Showing posts with label അമേരിക്കന്‍ സാമ്പത്തികരംഗം. Show all posts
Showing posts with label അമേരിക്കന്‍ സാമ്പത്തികരംഗം. Show all posts

Thursday, October 2, 2008

വാള്‍ സ്ട്രീറ്റും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും

കടപ്പാട്‌- 2008 സെപ്തംബര്‍ 29-ലെ ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.


"നിങ്ങളുടെ കൈവശമിരിക്കുന്ന ഓഹരികള്‍ വെച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ്‌ ആദ്യം ഒന്നു സ്വയം ചോദിക്കൂ. നിങ്ങള്‍ ഇപ്പൊഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന്".

ഏതെങ്കിലും ഒരു ഉത്‌പതിഷ്ണു എഴുതിയ വാചകമൊന്നുമല്ല ഇത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബിസിനസ്സ്‌ സെക്‍ഷനിലെ ആദ്യപേജില്‍, സ്വതന്ത്രവിപണിയുടെ ഒരു വക്താവ്‌ എഴുതിപ്പിടിപ്പിച്ച മൊഴിമുത്തുകളാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഈ എഴുത്തുകാരന്‍ തന്റെ വായനക്കാരോട്‌ ചോദിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്‌. അതിതാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ? ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണവുമുണ്ട്‌. അമേരിക്കക്കാരില്‍ മിക്കവര്‍ക്കും ഇന്ന് അവരെന്തിലാണ്‌ വിശ്വസിക്കുന്നതെന്ന് തീര്‍ച്ചയില്ല എന്നതുതന്നെ.

1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, മറ്റൊരു സാമ്പത്തികപ്രതിസന്ധി വേണ്ടിവന്നു, പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സാമ്പത്തികരംഗം വിഷയമാകാന്‍. എന്തൊക്കെയായിരുന്നു ഇതുവരെയുള്ള വിഷയങ്ങള്‍? ആരാണ്‌ കാഴ്ചക്ക്‌ കൊള്ളാവുന്ന പ്രസിഡന്റ്‌, ജോണ്‍ മക്‍കെയിനിന്റെ സൈനികസേവനം എന്തൊക്കെ, ഇറാഖിലും അഫ്ഘാനിസ്ഥാനിലും കൂടുതല്‍ ഉശിരോടെ പടനയിക്കാന്‍ ആരാണ്‌ യോഗ്യന്‍, ആര്‍ക്കാണ്‌ കൂടുതല്‍ ഭരണപരിചയം, സാറാ പാലിന്റെ 'ഇളക്കിമറിക്കല്‍' ഇതൊക്കെയായിരുന്നു ഇത്രനാളും മാധ്യമങ്ങള്‍ ചവച്ചുകൊണ്ടിരുന്നത്‌. എതിരാളികളുടെ പ്രചരണതന്ത്രങ്ങളുടെ പൈങ്കിളിവര്‍ത്തമാനങ്ങളില്‍ കടിച്ചുതൂങ്ങി മാധ്യമങ്ങളും അത്‌ ആഘോഷിച്ചു. വിശ്വസിക്കാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും അവസാനമില്ലാത്ത ചര്‍ച്ചകള്‍ നടന്നു. ഏതായാലും, സമൂഹത്തെ മൊത്തത്തില്‍ 'ഹരാകിരി' ചെയ്യാനുള്ള വാള്‍സ്ട്രീറ്റിന്റെ പദ്ധതി, ആ വിഷയങ്ങളെയൊക്കെ നിമിഷനേരം കൊണ്ട്‌ അപ്രസക്തമാക്കി.

എങ്ങിനെ സാമ്പത്തികരംഗം ആധുനികവത്‌ക്കരിക്കാമെന്ന് ലോകമൊട്ടുക്കുള്ള സര്‍ക്കാരുകളെ ഇത്രകാലവും പഠിപ്പിച്ചുകൊണ്ടിരുന്ന വമ്പന്മാര്‍ക്ക്‌, സ്വന്തം കാര്യം പോലും ശരിയാംവണ്ണം നോക്കാനുള്ള ശേഷിയില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ 'പരിരക്ഷ' സ്ഥാപനത്തിന്‌ സ്വന്തം പരിരക്ഷക്കുവേണ്ടി പരസ്യമായി തെണ്ടേണ്ടിവന്നിരിക്കുന്ന അവസ്ഥ. "എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌" എന്നാണ് ആ ‘അത്ഭുതശിശു‘ക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നത്.

