Monday, November 5, 2007

അദ്ധ്യായം-11- നിശ്ശബ്ദരായ വൃക്ഷങ്ങള്‍ സംസാരിക്കുന്നു

ഭാഗം 4- "അവശര്‍ ഭൂമിയുടെ അവകാശികളായിത്തീരുകയും ചെയ്യും"

മല്‍കാങ്കിരി (ഒറീസ്സ)നിരവധി ഏക്കറുകള്‍ പരന്നു കിടക്കുന്ന നിര്‍ജ്ജീവമായ വനഭൂമി. ജലസമാധിയടഞ്ഞ്‌ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും, ജലനിരപ്പില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന, ഒരിലപോലുമില്ലാത്ത ചത്ത മരങ്ങളുടെ ഒരു വലിയ ഭൂപ്രദേശം. മാച്‌കുണ്ട നദിയിലെ ജലമുപയോഗിച്ച്‌ നിര്‍മ്മിച്ച ബാലിമേല പദ്ധതിയടക്കമുള്ള നിരവധി നദീജല പദ്ധതികള്‍മൂലം ഒഴുകിപ്പോയ 91 ഗ്രാമങ്ങളുടെ സ്മാരകമായിരുന്നു ആ വനശ്മശാനം. ഇതുവരെ ശബ്ദഘോഷത്തോടെ നീങ്ങിയിരുന്ന ബോട്ട്‌ ഇപ്പോള്‍ നിശ്ശബ്ദമായാണ്‌ ജലോപരിതലത്തിലൂടെ നീങ്ങുന്നത്‌ . അതിന്‌ അങ്ങിനെ നീങ്ങാനേ സാധിക്കൂ. കാരണം 66 പേര്‍ക്കു യാത്ര ചെയ്യാനാവുന്ന ആ ബോട്ടില്‍ ഇപ്പോഴുള്ളത്‌ 370-നടുത്ത്‌ ആളുകളാണ്‌.

ആളുകളുടെ മനസ്സ്‌ വായിക്കാന്‍ കഴിയുമായിരുന്നു. അവര്‍ ഓര്‍ക്കുന്നുണ്ടാകാം. ഇവിടെയാണ്‌ ഒരിക്കല്‍ തങ്ങള്‍ ജീവിച്ചിരുന്നത്‌. ഇവിടെയാണ് തങ്ങളുടെ കുട്ടികള്‍ ഒരിക്കല്‍ കളിക്കാറുണ്ടായിരുന്നത്‌. ബോട്ടിലുള്ള ചിലര്‍ക്കെങ്കിലും ഈ യാത്ര ഒരു വ്യക്തിഗതമായ അനുഭവമായിരുന്നിരിക്കണം. നാടിന്റെ വികസനത്തിനുവേണ്ടി ഈ സ്ഥലം ഒഴിഞ്ഞുകൊടുത്തവരായിരുന്നു ബോട്ടിലുണ്ടായിരുന്നവരിലധികവും. പക്ഷേ ആ വികസനത്തില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരും ഈ ആളുകള്‍തന്നെയായിരുന്നു. ആ വനഭാഗങ്ങള്‍ പിന്നിട്ട്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്‌, ഭാരത മഹാരാജ്യത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു ഭൂഭാഗത്താണ്‌. ബാലിമേലയും മറ്റു പദ്ധതികളുംകൊണ്ട്‌ തീര്‍ത്തും ഒറ്റപ്പെട്ട 152 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ പ്രദേശം. ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒന്ന്. ഔദ്യോഗികമായിതന്നെ ഇതിന്റെ പേര്‍ "വിച്ഛേദിക്കപ്പെട്ട സ്ഥലം' (Cut-Off Area) എന്നായിരുന്നു.

