Wednesday, February 16, 2011

*മിസ്റിക്കും കാറ്റു വേണം





പേരിനുമാത്രമായിട്ടാണെങ്കിൽപ്പോലും, ഒരു ഏകാധിപത്യത്തിൻകീഴിൽനിന്ന് ഒരു വലിയ രാജ്യം മോചിതമായിരിക്കുന്നു. നമ്മുടെ കണ്മുന്നിൽ വെച്ച്.

ഇറാഖിനെ സദ്ദാമിൽനിന്ന് അമേരിക്ക ‘മോചിപ്പിച്ച’തു പോലെയല്ല. അഫ്ഘാനിസ്ഥാനെയും, ഇറാനെയും വടക്കൻ കൊറിയയെയും, ക്യൂബയെയും, വെനീസ്വലയെയും ‘മോചിപ്പിക്കാൻ’ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ പോലെയുമല്ല ഇത്.

സ്വന്തം ശക്തി മാത്രം ഉപയോഗിച്ച് ഒരു നാട്ടിലെ ജനങ്ങൾ അവിടുത്തെ ഏകാധിപതിയെ അധികാരത്തിൽനിന്ന് ആട്ടിപ്പായിക്കുന്ന മനോഹരമായ ഒരു കാഴ്ച. ടുണീഷ്യയിൽനിന്നു തുടങ്ങിയ ഒരു വിമോചന കാറ്റ്. അതിന്റെ അലയൊലികൾ എല്ലായിടത്തേക്കും വീശിക്കൊണ്ടിരിക്കുന്നു. അൾജീരിയയുടെ പടിവാതിൽക്കലെത്തിക്കഴിഞ്ഞു. യെമനിലും. ചോദിക്കാതെതന്നെ തദ്ദേശീയ ജനവിഭാഗത്തിന്‌ നാമമാത്രമായതെങ്കിലും ചില ജീവിത സൌകര്യങ്ങൾ വാഗ്ദാനം നൽകാൻ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ ഭരണാധികാരികൾ നിർബന്ധിതമായിരിക്കുന്നു.

ഈജിപ്ഷ്യൻ വിപ്ളവത്തിൽ ജയിച്ചത് ജനങ്ങളാണെങ്കിലും, ആത്യന്തികമായ ജയം അമേരിക്കയുടേതുതന്നെയാണ്‌. മുപ്പതു വർഷമായി തങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാവക്കു പകരം, മറ്റൊരു പാവയെ അവർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുകയാണ്‌. ഈജിപ്തിലെ ജനങ്ങൾക്ക് അവരുടെ മുൻപിൽ രണ്ടേ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഒന്നുകിൽ, ഒരിക്കൽ അമേരിക്കയുടെ കണ്ണിലെ കരടായിരിരുന്ന, ഇപ്പോൾ അമേരിക്കയുടെ ഭാഗത്തേക്ക് ഏറെക്കുറെ എത്തിയ എൽ ബരാദി. അല്ലാത്തപക്ഷം, ഏതു സമയവും അപകടകരമായേക്കാവുന്ന മുസ്ലിം ബ്രദർഹുഡ്. കൂടുതൽ സാധ്യത ആദ്യത്തേതിനുതന്നെയാണ്‌. പൌരാവകാശങ്ങളും സ്വാതന്ത്യവുമൊക്കെ മുബാറക്കിന്റെ കാലത്തേക്കാൾ ഭേദപ്പെട്ടേക്കാം. ഉദാരമായ സാമ്പത്തികസഹായങ്ങളും കിട്ടിയേക്കാം. എങ്കിലും, ആത്യന്തികമായി മറ്റൊരു വൈദേശികഭരണത്തിലേക്കുതന്നെയാണ്‌ അവരുടെ യാത്ര. ഇറാന്റെയും ഇറാഖിന്റെയും കാര്യത്തിൽ വ്യക്തവും സ്വതന്ത്രവുമായ നിലപാടുകളെടുത്ത എൽ ബറാദിക്ക് പക്ഷേ, അമേരിക്കയുടെ താത്പര്യങ്ങളെ അവഗണിക്കാൻ അധികമൊന്നും ആവുകയുമില്ല. ഗമാൽ അബ്ദുൾ നാസ്സറിന്റെ പരമാധികാര രാജ്യസങ്കൽപ്പത്തെയും, പാൻ-അറബ് ദേശീയതയെയുമാണ്‌ ഒരു പരിധിവരെ അൻവർ സാദത്തും, പൂർണ്ണമായും മുബാറക്കും പണയം വെച്ചത്. അത് തിരിച്ചെടുക്കാൻ ഈജിപ്തിനു ഇനിയും മറ്റൊരു ശുഭ്രവിപ്ളവം വേണ്ടിവരും. പക്ഷേ അതത്ര എളുപ്പമായിരിക്കില്ല.

