Saturday, April 7, 2007

അച്ഛന്‍

ഒരു മകന്‍ അച്ഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഓര്‍ക്കുന്നത്‌ നന്ന്. പക്ഷേ ആ ഓര്‍മ്മിക്കല്‍ പരസ്യമാക്കുന്നതില്‍ ഏതായാലും ഒരു സുഖമില്ലായ്മയുണ്ട്‌. പ്രത്യേകിച്ചും, അനന്തതയിലേക്കു, അതിന്റെ തിരുശേഷിപ്പിലേക്ക്‌ ആ ഓര്‍മ്മകളെ എഴുതി കുടിയിരുത്തുമ്പോള്‍.

ശേഷക്രിയകള്‍ കിട്ടാതെയാണ്‌ അച്ഛന്‍ ഭാരതപ്പുഴയിലൂടെ ഒഴുകിപ്പോയത്‌, ഒരു മണ്‍കുടത്തില്‍. അങ്ങിനെ എത്ര അച്ഛന്മാര്‍, അമ്മമാര്‍, മക്കള്‍, ഏതൊക്കെയോ പുഴകളുടെ നിറഞ്ഞ ഈറന്‍വഴികളിലൂടെ, തര്‍പ്പണം കിട്ടിയും, കിട്ടാതെയും, ഓര്‍മ്മകളിലും, മറവികളിലും, താഴ്‌ന്നും, പൊങ്ങിയും, കാലത്തിന്റെ കാണാത്തീരങ്ങളിലേക്ക്‌.!! നിശ്ചയമില്ല.

മനോഹരമായ മരണമായിരുന്നു അച്ഛന്റേത്‌. താന്‍പോലും അറിയാതെ മരിക്കുക. ചുറ്റുമുള്ളവരെ 'വെറുതെയൊന്നു പേടിപ്പിക്കാന്‍" ചെയ്ത പ്രായോഗിക ഫലിതം പോലെ. ധനുമാസത്തിലെ ഒരു പതിവു വ്യാഴം. പതിവുചിട്ടവട്ടങ്ങളുടെ ഒരു പകല്‍, ഉച്ച, വലിയ യാത്രക്കുമുന്‍പുള്ള ഒരു സായാഹ്ന നടത്തം, ഫോണിലൂടെ ഒരു ലഘു കുശലം പറച്ചില്‍. കസേരയില്‍ വന്നിരിക്കല്‍, കഴിയല്‍. എഴുപത്തിമൂന്നു കൊല്ലത്തെ ഇടപാടുകളൊക്കെ തീര്‍ത്തു, ഇനി അഥവാ, തീര്‍ക്കാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍, പിന്നീടാവാം എന്ന മട്ടില്‍ ചമഞ്ഞു കിടക്കല്‍. ഒരു മകനും മകളും കൂടി അച്ഛനില്ലാത്ത കുട്ടികളായി. ഒരു സ്ത്രീ കൂടി ഒറ്റയ്ക്കായി.

മറ്റ്‌ അച്ഛന്മാരും മക്കളും പരസ്പരം സ്നേഹിച്ചിരുന്നതിനേക്കാളും ഞങ്ങള്‍ സ്നേഹിച്ചിരുന്നു എന്നൊക്കെ പറയുന്നത്‌ ശുദ്ധ ഭോഷ്ക്‌. ഓരോരുത്തരും പരസ്പരം സ്നേഹിക്കുന്നതും, വെറുക്കുന്നതും, ഓര്‍മ്മിക്കുകയും, മറക്കുകയും ഒക്കെ ചെയ്യുന്നത്‌ അവരവരുടെ രീതികളിലും, സമാനതകളില്ലാതെയുമായിരിക്കണം. അശാന്തി നിറഞ്ഞ വീടുകള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ*, ഏറെക്കുറെ.

