Monday, November 24, 2008

പോപ്പ് തിരുമേനി അറിയാന്‍

വത്തിക്കാനില്‍ വാണരുളുന്ന ഞങ്ങളുടെ അഭിവന്ദ്യപിതാവേ,

നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ.

നമ്മുടെ തന്നെ ഒരു സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ സംഭവം ഉണ്ടായിരിക്കുന്നത്‌. ആ മരണം ഒരു കൊലപാതകമൊന്നുമല്ലെന്നും, ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ആ സഹോദരി അറിയാതെ ചെയ്ത ഒരു കടുംകൈ ആണെന്നും എല്ലാവര്‍ക്കും അറിവുള്ളതുമാണ്‌. ഇവിടുത്തെ ഈ കമ്മ്യൂണിസ്റ്റ് ചെകുത്താന്‍മാര്‍ക്കും ഇത്‌ അറിയാം. എങ്കിലും, നമ്മുടെ സഭയെ മനപ്പൂര്‍വ്വം അവഹേളിക്കാനും കരിവാരിത്തേക്കാനുമായിട്ടാണ്‌ ഈയൊരു പുതിയ ആരോപണവുമായി വന്നിരിക്കുന്നത്‌.

കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ പ്രമുഖനായ തോമസ്‌ കോട്ടൂര്‍ എന്ന മുതിര്‍ന്ന സഹോദരന്‍ പണ്ടുമുതലേ സാത്വികനും, ബി.എം.സി.യില്‍ വാദ്ധ്യാരു പണി ചെയ്യുന്ന അന്നുതൊട്ടേ, കുട്ടികള്‍ക്കിടയില്‍ (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കിടയില്‍) നല്ല പേരുള്ള മാന്യദേഹവുമായിരുന്നു. അദ്ദേഹത്തിന്റെ കണ്മുന്നില്‍ കഴിവതും പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ മനസ്സു വെക്കാറുണ്ടായിരുന്നു എന്ന്‌ നേരിട്ട്‌ ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ളതുമാണ്‌. അറിയാതെയെങ്കിലും ഒരു പുരോഹിതന്റെ മനശ്ശാസ്ത്രം തങ്ങളായിട്ട്‌ തെറ്റിപ്പോവരുതല്ലോ എന്നു കരുതിയിട്ടായിരുന്നു ആ പെണ്‍കുട്ടികള്‍ ആ വിധത്തില്‍ ഒഴിഞ്ഞുനടന്നിരുന്നത്.

മറ്റു രണ്ടു പ്രതികള്‍ക്കും ആ കോളേജുമായി ബന്ധമുണ്ടായിരുന്നുവെന്നും, സെഫി എന്ന സഹോദരി തോമസ്‌ കോട്ടൂരിന്റെ ശിഷ്യയായിരുന്നു എന്നും അങ്ങയ്ക്ക്‌ അറിയാമായിരിക്കുമല്ലോ. ഈ മൂന്നു ഇടയരെ രക്ഷിക്കാന്‍ ഞങ്ങള്‍ ഇടയലേഖനം ഇറക്കുന്നുണ്ട്‌. ഇവരുടെ കഴിയുംവേഗമുള്ള മോചനത്തിലേക്ക്‌ പ്രാര്‍ത്ഥനകളും ഞങ്ങള്‍ നടത്താന്‍ പോകുന്നു. ഇതുകൊണ്ടെല്ലാം വല്ല ഗുണമുണ്ടാകുമോ എന്നൊന്നും അറിയില്ല പിതാവേ.

അടുത്തിടക്ക്‌ ഞങ്ങള്‍ ഒന്നിനുപിന്നാലെയൊന്നായി ഇറക്കിയ ഇടയലേഖനങ്ങളൊന്നും ഫലിക്കാതെ വന്നതില്‍ കുണ്‌ഠിതപെട്ട്‌ കഴിയുമ്പോഴാണ്‌ കര്‍ത്താവിന്റെ കൃപയാല്‍, ഞങ്ങളുടെ എളിയ ബുദ്ധിയില്‍ ഈ ഒരു വഴി തെളിഞ്ഞത്‌.

ഇവരെ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി ഉടന്‍ പ്രഖ്യാപിക്കുക. അവര്‍ നിരപരാധികളാണെന്നും, ഇനി, അഥവാ, അവര്‍ക്ക്‌ അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍തന്നെ, അത്‌ ദൈവനിയോഗമായിരുന്നുവെന്നു കരുതി വിട്ടേക്കാനും ആവശ്യപ്പെടുക. ഇനി, അത്‌ ദൈവനിയോഗമായിരുന്നില്ലെന്നുതന്നെ വെക്കുക. എന്നാലെന്താണ്‌? നമ്മുടെ ചില കുഞ്ഞാടുകള്‍ നമ്മുടെതന്നെ മറ്റൊരു കുഞ്ഞാടിനെ എന്തെങ്കിലും ചെയ്താല്‍ ഇവറ്റകള്‍ക്കെന്തു കാര്യം, വന്ദ്യപിതാവേ? ഇത്ര വലിയ കോലാഹലമൊക്കെ എന്തിനാണ്? ശയനസുഖം തേടിനടക്കുന്ന ശബരിമല തന്ത്രിയും ശങ്കരാചാര്യരും, നാലല്ല വേണ്ടിവന്നാല്‍ നാല്‍പ്പതും കെട്ടാം എന്ന് ഈത്തയൊലിപ്പിച്ച നടക്കുന്ന ആ മുതുക്കന്‍ മുസല്യാരുമാരുമൊക്കെ മദം പൊട്ടി നടക്കുന്നില്ലേ? അവരുടെ കഥകളൊക്കെ തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ നമ്മുടെ ഇടയന്മാരെ മാത്രം എന്തിനാണിങ്ങനെ ഈ ചെകുത്താന്മാര്‍ വേട്ടയാടുന്നത്‌?

