Sunday, November 9, 2008

ഒബാമ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

കടപ്പാട്‌: (The Independent-ല്‍ റോബര്‍ട്ട്‌ ഫിസ്ക്‌ എഴുതിയ Obama has to pay for eight years of Bush's delusions എന്ന ലേഖനത്തിന്റെ പരിഭാഷ)


വാഷിംഗ്‌ടണില്‍ നടക്കുന്ന ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ ആറു അള്‍ജീരിയക്കാര്‍ക്കുവേണ്ടി ഹാജരായ അമേരിക്കന്‍ അഭിഭാഷകര്‍ക്ക്‌ 9/11-നു ശേഷമുള്ള അമേരിക്കന്‍ ഇന്റലിജന്‍സിനെക്കുറിച്ച്‌ വിചിത്രമായ ചില സംഗതികള്‍ അറിയാന്‍ ഇടവന്നു. അമേരിക്കന്‍ ചാരന്‍മാരും ലോകമൊട്ടുക്കുള്ള അവരുടെ നിരവധി 'സ്രോതസ്സുക'ളും നല്‍കിയ ദശലക്ഷം വരുന്ന 'അസംസ്കൃത' വിവരങ്ങളുടെ കൂട്ടത്തില്‍, മദ്ധ്യ-പൂര്‍വ്വദേശത്തെക്കുറിച്ചുള്ള സി.ഐ.എ.യുടെ ഒരു പ്രത്യേക മുന്നറിയിപ്പായിരുന്നു അവയിലൊന്ന്‌. ദക്ഷിണ പസഫിക്കിലെ ഒരു പ്രത്യേക ദ്വീപില്‍ അമേരിക്കന്‍ നാവിക ആസ്ഥാനത്തിനെതിരെ വ്യോമാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആ റിപ്പോര്‍ട്ടില്‍ ഒരേയൊരു കുഴപ്പം മാത്രമേയുള്ളു. പ്രസ്തുത ദ്വീപില്‍ അമേരിക്കയുടെ ഏതെങ്കിലും നാവിക ആസ്ഥാനമോ, ഏഴാം പടക്കപ്പല്‍ വ്യൂഹമോ (Seventh Fleet) ഒന്നും നിലവിലുണ്ടായിരുന്നില്ല എന്നു മാത്രം. കിഴക്കന്‍ ഏഷ്യയിലെ ഒരു അമേരിക്കന്‍ സൈനിക താവളത്തിന്റെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ്‌ മാളില്‍, ഒസാമ ബിന്‍ ലാദന്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ കണ്ടു എന്നും ഇതിനുമുന്‍പൊരിക്കല്‍ അമേരിക്കന്‍ സൈനികാന്വേഷണ വിഭാഗം 'കണ്ടെത്തി'യിരുന്നു.

'തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ട'ത്തില്‍ അമേരിക്കയെ സഹായിക്കാന്‍ നിയുക്തരായ അതേ ആളുകളാണ്‌ ഇത്തരം അസംബന്ധങ്ങള്‍ ലോകമാസകലം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ അതിശയകരമായി തോന്നിയേക്കാം. എങ്കിലും, ഇക്കഴിഞ്ഞ എട്ടു വര്‍ഷക്കാലം ബുഷ്‌ ഭരണകൂടം കഴിഞ്ഞിരുന്നത്‌ ഇത്തരത്തിലൊരു ഭ്രമാത്മകലോകത്തായിരുന്നു. ഷോപ്പിംഗ്‌ നടത്താന്‍ ഒസാമ ബിന്‍ ലാദന്‍ ഒരു അമേരിക്കന്‍ സൈനികതാവളത്തില്‍ വന്നുവെന്ന്‌ വിശ്വസിക്കാനാകുമെങ്കില്‍ പിന്നെയെന്താണ്‌ നിങ്ങള്‍ക്ക്‌ വിശ്വസിച്ചുകൂടാത്തത്‌? നിങ്ങള്‍ തടവിലാക്കുന്ന എല്ലാവരും തീവ്രവാദികളാണെന്നും, അറബികളെല്ലാവരും തീവ്രവാദികളാണെന്നും, അവരെയൊക്കെ ഉന്‍മൂലനം ചെയ്യുന്നത്‌ തെറ്റല്ലെന്നും, ജീവിച്ചിരിക്കുന്ന തീവ്രവാദികളെ പീഡിപ്പിക്കാമെന്നും, പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്ന മൊഴിയൊക്കെ മുഖവിലക്കെടുക്കാമെന്നും, പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്‌ സാധൂകരിക്കാമെന്നും, എല്ലാവരുടെയും ഫോണ്‍വിളികള്‍ രഹസ്യമായി ചോര്‍ത്തേണ്ടത്‌ ആവശ്യമാണെന്നുമൊക്കെ പിന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഒരു തടസ്സവുമില്ല. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ബോബ്‌ ഹെര്‍ബര്‍ട്ട്‌ രണ്ടുകൊല്ലം മുന്‍പ്‌ എഴുതിയതുപോലെ, "അലബാമയിലെ ഒരു മുത്തശ്ശിക്ക്‌ അയച്ച പിറന്നാളാശംസയിലും ഇന്ത്യാനയിലെ ചൈനീസ്‌ ഭക്ഷണശാലയിലേക്ക്‌ വന്ന ഫോണ്‍കാളിലും, ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായകമായ നിര്‍ണ്ണായകമായ വിവരങ്ങള്‍' ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണത്രെ ബുഷ്‌ ഭരണകൂടം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്‌. അമേരിക്കന്‍ ഭരണഘടനയെ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ ബുഷിനെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്നത്‌ എല്ലാവര്‍ക്കും ബോദ്ധ്യമായ കാര്യമാണ്‌. പക്ഷേ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനോടുപോലും അയാള്‍ അനാദരവു കാണിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നത്‌ പുതിയൊരു അറിവാണ്‌.

