Wednesday, September 5, 2007

ഭാഗം 4 - "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

അദ്ധ്യായം 1 - ഒരു പദ്ധതി വരും വരെ

ആസ്ത്രേലിയ എന്ന ഭൂഖണ്ഡത്തിലെ മുഴുവന്‍ ആളുകളും തങ്ങളുടെ വീട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടുവെന്ന് വെറുതെയൊന്ന് സങ്കല്‍പ്പിച്ചു നോക്കുക - 18 ദശലക്ഷം ആളുകള്‍ക്ക്‌ അവരുടെ ഭൂമി നഷ്ടപ്പെടുന്നു, വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും തൊഴിലും വരുമാനവും നഷ്ടപ്പെട്ട്‌, നിരാലംബരാവുകയും ചെയ്യുന്ന ഒരു അവസ്ഥ. കുടുംബങ്ങള്‍ ശിഥിലമാവുകയും ചിന്നിച്ചിതറുകയും ചെയ്യുമ്പോള്‍ സാമൂഹ്യ ബന്ധങ്ങള്‍ തകര്‍ന്നടിയുന്നു. തങ്ങളുടെ പ്രധാന സ്രോതസ്സുകളില്‍ നിന്ന് മുറിച്ച്‌ മാറ്റപ്പെട്ട അവരില്‍നിന്ന് പിന്നീട്‌ ചരിത്രവും, പാരമ്പര്യവും, സംസ്കാരവും മോഷ്ടിക്കപ്പെടുന്നു. ഒരു പക്ഷേ തീര്‍ത്തും അപരിചിതമായ ഒരു ഭക്ഷണ രീതി പോലും അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. വര്‍ദ്ധിച്ചു വരുന്ന രോഗവും, മരണങ്ങളും ഈ നിഷ്കാസിതരെ പിന്തുടരുന്നു. കൂടാതെ, വരുമാനത്തിലും വിദ്യാഭ്യാസത്തിലുമുള്ള കുറവും. തീര്‍ന്നില്ല, തൊഴിലില്ലായ്മയും, വിവേചനവും, സമൂഹത്തിലെ താഴേക്കിടയിലെ പദവിയും എല്ലാം. വിരോധാഭാസമെന്നു പറയട്ടെ, ഇതൊക്കെ സംഭവിക്കുന്നതോ? വികസനത്തിന്റെ പേരിലും. ഇരകള്‍ ഗൂണഭോക്താക്കളായും ചിത്രീകരിക്കപ്പെടുന്നു.

ഒരു കഥപോലെ അയഥാര്‍ത്ഥമായി തോന്നുന്നുണ്ടോ?

ഇന്ത്യയില്‍ ഇത്‌ സംഭവിച്ചു. 1951-നും-90-നുമിടക്കുള്ള കാലഘട്ടത്തില്‍ 21.6 ദശലക്ഷം ആളുകളെ കനാലുകള്‍ക്കും അണക്കെട്ടുകള്‍ക്കും വേണ്ടിമാത്രം കുടിയിറക്കിയപ്പോള്‍, അവരെ പിന്തുടര്‍ന്നത്‌ ഈ വിധിയായിരുന്നു. ഖനനം കൊണ്ട്‌ കുടിയിറങ്ങിയ മറ്റൊരു 2.1 ദശലക്ഷത്തെ ഇതിനോടു ചേര്‍ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ കാനഡയുടെ ജനസംഖ്യ കിട്ടും. വ്യവസായങ്ങള്‍ക്കും, താപ നിലയങ്ങള്‍ക്കും, പ്രതിരോധ നിര്‍മ്മാണങ്ങള്‍ക്കും വേണ്ടി വീടു പറമ്പും ഇട്ടെറിഞ്ഞുപോവേണ്ടി വന്ന മറ്റൊരു 2.4 ദശലക്ഷം കൂടി ഇനി വരുന്നു. ഇപ്പോള്‍ സംഖ്യ 26 ദശലക്ഷത്തോളമായി.

ഇതൊക്കെ അടിസ്ഥാന കണക്കുകളാണ്‌. സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം തന്നെ, 1985 വരെയുള്ള കാലത്ത്‌, 15 ദശലക്ഷം ആളുകളാണ്‌ ഇത്തരത്തില്‍ 'വികസന-ബന്ധിത കുടിയൊഴിക്കലില്‍' നിരാലംബരായിരിക്കുന്നത്‌. അതെ, തങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടേയില്ലാത്ത പദ്ധതികള്‍ക്കു വേണ്ടി തങ്ങളുടെ വീടും ഭൂമിയുമൊക്കെ വിട്ടുകൊടുത്ത്‌ പടിയിറങ്ങേണ്ടിവന്ന ആളുകളെ സൂചിപ്പിക്കാന്‍ ഈ വാക്കാണ്‌ നമ്മള്‍ ഉപയോഗിച്ചുപോരുന്നത്‌. ഈ ഇരുപത്താറ്‌ ദശലക്ഷം ആളുകളെ കുടിയിറക്കിയ പദ്ധതികളുടെ പട്ടികയുണ്ടാക്കാന്‍ ശ്രമിച്ചാല്‍, അതൊരിക്കലും പൂര്‍ത്തിയാവില്ല. എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആയിരക്കണക്കിനു വേറെയും പദ്ധതികളും, അതിന്റെ ഇരകളായ ജനവിഭാഗങ്ങളും ഇനിയുമുണ്ട്‌. കഴിഞ്ഞില്ല, 1985-നു ശേഷം നിര്‍ബന്ധിത കുടിയൊഴിക്കലിനു നിമിത്തമായ വലുതും ചെറുതുമായ മറ്റു പദ്ധതികളും.