മാച്‌കുണ്ട്‌ നദിയെപ്പോലെ, ഇത്രയധികം വിദ്യുച്ഛക്തി ഉത്‌പ്പാദിപ്പിക്കുന്ന ചെറിയ നദികള്‍ ഇന്ത്യയില്‍ മറ്റെവിടെയും ഉണ്ടാകില്ല. മാച്‌കുണ്ട്‌ ഉത്‌പ്പാദിപ്പിക്കുന്ന 720 മെഗാവാട്ട്‌ വൈദ്യുതി, വിവിധ പദ്ധതികളിലൂടെ ഒറീസ്സയും ആന്ധ്രപ്രദേശും പങ്കിട്ടെടുക്കുന്നു. ഈ 152 ഗ്രാമങ്ങളുടെ ത്യാഗത്തിന്റെ വെളിച്ചമാണ്‌, ആ രണ്ടു സംസ്ഥാനങ്ങളിലും നിറഞ്ഞുനിന്ന് പ്രകാശിക്കുന്നത്‌. ഈ 152 ഗ്രാമങ്ങളിലാകട്ടെ ഒരു വൈദ്യുതി ബള്‍ബുപോലും കാണിച്ചുതരാന്‍ നിങ്ങള്‍ക്കാവുകയുമില്ല. ധര്‍ലബേദെയിലെ ഒരേയൊരു ഇടത്തരം കെട്ടിടംപോലും ആ ഒരു വിശിഷ്ടവസ്തുവിനെ ഒരുകാലത്തും കണ്ടിട്ടില്ല. ആ ഇടത്തരം കെട്ടിടമായിരുന്നു അവരുടെ പഞ്ചായത്താപ്പീസ്‌.

ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലമാണിത്‌. ഇവിടെയുള്ള കൃഷിയിടങ്ങളില്‍ മണിക്കൂറുകള്‍ പണിയെടുത്താല്‍ കിട്ടുന്നത്‌ വെറും 4 രൂപ മാത്രമാണ്‌. ഒറ്റപ്പെടലിന്റെ സന്തതസഹചാരിയായ ദാരിദ്ര്യം ഇവിടെയുള്ളവരുടെ ശബ്ദത്തെ അമര്‍ച്ച ചെയ്യുന്നു. അതുകൊണ്ടുതന്നെ, അവര്‍ക്ക്‌ കിട്ടുന്ന സൗകര്യങ്ങളും തീരെ പരിമിതമാണ്‌. ചിത്രകുണ്ടയില്‍ നിന്ന് നിങ്ങള്‍ ഈ വിച്ഛേദിക്കപ്പെട്ട ഭാഗത്തേക്കു പോകുന്നുവെന്ന് കരുതുക. തിരികെവരാന്‍, അക്ഷരാര്‍ത്ഥത്തില്‍തന്നെ, മൂന്നുദിവസമെടുക്കും. നിലവിലുള്ള ഒരേയൊരു ഫെറി സര്‍വ്വീസ്‌ പഴയതും, ദ്രവിച്ചതും, ആളുകള്‍ തിങ്ങിനിറഞ്ഞതും, ഏറെ അപകടം പതിയിരിക്കുന്നതുമാണ്‌. രാവിലെ വളരെ വൈകിമാത്രമാണ്‌ അത്‌ പുറപ്പെടുന്നതുതന്നെ. ജന്‍ബായിക്കും ജാന്ത്രിക്കും ഇടക്ക്‌ നിരവധി സ്ഥലങ്ങളില്‍ വിശ്രമിച്ച്‌, മണിക്കൂറുകളെടുത്താണ്‌ 62 കിലോമീറ്റര്‍ ദൂരം താണ്ടി അത്‌ വിച്ഛേദിക്കപ്പെട്ട പ്രദേശത്തെത്തുക. പലസ്പദര്‍ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ ചിത്രകൊണ്ടയില്‍നിന്നു ബോട്ടില്‍ കയറി.

വഴിയിലുടനീളം, ഈ വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍നിന്നുള്ളവര്‍ ചെറിയ ചെറിയ വഞ്ചികളില്‍ ഞങ്ങളുടെ ബോട്ടിനടുത്തേക്ക്‌ വരുന്നുണ്ടായിരുന്നു. ബോട്ട്‌ ഒരു സഞ്ചരിക്കുന്ന ചന്തയായി ഇതിനകം മാറിക്കഴിഞ്ഞു. ആളുകള്‍ക്ക്‌ ബാഹ്യലോകവുമായി ബന്ധപ്പെടാവുന്ന ഒരേയൊരു മാര്‍ഗ്ഗമായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ആ ബോട്ട്‌. ഗദാബ, പരോജ ഗോത്രങ്ങളില്‍പ്പെട്ടവരും, 1965-ലെ യുദ്ധത്തിനുശേഷം കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നു കുടിയേറിയ ബംഗാളി അഭയാര്‍ത്ഥികളും ഒക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ബോട്ടിലെ ജീവനക്കാരില്‍നിന്നും അവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങി. തങ്ങളുടെ പക്കലുള്ള മീനും മറ്റു സാധനങ്ങളും അവര്‍ പകരം വില്‍ക്കുകയും ചെയ്തു.

