Sunday, February 10, 2008

കല്‍ക്കത്ത

നമ്മുടെ കല്‍ക്കത്തയെക്കുറിച്ച്‌ എന്തെങ്കിലും എഴുതിക്കൂടേ? ചന്ദ്രന്‍ എഴുതിചോദിച്ചു. ഓഫീസ്സില്‍ നിന്ന് വൈകുന്നേരം വീട്ടിലേക്കു പോകുന്ന വഴിയില്‍ വണ്ടിയിലിരുന്ന് അവന്റെ കത്ത്‌ വായിക്കുമ്പോള്‍ പുറത്ത്‌, ഗാര്‍ഹൂദ്‌ പാലത്തിന്റെ താഴെ, ക്രീക്കിലെ വെള്ളം, മുകളില്‍ തെളിയാന്‍ തുടങ്ങിയ മഴക്കാറുകളെ നെഞ്ചേറ്റി മര്യാദക്കാരനായി കിടന്നു.

കാളിഘട്ടിനടുത്ത്‌, ഇതുപോലെ മഴക്കാറു നിറഞ്ഞ മറ്റൊരു നദിയെ ഞങ്ങള്‍ പല തവണ നോക്കിയിരുന്നിട്ടുണ്ട്‌. ഹുഗ്ലിയെ. അത്‌ ഇരുപത്തിരണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌. ഇന്ന് ചന്ദ്രന്‍ ഡല്‍ഹിയിലാണ്‌. അവന്റെ മക്കള്‍ വലിയ കുട്ടികളായിരിക്കുന്നു.

എല്ലാ പുഴകളെയുംപോലെ ഹുബ്ലിയും അതിന്റെ തീരത്തിരിക്കുന്നവരൊട്‌ നിരവധി കഥകള്‍ പറയും. ലെസ്ലി സായ്‌വിന്റെ തൂക്കുപാലത്തെക്കുറിച്ചും, പത്മാനദിയിലെ മുക്കുവന്‍മാരെക്കുറിച്ചും, ഘട്ടക്കിന്റെ സുവര്‍ണ്ണരേഖയെക്കുറിച്ചും, സിരാജുദ്‌ ദൗളയുടെ ജീവിതത്തെക്കുറിച്ചും, കാളിഘട്ടിന്റെ തീരത്തണഞ്ഞ അനാഥജന്മങ്ങളെക്കുറിച്ചുമൊക്കെ കാലഗണനാക്രമമില്ലാത്തെ സംസാരിക്കുമ്പോള്‍, ഓര്‍മ്മതെറ്റു വന്ന ഒരു മുത്തശ്ശിയെപ്പോലെ തോന്നിച്ചിരുന്നു ഹുഗ്ലി.

