Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, June 23, 2011

വാക്കുകൾ, അടയാളങ്ങൾ


യാത്രതീർന്നിറങ്ങുമ്പോൾ
കളമൊഴി ചോദിക്കുന്നൂ
ഓർത്തുനോക്കുക, ഒന്നും
മറന്നുവെച്ചിട്ടില്ലല്ലോ
ഭവാൻ?

ഇത്തിരിദൂരം, അല്പ്പനേരമീ
ചെറുയാത്ര,
കൈമോശം വന്നിട്ടില്ല
മറന്നിട്ടുമി,ല്ലൊന്നും

എങ്കിലുമൊരുവേള
കണ്ടേക്കാം വഴിയിൽ ഞാൻ
കയ്യൊഴിഞ്ഞ വാക്കുകൾ
സ്നേഹ, ദ്വേഷപ്പൊട്ടുകൾ

സാരമാക്കേണ്ടതില്ലീ
കാഴ്ചശ്ശീവേലിയിൽ
വഴി തിരിച്ചറിയുവാൻ
വിട്ടുപോന്നതാണവയെ ഞാൻ


(ടാക്സിയിൽനിന്ന് ഇറങ്ങുമ്പോൾ കേൾക്കുന്ന Have you left anything behind? എന്ന വേട്ടയാടുന്ന ആ ചോദ്യത്തോട്)

Tuesday, February 22, 2011

ഇന്ത്യൻ പവലിയണിലെ ദൈവം

ദൈവമേ
ഇന്ത്യാ പവലിയണിലെ*
ഒരു കടക്കുള്ളിൽവെച്ച്
നിന്നേക്കാൾ വലിയ കരകൌശലക്കാരനെ ഞാനിന്നു കണ്ടു

അരിമണികളിൽ
പേരെഴുതിക്കൊടുക്കുന്ന
ഒരാളെ.
ചെയ്യുന്ന കൂലിക്ക്
കൃത്യമായി പണം വാങ്ങി
അരി വാങ്ങുന്നവനെ.

അരിയേക്കാൾ വലുതായി
ഇഹപരത്തിൽ
മറ്റൊന്നുമില്ലെന്ന
തിരിച്ചറിവിന്റെ
വെളിച്ചം ഉള്ളിൽ നിറഞ്ഞവനെ

അരിയില്ലാതെ
അന്തരിച്ചവര്‍ക്കുവേണ്ടി**
നിന്നോട്
തന്നാലാവും വിധം
പകരം ചോദിപ്പോനെ

നിന്റെ ക്രൂരമായ
മുൻവിധികളൊന്നുമില്ലാതെ,
നിന്റെ അസമമായ
നീതിബോധമൊന്നുമില്ലാതെ,
സൃഷ്ടിക്കുശേഷം
നീയനുഭവിക്കുന്ന
സബാത്തൊന്നുമില്ലാതെ
അരിക്കാശിനു വേണ്ടി
പണിയെടുക്കുന്നവനെ

എത്ര വലിയ പേരും
അവന്റെ അരിമണിയിലൊതുങ്ങുന്നു
ഒതുങ്ങാത്ത
എല്ലാ വലിയ പേരുകളെയും
അവൻ കത്രിച്ചൊതുക്കുന്നു
പേരുകളിൽനിന്ന്
എല്ലാ വകഭേദങ്ങളും എടുത്തുമാറ്റുന്നു
നിറഭേദമുള്ള എല്ലാ പേരുകളെയും
ഒരേ കറുത്ത ചായം മുക്കി എഴുതുന്നു.
കത്രിച്ച, ചുരുക്കിയ,
ഒരേ നിറത്തിലുള്ള പേരുകളെ
നാനാവർണ്ണത്തിലുള്ളവർക്കായി
വിട്ടുകൊടുക്കുന്നു

എഴുതിയ പേരുകളെ
വിധിദിനത്തിൽ
വിളിച്ചുവരുത്തി
കണക്കെടുക്കുന്ന വിനോദമൊക്കെ
നിനക്കുമാത്രമുള്ളത്.

അവൻ പണിയെടുക്കുന്നു
അരിമണികളിൽ പേരുകൊത്തി
അരി മേടിക്കുന്നു
വാങ്ങിയ പണത്തിന്‌
അവിടെവെച്ചുതന്നെ
അരിയും കൊടുത്തുതീർക്കുന്നു

ദൈവമേ
അവന്റെ കരകൌശലത്തിനുമുൻപിൽ
നീയാര്‌?



* ഒരു ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അനുഭവം
**വള്ളത്തോള്‍ കവിതയില്‍നിന്ന്

Wednesday, January 26, 2011

നാടുനീങ്ങിയവരുടെ മൂന്നു കവിതകള്‍


സ്വന്തം മണ്ണും ജീവിതവും വിട്ടുപോരേണ്ടിവന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ച പലസ്തീൻ ജനതയുടെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന പോരാട്ടത്തിന്റെ അണയാത്ത നെരിപ്പോടുകളാണ്‌ മഹമ്മൂദ് ദാർവിഷിന്റെയും, സാമി അൽ ഖാസിമിന്റെയും കവിതകൾ. അഡോണിസെന്ന അലി അഹമ്മദ് സയ്യദ് ജനനം കൊണ്ട് സിറിയക്കാരനെങ്കിലും, അദ്ദേഹത്തിന്റെ കവിതകളിലും നിറയുന്നത് രാജ്യഭ്രഷ്ടന്റെ രാഷ്ട്രീയം തന്നെയാണ്‌.

ദാർവിഷിന്റെ കവിതകളിൽ നീറിപ്പുകയുന്നത്, പലായനത്തിന്റെയും പല കോണുകളിൽനിന്ന് നിരന്തരമായി വഞ്ചിക്കപ്പെടുന്ന പോരാട്ടത്തിന്റെയും എരിയുന്ന കനലുകളാണെങ്കിൽ, ചുരുങ്ങിയ വാക്കുകളും വരികളും കൊണ്ട് അഡോണിസ്, ഒരേസമയം തന്റെ കവിതയെയും രോഷത്തെയും ആളിക്കത്തിക്കുകയാണ്‌ ചെയ്യുന്നത്. സാമിയാകട്ടെ, നിരന്തരമായ ഒരു ആത്മഭാഷണത്തിലൂടെ, ചിലപ്പോൾ ഒരു കറുത്ത ഫലിതത്തിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്യുന്നു.


മറ്റൊരു രാജ്യത്തിലേക്ക്‌
മഹമ്മൂദ് ദാർവിഷ് (1942-2008)

നമ്മൾ പോകുന്നു
നമ്മുടെ മാംസമല്ലാത്ത മറ്റൊരു രാജ്യത്തിലേക്ക്‌
നമ്മുടെ അസ്ഥികൾകൊണ്ട്‌ നട്ടതല്ല
അവിടുത്തെ ചെസ്റ്റ്നട്ട്‌ മരങ്ങൾ
നമ്മുടെ പർവ്വതഗീതങ്ങളിലെ ആടുകളല്ല
അവിടുത്ത കല്ലുകൾ
ആ കല്ലുകളുടെ കണ്ണുകളല്ല
അവിടുത്തെ
ലില്ലിപ്പൂക്കൾ

നമുക്കു വേണ്ടി മാത്രമായി ഉദിക്കാത്ത
ഒരു സൂര്യന്റെ നാട്ടിലേക്ക്‌
പുരാണങ്ങളിലെ സ്ത്രീകൾ നമ്മെ വിളിക്കുന്നു
നമുക്കുവേണ്ടിയും നമുക്കെതിരെയും ഒരു കടൽ
ഗോതമ്പും വെള്ളവും നിഷേധിക്കപ്പെട്ടാൽ
നിങ്ങൾ ഞങ്ങളുടെ സ്നേഹം ഭക്ഷിക്കുക,
ഞങ്ങളുടെ കണ്ണീർ കുടിക്കുക