കുട്ടിക്കാലത്ത്‌ ഏറ്റവൂം ഭയവും, അകല്‍ച്ചയും തോന്നിച്ചിരുന്ന വ്യക്തി ആരെന്ന് ചോദിച്ചാല്‍, "അച്ഛന്‍" എന്ന് ഉത്തരം നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം എനിക്കില്ല. ശാസനകളുടേയും, ശിക്ഷകളുടെയും ദാതാവായിരുന്നു അച്ഛന്‍. ആവശ്യത്തിനും, അനാവശ്യത്തിനും. വ്യക്തിയെന്ന എന്റെ സ്വാതന്ത്ര്യത്തിനെ ഏറ്റവുമധികം നിയന്ത്രിക്കാന്‍ ശ്രമിച്ച സ്ഥാപനമായിരുന്നു അച്ഛന്‍ എന്ന ഭരണകൂടം. ഉണരുന്നത്‌ മുതല്‍ ഉറങ്ങുന്നതുവരെയുള്ള സകല പ്രവൃത്തികളിലും കര്‍ശനമായി ഇടപെട്ടുകൊണ്ടിരുന്ന നിര്‍ദ്ദയനായ ഭരണാധികാരി. ലോകത്തിന്റെ സ്വാഭാവികമായ ഗതിവിഗതികളിലൊന്നും ഒരു ഇളക്കവും ഒരിക്കലും ഉണ്ടാക്കാത്ത നിഷ്കളങ്കമായ ഒരു പല്ലുതേക്കലിലോ, കാലാട്ടലിലോ, കുപ്പായത്തില്‍ വരുത്തിയ ചെറിയ ചുളുവിലോ ഒക്കെ അശ്രദ്ധയും, ദുര്‍ന്നടപ്പും ദര്‍ശിച്ചു അച്ഛന്‍. ശാസന പതിവു അന്തരീക്ഷമായിരുന്നു വീടിന്റെ. ദണ്ഡനം, ആവശ്യപ്പെടാതെ തന്നെ എപ്പോഴും ധാരാളമായ്‌ കിട്ടുന്ന വരദാനവും.

കീഴാറ്റൂരിലെ വേനലവധികള്‍ മധുരതരമായി തോന്നിയത്‌, അച്ഛനന്ന് ജോലിസംബന്ധമായി എറണാകുളത്ത്‌ പെട്ടുപോയിരുന്നതുകൊണ്ടാവണം. തോന്നുമ്പോള്‍ ഉറക്കമുണരാം. പല്ലു തേക്കുകയോ, കുളിക്കുകയോ ഒന്നും ചെയ്തില്ലെങ്കിലും തരക്കേടില്ല. തറവാട്ടില്‍ നിന്ന് മായാവിയെപ്പോലെ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷനാവാം. ചളി നിറഞ്ഞ പാടവരമ്പിലൂടെ നടന്ന് ബന്ധുവീടുകളിലേക്കു പോവാം. തറവാടിന്റെ കാഴ്ചയില്‍ നിന്നല്‍പ്പം പടിഞ്ഞാറുമാറിയുള്ള പാറപ്പുറത്തുചെന്നിരുന്ന, ഇത്രനാളും താനുണ്ടായിരുന്ന വീട്ടിലേക്ക്‌ നോക്കിയിരിക്കുന്ന ആത്മാവിനെപ്പോലെ, വീടിനെയും, അവിടുത്തെ ആളുകളെയും, അവരുടെ കോലാഹലങ്ങളേയും നോക്കിയിരിക്കാം. മടുക്കുമ്പോള്‍ താലപ്പൊലിപ്പറമ്പിലെ വായനശാലയില്‍ ചെന്നിരിക്കാം. എവിടെയും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കീഴാറ്റൂര്‍, അത്തരം സമയങ്ങളില്‍ സ്വര്‍ഗ്ഗമായിരുന്നു. അച്ഛനില്ലാത്ത സ്വര്‍ഗ്ഗം.