84-ലുകളിലെ കല്‍ക്കട്ട. നക്സല്‍ബാരിയിലെ തീയണഞ്ഞിട്ട്‌ ഒരു വ്യാഴവട്ടവും പിന്നിട്ടിരുന്നു. ബാദല്‍ സര്‍ക്കാരിനെയും, കോളേജ്‌ സ്ട്രീറ്റിനെയും, ജാത്രകളെയും, പൊതുവായനശാലകളെയും സ്നേഹിക്കുകയും മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്ത ആയിരക്കണക്കിനു ചെറുപ്പക്കാര്‍. കോണ്‍ഗ്രസ്സ്‌ എന്നത്‌ പഴയ ഭദ്രലോകത്തിന്റെ ഗൃഹാതുരത്വമായി ഒളിച്ചുപാര്‍ത്തു. കാവിരാഷ്ട്രീയമാകട്ടെ, വടക്കന്‍ കല്‍ക്കത്തയിലെ ചെറുപണിപ്പുരകളില്‍ പതുക്കെപ്പതുക്കെ ജീവന്‍ വെക്കുന്ന ദേവീവിഗ്രഹങ്ങളില്‍നിന്ന് പുറത്തുവന്ന്, ആശ്വിനത്തില്‍, പൂജാമണ്ഡപത്തിലെത്തി ആരതിയും അര്‍ച്ചനകളുമേറ്റ്‌, ഒടുവില്‍ ഹുബ്ലിയിലൂടെ ഒഴുകി, ദരിദ്ര മുക്കുവരുടെയും ഹരിജനങ്ങളുടെയും കൈകളിലെത്തുന്ന കൗതുകമായി ഒതുങ്ങിക്കൂടി. മാര്‍ക്സിസം, പലപ്പോഴും, ഒരു എപ്പിഡെമിക്കിന്റെ സ്വഭാവത്തോടെ, തെരുവുകളില്‍ സദാ സമയവും നിറഞ്ഞുനിന്നു. റൈറ്റേഴ്‌സ്‌ ബില്‍ഡിംഗില്‍നിന്നും, ഗോര്‍ക്കി സദനത്തിലേക്കും, അവിടെ നിന്ന് വലുതും, ചെറുതുമായ കോലായകളിലേക്കും, തിരിച്ച്‌ റൈറ്റേഴ്‌സ്‌ ബില്‍ഡിംഗിലേക്കും അത്‌ ഞെളിഞ്ഞുനടന്നു. അതിന്റെ ജാഗരൂകമായ കണ്ണുകള്‍ എത്താത്ത സ്ഥലമുണ്ടായിരുന്നില്ല.

ഓര്‍വല്ലിന്റെ 1984 ഒരു ഭീഷണമായ പ്രവചനംപോലെ നാട്ടിലിറങ്ങിയ കാലവുമായിരുന്നു അത്‌. ഹസ്രയിലെ ഒരു ഇരുണ്ട മുറിയില്‍നിന്ന്, അകം കലക്കുന്ന ദ്രാവകം മോന്തി, ബാലിഗഞ്ചുവഴി രാഷ്ബിഹാരിയിലേക്ക്‌ വെച്ചു പിടിക്കുമ്പോള്‍ വഴിയോരത്തെ ഒരു പുസ്തകകച്ചവടക്കാരന്റെ മുന്‍പില്‍ ഓര്‍വല്‍. കയ്യില്‍ കാശുതികയാതിരുന്ന രണ്ടു മദ്രാസ്സികളെ നോക്കി പുച്ഛത്തോടെ അത്‌ ചിരിച്ചു. അവിചാരിതമായി നിലച്ചുപോയ തെരുവുവിളക്കുകള്‍ സമ്മാനിച്ച ഇരുട്ടില്‍, ജോര്‍ജ്ജ്‌ ഓര്‍വലിനെ പെട്ടെന്ന് അകത്താക്കി മെല്ലെ നടന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. 'പുസ്തകക്കള്ളന്‍'. ചന്ദ്രന്‍ ചിരിച്ചു.

രാഷ്ബിഹാരി. 'ശില്‍പ്പി' എന്നൊരു വാടകവീട്‌. ചുറ്റും ചെറിയ മുറികളും, നടുവില്‍ അല്‍പ്പം തുറസ്സായ സ്ഥലവും. വാടകക്കാരായ മദ്രാസ്സി ചെറുപ്പക്കാരുടെയും, വീട്ടുകാരുടെയും കാവലാളായി, സാരിത്തുമ്പത്ത്‌ താക്കോല്‍ക്കൂട്ടം കെട്ടിവെച്ച ഞങ്ങളുടെ 'മാ'. എല്ലാ ആഴ്ചയിലും എന്തെങ്കിലും പാര്‍ട്ടി പരിപാടികളുണ്ടാകും. ഒരിക്കലും മുടക്കം വരാതെ അവര്‍ അതിനെല്ലാം പോയിക്കൊണ്ടിരുന്നു. നിരന്തരം ശല്യം ചെയ്യുന്ന ആസ്ത്‌മയെ വകവെക്കാതെ. വീടിനു പുറത്തിറങ്ങുമ്പോള്‍, തിരിഞ്ഞുനിന്ന്, ഒരു നിമിഷം കണ്ണടച്ച്‌ പ്രാര്‍ത്ഥിച്ച്‌, എന്തൊക്കെയോ ദേവീമന്ത്രം ചവച്ചിറക്കി അവര്‍ നടന്നുപോകുന്നതു നോക്കി ജനലരികില്‍ നില്‍ക്കുമ്പോള്‍ പാവേലിന്റെ അമ്മയെ വെറുതെയെങ്കിലും ഓര്‍മ്മവരും. വിദൂരമായ രണ്ടു സമയകാലങ്ങള്‍ ഒഴുകിവന്ന് ഒന്നായിത്തീരുന്ന ചരിത്രപ്രക്രിയയുടെ ആകസ്മികതകളെ ഓര്‍ക്കും.