കവികൾക്കുവേണ്ടി ഒരു കറുത്ത തൂവാല
വെണ്ണക്കല്ലുകളുടെ ഒരു വലിയ നിര
ഞങ്ങൾക്കുവേണ്ടി ശബ്ദമുയർത്തും
ഞങ്ങളുടെ ആത്മാവുകളിൽ
കാലത്തിന്റെ പൊടി പുരളാതിരിക്കാൻ
ഒരു മെതിനിലം.
നമുക്കുവേണ്ടിയും നമുക്കെതിരെയും റോസാപ്പൂക്കൾ

നിങ്ങൾക്കു നിങ്ങളുടെ വിജയം
ഞങ്ങൾക്കു ഞങ്ങളുടെയും
ഞങ്ങളുടെ രഹസ്യമൊഴിച്ച്‌ മറ്റൊന്നും കാട്ടിത്തന്നിട്ടില്ലാത്ത രാജ്യം
വിജയം ഞങ്ങൾക്ക്‌
സ്വന്തം വീടൊഴിച്ച്‌ മറ്റെല്ലാ വീടുകളിലേക്കും
ഞങ്ങളെ കൊണ്ടുചെന്നെത്തിക്കുന്ന
തേഞ്ഞുപോയ കാലുകളിൽ തീർത്ത്‌ ഒരു സിംഹാസനം
ആത്മാവിന്റെ ആത്മാവിനെ
ആത്മാവിൽത്തന്നെ കണ്ടെത്തിയേ തീരൂ,
ഇല്ലെങ്കിൽ ഇവിടെത്തന്നെ മരിച്ചേ തീരൂ..




യാത്രാ ടിക്കറ്റുകൾ
സമി അൽ ഖാസിം (1930-)


എന്നെ നീ കൊല്ലുന്ന ദിവസം
എന്റെ കയ്യിൽ
യാത്രക്കുള്ള ഒരു ടിക്കറ്റ്‌ കാണും
സമാധാനത്തിലേക്കുള്ള
ടിക്കറ്റുകൾ
പാടങ്ങളിലേക്കും മഴയിലേക്കും
മനുഷ്യരുടെ മനസ്സാക്ഷിയിലേക്കുമുള്ള
ടിക്കറ്റുകൾ
അവ പാഴാക്കരുതേ


പ്രവചനം
അഡോണിസ് (1930-)

സഹസ്രാബ്ദങ്ങൾ നീണ്ട നമ്മുടെ ഉറക്കം

അംഗഭംഗം വന്ന നമ്മുടെ
ചരിത്രത്തിൽനിന്ന്‌
നമ്മുടെ ജീവിതത്തിന്റെ ശവക്കല്ലറകളിൽ
അടക്കം ചെയ്യപ്പെട്ട രാജ്യത്തിലേക്ക്‌
അബോധമാക്കപ്പെട്ട, കൊലചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അനുഷ്ഠാനങ്ങളൊന്നുമില്ലാതെ ഒരു സൂര്യൻ ഉണർന്ന്
മരുഭൂമികളുടെയും വെട്ടുകിളികളുടെയും
സമ്രാട്ടുമാരെ കൊല്ലുന്നു.


തര്‍ജ്ജനിയുടെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത

Sunday, November 7, 2010

അധിനായക ജയഹേ

വന്ദനം മഹാരാജ്ഞീ
വന്ദനം മഹാരാജൻ
നമിക്കുന്നേൻ തവ പാദാംബുജ
പത്മങ്ങളടിയങ്ങൾ

പാരിതിൽ സസന്തോഷം
എന്നെന്നും വിരാജിക്കാൻ
സന്തതം തുണയ്ക്കട്ടെ
കരുണാമയനീശൻ

എത്ര സംവത്സരങ്ങൾ
കഴിഞ്ഞൂ സസന്തോഷം
ആ നുകത്തിൻ കീഴിൽ
അടിമകളായ് ഞങ്ങൾ

ഇന്നുമാ സുദിനങ്ങൾ
ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
ഉള്ളിൽ നിറയുന്നു
അവിച്ഛിന്ന ഹർഷോന്മാദം

തിന്ന ചോറിനു നന്ദിയില്ലാത്തോർ ചിലർ
നിങ്ങളെ ചോദ്യം ചെയ്തു
ആട്ടിപ്പുറത്താക്കി
സ്വാതന്ത്യം,ജനായത്തം
പരമാധികാരം എന്നീ
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ
വന്നൂ പിന്നെ

അപ്പോഴും ഞങ്ങളിൽച്ചിലർ-
ക്കോർമ്മയിൽ ശിഷ്ടം വന്നു
പഴയൊരടിമക്കാലത്തിന്റെ
പൊയ്പ്പോയ സമൃദ്ധികൾ

ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
നെഞ്ചുപൊട്ടുന്നു, കര
കവിഞ്ഞൊഴുകുന്നു
വറ്റാത്ത സങ്കടൽ

കവിതയും കഥയുമായ്
കാത്തുനില്ക്കുന്നൂ ഞങ്ങൾ
തിരികെ വരിക നിങ്ങൾ
അധിനായകന്മാരെ

ഒരുവട്ടം കൂടിയാ തിരുമുമ്പിൽ സാദരം
വഞ്ചീശമംഗളം പാടുവാനുള്ളില്‍ മോഹം

Thursday, August 20, 2009

പാലം


ഒരു പാലമിട്ടാല്‍
അങ്ങോട്ടുമിങ്ങോട്ടുമൊരേ
ദൂരമെന്ന തിരിച്ചറിവുകള്‍
തീര്‍ത്ത പാലങ്ങളുണ്ടായിരുന്നു പണ്ട്‌

അക്കരെയിക്കരകളെ
കൂട്ടിയിണക്കിയ സാധുക്കള്‍
ആരാലും നിര്‍മ്മിക്കപ്പെടാതെ
ആവേഗമാര്‍ന്ന കാലടികളെ പിന്തുടര്‍ന്ന്‌
പാലങ്ങള്‍ സ്വയം ജനിക്കുകയായിരുന്നു
സ്വയംഭൂക്കള്‍
ഇരുപുറങ്ങളെയും
അതിലെ മനുഷ്യരെയും
ഒന്നാക്കിയ കണ്ണികള്‍
ശുദ്ധാശുദ്ധങ്ങളുടെ കോരപ്പുഴകളെ
ഇല്ലാതാക്കിയ പാലങ്ങള്‍
ഭ്രഷ്ടില്‍നിന്ന്‌ കരകടത്തിയ ജന്മങ്ങള്‍
വറുതിയില്‍നിന്ന്‌ മറുവഴി കാണിച്ച
കൈചൂണ്ടികള്‍
സമയനദികളെ നാട്ടനൂഴിച്ച
ദിഗ്‌വിജയികള്‍
ജന്‍മോദ്ദേശ്യം ഒരിക്കലും തീരാതെ
നീണ്ടുനിവര്‍ന്നു കിടന്നിരുന്നു
ഞങ്ങളുടെ ആ പാലങ്ങള്‍.
വെറുതെ നടന്നെത്താവുന്ന
അക്കരകളും
വന്നും പോയും
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളും
വെറുതെ കിട്ടില്ലെന്ന്‌ മുരണ്ട്‌
ഉറങ്ങാതെ കാവലിരിക്കുന്നുണ്ട്‌
പണിതു, നടത്തി, കൈമാറാവുന്ന
ആ പാലത്തിലിന്ന്‌
പുതിയ ചുങ്കക്കാരന്‍
താഴെ, പുഴയിലേക്കു നോക്കി
ഒരക്ഷരം പറയാനാകാതെ വിങ്ങുന്നുണ്ട്‌
ഞങ്ങളുടെ ആ പഴയ പാലങ്ങള്‍

Wednesday, May 27, 2009

അകാലത്തെക്കുറിച്ചുള്ള കവിതകള്‍

പതിമൂന്നു വര്‍ഷങ്ങള്‍. നൂറ്റിമുപ്പത്തൊമ്പതു കത്തുകള്‍. അവയില്‍ മിക്കതും അമ്മയ്ക്ക്‌. ചിലത്‌ അനിയനും. ഒന്നോ രണ്ടോ കത്തുകള്‍ തന്റെ പ്രിയപ്പെട്ട ഒരു നോവലിസ്റ്റിനും.

