Saturday, March 3, 2007

ഒരു കത്ത്‌

കൊച്ചുബാവേ,സുഖമാണെന്ന് കരുതുന്നു. പണ്ടൊരിക്കല്‍ അബുദാബിയില്‍ വെച്ചു നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ട്‌. ഞാനോര്‍ക്കുന്നു. ഒരു കഥയരങ്ങിനു വന്നതായിരുന്നു താങ്കള്‍. ഇവിടുത്തെ പ്രവാസത്തിന്റെ തിരുവരങ്ങിലേക്കു ഞാനും. ഇവിടെ ഞങ്ങള്‍ക്കൊക്കെ സുഖമാണു. പരമസുഖം.

അവിടെ പത്രമാസികകളും പുസ്തകങ്ങളുമൊക്കെ കിട്ടാറുണ്ടോ. ഇവിടെ അതിന്റെ (ആരോ പറഞ്ഞ പോലെ) അയ്യരുകളിയാണു. റേഡിയോക്കു പിന്നാലെ പത്രങ്ങള്‍ വന്നു. മാസികകള്‍, ചാനലുകള്‍ ഒക്കെയുണ്ട്‌. സായാഹ്നബഡായികള്‍. അതു വേറെയും. ചുരുക്കത്തില്‍ നല്ല സുഖമാണ്‌. എല്ലാം കണിശമായി അറിയാനാവും. എന്നാലൊന്നുമൊട്ടു അറിയുകയും വേണ്ട. ഒരൊഴുക്ക്‌. അതിലൊരു സുഖകരമായ ഒഴുകല്‍.

ആര്‍ക്കും എന്തും ആകാമെന്നായിട്ടുണ്ട്‌. അതല്ലെ ശരിക്കുള്ള സുഖം? ജീവിക്കാം. കൂത്താടാം. തിരഞ്ഞെടുപ്പുകള്‍ നടത്താം. അട്ടിമറിക്കാം. അവനവനുവേണ്ടിയുള്ള കടമ്പകളെക്കൊണ്ട്‌ നിറക്കാം. അവറ്റ കടമ്പകളാവുന്നു എന്ന് തോന്നുമ്പോള്‍ ഒതുക്കാം . കഥകളും കവിതകളുമെഴുതാം. രണ്ടും കെട്ടതുമാവാം. നാട്ടില്‍നിന്നു ഈ വഴിക്കെങ്ങാനും ഒഴുകുന്ന വല്ലഭന്മാരേയും, പുംഗവന്മാരെയും തരത്തിനൊപ്പിച്ച്‌ അവനവന്റെയും, അന്യന്റെയും വെളിമ്പറമ്പുകളിലേക്ക്‌ ആനയിക്കാം. ഇരിപ്പുവശം ഗണിച്ച്‌ കൂലിക്കോ, ചുളുവിനോ. ആനയിക്കാം എന്നു വെറുതെ പറഞ്ഞതല്ല കേട്ടോ. ആന മാത്രമേ ഇല്ലാതുള്ളു. താലപ്പൊലി, പഞ്ചവാദ്യം, നാദസ്വരം എല്ലമുണ്ട്‌. പിന്നെ ആനയെന്തിനു ബാവെ? അഥവാ, ഈ വരുന്നവര്‍ തന്നെയല്ലെ ഞങ്ങളുടെ ആനകള്‍? ഏഴെട്ടു മാസം മുന്‍പു ഒരാനയെ ഞങ്ങള്‍ എഴുന്നള്ളിച്ചു. മിഥുനവെയിലില്‍ കുറെ നേരം പുറത്തു നിര്‍ത്തി, ഒടുവില്‍ ആനയെക്കാണാന്‍ വന്ന പാവം മാധ്യമക്കുട്ടികളെ മാത്രം സാക്ഷിനിര്‍ത്തി, ഉഷ്ണിപ്പിച്ചു, മദമിളക്കി തിരിച്ചുവിട്ടു. ഒരാഴ്ച്ചയെങ്കില്‍ ഒരാഴ്ച, അതുകൊണ്ടു ഞങ്ങള്‍ ധന്യമാക്കി. ഞങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല ബാവെ, എന്തെങ്കിലുമൊക്കെ വഴി വിട്ടുള്ള തരക്കേടുകള്‍ വേണമല്ലൊ ഞങ്ങള്‍ക്കും ഈ പ്രവാസച്ചൂടിനെ അല്‍പ്പമെങ്കിലും ശമിപ്പിക്കാന്‍. അടുത്ത്‌ കിട്ടാന്‍ ഇടയുള്ള മറ്റേതെങ്കിലും ആനക്കുവേണ്ടിയുള്ള തീരാത്ത ജീവിതമാകുന്നു ബാവെ, ഞങ്ങളുടെ ജീവിതം. നിങ്ങളെയൊന്നും ഇനി പ്രതീക്ഷിക്കാനും വയ്യല്ലൊ. അല്ല, അറിയാന്‍ താല്‍പ്പര്യമുണ്ട്‌. ഒന്നിത്രടംവരെ വരാന്‍ വല്ല വഴിയുമുണ്ടോ? തമാശയാണെന്നു കരുതരുതേ.

