Thursday, March 4, 2010

വീണ്ടുമൊരു കര്‍ഷകസൌഹൃദ ബഡ്‌ജറ്റ്

'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച പി. സായ്‌നാഥിന്റെ And Yet Another Pro-farmer Budget എന്ന  ലേഖനത്തിന്റെ തര്‍ജ്ജമ


കര്‍ഷകന്റെ ഭാഗത്തുനില്‍ക്കുന്ന മറ്റൊരു ബഡ്ജറ്റുകൂടി വന്നുകഴിഞ്ഞു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ദശകത്തില്‍ വന്ന എല്ലാ ബഡ്ജറ്റുകളും കര്‍ഷകനുവേണ്ടിയുള്ളതായിരുന്നു. കര്‍ഷകന്‌ ആശ്വാസം പകരുന്ന ഒരു പുത്തന്‍ മുന്നേറ്റത്തെ കാര്‍ഷികരംഗത്ത്‌ ദര്‍ശിക്കാന്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ എല്ലാ മാധ്യമ മുഖപ്രസംഗങ്ങള്‍ക്കും ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്‌. കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ നല്‍കിയ ഭീമമായ സബ്‌സിഡിയെകുറിച്ച്‌ പക്ഷേ അപൂര്‍വ്വമായേ അവ സംസാരിക്കുന്നുള്ളു. ഈ വര്‍ഷം മാത്രം, 5 ലക്ഷം കോടിയാണ്‌ ബഡ്ജറ്റില്‍ ആ ഇനത്തില്‍ എഴുതിത്തള്ളിയിരിക്കുന്നത്‌. പ്രത്യക്ഷമായും പരോക്ഷമായും. അതായത്‌, മണിക്കൂറില്‍ 57  കോടി. ഒരു മിനുട്ടില്‍ ഒരു കോടി രൂപയോടടുത്ത്‌ എഴുതിത്തള്ളുന്നു. ഇത്‌, കഴിഞ്ഞ വര്‍ഷം മണിക്കൂറില്‍ 30 കോടിയായിരുന്നു എന്ന്‌ ഓര്‍ക്കുക. അതായത്‌, കഴിഞ്ഞ തവണത്തേക്കാള്‍ 70 ശതമാനം അധികം ഇത്തവണ എഴുതിത്തള്ളിയിരിക്കുന്നു. (ബഡ്‌ജറ്റിലെ

'കര്‍ഷകനുവേണ്ടിയുള്ള ബഡ്ജറ്റ്‌' എന്നത്‌ അച്ചടിപ്പിശകായിരിക്കാനും സാധ്യതയില്ലാതില്ല. കര്‍ഷകന്‍ എന്ന വാക്കിന്റെ മുന്‍പില്‍ ‘കോര്‍പ്പറേറ്റ്‌‘ എന്ന്‌ എഴുതാന്‍ വിട്ടുപോയതായിരിക്കാനേ വഴിയുള്ളു. എങ്കില്‍ ബഡ്ജറ്റില്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയായേക്കും. ഈ ബഡ്ജറ്റ്‌, കോര്‍പ്പറേറ്റ്‌ കര്‍ഷകനും അവരുടെ കര്‍ഷകവ്യാപാരികള്‍ക്കും വേണ്ടി, അവരാല്‍ രചിക്കപ്പെട്ട ഒന്നാണ്‌.

