Thursday, June 13, 2013

കമ്പനങ്ങളുടെ കാലം


ശ്വാസമടക്കിപ്പിടിച്ചാണ്‌ അതിനെ കൈകളില്‍ ഏറ്റുവാങ്ങിയിരുന്നത്. പോസ്റ്റ്മാന്റെ തലവെട്ടം പടിക്കല്‍ കാണുമ്പോഴേക്കും അത് ഉള്ളില്‍ എപ്പോഴും ഒരു ആന്തലുണ്ടാക്കുമായിരുന്നു. വാങ്ങണോ വേണ്ടേ എന്ന പരിഭ്രമത്തോടെ, പരുപരുത്ത ആ കടലാസ്സിന്റെ ഉള്ളില്‍ ഞെരുങ്ങുന്ന കൊച്ചുവാചകങ്ങളെക്കുറിച്ച് ഒരു പിടിപാടുമില്ലാതെ, അത് തുറന്നുനോക്കാന്‍ പോകുന്ന നിമിഷത്തിന്റെ ഘനം മുഴുവന്‍ ഉള്ളില്‍ നിറഞ്ഞ് പലപ്പോഴും നിസ്സഹായരായിപ്പോകാറുണ്ടായിരുന്നു ആളുകള്‍ . ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ കാത്തിരിപ്പും നിറയാറുണ്ടായിരുന്നു, അത് കൈയ്യില്‍ കിട്ടുന്നതിന്റെയും തുറന്നുനോക്കുന്നതിന്റെയും ചെറിയ ഇടവേളയില്‍ .

ടെലഗ്രാമുണ്ടെന്ന പോസ്റ്റ്മാന്റെ അറിയിപ്പ് കേള്‍ക്കുമ്പോള്‍ "ടെലഗ്രാമോ?" എന്ന ഒരു ആധി നെഞ്ചിന്‍‌കൂട്ടില്‍നിന്ന് പറന്നുവന്ന് തൊണ്ടയില്‍ കുരുങ്ങി, ഓടി ഉമ്മറത്തേക്കോ മുറ്റത്തേക്കോ ഓടിയെത്തിയവര്‍ ; അത് തുറന്നുനോക്കി, വായിക്കാനറിയാതെ, പോസ്റ്റ്മാന്റെയോ വായിക്കാനറിയുന്ന ഏതെങ്കിലും അയലത്തുകാരുടെയോ കൈയ്യില്‍ കൊടുത്ത് അവരുടെ മുഖത്തേക്കും, അവിടെ തെളിയുന്ന ഭാവത്തിലേക്കും, അവരുടെ ഉള്ളില്‍നിന്ന് പുറപ്പെടാന്‍ പോകുന്ന വാക്കുകളിലേക്കും, ഉള്ളില്‍ ഭയാശങ്കകളുടെ തീയോടെ നോക്കിനിന്നവര്‍ . മറ്റു ചിലരുടെ ടെലഗ്രാമുകളില്‍ അച്ഛനുമമ്മയും മരിച്ചുകിടന്നു. അതു കേട്ടപാടെ ചിലര്‍ പാഞ്ഞു. ചിലര്‍ കണ്ടില്ലെന്നു നടിച്ചു. മാനേജര്‍ ലീവ് തരുന്നില്ലെന്നും വരാനാവില്ലെന്നും മറുപടിയയച്ച് ചിലരത് മടക്കിവെക്കുകയോ കീറിക്കളയുകയോ ചെയ്തു.

പുറപ്പെട്ടു പോയവന്റെ വാര്‍ത്തകള്‍ക്കുവേണ്ടി കാത്തിരുന്നവര്‍ , അതിന്റെ ഉള്ളില്‍, അയാളുടെ മടങ്ങിവരവോ അയാളെക്കുറിച്ചുള്ള സുഖവിവരമോ പ്രതീക്ഷിച്ചു. ചിലപ്പോള്‍ അയാള്‍ എവിടെയെങ്കിലും സുഖമായിരിക്കുന്നുവെന്ന് അയാളോ, ചിലപ്പോള്‍ ഇനിയൊരിക്കലും അയാള്‍ മടങ്ങിവരില്ലെന്ന് അയാള്‍ക്കു പകരം മറ്റാരെങ്കിലുമോ അതില്‍ എഴുതിയിരുന്നു. ഒരു നാട്ടുമ്പുറത്തെ ഒരു കൊച്ചുവീട്ടില്‍ സന്തോഷവും അലമുറയും ഉണ്ടാക്കാനുള്ള കെല്പ്പുണ്ടായിരുന്നു ആ പരുപരുത്ത കടലാസ്സിനും അതിനുള്ളിലെ ചുവന്ന മഷി പുരണ്ട, കാച്ചിക്കുറുക്കിയ അക്ഷരങ്ങള്‍ക്കും. ആ കടലാസ്സും കൈയ്യില്‍ പിടിച്ച് ചിലപ്പോള്‍ സന്തോഷം കൊണ്ടും ചിലപ്പോള്‍ സങ്കടം കൊണ്ടും ഒന്നും ചെയ്യാനാവാതെ ഭൂമിയില്‍ വേരുറച്ചുപോയവര്‍ എത്രയൊ ഉണ്ടായിരുന്നു ഒരു കാലത്ത് ഈ ഭൂമിയില്‍ .

