Monday, July 14, 2008

ഊഹക്കുമിള

2007-ലെ വിലസൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണയുടെ വില ബാരലിന്‌ ശരാശരി 27 ഡോളറായി നിലനിന്നിരുന്നു. അരനൂറ്റാണ്ടു കാലമായി എണ്ണവില ആ ശരാശരിയില്‍ നിന്നിരുന്നുവെന്നത്‌, ഇന്നൊരുപക്ഷേ നമുക്ക്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും വാസ്തവമതാണ്‌. ചുരുങ്ങിയ വ്യതിയാനങ്ങള്‍ മാത്രമേ ആ കാലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളു. അതും ചുരുങ്ങിയ കാലത്തേക്കു മാത്രം. 1970-ല്‍, ഒപെക്ക്‌ രാജ്യങ്ങള്‍ സൃഷ്ടിച്ച ആഘാതമായിരുന്നു ആ വ്യതിയാനങ്ങളില്‍ എടുത്തുപറയാവുന്ന ഒന്ന്.

80-കളുടെ മദ്ധ്യത്തിനും 2003-നുമിടയില്‍ പ്രമുഖ അന്താരാഷ്ട്ര വ്യാപാര കൈമാറ്റ കേന്ദ്രങ്ങളിലെ ക്രൂഡ്‌ ഓയിലിന്റെ വില (നാണയപ്പെരുപ്പവുമായി തട്ടിക്കിഴിച്ചതിനുശേഷമുള്ള യഥാര്‍ത്ഥ വില) ബാരലിന്‌ 25 ഡോളറിനും താഴെയായിരുന്നു. 2004-ഓടെയാണ്‌ ഇന്ന് കാണുന്ന വിലവര്‍ദ്ധനവിന്‌ തുടക്കമായത്‌. അമേരിക്കയുടെ കീഴിലുള്ള ഇറാഖ്‌ അധിനിവേശംകൊണ്ട്‌ പ്രതീക്ഷിച്ചപോലെ, ഇറാഖിലെ എണ്ണശേഖരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടു തുടങ്ങിയത്‌ അക്കാലത്തായിരുന്നു. പക്ഷേ അപ്പോഴും വിലവര്‍ദ്ധന നിയന്ത്രണാതീതമായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്‌ എണ്ണവില എല്ലാ വേഗപരിധികളെയും വിലക്കുകളെയും ഭേദിച്ച്‌, ഒരു ഭ്രാന്തന്‍ കുതിരയുടെ സ്വഭാവവൈചിത്ര്യം കാണിക്കാന്‍ തുടങ്ങിയത്‌.

2004 ജനുവരിക്കും 2007 ഏപ്രിലിനുമിടയില്‍ എണ്ണയുടെ വില 2.3 ഇരട്ടിയായി വര്‍ദ്ധിച്ച്‌ ബാരലിന്‌ 65 ഡോളറായി. അതു കഴിഞ്ഞ്‌, കേവലം 14 മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, 2008 ജൂണോടെ വില ഇരട്ടിയിലധികമായി 139-ലെത്തിയെങ്കിലും, തൊട്ടടുത്ത ആഴ്ച അത്‌ അല്‍പ്പം കുറഞ്ഞ്‌, 132-ലെത്തിനിന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം 80-കളിലുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു, ബാരലിനു 100 ഡോളര്‍ എന്ന 2007-ലെ വിലനിരക്ക്‌. അങ്ങിനെ നോക്കുമ്പോള്‍, 1920-കളിലുണ്ടായിരുന്നതിനേക്കാള്‍ മൂല്യപരമായി വളരെ ഉയര്‍ന്ന ഒരു ആഗോളവിലയാണ്‌ ഇന്ന് എണ്ണയുടേത്‌. കഴിഞ്ഞ വര്‍ഷത്തെ വര്‍ദ്ധനയുടെ തോതും എല്ലാ റിക്കാര്‍ഡുകളും ഭേദിക്കുന്ന ഒന്നായിരുന്നു. പോരാത്തതിന്‌, ഒരു വില പരിധിയും കാഴ്ചവട്ടത്തൊന്നുമില്ലതാനും. ഈ വര്‍ഷം അവസാനത്തോടെ എണ്ണവില 150-200-ല്‍ എത്തുമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.

