Sunday, April 1, 2007

ത്രികാലം

ഇന്നലെ

കവിതയൊരു മഴയായ്‌
എന്നിലെത്തുന്നൂ, കര
കവിയുമൊരു പുഴയായ്‌
നിന്നിലുമെത്തുന്നു
കവിതയുടെ
കാറ്റിന്റെ
പുഴയുടെ
കരകളില്‍
നമ്മുടെ
കാലം
കനിവാര്‍ന്നു നില്‍ക്കുന്നു

ഇന്ന്

കവിതയുടെ കാലം
കഴിഞ്ഞുപോയ്‌,
പുഴയുടെ
തെളിനീരൊഴുക്കും
നിലച്ചുപോയ്‌,
കാറ്റിന്റെ
ചിറകിലിരുന്നാരോ പറയുന്നു
കാലം
നന്നല്ല
കാഴ്ച്ചകള്‍ അത്ര നല്ലതല്ല

നാളെ

ഒറ്റക്കൊരാള്‍ വന്നു
നിര്‍ദ്ദയം ഓര്‍മ്മിപ്പിക്കും
നിങ്ങളീ *തെരുവിലെ ചോര കണ്ടില്ല,
ജീവിത
കല്‍ക്കരിയാഴങ്ങള്‍ കണ്ടില്ല
തൃഷ്ണയുടെ
പാതാള വായകള്‍ കണ്ടില്ല
കണ്ടതോ
കവിതയുടെ,
കാറ്റിന്റെ,
പുഴയുടെ,
കേവല
നിശ്ചല-സുന്ദര
കാഴ്ച മാത്രം


* നെറൂദയുടെ പ്രസിദ്ധമായ വരികള്‍

13 comments:

Rajeeve Chelanat said...
This comment has been removed by the author.
Rajeeve Chelanat said...

ത്രികാലം..

കവിതയൊരു മഴയായ്‌ എന്നിലെത്തുന്നൂ

അഭയാര്‍ത്ഥി said...

കവി കാമുകന്‍ ഭ്രാന്തന്‍ .
ഇവര്‍ക്കാര്‍ക്കും സ്വാഭാവികമായ കാഴ്ച്ചകളല്ലെന്ന്‌ ഷേക്സ്പിയര്‍.

നരകത്തിലുള്ളതിനേക്കാള്‍ ചെകുത്താന്മാരെ തല്‍കക്കുള്ളിലെ നിലാവെളിച്ചത്തില്‍
ഭ്രാന്തന്‍ കാണുന്നു.

ഒരു പുരികക്കൊടിയില്‍ ട്രോയിലെ ഹെലന്റെ സൗന്ദര്യം കാമുകന്‍ കാണുന്നു.

വെറുതെ ഒന്നുരുളുമ്പോള്‍ കവി സ്വര്‍ഗത്തിലേക്കും ഭൂമിയിലേക്കും യാത്ര ചെയ്യുന്നു കവി.

കവിയുടെ കാലുകള്‍ ഭുമിയില്‍ തൊടുന്നില്ല. അതുകൊണ്ടുതന്നെ കവിത യഥാതഥ സംഭവ വിവര്‍ണവുമാകുന്നില്ല.
ബിംബം പ്രതിബിംബം എന്നിവയുടെ തിളക്കം അനുവാചകന്റെ ഭാവനയുടെ ഉ രകല്ലില്‍ അതുരച്ചുനോക്കുമ്പോള്‍...
അനുവാചകനും കവിയാകണമെന്നത്‌ മറ്റൊരു നിയോഗം കവിതയുടെ.
അല്ലാത്തവര്‍ക്ക്‌ അസംഭാവ്യങ്ങളായ എന്തൊക്കേയൊ, അല്ലെങ്കില്‍ അടുക്കിവച്ച കുറെ പദഘടനകള്‍ മാത്രമാകുന്നു കവിത.

രാജിവിന്റെ വിവര്‍ത്തനം വളരെ നന്നായിരിക്കുന്നു.

Rajeeve Chelanat said...

ഗന്ധര്‍വ്വന്‍

ഇതു വിവര്‍ത്തനമല്ല; (നെറൂദയുടെ ഒരു വരി അല്‍പ്പം മാറ്റി ഇടയ്ക്ക്‌ ചേര്‍ത്തു എന്നതൊഴിച്ചാല്‍) ഉള്ളില്‍ തോന്നിയ കവിത.

