Thursday, January 20, 2011

ഡെമോഗ്രാഫി വെറും ഒരു പദമല്ല

മേജർ ജനറൽ ദാഹി ഖൽഫാൻ തമീം യു.എ.ഇ.യിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ എന്ന നിലക്കു മാത്രമല്ല ശ്രദ്ധയാകർഷിച്ചിട്ടുള്ളത്‌. സത്യസന്ധവും വിമർശനാത്മകവുമായി സർക്കാർ നയങ്ങളെ വിലയിരുത്താനും, പ്രതിസന്ധികളിൽ സർക്കാരിന്റെ കൂടെ നിൽക്കാനും, തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാനുമൊക്കെയുള്ള ചങ്കൂറ്റം എന്നും അദ്ദേഹം കാണിച്ചിട്ടുണ്ട്‌. ദുബായ്‌ സർക്കാരിന്റെ ഋണബാധ്യതയെക്കുറിച്ച്‌ സംസാരിക്കേണ്ടിവന്നപ്പോഴും,ചെച്നിയൻ കമാണ്ടർ യമാദേവ്‌ കൊല്ലപ്പെട്ടപ്പോഴും, ഹമാസ്‌ നേതാവ്‌ മഹമ്മൂദ്‌ കൊല്ലപ്പെട്ടപ്പോഴുമൊക്കെ നമ്മൾ അത്‌ കണ്ടതാണ്‌. ഫെഡറൽ നാഷണൽ ക്ൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടപ്പോൾ ഇത്രനാളും സർക്കാരിനെ വിശ്വസ്തതയോടെ സേവിക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത തനിക്ക്‌ അതിനു മനസ്സില്ലെന്ന്‌ പരസ്യമായും പറയാൻ ധൈര്യം കാണിച്ച വ്യക്തിയാണ്‌ മേജർ ജനറൽ.

യു.എ.ഇ.യിലെ ഡെമോഗ്രാഫിയെക്കുറിച്ച്‌ ഈയ്യിടെയായി അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും അദ്ദേഹത്തെപ്പോലൊരു വ്യക്തിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്‌. ശിവസേനയടക്കമുള്ള തീവ്രവലതുപക്ഷ പ്രാദേശികകവാദക്കാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളാണ്‌ നിർഭാഗ്യകരമെന്നു പറയട്ടെ, അദ്ദേഹത്തിൽനിന്ന്‌ ഉണ്ടാകുന്നത്‌. ഇന്ന്‌ അത്‌ വീണ്ടും അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലമാകട്ടെ പതിന്മടങ്ങ്‌ നിർഭാഗ്യകരവും.

ദുബായ്‌  മോഡേൺ ഹൈസ്കൂളിൽ പഠിക്കുന്ന വെറും നാലുവയസ്സു മാത്രമുള്ള ഒരു പിഞ്ചുബാലികയെ സ്കൂൾബസ്സിൽ വെച്ച്‌, ഡ്രൈവറും കണ്ടക്ടറുമടക്കം മൂന്നുപേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ മുൻനിർത്തിയാണ്‌ ഇന്ന്‌ അദ്ദേഹം പ്രവാസികൾക്കെതിരെ വാക്മുന പ്രയോഗിച്ചിരിക്കുന്നത്‌.

വിദേശികളുടെ വ്യാപകമായ കടന്നുകയറ്റം കൊണ്ട്‌ ഈ രാജ്യത്തെ ജനസംഖ്യാ അനുപാതത്തിൽ വന്ന വ്യതിയാനത്തിന്റെ ദൂഷ്യഫലമാണ്‌ ഇത്തരം സംഭവങ്ങളെന്നും, തങ്ങളുടെ സമൂഹത്തിൽ ഇതിനുമുൻപൊരിക്കലും ഇത്തരത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