‘എങ്ങിനെ നമ്മുടെ പണം സൂക്ഷിക്കാം' എന്നതിനെക്കുറിച്ച്‌, വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ ഇപ്പോള്‍ നല്ലൊരു തമാശക്കാഴ്ചയായി മാറിയിരിക്കുന്നു. ആസന്നമായ പ്രതിസന്ധിയെക്കുറിച്ച്‌ ഇത്രകാലവും നമുക്കൊരു സൂചനയും തരാതിരുന്ന 'വിശേഷജ്ഞാനി'കളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സാമ്പത്തികസ്ഥാപനങ്ങള്‍ നല്‍കിയിരുന്ന മൃഷ്ടാന്നം ഇത്രനാളും മനസ്താപലേശമില്ലാതെ ഭുജിച്ചവരാണിവര്‍. വാള്‍ സ്ട്രീറ്റിന്റെ അന്ത:പ്പുരവാസികള്‍. ഇത്രനാളും തങ്ങളുടെ വായനക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പും കൊടുക്കാതിരുന്ന അതേ വാള്‍ സ്ട്രീറ്റ്‌ അന്തേവാസികളാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ പുറത്തുവന്നിരിക്കുന്നത്‌. ഫോര്‍ബ്സിന്റെയും വാള്‍ സ്ട്രീറ്റ്‌ ജേണലിന്റെയും എഡിറ്റര്‍മാര്‍.

ഇന്ന് ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഇതേ വമ്പന്‍ സ്ഥാപനങ്ങള്‍ക്ക്‌ AAA റേറ്റിംഗ്‌ കൊടുത്തിരുന്നതും സര്‍ക്കാര്‍ അംഗീകൃത റേറ്റിംഗ്‌ ഏജന്‍സികളിലെ ഇതേ സാമ്പത്തികവിദഗ്ദ്ധരായിരുന്നു. അപ്പോഴൊന്നും നമ്മുടെ വിദഗ്ദ്ധര്‍ ഈ മൂന്ന് A എന്താണെന്ന് ചോദ്യം ചെയ്തില്ല. ഒരുപക്ഷേ, ആപത്‌സൂചനയെയും ആക്രമണത്തെയും (അതി)വേദനയെയുമായിരുന്നിരിക്കണം (Alarm, Assautl and Agony) ആ മൂന്ന് A കൊണ്ട് സൂചിപ്പിച്ചിരുന്നത്‌. എന്തായാലും ഇപ്പോള്‍ അവയുടെ റേറ്റിംഗ്‌ BB എന്നാക്കിയിരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്, അഥവാ, ബെറ്റര്‍ ബിവേര്‍ (Better Beware) എന്നാണോ ഈ പുതിയ റേറ്റിംഗിന്റെ വ്യംഗ്യം? നിലവിലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ്‌ അഭ്യാസത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇതൊരുപക്ഷേ ഉപരിക്കാനും മതി. ഭീമമായ പ്രതിഫലം കൊടുത്താണ്‌ ഇന്നുള്ള മിക്ക കമ്പനികളും ഈ റേറ്റിംഗ്‌ വാങ്ങുന്നത്‌.