തങ്കപ്പന്‍നായര്‍ക്ക്‌, പക്ഷേ ചരിത്രം, കേവലം ആകസ്മികതയോ, ഉല്‍പ്പാദനശക്തികളുടെയും ബന്ധങ്ങളുടെയും പരസ്‌പര ബന്ധമോ ഒന്നും ആയിരുന്നില്ല. സ്ഥിതിവിവരങ്ങളുടെ അനന്തമായ ശേഖരമായിരുന്നു. അവയുടെ കാലഗണനാക്രമത്തിലുള്ള അടുക്കിവെക്കലായിരുന്നു. വംഗനാടിനേക്കാള്‍ പ്രാചീനമായ രേഖകള്‍ അടുക്കില്ലാതെ വാരിവലിച്ചിട്ടിരിക്കുന്ന ഇരുണ്ട മുറിയിലിരുന്ന് തങ്കപ്പന്‍നായര്‍ ആനന്ദബസാറിനും, ഗണശക്തിക്കും ചരിത്രത്തിന്റെ പഴമപ്പായസം വിളമ്പിക്കൊടുത്തുകൊണ്ടിരുന്നു. വംഗനാടിനെക്കുറിച്ചുള്ള രണ്ടു വാള്യം വരുന്ന ഒരു ബൃഹത്ചരിത്രവും അന്നേ ആ മനുഷ്യന്‍ എഴുതിക്കഴിഞ്ഞിരുന്നു. ചെന്നുകണ്ട്‌ പരിചയപ്പെട്ടതിന്റെ പിറ്റേ ദിവസം അദ്ദേഹം അതിരാവിലെ വീട്ടില്‍ വന്ന് 'ശില്‍പ്പി'യിലെ ഏതോ സുഹൃത്തിന്റെ കയ്യില്‍ ഒരു കവര്‍ ഏല്‍പ്പിച്ച്‌ ഒന്നും പറയാതെ തിരിച്ചുപോയി. അഭിമുഖം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ശേഖരിച്ചിരിക്കേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ചുവന്ന ചതുരക്കള്ളികള്‍ നിറഞ്ഞ ഒരു കടലാസ്സു കഷണം. പഠിപ്പു തികയാത്ത പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ എന്താവും കരുതിയിട്ടുണ്ടാവുക, ലേശം കിറുക്കുള്ള ബംഗാളിന്റെ ആ വിനീത ചരിത്രകാരന്‍?