വസ്ത്രധാരണം, നടപ്പ്‌, ഇരിപ്പ്‌, പഠനം, ഇവയിലൊക്കെ എന്നില്‍, അരാജകത്വം കണ്ടെത്തി അച്ഛന്‍. കീഴാറ്റൂരിന്റെ കുഗ്രാമതയില്‍ നിന്നും കൊച്ചിയുടെ പുറംമേനികളിലേക്കെത്തിയപ്പോള്‍ സ്വയം പാകപ്പെടുത്തിയെടുത്തതാണോ,, അതോ ക്രമരഹിതമായ ജീവിതത്തെ നേരിടാന്‍ പാകത്തില്‍ ഒരു പ്രതിരോധമായ്‌ കൂടെ കയ്യില്‍ കരുതിയതായിരുന്നുവോ ഈ ചിട്ടയും ക്രമവുമൊക്കെ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ കാണുന്നതുമുതല്‍ക്കുള്ള അച്ഛന്‍ ഇങ്ങനെയൊക്കെയായിരുന്നു എന്നു മാത്രമറിയാം.

ചുരുങ്ങിയ ശമ്പളം കൊണ്ട്‌ കുടുംബം നോക്കാന്‍ ബദ്ധപ്പെടുകയും, ശാസനകളിലൂടെയും ശിക്ഷകളിലൂടെയുമാണെങ്കില്‍പ്പോലും മക്കളുടെ ജീവിതത്തില്‍ ക്രമബദ്ധത വളര്‍ത്താന്‍ സദാ ജാഗരൂകനായിരിക്കുകയും ചെയ്ത "അച്ഛന്‍" എന്ന വ്യക്തിയെ ഞാനും കണ്ടിരുന്നില്ല. ശ്രദ്ധിച്ചുമില്ല. ഉയരംകൊണ്ടും, വയസ്സുകൊണ്ടും, പിന്നീട്‌ വലുതായപ്പോഴല്ലാതെ. അപ്പോഴേക്കും, പഴയ ശാസനാരൂപിയുടെ വേഷം പതുക്കെ പതുക്കെ അഴിച്ചുവെക്കാന്‍ ശ്രമിച്ചിരുന്നു, ശ്രദ്ധിച്ചിരുന്നു, അച്ഛന്‍. നിസ്സഹായതയായിരുന്നു, പകരം, കൂടുതലും ഉയര്‍ന്നുവന്നത്‌. ആവശ്യത്തിനും, അനാവശ്യത്തിനും താന്‍ നല്‍കിയ നിയന്ത്രണങ്ങള്‍ തീര്‍ത്ത ചക്രവ്യൂഹങ്ങള്‍ക്കകത്ത്‌ മകന്‍ സ്വയം നഷ്ടപ്പെട്ടുവോ എന്ന ആശങ്കയും, കുറ്റബോധവുമായിരുന്നുവോ ആ നിസ്സഹായതയുടെ പിന്നാമ്പുറത്ത്‌? മകനാവട്ടെ, അച്ഛനെ "ആദര്‍ശ"വല്‍ക്കരിക്കാനും തുടങ്ങിയിരുന്നു, പിന്നെപ്പിന്നെ, വിഫലമായിട്ടാണെങ്കില്‍തന്നെയും. സാത്വികനായ ആ ഉള്‍നാട്ടുകാരന്റെ ഗുണവും, മണവും മൂല്യബോധവുമൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെങ്കിലും, അച്ഛന്‍ ശ്രദ്ധിക്കാത്ത അവസരങ്ങളില്‍, അയാള്‍ അച്ഛനെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്തേ തനിക്കങ്ങിനെയാവാന്‍ സാധിക്കാത്തതെന്ന് അയാള്‍ സങ്കടപ്പെടുകയും, അത്ഭുതപ്പെടുകയും ചെയ്തുതുടങ്ങിയിരുന്നു. ആത്മനിന്ദയുടെ വക്കോളം എത്തും വിധം. നന്നായി നിന്നിരുന്നെങ്കില്‍, നാട്ടില്‍ നിന്നു പോവേണ്ടിവരില്ലായിരുന്നുവല്ലോ നിനക്കെന്ന്, അച്ഛനും, ജീവിതവും, ഇടക്കിടക്ക്‌, ഓളിയമ്പുകളെയ്യാന്‍ തുടങ്ങിയത്‌ പലായനത്തിന്റെ ബാക്കിപത്രങ്ങളിലെവിടെയോവെച്ചായിരുന്നു.