ഈയൊരു പ്രതിഭാസത്തിനെക്കുറിച്ച്‌ ഇതിനകംതന്നെ പല വിശദീകരണങ്ങളും പുറത്തുവന്നിട്ടുണ്ട്‌. പക്ഷേ, ഭക്ഷ്യവിലയുടെ കാര്യത്തിലെന്ന പോലെ, ഇവിടെയും, വസ്തുനിഷ്ഠമായ വിവരങ്ങളേക്കാളുമധികം, അത്‌ അവതരിപ്പിക്കുന്നവരുടെ താത്‌പര്യങ്ങളാണ്‌ പുറത്തുവരുന്നത്‌. എണ്ണയുത്‌പാദനത്തില്‍ ഒപ്പെക്ക്‌ രാജ്യങ്ങള്‍ വരുത്തിയ വെട്ടിക്കുറക്കലും, ഇന്ത്യയും ചൈനയുമടക്കമുള്ള വികസ്വരരാജ്യങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവുമാണ്‌ എണ്ണവില വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്ന, വികസിതരാജ്യങ്ങളിലെ നയരൂപീകരണവിദഗ്ദ്ധരുടെയും വിശാരദന്മാരുടെയും വ്യാഖ്യാനം ഈ താത്‌പര്യങ്ങളുടെ പ്രത്യക്ഷമായ തെളിവാണ്‌.

ഒരു പക്ഷേ സമീപ ഭാവിയില്‍, ഈ രണ്ടു കാരണങ്ങളും, എണ്ണയുടെ ആഗോള വിലവര്‍ദ്ധനവിനെ സ്വാധീനിക്കാന്‍ ഇടയുണ്ട്‌ എന്നു സമ്മതിക്കുമ്പോള്‍തന്നെ, ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിലവര്‍ദ്ധനയുമായി ഇവക്ക്‌ യാതൊരു ബന്ധവുമില്ല എന്നും വ്യക്തമാണ്‌. പക്ഷേ അതിനുമുന്‍പ്‌, ഈ കാരണങ്ങളെ ഓരോന്നായി ഇവിടെ പരിശോധിക്കേണ്ടതും ആവശ്യമായി വന്നിരിക്കുന്നു.

ഒട്ടുമിക്ക വിശദീകരണങ്ങളും (എണ്ണയുടെ) വിതരണവുമായി ബന്ധപ്പെട്ടവയാണ്‌. അതിലൊന്ന്, ആഗോള എണ്ണ ശേഖരം തീര്‍ന്നുകഴിഞ്ഞുവെന്നും, അഥവാ, തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും, അതുമല്ലെങ്കില്‍, ഏറെ വൈകാതെ തീരുമെന്നുമൊക്കെയാണ്‌. എണ്ണപര്യവേക്ഷണരംഗത്ത്‌ ഇനിയും നിക്ഷേപങ്ങള്‍ നടത്തുന്നത്‌, കാര്യമായ ഫലമൊന്നും തരില്ലെന്നും, ഫോസ്സില്‍ ഇന്ധനത്തിലേക്കോ, മറ്റു സമാന്തര ഊര്‍ജ്ജ സ്രോതസ്സുകളിലേക്കോ ശ്രദ്ധതിരിക്കണമെന്നുമാണ്‌ ഈ വാദത്തിന്റെ ശക്തരായ വക്താക്കള്‍ വിശ്വസിക്കുന്നത്‌. ഈ വാദം ശരിയാകണമെങ്കില്‍, അത്‌, എണ്ണയുടെ ആഗോള ഉപഭോഗത്തിലും വിതരണത്തിലുമുള്ള വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. പക്ഷേ അങ്ങിനെയല്ല കാണുന്നത്‌. അതിനി താഴെ വ്യക്തമാവുകയും ചെയ്യും.

നിലവിലുള്ള മറ്റൊരു വാദഗതി, പ്രത്യേക രാഷ്ട്രീയ-സാമ്പത്തിക പ്രവണതകള്‍ക്ക്‌ എണ്ണയുടെ വിതരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ളതാണ്‌. ഇറാഖിലെ തുടര്‍ച്ചയായ അസ്വസ്ഥതകള്‍, നൈജീരിയയിലെ എണ്ണഖനനങ്ങള്‍ക്കും പൈപ്പുലൈനുകള്‍ക്കുമെതിരായുള്ള നിരന്തരമായ തീവ്രവാദി ആക്രമണങ്ങള്‍, വെനീസ്വലയുടെ കാലഹരണപ്പെട്ട എണ്ണപ്പാടങ്ങള്‍, പശ്ചിമേഷ്യയില്‍, ഇസ്രായേലിന്റെ ഇറാന്‍ വിരുദ്ധ നിലപാടുകളും പാലസ്തീന്‍ പ്രശ്നവും, ഇവയൊക്കെ എണ്ണവിതരണത്തിലെ പ്രതിസന്ധിക്കും തന്മൂലമുള്ള വിലവര്‍ദ്ധനവിലേക്കും കാരണമായിത്തീരുന്നു എന്നാണ്‌ ഈ വാദത്തിന്റെ അടിത്തറ.

