Tuesday, January 13, 2009

ഗാസയില്‍ നിന്ന് ഒരു കത്ത്

(ഗസ്സന്‍ കാനഫാനിയുടെ, ആത്മകഥാംശമുള്ള ഒരു രചന. ഗാസയില്‍ സയണിസ്റ്റ്‌ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ ഇരയായ ആയിരങ്ങള്‍ക്കുവേണ്ടി ഈ പരിഭാഷ സമര്‍പ്പിക്കുന്നു. ആ കൂട്ടക്കുരുതിക്കുനേരെ നൃശംസനീയമായ ധൃതരാഷ്ട്രാന്ധത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെയും, 'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്ഥനാ പ്രകടനങ്ങളുടെ' ലക്ഷ്മണരേഖ മുറിച്ചുകടക്കാനോ, സ്വന്തം ശക്തി തിരിച്ചറിയാനോ കഴിയാതെ ഭീരുത്വം നുണഞ്ഞുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌-അറബ്‌ നാടുകളീലെ സുന്ദരവിഢികളുടെയും മുഖത്തിനുനേരെ ഈ കഥാപാദുകം ഞാന്‍ ഏറിയുന്നു)


പ്രിയപ്പെട്ട മുസ്തഫ,

സാക്രമെന്റോയില്‍ നിന്റെ കൂടെ വന്നു താമസിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ശരിയാക്കിയിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ടുള്ള നിന്റെ കത്ത്‌ കിട്ടി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ സിവില്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ ജോലി ശരിയായിട്ടുണ്ട്‌ എന്ന്‌ അറിയിച്ചുകൊണ്ടുള്ള അവരുടെ കത്തും വന്നിരിക്കുന്നു. എന്റെ ചങ്ങാതീ, എല്ലാത്തിനും ഞാന്‍ നിന്നോട്‌ നന്ദി പറയട്ടെ. എങ്കിലും ഞാന്‍ ഇപ്പോള്‍ നിന്നെ അറിയിക്കാന്‍ പോകുന്ന കാര്യം നിനക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. പക്ഷേ ഒന്നുറപ്പിച്ചോളൂ......ഇത്‌ പറയാന്‍ എനിക്ക്‌ ഒട്ടും ശങ്കിക്കേണ്ടിവരുന്നില്ല. ഇന്നു കാണുന്നതുപോലെ ഒരിക്കലും ഞാന്‍ കാര്യങ്ങള്‍ ഇത്ര തെളിമയോടെ ഇതിനുമുന്‍പ്‌ ഒരിക്കലും കണ്ടിട്ടില്ല. ഇല്ല സുഹൃത്തേ. ഞാന്‍ എന്റെ തീരുമാനം മാറ്റിക്കഴിഞ്ഞു. നീ എഴുതിയ പോലെ "പച്ചപ്പും ജലവും സുന്ദരമായ മുഖങ്ങളുമുള്ള' ആ നാട്ടിലേക്ക്‌ ഞാന്‍ വരുന്നില്ല. ഇല്ല. ഞാന്‍ ഇവിടെത്തന്നെ കഴിയും. ഇവിടം വിട്ട്‌ എവിടേക്കും ഇനി ഞാനില്ല.

മുസ്തഫ, നമ്മുടെ ജീവിതം ഒരേ ദിശയില്‍തന്നെ പോവുകയില്ലെന്നത്‌ എനിക്ക്‌ സങ്കടമുണ്ടാക്കുന്നുണ്ട്‌. എവിടെയായാലും ഒരുമിച്ച്‌ കഴിയുമെന്ന നമ്മുടെ ശപഥം നീ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും, 'നമ്മള്‍ പണക്കാരാകും' എന്ന്‌ നമ്മള്‍ പണ്ടൊരിക്കല്‍ ആര്‍ത്തുവിളിച്ചു നടന്നതും ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. എങ്കിലും, എന്റെ ചങ്ങാതീ, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിന്റെ കൈ പിടിച്ച്‌, കയ്‌റോ വിമാനത്താവളത്തിലെ ഹാളില്‍ ഞാന്‍ നിന്നത്‌ ഇപ്പോഴും എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. വിമാനത്തിന്റെചെവി തുളക്കുന്ന യന്ത്രശബ്ദത്തിനു ചുറ്റും എല്ലം കറങ്ങുകയായിരുന്നു. നീ മാത്രം നിശ്ശബ്ദനായി എന്റെ മുന്‍പില്‍ നിന്നു.

