Showing posts with label യു.എ.ഇ.. Show all posts
Showing posts with label യു.എ.ഇ.. Show all posts

Thursday, January 20, 2011

ഡെമോഗ്രാഫി വെറും ഒരു പദമല്ല

മേജർ ജനറൽ ദാഹി ഖൽഫാൻ തമീം യു.എ.ഇ.യിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ എന്ന നിലക്കു മാത്രമല്ല ശ്രദ്ധയാകർഷിച്ചിട്ടുള്ളത്‌. സത്യസന്ധവും വിമർശനാത്മകവുമായി സർക്കാർ നയങ്ങളെ വിലയിരുത്താനും, പ്രതിസന്ധികളിൽ സർക്കാരിന്റെ കൂടെ നിൽക്കാനും, തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാനുമൊക്കെയുള്ള ചങ്കൂറ്റം എന്നും അദ്ദേഹം കാണിച്ചിട്ടുണ്ട്‌. ദുബായ്‌ സർക്കാരിന്റെ ഋണബാധ്യതയെക്കുറിച്ച്‌ സംസാരിക്കേണ്ടിവന്നപ്പോഴും,ചെച്നിയൻ കമാണ്ടർ യമാദേവ്‌ കൊല്ലപ്പെട്ടപ്പോഴും, ഹമാസ്‌ നേതാവ്‌ മഹമ്മൂദ്‌ കൊല്ലപ്പെട്ടപ്പോഴുമൊക്കെ നമ്മൾ അത്‌ കണ്ടതാണ്‌. ഫെഡറൽ നാഷണൽ ക്ൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടപ്പോൾ ഇത്രനാളും സർക്കാരിനെ വിശ്വസ്തതയോടെ സേവിക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത തനിക്ക്‌ അതിനു മനസ്സില്ലെന്ന്‌ പരസ്യമായും പറയാൻ ധൈര്യം കാണിച്ച വ്യക്തിയാണ്‌ മേജർ ജനറൽ.

യു.എ.ഇ.യിലെ ഡെമോഗ്രാഫിയെക്കുറിച്ച്‌ ഈയ്യിടെയായി അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും അദ്ദേഹത്തെപ്പോലൊരു വ്യക്തിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്‌. ശിവസേനയടക്കമുള്ള തീവ്രവലതുപക്ഷ പ്രാദേശികകവാദക്കാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകളാണ്‌ നിർഭാഗ്യകരമെന്നു പറയട്ടെ, അദ്ദേഹത്തിൽനിന്ന്‌ ഉണ്ടാകുന്നത്‌. ഇന്ന്‌ അത്‌ വീണ്ടും അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലമാകട്ടെ പതിന്മടങ്ങ്‌ നിർഭാഗ്യകരവും.

ദുബായ്‌  മോഡേൺ ഹൈസ്കൂളിൽ പഠിക്കുന്ന വെറും നാലുവയസ്സു മാത്രമുള്ള ഒരു പിഞ്ചുബാലികയെ സ്കൂൾബസ്സിൽ വെച്ച്‌, ഡ്രൈവറും കണ്ടക്ടറുമടക്കം മൂന്നുപേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ മുൻനിർത്തിയാണ്‌ ഇന്ന്‌ അദ്ദേഹം പ്രവാസികൾക്കെതിരെ വാക്മുന പ്രയോഗിച്ചിരിക്കുന്നത്‌.

വിദേശികളുടെ വ്യാപകമായ കടന്നുകയറ്റം കൊണ്ട്‌ ഈ രാജ്യത്തെ ജനസംഖ്യാ അനുപാതത്തിൽ വന്ന വ്യതിയാനത്തിന്റെ ദൂഷ്യഫലമാണ്‌ ഇത്തരം സംഭവങ്ങളെന്നും, തങ്ങളുടെ സമൂഹത്തിൽ ഇതിനുമുൻപൊരിക്കലും ഇത്തരത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

യു.എ.ഇ.യുടെ വളർച്ചയിൽ ഇവിടുത്ത വിദേശികൾ വഹിച്ച പങ്കിനെക്കുറിച്ച്‌ ശ്രീ ദാഹി ഖൽഫാന്‌ അറിയാത്തതല്ല. ബി.ബി.സിക്കുള്ള അഭിമുഖത്തിലും ഒരിക്കൽ അതദ്ദേഹം തുറന്നുസമ്മതിച്ചിട്ടുള്ളതുമാണ്‌. ആ പങ്ക്‌ ഒരിക്കലും ഏകപക്ഷീയവുമായിരുന്നില്ല. ഈ രാജ്യത്തിന്റെ വളർച്ചക്ക്‌ വിദേശികളെ അവർക്ക്‌ ആവശ്യമായിരുന്നു. തൊഴിലില്ലാത്ത നാട്ടിലെ അവസ്ഥയിൽനിന്നുള്ള മോചനം വിദേശികൾക്കും ഒരുപോലെ ആവശ്യമായിരുന്നു.

ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള ബഹുഭൂരിപക്ഷം വിദേശികളും ഇവിടുത്തെ നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ്‌. മറ്റേതൊരു അറബ്‌ നാട്ടിലും ഇല്ലാത്തവിധം സ്വതന്ത്രവും, അവകാശങ്ങളും ഇവിടെയുണ്ടെന്ന്‌ തിരിച്ചറിയുകയും അതിന്റെ മഹത്ത്വം ബോധ്യമുള്ളവരുമാണവർ. ചൂഷണങ്ങളും പരിഷ്ക്കരിക്കപ്പെടേണ്ട വ്യവസ്ഥിതികളും നീതിനിയമസംഹിതകളുമൊക്കെ മറ്റേതൊരു രാജ്യത്തുമെന്നതുപോലെ ഇവിടെയുമുണ്ടായിരിക്കാം. എന്നാലും ആ ദൌർബ്ബല്യങ്ങളെയൊക്കെ അതിജീവിക്കുന്ന ഒന്നാണ്‌ യു.എ.ഇ.യിൽ തങ്ങൾ അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ ശുദ്ധവായു എന്ന തിരിച്ചറിവുള്ളവരാണ്‌ മഹാഭൂരിപക്ഷം വരുന്ന വിദേശികളും.