മലയാളി സമാജത്തിന്റെ യാഥാസ്ഥിതിക കാര്‍ക്കശ്യത്തിനെതിരെ കലഹിക്കുന്ന 'ശില്‍പ്പി'യിലെ പ്രസന്നമായ ചെറുകൂട്ടായ്‌മ. പാട്ടും, നാടകവും, കവിതയും, ചര്‍ച്ചകളും, കൈയ്യെഴുത്തുമാസികയും ഒക്കെ സമ്പന്നമാക്കിയ ദിനരാത്രങ്ങള്‍. രവിയുടെ നിലക്കാത്ത അശാന്തികള്‍. രവി, പപ്പന്‍, നൗഫല്‍, ശശി, അച്ചുതന്‍കുട്ടി, വനജോപ്പോള്‍, നാരായണന്‍, അങ്ങിനെയങ്ങിനെ. പിന്നെയെപ്പോഴോ ഒരു ദിവസം വൈകുന്നേരം തൃശ്ശൂരില്‍നിന്നും ജോസ്‌ ചിറമേല്‍ വന്നിറങ്ങി. 'ശില്‍പ്പി'യില്‍ തന്റെ കറുത്തബാഗു വെച്ച്‌, ഹസ്രയിലേക്ക്‌ അയാളും ഭൂതഗണങ്ങളും വെച്ചടിച്ചു. രാത്രി വന്ന് നേരെ നാടകത്തീയിലേക്ക്‌ കയറി. സി.ജെ.യുടെ ‘ആ മനുഷ്യന്‍ നീതന്നെ‘ കമ്പോട്‌ കമ്പ്‌ വായിച്ച്‌ ആവേശംകൊണ്ട ജോസിന്റെ കണ്ണില്‍ ഒരു മുഴുവന്‍ രംഗപടവും പീലിവിടര്‍ത്തിനിന്നു. ദാവീദിനെയും ബത്‌സബയേയും നൂറ്റൊന്നാവര്‍ത്തിച്ച്‌ സേവിച്ചു.

ബഞ്ചമിന്‍ മൊളോയിസിനെ തൂക്കിക്കൊന്നത്‌ ആയിടക്കായിരുന്നു.86-ലോ മറ്റൊ. റെക്സ്‌ എന്നൊരാള്‍ ദേശാഭിമാനിയില്‍ ഒരു ചെറിയ കവിത എഴുതിയിരുന്നു, മൊളോയിസിനെക്കുറിച്ച്‌. ജോസ്‌ അത്‌ അവതരിപ്പിച്ചു. ഒരു തെരുവുനാടകത്തിന്റെ രൂപത്തില്‍. ഒന്നിലേറെ സ്ഥലങ്ങളില്‍. ഓരോ അവതരണത്തിനുമുന്‍പും പിന്‍പും ജോസ്‌ പനിച്ചുപൊള്ളി. ആ പനി ചുറ്റും നില്‍ക്കുന്നവരിലേക്ക്‌ സംക്രമിപ്പിക്കാന്‍ ജോസിന്‌ ഒരു പ്രത്യേക കഴിവുണ്ടയിരുന്നു. ഇടക്കിടക്ക്‌ നാട്ടിലേക്കുപോയും, വന്നും ജോസ്‌ 'ശില്‍പ്പി'യില്‍ കുറച്ചുകാലം ഉണ്ടായിരുന്നു. കള്‍ട്ടിനെക്കുറിച്ചൊക്കെ (CULT) കേള്‍ക്കുന്നത്‌ ജോസില്‍നിന്നാണ്‌. മരിക്കുന്നതിനുമുന്‍പ്‌, ഫോര്‍ഡിനോ മറ്റോ വേണ്ടി അയാള്‍ നാടകത്തെക്കുറിച്ച്‌ ഒരു പ്രൊജക്‍ട്‌ ചെയ്യുകയായിരുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞു. ശരിയാണോ എന്തോ?.