മുഖത്ത്‌ ചെറിയ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍, ഗാസയിലെ ഷാജിയ ഭാഗത്ത്‌ വളരുമ്പോഴുള്ളതില്‍നിന്ന്‌ നിന്റെ മുഖത്തിന്‌ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. പരസ്പരം നല്ലവണ്ണം മനസ്സിലാക്കിയവരായിരുന്നു നമ്മള്‍ ഇരുവരും. അവസാനം വരെ ഒരുമിച്ച്‌ കഴിയണമെന്നും ശപഥമെടുത്തിരുന്നു നമ്മള്‍. പക്ഷേ...

"വിമാനം പുറപ്പെടാന്‍ ഇനി കാല്‍ മണിക്കൂറേയുള്ളു. നീ ഇങ്ങനെ അന്തം വിട്ടിരിക്കണ്ട. നോക്ക്‌. നീ അടുത്ത വര്‍ഷം കുവൈറ്റിലേക്ക്‌ പോകുന്നു. ശമ്പളത്തില്‍നിന്ന്‌ മിച്ചം പിടിച്ച്‌ നീ ഗാസ വിട്ടുപോരും. കാലിഫോര്‍ണിയയിലേക്ക്‌. ഒരുമിച്ച്‌ പുറപ്പെട്ടവരാണ്‌ നമ്മള്‍. ഇനിയും അങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും"

ഞാന്‍ നിന്റെ ചുണ്ടുകള്‍ ശ്രദ്ധിക്കുകയായിരുന്നു. വേഗതയില്‍ ചലിക്കുന്ന ചുണ്ടുകള്‍. നിന്റെ വര്‍ത്തമാനത്തിന്റെ രീതി അതായിരുന്നു. കുത്തോ കോമയോ ഇല്ലാതെ ചടുപിടുന്നനെയുള്ള സംസാരം. പക്ഷേ, യാത്ര പോകുന്നതില്‍ നിനക്കത്ര സന്തോഷം പോരെന്ന്‌ എന്തുകൊണ്ടോ എനിക്കു തോന്നി. യാത്ര പോകുന്നതിനുള്ള ഒരു നല്ല കാരണം പോലും നിനക്ക്‌ പറയാനുണ്ടായിരുന്നില്ല. എനിക്കും ഉണ്ടായിരുന്നു അതേ ആശയക്കുഴപ്പം. എങ്കിലും ഞാന്‍ ആലോചിച്ചിരുന്നത്‌ ഇതായിരുന്നു. എന്തുകൊണ്ട്‌ നമുക്ക് ഗാസ വിട്ടു പോയിക്കൂടാ? നിന്റെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. കുവൈറ്റിലെ വിദ്യാഭ്യാസ വകുപ്പില്‍ നിനക്കൊരു ജോലി തരപ്പെട്ടിരുന്നു. എനിക്കാകട്ടെ അത് കിട്ടിയതുമില്ല. നീ എനിക്ക്‌ ചെറിയ ചെറിയ സംഖ്യകള്‍ അയച്ചുതന്നു. അപ്പോഴൊക്കെ, എനിക്കത്‌ അഭിമാനക്ഷയമായി തോന്നുമോ എന്നു കരുതി, ആ പണം കടമായി കരുതിയാല്‍ മതിയെന്നു പറഞ്ഞ്‌ നീ എന്നെ ആശ്വസിപ്പിക്കാറുമുണ്ടായിരുന്നു. UNRWA* സ്കൂളില്‍ നിന്ന്‌ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌, അമ്മയെയും, വിധവയായ ഏട്ടത്തിയമ്മയെയും അവരുടെ നാലു കുട്ടികളെയും പോറ്റേണ്ടിവരുന്നതിന്റെ ദുരിതാവസ്ഥകളെക്കുറിച്ചൊക്കെ നിനക്ക്‌ നല്ലവണ്ണം അറിയാമായിരുന്നുവല്ലോ.