ഇവിടുത്തെ ജീവിതം എന്തുകൊണ്ടാണിങ്ങനെ കോലാഹലപ്പെട്ടുപോവുന്നതെന്ന് ചിലപ്പോള്‍ അല്‍ഭുതം തോന്നും. എന്തുനേടാന്‍? മറ്റുനിവൃത്തിയൊന്നുമില്ലാതെ വരുന്നവരുണ്ട്‌. അവരെക്കുറിച്ചല്ല പറയുന്നത്‌. മറ്റു നിവൃത്തികള്‍ ഉണ്ടായിരുന്നിട്ടും മനപ്പൂര്‍വം പ്രവാസം തിരഞ്ഞെടുത്തവര്‍. എന്നിട്ടോ? അതിന്റെ മടുപ്പും, കുറ്റബോധവും കുത്തിനിറച്ച മുന്നൂറ്ററുപത്തഞ്ചു ദിവസസഞ്ചികളും പേറിയങ്ങനെ നടക്കുക. അതൊക്കെ മറക്കാനായിരിക്കുമോ ഈ മേളവും പഞ്ചാരിയുമൊക്കെ? ഇപ്പോളെന്താണു ഇങ്ങനെയൊക്കെ തോന്നാന്‍ എന്നായിരിക്കും താങ്ങളുടെ ഉള്ളില്‍, അല്ലെ? ഇപ്പ്പ്പോള്‍ തോന്നിയതൊന്നുമല്ല. പലപ്പോഴും തോന്നിയിരുന്നത്‌ ഇപ്പോള്‍ പറഞ്ഞു എന്നു മാത്രം. തീരെ പരിചയമില്ലത്ത, എത്തിപ്പെടേണ്ടിയിരുന്നില്ലാത്ത ഒരിടത്ത്‌ വന്നുപെട്ടപോലെ. ബാവയെ ഒരുകാര്യത്തില്‍ സമ്മതിച്ചേ പറ്റൂ. പ്രവാസാനുഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ പാകത്തില്‍ സംവേദനക്ഷമതയുണ്ടായിട്ടും ആ കാന്‍വാസ്സുകള്‍ അധികവും തിരിച്ചുവെച്ചത്‌ നിത്യജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ പൊതു ഇടങ്ങളിലേക്കായിരുന്നു. കറുത്ത ഫലിതമെന്നൊക്കെ ആ കഥകളെക്കുറിച്ച്‌ വ്യാഖാനപ്പടപ്പുകളുമുണ്ടായിട്ടുണ്ട്‌. കറുപ്പിന്റെ മേനിയഴകിനോടു അസൂയ തോന്നിയിരുന്നു എന്നത്‌ ശരി. എന്നാല്‍ എവിടെയായിരുന്നു ആ കഥകളില്‍ ഫലിതം? ദയാരഹിതമായ പറച്ചിലുകളല്ലാതെ?

