Thursday, September 25, 2008

അഞ്ചുവര്‍ഷത്തിനിപ്പുറം എഡ്വേഡ്‌ സെയ്‌ദിനെ ഓര്‍ക്കുമ്പോള്‍

കടപ്പാട്‌: സ്റ്റീഫന്‍ ലെന്‍ഡ്‌മാന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

പടിഞ്ഞാറന്‍ ജറുസലേമില്‍ 1935-ല്‍ ജനനം. 1947- നാട്ടില്‍നിന്ന് ബഹിഷ്ക്കൃതനായി. 1991 രക്താര്‍ബ്ബുദബാധിതനാണെന്നു കണ്ടെത്തി. 12 വര്‍ഷം രോഗവുമായി പൊരുതി ഒടുവില്‍ 2003 സെപ്തംബര്‍ 25-ന്‌ അറുപത്തേഴാം വയസ്സില്‍ യുദ്ധം അവസാനിപ്പിച്ച്‌, എഡ്വേഡ്‌ സെയ്‌‌ദ് യാത്രയായി. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആദരാഞ്ജലികള്‍ പ്രവഹിച്ചു. തന്റെ അദ്ധ്യാപകനെ പ്രൊഫസ്സര്‍ മുസ്തഫ ബയൂമി ഓര്‍ക്കുന്നത്‌ ഇങ്ങനെ: "ഒരിക്കലും തളരുകയോ, അഴിമതി പുരളുകയോ ചെയ്യാത്ത, അതിശയകരമാം വിധം വ്യക്തിത്വമുള്ള ഒരു മാനവികതാവാദിയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും തന്റെ ശിഷ്യസമ്പത്തിനെ അവശേഷിപ്പിച്ച്‌ അദ്ദേഹം കടന്നുപോയി. അദ്ദേഹമില്ലാത്ത ഒരവസ്ഥ എനിക്ക്‌ ആലോചിക്കാനാവുന്നില്ല".

"സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം" എന്ന് ചോംസ്കി എഴുതി. ഒരു വര്‍ഷത്തിനു ശേഷം ഇലന്‍ പാപ്പെ പറഞ്ഞത്‌, "അദ്ദേഹത്തിന്റെ നഷ്ടം എനിക്ക്‌ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇക്കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹം നമ്മുടെ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്താണ്‌ സംഭവിച്ചിരിക്കുക? ഏതെല്ലാം മൂല്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണോ താന്‍ പൊരുതിയത്‌ അതിന്റെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്‌ ഒരിക്കലും താങ്ങാന്‍ കഴിയുമായിരുന്നില്ല". "ജീവിക്കാനും ചെറുത്തുനില്‍ക്കാനുമുള്ള, എന്റെ സുഹൃത്തും സഖാവുമായ അദ്ദേഹത്തിന്റെ ആ അദമ്യമായ ആവേശം" എന്ന് താരിഖ്‌ അലി ഓര്‍ക്കുന്നു.

എഡ്വേഡ്‌ സെയ്‌ദിന്റെ രോഗപീഡനകാലത്തെക്കുറിച്ച്‌ താരിഖ്‌ അലി പറയുന്നത്‌ കേള്‍ക്കൂ."കഴിഞ്ഞ പതിനൊന്ന് കൊല്ലമായി എല്ലാവരും അദ്ദേഹത്തിന്റെ രോഗവുമായി പരിചിതമായിക്കഴിഞ്ഞിരുന്നു. ഹോസ്‌പിറ്റല്‍ വാസം, ചികിത്സകള്‍ക്കും പുതിയ മരുന്നുകള്‍ക്കും കീഴ്‌പ്പെടാനുള്ള സൗമനസ്യം, തോല്‍വി സമ്മതിക്കാനുള്ള വൈമനസ്യം - ഞങ്ങള്‍ കരുതി അദ്ദേഹത്തെ തോല്‍പ്പിക്കാനാവില്ല എന്ന്". എന്തായാലും, രക്താര്‍ബ്ബുദം മരണം ഉറപ്പുവരുത്തുന്നു. "എങ്ങിനെയാണ്‌ (സെയ്‌‌ദ്) ഇത്രകാലവും മരണത്തെ അതിജീവിച്ചതെന്ന് മനസ്സിലാകുന്നില്ല" എന്നായിരുന്നു, അലിയുടെ ചോദ്യങ്ങള്‍ക്ക്‌, സെയ്‌ദിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ മറുപടി പറഞ്ഞത്‌. സംശയമില്ല. ഡോ.കാന്തി റോയ്‌ക്കും ഇതില്‍ പങ്കുണ്ട്‌. ഡോക്ടര്‍ കാന്തി റോയിയുടെ 'മനുഷ്യത്വത്തെയും വൈദ്യവൃത്തിയിലുള്ള പരിജ്ഞാനത്തെയും' കുറിച്ച്‌, സെയ്‌‌ദ് വളരെയധികം ബഹുമാനത്തോടെയാണ്‌ പറയാറുണ്ടായിരുന്നത്‌. തന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളെ അതിജീവിക്കാന്‍ സാധിച്ചത്‌ ഡോക്ടറുടെ കഴിവ്‌ ഒന്നുകൊണ്ടു മാത്രമാണെന്ന് എഡ്വേഡ്‌ സെയ്‌ദ് പലപ്പോഴും സൂചിപ്പിക്കാറുണ്ടായിരുന്നു. ആ ദിനങ്ങളെ അദ്ദേഹം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. "വേദനാജനകമായ ചികിത്സകള്‍, രക്തം മാറ്റിവെക്കല്‍, അവസാനിക്കാത്ത പരിശോധനകള്‍, ക്ഷീണവും അണുബാധയുംകൊണ്ട്‌ പരവശമായി, പ്രവൃത്തിയെടുക്കാന്‍ കഴിയാതെ, മുറിയുടെ ഉത്തരത്തിലേക്കു നോക്കിക്കിടന്ന് ചിന്തിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ വെറുതെ നിഷ്ഫലമാക്കിയ നീണ്ടമണിക്കൂറുകള്‍.."