ആ കത്തുകളിലൂടെയും, ഇടക്കിടക്ക്‌ അനുബന്ധമായി ഒരമ്മ എഴുതിയ കുറിപ്പുകളിലൂടെയും ഒരു പെണ്‍കുട്ടിയുടെ കൌതുകകരമായ വളര്‍ച്ച നമ്മള്‍ അറിയുന്നു.

കോളേജില്‍ ചേരുന്നത്‌, സുഹൃത്തുക്കളെ കണ്ടെത്തുന്നത്‌, സമാനമനസ്ക്കരായ ചെറുപ്പക്കാരുടെ കൂടെ ഒഴിവുസമയം ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്‌, കവിതയുടെ വഴിയിലേക്ക്‌ മെല്ലെമെല്ലെ നടന്നടുക്കുന്നത്‌, ദീര്‍ഘയാത്രക്കു പോകുന്നുവെന്ന്‌ അമ്മക്ക്‌ കത്തെഴുതിവെച്ച്‌ വീടിന്റെ താഴെയുള്ള നിലവറയില്‍ പോയി കൈയ്യിലെ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌, മൂന്നു ദിവസങ്ങള്‍ക്കുശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌, പ്രതിഭാശാലിയായ ഒരു കവിസുഹൃത്തിനെ കണ്ടെത്തുന്നത്‌, അയാളെ ആരാധിച്ചും, പ്രണയിച്ചും, അയാളുടെ ജീവിതപങ്കാളിയാകുന്നത്‌, അക്ഷരങ്ങളെ കൂടുതല്‍ക്കൂടുതല്‍ സ്നേഹിച്ച്‌ പ്രശസ്തിയുടെ പടവുകള്‍ കയറുന്നത്‌, രണ്ടു കുട്ടികളുടെ അമ്മയാകുന്നത്‌, നിരുപാധികമായി താന്‍ നല്‍കിയ സ്നേഹവും വിശ്വാസവും തിരിച്ചുകിട്ടാതെ, ഭര്‍ത്താവിനാല്‍ പരിത്യക്തയാക്കപ്പെടുന്നത്‌, വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നത്‌, തണുപ്പും, ദാരിദ്ര്യവും, വിടാതെ പിടികൂടുന്ന രോഗങ്ങളും കൊണ്ടു വലഞ്ഞ്‌, ഒടുവില്‍ ഒരു ദിവസം മക്കള്‍ ഉണരുമ്പോഴേക്കും അവര്‍ക്കു കഴിക്കാനുള്ള പ്രാതല്‍ ഒരുക്കിവെച്ച്‌, അടുക്കളയില്‍ പോയി, ഗ്യാസ്‌ സ്റ്റൌവിലെ വാതകത്തെ കവിതയുടെയും ജീവിതത്തിന്റെയും ധമനികളിലേക്ക്‌ കടത്തിവിട്ട്‌, തന്റെ സ്ഥലം ശൂന്യമാക്കി ഇവിടെനിന്നും കടന്നുപോകുന്നത്‌..

അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്‌.

എന്‍.പി.സജിത്ത്‌ പരിഭാഷപ്പെടുത്തി, പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച, സില്‍വിയ പ്ളാത്തിന്റെ "വീട്ടിലേക്കുള്ള കത്തുകള്‍' ആ അസ്വസ്ഥമായ ജീവിതത്തിന്റെ ഒരു ലഘു പരിച്ഛേദമാണ്‌.

ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിന്റെ വഴി മിക്കപ്പോഴും ഇച്ഛാപൂര്‍വ്വമായ മരണത്തിന്റെ തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്നത്‌ കാണാം. വിരോധാഭാസമായിരിക്കാം. എങ്കിലും വിര്‍ജീനിയാ വൂള്‍ഫിന്റെയും, സില്‍വിയയുടെയും, ഹെമിംഗ്‌വേയുടെയും, മയക്കോവസ്‌കിയുടെയും, കവാബത്തയുടെയും, നമ്മുടെ രാജലക്ഷ്മിയുടെയും, നന്തനാരുടെയും, നന്ദിതയുടെയും ഷെല്‍വിയുടെയും, പിന്നെ, ചരിത്രത്തില്‍ രേഖപ്പെടുത്താത്ത മറ്റു ഒട്ടനവധിപേരുടെയും കഥകള്‍ അത്തരമൊരു ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിലേക്കുതന്നെയല്ലേ വിരല്‍ചൂണ്ടുന്നത്‌? അതോ, അനുഭവിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്ത ഈ ജീവിതത്തിന്റെ നിത്യവൈരസ്യങ്ങളില്‍നിന്ന്‌, ജീവിച്ചിരിക്കുന്നിടത്തോളം ആവിഷ്ക്കാരസാദ്ധ്യമേയല്ലാത്ത മരണാനുഭവത്തിന്റെ വേരുകളിലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുകയാണ്‌ ഇവരെന്നു വരുമോ? ആര്‍ക്കറിയാം.

Crossing the Water എന്ന പേരില്‍, സില്‍വിയയുടെ തിരഞ്ഞെടുത്ത ചില കവിതകള്‍, അവരുടെ ഭര്‍ത്താവായിരുന്ന ടെഡ്‌ ഹ്യൂസ്‌ സമാഹരിച്ച്‌, ഹാര്‍പ്പര്‍ പെരെന്നിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കത്തുകള്‍' വായിച്ച്‌ ഏറെക്കഴിയുന്നതിനുമുന്‍പാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌.

Stillborn എന്നൊരു കവിതയുണ്ട്‌ ഹാര്‍പറിന്റെ ആ സമാഹാരത്തില്‍. “വീട്ടിലേക്കുള്ള കത്തുകളില്‍" ഒരിടത്ത്‌, ഗര്‍ഭമലസിയതിനെക്കുറിച്ച്‌ സങ്കടപ്പെട്ട്‌ സില്‍വിയ അമ്മക്കെഴുതുന്നുമുണ്ട്‌. എഴുതാതെ പോയ കവിതകളാണോ, ജനിക്കാതെ പോയ ആ കുട്ടിയാണോ സില്‍വിയയുടെ മനസ്സിലുണ്ടായിരുന്നതെന്ന്‌ ഇപ്പോഴും നല്ല നിശ്ചയം പോരാ. ഒരുപക്ഷേ രണ്ടുമായിരിക്കണം. അതോ അവരിലുണ്ടായിരുന്ന ആ ജീവിതാഭിമുഖ്യമോ? ഒരുപക്ഷേ അതാണെന്നും വരാം. കവികളുടെയും ഉന്മാദികളുടെയും ഉള്ളു കണ്ടവരുണ്ടോ? ഉണ്ടെന്ന നമ്മുടെ നാട്യവും അവകാശവാദവുമൊക്കെ വെറുതെ.

ഇതാ ആ കവിത..

