നന്ദിഗ്രാം കത്തിയെരിയുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാരിലെ നീറോ പ്രഭൃതികള്‍ ക്ഷമയോടെ അത് നോക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് കുടിയൊഴിക്കല്‍ നടക്കുമ്പോള്‍ ആയുധമെടുക്കാന്‍ മുന്‍പന്തിയിലുണ്ടാകാറുള്ള ഇവര്‍, സ്വന്തം നാട്ടിലെ 'യുദ്ധഭൂമിയില്‍' ആളുകള്‍ അരുംകൊലചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായ ദൃക്‍സാക്ഷികളായി ഇരിക്കുകയാണ്. നന്ദിഗ്രാമിനെ 'യുദ്ധഭൂമി'യെന്ന് വിശേഷിപ്പിച്ച ഗവര്‍ണ്ണര്‍ ഗോപല കൃഷ്ണ ഗാന്ധിയുടെ പ്രവൃത്തിയെ 'ഭരണഘടനാവിരുദ്ധമെന്ന്' മുദ്രകുത്താനും സി.പി.എമ്മും അതിന്റെ നേതൃത്വവും ഉത്സാഹം കാണിച്ചു. ഗവര്‍ണ്ണറുടെ പരാമര്‍ശത്തെ ബംഗാള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്നു വിശേഷിപ്പിക്കുമ്പോള്‍, 'ഭൂമി തിരിച്ചുപിടിക്കാനുള്ള' സി.പി.എം നേതൃത്വത്തിന്റെ ആഹ്വാനത്തെ എങ്ങിനെയാണ് ഒരാള്‍ക്ക് നീതീകരിക്കാനാവുക?
അനിതരസാധാരണമായ ഈ പ്രതിസന്ധി ശക്തമായ ഒരു പ്രതികരണം അര്‍ഹിക്കുന്നു എന്നതാണ് വസ്തുത. ഒരു ഗവര്‍ണ്ണര്‍, അതും, ഗോപാല്‍ കൃഷ്ണ ഗാന്ധിയെപ്പോലെയൊരാള്‍ സര്‍ക്കാറിനെതിരായി പരസ്യമായി പ്രതികരിക്കുക എന്നത് അത്ര സാധാരണമല്ല. ആ പ്രതികരണം, നന്ദിഗ്രാമില്‍ നടക്കുന്ന സംഭവങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉത്‌കണ്ഠയും വേദനയുമാണ് വെളിവാക്കുന്നത്. തന്റെ കീഴിലുള്ള ഒരു സംസ്ഥാനം, ഭരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പോലും നിരാകരിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന ഒരു ഗവര്‍ണ്ണര്‍ക്കും മൗനം പാലിക്കാന്‍ ആവുകയില്ല. മൗനം പാലിക്കുകയുമരുത്. സി.പി.എമ്മും മുഖ്യമന്ത്രിയും ഇപ്പോള്‍ ചെയ്യുന്നതുപോലെ, ചുമതലകളില്‍ നിന്ന് സ്വയം ഒഴിഞ്ഞുനിന്ന്, നിയമം കയ്യിലെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല, അത് ഗുജറാത്തായാലും ബംഗാളായാലും. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യാന്‍ സ്വന്തം അണികളെ ഒരു സര്‍ക്കാര്‍ ഉദ്‌ബോധിപ്പിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്രകാലവും നിശ്ശബ്ദത പാലിച്ചതും, കേന്ദ്രസേനകളെപ്പോലും പാര്‍ട്ടി അണികളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തിയതും? ഭരണത്തിന്റെ ചുമതല വഹിക്കാന്‍ ഒരു പാര്‍ട്ടിയെ ചുമതലപ്പെടുത്താന്‍ ഒരു സര്‍ക്കാരിനും അധികാരമില്ല. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രാജീവ് ഗാന്ധിയും, ഗോധ്രകലാപത്തിനുശേഷം മോഡിയും സംസാരിച്ച അതേ ഭാഷ തന്നെയാണ് ബംഗാള്‍ സര്‍ക്കാരും ഉപയോഗിക്കുന്നത്. വിയോജിക്കുന്നവരെയും തെറ്റു ചെയ്തവരെയും പാഠം പഠിപ്പിക്കുകയല്ല, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുകയാണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്.