നീണ്ട വെളുത്ത തലമുടിയും താടിയുമൊക്കെയായി, ഒരു ദിവസം കാലത്ത്‌, പ്രേമാനന്ദന്‍ ഹൗറയില്‍ വന്നിറങ്ങി. ദിവ്യാത്ഭുതങ്ങളുടെ കള്ളപ്പെട്ടി തുറന്നുകാണിക്കാന്‍, ബംഗാളിലെ ജ്ഞാന്‍-വിജ്ഞാന്‍ സംഘം ഒരുക്കിയ ഒരു ദീര്‍ഘമായ യാത്രയുടെ ഭാഗമായാണ്‌ പ്രേമാനന്ദന്‍ എത്തിയത്‌. 'ശില്‍പ്പി'യിലെ ചെറിയ നടുത്തളത്തില്‍ അദ്ദേഹം ചില ദിവ്യാത്ഭുതങ്ങള്‍ കാണിച്ചു. പുട്ടപര്‍ത്തിയിലെ മാജിക്കുകാരന്റെ സ്ഥിരം നമ്പറുകള്‍. വായുവില്‍ നിന്നും കൈലേസില്‍നിന്നും വിഭൂതി, ആളുകള്‍ക്കിടയില്‍ പെട്ടെന്നു പ്രത്യക്ഷപ്പെടലും മറയലും, തലമുടിയില്‍നിന്നും 'വസ്തുക്കളെ' പ്രത്യക്ഷമാക്കല്‍, അങ്ങിനെ ചിലത്‌. രാഷ്ബിഹാരിയിലെ ഞങ്ങളുടെ ഗല്ലിയിലെ താമസക്കാരായ ബംഗാളികളും, ഒറീസ്സക്കാരും, അത്ഭുതാദരങ്ങളോടെ അതുമുഴുവന്‍ കണ്ടു നിന്നു. പരിപാടികള്‍ക്കവസാനം പ്രേമാനന്ദന്‍ 'നിരീശ്വരം' മെല്ലെ പുറത്തെടുത്തു. കാണികളില്‍ മുറുമുറുപ്പുയരാന്‍ തുടങ്ങി. രവി മയത്തില്‍ ഇടപെട്ടു. "ദൈവത്തില്‍ വേണമെങ്കില്‍ നിങ്ങള്‍ വിശ്വസിച്ചോളൂ. പക്ഷേ ദൈവത്തിന്‌ നമ്മുടെ പൈസയൊന്നും ആവശ്യമില്ല. അതു ചോദിച്ചു വരുന്നവര്‍ക്ക്‌ കൊടുക്കുകയുമരുത്‌. ദൈവം ഭിക്ഷക്കാരനാണോ?", പ്രേമാനന്ദന്‍ ആളുകളോട്‌ ചോദിച്ചു."അല്ല, അല്ല". പ്രതീക്ഷിച്ച ഉത്തരം കുട്ടികളില്‍നിന്ന് കിട്ടിയ അദ്ധ്യാപകനെപ്പോലെ പ്രേമാനന്ദന്‍ സംപ്രീതനായി. പ്രേമാനന്ദനെയുംകൊണ്ട്‌ ഞങ്ങള്‍ ടി.പി.ഞളിയത്തിന്റെ ഓഫീസില്‍ ചെന്നു. ഓഫീസും വീടും ഒരുമിച്ചായിരുന്നുവെന്നാണ്‌ ഓര്‍മ്മ. ബീഡികള്‍ ഒന്നൊന്നായി തുടരെത്തുടരെ വലിച്ച്‌, പതിഞ്ഞ ശബ്ദത്തില്‍ യുക്തിവാദത്തിനെക്കുറിച്ചും, ഇന്ത്യന്‍ ഏതീസ്റ്റിനെക്കുറിച്ചും, കല്‍ക്കത്തയിലെ വിശ്വാസികളെക്കുറിച്ചും ഞളിയത്ത്‌ സംസാരിച്ചുകൊണ്ടിരുന്നു.