താരിഖ്‌ അലി തുടരുന്നു "എന്നിട്ടും, ഒടുവില്‍ ആ രാക്ഷസന്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ആന്തരികാവയവങ്ങളെല്ലാം തകര്‍ത്ത്‌, കാന്‍സര്‍ അദ്ദേഹത്തെ കവര്‍ന്നെടുത്തപ്പോള്‍ അതിന്റെ ആഘാതം വളരെ വലുതായിരുന്നു. ഫലസ്തീനികള്‍ക്ക്‌ നഷ്ടപ്പെട്ടത്‌,അവരുടെ ഏറ്റവും ശക്തവും പ്രൗഢവുമായ ശബ്ദമായിരുന്നു. ആ വിടവ്‌ ഇനി നികത്താനാവില്ല".

പ്രശസ്ത ഫലസ്തീനി-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ റാംസി ബാറൂദ്‌ അത്‌ ശരിവെക്കുന്നുണ്ട്‌. തങ്ങളുടെ ഏറ്റവും പ്രമുഖമായ വക്താവിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട 2003, ഫലസ്തീനികള്‍ക്ക്‌, തീര്‍ച്ചയായും മോശപ്പെട്ട ഒരു കാലമാണ്‌. റാംസി എഴുതി " എല്ലാ നന്മകളുടെയും പ്രതിരൂപമായിരുന്നു എഡ്വേഡ്‌ സെയ്‌ദ്. അദ്ദേഹത്തിന്റെ ലേഖനങ്ങളേക്കാളും പുസ്തകങ്ങളേക്കാളും സംഗീതത്തേക്കാളും ശക്തമായിരുന്നു അദ്ദേഹമെടുത്ത ധാര്‍മ്മിക നിലപാടുകള്‍. വിമര്‍ശകന്‍, പണ്ഡിതന്‍, കലാകാരന്‍ എന്ന നിലയിലൊക്കെ അസാധാരണവും സമാനതകളുമില്ലാത്ത വ്യക്തിത്വമായിരുന്നു സെയ്‌ദ്‌. സ്വന്തം ജനതയുടെ ആദരവും, താന്‍ എതിര്‍ത്തിരുന്നവരുടെ വെറുപ്പും അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല".

"നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ അന്താരാഷ്ട്ര ബൗദ്ധികപ്രതിഭയായിരുന്നു അദ്ദേഹം" എന്ന് ഫില്ലിസ്‌ ബെന്നിസ്‌ അഭിപ്രായപ്പെടുന്നു. "ഫലസ്തീന്‍ ജനതയുടെയും ആഗോളസമാധാന-സാമൂഹ്യനീതി മുന്നേറ്റങ്ങളുടെയും നെടുനായകത്വം സെയ്‌ദിനായിരുന്നു. എന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ, വെല്ലുവിളികളെ നേരിടുന്നതില്‍ അസാമാന്യമായ ചങ്കൂറ്റം കാണിച്ച, ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു അദ്ദേഹമെനിക്ക്‌. ആ ഊഷ്മളതയും, ദര്‍ശനവും, ബുദ്ധിയും, അനീതികള്‍ക്കെതിരെയുള്ള രോഷവുമൊക്കെ നമുക്കിനി ഓര്‍മ്മകള്‍ മാത്രം".

1999-ല്‍ എഡ്വേഡ്‌ സെയ്‌ദിന്റെ കൂടി പങ്കാളിത്തത്തോടെ വെസ്റ്റ്‌-ഈസ്റ്റ്‌ ദിവാന്‍ West-East Divan എന്ന ഓര്‍ക്കസ്ട്ര സംഘടിപ്പിച്ച ദാനിയല്‍ ബാരന്‍ബോയിം സെയ്‌ദിനെ വിശേഷിപ്പിക്കുന്നത്‌, "സഹാനുഭൂതിയുള്ള ഒരു പടയാളി'യായിട്ടാണ്‌. "ജൂതന്റെ വേദനയും, ഫലസ്തീനിയുടെ അവകാശങ്ങളും ഒരുപോലെ വേര്‍തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ ഒരു കലാകാരനും വിമര്‍ശകനുമായിരുന്നു സെയ്‌ദ്‌. യുക്തിയും സ്നേഹവും ഒരുപോലെ കൊണ്ടുനടന്ന ഒരു മനുഷ്യന്‍. ഈസ്റ്റ്‌-വെസ്റ്റ്‌ ദിവാന്‍ എന്ന ഓര്‍ക്കസ്ട്രയില്‍ ജൂതരും ഫലസ്തീനികളും പങ്കെടുത്തിരുന്നു. "ബിഥോവന്റെ മുന്‍പില്‍ നമ്മളെല്ലാവരും തുല്യരാണ്‌" എന്നാണ്‌ എഡ്വേഡ്‌ സെയ്‌ദ്‌ ആ ഓര്‍ക്കസ്ട്രയുടെ രൂപീകരണത്തെപ്പറ്റി നിരീക്ഷിക്കുന്നത്‌. ഡാനിയല്‍ തുടരുന്നു " ഫലസ്തീനികള്‍ക്ക്‌ അവരുടെ ഏറ്റവും പ്രമുഖനായ ധീരഭടനെയും, ഇസ്രായേലികള്‍ക്ക്‌ അവരുടെ ഏറ്റവും വലിയ വിമര്‍ശകനെയും, എനിക്ക്‌ ഒരു ആത്മമിത്രത്തെയുമാണ്‌ ആ മരണത്തിലൂടെ നഷ്ടമായത്‌".