സ്വസ്ഥമായിരുന്ന ഇവിടുത്തെ ജീവിതത്തില്‍ ഈയിടെയായി ഒരു ഇളക്കം തട്ടിയിട്ടുണ്ട്‌. അടിയൊഴുക്കുകള്‍, ഉരുള്‍പൊട്ടലുകള്‍, അവിടവിടെയായി. ആവര്‍ത്തനഭദ്രമായ ഋതുമാമാങ്കള്‍ക്കിടക്ക്‌ സ്വൈര്യക്കേടുപോലെ രാമഗിരിയിലെ യക്ഷന്മാരുടെ മുറുമുറുക്കലുകള്‍. അശാന്തികള്‍. തങ്ങളുടെ ജീവിതം ഇങ്ങനെയൊന്നുമായിരുന്നില്ല ആവേണ്ടിയിരുന്നത്‌ എന്നാണോ ആ അശാന്തിയുടെ അര്‍ത്ഥം. തീര്‍ച്ച പറയാന്‍ ഞാനാളല്ല കേട്ടോ. ആ യക്ഷന്മാരെ ദൂരെ നിന്നുകാണാനേ ഞങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളു. എങ്കിലും ആ ഉള്ളുരുക്കം അറിയാറുണ്ട്‌. പക്ഷെ ദൂരെ നിന്ന് അറിയലും, ആയിത്തീര്‍ന്ന് അനുഭവിക്കലും രണ്ടും രണ്ടല്ലെ? ഞങ്ങളെ കുറ്റം പറയാനും വയ്യ. പകലന്തിയോളം ശീതീകരിച്ച മുറികളിലിരുന്ന് പതിയിരുന്നങ്കം. കുടുംബം, സൗഹൃദസന്ദര്‍ശനങ്ങള്‍ ബോധം മങ്ങിയ സായാഹ്നങ്ങളുടെ മങ്ങൂഴങ്ങള്‍, സീരിയലുകളുടെയും, പുത്തന്‍ റിലീസുകളുടെയും കാഴ്ചശ്ശീവേലികള്‍.

പക്ഷെ പ്രവാസിയും, അവന്റെ തീരാത്ത സ്റ്റ്രെസ്സും ഞങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട വിഷയമാണു ബാവേ (അവന്റെ സ്റ്റ്രെസ്സ്‌ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നുപോലും ആലോചിച്ചുപോകാറുണ്ട്‌) ഏതു ചാനല്‍, മാധ്യമ ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ ഇടുന്ന വഴിമരുന്നാണ്‌ പ്രവാസിയും അവന്റെ പ്രശ്നങ്ങളും എന്നത്‌. ആ വള്ളിയില്‍ പിടിച്ച്‌ ഞങ്ങള്‍ ഊഞ്ഞാലാടും. കൂടിക്കൂടി വരുന്ന ജീവിതച്ചിലവ്‌, വാടക, കുട്ടികളുടെ പഠനം തുടങ്ങി, ഒടുവില്‍ചെന്ന് വിമാനക്കൂലിയിലെ അന്യായവര്‍ദ്ധനവിനെതിരെ ശേഷിക്കുന്ന പന്നിപടക്കങ്ങളൊക്കെ വാരിയെറിയുന്നതില്‍ വരെ ചെന്നെത്തും ഞങ്ങളുടെ ധര്‍മ്മരോഷങ്ങള്‍. പക്ഷെ, രാമഗിരിയിലെ യക്ഷന്മാരുടെ കാര്യം. അതു ഞങ്ങളുടെ ഉറക്കം കെടുത്താറേയില്ല. ഇതുവരെ ഇല്ല. രാത്രിയുടെ മറപറ്റി ഞങ്ങള്‍ അവരെ പ്രവാസവകുപ്പിന്റെ അമ്മതൊട്ടിലില്‍ കിടത്തിപ്പോന്നിരിക്കുകയാണ്‌. അവര്‍ കുഞ്ഞിക്കണ്ണ്‍ തുറന്ന് കരഞ്ഞാലും കൈകാലിട്ടടിച്ചാലും ഒന്നേയുള്ളു ഞങ്ങള്‍ക്ക്‌ സമാധാനം.ഞങ്ങളുടെ പൊന്നോമനകളാണവര്‍. ഞങ്ങളുടെ എല്ലാ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തനങ്ങളും അവര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയാര്‍ക്കുവേണ്ടിയാണ്‌?

