Tuesday, January 26, 2010

റിപ്പബ്ലിക്കിന്റെ പുതിയ ഫ്ലോട്ടുകള്‍

പ്രജാധിപത്യത്തിന്റെ മഹത്തായ അറുപത്തൊന്നാം വര്‍ഷം പിന്നിടുമ്പോള്‍, ഇന്ത്യാ മഹാരാജ്യം നാള്‍ക്കുനാള്‍ തിളങ്ങുകതന്നെയാണ്. മേരാ ഭാരത് മഹാന്റെ തിളങ്ങുന്ന നാഴികക്കല്ലുകള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ചരിത്രവീഥികളില്‍ ഫ്ലോട്ടുകളായി നിരന്നുനീങ്ങുന്നുണ്ട്. അതില്‍ ചിലതിനെയെങ്കിലും കാണാതെ പോകുന്നതെങ്ങിനെ സഖാക്കളെ?

70,000 പോലീസുകാരെയും അര്‍ദ്ധസൈനികരെയും ഇന്‍ഡോ-ടിബറ്റന്‍ സേനയെയും, അവരുടെ കോബ്ര, സ്കോര്‍പ്പിയന്‍ വിഭാഗത്തെയും ഉപയോഗിച്ച്, അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഒറീസ്സയിലെയും ഝാര്‍ഘണ്ടിലെയും, ചത്തീസ്‌‌ഗഢിലെയും, ധാതുസമ്പന്നമായ ആദിവാസി-ദളിത് ഗ്രാമങ്ങളെ, കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനും, കൊന്നൊടുക്കാനും, അങ്ങിനെ, ‘മാവോ വിമുക്തമായ’ ആ പ്രദേശങ്ങളെ വേദാന്തത്തിനും, ഉപനിഷത്തിനും വിറ്റുതുലയ്ക്കാനുമുള്ള ഒരു പ്രച്ഛന്ന നായാട്ടിന്റെ ഫ്ലോട്ട് മുന്നിലെത്തുന്നത് കാണുന്നില്ലേ?

അതിനുപിന്നില്‍ അണിനിരക്കുന്നത് ഇന്ദ്രപ്രസ്ഥത്തില്‍ത്തന്നെ, ഇരുപത്തഞ്ചുവര്‍ഷം മുന്‍പു നടന്ന മറ്റൊരു നാടകത്തിന്റെ പുനരാവിഷ്ക്കാരമാണ്. 1984-ല്‍, ദില്ലിയില്‍ ഒരു വന്മരം വീണപ്പൊള്‍, നാടൊട്ടുക്ക് പടര്‍ന്ന തീയില്‍ വെന്തുമരിച്ച മുവ്വായിരത്തില്‍പ്പരം ശിഖാശലഭങ്ങളുടെ കൊലക്കുത്തരവാദികളായവര്‍ വിജയശ്രീലാളിതരായി, കോടതിമുറികളില്‍നിന്ന് ഇറങ്ങിവന്ന്, ജനപ്രതിനിധികളായി മത്സരിക്കാന്‍ കച്ചമുറുക്കുന്ന മനോഹരമായ ഒരു ഫ്ലോട്ട്. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ പോയ നീതിയുടെ മുഖത്തിനുനേരെ പാഞ്ഞടുക്കുന്ന, തേഞ്ഞതെങ്കിലും ഉശിരാര്‍ന്ന ഒരു ബാറ്റ ചെരുപ്പിന്റെ അപഥസഞ്ചാരത്തിന്റെ നിഴലില്‍ ആ ഫ്ലോട്ടും മെല്ലെമെല്ലെ കണ്മുന്നില്‍നിന്നു മായുന്നു.