ഉയര്‍ന്ന പദവിയിലും, സാമ്പത്തികസ്ഥിതിയിലും ജീവിക്കുന്നവര്‍, നല്ലവണ്ണം ഇംഗ്ലീഷ്‌ സംസാരിക്കുന്നവര്‍, ഇത്തരക്കാരോടൊക്കെ അച്ഛനു ഒരു തരം ആരാധനയായിരുന്നു. തന്റെ ആദര്‍ശശാഠ്യങ്ങളുടെ ഉരകല്ലില്‍ അളന്നുനോക്കാറുണ്ടായിരുന്നു, പക്ഷേ, അച്ഛന്‍ അവരേയും. ശത്രുക്കളെ സമ്പാദിക്കുന്നതില്‍ തരക്കേടില്ലാത്ത വൈഭവം കാണിക്കുമ്പോഴും, അച്ഛന്‍ ആരേയും ഒരിക്കലും വെറുത്തിരുന്നില്ലെന്നതും തീരാത്ത അത്ഭുതമായിരുന്നു എനിക്ക്‌. കളിയാക്കിയോ, വക്രോക്തിയിലോ അവരെന്തെങ്കിലും പറഞ്ഞാലും അച്ഛനത്‌ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല, മിക്കപ്പോഴും. ശുദ്ധത, അത്രയും അനാവശ്യമായ അളവിലായിരുന്നു അച്ഛനില്‍ എന്നും.

ഒരു ജന്മം കൊണ്ട്‌, ഒരു മകനും, ഒരച്ഛനെയും അളക്കാന്‍ കഴിയില്ല. എത്രയെത്ര ചിത്രങ്ങളാണ്‌ തന്നിട്ടുപോയത്‌? എണ്ണ തേപ്പിച്ച്‌ പുഴയിലെ പാറപ്പുറത്തിരുത്തി,, പുഴയില്‍ കഴുത്തോളം മുങ്ങിനിന്ന്, മറ്റു ചെറുപ്പക്കാരുടെ ആരാധന നിറഞ്ഞ കണ്ണുകളാല്‍ പരിസേവിതനായി, "ഹൃദയസരസ്സിലെ പ്രണയപുഷ്പമേ" പാടുന്ന യുവഗായകനുണ്ട്‌ എന്റെ മനസ്സിലെ ചിത്രത്തില്‍; നല്ല ഭാഷയിലും സംഗീതത്തിലും കഥ പറഞ്ഞു ഫലിപ്പിക്കുന്ന കാഥികനുണ്ട്‌; മഴയില്‍ കുതിര്‍ന്ന് വരുന്ന ഞങ്ങളുടെ വികൃതിയെ ചീത്തപറഞ്ഞ്‌ തലതുവര്‍ത്തിതരുന്ന പരിഭ്രമക്കാരനുണ്ട്‌; മാസത്തിലൊരിക്കല്‍ പുറമേനിന്നുള്ള ആഘോഷമായുള്ള ഹോട്ടല്‍ ശാപ്പാടിനിടക്ക്‌, ആരുംകാണാതെ പേഴ്സിലെ പൈസയെണ്ണി ഉറപ്പുവരുത്തി സ്വസ്ഥനാകുന്ന സാധാരണക്കാരനുണ്ട്‌; കളിവിളക്കിന്റേയും, മേളത്തിന്റെയും, വേഷപ്പകര്‍ച്ചയുടെയും നിറവില്‍ ഉറക്കം തൂങ്ങുന്ന മക്കളെ നന്നായ്‌ നുള്ളി വേദനിപ്പിച്ചുണര്‍ത്തി കണ്ണുരുട്ടി കഥകളി കാണിച്ചു പേടിപ്പിക്കുന്ന വേഷക്കാരനുണ്ട്‌; ഏതാണ്ടെല്ലാ വിഷയങ്ങളിലും നന്നെ ബുദ്ധിമുട്ടി ഏറ്റവും കുറഞ്ഞ മാര്‍ക്കു വാങ്ങി വരുന്ന മകനെയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്ന പഴയ മാതൃകാദ്ധ്യാപകനുണ്ട്‌; ആദ്യമായി മകന്‍ നാടുവിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കരയാതിരിക്കാന്‍ ശ്രമിച്ചു വിഷമിച്ചു നില്‍ക്കുന്ന സാധുവുണ്ട്‌; ഓരോ കത്തിലൂടെയും മകനെ നേര്‍വഴിക്കാക്കാന്‍ വിഫലമായ്‌ ശ്രമിച്ച ഗുണകാംക്ഷിയുണ്ട്‌; നിറഞ്ഞ വിഭവങ്ങള്‍ക്കു മുന്‍പില്‍ സംപ്രീതനായിരിക്കുന്ന വള്ളുവനാട്ടുകാരന്‍ ഭക്ഷണപ്രിയനുണ്ട്‌; ചുവന്ന പപ്പടം കിട്ടാതെ, അമ്മയോടു വഴക്കടിച്ച്‌ മുഖം ചുവന്ന ശുണ്ഠിരാമനുണ്ട്‌; ഓര്‍മകള്‍ക്ക്‌ എത്രയെത്ര ശേഷതല്‍പ്പങ്ങളാണ്‌. ഓരോന്നിലും കിടക്കാം, ഒരു ആയുസ്സോളം.