ചാപിള്ള

ഈ കവിതകള്‍ക്ക്‌ ആയുസ്സില്ല
ദു:ഖകരമായ തിരിച്ചറിവാണത്‌
അവയുടെ കുഞ്ഞിക്കാലും വിരലുകളും വളരുന്നുണ്ടായിരുന്നു
ഏകാഗ്രത പൂണ്ട കുഞ്ഞുനെറ്റികള്‍ തുറിച്ചുനിന്നു
എന്നിട്ടും മറ്റുള്ളവരെപ്പോലെ നടക്കാന്‍ അവയ്ക്കു കഴിഞ്ഞില്ലെങ്കില്‍
അതിന്‌ അവരുടെ അമ്മയുടെ സ്നേഹത്തെ പഴിക്കരുതേ

എന്താണവയ്ക്കു പറ്റിയതെന്ന്‌ എനിക്കറിയില്ല
രൂപം, എണ്ണം, അവയവങ്ങള്‍
എല്ലാം
എല്ലാം തികഞ്ഞതായിരുന്നു
ഉപ്പിലിട്ട ജലത്തില്‍ അവ ഭംഗിയായി കിടന്നിരുന്നു
എന്നെ നോക്കി എപ്പോഴും ചിരിക്കാറുമുണ്ടായിരുന്നു
എന്നിട്ടും അവയുടെ കരളുകള്‍ നിറഞ്ഞില്ല
നെഞ്ചുകള്‍ കുറുകിയില്ല

മൃഗ-മത്സ്യ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും
മൃഗമോ മത്സ്യമോ ആയിരുന്നില്ല അവ
ജീവനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ
ജനിച്ചതുപോലും അതിനുവേണ്ടിയായിരുന്നില്ലേ?
എന്നിട്ടും അവ മരിച്ചു
ആകെത്തകര്‍ന്ന്‌ ആ അമ്മയും ജീവച്ഛവമായി
എന്നിട്ടും അവളെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ
വിഢികളെപ്പോലെ അവ തുറിച്ചുനോക്കുന്നു.

Thursday, January 22, 2009

മറവിയെക്കുറിച്ച് രണ്ട് കവിതകള്‍

ഒന്ന്

തൊടിയിലും വെളിമ്പ്രദേശങ്ങളിലും വളര്‍ന്നുകിടക്കുന്ന പുല്ലുകളെ പണ്ടൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വെറുതെ വളരുന്ന ഓരോ ജന്മങ്ങള്‍, മോഹപ്പച്ചപ്പുകള്‍, എന്നൊക്കെ ഉള്ളില്‍ ചിലപ്പോള്‍ തോന്നാറുണ്ട്‌ എന്നതൊഴിച്ചാല്‍, പ്രത്യേകിച്ചൊരു വികാരവും അവ ഉണ്ടാക്കിയിരുന്നില്ല.

അതിനിടയിലാണ്‌ ആകസ്മികമായി ഒരു കവിത വായിക്കാന്‍ ഇടവന്നത്‌. കാള്‍ സാന്‍ഡ്‌ബര്‍ഗ്‌ എന്ന അമേരിക്കന്‍ കവിയുടെ The Grass എന്ന കവിത. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള തന്റെ സുദീര്‍ഘമായ ലേഖനത്തിന്റെ തൊടുകുറിയായി റോബര്‍ട്ട്‌ ഫിസ്ക്‌ ഈ കവിത എടുത്തെഴുതിയിരുന്നു

പുല്ല്‌

ശവശരീരങ്ങള്‍ കുമിച്ചുകൂട്ടിയിട്ടോളൂ.
ആഷര്‍ലിറ്റ്‌സിലോ വാട്ടര്‍ലൂവിലോ
എവിടെവേണമെങ്കിലും.

ഞാന്‍ പുല്ലാണ്‌
എല്ലാം മറയ്ക്കുന്ന പുല്ല്‌

കുമിച്ചുകൂട്ടിയിട്ടോളൂ
ഗെട്ടിസ്ബര്‍ഗിലും
യെപ്‌റെസിലും,
വെര്‍ഡനിലും.
വേഗം കുഴിച്ചുമൂടൂ അവറ്റയെ
ഞാന്‍ എന്റെ ജോലി തുടങ്ങട്ടെ

രണ്ടു വര്‍ഷമോ, പത്തുവര്‍ഷമോ കഴിഞ്ഞ്
യാത്രക്കിടയിലെ ഇടവേളകളില്‍
ഇവിടെയിറങ്ങുന്ന വിനോദസഞ്ചാരികള്‍
ഒരുപക്ഷേ കണ്ടക്ടറോട്‌ ചോദിച്ചേക്കും
ഏതാണ്‌ ഈ സ്ഥലം?
നമ്മളിപ്പോള്‍ എവിടെയാണ്‌?

എന്നെ മനസ്സിലായില്ലേ?
ഞാന്‍ പുല്ലാണ്‌.
എനിക്ക് ധാരാളം ജോലിയുണ്ട്


ഈ കവിത വായിച്ചതില്‍പിന്നെ, വീണ്ടും ആ പഴയ പുല്‍മേടുകളുകളെക്കുറിച്ച് ആല്‍ചിക്കുമ്പോള്‍, ആ പഴയ അനുഭൂതികളൊന്നും മനസ്സില്‍ വരുന്നതേയില്ല. അവക്കടിയിലൊക്കെ നിറയെ ആളുകളാണ്‌. ചത്തവരും കൊല്ലപ്പെട്ടവരും, വിസ്മൃതിയിലാണ്ടവരും. പാഴായിപ്പോയ തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത്‌ അവര്‍ നെടുവീര്‍പ്പുകളിടുമ്പോഴാവണം ആ പുല്‍നാമ്പുകള്‍ പതുക്കെ ഇളകുന്നത്.

ചരിത്രത്തില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത ഏതാനും അല്‍പ്പബുദ്ധികളുടെ വാശിക്കും മത്സരത്തിനും വേണ്ടി, സ്വന്തം ജീവിതം കൊണ്ട്‌ വിലകൊടുക്കേണ്ടിവന്ന ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓര്‍മ്മകള്‍ക്കുമുകളില്‍ മറവിയുടെ പുല്‍മേടുകള്‍ പച്ചപിടിച്ചുകിടക്കുന്നു. അവക്കുമുകളിലാണ്‌ നമ്മുടെ കാല്‍പ്പനിക ഭാവനകള്‍ രമണനും ചന്ദ്രികയും തകര്‍ത്തഭിനയിക്കുന്നത്‌. നമ്മുടെ അലസഗമനത്തിന്റെ പൈക്കൂട്ടങ്ങള്‍ ഇളംവെയിലേറ്റ്‌ അയവിറക്കുന്നത്‌.

രണ്ട്

ഒറ്റപ്പെട്ടവന്റെ സമരമുഖങ്ങള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കവിതയും കാള്‍ സാന്‍ഡ്‌ബര്‍ഗിന്റേതായിട്ടുണ്ട്‌. The Graves. അരാജകത്വത്തിന്റെ കലാപമെന്നോ ബുദ്ധിശൂന്യതയെന്നോ എന്തുവേണമെങ്കിലും വിളിക്കാം അത്തരം പോരാട്ടങ്ങളെ. ഇന്നിന്റെ ലോകത്ത് അത്തരം കലാപങ്ങള്‍ക്കും ബുദ്ധിഹീനതക്കും വലിയ സ്ഥാനങ്ങളില്ലായിരിക്കാം. എങ്കിലും നാളെയൊരിക്കല്‍, പരിവര്‍ത്തനത്തിന്റെ പൂക്കളായി മാറും ആ സമരങ്ങള്‍. അവക്കു ജന്മം നല്‍കിയ കവികളുടെയും ഉന്മാദികളുടെയും കലാപകാരികളുടെയും കുഴിമാടങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ മറ്റേതെങ്കിലുമൊരു അപഥസഞ്ചാരിയെ ഭൂതാവിഷ്ടരാക്കുകതന്നെ ചെയ്യും.