40 നീണ്ട വര്‍ഷക്കാലം എഡ്വേഡ്‌ സെയിദ്‌ ഇംഗ്ലീഷും താരതമ്യസാഹിത്യവും പഠിപ്പിച്ചിരുന്ന കൊളംബിയ സര്‍വ്വകലാശാലയിലെ എഡ്വേഡ്‌ സെയ്ദ്‌ അറബ്‌ സ്റ്റഡീസിലെ റഷീദ്‌ ഖാലിദിന്റെ വാക്കുകളില്‍ 'ഒരേസമയം പാണ്ഡിത്യവും ക്രാന്തദര്‍ശിത്വവുമുള്ള ബഹുമുഖ പ്രതിഭയായിരുന്നു എഡ്വേഡ്‌ സെയ്‌‌ദ്. വിവിധവിഷയങ്ങളുടെ അന്തര്‍ധാരകളെക്കുറിച്ച്‌ സമഗ്രമായ ധാരണകളുള്ള അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. പശ്ചിമേഷ്യയില്‍ അധീശത്വം സ്ഥാപിച്ച അധികാരകേന്ദ്രങ്ങള്‍ക്കെതിരെ സ്വതന്ത്രവും ധീരവുമായ ശബ്ദമുയര്‍ത്തിയ, ഇക്കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും മൗലികതയും ഉള്‍ക്കാഴ്ചയും ഒത്തിണങ്ങിയ ചിന്തകനെയാണ്‌ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌".

2003 സെപ്തംബര്‍ 30-ന്‌ കൊളംബിയ സര്‍വ്വകലാശാലയും തങ്ങളുടെ 'പ്രശസ്തനും പ്രിയപ്പെട്ടവനുമായ അദ്ധ്യാപകനെ' സ്മരിച്ചു. 'ലോകത്തെ പ്രമുഖരായ പണ്ഡിതരില്‍ ഒരാളായിരുന്നു" എഡ്വേഡ്‌ സെയ്‌ദെന്നും, സൗന്ദര്യമുള്ള ഒരു മനസ്സിനെയും, വിശാലമായ ഒരു ഹൃദയത്തെയും ധീരനായ ഒരു പോരാളിയെയുമാണ്‌ ഈ മരണത്തിലൂടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നതെന്നും അവര്‍ വിലയിരുത്തി.

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ സെയ്‌‌ദ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാനാരംഭിച്ചു. കുട്ടിക്കാലവും, ഫലസ്തീനിലും ലെബനോണിലും ഈജിപ്തിലുമായി ചിലവഴിച്ച വളര്‍ച്ചയുടെ ഘട്ടവും എല്ലാം സെയ്‌ദ് അതില്‍ ഓര്‍ക്കുന്നു.Out of Place; A Memoir എന്ന ആ പുസ്തകത്തിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌ "അനിവാര്യമായി മറക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഒരു ലോകത്തിനെക്കുറിച്ചുള്ള രേഖപ്പെടുത്ത'ലായിട്ടാണ്‌. അറബ്‌ ലോകത്തിലെ തന്റെ പൂര്‍വ്വകാലഘട്ടത്തെക്കുറിച്ചുള്ള ഒരു ആത്മനിഷ്ഠവിവരണം. അതിനുശേഷം അമേരിക്കയില്‍ ബോര്‍ഡിംഗ്‌ സ്കൂള്‍ ജീവിതം, പ്രിന്‍സ്റ്റണില്‍ ബിരുദ-ബിരുദാനന്തരകാലം, ഹാര്‍വാര്‍ഡിലെ ഗവേഷണ കാലഘട്ടം. എല്ലാം എഡ്വേഡ്‌ സെയ്‌ദ് ഓര്‍ത്തെടുക്കുന്നു, ഈ പുസ്തകത്തില്‍.

1994-ലാണ്‌ Out of Place എഴുതാന്‍ ആരംഭിച്ചത്‌. അതിനു മുന്‍പു തന്നെ കീമോതെറാപ്പിയുടെ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞിരുന്നു. എന്നിട്ടും ആ പുസ്തകം തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്‌, സുമനസ്സുകളായ നഴ്സുമാരുടെ മാസങ്ങളോളം നീണ്ടുനിന്ന സ്നേഹപൂര്‍ണ്ണവും ക്ഷമാസാന്ദ്രവുമായ പരിചരണത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയുമായിരുന്നു.ഒരു യുവാവിന്റെ വളര്‍ച്ചയെ അദ്ദേഹം ആ പുസ്തകത്തില്‍ രേഖപ്പെടുത്തി. എങ്ങിനെയാണ്‌ രാജ്യഭ്രഷ്ടുമായി പൊരുത്തപ്പെട്ടതെന്ന്. ഒരേ സമയം ഒരു അമേരിക്കക്കാരനും, ക്രിസ്ത്യാനിയും, ഫലസ്തീനിയും, രാജ്യഭ്രഷ്ടനും ആയിരിക്കേണ്ടിവരുന്നതിനെക്കുറിച്ച്‌. ഒടുവില്‍ ഒരു എഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച്. സാമ്രാജ്യത്വത്തിനോടും അധീശത്വത്തിനോടും സന്ധിയില്ലതെ പൊരുതിയ വിമര്‍ശകന്‍. നീതിക്കും സ്വയംഭരണത്തിനും വേണ്ടിയുള്ള തന്റെ ജനതയുടെ അവകാശസമരങ്ങളുടെ വക്താവ്‌. തന്റെ ജനതയെ ഇതിനേക്കാള്‍ ശക്തമായും വ്യക്തമായും പ്രതിനിധീകരിച്ച മറ്റൊരാളില്ല എന്നു തന്നെ പറയാം.

