Saturday, September 1, 2007

അദ്ധ്യായം 4- ഇവിടെ, വിദ്യാര്‍ത്ഥികള്‍ക്ക്‌ മോഹം അദ്ധ്യാപകരാകാന്‍

ഭാഗം 3-ഈ വഴിയാണ്‌ ഞങ്ങള്‍ സ്കൂളിലേക്കു പോവുന്നത്‌.


നന്ദാപുര്‍, കോരാപുട്‌(ഒറീസ്സ)- നന്ദാപുര്‍ ഹൈസ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂള്‍ മുറ്റത്ത്‌ ഒത്തുകൂടിയത്‌, രക്ഷാ-കര്‍ത്തൃ സമ്മേളനത്തിനൊന്നുമല്ല. തങ്ങളുടെ കുട്ടികള്‍ക്കു മാസാമാസം കിട്ടുന്ന സ്റ്റൈപന്റില്‍നിന്നും കടമെടുക്കാനാണ്‌. അധികവും ഗോത്ര-ഹരിജന വിഭാഗങ്ങളില്‍ നിന്നു വരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക്‌ മാസത്തില്‍ 150 രൂപയാണ്‌ ക്ഷേമവകുപ്പില്‍ നിന്നു കിട്ടുന്നത്‌.

ഈ തുക കിട്ടാന്‍ തന്നെ പലപ്പോഴും മാസങ്ങള്‍ കാത്തിരിക്കണം. ചിലപ്പോള്‍ അത്‌, ആറു മാസം വരെ വൈകാറുണ്ട്‌. അതായത്‌, 900 രൂപ വരെ ചിലപ്പോള്‍ ഒറ്റയടിക്ക്‌ ഇങ്ങിനെ കിട്ടാറുണ്ട്‌ എന്നര്‍ത്ഥം. പക്ഷേ, ഈ കാത്തിരിപ്പിന്റെ മാസങ്ങളില്‍, ഈ കുട്ടികള്‍ ഉപജീവനം നയിക്കുന്നത്‌ അവരുടെ ദരിദ്രരായ രക്ഷിതാക്കളെ ആശ്രയിച്ചാണ്‌. അതുകൊണ്ടാണ്‌, സ്റ്റൈപന്റ്‌ വരുന്ന മാസങ്ങളില്‍ കുട്ടികളില്‍ നിന്ന് കടമെടുക്കാന്‍ രക്ഷിതാക്കള്‍ കൂട്ടമായെത്തുന്നത്‌.

ഇതൊരു സാധാരണ സ്കൂളല്ല. സമര്‍ത്ഥരും പ്രതിബദ്ധതയുള്ളവരുമായ ഒരു അദ്ധ്യാപകവൃന്ദം ഈ സ്കൂളിലുണ്ട്‌. സ്കൂളിന്റെ നിലവാരം എപ്പോഴും നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്നവര്‍. അതുകൊണ്ടു തന്നെ, കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ച്‌ ഇവിടുത്തെ ചില പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ബിരുദവും, ബിരുദാനന്തരബിരുദവുമൊക്കെ നേടുകയും ചെയ്തിട്ടുണ്ട്‌. അവരില്‍ ചിലര്‍ എം.ഫില്ലും, എന്തിന്‌, ഡോക്ടറേറ്റ്‌ വരെ സമ്പാദിച്ചിരിക്കുന്നു. ഈ സ്ഥാപനത്തിന്‌ ഇല്ലാത്തത്‌, സൗകര്യങ്ങളും, പൈസയും മാത്രമാണ്‌. സാഹചര്യങ്ങളും, സര്‍ക്കരിന്റെ അവഗണനയുമാണ്‌ ഈ സ്കൂളിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്‌.