കുട്ടിക്കാലത്തു നിന്ന് ബലമായി മുറിച്ചുമാറ്റപ്പെടുകയാണ്‌, ഓരോ അച്ഛനമ്മമാരുടേയും മരണത്തോടെ, ഓരോ മക്കളും. ഭാര്യയുടെയും, ഭര്‍ത്താവിന്റേയും മക്കളുടെയുമൊക്കെ പുതിയ സ്നേഹപരിസരങ്ങളുടെ ആഡംബരങ്ങള്‍ക്കുപോലും, അച്ഛനമ്മമാരുമൊത്ത്‌ കഴിഞ്ഞ ഒരു പഴയ വാടകവീട്ടിലെ ഇല്ലായ്മയോളം നിറവില്ല, ചെറുപ്പമില്ല, കളിചിരിയുടെ ചൂടും തണുപ്പുമില്ല, ബാല്യത്തിന്റെ ദിനരാത്രങ്ങളുടെ വെള്ളിവെളിച്ചവും, സ്നേഹനിലാവുമില്ല.

പുതിയ സ്നേഹപരിസരങ്ങളെല്ലാം തികച്ചും ഏകാന്തമാണ്‌. വിജനമാണ്‌. ശമ്പളക്കണക്കുകളുടേയും, ഒന്നിനും ഒന്നും തികയായ്മയുടെയും ചെറിയ അനിശ്ചിതത്വങ്ങളില്‍നിന്നും കൂടുതല്‍ വലിയ പുതിയ അനിശ്ചിതത്വങ്ങളിലേക്കുള്ള സമുദ്രപ്രയാണങ്ങളുടെ അറുമുഷിപ്പന്‍ ലോകമാണ്‌.

വിചിത്രമാണ്‌ അച്ഛനമ്മമാരുടേയും മക്കളുടെയുമൊക്കെ ഈ ലോകം. അനാഥത്വത്തിനെക്കുറിച്ചുള്ള പേടികൊണ്ടായിരിക്കണം, പറക്കമുറ്റുമ്പോള്‍, ആളുകള്‍ സ്വന്തം വീടിന്റെ സുഖോഷ്മളതയിലേക്ക്‌ പറന്നകലുന്നത്‌. പിന്നെ, അതായി ജീവിതം. പോരാ, ജീവിതം അതു മാത്രമായി. വിരുന്നുകാരെപ്പോലെ കൊല്ലത്തിലൊരിക്കലോ മറ്റോ വന്നെത്തുന്ന സനാഥരായ ഈ മാവേലിമക്കളെ കാത്തുകാത്തിരുന്നു, വൃദ്ധജന്മങ്ങള്‍ മെല്ലെ കെട്ടുപോവുകയും ചെയ്യുന്നു. മറ്റൊരിടത്ത്‌, മക്കളും അവരുടെ കുടുംബവും, പിന്നീട്‌ ഇതേമട്ടില്‍ ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ നിര്‍ദ്ദാക്ഷിണ്യത്തിലേക്ക്‌ മെല്ലെ മെല്ലെ നീങ്ങിയെത്തുകയും ചെയ്യുന്നു.