മറ്റൊരു വ്യത്യസ്തമായ വീക്ഷണം, തകര്‍ന്നുകൊണ്ടിരിക്കുന്ന ഡോളറിന്റെ മൂല്യത്തെക്കുറിച്ചുള്ളതാണ്‌. എണ്ണവ്യാപാരം മുഖ്യമായും ഡോളറിനെ ആശ്രയിച്ചുനില്‍ക്കുന്നതുകൊണ്ട്‌, ഡോളറിന്റെ തകര്‍ച്ച എണ്ണവിപണിയെയും ബാധിക്കുന്നു എന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.

ഈ വാദം തെറ്റാവുന്നത്‌, എണ്ണവ്യാപാരം ഡോളറില്‍ മാത്രമേ ആയിക്കൂടൂ എന്ന് നിര്‍ബന്ധം ഇല്ലാത്തതുകൊണ്ടുമാത്രമല്ല, മറിച്ച്‌, വിതരണവുമായി ബന്ധപ്പെട്ട്‌ ഡോളറിന്‌ മൂല്യശോഷണം സംഭവിക്കുന്നതിനു തെളിവുകളില്ലാത്തതുകൊണ്ടാണ്‌. അതുമാത്രവുമല്ല, ഉയരുന്ന എണ്ണവില, അമേരിക്കയുടെ ഇറക്കുമതിചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണ്‌ ഡോളറിന്റെ മൂല്യം ഇടിയുന്നതെന്നും ന്യായമായും വാദിക്കാവുന്നതുമാണ്‌.

വിതരണവുമായി ബന്ധപ്പെട്ടുള്ള വാദമുഖങ്ങളില്‍വെച്ച്‌ ഏറ്റവും അസംബന്ധമായത്‌, ഇന്നത്തെ ഈ പ്രതിസന്ധിക്ക്‌ ഒപ്പെക്ക്‌ രാജ്യങ്ങളെ പ്രതികൂട്ടിലാക്കുന്നതരത്തിലുള്ള (അ)ന്യായങ്ങളാണ്‌. പ്രതീക്ഷിച്ചതിനേക്കാളും പ്രചാരമുണ്ട്‌ ഈ വാദങ്ങള്‍ക്ക്‌. അമേരിക്കയുടെയും ഒപ്പെക്ക്‌ രാഷ്ട്രങ്ങളുടെയും വിപണി മേധാവിത്വത്തിനെതിരെ ഗോര്‍ഡന്‍ ബ്രൗണ്‍ രംഗത്തുവന്നിരിക്കുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സാകട്ടെ, എണ്ണവിലയില്‍ ഒപ്പെക്ക്‌ രാജ്യങ്ങള്‍ കാണിക്കുന്ന കൃത്രിമങ്ങള്‍ക്കെതിരെ, അവക്കെതിരെ നിയമനടപടിക്ക്‌ ഒരുങ്ങുകയാണ്‌! ഒപ്പെക്ക്‌ രാജ്യങ്ങള്‍ സംഘടിതസ്വഭാവം കാണിക്കുന്നുവെന്നാണ്‌ അവരുടെ ആക്ഷേപം. 1980-മുതല്‍, തങ്ങളുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍, ഉത്‌പാദിപ്പിക്കേണ്ട എണ്ണയുടെ അളവുപോലും അടിച്ചേല്‍പ്പിക്കാന്‍ ഒപ്പെക്കിനു സാധിച്ചിട്ടില്ല എന്നറിയുമ്പോഴാണ്‌, ഒപ്പെക്ക്‌ സംഘടിതസ്വഭാവം കാണിക്കുന്നുവെന്ന അമേരിക്കന്‍ ന്യായത്തിന്റെ പൊള്ളത്തരം നമുക്ക്‌ മനസ്സിലാവുക.

എണ്ണയുടെ മേല്‍ അപരിമിതമായ നിയന്ത്രണമുള്ള കര്‍ശനസ്വഭാവമുള്ള സംഘടനയൊന്നുമല്ല ഒപ്പെക്ക്‌. എണ്ണയുത്‌പാദനം നടത്തുന്ന രാജ്യങ്ങളുടെ ഒരു കൂട്ടായ്മ മാത്രമാണ്‌ അത്‌. 1970-കളില്‍ മൊത്തം എണ്ണയുത്‌പാദനത്തിന്റെ 70 ശതമാനവും അത്‌ കയ്യടക്കിയിരുന്നുവെങ്കില്‍, ഇന്നത്‌ വെറും 40 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. തങ്ങളുടെ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഒരു സര്‍വ്വാധികാരവും അവര്‍ക്കില്ല. മാത്രവുമല്ല, അതിലെ ഓരോ അംഗങ്ങളും തന്നിഷ്ടംപോലെ തങ്ങളുടെ എണ്ണയുത്‌പ്പാദനം കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്തുപോന്നിട്ടുണ്ട്‌, കഴിഞ്ഞ അഞ്ചു ദശാബ്ദക്കാലമായി. ആ അഞ്ചു ദശാബ്ദങ്ങളില്‍ അധികവും, എണ്ണവില ബാരലിന്‌ 27 ഡോളറായി നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്‌.

