നത്‌, അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്‌. തിബത്തിനെക്കുറിച്ച്‌ അവര്‍ ഒച്ചവെക്കുകയും അലറുകയും ചെയ്യുന്നു. ആയിരക്കണക്കിന്‌ മുഖപ്രസംഗങ്ങളിലൂടെയും, ചര്‍ച്ചകളിലൂടെയും അവര്‍ ചൈനക്കുമേല്‍ ശാപവചനങ്ങള്‍ ചൊരിയുന്നു. ഇതൊക്കെ കണ്ടാല്‍ തോന്നുക, തിബത്തില്‍ മാത്രമേ സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ മൃഗീയ ബലത്തോടെ അടിച്ചമര്‍ത്തപ്പെടുന്നുള്ളുവെന്നും, കാവിയുടുപ്പിട്ട ബുദ്ധഭിക്ഷുക്കളുടെ ദേഹത്തുനിന്നും ചൈന കയ്യെടുത്താല്‍ ലോകത്ത്‌ ഉടനടി സമാധാനം കൈവരുമെന്നാണ്‌.

ഒരു സംശയവുമില്ല. തിബത്തന്‍ ജനതക്കു സ്വയംഭരണാവകാശം കൊടുക്കേണ്ടതുതന്നെയാണ്‌. സ്വന്തം നാട്‌ ഭരിക്കാനും, തനതു സംസ്കാരവും വിശ്വാസവും പുലര്‍ത്താനും, വിദേശകുടിയേറ്റക്കാര്‍ തങ്ങളെ കീഴ്‌പ്പെടുത്തുന്നത്‌ തടയാനും, അവര്‍ക്ക്‌ എല്ലാ അവകാശങ്ങളുമുണ്ട്‌. പക്ഷേ ആ അവകാശങ്ങളൊക്കെ തുര്‍ക്കി, ഇറാഖ്‌, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ കുര്‍ദ്ദുകള്‍ക്കുമില്ലേ? മൊറോക്കൊയുടെ ഭരണത്തിലുള്ള പടിഞ്ഞാറന്‍ സഹാറയിലെ തദ്ദേശീയര്‍ക്കും ആ അവകാശമില്ലേ? സ്പെയിനിലെ ബാസ്ക്കുകള്‍ക്കും? ഫ്രാന്‍സിന്റെ തീരങ്ങളില്‍നിന്നുമകലെയുള്ള കോര്‍സിക്കന്‍ ജനതക്കും? പറഞ്ഞുവരുമ്പോള്‍ ലിസ്റ്റ്‌ ഇനിയും നീളും.

എന്തുകൊണ്ടാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏതെങ്കിലുമൊരു സ്വാതന്ത്ര്യപ്രക്ഷോഭത്തെ പിന്തുണക്കുകയും, മറ്റുള്ളവയെ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നത്‌? കിഴക്കന്‍ കോംഗോയിലെ ആയിരക്കണക്കിന്‌ ആഫ്രിക്കന്‍ ജനതയുടെ ചോരയേക്കാള്‍ ചുമപ്പ്‌ തിബത്തിലെ ബുദ്ധഭിക്ഷുവിന്റെ ചോരക്കുണ്ടാകുന്നതെങ്ങിനെ? ഈ കടംകഥക്ക്‌ ഒരു ഉത്തരം തേടുകയാണ്‌ ഞാന്‍. ഫലമൊന്നും ഉണ്ടായിട്ടില്ലെങ്കിലും.


നിങ്ങളുടെ പ്രവൃത്തി പ്രകൃതിയുടെ സാര്‍വ്വത്രിക നിയമമായി തീരാന്‍ പോകുന്നു എന്ന മട്ടിലാണ്‌ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന് പറഞ്ഞത്‌ ഇമ്മാനുവല്‍ കാന്റാണ്‌. തിബത്തന്‍ പ്രശ്നത്തോടുള്ള സമീപനം ഇത്തരത്തിലുള്ള ഒന്നാണോ? അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ജനതയുടെയും സ്വാതന്ത്ര്യാഭിലാഷങ്ങളെ അത്‌ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഇല്ല.അപ്പോള്‍ എന്തുകൊണ്ടാണ്‌ അന്താരാഷ്ട്ര മാധ്യമസമൂഹം, വിമോചനപ്പോരാട്ടങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നത്‌?

ഇത്തരം പോരാട്ടങ്ങളുടെ കാര്യം വരുമ്പോള്‍ മാധ്യമങ്ങള്‍ പ്രധാനമായും കണക്കിലെടുക്കുന്ന മാനദണ്ഡങ്ങള്‍ ഇനി പറയുന്നവയാണെന്നു കാണാം.
  • സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ആളുകള്‍ അസാധാരണമായ ഏതെങ്കിലും സംസ്കാരത്തിന്റെ പ്രതിനിധികളാണോ?
  • മാധ്യമത്തിന്റെ കണ്ണില്‍ അവര്‍ സുന്ദരന്‍മാരാണോ?
  • മാധ്യമങ്ങള്‍ക്ക്‌ പ്രിയങ്കരനായ, ഗ്ലാമറുള്ള ഒരാളാണോ നേതൃത്വം കൊടുക്കുന്നത്‌?
  • അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണോ?
  • അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ അമേരിക്കന്‍ അനുകൂല സഖ്യത്തില്‍ പെടുന്നുണ്ടോ? ഇത്‌ വളരെ പ്രധാനമാണ്‌. കാരണം, അന്താരാഷ്ട്ര മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവരുടെ അജണ്ട തീരുമാനിക്കുന്നതും, അമേരിക്കയും, അവരുടെ കീഴിലുള്ള വാര്‍ത്താ ഏജന്‍സികളും ടെലിവിഷന്‍ ചാനലുകളുമാണ്‌.
  • ഇതില്‍ സാമ്പത്തിക ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടോ?
  • മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും അവരെ പാട്ടിലാക്കാനും കഴിവുള്ള ഔദ്യോഗിക വക്താക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുണ്ടോ?
മുകളില്‍പ്പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍, തിബത്തിനെ കടത്തിവെട്ടാന്‍ മറ്റാരുമില്ലെന്ന് തീര്‍ച്ചയാകും. എല്ലാ ചുറ്റുപാടുകളും അവര്‍ക്കനുകൂലമാണ്‌.

ഹിമാലയത്താല്‍ അലങ്കൃതമായ മനോഹരമായ ഒരു ഭൂഭാഗം. അവിടേക്ക്‌ എത്തിപ്പെടുക എന്നതുതന്നെ, നൂറ്റാണ്ടുകളോളം ഒരു സാഹസിക അനുഭവമായിരുന്നു. അവരുടെ തനതു മതം ജിജ്ഞാസയും അനുകമ്പയുമാണ്‌ ആരിലും ഉളവാക്കുക. അവരുടെ അഹിംസ സിദ്ധാന്തത്തിന്‌, ഈയടുത്തകാലത്ത്‌ ചൈനക്കാര്‍ക്കെതിരെ അവര്‍ നടത്തിയ കൂട്ടക്കൊലകളെപ്പോലും മൂടിവെക്കാന്‍ തക്കവണ്ണം അയവുമുണ്ട്‌. അവരുടെ പ്രവാസിയായ ആദ്ധ്യാത്മിക നേതാവ്‌ ദലൈലാമക്കാകട്ടെ, ഒരു കാല്‍പ്പനിക പരിവേഷമാണുള്ളത്‌. മാധ്യമങ്ങളുടെ ഇഷ്ടതോഴന്‍. കമ്മ്യൂണിസ്റ്റു ഭരണകൂടമായതുകൊണ്ടും, മുതലാളിത്തപാത പിന്തുടരുന്നതുകൊണ്ടും, രണ്ടുനിലക്കും, ചൈനയിലെ സര്‍ക്കാരിനെ വെറുക്കുന്നവരാകട്ടെ, വളരെയധികമുണ്ട്. പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും ജീവിതം കഴിക്കുന്ന ബുദ്ധഭിക്ഷുക്കളില്‍നിന്ന് വ്യത്യസ്തമായി, ചൈനക്കാര്‍ ഭൗതികവാദത്തിന്റെ പ്രചാരകരാണ്‌.