സ്വകാര്യ മാനേജ്‌മന്റ്‌ പേരില്‍ മാത്രമേയുള്ളു. സ്കൂള്‍ നടത്താന്‍ അവര്‍ക്കാവുന്നില്ല. അവര്‍ക്ക്‌ ആശ്രയിക്കേണ്ടി വരുന്ന ക്ഷേമ വകുപ്പിന്റെ സഹായം അത്രക്കു തുച്ഛവും, കാലതാമസമുളവാക്കുന്നതുമാണ്‌ തന്മൂലം, ഒരു മാതൃകാ റസിഡന്‍ഷ്യല്‍ സ്കൂളാകേണ്ടിയിരുന്ന ഈ സ്ഥാപനം ഇന്ന് ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ്‌. ഗദാബ, പറോജ ഗിരിവര്‍ഗ്ഗക്കാരും, ഹരിജനങ്ങളുമുള്‍പ്പെടെ ഇരുപത്തിരണ്ടു റസിഡന്‍ഷ്യല്‍ വിദ്യാര്‍ത്ഥികളുണ്ട്‌ ഇവിടെ. സുഭാഷ്‌ ദാണ്ടന്‍ ഒരു ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥിയാണ്‌.

അയാള്‍ക്കും സുഹൃത്തുക്കള്‍ക്കും ശൈത്യകാലം ഇഷ്ടമല്ല. ഇഷ്ടപ്പെടാനുള്ള ഒരു കാരണവും ഇല്ലായിരുന്നു താനും. മൂന്നു പേര്‍ക്കു മാത്രമേ കമ്പിളിയുള്ളു. രോമക്കുപ്പായം എന്ന പേരില്‍ വിളിക്കാവുന്ന എന്തെങ്കിലും ഉടുപ്പ്‌ ധരിച്ചിരുന്നവര്‍തന്നെ എട്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ശൈത്യകാലത്ത്‌ കാലാവസ്ഥ 2 ഡിഗ്രിവരെ താഴുന്ന ഒരു പ്രദേശമായിരുന്നു കോരാപുട്‌.നിലത്തു വിരിച്ച ചാക്കിലായിരുന്നു മിക്ക കുട്ടികളും രാത്രികാലങ്ങള്‍ ചിലവഴിച്ചിരുന്നത്‌. കിടക്ക, പുതപ്പ്‌, ഇതൊന്നും അവര്‍ കേട്ടിട്ടുകൂടിയുണ്ടായിരുന്നില്ല. ചാക്കുകള്‍, രക്ഷിതാക്കളുടെ വയലുകളില്‍ നിന്ന് ശേഖരിച്ചവയായിരുന്നു.

രണ്ടു മുറികളിലായിട്ടായിരുന്നു ഇരുപത്തിരണ്ടുപേര്‍ കഴിഞ്ഞിരുന്നത്‌. ഒന്നില്‍ 100 വാട്ടിന്റെ ഒരു ബള്‍ബും, മറ്റതില്‍ അല്‍പം കൂടി പ്രകാശം കുറഞ്ഞ ഒന്നും പ്രകാശിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ വിദ്യുച്ഛക്തി ഉള്ളപ്പോഴത്തെ കാര്യമാണെന്ന് ഓര്‍ക്കണം. കോരാപുട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞപോലെ, "വിദ്യാഭ്യാസവും വിദ്യുച്ഛക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊന്നും അധികം പേരും ബോധവാന്‍മാരല്ല. സ്കൂളുകളിലെ കാര്യം മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്‌. പട്ടണങ്ങളിലുള്ളവര്‍ക്ക്‌ വിദ്യുച്ഛക്തി ഒരു പ്രശ്നമേയല്ല. കറന്റില്ലാത്തതുകൊണ്ട്‌ വീട്ടില്‍ വരാനോ പഠിക്കാനോ പറ്റാത്ത കുട്ടികളെക്കുറിച്ച്‌ സ്മരിക്കാനേ സാധിക്കില്ല ഞങ്ങള്‍ക്ക്‌. കാരണം, ഞങ്ങളുടെ കുട്ടികള്‍ക്ക്‌ അതു സധിക്കുന്നതുകൊണ്ട്‌ അതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ വലിയ വേവലാതിയില്ല. പക്ഷേ വിദ്യുച്ഛക്തിയില്ലാത്ത, അല്ലെങ്കില്‍ വിദ്യുച്ഛക്തി തീരെ ദുര്‍ബ്ബലമായ സ്ഥലങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ പലപ്പോഴും പിന്നിലായിരിക്കും. ഒറീസ്സയിലേയും ബീഹാറിലേയും ഗ്രാമപ്രദേശങ്ങളിലേക്ക്‌ നോക്കിയല്‍ നിങ്ങള്‍ക്കിത്‌ എളുപ്പത്തില്‍ മനസ്സിലാവും"

"തണുപ്പും സാഹചര്യങ്ങളും ഉറക്കത്തെയും വരും ദിവസത്തെ പഠനത്തെയുമൊക്കെ കാര്യമായി ബാധിക്കും" സുഭാഷ്‌ പറയുന്നു. പഠനത്തെ ബാധിക്കുന്ന മറ്റു ചിലതു കൂടിയുണ്ട്‌.

