Sunday, April 10, 2011

ലോകപാലകരേ ഇതിലേ ഇതിലേചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു ശുദ്ധബ്രത. എന്തുകൊണ്ടാണ് ഇറോം ശാർമ്മിളയുടെ പത്തുകൊല്ല്ലത്തെ നിരാഹാരത്തിൽ കുലുങ്ങാത്ത സർക്കാരും ജനങ്ങളും, വന്ദ്യവയോധികനായ അന്നാ ഹസാരെയുടെ മൂന്നുദിവസത്തെ നിരാഹാരത്തെ ഈവിധത്തിൽ ആഘോഷിച്ചത്? ഇന്ത്യൻ വംശജരായ നോബൽ ജേതാക്കളും, ഭാരതരത്നങ്ങളും, അടുത്തൂൺ പറ്റിയ ജഡ്ജിമാരുമാണോ ജനത്തിന്റെ ആശയാഭിലാഷങ്ങളെ ലോക്പാലിൽ പ്രതിനിധീകരിക്കേണ്ടത്? ഉണ്ടിരിക്കുമ്പോൾ തോന്നിയ വിളികൊണ്ടാണോ, ഇത്രനാളും മിണ്ടാതിരുന്ന അന്നാ ഹസാരെ, ഇപ്പോൾ മൂന്നുദിവസം ഉണ്ണാതിരുന്നത്?

നമുക്കുമുണ്ട് ഒരു തഹ്‌രീർ ചത്വരമെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനായിരുന്നുവോ ഈ പൊറാട്ടുനാടകം? അഴിമതിയിൽ മുങ്ങിക്കുളിച്ച മന്മോഹനനും കൂട്ടാളികൾക്കും നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കുന്നതല്ലേ ഈ നാടകത്തിന്റെ ഭരതവാക്യം. എന്നിട്ട്, ആ കപിൽ സിബൽ ഒടുവിൽ എന്താണ് പറഞ്ഞത്? ഒറ്റദിവസം കൊണ്ടൊന്നും രാത്രി വെളുക്കില്ല എന്ന്, അല്ലേ?

ഇനി, അന്നാ ഹസാരെയുടെ മാനസസ്വപ്നമായ ലോകപാൽ ബില്ലിന്റെ കരടുരൂപം തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ആരൊക്കെയാണ് ഉള്ളത് ? കമ്മിറ്റിയുടെ നായകൻ പ്രണബ് മുഖർജി (അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ വലംകൈയ്യായിരിക്കുകയും, ഷാ കമ്മീഷന്റെ മുമ്പാകെ തെളിവെടുപ്പിനു വിസമ്മതിക്കുകയും, പിന്നീട്, അതേ ഇന്ദിരാഗാന്ധിയാൽ കുറ്റവിമുക്തനാക്കപ്പെട്ട് വിശുദ്ധപദവിയിലേക്കെത്തുകയും ചെയ്ത അതേ പഴയ പ്രണബ്) വീരപ്പ മൊയ്‌ലി (പഴയ ജെ.എം.എം.കോഴക്കേസ് ഫെയിം മൊയ്ലി, വിക്കിപ്പീഡിയയെയും വിക്കിലീക്സിനെയും വേർതിരിച്ചറിയാത്ത മൊയ്ലി), ചിദംബരം (എൻ‌റോണിന്റെയും വേദാന്ത റിസോസഴ്സിന്റെയും വീരനായകൻ, ആദായനികുതി അടക്കാതെ രക്ഷപ്പെടുന്ന കോർപ്പറേറ്റ് വമ്പന്മാരെ V.D.I.S എന്ന മാന്ത്രികദണ്ഡുപയോഗിച്ച് രക്ഷപ്പെടുത്താൻ അഹോരാത്രം അദ്ധ്വാനിക്കുകയും, അതിന് സി.എ.ജി.യുടെ പഴി കേൾക്കുകയും ചെയ്ത മാന്യദേഹം), കപിൽ സിബൽ (രണ്ട്-ജി.സ്പെക്ട്രത്തിൽ രാജ്യത്തിന് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിട്ടവൻ) അങ്ങിനെ ചിലരൊക്കെയല്ലേ ആ കമ്മിറ്റിയിലുള്ളത്. പേരിന് സന്തോഷ് ഹെഗ്‌ഡയെയും പ്രശാന്ത്-ശാന്തി ഭൂഷണുമാരൊക്കെയുണ്ട് എന്നു മാത്രം.