ദുഷ്ക്കരമായ ഭൂപ്രകൃതിയെ മറികടന്ന്, തിബത്തന്‍ തലസ്ഥാനത്തേക്ക്‌ ചൈന റെയില്‍പ്പാളങ്ങള്‍ കൊണ്ടുവരുമ്പോള്‍, പാശ്ചാത്യരാജ്യങ്ങള്‍ അതിനെ കണ്ടത്‌ സാങ്കേതികവളര്‍ച്ചയുടെ വിജയമായിട്ടല്ല, മറിച്ച്‌, അധിനിവേശപ്രദേശത്തേക്ക്‌ ഹാന്‍-ചൈനീസ്‌ വംശജരെ കുടിയിരുത്തുന്ന ചൈനയുടെ ഉരുക്കുമുഷ്ടിയായാണ്‌. അത്‌ ശരിയുമാണ്.

തീര്‍ച്ചയായും, ചൈന ഒരു വളരുന്ന ശക്തിതന്നെയാണ്‌. അവരുടെ സാമ്പത്തികമായ വളര്‍ച്ച അമേരിക്കയുടെ അധീശത്വത്തിനെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ശോഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ചൈനയോട്‌ ഏറെക്കുറെ പ്രത്യക്ഷമായോ പരോക്ഷമായോ കടപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യം വലിയ കടക്കെണിയിലാണ്‌ ഇന്ന് അകപ്പെട്ടിട്ടുള്ളത്. ഏറ്റവുമധികം കടം കൊടുക്കുന്ന രാജ്യമെന്ന പദവി സമീപകാലത്തുതന്നെ ചൈനക്ക്‌ സ്വന്തമാവുകയും ചെയ്യും. ധാരാളം തൊഴിലവസരങ്ങളുമേന്തിക്കൊണ്ട്‌ അമേരിക്കന്‍ ഉത്‌പാദന രംഗം ചൈനയിലേക്ക്‌ പറിച്ചുനടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, ബാസ്കുകള്‍ക്കെന്തുണ്ട്‌ എടുത്തുപറയാന്‍തക്കവണ്ണം? തിബത്തിനെപ്പോലെ, അവരുടേതും ഒരു തുടര്‍ച്ചയുള്ള ഭൂപ്രദേശമാണ്‌. കൂടുതലും സ്പെയിനിലും, ചില പ്രദേശങ്ങള്‍ ഫ്രാന്‍സിലുമായിട്ടാണ് അതിന്റെ കിടപ്പ്. അത്ര വലിയ അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും, സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഒരു പുരാതന ജനതയാണ്‌ അവരും. പ്രാര്‍ത്ഥനാചക്രങ്ങളും കാഷായവേഷങ്ങളൊന്നുമില്ലെന്നു മാത്രം.

നെല്‍സണ്‍ മണ്ടേലയെപ്പോലെയോ, ദലൈലാമയെപ്പോലെയോ ഉള്ള ഒരു വലിയ നേതാവ്‌ അവര്‍ക്കില്ലാതെ പോയി. വെറുക്കപ്പെട്ട ഫ്രാങ്കോയുടെ ഏകാധിപത്യത്തിന്റെ ബാക്കിപത്രമായ സ്പെയിന്‍ എന്ന രാഷ്ട്രം ലോകമൊട്ടുക്ക്‌ ജനസമ്മിതിയുള്ള ഒന്നാണ്‌. ഏറിയും കുറഞ്ഞും അമേരിക്കന്‍ പക്ഷപാതം പുലര്‍ത്തുന്ന യൂറോപ്പ്യന്‍ യൂണിയനിലെ അംഗവുമാണ്‌ ആ രാജ്യം. ബാസ്കുകള്‍ക്ക്‌ സ്പെയിന്‍ സ്വയംഭരണാവകാശം ഒട്ടൊക്കെ അനുവദിച്ചിട്ടുള്ളതിനാല്‍, ബാസ്കില്‍ ഇപ്പോഴും നടക്കുന്ന ഒളിവിലുള്ള സായുധപോരാട്ടത്തെ മറ്റു രാജ്യങ്ങള്‍ ഭീകരപ്രവര്‍ത്തനമായാണ്‌ കാണുന്നത്‌. പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബാസ്ക്‌ പ്രവിശ്യയുടെ പോരാട്ടത്തിന്‌ ആഗോള പിന്തുണ കിട്ടാനുള്ള സാദ്ധ്യതകളും അതുകൊണ്ടുതന്നെ വളരെ കുറവാണ്‌.

ചെച്‌നിയക്ക്‌ കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. അവരും ഒരു പ്രത്യേക ജനതയാണ്‌. സാര്‍ ചക്രവര്‍ത്തിമാരുടെയും, പിന്നീട്‌ സ്റ്റാലിന്റെയും പുടിന്റെയും കീഴില്‍ വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ടവരാണ്‌ അവര്‍. പക്ഷേ കഷ്ടം. അവര്‍ മുസ്ലിമുകളായിപ്പോയി. നൂറ്റാണ്ടുകളായി സെമിറ്റിക്‌ വിരോധവും മനസ്സിലേന്തി നടന്നിരുന്ന പാശ്ചാത്യരെ ഇപ്പോള്‍ വേട്ടയാടുന്നത്‌ ഇസ്ലാം ഭയമാണ്‌. ഇസ്ലാമെന്നുള്ളത്‌ ഭീകരവാദത്തിന്റെ പര്യായമായിരിക്കുന്നു അവരെ സംബന്ധിച്ചിടത്തോളം. രക്തത്തിന്റെയും കൊലപാതകത്തിന്റെയും മതമാണ്‌ അവര്‍ക്ക്‌ ഇസ്ലാം. ക്രിസ്ത്യന്‍ കുട്ടികളുടെ ചോര വേവിച്ചെടുത്ത്‌ അന്നം കഴിക്കുന്നവരാണ്‌ മുസ്ലിമുകളെന്നുപോലും ഇനി വ്യാഖ്യാനങ്ങള്‍ വന്നേക്കാം. ഇന്‍ഡോനേഷ്യ മുതല്‍ മൊറോക്കൊ വരെയും, കൊസോവ മുതല്‍ സാന്‍സിബാര്‍ വരെയുമുള്ള വളരെ വ്യത്യസ്തമായ ജനതതികളുടെ മതമാണ്‌ ഇസ്ലാമെന്നത്‌ സൗകര്യപൂര്‍വ്വം തമസ്കരിക്കപ്പെടും.

ബീജിംഗിനോടുള്ള പേടി, എന്തായാലും, അമേരിക്കക്ക്‌ മോസ്കോയുടെ നേര്‍ക്കില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ഭരിക്കാന്‍ പോകുന്ന രാജ്യം റഷ്യയായിരിക്കില്ലെന്നും, ചൈനയായിരിക്കുമെന്നും അവര്‍ക്കറിയാം. പഴയ ശീതസമരം പുനരുജ്ജീവിപ്പിക്കുന്നതിലല്ല, ഇസ്ലാമിനെതിരെയുള്ള കുരിശുയുദ്ധത്തെ ജീവന്‍വെപ്പിക്കുന്നതിലാണ്‌ ഇന്ന് പാശ്ചാത്യശക്തികളുടെ ശ്രദ്ധമുഴുവന്‍. പ്രഭാകാന്തിയുള്ള നേതാക്കന്മാരോ വക്താക്കളോ ഇല്ലാത്ത പാവം ചെച്‌നിയക്കാര്‍ക്ക്‌ ലോകത്തിന്റെ ശ്രദ്ധ കിട്ടുന്നില്ല. ലോകം എന്തുപറഞ്ഞാലും, പുടിനോ അയാള്‍ നിയന്ത്രിക്കുന്ന പാവസര്‍ക്കാരിനോ, ചെച്‌നിയക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കാനോ, മുഴുവന്‍ നഗരത്തെയുംവരെ ചുട്ടുചാമ്പലാക്കാനോ ഒരു തടസ്സവുമുണ്ടാവുകയുമില്ല.

അതേ സമയം, തങ്ങള്‍ക്ക്‌ തീരാശല്യമായിരിക്കുന്ന ജോര്‍ജ്ജിയയില്‍നിന്ന് അബ്‌കാസിയക്കാരും പടിഞ്ഞാറന്‍ ഒസ്സേഷ്യക്കാരും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനെ പിന്തുണക്കാനും പുടിനും കൂട്ടര്‍ക്കും കഴിയുന്നു.