മേജർ ജനറലിന്റെ അഭിപ്രായങ്ങൾ ഒരുപക്ഷേ സർക്കാരിനോടുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ മാത്രമായിരിക്കാം. അങ്ങിനെത്തന്നെയായിരിക്കട്ടെ. എങ്കിലും, പ്രത്യക്ഷത്തിൽ അത്‌, ഇവിടെ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന വിദേശികളെക്കുറിച്ചുള്ളതും, അവരെ അഭിസംബോധന ചെയ്യുന്നതുമായ ഒരു അഭിപ്രായപ്രകടനമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടാൻ അധികവും സാധ്യത. വിദേശികളെ സംബന്ധിച്ചിടത്തോളം അത്‌ അപമാനകരമായി തോന്നിയാൽ, അതിനവരെ കുറ്റം പറയാനും ആവില്ല.

അവർക്കിടയിലും ചില പുഴുക്കുത്തുകൾ ഉണ്ടാവുന്നത്‌ സ്വാഭാവികമാണെന്ന്‌ ദാഹി ഖൽഫാൻ മനസ്സിലാക്കണം.. ഇവിടുത്തെ നിയമം അനുവദിച്ചിരുന്നെങ്കിൽ, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവർക്കുമേൽ എത്ര പ്രാകൃതമായ ജനകീയവിധിയും നടപ്പിലാക്കാൻ, വിദേശികൾക്ക്‌ (പ്രത്യേകിച്ചും, ഇന്ത്യക്കാർക്ക്‌, പിന്നെയും പ്രത്യേകിച്ച്‌ മലയാളികൾക്ക്‌)സന്തോഷമേയുണ്ടാകൂ എന്നും മേജർ ജനറൽ മനസ്സിലാക്കണം.

യു.എ.യിലെ ഡെമൊഗ്രാഫി എങ്ങിനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ട്‌. ആ ഡെമോഗ്രാഫിയിൽ വ്യത്യാസങ്ങൾ വന്നതിന്റെ ഉത്തരവാദിത്ത്വം വിദേശികളിൽ കെട്ടിവെക്കുന്നതിന്റെ യുക്തി മാത്രം മനസ്സിലാകുന്നില്ല. ഇവിടുത്തെ ഭരണാധികാരികളുടെ അറിവോടെയും അനുവാദത്തോടെയും നിയമാനുസൃതം വന്നവരാണ്‌ ഇവിടെയുള്ളവരിലധികവും. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സങ്കീർണ്ണവും ഭീമവുമായ കമ്പോളവുമാണ്‌ ഇന്ന്‌ ഇവിടെയുള്ളത്‌. അതിനെയൊക്കെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുകയോ, അഥവാ തദ്ദേശീയവത്ക്കരിക്കുകയോ ചെയ്യുന്നത്‌, എന്തായാലും ഈ രാജ്യത്തിന്‌ അനുഗുണമായിരിക്കില്ല. സാവധാനം നടത്തേണ്ട ഒരു പ്രക്രിയയയാണത്‌. അതിൽ യു.എ.ഇ. എത്രമാത്രം വിജയിച്ചിരിക്കുന്നു എന്ന്‌ സ്വയം ഒന്ന്‌ പരിശോധിക്കുന്നതും നന്നായിരിക്കും.

വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും, ആസൂത്രിതമായിത്തന്നെ, തദ്ദേശീയരുടെ ഒരു തലമുറയെ വളർത്തിയെടുക്കുക, അവർക്കാവശ്യമായ തൊഴിൽ അവസരങ്ങൾ നിർമ്മിച്ചെടുക്കുക, എന്നിങ്ങനെ ഒരു രാജ്യത്തിന്റെ സ്വാശ്രയ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ പല മേഖലകളുണ്ട്‌. തൊഴിൽ, വിദ്യാഭ്യാസ മേഖലയിലെ തദ്ദേശീയരുടെ പ്രാതിനിധ്യം ഇനിയും വളരേണ്ടതുണ്ടെന്നാണ്‌ യു.എ.ഇ.യിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 56 ശതമാനം തദ്ദേശീയർ മാത്രമാണ്‌ ഇപ്പോഴും തൊഴിലെടുക്കുന്നത്‌. തൊഴിലില്ലായ്മാ നിരക്കാകട്ടെ 31 ശതമാനവും. ഐക്യരാഷ്ട്രസഭയുടെ (UNPG-United Nations Programme for Governance)അറബ്‌ മേഖലയിലെ 2005-നെ അടിസ്ഥാനപ്പെടുത്തിയ കണക്കുകൾ പ്രകാരം, വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, അധിനിവേശ പലസ്തീന്റെയും ലിബിയയുടെയും പോലും പിന്നിലാണ് യു.എ.ഇ.യുടെ സ്ഥാനം (ദശാംശം 79 എന്ന റേറ്റിംഗോടെ). 2009-ൽ 7.9 ബില്ല്യൺ ദിർഹമായിരുന്നു വിദ്യാഭ്യാസമേഖലക്കുവേണ്ടി യു.എ.ഇ. നീക്കിവെച്ചത്‌. എന്നിട്ടും സ്ഥിതി അധികമൊന്നും മെച്ചപ്പെട്ടിട്ടില്ല എന്ന്‌ 2007-ലാണ്‌ ദുബായ്‌ ഭരണാധികാരിയും യു.എ.ഇ. വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ്‌ മുഹമ്മദ്‌ ഒരു നയപ്രഖ്യാപനവേളയിൽ ചൂണ്ടിക്കാട്ടിയത്‌. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, യു.എ.ഇ. തികഞ്ഞ പ്രതിജ്ഞാബദ്ധത കാണിക്കുന്നുണ്ടെന്നത്‌ നിസ്തർക്കമാണെങ്കിലും പല കാരണങ്ങളാലും ഇനിയും അതെല്ലാം കൂടുതൽ ഫലവത്താകേണ്ടിയിരിക്കുന്നു. ശ്രീ. ദാഹി ഖൽഫാനും ഇതെല്ലാം പല അവസരങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്‌.