ഗുജറാത്ത്-ഒറീസ്സാ കലാപകലത്തും, കർഷക ആത്മഹത്യകൾ തുടർക്കഥകളാവുന്ന വർത്തമാനകാലത്തും, കള്ളക്കഥകളിൽ കുടുങ്ങി ബിനായക് സെന്നിനെ ജയിലിലടച്ചപ്പോഴും 2-ജിയും, ആദർശും, കോമൺ‌വെൽത്തും അരങ്ങുതകർത്തപ്പോഴും ഒന്നും അന്നാ ഹസാരെയ്ക്ക് നിരാഹാരമിരിക്കാൻ തോന്നിയില്ലല്ലോ? അതെന്തുകൊണ്ടാണ്? ഒരു ബോയ്‌ലിങ്ങ് പോയിന്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവോ അദ്ദേഹം?

സർവ്വാധിപത്യത്തിന്റെ എല്ലാ ധാർഷ്ട്യവും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ഉയർന്നുവന്നേക്കാവുന്ന പ്രക്ഷോഭങ്ങളെ കൌശലപൂർവ്വം, തടകെട്ടി, ദിശമാറ്റി, ഒരു നിരാഹാരസമരപ്പന്തലിന്റെ നിശ്ചലതടാകത്തിലേക്ക് എത്തിച്ചത് എന്തിനായിരുന്നു അണ്ണാജീ?

9 comments:

Rajeeve Chelanat said...

ലോകപാലകരേ, ഇതിലേ ഇതിലേ

ചാർ‌വാകൻ‌ said...

വളരെ പ്രസക്തമായ വീക്ഷണങ്ങൾ.
ഭരണകൂടം സ്പോൺസർ ചെയ്ത നാടകം തന്നെ.

അപ്പു said...

പ്രതികരിച്ചാലും കുറ്റം ,ഇല്ലെങ്കിലും കുറ്റം അല്ലെ ? കൊള്ളം.ഒന്നും ചെയ്യരുത്,ചെയ്യാന്‍ സമ്മതിക്കുകയുമരുത്.

Unknown said...

scamsters of all sorts have stranglehold over the Indian economy and the society. At this juncture the fast like the one waged by Anna Hasare, thouh they help to make more people aware of the seriousness of the problem, is ultimately working as a safety valve for this reactionary ruling system. In spite of the fast and government accepting the composition of the committee to prepare the bill, when the Lokpal is coming in to existence it will be affected by the controls and corrupt values of the existing system like Judiciary presently. The corruption is an integral part of the capitalist system and it can be ended only with the overthrow of the ruling system and advancing along the path of people's democracy and socialist transformation.While participating and srtrengthening all forms of struggles and campaigns against corruption, this basic limitation of the struggles like the one led by Anna should be propagated so thast people will not have any illusions about them - KNR.

Anonymous said...

പണ്ട് ഗാന്ധിജി സമരത്തിനിറങ്ങിയപ്പോളും ഇതുപോലുള്ളവര്‍ ഉണ്ടായിരുന്നു... അവര്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചു കൊണ്ടെയിരുന്നു...ഇന്നും രാജീവന്മാരിലൂടെ അതു തുടരുന്നു...

എന്നാ പിന്നെ ചേട്ടന്‍ ഒരു ലിസ്റ്റു കൊട്. ചില അണ്ണന്മാര്‍ ചൈനയും പാക്കിസ്ഥാനുമൊക്കെ സ്പോണ്‍സര്‍ ചെയ്യുന്ന കാര്യങ്ങലെ വലുതായി തോന്നൂ.

SunojVarkey said...

തൊട്ടു മുമ്പിൽ അനോണിയായി കമന്റിട്ടയാളോ, 'ചിലപ്പോൾ' അണ്ണാഹസാരെ തന്നെയോ നല്ല ഉദ്ദേശ്യത്തോടെ തന്നെയാവാം ഇങ്ങനെ ചിലതൊക്കെ ചെയ്യുന്നത്. പക്ഷെ ഇവരൊക്കെ എങ്ങനെ തങ്ങൾ പോലുമറിയാതെ അഴിമതിക്കാരുടെ ഉപകരണങ്ങളാകുന്നു എന്നു മനസ്സിലാക്കിത്തരുവാൻ ആരെങ്കിലും ശ്രമിച്ചാൽ , ഉടനെ അവരെ പിന്തിരിപ്പനാക്കി താറടിക്കാൻ ശ്രമിക്കുന്നത് വമ്പത്തരമാണ് എന്നു കരുതാൻ ചില്ലറ ബുദ്ധിയില്ലായ്മ ഒന്നും പോര.
പിന്നെ, അഭിനവ ലോകപാലകന്മാരുടെ യോഗ്യതകൾ സഹിതമല്ലേ രാജീവ് ഇവിടെ എഴുതിയിരിക്കുന്നത്. ആതൊന്നും ഒരു കുറ്റമല്ല എന്നാണെങ്കിൽ വേറെന്തു പറയാൻ. "ഓരൊ ജനതയ്ക്കും അവരർഹിക്കുന്ന നേതാവിനെ ആവും കിട്ടുക" എന്നു സമാധാനിക്കാം, അല്ലാതെന്തു ചെയ്യാൻ.