ഒപ്പെക്ക്‌ എന്നൊരു സംവിധാനം നിലനിന്നില്ലായിരുന്നെങ്കില്‍പ്പോലും അവരുടെ എണ്ണയുത്‌പ്പാദനത്തില്‍, ഇന്നത്തേതില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ലായിരുന്നു.ഒപ്പെക്ക്‌ അല്ലാത്ത മറ്റ്‌ എണ്ണയുത്‌പ്പാദന രാജ്യങ്ങളുടെ ഇടപെടലുകൊണ്ടാണ്‌ 2008 ഏപ്രിലില്‍ എണ്ണയുടെ ആഗോള വിതരണത്തില്‍ ഒരു ചെറിയ മാന്ദ്യം സംഭവിച്ചത്‌ എന്ന് മനസ്സിലാക്കുമ്പോള്‍, ഒപ്പെക്കിനെതിരായുള്ള വാദങ്ങളുടെ അസംബന്ധം കൂടുതല്‍ വ്യക്തമാകും. കാരണം, ആ സമയത്ത്‌, ഒപ്പെക്കിന്റെ ഉത്‌പ്പാദനം പതിവിലും 1.7 ദശലക്ഷം അധികമായിരുന്നു.

ഒപ്പെക്കിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണയുത്‌പ്പാദന രാജ്യമായ സൗദിയിലെ ഇന്ധനകാര്യവകുപ്പു മന്ത്രി പ്രഖ്യാപിച്ചത്‌, "കൂടുതല്‍ എണ്ണക്കുവേണ്ടിയുള്ള ആവശ്യം ഏതൊരു ഉപഭോക്താവില്‍നിന്നു വന്നാലും, അതുടനടി നിറവേറ്റു'മെന്നാണ്‌. അതുകൊണ്ട്‌ എണ്ണയുടെ സമീപകാല വിലവര്‍ദ്ധനവിന്‌ ഒപെക്കിനെ കുറ്റം ചുമത്തുന്നത്‌ യുക്തിക്കു നിരക്കുന്നതല്ല.

ഉത്തരധ്രുവ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു വാദം എണ്ണയുടെ ഉപഭോഗ ആവശ്യത്തെക്കുറിച്ചുള്ളതാണ്‌. സ്വന്തം രാജ്യത്തെ എണ്ണവില, സബ്‌സിഡികള്‍ മുഖേന പിടിച്ചുനിര്‍ത്തുന്ന ചൈനയുടെയും ഇന്ത്യയുടെയും വര്‍ദ്ധിച്ച ഉപഭോഗാവശ്യങ്ങളാണ്‌ എണ്ണവിലവര്‍ദ്ധനക്ക്‌ കാരണമാകുന്നതെന്നാണ്‌ ആ വാദം. ഒറ്റനോട്ടത്തില്‍ ഇത്‌ ശരിയാണെന്നു തോന്നാമെങ്കിലും, ഇതും സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നുതന്നെയാണ്‌ കിടക്കുന്നത്‌.

എണ്ണയുടെ ഉപഭോഗാവശ്യം ചൈനയില്‍ വളരെവേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, ആഗോള എണ്ണ ഉപഭോഗത്തില്‍ ചൈനയുടെ പങ്ക്‌ 8 ശതമാനം മാത്രമാണ്‌. ഇന്ത്യയുടേത്‌ വെറും 3 ശതമാനവും. സബ്‌സിഡികളെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നവര്‍, പെട്രോളിയം ഉത്‌പന്നങ്ങളില്‍ ചുമത്തുന്ന നികുതികളെക്കുറിച്ചും, അത്‌ ആഭ്യന്തരവിലയെ സ്വാധീനിക്കുന്നതിനെക്കുറിച്ചും ഒരക്ഷരം സംസാരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍, ഇത്രയധികം വിലവര്‍ദ്ധനവുണ്ടായിട്ടും, എണ്ണയുടെ ആഭ്യന്തരവില ഏറ്റവും കുറവ്‌ അമേരിക്കയിലാണ്‌. ഇന്ത്യയേക്കാളോക്കെ എത്രയോ താഴെ. ആളോഹരി മൊത്തം ആഭ്യന്തര ഉത്‌പാദനമോ, വാങ്ങല്‍ശേഷിയോ കണക്കിലെടുത്താല്‍പ്പോലും, ഇന്ത്യയിലും ചൈനയിലും നിലനില്‍ക്കുന്ന എണ്ണവില അമേരിക്കയുടേതിനേക്കാള്‍ എത്രയോ പതിന്മടങ്ങാണ്‌. വര്‍ദ്ധിച്ച ഉപഭോഗത്തിലേക്കു നയിക്കുന്ന സബ്‌സിഡികള്‍, അപ്പോള്‍ നിലനില്‍ക്കുന്നത്‌, ചൈനയിലും ഇന്ത്യയിലുമല്ല, അമേരിക്കയിലാണെന്ന് ഇത്‌ വ്യക്തമാക്കുന്നു.

