Saturday, February 14, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം (3)

ഈ യുക്തിയോടുള്ള പ്രതികരണമെന്ന നിലക്ക്‌ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ആദ്യം സംഭവിക്കുന്നത്‌, മത്സരിക്കുന്ന ശക്തികള്‍, അന്യനാടുകളിലെ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തില്‍ അവരവരുടേതായ പൈതൃക-സാംസ്കാരിക സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ്‌. ജര്‍മ്മനിക്കും, ബെല്‍ജിയത്തിനും അത്തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍വ്വനിശ്ചിതമായ വിധി എന്ന നിലയില്‍ അമേരിക്കക്കും ഉണ്ടായിരുന്നു അത്തരത്തിലൊന്ന്‌. മത്സരത്തെയും സംഘട്ടനത്തെയും സാധൂകരിക്കുന്നത്‌ ഈ സിദ്ധാന്തങ്ങളാണ്‌. കോണ്‍റാഡ്‌ സൂചിപ്പിച്ച പോലെ, ഇതിന്റെ യഥാര്‍ത്ഥമായ ഉദ്ദേശം, അധികാരവും, പിടിച്ചടക്കലും, സമ്പത്ത്‌ കൊള്ളയടിക്കലും, അനിയന്ത്രിതമായ ആത്മാഭിമാനം വളര്‍ത്തിയെടുക്കലുമായിരുന്നു. അവരവരുടെ വംശ-മത-സാംസ്കാരിക-ദേശീയതകള്‍ക്ക്‌ മറ്റുള്ളവരുടേതിനേക്കാള്‍ മഹിമയുണ്ടെന്ന ഈ സ്വത്വബോധ സിദ്ധാന്ത ഘോഷണങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ സാമ്രാജ്യത്വ മത്സരങ്ങളില്‍നിന്നായിരുന്നു എന്നുകൂടി പറഞ്ഞാലും തരക്കേടില്ല. “പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ലോകങ്ങള്‍" എന്ന ഹണ്ടിംഗ്‌ടണ്‍ ആശയത്തിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌. എച്ച്‌.ജി.വെത്സിന്റെ The War of the Worlds എന്ന പുസ്തകത്തിലാണ്‌, ഒരു പക്ഷേ ഈ ആശയത്തിന്റെ ഏറ്റവും ഭയാനകമായ ഭാവിപ്രയോഗം കാണാവുന്നത്‌. നമ്മുടെ ഈ ലോകവും, മറ്റൊരു വിദൂരഗ്രഹവുമായിട്ടുള്ള യുദ്ധമാണ്‌ അതിന്റെ ഇതിവൃത്തമെന്ന്‌ ഓര്‍ക്കുക. ഓരോ 'ലോക'വും സ്വയം ഉള്‍ക്കൊള്ളുന്നതാണെന്നും, അവക്ക്‌ വ്യക്തമായ അതിര്‍ത്തികളും പ്രദേശങ്ങളുമുണ്ടെന്ന ഇതര ശാസ്ത്രങ്ങളിലെ (ദേശീയസമ്പദ്‌വ്യവസ്ഥ, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം എന്നിവയിലെ) സിദ്ധാന്തത്തെ, അതേ മട്ടില്‍, ലോകഭൂപടത്തിനും സംസ്ക്കാരങ്ങളുടെ ഘടനക്കും ബാധകമാക്കിക്കൊണ്ട്‌, ഓരോ വംശത്തിനും സവിശേഷമായ വിധിയും, മനശ്ശാസ്ത്രവും, മൂല്യബോധവും ഉണ്ടെന്ന്‌ സങ്കല്‍പ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ലോകങ്ങള്‍ തമ്മിലുള്ള സ്വാരസ്യത്തിലല്ല, അവ തമ്മിലുള്ള സംഘട്ടനത്തിലും ഏറ്റുമുട്ടലിലുമാണ്‌, ഏറെക്കുറെ ഈ സിദ്ധാന്തങ്ങളെല്ലാം തന്നെ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്‌. ഇതിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിരിക്കുന്ന കൃതികളും നിരവധിയാണ്‌.