Faizal Kondotty said...

ആര് ഭരിച്ചാലും എപ്പോഴും കണ്‍ തുറന്നിരിക്കാനും മൊട കണ്ടാല്‍ ഇടപെടാനും സാധാരണ (സിവില്‍ )സമൂഹത്തിനും കഴിയണം .. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നത് നിര്‍ത്തി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം ... അഴിമതി അത് ലാവലിന്‍ ആയാലും ടൈറ്റാനിയം ആയായും വസ്തു നിഷ്ടമായി റിപ്പോര്‍ട്ട്‌ ചെയ്യണം..
ജനങ്ങളും മാധ്യമങ്ങളും വീക്ഷിക്കുകയും ഇടപെടുകയും ചെയ്യുമെന്ന തോന്നലുണ്ടാകുകയും പിള്ളയെപ്പോലെ, രാജപ്പോലെ ജയിലില്‍ പോകുമെന്ന ഭയംഉണ്ടാകുകയും ചെയ്യുമ്പോള്‍ അഴിമതി പ്രവണത ഒരു പരിധി വരെ കുറയും ..പകരം രാജ്യ താല്പര്യങ്ങള്‍ ഉയര്‍ന്നു വരും ..അങ്ങിനെ ജനരോക്ഷം ഓര്‍ത്തു ഓരോ പാര്‍ട്ടിയിലെയും താരതമ്യേന നല്ലവര്‍ പാര്‍ട്ടി നയിക്കേണ്ടി വരികയും ചെയ്യും .. ഇതൊക്കെയാണ് ഹസരയുടെ സമരം സമകാലീന സാഹചര്യത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് .

Rajeeve Chelanat said...

അപ്പു,

അപ്പു എന്തെങ്കിലും ചെയ്തുകളയുമോയെന്ന് പേടിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ സമാധാനമായി.

കെ.കെ.

യോജിക്കുന്നു. എങ്കിലും ചിലത് കൂട്ടിച്ചേർക്കാനുമുണ്ട്.

അഴിമതിക്കെതിരെയെന്ന പേരിൽ അണ്ണാ ഹസാരെ നടത്തിയ നിരാഹാരവും കുരിശുയുദ്ധവും, നിലവിലുള്ള വ്യവസ്ഥിതിയിൽ കാര്യമായ ഒരു മാറ്റവും ഉളവാക്കാൻ പോന്നതായിരുന്നില്ല. അധികാരത്തെ, ജനങ്ങളിലേക്ക് എത്തുന്നതിനുപകരം, കൂടുതൽ കേന്ദ്രീകൃതമാക്കുമെന്ന അപകടവും അതിലുണ്ട്. അദ്ദേഹത്തിന്റെ സമരം തുടങ്ങിയ സമയവും, അതിനു കിട്ടിയ പിന്തുണയും, സർക്കാരിന്റെ പാനൽ അവതരണവും, പാനലിന്റെ ഘടനയും എല്ലാം, ഒരു ചിട്ടപ്പെടുത്തിയ നാടകത്തിന്റേതു മാത്രമായിരുന്നു. നിലവിലെ വ്യവസ്ഥിതിയിൽ ചില കോസ്മറ്റിക് പരിഷ്ക്കരങ്ങളിൽ കൂടുതൽ അതിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ലെ എന്നു തോന്നിയതും അതുകൊണ്ടാണ്.

മറ്റൊന്ന്. കുറച്ചുവർഷങ്ങൾക്കുമുൻപു മാത്രം, ബി.ജെ.പി-ശിവസേന മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമയുദ്ധം നടത്തിയ (തന്റെ മേൽനോട്ടത്തിലുള്ള ചില ചാരിറ്റബിൾ ട്രസ്റ്റുകളുമായി സംബന്ധിച്ചവയായിരുന്നു അതിൽ ചിലതെന്ന് മറന്നേക്കുക) അതേ അണ്ണാ ഹസാരെയാണ്, രണ്ടുവർഷം മുൻപ്, രാജ്താക്കറെയും എം.എൻ.സി.യെയും പ്രകീർത്തിച്ചതും (http://www.hindustantimes.com/Hazare-backs-Raj-s-tirade-against-Non-Marathis/Article1-368036.aspx) രണ്ടുദിവസം മുൻപ്, മോഡിയെയും നിധീഷ് കുമാറിനെയും വാനോളം പുകഴ്ത്തിയതും. “ഇവനോട് ചേർന്നാൽ നന്മയോ” എന്ന് ചിലരെക്കൊണ്ടെങ്കിലും രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഇതൊക്കെത്തന്നെയാണ്.