ഒരു ടെലഗ്രാം പോലും അയയ്ക്കാന്‍ അവനു മനസ്സു വന്നില്ലല്ലോ എന്ന് വേദനിച്ച അമ്മമാരും അച്ഛന്മാരുമുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ കഷ്ടമാണെന്നും, ഇത് കിട്ടിയാലുടന്‍ എന്തെങ്കിലുമൊരു നിവൃത്തിയുണ്ടാക്കണമെന്നും യാചിച്ച് അച്ഛനും, ഭര്‍ത്താവിനും ഏട്ടനും ടെലഗ്രാമയയ്ക്കാന്‍ മനസ്സില്ലാമനസ്സോടെയും സങ്കടത്തോടെയും ആത്മനിന്ദയോടെയും തപാലാപ്പീസിലേക്ക് പോയിരുന്ന മക്കളും ഭാര്യമാരും താഴെയുള്ളവരും ഉണ്ടായിരുന്നു. പ്രിയപ്പെട്ടവന്റെ വാര്‍ത്തകള്‍ അറിയാന്‍ കാത്തിരുന്ന ഒറ്റയ്ക്കായിപ്പോയവരും, പറക്കമുറ്റാത്ത കുട്ടികളുമുള്ളവരുമുണ്ടായിരുന്നു.

എല്ലാമെല്ലാമുണ്ടായിരുന്നു,  വന്നതും അയച്ചതുമായ ആ പരുക്കന്‍ കടലാസ്സുകളില്‍ . മനുഷ്യന്മാരായ മനുഷ്യന്മാരുടെ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും, ഭയങ്ങളും, പരിഭവങ്ങളും കണ്ണീരും, വ്യാകുലതകളും, കാത്തിരിപ്പുകളും, നിസ്സഹായതകളും എല്ലാം. അതിനെയെല്ലാം, ആ കടലാസ്സിലെ വാക്കുകളും, കുത്തുകളും, കോമകളും, ഹ്രസ്വവരകളും എല്ലാമാക്കി തര്‍ജ്ജമ ചെയ്ത് എവിടെനിന്നൊക്കെയോ എവിടേക്കൊക്കെയോ പോയിക്കൊണ്ടിരുന്നു. അത് വന്ന വീടുകളില്‍ ചിലര്‍ക്ക് "പത്രാസ്" കൂടിയെന്ന് ചുറ്റും കൂടിയവര്‍ കളിയാക്കി ചിരിച്ചു. ചിലര്‍ കിടപ്പിലായി. ചിലര്‍ എല്ലാം അവസാനിപ്പിച്ചു. ചിലര്‍ പിന്നെയും എങ്ങിനെയൊക്കെയോ ജീവിച്ചു.

ആരെയൊക്കെയോ തേടി അവ ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്നു വന്നു. ആരൊക്കെയോ അതിനെ തേടി നിത്യവും വീട്ടുമുറ്റത്തോ തപാലാപ്പീസിലോ തപസ്സു ചെയ്തു.

ആകാശങ്ങള്‍ നിറയെ അത്തരം സങ്കടങ്ങളും സന്തോഷങ്ങളും കാത്തിരിപ്പുകളും നിറഞ്ഞിരുന്നു. 

3 comments:

Rajeeve Chelanat said...

കമ്പനങ്ങളുടെ കാലം

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

എല്ലാം അവസാനിച്ചു....... :(

ajith said...

1850-ല്‍ ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയില്‍ തുടക്കം കുറിച്ച ഒരദ്ധ്യായം ഇതാ അവസാനിയ്ക്കുന്നു.

തുടങ്ങുന്ന എന്തിനും ഒരു അന്ത്യം വേണമല്ലോ.