അതുകൊണ്ടാണ്‌ പറഞ്ഞത്‌, നമുക്കിവരെ മൂന്നുപേരെയും ഉടനടി വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി പ്രഖ്യാപിക്കാം എന്ന്‌. എങ്കില്‍ പിന്നെ ഒരു പട്ടിയും ഒന്നും ചോദിക്കില്ല.

ഇനി, അതുകൊണ്ടൊന്നും ഇവര്‍ പഠിക്കുന്നില്ലെങ്കില്‍ പിന്നെ, പിതാവ് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതന്നാല്‍ മതി. എന്തു ചെയ്യണമെന്ന്‌ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഗുണ്ടായിസമെങ്കില്‍ ഗുണ്ടായിസം. നമ്മള്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ല. ദോഷം പറയരുതല്ലോ, ഈ സന്ന്യാസിമാരും മൊല്ലാക്കമാരും ആരും ആ ഒരു കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. ഈ വര്‍ഗ്ഗങ്ങളൊക്കെ ആ കമ്മ്യൂണിസ്റ്റ് ചെകുത്താന്റെ ശത്രുക്കളാണ് . അവരുടെയൊക്കെ പിന്തുണ നമുക്കുണ്ടാകും പിതാവേ. ശങ്കിക്കേണ്ട.

ആയതിനാല്‍, കഴിയുന്നതും വേഗം അതിനുള്ള നടപടിക്രമങ്ങളൊക്കെ ചെയ്യാന്‍ അപേക്ഷ. ദിവ്യാത്ഭുതങ്ങള്‍ക്ക്‌ തെളിവുവേണം, ദൃക്‌സാക്ഷികള്‍ വേണം, സമയം വേണം, എന്നൊന്നും വാശിപിടിച്ചേക്കരുത്‌ പിതാവേ. കോണ്‍വന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത്‌ ദിവ്യാത്ഭുതമാണ്‌ ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക?

തിരുവസ്ത്രമണിഞ്ഞ നമ്മുടെ പല ഇടയന്മാരെയും സഹോദരിമാരെയും കുറിച്ചൊക്കെ ഇടക്കിടക്ക് ഈ വിധത്തില്‍ അപവാദങ്ങള്‍ പുറത്തുവരുന്നുണ്ട് പിതാവേ. ഈയടുത്താണ്‌ നമ്മുടെ ഒരു കുഞ്ഞാട്‌ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. അതിനും ആളുകള്‍ നമ്മെ കുറ്റം പറയാന്‍ തുടങ്ങിയതാണ്‌. കര്‍ത്താവിന്റെ കൃപയാല്‍, അത്‌ തേഞ്ഞുമാഞ്ഞുപോയിയെന്ന്‌ തോന്നുന്നു. ആ സഹോദരി കുഞ്ഞാടിന്റെ ആത്മാവിന്‌ നമുക്ക്‌ നിത്യശാന്തി നേരാം. എങ്കിലും നമ്മുടെ മറ്റൊരു മുതിര്‍ന്ന ഇടയസഹോദരിയുടെ നേരെ ആക്ഷേപത്തിന്റെ ഒരു വിരലുയര്‍ത്തിയാണ്‌ ആ കഞ്ഞാട് ജീവിതം അവസാനിപ്പിച്ചതെന്ന്‌ ആലോചിച്ചിട്ട്‌ സങ്കടവും വരുന്നു പിതാവേ. സഹനത്തിന്റെ പാത പിന്തുടരണമെന്നല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നും പഠിച്ചിട്ടുള്ളത്‌. എന്നിട്ട്‌ ആ കുഞ്ഞാട് ചെയ്തതോ? ലൈംഗികപീഡനം പോലുള്ള ചെറിയ സഹനങ്ങള്‍ പോലും സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ്‌ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. ബുദ്ധിമോശം, അല്ലാതെന്തു പറയാന്‍.

എന്തുചെയ്യാം. ആരെയും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ, ലൈംഗികത എങ്ങിനെയാണ്‌ പീഡനമാവുക പിതാവേ? ഒരു സുഖമല്ലേ അത്‌? അതും ഒളിഞ്ഞും മറഞ്ഞും ചെയ്യുന്നതിന്റെ ഒരു സുഖം. അയ്യോ ക്ഷമിക്കണേ. സങ്കടം മൂത്തപ്പോള്‍ ആര്‍ക്കാണ്‌ കത്തെഴുതുന്നത്‌ എന്നൊക്കെ ഒരുവേള മറന്നുപോയി. പിതാവ്‌ മാപ്പാക്കണം. അല്ല, ഇതൊന്നും കേട്ടാല്‍ ഇളകുന്ന ആളല്ല പിതാവ്‌ എന്നും അറിയാം.