രബീന്ദ്രസദനത്തില്‍ റേ ചിത്രങ്ങളുടെ റീട്രോസ്‌പെക്ടീവ്‌. വിശിഷ്ടാതിഥികളില്‍ മലയാളത്തിന്റെ അടൂരും. മലയാളസിനിമകളെ നീലക്കുയിലാക്കി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളും, നഗരത്തിന്റെ മുക്കിലും മൂലയിലുമിരുന്ന് കൊഞ്ഞനംകുത്തുന്ന പോസ്റ്ററുകളും. അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കൊടുത്ത നിവേദനം വായിച്ചുനോക്കി അടൂര്‍."ഇത്‌ അതിനുള്ള വേദിയല്ല", ഒതുക്കത്തിലുള്ള മറുപടി. അടൂരിനെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഏതുവേദിയിലാണ്‌ മലയാളസിനിമയെക്കുറിച്ച്‌ പറഞ്ഞുകൂടാത്തതെന്നൊന്നും നിവേദകസംഘം ചോദിച്ചതുമില്ല. കരവിരുതിനെയെങ്കിലും മാനിക്കാതിരിക്കുന്നതെങ്ങിനെയെന്ന് അവര്‍ സന്ദേഹപ്പെട്ടിട്ടുണ്ടായിരിക്കണം.

ബാദല്‍ സര്‍ക്കാരിന്റെ നാടകം കാണാന്‍, കോളേജ്‌ സ്ട്രീറ്റിലെ തിയോസഫിക്കല്‍ സൊസൈറ്റിയിലേക്ക്‌ ബുധനാഴ്ചതോറും മുടങ്ങാതെ നടത്താറുള്ള തീര്‍ത്ഥയാത്രകള്‍. നിരനിരയായി നീണ്ടുനിവര്‍ന്നു കിടക്കുന്ന പുസ്തകത്തെരുവുകള്‍. സിയാള്‍ഡ സ്റ്റേഷനുമുന്നിലെ ദരിദ്രനാരായണന്‍മാരുടെ ചേരികള്‍. ട്രാമുകളിലെ ലക്ഷ്യമില്ലാത്ത ത്രസിപ്പിക്കുന്ന യാത്രകളുടെ അരാജകത്വം. രാത്രി ഏറെച്ചെല്ലുന്തോറും വിജനമായിക്കൊണ്ടിരിക്കുന്ന ട്രാം ഡിപ്പോകളുടെ വലിയ സര്‍റിയലിസ്റ്റിക്‌ കാഴ്ചകള്‍. നാഷണല്‍ ലൈബ്രറിയിലെ ഉയരുകയും താഴുകയും ചെയ്യുന്ന പുസ്തകത്തൊട്ടിലുകളുടെ ഞരങ്ങലുകള്‍. കുപിതയൗവ്വനങ്ങളുടെ കല്‍ക്കത്ത.

എന്തൊക്കെ പോരായ്മകളുണ്ടായിരുന്നുവെങ്കിലും, സുവര്‍ണ്ണരേഖപോലെ തെളിഞ്ഞുനിന്നിരുന്ന നമ്മുടെ കല്‍ക്കത്ത. നമ്മുടെ ചെറുപ്പം. ആ കാലം.

അതിനെക്കുറിച്ചൊക്കെ എന്തെഴുതാന്‍ ചന്ദ്രാ?

8 comments:

Rajeeve Chelanat said...

നമ്മുടെ കല്‍ക്കത്തയെക്കുറിച്ച്‌ എന്തെങ്കിലും എഴുതിക്കൂടേ? ചന്ദ്രന്‍ എഴുതിചോദിച്ചു

വെള്ളെഴുത്ത് said...