നുണയനും ദുര്‍വൃത്തനുമായ ബുഷ്‌ എന്ന തന്റെ പൂര്‍വ്വസൂരി, സ്വന്തം നാട്ടിലും പുറത്തും വരുത്തിത്തീര്‍ത്ത കളങ്കത്തെ എങ്ങിനെയാണ്‌ ഒബാമ ഇല്ലാതാക്കാന്‍ പോകുന്നത്‌? "അമേരിക്ക ഒരിക്കലും ഒരു യുദ്ധം തുടങ്ങില്ല' എന്ന്‌ ജോണ്‍ എഫ്‌ കെന്നഡി ഒരിക്കല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ബുഷിന്റെ യുദ്ധവെറിയും റംസ്‌ഫീല്‍ഡിന്റെ ഭീകരതയും, അബു ഗ്രയിബും ബാഗ്രാമും ഗ്വാണ്ടനാമോയും, രഹസ്യമായ തട്ടിക്കൊണ്ടുപോകലുമൊക്കെ കഴിഞ്ഞ്‌, ഇനി എങ്ങിനെയാണ്‌ ഒബാമ തണ്റ്റെ രാജ്യത്തെ പഴയ ആ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുക? ബ്രിട്ടീഷ്‌ ജനതയുടെ ഇ-മെയിലുകള്‍ ചോര്‍ത്താനും പരിശോധിക്കാനുമുള്ള നമ്മുടെ സ്വന്തം ഗോര്‍ഡന്‍ ബ്രൌണിന്റെ നയങ്ങളും, ആ പഴയ, ബ്ളെയര്‍-ബുഷ്‌ അവിഹിതവേഴ്ചയുടെ അനുബന്ധം തന്നെയാണ്‌. അമേരിക്കയുടെ എക്കാലത്തെയും നശിച്ച ഈ പ്രസിഡണ്റ്റ്‌ സ്ഥനമൊഴിയുന്നതിനുമുന്‍പുതന്നെ ഒരു പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുകയും ചെയ്യും. പ്രത്യേക സുരക്ഷാപരിശോധനകളില്ലാതെ ഒരു ബ്രിട്ടീഷ്‌ പൌരനും അമേരിക്കയില്‍ കാലു കുത്താന്‍ സാധിക്കില്ല എന്ന്‌ ഉറപ്പാക്കുന്ന ഒരു നിയമനിര്‍മ്മാണം. ഇത്രനാളും അമേരിക്കയുടെ കങ്കാണിപ്പണി നടത്തിയതിന്‌ ബ്രിട്ടനു ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇതാണ്‌. ജനുവരി 20-നു മുന്‍പ്‌ മറ്റെന്തെങ്കിലും അത്ഭുതം ബുഷ്‌ നമുക്കായി കരുതിവെച്ചിട്ടുണ്ടോ? ആര്‍ക്കറിയാം. ഇതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ മറ്റെന്താണ്‌ ഇനി വരാനുള്ളത്‌?