കൊസോവയില്‍ നടക്കുന്നത്‌ എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഇമ്മാനുവല്‍ കാന്റ്‌ തലചൊറിയുമായിരുന്നു. സെര്‍ബിയയില്‍നിന്ന് അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ഞാന്‍ അതിനെ ഹൃദയംകൊണ്ട്‌ പൂര്‍ണ്ണമായും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്‌. വ്യത്യസ്തമായൊരു സംസ്കാരവും (ആല്‍ബേനിയന്‍) സ്വന്തമായി ഒരു മതവുമുള്ള (ഇസ്ലാം) പ്രത്യേക ജനവിഭാഗമാണ്‌ അവര്‍. സെര്‍ബിയന്‍ നേതാവ്‌ സ്ലോബോഡന്‍ മിലോസവിച്ച്‌ അവരെ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കാന്‍ ശ്രമിച്ചപ്പോള്‍, ലോകം ഒന്നടങ്കം അതിനെതിരെ ശബ്ദിക്കുകയും, കൊസോവയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്‌ ധാര്‍മ്മികവും, ഭൗതികവുമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു. രണ്ടു ദശലക്ഷം ജനസഖ്യയുള്ള പുതിയ രാജ്യത്ത്‌ ആല്‍ബേനിയന്‍ കൊസോവക്കാര്‍ തൊണ്ണൂറു ശതമാനം വരും. ബാക്കി വരുന്ന പത്ത്‌ ശതമാനം സെര്‍ബ്‌ വംശജര്‍, തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സെര്‍ബിയയുമായി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യമാണ്‌ ഉയര്‍ത്തുന്നത്‌. കാന്റിന്റെ പ്രമാണമനുസരിച്ച്‌, അവര്‍ക്കതിന്‌ അവകാശമുണ്ടോ?

കൂടുതല്‍ പ്രായോഗികമായ ഒരു തത്ത്വം നിര്‍ദ്ദേശിക്കാമെന്നു തോന്നുന്നു. നിശ്ചിതമായ ഭൂപരിധിക്കുള്ളില്‍ താമസിക്കുകയും, തനതു ദേശീയ സ്വഭാവമുള്ളവരുമായ ഏതു ജനതക്കും സ്വാതന്ത്ര്യം അവകാശപ്പെട്ടതാണ്‌. അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന ഒരു രാജ്യം, അവരുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും വേണം. പൂര്‍ണ്ണമായ അവകാശങ്ങളും, തുല്യതയും, സ്വയംഭരണാവകാശങ്ങളും തങ്ങള്‍ക്ക്‌ കിട്ടുന്നുവെന്ന് അവര്‍ക്ക്‌ ബോദ്ധ്യം വരണം. വിഘടനവാദം ആഗ്രഹിക്കാനുള്ള ഒരു കാരണവും അവര്‍ക്ക്‌ ലഭിക്കരുതെന്ന് ചുരുക്കം.

കാനഡയിലെ ഫ്രഞ്ചുകാര്‍ക്കും, ബ്രിട്ടനിലെ സ്കോട്ടുകാര്‍ക്കും, തുര്‍ക്കിയിലെയും മറ്റിടങ്ങളിലെയും കുര്‍ദ്ദുകള്‍ക്കും, ആഫ്രിക്കയിലെ വിവിധ വംശങ്ങള്‍ക്കും, ലാറ്റിന്‍ അമേരിക്കയിലെ തദ്ദേശീയര്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, ഒക്കെ ഈ പറഞ്ഞത്‌ ബാധകമാണ്‌ (1). സ്വയംഭരണമാണോ, സ്വാതന്ത്ര്യമാണോ വേണ്ടത്‌ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്‌.

ഇത്‌, നമ്മെ, നിര്‍ബന്ധമായും പാലസ്തീനിയന്‍ പ്രശ്നത്തിലേക്ക്‌ കൊണ്ടുവരും.

ലോകമാധ്യമങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള മത്സരത്തില്‍ ഏറ്റവും പരാജയപ്പെട്ടവര്‍ പാലസ്തീനികളാണ്‌. വസ്തുനിഷ്ഠമായ ഏതു മാനദണ്ഡങ്ങള്‍വെച്ചു നോക്കിയാലും, തിബത്തുകാരെപ്പോലെ, പൂര്‍ണ്ണസ്വാതന്ത്ര്യത്തിന്‌ അവര്‍ക്കും തികഞ്ഞ അര്‍ഹതയുണ്ട്‌. ഒരു പ്രത്യേക പ്രദേശത്തു താമസിക്കുന്ന, ഇസ്രായേലുമായി കൃത്യമായ അതിര്‍ത്തികളുള്ള ഒരു രാജ്യമാണത്‌. കൂടിയ അളവിലുള്ള കപടതയുള്ളവര്‍ക്കുമാത്രമേ ആ ചരിത്രവസ്തുതകളെ നിഷേധിക്കാനാവൂ. പക്ഷേ വിധിയുടെ ക്രൂരമായ വിളയാട്ടം അനുഭവിക്കുന്നവരാണ്‌ പാലസ്തീനികള്‍. അവരെ അടിച്ചമര്‍ത്തുന്നവര്‍ തങ്ങളാണ്‌ ഇരകളെന്ന് അവകാശപ്പെടുന്നു. പാശ്ചാത്യലോകത്തിന്റെ നിര്‍ദ്ദയമായ ചെയ്തികളുടെ ഇരകളായിരുന്നു ജൂതര്‍ എന്ന ഒരേയൊരു കാരണം പറഞ്ഞ്‌ ലോകം ഒന്നടങ്കം ഇസ്രായേലിനോട്‌ സഹതാപം പ്രകടിപ്പിക്കുന്നു. മര്‍ദ്ദിതനേക്കാളും സഹതാപം മര്‍ദ്ദകനു ലഭിക്കാന്‍ ഇടവരുന്നു എന്ന പ്രത്യേക സ്ഥിതിവിശേഷമാണ്‌ ഇതുകൊണ്ടുണ്ടാകുന്നത്‌. പാലസ്തീനെ പിന്തുണക്കുന്നവന്‍ സ്വാഭാവികമായും സെമിറ്റിക്‌ വിരോധിയും, ഹോളോകാസ്റ്റിനെ നിഷേധിക്കുന്നവനുമായിത്തീരുന്നു.

പാലസ്തീനികളില്‍ ഭൂരിപക്ഷവും മുസ്ലിമുകളാണ്‌. അവിടുത്തെ ക്രിസ്ത്യാനികളെ ആരും കണക്കിലെടുക്കുന്നില്ല. ഇസ്ലാം എന്നത്‌, പാശ്ചാത്യരില്‍ ഭയവും വെറുപ്പും ഉളവാക്കുന്ന ഒന്നായതുകൊണ്ട്‌, പാലസ്തീനിയന്‍ പ്രക്ഷോഭം ‘ആഗോള ഭീകരത‘ എന്ന അവ്യക്തവും കുടിലവുമായ സങ്കല്‍പ്പത്തിന്റെ ഭാഗമായി മാറിമറിഞ്ഞു. യാസ്സര്‍ അറാഫത്തിന്റെയും ഷേക്ക്‌ അഹമ്മദ്‌ യാസ്സിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം (2) പാലസ്തീനികള്‍ക്ക്‌ ഫത്തയിലോ ഹമാസിലോ, എടുത്തുപറയത്തക്ക നേതാക്കളെയും കിട്ടിയില്ല.

ചൈനീസ്‌ കുടിയേറ്റക്കാര്‍ തട്ടിയെടുത്ത തിബത്തന്‍ ജനതയുടെ ഭൂമിക്കുവേണ്ടി ലോക മാധ്യമങ്ങള്‍ കണ്ണീരൊഴുക്കുകയാണിന്ന്. നമ്മുടെ കുടിയേറ്റക്കാര്‍ തട്ടിയെടുത്ത പാലസ്തീനികളുടെ ഭൂമിയെക്കുറിച്ച്‌ ആരോര്‍ക്കാന്‍?