തന്റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും, ലോകമൊട്ടുക്കുള്ള പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ഫലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തി. അനേകം തവണ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ജൂതലോബിയുടെ എതിര്‍പ്പിനു ശരവ്യനാവുകയും ചെയ്തു. അദ്ദേഹത്തെയും കുടുംബത്തെയും അവര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി. കൊളംബിയ സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസ്‌ അവര്‍ അഗ്നിക്കിരയാക്കി. എന്നിട്ടും അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. പ്രമുഖരായ ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും നിരന്തരം രഹസ്യമായി പിന്തുടരുന്ന എഫ്‌.ബി.ഐ.ക്കുപോലും 30 വര്‍ഷം വിടാതെ പിന്തുടര്‍ന്നിട്ടും അദ്ദേഹത്തെ തടയാനോ നിശ്ശബ്ദനാക്കാനോ സാധിച്ചില്ല.

പൂര്‍വ്വദേശങ്ങളെ, പ്രത്യേകിച്ചും മദ്ധ്യ-പൂര്‍വ്വദേശങ്ങളെ പാശ്ചാത്യലോകം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്ന് ഓറിയന്റലിസം എന്ന തന്റെ പുസ്തകത്തിലൂടെ എഡ്വേഡ്‌ സെയ്‌‌ദ് വിശദമാക്കുന്നുണ്ട്‌. 1978-ലാണ്‌ അദ്ദേഹം ആ പുസ്തകമെഴുതുന്നത്‌. 1993-ല്‍ എഴുതിയ Culture and Imperialism എന്ന പുസ്തകത്തില്‍ ഓറിയന്റലിസത്തിലെ തന്റെ വാദങ്ങളെ കുറേക്കൂടി വിപുലപ്പെടുത്തിക്കൊണ്ട്‌, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സങ്കീര്‍ണ്ണമായ ബന്ധത്തെ അദ്ദേഹം വിശകലനം ചെയ്തു. അധിനിവേശകരും അധിനിവേശം ചെയ്യപ്പെടുന്നവരും എന്ന പരികല്‍പ്പനയെ 'പരിചിത'രും(യൂറോപ്പ്‌, പാശ്ചാത്യം, നമ്മള്‍) 'അപരിചിത'രും (പൂര്‍വ്വദേശം, കിഴക്ക്‌, അവര്‍)എന്ന മട്ടില്‍ പരാവര്‍ത്തനം ചെയ്തു ആ കൃതിയില്‍ എഡ്വേദ്‌ സെയ്‌ദ്.

എഡ്വേഡ്‌ സെയ്‌ദിന്റെ താത്‌പര്യങ്ങളും പാണ്ഡിത്യവും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ എഴുത്തിലുടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്‌. അതില്‍ താരതമ്യസാഹിത്യവും, സാഹിത്യവിമര്‍ശനവും, സംസ്കാരവും, സംഗീതവും, ഇസ്രായേലി-ഫലസ്തീനി ചരിത്രവും സംഘര്‍ഷവും എല്ലാം വരുന്നുണ്ട്‌. ഈ എഴുത്ത്‌, പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ അറബ്‌-ഇസ്ലാം വീക്ഷണങ്ങളുടെ വിരുദ്ധചേരിയിലായിരുന്നു നിലനിന്നിരുന്നത്‌. നീതിക്കും തുല്ല്യതക്കും വേണ്ടി അദ്ദേഹം വാദിച്ചു. സാമ്രാജ്യത്വത്തെ തള്ളിപ്പറയുന്നതോടൊപ്പം, നിലനില്‍ക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെയും അദ്ദേഹം അംഗീകരിച്ചു. എങ്കിലും, ആ നിലനില്‍പ്പ്‌, ഫലസ്തീനികളുടെ അവകാശത്തെ നിഹനിച്ചുകൊണ്ടായിരിക്കരുത്‌ എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

1967-ലെ യുദ്ധവും നിയമവിരുദ്ധമായ അധിനിവേശവും അദ്ദേഹത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. അതദ്ദേഹത്തെ കൂടുതല്‍ നവീകരിക്കുകയാണുണ്ടായത്‌. ബൗദ്ധികജീവിതത്തിന്റെയും ആക്ടിവിസത്തിന്റെയും പാതയിലേക്ക്‌ അത്‌ സെയ്‌ദിനെ നയിച്ചു. പിന്നീടുള്ള 37 കൊല്ലക്കാലവും അദ്ദേഹം ഫലസ്തീനികളുടെ ഏറ്റവും മുന്‍നിരയിലുള്ള വക്താവായി മാറി. മരിക്കുന്നതുവരെ ആ സ്ഥാനത്ത്‌ നില്‍ക്കുകയും ചെയ്തു. ഏകരാഷ്ട്രം എന്ന ഒരേയൊരു ഉത്തരം മാത്രമേ പശ്ചിമേഷ്യന്‍ പ്രശ്നത്തിനു പരിഹാരമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. 1999-ല്‍ അദ്ദേഹം എഴുതി: “ഇസ്രായേലിന്റെയും ഫലസ്തീനിന്റെയും ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മുഴുവനായും നഷ്ടമായിരിക്കുന്ന മറ്റൊന്ന് വികസിപ്പിച്ചെടുക്കുക എന്നതാണ്‌ പ്രഥമമായ കര്‍ത്തവ്യം. സഹവര്‍ത്തിത്ത്വത്തിന്റെ വാഹനമായിരിക്കേണ്ടത്‌, വംശീയമോ ഗോത്രപരമോ ആയ സമുദായമല്ല, മറിച്ച്‌, പൗരത്വം എന്ന ആശയവും പ്രയോഗവുമാണ്‌".