ഗ്വാണ്ടനാമോ അടച്ചുപൂട്ടുക. തന്റെ മുന്‍ഗാമി ചെയ്ത പ്രവൃത്തികള്‍ക്ക്‌ ലോകസമക്ഷം മാപ്പു പറയുക. തന്റെ രാജ്യത്തിനെക്കുറിച്ച്‌ അഭിമാനം പ്രദര്‍ശിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ക്ക്‌ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ അറിയാം. എങ്കിലും രാജ്യത്തിനകത്ത്‌ താന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന ആശയത്തിന്‌ അമേരിക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍, 'മാപ്പ്‌' എന്ന വാക്ക്‌, അന്താരാഷ്ട്രതലത്തില്‍തന്നെ, ഒബാമ ഉച്ചരിച്ചേ മതിയാകൂ. "തീവ്രവാദത്തിനെതിരായ യുദ്ധം' എന്ന സങ്കല്‍പ്പത്തിനെ പുനരാലോചനക്ക്‌ വിധേയമാക്കുകയും അതിനെ അപനിര്‍മ്മിക്കുകയും വേണ്ടിവന്നേക്കും. ഇറാഖില്‍നിന്ന്‌ ഇറങ്ങിപ്പോരുകതന്നെ വേണം. അവിടെയുള്ള വിസ്‌തൃതമായ സൈനികതാവളങ്ങളും, 600 ദശലക്ഷം ഡോളര്‍ ചിലവു വരുന്ന നയതന്ത്രകാര്യാലയവും അടച്ചുപൂട്ടണം. ദക്ഷിണ അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ നടത്തുന്ന നരമേധങ്ങള്‍ അവസാനിപ്പിക്കണം. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ നിരന്തരം കശാപ്പുചെയ്യുന്ന പണി എന്നാണ്‌ നമ്മള്‍ നിര്‍ത്തുക? ഇസ്രായേലിനോട്‌ ചില സത്യങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഒബാമ കാണിക്കേണ്ടതുണ്ട്‌. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതയെയും, ജൂതന്‍മര്‍ക്കുവേണ്ടി -ജൂതന്‍മാര്‍ക്കു മാത്രം വേണ്ടി - അറബി മണ്ണില്‍ നടത്തുന്ന കോളണിവത്ക്കരണത്തെയും ഇനിയും നിഷ്പക്ഷമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്ന്‌ അസന്ദിഗ്ദ്ധമായി വ്യക്തമാക്കണം. ഇസ്രായേലി ലോബിയുടെ (അത്‌ യഥാര്‍ത്ഥത്തില്‍ ലികുഡ്‌ പാര്‍ട്ടിയുടെ ലോബി മാത്രമാണ്‌) മുന്നില്‍ നിവര്‍ന്നുനിന്ന്‌, വെസ്റ്റ്‌ ബാങ്കിന്റെ മേലുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച ബുഷിന്റെ 2004 ലെ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണം. ഇറാന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥന്മാരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. പാക്കിസ്ഥാനിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം.

അമേരിക്കന്‍ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ജനറല്‍ ഡേവിഡ്‌ പെട്രോസിനെ ഇറാഖിലേക്ക്‌ അയച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ആ മേഖലയിലെ 'സൈനിക മുന്നേറ്റ'മൊന്നുമായിരുന്നില്ല. മറിച്ച്‌, ബുഷിന്റെ നയങ്ങളുടെ ഫലമായി, തെമ്മാടിക്കൂട്ടമായി മാറാന്‍ തുടങ്ങിയിരുന്ന 150,000-ത്തോളം വരുന്ന സൈനികരെയും മറൈനുകളെയും അച്ചടക്കത്തിലേക്ക്‌ കൊണ്ടുവരിക എന്നതായിരുന്നു പെട്രോസിന്റെ ദൌത്യം. കഴിഞ്ഞ മാസം, സിറിയയില്‍, എട്ടുപേരുടെ മരണത്തില്‍ കലാശിച്ച അമേരിക്കന്‍ വ്യോമാക്രമണം വാഷിംഗ്‌ടണിന്റെയോ, ബാഗ്ദാദിലെ അമേരിക്കന്‍ സൈനികമേധാവികളുടെയോ അറിവോടെയായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ചില രേഖകളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌.