ഈജിപ്തിലെ വിപ്ളവം ക്യൂബയിലേക്കും ചൈനയിലേക്കും പടരുന്നത് സ്വപ്നം കാണുന്ന മറ്റൊരു വലിയ വിഭാഗമുണ്ട്. പ്രത്യേകിച്ചും ക്യൂബയിലേക്ക്. ഫിദൽ കാസ്ട്രോയുടെ കാലശേഷം അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതും സത്യമാണ്‌. അതുകൊണ്ടുതന്നെ ആ സാധ്യതയെ സ്വപ്നം കാണുന്നവരെയും കുറ്റം പറയാനാവില്ല.

എങ്കിലും എന്താണ്‌ ആ സ്വപ്നത്തിന്റെ കാതൽ? സോഷ്യലിസം എന്ന ആശയത്തിന്റെ തകർച്ച. കമ്മ്യൂണിസം എന്ന വ്യവസ്ഥിതിയോടുള്ള ഭയം. പാശ്ചാത്യജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെയും പരാജയങ്ങളെയും സൌകര്യപൂർവ്വം കാണാതിരിക്കുക എന്ന തന്ത്രം. അതിൽ കവിഞ്ഞൊന്നുമല്ല ആ സ്വപ്നത്തിന്റെ അടിത്തറ. ഫിദൽ എന്ന യുദ്ധവിരുദ്ധ സോഷ്യലിസ്റ്റിനേക്കാൾ അവർ ആഗ്രഹിക്കുന്നത്, ബുഷിനെയും , ബ്ളെയറിനേയും, ഒബാമയേയും, സർക്കോസിയെയും പോലുള്ള യുദ്ധവെറിയന്മാരെയും കപടജനാധിപത്യവാദികളെയുമാണ്‌. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും നടന്ന, ഇപ്പോഴും നടക്കുന്ന യുദ്ധവിരുദ്ധ, ജനാധിപത്യ പ്രക്ഷോഭങ്ങളൊന്നും അവരുടെ തൊലിപ്പുറമെ പോലും സ്പർശിക്കുന്നില്ല. അതൊക്കെ ഏതോ നാട്ടിൽ നടക്കുന്ന ‘ബഹളങ്ങൾ’ മാത്രമാണ്‌ ഈ സ്വപ്നാടകർക്ക്. ഈജിപ്തു പോലും ഒരു ആഫ്രിക്കൻ വാർത്ത മാത്രമായിരുന്നു ഇവര്‍ക്ക്, ഫെബ്രുവരി പതിനൊന്നു വരെ.

ജനങ്ങളുടെ വിപ്ളവമെന്നതിനേക്കാൾ, സാങ്കേതികയുഗത്തിന്റെ വിജയമെന്ന നിലക്കാണ്‌ ഈ കാൽപ്പനിക സ്വപ്നജീവികൾ ഈജിപ്തിലെ വിജയത്തെ കൊണ്ടാടുന്നത്. ഒരു ജനുവരി 25-ന്റെ പ്രഭാതത്തിൽ ഒരു അസ്മാ മഹ്ഫൂസിന്റെ വീഡിയോ ബ്ലോഗ്ഗിൽ നിന്നോ,  ഒരു ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ ഇന്റര്‍നെറ്റ് ക്യാമ്പയിനില്‍ നിന്നോ തുടങ്ങിയ ഒരു വിസ്മയം.. അങ്ങിനെയൊരു വിസ്മയം ഉണ്ടാകാണമെങ്കിൽ അതിന്റെ പിന്നിൽ വലിയൊരു രാഷ്ട്രീയ സമരത്തിന്റെ കാറ്റു വീശണം എന്ന യാഥാര്‍ത്ഥ്യം മാത്രമാണ്‍് അവര്‍ക്ക് പുരിയാത്തത്. മിസ്റിയുടെ വിജയത്തിന്റെ പിന്നിലും  രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഇടതുരാഷ്ട്രീയത്തിന്റെ ആ കാറ്റുണ്ടായിരുന്നു.