700 ബില്ല്യണ്‍ ഡോളര്‍ 'ആശ്വാസം' എന്നത്‌ ഒരു ഏകദേശക്കണക്കു മാത്രമാണ്‌. എല്ലാമൊന്ന് വൃത്തിയാക്കാനും, അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണ്ണമായി അടക്കാനും ചുരുങ്ങിയത്‌ ഒന്നര ട്രില്ല്യണെങ്കിലും വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാഭ്യാസരംഗം നന്നാക്കാനും ആരോഗ്യസുരക്ഷ ശക്തമാക്കാനും ആവശ്യമായ ദശലക്ഷങ്ങള്‍ പോലും കയ്യിലില്ലാത്ത, ഇപ്പോള്‍തന്നെ 12 ട്രില്ല്യണ്‍ ഡോളറിന്റെ കടഭാരം ചുമക്കുന്ന ഒരു രാജ്യമാണ്‌ ഒന്നര ട്രില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച്‌, വാള്‍ സ്ട്രീറ്റിന്റെ പ്രതിസന്ധിക്ക്‌ കാരണക്കാരായവരെ രക്ഷിക്കാന്‍ മുന്നിട്ടുവന്നിരിക്കുന്നത്‌. ഇത്രനാളും ആരെയാണോ തങ്ങള്‍ അപഹരിച്ചിരുന്നത്‌, അതേ പൊതുജനത്തിന്റെ കയ്യില്‍നിന്നാണ്‌ ഇതിനാവശ്യമായ പൈസ തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്നുകൂടി, ഈയവസരത്തില്‍ ഓര്‍ക്കുന്നത്‌ നന്ന്. 'സാമ്പത്തിക സോഷ്യലിസം'എന്ന മുദ്രാവാക്യവും, 'ലാഭം സ്വകാര്യവത്ക്കരിക്കുന്നു; നഷ്ടം സമമായി വീതിച്ചെടുക്കുന്നു' എന്ന കുറ്റപ്പെടുത്തലുകളും കോണ്‍ഗ്രസ്സിനകത്തുതന്നെ ഉയരാനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതില്‍ ചില രസകരമായ വസ്തുതകളുണ്ട്‌. പ്രത്യേകിച്ചും, പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍. ഈ സ്വകാര്യ കോര്‍പ്പറേഷനുകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌,അമേരിക്കയില്‍ സംഭവിച്ച അതേ കുഴപ്പങ്ങള്‍ക്ക്‌ ഇവിടെയും കളമൊരുക്കുകതന്നെയാണ്‌.

ഓര്‍മ്മയില്ലേ, കാര്‍ഷികകടാശ്വാസം എഴുതിത്തള്ളുന്നതിനെതിരെ ഉയര്‍ന്ന ആ 'ധാര്‍മ്മികരോഷം'? പൊതുജനത്തിന്റെ ചിലവില്‍, 'സാമ്പത്തിക അരാജകത്വം' നടത്തുന്നു എന്നായിരുന്നില്ലേ അന്ന് മുറവിളി കൂട്ടിയിരുന്നത്‌? പക്ഷേ, ആ പ്രസ്തുത സാമ്പത്തിക അവിവേകം, സര്‍ക്കാരിന്റെതന്നെ ഭാഷ്യത്തില്‍, ദശലക്ഷക്കണക്കിനുവരുന്ന തകര്‍ന്നടിഞ്ഞ കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കില്‍, ഇന്ന് അമേരിക്ക പൊതുജനത്തില്‍നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്ന പണമാകട്ടെ, വാള്‍ സ്ട്രീറ്റിലെ ഏതാനും കൊള്ളക്കച്ചവടക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സാധുക്കളായ കൃഷിക്കാര്‍ക്കുവേണ്ടി ചിലവിടാന്‍ ഉദ്ദേശിച്ച 16 ബില്ല്യണ്‍ ഡോളറിന്റെ 43 ഇരട്ടിയാണ്‌ അവിടെ തുലക്കാന്‍ പോകുന്നത്‌.