ഒരു ബംഗാളി ദമ്പതികള്‍ നല്ല ദൂരം വഞ്ചിയില്‍ തുഴഞ്ഞ്‌ ഫെറിയുടെ സമീപത്തെത്തി യാത്രക്കാരും തൊഴിലാളികളുമായി വിലപേശാന്‍ തുടങ്ങി. അല്‍പ്പസമയം കഴിഞ്ഞ്‌ കച്ചവടം ഭാര്യയെ ഏല്‍പ്പിച്ച്‌, പുരുഷന്‍ ഒറ്റക്ക്‌ മടങ്ങിപ്പോവുകയും ചെയ്തു. കച്ചവടം തീരാന്‍ സാധാരണഗതിയില്‍ നല്ല സമയമെടുക്കും. വിച്ഛേദിക്കപ്പെട്ട പ്രദേശത്തിലെ മറ്റേതെങ്കിലും ഭാഗത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി, പുഴയോരത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടിവേണം, കാട്ടിലൂടെ ആ സ്ത്രീക്ക്‌ ഇനി തിരിച്ചു വീട്ടിലെത്താന്‍. അപ്പോഴേക്കും നല്ലവണ്ണം ഇരുട്ടുവീണിരിക്കും.

ഈ ഫെറിയില്‍ ഒരു ജോലി സംഘടിപ്പിക്കാന്‍ ആളുകള്‍ കൈക്കൂലി കൊടുക്കാന്‍വരെ തയ്യാറാണ്‌. ഫെറിയിലെ ആളുകള്‍ക്ക്‌ സാധനങ്ങള്‍ നിങ്ങള്‍ക്ക്‌ പൊന്നും വിലക്കു വില്‍ക്കാന്‍ കഴിയും. അല്‍പ്പം മിനക്കെടണമെന്നേയുള്ളു. ഫെറിയിലെ തൊഴിലാളികളാവട്ടെ, മഹാ സമര്‍ത്ഥരുമായിരുന്നു. മല്‍കാങ്കിരിയിലെ ഈ ഫെറിയില്‍ കൊടുക്കല്‍-വാങ്ങലുകള്‍ പലപ്പോഴും കൈമാറ്റ വ്യവസ്ഥയിലായിരുന്നു. മുംബയിലും മറ്റും ബീഡികള്‍ കുറഞ്ഞ വിലക്ക്‌ നിങ്ങള്‍ക്ക്‌ കിട്ടുമായിരിക്കും. പക്ഷേ, ഇവിടെ ഈ വിച്ഛേദിക്കപ്പെട്ട സ്ഥലങ്ങളില്‍ അവക്കുപോലും നല്ല വിലയാണ്‌. പക്ഷേ മറ്റു നിവൃത്തിയൊന്നുമില്ല.