ആഹാരം പാകം ചെയ്യലും ഈ കുട്ടികളുടെ ജോലിതന്നെയാണ്‌.

ദരിദ്രരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു മാതൃകാ ഹോസ്റ്റല്‍ ആകേണ്ടതായിരുന്നു ഇത്‌; പക്ഷേ ഒരു അടുക്കള ജോലിക്കാരനെ നിയമിക്കനുള്ള ഫണ്ടുപോലും ലഭ്യമല്ല" ഒരു അദ്ധ്യാപകന്‍ പറഞ്ഞു. അതുകൊണ്ട്‌,കുട്ടികള്‍ക്ക്‌, പത്തിനും പതിനഞ്ചിനുമിടക്ക്‌ പ്രായമുള്ള ഈ കുട്ടികള്‍ക്ക്‌ തങ്ങളുടെ ആഹാരം പാകം ചെയ്യേണ്ടി വരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍, മറ്റു അവധി ദിവസങ്ങളിലും ഞങ്ങള്‍ വിറകു ശേഖരിക്കുന്നു" വിശ്വനാഥ്‌ ജല്ല എന്ന ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥി പറയുന്നു. "ദിവസത്തില്‍ മൂന്നു മണിക്കൂറെങ്കിലും വേണം ആഹാരം പാകം ചെയ്യാന്‍. ചോറും വല്ലപ്പോഴുമുള്ള എന്തെങ്കിലും പച്ചക്കറിയുംകൊണ്ട്‌ കാര്യങ്ങള്‍ ഒപ്പിക്കുന്നു".

"പാചകവുമായി ബന്ധപ്പെട്ട മറ്റു ജോലികളും ചെയ്യേണ്ടിവരുന്നു. അതിനും കുറെ സമയം ചിലവാകും" ഗോവിന്ദ ഗുന്‍ഡു എന്ന ഹരിജന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. ആഴ്ചയില്‍ ഒറണ്ടു തവണ മാത്രമാണ്‌ പരിപ്പുകറി കിട്ടുന്നത്‌. ഊണിനുള്ള അരി കൊണ്ടുവരുന്നത്‌, ഇരുപത്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നാണ്‌. ദിവസത്തില്‍ രണ്ടുനേരം മാത്രമാണ്‌ ആഹാരം. അതും പേരിനുമാത്രം. ചായയും പലഹാരവുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍പോലുമാവാത്ത ആഡംബരമാണ്‌.

രാവിലെ 6 മുതല്‍ 8 വരെയാണ്‌ അവര്‍ക്ക്‌ പഠിക്കാന്‍ സാധിക്കുക. പിന്നെ ഒന്നൊന്നര മണിക്കൂര്‍ പാചകത്തിനു പോകും. ക്ലാസുകള്‍ 10.30 ന്‌ ആരംഭിച്ച്‌ നാലു മണിക്ക്‌ അവസാനിക്കുന്നു. വീണ്ടും തുടങ്ങുകയായി പാചകവും ഭക്ഷണവും.അതു കഴിയുമ്പോഴേക്ക്‌ ഏഴര മണിയാകും.