2004 മുതൽ തന്നെ ഈജിപ്തിലെ തൊഴിലാളികൾ നിരന്തരമായ സമരത്തിലാണ്‌. ഇന്നും അത് തുടരുകയും ചെയ്യുന്നു. കഴിഞ്ഞ ആറു വർഷത്തിനിടക്ക് 1900 സമരങ്ങൾ ഈജിപ്തിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നര ദശലക്ഷം തൊഴിലാളികൾ ഇതിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ടെക്സ്റ്റൈൽ, ഗതാഗത, നിർമ്മാണ, ഭക്ഷ്യോത്പ്പാദന മേഖലകളിൽനിന്നു തുടങ്ങിയ സമരം 2006 ആകുമ്പോഴേക്കും സർക്കാരിന്റെ തന്നെ നികുതിപിരിവ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നു. 10,000 വരുന്ന മുനിസിപ്പൽ നികുതി ജീവനക്കാർ മൂന്നു ദിവസമാണ്‌ തുടർച്ചയായ സമരം നടത്തിയത്. സമ്മർദ്ദത്തിലായ സർക്കാരിന്‌ ഒരു സ്വതന്ത്ര തൊഴിലാളി സംഘടനക്ക് അനുവാദം കൊടുക്കേണ്ട അവസ്ഥയും ഉണ്ടായി. രാജ്യത്തിനകത്ത് വളർന്ന തൊഴിൽ സമരങ്ങളിൽ ഔദ്യോഗിക ഇടതുപക്ഷത്തിനോടൊപ്പം, ഇടതും വലതുമായ എൻ.ജി.ഒ.കളും പങ്കെടുക്കുകയുണ്ടായി. വിദേശരാജ്യങ്ങളിൽ നിന്നുപോലും അവർക്ക് സഹായങ്ങളും ലഭിച്ചു. വാഷിംഗ്ടണിലെ മണ്ണിൽനിന്നുതന്നെ, ലേബർ സ്റ്റാർട്ട് എന്ന വെബ്സൈറ്റ് ഉപയോഗിച്ച് തൊഴിലാളി സംഘടനകൾ ആഗോളതലത്തിൽ ആശയപ്രചരണം സംഘടിപ്പിച്ചു.

1977-ൽ എന്ത് സൈബറും ഫേസ്ബുക്കും ട്വിറ്ററുമാണുണ്ടായിരുന്നത്? അന്നും ഈജിപ്തിൽ വലിയൊരു സമരം നടന്നു. പ്രശസ്തമായ ബ്രഡ് സമരം. ഈജിപ്തിന്റെ എല്ലാ ഭാഗങ്ങളിലും അന്ന് തൊഴിൽ സമരങ്ങൾ നടന്നു. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, കൂടുതൽ മാന്യമായ കൂലിക്കും വേണ്ടി നടന്ന സമരമായിരുന്നു അത്. എങ്കിലും, കൊച്ചുകുട്ടികൾ പോലും അതിൽ പങ്കാളികളാവുകയും പട്ടാളത്തിനെ നേരിടുകയും ചെയ്യുന്ന കാഴ്ചയും ആ സമരത്തിൽ നമ്മൾ കാണുന്നുണ്ട്.

ഇത്തരം കൂട്ടായ രാഷ്ട്രീയ സമരങ്ങളാണ്‌ ഏതൊരു വിപ്ളവത്തിന്റെയും ജനകീയപ്രക്ഷോഭങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നത്. ഏതുകാലത്തും അതങ്ങിനെത്തന്നെയായിരുന്നു. എല്ലാ വിപ്ലവങ്ങളുടെയും കൊടുങ്കാറ്റുകളുടെയും പിന്നില്‍, ജനേച്ഛയുടെ, അവരുടെ അപരിമേയമായ ശക്തിയുടെ കേവലമല്ലാത്ത ബൃഹദാഖ്യാനങ്ങളുണ്ട്. ആധുനിക കാലത്ത്, അതിനെ സ്വിച്ച്-ഓൺ ചെയ്യാൻ സാങ്കേതികവിദ്യ ഒരു നിമിത്തമാവുന്നു എന്നു മാത്രം. അതു കാണാതെ, ഒരു മുറിയിലിരുന്ന് ഒരാൾ അല്ലെങ്കിൽ ഒരുവൾ നടത്തുന്ന ആഹ്വാനം കേട്ട് ഒരു ജനത മുഴുവൻ 18 ദിവസത്തോളം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് പ്രക്ഷോഭത്തിന്റെ പാതയിലേക്കെടുത്തു ചാടും എന്നു കരുതാനും വിശ്വസിക്കാനും അതിനെ കൊണ്ടാടാനും വിഡ്ഢികൾക്കു മാത്രമേ കഴിയൂ.