ഒടുവില്‍ ജോര്‍ജ്ജ്‌ ബുഷിന്‌ പൊതുജനത്തിന്റെ മുന്‍പില്‍ പ്രത്യക്ഷനാകേണ്ടിവന്നു. രാജ്യത്തോടുള്ള സന്ദേശത്തില്‍ ഇതിനുമുന്‍പ്‌ ഒരു പ്രസിഡന്റിനും ഉള്‍ക്കൊള്ളിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയധികം പദങ്ങള്‍ തന്റെ പ്രസംഗത്തില്‍ കുത്തിനിറക്കേണ്ടിവന്നു അയാള്‍ക്ക്‌. നോക്കുക: "സംഭ്രമം“...“നിരാശാജനകമായ അവസ്ഥ“..“ഗൗരവമായ സാമ്പത്തിക പ്രതിസന്ധി“..“ദീര്‍ഘവും വേദനാഭരിതവുമായ മാന്ദ്യം“..“ഇനിയും കൂടുതല്‍ ബാങ്കുകളുടെ ആസന്നമായ പതനം". കഴിഞ്ഞില്ല.."അടച്ചുപൂട്ടലുകള്‍ നാടകീയമായി വര്‍ദ്ധിച്ചേക്കും“..“ദശലക്ഷക്കണക്കിന്‌ അമേരിക്കക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും". 'സാമ്പത്തികരംഗം പൂര്‍ണ്ണമായും അപകടത്തിലാണ്‌" എന്നൊക്കെ തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുന്നു രാജ്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും നികൃഷ്ടനായ ഈ പ്രസിഡന്റിന്‌. സന്ദേശം വളരെ വ്യക്തമാണ്‌. സാമ്പത്തിക ഭീമന്മാരെ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുകള്‍ ഇറക്കുക. അല്ലാത്തപക്ഷം, ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക്‌ വരുത്തിവെച്ചതിനേക്കാള്‍ ഇരട്ടി ദുരിതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. "നിങ്ങളേക്കാളൊക്കെ വലിയവരാണ്‌ അവര്‍" എന്നും ഈ തുറന്നുപറച്ചിലിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌.

വാള്‍ സ്ട്രീറ്റിലെ ഈ കൊലകൊമ്പന്മാര്‍ നിസ്സാരന്മാരല്ല. അവര്‍ വീണാല്‍, ഭൂമിപോലും കുലുങ്ങും. ഇത്രവലിയ ഭീമന്മാരുടെ പതനം, കൂടുതല്‍ വലിയ പതനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ നിങ്ങള്‍ മുന്നോട്ട്‌ വരുക. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. സമൂഹത്തിനെ മുഴുവന്‍ ബലികൊടുക്കാന്‍ പാകത്തില്‍ ഇവരെ ഇത്രകണ്ട്‌ വളരാന്‍ അനുവദിക്കരുതായിരുന്നു. സ്വന്തം ഭാരം താങ്ങാന്‍പോലും ശേഷിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു അവരില്‍ പലര്‍ക്കും. സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിച്ചിഴക്കുകയാണ്‌ അവരിന്ന്. ആരുടെ സമ്പത്തുവെച്ചാണോ ഇത്രനാളും തങ്ങള്‍ ചൂതാടിയത്‌, അവരുടെ സഹായത്തോടെ രക്ഷപ്പെടാനാണ്‌ ഇന്നവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ അമിത വളര്‍ച്ചയുടെ കൊള്ളലാഭം മുഴുവന്‍ സ്വന്തമായി കയ്യടക്കി അനുഭവിച്ചിരുന്നവരാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ തകര്‍ച്ചയില്‍നിന്നുപോലും വീണ്ടും ലാഭം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇവിടെയും ഒരു കൗതുകക്കാഴ്ച കാണാന്‍ കഴിയുന്നതാണ്‌. സി.ഇ.ഒ.മാരുടെ വരുമാനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊരു വാദം ഇന്ന് അമേരിക്കയില്‍ സാര്‍വ്വത്രികമായി ഉയര്‍ന്നുവരുന്നുണ്ട്‌. ചില സെനറ്റര്‍മാര്‍ അത്‌ നിയമനിര്‍മ്മാണസഭയില്‍ ഉന്നയിക്കുമെന്നും ഭീഷണി മുഴക്കിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ്‌ ഇന്ത്യയില്‍ സംഭവിച്ച ഒരുകാര്യം ഓര്‍ക്കുന്നുണ്ടോ ആരെങ്കിലും? സി.ഇ.ഒ.മാരുടെ വേതനനിരക്കുകള്‍ വര്‍ദ്ധിക്കുകയും അതിനെ 'അത്യാര്‍ത്തിയോടെയുള്ള ഉപഭോഗം'എന്ന് വിളിക്കാന്‍ മനസ്സില്ലാമനസ്സോടെ നമ്മുടെ പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ എന്തൊരു പുകിലായിരുന്നു ഉണ്ടായത്‌? മാധ്യമങ്ങളുടെ രോഷം ആളിക്കത്തിയത്‌ ഓര്‍മ്മയില്ലേ? സാധാരണ നിലക്ക്‌ തങ്ങളുടെ അരുമയായ പ്രധാനമന്ത്രിയെ അന്ന് പക്ഷേ നിര്‍ത്തിപ്പൊരിച്ചു ഇതേ മാധ്യമങ്ങള്‍. സി.ഇ.ഒ.മാരുടെ ശമ്പളവും കിമ്പളവും വെട്ടിക്കുറക്കുകയോ? എങ്ങിനെ ധൈര്യം വന്നു അതു പറയാന്‍? ഈ ആളുകള്‍ എടുക്കുന്ന റിസ്കിന്‌ ഇത്ര കൊടുത്താല്‍ മതിയോ? ഇപ്പോള്‍ മേടിക്കുന്നതിന്റെ ഇനിയുമെത്രയോ ഇരട്ടി വാങ്ങാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക്‌ യോഗ്യതയുണ്ട്‌ എന്നൊക്കെയായിരുന്നില്ലേ അന്നത്തെ ന്യായപ്രമാണങ്ങള്‍?

