Sunday, September 30, 2012

ആജാരേ.. പര്‍‌ദേശീ


നല്ല തിരക്കുണ്ടായിരുന്നു. എന്നിട്ടും എങ്ങിനെയോ ഒരിടം കിട്ടി..കാത്തിരിപ്പിന്റെ മടുപ്പിനൊടുവില്‍ ഇളം ചുവപ്പു കരയുള്ള സാരി പുതച്ച് അവര്‍ വന്നു..ലതാ മങ്കേഷ്കര്‍ എന്ന നമ്മുടെ ലതാജി......

വേദിയിലേക്ക് ഏതൊക്കെയോ പുലികള്‍ കയറിവരുന്നുണ്ട്. അവര്‍ ലതാജിയെയും ലതാജി അവരെയും തൊഴുന്നു. ഉപചാരങ്ങള്‍ കൈമാറുന്നു. ആരൊക്കെയോ എടുത്താല്‍ പൊന്താത്ത പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കുന്നു. 

പിന്നെ, ലതാ മങ്കേഷ്ക്കര്‍ എന്ന മഹാ
ഗായികയെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍..കുട്ടികള്‍ ഒരുക്കിയ സംഗീതാര്‍ച്ചന..ഗുരുപൂജ..

മൈക്കിലൂടെ അനൌണ്‍സ്‌മെന്റ് മുഴങ്ങി..”ഇനി നമ്മുടെ പ്രിയപ്പെട്ട ലതാജി നിങ്ങള്‍ക്കുവേണ്ടി ഒരു പാട്ടു പാടുന്നു. ഒരേയൊരു പാട്ട്. അതിനുശേഷം അവരുടെ പാട്ടുകള്‍ നമ്മള്‍ അവരുടെ മുന്നില്‍നിന്ന് പാടും”.

സദസ്സ് ഒന്നനങ്ങിയിരുന്നു. ലതാജി മൈക്ക് കയ്യിലെടുത്തു.

“പ്രിയപ്പെട്ടവരെ, പാടിയിട്ട് കുറച്ചുകാലമായി..ഉള്ളില്‍ മാത്രമേയുള്ളു ഇപ്പോള്‍ പാട്ട്. എന്നാലും നിങ്ങള്‍ക്കുവേണ്ടി ഒരു പാട്ട് മൂളാം. ശബ്ദം പതറുമായിരിക്കും. ശ്രുതി വേണ്ടുംവണ്ണം ചേര്‍ന്നില്ലെന്നും വരും. എന്നാലും നിങ്ങള്‍ക്കുവേണ്ടി ഒരു നാലുവരിയെങ്കില്‍ നാലുവരി ഞാന്‍ പാടാം. പക്ഷേ ഒരപേക്ഷ. ഈ വേദിയിലിരിക്കുന്ന ഒരാള്‍ ഇവിടെനിന്ന് മാറിത്തരണം. ആ മനുഷ്യന്റെ മുന്നില്‍ പാടാന്‍ എനിക്കാവില്ല. എന്റെ പാട്ട് അറിയാതെപോലും ആ മനുഷ്യനുവേണ്ടിയാകുന്നതും എനിക്കിഷ്ടമല്ല.”

സദസ്സ് നിശ്ശബ്ദമായി. വേദിയില്‍ മുറുമുറുപ്പുകളുയര്‍ന്നു. സന്നിഹിതരായ പുലികള്‍ തമ്മില്‍ത്തമ്മില്‍ സംശയദൃഷ്ടികളോടെ നോക്കി. ലതാജിയുടെ ശബ്ദമുയര്‍ന്നു.