സര്‍ക്കാരിന്റെ "പുനരധിവാസത്തിനുവേണ്ടിയുള്ള ദേശീയ നയ'ത്തിന്റെ കരടുരേഖകള്‍ പറയുന്നത്‌, 1951-നു ശേഷം കുടിയൊഴിക്കപ്പെട്ടവരില്‍ 75 ശതമാനവും ഇപ്പോഴും 'പുനരധിവാസത്തിനു കാത്തിരിക്കുന്നു' എന്നാണ്‌. (നാല്‍പ്പത്തഞ്ചു വര്‍ഷത്തിനു ശേഷവും 'കാത്തിരിക്കുന്നു' എന്നു പറയുന്നത്‌ വളരെ ക്രൂരമായ ഒരു പറച്ചിലാണ്‌). മാത്രമല്ല, രാജ്യത്താകമാനം ഇത്തരത്തില്‍ കുടിറക്കപ്പെട്ടവരുടെ ഒരു ഏകദേശ കണക്കെങ്കിലും ലഭിക്കുകയെന്നത്‌ 'ദുഷ്ക്കരം'ആണെന്ന് ആ രേഖകള്‍ സമ്മതിക്കുകയും ചെയ്യുന്നു. 'കുടിയൊഴിക്കപ്പെടല്‍' എന്ന വാക്കുകൊണ്ട്‌ ഇവിടെ സൂചിതമാവുന്നത്‌, ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാനത്തിലുള്ള 'പ്രത്യക്ഷമായുള്ള' കുടിയൊഴിക്കല്‍ മാത്രമാണെന്ന് ഓര്‍ക്കുക.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വന്തമായി സ്ഥലമില്ലാതിരിക്കുകയും എന്നാല്‍ കുടിയൊഴിക്കല്‍ നേരിടേണ്ടിവരുകയും ചെയ്ത നിരവധി ജനവിഭാഗങ്ങളുണ്ട്‌, കണക്കില്‍ പെടാത്തതായി. ഭൂരഹിത തൊഴിലാളികള്‍, കൈവേലക്കാര്‍, മുക്കുവര്‍ എന്നിവരൊന്നും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുന്നതേയില്ല. വികസനത്തിന്റെ ഈ കാഴ്ച്ചപ്പാടുമൂലം ഫലമനുഭവിക്കേണ്ടിവരുന്ന, പദ്ധതിപ്രദേശത്തിനു പുറത്തുള്ള ദശലക്ഷങ്ങളെ ഈ 'പുനരധിവാസം' പൂര്‍ണ്ണമായും അവഗണിക്കുന്നു. പദ്ധതികള്‍ മൂലം ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞ ആളുകള്‍; അതല്ലെങ്കില്‍, പദ്ധതി പരോക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍, ഇനി അതുമല്ലെങ്കില്‍, പകരം നല്‍കുന്നതിനുവേണ്ടി 'തരിശു നില'മാക്കിയ ഭൂമിക്ക്‌ വേണ്ടി സ്ഥലമൊഴിഞ്ഞവര്‍; ഇവരൊക്കെ ഉള്‍പ്പെടുന്നവരാണ്‌ ഒരു വലിയ ഭൂരിപക്ഷം.

അതുകൊണ്ട്‌, സര്‍ദാര്‍ സരോവര്‍ പദ്ധതി 40,000 കുടുംബങ്ങളെയാണ്‌ അഥവാ, 200,000 വ്യക്തികളെയാണ്‌ കുടിയൊഴിപ്പിക്കുക എന്ന് ഔദ്യോഗിക രേഖകള്‍ പറയുമ്പോള്‍ നമ്മള്‍ അര്‍ത്ഥമാക്കേണ്ടത്‌, അതിലും എത്രയോ കൂടുതല്‍ ആളുകള്‍ എന്നാണ്‌. ഇതില്‍ ഒട്ടുമിക്കവരും ഒരു രേഖകളിലും വരുന്നില്ല, തന്‍മൂലം ഒരു നഷ്ടപരിഹാരവും ലഭിക്കുന്നവരുമല്ല.

"വിഭവ നഷ്ടം' സഹിക്കേണ്ടി വരുന്ന ജനങ്ങളുടെ ദുരിതത്തെ ഒരു സ്ഥിതി-വിവര കണക്കുകളും പകര്‍ത്തുന്നില്ല. ബഹിഷ്‌കൃതരാവാതെത്തന്നെ, കുടിയൊഴിക്കപ്പെടുന്നവരാണ്‌ ഇക്കൂട്ടര്‍. ഒറീസ്സയിലെ കോയ ഗോത്രവും, മദ്ധ്യപ്രദേശിലെ ബാന്‍സൂദ്‌ ഗോത്രവും, 'നിയമപരമായി' മുളംകാടുകളില്‍നിന്ന് വെട്ടിമാറ്റപ്പെട്ട ജനവിഭാഗങ്ങളാണ്‌. രണ്ടുകൂട്ടര്‍ക്കും, അത്‌ തങ്ങളുടെ ജീവനാഡിയായിരുന്നു. ബാന്‍സൂദ്‌ ഗോത്രത്തിന്റെ പേരുതന്നെ മുളകളുമായി ബന്ധപ്പെട്ടതാണ്‌. കോയക്കാര്‍ നട്ടു വളര്‍ത്തിയ മുളങ്കാടുകള്‍ ഇന്ന് സ്വകാര്യ കമ്പനികളുടെ കൈവശമാണ്‌. കടലാസ്സു നിര്‍മ്മാണത്തിനാണ്‌ ഈ കമ്പനികള്‍ ഇത്‌ കൈവശപ്പെടുത്തിയിരിക്കുന്നത്‌. തങ്ങളുടെ ജീവനോപായത്തില്‍നിന്നുള്ള ഈ അന്യവത്ക്കരണത്തിലൂടെ ഈ ഗോത്രങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ കയ്യും കണക്കുമില്ല. എന്നാലോ, ഭൗതികമായി ഇവര്‍ കുടിയൊഴിക്കപ്പെട്ടിട്ടുമില്ല.

പലിശക്കാര്‍ക്ക്‌ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കേണ്ടിവന്ന കര്‍ഷകരെ കുടിയൊഴിക്കലിന്റെ ഇരകളായി കണക്കാക്കിയിട്ടില്ല. പക്ഷേ,അവര്‍ക്കും ഈ ദുരിതങ്ങളൊക്കെ അനുഭവിക്കേണ്ടി വരുന്നു. നാഗരികരുടെ കയ്യേറ്റത്തിന്റെയോ, അവരുടെ കോളണികള്‍ സ്ഥാപിക്കാന്‍ വേണ്ടി ഒഴിവാക്കപ്പെട്ടവരുടെയോ കണക്കുകളും ഒരിടത്തും കാണില്ല.