പ്രായശ്ചിത്തംപോലെ, അപ്പോഴൊക്കെയും ഒരു പിതൃസ്മരണയോ, മാതൃസ്മരണയോ, ഓര്‍മ്മപ്പുഴയിലൂടെ വാക്കിന്റെ കുടത്തില്‍ മെല്ലെമെല്ലെ നീങ്ങിയൊഴുകുന്നു. സനാഥത്വത്തിന്റെ മിഥ്യാനിറവിലും, ഉള്ളിന്റെയുള്ളില്‍ ഓരോ മക്കളും പിന്നെയും പിന്നെയും അനാഥരാകുന്നു.


* അന്നാകരിനീനയിലെ പ്രസിദ്ധമായ കഥാരംഭം.

14 comments:

Rajeeve Chelanat said...

ശേഷക്രിയകള്‍ കിട്ടാതെയാണ്‌ അച്ഛന്‍ ഭാരതപ്പുഴയിലൂടെ ഒഴുകിപ്പോയത്‌, ഒരു മണ്‍കുടത്തില്‍. അങ്ങിനെ എത്ര അച്ഛന്മാര്‍, അമ്മമാര്‍, മക്കള്‍, ഏതൊക്കെയോ പുഴകളുടെ നിറഞ്ഞ ഈറന്‍വഴികളിലൂടെ, തര്‍പ്പണം കിട്ടിയും, കിട്ടാതെയും, ഓര്‍മ്മകളിലും, മറവികളിലും, താഴ്‌ന്നും, പൊങ്ങിയും, കാലത്തിന്റെ കാണാത്തീരങ്ങളിലേക്ക്‌.!! നിശ്ചയമില്ല.

വേണു venu said...

രാജീവേ...ഒത്തിരി എന്നെ നോവിപ്പിച്ചു താങ്കളുടെ വരികള്‍‍. ഇങ്ങനെ ഒരച്ഛനും അച്ഛനെ ഇവ്വിധം മനസ്സിലാക്കിയ ഒരു മകനും.
ഒരു ജന്മം കൊണ്ട്‌, ഒരു മകനും, ഒരച്ഛനെയും അളക്കാന്‍ കഴിയില്ല.
ധന്യം എന്നു് മാത്രം പറയാന്‍‍ എനിക്കു് കഴിയുന്നല്ലോ.:)

വല്യമ്മായി said...

ഹൃദയസ്പര്‍ശിയായ വിവരണം.അച്ഛന്റെ പല ഭാവങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കൈവിട്ടു പോകുന്ന സ്നേഹം,നന്മ,കരുതല്‍ എല്ലാം വരും തലമുറകളിലെക്കും പകര്‍ത്താന്‍ നമുക്ക് കഴിഞ്ഞെങ്കില്‍.

G.MANU said...

രാജിവ്‌..ഹൃദയത്തില്‍ തൊട്ടു..അച്ഛന്‍ എപ്പൊഴും നിറയുന്നത്‌ ശൂന്യതയില്‍ നിന്നാണു. അമ്മ നിറവില്‍ നിന്നും. ഒറ്റ ഷറ്‍ട്ട്‌ മാത്രം ഇട്ട്‌, അതിണ്റ്റെ വിലയിലേറെയുള്ള പുസ്തകങ്ങള്‍ വാങ്ങിത്തന്നിരുന്നു പണ്ടെനിക്ക്‌. ചോരത്തെണിപ്പു പാടുകള്‍ ഇപ്പോഴും തുടയിലുണ്ട്‌..അവിടെ വേദനയില്ല..പകരം കുളിര്‍. ഒരച്ഛനും കൊടുത്ത സ്നേഹം തിരികെ ലഭിക്കുന്നുണ്ടോ എന്നു സംശയം ആണു. അതില്‍ പരാതിയുള്ള അച്ഛന്‍മാരും ഉണ്ടോ എന്നും സംശയം

മനോജ് കുമാർ വട്ടക്കാട്ട് said...