യു.എ.ഇ.യുടെ വളർച്ചയിൽ ഇവിടുത്ത വിദേശികൾ വഹിച്ച പങ്കിനെക്കുറിച്ച്‌ ശ്രീ ദാഹി ഖൽഫാന്‌ അറിയാത്തതല്ല. ബി.ബി.സിക്കുള്ള അഭിമുഖത്തിലും ഒരിക്കൽ അതദ്ദേഹം തുറന്നുസമ്മതിച്ചിട്ടുള്ളതുമാണ്‌. ആ പങ്ക്‌ ഒരിക്കലും ഏകപക്ഷീയവുമായിരുന്നില്ല. ഈ രാജ്യത്തിന്റെ വളർച്ചക്ക്‌ വിദേശികളെ അവർക്ക്‌ ആവശ്യമായിരുന്നു. തൊഴിലില്ലാത്ത നാട്ടിലെ അവസ്ഥയിൽനിന്നുള്ള മോചനം വിദേശികൾക്കും ഒരുപോലെ ആവശ്യമായിരുന്നു.

ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള ബഹുഭൂരിപക്ഷം വിദേശികളും ഇവിടുത്തെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്‌. മറ്റേതൊരു അറബ്‌ നാട്ടിലും ഇല്ലാത്തവിധം സ്വതന്ത്രവും, അവകാശങ്ങളും ഇവിടെയുണ്ടെന്ന്‌ തിരിച്ചറിയുകയും അതിന്റെ മഹത്ത്വം ബോധ്യമുള്ളവരുമാണവർ. ചൂഷണങ്ങളും പരിഷ്ക്കരിക്കപ്പെടേണ്ട വ്യവസ്ഥിതികളും നീതിനിയമസംഹിതകളുമൊക്കെ മറ്റേതൊരു രാജ്യത്തുമെന്നതുപോലെ ഇവിടെയുമുണ്ടായിരിക്കാം. എന്നാലും ആ ദൌർബ്ബല്യങ്ങളെയൊക്കെ അതിജീവിക്കുന്ന ഒന്നാണ്‌ യു.എ.ഇ.യിൽ തങ്ങൾ അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ ശുദ്ധവായു എന്ന തിരിച്ചറിവുള്ളവരാണ്‌ മഹാഭൂരിപക്ഷം വരുന്ന വിദേശികളും.

മേജർ ജനറലിന്റെ അഭിപ്രായങ്ങൾ ഒരുപക്ഷേ സർക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ മാത്രമായിരിക്കാം. അങ്ങിനെത്തന്നെയായിരിക്കട്ടെ. എങ്കിലും, പ്രത്യക്ഷത്തിൽ അത്‌, ഇവിടെ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന വിദേശികളെക്കുറിച്ചുള്ളതും, അവരെ അഭിസംബോധന ചെയ്യുന്നതുമായ ഒരു അഭിപ്രായപ്രകടനമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടാൻ അധികവും സാധ്യത. വിദേശികളെ സംബന്ധിച്ചിടത്തോളം അത്‌ അപമാനകരമായി തോന്നിയാൽ, അതിനവരെ കുറ്റം പറയാനും ആവില്ല.

അവർക്കിടയിലും ചില പുഴുക്കുത്തുകൾ ഉണ്ടാവുന്നത്‌ സ്വാഭാവികമാണെന്ന്‌ ദാഹി ഖൽഫാൻ മനസ്സിലാക്കണം.. ഇവിടുത്തെ നിയമം അനുവദിച്ചിരുന്നെങ്കിൽ, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവർക്കുമേൽ എത്ര പ്രാകൃതമായ ജനകീയവിധിയും നടപ്പിലാക്കാൻ, വിദേശികൾക്ക്‌ (പ്രത്യേകിച്ചും, ഇന്ത്യക്കാർക്ക്‌, പിന്നെയും പ്രത്യേകിച്ച്‌ മലയാളികൾക്ക്‌)സന്തോഷമേയുണ്ടാകൂ എന്നും മേജർ ജനറൽ മനസ്സിലാക്കണം.