150 രൂപ സ്റ്റൈപെന്റ്‌ കിട്ടിയാല്‍, അത്‌ യൂണിഫോമിനും ഭക്ഷണത്തിനും പുസ്തകങ്ങള്‍ക്കും മാത്രമേ തികയൂ. ഒരു പുസ്തകത്തിനു ചുരുങ്ങിയത്‌ 5 രൂപയെങ്കിലും ചിലവാവും. അതുകൊണ്ട്‌ പൈസ അവര്‍ക്ക്‌ ഒരിക്കലും ആവശ്യത്തിനു തികയാറില്ല. "എന്നിട്ടും, പഠിക്കാനുള്ള അവരുടെ ആവേശത്തിനു യാതൊരു കുറവുമില്ല", ഒരു അദ്ധ്യാപകന്‍ പറഞ്ഞു. രക്ഷകര്‍ത്താക്കളും, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം വേണമെന്ന പക്ഷക്കാരാണ്‌, അവര്‍ക്കത്‌ താങ്ങാന്‍ ആവുന്നില്ലെങ്കിലും". ധാതു സമ്പന്നവും, രാജ്യത്തിലെ ഏറ്റവും ദരിദ്രനാരായണന്മാര്‍ താമസിക്കുന്നതുമായ കോരാപുട്ടിന്റെ പ്രവിശ്യയുടെ ഭാഗമാണ്‌ നന്ദാപുര്‍.(മല്‍കാങ്കിരിയടക്കം, രണ്ടു ജില്ലകള്‍ ഈയടുത്തകാലത്തായി കോരാപുട്ടില്‍ നിന്നും ഉയര്‍ന്നു വന്നു).

"ഈ പ്രദേശത്ത്‌ ഇത്തരത്തിലുള്ള നിരവധി വിദ്യാലയങ്ങളുണ്ട്‌", സമീപത്തുള്ള ഒരു എന്‍.ജി.ഒ സംഘടനയിലെ സുരേന്ദ്ര ഖെമെന്ദു പറഞ്ഞു. ഖെമെന്ദുവും ഇത്തരം ഒരു വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി, പിന്നീട്‌ ജെ.എന്‍.യുവില്‍ നിന്ന് എം.ഫില്‍ എടുത്ത ആളായിരുന്നു."എന്നിട്ടും വിദ്യഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഈ കുട്ടികള്‍ ബോധവാന്മാരാണ്‌. അവരുടെ സാഹചര്യങ്ങള്‍ അവരെ അതിനു മിക്കയ്പ്പോഴും അനുവദിക്കുന്നില്ല എന്നതാണ്‌ സങ്കടകരം", മറ്റൊരു അദ്ധ്യാപകന്‍ പറഞ്ഞു. കോരാപുട്ടിന്റെ പൊതുവായ സാക്ഷരത 19 ശതമാനമാണ്‌. സ്ത്രീകളുടെ കാര്യത്തില്‍, ഇത്‌ 8 ശതമാനത്തിനടുത്ത്‌ വരും".

ഇങ്ങനെയൊക്കെയുള്ള ഒരു അവസ്ഥയിലും കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഉണ്ട്‌. മാത്രമല്ല. ഇരുപത്തിരണ്ടു കുട്ടികളില്‍ ആറുപേര്‍ക്കും എന്തായിത്തീരണമെന്ന് നല്ല നിശ്ചയവുമുണ്ട്‌. അദ്ധ്യാപകര്‍. എന്തുകൊണ്ട്‌? "എന്റെ ഗ്രാമത്തിലെ പല കുട്ടികളും സ്കൂളില്‍ പോവുന്നില്ല" സുഭാഷ്‌ ദാണ്ടന്‍ പറയുന്നു. "പക്ഷേ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്‌. അവര്‍ക്കത്‌ താങ്ങാനാവുന്നില്ല എന്നു മാത്രം. അത്യാവശ്യ സൗകര്യങ്ങളെങ്കിലും നല്‍കുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഗ്രാമത്തിലെ എല്ലാ കുട്ടികളും സ്കൂളില്‍ പോവുമായിരുന്നു.അവര്‍ക്കതിനു കഴിഞ്ഞിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആശിക്കുന്നു.

9 comments:

Rajeeve Chelanat said...

നന്ദാപുര്‍ ഹൈസ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂള്‍ മുറ്റത്ത്‌ ഒത്തുകൂടിയത്‌, രക്ഷാ-കര്‍ത്തൃ സമ്മേളനത്തിനൊന്നുമല്ല. തങ്ങളുടെ കുട്ടികള്‍ക്കു മാസാമാസം കിട്ടുന്ന സ്റ്റൈപന്റില്‍നിന്നും കടമെടുക്കാനാണ്‌. അധികവും ഗോത്ര-ഹരിജന വിഭാഗങ്ങളില്‍ നിന്നു വരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക്‌ മാസത്തില്‍ 150 രൂപയാണ്‌ ക്ഷേമവകുപ്പില്‍ നിന്നു കിട്ടുന്നത്‌.

