Monday, October 5, 2009

ചുവന്ന മണ്ണ്

ലൈംഗിക തൊഴിലാളികളെ മറ്റെന്തെങ്കിലും പേര്‍ വിളിക്കുന്നതില്‍ രാഷ്ട്രീയമായി തെറ്റില്ലാതിരുന്ന പണ്ടു കാലത്ത്‌, എത്രമാത്രം ഭ്രഷ്ടരും മുദ്രകുത്തപ്പെട്ടവരുമായിരുന്നെങ്കിലും, അവരുടെ അനുഗ്രഹമില്ലാതെ ദുര്‍ഗ്ഗയെ പൂജിക്കുന്നത്‌ അമംഗളമായി കരുതപ്പെട്ടിരുന്നു. അങ്ങിനെയാണത്രെ, കൊല്‍ക്കത്തയുടെ പൂജാമണ്ഡപങ്ങളിലെ ദുര്‍ഗ്ഗാരൂപങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആ ‘നിഷിദ്ധ ഗല്ലി‘കളില്‍നിന്ന്‌, ഒരു പിടി മണ്ണെടുത്ത്‌, ചളിയില്‍ കുഴക്കണമെന്ന, അത്രയൊന്നും പുറമേക്ക് അറിയപ്പെടാത്ത ആ പഴയ ആചാരം തുടങ്ങിയത്.


"ഗംഗയുടെ തീരത്തെ മണ്ണും, ഗോമൂത്രവും, ചാണകവുമടങ്ങുന്ന ആ പുണ്യമിശ്രിതത്തിലെ മറ്റൊരു സുപ്രധാന ഘടകമാണ്‌ അവിടുത്തെ ആ ഒരു പിടി മണ്ണ്‌.", 300 വര്‍ഷമായി ദുര്‍ഗ്ഗാവിഗ്രഹങ്ങളുണ്ടാക്കുന്ന കുമാര്‍തുളി എന്ന സ്ഥലത്തെ പ്രതിമാനിര്‍മ്മാതാവായ രമേഷ്‌ ചന്ദ്ര പൈ പറയുന്നു. "ദുര്‍ഗ്ഗാപൂജയിലെ ഒരു പ്രധാന ചടങ്ങാണത്‌". ഹരു ഭട്ടാചാര്യ എന്ന പൂജാരിയും സമ്മതിക്കുന്നു. 30 വയസ്സുള്ള പുത്തന്‍ തലമുറക്കാരനായ ഹരു നേരിട്ടാണ്‌ സോനാഗാച്ചിയിലെ ആ തെരുവുകളിലേക്ക്‌ പോകാറുള്ളത്‌. നല്ല ദിവസമൊക്കെ ഗണിച്ച്‌, ദുര്‍ഗ്ഗാപൂജ തുടങ്ങുന്നതിന്‌ ഒരു മാസം മുന്‍പു തന്നെ.


വേശ്യകളുടെ വീട്ടുവാതില്‍പ്പടിക്കലെ ആ പവിത്രമായ മണ്ണ്‌' എടുക്കുന്നതിനാണ്‌ ആ പോക്ക്‌. പവിത്രമായ ചടങ്ങാണത്‌. അതിരാവിലെ ഗംഗാസ്നാനം ചെയ്ത്‌, മന്ത്രങ്ങളും വേദസൂക്തങ്ങളും ഉരുവിട്ടാണ്‌ ഈ മണ്ണെടുപ്പ്‌. "വേശ്യകളില്‍നിന്ന്‌ ഭിക്ഷയായി മണ്ണ്‌ മേടിക്കുന്ന രീതിയാണ്‌ ഏറ്റവും മംഗളം. എന്നാല്‍, പൂജാരി സ്വയം മണ്ണ്‌ എടുക്കുകയാണെങ്കില്‍, അതിന്‌ കൃത്യമായ ചില രീതികളൊക്കെയുണ്ട്‌. ഏതു മന്ത്രമാണ്‌ ചൊല്ലേണ്ടത്‌, വിരലുകള്‍ ഏതു യോഗമുദ്രയില്‍ പിടിക്കണം എന്നൊക്കെ അറിയണം".


