Showing posts with label ഷാർജ. Show all posts
Showing posts with label ഷാർജ. Show all posts

Saturday, May 17, 2008

കുടിയൊഴിക്കൽ



ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ എന്നും കാണാറുള്ള ഒരു സ്ഥലമാണ്‌ ഷാർക്കിയ. എങ്ങിനെയാണ്‌ ഇത്തരത്തിലൊരു സ്ഥലം ഷാർജയിലെ റിയൽ എസ്റ്റേറ്റ്‌ പ്രഭുക്കന്മാരുടെയും അവരുടെ സിൽബന്തികളായ മുനിസിപ്പാലിറ്റിയുടെയും കണ്ണിൽപ്പെടാതെ, ഇപ്പോഴും നിലനിൽക്കുന്നതെന്ന്, കാണുമ്പോഴൊക്കെ അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്‌. നമ്മുടെ ഇന്ത്യന്‍ ധാരാവിയുടെ ഒരു ചെറിയ പതിപ്പ്‌.

ഏതായാലും പ്രതീക്ഷ തെറ്റിയില്ല.

ഷർക്കിയ ഭാഗത്തുള്ള പത്ത്‌ കുടുംബങ്ങളെ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ ഒഴിപ്പിച്ചിരിക്കുന്നതായി ഇന്ന് വാർത്ത വന്നിരിക്കുന്നു.

തങ്ങളുടെ വീട്ടുസാമഗ്രികൾ എടുക്കാൻ പോലും അവരെ അനുവദിച്ചില്ലെന്നും വാർത്തയിലുണ്ട്‌. ഈ മഹാനഗരത്തിലെ മുനിസിപ്പൽ അധികൃതരുടെ വകതിരിവിനെക്കുറിച്ച്‌ ബോദ്ധ്യമുള്ളവർക്ക്‌ അത്‌ വിശ്വസിക്കാതിരിക്കാനാവില്ല. വർഷങ്ങളായി അവിടെ താമസിച്ചുവരുന്ന ഇരുന്നോറോളം കുടുംബങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്ഘാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്‌. ടാക്സിഡ്രൈവർമാരും, തുച്ഛവരുമാനക്കാരായ മറ്റു ജോലിക്കാരും അതിൽ പെടുന്നു. അവരെയൊക്കെയാണ്‌ ഒരു സുപ്രഭാതത്തിൽ കുടിയിറക്കിവിട്ടിരിക്കുന്നത്‌.

ഷാർജയിലെ സ്വാതിതിരുനാൾ തിരുമനസ്സും, തിരുമനസ്സിന്റെ മുനിസിപ്പൽ പ്രഭൃതികളും ഈ തെറ്റ്‌ തിരുത്തണം. ഒന്നുകിൽ, ഈ സാധുക്കളെ അവരുടെ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിൽ ഏൽപ്പിക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ ജീവിക്കാൻ ആവശ്യമായ എന്തെങ്കിലുമൊരു സംവിധാനം ചെയ്തുകൊടുക്കകയോ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്‌. അതുണ്ടായില്ല. അതിനുപകരം, ഇന്ത്യൻ മഹാനഗരങ്ങളിലെ പകൽക്കൊള്ളക്കാരായ നഗരസഭാപ്രഭുക്കന്മാരുടെ അതേ പാത പിന്തുടരുകയാണ്‌ ഇവരും ചെയ്യുന്നതും ഇപ്പോള്‍ ചെയ്തിരിക്കുന്നതും.

വളരെ ഉയർന്ന വരുമാനക്കാരല്ലാത്തവരാരും ഇവിടെ ജീവിക്കരുതെന്നാണെങ്കിൽ, അത്‌ തുറന്നുപറഞ്ഞ്‌, അതിനുള്ള നടപടികളെടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നാട്ടുകാരുടെയും പ്രവാസികളുടെയും നിത്യജീവിതം ദുഷ്ക്കരമാക്കി, അവരെ പുകച്ചുപുറത്തുചാടിക്കുകയല്ല ശരിയായ മാർഗ്ഗമെന്ന് ഭരണാധികാരികൾ ഇനിയെങ്കിലും തിരിച്ചറിയണം.

റിയൽ എസ്റ്റേറ്റ്‌ ശക്തികളുടെ കമ്പോളമത്സരങ്ങൾക്ക്‌ അടിയറവുപറയുമ്പോൾ, ഭൂമിയെ പണയപ്പെടുത്തി ചൂതുകളിക്കുകയാണ്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. അതിന്റെ ദൂഷ്യഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. ദുബായുടെ ചുവടുപിടിച്ച് ഷാര്‍ജയും, അജ്‌മാനും, ഫുജൈറയുമൊക്കെ ഈ നിരന്തരമായ ചൂതുകളിയിലൂടെ ഇന്നു ചെയ്യുന്നത്, തങ്ങളുടെ സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏതാനും സ്വാര്‍ത്ഥമോഹികളായ കച്ചവടക്കാര്‍ക്ക് വിറ്റുതുലക്കുകയാണ്.

ഒരു നല്ല ജീവിതം സ്വപ്നം കണ്ട് ഇത്രനാളും ഈ നല്ല നാട്ടില്‍ മല്ലിട്ടു ജീവിച്ച, തങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്കിടയിലും ഈ ഐക്യ അറബി നാടിനെ സ്നേഹിച്ചവരെയാണ് ഇന്ന്, ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ഈ റിയല്‍ എസ്റ്റേറ്റ് തകരകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കുടിയിറക്കുന്നത്. അനീതിയല്ലാ‍തെ മറ്റൊന്നുമല്ല ഇത്.

കുടിയിറക്കപ്പെടുന്നവന്റെ വേദന, അത്‌ പാലസ്തീനിലായാലും, മൂലമ്പള്ളിയിലായാലും, കൊച്ചമ്പാമ്പയിലായാലും, ഷാർക്കയിലായാലും ഒരുപോലെയാണെന്ന് തിരുമനസ്സുകൾ ഇനിയെങ്കിലും ഓർക്കണം. അതിനെ കണ്ടില്ലെന്നു നടിക്കരുത്‌.