അഭിപ്രായത്തിനു നന്ദി.

സ്നേഹപൂര്‍വ്വം

ടി.പി.വിനോദ് said...

നന്നായി...സമയസഞ്ചാരത്തിന്റെ ഈ സത്യവാങ്മൂലം...

വേണു venu said...

ഇന്നലെയും ഇന്നും നാളെയും ഒന്നെന്നൌ തോന്നുന്ന ത്രികാല ഭാവം നെര്‍ഊദയിലൂടെ അറിയിച്ച വരികള്‍‍ ഹൃദ്യം. മനോഹരം.:)

മനോജ് കുറൂര്‍ said...

കവിത നന്നായി. അനുഭവങ്ങളില്‍ കാലങ്ങള്‍ കലര്‍ന്നു വരുന്നതിനാല്‍ ഈ കാലവിഭജനം വേണമോ?

Rajeeve Chelanat said...

ലാപുട, വേണു, മനോജ്‌ - അഭിപ്രായങ്ങള്‍ക്കു നന്ദി.

മനോജ്‌, ചിലപ്പോള്‍ ചില കാലങ്ങള്‍ വേര്‍തിരിഞ്ഞും അനുഭവപ്പെടാറുണ്ട്‌. ഒരു പക്ഷേ, എന്റെ തോന്നലായിരിക്കാം.

സ്നേഹാദരങ്ങളോടെ

Rajeeve Chelanat said...

ഗന്ധര്‍വ്വന്‍,

നന്ദി..അഭിപ്രായത്തിനും, വിശദമായ ആ വിലയിരുത്തലിനും

സ്നേഹാദരങ്ങളോടെ

വിശാഖ് ശങ്കര്‍ said...

ജീവിതം അനുഭവതലത്തില്‍ സ്വാംശീകരിക്കപ്പെടാതെ കേവലം കാഴ്ച്ചകളായി ചുരുങ്ങുന്നിടത്തുനിന്നാണ് നമ്മുടെ കാലത്തെ കവിതയ്ക്ക് തുടങ്ങുവാനുള്ളത്.ആ സ്ഥലകാലങ്ങളുമായി എങ്ങനെ പ്രതിപ്രവര്‍ത്തിക്കാം എന്നതാണ് അതു നേരിടേണ്ട വെല്ലുവിളി.

“ത്രികാലം” ഈ പ്രശ്നത്തെ ഗൌരവത്തോടെ സമീപിക്കുന്നു.

കവിത നന്നായി.

Anonymous said...

വിഷ്ണുമാഷ് തന്ന ലിങ്കിലൂടെ കുറച്ച് ദിവസമായി രാജീവിനെ വായിക്കുകയായിരുന്നു. ഒരു പ്രത്യേക കാരണത്താല്‍ കമന്റിടാതിരുന്നതാണ്.

ഇത് പക്ഷെ അങ്ങിനെ വിടാനൊക്കുന്നില്ല, കാലം കഴിഞ്ഞ് പോയ കവിതയുടെ കാറ്റില്‍ അത്രയും വിയര്‍ത്തുപോകുന്നുണ്ട്,


ത്രികാലങ്ങളുടെ തിരിച്ചറിവിലെ ചോരമണം എന്റെ പേനയില്‍ എത്ര കഴുകിയാലും പോവാത്ത കറയായിരിക്കുന്നു. കാണിച്ചു തന്നതിന് നന്ദി, കഴുകാന്‍ പറഞ്ഞതിനും

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാജീവ്‌,
ഇത്‌ കാണാന്‍ വൈകി. നന്നായിരിക്കുന്നു 'ത്രികാലം'. കാലങ്ങളൊക്കെ ഹൈജാക്ക്‌ ചെയ്യപ്പെടുന്ന ഓര്‍മ്മകളില്‍ ഇങ്ങനെയല്ലാതെ എങ്ങനെ പറയാനാവും വാസ്തവങ്ങള്‍?

Pramod.KM said...

തെരുവുകളിലെ രക്തങ്ങളില്‍ നിന്നും കവിതയെ അകറ്റിയാല്‍ നാളെ നമ്മുടെ നേരെ ചോദ്യങ്ങളുടെ മഴയുമായി ഒരുത്തന്‍ വരും...
കാലത്തിന്റെ കളികള്‍.