വിഷ്ണു പ്രസാദ് said...

താങ്കളുടെ ബ്ലോഗില്‍ ഈയിടെ വന്ന മിക്ക പോസ്റ്റുകളും വായിച്ചു.ഒന്നിനു പോലും കമന്റിയില്ല.മറ്റൊന്നുമല്ല,വായിച്ച് അന്തം വിടാനല്ലാതെ എന്തെങ്കിലും പറയുവാന്‍ വിവരമുണ്ടായിരുന്നില്ല.ഈ ഇന്ത്യന്‍ അവസ്ഥകള്‍ പങ്കിടുന്നതിന് താങ്കള്‍ക്ക് നന്ദി.

മൂര്‍ത്തി said...

കോരാപുട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞപോലെ..
വിദ്യുച്ഛക്തിയില്ലാത്ത, അല്ലെങ്കില്‍ വിദ്യുച്ഛക്തി തീരെ ദുര്‍ബ്ബലമായ സ്ഥലങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ പലപ്പോഴും പിന്നിലായിരിക്കും. ഒറീസ്സയിലേയും ബീഹാറിലേയും ഗ്രാമപ്രദേശങ്ങളിലേക്ക്‌ നോക്കിയല്‍ നിങ്ങള്‍ക്കിത്‌ എളുപ്പത്തില്‍ മനസ്സിലാവും

ഓരോ അദ്ധ്യായവും കണ്ണു തുറപ്പിക്കുന്നവ...

Rajeeve Chelanat said...

വിഷ്ണു,

ഇനി വരുന്ന ഭാഗം (നാലാമത്തെ)ഇക്കഴിഞ്ഞതിനേക്കാളൊക്കെ ഭയങ്കരമാണ്.
ചെറിയ ചെറിയ ഡോസുകള്‍ നല്‍കി,വായനക്കാരെ, കൂടുതല്‍ വലിയ ആഘാതങ്ങള്‍ സഹിക്കാന്‍ പ്രാപ്തരാക്കിത്തീര്‍ക്കുകയാണ് സായ്‌നാഥ് ചെയ്യുന്നത് എന്ന് തോന്നും ഉള്ളടക്കത്തിന്റെ
കിടപ്പു കണ്ടാല്‍.

‘സ്റ്റേറ്റ്’ എന്ന മര്‍ദ്ദനോപകരണത്തിന്റെ കൂടുതല്‍ വലിയ ദയാരാഹിത്യങ്ങളിലേക്കു് ഇനി വരുന്ന ചില ലേഖനങ്ങള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കും.

അഭിവാദ്യങ്ങളോടെ,

Unknown said...

ഈ ബ്ലോഗിലെ ലേഖനങ്ങള്‍ വായിച്ച് കഴിഞ്ഞാല്‍ കുറച്ച് സമയം തൊണ്ടയില്‍ അനുഭവപ്പെടാറുള്ള കയപ്പ് പോലെയുള്ള ആ വികാരം എന്താണ്? Frustration ആയിരിക്കാം. എങ്കിലും മുടങ്ങാതെ വായിക്കുന്നുണ്ട്. അറിഞ്ഞിരിക്കേണ്ട എന്നാല്‍ ഞാന്‍ ബോധവാനല്ലാത്ത കാര്യങ്ങള്‍ ആണ് എന്ന തോന്നല്‍ കൊണ്ട്.

സായ്‌നാഥിന് അഭിവാദ്യങ്ങള്‍.

Unknown said...