രണ്ടാമതായി സംഭവിക്കുന്നത്‌, നിസ്സാരന്മാരായ ആളുകളുടെ (ഈ സിദ്ധാന്തത്തോടുള്ള)പ്രതികരണമെന്ന നിലക്കുള്ള ചെറുത്തുനില്‍പ്പാണ്‌. ഹണ്ടിംഗ്‌ടണ്‍ ഇത്‌ സമ്മതിക്കുന്നുമുണ്ട്‌. എന്നാണോ പാശ്ചാത്യര്‍ ആദ്യമായി അള്‍ജീരിയയിലും കിഴക്കന്‍ ആഫ്രിക്കയിലും മറ്റു പ്രദേശങ്ങളിലും കാലുകുത്തിയത്‌. അന്നുമുതല്‍ക്കുതന്നെ, അന്നാടുകളിലെ പ്രാഥമികമായ ചെറുത്തുനില്‍പ്പുകളും തുടങ്ങി എന്ന്‌ ഇന്ന്‌ നമുക്കറിയാം. ഈ പ്രാഥമികമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ പകരം പിന്നീടു വന്നത്‌ രണ്ടാം ഘട്ടമായ മറ്റൊരു ചെറുത്തുനില്‍പ്പായിരുന്നു. സാമ്രാജ്യത്വത്തില്‍നിന്ന്‌ വിടുതലും സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രസ്ഥാനങ്ങളുടെ സംഘാടനത്തിലൂടെയാണ്‌ ആ രണ്ടാമത്തെ ചെറുത്തുനില്‍പ്പ്‌ സാധ്യമായത്‌. യൂറോപ്പിയന്‍-അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ സാംസ്ക്കാരികമായ സ്വയം ന്യായീകരണത്തിന്റെ പ്രഘോഷണങ്ങള്‍ മുഴക്കാന്‍ തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തത്തില്‍ത്തന്നെ, അതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ തത്തുല്ല്യമായ മറ്റൊരു പ്രഘോഷണവും ഉയര്‍ന്നുകേട്ടു. ആഫ്രിക്കയിലെയും ഏഷയിലെയും അറബ്‌നാടുകളിലെയും കോളണികളിലെ ജനങ്ങള്‍ താന്താങ്ങളുടെ ഐക്യത്തിനും, സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനും വേണ്ടി ഉയര്‍ത്തിയ ആരവമായിരുന്നു അത്‌. ഉദാഹരണത്തിന്‌, ഇന്ത്യയില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി 1880-ല്‍ സംഘടിക്കപ്പെടുകയും ഇന്ത്യന്‍ ഭാഷകളെയും വ്യവസായങ്ങളെയും, വ്യാപാരത്തെയും പിന്തുണക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയമായ സ്വാതന്ത്ര്യം ലബ്ധമാകൂ എന്ന്‌ ഇന്ത്യയിലെ ഉപരിവര്‍ഗ്ഗത്തിനെ ആ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം നമ്മുടേതാണ്‌, നമ്മുടെ മാത്രം; 'അവര്‍'ക്കെതിരായി 'നമ്മുടെ' ലോകത്തെ ('അവര്‍', നമ്മള്‍' എന്ന ആ കല്‍പ്പന ശ്രദ്ധിക്കുക) പിന്തുണക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ ചുവടുറപ്പിക്കാന്‍ കഴിയൂ എന്ന നിലക്ക്‌ പോകുന്നു ആ വാദങ്ങള്‍. ആധുനിക ജപ്പാന്റെ മെയ്‌ദി കാലഘട്ടത്തിലും സമാനമായ ഈ യുക്തി പ്രവര്‍ത്തിക്കുന്നത്‌ കാണാം. എല്ലാ ദേശീയതയുടെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഹൃദയത്തിനകത്ത്‌ ഈയൊരു താദാത്മ്യപ്പെടല്‍ ദര്‍ശിക്കാനാവും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പരമ്പരാഗത സാമ്രാജ്യങ്ങളുടെ നുകത്തിനു കീഴില്‍നിന്ന്‌ കുതറിമാറാനും, സ്വാതന്ത്ര്യം കൈവരിക്കാനും നിരവധി രാജ്യങ്ങളെ ഇത്‌ പ്രാപ്തമാക്കി. ഇന്ത്യ, ഇന്‍ഡോനേഷ്യ, അറബ്‌ രാജ്യങ്ങള്‍, അള്‍ജീരിയ, കെനിയ തുടങ്ങി പല രാജ്യങ്ങളും സ്വതന്ത്രമായി. ഈ രാജ്യങ്ങളെല്ലാം ലോകഭൂപടത്തിലേക്ക്‌ വന്നത്‌ ചിലപ്പോള്‍ ശാന്തമായും, ചിലപ്പോള്‍ (ജപ്പാന്റെ കാര്യത്തിലെന്നപോലെ) ആഭ്യന്തര സംഭവങ്ങളുടെ വികാസഫലമായും, ഇനിയും മറ്റു ചിലപ്പോള്‍ ആഭാസകരമായ കൊളോണിയല്‍ യുദ്ധത്തിന്റെയും, ദേശീയവിമോചനത്തിന്റെയുമൊക്കെ ഫലമായിട്ടായിരുന്നു.