തിബത്തിനെ ചൊല്ലിയുള്ള ബഹളത്തില്‍, ഇസ്രായേലിന്റെ വക്താക്കള്‍ തങ്ങളെ സ്വയം താരതമ്യം ചെയ്യുന്നത്‌ തിബത്തുകാരുമായിട്ടാണ്‌. ചൈനയുമായിട്ടല്ല. അതാണ്‌ യുക്തിയെന്ന് പലരും കരുതുകയും ചെയ്യുന്നു.

നാളെ, കാന്റിനെ കുഴിമാന്തി പുറത്തെടുത്ത്‌ പാലസ്തീനികളെക്കുറിച്ച്‌ ചോദിച്ചാല്‍ അദ്ദേഹം മിക്കവാറും പറയുക "മറ്റുള്ളവര്‍ക്ക്‌ എന്തു കൊടുക്കണമെന്ന് നിങ്ങള്‍ കരുതുന്നുവോ, അത്‌ അവര്‍ക്കും കൊടുക്കുക, വെറുതെ വിഡ്‌ഢിത്തങ്ങള്‍ ചോദിച്ച്‌ എന്റെ ഉറക്കം കെടുത്തരുത്‌' എന്നോ മറ്റോ ആയിരിക്കും.കടപ്പാട്‌: ഏപ്രില്‍ 6-ന്‌ MWC (Media with Conscience)-ല്‍ യൂറി ആവ്‌നറി എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

പരിഭാഷക്കുറിപ്പ്‌:

തിബത്തിനെക്കുറിച്ച്‌ എന്തുകൊണ്ട്‌ ഇതുവരെ ഒന്നും എഴുതിയില്ല എന്ന് (അനോണികളും അല്ലാത്തവരുമായ) ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. സമയം, സാവകാശം, വിഷയത്തെക്കുറിച്ചുള്ള പിടിപാടില്ലായ്മ, എന്നിങ്ങനെ പല കാരണങ്ങളുണ്ട്‌. തിബത്താകട്ടെ, സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന വിഷയവുമാണ്‌. യൂറിയുടെ ഈ ലേഖനം വളരെ വസ്തുനിഷ്ഠമായും, എന്റെ കാഴ്ചപ്പാടിനോട്‌ വളരെ അടുത്തുനില്‍ക്കുന്ന ഒന്നായും തോന്നി.

1) കാശ്മീരികളെയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. അവരുടെ സ്വയംഭരണാവകാശ വാദത്തെയും, ഹിതപരിശോധനയിലൂടെയോ, മറ്റേതെങ്കിലും നിഷ്പക്ഷമായ നിയമാനുസൃതമാര്‍ഗ്ഗത്തിലൂടെയോ വിലയിരുത്തേണ്ടതാണെന്ന പക്ഷക്കാരനാണ്‌ പരിഭാഷകന്‍.

2) യാസ്സര്‍ അറാഫത്തിന്റേത് സ്വാഭാവിക മരണമായിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. അതിനെക്കുറിച്ച് നടത്തിയ ചില ഔദ്യോഗിക അന്വേഷണങ്ങളും പാതിവഴിയില്‍ അവസാനിക്കുകയാണുണ്ടായത്.

Monday, April 7, 2008

കിഫായ

ഈജിപ്തില്‍നിന്നുള്ള വാര്‍ത്തകള്‍ ഒരര്‍ത്ഥത്തില്‍ ശുഭോദര്‍ക്കമാണെങ്കിലും, നമ്മുടെ യു.എ.ഇ.ക്കും മറ്റ് ജി.സി.സി.രാജ്യങ്ങള്‍ക്കും വ്യക്തമായ ചില സൂചനകള്‍ അവ തരുന്നുണ്ട്‌.

വിലവര്‍ദ്ധനവ്‌, തൊഴിലില്ലായ്മ, കൂടുതല്‍ ദുരിതമയമാകുന്ന നിത്യ ജീവിത സാഹചര്യങ്ങള്‍ എന്നിവ‍ക്കെതിരെ ഈജിപ്തില്‍ പ്രക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌. ഇന്നലെ (ഞായറാഴ്ച) ഈജിപ്തില്‍ നടത്താനുദ്ദേശിച്ചിരുന്ന പൊതുപണിമുടക്ക്‌ പരാജയമായിരുന്നെന്ന് ഇവിടുത്തെ (യു.എ.ഇ.യിലെ) ഗള്‍ഫ്‌ ന്യൂസ്‌ പത്രം ദീര്‍ഘനിശ്വാസം വിടുന്നുണ്ടെങ്കിലും, ഇവിടെയും കാര്യങ്ങള്‍ അത്ര സുഖകരമൊന്നുമല്ലെന്ന് അവര്‍ക്കും നമുക്കും നല്ല ബോദ്ധ്യമുണ്ട്‌. തൊട്ടതിനും പിടിച്ചതിനുമൊക്കെ പടച്ചുവിടുന്ന ഗ്യാലപ്പ് പോളുകള്‍കൊണ്ടൊന്നും യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവെക്കാമെന്നും, പത്രങ്ങളും, സര്‍ക്കാര്‍ വക്താക്കളും ധരിക്കുകയുമരുത്.

ഗള്‍ഫിലെ ജീവിത സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ മോശമായിവരികയാണ്‌. യു.എ.ഇ.യിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മറ്റു ഗള്‍ഫ്‌ നാടുകളെ അപേക്ഷിച്ച്‌, താരതമ്യേന ജനക്ഷേമത്തിന്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു സര്‍ക്കാരും, വ്യക്തവും സ്വതന്ത്രവുമായ ഭരണനയങ്ങളൊന്നുമില്ലെങ്കിലും പൊതുവെ സമാധാനകാംക്ഷികളുമായ ഭരണാധികാരികളുമൊക്കെയുണ്ടായിട്ടും യു.എ.ഇ.യും ഒരു പൊതു പ്രതിസന്ധിയെ നേരിടുകതന്നെ ചെയ്യുന്നു എന്നതാണ് വാസ്തവം.

പാശ്ചാത്യ ശക്തികളെ പ്രീണിപ്പിക്കുന്ന രീതിയിലുള്ള സാമ്പത്തിക-സാമൂഹ്യ പരാശ്രയം, യു.എ.ഇ. ഇനിയെങ്കിലും കയ്യൊഴിയണം എന്നാണ്‌ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന. ഉത്‌പാദനവുമായി ഒരു പുലബന്ധവുമില്ലാത്തതും, ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയ, റിയല്‍ എസ്റ്റേറ്റടക്കമുള്ള വ്യാപാര-വാണിജ്യ സമ്പദ്‌ഘടനയെ അടിയന്തിരമായി പുനപ്പരിശോധനക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. പാശ്ചാത്യ-സ്വദേശി കുത്തക കോര്‍പ്പറേറ്റുകളുടെ കളിപ്പാവയായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇവിടുത്തെ സമ്പദ്ഘടന. അതിന്റെ ഭവിഷ്യത്തുകള്‍ ഇവിടെ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളാവുകയും ചെയ്തിരിക്കുന്നു. ഡോളറുമായിട്ടുള്ള വിനിമയ ബന്ധങ്ങളെക്കുറിച്ചൊക്കെ തീരെ അവ്യക്തമായ രീതിയില്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന തരത്തിലാണ്‌ സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നത്‌. പത്രങ്ങള്‍ ഏറ്റുപാടുന്നത്‌. അമേരിക്കയുടെ സാമന്തരാജ്യമെന്ന മൂഢസ്വര്‍ഗ്ഗം യു.എ.ഇ.ക്ക്‌ ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ.

ഇതിനോടനുബന്ധിച്ച്‌ വായിക്കേണ്ട മറ്റൊരു വാര്‍ത്തയാണ്‌ ഇന്നലെ (05.04.2008) ഗള്‍ഫ്‌ ന്യൂസില്‍ വന്നിരിക്കുന്നത്‌. വളരെ വലിയ സാമ്പത്തിക, സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയില്‍ക്കൂടി കടന്നുപോയിട്ടും, അറബി നാടുകളിലെ രാഷ്ട്രീയ ഘടന ഇപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിപല്‍സന്ദേശമാണ്‌ ഈ കഴിഞ്ഞ ആഴ്ച അബുദാബിയില്‍ നടന്ന Emirates Centre for Strategic Studies and Research-ന്റെ സമ്മേളനം നല്‍കിയിരിക്കുന്നത്‌. അടിയന്തിരപ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമായ ചില പ്രശ്നങ്ങളെയാണ്‌ ആ സമ്മേളനം അഭിമുഖീകരിച്ചത്‌.

മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്ത ഗള്‍ഫ്‌ രാഷ്ട്രീയ രംഗം, സമൂഹത്തിനും അധികാരികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഭീമമായ അന്തരം, വളരെ വേഗത്തില്‍ ആഗോളവത്ക്കരിക്കപ്പെടുന്ന ആധുനിക സാമൂഹ്യ വ്യവസ്ഥയുടെ ആഘാതത്തില്‍നിന്ന് ദുര്‍ബ്ബലമായ സ്വന്തം സാമൂഹങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യം, പരമ്പരാഗത പിതൃദായക സമ്പ്രദായത്തില്‍ നഷ്ടമാകുന്ന സ്ഥാപനങ്ങള്‍, തങ്ങളുടെ നാടുകളിലെ വര്‍ദ്ധിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സൃഷ്ടിക്കുന്ന സാമൂഹ്യമായ പ്രത്യാഘാതങ്ങളും, ഗുണമേന്മകളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, എന്നിങ്ങനെ നിരവധി കാലികപ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു അവര്‍ ചര്‍ച്ച ചെയ്തത്‌.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹവും, ഏതുവിധേനയും തങ്ങളുടെ അധികാരം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ വെമ്പുന്ന അധികാരികളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച്‌ സമ്മേളനത്തില്‍ സൂചിപ്പിച്ചത്‌, സൗദി അറേബ്യ പോലുള്ള ഒരു അറുപിന്തിരിപ്പന്‍ രാജ്യത്തുനിന്നുള്ള അക്കാഡമിക് പ്രതിനിധിയായിരുന്നുവെന്നത്‌ തീര്‍ച്ചയായും അല്‍പം ആശ്വാസം തരുന്നു.

ഇത്തരം ചര്‍ച്ചകളൊക്കെ സ്വാഗതാര്‍ഹമാണെങ്കിലും, അറബിനാടുകളില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ തോത്‌, നമ്മുടെ എല്ലാ ശുഭാപ്തിവിശ്വാസങ്ങളെയും തകിടം മറിക്കാന്‍ പോന്നവയാണ്‌.സൗദിയും, ഖത്തറും, ജോര്‍ദ്ദാനും അമേരിക്കന്‍ സമ്രാജ്യത്വനയങ്ങളുടെ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഏജന്റുകള്‍ മാത്രമാണ്‌. കുവൈത്തിലാകട്ടെ, വളരെ സവിശേഷമായ രാഷ്ട്രീയ ഉണര്‍വ്വ്‌ പ്രകടമാണെങ്കിലും, പാര്‍ലമെണ്ടിലെ യാഥാസ്ഥിതിക പക്ഷം ഇപ്പോഴും ശക്തമാണുതാനും. ആ നിലക്ക്‌, പുതിയൊരു ദിശാബോധം നല്‍കാന്‍ ഏറ്റവും പ്രാപ്തമായ ജി.സി.സി രാജ്യം, ഇന്ന് യു.എ.ഇ. തന്നെയാണ്‌. പക്ഷേ, കൂടുതല്‍ സ്വതന്ത്രവും, ധീരവുമായ പല നടപടികളും സര്‍ക്കാര്‍ ഇനിയും എടുക്കേണ്ടതായിട്ടാണിരിക്കുന്നത്‌.

എഫ്‌.എന്‍.സിയെ കൂടുതല്‍ ജനാധിപത്യവത്‌ക്കരിക്കുക, ഇന്നു നിലനില്‍ക്കുന്ന പരിമിതമായ വോട്ടവകാശത്തിനുപകരം സാര്‍വ്വത്രികമായ വോട്ടവകാശം നല്‍കുക തുടങ്ങിയവ ഒരു ഭാഗത്ത്‌ നടപ്പാക്കുമ്പോള്‍തന്നെ, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച പോലെ ഊഹാപോഹത്തിലും, വിദേശ-സ്വദേശ കുത്തകകളിലും അധിഷ്ഠിതമായ കപടസമ്പദ്‌ വ്യവസ്ഥയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയവയും അത്യാവശ്യമാണ്‌.

ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും യു.എ.ഇ. അടക്കമുള്ള രാജ്യങ്ങള്‍ ഇനിയും വൈകുന്ന പക്ഷം, ഈജിപ്തില്‍ ഇപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്ന 'കിഫായ' എന്ന ശക്തമായ താക്കീത്‌, ഏറെതാമസമില്ലാതെ ഇവിടെയും മുഴങ്ങുമെന്നും അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.*കിഫായ - ഈജിപ്തില്‍, ജനധിപത്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു പ്രതിപക്ഷ ഗ്രൂപ്പ്‌. Enough എന്നാണ് അറബിയില്‍ ഈ വാക്കിന്റെ അര്‍ത്ഥം.

Saturday, April 5, 2008

വായനയുടെ നാലുകെട്ടുകള്‍


ഇന്നലെ (2008ഏപ്രില്‍ നാല്) ദുബായില്‍ നടന്ന ‘ദല‘യുടെ സാഹിത്യ ക്യാമ്പില്‍ നാലുകെട്ടും മലയാള നോവല്‍ സാഹിത്യവും എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച നടന്നു. വിഷയം അവതരിപ്പിച്ചത്‌ ആലങ്കോട്‌ ലീലാകൃഷ്ണന്‍. അനുബന്ധമായി സംസാരിച്ചത്‌, ജ്യോതികുമാറും റാംമോഹന്‍ പാലിയത്തും.

ആലങ്കോടിന്റെ ശക്തമായ എം.ടി.പക്ഷപാതം പ്രതീക്ഷിച്ചതുതന്നെയായിരുന്നു. തന്റെ വിലയിരുത്തലില്‍ അത്തരമൊരു ചായ്‌വുണ്ടാകുമെന്നും ആലങ്കോട്‌ ആദ്യമേ ജാമ്യമെടുത്തിരുന്നു. ശ്രീനാരായണ പ്രസ്ഥാനം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണം വരെയുള്ള കേരളത്തിലെ നവോത്ഥാനപ്രക്രിയയുടെ പ്രതിഫലനം എന്ന നിലക്കും, ബഹിഷ്കൃതന്റെ തിരിച്ചുവരവും നാലുകെട്ട്‌ പ്രതിനിധീകരിക്കുന്ന പാരമ്പര്യ സ്ഥാവര ബന്ധങ്ങളുടെ തച്ചുടക്കലും പുനര്‍നിര്‍മ്മാണവും എന്ന മട്ടിലുമുള്ള ഒരു രാഷ്ട്രീയ വായനയായിട്ടാണ്‌ നാലുകെട്ട്‌ എന്ന കൃതിയെ ആലങ്കോട്‌ കാണാന്‍ ശ്രമിച്ചത്‌. ഗൃഹാതുരത്വം എന്നത്‌ കേവലം ഒരു ദുര്‍ബ്ബലമായ മാനസിക വികാരം എന്നതിനേക്കാളുപരി, നഷ്ടമായ ചില മൂല്യങ്ങളുടെ വീണ്ടെടുപ്പിനുവേണ്ടിയുള്ള ആധുനിക മനുഷ്യന്റെ (മറ്റൊരു)രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ലീലാകൃഷ്ണന്‍ വ്യാഖ്യാനിച്ചു.