ബഡ്ജറ്റു വരുന്നതിനുമുന്‍പുതന്നെ ചില ടെലിവിഷന്‍ ചാനലുകള്‍ സംവാദത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തുകഴിഞ്ഞിരുന്നു. വമ്പന്‍ തലക്കെട്ടുകളാണ്‌ അതിനവര്‍ നല്‍കിയിരുന്നതും. " ഇന്ത്യാ സ്ഥാപനത്തിന്റെ(India Inc.) തലവന്‍ എന്ന നിലക്കായിരിക്കുമോ, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലക്കായിരിക്കുമോ പ്രണബ്‌ മുഖര്‍ജി പെരുമറുക" എന്നതായിരുന്നു ഒരു തലക്കെട്ട്‌. ജനങ്ങളെയല്ല, ഇന്ത്യ എന്ന സ്ഥാപനത്തെ സേവിക്കുകയാണ്‌ മന്ത്രിയുടെ ചുമതല എന്നുതന്നെയാണ്‌ ആ തലക്കെട്ടു നല്‍കുന്ന പ്രത്യക്ഷമായ സൂചന. മറ്റൊന്ന്‌ ഇങ്ങനെ: "കേന്ദ്രധനമന്ത്രിയുടെ പ്രസംഗം വിപണിയുടെ സമ്പത്തിനെ തകര്‍ക്കുമോ സൃഷിടിക്കുമോ?". അതെന്തായാലും അവരുടെയൊക്കെ ആഗ്രഹത്തിനൊത്ത്‌ ധനകാര്യമന്ത്രി പ്രവര്‍ത്തിച്ചുകാണിച്ചു. കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ക്ക്‌ പുതിയ പാരിതോഷികങ്ങള്‍ കിട്ടി. പൊതുമേഖലക്കുപകരം, സ്വകാര്യമേഖലയെ വികസനത്തിന്റെയും സമ്പദ്ഘടനയുടെയും മുഖ്യചാലകശക്തിയാക്കി മാറ്റാന്‍, പഴയകാല ബഡ്ജറ്റുകളേക്കാള്‍ പുതിയ ബഡ്ജറ്റ്‌ സഹായകരമായി.

കാര്‍ഷികമേഖലക്കുവേണ്ടിയുള്ള മുഖര്‍ജിയുടെ നാലിന തന്ത്രങ്ങള്‍ നോക്കുക. ആദ്യത്തെ ഇനമായ "കാര്‍ഷികോത്‌പാദനം" എന്നതുകൊണ്ട്‌ എന്തുവേണമെങ്കിലും അര്‍ത്ഥമാക്കാം. മറ്റു മൂന്നെണ്ണവും സ്വര്‍ണ്ണഖനികളാണ്‌. വന്‍കിട സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഖനികള്‍. ഇന്ത്യയ്ക്കു വേണ്ടി ഭക്ഷണം ഉത്‌പാദിപ്പിക്കുന്ന എണ്ണമറ്റ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കുവേണ്ടിയല്ല ആ തന്ത്രങ്ങള്‍. "ഉത്‌പന്നം ദുരുപയോഗം ചെയ്യുന്നത്‌ കുറയ്ക്കല്‍" എന്ന തന്ത്രം, വലിയ ധാന്യശേഖരണ സംവിധാനങ്ങള്‍ കൈവശമുള്ള കമ്പനികള്‍ക്കാണ്‌ സഹായകരമാവുക.  "കര്‍ഷകര്‍ക്കുള്ള കടസഹായം" എന്നതിനെയും അതിന്റെകൂടെ ചേര്‍ത്തു വായിക്കണം. വലിയ ധാന്യശേഖരണ സംവിധാനങ്ങള്‍  നിര്‍മ്മിക്കാന്‍ അംബാനിമാര്‍ക്കും ഗോദ്‌റേജിനും ഇപ്പോള്‍ത്തന്നെ സാമ്പത്തികസഹായം കിട്ടുന്നുണ്ട്‌. അത്‌ സാധ്യമാക്കിയതിന് 'കാര്‍ഷികകടം', 'മുന്‍ഗണനാ മേഖലക്കുള്ള ധനസഹായം' തുടങ്ങിയ വാക്കുകളോട്‌ നമ്മള്‍ നന്ദി പറയണം. ഈ ബഡ്ജറ്റ്‌ ആ പ്രക്രിയയെ കൂടുതല്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.