പറഞ്ഞുവന്നത്‌, ഈ അഭയകുഞ്ഞാടിന്റെ പേരും പറഞ്ഞ്‌ നമ്മളെ ഒതുക്കാമെന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെകില്‍ ആ കളി തീക്കളിയാകുമെന്നാണ്‌. വേണ്ടിവന്നാല്‍, നൂറ്‌ അഭയമാരെത്തന്നെ നമ്മള്‍ കിണറ്റിലിട്ട്‌ കര്‍ത്താവിന്റെ അടുക്കലേക്ക്‌ പാര്‍സലായി അയക്കും. എത്രയായാലും അവര്‍ ഇന്നല്ലെങ്കില്‍ നാളെ കര്‍ത്താവിന്റെ മണവാട്ടിമാരാകേണ്ടവരല്ലേ പിതാവേ? അത്‌ അല്‍പ്പം നേരത്തെയാക്കുന്നതില്‍ എന്താണൊരു തെറ്റ്‌?

അതുകൊണ്ട്‌, കഴിയുന്നതും വേഗം നമ്മുടെ കോട്ടൂരച്ചനെയും പുതൃക്ക അച്ചനെയും, സെഫി സിസ്റ്ററെയും അങ്ങ്‌ വിശുദ്ധരായി പ്രഖ്യാപിക്കണം. ഒട്ടും താമസിക്കരുത്‌. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ദൈവശുശ്രൂഷകളും നടത്താന്‍ അങ്ങ് കരുണകാണിക്കുകയും വേണം. ഇനി, കഴിയുമെങ്കില്‍, ആ അഭയക്കൊച്ചിന്റെ ശവം മാന്തിയെടുത്ത്‌ തെമ്മാടിക്കുഴിയില്‍ ഇടാന്‍ സാധിച്ചാല്‍, അത്‌ ഏറെ ഉത്തമമാകും പിതാവേ. നമ്മുടെ സഭക്ക്‌ കളങ്കം വരുത്തിവെക്കാന്‍ നിമിത്തമായ ആ കുഞ്ഞാടിനെ നരകത്തിലേക്കയക്കാന്‍ കര്‍ത്താവിനോട്‌ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണം.


എന്ന്
വന്ദ്യപിതാവിന്റെ സ്വന്തം
കേരള ഇടയ സംഘം


PS: നമ്മുടെ സമുദായത്തിലെ മക്കള്‍ സ്കൂളിലും പുറത്തും, മറ്റുള്ള കുട്ടികളുമായി ഇടപഴകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും, ഓരോ സമുദായംഗവും ഒഴിവുവേളകള്‍ സന്താനോത്‌പാദനപരമായി ഉപയോഗിച്ച്‌ നമ്മുടെ ജനസംഖ്യ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിക്കാന്‍‌കൂടി ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ.

കര്‍ത്താവിന്റെയും അഭിവന്ദ്യപിതാവിന്റെയും കൃപാകടാക്ഷങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്

32 comments:

Rajeeve Chelanat said...

പോപ്പ് തിരുമേനി അറിയാന്‍

Suraj said...

സഭാനുയായികള്‍ക്കിടയില്‍ ജനസംഖ്യവര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രസ്താവനകള്‍ കേട്ടപ്പോള്‍ 16 കൊല്ലം മുന്‍പേ സഭ മുന്‍കൈയ്യെടുത്തു തുടങ്ങിയിരുന്നു എന്നറിഞ്ഞിരുന്നില്ല ;)

ജോമോനേ, നിന്റെ പുത്തന്‍ പുരയ്ക്ക് മേല്‍ തമ്പുരാന്‍ നരകത്തീ വര്‍ഷിക്കട്ടെ !

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

രാജീവ്,

സംഗതി കുറിക്കുകൊള്ളുന്നുണ്ടെങ്കിലും *നിലവിലെ അവസ്ഥയിൽ ഇത്തരം സർക്കാസത്തിനു പകരം വസ്തുനിഷ്ഠമായതും വിമർശനപരമായതുമായ ഒരു ലേഖനമാണ് അഭയ കേസിൽ രാജീവിൽ നിന്ന് പ്രതീക്ഷിച്ചത്. (മിയാ കുൽ‌പ്പാ) സത്യത്തിൽ അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.