അതിനാല്‍, കോളണി, ഉത്തര-കോളണികാലഘട്ടങ്ങളുടെ പശ്ചാത്തലത്തെ നോക്കുമ്പോള്‍, പൊതുവായതും സവിശേഷവുമായ സംസ്ക്കാരത്തെക്കുറിച്ചുള്ള വാഗ്ദ്ധോരണികള്‍ രണ്ടു ദിശകളിലേക്ക്‌ നീങ്ങുന്നത്‌ നമ്മള്‍ കാണുന്നു. എല്ലാ ആളുകളെയും സമന്വയിപ്പിക്കുകയും അവര്‍ക്കിടയില്‍ സമാധാനം നിലനില്‍ക്കുന്നുവെന്ന്‌ തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ഉട്ടോപ്പ്യന്‍ സങ്കല്‍പ്പവും, എല്ലാ സംസ്ക്കാരവും വിഭിന്നവും പരസ്പരം അസൂയ നിറഞ്ഞതുമാണെന്നും, ഏകശിലാരൂപവുമാണെന്നും തന്‍മൂലം അവ മറ്റുള്ളവയെ നിരാകരിക്കുകയും അവയുമായി യുദ്ധം ചെയ്യുന്നതുമാണെന്ന മറ്റൊരു സങ്കല്‍പ്പവും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവില്‍ വന്ന ഐക്യരാഷ്ട്രസഭയുടെ ഭാഷയും സ്ഥാപനങ്ങളും ആദ്യത്തെ മാര്‍ഗ്ഗത്തിലുള്ളവയായിരുന്നു. മാത്രമല്ല സമന്വയത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും, പരമാധികാര സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു ലോകസര്‍ക്കാര്‍ സ്ഥാപിക്കാന്‍ വേണ്ടി ഐക്യരാഷ്ട്രസഭയില്‍നിന്ന്‌ ഉരുത്തിരിഞ്ഞ അതിന്റെ മറ്റു സ്ഥാപനങ്ങളും ആ മാര്‍ഗ്ഗത്തിലുള്ളവതന്നെയായിരുന്നു. എന്നാല്‍, ശീതയുദ്ധത്തിന്റെ സിദ്ധാന്തവും പ്രയോഗവും, വിശേഷിച്ചും, സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ആശയം, രണ്ടാമത്തെ സങ്കല്‍പ്പത്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുനു. സംസ്കാരങ്ങളുടെ സംഘട്ടനമെന്നത്‌ അടിയന്തിരാവശ്യമല്ലെങ്കില്‍ക്കൂടി വിവിധ ഭാഗങ്ങളുള്ള ഒരു ലോകത്ത്‌ അത്‌ അനിവാര്യമാണെന്നായിരുന്നു ഈ രണ്ടാമത്തെ മാര്‍ഗ്ഗം മുന്നോട്ട്‌ വെച്ച പ്രധാനപ്പെട്ട ആശയം. അതിന്റെ വീക്ഷണത്തില്‍, എല്ലാ സംസ്കാരങ്ങളും മറ്റുള്ളവയില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്നു. പാശ്ചാത്യവുമായി ഒരിക്കലും യോജിച്ചുപോകാത്ത ഒന്നാണ്‌ ഇസ്ലാം എന്ന മട്ടിലുള്ള വിതര്‍ക്കങ്ങളും അവയെ പിന്തുടരുന്ന പ്രസ്ഥാനങ്ങളും ഇസ്ലാമില്‍ പുനരുജ്ജീവിച്ചുവരുന്നുണ്ട്‌. ഞാനത്‌ നിഷേധിക്കുന്നില്ല. എങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും, യൂറോപ്പിലുമെല്ലാം ഇതേ മട്ടിലുള്ള പ്രസ്ഥാനങ്ങളുണ്ട്‌ എന്നതും കാണാതിരുന്നുകൂടാ. ദക്ഷിണാഫ്രിക്കയില്‍ നിലവിലിരുന്നിരുന്ന വര്‍ണ്ണവിവേചനവും, മറ്റുള്ളവയുമായി ഒരു ബന്ധവുമില്ലാത്തതെന്ന മട്ടില്‍ പ്രസ്ഥാനവത്ക്കരിക്കപ്പെടുന്ന ആഫ്രിക്കന്‍, പാശ്ചാത്യ സംസ്കരങ്ങളുമൊക്കെ, ഇസ്ലാമിന്റെ അതേ രീതി തന്നെയാണ്‌ അനുവര്‍ത്തിക്കുന്നത്‌.