മാച്‌കുണ്ട്‌ താഴ്‌വരയില്‍ നിങ്ങള്‍ക്ക്‌ ദിദായ്‌ ഗോത്രത്തെ കണ്ടുമുട്ടാന്‍ സാധിച്ചേക്കും. 5000-ത്തില്‍ താഴെമാത്രം അംഗങ്ങളുള്ള, മറ്റെവിടെയും നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കാത്ത ഒരു ചെറിയ ഗോത്രവര്‍ഗ്ഗമാണ്‌ അവരുടേത്‌. താഴേക്കു പോകുന്തോറും, മാച്‌കുണ്ടയുടെ പേരും മാറുന്നു. ഇപ്പോള്‍ അവളുടെ പേര്‍ സിലേറു എന്നാണ്‌. ചില ഭാഗങ്ങളില്‍, ഒറീസ്സയുടെയും ആന്ധ്ര പ്രദേശിന്റെയും അതിര്‍ത്തിയായി മാറുന്നു ഈ പുഴ. ഏറ്റവും ആദ്യം നിലവില്‍ വന്ന മാച്‌കുണ്ട പദ്ധതിക്കുമുന്‍പ്‌ ഈ സ്ഥലം വ്യത്യസ്തമായ ഒരു ചിത്രമാണ്‌ കാഴ്ച്ചവെച്ചിരുന്നത്‌. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു ഇവിടുത്തേതെന്ന് പഴയ പ്രദേശിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 300 അടി പൊക്കമുള്ള പാറക്കെട്ടുകളില്‍നിന്ന് താഴേയുള്ള ജലാശയത്തിലേക്കു വീണു പൊട്ടിച്ചിതറി, ഉയരുന്ന ഭീമാകാരമായ ജലപടങ്ങളില്‍ സൂര്യന്‍ മഴവില്ലുകള്‍ തീര്‍ക്കാറുണ്ടായിരുന്നു. അതൊക്കെ പണ്ട്‌. 1962-63-ല്‍ ആരംഭിച്ച ബാലിമേല പദ്ധതി ആ കാഴ്ച്ചയെയൊക്കെ ചരിത്രമാക്കി മായ്ച്ചുകളഞ്ഞു.

പലാസ്പദറില്‍ ഞങ്ങളിറങ്ങി.ധര്‍ലബേദ എന്ന സ്ഥലത്തെത്താന്‍ പത്തു കിലോമീറ്റര്‍ നടക്കണമായിരുന്നു. യാത്രയുടെ ഭൂരിഭാഗവും, വിജനവും, മനോഹരവുമായ കാട്ടിലൂടെയായിരുന്നു. നിബിഡമായ, മന്ത്രിക്കുന്ന ഈ വനങ്ങള്‍ കാണുമ്പോള്‍ ഇവയുടെ പൂര്‍വ്വകാലത്തെക്കുറിച്ച്‌ ഒരു ഏകദേശ ധാരണ നിങ്ങള്‍ക്ക്‌ കിട്ടും. ധര്‍ലബേദയില്‍, ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ (Village-Level Worker)സൗജന്യമായി നിലക്കടല വിതരണം ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ഒപ്പ്‌ മേടിച്ചതിനുശേഷമാണ്‌ അയാള്‍ നിലക്കടല വിതരണം ചെയ്തിരുന്നത്‌. ഓരോ കുടുംബത്തിനും കൊടുക്കുന്ന നിലക്കടലയുടെ അളവ്‌ രേഖപ്പെടുത്താനുള്ള കടലാസ്സിലെ ഭാഗം അയാള്‍ ഒഴിച്ചിട്ടിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന രീതിയിലായിരുന്നു അയാള്‍ നിലക്കടല വിതരണം ചെയ്തിരുന്നത്‌.

നിലക്കടല നിറച്ച ചാക്കുകളില്‍ വ്യക്തമായി എഴുതിയിരുന്നത്‌, " മുദ്ര വെക്കാത്ത തുറന്ന ചാക്കുകള്‍ കൈപ്പറ്റരുത്‌'എന്നായിരുന്നു. തുറക്കാത്ത ചാക്കുകള്‍ പക്ഷേ ഒന്നുപോലുമുണ്ടായിരുന്നില്ല. മുദ്രയുടെ ഒരു അടയാളവും കണ്ടതുമില്ല. "നിലക്കടല കൊടുക്കുന്നത്‌ കൃഷി ചെയ്യാനാണ്‌. പക്ഷേ, ആളുകള്‍ മിക്കവാറും ഭക്ഷണത്തിനായാണ്‌ അതുപയോഗിക്കുന്നത്‌", ഗ്രാമത്തിലെ അപൂര്‍വ്വം വിദ്യാസമ്പന്നരില്‍ ഒരാളായ സാധുറാം എന്ന ഗ്രാമമുഖ്യന്‍ പറഞ്ഞു. 'ആളുകള്‍ അത്രക്ക്‌ ദരിദ്രരാണ്‌" ഉദാഹരണത്തിന്‌, ഞങ്ങള്‍ ഒരു സായാഹ്നം ചിലവഴിച്ച അര്‍ജ്ജുന്‍ പാങ്കി എന്ന പരോജ ഗൊത്രക്കാരന്റെ കുടുംബം. വളരെ ദരിദ്ര്യത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്‌. ഭാഗികമായിപ്പോലും കടം വീട്ടാന്‍ ഇവര്‍ക്കാവില്ല എന്നറിയാവുന്നതുകൊണ്ട്‌ ഗ്രാമത്തിലെ പലിശക്കാരന്‍പോലും ഇവര്‍ക്ക്‌ കടം കൊടുക്കാന്‍ വിസമ്മതിക്കുന്നുവെന്ന് സാധുറാം പറഞ്ഞു.