അതിനുപിന്നില്‍ അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ നാട്ടില്‍നിന്ന് ‘മോഡി’പിടിപ്പിച്ച മറ്റൊരു അരങ്ങവതരണം. സ്വാതന്ത്യാനന്തര വിഭജനലഹളകള്‍ക്കും, ബാബറി മസ്‌ജിദിനും ശേഷം, ആധുനിക ഇന്ത്യക്കേറ്റ മൂന്നാം തിരുമുറിവ്. നൂറുകണക്കിന് മുസ്ലീമുകളുടെ ചോരകൊണ്ട് ഗുജറാ‍ത്തില്‍ കളമെഴുതിയ സംഘപരിവാറിന്റെയും, വര്‍ഗ്ഗീയ ഹിന്ദുത്വ ശക്തികളുടെയും, അവരെ തൊട്ടും, തഴുകിയും, അവയ്ക്കു നൂറും പാലും നല്‍കി വളര്‍ത്തിയ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കൂട്ടുപൊറാട്ടുനാടകങ്ങളുടെ തനതു ദൃശ്യാവിഷ്ക്കാരം.

അതിനുപിന്നിലെ ഫ്ലോട്ടില്‍നിന്ന് ഒറീസ്സയിലെ കാന്ധമഹാലില്‍നിന്നുയര്‍ന്ന ക്രിസ്ത്യാനികളുടെ കൂട്ടക്കരച്ചിലിന്റെ പ്രതിദ്ധ്വനി കേള്‍ക്കാം. എന്നിട്ടും അപകടം മണക്കാതെ, ഇനി ഒരു പക്ഷേ, നാളെ സംഭവിച്ചേക്കാവുന്ന ഇതിലും വലിയ വേട്ടയാടലിന്റെ ഭീഷണതയെപ്പോലും തിരിച്ചറിയാതെ, മതേതരത്വത്തെ തള്ളിപ്പറഞ്ഞും, സ്വന്തം മണവാട്ടിമാരെയും, സമുദായത്തിനകത്തുനിന്ന് തങ്ങള്‍ക്കുനേരെ ഉയരുന്ന ചൂണ്ടുവിരലുകളെയും തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയും ഊരുവിലക്കുകയും ചെയ്യുന്ന, അതേ സമൂഹത്തിലെ പിന്തിരിപ്പന്‍ പുരോഹിതവര്‍ഗ്ഗങ്ങളുമുണ്ട്.

ഓരോ നിമിഷവും, ഓരോയിടത്തും സ്വന്തം പേരും, ദേശസ്നേഹവും, വിശ്വസ്തതയും തെളിയിക്കാന്‍ ബാദ്ധ്യസ്ഥരും, അതിനാകാതെ വന്നാല്‍, ഭീകരവാദിയായി മുദ്രയടിക്കപ്പെട്ട്, ആജീവനാന്തം വേട്ടയാടപ്പെടാനോ, അതുമല്ലെങ്കില്‍ എന്‍‌കൌണ്ടറുകളില്‍ ഇല്ലായ്മചെയ്യപ്പെടാനോ ഇടയുള്ള മുസ്ലിമുകളുണ്ട് മറ്റൊരു ഫ്ലോട്ടില്‍. അവക്കകത്തും കാണാം, പരാന്നഭോജികളായി മാറി, സമൂഹത്തിനുനേരെ പിന്തിരിഞ്ഞുനില്‍ക്കുന്ന പുരോഹിതവര്‍ഗ്ഗീയകളകള്‍.

മറ്റൊരു ഫ്ലോട്ടില്‍നിന്ന് ഒരു ശബ്ദവുമുയരുന്നില്ല. നമ്മുടെ പഴയ വിദര്‍ഭ. ദമയന്തിയുടെയും ലോപമുദ്രയുടെയും നാട്. കഴിഞ്ഞ ഒരു ദശകത്തിനകം, രണ്ടു ലക്ഷത്തോളം മനുഷ്യാത്മാക്കള്‍, വിഷക്കോപ്പയിലോ, ഒരു തുണ്ടു കയറിലോ സ്വന്തം ജീവിതം ഒടുക്കിയ നാട്. സുജല, സുഫല, മലയജശീതള ഭാരതത്തില്‍നിന്ന് ഓരോ മുപ്പതുമിനുട്ടിനുള്ളിലും ഓരോ ദരിദ്രകര്‍ഷകര്‍ അപ്രത്യക്ഷരാകുന്ന നാട്.