യു.എ.ഇ.യുടെ സാംസ്ക്കാരികമൂല്യങ്ങളെ അതിന്റെ ഡെമൊഗ്രാഫിയിൽ വന്ന വ്യതിയാനങ്ങൾ ദോഷകരമായി ബാധിച്ചു എന്ന വാദം പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്‌. മാത്രമല്ല, ആ ദോഷത്തിന്റെ മുഖ്യ ഉത്തരവാദികൾ ഇവിടെ പണിയെടുക്കുന്ന, അവിവാഹിതരും, കുടുംബത്തെ കൂടെ താമസിപ്പിക്കാൻ കഴിവില്ലാത്തവരുമായ ആളുകളാണെന്ന വാദവും ഉയരുന്നുണ്ട്. ഇത് കൂടുതൽ അപകടകരമാണ്‌. ഈ വാദത്തിൽ വിശ്വസിക്കുന്നവർ ആദ്യം ചെയ്യേണ്ടത്‌, ഒന്നുകിൽ ഇത്തരം തൊഴിലാളികളെ (ബാച്ചിലേഴ്സ്‌ എന്ന പൊതുസംജ്ഞയിൽ അറിയപ്പെടുന്ന ഏകാകികൾ) ഇവിടേക്കു വരുന്നതിൽ നിന്ന്‌ വിലക്കുകയോ, അതല്ലെങ്കിൽ, അവർക്ക്‌ കുടുംബത്തോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുകയോ അല്ലേ? അതിനു പകരം, അവരെ അയിത്തതിന്റെയും അസ്പൃശ്യതയുടെയും മനോഭാവത്തോടെ കാണുന്നത്‌ എത്രകണ്ട്‌ ശരിയാണ്‌? ഈ പറയുന്ന ബാച്ചിലേഴ്സ്‌ വിഭാഗത്തിലും (അവരിൽ നല്ലൊരു ശതമാനവും താഴേക്കിടയിലുള്ള തൊഴിലാളികളുമാണ്‌) ഇവിടുത്തെ മദ്ധ്യവർഗ്ഗക്കാരെപ്പോലെ ഇവിടുത്തെ നിയമങ്ങളെയുമാചാരങ്ങളെയും അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്‌ മഹാഭൂരിപക്ഷവും.

ഏതൊരു വിഭാഗത്തിലുമെന്നപോലെ, അവരിലും, ചെറിയ കുറ്റവാളികളും, ആ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചവരെപ്പോലുള്ള മാപ്പർഹിക്കാത്ത കുറ്റവാളികളുമൊക്കെ ഉണ്ടാകാം. അതിനെ നിയമപരമായി നേരിടുകയാണ്‌, അതല്ലാതെ, നിയമാനുസൃതം ഇവിടെ വന്ന്‌, തൊഴിലെടുത്ത്‌ ജീവിക്കുന്നവരെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയല്ല വേണ്ടത്‌.

ലോകത്തിന്റെ മറുഭാഗങ്ങളിൽനിന്നെത്തുന്ന ദേശാടനപക്ഷികൾപോലും, ഇവിടുത്തെ തനത്‌ പക്ഷിമൃഗാദികളെ ദോഷകരമായി ബാധിക്കുന്നു എന്നുവരെ ഈയിടെയായി ചില തദ്ദേശീയ വിദഗ്ദ്ധരിൽനിന്നു കേട്ടുതുടങ്ങിയിട്ടുണ്ട്‌. മൊത്തം ജനസംഖ്യയിൽ വെറും ഇരുപത്‌ ശതമാനമായി ഒതുങ്ങിയിട്ടും, വിദേശികളോട്‌ കഴിഞ്ഞ നാലു ദശകങ്ങളെങ്കിലുമായി നിസ്സീമമായ സഹിഷ്ണുത പ്രകടിപ്പിച്ചുവരുന്ന തദ്ദേശീയരാണ്‌ ഇവിടെയുള്ളത്‌. അവരുടെ ഇടയിൽനിന്നുതന്നെയാണ്‌ ഇത്തരം കണ്ടെത്തലുകളും നിരീക്ഷണങ്ങളും മറ്റും വരുന്നത്‌ എന്നുകൂടി ഓർക്കണം.ക്തുകവാർത്തകളുടെ കൂട്ടത്തിൽ ചേർക്കാമെങ്കിലും, കേൾക്കാനോ, ഉൾക്കൊള്ളാനോ ഒട്ടും സുഖം തോന്നാത്ത അയുക്തികളാണ്‌ ഇതൊക്കെ.

അത്തരം അയുക്തികളും, വാചാകക്കസർത്തുകളും, ദാഹി ഖൽഫാൻ തമീമിനെപ്പോലുള്ള കഴിവുറ്റവരും പക്വതയുള്ളവരുമായ ഭരണാധികാരികളിൽനിന്ന്‌ ഒരിക്കലും വന്നുകൂടാത്തതാണ്‌.

കാരണം,  വെറുമൊരു ഉന്നതപോലീസുദ്യോഗസ്ഥൻ മാത്രമല്ല ശ്രീ ദാഹി ഖൽഫാൻ തമീം. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച ഭരണാധികാരിയാണ്‌. അതുകൊണ്ടുതന്നെ, അദ്ദേഹം എന്തെങ്കിലും പറയുമ്പോൾ അത്‌, ഐക്യ അറബി നാടിന്റെ ശബ്ദമായിത്തന്നെയാണ്‌ സമൂഹത്തിന്റെ പൊതുധാരയിൽ അടയാളപ്പെടുക. 