പക്ഷേ ഈ വര്‍ഷം ആ പരിശുദ്ധ ആചാരമൊക്കെ പൊളിഞ്ഞു. തങ്ങളുടെ വീട്ടുപടിക്കല്‍ നിന്ന്‌ മണ്ണെടുക്കാന്‍ ചെന്ന പൂജാരിമാര്‍ക്കും കുശവന്‍മാര്‍ക്കും ആ സ്ത്രീകളില്‍നിന്ന്‌ കടുത്ത എതിര്‍പ്പാണ്‌ നേരിടേണ്ടിവന്നത്‌. "ഒരു തരി മണ്ണുപോലും എടുക്കാന്‍ പാടില്ലെന്നു പറഞ്ഞ്‌ അവര്‍ ബഹളം കൂട്ടി" രമേഷ്‌ ചന്ദ്ര പൈ പറഞ്ഞു. "അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എനിക്ക്‌ മണ്ണ്‌ മോഷ്ടിക്കേണ്ടി വന്നു" പേരു വെളിപ്പെടുത്താത്ത ഒരു പൂജാരി സമ്മതിച്ചു. ആ മണ്ണ്‌ കിട്ടാതെ ചടങ്ങ്‌ നടത്താന്‍ കഴിയില്ല എന്നതുകൊണ്ട്‌, കാര്യസാധ്യത്തിനു വന്നവരെപ്പോലെ അഭിനയിക്കുകപോലും ചെയ്യേണ്ടിവന്നു" മറ്റൊരാള്‍ ലജ്ജയോടെ സമ്മതിച്ചു. എല്ലാവര്‍ക്കും ആ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്‌, ഇത്തവണ ഒഴുക്കിക്കളഞ്ഞ പല ദുര്‍ഗ്ഗാപ്രതിമകളിലും ആ 'അത്യാവശ്യ ചേരുവ' ഉണ്ടായിരുന്നില്ല.


എന്തുകൊണ്ടാണ്‌ ഈ ലൈംഗിക തൊഴിലാളികള്‍ ഇത്ര പെട്ടെന്ന്‌ ഇത്ര പുരാതനമായ ആചാരത്തിനെതിരെ രംഗത്തുവന്നത്‌ എന്നതാണ്‌ പ്രധാനപ്പെട്ട ചോദ്യം. സോനാഗാച്ചിയിലെ സ്ത്രീകള്‍ക്ക്‌ അതിനുത്തരമുണ്ട്‌."ഈ കൊട്ടിഘോഷിക്കുന്ന പരിശുദ്ധകര്‍മ്മമൊക്കെ വെറും അസംബന്ധമാണെന്ന്‌ ഞങ്ങള്‍ ക്രമേണം മനസ്സിലാക്കി", സോനാഗാച്ചിക്കകത്ത്‌ സ്വന്തമായി കച്ചവടം നടത്തുന്ന 55 വയസ്സുള്ള പഴയ ലൈംഗികതൊഴിലാളിയായ ഷീല ബോസ്‌ ഞങ്ങളോട്‌ തുറന്നടിച്ചു. "പണ്ടൊക്കെ പൂജാരിമാര്‍ വന്ന്‌ ഞങ്ങളുടെ വീട്ടുപടിക്കലെ മണ്ണു ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ അഭിമാനം തോന്നിയിരുന്നു. ഞങ്ങളുടെ മണ്ണ്‌ കൊടുത്തില്ലെങ്കില്‍ ദേവി കോപിക്കുമെന്നൊക്കെ അവര്‍ തട്ടിമൂളിക്കാറുണ്ടായിരുന്നു. എങ്കിലും ഇതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് മെച്ചമെന്ന്‌ പിന്നെപ്പിന്നെ ഞങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അവര്‍ക്ക്‌ ഞങ്ങള്‍ ദേവിമാരാണ്‌. ബാക്കിയുള്ള ദിവസങ്ങളില്‍ വേശ്യകളും“.


പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിലെ കൊതുകുനിറഞ്ഞ തന്റെ ഇരുമുറി വീടിന്റെ ഇറയത്തുനിന്നാണ് ഷീല ഞങ്ങളോട്‌ സംസാരിച്ചിരുന്നത്‌. "ഞങ്ങള്‍ എങ്ങിനെയാണ്‌ ജീവിക്കുന്നത്‌ എന്ന്‌ വന്നു കാണൂ" കെട്ടിടത്തിനു ചുറ്റും നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഓടകളില്‍ കൊതുകുകളുടെ ബഹളം. "ഞങ്ങളെ കൊതുകുകളെപ്പോലെയാണ്‌ ഇവര്‍ കണക്കാക്കുന്നത്‌. വൃത്തികെട്ട, അനാവശ്യ കൊതുകുകള്‍. പിന്നെ ഞങ്ങളെന്തിനാണ് തിരിച്ചൊന്നും കിട്ടാതെ, കൊടുക്കുക മാത്രം ചെയ്തുകൊണ്ടിരിക്കുന്നത്?