കൂടുതല്‍ക്കൂടുതല്‍ കാര്‍ഷിക കടം കിട്ടുന്നത്‌, സാധാരണക്കാരായ കര്‍ഷകര്‍ക്കല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ്‌. "ശീതീകരണശാലകള്‍ക്കും ശീതീകരണസംവിധാനങ്ങള്‍ക്കും ഇനിമുതല്‍ ബാഹ്യ കച്ചവട വായ്പകള്‍ (External Commercial Borrowings) ലഭ്യമായിരിക്കും". ഈ പ്രക്രിയയ്ക്ക്‌ ഗതിവേഗം നല്‍കാന്‍, "ബാഹ്യ കച്ചവട വായ്പാ" നയത്തിന്റെ കീഴില്‍ വരുന്ന അടിസ്ഥാനസൌകര്യങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മാറ്റിയെഴുതുമെന്നും' ബഡ്ജറ്റില്‍ പറയുന്നുണ്ട്‌. ചില മാറ്റങ്ങളൊക്കെ ഇതിനോടകം തന്നെ നടന്നുകഴിഞ്ഞിരിക്കുന്നു. 'കാര്‍ഷിക കടം' എന്ന പേരില്‍ വിതരണം ചെയ്യപ്പെട്ട വായ്പകളില്‍ പലതും 10 കോടി രൂപക്കും 25 കോടി രൂപക്കും മേലെയാണ്‌. ഈ ഭീമാകാരമായ വായ്പകളുടെ സംഖ്യ 2000-നും 2006-നും ഇടയ്ക്ക്‌ വര്‍ദ്ധിച്ചപ്പോള്‍, ഇതേ കാലയളവില്‍ വിതരണം ചെയ്യപ്പെട്ട 25,000 രൂപയില്‍ താഴെവരുന്ന കാര്‍ഷികകടങ്ങളുടെ എണ്ണം നേര്‍പകുതിയായി കുറയുകയാണ്‌ ചെയ്തത്‌ (ഇക്കോണമിക്ക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വ്യൂ, ഡിസംബര്‍ 2007ലെ ലേഖനം-Revival of Agricultural Credit in the 2000s-An  Explanation by R.Ramakumar & Pallavi Chavan) 25 കോടി രൂപ കാര്‍ഷിക കടം തരപ്പെടുത്തിയ ഏതെങ്കിലും സാധാരണക്കാരനെ ഈയടുത്തകാലത്തെങ്ങാനും നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഭക്ഷ്യധാന്യശേഖരണശാലകള്‍ക്ക് ആവശ്യമായ ശീതീകരണ യൂണിറ്റുകള്‍ക്കുള്ള കസ്റ്റംസ്‌ തീരുവയിളവും ചെറുകിട-ഇടത്തരം കര്‍ഷകരെ ഉദ്ദേശിച്ചിട്ടുള്ളതല്ല. പ്രഖ്യാപിക്കപ്പെട്ട 'സാങ്കേതികജ്ഞാനത്തിന്റെ പ്രയോഗവും' അവരെ സഹായിക്കാന്‍ പോകുന്നില്ല. 

രണ്ടായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും 'ആവശ്യമായ ബാങ്കിംഗ്‌ സൌകര്യങ്ങള്‍' സൃഷ്ടിക്കുമെന്ന്‌ ഈ ബഡ്ജറ്റ്‌ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും, 2001  മുതലിങ്ങോട്ട്‌, ഗ്രാമങ്ങളിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌, രാജ്യത്തിലെ ഷെഡ്യൂള്‍ഡ്‌ കമ്മേഴ്സ്യല്‍ ബാങ്കുകളുടെ ഗ്രാമീണ ശാഖകള്‍ നേര്‍പകുതിയായി കുറഞ്ഞുവരികതന്നെയാണ്‌. സ്വകാര്യ ബാങ്കിംഗ്‌ സേവകര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ഈ വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ശാഖകളൊക്കെത്തന്നെയും സ്വകാര്യ ബാങ്കുകളുടേതായിരിക്കുമെന്ന്‌ കാണാന്‍ ബുദ്ധിമുട്ടില്ല. അവര്‍ക്കാകട്ടെ, ഈ ചെറുകിട-ഇടത്തരം കര്‍ഷകരുടെ കാര്യത്തില്‍ തരിമ്പുപോലും താത്‌പര്യവുമില്ല എന്നതും ശ്രദ്ധേയമാണ്‌. ഒരുകാലത്ത്‌, ദേശസാല്‍കൃത ബാങ്കുകളെ നയിച്ചിരുന്ന സാമൂഹ്യപരമായ ഉത്തരവാദിത്ത്വത്തില്‍നിന്ന്‌ തീര്‍ത്തും സ്വതന്ത്രരുമാണ്‌ ഈ പുത്തന്‍ തലമുറ ബാങ്കുകള്‍. 'ഭക്ഷ്യോത്‌പാദന മേഖലക്ക്‌ ഉത്തേജനം നല്‍കുക' എന്നതും തത്തുല്ല്യമാണ്‌. വമ്പന്‍മാര്‍ക്ക്‌ കൂടുതല്‍ പണം. ആര്‍ക്കുവേണ്ടിയാണ്‌ ജനങ്ങളുടെ പണം ഉപയോഗിച്ച്‌ 'അതിവിശിഷ്ട സൌകര്യങ്ങള്‍' ചെയ്തുകൊടുക്കുക എന്ന്‌ നമുക്ക്‌ നന്നായറിയാം.

