Sunday, June 22, 2008

പരസ്യവിചാരണ

‍അംബരചുംബികളായ മണിമാളികകളുടെയും ഉപ്പുകര്‍പ്പൂരാദികളുടെയും പ്രലോഭിപ്പിക്കുന്ന വര്‍ണ്ണശബളമായ പരസ്യനാളുകള്‍ കഴിഞ്ഞുവെന്ന് ഗള്‍ഫ്‌ ന്യൂസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മേഘപാളികള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും നീങ്ങുന്ന ഒരു ഗഗനപേടകത്തിന്റെ ചിത്രം. MESA എന്ന വിവിധോദ്ദേശ്യ റഡാറിന്റെ പരസ്യം. കൃത്യതയും വേഗതയുമുള്ള അറിവുകളാണ് യുദ്ധമുഖത്ത് നിര്‍ണ്ണായകമാവുക എന്ന വിജ്ഞാനവും അടിക്കുറിപ്പിലുണ്ട്. തെറ്റിദ്ധരിക്കരുത്. സമൂ‍ഹത്തിന്റെ പരിവര്‍ത്തനത്തിനോ, കൂടുതല്‍ നല്ല ഒരു സമൂഹത്തിന്റെ അതിജീവനത്തിനോ ആവശ്യമായ അറിവല്ല നോര്‍ത്ത്‌റോപ്പ് ഉദ്ദേശിക്കുന്നത്.


ഭാവിയെ വ്യക്തമായി നിര്‍വ്വചിക്കുകയാണത്രെ നോര്‍ത്ത്‌റോപ്പ്‌ ഗ്രുമ്മാന്‍ (Northrop Grumman) എന്ന പ്രതിരോധഭീമന്‍. Defining the Future എന്നാണ് അവരുടെ ആപ്തവാ‍ക്യം. സംശയാസ്പദമായ നിരവധി പ്രതിരോധ ഇടപാടുകളിലെ വില്ലനാണ്‌ ഈ ആയുധവ്യാപാരി. ലോക്‌‍ഹീഡ്‌ മാര്‍ട്ടിനെയും, ബി.എ.ഇ.യെയും പോലെ ഉന്മൂലനത്തില്‍ ഡോക്ടറേറ്റെടുത്തവന്‍. ഒരു സാമ്പിള്‍ വെടിക്കെട്ട് കാണുക.

രാജ്യത്തെ ഏതു സെഗ്‌മെന്റിനുവേണ്ടിയാണ്‌ ഈ മരണവ്യാപാരിയുടെ ഈ പരസ്യം ഗള്‍ഫ്‌ ന്യൂസ്‌ കൊടുത്തിരിക്കുന്നത്‌? എന്താണതിന്റെ സാംഗത്യം? യുദ്ധം ആസന്നമായിയെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണോ അത്‌? ഈ പരസ്യം അനുവദിച്ചതിലൂടെ ഐക്യ അറബി നാടിന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ എന്താണ്? വല്ല്യേട്ടന്മാരുടെ കൂടെ കൂടി സ്വന്തം മസിലുകള്‍ ഇളക്കി ഉമ്മാക്കി കാട്ടിയതുകൊണ്ട്‌ കേമനാണെന്ന മുദ്ര പതിയുമെന്നോ? കുട്ടിക്കളികള്‍ മതിയാക്കി, എടുത്താല്‍ പൊന്താത്ത ഒരു ആഗോള കളിയില്‍ ഒരു കൈ നോക്കാമെന്നോ?


ബര്‍ണാഡ്‌ ഷായുടെ മേജര്‍ ബാര്‍ബറ എന്ന നാടകത്തിലെ മൂന്നാമങ്കത്തിലെ ഒരു സംഭാഷണം റോബര്‍ട്ട്‌ ഫിസ്ക്‌ The Great War for Civilization; The Conquest of Middle East എന്ന തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്‌.


ലേഡി ബ്രിറ്റോമാര്‍ട്ട്‌ - ഇതില്‍ ധാര്‍മ്മികമായ പ്രശ്നങ്ങളൊന്നുമില്ല അഡോള്‍ഫസ്‌. നീതിക്കും ശരിക്കും വേണ്ടി പോരാടുന്നവര്‍ക്കൊക്കെ നീ പീരങ്കികളും ആയുധങ്ങളും കൊടുക്കണം. വിദേശികള്‍ക്കും കുറ്റവാളികള്‍ക്കും കൊടുക്കുകയുമരുത്‌.


അണ്ടര്‍ഷാഫ്റ്റ്‌ (ദൃഢനിശ്ചയത്തോടെ) - ഹേയ്‌, അതൊന്നും ശരിയല്ല. ഒരു നല്ല ആയുധകച്ചവടക്കാരന്റെ സ്പിരിറ്റാണ്‌ വേണ്ടത്‌. ന്യായമായ വില തരുന്ന ആര്‍ക്കും നമ്മള്‍ ആയുധം കൊടുക്കണം. വ്യക്തികളെയും അവരുടെ തത്ത്വശാസ്ത്രത്തെയും ഒന്നും നോക്കരുത്‌. പ്രഭുവിനും റിപ്പബ്ലിക്കനും, ശൂന്യതാവാദിക്കും സാര്‍ ചക്രവര്‍ത്തിക്കും, മുതലാളിക്കും സോഷ്യലിസ്റ്റിനും, പ്രൊട്ടസ്റ്റന്റിനും കാത്തോലിക്കനും, കള്ളനും പോലീസിനും, കറുത്തവര്‍ഗ്ഗക്കാരനും, വെള്ളക്കാരനും, മഞ്ഞനിറക്കാരനും, എല്ലാവര്‍ക്കും. ഏതു ദേശക്കാരനായാലും, ഏതു തരം വിശ്വാസിയായാലും, എത്ര വിഢിയായാലും, എന്തു കാരണത്തിനായാലും, എന്തു കുറ്റകൃത്യത്തിനായാലും..."