തകരുന്ന പള്ളിയെ നോക്കി, ഉള്ളിലൂറിച്ചിരിച്ച്, മൌനാനുവാദവുമായി നില്‍ക്കുന്ന മിണ്ടാപ്പൂതങ്ങളും, തങ്ങള്‍ വിഷവായുപരത്തിയ താണനിലങ്ങളില്‍നിന്ന് രായ്ക്കുരാമാനം രക്ഷപ്പെടുന്ന കൌശലമതികളും, പഴയ സ്വീഡിഷ് തോക്കുകച്ചവടത്തിന്റെ പുതിയ പതിപ്പുകള്‍ വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കുന്ന, ആനപ്പുറമേറിയ, അഭിനവ പ്രതിരോധ സമ്രാട്ടുകളും, പശ്ചിമദിഗന്തങ്ങളിലെ വല്ല്യേട്ടന്മാരുടെ ഏതുകൊല്ലിനും കൊലയ്ക്കും പുഞ്ചിരിയോടെ കൂട്ടുനില്‍ക്കുന്ന വിനീതവിധേയരായ കൂട്ടിക്കൊടുപ്പു ശിരോമണികളും, സുഖോയില്‍ പറന്നുനടന്ന്, സ്വയം ഉള്‍പ്പുളകം കൊള്ളുന്ന അഭിനവ വൃദ്ധ ഝാന്‍സിറാണികളും, അഭിനയപ്രതിഭകളായ മക്കളെ നാടൊട്ടുക്ക് അലയാന്‍ വിട്ട്, കാമ്പസ്സുകളില്‍നിന്ന് പുതിയയിനം വിത്തുകളെ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇറക്കുമതിചെയ്യുന്ന സമര്‍ത്ഥരായ കെട്ടിലമ്മമാരും..അങ്ങിനെയങ്ങിനെ..

ഫ്ലോട്ടുകളുടെ പ്രവാഹം, ഇതെഴുതുമ്പോഴും തുടരുകതന്നെയാണ്.

9 comments:

Joker said...

രാജീവ് ചിലത് വായിക്കാന്‍ സാധിക്കുന്നില്ല.

Anonymous said...

റിപ്പബ്ളിക് ദിനത്തിലെ ഇത്തരം ഫ്ളോട്ടുകള്‍ കാണാന്‍ സാധിക്കുന്നവര്‍ക്കേ ഇന്‍ഡ്യ എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാനാവൂ.അതിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് രാജീവിനു നന്ദി.

chithrakaran:ചിത്രകാരന്‍ said...

റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷ പരിപാടികളൊന്നും കണ്ടില്ല. അതുകൊണ്ടുതന്നെ പോസ്റ്റിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ വഴിനഷ്ടപ്പെട്ടു. എങ്കിലും റിപ്പബ്ബ്ലിക് ദിന പരേഡില്‍ കുറെ പൊങ്ങച്ചങ്ങളും ന്റുപ്പാപ്പാന്റെ കുയ്യാന ഫ്ലോട്ടുകളും നമ്മുടെ സാംസ്ക്കാരികതയുടെ മുഖം മൂടിയായി പതിവായി അണിനിരക്കുമെന്നതിനാല്‍ ഏതാണ്ട് ഊഹിക്കാന്‍ കഴിയുന്നുണ്ട്.