അനുബന്ധമായി സംസാരിച്ച ജ്യോതികുമാര്‍ സാഹിത്യത്തിലെ പ്രീണനസംസ്കാരത്തിന്റെ അസംബന്ധത്തിലേക്കാണ്‌ വിരല്‍ചൂണ്ടിയത്‌. എങ്ങിനെയൊക്കെയാണ്‌ സാഹിത്യത്തിലും സൂപ്പര്‍സ്റ്റാറുകള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും, പത്രാധിപരെന്ന പദവി ഉപയോഗിച്ച്‌ എങ്ങിനെയാണ്‌ തന്നേക്കാള്‍ പലതുകൊണ്ടും പ്രതിഭാധനരായ എഴുത്തുകാരുടെ ഒരു വലിയ നിരയെ എം.ടി. ഇല്ലാതാക്കിയതെന്നും ജ്യോതി സൂചിപ്പിച്ചു. വള്ളുവനാടിന്റെ ഫ്യൂഡല്‍ സാംസ്കാരികമേല്‍ക്കോയ്മ സാഹിത്യ പക്ഷപാതങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ചും, ഇനിയും ഒരു അമ്പതു വര്‍ഷത്തിനുശേഷം വന്നേക്കാവുന്ന ഇത്തരം സാഹിത്യ ആഘോഷങ്ങളില്‍ എം.ടി.ക്കോ, നാലുകെട്ടിനോ സ്ഥാനമുണ്ടാകില്ലെന്ന പ്രവചനസ്വരച്ഛായയുള്ള നിലപാടാണ്‌ ജ്യോതി ഉയര്‍ത്തിയത്‌. അതേസമയം, ഷെര്‍ലക്ക്‌ പോലുള്ള എഴുത്തിന്റെ മൂന്നാം വരവിലാണ്‌ എം.ടിക്ക്‌ കൂടുതല്‍ പ്രസക്തിയുണ്ടാവുക എന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.


ലീലാകൃഷ്ണനും ജ്യോതിയും ഉയര്‍ത്തിയ ആശയങ്ങള്‍, നാലുകെട്ടു വിവാദവുമായി ബന്ധപ്പെട്ട്‌, ഇതിനകംതന്നെ വളരെയധികം പറഞ്ഞുപഴകിയ കാര്യങ്ങളാണ്‌.എം.ടി.യുടെതന്നെ രണ്ടാമൂഴമടക്കം, നാലുകെട്ട്‌ എന്ന നോവലിനേക്കാള്‍ എത്രയോ മികച്ച നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. എം.ടി.യേക്കാള്‍ പ്രതിഭാധനരായവരും മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്‌. എം.ടി.ക്ക്‌ ഒരു സൂപ്പര്‍ സ്റ്റാര്‍ പദവി കിട്ടിയിട്ടുണ്ടെങ്കില്‍, അതിനുത്തരവാദി, എം.ടി.യല്ല. ശരാശരി മലയാളിയുടെ വായനാസംസ്കാരത്തിന്റെ ഭാവുകത്വത്തിനെയാണ്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്തേണ്ടത്‌. എം.ടി.യെ ഒരു റിഫൈന്‍ഡ്‌ മുട്ടത്തുവര്‍ക്കിയെന്ന് എവിടെയോ ആരോ നിര്‍വ്വചിച്ചതും ഓര്‍മ്മയില്‍ വരുന്നു. കൃത്യമായ ഒരു നിര്‍വ്വചനം തന്നെയാണത്‌. തന്റെ മാതൃഭൂമി പത്രാധിപത്യസ്ഥാനത്തിന്റെ ബലമുപയോഗിച്ച്‌, എം.ടി. മറ്റുള്ളവരെ തന്നോളം വളരാന്‍ അനുവദിച്ചില്ല എന്ന ബാലിശമായ വാദത്തിനും ഒരു കേവലമായ അഭ്യൂഹത്തിന്റെ അപ്പുറമുള്ള സ്ഥാനമൊന്നും നല്‍കാനാവില്ല. ചില കൃതികളെയും ചില രചയിതാക്കളെയും തമസ്കരിക്കലും, മറ്റു ചിലരെയും അവരുടെ എഴുത്തിനെയും പത്മപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്തുകയുമൊക്കെ ചെയ്യുന്നത്‌, നമ്മളുടെ കപടഭാവുകത്വത്തിന്റെ (അ)സാംസ്കാരികപ്രവൃത്തികളാണ്‌. അതേ കപട ഭാവുകത്വമാണ്‌ ബഷീറിനെയും, എം.സുകുമാരനെയും മറ്റുപലരെയുമൊക്കെ ഇല്ലാതാക്കാന്‍ പലപ്പോഴായി ശ്രമിച്ചിട്ടുള്ളതും.


നാലുകെട്ടിനെ ആഘോഷമാക്കിയതിന്‌ ഉത്തരവാദി എം.ടി.യല്ല. എഴുത്തിനെ തിരിച്ചറിയാതെപോവുകയും, എഴുത്തുകാരനെയും കൃതിയെയും വിഗ്രഹവത്ക്കരിക്കുകയും ചെയ്യുന്ന ആധുനിക മലയാളി മനസ്സിനെയാണ്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്തേണ്ടത്‌. ആനന്ദിനെപ്പോലുള്ളവരെ തിരിച്ചറിഞ്ഞ എം.ഗോവിന്ദനെപ്പോലുള്ള, മുന്‍പേ പറക്കുന്ന പക്ഷികളുടെ അഭാവവും മറ്റൊരു കാരണമാണ്‌. ജനകീയമായ (popular) വായനാസംസ്കാരത്തെ കൗശലത്തോടെയും തരാതരംപോലെയും വിപണനം ചെയ്യുന്ന പുസ്തകപ്രസാധന വ്യവസായവും ഇത്തരം ആഘോഷങ്ങളുടെ പ്രധാന പ്രായോജകരാണ്‌.


ഇനി, വായനയുടെ വഴികളെക്കുറിച്ചാണെങ്കില്‍, ആലങ്കോട്‌ എം.ടി.യെ വായിച്ച രീതിയിലും ഒരു എം.ടി.വായന സാദ്ധ്യമല്ലേ? കാരൂരിന്റെയോ, ബഷീറിന്റെയോ, സുകുമാരന്റെയോ കഥകളില്‍ വെളിപ്പെടുന്ന ലോകത്തേക്കാള്‍ തീരെ പരിമിതമായ ഒരു അനുഭവലോകമാണ്‌ എം.ടി.യുടേത്‌ എന്ന് സമ്മതിക്കുമ്പോള്‍തന്നെ.


എഴുത്തിന്റെ മൂന്നാം വരവ്‌ നടത്തിയ എം.ടി.ക്കാണ്‌ കൂടുതല്‍ പ്രസക്തിയെന്ന ജ്യോതിയുടെ നിരീക്ഷണം ശരിയാണ്‌. ഇനി വരുന്ന ഇത്തരം ആഘോഷങ്ങളില്‍, ജോക്കറും, പിന്നെ രണ്ടാമൂഴവും, ഷെര്‍ളക്കും ഒക്കെ എഴുതിയ എം.ടി.യെയായിരിക്കും മലയാളം ഒരുപക്ഷേ ഓര്‍ക്കുക. വിവാദങ്ങളിലൊന്നും ഒരുകാലത്തും പെടാതെ, തനിക്കറിയാവുന്ന നിളയിലും കൂടല്ലൂരിലും ഒതുങ്ങിക്കൂടി, വൈയക്തികമായ പ്രണയ-ഗൃഹാതുരത്വ അനുഭവങ്ങളെക്കുറിച്ച്‌ വീണ്ടും വീണ്ടും എഴുതുകയും, ആ ക്രാഫ്റ്റിനെ ദൃശ്യവിഷ്ക്കാരത്തിലും അതേപടി സമര്‍ത്ഥമായി ഉപയോഗിച്ച, എന്നും ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനായിരുന്ന, വിഷാദജീവിയായ ഒരു എഴുത്തുകാരനെന്ന നിലക്കായിരിക്കും എം.ടി.യെ മലയാളം വിലയിരുത്തുക.


അപ്പോഴും, ആലങ്കോട്‌ ലീലാകൃഷ്ണന്‍ പറഞ്ഞപോലെ, എം.ടി.കൃതികള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ഹൃദയത്തില്‍, ആ ഒരു അവസരത്തില്‍ മാത്രമാണെങ്കില്‍പ്പോലും ഒരു ഘനാനുഭവമായി എം.ടി.ഉണ്ടാവുകയും ചെയ്യും.


അതെ. അരിക്കൊണ്ടാട്ടം പോലെ, വിശപ്പൊന്നും മാറ്റില്ലെങ്കിലും, വെറുതെ കൊറിച്ചുകൊണ്ടിരിക്കാന്‍.