വാള്‍ സ്ട്രീറ്റിലെ വമ്പന്മാര്‍ക്കു കൊടുക്കുന്ന അവിശ്വസനീയമായ വേതനനിരക്കുകള്‍ക്കും ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. വലിയ സാഹസികതകള്‍ സ്വയം ഏറ്റെടുത്തിട്ടായാല്‍പ്പോലും എല്ലാവരുടെയും ജീവിതം മനോഹരമാക്കാന്‍ വേണ്ടി മൂലധനം നല്ല രീതിയില്‍ ചിലവഴിക്കുന്ന ത്യാഗമൂര്‍ത്തികള്‍ എന്നൊക്കെയാണ്‌ ഇക്കൂട്ടരെ മാധ്യമങ്ങള്‍ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്‌. വലിയ സാഹസികതകള്‍ നമ്മുടെ ചുമലിലേക്കു മാറ്റുകയും, സ്വന്തം ജീവിതം മനോഹരമാക്കുകയായും ചെയ്യുകയായിരുന്നു അവരിത്രനാളും എന്ന് ഇപ്പോള്‍ ഏതായാലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ബാങ്കിന്റെ പതനം ആസന്നമായി എന്നു മനസ്സിലായിട്ടുപോലും, അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ മാത്രമാണ്‌, ബെയര്‍ സ്റ്റയണ്‍സിലെ (Bear Stearns) ഉദ്യോഗസ്ഥപ്രഭുക്കള്‍ സ്വന്തം പ്രതിഫലമായി ബില്ല്യണ്‍ കണക്കിനു ഡോളര്‍ ബോണസ്സായി എഴുതിവാങ്ങിയത്‌. തിരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധത്തില്‍, ബോണസ്സ്‌ വിതരണം ചെയ്യുന്ന സമയം അവര്‍ സമര്‍ത്ഥമായി നിജപ്പെടുത്തി. എല്ലാം നന്നായി നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിലൂടെ അവര്‍. അവരുടെ തടവിലായിരുന്ന സാമ്പത്തിക മാധ്യമങ്ങളും അന്ന് അതിനെ ചോദ്യം ചെയ്യുകയോ, ആ മിഥ്യാധാരണയെ ശല്യം ചെയ്യാനോ മുതിര്‍ന്നില്ല. പണ്ടു ചെയ്തിരുന്നതുപോലെ, എന്‍റോണിന്റെ മേധാവിയുടെ കൂലിയെഴുത്തുകാരായി തുടര്‍ന്നും കഴിയുകയായിരുന്നു ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ സാമ്പത്തികകാര്യ മാധ്യമലേഖകന്മാരും.