ന്യൂയോര്‍ക്ക്‌ ടൈംസിന്റെ 1999 ജനുവരിയിലെ സാമാന്യം ദീര്‍ഘമായ ഒരു ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: "ഫലസ്തീനികള്‍ക്ക്‌ സ്വയംഭരണാവകാശമുള്ള ഒരു പ്രത്യേകരാജ്യം എന്നത്‌ അപ്രായോഗികമാണ്‌. എന്നാല്‍ പറയട്ടെ, മറിച്ചായിരുന്നു ഞാന്‍ ഏറെക്കാലം കരുതിയിരുന്നത്‌. പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്, എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി ഇന്ന് എനിക്ക് കാണാന്‍ കഴിയുന്നില്ല”.

"ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഓട്ടോമാനുകളും റൊമാക്കരും വരുന്നതിനും മുന്‍പും, സഹസ്രാബ്ദങ്ങളായി, നിരവധി മനുഷ്യരുടെ ജന്മഭൂമിയായിരുന്നു ഈ ഫലസ്തീന്‍. വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല“.

“ഇന്ന് നമ്മുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍ അസുഖകരമാംവണ്ണം ലളിതമാണ്‌. ഒന്നുകില്‍, അസ്വീകാര്യമായ എല്ലാ ദുരിതങ്ങളും സഹിച്ച്‌ യുദ്ധം തുടരുക; അല്ലെങ്കില്‍, എന്തുതന്നെ തടസ്സങ്ങളുണ്ടായാലും ഒരു പരിഹാരമാര്‍ഗ്ഗം കണ്ടുപിടിച്ച്‌ ഇതില്‍നിന്ന് പുറത്തുകടക്കുക“.

ഓസ്ലോ ഒരിക്കലും ഒരു പരിഹാരമായിരുന്നില്ല. ആ കരാര്‍ പുറത്തുവന്നയുടനെ സെയ്‌ദ്‌ അതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു. " വൈറ്റ്‌ ഹൗസ്‌ ഉപചാരങ്ങളുടെ അസംബന്ധ ഫാഷന്‍ ഷോ; ജനങ്ങളുടെ അവകാശങ്ങള്‍ റദ്ദുചെയ്തതിന്‌, യാസ്സര്‍ അറാഫത്ത്‌ എല്ലാവര്‍ക്കും നന്ദി പറയുന്ന വൃത്തികെട്ട കാഴ്ച; രണ്ട്‌ സാമന്തരാജാക്കന്മാരെക്കൊണ്ട്‌ പരസ്പരം സന്ധിചെയ്യിപ്പിച്ച്‌ തന്റെ മുന്‍പില്‍ കുമ്പിടീക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ റോമാചക്രവര്‍ത്തിയെപ്പോലെ കോമാളിവേഷം കെട്ടിയ കെട്ടിയ ബില്‍ ക്ലിന്റന്റെ ഗൗരവമുഖം, എല്ലാറ്റിനും മീതെ, ഫലസ്തീനിന്റെ കീഴടങ്ങലിന്റെ ദൂരവ്യാപ്തിയും' എന്നാണ്‌, ഓസ്ലോ കരാര്‍ വന്ന്, ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ലണ്ടന്‍ ബുക്ക്‌ ഓഫ്‌ റിവ്യൂവില്‍ പ്രസിദ്ധീകരിച്ച The Day After എന്ന സുദീര്‍ഘമായ ലേഖനത്തില്‍ അദ്ദേഹം വിവരിക്കുന്നത്‌.

അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം, ഓസ്ലോ എന്നത്‌ ഫലസ്തീനിന്റെ വ്യക്തമായ കീഴടങ്ങലില്‍ കുറഞ്ഞ്‌, മറ്റൊന്നുമായിരുന്നില്ല. ഫലസ്തീനികളുടെ വേഴ്സെയില്‍ (Versailles)ഉടമ്പടിയായിരുന്നു ഓസ്ലോ. ഇസ്രായേലിന്‌ ഇത്രയധികം ആനുകൂല്യങ്ങള്‍ അനുവദിക്കാതെതന്നെ ഇതിലും മെച്ചപ്പെട്ട കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോഴാണ്‌ ഓസ്ലൊവിന്റെ പ്രതിലോമസ്വഭാവം വ്യക്തമാവുക. 1978-ലെ ക്യാമ്പ്‌ ഡേവിഡ്‌ കരാറും, ഇന്നോളം നടന്നിട്ടുള്ള മറ്റെല്ലാ സമാധാന ചര്‍ച്ചകളും ഇതേ സ്വഭാവം തന്നെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അതേസമയം, 2000-ലെ ക്യാമ്പ്‌ ഡേവിഡ്‌ "സ്ഥിരപദവി" (Permanent Status) കരാറാകട്ടെ, അതിനുമുന്‍പത്തെ കരാറുകളേക്കാളൊക്കെ ഉദാരസ്വഭാവമുള്ളതായിരുന്നു. ഫലസ്തീനികള്‍ക്ക്‌ ആ കരാര്‍ ഗുണകരവുമായേനേ. എന്നാല്‍, അറാഫത്ത്‌ അത്‌ തള്ളിക്കളയുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കി സമാധാനം കൈവരുത്താനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതിന്‌, രൂക്ഷമായ വിമര്‍ശനം അറാഫത്തിനെ തേടിയെത്തുകയും ചെയ്തു.