Monday, June 9, 2008

യു.എ.ഇ.യുടെ സ്വത്വാന്വേഷണപരീക്ഷകള്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐക്യ അറബി നാടിന്റെ സ്വത്വന്വേഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌ മാധ്യമങ്ങളിലും വിവിധ ഫോറങ്ങളിലും. ഒട്ടകത്തില്‍നിന്ന് കാഡില്ലാക്കുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍വെച്ച്‌ തങ്ങള്‍ക്കു നഷ്ടമായി എന്ന് അവര്‍ വിശ്വസിക്കുന്ന മൂല്യങ്ങളെയും ദേശീയബോധത്തെയും തിരിച്ചുപിടിക്കാനുള്ള ഒരു സ്വത്വാന്വേഷണം എന്ന നിലക്ക്‌ അതിന്‌ യു.എ.ഇ.യിലും മറ്റ്‌ ഗള്‍ഫ്‌ നാടുകളിലും പ്രസക്തിയുമുണ്ട്‌.

'വരത്തന്‍'മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയിലും മറ്റിടങ്ങളിലും നടക്കുന്ന ആക്രമങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ആ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.ഇതിനെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും, മനശ്ശാസ്ത്രപരമായും സാമൂഹ്യപരവുമായ പരിമിതകള്‍ ഏറെയുണ്ടാകാം. പ്രത്യേകിച്ചും, ഒരു ജനാധിപത്യ-റിപ്പബ്ലിക്കിനുള്ളില്‍ നിന്നുകൊണ്ടല്ല സംസാരിക്കുന്നത്‌ എന്നുവരുമ്പോള്‍.

ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തദ്ദേശീയരുടെ എണ്ണം 20-25 ശതമാനം മാത്രമാണെന്നു തിരിച്ചറിയുന്നത്‌ അത്ര സുഖകരമായ ഒരു കാര്യമല്ല. എങ്കിലും യു.എ.ഇ.യിലെ യാഥാര്‍ത്ഥ്യം അതാണുതാനും. അസംഖ്യം, ദേശ-വംശ-വര്‍ഗ്ഗ-ഭാഷാ വൈപുല്യങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിത്വം-സ്വത്വം, പരിരക്ഷിക്കുക എന്നത്‌ കഠിനമായ ചില തിരിച്ചറിവുകളെയും, നയരൂപീകരണങ്ങളെയും, പ്രവൃത്തിമാര്‍ഗ്ഗങ്ങളെയും ക്ഷണിക്കുന്നുണ്ട്‌. അതിവൈകാരികവും ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ പ്രശ്നപരിഹാരത്തിന്‌ തീരെ സഹായകമാവുകയില്ലെന്നു മാത്രമല്ല, അവയെ രൂക്ഷമാക്കാനും ഇടയുണ്ട്‌.

പെട്രോളിന്റെ കണ്ടെത്തലോടെ, തീരെ പ്രതീക്ഷിക്കാത്ത ഒരു ചരിത്രപരിസരത്തിലേക്ക്‌ ഗള്‍ഫ്‌ നാടുകള്‍ സ്വയം പറിച്ചുനടപ്പെടുകയായിരുന്നു. വളര്‍ച്ചയുടെ ഓട്ടപ്പന്തയത്തിനിടയില്‍, പൊട്ടഭാഗ്യം കൊണ്ട്‌ ഫിനിഷിംഗ്‌ പോയിന്റിലെത്തിയ ഒരാളുടെ അന്ധാളിപ്പ്‌, ഗള്‍ഫ്‌ നാടുകളില്‍ ഇന്നും കാണാം. തീരെ പ്രതീക്ഷിച്ചിരിക്കാതെ, അവിശ്വസനീയമായ അളവിലുള്ള പണം കയ്യിലെത്തിച്ചേര്‍ന്ന ഒരാളുടെ സ്ഥിതി. സ്വന്തം ഭൂമിക്കടിയിലെ ആ പൊന്ന് കൈക്കലാക്കാന്‍ അന്യന്റെ സഹായം വേണ്ടിവരുക എന്നതൊരു ദുരന്തമാണെങ്കില്‍ അതും ഇക്കൂട്ടര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നു.

ഇതൊക്കെയാണെങ്കിലും ഒരു പുതിയ രാഷ്ട്രരൂപീകരണത്തിന്റെ പാതയിലേക്ക്‌ ഇവര്‍ മെല്ലെമെല്ലെ നീങ്ങുന്നതാണ്‌ പിന്നെ നാം കാണുന്നത്‌. ഭൂമിശാസ്ത്രപരമായും പരമ്പരാഗതപൈതൃകങ്ങളാലും ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളെ, അവ വിരലിലെണ്ണാവുന്നവയാണെങ്കില്‍തന്നെയും, ഒരു പൊതു ധാരണയുടെ കീഴില്‍ അണിനിരത്താനും ദേശരാഷ്ട്രമായി സംഘടിപ്പിക്കാനും വളരെ എളുപ്പത്തില്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ആയുധബലവും, ബാഹ്യമായ ഇടപെടലുകളുമൊന്നുമില്ലാതെതന്നെ.

എണ്ണപര്യവേക്ഷണത്തിനും അതിനോടനുബന്ധിച്ചുള്ള അടിസ്ഥാനസൗകര്യനിര്‍മ്മാണത്തിനുമായി മറ്റ്‌ ജനവിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതുമുതലാണ്‌ ഈ അന്യവത്‌ക്കരണത്തിന്റെ ആരംഭം. ആ പ്രാരംഭഘട്ടത്തിനെ സമയബന്ധിതമായി നിര്‍വ്വചിക്കാനോ നിയന്ത്രിക്കാനോ യു.എ.ഇ.ക്ക്‌(മറ്റ്‌ ഗള്‍ഫ്‌ നാടുകള്‍ക്കും) സാധിച്ചില്ല. ദേശനിര്‍മ്മാണം ആവശ്യപ്പെടുന്ന കനത്ത ബാദ്ധ്യതകള്‍ അവര്‍ ഏറ്റെടുത്തില്ല. മുപ്പത്തഞ്ചു കൊല്ലം എന്നത്‌ ഒരു പക്ഷേ അത്തരമൊരു ഏറ്റെടുക്കലിന്‌ മതിയായ കാലയളവല്ലെന്ന ന്യായം ഉയര്‍ന്നുവന്നേക്കാം. അത്‌ ശരിയുമാണ്‌. എങ്കിലും, തങ്ങളുടെ ആശ്രിതാവസ്ഥയെ ഇല്ലാതാക്കുന്നതിനുപകരം, അതിനെ കൂടുതല്‍ക്കൂടുതല്‍ വിപുലമാക്കുകയാണ്‌ ഇന്ന് യു.എ.ഇ. ചെയ്യുന്നത്‌.