കമ്പോളത്തിന്റെ അദൃശ്യമായ കയ്യുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കണമെന്ന് വാദിച്ചിരുന്ന ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? സര്‍ക്കാരിന്റെ ഇടപെടലിനും പൊതുമുതലിനെ രക്ഷിക്കുന്നതിനും വേണ്ടി മുറവിളി കൂട്ടുകയാണ്‌ ഇന്ന് ആ പഴയ ശക്തികള്‍. ചെരുപ്പ്‌ മറ്റേ കാലിലേക്ക്‌ മാറ്റിസ്ഥാപിച്ചിരിക്കുന്നു അവര്‍. ഒരു പ്രമുഖ ധനകാര്യ മാധ്യമം പുച്ഛത്തോടെ സൂചിപ്പിച്ചപോലെ, ഇന്നത്തെ ഈ പ്രതിസന്ധി, മുതലാളിത്തം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുടെ വാദങ്ങള്‍ക്ക്‌ ശക്തിപകരുന്ന ഒന്നാണ്‌.

എങ്കിലും, കമ്പോള മൗലികവാദിയെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. മുതലാളിത്തത്തിന്റെ ഈ പരാജയത്തെക്കുറിച്ച്‌ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണവര്‍. ഇന്നത്തെ ദുരവസ്ഥക്കു കാരണമായ നയങ്ങളെ വിമര്‍ശിക്കുന്നതിനെ ഇത്രനാളും അസഹിഷ്ണുതയോടെയും വെറുപ്പോടെയും നേരിട്ടവരാണ്‌ അവര്‍. ഭക്ഷ്യവില വര്‍ദ്ധിക്കുമ്പോള്‍ പോലും അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പട്ടിണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, കമ്പോളത്തിനെ അതിന്റെ പാട്ടിനു വിടുകയാണെന്ന് വാദിച്ച്‌ മുഖപ്രസംഗം എഴുതിയവര്‍പോലും അവരുടെ കൂട്ടത്തിലുണ്ട്‌. കമ്പോളത്തിന്റെയും സ്വതന്ത്രവ്യാപാരത്തിന്റെയും ജീവന്‍രക്ഷാ സ്വഭാവത്തില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നു എന്നായിരുന്നു അവര്‍ വിലപിച്ചിരുന്നത്‌.

എന്തായാലും, ഇന്ത്യയിലെ 'ചെറുകിട, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ വിലയിരുത്താന്‍', പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന്, സാമ്പത്തിക കാര്യാലയത്തിന്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌ എന്നറിയുന്നു. ലീമാന്‍ ബ്രദേഴ്സ്‌, ഫ്രെഡി മാക്‌-ഫാനീ മേയ്‌, എ.ഐ.ജി എന്നീ സ്ഥാപനങ്ങള്‍ മൂന്നുനിലയില്‍ പൊട്ടിപ്പാളീസായപ്പോഴാണ് ഈ ബോധോദയം വന്നിരിക്കുന്നത്‌. ഈ വാര്‍ത്ത ശരിയാണെങ്കില്‍, അത്‌ തീര്‍ച്ചയായും നല്ല സൂചനയാണ്‌. പക്ഷേ, എന്തൊക്കെ വിവരങ്ങളാണ്‌ പുറത്തുവരിക എന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക്‌ തിരിച്ചുപോകാം. ജോണ്‍ മക്‌‍കെയിന്‍ തന്റെ പ്രചരണപരിപാടി തിടുക്കത്തില്‍ ‘’നിര്‍ത്തിവെച്ച്’ വാഷിംഗ്‌ടണിലേക്ക്‌ തിരിച്ചു. 'വ്യക്തിപരവും രാഷ്ട്രീയവുമായ താത്‌പര്യങ്ങള്‍ക്കുമീതെ' 'സാമ്പത്തിക പ്രശ്നങ്ങളെ' സ്ഥാപിക്കുകയായിരുന്നുവത്രെ ആ വരവിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗം ശക്തമാണെന്ന് രണ്ടാഴ്ചമുന്‍പ്‌ പ്രഖ്യാപിച്ചത്‌ ഇതേ വ്യക്തിതന്നെയായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്‌. ബാരക്‌ ഒബാമയുമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്‌ സംവാദം നീട്ടിവെക്കണമെന്നും ജോണ്‍ മക്‌‍കെയിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക്‌ ഊന്നല്‍ കൊടുക്കണമെന്നായിരുന്നു അതിനു കാരണമായി പറഞ്ഞതെങ്കിലും, സ്വന്തം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുക എന്നതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്‌ എന്ന് തീര്‍ച്ച. ഭരണത്തിലിരിക്കുന്ന കക്ഷി എന്നനിലക്ക്‌, സംവാദം അത്രക്ക്‌ ഒരു സുഖാനുഭവമായിരിക്കില്ല അദ്ദേഹത്തിന്‌. ഇനി സംവാദത്തില്‍ വിദേശകാര്യമാണ്‌ ആദ്യം വരുന്നത്‌ എന്നുതന്നെ കരുതുക. അപ്പോഴും കാര്യം പരുങ്ങലിലാകും. ഇറാഖ്‌ യുദ്ധത്തിനെക്കുറിച്ച്‌ സംസാരിക്കേണ്ടിവരും. അതും സുഖകരമാവില്ല. ആ യുദ്ധത്തില്‍ അമേരിക്ക ചിലവഴിച്ചത്‌ ഒരു ട്രില്ല്യണ്‍ ഡോളറാണെന്നും, അതല്ല, മൂന്ന് ട്രില്ല്യണാണെന്നും വ്യത്യസ്തമായ കണക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