പിന്നാക്കാവസ്ഥയെ ദൂരീകരിച്ചു് സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും ആവശ്യവും നല്ല അദ്ധ്യാപകര്‍ തന്നെയാണു്. സ്വന്തം അനുഭവങ്ങളാല്‍ ഉത്തേജിതരായി ‍സമൂഹനന്മക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നവര്‍ പ്രതിജ്ഞാബദ്ധരുമായിരിക്കും. പക്ഷേ, സമൂഹം അവര്‍ക്കു് പിന്‍‌തുണ നല്‍കുമോ എന്നതാണു് പ്രശ്നം. അനുഭവങ്ങള്‍ വലിയ ഒപ്ടിമിസത്തിനു് വക നല്‍കുന്നില്ല. എങ്കിലും സ്വന്ത ലക്‍ഷ്യത്തില്‍ നിന്നും പിന്‍‌തിരിയാതിരിക്കാന്‍ വേണ്ട ഇച്ഛാശക്തി അവര്‍ക്കുണ്ടാവുമെന്നു് ആശിക്കാം.

വര്‍ക്കേഴ്സ് ഫോറം said...

ഒരു അടുക്കള ജോലിക്കാരനെ നിയമിക്കനുള്ള ഫണ്ടുപോലും ലഭ്യമല്ല" ഒരു അദ്ധ്യാപകന്‍ പറഞ്ഞു. അതുകൊണ്ട്‌, പത്തിനും പതിനഞ്ചിനുമിടക്ക്‌ പ്രായമുള്ള ഈ കുട്ടികള്‍ക്ക്‌ തങ്ങളുടെ ആഹാരം പാകം ചെയ്യേണ്ടി വരുന്നു. ഞായറാഴ്ച ദിവസങ്ങളില്‍, മറ്റു അവധി ദിവസങ്ങളിലും കുട്ടികള്‍ വിറകു ശേഖരിക്കുന്നു"

ഇങ്ങനെയൊക്കെയുള്ള അവസ്ഥയിലും കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്നു‌.

അവര്‍ക്കതിനു കഴിഞ്ഞിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആശിക്കുന്നു.

വിശാഖ് ശങ്കര്‍ said...

ഈ പരമ്പരയില്‍ ഇതുവരെ വന്ന എല്ലാം വായിച്ചു.ഒരു സമൂഹത്തിന്റെ ഉള്‍ക്കരുത്ത് അതിനെ തളര്‍ത്തുവാന്‍ ശ്രമിക്കുന്ന ജീര്‍ണ്ണമായ വ്യവസ്ഥിതിയുടെ ദുര്‍വ്യാപനത്തെക്കാള്‍ കരുത്തുള്ളതായിരിക്കും എന്ന വാദത്തിനു മാത്രമേ നമ്മള്‍ മൂന്നാം ലോകക്കാരെ ഓപ്റ്റിമിസ്റ്റുകളാക്കി നിലനിര്‍താനാവു എന്ന തോന്നലിന് ഇവ സാക്ഷ്യ്ങ്ങളാവുന്നു.

രാജീവേ.., നിങ്ങള്‍ ചിലവാക്കിയ സമയത്തിന് ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Rajeeve Chelanat said...

വിശാഖ്,

സമൂഹത്തിന്റെ ഉള്‍ക്കരുത്തിലുള്ള ശുഭാപ്തിവിശ്വാസം നല്ലതുതന്നെ. സമൂഹത്തിന് ഉള്‍ക്കരുത്തുണ്ടാവുക, അവര്‍ക്ക് രാഷ്ട്രീയാധികാരവും മിനിമം മനുഷ്യാവകാശങ്ങളുമുണ്ടാകുമ്പോളാണെന്നാണ് നമ്മുടെ സാമൂഹ്യാനുഭവം വ്യക്തമാക്കുന്നത്.പല ഇന്ത്യന്‍ ഗ്രാമങ്ങളിലും ഇല്ലാത്തതും അതുതന്നെയാണ്.

പിന്നെ, വര്‍ഷത്തില്‍ 350 ദിവസവും ഗ്രാമങ്ങളില്‍ ചിലവഴിച്ച് ,നമ്മളുടെ അറിവിലേക്കായി, കഥകളേക്കാള്‍ വിചിത്രമായ ജീവിതാനുഭവങ്ങള്‍ കൊണ്ടെത്തിക്കുന്ന സായ്‌നാഥിനോടാണ് നമ്മള്‍ കടപ്പെട്ടിരിക്കുന്നത്.

ലേഖനം വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാവര്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