"നോക്ക്‌, ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌. എല്ലാ ദിവസവും നീ എനിക്ക്‌ എഴുതണം..എല്ലാ മണിക്കൂറിലും..വിമാനം പോകാന്‍ സമയമായി. വീണ്ടും കണ്ടുമുട്ടുന്നതുവരെ..ബൈ.. " നിന്റെ ചുണ്ടുകള്‍ എന്റെ കവിളുകളില്‍ ഉരസി, നീ തല തിരിച്ചു. വീണ്ടും എന്റെ നേരെ നോക്കിയപ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു.

കുറച്ചുകാലം കഴിഞ്ഞ്‌, എനിക്കും കുവൈത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലികിട്ടി. അതൊന്നും ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ. എല്ലാം നിനക്കറിയുന്നതല്ലേ. എല്ലാറ്റിനെയും കുറിച്ച്‌ ഞാന്‍ നിനക്കെഴുതിയിട്ടുണ്ട്‌. പൊള്ളയായ ഒരു ചിപ്പി പോലെയായിരുന്നു അവിടുത്തെ എന്റെ ജീവിതം. കടുത്ത ഏകാന്തതയില്‍, രാത്രിയുടെ ആരംഭം പോലെ തോന്നിക്കുന്ന ഇരുണ്ട ഒരു ഭാവിയെ ഉറ്റുനോക്കിക്കൊണ്ട്‌ അവിടെ ഞാന്‍ കഴിഞ്ഞ നാളുകള്‍. ദ്രവിച്ച യാന്ത്രികതയുടെ ഉള്ളില്‍പ്പെട്ട്‌, സമയവുമായി മല്ലയുദ്ധം ചെയ്ത്‌......എല്ലാം ചുട്ടുപൊള്ളുകയും ഒട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. മാസാവസാനം ആകാനുള്ള ഒരു നീണ്ട കാത്തിരിപ്പായിരുന്നു ഓരോ ദിവസവും.

ആ വര്‍ഷം മദ്ധ്യത്തോടെയാണ്‌ ജൂതന്‍മാര്‍ സബ ജില്ലയില്‍ ബോംബിട്ടതും ഗാസയെ ആക്രമിച്ചതും. ബോംബുകളും മിസ്സൈലുകളും കൊണ്ട്‌ ഞങ്ങളുടെ ഗാസയെ അവര്‍ പൊതിഞ്ഞു. ആ സംഭവം എന്റെ ജീവിതഗതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ എനിക്കു ശ്രദ്ധിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല ഗാസയില്‍. എന്തായാലും ഞാന്‍ ആ നാടു വിട്ട്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകും. അവിടെയായിരിക്കും ശേഷകാലം ഞാന്‍ ജീവിക്കുക. ഇത്രനാളും അനുഭവിച്ച നരകത്തില്‍ നിന്ന്‌ ഒരു മോചനം. ഗാസയെയും അതിലെ ആളുകളെയും ഞാന്‍ വെറുത്തിരുന്നു. ഒരു രോഗി ചാരനിറത്തില്‍ വരച്ച മോശം ചിത്രത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ആ വ്രണിത നഗരത്തിലെ ഞാന്‍ കണ്ട എല്ലാ കാഴ്ചകളും. അതെ. എന്റെ അമ്മക്കും സഹോദരന്റെ വിധവക്കും അവരുടെ മക്കള്‍ക്കും എല്ലാ മാസവും ഒരു തുക അയച്ചുകൊടുക്കും ഞാന്‍. എന്തായാലും ഈ നഗരവുമായുള്ള അവസാനത്തെ ബന്ധവും അവസാനിപ്പിച്ച്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകണം. പച്ച പിടിച്ച കാലിഫോര്‍ണിയ. കഴിഞ്ഞ ഏഴു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരാജയത്തിന്റെ ഗന്ധത്തില്‍നിന്ന്‌ ഇനിയെങ്കിലും മോചനം നേടണം. അമ്മയോടും സഹോദരന്റെ വിധവയായ ഭാര്യയോടും അവരുടെ മക്കളോടുമുള്ള എന്റെ അനുതാപത്തിനൊന്നും പക്ഷേ എന്നെ തടഞ്ഞുനിര്‍ത്താനാവില്ല. അവര്‍ക്കുവേണ്ടി പോലും ഈ ദുരന്തം എനിക്ക്‌ ഇനിയും സഹിക്കാനാവില്ല. ഇവിടെനിന്ന്‌ രക്ഷപ്പെടണം.