അപ്പോളതാ വരുന്നു ഗള്‍ഫിനെ വലംവെച്ച്‌ ഒരു ചൂടുള്ള അപ്പം. ഹോട്ട്‌ ഇഷ്യൂ. എന്താണെന്നല്ലെ? ഗള്‍ഫിലെ വ്യാജ സി.ഡി.വില്‍പ്പന. ഈ റൗണ്ടപ്പ്‌ നമ്മുടെ ഗണപതിയുടെ കഥപോലെയാണ്‌. ചുരുക്കത്തിലൊരു ഓട്ടപ്രദക്ഷിണം. സഹജാതനെ തോല്‍പ്പിക്കലും. പ്രകൃതി-പുരുഷന്മാരെ സുഖിപ്പിക്കലും ഒറ്റയടിക്ക്‌ ഒന്നിച്ച്‌ കഴിഞ്ഞു. പാവം വ്യാജ സി.ഡി ക്കാരനെ ഏറുകണ്ണാല്‍ ഒരു റാഞ്ചല്‍. പാവപ്പെട്ട സിനിമാനിര്‍മ്മാതാക്കളെയും, പഞ്ചപാവങ്ങളായ മെഗാസ്റ്റാറുകളെയും ഇക്കിളിയാക്കി ഒരു വെണ്ണിലാച്ചിരി. ആത്മാവിഷ്ക്കരത്തിന്റെ കാര്യമാണെങ്ങില്‍ അതങ്ങിനെ. "ഒന്നു മറ്റൊന്നിനെ കാര്‍ന്നുതിന്നുന്ന" അതിജീവനത്തിന്റെ രസതന്ത്രം.

എങ്കിലും, ചിലരൊക്കെ സാര്‍ഥകമായ്‌ ജീവിക്കുന്നുണ്ട്‌.നമ്മുടെ ഈ ഐക്യനാട്‌ മുഴുവനായും മരുഭൂമിയായില്ലല്ലൊ എന്നു സമാധാനം തോന്നും അപ്പോള്‍. തീ പിടിച്ച മനസ്സുമായി ഓടിനടക്കുന്നുണ്ട്‌ ആ ചിലര്‍. "തീ പിടിച്ച" എന്ന ക്ലീഷെയൊന്നും ബാവയുടെയടുത്ത്‌ ചിലവാവില്ല. ഓര്‍ക്കാതെ പറഞ്ഞുപോയതാണു. മാറ്റിപ്പറയാം. ഉള്ളിലെ തീ തീരെ അണയാത്തവര്‍. പേരൊന്നും എടുത്ത്‌ പറയുന്നില്ല. 'ചിലര്‍' എന്നുമാത്രം കൂട്ടിയാല്‍ മതി.

പറഞ്ഞുവന്നാല്‍ ഇനിയുമുണ്ട്‌ ധാരാളം പറയാന്‍. പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ല എന്ന തോന്നല്‍ കലശലായും ഉണ്ട്‌. സുറാബ്‌ വല്ലപ്പൊഴും എഴുതാറുണ്ട്‌. കണ്ണന്‍കുട്ടി നാടുവിട്ടു. താങ്കളുടെ പഴയ പൂമുഖത്തിരുന്ന് (വ)സൂരി നമ്പൂതിരിമാര്‍ ഇടക്കിടക്കു വെടിവട്ടം നടത്താറുണ്ടെന്നും ഇയ്യിടെ ആരോ പറഞ്ഞുകേട്ടു. അരവിന്ദന്‍ പണിക്കശ്ശേരിയെ കുറെക്കാലം മുന്‍പു കണ്ടു. പിന്നെ ഈയടുത്തും. ആദ്യം കണ്ടപ്പോള്‍, അസ്സോസ്സിയേഷന്റെ തിരുവരങ്ങില്‍, ഉയരാത്ത തിരശ്ശീലയുടെ ഉള്‍വ്യാധി ഉള്‍ക്കൊണ്ട്‌, ഏതോ മലയാളിക്കുട്ടികളെ ചൊല്ലിയാട്ടം പഠിപ്പിക്കുകയായിരുന്നു. രണ്ടാമത്‌ കണ്ടപ്പോള്‍ എന്തോ അന്തംവിട്ടപോലെയും. ഒരു നല്ല കവിക്ക്‌ അന്തംവിടാനും, ഒരു നല്ല കഥാകാരനു നാടുവിടാനും ഒക്കെയുള്ള സ്ഥിതിയാക്കിയിട്ടുണ്ട്‌ ഞങ്ങള്‍ പ്രവാസികള്‍, ഇവിടെ.

ഞങ്ങളുടെ പ്രവാസവനങ്ങള്‍ താങ്ങളുള്ളപ്പോഴേതിനേക്കാള്‍ സമ്പന്നമാണ്‌ ബാവേ. ഓരോ മുക്കൂട്ടപ്പെരുവഴിയിലും ജീവനകലകള്‍, പ്രബോധനചന്ദ്രികകള്‍, സര്‍വ്വരോഗശാന്തി ശുശ്രൂഷകള്‍, അലൂമിനികള്‍, ഓര്‍ക്കുട്ട്‌ തട്ടകക്കൂട്ടങ്ങള്‍.