പശ്ചിമ ബംഗാള്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. മാര്‍ക്സിസത്തിന്റെ പേരിലുള്ള ദുഷ്ഭരണത്തിന്റെയും, ബ്രാഹ്മണ മേധാവിത്വത്തിന്റെയും പ്രതീകമായി മാറിയ ഒരു സര്‍ക്കാരിനു നേരിടേണ്ടിവരുന്ന പരീക്ഷയാണ് ഈ പ്രതിസന്ധി. ഈ മേല്‍ക്കോയ്മയെ ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്, മമത ബാനര്‍ജി എന്ന് ഒരു സ്ത്രീയാണ്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നു എന്ന് അവകാശപ്പെടുന്ന അവരുടെ പൂര്‍വ്വകാല ചെയ്തികള്‍, പക്ഷെ, ഒട്ടും മഹത്തരമല്ല. ഡെല്‍ഹിയിലെ ഹിന്ദുത്വ ശക്തികളുമായുള്ള ബാന്ധവം എത്രകാലം അവര്‍ പുലര്‍ത്തുമെന്നും, ഭൂമിയുടെ പ്രശ്നങ്ങളില്‍ അവരുടെ നിലപാട് എന്താണെന്നുമാണ്,മമതയെ പിന്തുണക്കുന്നവര്‍ അവരോട് ആദ്യം ചോദിക്കേണ്ട ചോദ്യം. പക്ഷേ, എല്ലാ പ്രതിപക്ഷവും സി.പി.എം-നെ ഒന്നിച്ചെതിര്‍ക്കുന്ന പ്രത്യേക സ്ഥിതിവിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. എങ്കിലും, അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊന്നാണ്. മാധ്യമങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രദ്ധക്കും ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല.
നല്ല ഭരണത്തിന്റെയും, പഞ്ചായത്ത് രാജിന്റെയും, ഊതിപ്പെരുപ്പിച്ചുകാണിക്കുന്ന 'ഭൂപരിഷ്ക്കാരങ്ങളുടെയും' പ്രഭാപടലത്തിനുള്ളിലും, ഇടതുപക്ഷത്തിന്റെ ശരിക്കുള്ള മുഖം ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
നന്ദിഗ്രാമിലുള്ളത്, ഒരു വശത്ത് പ്രതീക്ഷയുടെ രജതരേഖയും, മറുവശത്ത് ബംഗാളിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ (ഭദ്രലോഗ്) രാഷ്ട്രീയവുമാണ്. രജതരേഖയെക്കുറിച്ച് ആദ്യം പറയാം. എന്തൊക്കെപ്പറഞ്ഞാലും, നന്ദിഗ്രാമിലെ ആളുകളുടെ ആവേശത്തെ നാം ഒരിക്കലും കാണാതിരുന്നുകൂടാ. എല്ലാ പരമ്പരാഗത സങ്കല്‍പ്പങ്ങളെയും അത് മറികടക്കുന്നു. ഇന്നത്തെ സര്‍ക്കാരുകള്‍, അത് ബംഗാളിലായാലും, മറ്റു സംസ്ഥാനങ്ങളിലായാലും, ജനങ്ങളുടെ ഭൂമി കവര്‍ന്നെടുത്ത്, പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും, അണക്കെട്ടുകള്‍ക്കും, വമ്പന്‍ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ക്കും, പങ്കിട്ട് കൊടുക്കുന്ന തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ്. അതും, ഒഴിപ്പിച്ചവരെ ഒരു വിധത്തിലും പുനരധിവസിപ്പിക്കാതെതന്നെ. ജനങ്ങളുടെ പ്രതിരോധമൊക്കെ കുറച്ചു കഴിഞ്ഞാല്‍ തണുത്താറുമെന്ന് ഭരണത്തിലുള്ളവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. ഭൂമി കയ്യേറല്‍ പോലുള്ള തങ്ങളുടെ അപകടകരമായ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഈ അറിവ് അവരെ പ്രാപ്തരാക്കുന്നു. ഈ കാര്യത്തില്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കും, പ്രാദേശിക കക്ഷികള്‍ക്കും യോജിപ്പാണുള്ളത്. ജനങ്ങളുടെ അടിയന്തിരാവശ്യങ്ങളില്‍നിന്ന് അവര്‍ ഒളിച്ചോടുകയും, തല്‍ഫലമായി, ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക്, ഒരുപക്ഷേ തീരെ ജനാധിപത്യപരമല്ലാത്ത മറ്റു മാര്‍ഗ്ഗങ്ങളെ അവലംബിക്കേണ്ടിവരുകയും ചെയ്യുന്നു.