കുഴിമാടങ്ങള്‍

ആയിരങ്ങള്‍ക്കെതിരെ ഒറ്റക്കു നില്‍ക്കുന്ന ഒരുവനെ
ഞാന്‍ സ്വപ്നം കണ്ടു

ആയിരം പരിഹാസശരങ്ങളും കൂക്കുവിളികളും നേരിട്ട്‌
വര്‍ഷങ്ങളോളം അവന്‍ തെരുവില്‍ അലഞ്ഞു നടന്നു
ഏകാകിയായി മരിച്ചു
അവന്റെ ശവമടക്കാന്‍ ഒരേയൊരാള്‍ മാത്രം വന്നു

അവന്റെ കുഴിമാടത്തിനുമുകളില്‍
പൂക്കള്‍ കാറ്റിലാടി
ആയിരങ്ങളുടെ കുഴിമാടങ്ങള്‍ക്കു മുകളിലും
ആ പൂക്കള്‍ കാറ്റിലാടി

പൂക്കളും കാറ്റും
മരിച്ചവരുടെ കുഴിമാടങ്ങള്‍ക്കുമുകളില്‍ പൂക്കള്‍
ചുവന്ന ഇതളുകള്‍,
മഞ്ഞ ഇലകള്‍,
വെളുപ്പിന്റെ വരകള്‍,
മായുന്ന ധൂമനിറം

ഹോ,
മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

Monday, August 18, 2008

കറുപ്പും വെളുപ്പും

രാമചന്ദ്രന്‍ വെള്ളിനേഴി എന്ന ബ്ലോഗ്ഗര്‍ അയച്ചുതന്ന ഒരു മെയില്‍ ചൂടു കളയാതെ ഇവിടെ
ചേര്‍ക്കുന്നു. 2006-ലെ ഏറ്റവും നല്ല കവിതയായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഈ കവിത ഒരു ആഫ്രിക്കന്‍ കുട്ടിയുടെ രചനയാണെന്നു കേള്‍ക്കുന്നു.





When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black

And you white fellow
When you born, you pink
When you grow up, you white

When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray

And you calling me colored?

അനുനിമിഷം നിറം മാറുന്ന വെളുത്ത കുട്ടിയോട് എത്ര അര്‍ത്ഥവത്തായ ചോദ്യമാണ് ആ കറുത്ത കുട്ടി ചോദിക്കുന്നത്.

എങ്കിലും വര്‍ണ്ണവെറിക്കെതിരായ നിലപാടുകളെയും ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട് നമ്മള്‍. ഇല്ലാത്തപക്ഷം, കൂടുതല്‍ നെറികെട്ട വര്‍ണ്ണബോധത്തിലേക്കായിരിക്കും അതു നമ്മെ കൊണ്ടുചെന്നെത്തിക്കുക.

കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്.

Sunday, August 10, 2008

ഒരു രാജ്യഭ്രഷ്ടന്‍ നാടുനീങ്ങുന്നു

അഭയാര്‍ത്ഥികളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ചിന്നിച്ചിതറാന്‍ വിധിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി, നീണ്ട അഞ്ചു ദശാബ്ദക്കാലത്തോളം വാക്കുകള്‍കൊണ്ട്‌ പൊരുതിയ ഒരു വലിയ കവി, മഹമൂദ്‌ ദാര്‍വിഷ്‌, ഭൂമിയിലെ തന്റെ അറുപത്തേഴുകൊല്ലത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ചിരിക്കുന്നു.

സ്വന്തം മണ്ണില്‍നിന്ന് ഭ്രഷ്ടരാകുന്നതിന്റെ വേദനയും മുറിവും അനുഭവിച്ചറിഞ്ഞ ഒരു ജനതയുടെ കയ്യില്‍നിന്നാണ്‌, ഇന്ന്, ഫലസ്തീന്‍ ജനതക്ക്‌ ഭ്രഷ്ട്‌ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്‌. ചരിത്രത്തിന്റെ ക്രൂരമായ നിരവധി ഫലിതങ്ങളില്‍ ഒന്നാണത്‌. ഫലസ്തീനില്‍നിന്ന് ലബനോണിലേക്കും, അവിടെനിന്ന് ലോകത്തിന്റെ മറ്റിടങ്ങളിലേക്കും ആ വിധി, ഫലസ്തീനികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു അറുപത്‌ വര്‍ഷമായി അവര്‍ അത്‌ അനുഭവിച്ചുതീര്‍ക്കുന്നു. ഇന്നും അതു തുടരുകതന്നെയാണ്.

ഒരു രാജ്യഭ്രഷ്ടന്‌ മറ്റൊരു രാജ്യഭ്രഷ്ടന്റെ വേദനയെ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നതിന്റെ അമര്‍ഷവും സങ്കടവും, അത്ഭുതവുമാണ്‌ മഹമൂദ്‌ ദാര്‍വിഷിന്റെ കവിതകളെ ഇത്രമേല്‍ പ്രചണ്ഡമാക്കിയത്‌.

അതിലൊന്ന്, ഇവിടെ സ്വതന്ത്രപരിഭാഷയുടെ രൂപത്തില്‍ എടുത്തെഴുതുന്നു. മഹമൂദ് ദാര്‍വിഷിന്റെ The exiles don't look back എന്ന കവിത.

നാടുകടത്തപ്പെട്ടവര്‍ പിന്തിരിഞ്ഞുനോക്കാറില്ല..
ഒരു പ്രവാസഭൂമിയില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവരുമ്പോള്‍
നാടുകടത്തപ്പെട്ടവര്‍ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല
മുന്‍പില്‍ നിരവധി പ്രവാസഭൂമികള്‍ പിന്നെയും ബാക്കി
വൃത്താകാരമുള്ള പാത അവര്‍ക്ക്‌ പരിചിതമായിക്കഴിഞ്ഞു
മുന്‍പിലും പിന്നിലും
വടക്കും തെക്കും
ഒന്നുമില്ല
കമ്പിവേലികളില്‍നിന്ന് പൂന്തോട്ടത്തിലേക്ക്‌ അവര്‍ നാടുനീങ്ങുന്നു
വീടിന്റെ മുറ്റത്തിനുകുറുകെ ഓരോ ചുവടുകള്‍ വെക്കുമ്പോഴും
അവര്‍ ഒരു അഭിലാഷം ബാക്കിവെക്കുന്നു.
'ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
അഭാവത്തിന്റെ നുള്ളുനുറുങ്ങുകള്‍ നിറച്ചുവെച്ച ഒരു ശവപ്പെട്ടിയുമായി
പുലര്‍ച്ചയുടെ പതുപതുപ്പില്‍നിന്ന്
അവര്‍ മദ്ധ്യാഹ്നത്തിന്റെ പൊടിയിലേക്ക്‌ യാത്ര ചെയ്യുന്നു
ഒരു തിരിച്ചറിയല്‍ രേഖ
മേല്‍വിലാസമറിയാത്ത ഏതോ പ്രിയപ്പെട്ടവര്‍ക്ക്‌ ഒരു കത്ത്‌
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
മുറിവേറ്റ വിജയചിഹ്നവുമായി
വീട്ടില്‍നിന്നും തെരുവിലേക്ക്‌ അവര്‍ യാത്രയാവുന്നു
വഴിയില്‍ കാണുന്നവരെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട്‌,
അതുകൊണ്ട്‌,
ഓര്‍മ്മയില്‍നിന്നും ഞങ്ങളെ മായ്‌ച്ചുകളയുക“
ശ്വാസം വീണ്ടെടുക്കാന്‍,
സൂര്യവെളിച്ചത്തില്‍ മുങ്ങിക്കുളിക്കാന്‍,
കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍,
അവര്‍ അവരുടെ കഥകളില്‍നിന്ന് പുറത്തേക്കുവരുന്നു
ഉയരുകയും താഴുകയും ചെയ്യുന്നു അവര്‍
‍വരുകയും പോവുകയും ചെയ്യുന്നു അവര്‍
ഏതോ പുരാതന ശിലാപ്രതലങ്ങളില്‍നിന്ന്
അവര്‍ നക്ഷത്രത്തിനുനേരെ കുതിക്കുന്നു
ആദിയും അന്തവുമില്ലാത്ത ഒരു കഥയിലേക്ക്‌
വീണ്ടും അവര്‍ പിന്മടങ്ങുന്നു
ഉറക്കച്ചടവില്‍നിന്ന് ഉറക്കത്തിന്റെ മാലാഖയിലേക്ക്‌
അവര്‍ ഓടിയകലുന്നു
ചിന്തിയ ചോരയെക്കുറിച്ചോര്‍ത്ത്‌
കണ്ണുകലങ്ങി,
വിളറിവെളുത്ത്‌
അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"

Saturday, March 1, 2008

ഉപരോധത്തിന്റെ കീഴില്‍

ഇവിടെ ഈ കുന്നിന്‍ ചെരുവില്‍
പ്രദോഷത്തെയും, സമയത്തിന്റെ പീരങ്കികളെയും നേരിട്ട്‌
ശിഥിലമായ നിഴലിന്റെ തോട്ടത്തില്‍
ഞങ്ങളും ചെയ്യുന്നത്‌,
എല്ലാ തടവുപുള്ളികളും ചെയ്യുന്ന അതേ കാര്യമാണ്‌
മറ്റൊന്നും ചെയ്യാനില്ലാത്തവര്‍ ചെയ്യുന്ന അതേ കാര്യമാണ്‌
പ്രതീക്ഷകള്‍ കൃഷിചെയ്യുക.