ക്യൂബയിലേക്ക് തിരിച്ചുവരാം. 60-കൾ മുതൽ തുടരുന്ന അമേരിക്കയുടെ പ്രത്യക്ഷവും, അമേരിക്കയുടെ സമ്മർദ്ദത്തിനു വഴിപ്പെട്ട യൂറോപ്പ്യൻ രാജ്യങ്ങളുടെ അപ്രഖ്യാപിത ഉപരോധവുമുണ്ടായിട്ടും ഇന്നും ക്യൂബൻ സമ്പദ്വ്യവസ്ഥ താരതമേന ഭേദമാണ്‌. വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും, ജനങ്ങളുടെ പാർപ്പിടങ്ങളുടെ കാര്യത്തിലും ക്യൂബ കാര്യമായ പുരോഗതിയാണ്‌ നേടിയത്. അഴിമതി ഏറ്റവും കുറവുള്ള രാജ്യമെന്ന പദവിയും ക്യൂബക്ക് സ്വന്തമാണ്‌. 1989-93 കാലത്തെ തകർച്ചയിൽനിന്നും വളരെ ആസൂത്രിതമായ ചുവടുവെയ്പുകളിലൂടെ സാമ്പത്തികമായി കരകയറുന്ന ഒരു ക്യൂബയെയാണ്‌ പിന്നീട് നമ്മൾ കണ്ടത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാകുന്നത് മഹാപാതകമോ ദുരന്തമോ ഒന്നും അല്ലെന്ന് പഠിപ്പിക്കുന്നുണ്ട് ക്യൂബയുടെ വളർച്ച. അവിടെ നമ്മുടെ സ്വപ്നാടകർക്ക് ആകെയുള്ള അസ്വസ്ഥത, അവിടുത്തെ മനുഷ്യാവകാശ-പൌരാവകാശ-സ്വതന്ത്ര വിപണികളുടെ കാര്യത്തിൽ മാത്രമാണ്‌. അതാകട്ടെ, ഒട്ടുമിക്കതും പാശ്ചാത്യ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതുമാണ്‌. ഒരു സോഷ്യലിസ്റ്റ് ഭരണസമ്പ്രദായത്തിൽ എല്ലാവർക്കും എന്തും ചെയ്യാമെന്ന വ്യവസ്ഥിതിക്കും വെള്ളിയാഴ്ചക്കുമൊന്നും സ്ഥാനമില്ല. ജനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വളർച്ച ഒന്നുതന്നെയാണ്‌ (അഥവാ ആയിരിക്കണം)ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പ്രമുഖ ലക്ഷ്യം. ആ നിലക്ക് ക്യൂബ ഇന്നും ഒരു വിജയഗാഥ തന്നെയാണ്‌. അതിനെ ആ നിലയിലേക്ക് നയിക്കുന്നത് സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും പ്രതിബദ്ധതയുള്ള ഭരണകർത്താക്കളാണ്‌ എന്നതാണ്‌ നമ്മുടെ സൈബർ സ്വപ്നാടക ആക്ടിവിസ്റ്റുകളുടെ ദു:ഖം. ക്യൂബയിലേക്ക് ഈജിപ്ഷ്യൻ വിപ്ളവത്തെ വലിച്ചുനീട്ടുന്നതിന്റെ മനശ്ശാസ്ത്രവും ഇതല്ലാതെ മറ്റൊന്നല്ല.