2007-ല്‍ ചൈനയുടെയും ഇന്ത്യയുടെയും എണ്ണയുടെ ഇറക്കുമതി ആവശ്യം 8.7 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍, അഞ്ചു പ്രമുഖ ഇറക്കുമതിരാജ്യങ്ങളുടേത്‌ (അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി) 2.6 ശതമാനം കുറയുകയാണുണ്ടായത്‌. അതിന്റെ ഫലമായി, ആദ്യത്തെ പത്ത്‌ പ്രമുഖ എണ്ണ ഇറക്കുമതിക്കാരുടെ ഇന്ധനാവശ്യം 0.5 ശതമാനമായി ചുരുങ്ങി. എന്നിട്ടും, എണ്ണവില വര്‍ദ്ധിച്ചത്‌, 170 ശതമാനമായിരുന്നു എന്ന് ഓര്‍ക്കണം.

ഈ വര്‍ഷത്തെ ചിത്രവും ഇതില്‍നിന്ന് വ്യത്യസ്തമാകില്ല എന്നാണ്‌ അമേരിക്കയിലെ ഊര്‍ജ്ജവിവര വകുപ്പ്‌ (Energy Information Administration) പുറത്തുവിടുന്ന സൂചനകള്‍. സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടനയുടെ (Organization for Economic Cooperation and Development-OECD) ഇന്ധനാവശ്യങ്ങള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും താഴുമെന്നാണ്‌ ഊര്‍ജ്ജവിവരവകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഇന്ത്യയും, ചൈനയും, പശ്ചിമേഷ്യയുമുള്‍പ്പെടുന്ന OECD-ഇതര രാജ്യങ്ങളിലെ ഇന്ധനാവശ്യം 2008-ല്‍ 3.7 ശതമാനമാവുകയും ചെയ്യുമെന്നും, ആഗോളതലത്തില്‍ ഇന്ധനത്തിന്റെ മൊത്തം ആവശ്യം 1.2 ശതമാനമായിരിക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. എണ്ണയുത്‌പ്പാദനം കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍, പ്രതിദിനം 86 മില്ല്യണായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നിട്ടും, ഈ വര്‍ഷത്തെ ആദ്യത്തെ അഞ്ചുമാസത്തിനുള്ളില്‍തന്നെ, എണ്ണവില 140 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഉത്‌പ്പാദന-ആവശ്യത്തിനെക്കുറിച്ചുള്ള നമ്മുടെ ലളിതസമവാക്യങ്ങള്‍കൊണ്ട്‌, ഈ വിലവര്‍ദ്ധനവിന്റെ പ്രതിഭാസത്തെ വ്യാഖ്യാനിക്കുവാന്‍ കഴിയില്ലെന്നാണ്‌ ഇതില്‍നിന്നെല്ലാം നമുക്ക്‌ മനസ്സിലാകുന്ന കാര്യം. മറിച്ച്‌, ഈ ഭൗതിക ഉത്‌പന്നത്തിന്റെ, ഈ ആഗോള മാധ്യമത്തിന്റെ വില ഇന്ന് തീരുമാനിക്കപ്പെടുന്നത്‌, ഒരു അവാസ്തവികലോകത്തിലാണ്‌. ഊഹാപോഹശക്തികളാണ്‌ കമ്പോളത്തിലൂടെ ഇന്നത്തെ ഈ വിലവര്‍ദ്ധനവ്‌ സൃഷ്ടിക്കുന്നത്‌.