യു.എ.യിലെ ഡെമൊഗ്രാഫി എങ്ങിനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്‌. ആ ഡെമോഗ്രാഫിയിൽ വ്യത്യാസങ്ങൾ വന്നതിന്റെ ഉത്തരവാദിത്ത്വം വിദേശികളിൽ കെട്ടിവെക്കുന്നതിന്റെ യുക്തി മാത്രം മനസ്സിലാകുന്നില്ല. ഇവിടുത്തെ ഭരണാധികാരികളുടെ അറിവോടെയും അനുവാദത്തോടെയും നിയമാനുസൃതം വന്നവരാണ്‌ ഇവിടെയുള്ളവരിലധികവും. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സങ്കീർണ്ണവും ഭീമവുമായ കമ്പോളവുമാണ്‌ ഇന്ന്‌ ഇവിടെയുള്ളത്‌. അതിനെയൊക്കെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുകയോ, അഥവാ തദ്ദേശീയവത്ക്കരിക്കുകയോ ചെയ്യുന്നത്‌, എന്തായാലും ഈ രാജ്യത്തിന്‌ അനുഗുണമായിരിക്കില്ല. സാവധാനം നടത്തേണ്ട ഒരു പ്രക്രിയയയാണത്‌. അതിൽ യു.എ.ഇ. എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന്‌ സ്വയം ഒന്ന്‌ പരിശോധിക്കുന്നതും നന്നായിരിക്കും.

വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും, ആസൂത്രിതമായിത്തന്നെ, തദ്ദേശീയരുടെ ഒരു തലമുറയെ വളർത്തിയെടുക്കുക, അവർക്കാവശ്യമായ തൊഴിൽ അവസരങ്ങൾ നിർമ്മിച്ചെടുക്കുക, എന്നിങ്ങനെ ഒരു രാജ്യത്തിന്റെ സ്വാശ്രയ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ പല മേഖലകളുണ്ട്‌. തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ തദ്ദേശീയരുടെ പ്രാതിനിധ്യം ഇനിയും വളരേണ്ടതുണ്ടെന്നാണ്‌ യു.എ.ഇ.യിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 56 ശതമാനം തദ്ദേശീയർ മാത്രമാണ്‌ ഇപ്പോഴും തൊഴിലെടുക്കുന്നത്‌. തൊഴിലില്ലായ്മാ നിരക്കാകട്ടെ 31 ശതമാനവും. ഐക്യരാഷ്ട്രസഭയുടെ (UNPG-United Nations Programme for Governance)അറബ്‌ മേഖലയിലെ 2005-നെ അടിസ്ഥാനപ്പെടുത്തിയ കണക്കുകൾ പ്രകാരം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, അധിനിവേശ പലസ്തീന്റെയും ലിബിയയുടെയും പോലും പിന്നിലാണ് യു.എ.ഇ.യുടെ സ്ഥാനം (ദശാംശം 79 എന്ന റേറ്റിംഗോടെ). 2009-ൽ 7.9 ബില്ല്യൺ ദിർഹമായിരുന്നു വിദ്യാഭ്യാസമേഖലക്കുവേണ്ടി യു.എ.ഇ. നീക്കിവെച്ചത്‌. എന്നിട്ടും സ്ഥിതി അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല എന്ന്‌ 2007-ലാണ്‌ ദുബായ്‌ ഭരണാധികാരിയും യു.എ.ഇ. വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ്‌ മുഹമ്മദ്‌ ഒരു നയപ്രഖ്യാപനവേളയിൽ ചൂണ്ടിക്കാട്ടിയത്‌. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, യു.എ.ഇ. തികഞ്ഞ പ്രതിജ്ഞാബദ്ധത കാണിക്കുന്നുണ്ടെന്നത്‌ നിസ്തർക്കമാണെങ്കിലും പല കാരണങ്ങളാലും ഇനിയും അതെല്ലാം കൂടുതൽ ഫലവത്താകേണ്ടിയിരിക്കുന്നു. ശ്രീ. ദാഹി ഖൽഫാനും ഇതെല്ലാം പല അവസരങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്‌.