എന്തായാലും ഒബാമക്ക്‌ ഇതിനെയൊന്നും ഭേദിക്കാനാവില്ല. ഇറാഖില്‍ പത്തിമടക്കി എന്ന് തോന്നിപ്പിക്കുന്നത്, അഫ്ഘാനിസ്ഥാനില്‍ കൂടുതല്‍ കായികബലം കേന്ദ്രീകരിക്കുന്നതിനുവേണ്ടിമാത്രമാണ്‌. വാഷിംഗ്‌ടണിലെ ഇസ്രായേല്‍ ലോബിയെ നിലക്കു നിര്‍ത്താനോ, ഫലസ്തീന്‍ അധിനിവേശപ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങള്‍ നിര്‍ത്താനോ, ഇസ്രായേലിന്റെ ശത്രുക്കളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറാകില്ല. 'വൈറ്റ്‌ ഹൌസിലെ നമ്മുടെ സ്വന്തം ആള്‍' എന്ന്‌ ഇസ്രായേലി പത്രം മാരിവ്‌ അരുമയോടെ വിശേഷിപ്പിച്ച രഹം ഇമ്മാനുവലിനെ തന്റെ പുതിയ ചീഫ്‌ ഓഫ്‌ സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, ഒബാമയും പഴയ പാത തന്നെ പിന്തുടരുമെന്ന്‌ ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. മാത്രമല്ല, തന്റെ പതിവു ഷോപ്പിംഗിനിടയില്‍ അല്‍പ്പം ഇടവേള കിട്ടുകയാണെങ്കില്‍‍, ഒബാമയെ സ്വീകരിക്കുന്നതിനുവേണ്ടി ഒസാമ ബിന്‍ ലാദന്‍ വീണ്ടും എന്തെങ്കിലും വിക്രസ്സ്‌ ഒപ്പിക്കുമെന്ന ആശങ്കയും ഈയിടെയായി ശക്തി പ്രാപിച്ചിരിക്കുനു.

മറ്റൊരു ചെറിയ പ്രശ്നം കൂടി ബാക്കിനില്‍ക്കുന്നുണ്ട്‌. 'അപ്രത്യക്ഷരായ' തടവുകാരുടെ കാര്യമാണത്‌. ഗ്വാണ്ടനാമോയില്‍ പീഡിപ്പിക്കപ്പെട്ട (ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന) ഇരകളുടെ കാര്യമല്ല സൂചിപ്പിക്കുന്നത്‌. പുറംനാടുകളിലെ അമേരിക്കന്‍ തടവറകളില്‍നിന്നും - അമേരിക്കയുടെ സഹായത്തോടെ - അവരുടെ സില്‍ബന്തിരാജ്യങ്ങളിലെ ജയിലറകളില്‍നിന്നും അപ്രത്യക്ഷരായ ആയിരങ്ങള്‍. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌, ഇവരുടെ എണ്ണം 20,000 വരുമെന്നാണ്‌. ഭൂരിപക്ഷവും അറബികളാണ്‌. പക്ഷേ, എല്ലാവരും മുസ്ളിമുകളും. എവിടെയാണ്‌ ആ ആളുകള്‍? അവരെ ഇനി വിട്ടയക്കുമോ? അതോ, അവര്‍ ഇതിനകം തന്നെ കഥാവശേഷരായിപ്പോയോ?

മനുഷ്യരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുരുതിനിലങ്ങളാണ്‌ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ തനിക്ക്‌ പതിച്ചുകിട്ടിയതെന്ന്‌ എന്നെങ്കിലും മനസ്സിലാക്കാന്‍ ഇടവന്നാല്‍, ഒബാമക്ക്‌ ഇനിയും അസംഖ്യം ക്ഷമാപണങ്ങള്‍ നടത്തേണ്ടിവരികയും ചെയ്യും.

11 comments:

Rajeeve Chelanat said...

ഒബാ‍മ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

ജയരാജന്‍ said...

ലേഖനം പരിചയപ്പെടുത്തിത്തന്നതിന് നന്ദി, രാജീവ്‌ജീ!

പാമരന്‍ said...

തന്നിലര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകളുടെ ഭാരം ഓബാമ എറിഞ്ഞു കളയുമോ ചുമക്കുമോ.. കാത്തിരുന്നു കാണാം.. നന്ദി രാജീവ്ജി..

Suraj said...