ഓഫ്.ടോ
* സഭയ്ക്കെതിരെയുള്ള എല്ലാ പ്രവണതകളും, നടപടികളും ഇടതുപക്ഷത്തിന്റെ കുത്സിതപ്രവർത്തനമാണെന്ന “തിരുവചന“ഘോഷങ്ങൾ നിലനിൽക്കുന്ന അവസ്ഥയിൽ... അല്ല അതിന് കാരണവും ഉണ്ടെന്ന് വെച്ചോളൂ. തൃശൂർ സെന്റ്.മേരീസ്കോളെജിലെ പഴയ പ്രിൻസിപ്പാൾ സിസ്റ്റർ.ജെസ്മി ഉടുപ്പൂരിയപ്പോൾ, ചുവപ്പുപട്ട് പുതയ്ക്കാൻ ചെന്ന ചിലരെകണ്ടവർക്കും, അതൊരു സാംസ്ക്കാരികപ്രക്രിയയാണെന്ന് തീർച്ചപ്പെടുത്തിയ ബുദ്ധിജീവികളെ - പല ജമീലമാർക്കും ‘ആത്മ’കഥയെഴുതിയവർ ഉൾപ്പെടെ- കണ്ടവർക്കും അത് നേരിയ സംശയത്തിനെങ്കിലും ഇടവരുത്തുമെന്ന മുൻ‌ധാരണയിലെങ്കിലും...

:) <--- സ്മൈലി

പാമരന്‍ said...

"സംഗതി കുറിക്കുകൊള്ളുന്നുണ്ടെങ്കിലും *നിലവിലെ അവസ്ഥയിൽ ഇത്തരം സർക്കാസത്തിനു പകരം വസ്തുനിഷ്ഠമായതും വിമർശനപരമായതുമായ ഒരു ലേഖനമാണ് അഭയ കേസിൽ രാജീവിൽ നിന്ന് പ്രതീക്ഷിച്ചത്. (മിയാ കുൽ‌പ്പാ) സത്യത്തിൽ അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു."

ഞാനും ഡിങ്കനോടു യോജിക്കുന്നു.

കാളിയമ്പി said...
This comment has been removed by the author.
വികടശിരോമണി said...

വാഹ്,വാഹ്...
ഇടക്കൊക്കെ സർക്കാസവുമാകാം,രാജീവേ.
ജനസംഖ്യ അടിയന്തിരമായി കൂട്ടണം.അതിനുള്ള ശ്രമങ്ങൾ നോക്കട്ടെ:)

Joker said...

പാരമ്പര്യത്തില്‍ അധിഷ്ടിതമായ ശുഷ്രൂഷകളാണ് സഭയില്‍ നടക്കുന്നതെന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞൂ.

http://kungikka.blogspot.com/2008/11/blog-post_24.html

ഭൂമിപുത്രി said...

ആമേൻ!

Radheyan said...

വസ്തുവും നിഷ്ഠവുമൊന്നും ഈ കേസില്‍ നടക്കുമെന്ന് തോന്നുന്നില്ല.ഒതൊരു ക്ലീന്‍ കേസാണെന്നും ഇവരൊക്കെ തന്നെ പ്രതികള്‍ എന്ന് ഉറപ്പിക്കാമെങ്കിലും ഇതിന് തെളിവുകള്‍ ഹാജരാക്കാന്‍ വളരെ ബുദ്ധിമുട്ടും.കാരണം കോട്ടയം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മുതല്‍ മുന്‍ പ്രധാനമന്ത്രി റാവു അടക്കം പലരും ചേര്‍ന്ന് തൂത്തു മായിച്ച തെളിവുകളില്‍ ഇനി എന്ത് മിച്ചമുണ്ടാകുമെന്ന് കണ്ട് തന്നെ അറിയണം.

അച്ചന്റെ സ്കൂട്ടര്‍ കണ്ടുവെന്ന് 16 കൊല്ലത്തിന് ശേഷമുള്ള സാക്ഷി മൊഴി,നാര്‍ക്കോ അനാലിസിസ്,സിസ്റ്റര്‍ സെഫിയുടെ കന്യകാ പരിശോധന തുടങ്ങിയവ ഒരു കേസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം എന്നതിനപ്പുറം വിധി നിര്‍ണ്ണയിക്കാന്‍ പോന്നതാകുമോ എന്ന് സംശയമുണ്ട്.

വിധി നിര്‍ണ്ണയിക്കാന്‍ പോന്ന വിരലടയാളങ്ങള്‍ പോലെയുള്ള പ്രാഥമിക തെളിവുകള്‍ മുന്‍പ് അന്വേഷിച്ച പോലിസ് തൂത്ത് മായിച്ച് കളഞ്ഞതിനാല്‍ ലഭ്യമാണോ എന്നറിയില്ല.

അതു കൊണ്ട് സത്യം കിണറിന്റെ അഗാധഗര്‍ഭത്തില്‍ തന്നെ മറയാനാണ് സാധ്യത.ജസ്റ്റിസ് ബസന്തിന്റെ പ്രാഥമിക നിരീക്ഷണങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.(മറിയക്കുട്ടി കേസില്‍ പ്രസിദ്ധ അഭിഭാഷകനായ ചാരിയെ സഭ കൊണ്ടു വന്ന പോലെ രാം ജത്മലാനിയോ ജെയ്റ്റ്ലിയോ കേസ് വാദിച്ചാല്‍ പ്രത്യേകിച്ചും)

അല്ലെങ്കില്‍ ഷോലെയിലെ സഞ്ജീവ് കുമാറിനെ പോലെ കര്‍ത്താവ് തന്നെ തന്റെ കൊല്ലപ്പെട്ട മണവാട്ടിക്ക് വേണ്ടി പോരിനിറങ്ങേണ്ടി വരും.....