പലിശക്കാരന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ അത്‌ ശരിയാണുതാനും. പാങ്കിയുടെ വീട്ടില്‍ വിലപിടിച്ചതെന്നു പറയാന്‍ ഒരു സാധനവും ഉണ്ടായിരുന്നില്ല.

ഒരു ദിവസം കൂലിവേല എടുത്താല്‍-വേല എന്നു പറയാന്‍തക്കവണ്ണം വല്ലതുമുണ്ടെങ്കില്‍ മാത്രം-പാങ്ങിക്കു പരമാവധി കിട്ടുന്നത്‌ രണ്ടു കിലോ അരി മാത്രമാണ്‌. അതുപോലും കിട്ടാത്ത ദിവസങ്ങളില്‍ അയാളും കുടുംബവും, വേരുകളും, കായ്കനികളും ശേഖരിച്ച്‌, അന്നന്നത്തെ ഭക്ഷണം ഒപ്പിക്കുന്നു. "ഞങ്ങളുടെയൊക്കെ കാലം കഴിഞ്ഞു" അയാളുടെ സുഹൃത്തെ അനന്തറാം പറഞ്ഞു. " പക്ഷേ, വിദ്യഭ്യാസമൊക്കെ കിട്ടുകയാണെങ്കില്‍ ഞങ്ങളുടെ മക്കള്‍ക്കെങ്കിലും കുറച്ചുകൂടി നല്ല ജീവിതം നയിക്കാന്‍ ഒരുപക്ഷേ കഴിഞ്ഞേക്കും". അയാള്‍ സ്വയം ആശ്വസിച്ചു.

വിച്ഛേദിക്കപ്പെട്ട ആ പ്രദേശത്തിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സ്കൂളുകളുണ്ടായിരുന്നു. പക്ഷേ അവിടങ്ങളിലെ കുട്ടികള്‍ ദരിദ്രരായിരുന്നതുകൊണ്ട്‌ അവര്‍ സ്കൂളിലൊന്നും പോവാറുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ നാലു മാസമാണ്‌ അവിടത്തുകാര്‍ക്ക്‌ തരംപോലെയുള്ള എന്തെങ്കിലും ജോലി കിട്ടുന്നത്‌. സ്വന്തമായി അല്‍പ്പം ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നവരും ഉണ്ടായിരുന്നു അവരില്‍. "ഒരു രണ്ടുമൂന്ന് ഏക്കര്‍ ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു". പക്ഷേ ഇതൊക്കെ സാധ്യമാകണമെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടേക്കൊക്കെയൊന്നു വരണ്ടേ?

സാധുറാം ചിരിക്കുന്നു. "കളക്ടര്‍ ഇവിടെ വന്നിട്ടുണ്ട്‌. പല പ്രാവശ്യം. പക്ഷേ മറ്റ്‌ ഉദ്യോഗസ്ഥര്‍ ചിത്രകൊണ്ടയില്‍ ഇരുന്ന് റിപ്പോര്‍ട്ടുകള്‍ അയക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതല്ലെങ്കില്‍ അവര്‍ പുഴയുടെ തീരത്ത്‌ എവിടെയെങ്കിലും വന്നിരുന്ന് ആളെവിട്ട്‌ ഞങ്ങളെ വിളിപ്പിക്കും. ഒരു ഉദ്യോഗസ്ഥന്‍ വന്ന് അങ്ങിനെ വിളിക്കുമ്പോള്‍ ചെല്ലാതിരിക്കാനാവില്ലല്ലൊ. ഒരിക്കല്‍ ചില പത്രപ്രവര്‍ത്തകര്‍ വന്ന് ഉദ്യോഗസ്ഥരോടൊപ്പം പുഴക്കരയില്‍ വന്നിരുന്ന് ഞങ്ങളെ വിളിപ്പിച്ചു. പലരും പത്തും ഇരുപതും കിലോമീറ്റര്‍ നടന്ന്, അവര്‍ക്കുള്ള ഭക്ഷണവുമായിട്ടാണ്‌ പോയത്‌. എന്നിട്ടെന്താ? അവര്‍ തിരിച്ചുപോയി. ഞങ്ങളെക്കുറിച്ച്‌ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചുവെന്നും കേട്ടു. ഞങ്ങളൊക്കെ എങ്ങിനെ ജീവിക്കുന്നു എന്നും മറ്റും. അതോ,ഒരിക്കല്‍ പോലും ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ മിനക്കെടാതെ".