പുലരിയെ കാത്തിരിക്കുന്ന രാജ്യം
വിജയത്തിന്റെ നിമിഷത്തെ ഉറ്റുനോക്കിയിരിരുന്ന്
ബുദ്ധിശൂന്യരായി മാറിയിരിക്കുന്നു ഞങ്ങള്‍
വെടിയൊച്ചകള്‍ രാത്രിയുടെ ഇരുട്ടകറ്റുന്നു
ജാഗരൂകരായിരുന്ന്, ഞങ്ങളുടെ ശത്രുക്കള്‍
ഞങ്ങളുടെ നിലവറയിലെ ഇരുട്ടിനെ പ്രഭാപൂരിതമാക്കുന്നു.

ഇവിടെ ഞാനില്ല
ഇവിടെ ആദം തന്നിലെ കളിമണ്ണിനെ ഓര്‍ക്കുന്നു

മരണത്തിന്റെ വക്കില്‍വെച്ച്‌ അയാള്‍ പറയുന്നു:
നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ല
സ്വാതന്ത്ര്യത്തിന്റെ വളരെ അടുത്താണ് ഞാന്‍
എന്റെ ഭാവി എന്റെ കയ്യിലാണ്‌
എന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ പുറത്തുചാടും
ഉടയവരാരുമില്ലാതെ സ്വതന്ത്രനായി പുനര്‍ജ്ജനിക്കും
തെളിഞ്ഞ അക്ഷരങ്ങള്‍കൊണ്ട്‌ എന്റെ പേരെഴുതും

വാതില്‍ക്കല്‍ നില്‍ക്കുന്നവനേ, അകത്തുവരൂ
ഞങ്ങളുടെ കൂടെയിരുന്ന് അല്‍പം അറബി കാപ്പി നുണയൂ
ഞങ്ങളെപ്പോലെ മനുഷ്യനാണ്‌ നീയും എന്ന് ബോദ്ധ്യപ്പെടും
വാതില്‍ക്കല്‍ നില്‍ക്കുന്നവനേ
ഞങ്ങളുടെ പ്രഭാതങ്ങളില്‍നിന്ന് പുറത്തുവരൂ
നിങ്ങളെപ്പോലെതന്നെയാണ്‌ ഞങ്ങളുമെന്ന് അറിയുന്നത്‌
എന്തൊരു ആശ്വാസമാണെന്നോ!

വിമാനങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍
വെളുത്ത പ്രാവുകള്‍ പറന്നുവന്ന്
സ്വര്‍ഗ്ഗത്തിന്റെ കവിളുകളെ മൃദുലമായി ഉരുമ്മുന്നു
ബന്ധിക്കപ്പെടാത്ത ചിറകുകള്‍ വീശി വെളിച്ചം വീണ്ടെടുക്കുന്നു
ആകാശത്തെയും കാമനകളെയും സ്വന്തമാക്കുന്നു
ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക്‌ അവ പോകുന്നു,
ആ വെളുത്ത പ്രാവുകള്‍
(രണ്ടു ബോംബുകള്‍ക്കിടയിലൂടെ നടക്കുന്ന ഒരാള്‍ ഒരിക്കല്‍ എന്നോട്‌ പറഞ്ഞതുതന്നെ അവയും എന്നോട്‌ പറയുന്നു)
ഈ ആകാശം സത്യമായിരുന്നെങ്കിലെന്ന്.

പട്ടാളക്കാരുടെ പിന്നില്‍ സൈപ്രസ്സ്‌ മരങ്ങള്‍
ആകാശത്തെ താങ്ങിനിര്‍ത്തുന്ന മിനാരങ്ങള്‍
കവചിതവാഹനങ്ങളുടെ സൂക്ഷ്മധ്യാനത്തെ സാക്ഷിനിര്‍ത്തി,
ഇരുമ്പ്‌ മതിലുകളുടെ മറവില്‍ പട്ടാളക്കാര്‍ മൂത്രശങ്കയകറ്റുന്നു
ഞായറാഴ്ചകുര്‍ബ്ബാന കഴിഞ്ഞ പള്ളിപോലെ വിശാലമായ ഏതോ തെരുവില്‍
ശിശിരത്തിന്റെ ഒരു സുവര്‍ണ്ണദിനംകൂടി അവസാനിക്കുന്നു.

ഘാതകാ,
നിന്റെ ഇരയുടെ മുഖം ഒരിക്കലെങ്കിലും നീ മനസ്സിലോര്‍ത്തിരുന്നുവെങ്കില്‍
ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിയ നിന്റെ അമ്മയെ നീ ഓര്‍മ്മിക്കുമായിരുന്നേനെ,
തോക്കിന്റെ യുക്തികളില്‍നിന്ന് നീ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നു
അസ്തിത്വം അന്വേഷിക്കേണ്ടത്‌ ഇങ്ങനെയായിരുന്നില്ലെന്ന്
മാനസാന്തരംപോലും ഉണ്ടാകുമായിരുന്നു നിനക്ക്.

ഉപരോധം ഒരു കാത്തിരിപ്പാണ്‌
കൊടുങ്കാറ്റില്‍ ആടിയുലയുന്ന ഒരു ഗോവണിയിലുള്ള കാത്തിരിപ്പ്‌

മഴവില്ലുകള്‍ വന്നില്ലായിരുന്നുവെങ്കില്‍
ഞങ്ങളിപ്പോഴും ആ മണ്ണില്‍ ഏകരായി കഴിയുമായിരുന്നു

ചുറ്റും എത്ര നല്ല ചങ്ങാതികള്‍
അവര്‍ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നോ
ഞങ്ങളെ നോക്കി അവര്‍ കരയുന്നു
തമ്മില്‍തമ്മില്‍ രഹസ്യമായി പിന്നെ പറയുന്നു
“ഹോ, ഈ ഉപരോധം ഒന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍!”
വാക്കുകള്‍ പാതിവഴിയില്‍ തീരുന്നു
"ഞങ്ങളെ കൈവിടരുതേ"
"ഞങ്ങളെ ഉപേക്ഷിക്കരുതേ"

ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടിക
ഓരോ ദിവസവും ഇരുപത്തിയെട്ട്‌ രക്തസാക്ഷികള്‍
വീടുകള്‍, ഇരുപത്.
ഒലീവ്‌ മരങ്ങള്‍, അന്‍പത്.
പിന്നെ,
കവിതയുടെ
അപൂര്‍ണ്ണ ചിത്രങ്ങളുടെ,
കളിചിരിയുടെ,
ഇളകുന്ന അസ്തിവാരങ്ങളും.