ഇടതുപക്ഷ നിലപാടുകളിൽ അടിയുറച്ചുനിന്നുകൊണ്ടുള്ള കൂടുതൽ ഫലപ്രദവും, ജനകീയവും, നിരന്തരവുമായ പോപ്പുലർ മൂവ്‌മെന്റുകൾ സംഘടിപ്പിക്കുന്നതിന്റെ ബാലപാഠങ്ങൾ, വേണമെങ്കിൽ, ഇന്ത്യയിലെ ഇടതുപക്ഷങ്ങൾക്ക്, ഇതിൽനിന്ന് പഠിക്കാനുണ്ട് എന്നും തോന്നുന്നു.

ഫൈസൽ,
ആ പറഞ്ഞതൊക്കെ എങ്ങിനെ സാധിക്കാം എന്നതിനെകുറിച്ചാണ് നമ്മൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്. :-)

അഭിവാദ്യങ്ങളോടെ

Murali said...

ഇന്‍ഡ്യയിലെ അഴിമതി ഏതാണ്ട് നൂറുശതമാനവും ഗവണ്മെന്റുമായി ബന്ധപ്പെട്ടതാണ്. അതിന്റെ പരിഹാരമായി അണ്ണാ ഹസാരെ കണ്ടെത്തിയ വഴി കൊള്ളാം: മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കൂടി, അതും വളരെ വിപുലമായ പൊലീസ്, ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, ജോലികൊടുക്കുക!

ഇന്‍ഡ്യന്‍ അഴിമതിയുടെ അടിസ്ഥാനം സ്റ്റേറ്റിസമാണെന്ന അതിപ്രധാനമായ സംഗതി ഈ ബഹളത്തിനിടക്ക് ആരും ഓര്‍ത്തതുപോലുമില്ല - അതായത്, ആ സത്യം ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ തന്നെ. അതിവിപുലമായ അധികാരങ്ങളുള്ള ഒരു വെള്ളാനയാണ് നമ്മുടെ സ്റ്റേറ്റ്. സ്റ്റേറ്റിന്റെ അമിതാധികാരവും ദുര്‍മേദസ്സുമാണ് നമ്മുടെ ഏതാണ്ടെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. The Indian Socialist State is corrupt by design എന്ന മൂലകാരണത്തെ അണ്ണാ സ്റ്റൈല്‍ കാമ്പെയിനുകള്‍ തമസ്കരിക്കുമ്പോള്‍ പ്രതീക്ഷക്ക് വകയില്ല. സോഷലിസ്റ്റ് സ്റ്റേറ്റിനെതിരെ ഒരു രാഷ്ട്രീയ പ്രസ്ഥാനം പോലും കെട്ടിപ്പടുക്കാന്‍ സാധ്യമല്ല - അത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. ജനങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ പോലെ ‘പ്രബുദ്ധരായ’ ജനങ്ങള്‍ എല്ലാ പ്രശ്നത്തിനും പരിഹാരം സ്റ്റേറ്റാണെന്നും സോഷ്യലിസത്തിലൂടെയേ രക്ഷപ്പെടാന്‍ പറ്റുകയുള്ളൂ എന്നും അടിയുറച്ച് വിശ്വസിക്കുന്നു. ആറു പതിറ്റാണ്ടിന്റെ സോഷ്യലിസ്റ്റ് മസ്തിഷ്ക്ക പ്രക്ഷാളനത്തിന് ഒരു ഫലവുമില്ല എന്ന് വരില്ലല്ലോ.

അമേരിക്കയില്‍ ഈ അടുത്തകാലത്ത് ഒബാമയുടെ സ്റ്റേറ്റിസ്റ്റ് പോളിസികള്‍ക്ക് എതിരായി ജനങ്ങള്‍ ടീ പാര്‍ട്ടി മൂവ്മെന്റില്‍ അണിചേര്‍ന്ന് തെരുവിലിറങ്ങുകയും മിഡ്-ടേം ഇലക്ഷനില്‍ ഒബാമയുടെ കക്ഷിയെ തറപറ്റിക്കുകയും ചെയ്തു. മറ്റെല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ കൂടുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുവേണ്ടി തെരുവില്‍ ഇറങ്ങിയപ്പോള്‍ ടീ പാര്‍ട്ടിക്കാര്‍ സര്‍ക്കാരിനോട് പറഞ്ഞത് just get out of our lives, we will do fine without you എന്നാണ്. അമേരിക്കയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ല എന്ന് അര്‍ത്ഥം. നമുക്കും ഒരു ടീപാര്‍ട്ടി മൂവ്മെന്റ് വേണ്ടേ? മനോരാജ്യത്തിനെന്ത് അര്‍ദ്ധരാജ്യം? :)

P J O'rourke - യുടെ വരികള്‍ ചില്ലിട്ടുവക്കേണ്ടതാണ്: Giving money and power to government is like giving whiskey and car keys to teenage boys.