Tuesday, April 1, 2008

സത്യപ്രതിജ്ഞകളും ഭരണപരമായ ഉത്തരവുകളും

നമ്മുടെ പുതിയ പ്രധാനമന്ത്രി (ഈ സ്ഥാനം അലങ്കരിക്കുന്ന ഇരുപത്തഞ്ചാമത്തെ വ്യക്തി) യൂസഫ്‌ റാസ ഗിലാനി നല്ല ആത്മവിശ്വാസമുള്ള ഒരാളാണ്‌. നല്ലൊരു തുടക്കമാണ്‌ അദ്ദേഹത്തിന്റേത്‌. (പത്രങ്ങളില്‍ അദ്ദേഹത്തിന്റെ പേര്‍ പല വിധത്തിലാണ്‌ അച്ചടിച്ചു വരുന്നത്‌. ഏതാണ്‌ ശരിയെന്ന് അദ്ദേഹം തന്നെ ഒന്ന് സൂചിപ്പിച്ചാല്‍ നന്നായിരുന്നു).

നല്ലൊരു കാര്യം ചെയ്തു അദ്ദേഹം. പ്രധാനമന്ത്രി പദത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും, എന്നാല്‍ അധികാരമേറുന്നതിനും തൊട്ടുമുന്‍പ്‌ അദ്ദേഹം പുറത്തിറക്കിയ ആദ്യത്തെ ഉത്തരവ്‌, പിരിച്ചുവിടപ്പെട്ട ജഡ്ജിമാരെ പുനസ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു. അഭിഭാഷകരുടെ പ്രക്ഷോഭംകൊണ്ട്‌ നട്ടം തിരിഞ്ഞിരുന്ന ഇസ്ലാമബാദിലെ ഭരണകൂടം, ആ ഉത്തരവ്‌ പുറത്തുവന്നയുടനെ, അത്‌ ഉടനടി നടപ്പില്‍ വരുത്തുകയും ചെയ്തു. അത്‌ നടപ്പാക്കിയതിന്റെ വേഗത മാത്രം മതിയാകും, ആ ഉത്തരവിന്റെ പൊതുജനസമ്മിതി മനസ്സിലാക്കാന്‍.

ബഹുമാന്യമായ അധോസഭയില്‍ അന്നുണ്ടായ മുദ്രാവാക്യം വിളിയും, ഒച്ചപ്പാടും മാത്രമാണ്‌ ആ ദിവസത്തെ ഒരേയൊരു നിര്‍ഭാഗ്യകരമായ സംഭവം. പക്ഷേ, നമ്മുടെ പി.പി.പി. മഹാനുഭാവന്‍മാരും, രാഷ്ട്രീയ പ്രവര്‍ത്തകരും, ആ ഒരു കാര്യത്തില്‍ മാത്രം കേമന്മാരാണല്ലോ.സ്ഥാനാരോഹണ ചടങ്ങിന്റെ സമയത്ത്‌, രണ്ടു പ്രധാന നടന്മാരും തങ്ങള്‍ക്കിടയിലുള്ള ശത്രുത മൂടിവെക്കാന്‍ തീവ്രശ്രമം നടത്തിയപോലെ തോന്നി. എന്നിട്ടും, ചടങ്ങുകഴിഞ്ഞുപോകുമ്പോള്‍, അവര്‍ പരസ്പരം എന്തോ പറയുകയും ചെയ്തു.

പൊതുവെ പറഞ്ഞാല്‍, മാര്‍ച്ച്‌ 25-ലെ പ്രഭാതം അത്ര നന്നായില്ല എന്നുവേണം പറയാന്‍. നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം വന്നെത്തിയ മുഖഭാവത്തോടെ വിശിഷ്ടാതിഥികളും അന്നവിടെ സന്നിഹിതരായിരുന്നു. കുറച്ചുനേരത്തേക്കാണെങ്കില്‍പ്പോലും, രാഷ്ട്രപതിഭവനത്തിന്റെ തീരെ ഇടുങ്ങിയ സ്ഥലത്ത്‌, രാഷ്ട്രീയ ഗുണ്ടകള്‍ ആവശ്യത്തിന്‌ വിളഞ്ഞാടുകയും ചെയ്തു.

പ്രധാനമന്ത്രിമാര്‍ക്ക്‌ ചൊല്ലിക്കൊടുക്കുന്ന സത്യവാചകത്തെക്കുറിച്ചാണ്‌ ഇനി ചിലത്‌ കാര്യങ്ങള്‍ പറയാനുള്ളത്‌.വലിയ ത്യാഗങ്ങളൊന്നും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത നമ്മുടെ രാഷ്ട്രപിതാവ്‌, മുഹമ്മദലി ജിന്ന, 1947 ആഗസ്റ്റ്‌ 11-ന്‌, താന്‍ സ്ഥാപിച്ച രാജ്യം എങ്ങിനെയുള്ളതായിരിക്കണമെന്നതിനെക്കുറിച്ച്‌, ഭാവിയിലെ സാമാജികരെ വളരെ വ്യക്തമായിതന്നെ ഉദ്‌ബോധിപ്പിച്ചിരുന്നു. അത്‌ അതേപടി ഇവിടെ പകര്‍ത്തട്ടെ.

'നിങ്ങള്‍ പരിപൂര്‍ണ്ണ സ്വതന്ത്രരാണ്‌. ഈ പാക്കിസ്ഥാനില്‍,നിങ്ങള്‍ക്കിഷ്ടപ്പെട്ട ആരാധനാലയങ്ങളിലേക്ക്‌-അമ്പലങ്ങളിലേക്കായാലും, പള്ളികളിലേക്കായാലും-പോകാന്‍ നിങ്ങള്‍ക്ക്‌ എന്നും സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്കൊരുപക്ഷെ നിങ്ങളുടെ മതമോ, ജാതിയോ, വിശ്വാസമോ ഒക്കെ കണ്ടുവെന്നുവരാം. അതൊന്നും, ഈ രാജ്യത്തിനെ സംബന്ധിച്ചിടത്തോളം തീരെ പ്രസക്തമല്ല. നമ്മളെല്ലാവരും പൗരന്മാരാണെന്നും, ഒരേ രാജ്യത്തിലെ തുല്യാവകാശമുള്ള പൗരന്മാരാനെന്നുമുള്ള മൗലികാവകാശങ്ങളില്‍നിന്നാണ്‌ ഇന്ന് നമ്മള്‍ ആരംഭിക്കാന്‍ പോകുന്നത്‌".

എന്തായാലും, ഈ 'തുല്യാവകാശമുള്ള പൗര' പദവി അല്‍പ്പായുസ്സായിരുന്നു. ജിന്ന മരിച്ച്‌ ആറു മാസം കഴിയുന്നതിനുമുന്‍പ്‌, 1949 മാര്‍ച്ചില്‍, അന്നത്തെ പ്രധാനമന്ത്രി ലിയാക്കത്ത്‌ അലി ഖാന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശ പ്രമാണം (Objectives Resolution) തുല്ല്യതയെക്കുറിച്ചുള്ള എല്ലാ ചിന്തകള്‍ക്കും വിരാമമിട്ടു. ഈ റെസല്യൂഷന്‍ നടപ്പില്‍വന്നതോടെ, അത്‌, ഒരേസമയം, 1973-ലെ ഭരണഘടനയുടെ ആമുഖവും, അനുബന്ധവും ആയിത്തീരുകയും ചെയ്തു.. അതിന്‍പ്രകാരം, ജനപ്രതിനിധിസഭയിലെ അംഗമായിരിക്കാനുള്ള യോഗ്യതയുടെ മാനദണ്ഡം "ഇസ്ലാമിക വിഷയങ്ങളില്‍ അറിവും, ഇസ്ലാം നിര്‍ദ്ദേശിക്കുന്ന ഉത്തരവാദിത്തങ്ങള്‍ മുടങ്ങാതെ അനുവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കണം' എന്ന് ആര്‍ട്ടിക്കിള്‍ 62 (e) അനുശാസിക്കുന്നു. ഇത്‌, ന്യൂനപക്ഷങ്ങളെ എവിടെയാണ്‌ കൊണ്ടുചെന്നെത്തിക്കുക?