പ്രാരംഭഘട്ടത്തിലെ തൊഴിലാളികുടിയേറ്റത്തിന്‌ അനുയോജ്യമായ ഒരു സമ്പദ്‌വ്യവസ്ഥ യു.എ.ഇ. വളര്‍ത്തിയെടുത്തു. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു പശ്ചാത്തലവികസനം. അടിസ്ഥാനനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപഭോഗം, വിദ്യാഭ്യാസ-ആരോഗ്യ രംഗം, എന്നിങ്ങനെ, തൊഴില്‍ കുടിയേറ്റക്കാരുടെ സൗകര്യങ്ങള്‍ക്കാണ്‌ പ്രാഥമിക പരിഗണന ലഭിച്ചത്‌. അവയുടെ അളവ്‌ ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. ഈ കുടിയേറ്റക്കാരുടെ ജീവിതത്തിലും, അവരുടെ ജന്മനാടിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയിലും ഇത്‌ വളരെ വലിയ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. നല്ലതിനായാലും അല്ലെങ്കിലും. അത്‌ മറ്റൊരു വിഷയം.

കമ്പോളത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഇത്‌ നിയന്ത്രിച്ചു. കമ്പോളത്തിന്‌, ലാഭമെന്ന ലക്ഷ്യമൊഴിച്ച്‌, സ്ഥായിയായ മറ്റൊരു സ്വത്വബോധവും ബാധകമല്ലാത്തതുകൊണ്ട്‌ അത്‌ വീണ്ടുംവീണ്ടും കുടിയേറ്റത്തെയും, അതിനോടനുബന്ധിച്ചുള്ള ഭീമമായി വളരുന്ന ആഗോളമാതൃകയിലുള്ള സമ്പദ്‌വ്യവസ്ഥയെയും നിര്‍മ്മിച്ചു.അപ്പോഴൊക്കെ, 60-ല്‍ നിന്ന് 30-ലേക്കും, 25-ലേക്കും ജനസംഖ്യയിലും രാജ്യത്തിന്റെ നിര്‍ണ്ണായകഘടകമെന്ന നിലയിലും തദ്ദേശീയര്‍ താഴുകയാണുണ്ടായത്‌.

ഈ പ്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല എന്നുകൂടി വായിക്കുമ്പോഴാണ്‌ ഈ ദേശസ്വത്വത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഉപരിപ്ലവത്വം നമുക്ക് ബോദ്ധ്യമാവുക.

പുതിയ കണക്കനുസരിച്ച്‌, 2011- ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിതമാവുന്ന താമസകേന്ദ്രങ്ങളില്‍ 84 ശതമാനവും വിദേശീയരുടെ കയ്യിലായിരിക്കുമെന്ന് പുളകം കൊള്ളുന്നതിനോടൊപ്പമാണ്‌, നഷ്ടമാകുന്ന ദേശീയസ്വത്വത്തെക്കുറിച്ചുള്ള ഈ വിലാപങ്ങളും ഉയര്‍ന്നുവരുന്നത്‌. 42000 ദിര്‍ഹം മുന്‍കൂറായി കൊടുത്ത്‌ ‘ദുബായില്‍ ഒരു സാന്‍ഫ്രാന്‍സിസ്കോ സ്വന്തമാക്കൂ’ എന്നാണ്‌ ഒരു പരസ്യ ഏജന്‍സി, ഒരു ഉളിപ്പുമില്ലാതെ, ഈ മണ്ണില്‍നിന്നുകൊണ്ടുതന്നെ, ഈ സ്വത്വാന്വേഷികളെ ഉദ്‌ബോധിപ്പിക്കുന്നതും, ആ ഉദ്‌ബോധനത്തെ ബഹുവര്‍ണ്ണ പരസ്യ കവറില്‍ പൊതിഞ്ഞ്, ഇവിടുത്തെത്തന്നെ ഒരു പ്രമുഖ പത്രം വീട്ടുവരാന്തകളില്‍ നിക്ഷേപിക്കുന്നതും. ‍ഏഴു എമിറേറ്റുകളും ഇതില്‍ ഒന്നിനൊന്നു മെച്ചമായി മത്സരിക്കുകയും ചെയ്യുന്നു. അതിസമ്പന്നരെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള, അവര്‍ക്ക്‌ മാത്രം അതിജീവിക്കാനും പെറ്റുപെരുകാനുമുള്ള, ആഡംബര്‍പൂര്‍ണ്ണവും, കുമിളസദൃശവുമായ ഒരു സാമ്പത്തിക മേഖലയെയാണ്‌ ഈ രാജ്യം ഇന്ന് ലക്ഷ്യമാക്കുന്നത്‌. അതില്‍ തദ്ദേശീയരായ മദ്ധ്യവര്‍ഗ്ഗ സമൂഹത്തിനുപോലും സ്ഥനമില്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തം മണ്ണും സാംസ്കാരികപരിസരവും വിദേശകമ്പോള ശക്തികള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്‌ യു.എ.ഇ.യും (ഗള്‍ഫ്‌ നാടുകള്‍ പൊതുവെയും) ചെയ്യുന്നത്‌. ഉപഭോഗത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും, ആ സമൂഹത്തിനാവശ്യമായ വര്‍ദ്ധമാനമായ ഉപഭോഗ കമ്പോളം വീണ്ടും വീണ്ടും പുനസൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ദൂഷിതവലയത്തിനകത്താണ്‌ ഇന്ന് യു.എ.ഇ.