"ഞങ്ങള്‍ക്ക്‌ ചില ആവശ്യങ്ങളുണ്ട്‌. ഞങ്ങളെ ക്രിമിനലുകളെപ്പോലെ കാണാതിരിക്കുക. ഞങ്ങള്‍ ഇവിടെയെത്തിയത്‌ സന്തം ഇഷ്ടപ്രകാരമൊന്നുമല്ല. നിവൃത്തികേടുകൊണ്ടാണ്‌. പട്ടിണിതന്നെയാണ്‌ ഞങ്ങള്‍ ഇവിടെ എത്താനുള്ള ഒരു പ്രധാന കാരണം. സമൂഹം ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തുതരട്ടെ. എന്നിട്ടാകാം ഇവിടെനിന്ന്‌ മണ്ണെടുക്കല്‍". അനാമിക എന്ന വ്യാജപ്പേരുള്ള ഒരു മുപ്പതുവയസ്സുകാരി പറയുന്നു.


സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ തങ്ങളും ഭക്തിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന്‌ തെളിയിക്കാനായി അവള്‍ ഞങ്ങളെ വീടിനകത്തേക്കു കൊണ്ടുപോയി. അവിടെ മുറികളിലെ ചുമരുകളില്‍, ദേവന്‍മാരും, ദേവിമാരും, ആത്മീയനേതാക്കന്‍മാരുമൊക്കെ ചിത്രങ്ങളിലും, പോസ്റ്ററുകളിലും, പെയിന്റിംഗുകളിലുമായി നിറഞ്ഞുനിന്നിരുന്നു. "ഇവിടെ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും, ബുദ്ധമതക്കാരുമൊക്കെ നല്ല സ്നേഹത്തിലാണ് കഴിയുന്നത്" അനാമിക അഭിമാനത്തോടെ പറഞ്ഞു.


അവര്‍ പറഞ്ഞതിലും കാര്യമുണ്ട്‌. എല്ലാ മതക്കാരും ഒരുമിച്ച്‌ വാഴുന്ന മണ്ണ്‌ എന്നതായിരിക്കണം ആ മണ്ണിന്റെ പരിശുദ്ധിക്കു പിന്നിലെ രഹസ്യം.


ലൈംഗിക തൊഴിലാളികളുടെ ഈ 'നിസ്സഹകരണം' സോനാഗാച്ചിയില്‍ നിന്ന്‌ വാമൊഴിയായി, കല്‍ക്കത്തയിലെ മറ്റു ചുവന്ന തെരുവുകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കത്തയിലെ ധാരാളം വേശ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന കാളിഘട്ടിലെ പൂജാരി നേപ്പാള്‍ ഭട്ടാചാര്യ പറയുന്നത്‌ ഇപ്പോള്‍ ആ മണ്ണ്‌ കിട്ടാന്‍ അസാധ്യമായിരിക്കുന്നു എന്നാണ്‌. ബലം പ്രയോഗിച്ച്‌ മണ്ണെടുക്കാന്‍ തങ്ങള്‍ക്ക്‌ സാധിക്കുമെന്നും എന്നാല്‍ അതിനു മിനക്കെടാന്‍ വയ്യെന്നും തുറന്നു സമ്മതിക്കുന്നുണ്ട്‌ പൂജാരിമാരും കുശവന്‍മാരും. എന്നാല്‍, ഇതില്‍നിന്ന്‌ ലാഭം കൊയ്യുന്നത്‌ കച്ചവടക്കാരാണ്‌. പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ ഇപ്പോള്‍, ഒരു നുള്ളു മണ്ണിനു 2 രൂപ മുതല്‍, ഒരു സഞ്ചിക്ക്‌ 20 രൂപവരെയാണ്‌ നിരക്ക്‌.


എന്നാല്‍, ദു:ഖകരമെന്നു പറയട്ടെ, ഈ ലൈംഗികതൊഴിലാളികളുടെ പ്രശ്നം കേള്‍ക്കാനോ, അതു പരിഹരിക്കാനോ മാത്രം, ആര്‍ക്കും തീരെ സമയമില്ല.
കടപ്പാ‍ട്: “ഔട്ട്‌ലുക്ക്’ മാസികയിലെ Annals of Earth എന്ന ലേഖനത്തിന്റെ പരിഭാഷ.

11 comments:

Rajeeve Chelanat said...

ചുവന്ന മണ്ണ് - “ഔട്ട്‌ലുക്ക്’-ലെ ഒരു ലേഖനത്തിന്റെ പരിഭാഷ

Anonymous said...