തിരിച്ചറിയാന്‍ വൈകുന്ന സ്നേഹം. അതു തന്നെയാണ്‌ അച്ഛന്‍.
നല്ല ഓര്‍മ്മകള്‍

(ഈയിടെയായി പലരും അച്ഛനെക്കുറിച്ചുതന്നെ എഴുതുന്നു.)

Unknown said...

എന്റെ കണ്ണില്‍ വെള്ളം.

Visala Manaskan said...

ഹോ ടച്ചിങ്ങ്!!!

ഇപ്പോഴെന്റെ ഹൃദയം വെളിയില്‍ എടുത്താല്‍ അതില്‍ ഒരുപാട് വിങ്ങല്‍ പാടുകള്‍ കാണാം . പോസ്റ്റ് വളരെ വളരെ ഇഷ്ടമായി.


ഒരു ഓഫ്:

“ദണ്ഡനം, ആവശ്യപ്പെടാതെ തന്നെ എപ്പോഴും ധാരാളമായ്‌ കിട്ടുന്ന വരദാനവും“

എന്നത് തന്നെയാണ്,

‘കോഴിച്ചാത്തന്മാര്‍ പിടകളെക്കാണുമ്പോള്‍ ഓടിക്കുന്നതുപോലെ എന്നെ കാണുമ്പോഴെല്ലാം പിതാമഹന്‍ അടിക്കാനോടിച്ചു‘ എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചതും!

പൊടിക്കുപ്പി said...

അച്ഛന്‍ മരിച്ചതിന് ശേഷം കുറേനാള്‍ അച്ഛന്‍ ഉപയോഗിച്ച മുറിയെ, അച്ഛന്റെ കടയുണ്ടായിരുന്ന വഴിയെ ഒക്കെ ഒഴിവാക്കാറുണ്ട്.. അവിടെ ബാക്കിയായ ശൂന്യതയെ ഭയന്ന്.. മരണം മനസ്സില്‍ ഉണ്ടാക്കിയ ശൂന്യതയെ മറികടക്കാനായില്ലെങ്കിലും..
രാജീവ്, പലവരികളും ഒരുപാട് അടുത്തായിരുന്ന പോലെ..

അങ്കിള്‍. said...

പ്രീയ രാജീവേ,
ഈ ഒറ്റ ലേഖനം കൊണ്ട്‌ തന്നെ രാജീവിന്റെ അച്ഛന്റെ ആത്മാവ്‌ നിത്യശാന്തിയടഞ്ജിരിക്കണം. സ്വൊര്‍ഗ്ഗത്തിലിരുന്നുപോലും ഈ മകനെപ്പറ്റി ആത്മാഭിമാനം കൊള്ളുന്നുണ്ടാകണം, തീര്‍ച്ച.

ആഷ | Asha said...

:)

അത്തിക്കുര്‍ശി said...

..........
ഓര്‍മകള്‍ക്ക്‌ എത്രയെത്ര ശേഷതല്‍പ്പങ്ങളാണ്‌. ഓരോന്നിലും കിടക്കാം, ഒരു ആയുസ്സോളം!

രാജീവ്‌,

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദയശ്പര്‍ശിയായി..
ഞാനൂഹിച്ചതു പോലെ നിങ്ങളൊരു വള്ളുവനാട്ടുകാരന്‍ ആണ്‌ അല്ലെ?

കീഴാറ്റൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത്‌ എന്റെ 'കീഴാറ്റൂര്‍' (അനിയന്‍) മാഷെയാണ്‌..

Rajeeve Chelanat said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
അത്തിക്കുര്‍ശ്ശി: അനിയന്‍ മാഷെ ഞാന്‍ അറിയും

ചില നേരത്ത്.. said...

ഇത്രമേല്‍ പവിത്രമായൊരു ശേഷക്രിയ വേറെയര്‍പ്പിയ്ക്കാനില്ല. ഉജ്ജ്വലം!

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money