എത്ര നാളായി ഇങ്ങനെ ചെളിപിടിച്ച അപരിചിത വഴികളിലൂടെ ഒറ്റയ്ക്ക് നടന്നിട്ട്.. കല്‍ക്കട്ടയില്‍ പോണം എപ്പോഴും വിചാരിക്കും. ഒരാഴ്ചത്തെ അവധി ഒത്തുകിട്ടുമ്പോഴൊക്കെ. നടന്നിട്ടില്ല. കണ്ണടച്ചാല്‍ കല്‍ക്കട്ടയുണ്ട്. സിനിമകളില്‍ കണ്ടു പരിചയിച്ച കല്‍ക്കട്ട. ഗഫൂറിക്ക പറഞ്ഞ ബോംബെ വിവരണങ്ങളില്‍ കല്‍ക്കട്ടയും ബോംബയും പരസ്പരം ആദേശം ചെയ്യും. പോയിട്ടില്ല ഇതുവരെ. പോണം. ചന്ദ്രനു നന്ദി. അദ്ദേഹമാണല്ലോ ഈ വിവരണത്തിനു ‘പ്രേരണ’

മൂര്‍ത്തി said...

നല്ല എഴുത്ത്..

siva // ശിവ said...

നല്ല ഭാഷ...നല്ല വിവരണം....

R. said...

രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം കല്‍ക്കത്ത ഏറെയൊന്നും മാറിയിട്ടില്ല. രാഷ്‌ബിഹാരിയില്‍ നിന്നും കാളിഘട്ടിലേക്കുള്ള വഴികളടക്കം പഴമയുടെ പ്രേതാവിഷ്കാരത്തില്‍ സ്വപ്നാടനം ചെയ്യുന്നു. ഗാഢസള്‍ഫ്യൂരിക്കായി റൈറ്റേഴ്സ് ബില്‍ഡിംഗില്‍ നിന്നും നിറഞ്ഞൊഴുകിയ പ്രത്യയശാസ്ത്രത്തിന്റെ ആള്‍രൂപങ്ങള്‍ക്ക് ഡയല്യൂട്ടിംഗ് സംഭവിച്ചതല്ലാതെ.

vadavosky said...

ഞാന്‍ കല്‍ക്കത്തയില്‍ ഇടക്കൊക്കെ പോകാറുണ്ട്‌. ഡല്‍ഹിയില്‍ നിന്ന് ചെല്ലുന്നതുകൊണ്ടാവണം വര്‍ഷങ്ങള്‍ക്ക്‌ പുറകിലേക്ക്‌ സഞ്ചരിച്ച പ്രതീതിയാണ്‌ ഒരോ തവണയും കല്‍ക്കത്ത നല്‍കുന്നത്‌. ഒരു പക്ഷെ രാജീവ്‌ നാളെ അവിടെ ചെല്ലുമ്പോള്‍ 84ല്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചുണ്ടാവില്ല. കാലമുറഞ്ഞുപോയ ഒരു നഗരം. ഇത്‌ ബംഗാളിന്റെ പ്രത്യേകതയാവണം. കഴിഞ്ഞ വര്‍ഷം ബംഗാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കുറച്ചു ദിവസം താമസിച്ചു. കേരളത്തിലെ അറുപതുകളിലെ ഗ്രാമങ്ങളാണിന്നും ബംഗാള്‍ ഗ്രാമങ്ങള്‍. സ്കൂള്‍, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും വളരെക്കുറവ്‌. ഒരേ പാര്‍ടി രണ്ടു സംസ്ഥാനങ്ങളിലുണ്ടാക്കിയ മാറ്റം വളരെയേറെ കൗതുകകരമാണ്‌

Unknown said...

രാജീവേട്ടാ,
നന്നായിരിക്കുന്നു.

Anonymous said...

സന്തോഷം!
എന്റെയും ഒരു സ്വപ്നമാണ് ബംഗാളില്‍ ചുറ്റികറങുക എന്നത്. പണ്ട്‌ മൂന്നാം ക്ലാസ്സില്‍ ബംഗാളിനെ പറ്റി പഠിച്ചതു തന്നെ കാരണം. എന്നു നടക്കും എന്നറിയില്ല, എങ്കിലും.
നല്ല എഴുത്ത് രാജീവ്ജി.
സ്നേഹപൂര്‍വ്വം,
-സു-