ഔദ്യോഗിക മതമനുസരിച്ച്‌, ഇതൊക്കെ, വികസനത്തിനു വേണ്ടി നല്‍കുന്ന വിലയാണ്‌. നിങ്ങള്‍ക്ക്‌ വികസനം വേണോ? എങ്കില്‍ ചില ത്യാഗങ്ങള്‍ക്ക്‌ തയ്യാറാവണം.

ആരാണ്‌ ത്യാഗം ചെയ്യുന്നത്‌? ആര്‍ക്കുവേണ്ടിയാണ്‌? എന്തുകൊണ്ടാണ്‌ ഏറ്റവും ദുര്‍ബ്ബലരായ വിഭാഗം മാത്രം ഇത്ര വലിയ വില നല്‍കേണ്ടിവരുന്നത്‌? വിലയുടെ എത്ര ഭാഗമാണ്‌ സമ്പന്നര്‍ നല്‍കുന്നത്‌?

- ജനസംഖയുടെ വെറും 8 ശതമാനമാണ്‌ ഗോത്രവര്‍ഗ്ഗങ്ങള്‍. എന്നിട്ടും, ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിട്യൂറ്റിലെ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ്‌ ചൂണ്ടിക്കാണിച്ചപോലെ, പദ്ധതികള്‍ക്കുവേണ്ടി കുടിയിറങ്ങേണ്ടിവരുന്ന ജനവിഭാഗങ്ങളില്‍ 40 ശതമാനത്തിലധികം ഈ വിഭാഗമാണ്‌. ഇവരെക്കൂടാതെ, ഇത്ര തന്നെ ദളിതരും, ഭൂരഹിതരും തങ്ങളുടെ ഭൂമിയില്‍ നിന്നും വീടുകളില്‍ നിന്നും നിഷ്കാസിതരാവുന്നുണ്ടെന്ന് ഉത്‌കല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സര്‍ എല്‍.കെ.മഹാപത്ര പറയുന്നു.

- പ്രാന്തവത്ക്കരിക്കപ്പെടുന്ന ഇക്കൂട്ടര്‍ എന്നെങ്കിലും ഈ പദ്ധതികളുടെ 'ഗുണഭോക്താക്കള്‍' ആകുന്നുണ്ടോ? ഔദ്യോഗിക രേഖയിലെങ്കിലും? തീര്‍ത്തും ഇല്ല. ജല-വൈദ്യുത പദ്ധതികളില്‍ മിക്കവയും സ്ഥിതി ചെയ്യുന്നത്‌ ഗോത്രപ്രദേശങ്ങളിലാണ്‌. ദക്ഷിണ ഗുജറാത്ത്‌ സര്‍വ്വകലാശാലയിലെ ജഗന്നാഥ്‌ പതി നമ്മളോട്‌ പറയുന്നത്‌ "ഗോത്രപ്രദേശങ്ങളിലെ ജലസേചന സൗകര്യങ്ങള്‍ 5 ശതമാനത്തിലധികമില്ല"എന്നാണ്‌.

- പത്ത്‌ ഇന്ത്യന്‍ ഗോത്രക്കാരില്‍ ഒരാള്‍ കുടിയൊഴിക്കപ്പെട്ടവനാണെന്ന് കണക്കുകള്‍ കാണിക്കുന്നു. അണക്കെട്ടുകള്‍ക്കു വേണ്ടി മാത്രം ഒരു ദശലക്ഷം ആദിവാസികളെ കുടിയിറക്കിയിട്ടുണ്ട്‌. പതി വീണ്ടും ചൂണ്ടിക്കാണിക്കുന്നു."പത്തൊന്‍പത്‌ പൊതുമേഖല പദ്ധതികള്‍ക്കു വേണ്ടി കുടിയിറക്കിയ 1.7 ദശലക്ഷം ആളുകളില്‍ 08 ശതമാനം പട്ടികവര്‍ഗ്ഗക്കാരാണ്‌. കീല്‍ കാരോ*, ലാല്‍പുര്‍** പോലുള്ള പദ്ധതികളില്‍, കുടിയൊഴിക്കപ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ 80-മുതല്‍ 100 ശതമാനം വരെയാണ്‌.

- വന്‍ തോതിലുള്ള കുടിയൊഴിക്കലിനു കാരണമാവുന്ന പദ്ധതികള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളില്‍ ധാരാളമായി കടന്നു വന്നിട്ടുണ്ട്‌.

ഒഴിഞ്ഞുപോകേണ്ടിവരുന്ന ദളിതുകളുടെ കഥ അത്രയധികമൊന്നും പുറത്തേക്കു വരുന്നില്ല. കഴിഞ്ഞകാല ദശകങ്ങളില്‍ വന്നിട്ടുള്ള വികസന പദ്ധതികളിലധികവും പ്രായേണ കടന്നുചെല്ലാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലായിരുന്നു. ദളിതുകളും മറ്റു പിന്നോക്ക വിഭാഗങ്ങളും താമസിക്കുന്ന ഈ പ്രദേശത്തെ ഒഴിപ്പിക്കലുകളെക്കുറിച്ചൊന്നും അധികം രേഖകള്‍ ലഭ്യമല്ല, അഥവാ ഉണ്ടെങ്കില്‍തന്നെ, അവ അത്ര വിശ്വസനീയവുമല്ല.അതുകൊണ്ടുതന്നെ, ആ കഥകള്‍ ആരും അറിയാതെ പോവുകയും ചെയ്യുന്നു.

ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളിലും ദളിതുകള്‍ക്ക്‌ അധികം രക്ഷയില്ല. ഉദാഹരണത്തിന്‌, ഛോട്ടാനാഗ്‌പൂരിലെ കുടിയായ്മ നിയമം, രാജ്യത്തിന്റെ ആ ഭാഗത്തിലെ ദളിതുകള്‍ക്ക്‌ സംരക്ഷണമൊന്നും നല്‍കുന്നില്ല. അവരെ പുറത്താക്കാല്‍ വളരെ എളുപ്പമുള്ള കാര്യമാണ്‌. പദ്ധതി നടപ്പാക്കുന്ന ബഹളത്തിനിടക്ക്‌ ദളിതുകളുടെ ഭൂമി കരാറുകാര്‍ കൈവശപ്പെടുത്തുന്നത്‌ തടയാനും പഴുതുകളില്ല.