മരിക്കുന്നതിന്‌ ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ്‌ 'അവസാനത്തെ അഭിമുഖം' എന്ന പേരില്‍ പിന്നീട് പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയില്‍ പങ്കെടുക്കാന്‍, അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചത്‌. ഒരു ദശാബ്ദം നീണ്ടുനിന്ന രോഗാവസ്ഥക്കുശേഷം തീര്‍ത്തും പരിക്ഷീണനായിരുന്നു എഡ്വേഡ്‌ സെയ്‌ദ് അപ്പോഴേക്കും. മരണത്തിന്റെ വക്കത്തെത്തിയിരുന്നു അദ്ദേഹം. എങ്കിലും അദ്ദേഹം ഇന്റര്‍വ്യൂവിന്‌ സന്തോഷത്തോടെ സമ്മതം മൂളി. തന്റെ ബാല്യകാലം, വളര്‍ച്ചയുടെ പടവുകള്‍, എഴുത്ത്‌, പുരസ്ക്കാരങ്ങള്‍, യാസ്സര്‍ അറാഫത്തുമായുള്ള ബന്ധം, ഫലസ്തീന്‍ പ്രശ്നത്തില്‍ തന്റെ നിലപാടുകള്‍, എന്നിവയെക്കുറിച്ചൊക്കെ, ചാള്‍സ്‌ ഗ്ലാസ്സ്‌ എന്ന പത്രപ്രവര്‍ത്തകനുമായി എഡ്വേഡ്‌ സെയ്‌‌ദ് വളരെയധികം കാര്യങ്ങള്‍ അനൗപചാരികമായി പങ്കിട്ടു, ആ അഭിമുഖത്തില്‍.

എഴുത്തിലും, തുറന്നടിച്ചുള്ള അഭിപ്രായപ്രകടനങ്ങളിലും പരമാവധി സത്യസന്ധതയും ആര്‍ജ്ജവവും പ്രകടിപ്പിച്ചിരുന്നു എഡ്വേഡ്‌ സെയ്‌‌ദ്. സന്ധിയില്ലാത്ത, മൂല്യാധിഷ്ഠിത നിലപാടുകളുടെ സാക്ഷ്യപത്രങ്ങളാണ്‌ അദ്ദേഹത്തിന്റെ എഴുത്തും വിശകലങ്ങളും. "ഷാരോണിന്റെ ദുഷ്ടത'യും, നാശോന്മുഖതയും. കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ കൊലചെയ്യാന്‍ ഷാരോണ്‍ നല്‍കിയ ഉത്തരവ്‌. വ്യോമസൈനികരുടെ ആക്രമണങ്ങളെ ന്യായീകരിച്ച ഷാരോണിന്റെ നൃശംസത. മാധ്യമങ്ങളുടെ ഇസ്രായേലനുകൂല നിലപാടുകളും, മറുവീക്ഷണങ്ങളോടുള്ള അതിന്റെ അസഹിഷ്ണുതയും. മാനവികതക്കെതിരെ ഓരോ ദിവസവും നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന പത്രധര്‍മ്മത്തിന്റെ അനാശാസ്യത. ജനകീയസംവാദങ്ങള്‍ക്കുപകരം, ഔദ്യോഗിക ഭാഷ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമകലാപരിപാടി. അധികാരത്തിനും പദവികള്‍ക്കുംവേണ്ടി സത്യത്തെ ബലികൊടുക്കുന്നത്‌. ഫലസ്തീനിനെ ഏകാന്തതടവുമുറിയാക്കുന്നതിനെക്കുറിച്ചും ഒരു ജനതയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി അവരെ ശ്വാസം മുട്ടിക്കുന്നതിനെക്കുറിച്ചും, അവരെ പട്ടിണിക്കിടുകയും, കൊല്ലുകയും, ദരിദ്രവത്‌ക്കരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, ടാങ്കുകളും F-16 കളും ഉപയോഗിച്ച്‌ അവരെ ആക്രമിക്കുകയും ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചും എല്ലാം അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടേയിരുന്നു.