തങ്ങളുടെ ഭാഷയും സംസ്കാരവും പങ്കുവെക്കുന്ന മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയായിരിക്കണം കൂടുതലായും കൊണ്ടുവരേണ്ടതെന്ന് പറയുന്ന ഡോക്‍ടര്‍ ജമാല്‍ അല്‍ സുവൈദിയെപ്പോലുള്ളവര്‍പോലും വെറും ബാലിശമായ വാദഗതികളാണ്‌ ഉയര്‍ത്തുന്നത്‌. എമിറേറ്റ്‌സ്‌ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലാണദ്ദേഹം. അറബ്‌ ലോകം ഒരു ഏകശിലാരൂപമല്ലെന്ന സാമാന്യബോധമെങ്കിലും അദ്ദേഹത്തില്‍നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അറബ് രാജ്യങ്ങള്‍ എന്നതുകൊണ്ട് ജി.സി.സി.യിലെ ആറു രാജ്യങ്ങളെയാണോ അല്‍ സുവൈദി ഉദ്ദേശിച്ചതെന്ന് വ്യക്തമാല്ല. അങ്ങിനെയാണെങ്കില്‍പ്പോലും മതവിശ്വാസത്തിലും വേഷധാരണത്തിലും, അതുപോലുള്ള ബാഹ്യമായ രീതികളിലും മാത്രമേ ഒരു പൊതു പാരമ്പര്യം ഈ ഗള്‍ഫ് നാടുകള്‍ പങ്കുവെക്കുന്നുള്ളു. (അറബികളെന്ന സംജ്ഞ ഈ ആറു ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല) അതില്‍പ്പോലും വ്യത്യാസങ്ങളും വൈജാത്യങ്ങളും ആവശ്യത്തിനുണ്ടുതാനും. എമിറേറ്റിലെ പുരുഷന്മാര്‍ വിദേശവനിതകളെ വിവാഹം ചെയ്യുന്ന പ്രവണതയെ വിലയിരുത്തുന്ന നജ്‌ല അവാധിയുടെ വീക്ഷണവും സസൂക്ഷ്മം പഠന-വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്‌. യു.എ.ഇ.യിലെയും (പൊതുവെ ഗള്‍ഫിലെയും) സ്ത്രീ-പുരുഷബന്ധങ്ങളുടെ സാമൂഹ്യതലത്തെ നജ്‌ല സ്പര്‍ശിക്കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌.

അന്യസമൂഹങ്ങളോടുള്ള സഹിഷ്ണുതയുടെ കാര്യത്തില്‍, യു.എ.ഇ.യിലെ തദ്ദേശീയസമൂഹം മറ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പിലാണ്‌. വളരെ വിശാലവും ബഹുസ്വരതയുമുള്ള ഒരു ലോകവുമായുള്ള അവരുടെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ മുഖമുഖം അവരെ സാമൂഹ്യപരമായി ഏറെ പുരോഗമനോന്മുഖമാക്കിയിട്ടുണ്ട്‌. എങ്കിലും, തങ്ങളുടേതായ പാരമ്പര്യത്തില്‍നിന്ന് അവര്‍ ബഹുദൂരം അകന്നുപോയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറബ്‌ ഭാഷയുടെ വ്യാപനത്തിലും വളര്‍ച്ചയിലും പ്രകടമാകുന്ന ഉദാസീനത ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. സ്കൂള്‍ കരിക്കുലത്തിനകത്തും പുറത്തും ഇത്‌ ദൃശ്യവുമാണ്‌. അറബ്‌ ഭാഷ പഠനത്തെ നിര്‍ബന്ധമാക്കാനോ, അതിനുതകുന്ന പാഠ്യപദ്ധതിയോ അദ്ധ്യാപകരേയോ വാര്‍ത്തെടുക്കാനും കഴിയാതെപോകുന്നു.

കമ്പോളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞ സ്വകാര്യ മേഖലയിലുള്ള തദ്ദേശീയരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനോ, അവരെ അതിനു സന്നദ്ധമാക്കാനോ പരിശീലിപ്പിക്കാനോ ഉള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നില്ലെന്നുവേണം പറയാന്‍. നാമമാത്രമായ പ്രവര്‍ത്തനങ്ങളാണ്‌ അധികവും കാണുന്നത്‌. തദ്ദേശവത്‌ക്കരണം അധികവും ഒതുങ്ങുന്നത്‌ സര്‍ക്കാര്‍ മേഖലയിലാണ്‌. ആ സര്‍ക്കാര്‍ മേഖലതന്നെ, ഭീമന്‍ സ്വകാര്യ കോര്‍പ്പറേറ്റുകളുടെ അനുബന്ധമായി തരംതാഴുകയും ചെയ്തിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വ്യക്തിത്വം അഥവാ, സ്വത്വബോധമെന്നത്‌, അതിന്റെ സാമ്പത്തികവും, സാമൂഹ്യവും, സാംസ്കാരികവുമായ പരമാധികാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍, യു.എ.ഇ. അത്‌ ഓരോന്നോരോന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിവരുന്നു.

യു.എ.ഇ.യിലെ പുതിയ തലമുറയുടെ വളര്‍ച്ചയില്‍, രാജ്യത്തിലെ അന്യനാട്ടുകാരായ വീട്ടുജോലിക്കാരുടെ സ്വാധീനം,അറബിഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷിനോട്‌ പുതിയ തലമുറക്കുള്ള അഭിനിവേശം, ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി പുതിയ തലമുറ പാരമ്പര്യങ്ങളെ കയ്യൊഴിയുന്നത്‌, അങ്ങിനെയങ്ങിനെ വിവിധ കാരണങ്ങളിലേക്കാണ്‌ സ്വത്വബോധത്തിന്റെ അന്വേഷണം നീളുന്നത്‌. എങ്കിലും ഇതൊക്കെ രോഗത്തിന്റെ കാരണങ്ങളല്ലെന്നും രോഗലക്ഷണങ്ങള്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവ്‌ നഷ്ടമാകുന്നുമുണ്ട്‌ ഇത്തരം അന്വേഷണങ്ങളില്‍.

