Sunday, December 26, 2010

ഇതാ ഇവനെക്കൂടി....ബഹുമാനപ്പെട്ട റായ്പൂർ സെഷൻസ് കോടതി ജഡ്ജി അങ്ങുന്നേ,

രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ അവിടുന്ന് വിധിച്ച മൂന്നുപേരിൽ ഒരാൾ, ഒരു ശിശുരോഗ ചികിത്സകനുണ്ടല്ലോ, ഡോ.ബിനായക് സെൻ. ഇക്കഴിഞ്ഞ ജൂലായ്‌ 25-നു അങ്കമാലിയിലെ കറുകുറ്റിയിൽ ഒരു പൊതുപരിപാടിക്ക് അദ്ദേഹം വന്നപ്പോൾ കാണാനും രണ്ടുവാക്ക് സംസാരിക്കാനും ഈയുള്ളവന്‌ (നിർ)ഭാഗ്യമുണ്ടായി.

അന്നു പ്രധാനമായും ചോദിച്ച ഒരു ചോദ്യം, ഇന്ത്യാമഹാരാജ്യത്തിലെ നീതിന്യായ സംവിധാനത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടോ എന്നതായിരുന്നു. വിചാരണ പോലും ഇല്ലാതെ കുറച്ചുകാലം സർക്കാർ അതിഥി മന്ദിരത്തിൽ കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് ചോദിച്ചതാണ്. പക്ഷെ പ്രതീക്ഷ തെറ്റി. ഉണ്ട് എന്നുതന്നെയാണ്‌ അദ്ദേഹം അസന്ദിഗ്ധമായി അന്ന്‌ അദ്ദേഹം നല്കിയ ഉത്തരം. രണ്ടാമതൊന്ന്‌ ആലോചിക്കാനുള്ള സമയം പോലും എടുക്കാതെ.

വികസനത്തിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഗോത്രമേഖലകളിൽനിന്നും ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും, വിദർഭയിലെ കർഷകരുടെ പ്രശ്നങ്ങളെപ്പോലെത്തന്നെ, ഇതിനെതിരെയും എല്ലാതലത്തിലുമുള്ള ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സെൻ ആ കൂടിക്കാഴ്ചയില്‍  സൂചിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം, അസന്ധിഗ്ദ്ധമായും അദ്ദേഹത്തിന്റെ സമരസങ്കല്പ്പങ്ങൾ അഹിംസയിൽ, അഹിംസയിൽ മാത്രം, അടിയുറച്ചതായിരുന്നു. ഹിംസാത്മകമായ സമരങ്ങളെ ഒരു വാക്കുകൊണ്ടുപോലും അദ്ദേഹം പിന്തുണച്ചില്ല. ജനാധിപത്യ സമരമാർഗ്ഗങ്ങളിൽ ഡോ.സെൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം, ഈയുള്ളവനെപ്പോലെയുള്ളവരെ കഠിനമായി  നിരാശപ്പെടുത്തും വിധം കർക്കശവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനചരിത്രത്തെ നേരിട്ടറിയുന്നവർക്ക് അതിൽ അത്ര അത്ഭുതം തോന്നാനിടയില്ലെങ്കിലും.

കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കേസിൽ, സുപ്രീം കോടതി നല്കിയ ഒരു ഇളവിലായിരുന്നു അന്നദ്ദേഹം. ഇന്ന്, വീണ്ടും ആ കേസ് ബഹുമാനപ്പെട്ട കോടതിയിൽ വരുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിന്. ഇനിയും അപ്പീലിനു പോകാനും താത്ക്കാലികമായെങ്കിലും പുറത്തുവരാനും അദ്ദേഹത്തിനു സാധിക്കുമായിരിക്കും. എങ്കിലും, എന്തോ വല്ലാതെ ചീഞ്ഞുനാറുന്ന നമ്മുടെ  കോടതിമുറികളിൽനിന്ന് ഇനിയും അദ്ദേഹത്തിനു എളുപ്പത്തിലൊന്നും പൂര്‍ണമായും വിടുതൽ കിട്ടാൻ ഇടയില്ല. കുറ്റം രാജ്യദ്രോഹമാണല്ലോ.

വിമതാഭിപ്രായം പറയുന്നവർക്കെതിരെ രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചുമത്താനും തടവിലിടാനും ഇന്നത്തെ ഇന്ത്യയിൽ വളരെ എളുപ്പമാണ്‌. ഒരൊറ്റ പരാതി മതി എന്നിടത്തെത്തിനില്ക്കുന്നു കാര്യങ്ങൾ. പ്രശ്നം ഏറ്റെടുക്കാനും, ഊതിപ്പെരുപ്പിക്കാനും ഇവിടുത്തെ കപട-ദേശസ്നേഹികളും, സാൽവാ ജുദൂം പോലുള്ള സർക്കാർ സ്പോൺസേഡ് ഗുണ്ടാസംഘങ്ങളും, മാധ്യമങ്ങളും കൂടെയുണ്ടായാൽ മാത്രം മതിയാകും.