ഉണ്ടല്ലോ. രജീവ് ചേലനാട്ടും ചില ഔറ്റ്ലൂക് ഥൊഴിലാളികളുമുണ്ടല്ലോ അവരുടെ പ്രശ്നം പരിഹരിക്കാൻ. ഔട്ല് ലുക് തൊഴിലാളിക്ക് ഒരു കാചിങ് ആർട്ടിക്ല് എഴുതി പണമുണ്ടാക്കുക മാത്രമായിരിക്കാം ലക്ഷ്യം.രാജീവ് ചേൽനാട്ടിനു അങ്ങനെയല്ലല്ലോ?
പിന്നെ.. ലോകത്ത് എവിടെയൊക്കെ കൊതുകളും നാറുന്ന ഓടകളും ദാരിദ്ര്യവും അസുഖവും ഉണ്ട്?ദീനരും സഹതാപമർഹിക്കുന്നവരും ഉണ്ട്? എന്തേ ഇവരുടെ കാര്യത്തിൽ ഒരതിശ്രദ്ധ? ആ അലക്കുകാരന്റെ കഥ ഓർമവന്നു.

പാമരന്‍ said...

അവര്‍ പറഞ്ഞതിലും കാര്യമുണ്ട്‌. എല്ലാ മതക്കാരും ഒരുമിച്ച്‌ വാഴുന്ന മണ്ണ്‌ എന്നതായിരിക്കണം ആ മണ്ണിന്റെ പരിശുദ്ധിക്കു പിന്നിലെ രഹസ്യം.

ത്രിശ്ശൂക്കാരന്‍ said...

പ്രിയ സുഹൃത്ത് അനോണീ,
ഇതു പോലുള്ള ലേഖനങ്ങള്‍ കണ്ണുതുറപ്പിയ്ക്കും. കാഞ്ചീവരം കണ്ട ഒരു മൂപ്പില്‍ പറയുന്നതാണെന്ന് കരുതണ്ട.സംഘടനാശേഷി ഏത് സംവിധാനത്തേയും അട്ടിമറിയ്ക്കും. ഔട്ട്ലുക്ക് ലേഖകന് ലക്ഷ്യങ്ങളെന്തായാലും ഈ പ്രശ്നത്തില്‍ അയാളുടെ ലേഖനം വളരെയധികം ജനശ്രദ്ധ ആകര്‍ഷിയ്ക്കുമെന്ന് തീര്‍ച്ച.

പിന്നെ ഇവരുടെ കാര്യത്തിലെ അതിശ്രദ്ധ, അങ്ങിനെയൊന്നില്ല ഭായി. എന്നും പത്രം വായിയ്ക്കണം അപ്പോള്‍ മനസ്സിലാകും.
ചേലനാട്ടിന് അഭിവാദ്യങ്ങള്‍

ശ്രീവല്ലഭന്‍. said...

ഇപ്പോഴാണ് കണ്ടത്. പത്തു വര്ഷം മുന്‍പ് കണ്ട സോനഗാച്ചിയും കാളിഘട്ടുമെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. നന്ദി.

ramachandran said...

പ്രസക്തം, കാലികം
അഭിവാദ്യങ്ങള്‍

jayanEvoor said...

ഔ ട്ട് ലുക്ക്‌ ഞാന്‍ വായിച്ചില്ല...
എല്ലാ വിഷയങ്ങല്‍ക്കുമെന്നപോലെ പോലെ ഇതിനും ഇരുപുറം ഉണ്ടാവും...

വേശ്യകളെ സംബന്ധിച്ചിടത്തോളം 'രാത്രിയില്‍ അവരെ എല്ലാര്‍ക്കും വേണം, പകല്‍ വെളിച്ചത്തില്‍ വേണ്ട' എന്ന പകല്മാന്യന്മാരുടെ നിലപാടിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ കിട്ടിയ അവസരം അവര്‍ വിനിയോഗിച്ച്ച്ചു....

അതിലെന്താണ് തെറ്റ്?

said...

ആചാരങ്ങളുടെ പേരില്‍ ദരിദ്ര പെണ്‍കുട്ടികളെ ദേവദാസികളാക്കി അനുഭവിച്ചിരുന്ന സംസ്ക്കാരമാണ് ആര്‍ഷഭാരതത്തിന്‌... പ്രഭാതത്തില്‍ കണി കാണുന്നതിനും, ശകുനം വരുന്നതിനും, ആര്യ ദ്രാവിഡ ഭേദമെന്യ അവരെ ഉപയോഗിചിരുന്നതു, കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന പ്രമാണത്തെ അവലംബിച്ചാകാം...!!?