അതുകൊണ്ടാണ്‌ സംവാദത്തിനെക്കുറിച്ച്‌ ഒരു രസികന്‍ സൂചിപ്പിച്ചപോലെ, 'പട്ടി എന്റെ ഹോംവര്‍ക്ക്‌ തിന്നു' എന്ന മട്ടിലുള്ള 'ചരിത്രത്തിലെ ഏറ്റവും തരംതാണ വിശദീകരണ'വുമായി മക്‌‍കെയിനിനു പ്രത്യക്ഷപ്പെടേണ്ടിവന്നത്‌. സ്ഥാനമേല്‍ക്കാന്‍ പോകുന്ന അടുത്ത പ്രസിഡന്റിന്റെ സാമ്പത്തിക തത്ത്വശാസ്ത്രത്തെക്കുറിച്ചറിയാനാണ്‌ അമേരിക്കന്‍ ജനത ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ എന്ന ന്യായത്തില്‍ അയാള്‍ സംവാദത്തില്‍ പിടിച്ചുനിന്നു. ബുഷിന്റെ സര്‍ക്കാരുമായോ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയുമായോ ജോണ്‍ മക്‌‍കെയിനെ ബന്ധിപ്പിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതുകൊണ്ട്‌, ജോണ്‍ മക്‌‍കെയിന്‌ ആ സംവാദം ഒരുകണക്കിനു ഗുണകരമായി കലാശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അമിതമായ ചിലവിടലിന്റെ (ക്ഷേമപ്രവര്‍ത്തനത്തിന്റെ) ഫലമായിട്ടാണ്‌ ഈ പ്രതിസന്ധി ഉണ്ടായതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനും ജോണ്‍ മക്‌‍കെയിനു സാധിച്ചു.

ആ സമയത്തൊക്കെ, വാള്‍ സ്ട്രീറ്റിനെ രക്ഷപ്പെടുത്താനുള്ള വഴികളെക്കുറിച്ച്‌ ബുഷുമായി നിരന്തരം ചര്‍ച്ച ചെയ്യുകയായിരുന്നു ഒബാമയും ജോണ്‍ മക്കെയിനും. കടാശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടെലിവിഷനില്‍ ശോഭിക്കാന്‍ കച്ചകെട്ടി, സെനറ്റര്‍മാരും വാഷിംഗ്‌ടണിലേക്ക്‌ പ്രവഹിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖകന്‍ എഴുതിയതുപോലെ ഇതെല്ലാം ഉയര്‍ത്തുന്ന ചോദ്യം ഒന്നുതന്നെയാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്ന്.