എന്നാല്‍, ഭക്ഷ്യധാന്യങ്ങളുടെ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക്‌ സഹായകരമായിട്ടുണ്ട്‌ എന്ന മട്ടില്‍ മാധ്യമങ്ങള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ഉയര്‍ത്തിക്കൊണ്ടുവരുന്ന അവകാശവാദമാണ്‌ ഇതിലൊക്കെയും വെച്ച്‌ ഏറ്റവും വലിയ അസംബന്ധം.  ഈ വിലവര്‍ദ്ധനവഴി ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ ബാക്കിയുള്ളവരെ രക്ഷിക്കുന്നു എന്ന മഹത്തായ കണ്ടുപിടുത്തവും തുല്യ അസംബന്ധമാണ്‌. അതും, ഉയര്‍ത്തിക്കാട്ടപ്പെട്ട 0.2 ശതമാനം വളര്‍ച്ചാ നിരക്കിലൂടെ!!

മിനിമം താങ്ങുവില (MSP) തീര്‍ച്ചയായും സമ്മര്‍ദ്ദം അല്‍പ്പം കുറച്ചിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. ചില ഉത്‌പന്നങ്ങളുടെ ആഗോളതലത്തിലുള്ള ഉയര്‍ന്ന വിലയും അല്‍പം സഹായകരമായിട്ടുണ്ട്‌. പക്ഷേ, ഉയര്‍ന്ന ഭക്ഷ്യവിലയിലൂടെ, മൊത്തവില്‍പ്പന നിരക്കുകളെപ്പോലും മറികടക്കുന്ന ചില്ലറവില്‍പ്പന നിരക്കുകളിലൂടെ, എങ്ങിനെയാണ്‌ കര്‍ഷകര്‍ക്ക്‌ ഗുണമുണ്ടാകാന്‍ പോകുന്നത്‌? കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ക്കു ലഭിക്കുന്ന വില, മൊത്തവ്യാപാരത്തേക്കാള്‍ എത്രയോ താഴ്ന്നതാണ്‌. മാത്രവുമല്ല, 70 ശതമാനം ഇന്ത്യന്‍ കര്‍ഷകരും, ഭക്ഷ്യധാന്യങ്ങളുടെ ഉപഭോക്താക്കളുമാണ്‌ (ഒരു ശരാശരി ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ  മാസവരുമാനത്തില്‍ 55-60 ശതമാനവും ഭക്ഷണത്തിനുവേണ്ടി ചിലവഴിക്കപ്പെടുകയും ചെയ്യുന്നു എന്ന്‌ ഓര്‍ക്കുക). ഭക്ഷണസാധനങ്ങളുടെ വിലനിലവാരം അവരെ തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. കാര്‍ഷികോത്‌പന്ന വ്യാപാരത്തിന് വമ്പന്മാരായ റീട്ടേയില്‍ വ്യാപാരികള്‍ക്ക്‌ പ്രവേശനം കൊടുത്തപ്പോള്‍ അതിനു പറഞ്ഞിരുന്ന ന്യായം ഓര്‍മ്മയുണ്ടോ? ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം നല്‍കുമെന്നായിരുന്നു ആ ന്യായം. എന്നിട്ടും ഈ റീട്ടേയില്‍ സ്ഥാപനങ്ങളില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ അധികവിലയായിരുന്നു. തെരുവിലെ കച്ചവടക്കാരനില്‍നിന്ന്‌ അതിനേക്കാള്‍ ന്യായവിലയ്ക്ക്‌ നിങ്ങള്‍ക്ക്‌ സാധനങ്ങള്‍ ലഭിക്കും. തെരുവോരങ്ങളില്‍ കുറഞ്ഞ വിലയ്ക്ക്‌ സാധനങ്ങള്‍ വില്‍ക്കുന്ന പാവപ്പെട്ട സാധുക്കളെയാണ്‌ ഇടനിലക്കാരെന്ന മട്ടില്‍ അവര്‍ ഞെരിച്ചമര്‍ത്തിയത്‌. കര്‍ഷകന്റെയും  പൊതുജനത്തിന്റെയും ഇടയിലുള്ള അവസാനത്തേതും ദുര്‍ബ്ബലവുമായ ഒരു ഇടനിലവര്‍ഗ്ഗം. പുതിയ ഇടനിലക്കാരാകട്ടെ കോട്ടും സൂട്ടും ധരിച്ചാണ്‌ വരുന്നത്‌.