ഇന്ത്യയിലെ അവസ്ഥയിലേക്കൊന്നും ഈ സ്വപ്നാടകരുടെ കണ്ണുകൾ എത്തുന്നില്ല എന്നതാണ്‌ കൂടുതൽ വിചിത്രം. ഈജിപ്തിൽ നടന്നതുപോലുള്ള ഒരു ജനകീയപ്രക്ഷോഭത്തിനുള്ള വിളനിലമൊന്നും ഇന്ത്യയിലായിട്ടില്ലായിരിക്കാം. എങ്കിലും സാധാരണക്കാരനായ ഇന്ത്യക്കാരന്റെ ജീവിതം ദിനംപ്രതി ദുസ്സഹമാവുന്ന ഒരു അവസ്ഥയാണ്‌ ഇന്ന് ഇവിടെയുള്ളത്. പൌരന്റെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഒരു വിലയുമില്ലാത്ത, ഭീമമായ അഴിമതിയും കരിനിയമങ്ങളും ഭരണത്തിന്റെ സമസ്ത മേഖലകളെയും വിഴുങ്ങുന്ന, സ്വാതന്ത്യത്തിനുമുൻപുള്ള പതിനഞ്ചുവർഷത്തേക്കാൾ കൂടുതൽ അസമത്വം നിലനില്ക്കുന്ന ഒരു ഇന്ത്യയിലാണിന്ന് നമ്മൾ ജീവിക്കുന്നത്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനും, കായിക മാമാങ്കങ്ങൾക്കായി ലക്ഷക്കണക്കിനാളുകളെ നിത്യവും കുടിയിറക്കി തെരുവാധാരമാക്കുകയും, അതിനെ ഏതിർക്കുന്നവരെയൊക്കെ കരിനിയമങ്ങളുപയോഗിച്ച് വേട്ടയാടാൻ സ്വകാര്യസേനകളെ പാലൂട്ടി വളർത്തുവാനും ധൈര്യപ്പെടുന്ന ഒരു ജനാധിപത്യവസ്ഥിതിയെയാണ്‌ നമ്മളിന്ന് താങ്ങിനിർത്തുന്നത്. അത്തരമൊരു കപടജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളിൽപ്പോലും പങ്കെടുക്കാൻ കൂട്ടാക്കാതിരിക്കുകയും, പകരം, അതിന്റെ സ്ഥാനത്ത്, സ്വത്വപരമായി വിഭജിച്ചും വിഘടിച്ചും നിൽക്കുന്ന സമരങ്ങളെ ഏറ്റെടുക്കാനും തറ്റുടുത്തു നിൽക്കുന്ന മധ്യവർഗ്ഗ രാഷ്ട്രീയത്തിന്റെ ചതുരക്കള്ളികളിൽ നിന്നുകൊണ്ടാണ്‌ നമ്മൾ സൈബർ ആക്ടിവിസത്തിന്റെ അപ്പോസ്തലന്മാർ ചമയുന്നത്. കാറ്റാടികൾക്കെതിരെ പടനയിക്കുന്ന ഡോൺ ക്വിൿസോട്ടുമാരായി വീരസ്യം പറയുന്നത്.

ലൈംഗിക അരാജകവാദികളും മുഷ്ക്കന്മാരും സംസ്കാരശൂന്യന്മാരുമായി മുദ്രയടിക്കപ്പെട്ട മിസ്രികളുടെ ചരിത്രബോധത്തിൽനിന്ന് ലോകത്തിനും, മലയാള സൈബർ സ്പേസിലെ ബസ്സുടമകൾക്കും ഏറെ പഠിക്കാനുണ്ട്. പഠിക്കണമെന്നു വെച്ചാൽ. അതല്ല, ഈജിപ്തിന്റെ കാര്യം പറഞ്ഞുപറഞ്ഞ്, “വിപ്ളവമോ, അതൊക്കെ നിങ്ങളുടെ ഏർപ്പാടല്ലേ” “കാസ്ട്രൊയേക്കാള്‍ ഭേദമായിരുന്നു മുബാറക്ക്”  “പ്രശ്നം എന്താന്നു വെച്ചാല്‍ ഈ 77 കോടി ജനങ്ങള്‍ ബസ്സ് വായിക്കില്ല. പ്രക്ഷോഭം നടത്തില്ല. അല്ലെങ്കില്‍ത്തന്നെ സമരം വിളിച്ചാല്‍ ചൂഷണം മാറുമോ “ എന്ന മട്ടിലൊക്കെയുള്ള കൊച്ചുവർത്തമാനത്തിലേക്കാണെങ്കിൽ, അതിഷ്ടപ്പെടുന്ന ‘ആക്ടിവിസ്റ്റുകൾ’ക്ക് അതുമാവാം.

ഈജിപ്ഷ്യൻ ജനതക്ക്, അൽപ്പം വൈകിയതെങ്കിലും ഊഷ്മളമായ സമരാഭിവാദ്യങ്ങൾ.



* മിസ്രി (മിസ്റി - ഈജിപ്ഷ്യന്‍)

2 comments:

Rajeeve Chelanat said...

മിസറിക്കും കാറ്റു വേണം

ചാർ‌വാകൻ‌ said...

വായിച്ചു.നന്നായി പറഞ്ഞിരിക്കുന്നു.