ലോകബാങ്കിന്റെ മുഖ്യോപദേഷ്ടാവായ ഡോ.മൈക്കള്‍ എം.സെര്‍നിയ*** കുടിയൊഴിക്കപ്പെടുന്നവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയില്‍ മിക്കതും ദാരിദ്ര്യത്തിലേക്ക്‌ നയിക്കുന്നവയാണ്‌. ഭൂമിയും, വീടും, തൊഴിലും ഇല്ലാതെ വരുന്ന അവസ്ഥ, ഇതില്‍ ഒന്നാണ്‌. ഇതിനു പുറമെയാണ്‌, പ്രാന്തവത്ക്കരിക്കപ്പെടുന്നവര്‍ നേരിടുന്ന ഭക്ഷണത്തിന്റെ കാര്യത്തിലുള്ള അരക്ഷിതാവസ്ഥ. ഇതു കൂടാതെ, രോഗങ്ങളും,അനാരോഗ്യവും വര്‍ദ്ധമാനമായ അളവില്‍ ഇവരില്‍ കാണുന്നതും സെര്‍നിയ രേഖപ്പെടുത്തിയിട്ടുണ്ട്‌. വെള്ളം, കന്നുകാലികളെ മേയ്ക്കാനുള്ള സ്ഥലം തുടങ്ങിയ പൊതുമുതലുകളും ഇവര്‍ക്ക്‌ അന്യം വരുന്നു.

ഏറ്റവും ഒടുവിലായി, ഈ ജനവിഭാഗത്തിന്റെ പ്രധാന പിന്‍ബലമായ സാമൂഹ്യബന്ധങ്ങളുടെയും സ്വത്തിന്റെയും നഷ്ടം ഡോ.സെര്‍നിയ രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, ഒരു ആദിവാസി വീടു നിര്‍മ്മിക്കുമ്പോള്‍, അയാളുടെ ഗോത്രം മുഴുവനും ആ പ്രവൃത്തിയില്‍ അയാളെ സഹായിക്കാന്‍ എത്തുമായിരുന്നു. ഇത്‌, അയാള്‍ക്ക്‌ സാമ്പത്തികവും, സാമൂഹ്യവുമായ ഒരു വലിയ പിന്‍ബലമായിരുന്നു. പക്ഷേ, കുടുംബങ്ങള്‍ ഛിന്നഭിന്നമായപ്പോള്‍ ഇതും നഷ്ടമായി.

കുടിയൊഴിക്കലിന്റെ ഏറ്റവും വലിയ ദല്ലാള്‍ ലോകബാങ്കാണ്‌. പക്ഷേ വിചിത്രമെന്നു പറയട്ടെ,അവര്‍ തന്നെയാണ്‌ അതിനെക്കുറിച്ച്‌ ഏറ്റവുമധികം പഠിച്ചിട്ടുള്ളതും. വ്യാപകവും നിര്‍ബന്ധിതവുമായ കുടിയൊഴിക്കലില്‍ കലാശിക്കുന്ന ബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പല പദ്ധതികള്‍ക്കുമെതിരായി പലയിടങ്ങളിലും ജനങ്ങളുടെ ശക്തിയായ എതിര്‍പ്പ്‌ ഉയര്‍ന്നുവരുന്നുണ്ട്‌. അതുകൊണ്ടുതന്നെ, ഈ പ്രശ്നത്തെക്കുറിച്ച്‌ പഠിക്കാന്‍ ലോകബാങ്ക്‌ നിര്‍ബന്ധിതമായി. ആഗോളതലത്തിലുള്ള കുടിയൊഴിക്കലിനെക്കുറിച്ച്‌, ഡോ.സെര്‍നിയ നടത്തിയ പഠനത്തിന്റെ വ്യാപ്തിയും ശക്തിയും മറ്റ്‌ അധികം പഠനങ്ങള്‍ക്ക്‌ അവകാശപ്പെടാനാവില്ല.

1995-ല്‍ ഓക്സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ വെച്ച്‌ ലോകബാങ്കിന്റെ ഈ വിഷയത്തിന്‍മേലുള്ള ചില കണ്ടെത്തലുകള്‍ പരസ്യമാക്കിക്കൊണ്ട്‌ സംസാരിക്കവേ, ഡോ.സെര്‍നിയ പറയുകയുണ്ടായി.'...നഗരവത്ക്കരണം/ഗതാഗതം, അണക്കെട്ട്‌ നിര്‍മ്മാണം എന്നീ രണ്ടു മേഖലകളില്‍ മാത്രം, ലോകമാസകലം, ഏകദേശം 10 ദശലക്ഷം ആളുകള്‍ വര്‍ഷംതോറും നിര്‍ബന്ധിത കുടിയിറക്കത്തിനും, മാറ്റിപ്പാര്‍പ്പിക്കലിനും വിധേയരാവുന്നു. അതിനര്‍ത്ഥം, കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 90-100 ദശലക്ഷം ആളുകള്‍ നിരാധാരമായിരിക്കുന്നുവെന്നാണ്‌".

അദ്ദേഹം സൂചിപ്പിച്ച പോലെ, 'വികസനവുമായി ബന്ധപ്പെട്ട കുടിയൊഴിക്കല്‍ ആഗോളതലത്തിലുള്ള പുതിയ അഭയാര്‍ത്ഥിപ്രാവഹത്തേക്കാള്‍ വളരെ വലിയ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു".

കൂടാതെ "..വര്‍ഷത്തില്‍ ദശലക്ഷം എന്ന ഈ കണക്ക്‌, അഥവാ, പത്തു വര്‍ഷത്തില്‍ 10 കോടി എന്ന കണക്കുപോലും ഒരു ഭാഗികമായ കണക്കുമാത്രമാണ്‌. പുതിയ മേഖലകളില്‍ (വനങ്ങള്‍, റിസര്‍വ്വ്‌ വനങ്ങള്‍, ഖനികള്‍, താപ വൈദ്യുത നിലയങ്ങള്‍, അതുപോലുള്ള മറ്റു അവസ്ഥകളിലെ)നടക്കുന്ന 'ആന്തരികമായ' കുടിയൊഴിക്കലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല".