Mahi said...

ഗ്രേറ്റെന്റെ രാജീവെ മണ്ടക്ക്‌ തന്നെ കൊട്ടിയിരിക്കുന്നു

ബാബുരാജ് said...

പ്രിയ രാജീവ്‌,
താങ്കള്‍ക്ക്‌ ഹാസ്യവും വഴങ്ങും അല്ലേ?
നിലവിലുള്ള അവസ്ഥ എന്താണ്‌? കുറച്ച്‌ അച്ചന്മാരുടെ (സഭ എന്നു മന:പൂര്‍വ്വം തന്നെ ഉപയോഗിക്കുന്നില്ല.) ധാര്‍ഷ്ട്യപ്രകടനം. അത്ര തന്നെ. ആ കോമാളിത്തരത്തിന്‌ വേറെ ഏതു രീതിയിലാണ്‌ പ്രതികരിക്കേണ്ടത്‌?

തങ്ങളുടെ സ്വാധീന- സാമ്പത്തിക ശ്രോതസ്സുകള്‍ക്ക്‌ ഒരു ക്ഷീണവും പറ്റിയിട്ടില്ല എന്നവര്‍ക്കറിയാം. കുറച്ച്‌ ഉദ്യോഗസ്ഥന്മാര്‍ ധിക്കാരം കാട്ടി എന്നു വെച്ച്‌, കാര്യങ്ങള്‍ കൈ വിട്ടു പോയിട്ടില്ല എന്നുമറിയാം. ഇനി വര്‍ഷങ്ങള്‍ കുറെ കഴിയുമ്പോള്‍ ഞങ്ങളുടെ ചത്തു പോയ അപ്പൂപ്പനായിരുന്നു അഭയയെ കൊന്നത്‌ എന്നു പറഞ്ഞ്‌ കൊച്ചു മക്കളുമെത്തിയേക്കും. ( ചത്തു പോയവനെ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പറ്റിലല്ലോ?)

കന്യാസ്ത്രീകളുടെ മാദ്ധ്യസ്ഥനായി വിശുദ്ധ കോട്ടൂരാന്‍ വാഴ്തപ്പെടുന്നത്‌ എന്നാണാവോ?

അനില്‍ശ്രീ... said...

കുറച്ച് സംശയങ്ങള്‍.
അഡ്വ: ഉദയഭാനു, ആഡ്വ: രാമന്‍പിള്ള എന്നീ വക്കീലന്മാരെയാണ് ഈ കേസിനായി പ്രതിഭാഗം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ രണ്ടുപേരും നല്ല ഫീസ് ഈടാക്കുന്നവരുമായിരിക്കും.

ഇവരെ നിയോഗിച്ചിരിക്കുന്നതാരാണ് ? സഭയാണോ? ഇവര്‍ക്കുള്ള ഫീസ് ആരാണ് കൊടുക്കേണ്ടത്?
ഒരു കൊലപാതക കേസില്‍ വിചാരണയില്‍ ഇരിക്കുന്നവരെ രക്ഷിക്കേണ്ട ചുമതല സഭക്കുണ്ടോ?
സഭയല്ലെങ്കില്‍ പിന്നെയാര്?

അപ്പോള്‍ പറയും അവരുടെ മേല്‍ കുറ്റം ആരോപിച്ചതേയുള്ളൂ, കുറ്റം തെളിയിക്കപ്പെട്ടില്ല എന്ന്. എങ്കില്‍, കുറ്റം ചെയ്തു എന്ന് തെളിഞ്ഞ് അവരെ ശിക്ഷിച്ചാല്‍ സഭ ചിലവാക്കുന്ന തുകക്ക് ആര് ഉത്തരവാദിയാകും?

ഇക്കണക്കിന് പോയാല്‍ കുടുംബവക്കീല്‍ എന്ന് പറയുന്നപോലെ സഭകള്‍ക്കെല്ലാം സഭാ വക്കീലിനെ വയ്ക്കേണ്ട കാലം അതി വിദൂരമല്ല. (അല്ല, ഈ അന്യമത വക്കീലന്മാരെ വയ്ക്കാതെ ക്നാനായ കത്തോലിക്ക സഭയില്‍ സത്യ സന്ധരായ വക്കീലന്മാര്‍ ഒന്നും ഇല്ലേ?).

പാപം ചെയ്യാത്താവര്‍ കല്ലെറിയട്ടെ. അങ്ങനെ കല്ലെറിയാല്‍ സഭയില്‍ ആരുമില്ലാത്തതിനാല്‍ എല്ലാവരും കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നിപ്പോകുന്നു.

Anonymous said...

ഫ്ലാസ്‌ ന്യൂസ്‌.
കോട്ടയത്ത്‌ ബിഷപ്പ്‌ ഹൗസിലെ ഫ. തോമസ്‌ എം. കോട്ടുരാന്റെ മുറിയിൽനിന്നും കന്യാസ്തികൾ ഉൾപ്പെടെയുള്ളവരുടെ നഗ്ന ചിത്രങ്ങൾ സി.ബി.ഐ കണ്ടെടുത്തു.