ആദർശ് ഫ്ളാറ്റും, കോമൺവെൽത്തും, രണ്ട്-ജി സ്പെക്റ്റ്രവുമൊക്കെ കാലാന്തരത്തിൽ തേഞ്ഞുമാഞ്ഞുപോവും. കാരണം, അതൊക്കെ വലിയവരുടെ കളിയാണ്‌. കോടികൾ കൈപ്പറ്റുന്നവരുടെയും, അവരുടെ ഇടനിലക്കാരുടെയും, ദല്ലാളുമാരുടെയും. ഇത് അതുപോലെയല്ല. കാരണം, ഇതിലുൾപ്പെട്ടിരിക്കുന്നവർ, സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിന്റെ പക്ഷത്തുനിന്ന്, നീതിക്കുവേണ്ടി പൊരുതുന്നവരാണ്‌. സർക്കാരിന്റെ ഗുണ്ടായിസത്തിനും, സാമൂഹ്യവിരുദ്ധനിലപാടുകൾക്കുമെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാത്തവര്‍. വെല്ലൂരിലെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായി സ്വസ്ഥമായി ഇരുന്ന് ശമ്പളം വാങ്ങുന്നതിൽ ഒതുങ്ങുന്നതല്ല സമൂഹത്തിനോടുള്ള കടമ എന്ന് നിശ്ചയമുള്ള ഡോ.സെന്നിനെപ്പോലുള്ള വിഡ്ഢികളാണ്‌ ഈ പക്ഷത്ത് അധികവുമുള്ളത്. സമാധാനമാര്‍ഗ്ഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ വേറെയും. കോടതിയും കേസുമൊഴിഞ്ഞ് അവർക്ക് നേരമുണ്ടാകില്ല. ജയിലിൽ തന്നെ ചത്തൊടുങ്ങാനായിരിക്കും അവരില്‍ അധികം പേരുടെയും വിധി.

ഈ മനുഷ്യനെ രാജ്യദ്രോഹിയായി കണ്ടെത്തി ശിക്ഷിച്ച സ്ഥിതിക്ക്, അദ്ദേഹത്തെ പോയി കാണാനും, സംസാരിക്കാനും സമയം കണ്ടെത്തിയ ഈയുള്ളവനെപ്പോലുള്ളവർക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തി നടപടിയെടുക്കാൻ കോടതിക്ക് കനിവുണ്ടാകണം എന്നോരപെക്ഷയുണ്ട്‌. അതൊക്കെ ഏമാന്മാർക്ക് എളുപ്പമുള്ള പണിയായിരിക്കുമെന്നും അറിയാം.

പ്രോസിക്യൂഷന്റെ ഭാഗത്ത് “ചെറുതും ഗുരുതരമല്ലാത്തതു”മായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഏമാന്റെ വിധിന്യായത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. അതൊന്നും സാരമില്ലങ്ങുന്നേ. സർക്കാരിന്റെ പ്രോസിക്യൂഷൻ ആണല്ലോ പ്രധാനം. അതും, ചത്തീസ്ഗഢ് പോലുള്ള സർക്കാരുകളുടെ പ്രോസിക്യൂഷൻ. സൽവാ ജുദൂമിന്റെ ഏതെങ്കിലും പ്രതിനിധികളെയും ബഹുമാനപ്പെട്ട കോടതിയുടെ ഏതെങ്കിലുമൊരു ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. പിന്നെ, കാര്യങ്ങൾ അവർ നേരിട്ട് നടത്തിക്കൊള്ളും. അവർ തയ്യാറാക്കിത്തരുന്ന വിധിന്യായം വായിക്കുക എന്ന ചുമതല മാത്രം മതിയാകും പിന്നെ ഏമാന്മാർക്ക്. ഔട്ട്സോഴ്സിങ്ങിന്റെ യുഗമല്ലേ?

നമ്മുടെ രാജ്യത്തെ ഉന്നതകോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന്‌ ഉറക്കെവിളിച്ചുപറഞ്ഞ ന്യായാധിപന്മാരെയും നമുക്ക് കഴിയുന്നതും വേഗം അകത്താക്കണം. പഠിക്കട്ടെ പ്രശാന്തന്മാരും മാർക്കാണ്ഡേയന്മാരും.

8 comments:

Rajeeve Chelanat said...

ഇതാ ഇവനെക്കൂടി

ജിവി/JiVi said...

:(

Justin പെരേര said...

വിപ്ളവം, നീതിന്യായവ്യവസ്ഥിതി..... ഇതില്‍ ഏതു വിജയിക്കട്ടെ എന്നാണു വിളിക്കേണ്ടത്?

Baiju Elikkattoor said...

അവരോചിതമായ ഈ പോസ്റ്റിനു നന്ദി. അഭിപ്രായങ്ങളോട് യോജിക്കുന്നൂ.

Baiju Elikkattoor said...

അവരോചിതമായ ഈ പോസ്റ്റിനു നന്ദി. അഭിപ്രായങ്ങളോട് യോജിക്കുന്നൂ.

Rajeeve Chelanat said...

വായനകള്‍ക്ക് നന്ദി.

ജസ്റ്റിന്‍,

നീതിന്യായമെന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ മാത്രം കുത്തകയൊന്നുമല്ല. വിപ്ലവവും അതിന്റേതായ നീതിന്യായവ്യവസ്ഥ കൊണ്ടുവരും. ഒരു രാജ്യത്തിലെ നീതിന്യായം അതിലെ ജനതയുടെ ജനാധിപത്യാവകാശങ്ങളെ (മനുഷ്യാവകാശങ്ങളെയും) എത്രമാത്രം ഉള്‍ക്കൊള്ളുന്നു, പരിപോഷിപ്പിക്കുന്നു എന്നതിനെയൊക്കെ അടിസ്ഥാനപ്പെടുത്തിയെ വിലയിരുത്താനുമാകൂ. ഇന്ത്യന്‍ കോടതികളെയും ന്യായാധിപന്മാരേയും സംബന്ധിച്ച് അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കൂടി സശ്രദ്ധം നോക്കുമല്ലൊ.

അഭിവാദ്യങ്ങളോടെ

ബിനോയ്//HariNav said...

Good article. Thanks..

Anonymous said...

"എന്നെ കണ്ടാല്‍ കിണ്ണം കട്ട്വോ...?"