ഒരമ്മ മേഘങ്ങളോട്‌ പറഞ്ഞു
എന്റെ പ്രിയപ്പെട്ടവനെ അടക്കം ചെയ്യൂ
എന്റെ വസ്ത്രം നിറയെ അവന്റെ രക്തം

എന്റെ മകനേ
മഴയല്ല നീയെങ്കില്‍
പൂമരമാവുക
ഉര്‍വ്വരതയുടെ ഉപ്പുള്ള പൂമരം
പൂമരമല്ലെങ്കില്‍
എന്റെ കുഞ്ഞേ
നീയൊരു കല്ലാവുക
ഈര്‍പ്പത്തില്‍ കുതിര്‍ന്ന കല്ല്
അതിനുമായില്ലെങ്കില്‍, എന്റെ സ്നേഹമേ
നീയൊരു ചന്ദ്രനാവുക
നിന്റെ പ്രിയപ്പെട്ട സ്ത്രീയുടെ ചന്ദ്രന്‍
(ഒരു മകന്റെ കബറിടത്തില്‍വെച്ച്‌ ഒരു അമ്മ പറഞ്ഞതാണിത്‌)

കാവല്‍ക്കാരാ?
ഞങ്ങളുടെ ഉപ്പിന്റെ വെളിച്ചത്തിനുവേണ്ടി കാത്തിരുന്ന്
നിനക്ക്‌ മടുക്കുന്നില്ലേ?
മടുക്കുന്നില്ലേ കാവല്‍ക്കാരാ നിനക്ക്‌?
ഈ അനന്തതയുടെ ഇത്തിരി ഘനനീലിമ മതിയാകില്ലേ
നമ്മുടെ കാലത്തിന്റെ ഈ ഭാരം കുറയ്ക്കാന്‍?
ഇവിടമൊക്കെ അടിച്ചുശുദ്ധമാക്കാന്‍?

അഹന്തയുടെ കുന്നുകളിറങ്ങി
തൂവലിന്റെ പാദമുദ്രകളൊടെ
എന്റെ അരികത്തണഞ്ഞ്‌
പഴയ ചങ്ങാതികളെപ്പോലെ
കൈകള്‍കോര്‍ത്ത്‌ നടന്ന്
ചിരപുരാതനമായ അപ്പവും വീഞ്ഞും നുകര്‍ന്ന്
ഈ വഴിത്താരകള്‍ നടന്നുതീര്‍ക്കണമോയെന്ന്
ആത്മാവ് സ്വയം തീരുമാനിക്കട്ടെ
അന്നുമാത്രമേ നമ്മുടെ ദിവസങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകൂ
അന്ന് ഞാന്‍ ഏതെങ്കിലും കുന്നിന്‍ചെരുവില്‍
വെറുതെ ചെന്നിരിക്കും

ഞങ്ങളുടെ തകര്‍ന്ന അവശിഷ്ടങ്ങളില്‍
നിഴലുകള്‍ ഹരിതസമൃദ്ധിയാകുന്നു
എന്റെ ആട്ടിന്‍പറ്റങ്ങളുടെ തൊലിയില്‍ തലവെച്ച്‌
ചെന്നായകള്‍ ഉറങ്ങുകയാണ്‌
എന്നെപ്പോലെ, മാലാഖമാരെ പോലെ അവനും സ്വപ്നം കാണുന്നു
ജീവിതം ഇവിടെയാണെന്ന്..
മറുകരയിലല്ലെന്ന്..

ഉപരോധത്തിന്റെ അവസ്ഥയില്‍
സമയം സ്ഥലംപോലെ ഉറച്ചുനില്‍ക്കുന്നു
ഉപരോധത്തിന്റെ അവസ്ഥയില്‍
സമയം സ്ഥലമാകുന്നു
ഇന്നലെകളും നാളെകളും ഇല്ലാത്ത സ്ഥലം

ജീവിക്കുന്ന ഓരോ പുതിയ ദിവസവും
രക്തസാക്ഷി എന്നെ വലംവെക്കുന്നു
അവന്‍ എന്നോട്‌ ചോദിക്കുന്നു. എവിടെയാണ്‌ നീ?
ഞങ്ങള്‍ക്കു തന്ന വാക്കുകള്‍ നിഘണ്ടുവിലേക്ക്‌ തിരിച്ചെടുക്കുക
ഉറങ്ങുന്നവരെ അവരുടെ ഉറക്കത്തിന്റെ പ്രതിദ്ധ്വനിയില്‍നിന്ന് വിടുവിക്കുക

രക്തസാക്ഷി എനിക്ക്‌ വെളിച്ചം തരുന്നു
ചക്രവാളത്തിനപ്പുറത്തെ അനശ്വരതയുടെ കന്യകാത്വങ്ങള്‍ എനിക്കു വേണ്ടേവേണ്ട
എനിക്ക്‌ ഈ ഭൂമിയിലെ ജീവിതം മതി
ഫിഗ്‌ മരങ്ങളുടെയും പൈന്‍ മരങ്ങളുടെയും ഇടയിലെ ജീവിതം
എനിക്ക്‌ അവിടേക്കെത്താന്‍ കഴിയുന്നില്ല
എന്നിട്ടും ഞാനതിനെ ലക്ഷ്യം വെച്ചു,
എന്റെ കയ്യിലെ അവസാനത്തെ പ്രയോഗംകൊണ്ട്‌,
തെളിഞ്ഞ ആകാശത്തിന്റെ ഉടലിലെ ചോര


രക്തസാക്ഷി എന്നെ ഓര്‍മ്മിപ്പിക്കുന്നു
അവരുടെ മുറവിളികള്‍ക്ക്‌ ചെവി കൊടുക്കല്ലേ
എന്റെ അച്ഛനെ വിശ്വസിക്കൂ
എന്റെ ചിത്രത്തില്‍ നോക്കി അച്ഛന്‍ കരഞ്ഞു
എന്തിന്‌ നമ്മള്‍ വേഷങ്ങള്‍ വെച്ചുമാറി എന്റെ മോനേ?
ഞാനല്ലേ ആദ്യം പോകേണ്ടിയിരുന്നത്‌? ഞാനല്ലേ?

രക്തസാക്ഷി എന്നെ പൊതിയുന്നു
എന്റെ സ്ഥലവും പഴകിയ വീട്ടുപകരണങ്ങളും മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളു?
കട്ടിലിന്റെ തലക്കല്‍ ഒരു തുമ്പിയെ ഇരുത്തി ഞാന്‍.
വിരലിന്റെ അറ്റത്ത്‌ ഒരു ചന്ദ്രക്കലയും
എന്റെ സങ്കടങ്ങള്‍ മറക്കാന്‍.

ആര്‍ക്കും ഒരു ദോഷവും വരാതെ
അടിമകളാവാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെയാണ്‌
നീണ്ടുപോകുന്ന ഈ ഉപരോധം സാദ്ധ്യമാക്കുന്നത്‌

ചെറുത്തുനില്‍പ്പ്‌ ഹൃദയത്തിന്റെ ചെറുപ്പത്തെയാണ്‌ വെളിവാക്കുന്നത്‌,
വൃഷണങ്ങളുടെ അരോഗതയെയും
രോഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും അത്‌ വെളിവാക്കുന്നു
പ്രതീക്ഷയെന്ന രോഗം

ബാക്കിവന്ന പുലരിയില്‍
ഞാനെന്റെ പുറത്തേക്കു കടക്കുന്നു
ബാക്കിവന്ന രാത്രിയില്‍
എന്റെയുള്ളിലെ പാദപതനങ്ങളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു

തുരങ്കത്തിന്റെ അവസാനം
വെളിച്ചത്തിന്റെ ഉന്മാദവും
ചിത്രശലഭത്തിന്റെ വെളിച്ചവും പങ്കിടാന്‍
എന്റെകൂടെയെത്തിയവന്‌
എന്റെ അഭിവാദ്യങ്ങള്‍

രാത്രിയില്‍,
ഇരു സ്ഥലരാശികളെയും
അതിജീവിച്ച്‌
എന്റെ പാനപാത്രം പങ്കിടുന്നവന്‌
എന്റെ അഭിവാദ്യങ്ങള്‍
എന്റെ മനോവിഭ്രമങ്ങള്‍ക്ക്‌
അഭിവാദ്യങ്ങള്‍

എന്റെ ചങ്ങാതികള്‍ എനിക്ക്‌ അത്താഴവിരുന്നൊരുക്കുന്നു
ഓക്ക്‌ മരങ്ങളുടെ തണലില്‍ ഒരു അന്ത്യവിശ്രമം
സമയത്തിന്റെ ഒരു ശിലാഫലകം
എല്ലാ ശവമടക്കുകളിലും ഞാനത്‌ കാണുന്നു.
അപ്പോള്‍ ആരാണ്‌ മരിച്ചത്‌? ആരാണ്‌?