അതെ, അതുതന്നെയാണ്‌ ഗള്‍ഫ്‌ ന്യൂസ്‌ ഈ പരസ്യത്തിലൂടെ ചെയ്യുന്നത്‌. മരണവ്യാപാരത്തിന്റെ ഏജന്‍സിപ്പണി. ഇതേ ആയുധങ്ങള്‍-ഒരുപക്ഷേ ഇതിനേക്കാള്‍ ലക്ഷ്യവേധിയും, മാരകവുമായവ- ഇവര്‍ മറുപക്ഷത്തിനും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇതിനുമുന്‍പും കൊടുത്തിട്ടുണ്ടെന്നും, ഇനിയും കൊടുക്കുമെന്നും, ഇതേ സൂക്ഷ്മായുധങ്ങള്‍ തങ്ങളെത്തേടിയും എന്നെങ്കിലുമൊരിക്കല്‍ വന്നേക്കാമെന്നും എന്നാണ്‌ ഈ വിവേകചൂഡാമണികള്‍ തിരിച്ചറിയുക?

വൈകിയെത്തുന്ന ബുദ്ധി ചിലപ്പോള്‍ നല്ലതാണെന്നും വരാം. പക്ഷേ അത് തിരിച്ചറിയാന്‍, ജീവനോടെ ഉണ്ടായിരിക്കുക എന്നൊരു മിനിമം ഉപാധിയെങ്കിലും അവശ്യമല്ലേ?

6 comments:

Rajeeve Chelanat said...

പരസ്യവിചാരണ

സുജനിക said...

ആയുധവില്‍പ്പനയും അതിന്റെ പരസ്യവും ഇനിയും ഉണ്ടാവും.പുതിയ ആയുധ...സാങ്കേതികവിദ്യഗവേഷണപ്രബന്ധങള്‍പോലും ഒരു തരത്തില്‍ പരസ്യം തന്നെ അല്ലേ.ശാസ്ത്ര മാസികകളില്‍ കൂടി ഇതല്ലേ സാധിക്കുന്നതു?പ്രഛന്ന പരസ്യം?

Suraj said...

ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഡിഫന്‍സ് അനാലിസിസ് വകുപ്പിന്റെ) 2004ലെ പട്ടികയനുസരിച്ച്
വികസ്വര രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ആദ്യ മൂന്നെണ്ണം നോക്കൂ:

1.United Arab Emirates: 3.6 ബില്യന്‍ ഡോളര്‍
2.Saudi Arabia: 3.2 ബില്യന്‍ ഡോളര്‍
3.China: 2.7 ബില്യന്‍ ഡോളര്‍.

അപ്പോ ഗള്‍ഫ്‌ ന്യൂസ്‌ പരസ്യം എന്തുകൊണ്ടാണെന്ന് മനസിലായില്ലേ :)

മനുഷ്യകുലത്തിന് എറ്റവും അധികം ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങള്‍ വരുന്ന വിശ്വോത്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിക്കുന്നത് ‘റീഡ് എത്സിവ്യര്‍’എന്ന കമ്പനി. എത്സിവ്യറിന്റെ വേറൊരു ബിസ്നസ് സംരംഭമായ Elsevier/Spearhead Exhibitions ആകട്ടെ ലോകമെങ്ങും യുദ്ധ ഉപകരണങ്ങളുടെ വന്‍ കിട ഷോപ്പിംഗ് എക്സിബിഷനുകള്‍ നടത്തുന്നു. ഒരു കൈയ്യില്‍ മരുന്ന്, മറുകൈയ്യില്‍ ബോംബ്!

മൂര്‍ത്തി said...

പോസ്റ്റിനും രാമനുണ്ണി, സൂരജ് എന്നിവരുടെ കമന്റിനും നന്നി. PESA,AESA എന്നിവ കഴിഞ്ഞ് റഡാ‍ര്‍ ടെക്നോളജി ഇപ്പോള്‍ MESAയിലെത്തിയിരിക്കുന്നുവെന്ന് അമ്മച്ചി പറഞ്ഞു തന്നു. MESA തപ്പിയപ്പോള്‍ ആദ്യം കിട്ടിയത് നമ്മുടെ മേശ....(സ്പാനിഷ് പോര്‍ച്ചുഗീസ് വാക്ക് )

ഉദ്ദേശം വ്യക്തമല്ല പരസ്യത്തിന്റെ. ഒന്നും കാണാതെ പട്ടരു പുഴയില്‍ ചാടില്ലല്ലോ.:)

Unknown said...

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊടും പട്ടിണിമൂലം
അനേകര്‍ മരിച്ചു വീഴുമ്പോള്‍ മറുവശത്ത് മനുഷ്യന്റെ മൃഗിയതയുടെ കറുത്ത കൈകള്‍ ചിത്രം
വരക്കട്ടെ
നല്ലത് ചെയ്യാന്‍ ആര്‍ക്കും നേരമില്ല കൊല്ലുക കൊല്ലിക്കുക അതൊക്കെ ഇന്ന് സത്യത്തിന്റെ പുതിയമുഖങ്ങളായി തീര്‍ന്നിരിക്കുന്നു.
ഇവിടെ ഇതൊക്കെ കാണേണ്ടുന്ന ലോകത്ത് ജീവിക്കേണ്ടി വന്നതില്‍ ഒരു നിമിഷമെങ്കിലും ലജ്ജിക്കാം

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money