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭൂപരിഷ്ക്കരണ പ്രശ്നത്തില്‍ പ്രതിബദ്ധത കാണിച്ച ഒരേയൊരു പാര്‍ട്ടി മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. പക്ഷേ ബുദ്ധദേവിനുള്ളത് മറ്റു ചില ഉദ്ദേശ്യങ്ങളാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി യാതൊരു വ്യവസായവത്ക്കരണവും കാര്യമായി നടക്കാതിരുന്ന ബംഗാളില്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്ന മദ്ധ്യവര്‍ഗ്ഗ ബംഗാളികളെയാണ് അദ്ദേഹം ഉന്നംവെക്കുന്നത്. 'വ്യവസായകേന്ദ്ര'മെന്ന ബഹുമതി നേടിയെടുക്കാനാവാതെ 'പ്രതിച്ഛായ നഷ്ടമായ' കൊല്‍ക്കൊത്തയുടെയും ബംഗാളിന്റെയും കാര്യത്തില്‍ മനംനൊന്ത്, 'നിക്ഷേപം' സ്വരൂപിക്കാന്‍ പ്രതിജ്ഞാബദ്ധമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ബുദ്ധദേവ്. ഇന്‍ഡോനേഷ്യയിലെ കമ്പനിയെ തിരഞ്ഞെടുത്തതിന്റെ പിന്നിലെ ഉദ്ദേശ്യവും തിരിച്ചറിയേണ്ടതുണ്ട്. പൂര്‍വ്വകാല ചെയ്തികളില്‍നിന്നു വ്യത്യസ്തമായി, ഇന്‍ഡോനേഷ്യന്‍ കമ്പനിക്ക് കരാര്‍ കൊടുത്തത്, ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ-വിരുദ്ധ, മതനിരപേക്ഷ നിലപാടിന്റെ തെളിവാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ബംഗാളിലാകട്ടെ, ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ദളിതുകളും, മുസ്ലിമുകളുമാണ്.നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമി, അല്ലെങ്കില്‍, 19,000 ഏക്കര്‍ ഭൂമി എന്താവശ്യത്തിനാണെന്നതാണ് ഏറ്റവും വിഷമം പിടിച്ച ചോദ്യം. പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്, ഹാള്‍ഡിയ പെട്രൊകെമിക്കലിന്റെ മേധാവികൂടിയായ പാര്‍ട്ടി എം.പി. ലക്ഷ്മണ്‍ സേഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നത് എന്നാണ്. ഇതൊക്കെ നടക്കുന്നത്, ബംഗാളിനെ വ്യവസായവത്‌ക്കരിക്കുക എന്ന പേരിലും. ആളുകളെ നിരാധാരമാക്കാനും, വ്യവസായികളെ ക്ഷണിച്ചുവരുത്താനും കൂട്ടുനില്‍ക്കുന്നതില്‍, എല്ലാ 'ദേശീയ മാധ്യമങ്ങളും' പൂര്‍ണ്ണപിന്തുണയാണ് ബംഗാള്‍ സര്‍ക്കാരിനു നല്‍കുന്നത്. ജനങ്ങളുടെ താത്‌പര്യങ്ങളേക്കാള്‍, സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന മാധ്യമങ്ങള്‍, മോഡിയുടെ അഴിമതി ഭരണത്തെയും, മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള അയാളുടെ പൂര്‍വ്വകാല കുറ്റകൃത്യങ്ങളെയും, ഭംഗിയായി തമസ്ക്കരിച്ച് തങ്ങളുടെ കോര്‍പ്പറേറ്റ് താത്‌പര്യങ്ങള്‍ എങ്ങിനെയാണോ സംരക്ഷിച്ചത്, അതേ വിധത്തില്‍തന്നെയാണ്, വികസനത്തിന്റെ പേരും പറഞ്ഞ്, ദേശീയ മാധ്യമങ്ങള്‍, ജനങ്ങളുടെ ചിലവില്‍, ബുദ്ധദേവ് എന്ന മുഖ്യമന്ത്രിയെ താരപദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതും.