മുസ്തഫ, ഈ വികാരങ്ങള്‍ നിനക്കും പരിചയമുണ്ടാകുമല്ലോ അല്ലേ നീയും അനുഭവിച്ചതാണ്‌ ഇതൊക്കെ. ഇവിടെനിന്ന്‌ രക്ഷപ്പെടുന്നതില്‍നിന്ന്‌ നമ്മെ വിലക്കാന്‍ തക്കവണ്ണം എന്തു ബന്ധമാണ്‌ ഗാസയുമായി നമുക്കുണ്ടായിരുന്നത്‌? എന്തുകൊണ്ടാണ്‌ കാര്യങ്ങളെ തെളിമയോടെ കാണാന്‍ നമുക്ക്‌ കഴിയാതിരുന്നത്‌? എന്തുകൊണ്ടാണ്‌ ഈ പരാജയത്തിനെയും അതിന്റെ മുറിപ്പാടുകളെയും പിന്നിലുപേക്ഷിച്ച്‌, നമ്മെ സമാശ്വസിപ്പിക്കാന്‍ കഴിവുള്ള ഒരു ശോഭനമായ ഭാവിയിലേക്ക്‌ നമ്മള്‍ ഇത്രനാളും രക്ഷപെടാതിരുന്നത്‌? എന്തുകൊണ്ടാണ്‌? നമുക്കറിയില്ല.

ജൂണില്‍ അവധിക്കു വന്നു. സാധനങ്ങളെല്ലാം ഒരുക്കിവെച്ചു. ജീവിതത്തെ സാര്‍ത്ഥകവും ഉത്സാഹഭരിതവുമാക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങളിലേക്ക്‌ എന്നെ കൊണ്ടുപോകാന്‍ വരുന്ന, ഇത്രനാളും കാത്തിരുന്ന ആ യാത്രക്കുവേണ്ടി ഞാന്‍ തയ്യാറെടുത്തു. ചിരപരിചിതമായ ഗാസയെ ഞാന്‍ വീണ്ടും കണ്ടു. അറവുശാലയില്‍നിന്ന്‌ തീരത്തണഞ്ഞ ഒച്ചിന്റെ തൊണ്ടുപോലെ, ഉള്ളിലേക്കുള്ളിലേക്ക്‌ ചുരുണ്ടുകൂടിയ അടഞ്ഞ ഗാസ. ദു:സ്സ്വപ്നഭീതിയാല്‍ വിവശമായവന്റെ മനസ്സിനേക്കാളും വികലമായിത്തീര്‍ന്നിരുന്നു ഇടുങ്ങിയ തെരുവുകളും മുഴച്ചുനില്‍ക്കുന്ന ബാല്‍ക്കണികളുമുള്ള ഗാസ അപ്പോഴേയ്ക്കും. കുന്നുകളില്‍ മേയുന്ന ആടുകളെ പ്രലോഭിപ്പിക്കുന്ന തെളിഞ്ഞൊഴുകുന്ന കാട്ടരുവിയെപ്പോലെ, ഏതൊക്കെ ശ്ളഥമായ കാരണങ്ങളാണ്‌ ഒരാളെ അവനവന്റെ വീട്ടിലേക്കും, കുടുംബത്തിലേക്കും, ഓര്‍മ്മകളിലേക്കും വലിച്ചടുപ്പിക്കുന്നത്‌? എനിക്കറിയില്ല.