ഇന്നത്തെ രീതിയിലുള്ള വികസന സങ്കല്‍പ്പങ്ങളില്‍ നിന്ന് യു.എ.ഇ. വിടുതല്‍ നേടേണ്ടതുണ്ട്‌. ഉത്‌പാദനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ്‌ ഏതൊരു രാജ്യത്തിന്റെയും പിന്‍ബലമാകേണ്ടത്‌. പ്രകൃതിവിഭവങ്ങളുടെ അപര്യാപ്തത, പ്രതികൂലമായ കാലാവസ്ഥ, മറ്റു സാഹചര്യങ്ങള്‍ എന്നിവ മൂലം ചില രാജ്യങ്ങളില്‍ അതിനുള്ള സാദ്ധ്യതകള്‍ കണ്ടില്ലെന്നും വരാം. എങ്കിലും മിനിമം സാമൂഹ്യപ്രതിബദ്ധതയെങ്കിലുമുള്ള ഒരു വാണിജ്യരംഗത്തിന്റെ പ്രയോഗവും അവക്ക് സാ‍മ്പത്തികരംഗത്തുള്ള അധീശത്വവും കൊണ്ട്‌ അത്തരം പരിമിതികളെ അതിവര്‍ത്തിക്കാനും നല്ലൊരു പരിധിവരെ സാധിക്കും. ഇവിടെ നമ്മള്‍ കാണുന്നത്‌ അത്തരമൊരു വീണ്ടുവിചാരമല്ലതന്നെ. തികച്ചും ഊഹാപോഹത്തില്‍ അധിഷ്ഠിതമായ കമ്പോളവ്യവസ്ഥയും, അതിന്റെ ഉള്ളുറപ്പില്ലാത്ത തറക്കല്ലിന്മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ്‌-വിനോദവ്യവസായങ്ങളുടെ അംബരചുംബികളുമാണ്‌ ഐക്യ അറബി നാടിന്റെ സ്വത്വബോധ അന്വേഷണങ്ങളുടെ ആകാശങ്ങളിലേക്ക്‌ ഇന്ന് ഭീഷണമായ വിരല്‍ചൂണ്ടുന്നത്‌.


* തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം.

Monday, April 7, 2008

കിഫായ

ഈജിപ്തില്‍നിന്നുള്ള വാര്‍ത്തകള്‍ ഒരര്‍ത്ഥത്തില്‍ ശുഭോദര്‍ക്കമാണെങ്കിലും, നമ്മുടെ യു.എ.ഇ.ക്കും മറ്റ് ജി.സി.സി.രാജ്യങ്ങള്‍ക്കും വ്യക്തമായ ചില സൂചനകള്‍ അവ തരുന്നുണ്ട്‌.

വിലവര്‍ദ്ധനവ്‌, തൊഴിലില്ലായ്മ, കൂടുതല്‍ ദുരിതമയമാകുന്ന നിത്യ ജീവിത സാഹചര്യങ്ങള്‍ എന്നിവ‍ക്കെതിരെ ഈജിപ്തില്‍ പ്രക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌. ഇന്നലെ (ഞായറാഴ്ച) ഈജിപ്തില്‍ നടത്താനുദ്ദേശിച്ചിരുന്ന പൊതുപണിമുടക്ക്‌ പരാജയമായിരുന്നെന്ന് ഇവിടുത്തെ (യു.എ.ഇ.യിലെ) ഗള്‍ഫ്‌ ന്യൂസ്‌ പത്രം ദീര്‍ഘനിശ്വാസം വിടുന്നുണ്ടെങ്കിലും, ഇവിടെയും കാര്യങ്ങള്‍ അത്ര സുഖകരമൊന്നുമല്ലെന്ന് അവര്‍ക്കും നമുക്കും നല്ല ബോദ്ധ്യമുണ്ട്‌. തൊട്ടതിനും പിടിച്ചതിനുമൊക്കെ പടച്ചുവിടുന്ന ഗ്യാലപ്പ് പോളുകള്‍കൊണ്ടൊന്നും യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവെക്കാമെന്നും, പത്രങ്ങളും, സര്‍ക്കാര്‍ വക്താക്കളും ധരിക്കുകയുമരുത്.

ഗള്‍ഫിലെ ജീവിത സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ മോശമായിവരികയാണ്‌. യു.എ.ഇ.യിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മറ്റു ഗള്‍ഫ്‌ നാടുകളെ അപേക്ഷിച്ച്‌, താരതമ്യേന ജനക്ഷേമത്തിന്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു സര്‍ക്കാരും, വ്യക്തവും സ്വതന്ത്രവുമായ ഭരണനയങ്ങളൊന്നുമില്ലെങ്കിലും പൊതുവെ സമാധാനകാംക്ഷികളുമായ ഭരണാധികാരികളുമൊക്കെയുണ്ടായിട്ടും യു.എ.ഇ.യും ഒരു പൊതു പ്രതിസന്ധിയെ നേരിടുകതന്നെ ചെയ്യുന്നു എന്നതാണ് വാസ്തവം.

പാശ്ചാത്യ ശക്തികളെ പ്രീണിപ്പിക്കുന്ന രീതിയിലുള്ള സാമ്പത്തിക-സാമൂഹ്യ പരാശ്രയം, യു.എ.ഇ. ഇനിയെങ്കിലും കയ്യൊഴിയണം എന്നാണ്‌ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന. ഉത്‌പാദനവുമായി ഒരു പുലബന്ധവുമില്ലാത്തതും, ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയ, റിയല്‍ എസ്റ്റേറ്റടക്കമുള്ള വ്യാപാര-വാണിജ്യ സമ്പദ്‌ഘടനയെ അടിയന്തിരമായി പുനപ്പരിശോധനക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. പാശ്ചാത്യ-സ്വദേശി കുത്തക കോര്‍പ്പറേറ്റുകളുടെ കളിപ്പാവയായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇവിടുത്തെ സമ്പദ്ഘടന. അതിന്റെ ഭവിഷ്യത്തുകള്‍ ഇവിടെ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളാവുകയും ചെയ്തിരിക്കുന്നു. ഡോളറുമായിട്ടുള്ള വിനിമയ ബന്ധങ്ങളെക്കുറിച്ചൊക്കെ തീരെ അവ്യക്തമായ രീതിയില്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന തരത്തിലാണ്‌ സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നത്‌. പത്രങ്ങള്‍ ഏറ്റുപാടുന്നത്‌. അമേരിക്കയുടെ സാമന്തരാജ്യമെന്ന മൂഢസ്വര്‍ഗ്ഗം യു.എ.ഇ.ക്ക്‌ ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ.