സംസ്ക്കാരങ്ങളുടെ സംഘട്ടനം എന്ന ആശയത്തിന്റെ ഭാഷ അധികാരത്തിന്റെ പരിഗണനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ ചെയ്യുന്നതിനെ ന്യായീകരിക്കാനും തങ്ങളുടെ കൈയ്യിലുള്ളതിനെ സംരക്ഷിക്കാനും വേണ്ടിയാണ്‌ കയ്യൂക്കുള്ളവര്‍ ഇതിനെ ഉപയോഗിക്കുന്നതെങ്കില്‍, അശക്തര്‍ ഇതിനെ ഉപയോഗിക്കുന്നത്‌, തുല്ല്യതയും സ്വാതന്ത്ര്യവും നേടാനുള്ള ആയുധമെന്ന നിലക്കാണ്‌. അതല്ലെങ്കില്‍, താരതമ്യേന മെച്ചപ്പെട്ട പരിഗണനകള്‍ നേടിയെടുക്കാന്‍ വേണ്ടി. 'നമ്മള്‍', 'അവര്‍' എന്ന ദ്വന്ദ്വത്തിന്റെ ചുറ്റും ആശയസംഹിതയുടെ ഒരു ചട്ടക്കൂട്‌ നിര്‍മ്മിച്ചെടുക്കുന്നതിന്റെ ഉദ്ദേശ്യം, അനുഭവജ്ഞാനമാണ്‌ സ്വാഭാവികവും പ്രാഥമിക പരിഗണന അര്‍ഹിക്കുന്നത്‌ എന്ന് ഭാവിക്കാന്‍ വേണ്ടിയാണ്‌. അതായത്‌, നമ്മുടെ സംസ്ക്കാരം പരിചിതവും സ്വീകാര്യവുമാണ്‌, അവരുടേത്‌ വിചിത്രവും അപരിചിതവുമാണ്‌ എന്ന അനുഭവജ്ഞാനത്തിന്റെ നിര്‍മ്മിതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഈ ചട്ടക്കൂട്‌ തികച്ചും ഒരു കപടനിര്‍മ്മിതിയും, യുദ്ധോത്സുകവും, സാഹചര്യത്തിനനുസരിച്ച്‌ മാറുന്നതുമായ കേവലമായ ഒന്നാണ്‌. ഓരോ സാംസ്കാരിക ഗ്രൂപ്പുകള്‍ക്കും അവരവരുടേതായ ഔദ്യോഗിക വക്താക്കളുമുണ്ട്‌. അവരാണ്‌ ഈ 'നമ്മള്‍', 'അവര്‍' എന്നിവ സൃഷ്ടിക്കുന്നത്‌. ഇതിന്‌, അതിശയോക്തിയും, ന്യൂനോക്തിയും, അമര്‍ത്തിവെക്കലും എല്ലാം അവര്‍ തരം‌പോലെ ഉപയോഗിക്കുന്നു. അതുകൊണ്ട്‌, പ്രാഥമിക തലത്തില്‍ തന്നെ, നമ്മുടെ പൈതൃകവും സംസ്ക്കാരവും എന്താണ്‌, അഥവാ, എന്തായിരിക്കണം എന്ന ചോദ്യം വ്യാഖ്യാനങ്ങളുടെ കിടമത്സരത്തെ അനിവാര്യമാക്കുന്നുണ്ട്‌. പാശ്ചാത്യസംസ്ക്കാരത്തിന്റെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റി അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കോലാഹലങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഹണ്ടിംഗ്‌ടണ്‍ തന്റെ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. പാശ്ചാത്യ സംസ്ക്കാരത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്തൊക്കെയായിരിക്കണം, ഏതൊക്കെ പുസ്തകങ്ങളാണ്‌ വായിക്കപ്പെടേണ്ടതും പഠിക്കപ്പെടേണ്ടതും എന്നൊക്കെയുള്ള ചര്‍ച്ചകള്‍ കുറച്ചു ദശകങ്ങളായി അമേരിക്കന്‍ ക്യാമ്പസ്സുകളില്‍ നടന്നുവരുന്നുവെന്ന് നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌. കേവലമായ അക്കാദമിക തത്‌പര്യങ്ങള്‍ കൊണ്ടുമാത്രമല്ല, പാശ്ചാത്യ സംസ്ക്കാരത്തിന്റെയും അമേരിക്കയുടെയും വ്യാഖ്യാനങ്ങള്‍ അപകടത്തിലാവുന്നു എന്ന തോന്നല്‍ ബലപ്പെട്ടതുംകൊണ്ടുകൂടിയാണ്‌ സ്റ്റാന്‍ഫോര്‍ഡിലും കൊളംബിയയിലും ഈ വിഷയം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെട്ടത്‌.