അമ്മയുടെ അടുത്തേക്ക്‌ രാവിലെ പോയതു മാത്രം ഓര്‍മ്മയുണ്ട്‌. ഏട്ടന്റെ ഭാര്യയും വന്നു. എന്നെക്കാണാന്‍. പോകുന്നതിനുമുന്‍പ്‌ നാദിയയെ കാണണമെന്ന്‌ അവര്‍ ഓര്‍മ്മിപ്പിച്ചു. നാദിയ. എന്റെ ഏട്ടന്റെ പതിമ്മൂന്നു വയസ്സായ മകള്‍ നാദിയ. ആശുപത്രിയിലായിരുന്നു അവള്‍.

വൈകുന്നേരം ഒരു കിലോ ആപ്പിളും വാങ്ങി ഞാന്‍ ആശുപത്രിയില്‍ ചെന്നു. അമ്മയും ഏട്ടത്തിയമ്മയും എന്നില്‍ നിന്ന്‌ എന്തോ മറക്കുന്നുണ്ടെന്ന്‌ എനിക്ക്‌ രാവിലെത്തന്നെ തോന്നിയിരുന്നു. എന്നോട്‌ പറയാന്‍ മടിക്കുന്ന എന്തോ. ഒരു ശീലം കൊണ്ടെന്നവണ്ണം ഞാന്‍ നാദിയയെ സ്നേഹിച്ചിരുന്നു. അവളെ മാത്രമല്ല, അവളുടെ തലമുറയിലെ എല്ല കുട്ടികളെയും. കുടിയൊഴിക്കലും പരാജയവും ആവോളം അനുഭവിച്ചവരായിരുന്നു അവളുടെ തലമുറയിലെ കുട്ടികള്‍. സന്തോഷപ്രദമായ ജീവിതം എന്നത്‌ ഒരു സാമൂഹ്യ വൈകല്യമാണെന്നു കരുതിയവരായിരുന്നു അവര്‍.

എന്താണ്‌ ആ നിമിഷത്തില്‍ സംഭവിച്ചത്‌? എനിക്കറിയില്ല. വളരെ ശാന്തനായാണ്‌ ഞാന്‍ മുറിയിലേക്ക്‌ കയറിച്ചെന്നത്‌. അസുഖം ബാധിച്ച കുട്ടികളുടെ മുഖത്ത്‌ ഒരു ദിവ്യത്വമുണ്ട്‌. പ്രത്യേകിച്ചും, വേദനയും മുറിവുകളും അനുഭവിക്കുന്ന കുട്ടികളുടെ മുഖത്ത്‌. തലയിണയില്‍ ചാരി കട്ടിലില്‍ ഇരിക്കുകയായിരുന്നു നാദിയ. അവളുടെ തലമുടി തലയിണയില്‍ പരന്നു കിടന്നിരുന്നു. സാന്ദ്രമായ ഒരു മൌനം അവളുടെ കണ്ണുകളില്‍ കണ്ടു. കൃഷ്ണമണിയുടെ ഉള്ളിലെവിടെയോ ഉറവയെടുക്കാന്‍ നില്‍ക്കുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയും. മുഖം ശാന്തമായിരുന്നുവെങ്കിലും പീഡിതനായ ഒരു പ്രവാചകന്റെ വാചാലതയുണ്ടായിരുന്നു അതിന്‌. വെറും ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കിലും ധാരാളം പ്രായമായപോലെ. കുട്ടികളേക്കാളും എത്രയോ അധികം പ്രായം.

"നാദിയ"

ഞാനാണോ, എന്റെ പിന്നിലുള്ള മറ്റാരെങ്കിലുമാണോ അവളെ അങ്ങിനെ വിളിച്ചതെന്ന്‌ എനിക്ക്‌ നല്ല നിശ്ചയമില്ല. എങ്കിലും അവള്‍ എന്റെ നേരെ കണ്ണുകളുയര്‍ത്തി. വല്ലാതെ അലിഞ്ഞുപോയി ഞാന്‍.