"ഉയര്‍ന്ന വിലകൊണ്ട്‌ രക്ഷപ്പെട്ട കര്‍ഷകരുടെ' കൂട്ടത്തിന്‌ ഈ കണക്കുകളൊന്നും മനസ്സിലാകുന്നേയില്ല. 1991-ല്‍ വിദര്‍ഭയില്‍ ഒരു ഏക്കര്‍ പരുത്തി കൃഷി ചെയ്യാന്‍ അവര്‍ക്ക്‌ ചിലവിടേണ്ടിവന്നിരുന്നത്‌ 2500 രൂപയായിരുന്നു. 2006-2007-ല്‍ അത്‌ 13,500 രൂപയായി. ഇന്ന്‌ അത്‌ 18,000-നും 20,000-നും ഇടയിലെത്തിനില്‍ക്കുന്നു (കുടുംബാംഗങ്ങളുടെ അദ്ധ്വാനമടക്കമുള്ള ചിലവു കണക്കാക്കിയാല്‍). ഇതില്‍നിന്നുള്ള ലാഭമൊക്കെ വിത്തിന്റെയും വളത്തിന്റെയും കീടനാശിനിയുടെയും മേഖലയിലുള്ള കോര്‍പ്പറേറ്റുകള്‍ക്കാണ്‌ പോകുന്നത്‌. വര്‍ദ്ധിച്ചുവരുന്ന ഇത്തരം ചിലവുകളാണ്‌ കര്‍ഷകരെ പാപ്പരത്വത്തിലേക്കും, കടത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്നത്‌. വളത്തിനു കൊടുക്കുന്ന സബ്‌സിഡികളെക്കുറിച്ചും കൊട്ടിഘോഷിക്കാനൊന്നുമില്ല.