"ഇവിടെ ജീവിക്കുന്ന ആളുകള്‍ക്ക്‌ തങ്ങള്‍ ഇന്ത്യക്കാരാണെന്നു കരുതാന്‍ എന്തെങ്കിലും ന്യായം കാണുന്നുണ്ടോ?" കവാസി കാമരാജ്‌ എന്ന ഗോത്രനേതാവ്‌ ചോദിക്കുന്നു. കവാസി കൂടെയുള്ളതുകൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌ ആ ഭാഗത്ത്‌ താമസിക്കാന്‍ സാധിച്ചത്‌. "ഏതു തരത്തിലാണ്‌ രാജ്യത്തിന്റെ ജീവിതത്തില്‍ അവര്‍ ഭാഗഭാക്കാവുന്നത്‌? സര്‍ക്കാരുകള്‍ മാറിവന്നേക്കാം. ഈ ആളുകളുടെ ജീവിതം മാറാന്‍ പോവുന്നില്ല. എണ്ണത്തില്‍ 30,000 ഉണ്ടെങ്കിലും ഇവര്‍ അദൃശ്യരാണ്‌. ഏതു പദ്ധതികള്‍ക്കുവേണ്ടിയാണോ ഇവര്‍ എല്ലാം ത്യജിച്ചത്‌, ആ പദ്ധതികള്‍കൊണ്ടൊന്നും ഇവര്‍ക്ക്‌ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല".

എന്തായാലും ചില 'വികസനങ്ങള്‍' കാണാന്‍ കഴിയുന്നുണ്ട്‌. ഗ്രാമങ്ങളിലെ സര്‍പാഞ്ചുകള്‍* സ്വന്തമായി വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.

1962-63-ല്‍ ബാലിമേല പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞുപോയ 1200 കുടുംബങ്ങളില്‍ ഭൂരിഭാഗവും, ആദിവാസികളായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ കണക്ക്‌ ശരിയാവാന്‍ വഴിയില്ല. കാരണം, ഒഴിപ്പിച്ചെടുത്തവരുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, പദ്ധതിക്കു പുറത്തുള്ള പ്രദേശത്ത്‌ താമസിക്കുകയും എന്നാല്‍ ഉപജീവനോപാധികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജലത്തിനടിയിലാവുകയും ചെയ്തവരെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റൊന്ന്, 'ഭൗതികമായി' കുടിയൊഴിക്കപ്പെടാതെതന്നെ, അതിന്റെ ദുരിതങ്ങളെല്ലാം ഒന്നൊഴിയാതെ അനുഭവിക്കേണ്ടിവന്ന വിഭാഗത്തെയും ഈ ഔദ്യോഗിക കണക്കില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു.