പ്രധാനമന്ത്രിക്ക്‌ ചൊല്ലിക്കൊടുക്കുന്ന സത്യവാചകത്തിലും ഈ 'തുല്യത' അസ്ഥാനത്താകുന്നുവെന്ന് കാണാം. ന്യൂനപക്ഷത്തിന്‌ ഒരിക്കലും പ്രതിനിധിസഭയുടെ തലവനായിരിക്കാന്‍ കഴിയാത്ത വിധമാണ്‌ ആ പദവിയിലേക്ക്‌ നിയുക്തരാകുന്നവര്‍ക്കുള്ള സത്യവാചകങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌." ഞാന്‍...ഒരു മുസ്ലിം" എന്നും, "പാക്കിസ്ഥാന്റെ അടിസ്ഥാനപ്രമാണമായ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രം സംരക്ഷിക്കാന്‍ ഞാന്‍ പരിശ്രമിക്കും" എന്നൊക്കെയാണ്‌ അതിലുള്ളത്‌. പക്ഷേ വിചിത്രമെന്നു പറയട്ടെ, ആഡിറ്റര്‍ ജനറല്‍, ഉപരികോടതികളിലെ ജഡ്ജിമാര്‍, മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍, സൈന്യത്തിലെ അംഗങ്ങള്‍, എന്നിവര്‍, "പാക്കിസ്ഥാന്റെ അടിസ്ഥാന പ്രമാണമായ ഇസ്ലാം പ്രത്യയശാസ്ത്രം സംരക്ഷിക്കണം' എന്ന്, അവര്‍ക്കായുള്ള സത്യവാചകത്തില്‍ ഒരിടത്തും അനുശാസിക്കുന്നുമില്ല.

ഭരണപരമായ ഉത്തരവുകളുടെ കാര്യം എടുത്താല്‍, ഗിലാനി അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം, 1975-ല്‍ പി.പി.പി.യുടെ സ്ഥാപകനായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ പുറപ്പെടുവിച്ച ഉത്തരവ്‌ പിന്‍വലിക്കലാണ്‌. ജനാധിപത്യപരവും, സുതാര്യവും, നീതിപൂര്‍വ്വകവും ആകും അത്തരമൊരു നടപടി. 1996-ല്‍, സുപ്രീംകോര്‍ട്ടില്‍, അന്നത്തെ എയര്‍ മാര്‍ഷല്‍ അസ്ഗര്‍ ഖാന്റെ മനുഷ്യാവകാശ കേസിന്റെ വിചാരണക്കിടയില്‍ (കേസ്‌ നമ്പര്‍ 19/1996) മുന്‍ സൈനികമേധാവി ജനറല്‍ അസ്ലം ബേഗ്‌ വെളിപ്പെടുത്തിയത്‌, തിരഞ്ഞെടുപ്പ്‌ /രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി, ഐ.എസ്‌.ഐ യുടെ ഉള്ളില്‍ ഒരു 'പൊളിറ്റിക്കല്‍ സെല്‍' രൂപീകരിക്കാനുള്ള ഭരണപരമായ അനുവാദം 1975-ല്‍ ഭൂട്ടോ പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു. 1990-ലെ തിരഞ്ഞെടുപ്പുകാലത്ത്‌, പി.പി.പി.വിരുദ്ധ രാഷ്ട്രീയക്കാരെ വിലക്കെടുക്കാനും, സ്വാധീനിക്കാനും, ഈ പൊളിറ്റിക്കല്‍ സെല്‍, പൊതുമുതല്‍ വിതരണം ചെയ്തു എന്നതായിരുന്നു എയര്‍ മാര്‍ഷലിന്റെ പേരിലുള്ള മനുഷ്യാവകാശ കേസ്‌.

ഐ.എസ്‌.ഐ.യും അതിന്റെ രാഷ്ട്രീയ ഉപജാപകവൃന്ദവും ഒത്തുചേര്‍ന്ന്, 1990-കളില്‍, രണ്ടുതവണ, ഗിലാനിയുടെ രാഷ്ട്രീയകക്ഷി നയിച്ചിരുന്ന സര്‍ക്കാരുകളെ സ്ഥാനഭ്രഷ്ടമാക്കിയിട്ടുണ്ട്‌. ഈ ഉപജാപകസംഘത്തെ എത്രയും വേഗം ഇല്ലാതാക്കുകയും, ഐ.എസ്‌.ഐ-യെ രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കാതെ, അതിനനുവദിച്ച സ്ഥാനത്ത്‌ തളച്ചിടുകയും ചെയ്യേണ്ടത്‌ അത്യാവശ്യമായിരിക്കുന്നു.

ഐ.എസ്‌.ഐ-യെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി ആദ്യമായി ഉപയോഗിച്ചത്‌ ഫീല്‍ഡ്‌ മാര്‍ഷല്‍ അയൂബ്‌ ഖാന്‍ പ്രസിഡന്റായിരിക്കുമ്പോളായിരുന്നുവെങ്കിലും, അതിനെ ഔദ്യോഗികമായി അംഗീകരിച്ചതും, അതിന്റെ പ്രവര്‍ത്തനത്തിന്‌ സാധുത നല്‍കി, തന്റെ ചിറകിനടിയില്‍ അതിനെ സംരക്ഷിച്ചതും ഭൂട്ടോയുടെ കാലത്തായിരുന്നു.

പരാമര്‍ശിതമായ ഈ എക്സിക്യൂട്ടീവ്‌ ഉത്തരവ്‌, പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ സ്ഥാപകന്റെ മസ്തിഷ്കശിശുവാണെങ്കിലും, ചുരുങ്ങിയത്‌, രണ്ടുതവണയെങ്കിലും, പി.പി.പി.ക്ക്‌ എതിരായിതന്നെ ഇതിനെ ഉപയോഗിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌, ഇതേ ഐ.എസ്‌.ഐ.യും, അതിന്റെ ഉപജാപകവൃന്ദവും തന്നെയും വേട്ടയാടി പുറത്താക്കാന്‍ ഇടവരുന്നതിനുമുന്‍പുതന്നെ, ഈ ഉത്തരവിനെ അസാധുവാക്കാനും, രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് ഐ.എസ്‌.ഐ-യെ വിടുവിക്കാനും, പൊളിറ്റിക്കല്‍ സെല്ലിനെ പിരിച്ചുവിടാനും പ്രധാനമന്ത്രി ഗിലാനിക്ക്‌ കഴിയുകയാണെങ്കില്‍ അത്‌ ഏറെ ഗുണം ചെയ്യും.

സൈന്യത്തെ അതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥാനത്തേക്ക്‌ പതുക്കെ പിന്‍വലിച്ചുകൊണ്ടിരിക്കുന്ന ഈ ശുഭമുഹൂര്‍ത്തത്തില്‍, പ്രധാനമന്ത്രി മറ്റു ചില ഉത്തരവുകള്‍കൂടി പുറത്തിറക്കേണ്ടതുണ്ട്‌. ജനാധിപത്യവിരുദ്ധവും, ജനപ്രതിനിധിസഭയുടെ അംഗീകാരമില്ലാത്തതുമായ സ്ഥാപനങ്ങള്‍, സൈനിക സെക്രട്ടറിമാര്‍, സൈന്യം പ്രധാനമന്ത്രിക്കുവേണ്ടി നിയോഗിക്കുന്ന പട്ടാള ഉദ്യോഗസ്ഥര്‍ എന്നിവരെ ഒഴിവാക്കാന്‍ വേണ്ടിയാവണം ആ ഉത്തരവുകള്‍. ധീരരും, ജനാധിപത്യവാദികളുമായവര്‍ ഇത്തരം സംവിധാനങ്ങളെ നികൃഷ്ടമായാണ്‌ കാണുന്നത്‌. സൈനികവേഷധാരികളുടെ നിരന്തരമായ അകമ്പടിയോടെ പ്രത്യക്ഷപ്പെടുക എന്നത്‌, ഒരു ജനാധിപത്യ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന ആത്മാഭിമാനമുള്ള ഏതൊരു പ്രധാനമന്ത്രിക്കും ലജ്ജയുളവാക്കേണ്ടതുമാണ്‌.

ഗിലാനിക്ക്‌ ഞങ്ങള്‍ ഭാവുകങ്ങള്‍ നേരുന്നു.*ഡോണ്‍ എന്ന പത്രത്തില്‍, മാര്‍ച്ച്‌ 30-ന്‌ പ്രസിദ്ധീകരിച്ച അര്‍ദേഷിര്‍ കവാസ്‌ജി (Ardeshir Cowasjee)എഴുതിയ ലേഖനത്തിന്റെ പരിഭാഷ.