“താക്കറെജി. താങ്കള്‍ പുറത്തുപോകണം. ഞാന്‍ പാടുന്നത് എന്റെ മുന്നിലുള്ള എന്റെ ഈ മുംബൈകര്‍ക്കുവേണ്ടിയാണ്. എന്റെ മുംബൈകര്‍ എന്നാല്‍ നിങ്ങളുടെ മുംബൈകറുകളല്ല കേട്ടോ.. അവരില്‍ ബീഹാറികളും ബംഗാളികളും ഉത്തരേന്ത്യക്കാരനും നേപ്പാളിയും, മദ്രാസ്സിയും, തമിഴനും, വടക്കു-കിഴക്കനും എല്ലാം പെടും. പകലന്തിയോളം എല്ലുമുറിയുംവരെ പണിയെടുക്കുന്നവനും, റിക്ഷവലിക്കുന്നവനും, തെരുവില്‍ കസര്‍ത്തുകള്‍ കാണിക്കുന്നവനും, വഴിവാണിഭം ചെയ്ത് അന്തിക്ക് ചേരിയിലൊടുങ്ങുന്നവനും, വേശ്യയും, അവളെ കൂട്ടിക്കൊടുക്കുന്ന ജാരനും, അവര്‍ക്കു കാവലിരിക്കുന്ന കിഴവികളും, തന്തയാരെന്നറിയാതെ ജനിക്കുന്ന കുട്ടികള്‍ക്കും,  നഗരത്തിന്റെ അഴുക്കുകള്‍ ചുമന്നുകൊണ്ടുപോയി നമ്മുടെ മുംബൈയെ നമുക്കുവേണ്ടി വൃത്തിയാക്കുന്നവനും, കറുത്തിരുണ്ട കുടുസ്സുമുറികളില്‍ ജീവിതം തള്ളിനീക്കുന്നവരും, എണ്ണിയാലൊടുങ്ങാത്ത മൂന്നാം‌കിട കുശിനികളിലെ ഇരുട്ടിലും പുകയിലും ജീവിതം വെന്തുതീര്‍ക്കുന്നവരും.. എല്ലാവരും, എല്ലാവരും..അവര്‍ ഏറ്റുപാടിയിട്ടാണ് എന്റെ പാട്ടുകള്‍ പാട്ടുകളായത്.. എന്റെ പാട്ട് അവര്‍ക്കുവേണ്ടിയാണ്. എന്റെ പാട്ടുകള്‍ മൂളിനടന്ന് ജീവിക്കുകയും മരിക്കുകയും ചെയ്ത മൂന്നു തലമുറയുടെയെങ്കിലും കണ്ണികളാണ് ഇന്നെന്റെ ശബ്ദം കേള്‍ക്കാന്‍ വന്നിരിക്കുന്ന ഇവര്‍. അവരുടെ നിത്യജീവിതത്തിന്റെ പാട്ടായിരുന്നു ഞാന്‍ ഇത്രനാളും പാടിയിരുന്നത്..എന്റെ പാട്ടില്ലെങ്കിലും അവരുണ്ടാകുമായിരുന്നു. എന്നാല്‍ അവരില്ലെങ്കില്‍ എന്റെ പാട്ടുകളില്ല. എന്റെ പാട്ടിലെ പരദേശിയും തിരിച്ചുവരുന്നവനും, ദൂരേക്കു പോകുന്നവനും, കാത്തിരിക്കുന്നവനും, തെരുവിലലയുന്നവനുമൊക്കെ ഇവരാണ്. ഇവര്‍ മാത്രമാണ്. അവരെ ആട്ടിയോടിക്കുന്ന നിന്റെയും നിന്റെ വഴിപിഴച്ച സന്തതികളുടെയും ഭാഗിനേയന്മാരുടെയും മുന്നില്‍ പാടാനുള്ളതല്ല എന്റെ ഈ പാട്ട്. അതുകൊണ്ട് ദയവായി പുറത്തേക്ക് പോവുക“

സദസ്സ് തരിച്ചിരുന്നുപോയി..ആളുകള്‍ കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. താക്കറെ എന്ന മൂഢവൃദ്ധനും അവന്റെ അസുരവിത്തുകളും ഇറങ്ങിപ്പോയി..

തിക്കിനും തിരക്കിനുമിടയിലൂടെ കിതച്ചും ഓടിയും വീണും വേദിയിലേക്ക് ഞാന്‍ കയറിച്ചെന്നു. ലതാജി പാട്ടു തുടങ്ങിക്കഴിഞ്ഞിരുന്നു.

കണ്ണുതുറന്നപ്പോള്‍ ലതാജിയുമില്ല, സദസ്സുമില്ല....എന്നിട്ടും വെറുതെ മുറിഞ്ഞുപോയ ആ സ്വപ്നത്തിന്റെ ബാക്കിഭാഗത്തിനുവേണ്ടി കണ്ണടച്ചു കുറച്ചുനേരംകൂടി കിടന്നു. പടിയിറങ്ങിപ്പോകുന്ന വൃത്തികെട്ട ആ കടല്‍ക്കിഴവനെയും, അവന്റെ കുലത്തെയും കടലെടുക്കുന്നതും പടികയറിവരുന്ന സുവര്‍ണ്ണശബ്ദത്തെ നെഞ്ചെടുക്കുന്നതും അനുഭവിക്കാന്‍..