പട്ടിക്കുട്ടിയുടെ നിഷ്കളങ്കമായ ദംശനംപോലെയാണ്‌ എഴുത്ത്‌
ചോര പൊടിയാത്ത ഒരു മുറിവ്‌

നമുക്കായ്‌ ഒരുക്കിവെച്ച കടുപ്പത്തിലുള്ള കാപ്പി
പക്ഷികള്‍
ഹരിതവനങ്ങള്‍
സ്വച്ഛമായ തണല്‍
ചുമരില്‍നിന്ന് ചുമരിലേക്ക്‌
ചാടിക്കളിക്കുന്ന സൂര്യന്‍.
മേഘങ്ങളില്‍ ബാക്കിവന്ന ജലം
നമ്മെ,
ആകാശത്തിന്റെ അനന്തമായ രൂപങ്ങളെ ഓര്‍മ്മപ്പിക്കുന്നു;
ബാക്കിവന്ന ഭ്രഷ്ടമായ ഓര്‍മ്മകളാകട്ടെ,
ഈ പകലിന്റെ ശക്തിയും സൗന്ദര്യവുമാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌.
അനശ്വരതയുടെ അതിഥികളാണ്‌
നമ്മളെന്നും.




മഹമൂദ്‌ ദാര്‍വിഷിന്റെ Under the Siege എന്ന കവിത
മൊഴിമാറ്റം - രാജീവ് ചേലനാട്ട്

Thursday, May 17, 2007

ഗണിതം

ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്‌?
ചെറിയ സംഖ്യകളില്‍നിന്ന്
വലിയതിലേക്കും
തിരിച്ചും
നിന്റെ മനസ്സ്‌
രേഖീയമാവുന്നില്ലെന്നോ?
നീയൊരു പമ്പരവിഡ്ഢി.
ഗണിതം ശാസ്ത്രമല്ലേ ഉണ്ണീ?
ഇന്നത്തെ ശാസ്ത്രം
നാളത്തെ ആചാരവുമാകാനുള്ളതല്ലേ?
നാളത്തെ ആചാരത്തെ
ഇന്നുതന്നെ തെറ്റിക്കുകയല്ലേ വേണ്ടത്‌?
അത്രയല്ലേ നീയും ചെയ്തുള്ളു?
അതിനു നിന്റെ കുഞ്ഞിക്കണ്ണുകള്‍
ഇങ്ങിനെ നിറയുന്നതെന്തിന്‌?

Tuesday, May 15, 2007

ഐക്യനാടുകള്‍

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍
തളര്‍ന്ന്
അഴിഞ്ഞുലഞ്ഞ്‌
ജുമൈറ*
നീണ്ടുനിവര്‍ന്നു കിടന്നു

തലയുയര്‍ത്തി,
മുതു കുനിഞ്ഞ്‌
കിതച്ചുകിതച്ച്‌
**ഖവാനീജിലൂടെ
ഒരു ഒട്ടകവും
അവന്റെ പാവപ്പെട്ട
അറബിയും
വേച്ചുവേച്ച്‌ നടക്കുന്നുണ്ടായിരുന്നു
അപ്പോള്‍

ക്ഷീണവും, തളര്‍ച്ചയും
പിന്നെ
മറ്റെന്തോ ഒന്നും
മൂവര്‍ക്കും
ഉള്ളില്‍
പനിക്കുന്നുമുണ്ടായിരുന്നു



* ജുമൈറ - യു.എ.ഇ - ലെ കടല്‍ത്തീരം. സ്വദേശി-പ്രവാസി സമ്പന്നവര്‍ഗ്ഗത്തിന്റെ വാസസ്ഥലം.
**ഖവാനീജ്‌ - യു.എ.ഇ - ലെ ഒരു ഉള്‍പ്രദേശം

Thursday, April 26, 2007

ചുവരെഴുത്തുകള്‍

ചുവരിന്റെ ആരും കാണാത്ത മൂലയില്‍
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.

ഉയിര്‍ കാത്ത്‌,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്‌
പോയവരെ കാത്ത്‌ കാത്ത്‌
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.

പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ്‌ തേച്ച്‌ എന്നെന്നേക്കുമായ്‌
അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.

നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്‌
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്‌
അങ്ങിനെയാണ്‌.

Saturday, April 14, 2007

വിഷു പറയുന്നത്‌...

വിഷുവാണ്‌,
മേടപ്പുലരിയാണ്‌,
കണി
കാണേണ്ട ദിവസപ്പിറവിയാണ്‌
പന്ത്രണ്ടു രാശികളിലിനിയാകെപ്പടരേണ്ട
വന്യമാം ജീവിതാഘോഷമാണ്‌

പൂത്തിരി, മത്താപ്പ്‌, ചക്രങ്ങളുന്മാദ
വേഗങ്ങള്‍ തീര്‍ത്തെന്റെ വിഷു തോരുന്നു.
എന്നും നിലയ്ക്കാ വിഷാണുവില്‍ തീരുന്നു
ബാബിലോണിന്റെ ആ നീലാകാശം
കത്തിയമരുന്ന പൂത്തിരികള്‍, പിന്നെ
ചിതറിത്തെറിച്ച ചെറു മത്താപ്പുകള്‍
തോരാത്തൊരഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്ന
മറ്റൊരു വിഷുവിന്റെ ഋതുഭേദങ്ങള്‍

അങ്ങോട്ടുമിങ്ങോട്ടുമെന്നിട്ടും നാം നേര്‍ന്നു,
നല്ല വിഷു, നല്‍ക്കണി
നല്ല ലോകം

ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍
വിഷുവിനോ
തീമഴ പെയ്യുമീ മേടത്തിനോ?

Sunday, April 1, 2007

ത്രികാലം

ഇന്നലെ

കവിതയൊരു മഴയായ്‌
എന്നിലെത്തുന്നൂ, കര
കവിയുമൊരു പുഴയായ്‌
നിന്നിലുമെത്തുന്നു
കവിതയുടെ
കാറ്റിന്റെ
പുഴയുടെ
കരകളില്‍
നമ്മുടെ
കാലം
കനിവാര്‍ന്നു നില്‍ക്കുന്നു

ഇന്ന്

കവിതയുടെ കാലം
കഴിഞ്ഞുപോയ്‌,
പുഴയുടെ
തെളിനീരൊഴുക്കും
നിലച്ചുപോയ്‌,
കാറ്റിന്റെ
ചിറകിലിരുന്നാരോ പറയുന്നു
കാലം
നന്നല്ല
കാഴ്ച്ചകള്‍ അത്ര നല്ലതല്ല

നാളെ

ഒറ്റക്കൊരാള്‍ വന്നു
നിര്‍ദ്ദയം ഓര്‍മ്മിപ്പിക്കും
നിങ്ങളീ *തെരുവിലെ ചോര കണ്ടില്ല,
ജീവിത
കല്‍ക്കരിയാഴങ്ങള്‍ കണ്ടില്ല
തൃഷ്ണയുടെ
പാതാള വായകള്‍ കണ്ടില്ല
കണ്ടതോ
കവിതയുടെ,
കാറ്റിന്റെ,
പുഴയുടെ,
കേവല
നിശ്ചല-സുന്ദര
കാഴ്ച മാത്രം


* നെറൂദയുടെ പ്രസിദ്ധമായ വരികള്‍