യു.എ.ഇ.യുടെ സാംസ്ക്കാരികമൂല്യങ്ങളെ അതിന്റെ ഡെമൊഗ്രാഫിയിൽ വന്ന വ്യതിയാനങ്ങൾ ദോഷകരമായി ബാധിച്ചു എന്ന വാദം പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്‌. മാത്രമല്ല, ആ ദോഷത്തിന്റെ മുഖ്യ ഉത്തരവാദികൾ ഇവിടെ പണിയെടുക്കുന്ന, അവിവാഹിതരും, കുടുംബത്തെ കൂടെ താമസിപ്പിക്കാൻ കഴിവില്ലാത്തവരുമായ ആളുകളാണെന്ന വാദവും ഉയരുന്നുണ്ട്. ഇത് കൂടുതൽ അപകടകരമാണ്‌. ഈ വാദത്തിൽ വിശ്വസിക്കുന്നവർ ആദ്യം ചെയ്യേണ്ടത്‌, ഒന്നുകിൽ ഇത്തരം തൊഴിലാളികളെ (ബാച്ചിലേഴ്സ്‌ എന്ന പൊതുസംജ്ഞയിൽ അറിയപ്പെടുന്ന ഏകാകികൾ) ഇവിടേക്കു വരുന്നതിൽ നിന്ന്‌ വിലക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ കുടുംബത്തോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുകയോ അല്ലേ? അതിനു പകരം, അവരെ അയിത്തതിന്റെയും അസ്പൃശ്യതയുടെയും മനോഭാവത്തോടെ കാണുന്നത്‌ എത്രകണ്ട്‌ ശരിയാണ്‌? ഈ പറയുന്ന ബാച്ചിലേഴ്സ്‌ വിഭാഗത്തിലും (അവരിൽ നല്ലൊരു ശതമാനവും താഴേക്കിടയിലുള്ള തൊഴിലാളികളുമാണ്‌) ഇവിടുത്തെ മദ്ധ്യവർഗ്ഗക്കാരെപ്പോലെ ഇവിടുത്തെ നിയമങ്ങളെയുമാചാരങ്ങളെയും അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌ മഹാഭൂരിപക്ഷവും.

ഏതൊരു വിഭാഗത്തിലുമെന്നപോലെ, അവരിലും, ചെറിയ കുറ്റവാളികളും, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പോലുള്ള മാപ്പർഹിക്കാത്ത കുറ്റവാളികളുമൊക്കെ ഉണ്ടാകാം. അതിനെ നിയമപരമായി നേരിടുകയാണ്‌, അതല്ലാതെ, നിയമാനുസൃതം ഇവിടെ വന്ന്‌, തൊഴിലെടുത്ത്‌ ജീവിക്കുന്നവരെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയല്ല വേണ്ടത്‌.

ലോകത്തിന്റെ മറുഭാഗങ്ങളിൽനിന്നെത്തുന്ന ദേശാടനപക്ഷികൾപോലും, ഇവിടുത്തെ തനത്‌ പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നു എന്നുവരെ ഈയിടെയായി ചില തദ്ദേശീയ വിദഗ്ദ്ധരിൽനിന്നു കേട്ടുതുടങ്ങിയിട്ടുണ്ട്‌. മൊത്തം ജനസംഖ്യയിൽ വെറും ഇരുപത്‌ ശതമാനമായി ഒതുങ്ങിയിട്ടും, വിദേശികളോട്‌ കഴിഞ്ഞ നാലു ദശകങ്ങളെങ്കിലുമായി നിസ്സീമമായ സഹിഷ്ണുത പ്രകടിപ്പിച്ചുവരുന്ന തദ്ദേശീയരാണ്‌ ഇവിടെയുള്ളത്‌. അവരുടെ ഇടയിൽനിന്നുതന്നെയാണ്‌ ഇത്തരം കണ്ടെത്തലുകളും നിരീക്ഷണങ്ങളും മറ്റും വരുന്നത്‌ എന്നുകൂടി ഓർക്കണം.ക്തുകവാർത്തകളുടെ കൂട്ടത്തിൽ ചേർക്കാമെങ്കിലും, കേൾക്കാനോ, ഉൾക്കൊള്ളാനോ ഒട്ടും സുഖം തോന്നാത്ത അയുക്തികളാണ്‌ ഇതൊക്കെ.