യുദ്ധത്തിലെ അഭയാര്‍ത്ഥികളെയും, വികസനവുമായി ബന്ധപ്പെട്ട്‌ നിഷ്കാസിതരാകുന്ന ജനതയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ ശരിയായിരിക്കില്ല. യുദ്ധങ്ങളുണ്ടാക്കുന്ന കെടുതികള്‍, അത്‌ അഫ്ഘാനിസ്ഥാനിലോ, റുവാന്‍ഡയിലോ, ബോസ്നിയയിലോ, ചെച്നിയയിലോ, സൊമാലിയയിലോ എവിടെയെയായാലും, നിങ്ങള്‍ക്ക്‌ ഒരു പക്ഷേ നിങ്ങളുടെ ടിവിയില്‍ കാണാന്‍ കഴിഞ്ഞുവെന്നു വരാം. തകര്‍ന്ന ജീവിതങ്ങള്‍, നിരപ്പാക്കിയ വീടുകള്‍, ശിഥിലമായ കുടുംബങ്ങള്‍, വിശപ്പില്‍ നീറുന്ന മനുഷ്യര്‍.സംഘര്‍ഷത്തിന്റെ ഈ ചിത്രങ്ങള്‍ നിങ്ങളെ വികാരാധീനരാക്കും. യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്ത മാധ്യമങ്ങള്‍ അത്‌ വിവരിക്കുമ്പോഴാകട്ടെ, പ്രത്യേകിച്ചും.

ആരും കാണാത്ത ആ മറ്റേ യുദ്ധത്തിലെ ഇരകളാകട്ടെ, അദൃശ്യരായിരിക്കുകയും നമ്മുടെ മനസ്സാക്ഷിയെ വളരെ അപൂര്‍വ്വമായി മാത്രം സ്പര്‍ശിക്കുകയും ചെയ്യുന്നു.അവരുടെ വേദന ചുരുളഴിയുമ്പോള്‍ നമുക്കൊരുപക്ഷേ അതിനത്ര രൂക്ഷത തോന്നിയില്ലെന്നും വരാം. എങ്കിലും അവരുടെ കഥയും തകര്‍ന്ന ജീവിതത്തിന്റേതു തന്നെയാണ്‌, തകര്‍ന്ന വീടുകളുടേതാണ്‌, തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട്‌ ശിഥിലമായ കുടുംബബന്ധങ്ങളുടെയുമാണ്‌. ഇന്ത്യയും ഭാഗഭാക്കായ 1993-ലെ ഐക്യരാഷ്ട്രസഭയുടെ ഒരു പ്രമേയം, 'നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെ', 'ഭീമമായ മനുഷ്യാവകാശലംഘന'മായിട്ടുതന്നെയാണ്‌ വിലയിരുത്തുന്നത്‌. എന്നിട്ടും, വികസനത്തിന്റെ ഈ 'അഭയാര്‍ത്ഥികള്‍'ക്കു വേണ്ടി, ഐക്യരാഷ്ട്രസഭ ഒരു ചില്ലിക്കാശുപോലും ചിലവഴിക്കുന്നുമില്ല.

മറുവശത്ത്‌, യുദ്ധം കൊണ്ടും, വികസനം കൊണ്ടും നിഷ്കാസിതരായ ഈ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചില പൊതു ഘടകങ്ങളുമുണ്ട്‌. അതില്‍ പ്രധാനമായത്‌, ഇത്തരം അവസ്ഥകളില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവരുന്നത്‌, സ്ത്രീകളും കുട്ടികളുമാണെന്നതാണ്‌. ഉദാഹരണത്തിന്‌, ഇന്ത്യയില്‍, ഇത്തരം കുടിയൊഴിപ്പിക്കലും, പുതിയ സാഹചര്യങ്ങളിലേക്കുള്ള മാറ്റിപ്പാര്‍പ്പിക്കലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ സ്ത്രീകളെയാണ്‌. അവരുടെ പ്രധാന വീട്ടുജോലികളായ, വെള്ളവും വിറകും ശേഖരിക്കുക എന്ന കര്‍ത്തവ്യത്തെ ഇത്‌ ഏറെ ദുഷ്ക്കരമാക്കുന്നു. പുതിയ ചുറ്റുപാടുകളില്‍ ഇവ കണ്ടെത്തുക എളുപ്പമല്ല. പലപ്പോഴും, സ്ഥലനിവാസികള്‍ പുതിയ അതിഥികളെ സംശയദൃഷ്ടിയോടെയാണ്‌ കാണുന്നതും. അതുകൊണ്ടുതന്നെ, ആതിഥേയരുടെ ആക്രമണങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഇരയാകുന്നതും സ്ത്രീകളും കുട്ടികളുമാണ്‌.

ഇനി, കുടിയിറങ്ങിയതിനു പകരമായി എന്തെങ്കിലും ലഭിച്ചാല്‍ തന്നെ, അത്‌ ഭൂമിയായോ പണമായോ ഒക്കെയായിരിക്കും അവര്‍ക്ക്‌ കിട്ടുക. ഇത്‌ രണ്ടും സ്ത്രീകളുടെ നിയന്ത്രണത്തിലുമല്ല. പ്രത്യേകിച്ചും, പണം. ഇത്‌ കുട്ടികളുടെ വളര്‍ച്ചയെയാണ്‌ ബാധിക്കുക. കാരണം, ചിലവഴിക്കാനുള്ള അധികാരം സ്ത്രീകളില്‍ നിക്ഷിപ്തമാകുമ്പോഴാണ്‌ കുട്ടികളുടെ കാര്യങ്ങള്‍ വേണ്ടുംവണ്ണം പരിപാലിക്കപ്പെടുന്നത്‌. നിലവിലുള്ള അവസ്ഥ, പക്ഷേ, സ്ത്രീകളുടെ ഈ സ്വാശ്രയ അവകാശങ്ങളെ അംഗീകരിക്കാത്തതുകൊണ്ട്‌, ഇതൊക്കെ താറുമാറാകുന്നു.