ആന്തരികമായ പ്രശ്നങ്ങള്‍ മാത്രമല്ല, ലോകത്ത് മുഴുവനുമായി ഉണ്ടായ മോശം ഇമേജ് കൂടിയാണു ഒബാമയ്ക്ക് മാറ്റിയെടുക്കാനുള്ളത് എന്ന് ഇവിടുത്തെ "ലിബറല്‍ എലീറ്റ് മീഡിയ"ക്കാര്‍ ഒന്നടങ്കം ആവര്‍ത്തിക്കുന്നു. എങ്കിലും, എങ്കിലും.. മൗലികവാദങ്ങളുടെ തീവ്രതയില്‍ മൗദൂദിസ്റ്റുകളോടും താലിബാനോടും മല്‍സരിക്കുന്ന ഇവാഞ്ചലിക്കല്‍ മതഭ്രാന്തന്മാരുടെ വളിച്ച പേട്രിയോട്ടിക് മുദ്രാവാക്യങ്ങള്‍ ("this is the greatest country on earth") ഒബാമയും ചിലപ്പോഴൊക്കെ ആവര്‍ത്തിക്കുന്നതു കാണുമ്പോള്‍ . . . .

ചിന്തകന്‍ said...

:)

അയല്‍ക്കാരന്‍ said...

കളിക്കാരും കളിത്തട്ടുകളും മാറുന്നു എന്നുള്ളതിനപ്പുറം ഈ ഭരണമാറ്റം കൊണ്ട് രാജ്യാന്തരതലത്തില്‍ കാതലായ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്നുതോന്നുന്നു.

കൃഷ്‌ണ.തൃഷ്‌ണ said...

Read and enjoyed!

Joker said...

പേരിനു കൂടെയുള്ള “ ഹുസൈന്‍’“ എന്നതു തന്നെ വലിയ പുലിവാലായി കണ്ട, താന്‍ ഒരു കറ കളഞ്ഞ ക്യസ്ത്യാനിയാണ് എന്ന് സമൂഹത്തോട് പറയേണ്ട ഗതികേടുള്ള ഒരു പ്രസിഡന്റാണ് ‘ഒബാമ’. പ്രസംഗപീഡങ്ങളില്‍ തന്റെ ബിസിനസ്സ് സില്‍ബന്ദികള്‍ക്ക് വേണ്ടി നിറം പിടിപ്പിച്ച നുണകള്‍ ‍ തട്ടിവിട്ട വെളുത്ത തൊലിയുള്ള ബുഷിന് പകരം കറുത്ത തൊലിയുള്ള ഒബാമ ഇനി ആ പണി ചെയ്യും. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ എറ്റവും ചിലവ് കൂടിയ പ്രചാരണങ്ങള്‍ നടത്തിയ ഒബാമക്ക് ആ കാശ് നല്‍കിയവര്‍ക്ക് അത് മുതലാക്കാതെ പറ്റുമോ ?.

മാറ്റം തിലിയുടെ നിറത്തില്‍ മാത്രമായിരിക്കും എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ അത് ‘ബോണസ്’ മാത്രം. ചുറ്റുപാടുകള്‍ നോക്കുമ്പോള്‍ മാറ്റത്തിന്റെ സാധ്യതകള്‍ വളരെ കുറവ് എന്ന് തന്നെ പറയാം.

അലഞ്ഞു തിരിയുന്ന ഹിറ്റ്ലറുടെ ഗതികിട്ടാത്ത ആത്മാവ് ഇനി ഏത് ശരീരത്തില്‍ കയറും എന്ന് കാത്തിരുന്നു കാണാം.

ഉച്ചാടനത്തിനായി മറ്റൊരു മാന്ത്രികന്‍ വരുമെന്ന് പ്രതീക്ഷിക്കാം...

പോസ്റ്റിന് അഭിവാദ്യങ്ങള്‍

രാജീവ്ജി അഭിവാദ്യങ്ങള്‍

poor-me/പാവം-ഞാന്‍ said...

Let us hope for the best .Any way the word "change" caused his victory!

മലമൂട്ടില്‍ മത്തായി said...

Obama will definitely be better than the fool who currently occupies the white house. He might be successful in turning around the economy. But I doubt whether he will be able to bring peace to the world.

American foreign policy changes very little from one president to another since its all about furthering American interests. So Guantanamo would be abandoned, only to be reopened in a different place under a different guise. Iraq will remain occupied for the appreciable future, Israel will be supported along with other assorted muslim autocracies around the world, esp in the Gulf.

Also since Kennedy was quoted about him not starting any wars - well he was the one who started the Vietnam war. And that was another wholly unjustified conflict.

So in the end, folks outside the US should not get all excited and weak kneed by the election of Obama.

Mahi said...

ഇത്തരം ഗൌരവമേറിയ ചര്‍ച്ചകളും ചിന്തകളുമാണ്‌ നമുക്കു വേണ്ടത്‌.താങ്കളത്‌ കൃത്യമായ്‌ നിര്‍വഹിക്കുന്നു