വായ്പകള്‍ കൃത്യസമയത്ത്‌ തിരിച്ചടക്കുന്നതിനു വേണ്ടി (ലക്ഷക്കണക്കിനു കര്‍ഷകരെ സംബന്ധിച്ച് ഇത് തീര്‍ത്തും അസാധ്യം തന്നെയാണ്) കര്‍ഷകര്‍ക്കു പ്രഖ്യാപിച്ച സമ്മാനം അധിക സബ്‌സിഡിയായി ഇത്തവണത്തെ ബഡ്ജറ്റില്‍ വേഷം മാറിവന്നിരിക്കുന്നു. 70,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ 2008-ലെ ആ പഴയ നടപടിയെ വാനംമുട്ടെ പുകഴ്ത്തുന്ന ശബ്ദമാണ്‌ ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്‌. ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രം വന്ന ആ നടപടിയെ ഈ വിധത്തില്‍ പുകഴ്ത്തുമ്പോള്‍ മറ്റൊന്ന്‌ നമ്മള്‍ കാണാതെ പോകരുത്‌. ഈ ഒരു ബഡ്ജറ്റില്‍ മാത്രം, കോര്‍പ്പറേറ്റുകള്‍ക്ക്‌ പ്രത്യക്ഷനികുതിയിനത്തില്‍ നല്‍കിയ ഇളവ്‌ 80,000 കോടിയാണ്. കഴിഞ്ഞ കൊല്ലം അത്‌ 66,000 കോടിയായിരുന്നു. അതിനുമുന്‍പത്തെ വര്‍ഷം 62,000 കോടിയും. 36 മാസത്തിനുള്ളില്‍ 62,000 കോടിരൂപ എഴുതിത്തള്ളി. ഈ പിടിച്ചുപറി പരിപാടി കഴിഞ്ഞ രണ്ടു ദശകങ്ങളായി നടന്നുവരുന്ന ഒന്നാണ്‌. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, 1991-മുതല്‍ക്കിങ്ങോട്ട്‌, കോര്‍പ്പറേറ്റ്‌ മേഖലക്ക്‌ പ്രത്യക്ഷനികുതിയിനത്തില്‍ മാത്രം കിട്ടിയ ഇളവ്‌, ഏകദേശം 15കാര്‍ഷിക വായ്പാ എഴുതിത്തള്ളലിനു തുല്യമായിരുന്നു. പിന്നെ വരുന്നത്‌, പരോക്ഷമായിട്ടുള്ളവയാണ്‌. ഈ വര്‍ഷത്തെ ബഡ്ജറ്റ്‌ എടുത്തുനോക്കാം. എക്സൈസ്‌ ഡ്യൂട്ടി ഇനത്തില്‍ നഷ്ടപ്പെടുത്തിയ വരുമാനം, 1,70,765 കോടി. കസ്റ്റംസ്‌ ഡ്യൂട്ട്‌ 2,49,021 കോടി. ഇതിനുപുറമെയാണ്‌ 80,000 കോടിയുടെ എഴുതിത്തള്ളല്‍. മൊത്തം നഷ്ടം, 500,000കോടി.

ബഡ്ജറ്റു വരുന്നതിനും ഏറെമുന്‍പുതന്നെ തുടങ്ങിയിരുന്നു, മാധ്യമങ്ങളുടെ ലജ്ജാശൂന്യമായ കോര്‍പ്പറേറ്റ്‌ വിധേയത്വം. എഴുത്തുകാരുടെയും, പാനലുകാരുടെയും, ചര്‍ച്ചക്കാരുടെയും, വിദഗ്ദ്ധരുടെയും (അവതാരകരുടെയും) വര്‍ഗ്ഗ-സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ വെളിവാക്കുന്ന വിശകലങ്ങള്‍ അസാമാന്യമായിരുന്നു. ബഡ്ജറ്റു സമയത്താണ്‌ മാധ്യമങ്ങള്‍ തങ്ങളുടെ ശരിയായ തൊഴിലുകളിലേര്‍പ്പെടുന്നത്‌. അധികാരികളുടെ ഗുമസ്തന്‍മാരാവുന്ന തൊഴില്‍.

തെരുവിലെ നിരക്ഷരരായ ആളുകളുടെ 'ജല്‍പന'ങ്ങളെ വിദഗ്ദ്ധരുടെ വിശകലങ്ങളെക്കൊണ്ട്‌ അവര്‍ ശരിയാക്കിയെടുക്കുന്നു. എന്നാല്‍, ഈ പാനലുകളില്‍, നിസ്സംശയമായും ചിലപ്പോള്‍ ചില വിമതന്‍മാര്‍ ഉണ്ടാവുകതന്നെ ചെയ്യും. ഈ വിമതന്‍മാരെ ഒരു പരിഹാസച്ചിരിയോടെയാണ്‌  അവതാരകര്‍ നേരിടുക. "ഇതാ, ഇവിടെ ഒരു വിഡ്ഢി തന്റെ ഇടതുപക്ഷ മതിഭ്രമവുമായി ഇരിക്കുന്നു. ഗൌരവമേറിയ ഇത്തരം ചര്‍ച്ചയില്‍ ഇടയ്ക്ക്‌ വല്ലപ്പോഴും ഇത്തരക്കാര്‍ നമുക്ക്‌ ഒരു ആശ്വാസമാണ്‌" എന്നാണ്‌ ആ ചിരിയുടെ അര്‍ത്ഥം.