(തുടരും)

5 comments:

Rajeeve Chelanat said...

പാശ്ചാത്യസംസ്ക്കാരത്തിന്റെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റി അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കോലാഹലങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഹണ്ടിംഗ്‌ടണ്‍ തന്റെ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. - വ്യാഖ്യാനങ്ങളുടെ സംഘട്ടനം (മൂന്നാം ഭാഗം)

വികടശിരോമണി said...

എല്ലാം വായിക്കുന്നുണ്ട്,രാജീവ്ജീ...

Anonymous said...

സ്വയം അടയാളപ്പെടുത്തുന്ന ബ്ലോഗ്‌ പോസ്റ്റുകളിൽ ഒന്ന്.......മൂർച്ചയുള്ള ശൈലി........

chithrakaran ചിത്രകാരന്‍ said...

രാജീവ് ചേലനാട്ടിന്റെ ഗഹനമായ
നിരീക്ഷണങ്ങള്‍ സ്നേഹപൂര്‍വ്വം വായിച്ചു.
കൂടുതല്‍ പറയാന്‍ വിവരമില്ല.
സംസ്കാരങ്ങളുടെ
സംഘര്‍ഷത്തെക്കുറിച്ചു പറയുംബോള്‍
വ്യാഖ്യാതാവിന്റെ രാഷ്ട്രീയത്തിനാണ്
പ്രാമുഖ്യം എന്നൊക്കെയാണ് ...
തലയില്‍ കയറിയത്.
ഒന്നുകൂടി വായിച്ചുനോക്കാം :)

Rajeeve Chelanat said...

ചിത്രകാരാ,
എഡ്വേഡ് സയ്‌ദിന്റെ നിരീക്ഷണങ്ങളാണ് ചിത്രകാരാ, ഇത്. എന്റേതല്ല. പരിഭാഷ ചെയ്യാനുള്ള ഒരു പരിശ്രമം നടത്തിനോക്കുന്നു. അത്ര മാത്രം. ഗഹനമായ വിഷയവും അവതരണശൈലിയുമാണ് സയ്‌ദിന്റേത്. വായനക്കും മനസ്സിലാക്കലിനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി, പരമാവധി ലഘൂകരിച്ചാണ് ഭാഷാന്തരം ചെയ്യുന്നത്.

അഭിവാദ്യങ്ങളോടെ