കുടിയൊഴിഞ്ഞുപോയവര്‍ക്ക്‌ കിട്ടിയ നഷ്ടപരിഹാരം തീരെ അപര്യാപ്തമായിരുന്നു. 'പുനരധിവാസ' പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 35 ലക്ഷം രൂപ ചിലവഴിച്ചതായി രേഖകള്‍ കാണിക്കുന്നുണ്ട്‌. 1200 കുടുംബങ്ങള്‍ എന്ന സര്‍ക്കാരിന്റെ കണക്ക്‌ മുഖവിലക്കെടുത്താലും, ഒരു കുടുംബത്തിന്‌ അപ്പോള്‍ കിട്ടിയിട്ടുണ്ടാവുക വെറും 500 രൂപയായിരിക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ 'യാത്രാപ്പടി'ക്കും, റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശമ്പളവകയിലും, 'സ്ഥലം മാറുന്നതിനുള്ള' ചിലവിലേക്കുമൊക്കെയായി 8.2 ലക്ഷം രൂപയാണ്‌ മൊത്തം ചിലവഴിച്ചിട്ടുള്ളത്‌. കുടിയൊഴിക്കപ്പെട്ടവര്‍ക്ക്‌ താമസിക്കാനുള്ള 'കെട്ടിടങ്ങള്‍'ക്കും, അവക്കാവശ്യമായ 'സ്ഥല'ത്തിനും ചിലവഴിച്ചതിന്റെ ഇരട്ടിയിലധികവുമാണ്‌ ഈ പറഞ്ഞ തുക.

വര്‍ഷത്തില്‍ പകുതിയും പട്ടിണിയില്‍ ജീവിതം തള്ളിനീക്കുന്ന ആ സാധുമനുഷ്യര്‍ നല്‍കിയ ഭക്ഷണവും കഴിച്ച്‌, പാങ്കിയുടെ കുടിലില്‍ ഞങ്ങളിരിക്കുമ്പോള്‍, ആങ്ക്ര ഹന്താല്‍ പറയുകയാണ്‌. "മുങ്ങിപ്പോയ പ്രദേശത്തെ മിക്ക ആളുകളെയും ശ്രദ്ധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ അവര്‍ പറഞ്ഞത്‌, അല്‍പ്പദിവസങ്ങള്‍ക്കകം രേഖയില്‍ ഞങ്ങളുടെ പേരൊക്കെ പ്രത്യക്ഷപ്പെടുമെന്നാണ്‌. ഞങ്ങളുടെ ശുദ്ധഗതിക്ക്‌ ഞങ്ങളത്‌ വിശ്വസിക്കുകയു ചെയ്തു. ഞങ്ങളില്‍ ചിലര്‍, പിന്നീട്‌ ഇവിടെ എത്തിയതിനുശേഷം അര ഏക്കറും, ഒരു ഏക്കറുമൊക്കെയായി കുറച്ചു സ്ഥലം അവിടെയുമിവിടെയുമായി കൈവശമാക്കി. പട്ടയവും കിട്ടി ചിലര്‍ക്ക്‌. പക്ഷേ തീരെ ഗുണമില്ലാത്ത ഭൂമിയാണിത്‌. മിക്ക സാധനങ്ങള്‍ക്കും കാടിനെത്തന്നെ ആശ്രയിക്കണം".

"ഇവിടെ വന്നതിനുശേഷം കുട്ടികളുടെ അഗ്രഹങ്ങളൊന്നും നിവൃത്തിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. കയ്യില്‍ നയാപൈസയില്ല, ഇനി അഥവാ ഉണ്ടെങ്കില്‍തന്നെ, ഇവിടെ ഒന്നും കിട്ടുകയുമില്ല. മരുന്നോ, വസ്ത്രമോ, ഭക്ഷണമോ ഒന്നും. അവരും വളരുന്നുണ്ട്‌ എന്നു മാത്രം. എന്നാല്‍ അവരെയാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്‌", ആങ്ക്രയുടെ ഭാര്യ പറഞ്ഞു.