സര്‍ക്കാരുകള്‍ സമ്മതിക്കാനിടയില്ലെങ്കിലും, നിര്‍ബന്ധിത കുടിയിറക്കല്‍. കേവലം വെറും ഒരു മനുഷ്യാവകാശത്തെയല്ല, മറിച്ച്‌ നിരവധി മനുഷ്യാവകാശങ്ങളെയും, പൗരസ്വാതന്ത്ര്യങ്ങളെയുമാണ്‌ ലംഘിക്കുന്നത്‌. തിരഞ്ഞെടുക്കാനും, സ്വതന്ത്രരായിരിക്കാനുമുള്ള അവകാശത്തെയാണ്‌ അത്‌ ഉല്ലംഘിക്കുന്നത്‌. ജീവിക്കാനുള്ള അവകാശത്തെ അത്‌ തകര്‍ക്കുന്നു. വിവേചനത്തിനു കൊട്ടിപ്പാടിസ്സേവ ചെയ്യുന്നു. നിയമത്തിനു മുന്നിലെ തുല്യതയെ പരിഹസിച്ചുതള്ളുകയാണ്‌ അത്‌ ചെയ്യുന്നത്‌. ജനസംഖ്യയിലെ അവരുടെ എണ്ണത്തിന്‌ ആനുപാതികമായിട്ടല്ല, ദളിതരും, ഗോത്രവര്‍ഗ്ഗക്കാരും കുടിയിറക്കപ്പെടുന്നത്‌.

അപ്പോള്‍ പിന്നെ എന്താണ്‌ ഇന്ത്യയുടെ പുനരധിവാസ നയം? അതിന്റെ ശീര്‍ഷകം തന്നെ ആ കഥ വ്യക്തമാക്കുന്നുണ്ട്‌" "ഭൂമി ഏറ്റെടുക്കല്‍ മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ പുനരധിവാസത്തിനുവേണ്ടിയുള്ള ദേശീയ നയം"

അതെ.അത്‌ ഭൂമിയെക്കുറിച്ചുള്ളതാണ്‌. പദ്ധതികള്‍ക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക്‌ ഒരു നല്ല കച്ചവടം തരമായി എന്നൊന്നും അതുകൊണ്ട്‌ അര്‍ത്ഥമാക്കരുത്‌. ബലമായി പിടിച്ചെടുക്കപ്പെട്ട തങ്ങളുടെ ഭൂമിക്ക്‌, നിലവിലുള്ള നിരക്കില്‍നിന്നും വളരെ താഴ്‌ന്ന 'പിച്ചക്കാശ്‌' കിട്ടിയ പല ആളുകളേയും, പാലാമൊയിലും കോരാപുട്ടിലും എനിക്കു കാണാന്‍ കഴിഞ്ഞു. ചില കുടുംബങ്ങള്‍ക്കാകട്ടെ, ഒന്നും കിട്ടിയതുപോലുമില്ല.

അവരുടെ സമ്മതമില്ലാതെയാണ്‌ സ്ഥലങ്ങള്‍ കയ്യേറിയത്‌. നഷ്ടപരിഹാരം പലപ്പോഴും കണക്കാക്കപ്പെടുന്നത്‌ ഭൂമിയുടെ ഉടമസ്ഥാവകാശ പട്ടയങ്ങളുടെ പേരിലാണ്‌. സാമൂഹ്യമായ ഉടമസ്ഥാവകാശം നിലനില്‍ക്കുന്ന ഗോത്രസമൂഹങ്ങളില്‍, കാലാകാലങ്ങളായി ആളുകള്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത്‌ ഒരു വിധ പട്ടയങ്ങളുമില്ലാതെയാണ്‌. അവര്‍ ഭൂമിയുടെ ഉടമസ്ഥരാണെന്നതിന്‌ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ പട്ടയത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിയമസാധുത എന്നതുകൊണ്ട്‌ അവര്‍ക്ക്‌ നഷ്ടപരിഹാരമൊന്നും ലഭിക്കുന്നില്ല.

ആളുകളെ ബലമായി ഭൂമിയില്‍ നിന്നു മാറ്റുമ്പോള്‍ ഭൂമി മാത്രമല്ല അവര്‍ക്ക്‌ നഷ്ടമാകുന്നത്‌ എന്ന് നമുക്കറിയാം. മേയ്ക്കാനുള്ള സ്ഥലം, കന്നുകാലിത്തീറ്റ, ചെടികള്‍, വനവിഭവങ്ങള്‍, സാമൂഹ്യാദ്ധ്വാനം, ഇതൊക്കെ ഇല്ലാതാവുന്നു. പക്ഷേ ഇതിനൊക്കെ പകരമായിട്ട്‌ നാമമാത്രമായിട്ടാണെങ്കില്‍പ്പോലും എന്തെങ്കിലും കൊടുക്കാനുള്ള ഒരു ശ്രമം പോലുമില്ലതാനും.

പുനരധിവാസ നയത്തിന്റെ കരടുരേഖയിലെ ആദ്യത്തെ വരി തന്നെ അതിന്റെ കഥ പറയുന്നുണ്ട്‌. അത്‌ പറയുന്നത്‌ "പുത്തന്‍ സാമ്പത്തിക നയത്തിന്റെ ആവിര്‍ഭാവത്തോടെ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കും...ഇത്‌, ഭൂമിയുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ട്‌....' കൂടാതെ 'കല്‍ക്കരി, ഇരുമ്പയിര്‍, മാംഗനീസ്‌, ആദിയായ നമ്മുടെ ധാതുസമ്പത്തുക്കളുടെ ഭൂരിഭാഗം ശേഖരവും സ്ഥിതി ചെയ്യുന്നത്‌, ഗോത്രവര്‍ഗ്ഗങ്ങള്‍ താമസിക്കുന്ന വിദൂരവും പിന്നോക്കവുമായ പ്രദേശങ്ങളിലാണ്‌".