കൂടുതൽ ഫ്ലാസ്‌ ന്യുസിൽ

സന്തോഷ്‌ പെരുനാട്‌ said...

പാതിരിപ്പട കുന്തവും കോലുമെടുത്ത് കന്യേ നിൻ നാണം നുണഞ്ഞ്, മേനി വിളവും കൊയ്ത് ,
വാഴ്ത്തപ്പെടാൻ ചീട്ടുനേടുന്നു!
അക്ഷരം തൂക്കിവിറ്റ്, അക്കങ്ങൾ പെരുക്കി,
അരമന പണിയുന്നു.

അരയ്ക്കാൽ മാനം മാത്രം കാക്കാൻ,
അരമന പൂകിയ കന്യക, മാനക്കേടുകണ്ട്
പൊറുതിമുട്ടി പാതാളക്കരണ്ടിയിൽ കുടുങ്ങി!.
.............................

നമ്മുടെ സാമൂഹ്യ വ്യവസ്ഥയെ നിഷ്കരുണം നിഷേധിക്കുകയും, നവോത്ഥാന ചരിത്രത്തെ തിരസ്ക്കരിക്കുകയും ചെയ്യുന്ന കേരളത്തിലെ അച്ചന്മാരുടേയും പട്ടക്കാരുടെയും ചീട്ടുകീറേണ്ട കാലം അതിക്രമിചു.

ഇത്തരം എഴുത്തുകൾ സമാന ചിന്താഗതിക്കാർക്കിടയിൽ പ്രചരിച്ചതുകൊണ്ട് കിട്ടുന്നതിൽ കൂടുതൽ ശ്രദ്ധ ഈ വിഷയം അർഹിക്കുന്നുണ്ട്. അതുകൊണ്ട് മുൻപ് ഒറീസാ സംഭവവുമായി ബന്ധപ്പെട്ട് രാജീവിന്റെ മുൻ കയ്യിൽ
നടന്ന ഒപ്പു ശേഖരണം മാതിരി ഒരു മൂവ്മെന്റ് ആവശ്യമാണ്.

എല്ലാ സഹായങ്ങളും ഉണ്ടാവും.

Mr. K# said...

ദൈവേ, സിബിഐയേ ആണല്ലോ 'കൊച്ചു കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചെകുത്താന്മാർ' എന്നു വിളിച്ചിരിക്കുന്നത്. പാവങ്ങ‌‌ള്‍!!! :-( 16 കൊല്ലം നട്ടം തിരിഞ്ഞ് ആരെങ്ങാണ്ടൊക്കെ ഒന്നു ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡീലെടുത്തപ്പോഴേക്കും ദേ പോണു ക്രെഡിറ്റും കൊണ്ട് ഓരോരുത്തന്മാര്‍. പോരാത്തേനു മുട്ടന്‍ തെറീം. :-)

സുജനിക said...

സമയോചിതം.പോപ്പ് ആസ്ത്രേലിയയിൽ നിന്നു വരട്ടെ..ഒക്കെ ശരിയാകും. അവിടെ അച്ചന്മാർ ആൺകുട്ടികളെ ‘വികൃതി‘കാണിച്ചതിനു മാപ്പ് കൊടുക്കാൻ പോയിരിക്കയല്ലെ...വരട്ടെ.

Unknown said...

വളരെക്കാലത്തിനു ശേഷമാണ് ഇവിടെ വരുന്നത്. ഒരു സര്‍ക്കാസം മറ്റാരില്‍ നിന്നു പ്രതീക്ഷിച്ചാലും രാജീവേട്ടനില്‍ നിന്നു ഞാന്‍ പ്രതീക്ഷിച്ചില്ല കെട്ടോ. പണ്ട് എതിരിഴുക്കുകള്‍ എന്ന ബ്ലോഗിലെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള വിവാദമായ ആ പോസ്റ്റില്‍ അറിയാതെ ഒരിത്തിരി സര്‍ക്കാസം എടുത്തടിച്ച എന്നോട്

"ഇത്തരം പ്രശ്നങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍, വ്യക്തമായി പറയുന്നതുതന്നെയാകും ഏറെ അഭികാമ്യം. ബിംബങ്ങളോ സര്‍ക്കാസമോ ഉപയോഗിക്കുമ്പോള്‍, നാണപ്പനെപ്പോലെയുള്ളവരുടെ ന്യായങ്ങള്‍ക്ക് അറിയാതെയെങ്കിലും ബലം പകരുകയാവും ഫലം. "

എന്നു പറഞ്ഞ അതേ ആളു തന്നെ വളരെ സീരിയസ് ആയ കാര്യം പറയാന്‍ സര്‍ക്കാസം ഉപയോഗിച്ചല്ലോ (sniff sniff... ആനന്ദാശ്രു)

ഡിങ്കന്റെ പ്രതികരണം കൂടെ ശ്രദ്ധിക്കുക!....

അതൊക്കെ ചേനക്കാര്യം.

അമ്പതോ അറുപതോ വര്‍‌ഷങ്ങള്‍ക്കു ശേഷം ഒരു മാപ്പു പറച്ചില്‍ നമുക്കു പ്രതീക്ഷിക്കാമെന്നേ....