മറ്റു പ്രാഥമിക ഉത്‌പന്നങ്ങളുടെ കാര്യത്തിലെന്നപോലെ, ഇതും, സാമ്പത്തികശക്തികളുടെ മേലുള്ള നിയന്ത്രണമില്ലായ്മകൊണ്ടു (ഡീറെഗുലേഷന്‍) സംഭവിച്ചതാണ്‌. രണ്ടു പ്രമുഖ അന്താരാഷ്ട്ര എക്സ്‌ചേഞ്ചുകളാണ്‌ ഇതില്‍ പ്രമുഖം. ഏറ്റവുമധികം കൈമാറ്റപ്പെടുന്ന രണ്ടു വ്യത്യസ്ത തരം (ഗ്രേഡ്‌) ഇന്ധനങ്ങളുടെ-വെസ്റ്റ്‌ ടെക്‍സാസ്‌ ഇന്റര്‍മീഡിയറ്റും, നോര്‍ത്ത്‌ സീ ബ്രന്റും (West Texas Intermediate & North Sea Brent)- ഊഹക്കച്ചവടം നടത്തുന്നത്‌, ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍കൊണ്ടിനെന്റല്‍ എക്സ്ചേഞ്ചുമാണ്‌ (Intercontinental Exchange-ICE). യഥാര്‍ത്ഥത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന വസ്തുവിന്റെ നിലവാരസൂചകങ്ങളാണ്‌ ഈ രണ്ടു ഗ്രേഡുകളും. കഴിഞ്ഞ കുറച്ചുകാലമായി എണ്ണയെന്ന ഉത്‌പന്നം ഇത്തരം മിഥ്യാസൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. ഊഹക്കമ്പോളത്തിന്റെ തോതനുസരിച്ച്‌, യഥാര്‍ത്ഥകമ്പോളവിലയും ഉയരുകയും താഴുകയും ചെയ്യുന്നു. ഈ ഉയര്‍ച്ചക്കും താഴ്ചക്കും, ആവശ്യം-ഉത്‌പാദനം എന്ന വസ്തുനിഷ്ഠമായ പ്രതിഭാസവുമായി ഒരു ബന്ധവുമില്ലെന്ന് ചുരുക്കം.

ഈ ദശാബ്ദത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അമേരിക്കയില്‍ നടപ്പില്‍വന്ന, അനിയന്ത്രിതസ്വഭാവമുള്ള ഊഹകമ്പോളമാണ്‌ ഈയൊരു സ്ഥിതിവിശേഷത്തിനു കാരണമായത്‌. ഓവര്‍ ദി കൗണ്ടര്‍ (Over the Counter –OTC) ഇലക്ട്രോണിക്‌ സങ്കല്‍പ്പം എന്ന് നമ്മളതിനെ വിളിക്കുന്നു. ലണ്ടനിലെ ഐ.സി.ഇ-യുടെ ഊഹകമ്പോളത്തിലും ഈ ഡീറെഗുലേഷന്‍ നിലനിന്നിരുന്നു. ഇതിന്റെ ഫലമായി, "മോര്‍ഗന്‍ സ്റ്റാന്‍ലിയെപ്പോലെയും ഗോള്‍ഡന്‍ സാച്ചസിനെപ്പോലെയുമുള്ള ചുരുക്കം എണ്ണവ്യാപാര ധനകാര്യസ്ഥാപനങ്ങളൊഴിച്ച്‌ മറ്റാര്‍ക്കും, ഭൗതികമായി നടക്കുന്ന (എണ്ണ) വ്യാപാരത്തെക്കുറിച്ചോ, അതിന്റെ ഗതിവിഗതികളെക്കുറിച്ചോ, വിലയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ ഒന്നും അറിയാന്‍ കഴിയാതെ വരുന്ന ഒരു പ്രക്രിയ"യും, 'കടലാസ്സ്‌ എണ്ണയുടെ (Paper Oil) ഒരു അപരിചിത ലോകവും" നിലവില്‍വന്നു. (F. William Engdahl http://www.globalresearch.ca/ index. php? c ontext = va & aid=8878).

അനിയന്ത്രിതമായ കമ്പോളത്തിന്റെ ഇത്തരം പ്രശ്നങ്ങള്‍ കുറച്ചുകാലമായി പ്രത്യക്ഷമാണ്‌. "ഇന്ധന-വാതക വിലവര്‍ദ്ധനയില്‍ ഊഹകമ്പോളത്തിന്റെ പങ്കി'നെക്കുറിച്ച്‌ (The Role of Market Speculation in Rising Oil and Gas Prices) അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച, 2006 ജൂണിലെ യു.എസ്‌. സെനറ്റ്‌ പെര്‍മനന്റ്‌ സബ്‌കമ്മിറ്റിയുടെ നിഗമനങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.