"അമ്മാമ കുവൈത്തില്‍നിന്ന്‌ ഇപ്പോള്‍ വന്നതേയുള്ളോ?" ചെറുതായി ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു. അവളുടെ ശബ്ദം ഇടറിയിരുന്നു. കയ്യുകളൂന്നി നിവര്‍ന്നിരുന്ന്‌ അവള്‍ കഴുത്ത്‌ എന്നോടടുപ്പിച്ചു. അവളുടെ പുറം തടവി അരികത്തുതന്നെ ഞാനിരുന്നു.

"നദിയ, കുവൈത്തില്‍നിന്ന്‌ ഞാന്‍ നിനക്ക്‌ സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. അസുഖമൊക്കെ ഭേദമാകട്ടെ. എന്നിട്ട്‌ നീ വീട്ടിലേക്ക്‌ വരണം. അതൊക്കെ നിനക്കുള്ളതാണ്‌. ചുവന്ന ട്രൌസറുകള്‍ കിട്ടിയാല്‍ നന്നായിരുന്നു എന്നു നീ പറഞ്ഞിരുന്നില്ലേ? നോക്ക്‌, നിനക്കുവേണ്ടി ഞാന്‍ അത്‌ കൊണ്ടുവന്നിട്ടുണ്ട്‌".

ആ പറഞ്ഞതൊരു നുണയായിരുന്നു. അപ്പോഴത്തെ അവസ്ഥയില്‍നിന്ന്‌ രക്ഷപെടാന്‍ വേണ്ടി പറഞ്ഞ ഒരു ചെറിയ നുണ. ഷോക്കടിച്ചപോലെ അവളൊന്നു പിടഞ്ഞു. തല താഴ്ത്തി കുറച്ചുനേരം നിശ്ശബ്ദയായി ഇരുന്നു അവള്‍. എന്റെ കൈ അവളുടെ കണ്ണുനീരില്‍ നനയുന്നത്‌ അറിയുന്നുണ്ടായിരുന്നു ഞാന്‍.

"എന്തെങ്കിലും പറയൂ നദിയാ. നിനക്ക്‌ ആ ട്രൌസറുകള്‍ വേണ്ടേ?". അവള്‍ എന്റെ നേര്‍ക്ക്‌ കണ്ണുകളയച്ച്‌ എന്തോ പറയാന്‍ തുടങ്ങിയത്‌ പകുതിക്കുവെച്ച്‌ നിര്‍ത്തി. പിന്നെ, ദൂരെനിന്നെന്നവണ്ണം അവളുടെ ശബ്ദം ഞാന്‍ കേട്ടു.

"അമ്മാമേ"

പുതച്ചിരുന്ന പുതപ്പ്‌ മെല്ലെ മാറ്റി കാലിലേക്ക്‌ അവള്‍ വിരല്‍ ചൂണ്ടി. തുടയുടെ മുകള്‍ഭാഗത്തുവെച്ച്‌ ആ കാലുകള്‍ മുറിച്ചുനീക്കിയിരുന്നു.