കേസ് പോയ വഴി നോക്കണ്ട. ഐസ്ക്രീം പാര്‍ലര്‍, കിളിരൂര്‍, പാമോയില്‍ , ഹവാല, തെഹല്‍ക, ശവപ്പെട്ടി, രാജന്‍ കേസ് നമ്മള്‍ ഇതെത്ര കണ്‍റ്റിരിക്കുന്നു? നമ്മള്‍ക്കിതൊന്നും പ്രശനംല്ലേ... നമ്മളെ ബാധിക്കുന്ന പ്രശനം വന്നാല്‍ മാത്രേ നമ്മള്‍ പ്രതികരിക്കൂ... ( ദേ പിന്നേ സര്‍ക്കാസം. എന്നെക്കൊണ്ട് തോറ്റു).

പണ്ടൊരിക്കള്‍ ഡീസ്കവറിയില്‍ തൂത്-അന്‍-ഖാമനെ ആരാണ് കൊന്നത് എന്നു 5000 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഫ്രാറെഡ് പരീക്ഷണം നടത്തി കണ്ടു പിടിച്ച എപ്പിസോഡ് കണ്ടിരിന്നു. അതു പോലെ എങ്ങാനും ആരേലും കണ്ടു പിടിച്ചാല്‍ ആയി! അത്രേള്ളൂ...
( പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരതു മാറ്റി പറഞ്ഞു അതു വേറെ കഥ)

justice delayed is justice denied.... പതിനാറു വര്‍ഷം എന്നതു തന്നെ വലിയ കാലയളവാണ്. അത്രയും കാലം പ്രതികള്‍ ( ആരായിരുന്നാലും) സുഖമായി ജീവിച്ചു. നമ്മുടേ നിയമവ്യ്വസ്ഥയെ വെല്ലുവിളിച്ചു കൊണ്ട്. ഒരു ശരാശരി പൗരന്‍ എന്തിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്? സര്‍ക്കറിലോ, സഭയിലോ, പാര്‍ട്ടിയിലോ, നിയമത്തിലോ, പോലിസിലോ ?

പരസ്പരം പഴി ചാരുമ്പോഴും അടിസ്ഥാനപരമായ പ്രശ്നം ആരും കാണാതെ പോകുന്നു...

Unknown said...

കമന്റ് ഒന്നു ട്രാക്കാന്‍ :)

Anonymous said...

Rajeeve Chelanat said...
നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ.
-------------------------
എന്റമ്മോ...
അപ്പോ ഈ CBI.. CBI.. എന്നു പറഞ്ഞാല്‍ Communist Bureau of Investigation എന്നായിരുന്നല്ലേ. രാജീവ് സഖാവ് വെറുമൊരു സഖാവല്ല ഒരു പോളിറ്റ് ബ്യൂറോ സഖാവ് തന്നാ‍ണേ. എന്തൊരു തൊലിക്കട്ടി...

ശ്രീ said...

നന്നായി രാജീവ്‌ജീ.
:)

The Kid said...

രാജീവ്, സര്‍ക്കാസം തീര്‍ച്ച്യായും ശക്തമായ ഒരായുധമാണ്. താങ്കള്‍ അത് നന്നായി പ്രയോഗിച്ചു. അഭിനന്ദനങ്ങള്‍.
പക്ഷേ ഒരു വിയോജനമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ കമ്മ്യുണിസ്റ്റ്കാര്‍ മരുന്നിനെടുക്കാന്‍ പോലും ഇല്ല, ചെകുത്താന്‍മാര്‍ ഒരുപാട് ഉണ്ട് താനും. ചെകുത്താന്‍മാര്‍ക്കാണെങ്കില്‍ കമ്മ്യുണിസ്റ്റെന്നോ കാപ്പിറ്റലിസ്റ്റെന്നൊ ഭേദമുണ്ടാവാന്‍ വഴിയുമില്ല. അതുകൊണ്ട് "കമ്മ്യുണിസ്റ്റ് ചെകുത്താന്‍മാര്‍" എന്ന പ്രയോഗത്തോട് യോജിക്കാന്‍ വയ്യ.
മാത്രവുമല്ല, ഏത് കമ്മ്യൂണിസ്റ്റ് വിചാരിച്ചാലും അഭയക്കേസ്സ് ഇനി തെളിയാനും പോകുന്നില്ല. അതിനു വേണ്ടതൊക്കെ ചെകുത്താന്‍മാര്‍ പണ്ടേ ചെയ്തു വച്ചിട്ടുണ്ട്.

Anonymous said...

കുറിക്ക് കൊള്ളുന്ന സര്‍ക്കാസം..
നന്നായി രാജീവ്.

Rajeeve Chelanat said...