ഈ കപട കെട്ടുകാഴ്ച്ചകളില്‍ നിന്നും ഭാവിയെയെങ്കിലും മോചിപ്പിക്കാന്‍ സവര്‍ണ്ണതക്ക് കീഴ്പ്പെടാത്ത പുതിയ,
തികച്ചും സ്വദേശീയ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്/വളരാ‍ന്‍ കഴിവുള്ള ഒരു പുതിയ ഇടതുപക്ഷ പ്രസ്ഥാനം തന്നെ രൂപംകൊള്ളേണ്ടിയിരിക്കുന്നു.
നിലവിലുള്ള വളര്‍ച്ച മുരടിച്ച ബോണ്‍സായ് ഇടതുപക്ഷ പാര്‍ട്ടികളെ വല്ല കാഴ്ച്ചബംഗ്ലാവിലേക്കോ ബി.ജെ.പി.യുടെ തൊഴുത്തിലേക്കോ,ധനികരുടെ ഔട്ട്‌ഹൌസിലേക്കോ മാറ്റിക്കെട്ടാനെ കൊള്ളു :)

ആ സി.പി.ഐ യിലെ കിഴവന്മാരെ(പാര്‍ട്ടി ഉപദേശക സമിതിയോ മറ്റോ രൂപികരിച്ച്) കസേരകളില്‍ നിന്നും പുരാവസ്തുശേഖരങ്ങളിലേക്ക് ഒഴിപ്പിച്ച് പകരം കുറച്ച് യുവരക്തം നിറച്ചാലും ഇടതുപക്ഷ പ്രസ്ഥാനം കുറച്ച് ജീവന്‍‌ വച്ചേനേ !!!

പാവപ്പെട്ടവൻ said...

ഒരു ആഘോഷം അതിന്‍റെ ചെലവു പ്രേത്യേഗിച്ചു എന്താണ് പ്രയോചനം .ഒരു വലിയ ജനവിഭാഗം ഒരു നേരത്തെ അന്നത്തിനും ഒന്ന് അന്തിയുറങ്ങാനും കഴിയാതെ നിക്കുമ്പോള്‍ എന്ത് റിപ്പബ്ലിക്ക് ദിന ആഘോഷം
എല്ലാത്തിലും ഒണ്ടു ഒരു കച്ചവടകണ്ണ്

Sudarshan said...

All of what you mentioned here are valid. But then, you could add a couple more if you like it:

1. About the mindless violence in Kannur - the ritualized and planned killing of so many people for nothing.

2. About the duplicity of the communist leadership - they let the cadres go to the dogs for the "freedom" of education where as their own kids studied at the various self financing, profit and influence seeking teaching shops.

3. As an alternative to the republic day floats, these can be made into permanent installations at the party owned theme parks and TV channel studios.

Joker said...

ഈ ഫ്ലോട്ട് കണ്ട് നിര്‍വ്യതിയടഞ്ഞ്, കൈ വിറച്ച് നെഞ്ചോട് ചേര്‍ത്ത്. അടുത്ത കൂട്ടകൊലക്ക് കോപ്പ് കൂട്ടേണ്ടതലല്ലേ. യുദ്ധവും പട്ടാളവും ഒക്കെ അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കണം എങ്കിലേ വിലക്കയറ്റവും പട്ടിണീ‍യും പരിവട്ടവുമൊക്കെ ആരും കാണാതിരിക്കൂ.

Anonymous said...

ഇന്ത്യാ വിരുദ്ധര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞല്ലോ.. ഈ ഫ്ലോട്ടുകളൊക്കെ ഇന്ത്യയുടെ അമേരിക്കന്‍ ഇസ്രയേല്‍ നിലപാടുകളുടെ സ്വഭാവിക പ്രതികരണങ്ങള്‍ തന്നെ...

Anonymous said...

ചേലനാട്ടിന്റെ ഭാഗ്യം. രാജ്യസ്നെഹികള്‍ ഹാജര്‍ വെച്ച് തുടങ്ങി.

paarppidam said...

വിരൽ ചൂണ്ടുന്നത്‌ അഭിനവ യാദാർത്ത്യത്തിന്റെ കിരാതമായ അവസ്ഥകളിലേക്ക്‌... കുടിശൊഴിപ്പിച്ചും കൊന്നൊടുക്കിയും അവിടെ ബഹുരാഷ്ട്ര/ഇന്ത്യൻ കുത്തകൾക്ക്‌ യദേഷ്ഠം കൊള്ളയടിക്കുവാനായി അവർ വലിയ ഖനികളെ തുറന്നുകൊടുക്കും.