"(രാജ്യത്തിന്റെ) വളര്‍ച്ചയുടെ പ്രക്രിയക്ക്‌ സംഭാവന നല്‍കുന്ന ഭൂമിയുടെ ഉടമകള്‍ക്ക്‌ തന്മൂലം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന്" ഈ രേഖ സമ്മതിക്കുന്നുണ്ട്‌. പക്ഷേ, ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌, കുടിയിറക്കപ്പെടുന്ന ജനങ്ങള്‍ക്കല്ല. കൂടുതല്‍ ഒഴിപ്പിക്കലുകളിലേക്ക്‌ നയിക്കുന്ന പ്രക്രിയ എങ്ങിനെ സുഗമമാക്കാം എന്നതിനാണ്‌. ചുരുക്കത്തില്‍, ഒഴിപ്പിക്കലുകള്‍ ഒഴിവാക്കാനാവില്ല. അത്‌ പണ്ടും അങ്ങിനെയായിരുന്നു, ഇനിയും അങ്ങിനെതന്നെ ആയിരിക്കുകയും ചെയ്യും.പക്ഷേ, ഇത്തവണ, ഒഴിപ്പിക്കേണ്ടിവരുന്നവര്‍ക്ക്‌ എന്തെങ്കിലുമൊക്കെ പ്രാഥമിക ശുശ്രൂഷ നല്‍കുമെന്നു മാത്രം. അവരുമായി കണ്‍സള്‍ട്ടേഷനില്ല. സൗജന്യമായി ബാന്‍ഡ്‌-ഏയ്ഡ്‌ വിതരണം ചെയ്യും എന്ന് ചുരുക്കം.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങള്‍ പ്രാകൃതവും തര്‍ക്കങ്ങളിലേക്ക്‌ നയിക്കാവുന്നവയുമാണ്‌. 1894-ലെ ഭൂമിയേറ്റെടുക്കല്‍ നിയമവും, കല്‍ക്കരി സമാഹരണ നിയമവും ഇത്തരത്തിലുള്ളതാണ്‌. അവയുടെ തത്ത്വശാസ്ത്രം ഒരു വെല്ലുവിളിയും അനുവദിക്കുന്ന ഒന്നല്ല.

ഭൂമി ഏറ്റെടുക്കുന്നത്‌ 'ദേശീയ താത്‌പര്യം' മുന്‍നിര്‍ത്തിയാണ്‌ ആ ഒറ്റ പ്രയോഗംകൊണ്ട്‌, അത്തരം ഭൂമി ഏറ്റെടുക്കലുകളെ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും, പറ്റാത്തതുമായ ഒരു പ്രവൃത്തിയായി അവര്‍ പരിവര്‍ത്തിപ്പിക്കുന്നു. പലാമൊയില്‍ സൈന്യം വെടിവെയ്പ്പു അഭ്യസിക്കുമ്പോള്‍, ആയിരക്കണക്കിനു ഗോത്രവര്‍ഗ്ഗക്കാരാണ്‌ ഭയന്നു വിറച്ച്‌, വീടുകളുപേക്ഷിച്ച്‌ ഗ്രാമാതിര്‍ത്തിയിലുള്ള വനത്തില്‍ പോയി ദിവസങ്ങളോളം പാര്‍ക്കുന്നത്‌. നാവിക സേനയുടെ സൈനിക കസര്‍ത്തുകള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ ആളുകളോടാണ്‌ ഈ കളി കളിക്കുന്നതെങ്കിലോ? അത്‌ ഏതായാലും ദേശീയ താത്‌പര്യത്തിനു അനുയോജ്യമാവില്ല, തീര്‍ച്ച. സര്‍ക്കാര്‍ തന്നെ നിലംപതിച്ചേക്കും.

അപ്പോള്‍ ഒരു ചോദ്യം വരുന്നു. ആരാണ്‌ ഈ ദേശത്തെ അതാക്കിത്തീര്‍ക്കുന്നത്‌? സമ്പന്നവര്‍ഗ്ഗം മാത്രമണോ? അതോ കോടിക്കണക്കിനു ദരിദ്രരുമുണ്ടോ? അവരുടെ താത്‌പര്യങ്ങള്‍ ഒരിക്കലും ദേശീയ താത്‌പര്യങ്ങളായി തിരിച്ചറിയപ്പെടുന്നില്ലയെന്നോ?

ഇനി അതല്ല, ഒന്നില്‍ക്കൂടുതല്‍ ദേശങ്ങളുണ്ടെന്നുവരുമോ?

ഇന്ത്യയിലെ ദരിദ്രമായ ചില പ്രദേശങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ നിങ്ങള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു ചോദ്യമാണ്‌ അത്‌. ഫയറിംഗ്‌ റേഞ്ചുകള്‍ക്കും, ജെറ്റ്‌ വിമാനശാലകള്‍ക്കും, കല്‍ക്കരി ഖനികള്‍ക്കും, അണകെട്ടുകള്‍ക്കും, വന്യജീവി സങ്കേതങ്ങള്‍ക്കും, ചെമ്മീന്‍-കൊഞ്ച്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും, എന്തിന്‌, കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കുവേണ്ടിപോലും ഭൂമിയൊഴിഞ്ഞുപോകേണ്ടിവരുന്ന, നിരാലംബരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വെച്ച്‌ നേരിടേണ്ടിവരുന്ന ചോദ്യം. ഇതിനൊക്കെവേണ്ടി അവര്‍ സഹിക്കുന്ന ദുരിതങ്ങള്‍ , വികസനത്തിനുള്ള വിലയാണെങ്കില്‍, മനസ്സിലാക്കിക്കോളൂ, 'ദേശത്തിലെ' ബാക്കിയുള്ളവര്‍, അതായത്‌ നമ്മള്‍, അവരുടെ ചിലവില്‍ ഒരു അവസാനമില്ലാത്ത സൗജന്യ തീറ്റ തരപ്പെടുത്തുകയാണെന്ന്.


* കീല്‍ കാരോ - റാഞ്ചിയിലെ, തപ്‌കര പ്രദേശത്തെ അണക്കെട്ട്‌.
**ലല്‍പുര്‍ അണക്കെട്ട്‌ - രാജ്‌കോട്ടില്‍ സ്ഥിതി ചെയ്യുന്നു

*** മൈക്കള്‍ എം.സര്‍നിയ - പ്രസിദ്ധ നരവംശശാസ്ത്രജ്ഞനും 1974-97 വരെ ലോകബാങ്കിന്റെ സാമൂഹ്യകാര്യ മുഖ്യ ഉപദേഷ്ടാവുമായിരുന്നു. കുടിയൊഴിക്കലിനെക്കുറിച്ചും, അതുണ്ടാക്കുന്ന സാമൂഹ്യവിപത്തിനെക്കുറിച്ചും എഴുതുകയും, സംസാരിക്കുകയും, അതിന്റെ പരിഹാരത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സര്‍നിയ അറിയപ്പെടുന്നു.