ഡിങ്കന്‍

സി.കെ.ബാബുവിന്റെ ലേഖനം കണ്ടിരിക്കുമല്ലോ, അതില്‍ക്കൂടുതല്‍ എന്തെഴുതാന്‍ ഡിങ്കാ. അതു കാണുന്നതിനുമുന്‍പാണ് ഈ പോസ്റ്റ് എഴുതിയത്. മാത്രവുമല്ല, ഇത്തരം ആഭാസമായ ഒരു സഭക്ക് സര്‍ക്കാസത്തിന്റെ ഭാഷയാകും കൂടുതല്‍ നല്ലത് എന്നും തോന്നി. കാര്യ ഗൌരവമായോ, വസ്തുനിഷ്ഠമായോ ഈ സഭകളോടും, ഇത്തരം മതസംഘടനകളോടും സംസാ‍രിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് നമുക്കറിയാമല്ലോ.

ശ്രീഹരി,

സര്‍ക്കാസം അരുതെന്നല്ല, ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തില്‍ അതുപയോഗിച്ചാല്‍, സാമൂഹ്യവിരുദ്ധരുടെ കയ്യില്‍ അത് ആയുധമായേക്കും എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.

The Kid, കേരളത്തില്‍ മരുന്നിനുപോലും കമ്മ്യൂണിസ്റ്റുകാരില്ല എന്ന പ്രസ്താവന അത്രകണ്ട് ശരിയാണെന്നു തോന്നുന്നില്ല. ഇടതുപക്ഷത്തിന്റെ വ്യതിയാനങ്ങള്‍ ഭയാനകമാണ് എന്ന് സമ്മതിക്കാം. എങ്കിലും ശക്തമായ അടിയൊഴുക്കായി അത് ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ.

എല്ലാ വായനകള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

ജിവി/JiVi said...

;)

ചാർ‌വാകൻ‌ said...

സഭയിതൊക്കെ എത്ര കണ്ടതാ രാജീവേഏഏ...

പോരാളി said...

പോപ്പ് തിരുമേനിക്കൊരു തുറന്ന കത്ത് (കുത്ത്). ഉഷാറായി രാജിവ്ജി. ഇതും കമ്മ്യൂണിസ്റ്റ്കാരുടെ തലയില്‍ വെച്ച്‌കെട്ടാനുള്ള പുറപ്പാടിലാണ് ഇടയലേഖനങ്ങള്‍ ഇറക്കികൊണ്ടിരിക്കുന്നത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

രാജീ‍വ് നല്ല ലേഖനം. അഭയക്കേസിനെക്കുറിച്ച് മന:സാക്ഷിയുള്ള ആര്‍ക്കും പ്രതികരിക്കാതിരിക്കാനാവുകയില്ല.
ഈയുള്ളവന്റെ ബ്ലോഗിലും ഒരു പ്രതികരണം ഉണ്ട്

http://thooneeram.blogspot.com/2008/11/blog-post.html

santhosh v said...
This comment has been removed by the author.
santhosh v said...

“നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ.“
non sense

ചന്തു said...

ഹ ഹ ഹ !!
കമ്മൂണിസ്റ്റുകാര്‍ എന്നാണാവോ CBI പണി തുടങ്ങിയത്.

3 പേരെ അറസ്റ്റുചെയ്യും മുന്‍പ് പൊതുജനാഭിപ്രായം കണ്ടറിഞ്ഞ് ക്രെഡിറ്റ് ഉണ്ടാക്കാന്‍ നോക്കുന്ന സ്ഠിരം പതിവ് കണ്ടു. അതു താങ്ങളെ പോലുള്ള വിവരമുള്ളവര്‍ (?) ഏറ്റു പിടിക്കും എന്നു കരുതിയില്ല. ഇനി ഈ ചെകുത്താന്‍മാര്‍ (അപ്പം സത്യവും പറയും) ഇത്രയും വര്‍ഷം എവിടായിരുന്നു?

Rajeeve Chelanat said...

കുതിരവട്ടന്‍, സന്തോഷ്, സന്തു, അനോണീ,

സഭക്കെതിരെ പ്രവര്‍ത്തിക്കുന്നവരൊക്കെ ഉള്ളിന്റെയുള്ളില്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും കമ്മ്യൂണിസ്റ്റുകാരൊക്കെ ഉള്ളിന്റെയുള്ളില്‍ ചെകുത്താന്മാരാണെന്നും ഉത്തമബോദ്ധ്യമുള്ള കാത്തോലിക്കാസഭയുടെ കണ്ണടവെച്ച് ഈ സര്‍ക്കാസത്തെ നോക്കിക്കണ്ടാല്‍,വസ്തുതാപരമായ ഈ പിശകുപോലും ശരിയാകും. എങ്കിലും അശ്രദ്ധമൂലമുണ്ടായ ഈയൊരു പിശക് ചൂണ്ടിക്കാണിച്ചുതന്നതില്‍ സന്തോഷവും നന്ദിയുമുണ്ട്.

വീണ്ടും ഒരിക്കല്‍ക്കൂടി, വായനകള്‍ക്കും, ഡിങ്കന്‍, രാധേയന്‍, പെരുനാട്, മോഹന്‍ പുത്തന്‍‌ചിറ, സൂരജ്, ശ്രീഹരി, ബാബുരാജ്, അനില്‍ശ്രീ,ജോക്കര്‍, പാമരന്‍, ഭൂമിപുത്രി, രാമനുണ്ണി. പരമു എന്നിവരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