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പൊള്ളത്തരങ്ങളിലേക്ക് കൈചൂണ്ടുന്ന ലേഖനം, അഭിനന്ദനങ്ങള്‍... !!

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://rajeevechelanat.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

chithrakaran:ചിത്രകാരന്‍ said...

“എല്ലാ മതക്കാരും ഒരുമിച്ച്‌ വാഴുന്ന മണ്ണ്‌ എന്നതായിരിക്കണം ആ മണ്ണിന്റെ പരിശുദ്ധിക്കു പിന്നിലെ രഹസ്യം.”


ഹഹഹഹഹഹഹ.................
ഇതൊന്നുമല്ല സത്യം !!!
പല മതക്കാര്‍ താമസിക്കുന്നതുകൊണ്ട് മണ്ണ് നന്നാകുമെങ്കില്‍ കേരളത്തിലെ മണ്ണൊക്കെ പുണ്യം ചെയ്ത മണ്ണല്ലേ ! സംഗതി അതൊന്നുമല്ല കാര്യം.

മനുഷ്യര്‍ നഗ്നരായാല്‍ അവിടെ പിന്നെ ജാതിക്കും, മതത്തിനും,ദേശത്തിനും,ഭാഷക്കുമൊന്നും പ്രസക്തിയില്ല.
എല്ലാവരും വെറും മനുഷ്യര്‍ മാത്രം.മഹനീയരായ മനുഷ്യര്‍ !!!
നമ്മുടെ പൊങ്ങച്ച വേഷങ്ങളാണ് നമ്മേ മനുഷ്യരല്ലാതക്കുന്നത് !

പിന്നെ,പവിത്രമായ മണ്ണു തേടി വേശ്യാലയങ്ങളുടെ
പടിക്കല്‍ കാവല്‍ നില്‍ക്കുന്ന ഹൈന്ദവരുടെ പ്രശ്നവും
ലളിതം !

ഹിന്ദു മതത്തിന്റെ ആണിക്കല്ല് ഉറപ്പിച്ചിരിക്കുന്നതുതന്നെ വേശ്യകളിലാണ്.
നമ്മുടെ കുന്തിയും,പാഞ്ചാലിയുമൊക്കെ എന്താ സാധനം ? അല്ലെങ്കില്‍, ദേവദാസികള്‍ എന്ന് പരിക്കില്ലാതെ പറയാം.
പരിക്കുകളെ ഭയമില്ലെങ്കില്‍ ഹിന്ദുമതത്തിന്റെ വിശ്വരൂപം കാണിക്കുന്ന ധാരാളം പേരുകളുണ്ട്....
ചേലനാട്ടിന്റെ കമന്റിടം അശുദ്ധമാക്കേണ്ടെന്നു കരുതി
എഴുതുന്നില്ല :)

സസ്നേഹം.

നിസ്സഹായന്‍ said...

ചക്കിമോളുടെ അമ്മ പറഞ്ഞതില്‍ ലേശം കാര്യമിരിക്കുന്നു.

“ആചാരങ്ങളുടെ പേരില്‍ ദരിദ്ര പെണ്‍കുട്ടികളെ ദേവദാസികളാക്കി അനുഭവിച്ചിരുന്ന സംസ്ക്കാരമാണ് ആര്‍ഷഭാരതത്തിന്‌...”?

ഹീനമായ ആര്‍ഷഭാരതസംസ്ക്കാരം ജാതികളെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്തതും ആ വ്യവസ്ഥിതിയെ പവിത്രീകരിച്ചുകൊണ്ടാണ്. അതുപോലെ വേശ്യാവൃത്തിയേയും ദൈവികമാക്കിയും പുണ്യവത്ക്കരിച്ചും ആചാരാനുഷ്ഠാനങ്ങളിലൂടെ നിലനിര്‍ത്തി. ബ്രാഹ്മണന്റെ കുടിലതന്ത്രമാണിത്. നിഗൂഢതന്ത്രം ! ഒരു ദിവസത്തേയ്ക്ക് ദേവികളാക്കപ്പെടുന്ന വേശ്യകള്‍ ഈ തന്ത്രം മനസിലാക്കിയെങ്കില്‍ ഇതെല്ലാം അനാചരങ്ങളായും അന്ധവിശ്വാസങ്ങളും കൂടിയാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തിയാണ് വേശ്യാവൃത്തിയെ സംഘര്‍ഷരഹിതമായി ബ്രാഹ്മണരും പൂജാരിയും നിലനിര്‍ത്തിയത് എന്ന തിരിച്ചറിവുണ്ടായാലെ മോചനമുണ്ടാകൂ.