"യഥാര്‍ത്ഥമെന്നു പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുകയും നിര്‍മ്മിക്കപ്പെടുകയും, എന്നാല്‍ അനിയന്ത്രിതമായ ഇലക്ട്രോണിക്‌ ഇടപാടുകളിലൂടെ മാത്രം നടക്കുന്നതുമായ കരാറുകളും കൈമാറ്റങ്ങളും ഊഹക്കച്ചവടങ്ങളെ സാധ്യമാക്കിക്കൊണ്ട്‌ വിലവര്‍ദ്ധനവിനു കാരണമായിത്തീരുന്നുവെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു"

തത്‌ഫലമായി, കമ്പോളത്തില്‍ ഇടപെടാനും, അതിന്റെ തെറ്റുകള്‍ ശരിപ്പെടുത്താനുമുള്ള സാദ്ധ്യതകള്‍ക്കാണ്‌ മങ്ങലേല്‍ക്കുന്നത്‌. "അസംസ്കൃത എണ്ണയുടെ കാര്യത്തില്‍, ഊഹപ്പണത്തിന്റെ കടന്നുവരവ്‌, വിലയും സാധനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മാറ്റിമറിക്കുകവഴി, ഒരേസമയം ഉത്‌പന്നത്തിന്റെ ആധിക്യവും, ഉയര്‍ന്ന വിലയും എന്ന സ്ഥിതിവിശേഷം ഇന്ധനരംഗത്ത്‌ ഉളവാക്കുകയും ചെയ്തു".

ഇത്ര അനിയന്ത്രിതമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍, ആരാണ്‌ ഇത്തരം ഊഹക്കളികള്‍ കളിക്കുന്നതെന്നോ, ആരൊക്കെയാണ്‌ ഈ വിലവര്‍ദ്ധനവില്‍നിന്ന് ലാഭം കൊയ്യുന്നതെന്നോ ഒന്നും തീര്‍ച്ചയാക്കാന്‍ സാധിക്കാതെവന്നിരിക്കുന്നു. എണ്ണയുത്‌പാദകരാജ്യങ്ങള്‍ക്ക്‌ ഇതുകൊണ്ട്‌ ആത്യന്തികമായി നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉപഭോക്താക്കള്‍ക്ക്‌ ദുരിതഫലങ്ങള്‍ മാത്രം സമ്മാനിക്കുകയും ചെയ്യുന്നു ഈ അവസ്ഥ. ഇത്തരം ഊഹക്കച്ചവടങ്ങളില്‍ മാത്രം ഇതുവരെ ശ്രദ്ധയൂന്നിയിരുന്ന സാമ്പത്തികസ്ഥാപനങ്ങള്‍ മാത്രമല്ല, അമേരിക്കയിലെ ഭവനവായ്‌പാ പ്രതിസന്ധിയില്‍‌പെട്ട് (Subprime Crisis) കൈ നന്നായി പൊള്ളിയ ബഹുരാഷ്ട്ര ബാങ്കുകളും, തങ്ങളുടെ നഷ്ടം നികത്താനുള്ള ഒരു മാര്‍ഗ്ഗമായി ഇപ്പോള്‍ ഈ രംഗത്തേക്കു കടന്നുവന്നിരിക്കുന്നു.

വലിയ കളിക്കാര്‍ ഈ കളിയില്‍ രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്നതിന്‌ ചില തെളിവുകളുമുണ്ട്‌. ഗോള്‍ഡ്‌മാന്‍ സാച്ചസും, മോര്‍ഗന്‍ സ്റ്റാന്‍ലിയുമാണ്‌ അമേരിക്കയിലെ രണ്ടു പ്രധാന ഊര്‍ജ്ജവ്യാപാര സ്ഥാപനങ്ങള്‍. ഊഹക്കച്ചവടത്തില്‍ വന്‍നിക്ഷേപം നടത്തുന്ന മറ്റു രണ്ടുപേരാണ്‌ സിറ്റിഗ്രൂപ്പും ജെ.പി.മോര്‍ഗന്‍ ചേസും. ഇന്‍ഡക്സ്‌ ഫണ്ട്‌ നിക്ഷേപത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 13 ബില്ല്യണ്‍ ഡോളറില്‍നിന്ന് 260 ബില്ല്യണിലേക്കാണ്‌ അവര്‍ വളര്‍ന്നത്‌. നിക്ഷേപ ബാങ്കുകളും, പെന്‍ഷന്‍ ഫണ്ടുകളും സ്വകാര്യ സംരംഭകരും തങ്ങളുടെ പക്കലുള്ള ധനം മുഴുവന്‍ എണ്ണയടക്കമുള്ള ഉത്‌പന്നങ്ങളുടെ ഊഹക്കച്ചവടത്തിലേക്ക്‌ തിരിച്ചുവിട്ടു.