ഇതിനോടനുബന്ധിച്ച്‌ വായിക്കേണ്ട മറ്റൊരു വാര്‍ത്തയാണ്‌ ഇന്നലെ (05.04.2008) ഗള്‍ഫ്‌ ന്യൂസില്‍ വന്നിരിക്കുന്നത്‌. വളരെ വലിയ സാമ്പത്തിക, സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയില്‍ക്കൂടി കടന്നുപോയിട്ടും, അറബി നാടുകളിലെ രാഷ്ട്രീയ ഘടന ഇപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിപല്‍സന്ദേശമാണ്‌ ഈ കഴിഞ്ഞ ആഴ്ച അബുദാബിയില്‍ നടന്ന Emirates Centre for Strategic Studies and Research-ന്റെ സമ്മേളനം നല്‍കിയിരിക്കുന്നത്‌. അടിയന്തിരപ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമായ ചില പ്രശ്നങ്ങളെയാണ്‌ ആ സമ്മേളനം അഭിമുഖീകരിച്ചത്‌.

മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്ത ഗള്‍ഫ്‌ രാഷ്ട്രീയ രംഗം, സമൂഹത്തിനും അധികാരികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഭീമമായ അന്തരം, വളരെ വേഗത്തില്‍ ആഗോളവത്ക്കരിക്കപ്പെടുന്ന ആധുനിക സാമൂഹ്യ വ്യവസ്ഥയുടെ ആഘാതത്തില്‍നിന്ന് ദുര്‍ബ്ബലമായ സ്വന്തം സാമൂഹങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യം, പരമ്പരാഗത പിതൃദായക സമ്പ്രദായത്തില്‍ നഷ്ടമാകുന്ന സ്ഥാപനങ്ങള്‍, തങ്ങളുടെ നാടുകളിലെ വര്‍ദ്ധിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സൃഷ്ടിക്കുന്ന സാമൂഹ്യമായ പ്രത്യാഘാതങ്ങളും, ഗുണമേന്മകളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, എന്നിങ്ങനെ നിരവധി കാലികപ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു അവര്‍ ചര്‍ച്ച ചെയ്തത്‌.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹവും, ഏതുവിധേനയും തങ്ങളുടെ അധികാരം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ വെമ്പുന്ന അധികാരികളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച്‌ സമ്മേളനത്തില്‍ സൂചിപ്പിച്ചത്‌, സൗദി അറേബ്യ പോലുള്ള ഒരു അറുപിന്തിരിപ്പന്‍ രാജ്യത്തുനിന്നുള്ള അക്കാഡമിക് പ്രതിനിധിയായിരുന്നുവെന്നത്‌ തീര്‍ച്ചയായും അല്‍പം ആശ്വാസം തരുന്നു.

ഇത്തരം ചര്‍ച്ചകളൊക്കെ സ്വാഗതാര്‍ഹമാണെങ്കിലും, അറബിനാടുകളില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ തോത്‌, നമ്മുടെ എല്ലാ ശുഭാപ്തിവിശ്വാസങ്ങളെയും തകിടം മറിക്കാന്‍ പോന്നവയാണ്‌.സൗദിയും, ഖത്തറും, ജോര്‍ദ്ദാനും അമേരിക്കന്‍ സമ്രാജ്യത്വനയങ്ങളുടെ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഏജന്റുകള്‍ മാത്രമാണ്‌. കുവൈത്തിലാകട്ടെ, വളരെ സവിശേഷമായ രാഷ്ട്രീയ ഉണര്‍വ്വ്‌ പ്രകടമാണെങ്കിലും, പാര്‍ലമെണ്ടിലെ യാഥാസ്ഥിതിക പക്ഷം ഇപ്പോഴും ശക്തമാണുതാനും. ആ നിലക്ക്‌, പുതിയൊരു ദിശാബോധം നല്‍കാന്‍ ഏറ്റവും പ്രാപ്തമായ ജി.സി.സി രാജ്യം, ഇന്ന് യു.എ.ഇ. തന്നെയാണ്‌. പക്ഷേ, കൂടുതല്‍ സ്വതന്ത്രവും, ധീരവുമായ പല നടപടികളും സര്‍ക്കാര്‍ ഇനിയും എടുക്കേണ്ടതായിട്ടാണിരിക്കുന്നത്‌.

എഫ്‌.എന്‍.സിയെ കൂടുതല്‍ ജനാധിപത്യവത്‌ക്കരിക്കുക, ഇന്നു നിലനില്‍ക്കുന്ന പരിമിതമായ വോട്ടവകാശത്തിനുപകരം സാര്‍വ്വത്രികമായ വോട്ടവകാശം നല്‍കുക തുടങ്ങിയവ ഒരു ഭാഗത്ത്‌ നടപ്പാക്കുമ്പോള്‍തന്നെ, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച പോലെ ഊഹാപോഹത്തിലും, വിദേശ-സ്വദേശ കുത്തകകളിലും അധിഷ്ഠിതമായ കപടസമ്പദ്‌ വ്യവസ്ഥയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയവയും അത്യാവശ്യമാണ്‌.

ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും യു.എ.ഇ. അടക്കമുള്ള രാജ്യങ്ങള്‍ ഇനിയും വൈകുന്ന പക്ഷം, ഈജിപ്തില്‍ ഇപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്ന 'കിഫായ' എന്ന ശക്തമായ താക്കീത്‌, ഏറെതാമസമില്ലാതെ ഇവിടെയും മുഴങ്ങുമെന്നും അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.



*കിഫായ - ഈജിപ്തില്‍, ജനധിപത്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു പ്രതിപക്ഷ ഗ്രൂപ്പ്‌. Enough എന്നാണ് അറബിയില്‍ ഈ വാക്കിന്റെ അര്‍ത്ഥം.