സി.പി.എം-ഉം സഖ്യകക്ഷികളും കോണ്‍ഗ്രസ്സിന്റെ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളെ പലപ്പോഴും എതിര്‍ത്തുപോന്നിട്ടുണ്ട്. പക്ഷേ, അതേസമയം പല പദ്ധതികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോഡിക്കെതിരെ സത്യസന്ധമായ നിലപാടെടുക്കുകയും, ലോകവ്യാപാര സംഘടനക്കെതിരായി ഗംഭീര റാലികള്‍ സംഘടിപ്പിക്കുകയും ചെയ്ത അതേ രാഷ്ട്രീയപാര്‍ട്ടി തന്നെ, സ്വന്തം സംസ്ഥാനത്തിന്റെ കാര്യം വരുമ്പോള്‍, കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നു. നന്ദിഗ്രാം സന്ദര്‍ശിക്കാന്‍ ആളുകളെ അനുവദിക്കുക എന്നതുപോയിട്ട്, ഒരു തുറന്ന ചര്‍ച്ചക്കുപോലും അവര്‍ തയ്യാറാവുന്നില്ല.
നിര്‍ദ്ദിഷ്ട പ്രത്യേക സാമ്പത്തികമേഖല ആയിരക്കണക്കിനാളുകളെ, പ്രത്യേകിച്ചും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ, കുടിയൊഴിപ്പിക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നന്ദിഗ്രാമിന്റെയും, സിംഗൂരിന്റെയും കാര്യത്തിലാണെങ്കില്‍, ഇവരില്‍ ഭൂരിഭാഗവും മുസ്ലിമുകളും ദളിതുകളുമാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വിഭാഗങ്ങള്‍, സി.പി.എം-ന്റെ വോട്ട്ബാങ്കില്‍ പെടുന്നവരുമല്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്വാനി നടത്തിയ പരാമര്‍ശങ്ങളുടെ അതേ ചുവടുപിടിച്ച് മദ്രസ്സകളെയും, ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികളെയുംകുറിച്ച് സംസാരിക്കാന്‍ വൈമുഖ്യം കാണിക്കാതിരുന്ന മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രിക്ക്, ബംഗാളിലെ മദ്ധ്യ-ഉപരിവര്‍ഗ്ഗങ്ങള്‍ക്കോ, പാര്‍ട്ടി അനുഭാവികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്കോ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍, സെസ്സ് പോലുള്ള സംരംഭങ്ങള്‍ കൊണ്ടുവരേണ്ടത് നല്ല ഒരു കാര്യമായി തോന്നിയിരിക്കണം. ടാറ്റയുടെ ഒരു ലക്ഷം രൂപ വിലവരുന്ന കാര്‍ ഫാക്ടറിയിലോ, സലിമിന്റെ കെമിക്കല്‍ കമ്പനിയിലോ ജോലികിട്ടാന്‍ ഇടയുള്ള സ്വന്തം അണികളെ എന്തിനു മുഷിപ്പിക്കണമെന്ന് അവര്‍ കരുതിയിട്ടുണ്ടാകും. ഈ കമ്പനികളില്‍ ജോലി കിട്ടുന്നത് മുസ്ലിമുകള്‍ക്കും, ദളിതുകള്‍ക്കുമൊന്നുമാവില്ല. അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഭദ്രലോക സമൂഹം, തങ്ങളുടെ പ്രശ്നങ്ങളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന അലംഭാവത്തിനും വ്യവസായത്തിന്റെ കാര്യത്തില്‍ പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്ന നിര്‍ജ്ജീവാവസ്ഥക്കും സര്‍ക്കാരിനെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്, പലപ്പോഴും. ദളിതുകളുടെയും