നാണയപ്പെരുപ്പം തടയാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലക്ക്‌ ആരംഭിച്ച ഇത്തരം നിക്ഷേപങ്ങള്‍, പക്ഷേ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. ധനരംഗത്തെ എറ്റവും ലാഭകരമായ ഇടപാടായി മാറിയിരിക്കുന്നു ഇത്തരം ഊഹക്കച്ചവടങ്ങള്‍. എച്ച്‌.എസ്‌.ബി.സി.(HSBC)-യുടെ വിലയിരുത്തല്‍പ്രകാരം, ഊര്‍ജ്ജ-ഇന്ധന അനുബന്ധ ഫണ്ടുകളാണ്‌ ധനകമ്പോളത്തില്‍, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. മറ്റു ഫണ്ടുകള്‍ ഭീമമായ നഷ്ടത്തിലേക്ക്‌ പോകുമ്പോഴും, മുന്‍പറഞ്ഞ വിഭാഗങ്ങള്‍, വര്‍ഷത്തില്‍ ശരാശരി 30 ശതമാനം അധികവരുമാനം കൈവരിക്കുന്നു.

ഈ പ്രവണതയെ ചെറുക്കാനാണ് അല്‍പം താമസിച്ചായാലും ചില ദുര്‍ബ്ബലമായ നടപടികള്‍ക്ക്‌ NYMEX-ഉം ICE ഉം നിര്‍ബന്ധിതമായത്‌. സംരംഭകരില്‍നിന്ന്, കൂടുതല്‍ നിക്ഷേപത്തുക നിര്‍ബന്ധമാക്കുക എന്ന മെയ്‌ 30ലെ നടപടി അത്തരത്തിലൊന്നായിരുന്നു. അതിന്റെ ഫലമായാണ്‌ അസംസ്കൃത ബ്രെന്റ്‌ ഓയിലിന്റെ വില ബാരലിന്‌ 139 ഡോളറില്‍നിന്ന് 132 ലേക്കെത്തിയത്‌. അത്‌ തെളിയിക്കുന്നത്‌, ഇത്തരം നിയന്ത്രണങ്ങള്‍ക്ക്‌ കടുത്ത ഊഹക്കച്ചവടങ്ങളെ നിലക്കു നിര്‍ത്താന്‍ കഴിയുമെന്നുതന്നെയാണ്‌.

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലെന്നപോലെ, ആഗോളവിലയുടെ കാര്യത്തിലും സമ്പദ്‌വിപണിയിലെ ഡീറെഗുലേഷന്‍ ഒരു പ്രധാനഘടകമാണ്‌. അതുകൊണ്ട്‌ ഇന്നത്തെ എണ്ണവിലവര്‍ദ്ധന ഒരു ഊഹക്കുമിളയെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അങ്ങിനെയാണെങ്കില്‍, എല്ലാ കുമിളളെയുംപോലെ, ഈ കുമിളയും തകരുകതന്നെ ചെയ്യും. കുറച്ചധികം സമയമെടുത്തുവെന്നുവരാം., പക്ഷേ എന്നായാലും, ഒടുക്കം അത്‌ സംഭവിക്കാതെ തരമില്ല. അമേരിക്കയിലെ ഭവനവായ്പാരംഗത്തെ നീര്‍പ്പോളകള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നുവെന്ന് ഓര്‍മ്മിക്കുക. ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, എണ്ണവിലവര്‍ദ്ധനവിന്റെ ദുരിതങ്ങള്‍ സാമാന്യജനത്തിന്റെ തലയില്‍ കെട്ടിവെക്കുന്നതിനുമുന്‍പ്‌, വികസ്വര രാജ്യങ്ങള്‍ ഇത്തരം സാദ്ധ്യതകളെക്കൂടി കണക്കിലെടുക്കണമെന്നാണ്‌.*ഫ്രണ്ട്‌ലൈനില്‍ ജയതി ഘോഷ്‌ എഴുതിയ ലേഖനം

'സഖാവ്’ ദ്വൈവാരികയുടെ ലക്കം 14-ല്‍ (ജൂലായ് 8-21) പ്രസിദ്ധീകരിച്ച വിവര്‍ത്തനം

4 comments:

Rajeeve Chelanat said...

ഊഹക്കുമിള - ‘സഖാവ് ‘ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച ഒരു വിവര്‍ത്തനം

ഗുപ്തന്‍ said...

നന്ദി രാജീവ്. ചില വിശദാംശങ്ങളില്‍ താല്പര്യമുള്ളതുകൊണ്ട് കോപ്പിയെടുത്തുവയ്ക്കുന്നു :)

ബാബുരാജ് ഭഗവതി said...

ലേഖനം തര്‍ജ്ജമ ചെയ്ത് ചേര്‍ത്തത് നന്നായി.
ഞാനിത് സഖാവില്‍ വായിച്ചിരുന്നു.
നന്ദി

Rajeeve Chelanat said...

ഗുപ്താ, ബാബുരാജ്,

വായനക്ക് നന്ദി.

അഭിവാദ്യങ്ങളോടെ