ഗീതയോടും, താജിനോടും, ശിവകുമാറിനോടും, വിക്ടര്‍, ഷെല്ലി, ചിറമേല്‍, ആദിയായ മഹത്തുക്കളോടും അന്വേഷണം പറയുമല്ലൊ.

വഴിയെ കാണാമെന്ന പ്രത്യാശയോടെ,

രാജീവ്‌ ചേലനാട്ട്‌

4 comments:

Unknown said...

rajeevji ഇതിനെ പിന്മൊഴികളുമാ‍ായി ബന്ധിപ്പിചാല്‍ കുറെപ്പേര്‍ക്ക് വായിക്കന്‍ അവസരമുണ്ടാകും. കമന്റ് അങ്ങോട്ട് പോകാന്‍ സെറ്റിംഗ്സില്‍ ഏര്‍പ്പാടുണ്ടാക്കിയാല്‍ മതി.
pinmozhikal@gmail.com എന്ന അഡ്രസ്സിലേക്ക് കമന്റ് എത്താന്‍ വഴിയുണ്ടാക്കിയാല്‍ മതി..

riyaz ahamed said...

കൊച്ചുബാവ!

ഒരു പ്രവാസിയാണെന്നു കൊച്ചുബാവയില്‍ നിന്ന് ഞാനറിഞ്ഞിരുന്നില്ല. സമകാലിക ലോകവുമായി നിരന്തരം താദാത്മ്യം കൊള്ളുന മനസ്സ്, ‘വ്ര്ദ്ധസദനം‘ എഴുതുമ്പോഴും ഒരു പ്രവാസിയുടേതാണേന്നറിയിച്ചിരുന്നില്ല!

പ്രവാസം ഒരു പ്രലോഭനമാണു. മലയാളിയെ സംബന്ധിച്ചിടത്തോളം അതൊരു വഴി തെറ്റലോ വഴി മുട്ടലോ അല്ലാതാവുന്നു. വഴി തെറ്റിയ സഞ്ചാരിയെപ്പോലെ അവന്റെ വഴികള്‍ പുതിയ കണ്ടെത്തലുകളിലേക്കു നീങ്ങുന്നില്ല. ജിപ്സികളുടെ ഒരുത്സവം പോലെ പുതിയ കാഴ്ചകളില്‍ അവന്റെ വഴിതേടല്‍ അവസാനിക്കുന്നു. അവന്റെ സുഖങ്ങള്‍ ഒരു ക്രെഡിറ്റ്‌ കാര്‍ഡിലും അവധി ദിവസങ്ങളിലെ ഷോപ്പിംഗ്‌ ആലസ്യങ്ങളിലും വഴുതി വീഴുന്നു.

ശിഹാബുദീന്‍ പൊയ്ത്തുംകടവ്, സിത്താര, സുറാബ്, ബഷീര്‍ മേച്ചേരി, സത്യന്‍ മാടാക്കര, എ.വി. അനില്‍കുമാര്‍, ഇ.എം. ഹാഷിം, കമറുദ്ദീന്‍ ആമയം, പി. എ. ആന്റണി,ഗിരീഷ്കുമാര്‍ കുനിയില്‍, അബ്ദുള്ള പേരാമ്പ്ര...

കൊച്ചുബാവയുടെ കസേര ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു!

Rajeeve Chelanat said...

കൊച്ചുബാവക്ക്‌ ഒരു കത്ത്‌...പിന്മൊഴികളിലേക്കു വിടുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാജീവ്‌,

എങ്ങനെ പറയണമെന്നറിയില്ല. ഹൃദയംതൊട്ടുകൊണ്ടാണ്‌, വേവറിഞ്ഞുകൊണ്ടാണ്‌ താങ്കള്‍ ഇത്രയും (സത്യസന്ധമായി) എഴുതിയതെന്നറിയാം. ഞങ്ങളില്‍ പലരുടെയും മനസ്സ്‌ അതിനുള്ളില്‍ സ്‌പന്ദിക്കുന്നുണ്ട്‌. കൊച്ചുബാവയെ നഷ്ടപെട്ടതിന്റെ വേദന ഒരിക്കല്‍ക്കൂടി അനുഭവിച്ചു. ഈ പോസ്റ്റിന്‌ ഒത്തിരി നന്ദി പറയുന്നു.