മുസ്ലിമുകളുടെയും പ്രശ്നങ്ങളില്‍ ഇടതു സര്‍ക്കാര്‍ ഇനിയും തങ്ങളുടെ നിലപാടുകള്‍ വ്യക്താമാക്കേണ്ടതായിട്ടാണിരിക്കുന്നത്. അവര്‍ക്കുവേണ്ടിയുള്ള ഭൂപരിഷ്ക്കരണങ്ങള്‍ എവിടെവരെയെത്തി? സര്‍ക്കാര്‍ ജോലികളിലും, പോലീസിലും, മറ്റു വിഭാഗങ്ങളിലും അവര്‍ക്ക് കിട്ടേണ്ട മതിയായ പ്രാതിനിധ്യം അവര്‍ക്ക് കിട്ടിയിട്ടുണ്ടോ? തങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ട് സംവരണത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് ബംഗാളിലെ മദ്ധ്യവഗ്ഗം നില്‍ക്കുന്നത്. മുസ്ലിമുകളെ മാറ്റിനിര്‍ത്തിയാല്‍, മദ്ധ്യവര്‍ഗ്ഗത്തിന്റെ ഈ കപടനാട്യംകൊണ്ട് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്, ബംഗാളിലെ തോട്ടികളാണെന്നുള്ള പരമാര്‍ത്ഥം നിഷേധിക്കാനാവില്ല. വളരെ ആശങ്കയുളവാക്കുന്ന ഒന്നാണ് ബംഗാളിലെ ദളിതുകളുടെ ജീവിതം. തോട്ടിസമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ് ബംഗാള്‍. ബംഗാളിന്റെ ഈ തീക്ഷ്ണ യാഥാര്‍ത്ഥ്യം പുറംലോകം അറിയുന്നതില്‍ തീരെ തത്‌പരരല്ല മാര്‍ക്സിസ്റ്റു പാര്‍ട്ടിയും, അവര്‍ക്ക് പ്രാമുഖ്യമുള്ള ബുദ്ധിജീവിവര്‍ഗ്ഗങ്ങളും. എന്‍.റാമിനെപ്പോലുള്ള കറകളഞ്ഞ അനുഭാവികള്‍പോലും, ഈ തോട്ടിപ്പണിയുടെ പ്രശ്നത്തില്‍ ബംഗാള്‍ ഗവണ്മെണ്ടിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനുമുന്‍പ് ഇരുവട്ടം ആലോചിക്കാന്‍ മുതിര്‍ന്നില്ല. ഇപ്പോള്‍ നന്ദിഗ്രാമിന്റെ പ്രശ്നത്തിലും, ഇന്ത്യയിലെ ഏറ്റവും 'സെക്കുലര്‍'ആയ ഈ പത്രം പാദസേവ ചെയ്യുന്നത് ബ്രാഹ്മണ്യത്തിനെയാണ്. ദക്ഷിണേന്ത്യയിലെ 'ഹിന്ദു'വിന്റെ വായനക്കാര്‍ക്ക് നല്ലവണ്ണമറിയാം, സെക്കുലറിസത്തിന്റെ പേരുംപറഞ്ഞ് ആ പത്രം ആരുടെ താത്‌പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന്. ബുദ്ധദേവിന്റെ മറ്റൊരു മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ ഗോയെങ്കയുടെ ഇന്ത്യന്‍ എക്സ്പ്രസ്സാണ്. സ്വകാര്യവത്ക്കരണത്തെ പിന്താങ്ങുന്ന, ഇന്ത്യയിലെ അഴിമതിഭരിതമായ മദ്ധ്യവര്‍ഗ്ഗത്തിന്റെ ശബ്ദമാണ് ഇന്ത്യന്‍ എക്സ്പ്രസ്സ്. ജനങ്ങളെ കുടിയൊഴിപ്പിച്ച് വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ഏതു സര്‍ക്കാര്‍ ശ്രമിച്ചാലും അതിനെ എപ്പോഴും പിന്തുണച്ചിട്ടുള്ള പാരമ്പര്യമാണ് ആ പത്രത്തിനുള്ളത്.
(തുടരും)
countercurrents.org-ന്റെ, നവംബര്‍ 14-ലെ ലക്കത്തില്‍ വിദ്യാഭൂഷന്‍ റാവത്ത് എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.
Showing posts with label കടപ്പാട് -. Show all posts
Showing posts with label കടപ്പാട് -. Show all posts
Thursday, November 15, 2007
Subscribe to:
Posts (Atom)