തീര്‍ന്നില്ല. നിലനില്‍ക്കുന്ന ഭീകരാവസ്ഥയുടെ കാരണങ്ങള്‍ ഇരകളുടെമേല്‍ അധ്യാരോപിക്കുന്നതിനെക്കുറിച്ചും, മനുഷ്യദുരിതങ്ങളുടെയും നാശനഷ്ടങ്ങളുടെയും ഒരു വലിയ പാഴ്‌ഭൂമി സൃഷ്ടിച്ചതിനെക്കുറിച്ചും, പീഡനവും അരുംകൊലകളും ഔദ്യോഗികനയങ്ങളാക്കുന്നതിനെക്കുറിച്ചും, ഒരു പ്രത്യേക മതവിശ്വാസവും, വംശസ്വത്വവും നിലനിര്‍ത്തിക്കൊണ്ട്‌ ജീവിക്കുന്നു എന്ന ഒരേയൊരു കുറ്റം ചുമത്തി, ഒരു ജനതയെ മുഴുവന്‍ സങ്കല്‍പ്പിക്കാവുന്ന എല്ലാ രീതിയിലും അപമാനവീകരിക്കുകയും, തകര്‍ക്കുകയും, ഛിന്നഭിന്നമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചും എഡ്വേഡ് സെയ്‌ദ് ഇടതടവില്ലാതെ എഴുതിക്കൊണ്ടിരുന്നു. ഫലസ്തീന്‍ ജനതക്ക്‌ ആകെ കൈമുതലായുണ്ടായിരുന്നത്‌ അവരുടെ ഇച്ഛാശക്തിയും തളരാത്ത ആത്മധൈര്യവും മാത്രമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത വിധം ഭീകരമായ ഒരു വംശഹത്യയെ നേരിട്ട്‌ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക്‌ ലോകമനസ്സാക്ഷിയുടെ പിന്തുണ നേടിയെടുക്കാനുള്ള അക്ഷീണപരിശ്രമത്തിലായിരുന്നു എഡ്വേഡ്‌ സെയ്‌ദ് തന്റെ ജീവിതകാലം മുഴുവന്‍.

സാമ്രാജ്യത്വ താത്‌പര്യത്തിന്റെയും ദേശസുരക്ഷയുടെയും പേരുപറഞ്ഞ്‌, അവസാനിക്കാത്ത അക്രമങ്ങളിലൂടെ ഫലസ്തീനികളെ 'സാവധാനത്തിലുള്ള മരണത്തിലേക്ക്‌' തള്ളിവിടുന്നതിനെക്കുറിച്ചും, താത്‌ക്കാലികമായ ശാന്തിക്കുവേണ്ടി നടത്തുന്ന സമാധാനചര്‍ച്ചകളെന്ന വൃഥാവ്യായാമങ്ങളെക്കുറിച്ചും, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം ഫലസ്തീനികളുടെ ചുമലില്‍ നിക്ഷേപിക്കുന്ന കൗശലത്തെക്കുറിച്ചും, ഫലസ്തീന്‍ പ്രശ്നം 'അവസാനിപ്പിക്കുന്ന'തിന്റെ ദുരര്‍ത്ഥങ്ങളെക്കുറിച്ചും, ഫലസ്തീനികള്‍ക്ക്‌ തിരിച്ചൊന്നും നല്‍കാതെ, അവരില്‍നിന്ന് കഠിനമായ ആനുകൂല്യങ്ങള്‍ പിടിച്ചുപറിക്കുന്നതിനെക്കുറിച്ചും, ചെറുത്തുനില്‍പ്പിനെ 'തീവ്രവാദ'മായി പെരുപ്പിച്ചുകാണിക്കുകയും, അതിനു കാരണമായ അധിനിവേശത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, എല്ലാ ദുരിതങ്ങളും അക്രമണങ്ങളും നേരിട്ട്‌ ഫലസ്തീനികള്‍ പോരാട്ടം തുടരുകയും അതിജീവിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, നാള്‍ക്കുനാള്‍ അവരുടെ ആവേശവും ഇച്ഛാശക്തിയും വളരുന്നതിനെക്കുറിച്ചുമൊക്കെ എന്നും ആവേശത്തോടെയായിരുന്നു എഡ്വേഡ്‌ സെയ്‌ദ് എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നത്‌.

ഇതും ഇതിലപ്പുറവുമായിരുന്നു അദ്ദേഹം. ഒരിക്കലും സന്ധിചെയ്യാത്ത യുദ്ധ-വിരുദ്ധ പ്രവര്‍ത്തകന്‍. അമേരിക്കയുടെ 'ഭീകരതക്കെതിരെയുള്ള യുദ്ധ'ത്തിനെ നിര്‍ദ്ദാക്ഷിണ്യം അപലപിച്ചു സെയ്‌ദ്. "ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത, ജനങ്ങളുടെ പ്രശ്നങ്ങളെ നിരുത്തരവാദപരമായി സമീപിക്കുന്ന ഒരു കൂട്ടം വ്യക്തികള്‍ റാഞ്ചിയ ഒരു രാജ്യമാണ്‌' അമേരിക്ക എന്ന് അദ്ദേഹം വിലയിരുത്തി. “നട്ടെല്ലില്ലാത്ത വ്യാജമായ ദേശഭക്തിയുടെ വക്താക്കളാണ്‌ “ഡെമോക്രാറ്റുകളെന്നും സെയ്ദ്‌ തുറന്നടിച്ചു. മുസ്ലീമുകളെ ഒന്നടങ്കം ശത്രുക്കളായി കാണുകയും, ഭീകരനിയമങ്ങള്‍ പാസ്സാക്കുകയും ചെയ്യുന്ന അധികാരഘടനയാണ്‌ അമേരിക്കയുടേതെന്നും, ആ ഘടനയാണ്‌ ഗ്വാണ്ടിനാമോ പോലുള്ള തടവറകളുടെ സൃഷ്ടിക്കു പിന്നിലെന്നും അദ്ദേഹം സ്പഷ്ടമായി തിരിച്ചറിയുകയും ചെയ്തു.'