അത്തരം അയുക്തികളും, വാചാകക്കസർത്തുകളും, ദാഹി ഖൽഫാൻ തമീമിനെപ്പോലുള്ള കഴിവുറ്റവരും പക്വതയുള്ളവരുമായ ഭരണാധികാരികളിൽനിന്ന്‌ ഒരിക്കലും വന്നുകൂടാത്തതാണ്‌.

കാരണം,  വെറുമൊരു ഉന്നതപോലീസുദ്യോഗസ്ഥൻ മാത്രമല്ല ശ്രീ ദാഹി ഖൽഫാൻ തമീം. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭരണാധികാരിയാണ്‌. അതുകൊണ്ടുതന്നെ, അദ്ദേഹം എന്തെങ്കിലും പറയുമ്പോൾ അത്‌, ഐക്യ അറബി നാടിന്റെ ശബ്ദമായിത്തന്നെയാണ്‌ സമൂഹത്തിന്റെ പൊതുധാരയിൽ അടയാളപ്പെടുക. 

8 comments:

Rajeeve Chelanat said...

ഡെമോഗ്രാഫി വെറും ഒരു പദമല്ല

chithrakaran:ചിത്രകാരന്‍ said...

സ്വന്തം ജനതയോട് പ്രതിബദ്ധതയുള്ള ഭരണാധികാരികള്‍
അങ്ങനെയാണ്. സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്ത വ്യവസായിക്ക് വേഗം രാജ്യം വിടാന്‍ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെപ്പോലെ തന്തയില്ലാത്തവരല്ല തങ്ങളെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത് ആദരവോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പട്ടി കടിച്ചാല്‍ ആ പട്ടിയുടെ പല്ല് നീക്കം ചെയ്താല്‍ പോരേ ? പട്ടിയെ കല്ലെറിയുന്നത് വിവരക്കേടല്ലേ ??
എന്നൊക്കെ പറയുന്നതിലുള്ള ഒരു യുക്തി ഹീനത :)
വിദേശത്ത് തൊഴില്‍ തെണ്ടേണ്ടിവരുന്ന ഇന്ത്യക്കാരന്റെ അടിമബോധത്തിന്റെ പ്രശ്നങ്ങളാണിത്.

nalan::നളന്‍ said...

പേട്രിയോട്ടിസം എന്നത് ഒരു ഫ്യൂഡല്‍ കാഴ്ചപ്പാടാണു രാജീവേ, അധികാരത്തിന്റെ സംരക്ഷണത്തിനു ബലിയാടുകളെ കണ്ടെത്താന്‍ ഉള്ളൊരു തന്ത്രം. അതിനു മനുഷ്യനെ ഭൂമിയുടേയും ജാതിയുടേയുമൊക്കെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണുക എന്നതാണു പ്രായോഗികത എന്നു അധികാരം കൈയ്യാളിയ ഭരണാധികാരികളും ബ്രാഹ്മണരും ഒക്കെ തിരിച്ചറിഞ്ഞു എന്നതാണു ചരിത്രം.

ജന്മനാ കിട്ടുന്നതാണു.. ജനാധിപത്യമോ പുരോഗമനമോ കൊണ്ടു തൂത്താല്‍ പോകില്ല.

അനില്‍ഫില്‍ (തോമാ) said...

ഒരു സിഖ് കാരന്‍ ഇന്ദിരയെ വെടിവെച്ചു കൊന്നപ്പോള്‍ സിഖ് സമൂഹത്തെ ആകെ ഉന്മൂലനം ചെയ്യാന്‍ ദില്ലി തെരു വീഥികളില്‍ ആയുധവും എടുത്തിറങ്ങിയ കോണ്ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ നാട്ടുകാരനായ ഭാരതീയ സഹോദരാ ബിന്‍ തമീം നടത്തിയ അഭിപ്രായ പ്രകടനത്തിനോട് ഇത്രയും അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ താങ്കള്‍ക്ക് എന്തവകാശം ?

Anonymous said...