3 comments:

Rajeeve Chelanat said...

അപ്പോള്‍ ഒരു ചോദ്യം വരുന്നു. ആരാണ്‌ ഈ ദേശത്തെ അതാക്കിത്തീര്‍ക്കുന്നത്‌? സമ്പന്നവര്‍ഗ്ഗം മാത്രമണോ? അതോ കോടിക്കണക്കിനു ദരിദ്രരുമുണ്ടോ? അവരുടെ താത്‌പര്യങ്ങള്‍ ഒരിക്കലും ദേശീയ താത്‌പര്യങ്ങളായി തിരിച്ചറിയപ്പെടുന്നില്ലയെന്നോ?

മൂര്‍ത്തി said...

പലാമൊയില്‍ സൈന്യം വെടിവെയ്പ്പു അഭ്യസിക്കുമ്പോള്‍, ആയിരക്കണക്കിനു ഗോത്രവര്‍ഗ്ഗക്കാരാണ്‌ ഭയന്നു വിറച്ച്‌, വീടുകളുപേക്ഷിച്ച്‌ ഗ്രാമാതിര്‍ത്തിയിലുള്ള വനത്തില്‍ പോയി ദിവസങ്ങളോളം പാര്‍ക്കുന്നത്‌. നാവിക സേനയുടെ സൈനിക കസര്‍ത്തുകള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ ആളുകളോടാണ്‌ ഈ കളി കളിക്കുന്നതെങ്കിലോ? അത്‌ ഏതായാലും ദേശീയ താത്‌പര്യത്തിനു അനുയോജ്യമാവില്ല, തീര്‍ച്ച. സര്‍ക്കാര്‍ തന്നെ നിലംപതിച്ചേക്കും.

ഇതു തന്നെയാണതിന്റെ പോയിന്റ്.

വന്‍‌കിട പദ്ധതികളുടെ നേട്ട-കോട്ട വിശ്ലേഷണങ്ങളിലും ഒഴിപ്പിക്കപ്പെടുന്നവരുടെ യഥാര്‍ത്ഥ നഷ്ടം ഉള്‍പ്പെടുത്താറില്ല.

വര്‍ക്കേഴ്സ് ഫോറം said...

1985 വരെയുള്ള കാലത്ത്‌, തങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടേയില്ലാത്ത പദ്ധതികള്‍ക്കു വേണ്ടി 15 ദശലക്ഷം ആളുകള്‍ക്കാണ്‌ 'വികസന-ബന്ധിത കുടിയൊഴിക്കലില്‍ തങ്ങളുടെ വീടും ഭൂമിയുമൊക്കെ വിട്ടുകൊടുത്ത്‌ പടിയിറങ്ങേണ്ടിവന്നത്.
സ്വന്തമായി സ്ഥലമില്ലാതിരിക്കുകയും എന്നാല്‍ കുടിയൊഴിക്കല്‍ നേരിടേണ്ടിവരുകയും ചെയ്ത അനവധി ആളുകള്‍ വേറെയുമുണ്ട്.
ജല-വൈദ്യുത പദ്ധതികളില്‍ മിക്കവയും സ്ഥിതി ചെയ്യുന്നത്‌ ഗോത്രപ്രദേശങ്ങളിലാണ്‌. എന്നാല്‍ ഗോത്രപ്രദേശങ്ങളില്‍ 5 ശതമാനത്തിലധികം ജലസേചന സൗകര്യങ്ങള്‍ ഇല്ലല്ലോ?
എന്തു കൊണ്ട് സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായ വിഭാഗം മാത്രം നാടിന്റെ വികസനത്തിനായി ത്യാഗം ചെയ്യേണ്ടി വരുന്നു?
കുടിയൊഴിക്കലിന്റെ ഏറ്റവും വലിയ ദല്ലാളായ ലോകബാങ്ക് തന്നെ അതിനെക്കുറിച്ച്‌ ഏറ്റവുമധികം പഠിക്കുന്നത് ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുമെതിരായി പലയിടങ്ങളിലും ഉയര്‍ന്നു വരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ നേരിടാനല്ലേ?
വികസനവുമായി ബന്ധപ്പെട്ട്‌ നിഷ്കാസിതരാകുന്ന ജനത ആരും കാണാത്ത യുദ്ധത്തിലെ ഇരകളല്ലേ? അവര്‍ , മിക്കപ്പോഴും അദൃശ്യരായിരിക്കുകയും നമ്മുടെ മനസ്സാക്ഷിയെ വളരെ അപൂര്‍വ്വമായി മാത്രം സ്പര്‍ശിക്കുകയും ചെയ്യുന്നത് എന്തു കൊണ്ട്?
ഭൂമി ഏറ്റെടുക്കല്‍ മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ പുനരധിവാസത്തിനുവേണ്ടിയുള്ള ദേശീയ നയം" പ്രാധാന്യം കൊടുത്തിരിക്കുന്നത്‌, കുടിയിറക്കപ്പെടുന്ന ജനങ്ങള്‍ക്കല്ല,കൂടുതല്‍ ഒഴിപ്പിക്കലുകളിലേക്ക്‌ നയിക്കുന്ന പ്രക്രിയ എങ്ങിനെ സുഗമമാക്കാം എന്നതിനാണ്‌ എന്നത് നിലവിലുള്ള നിയമങ്ങള്‍ എത്രമാത്രം പ്രാകൃതമാണെന്നല്ലേ കാട്ടുന്നത്?

അവസാനം ഈ ചോദ്യം മുഴങ്ങുക തന്നെ ചെയ്യും...എന്തേ ദരിദ്രരുടെ താത്‌പര്യങ്ങള്‍ ദേശീയ താത്‌പര്യങ്ങളായി തിരിച്ചറിയപ്പെടുന്നില്ല?

പ്രസക്തമായ ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന്
നന്ദി രാജീവ്, അഭിവാദ്യങ്ങള്‍ സായിനാഥ്