സംശയിക്കേണ്ട, ലോകത്തെ പിടിച്ചുകുലുക്കിയ 2008-ലെ പ്രതിസന്ധിയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കിയത്‌ - ശരിയെന്നു പിന്നീട്‌ തെളിഞ്ഞ മുന്നറിയിപ്പ്‌- മതിഭ്രമം വന്ന ഈ വിമതന്മാര്‍ തന്നെയാണ്‌. ആ പ്രതിസന്ധിയെക്കുറിച്ച്‌ ഒരു ചെറിയ പ്രവചനം നടത്താന്‍ പോലും ഇന്നത്തെ വിദഗ്ദ്ധന്‍മാര്‍ക്ക്‌ കഴിഞ്ഞതുമില്ല. സുവര്‍ണ്ണയുഗം സമാഗതമായി എന്ന്‌ അവര്‍ പ്രഖ്യാപിച്ചപ്പോഴാണ്‌ അശനിപാതം പോലെ ആ പ്രതിസന്ധി വന്നത്‌. എന്നിട്ടും അവരുടെ യോഗ്യതയെക്കുറിച്ച്‌ ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല. വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരും അവരുടെ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായിരുന്നു ആ വിദഗ്ദ്ധരില്‍ പലരും. എന്നാലും, തൊണ്ട തൊടാതെ എന്തും വിഴുങ്ങുന്ന മാധ്യമപ്രവര്‍ത്തകരേക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ഈ വിദഗ്ദ്ധര്‍ എന്നു സമ്മതിക്കാതെ വയ്യ. ഒന്നുമില്ലെങ്കിലും അവര്‍ അവരെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്തു. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ധനികര്‍ക്കുവേണ്ടി, ആ ധനികവര്‍ഗ്ഗത്തിന്റെ എതിരാളികള്‍ക്കെതിരെ അവര്‍ ശക്തമായി പോരാടി എന്നുതന്നെ പറയാം.

"സര്‍ക്കാരേതര മേഖലയിലേയ്ക്ക്‌" ചുവടു മാറുന്ന "സാമ്പത്തിക പ്രവര്‍ത്തനത്തിന്‌ ഊന്നല്‍ നല്‍കുക" എന്ന ലോക ബാങ്കിന്റെ ആ കാലഹരണപ്പെട്ട പുലമ്പല്‍, മുഖര്‍ജിയുടെ ബഡ്ജറ്റ്‌ പ്രസംഗത്തില്‍ ഇടയ്ക്കിടയ്ക്ക്‌ തലപൊക്കുന്നുണ്ടായിരുന്നു. "കാര്യക്കാര്‍ എന്ന നിലയ്ക്കുള്ള സര്‍ക്കാരിന്റെ പങ്കും" പ്രസംഗത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. (സ്വകാര്യ കോര്‍പ്പറേഷനുകളും ഫുട്ബോള്‍ ക്ളബ്ബുകളുമൊക്കെ സര്‍ക്കാരേതര നടന്‍മാര്‍ തന്നെയാണെന്നത്‌ തത്ക്കാലം നമുക്ക്‌ മറക്കാം). കാര്യക്കാരനായ ഒരു സര്‍ക്കാര്‍ അതിന്റെ പ്രജകള്‍ക്ക്‌, അവര്‍ക്കാവശ്യമുള്ളതെല്ലാം ഒരിക്കലും നേരിട്ടു കൊടുക്കാന്‍ ശ്രമിക്കില്ല. അതിനുപകരം, അത്‌ ചെയ്യുന്നത്‌, കാര്യനിര്‍വ്വഹണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്‌. ശ്രീ മുഖര്‍ജിയുടെ പ്രസംഗവും അതുതന്നെയാണ്‌ ചെയ്യുന്നത്‌. ജനത്തിന്റെ സമ്പത്ത്‌ കയ്യടക്കി ലാഭം ഇരട്ടിപ്പിക്കാന്‍ അത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നു. ഈ ഭൂഗോളത്തിലെത്തന്നെ ഒരുപക്ഷേ ഏറ്റവും ദുഷിച്ച പരാന്നഭോജികളെയാണ്‌ ഈ ബഡ്‌ജറ്റ് ശാക്തീകരിക്കുന്നത്.
കുറിപ്പ്: ലേഖനത്തിന്റെ പരിഭാഷയില്‍ ചില്ലറ ചെറിയ സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ട്‌.