അല്ല അവിടെ നിയമ വിരുദ്ധമായി കുടിയേറിയാല്‍ പോരെ, രേഷന്‍ കാര്‍ഡും സബ്സിഡിയുമൊക്കെ കിട്ടില്ലേ...

ഹഹഹ... അതിലൊക്കെ അഭിമാനിക്കാന്‍ അവിടെ ചന്ത്രക്കാരന്മാരു റൊബിമാരും ചേലനാട്ടുകാരും ഒന്നും ഇല്ലല്ലോ..

മുംബയില്‍ സഖികെട്ടു വല്ലതു വിളിച്ചു പറയുന്ന ശിവസേനക്കാരന്‍ ഫാസിസ്റ്റ് എന്നാല്‍ ശ്രീ ദാഹി ഖൽഫാൻ തമീം വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭരണാധികാരിയാണു പോലും...

കാവ്യനീതി.....

Rajeeve Chelanat said...

ചിത്രകാരന്‍,

വിദേശത്ത് തൊഴില്‍ തെണ്ടേണ്ടി വരുന്നത്, ഇന്ത്യക്കാരന്റെ അടിമബോധം മൂലമാണെന്ന താങ്കളുടെ 'കണ്ടുപിടുത്ത'ത്തില്‍ അടങ്ങിയിരിക്കുന്ന 'സവര്‍ണ്ണബോധം' ഗംഭീരം തന്നെ. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ദാഹി ഖല്‍ഫാന്റെ പ്രസ്താവനകള്‍ നിര്‍ദ്ദോഷമാണെന്നും പറയേണ്ടിവരും.

നളന്‍,

താങ്കളുടെ അഭിപ്രായങ്ങളോട് നൂറു സതമാനവും യോജിക്കുന്നു. എങ്കിലും, ഈ പോസ്റ്റിനുള്ള കമന്റ് തന്നെയാണോ എഴുതിയിരിക്കുന്നത്?

അനില്‍ഫില്‍,

സജ്ജന്‍കുമാറിന്റെ നാട്ടുകാരനാണെന്ന കുറ്റമല്ലേ ഈ ഭാരതീയ സഹോദരനുള്ളു? അയാളുടെ അഭിപ്രായങ്ങളോടും പ്രവൃത്തികളോടും അനുഭാവമൊന്നും ഞാന്‍ പ്രകടിപ്പിച്ചതായി കണ്ടിട്ടില്ലല്ലോ?

അനോണീ,

അങ്ങയുടെ ചൊരുക്ക് മാറ്റാനുള്ള കമന്റും മരുന്നും തത്ക്കാലം എന്റെ കയ്യിലില്ല. ക്ഷമി.

അഭിവാദ്യങ്ങളോടെ

Anonymous said...

നിങ്ങളുടെ ഈ പോസ്റ്റില്‍ ഏറ്റവും മുഴച്ചു നില്‍ക്കുന്നത്‌ യു.എ. യിലെ നിയമവ്യവസ്ഥയോടുള്ള അതീവഭയം മൂലം, ഉന്നത പോലീസുദ്യോഗസ്ഥനെക്കുറിച്ചു പറയുമ്പോഴൊക്കെ അപദാനങ്ങള്‍ പറഞ്ഞു പുകഴ്ത്തുന്ന ഒരു ഭീരുവിന്റെ മനസ്സാണ്. നിങ്ങള്ക്ക് പറ്റിയത് അവിടെയിരുന്ന് നാട്ടിലേക്ക് ദിര്‍ഹംസ് അയച്ചു കേരളത്തിലെ സഖാക്കള്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പണിയാണ്. ഭീരുവായ ബുദ്ധിമാന്‍ രാക്ഷ്ട്രീയം പറയാന്‍ യോഗ്യനല്ല സഖാവേ!

vimarshakan said...

ഇതു പോലെത്തെ അനൊണി ചെറ്റകൾ മറുപടി അർഹിക്കുന്നില്ല, നീ അരാണു എന്നു നിന്റെ ആദ്യത്തെ കമന്റിൽ നിന്നും തന്നെ വെയ്ക്തമായി