എന്റെ മുസ്തഫാ, ആ കാഴ്ച എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല. തുടയുടെ മുകള്‍ഭാഗത്തുനിന്ന്‌ മുറിച്ചു മാറ്റിയ ആ കാലുകള്‍. അവളുടെ മുഖത്ത്‌ അലിഞ്ഞുചേര്‍ന്ന്‌ ഘനീഭവിച്ച ആ സങ്കടവും എനിക്ക്‌ മറക്കാന്‍ പറ്റില്ല ചങ്ങാതീ. അവള്‍ക്കുവേണ്ടി വാങ്ങിയ ആപ്പിള്‍ പൊതി മുറുകെപ്പിടിച്ചുകൊണ്ട്‌ ജ്വരബാധിതനായി, ആശുപത്രിയില്‍ നിന്ന്‌ ഞാന്‍ ഇറങ്ങിയോടി. ചോരയുടെ നിറം കൊണ്ട്‌ സൂര്യന്‍ ഗാസയുടെ തെരുവുകള്‍ നിറക്കുന്നുണ്ടായിരുന്നു. പുതിയ ഗാസയായിരുന്നു മുസ്തഫ അത്‌. നമ്മള്‍ ഒരിക്കലും അതുപോലുള്ള ഒരു കാഴ്ച കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ജീവിച്ചു വളര്‍ന്ന ഷാജിയ പ്രദേശം തുടങ്ങുന്ന ഭാഗത്ത്‌ കുറെ കല്ലുകള്‍ കുന്നുകൂട്ടി ഇട്ടിരുന്നു. അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ വേണ്ടിതന്നെയായിരുന്നു ആ കല്ലുകള്‍ അവിടെ ആ വിധത്തില്‍ കിടന്നിരുന്നത്‌. നമ്മള്‍ ജീവിച്ചുവളരുകയും, ഇവിടുത്തെ നല്ലവരായ ആളുകളുടെകൂടെ പരാജയത്തിന്റെ ഏഴു വര്‍ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്ത ഈ ഗാസ തികച്ചും പുതിയതു പോലെ തോന്നി. ഇതൊരു തുടക്കം മാത്രമാണെന്നും ഉള്ളില്‍ ഒരു തോന്നലുണ്ടായി. എന്തുകൊണ്ടാണ്‌ അങ്ങിനെ തോന്നിയതെന്നൊന്നും എനിക്കറിയില്ല. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ സഞ്ചരിച്ച പ്രധാന നിരത്ത്‌, സഫാദിലേക്കു നീളുന്ന ഒരു നീണ്ട പാതയുടെ ആരംഭം മാത്രമാണെന്ന ഒരു തോന്നല്‍. ഗാസയിലെ എല്ലാം ദു:ഖം കൊണ്ട്‌ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഒരു കരച്ചിലില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്‌ അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. അതിനേക്കാള്‍ കൂടുതലായി, മുറിച്ചു മാറ്റിയ ഒരു കാല്‍ തിരിച്ചു പിടിക്കുന്നതുപോലെയുണ്ടായിരുന്നു.

തീക്ഷ്ണമായ സൂര്യപ്രകാശം നിറഞ്ഞ തെരുവുകളില്‍ ഞാന്‍ അലഞ്ഞു നടന്നു. വീട്ടില്‍ വീണ ബോംബുകളില്‍നിന്ന്‌ തന്റെ താഴെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ നാദിയയുടെ കാല്‍ നഷ്ടപ്പെട്ടതെന്ന്‌ ഞാന്‍ അറിഞ്ഞു. അവള്‍ക്ക്‌ സ്വയം രക്ഷിക്കാമായിരുന്നില്ലേ? ഓടിപ്പോയിരുന്നെങ്കില്‍ അവള്‍ക്ക്‌ കാലുകള്‍ ഒരിക്കലും നഷ്ടപെടില്ലായിരുന്നു. പക്ഷേ അവള്‍ അത്‌ ചെയ്തില്ല.

എന്തുകൊണ്ട്‌?

ഇല്ല സുഹൃത്തേ, ഞാന്‍ ഇനി സാക്രമെന്റോയിലേക്കില്ല. അതില്‍ എനിക്ക്‌ അശേഷം ദു:ഖവുമില്ല. കുട്ടിക്കാലത്ത്‌ ഒരുമിച്ച്‌ നമ്മള്‍ തുടങ്ങിവെച്ച ജീവിതം ഞാന്‍ പൂര്‍ത്തിയാക്കുന്നില്ല. ഗാസയോട്‌ യാത്ര പറഞ്ഞപ്പോള്‍ നിന്റെ ഉള്ളിലുണ്ടായിരുന്ന ആ അവ്യക്തമായ വികാരം വലിയൊരു മുറിവായി നിന്റെയുള്ളില്‍ നീറണം. അത്‌ വളര്‍ന്നു വലുതാവുകയും വേണം. ഈ പരാജയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിനക്ക്‌ സ്വയം കണ്ടെത്താന്‍ കഴിയണമെങ്കില്‍ അതു കൂടിയേ കഴിയൂ..