നീതിക്കുവേണ്ടി അവര്‍ നടത്തുന്ന യുദ്ധ'ങ്ങള്‍, അവരുടെ സര്‍വ്വവ്യാപിയായ സയണിസത്തിന്റെയും ക്രിസ്ത്യന്‍ ഫാസിസത്തിന്റെയും പിന്‍‌ബലമുള്ള സൈനിക-വ്യവസായ സ്ഥാപനങ്ങള്‍, അവരുടെ വ്യാപകമായ അറബ്‌ വിരോധം, 'ആത്യന്തികമായ സത്യം' എന്ന വ്യാജപ്പേരില്‍ 'നുണക്കൂമ്പാരങ്ങള്‍' പടച്ചുവിടുന്ന അവരുടെ മാധ്യമങ്ങള്‍, അവര്‍ അടിച്ചമര്‍ത്തുന്ന വിമതാഭിപ്രായങ്ങള്‍, ജനാധിപത്യത്തെ വഞ്ചിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവരുടെ അധികാരകേന്ദ്രങ്ങള്‍, സംസ്കാരത്തെയും, സാമൂഹികനീതിയെയും, അന്തസ്സിനെയും പണയപ്പണ്ടമാക്കുന്ന അവരുടെ അശ്ലീലതകള്‍, സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തങ്ങളുടേതായ ഒരു വിഭ്രമലോകത്തിനകത്ത്‌ കഴിയുന്ന ഒരുകൂട്ടം മനോരോഗികള്‍ക്ക്‌ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കുന്ന അധികാരവ്യവസ്ഥ, ഇതൊന്നും സെയ്ദ്‌ കാണാതിരുന്നില്ല.

അതെല്ലാം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഒടുവില്‍ ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു: "ജോനാഥന്‍ സ്വിഫ്റ്റ്‌, നിങ്ങള്‍ ഇന്നായിരുന്നു ജീവിക്കേണ്ടിയിരുന്നത്‌". പക്ഷേ, ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍, വര്‍ത്തമാനകാലത്തിന്റെ ഭീകരാവസ്ഥ സ്വിഫ്റ്റിനെപ്പോലും ഭയചകിതനാക്കുമായിരുന്നു എന്നും സെയ്‌ദിന്‌ ബോദ്ധ്യമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്‌ എഡ്വേഡ്‌ സെയ്‌ദ് നമ്മെ വിട്ടുപോയത്‌.പരിഭാഷകന്റെ കുറിപ്പ്‌:എഡ്വേഡ്‌ സെയ്‌‌ദിനെക്കുറിച്ച്‌ സ്റ്റീഫന്‍ ലെന്‍ഡ്‌മാന്‍ എഴുതിയ ഈ ലേഖനം ഒരു ശരാശരി നിലവാരത്തിനപ്പുറത്തേക്ക്‌ പോകുന്നില്ല എന്ന് ഈ പരിഭാഷകന്‌ വ്യക്തിപരമായ ഒരു അഭിപ്രായമുണ്ട്‌. അതെന്തായാലും, എഡ്വേഡ്‌ സെയ്‌ദ് എന്ന ആ മഹാനായ ചിന്തകനെ, അദ്ദേഹം മരിച്ചിട്ട്‌ അഞ്ചുവര്‍ഷം തികയുന്ന ഇന്ന്, അനുസ്മരിക്കാതെ പോകുന്നത്‌ ഏറ്റവും വലിയ നീതികേടാകുമെന്നുള്ളതുകൊണ്ട്‌ 'മാത്രം' ഈ ലേഖനം ബ്ലോഗ്ഗിനു സമര്‍പ്പിക്കുന്നു.

എഡ്വേഡ്‌ സെയ്‌ദിന്റെയും മഹമൂദ്‌ ദാര്‍വിഷിന്റെയും മരണം, ലോകത്താകമാനമുള്ള അധിനിവേശ-യുദ്ധവിരുദ്ധ, പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, നികത്താനാവാത്ത ഒരു നഷ്ടമായി, ഇനിയും ഏറെക്കാലം അനുഭവപ്പെടുകതന്നെ ചെയ്യും.

9 comments:

Rajeeve Chelanat said...

എഡ്വേഡ് സെയ്‌ദിനെ ഓര്‍മ്മിക്കുമ്പോള്‍

സുജനിക said...

എഡ്വേഡ്‌ സെയ്‌ദിന്റെയും മഹമൂദ്‌ ദാര്‍വിഷിന്റെയും മരണം, ലോകത്താകമാനമുള്ള അധിനിവേശ-യുദ്ധവിരുദ്ധ, പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, നികത്താനാവാത്ത ഒരു നഷ്ടമായി, ഇനിയും ഏറെക്കാലം അനുഭവപ്പെടുകതന്നെ ചെയ്യും.

Remarkable attempt...Rajeev.

Harold said...

ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി

മൂര്‍ത്തി said...

നന്ദി രാജീവ്..ഇത് ഈ പോസ്റ്റിനും പഴയ പോസ്റ്റുകള്‍ക്കും ഒക്കെ ചേര്‍ത്ത്...

kichu / കിച്ചു said...

ആശംസകള്‍..

പരിഭാഷകന്റെ ഉദ്യമം സ്തുത്യര്‍ഹം.

ഭൂമിപുത്രി said...

ഈയൊരു പേരു പരിചിതമാണെന്നല്ലാതെ,
കൂടുതലറിയില്ലായിരുന്നു.
വളരെ നന്നായി രാജീവ് അദ്ദേഹത്തെ വിശദമായിത്തന്നെ പരിചയപ്പെടിത്തിയത്

ദിലീപ് വിശ്വനാഥ് said...

നല്ല ലേഖനം. ആദ്യഭാഗം വായിച്ചപ്പോള്‍ റാന്‍ഡി പൌഷിനെ ഓര്‍ത്തുപോയി.

ഹാരിസ് said...

:)

Joker said...

നന്ദി