8 comments:

Rajeeve Chelanat said...

വീണ്ടുമൊരു കര്‍ഷക സൌഹൃദ ബഡ്‌ജറ്റ് - പി.സായ്‌നാഥിന്റെ ലേഖനം

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്ന് വായിച്ച് ഇത് കോട്ട് ചെയ്തിട്ട് പോയി;

"ബഡ്ജറ്റു സമയത്താണ്‌ മാധ്യമങ്ങള്‍ തങ്ങളുടെ ശരിയായ തൊഴിലുകളിലേര്‍പ്പെടുന്നത്‌. അധികാരികളുടെ ഗുമസ്തന്‍മാരാവുന്ന തൊഴില്‍."

അനില്‍@ബ്ലോഗ് // anil said...

വളരെ നന്ദി രാജീവ്.

സുജനിക said...

ഇതിന്നുള്ള ഉത്തരമാണ് ഐസക്കിന്റെ ഹരിത ബഡ്ജറ്റ്. കേരളാ ബഡ്ജറ്റ് തികച്ചും ജനപക്ഷം.

സുജനിക said...

ഇതിന്നുള്ള ഉത്തരമാണ് ഐസക്കിന്റെ ഹരിത ബഡ്ജറ്റ്. കേരളാ ബഡ്ജറ്റ് തികച്ചും ജനപക്ഷം.

അനിയന്‍കുട്ടി | aniyankutti said...

ഒരിക്കലെന്റെ ഒരു സുഹൃത്ത്‌ ചോദിച്ചു. എവിടെയാടാ ദിവസം 20 രൂപയില്‍ താഴെ വരുമാനമുള്ള 70 ശതമാനം ഇന്ത്യക്കാര്‍ എന്ന്. ചെന്നൈ നഗരത്തിന്റെ വിശാലതയില്‍ ആ ചോദ്യം അര്‍ത്ഥവത്തായിരുന്നിരിക്കാം. എന്നാല്‍ ഒരിക്കല്‍ അവിടെ നിന്ന തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ മധുരക്കടുത്ത് വെച്ച് ട്രെയിന്‍ പിടിച്ചിട്ടപ്പോള്‍, ഒരു കര്‍ഷകകുടുംബം അടുത്തുണ്ടായിരുന്ന പാടത്തെ വരമ്പിലൂടെ എവിടേക്കോ യാത്ര പോവുന്നതു കണ്ടു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ഞളുങ്ങിക്കേടായ കുറച്ചു പാത്രങ്ങളും അവരുടെ കയ്യിലുണ്ടായിരുന്നു. കൂട്ടത്തിലെ ചെറിയ കുട്ടിയുടെ തലയില്‍ കരുണാനിധി കൊടുത്ത ടിവിയുടെ കാര്‍ട്ടനും... ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചയായിരുന്നു അത്.

Deepu said...

നന്ദി രാജീവ്, ഇതാരെങ്കിലും ഒരു വിവര്‍ത്തനം ചെയ്തു കിട്ടിയെങ്കില്‍ എന്ന് കുറച്ചു ദിവസമായിട്ടു വിചാരിക്കുന്നു..

ഒരു ചെറീ തിരുത്ത് .. വളര്‍ച്ചാ നിരക്ക് 0.2 ശതമാനം അല്ല നെഗറ്റീവ് 0.2 ശതമാനം ആണു (And doing that on a projected growth of minus 0.2 per cent)

sunilraj said...

നന്ദി രാജീവ്