ഞാന്‍ നിന്റെയടുത്തേക്കില്ല. പക്ഷേ നീ ഞങ്ങളുടെയടുത്തേക്ക്‌ തിരിച്ചു വരണം. തിരിച്ചുവരൂ...നാദിയയുടെ നഷ്ടപ്പെട്ട കാലുകളില്‍നിന്ന്‌, ജീവിതം എന്താണെന്നും, നിലനില്‍പ്പിന്റെ വിലയെന്താണെന്നും മനസ്സിലാക്കാന്‍ ശ്രമിക്കൂ. തിരിച്ചുവരൂ എന്റെ സുഹൃത്തേ..ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌.* UNRWA - United Nations Relief and Works Agency

10 comments:

Rajeeve Chelanat said...

ഗാസയില്‍ നിന്ന് ഒരു കത്ത്

വിശാഖ് ശങ്കര്‍ said...

ഒന്നും പറയാനില്ല...

അവനവനെക്കുറിച്ച്
അപമാനിതനെന്നും, നിസ്സാരനെന്നുമല്ലാതെ..

അനോമണി said...

രാജീവ് മാഷ്,

എന്താണ് പറയേണ്ടത്, വാക്കുകള്‍ ‍കിട്ടുന്നില്ല.

മൂര്‍ത്തി said...

നന്ദി രാജീവ്. എന്ത് പറയാന്‍...

ഓഫ്
നല്ല വിവര്‍ത്തനം.

ബഷീർ said...

>>'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്ഥനാ പ്രകടനങ്ങളുടെ' ലക്ഷ്മണരേഖ മുറിച്ചുകടക്കാനോ, സ്വന്തം ശക്തി തിരിച്ചറിയാനോ കഴിയാതെ ഭീരുത്വം നുണഞ്ഞുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌-അറബ്‌ നാടുകളീലെ സുന്ദരവിഢികളുടെയും മുഖത്തിനുനേരെ ഈ കഥാപാദുകം ഞാന്‍ ഏറിയുന്നു <<

രാജീവ്‌,

ഈ വരികള്‍ എടുത്തെഴുതട്ടെ

ഇപ്പോള്‍ ഇടത്‌ പക്ഷ പാര്‍ട്ടികള്‍ക്ക്‌ പോലും മടുത്തത്‌ പോലെ .. ഈ നരഭോജികള്‍ക്ക്‌ നേരെ പ്രധിശേധിക്കാന്‍.. ഇറാഖില്‍ ചെയ്തത്‌ ഒരു അബദ്ധമായെന്ന് (എന്തെങ്കിലും സുബദ്ധം ചെയ്തിട്ടുണ്ടോ എന്‍ ചോദിയ്ക്കരുത്‌ ) ഇന്ന് ബുഷ്‌ ഡ്രാക്കുള പുലമ്പുന്നു. അന്ന് ദൈവത്തിന്റെ വിളിപ്രകാരമാണു ഇറാഖ്‌ ആക്രമിക്കുന്നതെന്ന് പറഞ്ഞ ബുഷ്‌ ഇപ്പോള്‍ ദൈവത്തിനു വേണ്ടി ഫലസ്തീനിലെ നരനായാട്ടിനെ സപ്പോര്‍ട്ട്‌ ചെയ്യുന്നു. :(

ബഷീർ said...
This comment has been removed by the author.
SunojVarkey said...

കണ്ണ് നനഞ്ഞു പോയി, സത്യം...

ജിപ്പൂസ് said...

പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ വികാരം,
വാക്കുകള്‍ക്കതീതമാണു രാജീവേട്ടാ...
ഇങ്ങനേയും ഒരു ജനത ഈ ലോകത്ത് ജീവിക്കുന്നുണ്ട്.
മുറിവേറ്റ മനസ്സും ശരീരവുമായി.

മുസ്സോളിനിയേയും ഹിറ്റ്ലറേയും ചരിത്രത്തിന്റെ ഭാഗമാക്കിയ ദൈവം ഇസ്രായേലിലെ നരാധമന്മാരുടെ കാര്യത്തിലും എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടാകും അല്ലേ..

Anonymous said...

Even wolves have romance!

പാമരന്‍ said...

ഒന്നും പറയാനില്ല... നന്ദി