തിരിച്ചു പോരുമ്പോള്‍ വീണ്ടും ആ കനത്ത നിശ്ശബ്ദത ഞങ്ങളെ പൊതിഞ്ഞുനിന്നു. ഇലകൊഴിഞ്ഞ വൃക്ഷശാഖികളുടെ നീണ്ടുകൂര്‍ത്ത വിരലുകള്‍, കുറ്റപ്പെടുത്തും‌പോലെ ഞങ്ങളെ ചൂണ്ടി ജലനിരപ്പില്‍നിന്നും ഉയര്‍ന്നു നിന്നു. മുന്തിയ തരം തേക്കും, മറ്റു വനസമ്പത്തുക്കളുമുള്ള ആയിരക്കണക്കിനു വനഭാഗങ്ങളാണ്‌ എന്നന്നേയ്ക്കുമായി ഇവിടെനിന്ന് അപ്രത്യക്ഷമായത്‌. ബാലിമേല പദ്ധതിക്കുവേണ്ടി ചിലവഴിച്ച 57 കോടി രൂപയുടെ എത്രയോ ഇരട്ടി വരുമായിരുന്നു അവയുടെ മൂല്യം. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതുവരെയായി ഒറീസ്സയിലെ പദ്ധതികള്‍ക്കുവേണ്ടി ചിലവഴിച്ച മൊത്തം തുകയുടെ എത്രയോ ഇരട്ടിയാണ്‌ ഈ വനഭൂമിയുടെ നാശംകൊണ്ടുണ്ടായിട്ടുള്ള നഷ്ടത്തിന്റെ കണക്ക്‌. ചിത്രകുണ്ടയില്‍ സ്ഥാപിച്ചിരിക്കുന്ന വൃത്തികെട്ട കോണ്‍ക്രീറ്റ്‌ ഫലകം കഴിഞ്ഞ ദശാബ്ദങ്ങളുടെ അത്യാര്‍ത്തിയെ വെളിവാക്കുന്ന ഒന്നായിരുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 91 ഗ്രാമങ്ങളെ ജലസമാധിയാക്കിയെന്ന് അഭിമാനപുരസ്സരം അതില്‍ എഴുതിച്ചേര്‍ത്തിരുന്നു. ചുറ്റുമുള്ള കുന്നുകളില്‍ വൈദ്യുതിയുടെ അടയാളങ്ങള്‍ കണ്ടു. വിച്ഛേദിക്കപ്പെട്ട പ്രദേശമാകട്ടെ, പൂര്‍ണ്ണമായും ഇരുട്ടിലും.* സര്‍പാഞ്ച്‌ - ഗ്രാമസഭ ഒന്നിച്ചുകൂടി തിരഞ്ഞെടുക്കുന്ന ഗ്രാമമുഖ്യന്‍. പരമ്പരാഗതമായി ഈ സ്ഥാനം കയ്യേല്‍ക്കുന്നവരുമുണ്ട്‌.

4 comments:

Rajeeve Chelanat said...

ആളുകളുടെ മനസ്സ്‌ വായിക്കാന്‍ കഴിയുമായിരുന്നു. അവര്‍ ഓര്‍ക്കുന്നുണ്ടാകാം. ഇവിടെയാണ്‌ ഒരിക്കല്‍ തങ്ങള്‍ ജീവിച്ചിരുന്നത്‌. ഇവിടെയാണ് തങ്ങളുടെ കുട്ടികള്‍ ഒരിക്കല്‍ കളിക്കാറുണ്ടായിരുന്നത്‌. ബോട്ടിലുള്ള ചിലര്‍ക്കെങ്കിലും ഈ യാത്ര ഒരു വ്യക്തിഗതമായ അനുഭവമായിരുന്നിരിക്കണം. നാടിന്റെ വികസനത്തിനുവേണ്ടി ഈ സ്ഥലം ഒഴിഞ്ഞുകൊടുത്തവരായിരുന്നു ബോട്ടിലുണ്ടായിരുന്നവരിലധികവും.

സുജനിക said...

എന്തോ ....സായ്നാഥിനോട് നേരത്തേ ഇഷ്ടം ആയിരുന്നു..ഹിന്ദു കിട്ടിയാല്‍ ആദ്യം നോക്കും...ഉണ്ടോ എന്നു...ഇതു വായിക്കുമ്പോള്‍ ആ ഇഷ്ടം ആരാധന ആവുന്നു...ശരിയായ മനുഷ്യസ്നേഹി.ഓരോ അധ്യായവും നമ്മുടെ മനുഷ്യത്വത്തെ കുടഞ്ഞിടുകയാണു...
ആനന്ദിന്റെ നോവലുകള്‍/അരുന്ധതി റോയ്/നവൊമി ക്ളെന്‍/തുടങ്ങിയവരുടെ രചനകള്‍ വായിക്കുമ്പോഴാണു ഇത്രയും സങ്ങ്ഹര്‍ഷം തോന്നിയിട്ടുള്ളതു.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ഹാരിസ് said...

ദയവായി നിര്‍ത്തരുത്.
ചിലര്‍ക്കു മാത്രമെ ഇതൊക്കെ കഴിയൂ